ad
Deshabhimani

രേഖാമൂലം

"വീടിനു തീപിടിച്ചിരിക്കുന്നു; മറ്റെല്ലാം മാറ്റിവയ്‌ക്കാം'

cartoon by shankar
avatar
ശ്രീകുമാർ ശേഖർ

Published on Jan 27, 2026, 10:45 AM | 3 min read

ണ്ടാം ലോകയുദ്ധം തിരുവിതാംകൂറിനെ ബാധിച്ചത് ക്ഷാമമായാണ്. കൊടിയ ക്ഷാമം. ജപ്പാൻ, ബർമ ആക്രമിച്ചതോടെ അരിവരവ് നിന്നു. ഒരുവശത്ത് സർ സി പി രാമസ്വാമി അയ്യരുടെ കിരാതഭരണം. മറുവശത്ത് കൊടുംപട്ടിണി. 1942‐44 വരെ നീണ്ട ഈ ഘട്ടത്തിൽ തിരുവിതാംകൂർ കമ്യൂണിസ്റ്റ് പാർടി എന്തുചെയ്യുകയായിരുന്നു എന്നത് പാർടിക്ക് വേണ്ടി സെക്രട്ടറി പി ടി പുന്നൂസ് 1942 ഡിസംബർ രണ്ടിന്‌ പ്രസിദ്ധീകരിച്ച ‘തിരുവിതാംകൂറിലെ ബഹുജനങ്ങളോട്’ എന്ന നോട്ടീസിൽ കാണാം. ‘പട്ടിണി പരിഹരിക്കുവാൻ; രാജ്യത്തെ രക്ഷിക്കുവാൻ, ഒന്നായി ചേരുക ഐക്യം സ്ഥാപിക്കുക’ എന്ന ഉപതലക്കെട്ടിലുള്ള നോട്ടീസിലെ ആദ്യവരികളിൽ തന്നെ തിരുവിതാംകൂറിലെ അന്നത്തെ സ്ഥിതി വിവരിക്കുന്നുണ്ട്.


പി ടി പുന്നൂസ്പി ടി പുന്നൂസ്


















‘‘നമ്മുടെ രാജ്യം ദാരിദ്ര്യത്തിന്റെ നൃത്തരംഗമായിരിക്കുന്നു. എവിടെ നോക്കിയാലും പട്ടിണി കൊണ്ടു തളർന്നുവീഴുന്ന മനുഷ്യക്കോലങ്ങളേ കാണാനുള്ളൂ. എവിടെയും ദാരിദ്ര്യദുഃഖത്തിന്റെ മുറവിളിയേ കേൾക്കാനുള്ളൂ. അരി കിട്ടാത്തതുകൊണ്ടു രണ്ടും മൂന്നും ദിവസം കഞ്ഞിവയ്‌ക്കാത്ത സാമാന്യം ഭേദപ്പെട്ട എത്രയോ വീടുകൾ ഇന്നു നമ്മുടെ രാജ്യത്തിലുണ്ട്. പാവങ്ങളുടെ കാര്യം പറയാൻ വയ്യാത്ത ദയനീയതയിലാണ്’’ ‐ നോട്ടീസ് തുടങ്ങുന്നു. അക്കാലത്തെ പാർടി പ്രവർത്തനം നൂൽപ്പാലനടത്തമായിരുന്നു. ലോകയുദ്ധത്തെ ഫാസിസത്തിനെതിരായ ജനകീയ യുദ്ധമായി പാർടി വിലയിരുത്തിയ കാലം. ഫാസിസ്റ്റുവിരുദ്ധ നിലപാട് ജനങ്ങളിൽ എത്തിക്കുന്നതിനൊപ്പം ക്ഷാമം നേരിടാൻ ജനങ്ങളെ അണിനിരത്താനുള്ള കൂട്ടായ്‌മകൾ ഒരുക്കാനുള്ള പരിശ്രമം കൂടി പാർടി ഏറ്റെടുത്തു.


‘നമുക്ക് ഒരു മാർഗമേയുള്ളൂ, നാം ഒന്നായി ചേരണം, എല്ലാ വർഗങ്ങളും ഈ പൊതുആവശ്യത്തിനുവേണ്ടി അണിനിരക്കണം. കർഷകനും തൊഴിലാളിയും കച്ചവടക്കാരും ശമ്പളക്കാരും എല്ലാവരും ഒത്തൊരുമിച്ച് നിന്നുകൊണ്ട് നമ്മുടെ ആവശ്യങ്ങൾ ശക്തിയായി മുന്നോട്ടുകൊണ്ടുവരണം. സ്റ്റേറ്റ് കോൺഗ്രസുകാർ, എസ്എൻഡിപി, നായർ സർവീസ് സൊസൈറ്റി, എന്നുവേണ്ട ജനസ്വാധീനമുള്ള എല്ലാ സംഘടനകളും വ്യക്തികളും’ അണിചേരണമെന്ന ആഹ്വാനത്തിനൊപ്പം ക്ഷാമം നേരിടാനുള്ള നിർദേശങ്ങളും പാർടി നിരത്തുന്നു.


ഓരോ കരയിലും ഓരോ ജനകീയ രക്ഷാകമ്മിറ്റിയും ഈ കമ്മിറ്റിയെ സഹായിക്കാൻ സന്നദ്ധതയുള്ള പ്രവർത്തകരുടെ ഓരോ സംഘവും ഉടനടി രൂപീകരിക്കുക, ജനങ്ങളുടെ ആവശ്യങ്ങളും അവശതകളും ഭീമഹർജികളും നിവേദനങ്ങളും വഴി ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുക, അരി, മരച്ചീനി മുതലായ ഭക്ഷണസാധനങ്ങൾ, വസ്‌ത്രം, മണ്ണെണ്ണ മുതലായ നിത്യോപയോഗ സാധനങ്ങൾ ഒളിച്ചുവയ്‌ക്കുക, കൂടുതൽ വിലയ്‌ക്ക്‌ വിൽക്കുക തുടങ്ങിയവ കണ്ടുപിടിച്ചു ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക, തരിശായി കിടക്കുന്ന സ്ഥലങ്ങൾ കൃഷിക്കാർക്ക് കൊടുക്കാൻ ഗവൺമെന്റിനെ നിർബന്ധിക്കുക തുടങ്ങിയ നിർദേശങ്ങൾ കാണാം. പാർടിയുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ പീപ്പിൾസ് വാറും കോഴിക്കോടുനിന്ന് വാരികയായി ഇറങ്ങുന്ന ദേശാഭിമാനിയും വായിക്കാൻ ആഹ്വാനം ചെയ്‌താണ് നോട്ടീസ് അവസാനിക്കുന്നത്.


ക്ഷാമകാലത്ത് തിരുവിതാംകൂർ അവഗണിക്കപ്പെടുന്നതിനെപ്പറ്റി 1943 ഒക്‌ടോബർ 16ന് ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച ശങ്കറിന്റെ കാർട്ടൂൺക്ഷാമകാലത്ത് തിരുവിതാംകൂർ അവഗണിക്കപ്പെടുന്നതിനെപ്പറ്റി 1943 ഒക്‌ടോബർ 16ന് ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച ശങ്കറിന്റെ കാർട്ടൂൺ

















തിരുവിതാംകൂറിലെ ഈ പ്രവർത്തനങ്ങൾ ഒറ്റപ്പെട്ടതായിരുന്നില്ല. ക്ഷാമം നിലനിന്ന മലബാറിലും പാർടി ഈ വഴിക്കു നീങ്ങി. തിരുവിതാംകൂറിൽ എന്തെല്ലാം ചെയ്യണമെന്ന് ദേശാഭിമാനിയിൽ 1943 ജനുവരി 17ന് എഴുതിയ ലേഖനത്തിൽ പി കൃഷ്ണപിള്ള വിശദീകരിച്ചിരുന്നു. ‘തിരുവിതാംകൂറിലെ നായർ, ഈഴവൻ, ക്രിസ്‌ത്യൻ, മുസ്ലീം ജനവിഭാഗങ്ങൾ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന്‌ സ്വന്തം വീടിന്‌ തീപിടിച്ചിരിക്കുന്നു എന്നുകരുതി അത് കെടുത്താൻ യോജിക്കണം’ ‐ അദ്ദേഹം നിർദേശിച്ചു.


ക്ഷാമകാലത്തെ പ്രവർത്തനവും പാർടിയുടെ വളർച്ചയുമായുള്ള ബന്ധം വിലയിരുത്തി പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. ഗവേഷകനായ ആദിത്യ ബാലസുബ്രഹ്മണ്യം എഴുതി കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ് പ്രസിദ്ധീകരിച്ച പഠനം (A Forgotten Famine of ’43? Travancore’s Muffled ‘Cry of Distress’) പറയുന്നത് 90,000 പേരെങ്കിലും യുദ്ധം വിതച്ച പട്ടിണിയും രോഗങ്ങളും മൂലം തിരുവിതാംകൂറിൽ മരിച്ചതായാണ്. മൂന്നുലക്ഷം പേർക്കെങ്കിലും തൊഴിൽ നഷ്ടമായി.


തിരുവിതാംകൂർ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി പി ടി പുന്നൂസ്  1942 നവംബർ രണ്ടിന്‌ പ്രസിദ്ധീകരിച്ച നോട്ടീസിന്റെ രണ്ടാം പേജ്‌




















കമ്യൂണിസ്റ്റ് പാർടി ഈ ഘട്ടത്തിൽ കർഷകരെയും ഫാക്ടറി തൊഴിലാളികളെയും സംഘടിപ്പിച്ചു. റേഷൻ വിതരണത്തിലെ അപാകതകൾ നീക്കുന്നതിനു പണിമുടക്ക്‌ അടക്കമുള്ള സമരങ്ങൾ സംഘടിപ്പിച്ചു. ഭക്ഷ്യനില മെച്ചപ്പെടുത്താൻ കൂട്ടായ പരിശ്രമം നടത്തുകയും ചെയ്‌തു. ബർമയിൽ നിന്ന് അരി വരാതായതോടെ 3,67,000 ടണ്ണിന്റെ കുറവ്. ഇന്ത്യയിലെ മറ്റിടങ്ങളിലും ബുദ്ധിമുട്ട്. അവിടുന്നും കിട്ടാനില്ല. ബ്രിട്ടീഷ് സർക്കാരിന്റെ സഹായവുമില്ല. ഈ സ്ഥിതിയാണ് ശങ്കർ കാർട്ടൂണാക്കിയത്. (1943 ഒക്‌ടോബർ 16ന് ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച കാർട്ടൂൺ ഈ കുറിപ്പിനൊപ്പം.) ചേർത്തല, ആലപ്പുഴ പ്രദേശങ്ങളിലായിരുന്നു കൊടുംദുരിതം. യുദ്ധത്തെ തുടർന്ന് കയർ കയറ്റുമതി നിലച്ചിരുന്നു.


വില്ലേജ് തല ഭക്ഷ്യ കമ്മിറ്റികൾ എന്ന നിർദേശം തിരുവിതാംകൂർ കമ്യൂണിസ്റ്റ് പാർടി സി പിക്കു മുന്നിൽ വച്ചു. ദിവാന്‌ സ്വീകാര്യമായില്ല. പാർടി സ്വന്തം നിലയിൽ നീങ്ങി. ആ പ്രവർത്തനങ്ങളുടെ രൂപരേഖയാണ് പി ടി പുന്നൂസ് ഇറക്കിയ നോട്ടീസിൽ. ക്ഷാമകാലത്തുടനീളം പാർടി ജനങ്ങൾക്കിടയിൽ സജീവമായി. പിന്നീട് പുന്നപ്ര‐വയലാർ പ്രക്ഷോഭമടക്കം നയിക്കാൻ കരുത്തുള്ള പ്രസ്ഥാനമായി പാർടി വളർന്നു. ഈ ക്ഷാമകാലത്തെ ജനപക്ഷ പ്രവർത്തനങ്ങൾ 1957ൽ ഐക്യകേരളത്തിലെ ആദ്യ സർക്കാരിനെ നയിക്കാൻ ശക്തമായ പ്രസ്ഥാനമായി പാർടിയെ മാറ്റുന്നതിൽ വഹിച്ച പങ്ക് വലുതാണ് .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home