രേഖാമൂലം
‘അന്തരിച്ച' ഗാന്ധിജിയും നിരോധിക്കപ്പെട്ട ആർഎസ്എസും

‘ഗാന്ധിജി അന്തരിച്ചു’ എന്ന തലക്കെട്ടുമായി ഇറങ്ങിയ ആർഎസ്‌എസ് മുഖപത്രം ഓർഗനൈസർ

ശ്രീകുമാർ ശേഖർ
Published on Feb 14, 2026, 11:31 AM | 3 min read
മഹാത്മാഗാന്ധി ഓട്ടോറിക്ഷ ഇടിച്ച് മരിച്ചതാണെന്ന് പഠിപ്പിക്കുന്ന കാലംവരും എന്നത് തമാശയാകാം. പക്ഷേ, ഗാന്ധിജിയെ ഒരു ഹിന്ദുഭീകരൻ വെടിവെച്ചുകൊന്നപ്പോൾ മരണത്തിനു കർത്താവില്ലാതെ ആ വാർത്ത കൊടുത്ത ഒരു പ്രസിദ്ധീകരണം ഉണ്ടായിരുന്നു. ആർഎസ്‌എസ് മുഖപത്രമായ ഓർഗനൈസർ വാരിക. ഫെബ്രുവരി അഞ്ചിന്റെ ലക്കത്തിൽ അവർ കൊടുത്ത തലക്കെട്ട് ഇങ്ങനെയായിരുന്നു: ‘Mahatma Gandhi Passes Away’ (മഹാത്മാഗാന്ധി അന്തരിച്ചു). മുഖപ്രസംഗവുമുണ്ട്; ഘാതകനെപ്പറ്റി മിണ്ടാതെ.
ഗാന്ധിവധത്തെ തുടർന്ന് 1948 ഫെബ്രുവരി നാലിന് ആർഎസ്‌എസ് നിരോധിക്കപ്പെട്ടു. സജീവ ആർഎസ്‌എസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. സർസംഘ് ചാലക് എം എസ് ഗോൾവാൾക്കർ സംഘടന തന്നെ പിരിച്ചുവിട്ടു. മുൻഭാരവാഹികളെ അറസ്റ്റുചെയ്യാം എന്ന് ഉത്തരവ് വന്നതോടെ അത് വെറുതെയായി. ഗോൾവാൾക്കർ ഇതിനകം അറസ്റ്റിലായിരുന്നു. നാഗ്‌പൂരിൽ നിന്ന് എത്തി കോഴിക്കോട്ട് ആയുധപരിശീലനം നൽകിവന്ന ചിലരും പിടിയിലായതായി ഹിന്ദുസ്ഥാൻ ടൈംസിൽ വാർത്ത കാണാം. തിരുവിതാംകൂറിലും കൊച്ചിയിലും ഉത്തരവിറങ്ങി.
‘ഗാന്ധിജി അന്തരിച്ചു’ എന്ന തലക്കെട്ടുമായി ഇറങ്ങിയ ആർഎസ്‌എസ് മുഖപത്രം ഓർഗനൈസർ
ഗോഡ്‌സേ വി ഡി സവർക്കറുടെ ഉറ്റ അനുയായി എന്ന നിലയിലാണ് വധം നടപ്പാക്കിയതെന്ന് പത്രങ്ങൾ എഴുതി. 1948 ഫെബ്രുവരി നാലിന് മാതൃഭൂമി ഒന്നാം പേജിൽ ‘ഘാതകൻ തുന്നൽക്കാരനായിരുന്നു’ എന്ന തലക്കെട്ടിൽ വന്ന വാർത്തയിൽ ഇങ്ങനെ കാണാം: ‘ആദ്യം ഇയാൾ (ഗോഡ്‌സേ) ഹിന്ദുമഹാസഭയുടെ ഒരു വെറും വളണ്ടിയർ ആയിരുന്നു. പിന്നീട് ഒരു സഭാപ്രവർത്തകനായി മാറി. ഇയാൾ ഒരു മുഴുത്ത വർഗീയവാദിയായിരുന്നതിനാൽ സവർക്കർ ഗ്രൂപ്പിൽ ഒരു നല്ല സ്ഥാനം നേടാൻ വലിയ പ്രയാസമുണ്ടായില്ല. ഇതുകൊണ്ടുതന്നെയാണ് നാഥുറാം സംസ്ഥാന ഹിന്ദുമഹാസഭയുടെ പ്രസിഡന്റായിത്തീർന്നതും. റിവോൾവർ, ബോംബ് തുടങ്ങിയ നശീകരണ സാമഗ്രികൾ ഉപയോഗിച്ച് കാര്യം നേടാമെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗമാണ് സവർക്കർ ഗ്രൂപ്പ് എന്നറിയപ്പെടുന്നത്.’
നിരോധനത്തോടെ ആർഎസ്‌എസിന്റെ ദേശവിരുദ്ധത ചർച്ചയായി. ഗാന്ധിവധത്തിൽ മധുരം വിതരണം ചെയ്ത് ആഘോഷിച്ച ആർഎസ്‌എസുകാർ ചിലയിടങ്ങളിൽ ദേശീയപതാക നിലത്തിട്ട് ചവിട്ടി രോഷം തീർത്തു. ‘‘ഈ ചെയ്തിയിലൂടെ രാജ്യദ്രോഹികൾ ആണെന്ന് അവർ തെളിയിക്കുകയാണെ’’ന്ന് 1948 ഫെബ്രുവരി 24-ന് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു പറഞ്ഞു. വർഗീയവാദികൾ ഭരണതലത്തിൽപോലും ഉണ്ടെന്ന സൂചനയും നെഹ്‌റുവിൽ നിന്ന് ഉണ്ടായി. ‘ഉന്നതസ്ഥാനങ്ങളിലുള്ള ചിലരുൾപ്പെടെ നിരവധി ആളുകൾ നമ്മുടെ രാജ്യത്തെ അന്തരീക്ഷം വിഷമയമാക്കിയതുകൊണ്ടാണ് ഈ മഹാദുരന്തം സംഭവിച്ചതെ’ന്ന് അലഹബാദിൽ ഫെബ്രുവരി 12-ന് ചെയ്ത പ്രസംഗത്തിൽ നെഹ്‌റു ചൂണ്ടിക്കാട്ടി.
ഗാന്ധിവധത്തെ തുടർന്ന് ആർഎസ്‌എസിനെ നിരോധിച്ച് കൊച്ചിയിൽ ഇറങ്ങിയ ഉത്തരവ്
ഗോൾവാൾക്കർ നിരോധനം പിൻവലിപ്പിക്കാൻ തീവ്രശ്രമം തുടങ്ങി. ജയിലിൽ നിന്ന് തുടരെ കത്തുകൾ അയച്ചു. നെഹ്‌റുവിനും ആഭ്യന്തരമന്ത്രി സർദാർ വല്ലഭ്‌ഭായ് പട്ടേലിനും എഴുതിയ കത്തുകൾ ലഭ്യമാണ്. ഇതിൽ 1948 സെപ്‌തംബർ 24-ന് പട്ടേലിന് അയച്ച കത്തിൽ കമ്യൂണിസത്തെ നേരിടണമെങ്കിൽ നിരോധനം നീക്കിയാലേ കഴിയൂ എന്ന മുന്നറിയിപ്പും ഗോൾവാൾക്കർ നൽകുന്നുണ്ട്. ‘‘തെക്കും യുണൈറ്റഡ് പ്രോവിൻസിലും നിന്നുള്ള റിപ്പോർട്ടുകൾ വെളിവാക്കുന്നത് ആർഎസ്‌എസിനെ നിരോധിച്ചശേഷം യുവാക്കൾ; പ്രത്യേകിച്ച്, വിദ്യാർഥികൾ കൂടുതലായി കമ്യൂണിസത്തിലേക്ക് ചായുന്നു എന്നാണ്. അവരുടെ പ്രചാരവേല കൂടുകയാണ്... സംഘിനെ കളങ്കം മാറ്റി പ്രവർത്തിക്കാൻ അനുവദിച്ചാൽ വലിയൊരളവുവരെ ഈ യുവാക്കളെ രക്ഷിക്കാനാകും’’ ‐ ആർഎസ്‌എസ് മേധാവി പറയുന്നു.
നെഹ്‌റു കർക്കശമായാണ് പ്രതികരിച്ചത്. കാണാൻ അവസരം ചോദിച്ച ഗോൾവാൾക്കർക്ക് 1948 നവംബർ പത്തിന് അയച്ച മറുപടിയിൽ ‘‘എന്നെ കണ്ടിട്ട് കാര്യമില്ല; പട്ടേലിനെ കണ്ടാൽ മതി’’ എന്ന് മറുപടി കൊടുക്കുന്നു. കൂട്ടത്തിൽ ഇങ്ങനെ കൂടി പറയുന്നു: ‘‘കിട്ടുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ആർഎസ്‌എസിന്റെ പ്രവർത്തനങ്ങൾ ദേശവിരുദ്ധവും മിക്കപ്പോഴും അട്ടിമറി സ്വഭാവമുള്ളതും അക്രമാസക്തവുമാണ്.’’
ഒടുവിൽ നിരോധനം പിൻവലിക്കാൻ സർക്കാർ ഉപാധികൾ വച്ചു. ആർഎസ്‌എസിന് എഴുതിയുണ്ടാക്കിയ ഭരണഘടന വേണമെന്നായിരുന്നു ഒന്ന്. ആർഎസ്‌എസ് വഴങ്ങി. എന്നാൽ, ഭരണഘടനയിൽ ദേശീയപതാകയെ അംഗീകരിക്കുമെന്നുകൂടി എഴുതിച്ചേർക്കണമെന്ന് പട്ടേൽ ആവശ്യപ്പെട്ടപ്പോൾ ഗോൾവാൾക്കർ ഉടക്കി. ‘ദേശീയപതാക എല്ലാവരും അംഗീകരിക്കുമല്ലോ’ എന്ന് തൊടുന്യായം പറഞ്ഞു. ഒടുവിൽ സമ്മതിച്ചു. ആർഎസ്‌എസ് ഭരണഘടനയുടെ അഞ്ചാം വകുപ്പിൽ ദേശീയപതാകയെ അംഗീകരിക്കുമെന്ന് ചേർത്തു. ഇന്ത്യയിൽ ഇങ്ങനെ ഒന്ന് ഭരണഘടനയിൽ എഴുതിച്ചേർക്കേണ്ടി വന്ന ഏക സംഘടനയായി ആർഎസ്‌എസ്!

1949 ജൂലൈ 11-ന് ആർഎസ്‌എസിന്റെ നിരോധനം നീക്കി. ഇക്കാര്യത്തിൽ സർദാർ പട്ടേൽ ആർഎസ്‌എസിനെ സഹായിച്ചു എന്ന പരാതി എക്കാലവും ഉണ്ടായി. അഹമ്മദാബാദ് (1969), ഭീവണ്ടി (1970), തലശ്ശേരി (1971), ജംഷെഡ്പൂർ (1979), കന്യാകുമാരി (1982), ഭഗൽപൂർ (1989), മുംബൈ (1992–93) തുടങ്ങിയ ആദ്യകാല കലാപങ്ങളിലെ അന്വേഷണ കമ്മീഷനുകളുടെ റിപ്പോർട്ടുകളിൽ ആർഎസ്‌എസ്‐ജനസംഘം‐ബിജെപി സംഘടനകളുടെ പങ്ക് എടുത്തുപറയുന്നു. ഗുജറാത്ത് കലാപം അടക്കം പിന്നെയും എത്ര മനുഷ്യക്കുരുതികൾ. നിരോധനം പിന്നിട്ട് സാവധാനം പത്തിവിടർത്തിയ സംഘം കലാപങ്ങൾ ഭക്ഷിച്ച് വളർന്ന് ഇന്ന് രാജ്യം ഭരിക്കുന്നതിൽ വരെ എത്തിനിൽക്കുന്നു .








0 comments