ad
Deshabhimani

രേഖാമൂലം

1938ന്റെ തോൽവിയും വിജയവും കണ്ട ആലപ്പുഴ

പണിമുടക്ക് പിൻവലിച്ചതായി മുതലാളിമാർക്കുവേണ്ടി  ഇറങ്ങിയ നോട്ടീസ്‌
avatar
ശ്രീകുമാർ ശേഖർ

Published on May 11, 2026, 11:07 AM | 3 min read


""ഈ പണിമുടക്കുകൊണ്ട് നമുക്ക് അൽപ്പം വിജയം ഉണ്ടായിട്ടുണ്ടെങ്കിൽ കൂടി അതിനുകാരണം നമ്മുടെ ശക്തിയും ത്യാഗവും മാത്രമാണ്. കൂടുതൽ സാധിച്ചിട്ടില്ലെങ്കിൽ അതിനുകാരണം നമ്മുടെ സംഘടനയും ത്യാഗസന്നദ്ധതയും വേണ്ടത്ര പൂർത്തിയായിട്ടില്ലെന്നുള്ളതാകുന്നു. ഏതായാലും നമ്മുടെ വിജയം അഭിമാനിക്കത്തക്കതാണെന്നതിനു സംശയമില്ല.'' ‘ആലപ്പുഴയിലെ തൊഴിലാളികളോട്‌’ എന്ന തലക്കെട്ടിൽ 1938 ഡിസംബർ 12ന്റെ ‘പ്രഭാത’ത്തിൽ പി കൃഷ്‌ണപിള്ള എഴുതി. ആലപ്പുഴയുടെ സമരചരിത്രം തന്നെ മാറ്റിയെഴുതിയ 1938ലെ തൊഴിലാളി പണിമുടക്കിനെപ്പറ്റി മുഖ്യ സംഘാടകനായിരുന്ന കൃഷ്‌ണപിള്ളയുടെ ഈ വാക്കുകളിൽ സമരത്തിന്റെ ലഘുചിത്രമുണ്ട്‌. പുന്നപ്ര വയലാറിനും എട്ട് വർഷം മുമ്പ് നടന്ന ഇരുപത്തിയഞ്ച് ദിവസം നീണ്ട തൊഴിലാളി സമരത്തിന്റെ നാഷണൽ ആർക്കൈവ്സിൽ ലഭ്യമായ രേഖകൾ സമരത്തിന്റെ തീവ്രത വരച്ചിടുന്നു.

പണിമുടക്ക് പിൻവലിച്ചതായി മുതലാളിമാർക്കുവേണ്ടി  ഇറങ്ങിയ നോട്ടീസ്‌പണിമുടക്ക് പിൻവലിച്ചതായി മുതലാളിമാർക്കുവേണ്ടി ഇറങ്ങിയ നോട്ടീസ്‌

തിരുവിതാംകൂറിൽ ഉത്തരവാദിത്വഭരണം സ്ഥാപിക്കണമെന്ന ആവശ്യവുമായി 1938 ആഗസ്‌ത്‌ 26‐നാണ് സ്റ്റേറ്റ് കോൺഗ്രസ് സമരം ആരംഭിച്ചത്‌. അതോടെ സ്റ്റേറ്റ് കോൺഗ്രസും യൂത്ത് ലീഗും നിയമവിരുദ്ധമാക്കപ്പെട്ടു. യൂത്ത് ലീഗിലായിരുന്നു കോൺഗ്രസിലെ ഇടതുപക്ഷക്കാർ. പന്ത്രണ്ടിലധികം സ്ഥലങ്ങളിൽ പൊലീസ് വെടിവയ്‌പ്പ്‌ നടത്തി.


സ്റ്റേറ്റ് കോൺഗ്രസിന്റെ സമരത്തിനൊപ്പം ചേർന്നുകൊണ്ട് പൊതുപണിമുടക്കിന് ആലപ്പുഴയിൽ ഒരുക്കം തുടങ്ങി. മലബാറിൽ നിന്ന് പി കൃഷ്‌ണപിള്ളയുടെ നേതൃത്വത്തിൽ ഒളിച്ചെത്തിയ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി പ്രവർത്തകർ നേതൃത്വം നൽകി. ഉത്തരവാദിത്വ ഭരണത്തിന് പിന്തുണയും ഒപ്പം കൂലി കൂടുതലും ഉന്നയിച്ച് അനിശ്ചിതകാല പൊതുപണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടു. ഒക്ടോബർ 21ന് പണിമുടക്ക് തുടങ്ങി.


സമരത്തിന്റെ ഭാഗമായി രാജാവിനു നിവേദനം സമർപ്പിക്കാൻ ഘോഷയാത്രയായി പോകാൻ സ്റ്റേറ്റ് കോൺഗ്രസ് തീരുമാനിച്ചു. രാജാവിന്റെ ജന്മദിനമായ ഒക്ടോബർ 23ന് അക്കാമ്മ ചെറിയാൻ നയിച്ച ഘോഷയാത്രയുടെ മുന്നിൽ ആലപ്പുഴയിലെ 25 തൊഴിലാളി റെഡ് വളന്റിയർമാർ മാർച്ച് ചെയ്‌തു. ഇതിനിടെ സ്റ്റേറ്റ് കോൺഗ്രസ് നേതാക്കളെ വിട്ടയച്ച് സമരം തണുപ്പിക്കാൻ ദിവാൻ സി പി രാമസ്വാമി അയ്യർ കരുനീക്കി. നേതാക്കൾ കെണിയിൽ വീണു. സമരം ജയിൽമോചിതർക്കുള്ള സ്വീകരണം മാത്രമായി ഒതുങ്ങി. യൂത്ത് ലീഗ് പ്രതിഷേധം ഫലം കണ്ടില്ല.

എ കെ ജി തൊഴിലാളികളെ സ്വാധീനിക്കുന്നതായി 1938 നവംബർ 14ന് ആലപ്പുഴ അസിസ്റ്റന്റ് സൂപ്രണ്ട്  എഴുതിയ കത്തിലെ ഭാഗംഎ കെ ജി തൊഴിലാളികളെ സ്വാധീനിക്കുന്നതായി 1938 നവംബർ 14ന് ആലപ്പുഴ അസിസ്റ്റന്റ് സൂപ്രണ്ട് എഴുതിയ കത്തിലെ ഭാഗം

ഒക്ടോബർ 23ന് ആലപ്പുഴയിലും ഘോഷയാത്ര നടന്നു. പിരിഞ്ഞുപോയ തൊഴിലാളികളെ പട്ടാളം ഭീകരമായി മർദിച്ചു. തൊഴിലാളികൾ വാരിക്കുന്തവുമായി നേരിട്ടു. വെടിവയ്‌പ്പിൽ ഒരു തൊഴിലാളി കൊല്ലപ്പെട്ടു. സമരം ദുർബലമാകുന്നുവെന്ന ഘട്ടത്തിൽ പി കൃഷ്‌ണപിള്ള അടക്കമുള്ളവർ സമരരീതി മാറ്റി. മലബാറിൽ നിന്നെത്തിയ ഉശിരൻ സിഎസ്‌പി പ്രവർത്തകർ ഫാക്ടറി പിക്കറ്റിങ്‌ ആരംഭിച്ചു. അവർക്കുനേരെ നടന്ന ഭീകരമർദനം തൊഴിലാളികളെ വീണ്ടും ഒന്നിപ്പിച്ചു. 24ന് റൗഡികളെ വാരിക്കുന്തവുമായി നേരിട്ട തൊഴിലാളികളെ പട്ടാളം വെടിവച്ചു. നാല് പേർ മരിച്ചു.

പണിമുടക്കിനു തുടക്കമായ 1938 ഒക്ടോബർ 21ന് ആലപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ ടി ആർ വൈദ്യനാഥ അയ്യർ അയച്ച റിപ്പോർട്ടിൽ പറയുന്നത് കിടങ്ങാംപറമ്പ് മൈതാനിയിലെ യോഗത്തിൽ പതിനായിരത്തോളം പേരുണ്ടായിരുന്നു എന്നാണ്‌. ഒക്ടോബർ 23ന് ബീച്ചിൽ നടന്ന യോഗത്തിൽ 20,000 പേർ പങ്കെടുത്തതായും പൊലീസിന്റെ കണക്കുണ്ട്‌. ഇതിന്റെ പല മടങ്ങായിരുന്നു പങ്കാളിത്തം എന്നാണ് തൊഴിലാളി സംഘടനയുടെ കണക്ക്‌.

സമരം തകർക്കാൻ വർഗീയ ഭിന്നിപ്പിനും ശ്രമമുണ്ടായി. ആലപ്പി ലേബർ അസോസിയേഷൻ എന്ന പേരിൽ തുറമുഖത്തെ മുസ്ലീം തൊഴിലാളികളുടെ ഒരു സംഘടന തുടങ്ങി സമരത്തിനെതിരെ അണിനിരത്താൻ നോക്കി.

തൊഴിലാളികൾ പണിമുടക്കിൽ ഉറച്ചുനിൽക്കുമെന്ന്‌  വ്യക്തമാക്കി സ്ട്രൈക്ക് കമ്മിറ്റിയുടെ നോട്ടീസ്‌തൊഴിലാളികൾ പണിമുടക്കിൽ ഉറച്ചുനിൽക്കുമെന്ന്‌ വ്യക്തമാക്കി സ്ട്രൈക്ക് കമ്മിറ്റിയുടെ നോട്ടീസ്‌

സ്റ്റേറ്റ് കോൺഗ്രസ് സമരം പിൻവലിച്ചതിനാൽ പണിമുടക്കും പിൻവലിക്കണമെന്ന അഭിപ്രായം സമരസമിതിയിലും ശക്തമായി. ആർ സുഗതൻ അടക്കമുള്ള യൂണിയൻ നേതാക്കൾ ഈ പക്ഷക്കാരായിരുന്നു. സ്ട്രൈക്ക് കമ്മിറ്റിയും പി കൃഷ്‌ണപിള്ളയും മലബാറിൽ നിന്നുള്ള സഖാക്കളും എതിർത്തു.


പക്ഷേ, മാനേജിങ്‌ കമ്മിറ്റി നേതാക്കളിൽ ചിലർ ചർച്ച തുടർന്നു. ഒരു അണ കൂലി വർധനവും പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയും എന്ന ഉറപ്പിൽ സമരം പിൻവലിക്കാൻ അവർ പ്രസ്‌താവനയിറക്കി. സ്ട്രൈക്ക് കമ്മിറ്റി ഒന്നടങ്കം ഈ പ്രസ്‌താവനയെ എതിർത്തു. സമരം പിൻവലിക്കാൻ തടസ്സം എ കെ ഗോപാലനാണെന്ന് 1938 നവംബർ 14ന് ആലപ്പുഴ അസിസ്റ്റന്റ് സൂപ്രണ്ട് എൻ ചന്ദ്രശേഖരൻ നായർ മുകളിലേക്കെഴുതി. “എ കെ ഗോപാലന്റെ പ്രവർത്തനങ്ങൾ നിരീക്ഷണത്തിലാണ്‌. തൊഴിലാളികളെ അയാളിൽനിന്ന് അകറ്റാനുള്ള ശ്രമങ്ങളും നടക്കുന്നു. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഗോപാലനെതിരെ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്.” റിപ്പോർട്ടിൽ പറയുന്നു.

സമരം തുടരുന്നത് തൊഴിലാളികളുടെ ഐക്യം തകർക്കുമെന്ന് വ്യക്തമായി. അതൊഴിവാക്കാൻ പി കൃഷ്‌ണപിള്ളയും എ കെ ജിയും സ്ട്രൈക്ക് കമ്മിറ്റിയെ കൊണ്ട് പണിമുടക്ക് പിൻവലിപ്പിച്ചു.


“നാം അടിയന്തിരമായി വേണ്ടത് തമ്മിൽ പല കാരണങ്ങൾ കൊണ്ടും ഉണ്ടായ അസുഖകരങ്ങളായ സംഭവങ്ങളെ മറന്നു ഭാവിയെ ശോഭനമാക്കുവാൻ ശക്തിമത്തായി സംഘടിക്കുകയാണ്. ഇന്നു സമ്പാദിച്ച ഈ കാര്യങ്ങളെത്തന്നെ നിലനിർത്തുവാനും കൂടുതൽ അവകാശങ്ങളെ സാധിക്കുവാനും ഈ സംഘടന അത്യന്താപേക്ഷിതമാകുന്നു.” പി കൃഷ്‌ണപിള്ള പ്രഭാതത്തിൽ എഴുതി നിർത്തിയത് ഇങ്ങനെയാണ്‌ .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home