ad
Deshabhimani

രേഖാമൂലം

ഇ എം എസിനെ നിരോധിച്ച സി പി

e m s Namboodiripad
avatar
ശ്രീകുമാർ ശേഖർ

Published on Jan 17, 2026, 11:15 AM | 2 min read

എം എസ് നമ്പൂതിരിപ്പാട് തിരുവിതാംകൂറുകാരനല്ല; മലബാറുകാരനാണ്. പക്ഷേ തിരുവിതാംകൂർ ദിവാൻ സി പി രാമസ്വാമി അയ്യരുടെ ഉത്തരവുകളിൽ ഇടയ്‌ക്കിടെ ആ പേര് മഷി പുരണ്ടു. എല്ലാം വിലക്കുകൾ. ആദ്യം അക്ഷരങ്ങൾക്ക്. പിന്നെ ആൾക്കുതന്നെ. 1946‐ൽ ഇ എം എസിന് തിരുവിതാംകൂറിൽ പ്രവേശനം നിഷേധിക്കുന്ന ഉത്തരവും സി പി ഇറക്കി.


1939‐ലാണ് ഇ എം എസിന്റെ രണ്ട് കൃതികൾ തിരുവിതാംകൂർ സർക്കാരിന്റെ ശ്രദ്ധയിൽ വരുന്നത്. ‘സോഷ്യലിസം എന്നാൽ എന്ത്?’, ‘സോവിയറ്റ് നാട്ടിൽ’ എന്നീ ലഘുകൃതികൾ രഹസ്യമായി തിരുവിതാംകൂറിലെത്തിയതിനെപ്പറ്റി അന്നത്തെ ഐജി കരിം സാഹിബ് ചീഫ് സെക്രട്ടറി എം കെ നീലകണ്ഠ അയ്യർക്ക് അയച്ച കത്തിനെ തുടർന്ന് ഈ പുസ്‌തകങ്ങൾ നിരോധിക്കപ്പെട്ടു.


1939 സെപ്‌തംബർ 18‐ന് അയച്ച കത്തിൽ ‘സോഷ്യലിസം എന്നാൽ എന്ത്?’ കോഴിക്കോട് പ്രഭാതം പ്രസ്സിലും ‘സോവിയറ്റ് നാട്ടിൽ’ കണ്ണൂർ പ്രിന്റിങ്‌ വർക്‌സിലുമാണ് അച്ചടിച്ചതെന്നുണ്ട്. തൈക്കാട് ഭാസ്‌കര ലഞ്ച് ഹോമിലും മറ്റ് ചില ഇടങ്ങളിലും ഇവ വിൽക്കുന്നുണ്ട്. ‘എന്താണ് സോഷ്യലിസം?’ ആണ് കൂട്ടത്തിൽ കൂടുതൽ അപകടകരം എന്നും ഐജി പറയുന്നു.


തിരുവിതാംകൂറിലേക്ക്‌ ഇ എം എസിന്റെ പ്രവേശനം നിരോധിക്കാൻ അനുമതി നൽകിക്കൊണ്ട്‌ കൊട്ടാരത്തിൽ നിന്നുള്ള ഉത്തരവ്‌തിരുവിതാംകൂറിലേക്ക്‌ ഇ എം എസിന്റെ പ്രവേശനം നിരോധിക്കാൻ അനുമതി നൽകിക്കൊണ്ട്‌ കൊട്ടാരത്തിൽ നിന്നുള്ള ഉത്തരവ്‌
























കത്തിൽനിന്ന്: “കേരള കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ സെക്രട്ടറി ആയ ഇ എം ശങ്കരൻ നമ്പൂതിരിപ്പാടാണ് ഈ ലഘുലേഖകളുടെ രചയിതാവ്. ബ്രിട്ടീഷ് ഇന്ത്യയിലെ സിവിൽ നിയമലംഘന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഒന്നിലധികം കേസുകളിൽ ശിക്ഷ ലഭിച്ചിട്ടുള്ള, മലബാറിലെ ഒരു പ്രസിദ്ധ കമ്യൂണിസ്റ്റ് നേതാവാണ് അദ്ദേഹം. ശങ്കരൻ നമ്പൂതിരിപ്പാടിനെയും മലബാറിലെ അദ്ദേഹത്തിന്റെ സഖാക്കളെയും പിന്തുണയ്‌ക്കുന്ന സ്റ്റേറ്റ് കോൺഗ്രസിലെ റാഡിക്കൽ വിഭാഗത്തിന്റെ പ്രേരണയിലാണ് തിരുവിതാംകൂറിൽ ഈ പുസ്‌തകങ്ങൾ വിതരണം ചെയ്യുന്നതെന്ന വിവരം ലഭിച്ചിട്ടുണ്ട്.”


തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രവർത്തനം കൂടുതൽ വിപ്ലവകരമാക്കാൻ കമ്യൂണിസ്റ്റുകാർ പരിശ്രമിക്കുന്ന കാലമായിരുന്നു അത്‌. പുസ്‌തകങ്ങൾക്ക് നിരോധനം വന്നെങ്കിലും ഇ എം എസിന്റെ അക്ഷരങ്ങളും വാക്കുകളും പലവഴിക്ക് തിരുവിതാംകൂറിൽ നിരന്തരം ഇടപെട്ടുകൊണ്ടിരുന്നു. രഹസ്യമായെത്തി ഒട്ടേറെ യോഗങ്ങളിൽ ഇ എം എസ് പങ്കെടുക്കുകയും ചെയ്‌തു.


തിരുവിതാംകൂറിലേക്ക് ഇ എം എസിന്റെ പ്രവേശനം തടയാൻ 1944‐ൽ സി പി നിർദേശം നൽകി. ഇ എം എസിനെപ്പറ്റി ഐജി എസ് പാർത്ഥസാരഥി 1944 മെയ് ഒന്നിന് നൽകിയ രഹസ്യ ഇന്റലിജൻസ് റിപ്പോർട്ടിനു താഴെ സി പി ഇങ്ങനെ കുറിച്ചത് കാണാം: ‘ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് ഇവിടെ എന്തെങ്കിലും സമരപ്രചാരണത്തിന് ശ്രമിച്ചാൽ അദ്ദേഹം സംസ്ഥാനത്ത് കടക്കുന്നത് തടയാൻ നടപടി സ്വീകരിക്കണം.’


എന്നാൽ ഈ കത്തിനൊപ്പമുള്ള 1944 ഏപ്രിൽ എട്ടിലെ ട്രാവൻകൂർ പൊലീസ് ഇന്റലിജൻസ് അബ്സ്ട്രാക്റ്റിൽ തന്നെ ഇ എം എസ് ആലപ്പുഴയിൽ എത്തിയ കാര്യമുണ്ട്. ഏപ്രിൽ മൂന്നിന് ആലപ്പുഴയിൽ ചേർന്ന രഹസ്യയോഗത്തിൽ ഇ എം എസ് പങ്കെടുത്തിരുന്നു. ഇ എം എസ് അന്നുതന്നെ മലബാറിലേക്ക് മടങ്ങിയതായും റിപ്പോർട്ടിലുണ്ട്. സ്റ്റേറ്റ് കോൺഗ്രസിലെ ഇടതുപക്ഷത്തെപ്പറ്റിയുള്ള ഭാഗത്താണ് ഇങ്ങനെ പറയുന്നത്.


ഇ എം എസ്‌ ആലപ്പുഴയിൽ രഹസ്യയോഗത്തിൽ പങ്കെടുത്തതായി പരാമർശമുള്ള 1944 ഏപ്രിൽ എട്ടിലെ ട്രാവൻകൂർ പോലീസ് ഇന്റലിജൻസ് അബ്സ്ട്രാക്റ്റ്‌ഇ എം എസ്‌ ആലപ്പുഴയിൽ രഹസ്യയോഗത്തിൽ പങ്കെടുത്തതായി പരാമർശമുള്ള 1944 ഏപ്രിൽ എട്ടിലെ ട്രാവൻകൂർ പോലീസ് ഇന്റലിജൻസ് അബ്സ്ട്രാക്റ്റ്‌


















പിന്നീട് 1946 സെപ്‌തംബറിൽ പുന്നപ്ര വയലാർ പ്രക്ഷോഭത്തിന്റെ ചലനങ്ങൾ സജീവമായ ഘട്ടത്തിൽ ഇ എം എസിന്റെ പ്രവേശനം വിലക്കാൻ വീണ്ടും നടപടി തുടങ്ങി. 1946 ഒക്ടോബർ ഒന്നിന് ഉത്തരവിറക്കാൻ കൊട്ടാരത്തിൽ നിന്ന് അനുമതി വന്നു.


‘നിലവിലുള്ള സാഹചര്യങ്ങൾ പരിഗണിച്ച് കോഴിക്കോട്ടെ കമ്യൂണിസ്റ്റ് നേതാവായ ശ്രീ. ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് സംസ്ഥാനത്ത് പ്രവേശിക്കുന്നത് നിരോധിക്കാൻ മഹാരാജാവ് അനുമതി നൽകുന്ന’തായി ഉത്തരവിൽ ഉണ്ട്. എന്നാൽ 1946 ഒക്ടോബർ രണ്ടാം വാരത്തിലും ഇ എം എസ് ആലപ്പുഴയിലെത്തിയിരുന്നു. പുന്നപ്ര വയലാർ സമരത്തിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്‌ത്‌ സഖാക്കൾക്ക് വ്യക്തത വരുത്തുകയായിരുന്നു ലക്ഷ്യം. യോഗം ചേരുകയും ചെയ്‌തു. ‘ഒരു കെട്ടുവള്ളത്തിൽ കയറി അത് വേമ്പനാട്ട് കായലിന്റെ നടുക്കിട്ടുകൊണ്ടാണ്’ ഈ യോഗം നടത്തിയതെന്ന് കമ്യൂണിസ്റ്റ്‌ നേതാവ്‌ കെ സി ജോർജ് ‘പുന്നപ്ര വയലാർ’ എന്ന കൃതിയിൽ എഴുതുന്നുണ്ട്.


ഇ എം എസിന്റെ രണ്ട് കൃതികൾ നിരോധിക്കണമെന്ന്‌ നിർദേശിച്ച്‌ തിരുവിതാംകൂർ ഐ ജി ചീഫ് സെക്രട്ടറിക്ക്‌ 1939 സെപ്‌തംബർ 18 ന്‌ അയച്ച കത്ത്‌ഇ എം എസിന്റെ രണ്ട് കൃതികൾ നിരോധിക്കണമെന്ന്‌ നിർദേശിച്ച്‌ തിരുവിതാംകൂർ ഐ ജി ചീഫ് സെക്രട്ടറിക്ക്‌ 1939 സെപ്‌തംബർ 18 ന്‌ അയച്ച കത്ത്‌




















ഇ എം എസിന് പ്രവേശനം നിഷേധിക്കുന്ന സി പിയുടെ ഉത്തരവിറങ്ങി 11 കൊല്ലം തികയുംമുമ്പ്‌ തിരുവിതാംകൂർ ഉൾപ്പെട്ട കേരളത്തിന്റെ മുഖ്യമന്ത്രിയായി ഇ എം എസ് ചുമതലയേറ്റത് ചരിത്രം. അപ്പോഴേക്ക് വെട്ടുകൊണ്ട സി പിയെ നാട്ടുകാർ തിരുവിതാംകൂറിൽനിന്ന് തുരത്തിയിരുന്നു .





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home