യാത്ര

നോർത്ത് ഈസ്റ്റ്‌ നോട്ട്ബുക്ക്-13

ഐസോൾ നഗരം
avatar
വേണു

Published on Oct 04, 2025, 11:00 AM | 14 min read

ഏപ്രിൽ 1. അഗർത്തല, ഐസോൾ

രാവിലെ ആറു മണിക്ക് ഹോട്ടലിൽ നിന്നിറങ്ങി. വെളിച്ചം നന്നായി വീണിട്ടുണ്ട്. ഫോണിൽ ഐസോൾ എന്നു നാവിഗേഷൻ സെറ്റു ചെയ്‌തു. അഗർത്തലയിൽ നിന്ന് ഐസോളിലേക്കുള്ള മുന്നൂറ്റി ഇരുപത് കിലോമീറ്റർ ദൂരവും പോകുന്നത് ബംഗ്ലാദേശുമായുള്ള ഇന്ത്യൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന NH 108 വഴിയാണ്. വഴിയിലെ കാഴ്‌ചകൾ ചിലതൊക്കെ മുമ്പും കണ്ടിട്ടുള്ളതുപോലെയാണ് തോന്നുന്നത്. അത്തരം തോന്നലുകളെല്ലാം സത്യമാകണമെന്നില്ല. ചിലപ്പോൾ തീർത്തും അപരിചിതമായ ചില സ്ഥലങ്ങളും കാഴ്‌ചകളും, പഴയ പരിചയക്കാരെപ്പോലെ വഴിവക്കത്തുനിന്ന്‌ കൈവീശിക്കാണിക്കുന്നതാകാം. ചിലതൊക്കെ മനസ്സിന്റെ മായക്കാഴ്‌ചകൾ മാത്രമാകാം. ഇതിൽ ചിലതൊക്കെ കണ്ടുകഴിഞ്ഞവയാണോ അതോ ഇനിയും കാണാനിരിക്കുന്നവയാണോ എന്നുപോലും ബുദ്ധിഭ്രമം തോന്നാം. ഓരോ ദിവസവും വഴിയിൽനിന്നു കിട്ടുന്ന പുതിയ സ്ഥലങ്ങളും സന്ദർഭങ്ങളും മുഖങ്ങളും കൂട്ടംകൂടി വന്ന് തലയ്‌ക്കുള്ളിൽ താമസമാക്കുമ്പോൾ ആളും പേരുമെല്ലാം ചിലപ്പോൾ മാറിപ്പോകും. ഈ ബഹളങ്ങൾക്കിടയിൽ നിന്ന് യഥാർഥ കാലങ്ങളും രൂപങ്ങളും വീണ്ടെടുക്കുക എന്നത് എപ്പോഴും എളുപ്പമല്ല. സ്വന്തം ഓർമശക്തിയെ നിരന്തരം ഉത്തേജിപ്പിച്ചുകൊണ്ടിരുന്നാൽ മാത്രമേ അത് സാധ്യമാകൂ. അല്ലെങ്കിൽ ഓരോ ദിവസവും എല്ലാം വിശദമായി എഴുതിവയ്‌ക്കണം. കള്ളം പറയില്ല എന്ന് വിശ്വസിക്കപ്പെടുന്ന ക്യാമറ പോലും ചിലപ്പോൾ ചിലതെല്ലാം കണ്ടില്ലെന്ന് നടിക്കും.

ഐസോൾ നഗരം ഐസോൾ നഗരം

അടുത്ത വളവിലൊരിടത്ത് കാർ വീണ്ടുമൊരു കുഴിയിൽ വീണു. അത്ര മോശമല്ലാത്ത വഴിയിലെ ഒറ്റപ്പെട്ട കുഴിയായതുകൊണ്ട്‌ ഞാനത്‌ ശ്രദ്ധിച്ചു. പെട്ടെന്ന് തന്നെ ഇതേ കുഴിയിൽ ഇതിനു മുമ്പും വീണിട്ടുണ്ടല്ലോ എന്നൊരു തോന്നൽ ഉള്ളിൽ ഉണർന്നു. വളവു കഴിഞ്ഞാലുടൻ വലതുവശത്ത് വലിയ മുളമെടകൾ കൊണ്ടു മറച്ച ഒറ്റപ്പെട്ട ഒരു വീടുണ്ടെങ്കിൽ ആ തോന്നൽ ശരിയായിരിക്കും എന്നു ഞാനുറപ്പിച്ചു. നോക്കുമ്പോൾ അങ്ങനെയൊരു വീട് അവിടെയുണ്ട്.

ഈ വീടിനടുത്താണ് രണ്ടുദിവസം മുമ്പ്‌ മുളങ്കൂമ്പ് വിൽക്കാനിരിക്കുന്നവരെ കണ്ടത്. അതിന്റെയർഥം ഉനകോടിയിൽനിന്ന് അഗർത്തലയിലേക്ക് വന്ന വഴി തന്നെയാണ് ഇതെന്നാണ്. എനിക്ക് പോകേണ്ടത് തിരിച്ച് ഉനകോടിയിലേക്കല്ല, ഐസോളിലേക്കാണ്. വണ്ടി നിർത്തി നാവിഗേഷൻ റീസെറ്റ്‌ ചെയ്തു നോക്കി. വഴി തെറ്റിയിട്ടില്ല. മാപ്പ് പ്രകാരം ഉനകോടിയുടെ അടുത്തുവരെ പോയിട്ട് വേണം ഐസോളിലേക്ക് തിരിയാൻ. അങ്ങോട്ട് പോകുമ്പോൾ വീണ കുഴിയും ഇങ്ങോട്ടു വരുമ്പോൾ വീണ കുഴിയും ഒരേ കുഴി തന്നെയാണ്.

ത്രിപുരയിലെ സമതലങ്ങളിൽനിന്ന് മല പലതും കയറിയിറങ്ങിയാലേ മൂവായിരത്തി ഇരുനൂറടി ഉയരത്തിലുള്ള ഐസോളിലെത്താൻ പറ്റൂ. ആദ്യത്തെ രണ്ട്‌ മണിക്കൂറോളം വഴി നല്ലതായിരുന്നു. കത്തിക്കരിഞ്ഞ ഝൂം കുന്നുകളാണ് എമ്പാടും. ഇടയ്‌ക്കിടെ വെളുത്ത നിറത്തിൽ പൂത്തുനിൽക്കുന്ന ഇലകളില്ലാത്ത ചെറിയ മരങ്ങൾ കുന്നുകളിൽ കാണാൻ തുടങ്ങി. അടുത്ത ഒരു മാസത്തോളം മുന്നോട്ടുള്ള വഴിയിൽ അരുണാചൽ പ്രദേശ് വരെ ഈ മരങ്ങൾ സ്ഥിരമായി കൂടെ ഉണ്ടായിരുന്നു എന്നു പിന്നീട് ഞാനോർക്കും. അൽപ്പമെങ്കിലും ആൾത്താമസമുള്ള പരിസരങ്ങളിലെല്ലാം കുന്നുകൾ കരിഞ്ഞു കിടക്കുകയാണ്. ഗ്രാമങ്ങൾക്കിടയിൽ ഇടയ്‌ക്കിടെ മാത്രം കണ്ടിരുന്ന നിബിഢവനങ്ങൾ ഇപ്പോൾ ഉൾപ്രദേശങ്ങളിൽ കൂടുതലായി കാണുന്നുണ്ട്. ചില സ്ഥലങ്ങളിൽ മുളകൾ മാത്രം തിങ്ങി വളരുന്ന വലിയ മലകൾ കിലോമീറ്ററുകളാണ് കൂടെ വരുന്നത്. എന്നാൽ അതിന്റെ തുടർച്ചപോലെ പിന്നാലെ വരുന്നത്, കാട് കത്തിയ മലകളായിരിക്കും.

ലോംഗായ് നദിക്ക്‌ കുറുകെ മിസോറാമിലേക്കുള്ള പാലംലോംഗായ് നദിക്ക്‌ കുറുകെ മിസോറാമിലേക്കുള്ള പാലം

വഴി പരുക്കനായിത്തുടങ്ങി. നിർമാണം പാതിയിൽ നിലച്ച വഴികൾ, ഉണ്ടായിരുന്ന വഴി കൂടി മുടക്കി നിൽക്കുന്നു. എന്നാൽ, ഇത്തരം ദുർഗമപാതകൾ ഇപ്പോഴെന്നെ ആശങ്കപ്പെടുത്തുന്നില്ല. ചില മാർഗങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഇതുപോലെയുള്ള ബുദ്ധിമുട്ടുകൾ എപ്പോഴും പ്രതീക്ഷിക്കണം എന്നു സമാധാനിക്കാൻ ഞാൻ പഠിച്ചുകഴിഞ്ഞു. പെട്ടെന്ന് വഴി പുതിയൊരു ഹൈവേ ആയി മാറി. പുതിയ റോഡിനായി വെട്ടിയിറക്കിയ മലകളുടെ മുകളിൽ നിന്ന് കല്ലും മണ്ണും റോഡിലേക്ക് ഇളകിവീഴുന്നത് ഇവിടെ പതിവാണെന്നു പറയുന്ന ബോർഡുകൾ കണ്ടു. ഉയരത്തിൽ ഉറപ്പില്ലാതെ നിൽക്കുന്ന വലിയ കല്ലുകളെ ഇരുമ്പുവലകൊണ്ട്‌ തടഞ്ഞു നിർത്താനാണ് പലയിടങ്ങളിലും ശ്രമിച്ചിട്ടുള്ളത്.

ഡാംചേറാ എന്നു പേരുള്ള ചെറിയൊരു പട്ടണം കഴിഞ്ഞയുടൻ ലോംഗായ് നദി വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇവിടെ പഴയൊരു പാലത്തിനു മേലെ നദി മുറിച്ച് അക്കരെയെത്തിയാൽ മിസോറാമായി. ഇവിടുന്ന് ഐസോളിലേക്കുള്ള നൂറ്റി അമ്പത് കിലോമീറ്റർ ദൂരം പോകാൻ ആറര മണിക്കൂർ സമയമാണ് പറയുന്നത്. അപ്പോൾത്തന്നെ റോഡിന്റെ അവസ്ഥ ഏകദേശം ഊഹിക്കാം. അവസാനത്തെ എഴുപത് കിലോമീറ്റർ കുഴികൾകൊണ്ടു മാത്രം നിർമിച്ച കുത്തുകയറ്റങ്ങളായിരുന്നു. അതിനുമാത്രം വേണം നാലര മണിക്കൂർ. വണ്ടിയിൽ പെട്രോൾ തീർന്നു തുടങ്ങി. വഴിയിലൊരിടത്തും പമ്പൊന്നും കാണാനില്ല. കണ്ട ഒരു പമ്പിൽ നാല് ദിവസമായി സ്റ്റോക്കില്ല. അടുത്തുള്ള ചെറിയൊരു ഗ്രാമത്തിന്റെ പേരു പറഞ്ഞിട്ട് അവിടെ കരിഞ്ചന്തയിൽ പെട്രോൾ കിട്ടുമെന്ന് ഒരാൾ പറഞ്ഞു. അങ്ങോട്ട് ഏഴ്‌ കിലോമീറ്റർ ദൂരമുണ്ട്.

ഇന്ദിരാഗാന്ധിഇന്ദിരാഗാന്ധി

അവിടെയുള്ള ഒരു കടക്കാരൻ ദൂരെ മാറിയുള്ള ഒരു ഷെഡ് കാണിച്ചുതന്നു. അതിനുള്ളിൽ ഒരു സ്‌ത്രീ കിടന്നുറങ്ങുന്നുണ്ടായിരുന്നു. ലിറ്ററിന് നൂറ്റിഇരുപത്‌ രൂപ വച്ച് ഇരുപത് ലിറ്റർ പെട്രോൾ ഒരു കന്നാസിൽനിന്ന് അവർ കാറിൽ ഒഴിച്ചുതന്നു. നനഞ്ഞ ചാക്കുകൊണ്ട് മൂടിവച്ചിരുന്ന കന്നാസുകൾ വേറെയും അവിടെക്കണ്ടു. കുറച്ചുമാത്രം മാറിയുള്ള അടുപ്പത്ത് വേവുന്നത് അവരുടെ അന്നത്തെ ഭക്ഷണമാണ്.

ഇന്നും രാവിലെമുതൽ കാര്യമായി ഒന്നും കഴിച്ചിട്ടില്ല. നിർത്തിക്കഴിക്കാൻ തോന്നുന്ന സ്ഥലങ്ങളും കണ്ടില്ല. ഇപ്പോൾ സമയം നാല്‌ കഴിഞ്ഞു. അകലെ മലകളുടെ കുത്തനെയുള്ള ചെരിവുകളിൽ, ആയിരം തീപ്പെട്ടികൾ അടുക്കി വച്ചതുപോലെ ഐസോൾ പട്ടണം എവിടെനിന്നോ ഉയർന്നുവന്നു. ഈ തീപ്പെട്ടികളിലൊന്നിൽ എനിക്കായി ഒരു മുറി കാത്തിരിക്കുന്നുണ്ട്. ഐസോളിലെ ചെറിയൊരു വ്യാപാര മേഖലയിൽ ടാക്‌സി സ്റ്റാൻഡിന് പിന്നിലാണ് ഹോട്ടൽ. ഈ ഹോട്ടലിൽ താമസിക്കാൻ തോന്നിയ താൽപ്പര്യത്തിന്റെ ഏക കാരണം, അവിടെ കൃത്യം ഒരു കാർ പാർക്ക്‌ ചെയ്യാനുള്ള ഇടം ഉണ്ട് എന്നതാണ്. എങ്കിലും സെന്റിമീറ്റർ അളന്നുള്ള പാർക്കിങ് പരസഹായമില്ലാതെ സാധ്യമല്ല. മുറി കാണിച്ചുതരാൻ കൂടെ വന്ന ചെറുപ്പക്കാരൻ പേര് പറഞ്ഞത് ക്രിസ്റ്റഫർ എന്നായിരുന്നു. മണിപ്പുരിലെ കലാപത്തിൽനിന്ന് രക്ഷപ്പെട്ടെത്തിയ നിരവധി കുക്കി അഭയാർഥികളിൽ ഒരാളാണയാൾ. നാലുമാസം മുമ്പ്‌ മണിപ്പുരിൽ അവരുടെ ഗ്രാമവും പള്ളിയും ആക്രമിക്കപ്പെട്ടു. എല്ലാം നഷ്ടപ്പെട്ടു. ആരൊക്കെ ജീവനോടെ ഉണ്ട് എന്നുപോലും അറിയില്ല. ഞാൻ കൂടുതലൊന്നും ചോദിച്ചില്ല. കൂടുതൽ പറയാൻ അയാൾക്കും താൽപ്പര്യമില്ല.

സോളമൻസ് ടെംപിൾസോളമൻസ് ടെംപിൾ

വിശക്കുന്നുണ്ട്. എന്തെങ്കിലും കഴിക്കണം. ഹോട്ടലിൽ ഭക്ഷണമില്ല. തൊട്ടു താഴെ ചെറിയൊരു കടയുണ്ടെന്ന് ക്രിസ്റ്റഫർ പറഞ്ഞു. കടയടയ്‌ക്കുന്നതിന്റെ പ്രാരംഭ നടപടിയായ അടുക്കിപ്പെറുക്കൽ ആരംഭിച്ചു കഴിഞ്ഞ ഒരു സ്‌ത്രീയും അവരുടെ മകളുമാണ് കടയിലുണ്ടായിരുന്നത്. ഫോണിൽനിന്ന് കണ്ണെടുക്കാതെ യൂ ട്യൂബിൽ മിസോ റോക്ക് വീഡിയോകൾ കണ്ടുകൊണ്ടിരുന്ന മകളെ നിർത്താതെ ശകാരിച്ചുകൊണ്ട് അമ്മ എനിക്കൊരു ബീഫ് റോൾ ഉണ്ടാക്കിത്തന്നു. ഒന്ന് കഴിഞ്ഞ് ഒന്നുകൂടി കിട്ടി. അതും കഴിഞ്ഞപ്പോഴാണ് ഭക്ഷണം കഴിച്ചു എന്നൊരു തോന്നൽ ഉണ്ടായത്. ഇന്നു പകൽ മുഴുവൻ നിർത്താതെ ഓട്ടമായിരുന്നു. അതും വളരെ മോശം വഴികളിൽ. ഹോട്ടലിലേക്കുള്ള പടികൾ കയറുമ്പോൾ വലതുകാൽ ചെറുതായി വേദനിച്ചു. കാലിന്റെ പരുക്ക് ഭേദമായിട്ടില്ല. മരുന്നിനിയും ബാക്കിയുണ്ട്.

ഇന്നലെ ഈസ്റ്റർ രാത്രിയിൽ, അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിലെ ചെറുപ്പക്കാർ മൂന്നുപേരും അവർക്കു മാത്രം അറിയാവുന്ന അതിശയ ലോകത്തേക്ക് യാത്രയായിക്കഴിഞ്ഞു എന്നിപ്പോൾ അറിഞ്ഞു. അവിശ്വസനീയം.


ഏപ്രിൽ 2. ഐസോൾ

ആരക്കാൻ പർവതങ്ങളുടെ മുകളിൽനിന്ന് തെക്കോട്ട് ചെരിഞ്ഞു കിടക്കുന്ന നീണ്ട മലനിരകളും അവയുടെ ചെങ്കുത്തായ വശങ്ങൾക്ക് താഴെ ഒപ്പത്തിനൊപ്പം ചാഞ്ഞുകിടക്കുന്ന താഴ്‌വാരങ്ങളുമാണ് മിസോറാമിന്റെ പൊതുവായുള്ള ഭൂപ്രകൃതി. ചില മലകൾക്ക് ഏഴായിരം അടിവരെ പൊക്കമുണ്ട്. കിഴക്ക് മ്യാൻമറിനും പടിഞ്ഞാറ് ബംഗ്ലാദേശിനും ഇടയിൽ തെക്കോട്ട് നീണ്ടുകിടക്കുന്ന സംസ്ഥാനത്തിന്റെ തൊണ്ണൂറ്‌ ശതമാനവും വനഭൂമിയാണ്.

ഇന്ത്യൻ സംസ്ഥാനങ്ങളിൽവച്ച് ഏറ്റവും ഉയർന്ന ശതമാനമാണിത്. മിസോറാം വനങ്ങളിൽ കാണപ്പെടുന്ന ജൈവവൈവിധ്യം ഈയളവിൽ ഇന്ത്യയിൽ മറ്റെവിടെയും ദൃശ്യമല്ല. ജനസംഖ്യയുടെ കുറവിൽ രാജ്യത്ത് രണ്ടാം സ്ഥാനവും സാക്ഷരതയിൽ അഞ്ചാം സ്ഥാനവുമാണ് മിസോറാമിനുള്ളത്. മൂവായിരം വർഷങ്ങൾക്ക് മുമ്പ്‌ മിസോ മലകളിൽ മനുഷ്യവാസമുണ്ടായിരുന്നു എന്നതിന് തെളിവുണ്ട്. എന്നാൽ അവരെങ്ങനെയാണ് ഇല്ലാതായത് എന്നതിന് ഇന്നും ഉത്തരമില്ല. ഇന്നിവിടെയുള്ളവർ 400-‐500 വർഷങ്ങൾക്ക് മുമ്പ്‌ ഇന്നത്തെ മ്യാൻമറിലെ ചിൻ മലകളിൽനിന്നു വന്ന ടിബറ്റോ ബർമീസ് വംശജരാണ്.

ടിയാവു നദിയുടെ ആഴം കുറഞ്ഞ ഭാഗങ്ങൾ മുറിച്ചുകടന്ന്, ആദ്യം വാങ്ചിയായിലും, ക്രമേണ ലൂഷായ് മലകൾ എന്നറിയപ്പെട്ടിരുന്ന ഐസോളിലും, ചുറ്റുപാടുമുള്ള മലകളിലും അവർ സംഘങ്ങളായി വന്നു കൃഷി ചെയ്‌തു താമസം തുടങ്ങി. വാങ്ചിയ ഗ്രാമത്തിൽ അന്നവർ സ്ഥാപിച്ച അമ്പരപ്പിക്കുന്ന ശിലാഫലകങ്ങളെക്കുറിച്ച് ലോകമറിഞ്ഞത് അടുത്ത കാലത്തു മാത്രമാണ്. ഈ പ്രദേശത്ത് ഝൂം കൃഷി തുടങ്ങിയവരും അവരായിരുന്നു. മലകളിലെ താമസക്കാർ എന്ന അർഥത്തിൽ അവർ കുക്കി എന്നറിയപ്പെട്ടു. അവരായിരുന്നു ലൂഷായ് മലകളിലെ ആദ്യത്തെ കുടിയേറ്റക്കാർ. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ, തമ്മിൽ സമ്പർക്കമില്ലാതെ അകലെ മാറിയായിരുന്നു ഗ്രാമങ്ങൾ പലതും. അകൽച്ച ക്രമേണ ശത്രുതയായി മാറി. ഗ്രാമങ്ങൾ തമ്മിൽ യുദ്ധങ്ങൾ പതിവായി.

ജനറൽ  മനേക് ഷാജനറൽ മനേക് ഷാ

ചില ഗ്രാമങ്ങൾ ഇല്ലാതായി. ചിലത് കൂടുതൽ വലുതായി. അധികം വൈകാതെ പത്തൊമ്പതാം നൂറ്റാണ്ടിനൊടുവിൽ ബ്രിട്ടീഷുകാർ ഐസോളിലെത്തി. അവരെ നേരിടാനായി ശത്രുഗ്രാമങ്ങൾ ഒന്നിച്ചുനിന്നെങ്കിലും മിസോ നാടുവാഴികളുടെ ചെറുത്തുനിൽപ്പ്‌ അധികം നീണ്ടുനിന്നില്ല. താമസിയാതെ തന്നെ ലൂഷായ് മലകൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായി. അതോടൊപ്പം ക്രിസ്‌ത്യൻ മിഷണറിമാരുടെ സംഘങ്ങൾ മിസോ മലകളിൽ വലിയതോതിൽ മതപരിവർത്തനവും ആരംഭിച്ചു.

വിദേശ മിഷണറിമാരെ താൽപ്പര്യപൂർവമാണ് മിസോകൾ സ്വീകരിച്ചത്. ക്രിസ്‌തുമതത്തിൽ ചേരാൻ തയ്യാറായി ഗ്രാമവാസികൾ ഒട്ടും മടിക്കാതെ മുന്നോട്ടുവന്നു. മിഷണറിമാരുടെ ജോലി പ്രതീക്ഷിച്ചതിലും പതിന്മടങ്ങ് എളുപ്പമായി. ആരക്കാൻ മലകളിലെ ചെറു ഗ്രാമങ്ങളിൽ പോലും കൂണുകൾ പോലെ പള്ളികൾ മുളച്ചു തുടങ്ങി. കൈയിൽ ഇംഗ്ലീഷ് പ്രാർഥനാപ്പുസ്‌തകങ്ങളുമായി കുർബാന കൂടാൻ നാട്ടുകാർ കൂട്ടമായി എത്തി. ഇന്ന് മിസോറാമിലെ തൊണ്ണൂറു ശതമാനം ജനങ്ങളും ക്രിസ്‌തുമത വിശ്വാസികളാണ്. വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം പുലർത്തുന്ന താരതമ്യേന ഉയർന്ന നിലവാരത്തിനു പിന്നിലും മിഷണറിമാരുടെ പ്രയത്നത്തിന്റെ പങ്ക് വലുതാണ്. എന്നാൽ മതപരിവർത്തനം മൂലം പൂർണമായും ഇല്ലാതായത്, ഒരു ജനതയുടെ തനത്‌ സംസ്‌കാരവും അതിന്റെ ചരിത്രരേഖകളുമായിരുന്നു. പള്ളിയുടെ കർശനമായ എതിർപ്പുമൂലം മിസോകളുടെ പല ആചാരങ്ങളും അനുഷ്ഠാനങ്ങളും ആദ്യകാലങ്ങളിൽത്തന്നെ അവർക്കുപേക്ഷിക്കേണ്ടിവന്നു. പരമ്പരാഗത സംഗീതവും നൃത്തവും ആഭരണങ്ങളും പച്ചകുത്തടക്കമുള്ള ചിത്രരചനാ രീതികളും അവരുടെ സംസ്‌കാരത്തിൽനിന്ന് പാടെ അപ്രത്യക്ഷമായി. എത്തിപ്പെടാൻ ഇപ്പോഴും വളരെ ദുഷ്‌കരമായ ചില വിദൂര മിസോഗ്രാമങ്ങളിൽ മാത്രമാണ് പരമ്പരാഗത രീതികൾ അപൂർവമായെങ്കിലും നിലനിൽക്കുന്നത്. ഈയിടെയായി പഴയ ഗോത്രാഘോഷങ്ങൾ തിരിച്ചുകൊണ്ടുവരാനായി ചില പള്ളികൾ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് കേട്ടത് ശരിയാണോ എന്ന് ഐസോളിൽ വച്ച്‌ പരിചയപ്പെട്ട ഒരാളോട് ചോദിച്ചപ്പോൾ, ഐഡിയ കൊള്ളാം, പക്ഷേ വൈകിപ്പോയി എന്നായിരുന്നു മറുപടി.

ലൽ ഡെങ്കലൽ ഡെങ്ക

ഇന്നലെ വൈകിട്ട് ഐസോളിലെത്തുന്നതിന് മുമ്പുതന്നെ ഗതാഗത തടസ്സം തുടങ്ങിയിരുന്നു. വലിയൊരു നീണ്ട കയറ്റം ചുറ്റിക്കയറി വേണം പട്ടണത്തിലെത്താൻ. വാഹനങ്ങളുടെ തിരക്ക് വലുതാണെങ്കിലും ആരും അക്ഷമയോ അവിവേകമോ കാണിക്കുന്നില്ല. ഹോണടിയും ഇല്ല. ചുറ്റും ഉയരത്തിൽ നിൽക്കുന്ന മലകളുടെ കുത്തനെയുള്ള വശങ്ങളിൽ പിടിച്ചുകയറി തട്ടുതട്ടായാണ് പട്ടണം മേലേക്ക് വളർന്നിരിക്കുന്നത്.

മലകളുടെ ഇടുങ്ങിയ അടിവാരത്താണ് വാണിജ്യകേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും. ഉയർന്ന ഭാഗങ്ങളിലേക്ക് പോകുന്ന ചെറിയ വഴികൾ പലതും വൺവേ ആണ്. ഒരിക്കൽ വഴി തെറ്റിയാൽ ഒരുപാട് ചുറ്റേണ്ടി വരും. പട്ടണത്തിൽ പാർക്കിങ് കിട്ടാനുള്ള സാധ്യതയും വളരെ കുറവാണ്. എല്ലാം കൂട്ടിയാലോചിച്ചു നോക്കിയപ്പോൾ സ്വയം ഡ്രൈവറായി ഐസോൾ കാണാനിറങ്ങുന്നത് അവിവേകമായിരിക്കും എന്നു തോന്നി. ഇന്നൊരു ദിവസം മാത്രമാണ് എനിക്കിവിടെ ഐസോളിൽ ഉള്ളത്. നാളെ ഇവിടെനിന്ന് തെക്കു കിഴക്കുള്ള ചാംഫായ് എന്ന സ്ഥലത്തെത്തണം. അത് മിസോറാമിൽത്തന്നെ അഞ്ചര മണിക്കൂർ ദൂരെയാണ്. എന്നാൽ അഞ്ചര മണിക്കൂർ എന്നു ഫോണിൽ കണ്ടത് അടുത്ത ദിവസം വഴിയിലിറങ്ങുമ്പോൾ പത്തു മണിക്കൂറായി മാറുമെന്ന് മുൻകൂട്ടി അറിയാൻ അപ്പോൾ മാർഗമൊന്നും ഉണ്ടായിരുന്നില്ല.


രാവിലെ ഒമ്പതരയ്‌ക്ക് ഒരു കാറുമായി ഒരാൾ വന്നു. മൊയ്‌തേ എന്നാണയാൾ പേരു പറഞ്ഞത്. മൊയ്‌തേയ്‌ക്ക്‌ ഇംഗ്ലീഷ് അറിയാം. നാട്ടുകാരനാണ്, വഴികളുമറിയാം. അയാളെന്നെ ആദ്യം കൊണ്ടുപോയത്, സോളമൻസ് ടെംപിൾ എന്നു പേരുള്ള വലിയൊരു വെളുത്ത പള്ളിയുടെ മുന്നിലേക്കാണ്. പട്ടണത്തിൽ നിന്നു മാറി, ഒരു കുന്നിൻപുറത്തു നിൽക്കുന്ന ഭീമാകാരമായ പള്ളിയുടെ പരിസരങ്ങൾ വിജനമായിരുന്നു. പേരിനൊരു പടമെടുത്തിട്ട് വേഗം തിരിച്ചിറങ്ങിയപ്പോൾ മൊയ്‌തേ അൽപ്പം നിരാശനായി.

ഐസോളിൽ വരുന്ന എല്ലാ ടൂറിസ്റ്റുകളും നിർബന്ധമായും കാണാൻ ആഗ്രഹിക്കുന്ന പള്ളിയാണിതെന്ന് ചെറിയൊരു ക്ഷമാപണ സ്വരത്തിൽ അയാൾ പറഞ്ഞു. പള്ളി ഗംഭീരമാണെന്നു പ്രശംസിച്ചിട്ട് നമുക്കിനി പട്ടണത്തിൽ വെറുതേ കുറച്ചുനേരം കറങ്ങാമെന്നൊരാശയം ഞാൻ മുന്നോട്ടുവച്ചു. മൊയ്‌തേ അതുടനെ തന്നെ സമ്മതിച്ചു. വന്നതു പോലെ ഞങ്ങൾ തിരിച്ചു കുന്നിറങ്ങാൻ തുടങ്ങി.

ഐസോളിലെ ഇരുചക്രവാഹന യാത്രക്കാർഐസോളിലെ ഇരുചക്രവാഹന യാത്രക്കാർ

നഗരത്തിൽ ഇന്നലെ വൈകിട്ട് കണ്ട തിരക്ക് രാവിലെ ഇല്ല. ചെറിയ ചന്തക്കടകൾ വഴിയരികിൽ ഉണർന്നു തുടങ്ങുന്നതേ ഉള്ളൂ. മഞ്ഞക്കറുപ്പൻ ടാക്‌സികളോടൊപ്പം ഇരുചക്ര ടാക്‌സികളും ധാരാളമുണ്ട്. ബസുകൾ അധികം കണ്ടില്ല. ദൂരയാത്രകൾ പോകുന്നത് പത്ത്‌ പേർക്കിരിക്കാവുന്ന സുമോ വാനുകളിലാണ്. മിസോറാമിൽ ഇനിയും റെയിൽവേ എത്തിയിട്ടില്ല. ഐസോളിലെ വഴികൾക്ക് ഏറ്റവും അനുയോജ്യം ഇരുചക്രവാഹനങ്ങളാണെന്ന് ഐസോൾ നിവാസികൾക്ക് നന്നായറിയാം എന്നതിന്റെ തെളിവാണ് ഇവിടുത്തെ ചെറിയ വഴികൾ നിറഞ്ഞൊഴുകുന്ന എണ്ണമറ്റ ബൈക്കുകളും സ്‌കൂട്ടികളും. പ്രാദേശിക തൊഴിലാളികളോടൊപ്പം, അസമിൽ നിന്നു തൊഴിൽ തേടി വന്നവരും തെരുവിൽ പണിയെടുക്കുന്നുണ്ട്. പെട്ടെന്ന് കാറിന്റെ റേഡിയോയിലെ FM ചാനലിൽ പാട്ട്‌ തുടങ്ങി. മിസോ പോപ്പും ഇന്റർനാഷണൽ പോപ്പും ഇടയ്‌ക്കിടെ റാപ്പും മാറി മാറിയാണ് വരുന്നത്. ജോക്കിയെ കേട്ടിരിക്കാനും രസമാണ്. ഷില്ലോങ്ങാണ് വടക്കു കിഴക്കിന്റെ റോക്ക് ക്യാപിറ്റലെങ്കിലും, ഐസോൾ ഒട്ടും പിന്നിലല്ല. ചെറുതും വലുതുമായ നിരവധി റോക്ക് ബാൻഡുകൾ ഇപ്പോഴിവിടെ സജീവമായുണ്ട്. അതിൽ മാഗ്ദലിൻ, ബൂമറാങ്, സ്‌കാവെഞ്ചർ പ്രോജക്ട്‌ തുടങ്ങിയ ബാൻഡുകൾക്ക് യുവാക്കൾക്കിടയിൽ സൂപ്പർതാര പദവിയാണുള്ളത്. കേശാലങ്കാരത്തിലും വസ്‌ത്രധാരണത്തിലും ലോകത്തുണ്ടാകുന്ന സമകാലീന ഫാഷൻ മാറ്റങ്ങൾ അപ്പപ്പോൾ ശ്രദ്ധിക്കുകയും, അവ ഉടനെ തന്നെ പ്രയോഗത്തിൽ പരീക്ഷിക്കാൻ ഉത്സാഹിക്കുകയും ചെയ്യുന്നവരാണ് മിസോ യുവാക്കൾ.

ഡ്രൈവിങ്ങിന്റെ ഭാരമില്ലാതെ, ചുറ്റും നോക്കി നഗരക്കാഴ്ചകൾ കണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. മൊയ്‌തേയോട് വെറുതേ വീട്ടുകാര്യങ്ങൾ ചോദിച്ചു. അയാൾ വീട്ടിൽ തനിച്ചാണ്. ഭാര്യ കോവിഡ് വന്നു മരിച്ചു. കുട്ടികളില്ല. പതിനേഴ് വർഷത്തെ ദാമ്പത്യത്തിൽ ബാക്കിയുള്ളത് ഏകാന്തസ്മരണകൾ മാത്രമാണ്. കുറച്ചുനേരം നിശ്ശബ്ദമായിരുന്നിട്ട്, നമുക്ക് എന്തെങ്കിലും കഴിക്കണ്ടേ എന്നു ഞാൻ ചോദിച്ചു. എന്നിട്ട് യാതൊരു കാര്യവുമില്ലാതെ, ഒരു ബിയർ കൂടി കിട്ടിയാൽ സന്തോഷം എന്നും പറഞ്ഞു. മൊയ്‌തേ ഉത്സാഹത്തിൽ തലയാട്ടി. പിന്നീടുള്ള ഒന്നര മണിക്കൂർ സമയം ഒരു കുപ്പി ബിയറിന് വേണ്ടിയുള്ള അഖണ്ഡയജ്ഞമായിരുന്നു. ആദ്യം പോയ സ്ഥലത്തേക്ക്‌ വണ്ടി കയറ്റാൻ മാത്രം പത്ത്‌ മിനിറ്റെടുത്തു. അപ്പോൾ ഒരാൾ വന്നു പറഞ്ഞു, ആറു മണി കഴിഞ്ഞേ ബിയർ തരാൻ പറ്റൂ എന്ന്. ഇപ്പോൾ പന്ത്രണ്ടര മണി ആയിട്ടേ ഉള്ളൂ. വീണ്ടുമൊരു പത്തു മിനിറ്റെടുത്ത് അവിടുന്നിറങ്ങി കുറേ ദൂരെ ഒരിടത്തു ചെന്നു. അവിടെയും ഫലം നിരാശ തന്നെ. ഒന്നാലോചിച്ചിട്ട് ഐസോളിലെ ഏറ്റവും ഉയരം കൂടിയ ഒരു സ്ഥലമുണ്ടെന്നും അവിടെ നിന്നുള്ള കാഴ്‌ച മനോഹരമാണെന്നും അവിടുത്തെ ചെറിയ റെസ്റ്റോറന്റിൽ ബിയർ കിട്ടുമെന്നും മൊയ്‌തേ പറഞ്ഞു. മേലെനിന്നുള്ള കാഴ്‌ച പുകമഞ്ഞിൽ മറഞ്ഞുപോയിരിക്കുന്നു. മേൽപ്പറഞ്ഞ റെസ്റ്റോറന്റിൽ ബിയറുമില്ല, ഭക്ഷണവുമില്ല.


മൊയ്‌തേ ഫോണെടുത്തു ആരെയൊക്കെയോ വിളിച്ചു. എന്നിട്ട് കുന്നിറങ്ങി ഇടത്തേക്ക് വണ്ടി തിരിച്ചു. ഇതിന്നലെ അഗർത്തലയിൽനിന്ന് വന്ന വഴിയാണെന്ന് എനിക്കുടനെ തന്നെ മനസ്സിലായി. എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ സാധനം റെഡി എന്നു പറഞ്ഞ് മൊയ്‌തേ ചിരിച്ചു. അത് വിട്, സാരമില്ല എന്നു പറഞ്ഞപ്പോൾ മൊയ്‌തേ കൂടുതൽ മനോഹരമായി ചിരിച്ചു. ഒരു ബിയറിനായി ഇത്ര കഷ്ടപ്പെടുന്നതെന്തിനാണെന്നു മനസ്സിലായില്ലെങ്കിലും അയാളുടെ വിജയസ്മിതം കണ്ടപ്പോൾ വേണ്ട എന്നു വീണ്ടും വിലക്കാൻ തോന്നിയില്ല. എനിക്കാണെങ്കിൽ പ്രത്യേകിച്ച് യാതൊരു താൽപ്പര്യവുമില്ലാത്ത ഒന്നാണ് ബിയർ. പക്ഷേ പറഞ്ഞുപോയി. ഇനി ക്ഷമിച്ചേ പറ്റൂ. ഏകദേശം പത്തു പതിനഞ്ച് കിലോമീറ്റർ പോയശേഷം ഒറ്റപ്പെട്ട ഒരു ഇടത്തരം റെസ്റ്റോറന്റിന്റെ മുന്നിൽ വണ്ടി നിന്നു. ഒരു അസമിസ് ഹിന്ദു വെജിറ്റേറിയൻ ഹോട്ടലാണത്. അവിടെ ബിയർ ഉണ്ട്. ഞങ്ങൾ ഓരോ കാൻ പറഞ്ഞു. ഭക്ഷണവും കഴിച്ചു. ബില്ലു വന്നപ്പോൾ ഞെട്ടി. ഒരു കാൻ ബിയറിന്റെ വില നാനൂറ്‌ രൂപ. ഇതെന്താണെന്ന് ചോദിച്ചപ്പോൾ ഉടമ ചിരിച്ചിട്ട് - മിസോറാം ഒരു മദ്യനിരോധിത സംസ്ഥാനമാണ്, അതറിയില്ലേ, എന്നു ചോദിച്ചു. അതറിയാതെ പോയതാണ് എല്ലാ അബദ്ധങ്ങളുടേയും കാരണമെന്ന് സമാധാനിച്ചു മടങ്ങി.


കേരളത്തിന്റെ കൽപ്പവൃക്ഷമാണ്, അല്ലെങ്കിൽ ആയിരുന്നു, തെങ്ങ് എന്നതു പോലെയാണ് വടക്കൻ സംസ്ഥാനങ്ങൾക്ക് മുള.

ആയുധങ്ങളും ആഭരണങ്ങളുംമുതൽ അടുക്കളപ്പാത്രങ്ങളും അതിരുവേലികളുംവരെ എല്ലാം മുളകൊണ്ടാണ് ഉണ്ടാക്കുന്നത്. അടുപ്പിലെരിക്കാനും അടക്കം ചെയ്യപ്പെട്ടവരുടെ കുഴിമാടങ്ങൾ അലങ്കരിക്കാനും മുള വേണം. ഇപ്പോൾ വിമത സേനകൾ വലിയ മുളകൾ ഉപയോഗിച്ച്‌ നാടൻ റോക്കറ്റ് ലോഞ്ചറുകളും ബസൂക്കകളുംവരെ നിർമിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നു. മുളന്തണ്ട്‌ മൂളാത്ത ആഘോഷ വേളകൾ എവിടെയും അപൂർവമാണ്. മുളങ്കൂമ്പും മുളയരിയും വിശിഷ്ട ഭക്ഷണവസ്‌തുക്കളാണ്. എന്നാൽ മുളകൾ ഒരുമിച്ചു പൂക്കുന്നത് ക്ഷാമത്തിന്റെയും രോഗത്തിന്റെയും വരവറിയിക്കലാണ്. ഒറ്റത്തവണ മാത്രം പൂക്കുകയും അതോടെ സ്വയം നശിക്കുകയും ചെയ്യുന്ന സസ്യമാണ് മുള. ലോകത്തിലാകെ ആയിരത്തി നാനൂറിലധികം തരം മുളകളുണ്ട്. ഇതിൽ ചിലത് പൂക്കാൻ പന്ത്രണ്ട്‌ കൊല്ലമെടുക്കുമെങ്കിൽ മറ്റു ചിലയിനങ്ങൾക്ക് നൂറ്റി അമ്പത് കൊല്ലം വേണം. എന്നാൽ ഈ ഭാഗങ്ങളിൽ ധാരാളമായി കാണുന്നതും, മെലൊകാന ബാസിഫെറാ എന്ന ശാസ്‌ത്രീയ നാമവും മോട്ടക് എന്ന പ്രദേശിക നാമവുമുള്ള ഒരിനം മുളകൾ അമ്പത്, കൃത്യം പറഞ്ഞാൽ നാൽപ്പത്തി എട്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്നവയാണ്. അവരുടെ പൂവിടലോടെ മിസോറാമിൽ മോട്ടം എന്നറിയപ്പെടുന്ന കൊടുംക്ഷാമകാലം തുടങ്ങും. കാട്ടിലെമ്പാടും സുലഭമായി വിളഞ്ഞുവരുന്ന മുളയരി തിന്നു കൊഴുത്ത എലികൾ മലവെള്ളം പോലെ പെരുകും. മുളയരി തീരുമ്പോൾ കാട്ടിൽനിന്നവർ ഗ്രാമങ്ങളിലേക്ക് കടക്കും. പാടങ്ങളും പത്തായങ്ങളും അതിവേഗം കാലിയാകും. വിതച്ച വിത്തു പോലും എലി കൊണ്ടുപോകും. ഭക്ഷണമില്ലാതെയും രോഗം ബാധിച്ചും ജനങ്ങൾ മരിക്കും. എല്ലാം വീണ്ടും നേരെയാകാൻ വർഷങ്ങളെടുക്കും. 1862‐ൽ മിസോറാമിൽ ഉണ്ടായ മോട്ടം, അഥവാ ഇല്ലിവസന്തമാണ് ബ്രിട്ടീഷ് രേഖകളിലുള്ള ആദ്യത്തെ മോട്ടം. പിന്നീട് 1910‐ലും 1957‐ലും ഈയടുത്ത് 2005‐ലും ഇത് വീണ്ടും സംഭവിച്ചു. എന്നാൽ 1957‐ലെ മോട്ടം എന്തു കൊണ്ടും അസാധാരണമായിരുന്നു. മിസോറാമിൽ കാൽനൂറ്റാണ്ടിലേറെ നീണ്ടുനിന്ന തീവ്രമായ തുടർദുരിതങ്ങൾക്കു വഴിയൊരുക്കിയതിനുശേഷം മാത്രമായിരുന്നു അമ്പത്തേഴിലെ മോട്ടം ഒടുവിൽ പിൻവാങ്ങിയത്.


ആയിരത്തി തൊള്ളായിരത്തി അമ്പത്തിയേഴിൽ മോട്ടക് മുളകൾ വീണ്ടും പൂക്കുമെന്നും ഭക്ഷണമില്ലാത്ത അവസ്ഥ ഉണ്ടാകുമെന്നും മുൻകൂട്ടി മനസ്സിലാക്കിയ മിസോ ജനനേതാക്കൾ ഗുവാഹാട്ടിയിൽ പോയി അസം മുഖ്യമന്ത്രിയെക്കണ്ട് ആകാംക്ഷ അറിയിച്ചു. അന്ന് അസം സംസ്ഥാനത്തിലെ ഒരു പ്രവിശ്യ മാത്രമാണ് മിസോറാം. എന്നാൽ അവരുടെ പ്രവചനങ്ങളെല്ലാം അന്ധവിശ്വാസങ്ങളാണെന്നു പറഞ്ഞ് പരിഹസിച്ചു തള്ളുകയാണ് മുഖ്യമന്ത്രി ചെയ്‌തത്. തങ്ങളോട് അസം സർക്കാർ എന്നും ചിറ്റമ്മനയമാണ് കാണിക്കുന്നതെന്ന് വിശ്വസിച്ചിരുന്ന മിസോകളെ ഈ അവഗണന വല്ലാതെ ക്ഷുഭിതരാക്കി. അവർ നാഷണൽ ഫാമിൻ ഫണ്ട് (NFF) എന്ന പേരിൽ സ്വന്തമായി ഒരു ക്ഷാമ നിവാരണ സംഘമുണ്ടാക്കി വരാനിരിക്കുന്ന ക്ഷാമത്തെ തനിച്ചു നേരിടാൻ തീരുമാനിച്ചു. താമസിയാതെ മുളകൾ എമ്പാടും പൂത്തു തുടങ്ങി. എലികൾ പെരുകി. എന്നിട്ടും സർക്കാർ അനങ്ങിയില്ല. ഒടുവിൽ പട്ടിണി രൂക്ഷമായപ്പോൾ മാത്രമാണ് മിസോറാമിലേക്ക് ഭക്ഷണ സാമഗ്രികൾ അയയ്‌ക്കാൻ സർക്കാർ തയ്യാറായത്. ഐസോൾ വരെ മാത്രമാണ് അന്ന്‌ വണ്ടി പോകുന്ന വഴിയുള്ളത്. മറ്റിടങ്ങളിലേക്ക് ഭക്ഷണമെത്തിക്കാൻ പുതിയ വഴികളുണ്ടാക്കേണ്ടി വന്നു. നൂറുകണക്കിനാളുകൾ തലച്ചുമടുമായി മലകൾ കയറിയിറങ്ങി. ഭക്ഷണത്തിനനുവദിച്ച ഫണ്ടിന്റെ എൺപത്തഞ്ച് ശതമാനവും ചെലവായത് വഴി വെട്ടാനും ജീപ്പുകൾ വാങ്ങാനും ചുമട്ടുകാർക്ക് കൂലി കൊടുക്കാനുമായിരുന്നു. ഒടുവിൽ ഒന്നും ഫലം കണ്ടില്ല. ഒരുപാട്‌ മനുഷ്യർ അത്തവണയും മരിച്ചു. അതിനിടെ അസമിസ് ഭാഷ മിസോറാമിലെ എല്ലാ വിദ്യാലയങ്ങളിലെയും അധ്യയനഭാഷയായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. അതിനെതിരെ മിസോറാം മുഴുവനായും ഒന്നിച്ചുനിന്നു പ്രതിഷേധിച്ചു. NFFൽ തന്നെ മിസോ ദേശീയതയുടെ പേരിൽ ചേരിതിരിവുകളുണ്ടായി. അതിന്റെ പേരിൽ NFFൽ നിന്ന് പിരിഞ്ഞ് പുതുതായി രൂപമെടുത്ത ഒരു സംഘടനയായിരുന്നു മിസോ നാഷണൽ ഫ്രണ്ട്‌ അഥവാ MNF. ഇന്ത്യൻ കരസേനയിലെ ഹവിൽദാറായിരുന്ന ലൽ ഡെങ്ക എന്നൊരു ചെറുപ്പക്കാരനായിരുന്നു സംഘടനയുടെ തലവൻ. ലൽ ഡെങ്കയുടെ നേതൃത്വത്തിൽ MNF വളർന്നു. 1963‐ൽ സ്വതന്ത്ര മിസോ രാഷ്‌ട്രം എന്ന സങ്കൽപ്പവുമായി MNF ഇന്ത്യക്കെതിരെ സായുധയുദ്ധം പ്രഖ്യാപിച്ചു. ചൈനയും പാകിസ്ഥാനുമായിരുന്നു പ്രധാന സംഘാടകർ. ഇന്നത്തെ ബംഗ്ലാദേശ് അന്നു പൂർവപാകിസ്ഥാനാണ്.


1966 മാർച്ച് ഒന്നാം തീയതി വെളുപ്പിന് ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് MNF ഗറില്ലകൾ ഐസോളിലെയും ലുങ്ലേയിലേയും ട്രഷറിയും ബാങ്കുകളും പൊലീസ് സ്റ്റേഷനുകളും ഒരു മിന്നൽ ആക്രമണത്തിലൂടെ സ്വന്തം നിയന്ത്രണത്തിലാക്കി. ഓപറേഷൻ ജറീച്ചോ എന്ന രഹസ്യകോഡിൽ കഴിഞ്ഞ രണ്ടു വർഷമായി MNF നടത്തിക്കൊണ്ടിരുന്ന ഈ ഒളിനീക്കം മുൻകൂട്ടി കാണാൻ ഇന്ത്യൻ മിലിട്ടറി ഇന്റലിജൻസിന് കഴിഞ്ഞില്ല. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഇന്ത്യൻ സേന പകച്ചുപോയി. ഒന്നൊഴിച്ചുള്ള എല്ലാ സൈനിക ക്യാമ്പുകളും കീഴടക്കി MNF ഗറില്ലകൾ അവിടുത്തെ ആയുധങ്ങളെല്ലാം കൈക്കലാക്കി. ജയിലുകൾ തുറന്ന് തടവുകാരെ മോചിപ്പിച്ചശേഷം ഇന്ത്യൻ സൈനികരെ അവർ തടവിലാക്കി. കീഴടങ്ങാൻ തയ്യാറാകാതെ പ്രതിരോധിച്ചുനിന്ന അസം റൈഫിൾസിന്റെ ഹെഡ് ക്വാർട്ടർ ക്യാമ്പ് MNF പോരാളികൾ ദിവസങ്ങൾ വളഞ്ഞുവച്ചു. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള രക്ഷാസഹായം തടയാനായി പാലങ്ങളും വഴികളും MNF തകർത്തു. ഐസോളിലും ലുങ്ലേയിലും ചാംഫായ്ലും സർക്കാർ സ്ഥാപനങ്ങൾക്കു മേലെ MNF പതാകകൾ ഉയർന്നു. എങ്കിലും വഴികൾ ശൂന്യമായിക്കിടന്നു. ജനങ്ങൾ വീടുകളിൽനിന്നു പുറത്തിറങ്ങാൻ ഭയന്നു. ചൈനയിലേയും പാകിസ്ഥാനിലേയും പത്രങ്ങൾ ഈ മിസോ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് വലിയ രാഷ്‌ട്രീയ പ്രാധാന്യം നൽകി. ഇന്ത്യയുടെ പുതിയ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതലയേറ്റിട്ട് അപ്പോൾ രണ്ടു മാസം പോലുമായിട്ടില്ല. ഹെലികോപ്റ്ററുകളുടെ സഹായത്തോടെ ഐസോളിൽ കടക്കാനുള്ള ഇന്ത്യൻ സൈന്യത്തിന്റെ ശ്രമങ്ങൾ വിജയം കണ്ടില്ല. ജനറൽ മനേക് ഷാ ആയിരുന്നു അന്നത്തെ മിസോ സൈനിക ഓപറേഷൻ മേധാവി. MNF നിയന്ത്രിത പ്രദേശങ്ങൾക്ക് മേലെ ഹെലികോപ്റ്ററിൽ പറന്ന് രംഗങ്ങൾ നേരിട്ടു വീക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം MNF വെടിവയ്‌പിൽ ഹെലികോപ്റ്ററിന് കേടുപറ്റിയതോടെ ഉപേക്ഷിക്കേണ്ടിവന്നു. അസം റൈഫിൾസിനു വേണ്ടി ആകാശത്തുനിന്ന് താഴേക്കിട്ടു കൊടുത്ത അനേകം തോക്കുകളും വെടിക്കോപ്പുകളും ലക്ഷ്യം തെറ്റി MNFന്റെ ക്യാമ്പിൽ വീണതും അവരത് സ്വന്തമാക്കിയതും സേനയ്ക്ക് വലിയ നാണക്കേടായി. ‘ഓക്കേ സ്വീറ്റി, നൗ വി ആർ റെഡി’ എന്ന് മനേക് ഷാ ഇന്ദിരാഗാന്ധിയോട് അന്നും പറഞ്ഞിരുന്നോ എന്നറിയില്ല. പക്ഷേ പിന്നീടുണ്ടായത് സ്വതന്ത്ര ഇന്ത്യയിൽ അതിനു മുമ്പോ അതിനുശേഷമോ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തതും, ഒരിക്കലും ന്യായീകരിക്കാൻ സാധിക്കാത്തതുമായ സൈനിക നടപടികളായിരുന്നു.


1966 മാർച്ച് അഞ്ചാം തീയതി, ഇന്ത്യയെ വീണ്ടും ഞെട്ടിച്ചുകൊണ്ട്, ഇന്ത്യൻ എയർ ഫോഴ്സിന്റെ വിമാനങ്ങൾ ഐസോളിലെ ജനവാസ മേഖലകളടക്കമുള്ള പ്രധാന സ്ഥലങ്ങളിൽ കനത്ത ബോംബാക്രമണം നടത്തി. ബോംബിങ്ങിലും വെടിവയ്‌പിലും ഇരുപക്ഷത്തുമായി ഇരുനൂറിലധികം പേർ മരിച്ചു. ഇതിൽ പകുതിയിലധികവും സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണ ജനങ്ങളായിരുന്നു. കിട്ടിയതെല്ലാമെടുത്ത് ജനങ്ങൾ കാട്ടിലേക്കോടി. നിവൃത്തിയില്ലാതെ MNFഉം കാട്ടിൽക്കയറി. എന്നാൽ ട്രഷറിയിൽ നിന്നെടുത്ത പണവും പട്ടാള ക്യാമ്പുകളിൽനിന്നു കിട്ടിയ ആയുധങ്ങളും കാടിന്റെ സുരക്ഷയിൽ എത്തിക്കാൻ അവർക്കു കഴിഞ്ഞു. രണ്ടു ദിവസം നീണ്ടുനിന്ന ബോംബിങ്ങിന്റെ ഫലമായി, ഒരാഴ്‌ചകൊണ്ട് ഐസോളും മൂന്നാഴ്‌ചകൊണ്ട് മിസോറാം മുഴുവനായും വീണ്ടും ഇന്ത്യയുടെ നിയന്ത്രണത്തിലായി.

ഒരു രാജ്യത്തിന്റെ വ്യോമസേന സ്വന്തം അതിരുകൾക്കുള്ളിൽ, സ്വന്തം ജനങ്ങൾക്ക് മേൽ ബോംബാക്രമണം നടത്തുന്നത് തികച്ചും അസാധാരണമാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നുവരെ ഒരിക്കൽ മാത്രമാണത് സംഭവിച്ചിട്ടുള്ളത്. 1966 മാർച്ച് അഞ്ചിന് മിസോറാമിലെ ഐസോളിൽ ഞാനിപ്പോൾ നിൽക്കുന്ന ഭാഗത്തെവിടെയോ ആയിരുന്നു അന്ന്‌ ആദ്യത്തെ ബോംബ് വീണത്. ചെയ്ത പ്രവൃത്തിക്ക് യാതൊരു ന്യായീകരണവുമില്ല എന്നു മനസ്സിലാക്കിയ സർക്കാരും സൈന്യവും ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്നു പറഞ്ഞു രക്ഷപ്പെടാനാണ് ആദ്യം ശ്രമിച്ചത്. ബോംബല്ല ഭക്ഷണ സാധനങ്ങളായിരുന്നു യുദ്ധവിമാനങ്ങളിൽനിന്ന് ഐസോളിലെ വീടുകൾക്ക് മേൽ പതിച്ചത് എന്നുവരെ അവർ കള്ളം പറഞ്ഞു. ഒടുവിൽ വളരെ വൈകിയാണ് ഐസോളിലെ ബോംബിങ്ങും അനുബന്ധ മരണങ്ങളും യഥാർഥ സംഭവങ്ങളായി സർക്കാർ അംഗീകരിച്ചത്. ഇന്ന് എല്ലാ വർഷവും മിസോറാമിൽ മാർച്ച് അഞ്ച് എന്ന ദിവസം ‘സോറം നീ’ എന്ന പേരിൽ ഓർമിക്കപ്പെടുന്നു. ഐസോളിൽ MNF പതാക ഉയർന്ന മാർച്ച് ഒന്ന് മിസോ ദേശീയ ദിനമായും ആഘോഷിക്കപ്പെടുന്നു.


1966‐ലെ ബോംബാക്രമണത്തിന് ശേഷം ഉൾക്കാടുകളിലേക്ക് താവളം മാറ്റിയ MNF ഗറില്ലകൾ, ലൽ ഡെങ്കയുടെ നേതൃത്വത്തിൽ സർക്കാരിനെതിരെ നിരന്തരമായ ഒളിയുദ്ധം ആരംഭിച്ചു. മിസോറാം മലകളിലേക്ക് വിവിധ സൈനിക വിഭാഗങ്ങളുടെ വേലിയേറ്റം തന്നെയുണ്ടായി. പുറംലോകവുമായി വലിയ ബന്ധമില്ലാതെ വനത്തിനുള്ളിൽ ജീവിക്കുന്ന ഗ്രാമവാസികളെ, ഗറില്ലകളെ സഹായിക്കുന്നു എന്ന പേരിൽ സൈന്യം ഉപദ്രവിക്കാൻ തുടങ്ങി. ഒരു ഗ്രാമത്തിന്റെ സമീപത്തെ വഴിയിലുണ്ടായ മൈൻ സ്‌ഫോടനത്തിൽ സൈനികന് പരിക്കുപറ്റിയപ്പോൾ ആ ഗ്രാമം മുഴുവൻ ചുട്ടെരിച്ചാണ് സൈന്യം പ്രതികരിച്ചത്. ഗ്രാമവാസികളറിയാതെ അവിടെ മൈൻ കുഴിച്ചിടുക അസാധ്യമാണ് എന്നായിരുന്നു ന്യായം. ഇതുപോലെയുള്ള അതിക്രമങ്ങൾ മിസോറാമിൽ നിത്യസംഭവങ്ങളായി മാറാൻ തുടങ്ങി. ഒടുവിൽ മറ്റൊന്നും ഫലിക്കാതെ വന്നപ്പോൾ, ഗ്രാമീണരുടെ സഹായം പിടിച്ചുവാങ്ങുന്നതിൽനിന്ന് ഗറില്ലകളെ തടയാൻ ജനറൽ മനേക് ഷായുടെ നേതൃത്വത്തിൽ സർക്കാർ ഒരു പദ്ധതി രൂപീകരിച്ചു. പദ്ധതി വളരെ ലളിതമായിരുന്നു. കാടിനുള്ളിൽ ചിതറിക്കിടക്കുന്ന ഗ്രാമങ്ങളിൽ താമസിക്കുന്ന എല്ലാവരേയും അവരവരുടെ ഗ്രാമങ്ങളിൽനിന്ന് ബലമായി ഒഴിപ്പിച്ച് നഗരമേഖലകളിൽ കൊണ്ടുവന്ന്‌ കുടിയിരുത്തുക. കാട്ടിലെ ആൾത്താമസവും കൃഷിയും സഹായവും നിലയ്‌ക്കുമ്പോൾ ഗറില്ലകൾക്ക് നിവൃത്തിയില്ലാതാകും. അങ്ങനെ അവസാനം അവർ മുട്ടുകുത്തും.


1967‐ൽ ഓപറേഷൻ അകംപ്ലിഷ്‌മെന്റ്‌ എന്ന പേരിൽ ജനറൽ മനേക് ഷാ വിഭാവനം ചെയ്‌ത്‌ നടപ്പിലാക്കിയ ഈ പദ്ധതിപ്രകാരം മിസോറാമിലെ എൺപത് ശതമാനം ജനങ്ങളെയും അവരുടെ ഗ്രാമങ്ങളിൽനിന്ന് സൈന്യം ബലമായി പിടിച്ചിറക്കി ഹൈവേകളുടെ വശത്ത് താൽക്കാലികമായി ഉണ്ടാക്കിയ ചേരികളിലേക്ക് കൂട്ടത്തോടെ മാറ്റിത്താമസിപ്പിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് ഇങ്ങോട്ടു വന്നതെന്ന് എല്ലാവരുടെയും പക്കൽനിന്ന് എഴുതി വാങ്ങിച്ചു. തോക്കിൻ മുനയിൽ നിന്നുകൊണ്ടാണ് പലരും കടലാസിൽ വിരലടയാളം വച്ചത്. വിസമ്മതിച്ചവരിൽ ചിലർ അപ്രത്യക്ഷരായി. ആളൊഴിഞ്ഞ ഗ്രാമങ്ങൾ സൈന്യം ചുട്ടെരിച്ചു. അവരുടെ വളർത്തുമൃഗങ്ങളെ കൊന്നുതിന്നു. ധാന്യപ്പുരകൾ കാലിയാക്കി. തിങ്ങിനിറഞ്ഞ ചേരികളിൽ താമസിക്കാൻ നിർബന്ധിതരായ ജനങ്ങളനുഭവിച്ച ദുരിതങ്ങളും വേദനകളും സൈന്യം കണ്ടില്ലെന്ന് നടിച്ചു.

കൃഷിയിടങ്ങൾ ഒഴിഞ്ഞുകിടന്നു. അഞ്ചു കൊല്ലം കൊണ്ട് മിസോറാമിലെ കാർഷിക ഉൽപ്പാദനം പാതിയായി കുറഞ്ഞു. ഭക്ഷണം കിട്ടാതെ ചേരിവാസികൾ വലഞ്ഞു. സഞ്ചാരസ്വാതന്ത്ര്യം പൂർണമായും നിഷേധിക്കപ്പെട്ടു. എന്തിനും സൈന്യത്തിന്റെ അനുവാദം വേണമെന്ന നിലയായി.

ഐസോളിൽ നിന്നുള്ള ഒരു കാഴ്‌ചഐസോളിൽ നിന്നുള്ള ഒരു കാഴ്‌ച

ഓപറേഷൻ അകംപ്ലിഷ്‌മെന്റ്‌ ഭരണഘടനാ വിരുദ്ധവും നഗ്നമായ മനുഷ്യാവകാശ ലംഘനവുമാണെന്ന് പരാതിപ്പെട്ട് മിസോ സംഘടനകൾ കോടതിയിൽ പോയി. കോടതിയും അത് തന്നെ പറഞ്ഞപ്പോൾ ഓപറേഷൻ അകംപ്ലിഷ്‌മെന്റ്‌ നിർത്തലാക്കാൻ സർക്കാർ നിർബന്ധിതരായി. ഇതിനിടെ സ്വതന്ത്ര മിസോ രാഷ്‌ട്രം എന്ന ലക്ഷ്യം ഉപേക്ഷിച്ച് സ്വതന്ത്ര മിസോറാം സംസ്ഥാനം എന്ന ന്യായമായ ആവശ്യത്തിലേക്ക് MNF ചുവടുമാറി. ലൽ ഡെങ്കയുമായി ഡൽഹിയിൽ നടന്ന ആദ്യ സമാധാന ചർച്ച അലസിപ്പിരിഞ്ഞു. MNF നെ നിരോധിക്കുകയും ലൽ ഡെങ്കയെ തടവിലാക്കുകയും ചെയ്‌തു. ഒടുവിൽ 1987‐ൽ ആയുധം താഴെവയ്‌ക്കാൻ MNF തയ്യാറായതോടെ മിസോറാം ഒരു സ്വതന്ത്ര സംസ്ഥാനമായി. പുതിയ സംസ്ഥാനത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ലൽ ഡെങ്ക ആയിരുന്നു.

1967‐ൽ ജനറൽ മനേക് ഷായുടെ പട്ടാള ബുദ്ധിയിലുദിച്ച ഓപറേഷൻ അകംപ്ലിഷ്‌മെന്റ്‌ എന്ന കുടിയിറക്കലും ആട്ടിത്തെളിക്കലും പറ്റം ചേർക്കലുംമൂലം നാടിനു നഷ്ടമായത് ആയിരക്കണക്കിന് ജീവനുകളും ജീവിതങ്ങളുമാണ്. മനുഷ്യത്വം തുടങ്ങിയ വാദങ്ങൾ മാറ്റിവച്ച് ശുദ്ധമായ സൈനിക നടപടി എന്ന നിലയിൽ കണ്ടാൽ പോലും നഷ്ടങ്ങൾ മാത്രമായിരുന്നു അവസാന ഫലം. ഇത്തരത്തിൽ, ഇതിനു വളരെ സമാനമായി, ഛത്തിസ്ഗഢിലെ മാവോയിസ്റ്റ് മേഖലകളിൽ ഇതേ ബലപ്രയോഗം ആവർത്തിക്കപ്പെടുന്നത് ലോകം വീണ്ടും കണ്ടു. അവിടെയും കാടുകളിൽനിന്ന് ഗ്രാമീണരെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ച് ഹൈവേ ചേരികളിലേക്ക് മാറ്റുക എന്നതായിരുന്നു വ്യാപകമായി ഉപയോഗിച്ച സൈനിക തന്ത്രം. 2020‐ൽ ഞാനെഴുതിയ ‘നഗ്നരും നരഭോജികളും’ എന്ന പുസ്‌തകത്തിൽ അതിനെക്കുറിച്ച്‌ ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്:

....ദർഭയുടെ ചുറ്റുപാടും വലിയ കാടുകളാണ്. ഈ കാടുകളിലെല്ലാം ആദിവാസി ഗ്രാമങ്ങളുണ്ട്. ഹൈവേയിൽ നിന്നും അകന്നു കിടക്കുന്ന ഈ ഗ്രാമങ്ങളിൽ പലതും മാവോയിസ്റ്റ് സ്വാധീനത്തിലുള്ളതാണെങ്കിലും ഹൈവേയോട് ചേർന്ന സ്ഥലങ്ങൾ പലതും പൊലീസിന്റെയും CRPFന്റെയും നിയന്ത്രണത്തിലാണ്. ഉൾഗ്രാമങ്ങളിൽ മാവോയിസ്റ്റ് സ്വാധീനം ഇല്ലാതാക്കാൻ സർക്കാർ കണ്ടുപിടിച്ച എളുപ്പവഴികളിലൊന്ന് കൂടുതൽ ഗ്രാമീണരെ അവരുടെ ഗ്രാമങ്ങളിൽനിന്ന് ഒഴിപ്പിച്ച് പൊലീസിന് കൂടുതൽ വിശ്വാസമുള്ള ഹൈവേയുടെ വശങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുക എന്നതായിരുന്നു. ഗ്രാമങ്ങൾ വിട്ടുപോകാൻ മടി കാണിച്ചവരെ മാവോയിസ്റ്റുകളെന്ന് വിളിച്ച് പൊലീസ് നിരന്തരം ഉപദ്രവിച്ചു...

...നിരവധി ഗ്രാമങ്ങൾ എരിഞ്ഞില്ലാതായി. പലരും കൊല്ലപ്പെട്ടു. ആദിവാസി പെൺകുട്ടികൾ ബലാത്സംഗങ്ങൾക്ക് ഇരയായി. നിവൃത്തിയില്ലാതെ കൂടുതൽ ആളുകൾ ഗ്രാമങ്ങൾ ഉപേക്ഷിച്ച് ക്യാമ്പുകൾ എന്ന് പേരിട്ടു വിളിച്ച ഹൈവേ ചേരികളിലേക്കു മാറി. നിർബന്ധപൂർവമുള്ള ഈ പറിച്ചുമാറ്റം പതിനായിരക്കണക്കിന് ആദിവാസികളെ കടുത്ത മാനസിക സംഘർഷത്തിലേക്കും കഷ്ടപ്പാടുകളിലേക്കും ക്രമേണ പട്ടിണിയിലേക്കും പറഞ്ഞുവിട്ടു. കൃഷിയും വേട്ടയും നൃത്തവും ദൈവങ്ങളും ഇല്ലാത്ത ക്യാമ്പുകൾ മാലിന്യം നിറഞ്ഞ് മനുഷ്യരെ രോഗികളാക്കി.


മിസോറാമിൽ നാശം വിതച്ച ഓപറേഷൻ അകംപ്ലിഷ്‌മെന്റ്‌ എന്ന നീചമായ ജനവിരുദ്ധ സൈനിക തന്ത്രം, നാലു പതിറ്റാണ്ടുകൾക്ക് ശേഷം മറ്റൊരു പേരിൽ ബസ്‌തറിൽ ആവർത്തിക്കുകയാണ് ചെയ്‌തത്. ഭരണത്തിന്റെ രാഷ്‌ട്രീയ മുഖം മാറിയിട്ടും മനേക് ഷായുടെ മാർഗങ്ങൾക്ക് മാറ്റമില്ല. ദയാശൂന്യമായ സംഹാര പ്രഹരങ്ങളേറ്റ്‌ മരിച്ചുവീഴുന്ന നിരപരാധികളുടെ എണ്ണത്തിന് കൃത്യമായ കണക്കുമില്ല .(തുടരും)





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home