Deshabhimani

കവർസ്റ്റോറി

ടി ജെ എ-സും ‘ശ്യാമമാധവ’വും

ടി ജെ എസ്‌ ജോർജ്‌
avatar
പ്രഭാവർമ്മ

Published on Oct 20, 2025, 02:47 PM | 4 min read


‘സമകാലിക മലയാളം’ വാരിക എന്റെ ‘ശ്യാമമാധവം’ എന്ന കാവ്യാഖ്യായികയുടെ പ്രസിദ്ധീകരണം അഞ്ചാം അധ്യായത്തിൽ നിർത്തിവച്ചതിന്റെ മൂന്നാം നാൾ എനിക്ക് ഒരു ഫോൺ കോൾ വന്നു.

‘പത്രാധിപർ എന്ന അധികാരമുപയോഗിച്ച് ഈ കൃതിയുടെ പ്രസിദ്ധീകരണം ഞാൻ നിർത്തിവയ്‌ക്കുന്നു’ എന്നെഴുതിയ പത്രാധിപർ എസ് ജയചന്ദ്രൻ നായരുടെ കത്ത്‌ വായിച്ചു മേശപ്പുറത്തു വച്ചതേയുണ്ടായിരുന്നുള്ളൂ ഞാൻ.

ടി ജെ എസ്‌ ജോർജ്‌ ടി ജെ എസ്‌ ജോർജ്‌

ഫോണിന്റെ മറുതലയ്ക്കൽ ടി ജെ എസ് ജോർജ് സാറായിരുന്നു. ‘ഇന്ത്യൻ എക്സ്പ്രസി’ന്റെ, ‘സമകാലിക മലയാള’ത്തിന്റെ എഡിറ്റോറിയൽ അഡ്വൈസർ. അദ്ദേഹത്തിന്റെ വാക്കുകൾ തന്റെ പ്രസിദ്ധീകരണത്തിന്റെ നിലപാടിനെ തള്ളിപ്പറയുന്നതോ ന്യായീകരിക്കുന്നതോ ആയിരുന്നില്ല. ആ വാക്കുകളിലുണ്ടായിരുന്നത് ലിബറൽ ജേർണലിസത്തിന്റെ പാരമ്പര്യം മാത്രം. അടിയന്തരാവസ്ഥക്കാലത്ത് എഡിറ്റോറിയൽ കോളം ഒഴിച്ചിട്ടതടക്കം ഒരുപാട്‌ കാര്യങ്ങൾ. വിയോജനാഭിപ്രായങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും പരിരക്ഷിക്കുന്ന പൊതുജനാധിപത്യ മണ്ഡലം നിലനിൽക്കേണ്ടതിന്റെ ആവശ്യകത മാത്രം.


കവിതയുടെ പ്രസിദ്ധീകരണം തുടർന്നുകൊണ്ടുതന്നെ ലേഖനത്തിൽ എഴുത്തുകാരൻ പ്രകടിപ്പിച്ച രാഷ്‌ട്രീയാഭിപ്രായത്തോടുള്ള വിയോജനാഭിപ്രായം പ്രകടിപ്പിക്കുകയായിരുന്നു പത്രാധിപർ വേണ്ടത് എന്നു പറയാതെ പറയുകയായിരുന്നോ ടി ജെ എസ്? എനിക്ക് ഇപ്പോഴും വ്യക്തമല്ല. പത്രപ്രവർത്തന രംഗത്തെ ഉന്നത ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ എക്കാലവും നിഷ്കർഷ പുലർത്തിയിരുന്ന ടി ജെ എസിനു മറിച്ച് ഒരു നിലപാടുണ്ടാവാനിടയില്ല എന്നാണ് ഞാൻ കരുതുന്നത്.

ഏതായാലും മൂന്നു നാൾ കഴിഞ്ഞപ്പോൾ ജയചന്ദ്രൻ നായർ സാർ പത്രാധിപരല്ലാതായി. ഇത് എനിക്കു ടി ജെ എസിനോടുണ്ടായിരുന്ന ബന്ധത്തിന്റെ ഫലമാണ് എന്ന് കരുതിയവർ ഏറെയാണ്. സത്യത്തിന്റെ കണികപോലുമില്ല അതിൽ. ആ വിഷയംതന്നെ നേരിട്ടു പരാമർശിക്കാതെയുള്ളതായിരുന്നു ഫോൺ സംഭാഷണമെന്നതാണു സത്യം.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും അദ്ദേഹം വിളിച്ചു. അത് ആ വിഷയത്തിൽ പക്വതയുള്ള സമീപനമാണ്‌ ഞാൻ പുലർത്തിയത് എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം എന്നെ അറിയിക്കുന്നതായിരുന്നു. ജയചന്ദ്രൻ നായർ സാറിന്റെ നിലപാടിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നു ചോദിച്ച മാധ്യമ പ്രവർത്തകരോട് ഞാൻ പറഞ്ഞത്, ഒരു നടപടി മുൻനിർത്തിയല്ല ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ വിലയിരുത്തേണ്ടത് എന്നാണ്.

ഒരു കവിതയുടെ പ്രസിദ്ധീകരണം നിർത്തിവച്ച അദ്ദേഹം എന്റെ തന്നെ എത്രയോ കവിതകൾ വലിയ പ്രാമുഖ്യത്തോടെ പ്രസിദ്ധീകരിച്ച പത്രാധിപരാണ്. ‘ശ്യാമമാധവം’ തന്നെയും എത്ര പ്രാമുഖ്യത്തോടെ മുൻകൂട്ടി പരസ്യം നൽകിയും ആർട്ടിസ്റ്റ് നമ്പൂതിരിയെക്കൊണ്ട്‌ ചിത്രങ്ങൾ വരപ്പിച്ചുമാണ്‌ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ആ പത്രാധിപരേ എന്റെ മനസ്സിലുള്ളൂ എന്നതായിരുന്നു എന്റെ പ്രതികരണം. ഒരു കാര്യംകൂടി പറഞ്ഞു ഞാൻ. കാവ്യബാഹ്യമായ മാനദണ്ഡങ്ങളാണ് ഇവിടെ പരിഗണിക്കപ്പെട്ടത് എന്നതാണത്. എന്തുകൊണ്ടാണിങ്ങനെ പറഞ്ഞത് എന്ന് ടി ജെ എസ് ആരാഞ്ഞു. സിപിഐ എമ്മിൽനിന്നും ദേശാഭിമാനിയിൽനിന്നും പുറത്താക്കപ്പെട്ട ചിലരുടെ സഹവാസത്തിന്റെ ഫലമാവാമത് എന്നു ഞാൻ പറഞ്ഞു. അദ്ദേഹം പിന്നീട് അതേക്കുറിച്ച് ഒന്നും ചോദിച്ചതുമില്ല.

വർഷങ്ങൾക്കുശേഷം ടി ജെ എസ് എന്നെ ഫോണിൽ വിളിക്കുന്നതും എസ് ജയചന്ദ്രൻ നായർ സാറുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലാണ്.

എസ്‌ ജയചന്ദ്രൻ നായർഎസ്‌ ജയചന്ദ്രൻ നായർ

ജയചന്ദ്രൻ നായർ സാറിനു പത്രപ്രവർത്തക പെൻഷൻ കിട്ടുന്നുണ്ടായിരുന്നില്ല. ഇത് മുഖ്യമന്ത്രിയുടെ മീഡിയാ സെക്രട്ടറി എന്ന നിലയിൽ പ്രഭാവർമ ഇടപെടുന്നതുകൊണ്ടാണെന്നും ഈ നിലപാടിനു പിന്നിൽ ജയചന്ദ്രൻ നായർ ‘ശ്യാമമാധവം’ നിർത്തിവച്ചതിന്റെ വിരോധമാണെന്നും ഡൽഹിയിലെ ശ്രദ്ധേയനായ പ്രത്രാധിപർ എ ജെ ഫിലിപ്പ് എഴുതി. ഇതുവായിച്ചിട്ടാണ് ടി ജെ എസ് വിളിച്ചത്. പെൻഷനു തടസ്സമായത് പത്രപ്രവർത്തക പെൻഷൻ കമ്മിറ്റിയിലെ ചില പത്രപ്രവർത്തകരുടെ തന്നെ നിലപാടുകളായിരുന്നു എന്നു ഞാൻ അദ്ദേഹത്തെ അറിയിച്ചു. പത്രപ്രവർത്തക പെൻഷന്‌ ജയചന്ദ്രൻ നായർ സാർ അപേക്ഷിക്കുകയോ, ആവശ്യമായ അംശദായഗഡുക്കൾ അടയ്ക്കുകയോ ചെയ്തിരുന്നില്ല. അതു ചെയ്യാതിരുന്ന വ്യക്തിയ്ക്ക്‌ പെൻഷൻ അനുവദിക്കുന്നത്, കൃത്യസമയത്ത് അപേക്ഷ നൽകുകയും മുടങ്ങാതെ മാസംതോറും വർഷങ്ങളായി ഗഡുക്കളടയ്ക്കുകയും ചെയ്തിരുന്ന പത്രപ്രവർത്തകരെ വിഡ്ഢികളാക്കും എന്ന നിലപാടിൽ ഉറച്ചുനിന്ന് ചില പത്രപ്രവർത്തകർ തന്നെ എതിർത്തു. ഇതാണ് സമിതിയെയും അതിൽ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രിയെയും നിസ്സഹായനാക്കിയത്. ഇക്കാര്യം ഞൻ ടി ജെ എസിനെ അറിയിച്ചു. ടി ജെ എസ് ജയചന്ദ്രൻ നായർ സാറിനോടു സംസാരിച്ചിരിക്കണം. അദ്ദേഹം എന്നെ ഫോണിൽ വിളിച്ച് ‘ശ്യാമമാധവം’ പ്രസിദ്ധീകരണം നിർത്തിവച്ചതിൽ തനിക്കു തെറ്റുപറ്റിയെന്നും, ചിലരുടെ സ്വാധീനങ്ങളാണതിനു പിന്നിലുണ്ടായിരുന്നതെന്നും ക്ഷമിക്കണം എന്നും എന്നോടു പറഞ്ഞു. അങ്ങനെയൊന്നും പറയരുത്‌ സർ എന്നുപറഞ്ഞ് വേദനയോടെയാണ്‌ ഞാൻ ഫോൺ വച്ചത്.

ടി ജെ എസ്‌ ജോർജ്‌ ‐ യൗവ്വനത്തിലെ ഫോട്ടോടി ജെ എസ്‌ ജോർജ്‌ ‐ യൗവ്വനത്തിലെ ഫോട്ടോ

ടി ജെ എസിന് എന്റെ ഡൽഹിക്കാലത്തും തുടർന്നിട്ടൊട്ടേറെക്കാലവും എന്നോട്‌ സവിശേഷമായ ഒരു താൽപ്പര്യമുണ്ടായിരുന്നു എന്ന് എനിക്കറിയാം. എന്റെ കവിതയോടും ഉണ്ടായിരുന്നു ആ താൽപ്പര്യം. തന്റെ മകൻ ജീത് തയ്യിലിനെ എനിക്കു പരിചയപ്പെടുത്തിത്തന്നതിനു പിന്നിലുള്ളത് കവിതയോടുള്ള ആ താൽപ്പര്യംകൂടിയാണ്. ബുക്കർ പ്രൈസിനു ഷോർട്ട് ലിസ്റ്റ്‌ ചെയ്യപ്പെട്ട ‘നാർക്കോ പൊലിസ്’ എഴുതിയ സാഹിത്യകാരനാണ്‌ ജീത് തയ്യിൽ. നല്ല ഇംഗ്ലീഷ് കവിയുമാണ് ജീത് തയ്യിൽ.


കവിതയിലുള്ള ഇതേ താൽപ്പര്യമാണ് ടി ജെ എസിന് സംഗീതത്തിലുമുണ്ടായിരുന്നത്. ആ താൽപ്പര്യമാണ് എം എസ് സുബ്ബുലക്ഷ്മിയുടെ ജീവചരിത്രം എഴുതുന്നതിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. മറ്റ് ആർക്ക് എഴുതാൻ കഴിയുന്നതിലും എത്രയോ മികച്ചതാണ് ടി ജെ എസിന്റെ ആ ജീവചരിത്രം.‘M S – A Life in Music’ എന്ന ശീർഷകത്തിൽ തന്നെയുണ്ട് ആ മനസ്സിലെ സംഗീതം! ശാസ്ത്രീയ സംഗീതത്തിലെ അതിസങ്കീർണമായ ഭാവവിശേഷങ്ങളിലേക്കും ആലാപന സവിശേഷതകളിലേക്കും അതിലൊക്കെ എം എസ് പുലർത്തിയ മൗലികതയിലേക്കും കടന്ന് അതിലൂടെ അവരുടെ ധന്യ ജീവിതത്തെ ഉന്മീലനം ചെയ്യുന്ന രീതിയാണ് ടി ജെ എസ് അനുവർത്തിച്ചത്.

പോത്തൻ ജോസഫിനെയും ലീ ക്യുയാനെയും കൃഷ്ണ മേനോനെയും നർഗീസിനെയും ഒക്കെക്കുറിച്ച് എഴുതുമ്പൊഴും അവരുടെ ജീവിതത്തിലെ അറിയപ്പെടാത്ത സൂക്ഷ്മാംശങ്ങളെ കണ്ടെത്തി അനക്ഡോട്ടുകളുടെ ഭാഷയിലൂടെ അടയാളപ്പെടുത്തുന്ന രീതി അദ്ദേഹം അനുവർത്തിച്ചു.

ബുക്ക്‌

‘ഘോഷയാത്ര’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയാകട്ടെ, തുമ്പമൺകാരനായ ‘സണ്ണി’ മദ്രാസ് ക്രിസ്ത്യൻ കോളേജിലൂടെ, ഫ്രീ പ്രസ്സ് ജേർണലിലൂടെ, ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിലൂടെ, ദ സർച്ച് ലൈറ്റിലൂടെ, ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂവിലൂടെ, ഏഷ്യാ വീക്കിന്റെ സ്ഥാപക പത്രാധിപ സ്ഥാനത്തിലൂടെ, ഇന്ത്യൻ എക്സ്പ്രസിന്റെ ഉപദേഷ്ടാവ്‌ സ്ഥാനത്തിലൂടെ സാർവദേശീയ പത്രാധിപ വ്യക്തിത്വ സ്ഥാനത്തേക്ക് എങ്ങനെ ഉയർന്നു എന്നതിന്റെ ചരിത്രരേഖകൂടിയായി.

ചൈനയിലെ രാഷ്‌ട്രീയ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് അഭിപ്രായം രൂപീകരിച്ച അധികം പത്രാധിപന്മാർ നമുക്കില്ല. എല്ലാവിധ സാമൂഹിക തിന്മകൾക്കുമെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമായിരുന്നിട്ടുണ്ട് ടി ജെ എസിന്റെ പത്രപ്രവർത്തന ജീവിതം. കാൽ നൂറ്റാണ്ടിലേറെ മുടങ്ങാതെ കൊണ്ടുനടന്ന ‘Point of view’ എന്ന പംക്തി നിശിത നിരീക്ഷണങ്ങളുടെ ദൃഷ്ടാന്തമായി വേറിട്ടു നിൽക്കുന്നു.

സ്വതന്ത്ര ഇന്ത്യയിൽ ജയിലിലടയ്ക്കപ്പെട്ട ആദ്യ പത്രാധിപർ എന്ന സ്ഥാനവും ടി ജെ എസിന് അവകാശപ്പെട്ടതാണ്. 1965‐ലെ അന്നത്തെ ബിഹാർ മുഖ്യമന്ത്രിയുമായി വാക്കുകൾകൊണ്ടു നടത്തിയ ഏറ്റുമുട്ടലുകളാണ് അദ്ദേഹത്തെ ജയിലിലാക്കിയത്. അന്നു കോടതിയിൽ ടി ജെ എസിനു വേണ്ടി വാദിക്കാൻ ഹാജരായത്‌ സാക്ഷാൽ വി കെ കൃഷ്ണമേനോനും. രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു മുഖ്യമന്ത്രി അന്നു ടി ജെ എസിനെ ജയിലിലടച്ചത്! രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്‌ക്കപ്പെട്ട സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പത്രാധിപർ! അധികാരത്തോട്‌ സത്യത്തിന്റെ ശക്തമായ ഭാഷയിൽ സംസാരിച്ചതിന്റെ പേരിലുണ്ടായ തിക്താനുഭവം.

ബുക്ക്‌

‘സർച്ച് ലൈറ്റി’ന്റെ എഡിറ്ററായിരിക്കെ പട്നയിലെ വിദ്യാർഥി പ്രക്ഷോഭങ്ങളെ പിന്തുണച്ചതിന്റെ പേരിൽ ടി ജെ എസ് അറസ്റ്റിലായ കാര്യവും ഇതോടു ചേർത്തുപറയണം.

പത്രപ്രവർത്തന രംഗത്ത് ഉയർന്ന ധാർമിക മൂല്യങ്ങളുള്ള പല തലമുറകളെ വളർത്തിയെടുത്ത മഹാപത്രാധിപരാണ്‌ ടി ജെ എസ്. അദ്ദേഹം മുൻകൈയെടുത്തു സ്ഥാപിച്ച ഏഷ്യൻ സ്കൂൾ ഓഫ് ജേർണലിസത്തിലൂടെയും പല പത്രങ്ങളിലൂടെയും വളർന്നുവന്ന നിരവധിപേർ അദ്ദേഹത്തിനു ശിഷ്യരായുണ്ട്. എന്നാൽ ടി ജെ എസ് ഉയർത്തിപ്പിടിച്ച ഉന്നത മാനവിക മൂല്യങ്ങളും ധാർമിക മൂല്യങ്ങളും പത്രപ്രവർത്തനരംഗത്ത് എത്രത്തോളം അതിജീവിക്കുന്നു? അത് പരിശോധിക്കുമെങ്കിൽ അതാവും ടി ജെ എസിനു നൽകാവുന്ന ഉചിതമായ അന്ത്യാഞ്ജലി .




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home