ad
Deshabhimani

അനന്തരം അടൂർ

അടൂർ ഗോപാലകൃഷ്‌ണനൊപ്പം കെ ബി വേണു
avatar
കെ ബി വേണു

Published on Aug 09, 2025, 02:50 PM | 11 min read



A person without the faculty of memory is incapable of imagination and creativity...

--‐ Adoor Gopalakrishnan


അടൂരിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും ന്യൂഡൽഹിയിൽ വച്ചാണ്. 1996‐ൽ അദ്ദേഹത്തിന്റെ ‘കഥാപുരുഷൻ’ എന്ന സിനിമ ഡൽഹിയിൽ പ്രദർശിപ്പിച്ചപ്പോഴായിരുന്നു അത്. അക്കാലത്ത് ദ് ഏഷ്യൻ ഏജ് എന്ന പത്രത്തിൽ സബ് എഡിറ്ററായിരുന്നു ഞാൻ. പത്രത്തിന്റെ സൺഡേ സപ്ലിമെന്റിനു വേണ്ടി അടൂരിനെ ഇന്റർവ്യൂ ചെയ്യണമെന്ന് ആഗ്രഹം തോന്നി. സിനിമയുടെ പ്രദർശനം കഴിഞ്ഞ് ഒരു ദിവസംകൂടി അദ്ദേഹം തലസ്ഥാനത്തുണ്ടാകുമെന്ന് അറിഞ്ഞു. തുടക്കക്കാരനായ ഒരു മാധ്യമപ്രവർത്തകന് അഭിമുഖം അനുവദിക്കുമോ എന്ന ആശങ്കയോടെയാണ് വിളിച്ചത്. പക്ഷേ പിറ്റേന്നു വന്നുകൊള്ളാൻ അദ്ദേഹം പറഞ്ഞു. ഒരു പകൽ മുഴുവൻ നീണ്ട വർത്തമാനം. ഇംഗ്ലീഷ് പത്രമായതുകൊണ്ട് ആംഗലേയത്തിലായിരുന്നു സംസാരം. ‘കഥാപുരുഷൻ’ വരെയുള്ള എല്ലാ സിനിമകളും കണ്ടിട്ടുണ്ടായിരുന്നത് തുണയായി.

അടൂരിന്റെ എട്ടാമത്തെ ഫീച്ചർ ചിത്രമാണ് ‘കഥാപുരുഷൻ.’ എൺപതുകളിലെ കൗമാര യൗവനങ്ങളെ അക്ഷരാർഥത്തിൽ പിടിച്ചുലച്ച ‘അനന്തരം’ അടക്കമുള്ള അടൂർ ക്ലാസിക്കുകൾ അപ്പോഴേക്കും സംഭവിച്ചു കഴിഞ്ഞിരുന്നു. വ്യക്തിപരമായി അന്നും ഇന്നും ഏറ്റവും പ്രിയപ്പെട്ട അടൂർ ചിത്രം ‘അനന്തരം’ ആയതുകൊണ്ട് ആ സിനിമയെ ചുറ്റിപ്പറ്റി ഒരുപാടുനേരം സംസാരിച്ചു. ഒരു ചെറുപ്പക്കാരന്റെ വിഹ്വലമാനസികാവസ്ഥയുടെ ഒട്ടൊക്കെ സർറിയലിസ്റ്റിക്കായ ആവിഷ്‌കാരം എന്ന രീതിയിലാണ് ആ അഭിമുഖത്തിനു മുമ്പുവരെ ‘അനന്തര’ത്തെ മനസ്സിലാക്കി വച്ചിരുന്നത്. പക്ഷേ ആ ധാരണ തിരുത്തിക്കൊണ്ട് സംവിധായകൻ പറഞ്ഞു ‐ ‘Anantharam is about story telling’ (കഥ പറച്ചിലിനെക്കുറിച്ചുള്ള സിനിമയാണ് അനന്തരം). പിന്നീട് ഓരോ തവണ ‘അനന്തരം’ കാണുമ്പോഴും അക്കാര്യം കൂടുതൽ കൂടുതൽ ബോധ്യപ്പെട്ടു.

ഫോട്ടോ: ഷിബിൻ ചെറുകര അടൂർ ഗോപാലകൃഷ്‌ണനൊപ്പം കെ ബി വേണു ഫോട്ടോ: ഷിബിൻ ചെറുകര

“എന്റെ പേര് അജയൻ. അജയകുമാർ എന്നും വിളിക്കാറുണ്ട്”– ഇങ്ങനെ കേന്ദ്രകഥാപാത്രത്തിന്റെ ആത്മകഥാ കഥനത്തിലൂടെയാണല്ലോ സിനിമ തുടങ്ങുന്നത്. പിന്നീട് അജയന്റെ ബാല്യകൗമാരങ്ങളിലേക്ക്‌ പലതരത്തിൽ, പല വഴികളിലൂടെ സിനിമ സഞ്ചരിക്കുന്നു. അജയന് എന്താണ് സംഭവിച്ചതെന്ന് പ്രേക്ഷകനോട് പറയാതെയാണ് അടൂർ സിനിമ അവസാനിപ്പിക്കുന്നത്.

“ഈ കഥയ്‌ക്ക്‌ ഇനിയും പൂർണത കൈവന്നിട്ടുണ്ടോ എന്നെനിക്കറിയില്ല. ഓർക്കാത്തതും പറയാത്തതും ബാക്കിയുണ്ടെന്നു തോന്നുന്നു.”

ഒറ്റ, ഇരട്ട സംഖ്യകൾ എണ്ണിക്കൊണ്ട് ഒരു പുഴയുടെ കൽപ്പടവുകളിറങ്ങിപ്പോകുന്ന ബാലനായ അജയനിൽ സിനിമ അവസാനിക്കുന്നു.

അഭിമുഖത്തിലേക്ക്‌ തിരിച്ചുവരാം. പ്രായത്തിന്റെ അപക്വത കൊണ്ടാകാം, ചില മണ്ടൻ ചോദ്യങ്ങൾ ഞാൻ ചോദിച്ചെന്നു തോന്നുന്നു.

“ഇതുവരെ ചെയ്‌ത സിനിമകളിൽ ഏതെങ്കിലും നന്നായില്ല എന്നു തോന്നുന്നുണ്ടോ?” എന്നതായിരുന്നു ഏറ്റവും വലിയ വിഡ്ഢിചോദ്യം. ഏതാനും നിമിഷങ്ങൾ എന്റെ മുഖത്തേക്ക്‌ നോക്കിയതിനു ശേഷം ഒരു പ്രത്യേക ഭാവത്തോടെ അടൂർ പറഞ്ഞു–“Even you don’t understand what I am saying.” അതോടെ അഭിമുഖം തീരുമെന്നാണ് കരുതിയത്. പക്ഷേ അടൂർ ശാന്തനായി പിന്നെയും സംസാരിച്ചു. വൈകുന്നേരത്തിനു മുമ്പേ ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു.


ചെറിയ കാസറ്റ് റെക്കോഡറിൽ അഭിമുഖം പകർത്തിയിരുന്നു. ഒരു വലിയ കൊടുമുടി കീഴടക്കിയ ആവേശത്തിൽ നഗരത്തിലെ എന്റെ കുടുസ്സു മുറിയിലേക്കോടി എത്രയും വേഗം അഭിമുഖം അക്ഷരരൂപത്തിലാക്കി. ഏഷ്യൻ ഏജിന്റെ സൺഡേ സപ്ലിമെന്റിൽ ഫുൾ പേജിലാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്. ‘Medium is the Message’ എന്നായിരുന്നു അതിന്റെ ഹെഡ് ലൈൻ. മാധ്യമപ്രവർത്തന ജീവിതത്തിൽ ഒരു ചലച്ചിത്രകാരനുമായി നടത്തിയ ആദ്യ അഭിമുഖം അടൂരുമായിട്ടുള്ളതാണെന്നത് സ്വകാര്യ അഹങ്കാരം.

വിദേശയാത്രയിലായിരുന്ന അടൂരിന് പത്രം അയച്ചുകൊടുക്കാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടത്തിലിരിക്കേ, രണ്ടു മാസത്തിനു ശേഷം ഓഫീസിലേക്ക്‌ ഒരു കത്തു വന്നു. അടൂരിന്റെ കത്ത്. അദ്ദേഹം പത്രം കണ്ടിരിക്കുന്നു. വിമാനയാത്രയ്‌ക്കിടെ ഒരു ഫ്രഞ്ചുകാരൻ വഴിയാണത്രേ അതു സംഭവിച്ചത്.

“അഭിമുഖം നന്നായി എന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ...” എന്നെഴുതിക്കൊണ്ട് അഞ്ചു വാക്യം മാത്രമുള്ള കത്ത് അടൂർ ഉപസംഹരിച്ചു. ആ കത്തും അഭിമുഖം അച്ചടിച്ചുവന്ന പത്രവും നിധിപോലെ സൂക്ഷിച്ചു വച്ചതാണ്. പല വീടുമാറ്റങ്ങൾക്കിടെ രണ്ടും അപ്രത്യക്ഷമായി. ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം വരും. ഏതെങ്കിലും പഴയ ഫയലുകളിൽ നിന്ന് അവ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടേക്കാം എന്ന പ്രതീക്ഷ കൈവിട്ടിട്ടുമില്ല, മൂന്ന്‌ പതിറ്റാണ്ട്‌ കഴിഞ്ഞെങ്കിലും.

‘കഥാപുരുഷ’ന്റെ ലൊക്കേഷനിൽ അടൂർ ‘കഥാപുരുഷ’ന്റെ ലൊക്കേഷനിൽ അടൂർ

2004‐ൽ അടൂരിന് ദാദാ സാേഹബ് ഫാൽക്കെ അവാർഡ് ലഭിച്ചു. അപ്പോേഴക്കും ഇന്ത്യൻ എക്‌സ്‌പ്രസ് വഴി ഞാൻ കൈരളി ടിവിയിൽ എത്തിയിരുന്നു. ഒരു സന്ധ്യയ്ക്ക് ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ പോകാൻ തുടങ്ങുമ്പോഴാണ് ഏതോ ഇംഗ്ലീഷ് ചാനലിൽ അവാർഡ് വാർത്ത ഫ്ലാഷ് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടത്. അപ്പോൾത്തന്നെ അടൂരിനെ ലാൻഡ് ഫോണിൽ വിളിച്ചു. രണ്ടാമത്തെ റിങ്ങിൽ അടൂർ ഫോണെടുത്തു. പീപ്പിൾ ടിവിയുടെ രാത്രി ചർച്ചയായ ന്യൂസ് ആൻഡ് വ്യൂസിൽ അതിഥിയായെത്തണമെന്ന് അഭ്യർഥിച്ചു. മറ്റൊരു പ്രമുഖ ചാനലും ക്ഷണിച്ചിട്ടുണ്ടല്ലോ എന്ന് അടൂർ പറഞ്ഞു. അവരുടെ ഷോ ടൈം പീപ്പിളിന്റെ പരിപാടിക്കു ശേഷമാണെന്നറിയാമായിരുന്നതുകൊണ്ട് കൃത്യസമയത്ത് ആ ചാനലിൽ എത്തിക്കാമെന്നു വാക്കുകൊടുത്തു. അടൂർ സമ്മതിച്ചു. അന്ന് കൈരളി പീപ്പിളിന്റെ ന്യൂസ് ഡയറക്ടറായിരുന്ന പ്രഭാവർമ സാറിന്റെ മുന്നിൽ വച്ചായിരുന്നു ഇതെല്ലാം നടന്നത്. “വേണു തന്നെ ഇന്ന് ന്യൂസ് ആൻഡ് വ്യൂസ് ആങ്കർ ചെയ്‌താൽ മതി” എന്ന് അദ്ദേഹം നിർദേശിച്ചു. പെട്ടെന്നുതന്നെ അടൂരിന്റെ ഒരു പ്രൊഫൈൽ സ്റ്റോറി തയ്യാറാക്കി. അന്നു രാത്രിയിൽ പങ്കെടുക്കേണ്ട അതിഥികളെ നേരത്തെ നിശ്ചയിച്ചിട്ടുണ്ടായിരുന്നു. ആകെയുള്ള ഒരു മണിക്കൂറിൽ ആദ്യത്തെ അര മണിക്കൂർ അടൂരിനും ബാക്കി സമയം മറ്റുള്ളവർക്കും എന്ന ധാരണയിലെത്തി.


അടൂർ കൃത്യസമയത്തെത്തി. ഷോ തുടങ്ങി. ആദ്യം പ്രൊഫൈൽ പ്ലേ ചെയ്‌തു. ഓരോ സിനിമയെയും കുറിച്ച്‌ സംസാരിച്ചുതുടങ്ങി. അര മണിക്കൂർ കടന്നുപോയതറിഞ്ഞില്ല. ഉപസംഹരിക്കാൻ ഒരുങ്ങുമ്പോൾ എന്റെ കാതിൽ പിസിആറിൽ നിന്നുള്ള സന്ദേശമെത്തി. ഇപ്പോൾ 24 ചാനലിൽ ജോലി ചെയ്യുന്ന യു പ്രദീപായിരുന്നു അന്നത്തെ ഷോയുടെ പ്രൊഡ്യൂസർ. പ്രദീപ് പറഞ്ഞു– “അടുത്ത അരമണിക്കൂറിലേക്കുള്ള ഗസ്റ്റുകളെ കാര്യം പറഞ്ഞു മനസ്സിലാക്കി പറഞ്ഞയച്ചിട്ടുണ്ട്. അവരെ നാളെ വിളിക്കാം. വേണു അരമണിക്കൂർ കൂടി അടൂരിനെ എൻഗേജ് ചെയ്‌തോളൂ. തിരുവനന്തപുരത്തെ മീഡിയ മുഴുവൻ നമ്മുടെ ഓഫീസിനു മുന്നിൽ അദ്ദേഹത്തെ കാത്തു നിൽക്കുകയാണ്.”

വർത്തമാനത്തിൽ മുഴുകിപ്പോയ അടൂർ സമയത്തെക്കുറിച്ചൊന്നും ഓർത്തില്ല. അര മണിക്കൂർകൂടി സംസാരിച്ചു. ഷോ കഴിഞ്ഞ് അദ്ദേഹം പുറത്തിറങ്ങിയത് ചാനൽ ക്യാമറകളുടെ നടുവിലേക്കായിരുന്നു. മാധ്യമ ജീവിതത്തിലെ മറ്റൊരു അനർഘനിമിഷം.

പിറ്റേന്ന് ഈ സന്തോഷം വലിയ സങ്കടത്തിനു വഴിമാറിയെന്നത് മറ്റൊരു കാര്യം. അക്കാലത്ത് ‘സമകാലികം’ എന്ന പ്രതിവാര വാർത്താപരിപാടിയുടെ പ്രൊഡ്യൂസറും അവതാരകനുമായിരുന്നു ഞാൻ. ‘സമകാലിക’ത്തിൽ അടൂരുമായുള്ള അഭിമുഖത്തിന്റെ ഒരു ഭാഗം കൊടുക്കണമെന്നാഗ്രഹിക്കുക സ്വാഭാവികമാണല്ലോ. അതു സംഘടിപ്പിക്കാൻ വേണ്ടി വിഷ്വൽ എഡിറ്ററെ വിളിച്ചു. അവൻ പറഞ്ഞു–“ചേട്ടാ, സ്‌പേസിന്റെ പരിമിതി കാരണം ന്യൂസ് ആൻഡ് വ്യൂസ് നമ്മൾ റെക്കോഡ് ചെയ്‌ത്‌ സൂക്ഷിക്കാറില്ല. ഷോ കഴിഞ്ഞതിന്റെ പിറ്റേന്നു തന്നെ ഡിലീറ്റ് ചെയ്യും.”

‘അനന്തര’ത്തിന്റെ ചിത്രീകരണ വേളയിൽ അടൂരും ശോഭനയും‘അനന്തര’ത്തിന്റെ ചിത്രീകരണ വേളയിൽ അടൂരും ശോഭനയും

എന്റെ കണ്ണിൽ ഇരുട്ടുകയറി. അതുവരെയുള്ള ദൃശ്യമാധ്യമ പ്രവർത്തനത്തിലെ ഏറ്റവും നല്ല ഒരനുഭവം എഡിറ്റിങ് മെഷീന്റെ ഡിലീറ്റ് ബട്ടണിലൂടെ വിസ്മൃതമായിരിക്കുന്നു.

പക്ഷേ ഈ സംഭവം പിന്നീട് ഏറ്റവും അഭിമാനകരമായ ഒരു മാധ്യമസ്മരണയ്‌ക്കു വഴിമാറിയെന്ന കാര്യംകൂടി പറയാതെ വയ്യ. 2006‐ൽ കൈരളിയിൽനിന്ന് രാജിവച്ച് തൃശൂരിൽ താമസമാക്കിയിരുന്നു ഞാൻ. ഒരു നട്ടുച്ചനേരത്ത് തൃശൂർ സ്വരാജ് റൗണ്ടിലൂടെ നടക്കുമ്പോൾ കൈരളി ടിവിയിലെ സഹപ്രവർത്തകനും പ്രശസ്‌ത ക്യാമറാമാനുമായ ഷാജി പട്ടണത്തിന്റെ ഫോൺ വന്നു. മനോരമയുടെ ടെലിവിഷൻ ചാനൽ തുടങ്ങുന്നതിന്റെ പ്രാരംഭ ഘട്ടമായി അവർ തെരഞ്ഞെടുത്ത മാധ്യമപ്രവർത്തകർക്കുള്ള ക്യാമ്പ്‌ നടക്കുകയായിരുന്നു അപ്പോൾ. കൈരളി ടിവി അടക്കമുള്ള പല ചാനലുകളിൽ നിന്നുമുള്ള മാധ്യമപ്രവർത്തകർ അവിടെ ചേർന്നിട്ടുണ്ട്. ക്യാമ്പിന്റെ ഇന്റർവെൽ സമയത്താണ് ഷാജി വിളിച്ചത്. അടൂരിന്റെ ഒരു സെഷൻ കഴിഞ്ഞതേയുള്ളൂ. അഭിമുഖസംഭാഷണങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾക്കിടെ തീരെ തയ്യാറെടുപ്പില്ലാതെ ഇന്റർവ്യൂ ചെയ്യുന്ന മാധ്യമപ്രവർത്തകരെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. “സാറിന്റെ ആദ്യത്തെ സിനിമ ഏതാണ്?” എന്നൊക്കെ അടൂരിനെപ്പോലുള്ളവരോടു ചോദിക്കുന്നവരുണ്ട്. നല്ല തയ്യാറെടുപ്പോടെ അഭിമുഖം ചെയ്യുന്നവരുടെ കൂട്ടത്തിൽ അദ്ദേഹം സൂചിപ്പിച്ച ഒരു പേര് എന്റേതായിരുന്നുവത്രേ. ഫാൽക്കെ അവാർഡ് കിട്ടിയ ദിവസം നടന്ന, ഡിലീറ്റ് ചെയ്യപ്പെട്ട, ആ അഭിമുഖത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത് എന്ന് ഷാജി പറഞ്ഞു. “എന്റെ എല്ലാ സിനിമകളും അയാൾ കണ്ടിരുന്നു” എന്നാണ് അദ്ദേഹം പറഞ്ഞതത്രേ. അതു കേട്ടതിന്റെ ആഹ്ലാദത്തിലാണ് ഷാജി വിളിച്ചത്. ശൂന്യതയിൽ വിലയിച്ചുപോയ ആ അഭിമുഖത്തെക്കുറിച്ചുള്ള സങ്കടം അതോടെ ഇല്ലാതായി. നട്ടുച്ച വെയിൽ നിലാക്കുളിരായി.

പ്രഭാവർമ

ഔദ്യോഗികമായി വിട്ടുപോന്നെങ്കിലും സിനിമാ സംബന്ധിയായ ഒരു പ്രോഗ്രാം ചെയ്യണമെന്ന് എന്നോട് കൈരളി ആവശ്യപ്പെട്ടത് ആ വർഷം തന്നെയാണ്. അങ്ങനെയാണ് മാജിക് ലാന്റേൺ എന്ന പ്രതിവാര പരിപാടി തുടങ്ങുന്നത്. ക്ലാസിക് സിനിമകളെ പരിചയപ്പെടുത്തുന്ന ഒരു ഷോ ആയിരുന്നു അത്. വലിയ പ്ലാസ്മ സ്‌ക്രീനും ട്രോളിയിൽ നീങ്ങുന്ന ക്യാമറയുമൊക്കെയായി (മൂന്ന്‌ ക്യാമറകൾ ഉണ്ടായിരുന്നു) കഴിയുന്നത്ര ആകർഷകമായി അവതരിപ്പിക്കണമെന്ന് തീരുമാനിച്ച മാജിക് ലാന്റേണിന്റെ ആദ്യ എപ്പിസോഡിൽ സത്യജിത് റായിയുടെ ‘പഥേർ പഞ്ചാലി’യായിരിക്കണം പരാമർശ വിഷയമെന്നു തീരുമാനിച്ചു. ഒന്നാം എപ്പിസോഡിൽ അടൂർ സാറും കെ ജി ജോർജ് സാറും ഉണ്ടാകണം എന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. അടൂർ സർ ആ സമയത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സ്വന്തം സിനിമകളുടെ പ്രിന്റുകളുമായോ സൗണ്ട് ട്രാക്കുകളുമായോ ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ തിരക്കിലായിരുന്നു. ഞങ്ങൾ നിശ്ചയിച്ച ഷൂട്ടിങ് ഡേറ്റിന്റെ പിറ്റേന്ന് അദ്ദേഹത്തിന് പോളണ്ടിലേക്ക്‌ പോകുകയും വേണം. അത്രയും തിരക്കുകളുണ്ടായിട്ടും അദ്ദേഹം സ്റ്റുഡിയോയിൽ വന്നു. ജോർജ്‌ സാർ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു. എല്ലാം ഭംഗിയായി നടന്നു. ആ വർഷം മികച്ച അവതാരകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിത്തന്നത് മാജിക് ലാന്റേണിന്റെ ഈ ആദ്യ എപ്പിസോഡ് ആയിരുന്നു.

സത്യജിത്‌ റായ്‌ സത്യജിത്‌ റായ്‌

അന്ന് ഷൂട്ടിങ്ങിന്റെ ഇടവേളയിൽ ഞാൻ സാറിനോട് ഒരു കുരുത്തക്കേട് ചോദിച്ചു. സിനിമയുടെ സൂക്ഷ്മാംശങ്ങളിലുള്ള അടൂരിന്റെ നിഷ്‌കർഷയെക്കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. ഏതോ സിനിമയുടെ റീ റെക്കോഡിങ് നടക്കുകയാണ്. ഒരു പാത്രത്തിൽനിന്ന് ഗ്ലാസിലേക്ക്‌ ചായ പകരുമ്പോഴുണ്ടാകുന്ന ശബ്ദമാണ് റെക്കോഡ് ചെയ്യുന്നത്. എത്ര തവണ ചായ പകർന്നിട്ടും അടൂരിന് തൃപ്തിയാകുന്നില്ല. അവസാനം അദ്ദേഹം ചോദിച്ചു–“നിങ്ങൾ മധുരമിട്ട ചായയാണോ പകരുന്നത്?’’മധുരമിട്ട ചായയാണ് എന്ന് മറുപടി വന്നു.

അടൂർ പറഞ്ഞു– “അതാ കുഴപ്പം. ഈ കഥാപാത്രം മധുരമില്ലാത്ത ചായയാണ് കഴിക്കുക.”മധുരമില്ലാത്ത ചായ വന്നു. ടേക്ക്‌ ഓകെ ആയി.

അടൂരിനെക്കുറിച്ചു പ്രചരിക്കുന്ന ഒരു തമാശ എന്ന നിലയിലാണ് ഞാൻ ഇക്കാര്യം പറഞ്ഞത്. പക്ഷേ അടൂർ സീരിയസ് ആയി.

“അത് നടന്ന സംഭവമാ. കഥയല്ല. നിങ്ങൾക്കറിയാൻ വയ്യാഞ്ഞിട്ടാണ്. രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്.”അത്രയ്‌ക്ക്‌ സൂക്ഷ്മമാണ് ചലച്ചിത്രകലയുടെ വിവിധ മേഖലകളിൽ അടൂരിന്റെ നിരീക്ഷണങ്ങൾ.

ഇതെഴുതുമ്പോൾ ഓർമ വരുന്നത് അടൂരിന്റെ ആദ്യ സിനിമയായ ‘സ്വയംവര’ത്തിലെ ശബ്ദപഥത്തെക്കുറിച്ചാണ്. അന്തരീക്ഷത്തിന്റെ ശബ്ദം എന്നൊന്നുണ്ടെന്ന് മലയാളിയെ ആദ്യമായി ബോധ്യപ്പെടുത്തിയത് അടൂരാണ്. ‘സ്വയംവര’ത്തിലെ കേന്ദ്രകഥാപാത്രങ്ങളായ വിശ്വവും സീതയും തീക്ഷ്ണമായ റൊമാന്റിക് മൂഡിൽ ശാരീരികബന്ധത്തിലേർപ്പെടാൻ തുടങ്ങുകയാണ് എന്ന സൂചന പ്രേക്ഷകനു ലഭിക്കുമ്പോൾ പുറത്ത് ഒരു സംഘമാളുകൾ ഭജന പാടിക്കൊണ്ടു പോകുന്നതിന്റെ ശബ്ദം കേൾക്കുന്നുണ്ട്. അടൂർ അതിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നു– “There, I equate sex with bhakti.”


മാതാപിതാക്കളുടെ സമ്മതമില്ലാതെ ഒളിച്ചോടിപ്പോന്ന് ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച വിശ്വത്തിന്റെയും സീതയുടെയും സ്വകാര്യനിമിഷങ്ങളെ സമൂഹത്തിന്റെ കപടസദാചാരബോധം തടസ്സപ്പെടുത്തുന്നു എന്നു കാണിക്കാനാകണം ഭജനയുടെ സൗണ്ട് ട്രാക്ക് ഉപയോഗിച്ചത്. സ്വയംവരം എന്ന പദത്തെ രണ്ടു തലങ്ങളിലാണ് അടൂർ സിനിമയിൽ വ്യാഖ്യാനിക്കുന്നത്. സ്വയംവരം എന്ന വാക്ക് പുരാണകഥകളിൽ നമ്മൾ പലകുറി കേട്ടിട്ടുണ്ട്. ഒരു രാജകുമാരി അവൾക്കിഷ്ടമുള്ള രാജാവിനെ അല്ലെങ്കിൽ രാജകുമാരനെ വരണമാല്യമിട്ട് സ്വയം വരിക്കുന്നതാണ് സ്വയംവരം. വിവാഹവുമായി ബന്ധപ്പെട്ട പദമായാണ് സ്വയംവരം നമുക്കുള്ളിൽ പതിഞ്ഞിരിക്കുന്നത്. ‘One’s Own Choice’ എന്നാണ് സ്വയംവരം എന്ന സിനിമയുടെ ഇംഗ്ലീഷ് ടൈറ്റിൽ. വരുംവരായ്കകളെക്കുറിച്ച് ആശങ്കപ്പെടാതെ ഒരാൾ സ്വയമെടുക്കുന്ന തീരുമാനം.

സിനിമയിലെ നായികയുടെ പേര് സീത എന്നാണ്. അഭ്യസ്‌തവിദ്യയായ ആ യുവതി സ്വന്തം ഇഷ്ടപ്രകാരം വിശ്വനാഥൻ എന്ന തൊഴിൽരഹിതനായ ചെറുപ്പക്കാരനൊപ്പം ജീവിക്കാൻ തീരുമാനിച്ച് തിരുവനന്തപുരത്തെത്തുന്നതോടെയാണ് സിനിമ തുടങ്ങുന്നത്.അയാളും ബിരുദധാരിയാണ്.എവിടെനിന്നാണ് അവർ വരുന്നതെന്ന് അറിയില്ല. വൈകാരികമായ പരസ്‌പരാശ്രിതത്വമാണ് അവരെ നിലനിർത്തുന്നത് എന്നു തുടക്കംമുതലേ സംവിധായകൻ നമ്മെ ബോധ്യപ്പെടുത്തുന്നു. എല്ലാ കഷ്ടപ്പാടുകൾക്കിടയിലും അവരെ ബന്ധിപ്പിച്ചു നിർത്തുന്നത് പ്രണയമാണ്.

വളരെ റൊമാന്റിക്കായ ഒരു സ്വപ്‌നരംഗം ചിത്രത്തിന്റെ തുടക്കത്തിലുണ്ട്. ആറു മിനിറ്റോളം ദൈർഘ്യമുള്ള ആ സീക്വൻസ് ഒരു കടൽത്തീരത്താണ് ചിത്രീകരിച്ചിരിക്കുന്നത്. ‘ഭാർഗവീനിലയം’ എന്ന ചിത്രത്തിലെ ‘അറബിക്കടലൊരു മണവാളൻ...’ എന്ന പാട്ടിനെ ഈ സീക്വൻസിലെ ചില ഷോട്ടുകൾ ഓർമിപ്പിക്കുന്നു. ‘ചെമ്മീൻ’ എന്ന ചിത്രത്തിന്റെ അന്ത്യഭാഗത്ത് പരീക്കുട്ടിയും കറുത്തമ്മയും കടപ്പുറത്ത് മരിച്ചു കിടക്കുന്നതിനെ ഓർമിപ്പിക്കുന്ന ഒരു ഷോട്ടും ഈ സീക്വൻസിലുണ്ട്. (പരീക്കുട്ടിയായും വിശ്വമായും പകർന്നാട്ടം നടത്തിയത് മധു തന്നെയാണെന്നത് യാദൃച്ഛികമാണോ?)

‘സ്വയംവര’ത്തിൽ മധു, ശാരദ ‘സ്വയംവര’ത്തിൽ മധു, ശാരദ

സിനിമയിലെ ചില റൊമാന്റിക് താരജോഡികളുടെ പോസ്റ്ററുകളും ഈ സീക്വൻസിൽ പ്രത്യക്ഷപ്പെടുന്നു. വിശ്വവും സീതയും താമസിക്കുന്ന വാടകവീടിന്റെ ചുമരിൽ സീതാദേവിയുടെയും ശ്രീരാമന്റെയും ചിത്രവും കാണാം. വിശ്വവും സീതയും പതിയെപ്പതിയെ തിരിച്ചറിയാനിരിക്കുന്ന നിറംകെട്ട ജീവിതാനുഭവങ്ങളിലേക്കുള്ള ചൂണ്ടുപലകകളാണ് ഈ ഇമേജുകളെന്ന് പോകെപ്പോകെ പ്രേക്ഷകനു ബോധ്യപ്പെടുന്നു.

അടൂരിന്റെ പല പിൽക്കാല ചിത്രങ്ങളിലെയും നായക കഥാപാത്രങ്ങളെപ്പോലെ വിശ്വവും ധീരതയില്ലാതെയാണ് പെരുമാറുന്നത്. സീത കൂടുതൽ ധൈര്യത്തോടെ ജീവിതയാഥാർഥ്യങ്ങളെ അവസാനംവരെ നേരിടുന്നു. വിശ്വം മരിച്ചതിനു ശേഷം ആരെയും ആശ്രയിക്കാതെ ഒറ്റയ്‌ക്കു ജീവിക്കാൻ തീരുമാനിക്കുന്ന സീത പ്രേക്ഷകരിലേക്ക്‌ തീക്ഷ്ണമായി നോക്കുമ്പോഴാണ് സിനിമ അവസാനിക്കുന്നത്. സീതയ്‌ക്ക്‌ അങ്ങനെയൊരു തീരുമാനമെടുക്കാനേ കഴിയൂ. കാരണം അവൾ സ്വയം വരിച്ചതാണ് ആ ജീവിതത്തെ.


ആദ്യസിനിമയുടെ പേര് അടൂരിന്റെ സിനിമാജീവിതത്തോടും ചേർന്നു നിൽക്കുന്നു. കച്ചവട സിനിമയുടെ പിറകെ പോകാതെ, തികച്ചും ക്ലേശഭരിതമാകുമെന്നുറപ്പുള്ള ഒരു ചലച്ചിത്രരഥ്യ സ്വയം വരിക്കുകയായിരുന്നല്ലോ അടൂർ.

ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിൽ മലയാള സാഹിത്യത്തിലെ മികച്ച കൃതികൾക്ക് ചലച്ചിത്രാവിഷ്‌കാരം നൽകിക്കൊണ്ട് കെ എസ് സേതുമാധവൻ, എ വിൻസെന്റ്‌, പി ഭാസ്‌കരൻ തുടങ്ങിയവർ വലിയൊരു മാറ്റത്തിന് നാന്ദി കുറിച്ചു. പക്ഷേ തികച്ചും സിനിമാറ്റിക് ആയ ചലച്ചിത്രഭാഷ അവർ കണ്ടെത്തിയിരുന്നു എന്നു പറയുക വയ്യ. 1972‐ൽ ‘സ്വയംവരം’ പുറത്തുവരുന്നതോടെയാണ് നവീനമായ ഒരു ചലച്ചിത്രഭാഷയുടെ അക്ഷരമാല മലയാളികൾ പഠിക്കുന്നത്. അറുപതുകളിലെയും എഴുപതുകളിലെയും നല്ല സിനിമകൾക്കിടയിൽ ഒരു പാലം നിർമിച്ച ഒരു സിനിമയെ ഓർമിക്കാതെ വയ്യ– പി എൻ മേനോൻ സംവിധാനം ചെയ്‌ത ‘ഓളവും തീരവും’ (1970). മലയാള സിനിമയെ സ്റ്റുഡിയോകളുടെ ചുമരുകളിൽ നിന്നു മോചിപ്പിക്കുകയായിരുന്നു പി എൻ മേനോൻ. പക്ഷേ സാങ്കേതികമായും കലാപരമായും ‘സ്വയംവരം’ കുറേക്കൂടി വിപ്ലവകരമായി മുന്നോട്ടുപോയി. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും അസ്വസ്ഥവും പ്രക്ഷുബ്ധവുമായ എഴുപതുകളുടെ ചരിത്രരേഖ കൂടിയാണ് ‘സ്വയംവരം.’ തൊഴിലില്ലായ്‌മയായിരുന്നു പ്രധാന പ്രശ്നം. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യൻ ജനത പൊതുവിൽ നേരിട്ട പല പ്രതിസന്ധികളെക്കുറിച്ചും– രണ്ടു വ്യക്തികളെ കേന്ദ്രീകരിക്കുന്ന പ്രമേയമായിരുന്നിട്ടുപോലും– ‘സ്വയംവരം’ പ്രത്യക്ഷമായും പരോക്ഷമായും പരാമർശിക്കുന്നുണ്ട്.

‘സ്വയംവര’ത്തിന്റെ ചിത്രീകരണം ‘സ്വയംവര’ത്തിന്റെ ചിത്രീകരണം

വിശ്വനാഥന് ഒരെഴുത്തുകാരനാകാനാണ് ആഗ്രഹം. പക്ഷേ അയാളെഴുതിയ നോവൽ - ‘നിർവൃതി’ പത്രാധിപന്മാർ നിരസിക്കുന്നു. അയാൾ ഒരു ട്യൂട്ടോറിയൽ കോളേജിൽ അധ്യാപകനാകുന്നു. നഷ്ടത്തിലോടുന്ന ആ സ്ഥാപനത്തിലെ ജോലി താമസിയാതെ അയാൾക്കു നഷ്ടമാകുന്നു. പിന്നീട് അയാൾക്ക് ഒരു തടിമില്ലിലെ കണക്കെഴുത്തുകാരനാകേണ്ടി വരുന്നു. ഒരു സെയിൽസ് ഗേളിന്റെ ജോലിക്കുവേണ്ടി ശ്രമിക്കുന്ന സീതയോട് ആ സ്ഥാപനം ആയിരം രൂപ സെക്യൂരിറ്റി തുകയായി കെട്ടിവയ്‌ക്കണമെന്ന് ആവശ്യപ്പെടുന്നു. വലിയ സ്വപ്‌നങ്ങളോടെ നഗരത്തിൽ ചേക്കേറിയ അഭ്യസ്‌തവിദ്യരായ വിശ്വത്തിന്റെയും സീതയുടെയും ജീവിതം പടിപടിയായി തകരുന്നു.

വിശ്വം ഒരു രാഷ്‌ട്രീയജീവിയല്ല എന്ന് അടൂർ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ഒരുപാടു സമരങ്ങൾ നടക്കുന്ന തലസ്ഥാന നഗരത്തിൽ ഒരു പ്രതിഷേധജാഥ കടന്നുപോകുമ്പോൾ അതിൽ പങ്കെടുക്കാതെ നടന്നുപോകുന്ന വിശ്വത്തെ ഒരു സീക്വൻസിൽ കാണാം.

മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിൽ ‘സ്വയംവരം’ തെരഞ്ഞെടുക്കപ്പെട്ടു. മത്സരവിഭാഗത്തിലുള്ള എല്ലാ സിനിമകൾക്കും എന്തെങ്കിലുമൊക്കെ പുരസ്‌കാരങ്ങൾ നൽകുന്ന പതിവാണ് മോസ്‌കോ ഫിലിം ഫെസ്റ്റിവലിനുണ്ടായിരുന്നത്. ആ വർഷം ഒരവാർഡുപോലും ലഭിക്കാതിരുന്ന ഒരേയൊരു സിനിമ ‘സ്വയംവരം’ ആയിരുന്നു.

‘സ്വയംവര’വും അടൂരും വീണ്ടും അവഹേളിക്കപ്പെട്ടു. ആ ഫെസ്റ്റിവലിന് മോസ്‌കോയിലുണ്ടായിരുന്ന അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം ജി രാമചന്ദ്രൻ ചെന്നൈയിൽ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോടു പറഞ്ഞത്, ‘സ്വയംവരം’ ഇന്ത്യയുടെ ദാരിദ്ര്യത്തെ വിദേശത്തു വിറ്റു കാശുണ്ടാക്കാൻ ശ്രമിക്കുന്നു എന്നാണ്. മോസ്‌കോയിൽ അടൂരും എം ജി ആറും ഒരേ ഹോട്ടലിലാണ് താമസിച്ചിരുന്നത്. തമിഴും മലയാളവുമൊഴികെ മറ്റൊരു ഭാഷയും അറിയാത്ത എം ജി ആറിന്റെ മോസ്‌കോയിലെ വാർത്താസമ്മേളനം പരിഭാഷപ്പെടുത്തിയത് അടൂരായിരുന്നു. അതിന് അദ്ദേഹം കൊടുത്ത പ്രതിഫലം ഈ ഇകഴ്‌ത്തലായിരുന്നു.

കെ ജി ജോർജ്‌ കെ ജി ജോർജ്‌

ആ വർഷത്തെ ദേശീയ അവാർഡ് തെരഞ്ഞെടുപ്പിലും ‘സ്വയംവര’ത്തെ ചവിട്ടിത്താഴ്‌ത്താൻ ശ്രമമുണ്ടായി. അവാർഡിന്‌ പരിഗണിക്കേണ്ട സിനിമകൾ തെരഞ്ഞെടുക്കാൻ മദ്രാസ് കേന്ദ്രീകരിച്ച് ഒരു പാനൽ ഉണ്ടായിരുന്നു. മലയാളം, തമിഴ്, കന്നഡ, തെലുഗു ഭാഷകളിലെ ചിത്രങ്ങൾ ഈ പാനലാണ് തെരഞ്ഞെടുക്കുക. അടൂരിനെപ്പോലെയുള്ള പുതിയ സംവിധായകരെ പ്രോത്സാഹിപ്പിക്കാൻ താൽപ്പര്യമില്ലാത്ത കടൽക്കിഴവൻമാരായിരുന്നു ആ സംഘത്തിലേറെയും. പോരാത്തതിന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു വന്ന ചലച്ചിത്രപ്രവർത്തകരോട് അവർക്ക് അലർജിയുമുണ്ടായിരുന്നു. ‘സ്വയംവരം’ തെരഞ്ഞെടുക്കപ്പെട്ടില്ല. അന്ന് ദേശീയ ചലച്ചിത്ര അവാർഡ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന രമേശ് ഥാപ്പർക്ക് അടൂർ ഒരു പേജ് ദൈർഘ്യമുള്ള ടെലിഗ്രാം സന്ദേശമയച്ചു. സെലക്ഷൻ പാനൽ ‘സ്വയംവരം’ കാണണം എന്ന അഭ്യർഥനയായിരുന്നു അത്. ഒരു പ്രതികരണവുമുണ്ടായില്ല.

പക്ഷേ ദിവസങ്ങൾക്കു ശേഷം തിരുവനന്തപുരത്ത് സുഹൃത്തുക്കൾക്കൊപ്പം അടൂർ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ റേഡിയോയിലൂടെ ഒരു വാർത്ത കേട്ടു. ‘സ്വയംവര’ത്തിന് മികച്ച സിനിമയ്‌ക്കുള്ള ദേശീയ അവാർഡ്. മികച്ച സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ. മികച്ച നടി ശാരദ. മികച്ച ഛായാഗ്രാഹകൻ മങ്കട രവിവർമ.

മലയാള സിനിമയുടെ ചരിത്രത്തിലെ സുവർണ നിമിഷങ്ങളിലൊന്നായിരുന്നു അത്. ദേശീയ അവാർഡുകളുടെ തിളക്കത്തോടെ ‘സ്വയംവരം’ തിയറ്ററുകളിൽ വീണ്ടും റിലീസ് ചെയ്‌തു. പാട്ടുകളോ സ്റ്റണ്ടുകളോ, അന്നത്തെ മലയാള സിനിമയുടെ വ്യാപാരവിജയത്തിന്റെ അവിഭാജ്യ ഘടകമായി കരുതിപ്പോന്ന അടൂർ ഭാസിയോ ഇല്ലാത്ത ‘സ്വയംവരം’ തിയറ്ററുകളിൽ നിറഞ്ഞോടി. നല്ല സിനിമകൾക്ക് പ്രേക്ഷകരുണ്ടാകും എന്ന് അടൂർ തെളിയിച്ചു. പടവെട്ടി നേടിയ വിജയമായിരുന്നു അത്. മലയാള സിനിമയിലെ സുപ്രധാന ചരിത്രസന്ധിയാണത്. മലയാള സിനിമ ‘സ്വയംവര’ത്തിന് മുമ്പും പിമ്പും എന്ന് ചരിത്ര രചയിതാക്കൾക്ക് സംശയം കൂടാതെ രേഖപ്പെടുത്താം.

എം ടി വാസുദേവൻ നായർ സംവിധാനം ചെയ്‌ത ‘നിർമാല്യം’ (1973), അരവിന്ദന്റെ ‘ഉത്തരായണം’ (1974), കെ ജി ജോർജിന്റെ ‘സ്വപ്‌നാടനം’ (1975), പത്മരാജന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്‌ത ‘പ്രയാണം’ (1975) തുടങ്ങി മലയാള സിനിമയിലെ നാഴികക്കല്ലുകളായി മാറിയ നിരവധി ചിത്രങ്ങൾ തുടർന്ന് പുറത്തു വന്നു. എഴുപതുകളും എൺപതുകളും നല്ല സിനിമയ്‌ക്ക്‌ വളക്കൂറുള്ള മണ്ണൊരുക്കി.

‘കൊടിയേറ്റ’ത്തിന്റെ ലൊക്കേഷനിൽ കെപിഎസി ലളിത, ഗോപി, അടൂർ ‘കൊടിയേറ്റ’ത്തിന്റെ ലൊക്കേഷനിൽ കെപിഎസി ലളിത, ഗോപി, അടൂർ

അടുത്ത ചിത്രമായ ‘കൊടിയേറ്റം’ അഞ്ചു വർഷങ്ങൾക്കു ശേഷമാണ് സാക്ഷാത്കൃതമാകുന്നത്. ഏതൊരു സംവിധായകനെ സംബന്ധിച്ചും രണ്ടാമത്തെ സിനിമ വളരെ നിർണായകമാണ്. വിമർശകർ മാത്രമല്ല, ആരാധകരും രണ്ടാം സിനിമയെ ഡിസെക്ഷൻ ടേബിളിൽ കിടത്തി കീറിമുറിക്കാൻ കാത്തിരിക്കുന്നുണ്ടാകും.

‘സ്വയംവര’വും ‘കൊടിയേറ്റ’വും അടിസ്ഥാനപരമായി തൊഴിലില്ലായ്‌മ എന്ന സാമൂഹ്യാവസ്ഥയിൽ നിന്നാണ് ഉരുവംകൊള്ളുന്നത്. ‘സ്വയംവര’ത്തിലെ വിശ്വം വിദ്യാസമ്പന്നനാണെങ്കിൽ ‘കൊടിയേറ്റ’ത്തിലെ ശങ്കരൻകുട്ടി വെറുമൊരു ഗ്രാമീണനാണ്. ജീവിതത്തെ അയാൾ ഗൗരവത്തോടെയല്ല കാണുന്നത്. ഉത്സവപ്പറമ്പുകളിൽ അലഞ്ഞും ചീട്ടുകളിച്ചും കുട്ടികൾക്കൊപ്പം കളിച്ചും ആർക്കും എന്തു ജോലിയും ചെയ്‌തുകൊടുത്തും രാഷ്‌ട്രീയ ജാഥകളിൽ പങ്കെടുത്ത് കൂലി വാങ്ങിയും കിട്ടുന്നേടത്തുനിന്നെല്ലാം ഊണു കഴിച്ചും ഇടയ്‌ക്ക്‌ മദ്യപിച്ചു ലക്കുകെട്ടും നൂലുപൊട്ടിയ പട്ടംപോലെ ജീവിക്കുന്ന ഒരാൾ. തിരുവനന്തപുരത്ത് വീട്ടുജോലി ചെയ്യുന്ന സഹോദരി മാത്രമേ അയാൾക്ക് ബന്ധു എന്നു പറയാനായിട്ടുള്ളൂ. സഹോദരിയുടെ നിർബന്ധപ്രകാരം അയാൾ ശാന്തമ്മ എന്നൊരു യുവതിയെ വിവാഹവും കഴിക്കുന്നു. എന്നിട്ടും നിരുത്തരവാദപരമായ ജീവിതം അയാൾ തുടരുന്നു.

എം ടി എം ടി

ശാന്തമ്മ ശങ്കരൻകുട്ടിക്ക് രാത്രിയിൽ ഊണു വിളമ്പിക്കൊടുക്കുന്ന ഒരു സീക്വൻസ് ഉണ്ട്. ശാന്തമ്മ വിളമ്പിക്കൊടുത്തുകൊണ്ടേയിരിക്കുന്നു. ശങ്കരൻകുട്ടി കഴിച്ചുകൊണ്ടേയിരിക്കുന്നു. ഒടുവിൽ ശാന്തമ്മ പറയുന്നു–“ചോറു തീർന്നു.”

അപ്പോഴാണ് ശങ്കരൻകുട്ടി യാഥാർഥ്യത്തിലേക്ക്‌ ഉണരുന്നത്. അയാൾ ചോദിക്കുന്നു– “അപ്പോ, ശാന്തമ്മ ഉണ്ടില്ലാരുന്നോ?”

ഇതിനെത്തുടർന്നാണ് ‘കൊടിയേറ്റ’ത്തിന്റെ സിഗ്നേച്ചർ ആയി അറിയപ്പെടുന്ന സീക്വൻസ് സന്നിവേശിപ്പിച്ചിരിക്കുന്നത്. ശങ്കരൻകുട്ടിയും ശാന്തമ്മയും നല്ല വസ്‌ത്രങ്ങൾ ധരിച്ച് എങ്ങോട്ടോ യാത്രപോകുകയാണ്. നാട്ടുവഴിയിലൂടെ നടന്നുപോകുമ്പോൾ ഒരു വാഹനം അവരുടെ മേൽ ചെളി തെറിപ്പിച്ചുകൊണ്ട് വേഗത്തിൽ കടന്നുപോകുന്നു. ഈ കോലത്തിൽ ഇനിയെങ്ങനെ പോകും എന്ന് ശാന്തമ്മ വിഷമിച്ചുനിൽക്കേ ശങ്കരൻകുട്ടി ആഹ്ലാദാദിരേകത്തോടെ പറയുന്നു–“എന്തൊരു സ്‌പീഡ്!”

ശങ്കരൻകുട്ടിക്കുള്ളിൽ സഞ്ചാരത്തോടും വേഗത്തോടുമുള്ള അഭിനിവേശം നിർലീനമായുണ്ടെന്ന് പിന്നീട് സംവിധായകൻ വ്യക്തമാക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ “എന്തൊരു സ്‌പീഡ്!” എന്ന ശങ്കരൻകുട്ടിയുടെ ആശ്ചര്യപ്രകടനം സിനിമയുടെ സിഗ്നേച്ചർ തന്നെയാകുന്നു.

ഈ സീക്വൻസിനെത്തുടർന്നുള്ള ഒരു രാത്രി സീനിൽ ശാന്തമ്മ വിളക്കിന്റെ വെട്ടത്തിൽ ഒരു ചെറിയ പുസ്‌തകത്തിൽ നിന്ന് തപ്പിപ്പിടിച്ച് ഈണത്തിൽ ആലപിക്കുന്ന ഒരു പാട്ടുണ്ട്..

“അപ്പോഴേ ഞാൻ പറഞ്ഞില്ലേ

എനിക്കിപ്പോൾ

വിവാഹവും വേണ്ടെന്ന്-

കേൾക്കാതെയച്ഛനും

ചെയ്യിച്ച കാരണം

കഷ്ടനഷ്ടങ്ങൾക്കിടയായി

കൽപ്പിതമാണല്ലോ-

ഏറെയുരയ്‌ക്കേണ്ട

പെണ്ണായാലെല്ലാം സഹിച്ചും

ക്ഷമിച്ചും കഴിയണം

കടമയതാണല്ലോ...”

പിന്നീട് ഗർഭിണിയായ ശാന്തമ്മയെ പരിഗണിക്കുകയോ ഓർക്കുകയോ പോലും ചെയ്യാതെ ശങ്കരൻകുട്ടി ആഴ്‌ചകളോളം ഉത്സവപ്പറമ്പുകളിലും മറ്റും അലഞ്ഞു തിരിയുന്നു. അപ്പോഴേക്കും അമ്മ വന്ന് ശാന്തമ്മയെ അവരുടെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്നു. പ്രസവിച്ചതിനു ശേഷം ശാന്തമ്മയെ കൂടെ കൊണ്ടുപോകാൻ അവളുടെ വീട്ടിലെത്തുന്ന ശങ്കരൻകുട്ടിക്ക് അപമാനിതനായി തിരിച്ചുപോരേണ്ടി വരുന്നു.

സ്‌നേഹത്തെയും സ്‌നേഹനിരാസത്തെയും കുറിച്ച് ശങ്കരൻകുട്ടിക്ക് ബോധ്യമുണ്ടാക്കിക്കൊടുക്കുന്ന ഒരു സമാന്തര കഥാധാര സിനിമയിലുണ്ട്. ശങ്കരൻകുട്ടിയോട് കരുണാപൂർവം പെരുമാറുന്ന കമലമ്മ എന്ന വിധവയ്‌ക്ക്‌ നാട്ടിൽ സർവസ്വീകാര്യനായ സുകുമാരപിള്ള എന്ന മധ്യവയസ്‌കനുമായി അടുപ്പമുണ്ട്. സുകുമാരപിള്ള വിവാഹിതനാണ്. ശങ്കരൻകുട്ടി ഏറെ ബഹുമാനിക്കുന്ന പിള്ള ചിലപ്പോഴൊക്കെ അയാളെ ചില കുരുക്കുകളിൽനിന്നു രക്ഷിച്ചിട്ടുമുണ്ട്. പിള്ളയുടെയും കമലമ്മയുടെയും രഹസ്യ സമാഗമങ്ങൾ ശങ്കരൻകുട്ടി ഒളിച്ചുനിന്നു കാണുന്നുണ്ട്. ഒടുവിൽ പിള്ളയിൽനിന്നു ഗർഭിണിയായ കമലമ്മ കുളത്തിൽ ചാടി മരിക്കുന്നു. ശങ്കരൻകുട്ടി പൊട്ടിക്കരയുന്നു.

അടൂരും മങ്കട രവിവർമയും അടൂരും മങ്കട രവിവർമയും

പരുക്കനായ ഒരു ലോറി ഡ്രൈവറുടെ കൂടെ ‘കിളി’ ആയി ജോലി നോക്കാൻ തുടങ്ങുമ്പോഴാണ് ശങ്കരൻകുട്ടിയുടെ ജീവിതം മാറിമറിയുന്നത്. ഭാര്യയും കുട്ടികളുമുള്ള ഡ്രൈവർ ഒരിക്കൽ വീട്ടിൽ പോകുമ്പോൾ ശങ്കരൻകുട്ടിയെയും കൂട്ടുന്നു. കുട്ടികളെ താലോലിക്കുകയും അൽപ്പം ശാസിക്കുകയുമൊക്കെ ചെയ്‌ത്‌ ഒരു ചായ പോലും കുടിക്കാതെ വീട്ടിൽനിന്നിറങ്ങുന്ന അയാൾ രാത്രിയിൽ ചേക്കേറുന്നത് വെപ്പാട്ടിയുടെ വീട്ടിലാണ്. അവർ രാത്രി ആസ്വദിക്കുമ്പോൾ ശങ്കരൻകുട്ടി ലോറിയിൽ കിടന്നുറങ്ങുന്നു.

കായികശക്തിയും അധികാരവുമുള്ള ഡ്രൈവർ ആദ്യമേ തന്നെ ശങ്കരൻകുട്ടിയുടെ മുന്നിൽ രണ്ടു വ്യവസ്ഥകൾ വയ്‌ക്കുന്നുണ്ട്– “കള്ളെന്നൊരു സാധനം കൈകൊണ്ടു തൊടരുത്. എന്റെ കാര്യങ്ങളിൽ നീ കേറി തലയിടരുത്.”

വ്യക്തിക്ക് സ്വന്തം ജീവിതത്തിനു മേലുള്ള പരമാധികാരത്തെക്കുറിച്ച് ശങ്കരൻകുട്ടിയെ ബോധ്യപ്പെടുത്തിക്കൊടുക്കുന്നത് ഈ ലോറി യാത്രകളാണ്. ലോറി ഡ്രൈവറടക്കമുള്ള പലരുടെയും ധീരകൃത്യങ്ങൾ അനുകരിക്കാൻ ശങ്കരൻകുട്ടിക്കും ആഗ്രഹമുണ്ട്. സ്വന്തം കാമനകളെ അടക്കിവച്ച് മറ്റുള്ളവർക്കുവേണ്ടി അധ്വാനവും സമയവും പാഴാക്കുകയായിരുന്നു താനെന്ന തിരിച്ചറിവ് ശങ്കരൻകുട്ടിക്കുണ്ടാകുന്നു. അയാൾ ചെറിയ മീശ വയ്‌ക്കുന്നു. യാത്രയ്‌ക്കിടെ ലോറി നിർത്തിച്ച് ശാന്തമ്മയുടെ വീട്ടിൽ ചെല്ലുന്നു. ശങ്കരൻകുട്ടിയിലുണ്ടായ പ്രകടമായ മാറ്റം ശാന്തമ്മയെ മാത്രമല്ല, ഒരിക്കൽ അയാളെ ആട്ടിയിറക്കിയ അവളുടെ അമ്മയെയും സന്തോഷിപ്പിക്കുന്നു.

ഒരുത്സവത്തിന്റെ പശ്ചാത്തലത്തിലാണ് ‘കൊടിയേറ്റ’ത്തിന്റെ ക്ലൈമാക്‌സ്‌. ശാന്തമ്മയുടെ വീട്ടിൽ ശങ്കരൻകുട്ടിയെത്തുന്നു. ക്ഷേത്രത്തിൽനിന്ന് കഥകളിപ്പദം കേൾക്കാം. അവളുടെ അമ്മ കഥകളി കാണാൻ പോയിരിക്കുന്നു. വർധിച്ച ആത്മവിശ്വാസത്തോടെ, പ്രണയത്തോടെ ശങ്കരൻകുട്ടി ശാന്തമ്മയ്‌ക്ക്‌ ഒരു പുടവ സമ്മാനിക്കുന്നു. അവരുടെ യഥാർഥ വിവാഹം ആ ഉത്സവരാത്രിയിലാണ്.

അരവിന്ദൻ അരവിന്ദൻ

‘സ്വയംവര’ത്തിന്റെ നേർവിപരീത ദിശയിലാണ് അടൂർ ‘കൊടിയേറ്റ’ത്തിൽ സഞ്ചരിക്കുന്നത്. വിധിക്ക് കീഴടങ്ങി മരണം വരിക്കുന്ന വിശ്വത്തിൽ നിന്ന് നിരർഥകമായ ജീവിതത്തെ സാർഥകമാക്കുന്ന ശങ്കരൻകുട്ടിയിലേക്കുള്ള യാത്രയാണത്.

ആദർശപുരുഷനായി കണ്ടിരുന്ന സുകുമാരപിള്ളയല്ല ശങ്കരൻകുട്ടിയുടെ പരിണാമത്തിനു കാരണക്കാരനായതെന്നുകൂടി ഓർക്കണം. പൊതുവേ സദാചാര സങ്കൽപ്പങ്ങൾക്കു വലിയ പ്രാധാന്യമൊന്നും കൊടുക്കാത്ത പ്രായോഗികവാദിയായ ലോറി ഡ്രൈവറിൽ നിന്നാണ് ശങ്കരൻകുട്ടി ജീവിതയാഥാർഥ്യങ്ങളുടെ ബാലപാഠങ്ങൾ പഠിക്കുന്നത്.

‘കൊടിയേറ്റം’ എല്ലാ അർഥത്തിലും ഒരു കൊടിയേറ്റം തന്നെയായിരുന്നു. കോട്ടയത്തെ ഒരു തിയറ്ററിൽ 145 ദിവസം ചിത്രം പ്രദർശിപ്പിച്ചു. എല്ലാ പ്രദർശനശാലകളും നിറഞ്ഞു. അടൂർ ഗോപാലകൃഷ്‌ണൻ സർവസ്വീകാര്യനായി. ശങ്കരൻകുട്ടിയിലൂടെ ഗോപി മികച്ച നടനുള്ള ദേശീയ അവാർഡ് നേടി. മലയാള സിനിമയിലെ ഒന്നാം സ്ഥാനക്കാരനായ അഭിനേതാവായി അരങ്ങുവാണു. അടൂരും ഗോപിയും പിന്നീട് ഒരു സിനിമയിലും ഒന്നിച്ചില്ല എന്നതും ചരിത്രം .

( അടുത്ത ലക്കത്തിൽ അവസാനിക്കും)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home