കവർസ്റ്റോറി
ധൈഷണികതയുടെ സമരമുഖം


സുനില്‍ പി ഇളയിടം
Published on Mar 28, 2026, 11:57 AM | 15 min read
ബഹുതലസ്പർശിയായ ജീവിതമായിരുന്നു പ്രൊഫ. കെ എൻ പണിക്കരുടേത്. അദ്ദേഹം സമുന്നതനായ ചരിത്രകാരനായിരുന്നു. മികച്ച അധ്യാപകനായിരുന്നു. വിദ്യാഭ്യാസ വിചക്ഷണനായിരുന്നു. സംസ്കാരപഠിതാവായിരുന്നു. നിപുണനായ ഒരു ഭരണകർത്താവായിരുന്നു. അക്കാദമിക പണ്ഡിതരിൽ ഏറെയൊന്നും കാണാനാവാത്ത വിധത്തിൽ സമർപ്പിതനായ ഒരു കൾച്ചറൽ ആക്റ്റിവിസ്റ്റുമായിരുന്നു. ജൈവബുദ്ധിജീവി എന്ന ആശയത്തിന്റെ മികവുറ്റ സാക്ഷാത്കാരം പോലെ ജീവിതത്തിന്റെയും യാഥാർഥ്യത്തിന്റെയും വ്യത്യസ്ത പ്രതലങ്ങളിലേക്ക് തുറന്നുകിടന്ന ഒന്നായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
വിശാലമായൊരർഥത്തിൽ സാംസ്കാരിക വിമർശത്തിന്റെയും ബൗദ്ധികതയുടെയും സമരമുഖമായിരുന്നു പ്രൊഫ. കെ എൻ പണിക്കർ. അറിവിനെ സ്വകാര്യവും കേവലവുമായ പാണ്ഡിത്യമായി നിലനിർത്തുന്നതിൽ നിന്ന് അദ്ദേഹം എപ്പോഴും വഴിമാറി നടന്നു. സമുന്നതമായ അക്കാദമിക ജ്ഞാനത്തിന്റെയും അതുവഴി കൈവന്ന പദവികളുടെയും പിൻബലം അദ്ദേഹത്തിനുണ്ടായിരുന്നു. എങ്കിലും തന്റെ കാലത്തെ വലയം ചെയ്യുന്ന മാരകമായ വിപത്തുകളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങുന്നതിൽനിന്ന് അത് അദ്ദേഹത്തെ തടഞ്ഞില്ല. ഗുജറാത്ത് വംശഹത്യയ്ക്കു ശേഷം അവിടെ നേരിട്ടെത്തി വസ്തുതാന്വേഷണം നടത്താനും അത് ലോകത്തോട് പറയാനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. ഒരു സർവകലാശാല വൈസ്ചാൻസലറായി പ്രവർത്തിക്കുന്ന സമയത്തു തന്നെയാണ് അദ്ദേഹമതു ചെയ്തത്. അറിവിന്റെ സാമൂഹികത അറിവിനുള്ളിൽ തന്നെ അവസാനിക്കുന്ന ഒന്നല്ലെന്ന് പ്രൊഫ. കെ എൻ പണിക്കർക്ക് അറിയാമായിരുന്നു.
കെ എൻ പണിക്കർ ഫോട്ടോ: എ ജെ ജോജി
ഒന്ന്
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി ‐ ഇന്ത്യയിലെ ചരിത്രവിജ്ഞാനീയം വലിയ വഴിത്തിരിവുകളിലൂടെ കടന്നുപോയ കാലമാണ്. സ്വാതന്ത്ര്യപ്രാപ്തിക്കു പിന്നാലെ ഇന്ത്യൻ ഭൂതകാലത്തെ പുതിയ രീതികളിൽ നോക്കിക്കാണാനും വിലയിരുത്താനുമുള്ള ശ്രമങ്ങൾ പ്രബലമായി. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ ഇന്ത്യാ ചരിത്ര വിജ്ഞാനത്തെ ആഴത്തിൽ സ്വാധീനിച്ച ദേശീയവാദപരമായ ചരിത്രവീക്ഷണം പതിയെപ്പതിയെ പിൻവാങ്ങാൻ തുടങ്ങി. സാമ്രാജ്യത്വ ചരിത്രവിജ്ഞാനത്തോടും പൗരസ്ത്യവാദപരമായ ചരിത്രധാരണകളോടും ഇടഞ്ഞാണ് ദേശീയവാദചരിത്രം അതിന്റെ അടിത്തറ ഉറപ്പിച്ചത്. അപ്പോൾത്തന്നെ സാമ്രാജ്യത്വ ചരിത്രവിജ്ഞാനവും പൗരസ്ത്യവാദവും ജന്മം നൽകിയ പലതരം വീക്ഷണങ്ങളും ദേശീയവാദചരിത്രത്തിൽ ഉൾച്ചേരുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഭൂതകാലത്തിന്റെ മതവൽക്കരണംമുതൽ മധ്യകാല ഇന്ത്യയിലെ ഹിന്ദു‐മുസ്ലീം സംഘർഷം വരെയുള്ള പ്രമേയങ്ങൾ നമ്മുടെ മുഖ്യധാരാ ചരിത്രഭാവനയുടെ കേന്ദ്രത്തിൽ ഇടം പിടിച്ചത് അങ്ങനെയാണ്. താരാചന്ദിനെയും മുഹമ്മദ് ഹബീബിനെയും പോലുള്ള ചരിത്രപഠിതാക്കൾമുതൽ ജവഹർലാൽ നെഹ്റു വരെയുള്ളവർവരെ ചരിത്രത്തിന്റെ ഈ മതവൽക്കരണത്തെ പ്രതിരോധിക്കാൻ പലതരം ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ദേശീയവാദ ചരിത്രത്തിന്റെ മുഖ്യധാരാ ഭാവനയെ പ്രതിരോധിക്കാൻ ആ ശ്രമങ്ങൾക്ക് ഏറെയൊന്നും കഴിഞ്ഞില്ല എന്നുവേണം പറയാൻ. കെ പി ജയ്സ്വാളും ആർ സി മജുംദാറും ആർ കെ മുഖർജിയും എല്ലാം ഉൾപ്പെടുന്ന ഒരുകൂട്ടം ചരിത്രപണ്ഡിതർ ഇന്ത്യയുടെ ഭൂതകാലത്തിലേക്ക് വലിയതോതിൽ വെളിച്ചം പകർന്നതോടൊപ്പം അറിഞ്ഞും അറിയാതെയും അതിനെ മതപരമായ വിഭാഗീയ ധാരണകളിലേക്ക് തുറന്നിടുകയും ചെയ്തു. പിൽക്കാലത്ത് ഇന്ത്യയുടെ സാമൂഹ്യജീവിതത്തെ വിഷയമാക്കാൻ കെൽപ്പുള്ള വിഭാഗീയ ധാരണകൾക്കും കൂടിയാണ് തങ്ങൾ വിത്തുവിതയ്‌ക്കുന്നതെന്ന് അവരപ്പോൾ അറിഞ്ഞിരിക്കണമെന്നില്ല.
ദേശീയവാദചരിത്രത്തിന്റെ ഈ ഭൂതകാല പരിപ്രേക്ഷ്യം ആഴത്തിൽ വെല്ലുവിളിക്കപ്പെട്ടത് മാർക്സിസ്റ്റ് ചരിത്രരചനാരീതിയുടെ സമർഥവും സമഗ്രവുമായ വിനിയോഗവുമായി ഡി ഡി കൊസാംബി രംഗത്തെത്തിയതോടെയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ തന്നെ മാർക്സിസ്റ്റ് ചരിത്രരചനാരീതിയുടെ പ്രാഥമികമായ ചില വിനിയോഗങ്ങൾ ഇന്ത്യയിൽ അരങ്ങേറിയിരുന്നു. എം എൻ റോയിയും രജനീപാം ദത്തും മുതൽ കെ എം അഷറഫും ഭൂപേന്ദ്രനാഥദത്തയും (സ്വാമി വിവേകാനന്ദന്റെ സഹോദരനാണ് ഇദ്ദേഹം) വരെയുള്ളവർ മാർക്സിസത്തിന്റെ ഉൽപ്പാദനവ്യവസ്ഥാപരമായ ചരിത്രവിചാരരീതിയെ ഇന്ത്യൻ സാമൂഹ്യജീവിതത്തിന്റെ വിശകലനത്തിനായി ഉപയോഗപ്പെടുത്തിയവരാണ്. പ്രാചീന ഇന്ത്യയിലെയും മധ്യകാല ഇന്ത്യയിലെയും ആധുനിക ഇന്ത്യയിലെയും സന്ദർഭങ്ങളെ മാർക്സിസ്റ്റ് സമീക്ഷയെ മുൻനിർത്തി പഠനവിധേയമാക്കാൻ അവർ ശ്രമിച്ചു. ആദരണീയമായ പ്രാഥമിക ശ്രമങ്ങളായിരിക്കെത്തന്നെ രീതിശാസ്ത്രപരമായ ദൗർബല്യങ്ങളായും ഉപാദാന സാമഗ്രികളുടെ അപര്യാപ്തതയായും ആ ശ്രമങ്ങൾ പരിമിതപ്പെട്ടു പോവുകയും ചെയ്തിരുന്നു.
മാർക്സിസ്റ്റ് രീതിശാസ്ത്രം ഉപയോഗിച്ച് ഇന്ത്യയുടെ സമഗ്രചരിത്രം നാലു വാല്യങ്ങളായി എഴുതാനിരുന്ന എസ് എ ഡാങ്കെ തന്റെ ഗ്രന്ഥപരമ്പരയുടെ ആദ്യവാല്യം അപ്പോഴേക്കും പ്രസിദ്ധീകരിച്ചിരുന്നു. പ്രാകൃത കമ്യൂണിസത്തിൽ നിന്നും അടിമത്തത്തിലേക്കുള്ള ഇന്ത്യയുടെ പരിണാമചരിത്രം വിശദീകരിക്കുന്നതായി അവകാശപ്പെട്ട ആ ഗ്രന്ഥം, കൊസാംബിയുടെ ഭാഷയിൽ പറഞ്ഞാൽ, ചരിത്രരചനയ്ക്ക് മാർക്സിസം എങ്ങനെ ഉപയോഗിക്കരുത് എന്നതിന്റെ തെളിവായാണ് അവശേഷിച്ചത്. കൊസാംബിയുടെ നിശിതവിമർശനത്തിന്റെ ഫലം കൂടിയാവാം, ഡാങ്കെ തന്റെ ഗ്രന്ഥത്തിന്റെ തുടർന്നുള്ള വാല്യങ്ങളുടെ രചനയ്‌ക്ക് മുതിർന്നതുമില്ല.
ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഡി ഡി കൊസാംബി ഇന്ത്യാചരിത്രപഠനത്തിനൊരു മുഖവുര എന്ന ഗ്രന്ഥവുമായി രംഗത്തെത്തുന്നത്. 1952‐ൽ പുറത്തുവന്ന ആ കൃതി ഇന്ത്യാചരിത്രരചനയിൽ നിർണായകമായ വഴിത്തിരിവായിരുന്നു. ഉൽപ്പാദനവ്യവസ്ഥയെ അതിന്റെ സമഗ്രതയിൽ വിലയിരുത്താനും ആശയാവലികളും ഭരണകൂട രൂപങ്ങളും സാമൂഹിക ഘടനയിൽ ഇടപെടുന്നതെങ്ങനെയെന്ന് വിശദീകരിക്കാനും കഴിഞ്ഞ, വൈരുധ്യാത്മ വിചിന്തനത്തിന്റെയും ചരിത്രപരമായ ഭൗതികവാദ സമീക്ഷയുടെയും അതിസമർഥമായ പ്രയോഗമായിരുന്നു കൊസാംബിയുടെ ഗ്രന്ഥം. ഇന്ത്യാചരിത്രരചനയിൽ ചരിത്രപഠിതാക്കൾ പിൻപറ്റേണ്ട അന്വേഷണ രീതികളെക്കുറിച്ച് പുതിയ നിഗമനങ്ങൾ അവതരിപ്പിക്കാനും കൊസാംബിക്ക് കഴിഞ്ഞു. ഇന്ത്യാചരിത്ര വിജ്ഞാനീയത്തിന് ഇനിയങ്ങോട്ട് പഴയതായി തുടരാനാവാത്ത വിധത്തിൽ നിർണായകമായ വിച്ഛേദസ്ഥാനമായിരുന്നു അത്.
കൊസാംബി തുറന്നിട്ട ഈ വഴിയിലൂടെ ധാരാളം ചരിത്രപഠിതാക്കൾ കടന്നുവന്നു. ആർ എസ് ശർമ, റൊമില ഥാപ്പർ, ഇർഫാൻ ഹബീബ്, ഡി എൻ ഝാ, ഹർബൻസ് മുഖ്യ എന്നിങ്ങനെ ഒരുനിര ചരിത്രപണ്ഡിതർ 1970‐ളോടെ രംഗത്തെത്തി. വിഷയമേഖലയിലും രീതിശാസ്ത്രപരമായ ഊന്നലുകളിലും അവർക്കിടയിൽ വ്യത്യാസങ്ങൾ ഉണ്ടായിരുന്നപ്പോഴും മാർക്സിസം അവരുടെ ചരിത്രാന്വേഷണത്തിന്റെ ആധാര ഘടകമായിരുന്നു. ഉൽപ്പാദനവ്യവസ്ഥാ ചരിത്രത്തെ യാന്ത്രികമോ ഉപരിപ്ലവമോ ആയി വെട്ടിച്ചുരുക്കാതെ സാങ്കേതികവിദ്യ മുതൽ ആശയവ്യവസ്ഥകളും പ്രത്യയശാസ്ത്രരൂപങ്ങളും വരെയുള്ള ഘടകങ്ങളുമായി വിളക്കിച്ചേർക്കാൻ അവർക്കു കഴിഞ്ഞു.
കെ എൻ പണിക്കർ ഫോട്ടോ: ജി പ്രമോദ്
ദേശീയവാദചരിത്രത്തിന്റെ വീക്ഷണസ്ഥാനങ്ങളെയും അതിന്റെ ഭൂതാഭിരതിയെയും വിമർശനവിധേയമാക്കാനും മറികടന്നുപോകാനും ഈ ചരിത്രപണ്ഡിതർക്കു കഴിഞ്ഞു. വംശാവലികൾ മുതൽ കാർഷിക സമ്പദ്ഘടന വരെയുള്ളവയെ ചരിത്രപരമായ ഭൗതികവാദ സമീക്ഷയുടെ അടിസ്ഥാനത്തിൽ പുനഃസന്ദർശിക്കാനും പുനർവിഭാവനം ചെയ്യാനും അവർ തയ്യാറായി. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ദേശീയവാദചരിത്രത്തിന്റെ പ്രാബല്യത്തെ ഇന്ത്യാചരിത്രവിജ്ഞാനം നിർണായകമായി മറികടന്നത് അവിടെ വച്ചായിരുന്നു.
പ്രൊഫ. കെ എൻ പണിക്കർ ഇന്ത്യൻ ചരിത്രപഠനത്തിന്റെ മേഖലയിൽ കാലൂന്നുന്ന സന്ദർഭം ഇത്തരമൊന്നായിരുന്നു. മാർക്സിസ്റ്റ് ചരിത്രരചനാരീതി മേൽക്കൈ നേടിയ സന്ദർഭമായിരിക്കെത്തന്നെ അത് വൈവിധ്യപൂർണമായിത്തീരുകയും ചെയ്ത സന്ദർഭവുമായിരുന്നു അത്. എറിക് ഹോബ്സ്ബാം മറ്റൊരു സന്ദർഭത്തിൽ സൂചിപ്പിക്കുന്നതു പോലെ ചരിത്രത്തിന്റെ ഒരേയൊരു ശരിയായ വ്യാഖ്യാനം എന്നത് മാർക്സ് അവശേഷിപ്പിച്ച പാരമ്പര്യമായിരുന്നില്ല (‘Marxist history is plural today. The only correct interpretation of the past is not the legacy that Marx left for us’) എന്ന ആശയത്തിന്റെ പ്രകാശനവേളയെന്ന പോലെ, അടിസ്ഥാനപരമായി മാർക്സിസ്റ്റ് രീതിശാസ്ത്രത്തിൽ ഊന്നുമ്പോൾ തന്നെ ഇന്ത്യാചരിത്രത്തിന്റെ വ്യത്യസ്ത അടരുകളെ വ്യത്യസ്ത രീതികളിൽ അഭിമുഖീകരിക്കുന്ന ചരിത്രാന്വേഷണങ്ങളായിരുന്നു അവരുടേത്. അത്തരമൊരു വേളയിലാണ് പ്രൊഫ. കെ എൻ പണിക്കർ ആധുനിക ഇന്ത്യയുടെ ചരിത്രത്തിലും അതിന്റെ ബലതന്ത്രങ്ങളിലും ശ്രദ്ധയൂന്നിക്കൊണ്ട് ചരിത്രരചനയിൽ ഇടപെട്ടത്. മാർക്സിസ്റ്റ് ചരിത്രരചനയിലെന്ന പോലെ ഇന്ത്യാ ചരിത്ര വിജ്ഞാനീയത്തിന്റെ മേഖലയിലും പ്രധാനപ്പെട്ട ഒരു സന്ദർഭമായിരുന്നു അത്.
സാമൂഹിക യാഥാർഥ്യത്തിന്റെ രൂപീകരണത്തിൽ സംസ്കാരത്തിനും ബൗദ്ധികതയ്ക്കുമുള്ള പങ്കിനെ സവിശേഷമായി പരിഗണിച്ചുകൊണ്ടാണ് കെ എൻ പണിക്കർ തന്റെ ചരിത്രരചനാപദ്ധതി വികസിപ്പിച്ചെടുത്തത്. സംസ്കാരത്തെയും ബൗദ്ധികതയെയും ആധുനിക ഇന്ത്യയിലെ ചരിത്രവിചാരത്തിന്റെ കേന്ദ്രത്തിൽ ഉറപ്പിക്കുന്നതിൽ കെ എൻ പണിക്കരോളം വലിയ പങ്കുവഹിച്ചവർ ഉണ്ടെന്നു തോന്നുന്നില്ല. നിശ്ചയമായും മാർക്സിസ്റ്റ് ചരിത്രവിചിന്തനത്തിന്റെ വഴികളിലൂടെയാണ് മാഷ് നടന്നത്. അപ്പോൾത്തന്നെ അതിൽ വന്നുകൂടിയ യാന്ത്രികതയുടെയും നിർണയനവാദത്തിന്റെയും പിടിമുറുക്കങ്ങളെ മാഷ് മറികടക്കുകയും ചെയ്തു. സംസ്കാരത്തിന്റെയും ബൗദ്ധികതയുടെയും ലോകം ഭൗതികോൽപ്പാദനത്തിന്റെ അനുബന്ധമായി നിലകൊള്ളുകയല്ലെന്ന് അദ്ദേഹത്തിന് വ്യക്തമായിരുന്നു. ആശയാനുഭൂതികളുടെ മൂർത്തവും ഭൗതികവുമായ പ്രകൃതത്തെയും പ്രയോഗരൂപങ്ങളെയും ആധുനിക ഇന്ത്യയുടെ ചരിത്രത്തിന്റെ വിവിധ സന്ദർഭങ്ങളിൽനിന്ന് നിർധാരണം ചെയ്യുകയായിരുന്നു പ്രൊഫ. കെ എൻ പണിക്കർ. ഒരു ജനസമൂഹം ഏതെങ്കിലുമൊരാശയം ഏറ്റെടുത്തു കഴിഞ്ഞാൽ അതൊരു ഭൗതികശക്തിയായിത്തീരുമെന്ന നിർണായകമായ തിരിച്ചറിവായിരുന്നു അദ്ദേഹത്തിന്റെ ചരിത്രവിചിന്തനത്തിന്റെ കാതൽ. അതുകൊണ്ട് സംസ്‌കാരവും ബൗദ്ധികതയും ആശയാനുഭൂതികളുമെല്ലാം ചരിത്രഗതികളിൽ ഇടംപിടിക്കുന്ന, അതിനെ വഴിതിരിച്ചുവിടാൻപോന്ന, മൂർത്തമായ ഭൗതികശക്തികളാണെന്ന തെളിച്ചം അദ്ദേഹത്തിന്റെ വാക്കുകളിലുടനീളമുണ്ടായിരുന്നു. ചരിത്രഗ്രന്ഥങ്ങളിലെ അനുബന്ധ അധ്യായങ്ങളുടെ പദവിയിൽനിന്ന് സംസ്‌കാരത്തെ ചരിത്രവിചാരത്തിന്റെ കേന്ദ്രത്തിലേക്ക് അദ്ദേഹം കൊണ്ടുവന്നു. മലബാർ കലാപമാകട്ടെ, ആയുർവേദത്തിന്റെ വ്യാപനമാകട്ടെ, ഇന്ത്യൻ നവോത്ഥാനത്തിന്റെ പ്രക്രിയാപരമായ സ്വരൂപമാകട്ടെ, കെ എൻ പണിക്കരുടെ ആലോചനകളിൽ ഈ അടിസ്ഥാനമുണ്ടായിരുന്നു.
‘ഗ്രാംഷി അലിഗറി’. പെയിന്റിങ്: റെൻസോ ഗലിയോട്ടി
സംസ്കാരം എന്ന സമരമുഖത്തെക്കുറിച്ചുള്ള ഗ്രാംഷിയുടെ ആശയാവലികളാണ് മാഷെ ഏറ്റവുമധികം സ്വാധീനിച്ചത്. സംസ്കാരത്തിന്റെ ഗതിഭേദങ്ങളായിരുന്നു അദ്ദേഹത്തിന്റെ ആലോചനകളുടെ ഗുരുത്വകേന്ദ്രം. ഇറ്റലിയിൽ ഗ്രാംഷി സ്മാരക പ്രഭാഷണത്തിനായി പോയതിനെക്കുറിച്ച് പറഞ്ഞപ്പോൾ, മാഷ് ഗാന്ധിയെക്കുറിച്ചും പറഞ്ഞു. ‘നിസ്സംഗവിപ്ലവത്തിന്റെ മതാത്മകധ്വനികളോടുകൂടിയ സരളസിദ്ധാന്തീകരണം’ എന്ന് ഗ്രാംഷി ഗാന്ധിയുടെ ചിന്തയെക്കുറിച്ചെഴുതിയത് ഞാനോർത്തു. സംസ്കാരത്തിന്റെ സമരമുഖങ്ങളിലൂടെയാണ് ഗാന്ധിയും വലിയൊരളവോളം നടന്നത്. അതുകൊണ്ടുതന്നെയാവണം ഗ്രാംഷിയിൽനിന്ന് ഗാന്ധിയിലേക്കും മാഷിന്റെ ആലോചനകൾ നീങ്ങിയിരുന്നു. സൈദ്ധാന്തികസങ്കൽപ്പനങ്ങൾ മാഷിന്റെ ചരിത്രവിചാരങ്ങളിൽ അമൂർത്തമായി കെട്ടിക്കിടന്നില്ല. ജീവിതത്തിന്റെ മൂർത്ത പ്രയോഗങ്ങളിലേക്ക് അവ തുറന്നുകിടന്നു.
ഇവിടെ ബൗദ്ധികചരിത്രം എന്നതിനെ ആശയങ്ങളുടെ ചരിത്രത്തിൽനിന്ന് നാം വേറിട്ടു മനസ്സിലാക്കേണ്ടതുണ്ട്. ഏതെങ്കിലുമൊരാശയം ചരിത്രത്തിന്റെ പടവുകളിൽ എവിടെയെങ്കിലും ഉദയം ചെയ്ത്, കാലത്തിലൂടെ സഞ്ചരിച്ചെത്തിയതിന്റെ ചരിത്രമാണ് ആശയങ്ങളുടെ ചരിത്രം വിശദീകരിക്കുന്നത്. ആശയങ്ങൾ അവിടെ കേവലമായാണ് പരിഗണിക്കപ്പെടുന്നത്. ബൗദ്ധികചരിത്രം അടിസ്ഥാനപരമായി ഇതിൽനിന്നും വ്യത്യസ്തമായ ഒന്നാണ്. ഒരു ജനസമൂഹം ഏതെങ്കിലുമൊരു സവിശേഷ ആശയത്തെ ഏറ്റെടുത്തതിന്റെയും അത് ആ സമൂഹത്തിന്റെ സ്വരൂപനിർവചനത്തിൽ നിർണായകമായി ഇടപെട്ടതിന്റെയും ചരിത്രത്തിലേക്കാണ് ബൗദ്ധികചരിത്രം ശ്രദ്ധയൂന്നുന്നത്. മഹത്തായ ആശയങ്ങളിൽനിന്നും അതവതരിപ്പിച്ച മഹാചിന്തകരിൽ നിന്നും ബൗദ്ധികാശയങ്ങളുടെ ദൈനംദിനത്വത്തിലേക്കും അതിന്റെ ഭൗതികതയിലേക്കുമുള്ള വഴിമാറ്റം ഇവിടെ കാണാം. ഇത്തരമൊരു ദിശാവ്യതിയാനത്തെ അഭിസംബോധന ചെയ്യാൻ കെൽപ്പുള്ള രീതിശാസ്ത്രപരമായ വ്യത്യസ്തതയും ബൗദ്ധികചരിത്രത്തിനുമുണ്ട്. ബൗദ്ധികചരിത്രത്തിന്റെ ഈ വ്യത്യസ്ത സ്വരൂപത്തെ തിരിച്ചറിഞ്ഞ് ആധുനിക ഇന്ത്യയിലെ സമൂഹരൂപീകരണത്തിൽ അതിനെ പ്രയുക്തമാക്കുകയാണ് പ്രൊഫ. കെ എൻ പണിക്കർ ചെയ്തത്.
സംസ്കാരത്തിന്റെ ഭൗതികതയെക്കുറിച്ചുള്ള ഈ ജാഗ്രതയാണ് വർഗീയതയെക്കുറിച്ചുള്ള നിരന്തരമായ പഠനങ്ങളിലേക്ക് പ്രൊഫ. കെ എൻ പണിക്കരുടെ ആലോചനകളെ വഴിതിരിച്ചുവിട്ടത്. 1990‐കളുടെ തുടക്കംമുതൽ തന്നെ വർഗീയതയും അതുയർത്തുന്ന വെല്ലുവിളികളും അദ്ദേഹത്തിന്റെ ചരിത്രാന്വേഷണത്തിന്റെ കേന്ദ്രത്തിലുണ്ടായിരുന്നു. രാഷ്ട്രീയമായി പരാജയപ്പെട്ടാലും പരാജയപ്പെടുന്ന ഒന്നല്ല വർഗീയത എന്ന തിരിച്ചറിവിലേക്ക് അദ്ദേഹം എത്തിച്ചേർന്നതും സംസ്കാരത്തിന്റെ ഭൗതികതയെക്കുറിച്ചുള്ള തിരിച്ചറിവിൽ നിന്നാണ്. ഒന്നും രണ്ടും യുപിഎ സർക്കാരുകളുടെ കാലത്ത് ആസന്നമായ വർഗീയ ഭീഷണിയെക്കുറിച്ച് ഏറ്റവുമധികം സംസാരിക്കുകയും എഴുതുകയും ചെയ്ത ഒരാളായിരുന്നു അദ്ദേഹം. ആധുനിക ഇന്ത്യയുടെ സാമൂഹ്യാവബോധത്തിൽ വർഗീയത വേരുപിടിച്ചിരിക്കുന്നത് എങ്ങനെയാണെന്ന സൂക്ഷ്മമായ ഉൾക്കാഴ്ച അദ്ദേഹത്തിനുണ്ടായിരുന്നു. സാമൂഹിക യാഥാർഥ്യത്തിന്റെ നിർമിതിയിൽ സംസ്കാരം വഹിക്കുന്ന ഭൗതികവും മൂർത്തവുമായ പങ്കെന്ത് എന്നതിനെ മുൻനിർത്തിയാണ് ഇന്ത്യയുടെ വർഗീയവൽക്കരണത്തെ അദ്ദേഹം പഠനവിധേയമാക്കിയത്. സാംസ്കാരികമായി ഇടപെടുകയല്ല, സംസ്കാരത്തിൽ ഇടപെടുകയാണ് വേണ്ടത് എന്ന് അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരുന്നതും അതിനാലാണ്. അദ്ദേഹത്തിന്റെ നിരന്തരവും ജാഗരൂകവുമായ മുന്നറിയിപ്പുകൾക്ക് വേണ്ടപോലെ ചെവികൊടുക്കാൻ നമ്മുടെ സാമൂഹ്യ‐രാഷ്ട്രീയ പ്രയോഗങ്ങൾക്ക് കഴിഞ്ഞുവെന്ന് തോന്നുന്നില്ല. വർഗീയ ഫാസിസത്തിന്റെ കൊടിയേറി നിൽക്കുന്ന വർത്തമാനകാലം അതിന് നൽകേണ്ടിവരുന്ന വിലയെക്കുറിച്ചുകൂടി നമ്മെ ഓർമിപ്പിക്കുന്നുണ്ട്.

രണ്ട്
കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലറായി ചുമതലയേറ്റതിനുശേഷമാണ് പ്രൊഫ. കെ എൻ പണിക്കരെ ഞാനാദ്യമായി കാണുന്നത്. 2000 ഡിസംബർ മാസത്തിലായിരുന്നു അത്. അതിനും വളരെ മുമ്പേ അദ്ദേഹത്തെക്കുറിച്ച് കേട്ടിരുന്നു. അദ്ദേഹത്തിന്റെ എഴുത്തുകളിലൂടെ കടന്നുപോകാൻ അവസരം ലഭിക്കുകയും ചെയ്തിരുന്നു. എങ്കിലും സർവകലാശാലാ വൈസ് ചാൻസലറായി ചുമതലയേൽക്കുന്നതു വരെ അദ്ദേഹത്തെ നേരിട്ടു കണ്ടിരുന്നില്ല. ആദ്യമായി കാണുമ്പോൾ ഒന്നാം നിലയിലെ ഓഫീസിൽനിന്ന് താഴേക്കുള്ള പടികൾ ഇറങ്ങിവരുകയായിരുന്നു പ്രൊഫ. കെ എൻ പണിക്കർ. വൈസ്ചാൻസലറായി ചുമതലയേറ്റിട്ട് ഏതാനും ദിവസങ്ങൾ കഴിഞ്ഞുകാണണം. മലബാർ കലാപം, ആധുനിക ഇന്ത്യയിലെ ബൗദ്ധികജീവിതത്തെക്കുറിച്ചുള്ള നാനാതരം ആലോചനകൾ, വർഗീയതയുടെ വേരുകളെയും വ്യാപനത്തെയും കുറിച്ചുള്ള മുന്നറിയിപ്പുകൾ... പണിക്കർ മാഷ് അക്കാലത്ത് ഞങ്ങളുടെയെല്ലാം വിചാരജീവിതത്തിന്റെ കേന്ദ്രങ്ങളിലൊന്നായിരുന്നു. അതുകൊണ്ട് ആദ്യമായി കണ്ടപ്പോഴും എനിക്കൊട്ടും അപരിചിതത്വം അനുഭവപ്പെട്ടില്ല. മാഷ് അന്ന് എന്നെ അറിയാനിടയില്ല. അതുപക്ഷേ, അദ്ദേഹത്തിന്റെ മുഖഭാവത്തിലുണ്ടായിരുന്നില്ല. വഴിയൊതുങ്ങി നിന്ന എന്നെ നോക്കി ചെറുതായി പുഞ്ചിരിച്ച് അദ്ദേഹം പടികളിറങ്ങി. പിൽക്കാലത്ത് എഴുതിയ ഓർമക്കുറിപ്പുകളിൽ വളരെയൊന്നും ആകർഷകമല്ലാത്തതെന്ന് അദ്ദേഹം വിശേഷിപ്പിച്ച, നടുത്തളത്തിലെ ശങ്കരപ്രതിമയ്ക്കരികിലൂടെ മാഷ് പുറത്തേക്കു നടക്കുന്നത് ഞാൻ നോക്കിനിന്നു.
പ്രൊഫ. കെ എൻ പണിക്കരുടെ നടപ്പിലും പെരുമാറ്റത്തിലും ആഴമേറിയ ഒരു സ്വാസ്ഥ്യമുണ്ട്. പ്രസന്നമായ മുഖഭാവത്തോടെ, പ്രൗഢവും ശാന്തവുമായാണ് അദ്ദേഹം ക്യാമ്പസിലൂടെ നടന്നിരുന്നത്. കാലുഷ്യം കലർന്ന വാക്കും ക്ഷോഭം നിറഞ്ഞ ശബ്ദവും മാഷിൽ ഞാൻ കണ്ടിട്ടില്ല. വിയോജിപ്പുകളും ഭിന്നാഭിപ്രായങ്ങളും മാഷ് ശാന്തമായാണ് അവതരിപ്പിച്ചത്. എപ്പോഴും അതിനു ചെവികൊടുക്കുകയും ചെയ്തു. ഉറച്ച തീരുമാനങ്ങൾ കൈക്കൊള്ളുമ്പോഴും അതിന്റെ നിർവഹണം ഉദാരവും സ്‌നേഹനിർഭരവുമായിട്ടായിരുന്നു. തന്റെ തീരുമാനം എന്നതിൽനിന്ന് തങ്ങളുടെ തീരുമാനം എന്നതിലേക്കൊരു വഴി മാഷ് എപ്പോഴും തുറന്നിട്ടു. സംസ്കൃത സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും സ്നേഹനിർഭരവും വൈജ്ഞാനികമഹിമ നിറഞ്ഞതുമായ കാലമായി മാഷ് വൈസ് ചാൻസലർ ആയിരുന്ന കാലം മനസ്സിൽ നിറഞ്ഞുനിൽക്കുന്നതും മറ്റൊന്നുംകൊണ്ടല്ല. ക്യാമ്പസിന് പുറത്ത് സാമൂഹ്യ‐രാഷ്‌ട്രീയ ജീവിതത്തിൽ വലിയ കോളുകൾ ഇളകുന്നുണ്ടായിരുന്നു. അതിനിടയിലും അക്കാലം ഹൃദ്യമായിരുന്നു. മറ്റൊരു കാലത്തെക്കുറിച്ച് വേർഡ്സ്വർത്ത് എഴുതിയതിനെ പിൻപറ്റി പറഞ്ഞാൽ, ‘അന്ന് അവിടെയുണ്ടാകാൻ കഴിഞ്ഞതു സുന്ദരമായ ഒരനുഭവമായിരുന്നു; യുവാവായിരിക്കുന്നത് അതിസുന്ദരവും.’ ആ സൗന്ദര്യത്തിന്റെ പ്രഭവം പ്രൊഫ. കെ എൻ പണിക്കർ ആയിരുന്നു.
സർവകലാശാലയെ അടിസ്ഥാനപരമായി ഒരു വൈജ്ഞാനികകേന്ദ്രമായി ഉറപ്പിച്ചുനിർത്താൻ മാഷ് സദാ ജാഗരൂകത പുലർത്തി. സർവകലാശാലയിലെ ഭരണനിർവഹണം വിദ്യാർഥികൾക്കും വിജ്ഞാനപ്രവർത്തനങ്ങൾക്കും പിൻതുണയായാണ് നിൽക്കേണ്ടതെന്ന കാര്യത്തിൽ മാഷിന് സംശയമുണ്ടായില്ല. സർവകലാശാല ഒന്നാമതായും രണ്ടാമതായും വിദ്യാർഥികളുടേതും അവരുടെ വൈജ്ഞാനിക ജീവിതത്തിന്റേതുമാണെന്ന് മാഷ് ഉറപ്പിച്ചെടുത്തു. അക്കാദമിക ജീവിതത്തെ വിഴുങ്ങുന്ന ഭരണനിർവഹണത്തെയും ഉദ്യോഗസ്ഥപ്രമത്തതയെയും മടിയില്ലാതെ പ്രതിരോധിച്ചു. അദ്ദേഹം കൈക്കൊണ്ട ചെറുതും വലുതുമായ ഓരോ തീരുമാനത്തിന്റെയും അടിസ്ഥാനം വിദ്യാർഥികളുടെയും വൈജ്ഞാനികതയുടെയും വികാസമായിരുന്നു.
തീരുമാനങ്ങളിലും അവയുടെ നിർവഹണത്തിലും ജനാധിപത്യത്തെ അടിസ്ഥാനമൂല്യമായി അദ്ദേഹം നിലനിർത്തുകയും ചെയ്തു.
അവസാനമില്ലാത്ത ചടങ്ങുകളുടെയും ഔദ്യോഗികയോഗങ്ങളുടെയും ഉപചാരങ്ങളുടെയും ലോകമാണ് ഏതു സർവകലാശാലയും. ഒരർഥത്തിൽ വൈസ് ചാൻസലർ അതിന്റെ തടവുകാരനാണ്. പണിക്കർ മാഷ് അതിനെ അഴിച്ചുപണിതു. ചടങ്ങുകളെ അവയുടെ ഔപചാരികതലത്തിൽ നിന്നുയർത്തി വൈജ്ഞാനികമായ ആലോചനകളായി വികസിപ്പിക്കാൻ പണിക്കർ മാഷിന് അസാധാരണമായ കഴിവുണ്ടായിരുന്നു. മാഷ് ഒരിടത്തും അർഥശൂന്യമായും ഔപചാരികമായും സംസാരിച്ചില്ല. സർവകലാശാലയുടെ വൈസ് ചാൻസലർ എന്ന നിലയിൽ ഒട്ടേറെ ചടങ്ങുകളിൽ ഒരാൾക്ക് സംസാരിക്കേണ്ടതായി വരും. അനിവാര്യം എന്നു പറയാവുന്ന വിരസതയും അന്തസ്സാരശൂന്യതയും അത്തരം ചടങ്ങുകളുടെ സ്വഭാവമാണ്. മാഷ് അക്കാര്യത്തിൽ വളരെ വ്യത്യസ്തനായിരുന്നു. താൻ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഓരോ സന്ദർഭത്തെയും ആശയസംവാദത്തിന്റെ തലത്തിലേക്ക് മാഷ് ഉയർത്തിക്കൊണ്ടുവന്നു. സൂക്ഷ്മമായ ആലോചനകളും ഒരുക്കവുമില്ലാതെ മാഷ് ഒരിക്കലും സംസാരിക്കാൻ എത്തിയിരുന്നില്ല. കേൾക്കാൻ വരുന്നവരെ മാഷ് എപ്പോഴും മാനിച്ചു. അവരോട് മടികൂടാതെ സംസാരിച്ചു. ഒരധ്യാപകന്റെ ജാഗ്രതയും സൂക്ഷ്മതയും മാഷിന്റെ ഓരോ പ്രഭാഷണത്തിലും ഉണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ കെ എൻ പണിക്കരെ സന്ദർശിച്ചപ്പോൾ
പണിക്കർ മാഷ് വൈസ് ചാൻസലർ ആയിരുന്ന കാലത്ത് അക്കാദമിക് കൗൺസിൽ പോലുള്ള ചില സമിതികളിൽ അധ്യാപകപ്രതിനിധി എന്ന നിലയിൽ അംഗമായിരിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അക്കാദമിക ഗൗരവത്തിന്റെ വലിയ ആവിഷ്കാരങ്ങളായിരുന്നു അവ. ചർച്ചയ്ക്കുള്ള ഓരോ വിഷയത്തെക്കുറിച്ചും ആമുഖമായി മാഷ് ചില കാര്യങ്ങൾ പറയും. പിന്നാലെ അതിലുള്ള അഭിപ്രായങ്ങൾ കേൾക്കും. വൈകാതെ തന്നെ അക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ട് അടുത്ത വിഷയത്തിലേക്ക് നീങ്ങും. ഓരോ വിഷയത്തെയും മാഷ് അവതരിപ്പിക്കുന്നത് അതിന്റെ കാതലിനെ തന്നെ വിശദീകരിച്ചുകൊണ്ടായിരിക്കും. അതുകൊണ്ട് ആ യോഗങ്ങളെല്ലാം വൈജ്ഞാനികമായി വലിയ ഉണർവ് നൽകുന്നവ കൂടിയായി. ആരും വലിയ ശബ്ദകോലാഹലങ്ങൾക്ക് മുതിരുകയോ ഒരു വിഷയം തന്നെ അനന്തമായി നീണ്ടുപോവുകയോ ചെയ്തില്ല. പിൽക്കാലത്ത്, ഒരേ വിഷയത്തെക്കുറിച്ച് എല്ലാവരും ഒരേസമയം സംസാരിക്കുന്നതും വൈസ് ചാൻസലർക്ക് ഒരു നിയന്ത്രണവും വിഷയധാരണയുമില്ലാത്തതുമായ യോഗങ്ങളിൽ പങ്കെടുക്കേണ്ടിവന്നപ്പോൾ മാഷിന്റെ അധ്യക്ഷതയിൽ നടന്ന അക്കാദമികയോഗങ്ങളുടെ മിതത്വവും മഹിമയും ഞാൻ ഓർത്തുകൊണ്ടേയിരുന്നു. അക്കാദമിക് കൗൺസിൽ അംഗങ്ങളായി അദ്ദേഹം ശുപാർശ ചെയ്തത് പ്രൊഫ. ചമ്പകലക്ഷ്മിയെപ്പോലുള്ള വലിയ പണ്ഡിതരെയാണ്. ശങ്കരസ്മൃതി പ്രഭാഷണങ്ങൾക്ക് കപില വാത്സ്യായനെയും റൊമില ഥാപ്പറെയും പോലുള്ളവരെയും. ഉപചാരമായി അവസാനിക്കാവുന്ന ചടങ്ങുകൾ വൈജ്ഞാനികദീപ്തി നിറഞ്ഞവയായി.
സർവകലാശാലയിൽവച്ച് എന്റെ രണ്ടു പുസ്തകങ്ങൾ മാഷ് പ്രകാശനം ചെയ്യുകയുണ്ടായി. ചിത്രകലാസംബന്ധിയായ പഠനങ്ങൾ ഉൾപ്പെടുന്ന ‘കൺവഴികൾ കാഴ്ചവട്ടങ്ങൾ’ എന്നതാണ് ആദ്യത്തേത്. എന്റെ പിഎച്ച്ഡി ഗവേഷണപ്രബന്ധം ‘ദമിതം: ആധുനികതാവാദത്തിന്റെ രാഷ്‌ട്രീയ അബോധം’ എന്ന പേരിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചതാണ് മറ്റൊരു ഗ്രന്ഥം. രണ്ടാമത്തെ പുസ്തകപ്രകാശനത്തിന്റെ സമയത്ത് മാഷ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ചെയർമാനാണ്. രണ്ടു സന്ദർഭങ്ങളിലും മാഷ് വിഷയത്തിനുള്ളിലേക്ക് സൂക്ഷ്മമായി കടന്നു. ദേശീയപ്രസ്ഥാനവും ഇന്ത്യൻ ചിത്രകലയും തമ്മിലുള്ള വിനിമയങ്ങളെക്കുറിച്ച് ‘കൺവഴികളു’ടെ പ്രകാശനവേളയിൽ മാഷ് വിശദമായി പറഞ്ഞു. അതെന്നെ കുറേയേറെ വിസ്മയിപ്പിച്ച ഒന്നായിരുന്നു. ഉന്നതനായ ഒരു കലാചരിത്രകാരന്റെ ഉൾക്കാഴ്ചകൾ ആ പ്രസംഗത്തിലുണ്ടായിരുന്നു. എന്റെ പഠനത്തിൽ ഞാൻ പരിശോധിച്ചിട്ടില്ലാത്ത ചില ഗ്രന്ഥങ്ങളെക്കുറിച്ച് പ്രത്യേകമായി പരാമർശിക്കുകയും അവ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ വിശദീകരിക്കുകയും ചെയ്തു. ‘ദമിത’ത്തിന്റെ പ്രകാശനസന്ദർഭത്തിൽ ആശയവ്യവസ്ഥകളെ മുൻനിർത്തുന്ന ഗവേഷണരീതിയെക്കുറിച്ചാണ് മാഷ് സംസാരിച്ചത്. ഗവേഷണരീതിശാസ്ത്രത്തെക്കുറിച്ചുള്ള ഗഹനമായ ഒരാലോചനയായിരുന്നു ആ പ്രസംഗം.
‘കൺവഴികൾ കാഴ്ചവട്ടങ്ങൾ’ക്ക് മികച്ച കലാനിരൂപണഗ്രന്ഥത്തിനുള്ള കേരള ലളിതകലാ അക്കാദമി അവാർഡ് ലഭിച്ചപ്പോൾ മലയാളവിഭാഗം എനിക്കൊരു ഉപഹാരം നൽകുകയുണ്ടായി. പണിക്കർ മാഷാണ് ആ ഉപഹാരം നൽകിയത്. കലാപഠനത്തെ സംസ്കാരവിചാരത്തിന്റെ ഉപാധിയായി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് മാഷ് അന്ന് സംസാരിച്ചത്. ബംഗാൾ സ്കൂളിനെക്കുറിച്ച് തപ്തി ഗുഹാതാക്കൂർത്തയുടെ പഠനം മാഷ് അന്നെനിക്കു സമ്മാനമായി തരുകയും ചെയ്തു. സർവകലാശാലാ വൈസ് ചാൻസലർ എന്ന നിലയിൽ എന്നെ അഭിനന്ദിച്ചുകൊണ്ട് മാഷ് ഔദ്യോഗികമായി എനിക്കൊരു കത്തു നൽകി. എനിക്കു ലഭിച്ച പുരസ്കാരത്തിൽ സർവകലാശാലയ്ക്കുള്ള സന്തോഷം രേഖപ്പെടുത്തുന്ന കത്തായിരുന്നു അത്. അത് എന്നിലുളവാക്കിയ ആഹ്ലാദവും അഭിമാനബോധവും വളരെ വലുതായിരുന്നു. ഞാനും സർവകലാശാലയുടെ ഭാഗമാണ് എന്ന വലിയൊരംഗീകാരം ആ കത്തെനിക്കു നൽകി. രണ്ടു പതിറ്റാണ്ടിനിപ്പുറത്തും എത്രയും വിലപിടിച്ച ഒന്നായി ആ കത്ത് ഞാൻ സൂക്ഷിക്കുന്നുണ്ട്.
കാലടി സംസ്‌കൃത സർവകലാശാല
സംസ്കൃത സർവകലാശാലയുടെ പ്രാരംഭദശയിലാണ് പണിക്കർ മാഷ് വൈസ് ചാൻസലറായി എത്തിയത്. അവിടെ നടന്നിരുന്ന ചെറുതും വലുതുമായ ഓരോ പ്രവൃത്തിയിലും മാഷിന്റെ ശ്രദ്ധ പതിഞ്ഞിരുന്നു. അക്കാലത്ത് ബുധനാഴ്ച വൈകുന്നേരങ്ങളിൽ പ്രൊഫ. സ്കറിയാ സക്കറിയയുടെ നേതൃത്വത്തിൽ ‘ബുധസംഗമം’ എന്ന അനൗപചാരിക സദസ്സ് ചേരുമായിരുന്നു. ഏതെങ്കിലും ഒരു പ്രമേയത്തെക്കുറിച്ചുള്ള സംവാദമോ സംഭാഷണമോ ആയാണ് അത് അരങ്ങേറിയിരുന്നത്. സർവകലാശാലാ സമൂഹത്തിന്റെ സാഹോദര്യഭാവനയുടെ വേദിയായിരുന്നു അത്. അധ്യാപകരും ഗവേഷകരും വിദ്യാർഥികളുമെല്ലാം ഒത്തുകൂടുന്ന അനൗപചാരികവേദി. പലപ്പോഴും പണിക്കർ മാഷും അതിൽ പങ്കെടുക്കാനെത്തും. പിൻനിരയിൽ ഒരു കേൾവിക്കാരനായി പങ്കുചേരും. ചില ദിവസങ്ങളിൽ ചർച്ചയിൽ ഇടപെട്ടു സംസാരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ചരിത്രപണ്ഡിതരിലൊരാൾ വിദ്യാർഥികൾക്കൊപ്പം സദസ്സിൽ നിശ്ശബ്ദനായ കേൾവിക്കാരിലൊരാളായി ഇരിക്കുന്നത് ഞങ്ങൾ കുറച്ചൊരു വിസ്മയത്തോടെയാണ് കണ്ടിരുന്നത്. ഓരോ വിദ്യാർഥിയുടെയും അഭിപ്രായങ്ങളെ മാഷ് ശ്രദ്ധയോടെ കേട്ടു. അറിവും അധികാരവും ഒരാളെയും മറ്റൊരാൾക്കു മുകളിലാക്കുന്നില്ല എന്ന് മാഷ് നിശ്ശബ്ദമായി പറയുന്നുണ്ടായിരുന്നു.
സംസ്കൃത സർവകലാശാലയുടെ അക്കാദമിക നവീകരണത്തിന് അസ്തിവാരം ചമച്ചതിൽ മാഷിന്റെ പങ്ക് വളരെ വലുതായിരുന്നു. മാഷ് വിസിയായി എത്തുന്നതിനു മുമ്പ് പ്രൊഫ. എൻ പി ഉണ്ണിയും പ്രൊഫ. എൻ വി പി ഉണിത്തിരിയും ഡോ. കെ ജി പൗലോസും ഉൾപ്പെടുന്ന നേതൃത്വം സർവകലാശാലയെ കരകയറ്റാനുള്ള ശ്രമങ്ങൾക്ക് അർഥവത്തായ തുടക്കം കുറിച്ചിരുന്നു. അതിനു മുമ്പുള്ള വൈസ് ചാൻസലർ നിയമിച്ച മുഴുവൻ പേരെയും ഹൈക്കോടതി പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ വലിയ അവ്യവസ്ഥയിൽനിന്ന് സർവകലാശാലയെ പുറത്തുകൊണ്ടുവന്നത് അവരാണ്. മാഷ് വിസിയായി ചുമതലയേറ്റതിനു തൊട്ടുപിന്നാലെ അന്തർവൈജ്ഞാനികമായ ചോയ്സ് ബേയ്സസ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ (CBCS)സംവിധാനത്തിലേക്ക് സർവകലാശാലയിലെ അക്കാദമികപ്രവർത്തനങ്ങൾ പുനഃക്രമീകരിക്കാനുള്ള ശ്രമം തുടങ്ങി. 2001‐2002 അക്കാദമിക വർഷത്തിലാണ് അതു നടപ്പിലാക്കിത്തുടങ്ങിയത്. പരമ്പരാഗതമായ കോഴ്സ് നടത്തിപ്പിന്റെ ഇടുങ്ങിയ ചട്ടക്കൂടുകളിൽ നിന്നുള്ള വലിയൊരു വഴിമാറലായിരുന്നു അത്. വിദ്യാർഥികളെയും അധ്യാപകരെയും അക്കാദമികമായ തുറസ്സിലേക്ക് അത് കൊണ്ടുപോയി. വിഷയാതിർത്തികൾക്കു കുറുകെ നീങ്ങുന്ന പ്രോഗ്രാമുകളും കോഴ്സുകളും നിലവിൽ വന്നു. രണ്ടു പതിറ്റാണ്ടിനു മുമ്പ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് തീർത്തും അപരിചിതമായ ഒരാശയമായിരുന്നു അത്. സംസ്കൃത സർവകലാശാലയാകട്ടെ ഭാഷാ‐മാനവിക വിഷയങ്ങളെയും സാമൂഹ്യശാസ്ത്ര കോഴ്സുകളെയും മുൻനിർത്തി സംവിധാനം ചെയ്യപ്പെട്ട സ്ഥാപനവും. പാരമ്പര്യത്തിന്റെയും യാഥാസ്ഥിതികത്വത്തിന്റെയും പിടിമുറുക്കം സർവകലാശാലയുടെ പല തലങ്ങളിലും പ്രബലമായിരുന്നു.
ഒരുവിഭാഗം അധ്യാപകർ പുതിയ ക്രമീകരണത്തോട് വിമുഖരായിരുന്നു. സംസ്കൃത സർവകലാശാലയുടെ പരിമിതമായ പശ്ചാത്തലസൗകര്യങ്ങൾ പുതിയ സംവിധാനത്തിന്റെ ഫലപ്രദമായ നിർവഹണത്തിന് പ്രായോഗികമായ പല തടസ്സങ്ങളും സൃഷ്ടിച്ചിരുന്നു. സിൻഡിക്കറ്റ് ഉൾപ്പെടെയുള്ള ഭരണസംവിധാനങ്ങളിലെ ചില അംഗങ്ങൾക്കും ഒരുവിഭാഗം അധ്യാപക‐അനധ്യാപകർക്കും മാഷിനോട് വിപ്രതിപത്തികളുണ്ടായിരുന്നു. നിർണായകമായ ഒരു അക്കാദമിക പരിവർത്തനത്തെ എല്ലാ നിലയിലും തടസ്സപ്പെടുത്താനോ നിരുത്സാഹപ്പെടുത്താനോ പോന്നതായിരുന്നു അന്നത്തെ അന്തരീക്ഷം.
മാഷ് പക്ഷേ, അൽപ്പംപോലും ക്ഷീണിതനായില്ല. ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സംവിധാനത്തിന്റെ ഓരോ പടവുകളും മാഷ് സ്വന്തം മേൽനോട്ടത്തിൽ പടിപടിയായി ആസൂത്രണം ചെയ്തു. അതേക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരായി അന്ന് സർവകലാശാലയിൽ ചുരുക്കം പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിനും ഇന്ത്യയ്ക്കും പുറത്തെ സർവകലാശാലാ ജീവിതവുമായി പരിചയവും ബന്ധവുമുള്ള ചുരുക്കം അധ്യാപകർ മാത്രം. അക്കാദമിക പുനഃസംഘാടനത്തിന്റെ ഓരോ ഘട്ടത്തിനും മാഷ് സ്വന്തം നിലയിൽ മുൻനിന്ന് അതിന് നേതൃത്വം നൽകി. അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാർഥികളുടെയും യോഗങ്ങൾ പ്രത്യേകമായി വിളിച്ചുചേർത്തു. ഓരോ വിഭാഗത്തോടും പുതിയ ക്രമീകരണത്തിന്റെ അക്കാദമികവും സാങ്കേതികവുമായ ഉള്ളടക്കം വിശദീകരിച്ചു. അഡ്മിഷൻ മുതൽ പരീക്ഷാ നടത്തിപ്പ് വരെയുള്ള കാര്യങ്ങളുടെ ക്രമീകരണങ്ങൾ സ്വന്തം നിലയിൽതന്നെ തയ്യാറാക്കി. മാഷ് ചുമതലയേറ്റതിന്റെ തൊട്ടടുത്ത വർഷംതന്നെ സർവകലാശാലയുടെ അലകും പിടിയും പുതുക്കിപ്പണിയാൻപോന്ന പുതിയ അക്കാദമിക ക്രമീകരണം പ്രവർത്തനസജ്ജമായി. സമഗ്രവും ഊർജദായകവുമായ അഴിച്ചുപണിയലും അക്കാദമിക നവീകരണവുമായിരുന്നു അത്. പിൽക്കാലത്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയിലാകെ ചോയ്സ് ബേയ്സ്ഡ് ക്രഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം നിലവിൽ വന്നപ്പോഴേക്കും സംസ്കൃത സർവകലാശാല ആ വഴിയിൽ ഏഴെട്ടുവർഷങ്ങൾ പിന്നിട്ടുകഴിഞ്ഞിരുന്നു!
കെ എൻ പണിക്കർ
സമുന്നതരായ അക്കാദമിക പണ്ഡിതർ മികച്ച ഭരണാധികാരികളാകില്ല എന്നതാണ് കാലങ്ങളായി നിലനിൽക്കുന്ന പൊതുവായ ധാരണ. പണിക്കർ മാഷ് അതിനപവാദമായിരുന്നു. അക്കാദമികജ്ഞാനവും ഭരണപാടവവും അത്രമേൽ അനായാസമായി, മാഷിൽ ഒത്തിണങ്ങിനിന്നു. അക്കാലത്ത് സർവകലാശാലയിൽ പുതിയ ക്രമീകരണത്തെക്കുറിച്ച് ധാരാളം ചർച്ചകളും ശിൽപ്പശാലകളും മറ്റും നടക്കുമായിരുന്നു. അന്തർവൈജ്ഞാനികത പോലുള്ള രീതിശാസ്ത്രസമീപനങ്ങൾ മുതൽ പരീക്ഷാനടത്തിപ്പിനും മറ്റുമായി കോഴ്സ് കോഡുകൾ ക്രമപ്പെടുത്തേണ്ടതെങ്ങനെയെന്ന സാങ്കേതികകാര്യങ്ങൾ വരെ ആ ചർച്ചകളിൽ പണിക്കർ മാഷ് വിശദീകരിച്ചു. സൈദ്ധാന്തികവിചാരങ്ങളിലെന്നപോലെ പ്രായോഗിക കാര്യങ്ങളിലും സാങ്കേതിക ക്രമീകരണങ്ങളിലും ഒരുപോലെ ശ്രദ്ധയർപ്പിച്ച്, വലിയ ഒരു നവീകരണദൗത്യത്തെ മാഷ് മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. സർവകലാശാലയിലെ അധ്യാപകരും വിദ്യാർഥികളും ജീവനക്കാരുമെല്ലാം അതിൽ മാഷിനൊപ്പം കൂടി.
സർവകലാശാലയിൽ മാഷിന്റെ മറ്റൊരു വലിയ ഇടപെടൽ നടന്നത് ലൈബ്രറി നവീകരണത്തിന്റെ കാര്യത്തിലാണ്. ലൈബ്രറിയിലെ പർച്ചേസിങ് രീതിയിൽ മാഷ് മാറ്റങ്ങൾ വരുത്തി. ഇന്ത്യയിലെയും ലോകത്തിലെയും പ്രമുഖരായ അക്കാദമിക പ്രസാധനശാലകളിൽനിന്ന് പുസ്തകങ്ങൾ അപ്പപ്പോൾ നേരിട്ടുവാങ്ങുന്ന സമ്പ്രദായം തുടങ്ങി. അതൊടെ കാലതാമസമില്ലാതെ മികച്ച പുസ്തകങ്ങൾ സർവകലാശാലയിൽ എത്തി. റഫറൻസ് വിഭാഗം പ്രബലമായി. നൂറോളം ജേണലുകളുമായി ജേണൽ വിഭാഗം അക്കാലത്ത് അത്യന്തം മികവുറ്റതായി. ജേണലുകൾ വാങ്ങുന്നതിന് മാത്രമായി ലക്ഷക്കണക്കിന് രൂപ നീക്കിവച്ചു. ഏതു സർവകലാശാലയുടെയും കേന്ദ്രം അതിന്റെ വൈജ്ഞാനികതയാണെന്നറിയാവുന്ന ഒരു വിസിയുടെ നിതാന്തസാന്നിധ്യം കൊണ്ട് സർവകലാശാലാ ലൈബ്രറി ദിനംപ്രതി വളരുകയായിരുന്നു. മാഷ് മിക്കപ്പോഴും ലൈബ്രറിയിലെത്തിയിരുന്നു. ജീവനക്കാരെയും വിദ്യാർഥികളെയും അദ്ദേഹം സ്നേഹപൂർവം അഭിമുഖീകരിച്ചു.
പണിക്കർ മാഷിനൊപ്പം കുറെയൊക്കെ ഇടപഴകാൻ കഴിഞ്ഞു എന്നത് സംസ്കൃത സർവകലാശാലാജീവിതം എനിക്കു നൽകിയ സൗഭാഗ്യങ്ങളിലൊന്നാണ്. മാഷ് വൈസ് ചാൻസലറായി എത്തിയതിനു തൊട്ടുപിന്നാലെയുള്ള വർഷം സർവകലാശാലയിലെ അധ്യാപക സംഘടനയുടെ (ASSUT) സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് ഡോ. പി പവിത്രനാണ്. തൊട്ടുപിന്നാലെയുള്ള വർഷം ഞാനും. മാഷിന്റെ അക്കാദമികമായ നവീകരണശ്രമങ്ങളെ പിൻതുണയ്ക്കുക എന്ന താൽപ്പര്യം കൂടി അതിനു പിന്നിലുണ്ടായിരുന്നു. ആ രണ്ടു വർഷങ്ങളിലെന്ന പോലെ മാഷ് വിസിയുടെ കാലാവധി പൂർത്തിയാക്കി മടങ്ങുന്നതുവരെയും ഞങ്ങളെല്ലാവരും മാഷിനോട് അടുത്ത ബന്ധം പുലർത്തിയിരുന്നു. പുതിയ തലമുറയിലെ അധ്യാപകരോട് പിതൃതുല്യമായ സ്നേഹവാത്സല്യമാണ് മാഷ് പുലർത്തിയിരുന്നത്. എന്റെ ലേഖനങ്ങൾ വാരികകളിലും മറ്റും വരുമ്പോൾ മാഷ് പലപ്പോഴും ശ്രദ്ധാപൂർവം വായിച്ച് അഭിപ്രായങ്ങൾ പറയുമായിരുന്നു. കാൽനൂറ്റാണ്ട് തികയുന്ന സർവകലാശാലാ ജീവിതത്തിനിടയിൽ അങ്ങനെ മറ്റൊരനുഭവം ഉണ്ടായിട്ടില്ല!
മാഷ് വിസിയായിരിക്കുന്ന കാലത്ത് മൂന്നോ നാലോ തവണ അദ്ദേഹവുമായി അഭിമുഖ സംഭാഷണങ്ങൾ നടത്തേണ്ടിവന്നു. ഒരുതവണ ടെലിവിഷൻ ചാനലിനുവേണ്ടിയും ബാക്കി സന്ദർഭങ്ങളിൽ അച്ചടിമാധ്യമങ്ങൾക്കുവേണ്ടിയും. നവീനമായ ആശയങ്ങളുടെ പ്രവാഹവേദികളായിരുന്നു ഓരോ സംഭാഷണവും. ഓരോ ഇന്റർവ്യൂവിനും മാഷ് നൽകുന്ന ഗൗരമേറിയ പരിഗണനയിൽ എനിക്ക് കുറച്ചൊരു വിസ്മയം തോന്നിയിട്ടുണ്ട്. എത്രയോ മുഖാമുഖങ്ങൾ പിന്നിട്ട ഒരാളാണെങ്കിലും അവയോരോന്നിനെയും അദ്ദേഹം വലിയ പ്രാധാന്യത്തോടെ പരിഗണിച്ചു. അലസമായ ഒരു വാക്കും മാഷ് പറയുമായിരുന്നില്ല. ഉദാസീനമായോ ഉത്തരവാദിത്വരഹിതമായോ ഒരു സംഭാഷണത്തിലും അദ്ദേഹം പങ്കുചേർന്നിരുന്നില്ല. വിമർശിക്കുമ്പോൾ പലരും ഉപയോഗിച്ചിരുന്ന ശകാരപദങ്ങൾ മാഷ് അഭിമുഖങ്ങളിൽ ഒരിക്കലും ആവർത്തിച്ചിരുന്നില്ല. അവരുടെ ആശയങ്ങളോട് കഠിനമായി വിയോജിച്ചപ്പോഴും വ്യക്തിവിദ്വേഷത്തിലേക്ക് അദ്ദേഹത്തിന്റെ വാക്കുകൾ വഴുതിയില്ല. തന്റെ ഓരോ വാക്കും, താൻ പറയുന്ന ഓരോ ആശയവും കൃത്യവും സുതാര്യവുമായിരിക്കണം എന്നതിൽ അദ്ദേഹം ജാഗ്രത പുലർത്തി.
കാലടിയിൽ വിസിയായിരിക്കുന്ന സമയത്താണ് മാഷിന്റെ മലബാർ കലാപപഠനത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിക്കുന്നത്. ഞങ്ങളുടെ സർവകലാശാലയിലെ തത്വശാസ്ത്രവിഭാഗം അധ്യാപകനായ എ ബി കോശിയാണ് ആ ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. മാഷിന്റെ ഗവേഷണപ്രബന്ധമാണ് ആ ഗ്രന്ഥം. ലോകപ്രശസ്തമായ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ്സ് ആണ് ഇംഗ്ലീഷിൽ അത് പ്രസിദ്ധീകരിച്ചത്. മലയാളവിവർത്തനത്തിന്റെ കരട് ഭാഷാപരമായ പരിശോധനയ്ക്കുവേണ്ടി വായിച്ചുനോക്കാൻ മാഷ് എന്നോടും ആവശ്യപ്പെട്ടു. എന്നെ സംബന്ധിച്ച് അതൊരു വലിയ അംഗീകാരമായിരുന്നു. പ്രമുഖ ചരിത്രകാരനായ എം ആർ രാഘവവാര്യരും ആ വിവർത്തനത്തിന്റെ ഭാഷാപരിശോധന നടത്തുന്നുണ്ടായിരുന്നു. മാഷിന്റെ പുസ്തകം കമ്പോടുകമ്പ് വായിക്കാനും മൂലപാഠവുമായി ഒത്തുനോക്കാനും എനിക്ക് അത് അവസരം തന്നു. ചില അഭിപ്രായങ്ങളും തിരുത്തലുകളും ഞാൻ മാഷിനോടു പറയുകയും ചെയ്തു. എനിക്കതൊരു വലിയ പരിശീലനം കൂടിയായിരുന്നു. ഒരു ഗവേഷണപ്രബന്ധത്തിന്റെ ഘടനയും സമീപനവും അടുത്തുനിന്നു നോക്കാൻ അത് വഴിതുറന്നു തന്നു. പുസ്തകത്തിന്റെ മലയാളവിവർത്തനം പുറത്തുവന്നപ്പോൾ മാഷ് കയ്യൊപ്പോടെ ഒരു കോപ്പി സ്‌നേഹപൂർവം എനിക്കു തന്നു. വീട്ടിലെത്തി വായിച്ചുതുടങ്ങിയപ്പോഴാണ് ആമുഖത്തിൽ മാഷ് എന്റെ പേരും പരാമർശിച്ചതായി കണ്ടത്. ചുറ്റുമുള്ളവരെയും അവരുടെ ചെറിയ ചെറിയ പ്രവൃത്തികളെയും വില വയ്ക്കുന്നതിലാണ് മനുഷ്യമഹിമ കുടികൊള്ളുന്നതെന്ന് അതെന്നെ ബോധ്യപ്പെടുത്തി.
കാലടി സംസ്‌കൃത സർവകലാശാല ലൈബ്രറി
ഡൽഹിയിൽ ആദ്യമായി ഒരു വലിയ സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാൻ ഞാൻ പോയത് മാഷിന്റെ നിർദേശം അനുസരിച്ചാണ്. 2006‐ലോ മറ്റോ ആവണം. മാഷിന്റെ വിസി കാലാവധി കഴിഞ്ഞിരുന്നു. മാഷ് അന്ന് ഡൽഹിയിലെ ‘ജനസംസ്കൃതി’ എന്ന സംഘടനയുടെ അധ്യക്ഷനാണ്. ‘ജനസംസ്കൃതി’യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒരു സെമിനാറിൽ കേരളീയ നവോത്ഥാനത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കണമെന്നാണ് മാഷ് ആവശ്യപ്പെട്ടത്. പ്രകാശ് കാരാട്ടാണ് ആ സെമിനാർ ഉദ്ഘാടനം ചെയ്തത്. സി പി ചന്ദ്രശേഖർ, ജയതിഘോഷ്, കെ എൻ ഗണേശ് തുടങ്ങിയ മുതിർന്ന പണ്ഡിതർ ആ സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിരുന്നു. അത് വലിയൊരു പരിശീലനമായി മാറി. എന്റെ പ്രബന്ധം ശ്രദ്ധാപൂർവം കേട്ടതിനുശേഷം അതിൽ വരുത്തേണ്ട തിരുത്തലുകളെക്കുറിച്ചും പുതുതായി നോക്കേണ്ട പഠനങ്ങളെക്കുറിച്ചുമെല്ലാം മാഷ് പറഞ്ഞു.
ഹൈന്ദവ വർഗീയവാദികളുടെ കടുത്ത ആക്രമണങ്ങൾ മാഷിനെതിരെ ഉയരുന്ന കാലമായിരുന്നു അത്. ഹിന്ദുത്വത്തിന്റെ ആശയാവലികൾക്കെതിരെ മാഷ് ഉയർത്തിയ നിശിതമായ വിമർശനങ്ങൾ അവരെ ക്ഷുഭിതരാക്കിയിരുന്നു. ബാബ്റി പള്ളി തകർക്കലിനും ഗുജറാത്ത് വംശഹത്യയ്ക്കും ശേഷം ഇന്ത്യയിലുയർന്നുവന്ന മതനിരപേക്ഷമായ പ്രതിരോധത്തിന്റെ കേന്ദ്രങ്ങളിലൊന്നായിരുന്നു പ്രൊഫ. കെ എൻ പണിക്കർ. സ്വാഭാവികമായും ഹൈന്ദവവർഗീയവാദികളുടെ കൊടിയ ശത്രുതയുടെ ഇരയായി അദ്ദേഹം മാറി. അന്ന് മാനവവിഭവശേഷി മന്ത്രിയായിരുന്ന മുരളിമനോഹർ ജോഷി മുതൽ ആർഎസ്എസിന്റെ പ്രാദേശിക നേതാക്കൾ വരെ മാഷിനെതിരെ രംഗത്തുവന്നു. അധിക്ഷേപങ്ങൾമുതൽ സർവകലാശാലാഭരണം സ്തംഭിപ്പിക്കാനുള്ള ശ്രമങ്ങൾവരെ നിരന്തരം അരങ്ങേറി. മാഷ് വിസിയായി അധികം വൈകാതെയാണ് സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായത്. പുതിയതായി അധികാരമേറ്റ യുഡിഎഫ് മന്ത്രിസഭ നിലവിലുള്ള സിൻഡിക്കറ്റ് പിരിച്ചുവിട്ട് തങ്ങളുടെ ഭരണസമിതിയെ നിയോഗിച്ചു. സർവകലാശാലാ ഭരണം സ്തംഭിപ്പിച്ച് മാഷിനെ നിർവീര്യമാക്കാനായിരുന്നു അവരുടെ ശ്രമം. നിയമക്കുരുക്കുകളിലൂടെ മാഷിനെ പുറത്താക്കാനും ശ്രമം നടന്നു.
അചഞ്ചലമായ ആത്മവിശ്വാസത്തോടെ മാഷ് നടത്തിയ ചെറുത്തിനിൽപ്പ് ഞങ്ങളിൽ ആദരവും അത്ഭുതവുമുളവാക്കിയ ഒന്നാണ്. വലിയ നേതാക്കളുടെ ഹീനമായ പ്രയോഗങ്ങളോട് മാഷ് സുദൃഢമായും ശാന്തമായുമാണ് പ്രതികരിച്ചത്. അവരുടെ ഭാഷയിലെ അഴുക്ക് ആ കാലത്തിന്റെ കൂടി അടയാളമാണെന്ന് മാഷ് അവരെത്തന്നെ ഓർമിപ്പിച്ചു. അതികഠിനമായ ആത്മസംഘർഷങ്ങൾ അക്കാലത്ത് മാഷ് അനുഭവിച്ചിരിക്കണം. പക്ഷേ, അതിന്റെ അടയാളങ്ങൾ ഒന്നുമില്ലാതെ, പ്രസന്നവും ഉദാരവും ശാന്തവുമായി മാഷ് ആ കലുഷകാലത്തെ മറികടന്നു. ശത്രുക്കളോട് അവരുടെ യുക്തിയിലും നിലവാരത്തിലുമല്ല പ്രതികരിക്കേണ്ടത് എന്നത് മാഷ് പഠിപ്പിച്ച വലിയ പാഠമായിരുന്നു. അവരൊഴുക്കുന്ന അഴുക്കിലേക്ക് അദ്ദേഹം വഴുതിവീണില്ല. തന്റെ ബോധ്യങ്ങളുടെ സുദൃഢത മാഷിന്റെ പ്രതികരണങ്ങളെ എപ്പോഴും വേറിട്ടുനിർത്തി.
2004‐ലെ പൊതുതെരഞ്ഞെടുപ്പിൽ ഹിന്ദുത്വശക്തികൾ പരാജയപ്പെട്ടു. വാജ്പേയ് മന്ത്രിസഭ രാജിവയ്ക്കുകയും ഒന്നാം യുപിഎ ഗവൺമെന്റ് നിലവിൽ വരുകയും ചെയ്തു. പിന്നാലെ 2009‐ലും അതാവർത്തിച്ചു. അപ്പോഴൊക്കെയും അതിനെ ഹിന്ദുത്വത്തിന്റെ പരാജയമായി കാണരുതെന്ന് മാഷ് പറഞ്ഞുകൊണ്ടിരുന്നു. ആധുനിക ഇന്ത്യയുടെ ദേശീയഭാവനയിൽ ആഴത്തിൽ വേരുകളുള്ളതാണ് ഹൈന്ദവവർഗീയത എന്നദ്ദേഹം നിരന്തരം പറയുമായിരുന്നു. സംസ്കാരവും ചരിത്രവുമാണ് അതിന്റെ മൂലധനം. തെരഞ്ഞെടുപ്പുപരാജയങ്ങൾ അതിനെ ഇല്ലാതാക്കില്ലെന്ന് മാഷ് ഓർമപ്പെടുത്തി. മതനിരപേക്ഷതയുടെ സമരമുഖങ്ങളിൽ ഉദാസീനത പാടില്ലെന്ന് രാഷ്‌ട്രീയനേതൃത്വത്തോടും പൊതുസമൂഹത്തോടും നിരന്തരം പറഞ്ഞു. മാഷ് അന്ന് നൽകിയ താക്കീതുകളുടെയും ഓർമപ്പെടുത്തലുകളുടെയും വിലയെന്തായിരുന്നുവെന്ന് പിൽക്കാലം നന്നായി വെളിപ്പെടുത്തി. സംസ്കാരത്തെ അവഗണിക്കുന്നതിന് വലിയ വില നൽകേണ്ടിവരുമെന്നാണ് പണിക്കർ മാഷ് അക്കാലത്ത് പറഞ്ഞുകൊണ്ടേയിരുന്നത്. ചരിത്രപരിണാമങ്ങളുടെ ഗതിഭേദങ്ങളെ ആഴത്തിൽ തിരിച്ചറിഞ്ഞ സാമൂഹ്യവിവേകത്തിന്റെ മുന്നറിയിപ്പുകളായിരുന്നു അത്.
ഒരർഥത്തിൽ, മതനിരപേക്ഷതയ്ക്കായുള്ള ധൈഷണികപ്രതിരോധത്തിന്റെ പ്രതീകമാണ് പ്രൊഫ. കെ എൻ പണിക്കർ. ഡൽഹിയിലെ ജനസംസ്കൃതിയുടെയും സഹ്മത്തിന്റെയും ചരിത്രഗവേഷണ കൗൺസിലിന്റെയും പ്രവർത്തനങ്ങൾ മുതൽ ഗുജറാത്ത് സന്ദർശനവും ഇന്ത്യയിലും കേരളത്തിലും നിരന്തരം സഞ്ചരിച്ചുകൊണ്ട് നടത്തിയ പ്രഭാഷണങ്ങളിലും വരെ മാഷ് മതനിരപേക്ഷതയുടെ പോരാളിയായി നിലകൊണ്ടു. തന്റെ കാലം നേരിടുന്ന ഏറ്റവും വലിയ വിപത്തിനെതിരായ പ്രതിരോധമായി സ്വന്തം വൈജ്ഞാനികജീവിതത്തെ മാറ്റി. താരതമ്യേന ഭദ്രമെന്ന് ഏവരും കരുതിയ ഒരു കാലഘട്ടത്തിലും വരാനിരിക്കുന്ന വിപത്കാലത്തെ മാഷ് മുൻകൂട്ടി കണ്ടത് അങ്ങനെയാണ്. ചരിത്രബോധം നൽകിയ വലിയ തിരിച്ചറിവുകളെ ഭാവിയിലേക്ക് പ്രക്ഷേപിച്ച കാഴ്ചകളായിരുന്നു മാഷിന്റേത്.
തിരിഞ്ഞുനോക്കുമ്പോൾ സംവാദാത്മകതയായിരുന്നു മാഷിന്റെ ഏറ്റവും വലിയ മൂല്യം എന്നു തോന്നുന്നു. അടിയുറച്ച സാമൂഹ്യബോധ്യങ്ങളും സമുന്നതമായ വൈജ്ഞാനികബലവും സുദൃഢമായ ഭരണമികവും അദ്ദേഹത്തിനുണ്ടായിരുന്നു. അവയിൽ വേരാഴ്ത്തിനിന്നുകൊണ്ടു തന്നെ എല്ലാവരോടും സംവദിച്ചു. രാഷ്‌ട്രീയമായി എതിർനിലയിലുള്ളവരോട് അവരുടെ വേദിയിൽ ചെന്ന് സംവദിക്കാനും മാഷ് സന്നദ്ധനായി. തന്റെ ബോധ്യങ്ങളിലുള്ള അടിയുറപ്പാണ് അദ്ദേഹത്തെ എപ്പോഴും സംവാദസന്നദ്ധനാക്കിയത്. ക്ഷോഭിക്കാനും തർക്കിക്കാനും അപഹസിക്കാനും അപവദിക്കാനും മുതിരാതെ തന്റെ വീക്ഷണങ്ങൾ ആരോടും വിശദീകരിച്ചു. നമ്മുടെ കാലം ആവശ്യപ്പെടുന്ന വലിയൊരു മൂല്യം അത്തരം സംവാദസന്നദ്ധതയാണെന്ന് ഇപ്പോൾ വ്യക്തമാണ്.
സർവകലാശാലയിൽനിന്ന് മാഷ് വിടവാങ്ങുന്ന ദിവസം അദ്ദേഹത്തിന്റെ ഓഫീസിൽ കാണാൻ ചെന്നിരുന്നു. കുറച്ചുനേരം ഞാൻ ഓഫീസ് മുറിയിലെ സോഫയിലിരുന്നു. ധാരാളം പേർ അതിനിടയിൽ മാഷിനെ കണ്ട് ആശംസകൾ അറിയിച്ചു മടങ്ങുന്നുണ്ടായിരുന്നു. സർവകലാശാലയിലെ മിക്കവാറും പേർ അന്ന് മാഷിനെ കാണാനെത്തിയിരിക്കണം. വിദ്വേഷവും പരസ്പരവിരോധവും ഏറിനിന്ന ഒരു ക്യാമ്പസിനെ സ്നേഹത്താൽ മാഷ് കൂട്ടിയിണക്കിയിരുന്നു. മനുഷ്യർക്കിടയിൽ പണിത പാലം പോലെയായിരുന്നു മാഷ്. തന്റെ രാഷ്ട്രീയ എതിരാളികളുടെ കൂടി ആദരവേറ്റുവാങ്ങി, സൗമ്യവും ശാന്തവുമായി, അവിടെനിന്നും അടുത്ത പടവിലേക്ക് യാത്രയായി. അത്രമേൽ ഹൃദ്യമായി, അത്രമേൽ സ്നേഹനിർഭരമായി ഒരു വൈസ് ചാൻസലറെയും സംസ്കൃത സർവകലാശാല യാത്രയാക്കിയിട്ടില്ല.
വൈസ് ചാൻസലർ സ്ഥാനമൊഴിഞ്ഞ് മാഷ് തിരുവനന്തപുരത്തേക്ക് പോയതോടെ അദ്ദേഹവുമായുള്ള നിരന്തരസമ്പർക്കം കുറഞ്ഞു. കെസിഎച്ച്ആറിന്റെയും ഉന്നതവിദ്യാഭ്യാസകൗൺസിലിന്റെയും ചെയർമാൻ എന്ന നിലയിൽ മാഷിന്റെ പ്രവർത്തനങ്ങൾ കൂടുതൽ തിരക്കുപിടിച്ചതായിത്തീർന്നു. തിരുവനന്തപുരത്തു പോകുമ്പോൾ ചിലപ്പോഴൊക്കെ മാഷെ ചെന്നുകണ്ടു. പിന്നെപ്പിന്നെ അത്തരം കൂടിക്കാഴ്ചകൾ കുറഞ്ഞു. കുറെക്കഴിഞ്ഞ് മാഷ് ബാംഗ്ലൂരിലേക്ക് താമസം മാറി. രോഗവും ശാരീരികക്ഷീണവും മാഷിനെയും ബാധിച്ചിരുന്നു. അതിന്റെ പ്രയാസങ്ങൾക്കിടയിലും മാഷ് ജാഗരൂകമായി തന്നെ തുടരുന്നു. ഏറ്റവുമൊടുവിൽ ഫോണിൽ സംസാരിക്കുമ്പോൾ ഹൈന്ദവവർഗീയതക്കെതിരെ എഴുതാനിരിക്കുന്ന അന്തിമ ഗ്രന്ഥത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ആ പുസ്തകം പൂർത്തിയാക്കാൻ മാഷിന് കഴിഞ്ഞില്ല. അപ്പോഴേക്കും അദ്ദേഹം ചരിത്രത്തിൽനിന്ന് കാലത്തിലേക്കുള്ള യാത്ര ആരംഭിച്ചിരുന്നു .










0 comments