ad
Deshabhimani

കവർസ്റ്റോറി

നിരോധനത്തിന് വഴങ്ങാത്ത സിനിമ

അലക്്‌സാണ്ടർ റോഡ്‌ചെങ്കോ തയ്യാറാക്കിയ ‘ബാറ്റിൽഷിപ്പ്‌ പൊടെംകിന്റെ’ പോസ്റ്റർ
avatar
വി കെ ജോസഫ്‌

Published on Jan 12, 2026, 03:12 PM | 6 min read



‘ബാറ്റിൽഷിപ്പ്‌ പൊടെംകിൻ’ എന്ന ക്ലാസിക്കിന് 100 വയസ്സാവുകയാണ്. അമേരിക്കയിലും യൂറോപ്പിലെ ചില രാജ്യങ്ങളിലും ഈ സിനിമ അക്കാലത്ത് നിരോധിച്ചിരുന്നു. ഇതിന്റെ പ്രിന്റുകൾ പല ഭാഗങ്ങളായി ഒളിച്ചുകടത്തിക്കൊണ്ടുവന്ന് പ്രദർശിപ്പിക്കാൻ വേണ്ടിയാണ്‌ ലണ്ടനിൽ ഒരു ഫിലിം സൊസൈറ്റി ആദ്യം ഉണ്ടാകുന്നത്. ബർണാഡ്‌ ഷായും എച്ച് ജി വെൽസും ഒക്കെ അടങ്ങുന്ന പണ്ഡിതരുടെ ഗ്രൂപ്പാണ് ആ ഫിലിം ക്ലബ്ബിന് നേതൃത്വം കൊടുത്തത്. സംഘപരിവാർ സർക്കാർ ഐഎഫ്‌എഫ്‌കെ യിൽ പ്രദർശനാനുമതി നിഷേധിച്ച 19 സിനിമകളിൽ ഈ സിനിമയും പെടും എന്നുള്ളത് നമ്മുടെ രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭരണഭീകരതയുടെ ഉത്തമോദാഹരണങ്ങളിൽ ഒന്നാണ്.

ഐസൻസ്റ്റീൻ ചലച്ചിത്ര സംവിധായകൻ മാത്രമായിരുന്നില്ല. തന്റെ സിനിമകളെ മുൻനിർത്തി സിനിമയുടെ സൈദ്ധാന്തികമായ അടിത്തറ സൃഷ്ടിച്ച ആളുമാണ്. വൈരുധ്യാത്മക ഭൗതികവാദത്തിന്റെയും മാർക്‌സിസത്തിന്റെയും പ്രയോഗത്തിലൂടെ ഒരു പുതിയ ചലച്ചിത്ര സിദ്ധാന്തം അദ്ദേഹം മുമ്പോട്ടുവച്ചു.

അലക്്‌സാണ്ടർ റോഡ്‌ചെങ്കോ തയ്യാറാക്കിയ ‘ബാറ്റിൽഷിപ്പ്‌ പൊടെംകിന്റെ’ പോസ്റ്റർഅലക്്‌സാണ്ടർ റോഡ്‌ചെങ്കോ തയ്യാറാക്കിയ ‘ബാറ്റിൽഷിപ്പ്‌ പൊടെംകിന്റെ’ പോസ്റ്റർ

ഒരു പുതിയ സമൂഹനിർമിതിക്ക് ശാസ്‌ത്രീയാടിത്തറയുള്ള പുതിയ സിദ്ധാന്തം വേണമെന്നുള്ളതുപോലെ പുതിയ സമൂഹനിർമിതിയെ സഹായിക്കേണ്ടുന്ന പുതിയ സിനിമയ്‌ക്കും പുതിയ സിദ്ധാന്തം വേണമെന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

റഷ്യൻ വിപ്ലവത്തിലേക്ക് ഉൾച്ചേർന്നുകൊണ്ട് പടക്കപ്പലിലെ നാവികർ, അവരനുഭവിക്കുന്ന പീഡനങ്ങൾക്കും അപമാനങ്ങൾക്കും എതിരെ കലാപത്തിലൂടെ ഉയിർത്തെഴുന്നേൽക്കുന്നതിന്റെ ആവേശകരമായ അനുഭവമാണീ സിനിമ.

എല്ലാ ഫിലിം സൊസൈറ്റികളും ആദ്യം കാണിക്കുന്ന ഒരു സിനിമ ‘പൊടെംകി’നാണ്. ഞാനെത്രയോ തവണ ആ സിനിമ കണ്ടിട്ടുണ്ട്. സത്യജിത് റായ്‌ പല സന്ദർഭങ്ങളിലായി 68 തവണ ഈ സിനിമ കണ്ടിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്.

അഞ്ചു ഭാഗങ്ങളായാണ് ഈ സിനിമയെ ആഖ്യാനപ്പെടുത്തിയിട്ടുള്ളത്.

ഭാഗം 1‐ The men and Maggots (മനുഷ്യരും പുഴുക്കളും)

ഭാഗം 2‐ Drama on the Quarter deck (ക്വാർട്ടർ ഡെക്കിലെ സ്‌തോഭജനകമായ സംഭവം)

ഭാഗം 3‐ മരണപ്പെട്ടവനിൽ നിന്ന് സഹായത്തിനുള്ള നിലവിളി

ഭാഗം 4‐ ഒഡേസ പടവുകൾ

ഭാഗം 5‐ കപ്പൽപ്പടയുടെ

കൂടിച്ചേരൽ


വിപ്ലവകരമായ മൂന്ന്‌ ഉയിർത്തെഴുന്നേൽപ്പുകളെയാണ് അഞ്ചു ഭാഗങ്ങളായുള്ള സിനിമയിൽ അടയാളപ്പെടുത്തുന്നത്.

പൊടെംകിൻ പടക്കപ്പലിലെ നാവികർ, അവരനുഭവിച്ചുകൊണ്ടിരുന്ന നിന്ദകൾക്കും പീഡനങ്ങൾക്കും എതിരെ നടത്തുന്ന കലാപമാണ് ഒന്നാമത്തേത്. ഒഡേസ തുറമുഖ നഗരത്തിലെ ജനങ്ങൾ കപ്പലിലെ കലാപകാരികളോടും രക്തസാക്ഷിയായ വാക്കുലിൻ ചുക്കിനോടും പ്രഖ്യാപിക്കുന്ന ഐക്യദാർഢ്യത്തിലൂടെയുള്ള വിപ്ലവകരമായ ഉണർവാണ് രണ്ടാമത്തേത്. നാവികവ്യൂഹത്തിലെ മറ്റു കപ്പലുകളിലെ നാവികർ പൊടെംകിൻ കപ്പലിലെ നാവികരോടും അവരുയർത്തിയ കലാപത്തിനോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതാണ് മൂന്നാമത്തേത്. സാർ ചക്രവർത്തിക്കെതിരായ കലാപത്തിന്റെ പ്രകടനമായി മാറുന്നു അത്.

സിനിമയിലെ ഓരോ ഷോട്ടുകളും ഒരു കെട്ടിടത്തിനുവേണ്ടി കല്ലുകൾ അടുക്കിയതുപോലെ കൃത്യവും അത്യാവശ്യവും ആസൂത്രിതവുമാണ്. ഒരു കല്ലു മാറ്റിയാൽ കെട്ടിടത്തിന് ബലക്ഷയമുണ്ടാകുന്നതുപോലെയാണ് ഒരു ഷോട്ട് മാറ്റിയാലും അനുഭവം. ഈ സിനിമ തന്നെ മനുഷ്യരെ അവരനുഭവിക്കുന്നതും സാക്ഷിയാകുന്നതുമായ പീഡനങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരെ വിപ്ലവകരമായ കലാപമുയർത്താൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് ആഖ്യാനപ്പെടുത്തിയിരിക്കുന്നത്.

‘ബാറ്റിൽഷിപ്പ്‌ പൊടെംകിൻ’: തൊഴിലാളികളുടെ ഉറക്കം‘ബാറ്റിൽഷിപ്പ്‌ പൊടെംകിൻ’: തൊഴിലാളികളുടെ ഉറക്കം

പ്രക്ഷുബ്ധമായി ഇളകിമറിയുന്ന കടൽ അതിന്റെ തീരങ്ങളിൽ ശക്തിയായ തിരമാലകളായി വന്ന് ആക്രമിക്കുന്ന ഷോട്ടുകളാണ് ആദ്യം. കടൽ പിന്നീട് ഈ സിനിമയുടെ ഭാഗമായിത്തീരുകയാണ്. കടൽ ഒരു ഇമേജായി പിന്നീടുള്ള പ്രക്ഷോഭങ്ങളുടെയും കലാപത്തിന്റെയും ഒപ്പം പിന്തുടരുന്നുമുണ്ട്. നിരവധി വ്യാഖ്യാന സാധ്യതകളുള്ള അർഥഗംഭീരമായ ദൃശ്യങ്ങളെയാണ് ഐസൻസ്റ്റീൻ ഇമേജുകളായി രൂപപ്പെടുത്തുന്നത്. ഉദാഹരണത്തിന്, ഈ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളായ രണ്ട് നാവികർ വാക്കുലിൻ ചുക്കും മാത്യുഷെങ്കോയും സംഭവവികാസങ്ങൾക്കു ചുക്കാൻ പിടിക്കുന്നവരാണ്. എന്നാൽ അവർ ഗ്ലാമറൈസായുള്ള നായകരുമല്ല. എല്ലാ നാവികരും രാത്രി ഉറങ്ങിക്കിടക്കുന്ന ഷോട്ടുകളും ഇവർ രണ്ടു പേരും ഉറങ്ങാതെ സംസാരിക്കുന്ന ഷോട്ടുകളും പ്രത്യേക അർഥങ്ങളാണ് വഹിക്കുന്നത്. തൊഴിലാളികളുടെ സമരങ്ങളോടും വിപ്ലവപോരാട്ടങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും അതിൽ പങ്കുചേരണമെന്നുമാണ് അവർ പറയുന്നത്. ഒരു ചെറിയ ന്യൂനപക്ഷം വിപ്ലവകരമായ ചിന്തകളുമായി ഉണർന്നിരിക്കുമ്പോൾ, ഭൂരിപക്ഷവും നിഷ്ക്രിയമായി ഉറക്കത്തിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.


പുഴു അരിക്കുന്ന ഇറച്ചി വിളമ്പുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു. കപ്പലിലെ ഡോക്ടർ വന്നു പരിശോധിക്കുന്നു. അയാളുടെ കണ്ണടയിലൂടെ ഇറച്ചിയിൽ പുളയ്‌ക്കുന്ന പുഴുക്കളുടെ സമീപദൃശ്യം. പക്ഷേ ഡോക്ടർ ഇത് പുഴുക്കളല്ലെന്നും ഇറച്ചി നല്ലതാണെന്നും സാക്ഷ്യപ്പെടുത്തുന്നു. നാവികർ രോഷാകുലരാകുന്നുണ്ട്. ഇറച്ചി വെട്ടുന്ന ദൃശ്യവും അതിനെതിരെ വരുന്ന നാവികരുടെ ദൃശ്യവും ചേർത്തുവയ്‌ക്കുന്നത് കപ്പലിന്റെ മുകൾത്തട്ടിൽ നാവികർ പീരങ്കികളിൽ വെടിമരുന്ന് നിറയ്‌ക്കുന്ന ദൃശ്യമാണ്. രോഷം പതഞ്ഞുയരുന്നതിന്റെയും കലാപത്തിന്റെയും സൂചനകളാണിതൊക്കെ.

വാക്കുലിൻ ചുക്ക് പ്രസംഗിക്കുന്നു. നാവികർ ഭക്ഷണം കഴിക്കാതെ പ്രതിഷേധിക്കുന്നു. ഈ സീനുകളൊക്കെ നിരവധി ചെറിയ ഷോട്ടുകളിലൂടെയാണ് ഒരുക്കിയിരിക്കുന്നത്.

ഈ പ്രതിഷേധമൊക്കെ മേലധികാരികളെ സംബന്ധിച്ചിടത്തോളം വളരെ ഗുരുതരമായ അച്ചടക്കലംഘനമാണ്. മറ്റുള്ളവർക്ക് ഒരു പാഠവും താക്കീതും ആവുന്ന തരത്തിൽ ചില നാവികരെ വെടിവച്ചു കൊല്ലാൻ തീരുമാനിക്കുന്നതും തുടർസംഭവങ്ങളും ഒക്കെ പലതരത്തിലുള്ള ഷോട്ടുകളുടെ എഡിറ്റിങ്ങിലൂടെ ഉൽക്കണ്ഠയും ക്രോധവും ആകാംക്ഷയും സഹതാപവും കരുണയും ജനിപ്പിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. നാവികർ ഫയറിങ് സ്‌ക്വാഡിന്‌ മുമ്പിൽ നിൽക്കുമ്പോൾ മേലധികാരികൾക്ക് പിന്തുണയുമായി എത്തുന്ന വൃദ്ധനായ പുരോഹിതൻ ഭരണകൂടങ്ങൾക്കൊപ്പം നിൽക്കുന്ന എല്ലാ മതങ്ങളെയും പ്രതിനിധീകരിക്കുന്ന പ്രതീകമാണ്. വൃദ്ധനായ പുരോഹിതന്റെ രൂപംതന്നെ കാലഹരണപ്പെട്ടതും ജീർണവുമായ ഒന്നിനെ ഓർമിപ്പിക്കും. ‘ദൈവമേ ഇവരെ അനുസരണ പഠിപ്പിക്കണമേ' എന്നാണ് പുരോഹിതൻ കയ്യിലെ കുരിശുയർത്തിക്കൊണ്ട് പറയുന്നത്. പുരോഹിതന്റെ കയ്യിലെ കുരിശിന്റെ ഷോട്ടും നാവികരെ പീഡിപ്പിക്കുന്ന ഓഫീസറുടെ അരയിൽ തൂങ്ങുന്ന കത്തിയുടെ സമീപദൃശ്യവും ഇന്റർ കട്ട് ചെയ്‌ത്‌ പലതവണ കാണിക്കുന്നത് രണ്ടും മർദനോപകരണമാണെന്നാണ്. പൊടുന്നനെ നാവികർ കലാപത്തിന് മുതിരുകയാണ്. ഈ കലാപത്തിന്റെയും അതിന്റെ തുടർസംഭവങ്ങളുടെയും സീനുകളൊരുക്കുന്നത് സൂക്ഷ്മവും കൃത്യവുമായ ചെറിയ ദൈർഘ്യമുള്ള ഷോട്ടുകൾ പല രീതിയിൽ കൂടിച്ചേർത്തുകൊണ്ടാണ്. നാവികർ ആയുധങ്ങൾ കീഴടക്കുന്നത്, ഓഫീസർമാരുമായി ഏറ്റുമുട്ടുന്നത്, ഇടയ്‌ക്ക്‌ പുരോഹിതൻ ഉയർത്തിപ്പിടിച്ച കുരിശുമായി മുകൾത്തട്ടിൽ നിന്ന് താഴേക്കിറങ്ങി വരുന്നത്, ബഹളത്തിനിടയിൽ അയാൾ നിലതെറ്റി താഴേക്ക് വീഴുന്നത്, കയ്യിൽനിന്ന് കുരിശ് തെറിച്ചുവീഴുന്നത്, ഡോക്ടറെ കടലിലേക്ക്‌ തൂക്കിയെറിയുന്നത്, അയാളുടെ കണ്ണട ചില്ലുപൊട്ടി ഒരു കയറിൽ തൂങ്ങിയാടുന്നത് ഒക്കെ വെറും ദൃശ്യങ്ങൾ മാത്രമല്ല. ഷോട്ടുകളുടെ വൈരുധ്യങ്ങളും സംഘർഷങ്ങളും കൊണ്ട് നിരവധി വ്യാഖ്യാനങ്ങളിലേക്ക്‌ പ്രേക്ഷകരെ നയിക്കുന്ന മൊണ്ടാഷിന്റെ വ്യത്യസ്‌ത പ്രയോഗങ്ങളാണ്. ഡോക്ടർ സ്മിർനോവിനെ നാവികർ കടലിലേക്കെറിയുമ്പോൾ അയാളുടെ കണ്ണട ഒരു കയറിൽ തൂങ്ങിയാടുന്നതും ഇറച്ചിയിൽ പുഴുക്കളരിക്കുന്ന ദൃശ്യവും കാണാം. നിന്നെ കടലിലെ പുഴുക്കൾ ഭക്ഷിക്കട്ടെ എന്ന് നാവികർ ശപിക്കുന്നുമുണ്ട്. ഈ എഡിറ്റിങ് ടെക്‌നിക്ക് കൊണ്ട് ഐസൻസ്റ്റീൻ ഡോക്ടറുടെ വഞ്ചനയെ ഓർമിപ്പിക്കുകയാണ്. ഒരു ഓഫീസറുടെ വെടിയേറ്റ്‌ വാക്കുലിൻ ചുക്ക് മരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെയും വിപ്ലവത്തിന്റെയും വിലപോലെ അനിവാര്യമായ ഒരു രക്തസാക്ഷിത്വം. കപ്പൽ നാവികരുടെ നിയന്ത്രണത്തിലായതോടെ വാക്കുലിൻ ചുക്കിന്റെ മൃതശരീരവുമായി കപ്പൽ ഒഡേസ തുറമുഖത്തെത്തുന്നു. ഒഡേസ പടവുകളിലെ ദൃശ്യങ്ങൾ ലോകസിനിമയുടെ ചരിത്രത്തിലെ സൈദ്ധാന്തികവും പ്രായോഗികവുമായ അത്ഭുതങ്ങളുടെ കൂടിച്ചേരലായി ഇന്നും അപൂർവ സൗന്ദര്യത്തോടെയും കരുത്തോടെയും നിൽക്കുന്നു. സിനിമയിലെ മൊണ്ടാഷ്‌ സിദ്ധാന്തത്തിന്റെ ഉത്തമോദാഹരണങ്ങിലൊന്നാണിത്‌.

വാക്കുലിൻ ചുക്കിന്റെ രക്തസാക്ഷിത്വംവാക്കുലിൻ ചുക്കിന്റെ രക്തസാക്ഷിത്വം

ഐസൻസ്റ്റീനിന്റെയും പുഡോവ്കിന്റെയും ഡോവ്ഷെങ്കോയുടെയും സിഗാ വെർതോവിന്റെയും ഒക്കെ ഗുരുവെന്ന് കരുതാവുന്ന ലെവ് കുളഷോവാണ് മൊണ്ടാഷ് സിദ്ധാന്തത്തിന്റെ അടിത്തറയിട്ടത്‌. ഐസൻസ്റ്റീൻ ആ ആശയത്തെ വിപുലീകരിച്ചുകൊണ്ട് വ്യത്യസ്‌ത മാനങ്ങളുള്ള അഞ്ചുതരം മൊണ്ടാഷ് ഉപയോഗിക്കാമെന്ന്‌ തന്റെ രചനകളിലൂടെ സ്ഥാപിച്ചു. ‘പൊടെംകിനി’ൽ നമുക്കതനുഭവിക്കാനാവും. വ്യത്യസ്‌ത ഇമേജുകളായ ഷോട്ടുകളെ എഡിറ്റിങ്ങുകളിലൂടെ കൂട്ടിച്ചേർക്കുന്നതിന്റെ വേഗതയുടെ താളം കൊണ്ട് കാഴ്‌ചയുടെ താളം മാത്രമല്ല, നമ്മുടെ വൈകാരികതയുടെ അളവും കയറ്റിറക്കങ്ങളും വ്യത്യസ്‌തമാകും. ഷോട്ടുകളുടെ വിഷ്വൽ കോംപസിഷനുകളും ദൈർഘ്യവും ക്യാമറക്കോണുകളും ടോണും ഷോട്ടുകൾക്കുള്ളിലെ ചലനങ്ങളും ആക്ഷനും ഇവിടെ വളരെ പ്രധാനമാണ്. ഒഡേസ പടവുകളിലെ ഷോട്ട് കട്ടിങ്ങുകൾ പരിശോധിച്ചാൽ അത് സൃഷ്ടിക്കുന്ന വൈകാരികവും ചിന്താപരവും ആശയപരവുമായ പരിവർത്തനം മനസ്സിലാകും.

ഈ സീക്വൻസുകൾ എങ്ങനെയാണ് നിർമിച്ചിരിക്കുന്നതെന്ന് നമുക്ക് പരിശോധിക്കാം. രക്തസാക്ഷിയായിത്തീർന്ന ഈ ധീരനായ പോരാളിയായ വാക്കുലിൻ ചുക്കിന്‌ ആദരാഞ്ജലി അർപ്പിക്കുന്നതിലൂടെ വിപ്ലവത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു ജനത എങ്ങനെയാണ് ഉണരുന്നതെന്ന് ഐസൻസ്റ്റീൻ ഷോട്ടുകളുടെ കൃത്യമായ നിർമിതിയിലൂടെയും അതിന്റെ കൂട്ടിച്ചേർക്കലിലൂടെയും ആവിഷ്‌കരിക്കുകയാണ്.

മൂടൽമഞ്ഞ് നിറഞ്ഞ പ്രഭാതത്തിലേക്കാണ് ക്യാമറ സഞ്ചരിക്കുന്നത്. തുറമുഖത്തിന്റെ കരയിൽ വാക്കുലിൻ ചുക്കിന്റെ മൃതദേഹം കിടത്തിയിരിക്കുന്ന ഒരു ചെറിയ ടെന്റിന്റെ ലോങ് ഷോട്ടിലാണ് ഈ സീക്വൻസ് ആരംഭിക്കുന്നത്. ആ ഷോട്ടിൽ ജനങ്ങളാരുമില്ല. പതുക്കെ പശ്ചാത്തലത്തിൽനിന്ന് ഒരു മനുഷ്യൻ മൃതശരീരത്തിനടുത്തേക്ക് വരുന്നു. മറ്റൊരുവശത്തുനിന്ന് രണ്ടു സ്‌ത്രീകൾ വരുന്നു. എതിർദിശയിൽ നിന്ന് വേറെ രണ്ടു പുരുഷന്മാർ വരുന്നു. പതുക്കെ പതുക്കെ നിരവധി മനുഷ്യർ വാക്കുലിൻ ചുക്കിന്‌ ചുറ്റും ഒരു വലയംപോലെ രൂപപ്പെടുന്നു.


പിന്നീട് അങ്ങോട്ടെത്തിക്കൊണ്ടിരിക്കുന്ന ജനങ്ങളുടെ നീണ്ട നിരയുടെ, വിവിധ ക്യാമറക്കോണുകളിലും ദൈർഘ്യത്തിലും കോംപസിഷനുകളിലുമുള്ള നിരവധി ഷോട്ടുകൾ. ഏതെങ്കിലും വ്യക്തികളിൽ കേന്ദ്രീകരിക്കാതെ ചലച്ചിത്രകാരൻ, ഒരു ജനതയെ ആകെ ഒരു കഥാപാത്രമാക്കിക്കൊണ്ട് വാക്കുലിൻ ചുക്കിന് അന്ത്യോപചാരം അർപ്പിക്കുന്നതിനുവേണ്ടി വിപ്ലവകരമായി ഉണരുന്നതിന്റെ പ്രതീകമാക്കുകയാണ്. ഒരു നഗരം മുഴുവൻ അങ്ങോട്ടേക്കൊഴുകി വരുന്നതിന്റെ നിരവധി ദൃശ്യങ്ങൾ...

കപ്പലിലെ നാവികർക്കു ഭക്ഷണങ്ങളുമായി പോവുന്ന ബോട്ടുകളുടെയും ജനങ്ങളുടെയും കപ്പലിലെ നാവികരുടെയും നിരവധി ദൃശ്യങ്ങൾ. രംഗമാകെ ആവേശത്തിന്റെ ഉച്ചിയിൽ നിൽക്കുമ്പോൾ ആദ്യത്തെ വെടിയൊച്ച. പട്ടാളക്കാർ തോക്കുചൂണ്ടി മുകളിലെ പടവുകളിൽനിന്ന് താഴോട്ടിറങ്ങുന്ന ദൃശ്യം. മനുഷ്യർ ഭയന്ന് ചിതറുന്നു. അവർ താഴോട്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. അവരെ പിന്തുടർന്ന് പട്ടാളം. നിരവധിയാളുകൾ വെടിയേറ്റ് വീഴുന്നു. ഒരു ചെറിയ കുട്ടി വെടിയേറ്റ് വീഴുന്നു. കൈവിട്ടുപോയ കുട്ടിയെ തിരഞ്ഞ് അമ്മ. ചോര ചിതറി നിലവിളിക്കുന്ന കുട്ടിയെ കണ്ട് ഭയാക്രാന്തയായി അമ്മ പിന്തിരിഞ്ഞ് പടവുകൾ കയറുന്നു.

തൊഴിലാളികൾക്ക്‌ കേടായ ഭക്ഷണം നൽകുന്നുതൊഴിലാളികൾക്ക്‌ കേടായ ഭക്ഷണം നൽകുന്നു

അമ്മയുടെ ഭീതിയും രോഷവും സങ്കടവും നിലവിളിയും ദൈന്യതയും നിറഞ്ഞ മുഖത്തിന്റെ ക്ലോസപ്പ്. കുട്ടിയെ കയ്യിലെടുത്ത അമ്മ പട്ടാളക്കാരെ അഭിമുഖീകരിച്ച് നിലവിളിച്ചു കൊണ്ട് പടവുകൾ കയറുന്നു. പട്ടാളക്കാരോട് സഹായം അഭ്യർഥിക്കുന്ന അമ്മ നമ്മളെ ഓരോരുത്തരെയും നോക്കി സഹായത്തിന് വേണ്ടി നിലവിളിക്കുന്നതുപോലെയാണ് ആ ദൃശ്യം. ഇത് നമ്മുടെ ഉള്ളുപൊള്ളിക്കും. നമ്മൾ ഈ നരനായാട്ടിനെതിരെ പൊരുതാനാഗ്രഹിക്കും. പട്ടാളക്കാരും കുതിരപ്പടയും താഴേക്ക് ഇറങ്ങിക്കൊണ്ടിരിക്കുന്ന ദൃശ്യം. ചിതറിയ ജനക്കൂട്ടവും താഴേക്ക്‌. എല്ലാ ചലനങ്ങളും താഴോട്ട്. പിഞ്ചുകുഞ്ഞിനെ മാറിലടുക്കി പടവുകൾ കയറുന്ന അമ്മയാണ് എതിർദിശയിലുള്ള ആദ്യ ചലനം ഉണ്ടാക്കുന്നത്. തുടർന്ന് ചില സ്‌ത്രീകളും അവരെ പിന്തുണച്ച് ചില കോണുകളിൽനിന്ന് മുകളിലോട്ട് കയറുന്നു. ഇതുവരെ താഴോട്ടു മാത്രമുണ്ടായിരുന്ന ചലനത്തിന്റെ എതിർദിശയിൽ സ്‌ത്രീകളുടെ ചലനം സിനിമയുടെ അതുവരെയുള്ള താളത്തെ മാറ്റിമറിക്കുന്നുണ്ട്.


അമ്മയും സ്‌ത്രീകളും വെടികൊണ്ട് വീഴുന്നു. തീരെ ചെറിയ കുഞ്ഞിനെ കിടത്തിയ ബേബി കാരിയേജ് ഉരുട്ടി പടവുകളിറങ്ങിപ്പോവുന്ന മറ്റൊരു സ്‌ത്രീ വെടി കൊണ്ടു വീഴുമ്പോൾ അനാഥമായ കാരിയേജ് താഴേയ്‌ക്കുരുണ്ടുപോവുന്നു. ഇവിടെയൊക്കെ നിരവധി ഷോട്ടുകളാണ് ഉപയോഗിക്കുന്നത്. കുഞ്ഞും കാരിയേജും അതിവേഗത്തിൽ താഴോട്ടുരുണ്ടു പോവുന്നതിന്റെ ദൃശ്യം നോക്കി ഉൽക്കണ്ഠയോടെ നിലവിളിക്കുന്ന മറ്റു മനുഷ്യരുടെ ഷോട്ടുകൾ. അവരും വെടികൊണ്ട് വീഴുന്ന ദൃശ്യങ്ങൾ. കുഞ്ഞ് കാരിയേജിൽനിന്ന് തെറിച്ചുവീണ് മരിക്കുമെന്ന സൂചനയോടെയുള്ള ഷോട്ട് കട്ടിങ്ങുകൾ. ചെറിയ ഷോട്ടുകളുടെ ഇടകലർത്തൽകൊണ്ട് ഈ രംഗത്തിന്റെ തീവ്രത വർധിപ്പിച്ചു നിർത്തി, പ്രേക്ഷകരുടെ നെഞ്ചിടിപ്പും രോഷവും ഉയർത്തുന്ന രീതിയാണ് ഐസൻസ്റ്റീൻ പ്രയോഗിക്കുന്നത്.

ഒഡേസാ പടവുകളിലെ വെടിവെപ്പിന്‌ തൊട്ടുമുമ്പുള്ള രംഗംഒഡേസാ പടവുകളിലെ വെടിവെപ്പിന്‌ തൊട്ടുമുമ്പുള്ള രംഗം

ഈ കൂട്ടക്കൊലയ്‌ക്കും നരനായാട്ടിനുമെതിരെ വിപ്ലവകാരികളായ നാവികരുടെ മറുപടിയായി പൊടെംകിൻ കപ്പലിൽ നിന്ന് ആദ്യത്തെ വെടി മുഴങ്ങി. നഗരത്തിന്റെ അഭിമാനസ്‌തംഭമായ ഒഡേസ തിയറ്ററിനു നേരെയായിരുന്നു ആദ്യത്തെ പീരങ്കിവെടി. തിയറ്ററിന്റെ ഗോപുരങ്ങളും ശിൽപ്പങ്ങളും തകർന്നുവീഴുന്ന ദൃശ്യം. തുടർന്ന് മൂന്നു സിംഹങ്ങളുടെ ശിൽപ്പത്തിന്റെ ദൃശ്യം വരുന്നു. ഉറങ്ങുന്ന സിംഹം, തലപൊക്കി ഉണരുന്ന സിംഹം, എണീറ്റ് നിന്ന് ഗർജിക്കുന്ന സിംഹം. ഉറങ്ങുകയായിരുന്ന ജനങ്ങൾ സാർ ചക്രവർത്തിക്കെതിരെ ഉണർന്നു കഴിഞ്ഞു എന്നാണ് സിംഹങ്ങളുടെ ദൃശ്യങ്ങൾ പറയുന്നത്.

അഞ്ചാം ഭാഗം പൊടെംകിനെ ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുന്ന നാവിക വ്യൂഹത്തിലെ മറ്റു കപ്പലുകളുമായി ബന്ധപ്പെട്ട സന്ദേഹങ്ങളും ഉൽക്കണ്ഠകളുമാണ്. കലാപത്തിലൂടെ കപ്പൽ കീഴ്പ്പെടുത്തുകയും മേലധികാരികളെ കൊല്ലുകയോ കീഴ്പ്പെടുത്തുകയോ ചെയ്‌ത കലാപകാരികളെ നേരിടാനാണ് സാർ ചക്രവർത്തി അയച്ച മറ്റു കപ്പലുകൾ വന്നുകൊണ്ടിരിക്കുന്നതെന്ന് എല്ലാവരും ഭയപ്പെട്ടു. അങ്ങനെയെങ്കിൽ കീഴടങ്ങാതെ പൊരുതുക തന്നെ വേണമെന്ന് കരുതി പൊടെംകിൻ നാവികർ തീരുമാനിക്കുന്നതിന്റെയും നിരവധി ദൃശ്യങ്ങൾ. നമ്മുടെ ഉൽക്കണ്ഠയെ പരമാവധി കൂട്ടുന്ന തരത്തിലുള്ള ഷോട്ടുകളൂടെ കൂട്ടിച്ചേർക്കലാണ് ഇവിടെയും ചെയ്‌തിരിക്കുന്നത്.


ഐസൻസ്റ്റീനും സിഗ വെർതോവുമാണ് മൊണ്ടാഷിനെ പ്രയോഗവൽക്കരിച്ചുകൊണ്ട് ചലച്ചിത്ര ക്ലാസിക്കുകൾ നിർമിച്ചത്. വെർതോവിന്റെ ‘മാൻ വിത്ത് എ മൂവി ക്യാമറ' ലോകസിനിമയിലെ മറ്റൊരു അപൂർവ രചനയാണ്. അതൊരു ക്ലാസിക് ഡോക്യുമെന്ററിയാണ്.

മൊണ്ടാഷിന്റെ സൈദ്ധാന്തിക പിന്തുണയോടെ നിർമിക്കപ്പെട്ട നിരവധി ക്ലാസിക് രചനകളുണ്ട്. 1966‐ൽ ഗില്ലോ പോണ്ടെകാർവോ സംവിധാനം ചെയ്‌ത "Battle of Algiers’, 1968ൽ നിർമിച്ച ഹംബർട്ടോ സൊളാനസിന്റെ "The Hour of the furnaces’ എന്നിവ ഉദാഹരണങ്ങളാണ്. (ഈ സിനിമയും നിരോധിച്ചവയുടെ കൂട്ടത്തിലുണ്ട്)

ഐസൻസ്റ്റീൻ ‘The film sense’, ‘Film form’ എന്നീ പുസ്‌തകങ്ങളിൽ ഡയലക്റ്റിക്കൽ മൊണ്ടാഷിനെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. ഐസൻസ്റ്റീനിന്റെ മറ്റു പ്രധാന സിനിമകൾ ‘Strike’, ‘October’, ‘Alexandar Nevsky’, ‘Ivan the Terrible- two parts’ , ‘Qva Mexico’ എന്നിവയാണ് .

( ഈ ലേഖനത്തിലെ ചില ഭാഗങ്ങൾ നേരത്തെ എഴുതി പ്രസിദ്ധീകരിച്ചതാണ് )



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home