കവർസ്റ്റോറി
ആരോഗ്യത്തിന്റെ കേരള മോഡൽ

ഡോ. കെ പി അരവിന്ദന്‍
Published on Mar 09, 2026, 11:33 AM | 9 min read
1975-‐85 കാലഘട്ടത്തില്‍ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ സാമൂഹ്യ ശാസ്‌ത്രജ്ഞരാണ് ആദ്യമായി കേരളത്തിന്റെ വേറിട്ട വികസന അനുഭവത്തിലേക്ക് ശ്രദ്ധ തിരിക്കുന്നത്. ‘കുറഞ്ഞ ചെലവില്‍ നല്ല ആരോഗ്യം' (Good Health at Low Cost) എന്ന പേരില്‍ റോക്ക്ഫെല്ലര്‍ ഫൗണ്ടേഷന്റെ 1985ലെ റിപ്പോര്‍ട്ട് ആണ് കേരള അനുഭവത്തെ ഒരു മാതൃക എന്ന രൂപത്തില്‍ ലോകത്തിന് പരിചയപ്പെടുത്തുന്നത്. ആ റിപ്പോര്‍ട്ടില്‍ കേരളത്തിന് പുറമേ ശ്രീലങ്ക, ചൈന, കോസ്റ്റ റിക്ക എന്നീ രാജ്യങ്ങളും ഈ മാതൃകയുടെ ഉദാഹരണങ്ങളായി പ്രതിപാദിക്കപ്പെടുന്നുണ്ട്. തത്തുല്യമായ ദേശീയ വരുമാനമുള്ള മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ശിശുമരണ നിരക്ക്, പൊതു മരണ നിരക്ക്, ജനന നിരക്ക് എന്നിവ കുറഞ്ഞിരിക്കുന്നതാണ് ഈ രാജ്യങ്ങളുടെയും കേരളത്തിന്റെയും സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെട്ടത്.
ജനസംഖ്യാ രൂപാന്തര മാതൃകയുടെ അഞ്ച് ഘട്ടങ്ങളാണുള്ളത്. മരണ നിരക്കുകളും ജനന നിരക്കുകളും ഉയർന്നിരിക്കുന്ന ഒന്നാം ഘട്ടത്തിനുശേഷം രണ്ടാം ഘട്ടത്തിൽ മരണ നിരക്കുകൾ താഴാൻ തുടങ്ങുന്നു. മരണവും ജനനവും തമ്മിലുള്ള വിടവ് വർധിക്കുന്നതിനനുസരിച്ച് ജനസംഖ്യ കുതിച്ചുയരുന്നു. മൂന്നാം ഘട്ടത്തിൽ ജനന നിരക്കും താഴോട്ട് പോവാൻ തുടങ്ങുന്നു. നാലാം ഘട്ടത്തിൽ മരണ, ജനന നിരക്കുകൾ ഏതാണ്ട് തുല്യമാവുന്നതുകൊണ്ട് ജനസംഖ്യ കൂടുകയോ കുറയുകയോ ചെയ്യാതെ നിൽക്കുന്നു. ചില യൂറോപ്യൻ രാജ്യങ്ങളൊക്കെ എത്തിച്ചേർന്നിട്ടുള്ള അഞ്ചാം ഘട്ടത്തിൽ ജനസംഖ്യ താഴോട്ട് പോകുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണകേന്ദ്രം
ഒന്നാം ഘട്ടത്തില്‍നിന്ന് നാലാം ഘട്ടത്തിലേക്കുള്ള പ്രയാണം അതിവേഗത്തില്‍ നടന്നു എന്നതാണ് കേരളം, ശ്രീലങ്ക മുതലായ പ്രദേശങ്ങളുടെ പ്രത്യേകത. അതായത് മറ്റ് ഏഷ്യന്‍, തെക്കേ അമേരിക്കന്‍ രാജ്യങ്ങളേക്കാള്‍ രണ്ടോ മൂന്നോ ദശകങ്ങള്‍ മുമ്പ്. യൂറോപ്യന്‍ രാജ്യങ്ങള്‍ നേരത്തേതന്നെ നാലാം ഘട്ടത്തില്‍ എത്തിയിരുന്നെങ്കിലും അതിന് കേരളവും മറ്റും എടുത്തതിനേക്കാള്‍ പതിന്മടങ്ങ് സമയം എടുത്തിരുന്നു.
കേരളം, ശ്രീലങ്ക, ചൈന, കോസ്റ്റ റിക്ക, ക്യൂബ എന്നീ പ്രദേശങ്ങളുടെ സവിശേഷത മറ്റു സമാന രാജ്യങ്ങളേക്കാള്‍ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും നടത്തിയ മുതല്‍മുടക്കാണ്. ഇതുമൂലം ഈ പ്രദേശങ്ങളിലെല്ലാം തന്നെ മറ്റ് മൂന്നാംലോക രാജ്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന സാക്ഷരതാ നിലവാരം 1970‐കളില്‍ തന്നെ ഉണ്ടായിരുന്നു. അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോയ മറ്റൊരു കാര്യം, ഈ പ്രദേശങ്ങളില്‍ പൊതുവേ മറ്റിടങ്ങളെ അപേക്ഷിച്ച് ഭൂപരിഷ്‌കരണ പരിപാടികള്‍ നടപ്പാക്കിയിരുന്നു എന്നതാണ്.
കേരളത്തിന്റേത് ഇടതുപക്ഷ മോഡൽ
കേരളം മരണ നിരക്കുകളുടെ കാര്യത്തിൽ പണ്ടേ തന്നെ ഇന്ത്യയുടെ പൊതുസ്ഥിതിയേക്കാൾ മെച്ചപ്പെട്ട നിലയിലായിരുന്നു എന്നും ഇവിടത്തെ രാജഭരണത്തിന്റെ ഗുണമായിരുന്നു അതെന്നും ചിലർ വാദിക്കുന്നത് കാണാറുണ്ട്. കേരളത്തിന്റെ കണക്കുകൾ എന്ന് കാണിക്കാറുള്ളത് പലപ്പോഴും തിരുവിതാംകൂർ, കൊച്ചി കണക്കുകളാണ്. താരതമ്യേന മോശമായിരുന്ന മലബാർ കൂടെ ചേർത്താൽ ഒരുപക്ഷെ വ്യത്യാസം ഇല്ലാതാവുമായിരുന്നു എന്നും കാണേണ്ടതാണ്. മാത്രമല്ല, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഭാഗത്തൊക്കെ കേരളവും മറ്റ് ഇന്ത്യൻ പ്രദേശങ്ങളും തമ്മിലുള്ള വ്യത്യാസം വളരെ ചെറുതായിരുന്നു. അതുതന്നെ രാജഭരണത്തേക്കാൾ ഏറെ ഇവിടെ മിഷണറിമാർ സ്ഥാപിച്ച സ്‌കൂളുകളും ആശുപത്രികളും കാരണമായിരിക്കാനാണ് സാധ്യത.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളവും ഇന്ത്യയും തമ്മിലുള്ള ശിശുമരണ നിരക്കിലുള്ള അന്തരം വളരെ കുറവായിരുന്നു. കേരളത്തിന്റെ ശിശുമരണ നിരക്ക് ഇന്ത്യയുടേതിന്റെ തൊണ്ണൂറ് ശതമാനത്തിനടുത്തായിരുന്നു ആദ്യ ദശകങ്ങളിൽ. കേരളത്തിന്റെ ഗ്രാഫ് പെട്ടെന്ന് താഴോട്ട് പോകുന്നതും ഇന്ത്യയുമായുള്ള വിടവ് വർധിക്കുന്നതും അറുപതുകളുടെ തുടക്കത്തിലാണ്. ഈ പ്രക്രിയ തൊണ്ണൂറുകൾവരെ നിലനിന്നു. ഇതിന്റെ ഫലമായി കേരളത്തിന്റെ ശിശുമരണ നിരക്ക് ഇന്ത്യയുടെ ഏതാണ്ട് 20 ശതമാനമായി കുറഞ്ഞു.
ആരോഗ്യരംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾക്ക് മെഡിക്കൽ സെക്ടറിലെ നേരിട്ടുള്ള ഇടപെടലും അതിന് പുറത്തുള്ള സാമൂഹ്യ ഇടപെടലുകളും കാരണമായിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് ഭൂപരിഷ്‌കരണം തന്നെയാണ്. കേരളം ഉണ്ടായതിന് ശേഷമുള്ള ആദ്യ സർക്കാർ തുടങ്ങിവച്ച ഭൂപരിഷ്‌കരണത്തിന് പുറമേ വിദ്യാഭ്യാസരംഗത്ത് നടത്തിയ വലിയ പരിഷ്‌കാരങ്ങളും ശ്രദ്ധേയമാണ്. ഇവയുടെ ഫലമായുണ്ടായ ഉയർന്ന സാക്ഷരതയും കൂടുതൽ പേർ വിദ്യാഭ്യാസം നേടിയതും മറ്റും വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. പൊതുവിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യത്തിനും ബജറ്റിൽനിന്ന് ഏറ്റവും അധികം പണം ചെലവഴിക്കുന്ന സംസ്ഥാനമായി കേരളം.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലുള്ള പൊതു ഇടപെടൽ (Public action) എന്ന വ്യക്തമായ ഇടതുപക്ഷ പാത വെട്ടിത്തുറന്നത് ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ ആയിരുന്നെങ്കിലും അത് പെട്ടെന്നുതന്നെ കേരളത്തിന്റെ പൊതുബോധത്തിന്റെ ഭാഗമായി. മാറി മാറി വന്ന സർക്കാരുകൾക്കൊന്നും ഈ പാതയിൽനിന്ന് ഏറെ വ്യതിചലിക്കാൻ ആവുമായിരുന്നില്ല.
മോഡലിന്റെ രണ്ടാം
തലമുറ പ്രശ്നങ്ങൾ
കേരള സംസ്ഥാന രൂപീകരണം കഴിഞ്ഞുള്ള ആദ്യ ദശകങ്ങളിൽ വളരെ പെട്ടെന്നാണ് മരണ നിരക്കുകൾ താഴോട്ട് പോയത്. ഇതിന്റെ ഫലമായി ശരാശരി ആയുർദൈർഘ്യം പെട്ടെന്ന് തന്നെ വർധിച്ചു. ഇന്ത്യയിൽ ഏറ്റവുമധികം പ്രായം കൂടുതൽ ഉള്ളവരുടെ സംസ്ഥാനമായി കേരളം മാറി. ആയുർദൈർഘ്യം വർധിക്കുന്നതും വൃദ്ധരുടെ തോത് കൂടുന്നതും അടക്കമുള്ള മാറ്റങ്ങൾ സംസ്ഥാനത്തെ രോഗാതുരത വർധിക്കുന്നതിന് ഇടയാക്കി. രോഗം വന്നാൽ ചികിത്സിക്കാൻ തീരുമാനിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നതോടെ ഏറ്റവുമധികം ചികിത്സ തേടുന്നവരുടെ എണ്ണവും കേരളത്തിലായി. ഇതിനെല്ലാം ആവശ്യമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും ആശുപത്രികളും ചികിത്സാ സന്നാഹങ്ങളും ഒരുക്കാൻ വലിയതോതിൽ പണം ആവശ്യമായി വന്നു. എന്നാൽ ഇതിനായി വേണ്ടത്ര പണം മുടക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞില്ല എന്നതാണ് വാസ്‌തവം.
വർധിച്ചുവരുന്ന ചികിത്സാ ആവശ്യങ്ങൾ സർക്കാർ മേഖലയ്‌ക്ക് നിറവേറ്റാൻ കഴിയാതെ വന്നപ്പോൾ സ്വകാര്യ മേഖല അതേറ്റെടുത്തു. എൺപതുകളുടെ അവസാനത്തോടെ ആരോഗ്യമേഖലയിലെ സ്വകാര്യ നിക്ഷേപത്തിൽ വൻ വർധനവാണുണ്ടായത്. വലിയ കോർപറേറ്റ് ആശുപത്രികളുടെ വരവോടെ ആരോഗ്യമേഖലയിലെ സാങ്കേതിക ആധുനികവൽക്കരണം പ്രധാനമായും സ്വകാര്യമേഖലയിലാണ് നടന്നത്. പൊതുമേഖലയാൽ നയിക്കപ്പെട്ട് ലോകശ്രദ്ധ നേടിയ കേരളത്തിലെ ആരോഗ്യരംഗം പ്രധാനമായും സ്വകാര്യമേഖലയ്‌ക്ക് പ്രാമുഖ്യമുള്ളതായി മാറി. ഇതിന്റെ പരിണിതഫലം കേരളം ഏറ്റവും ചികിത്സാ ചെലവ് ഉള്ള സംസ്ഥാനമായി മാറി എന്നത് കൂടിയാണ്. 2004ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ആരോഗ്യത്തിന് ഏറ്റവും ആളോഹരി ചെലവ് കേരളത്തിലാണ്. തൊട്ടടുത്ത ഹിമാചൽ പ്രദേശിന്റെ ഏതാണ്ട് ഇരട്ടിക്കടുത്ത് വരുമിത്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ
സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്
പൊതുമേഖല വഴിയുള്ള ചെലവ് കുറഞ്ഞിട്ടല്ല ഇതു സംഭവിച്ചതെന്നു കാണാൻ കഴിയും. പൊതുചെലവിന്റെ കാര്യത്തിൽ കേരളം രണ്ടാമതായിരുന്നു (ഹിമാചലിന് പിന്നിൽ) എന്നു കാണാം. വ്യത്യാസം വന്നത് ഭീമമായ സ്വകാര്യ ചെലവ് വർധനവാണ്. ഇതിന്റെ മറ്റൊരു ഫലം എന്താണെന്നു നോക്കൂ. ആരോഗ്യത്തിനു വേണ്ടിയുള്ള പൊതു ചെലവ് ആകെ ആരോഗ്യ ചെലവിന്റെ 10 ശതമാനത്തിനു താഴോട്ടു പോയി. ഇത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കുറവായിരുന്നു അന്ന്.
ആദ്യത്തെ നേട്ടങ്ങൾക്കു ശേഷം അതിന്റെ ഫലമായുണ്ടായ രണ്ടാം തലമുറ പ്രശ്നങ്ങളെ വേണ്ടവണ്ണം കൈകാര്യം ചെയ്യാനായില്ല എന്നു നാം കണ്ടു. ആരോഗ്യരംഗത്തെ കേരളത്തിന്റെ പിന്നീടുള്ള പുരോഗതി മന്ദഗതിയിലാവുകയായിരുന്നു ഫലം.
നിറം മങ്ങുന്ന മോഡലും
നിയോ ലിബറൽ
പരിഹാരങ്ങളും
ആരോഗ്യരംഗത്തെ പുരോഗതിയില്‍ മുമ്പ് കേരളത്തിന്റെ ഒപ്പം പരിഗണിച്ചിരുന്ന ശ്രീലങ്ക, കോസ്റ്റ റിക്ക എന്നീ രാജ്യങ്ങൾ ബഹുദൂരം മുന്നോട്ടുപോയപ്പോൾ കേരളം നിന്നിടത്തു തന്നെ നിൽക്കുന്ന ഗതി വന്നു. 1990ന് ശേഷമൂള്ള രണ്ട് ദശകങ്ങളിലെ ശിശു മരണ നിരക്കിലുണ്ടായ മാറ്റം ഇതിന് ദൃഷ്ടാന്തമാണ്. ആയിരത്തില്‍ 10 എന്ന കടമ്പ കടക്കാൻ കേരളത്തിന് സാധിച്ചില്ല. മാതൃമരണനിരക്കിന്റെ കാര്യത്തിലാകട്ടെ, കേരളം ഒരു ലക്ഷത്തില്‍ 66 എന്ന ഉയര്‍ന്ന നിരക്കിൽ നിന്നപ്പോൾ ശ്രീലങ്കയിൽ അത് 30ഉം കോസ്റ്റ റിക്കയിൽ 25ഉം ആയി.
ആരോഗ്യ ചെലവ് വർധിക്കാനുള്ള ഒരു പ്രധാന കാരണം ജീവിതശൈലീ രോഗങ്ങളുടെ ഉയർച്ചയും അവയുടെ ഫലമായുണ്ടാവുന്ന ഹൃദയാഘാതം, വൃക്കമാന്ദ്യം മുതലായ പ്രത്യാഘാതങ്ങളുമാണ്. ഈ രോഗങ്ങളുടെ തോത് കുറച്ചു കൊണ്ടുവരണമെങ്കിൽ അതിനായുള്ള പൊതുജനാരോഗ്യ പരിപാടികൾ വേണം. ഇക്കാര്യത്തിലും വീഴ്‌ചയുണ്ടായി.
നിയോലിബറൽ പരിഷ്‌കാരങ്ങൾ വലിയതോതിൽ അരങ്ങേറിയ കാലമായിരുന്നു 1990ന് ശേഷമുള്ള കാലം. ആരോഗ്യമടക്കം സാമൂഹ്യസേവനങ്ങൾ കൂടുതലായി മാർക്കറ്റിന്് വിട്ടുകൊടുക്കണമെന്നും അവയിലുള്ള സർക്കാർ നിക്ഷേപം ഉൽപ്പാദനക്ഷമത ഇല്ലാത്തതാണെന്നുമായിരുന്നു ചിലരുടെ വാദം. കേരളത്തിലെ യുഡിഎഫ് സർക്കാരുകൾ മുൻ ദശകങ്ങളിൽ ഉരുത്തിരിഞ്ഞു വന്ന ഇടതുപക്ഷ സമവായം കൈവെടിഞ്ഞ് നിയോലിബറൽ നയങ്ങളെ സ്വാംശീകരിച്ചു. പൊതുസ്ഥാപനങ്ങളിൽ യൂസർ ഫീസ് ഏർപ്പെടുത്താനുള്ള നിർദേശങ്ങൾ അടക്കം വ്യാപകമായ പ്രതിഷേധങ്ങൾ വിളിച്ചുവരുത്തി. സർക്കാർ സ്ഥാപനങ്ങൾക്കകത്തു തന്നെ ആന്തരിക സ്വകാര്യവൽക്കരണങ്ങൾക്ക് ശ്രമം നടന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വർഷങ്ങളെടുത്ത് പടുത്തുണ്ടാക്കിയ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് പണി കഴിഞ്ഞതിന് ശേഷം പ്രാവർത്തികമാക്കാതെ സ്വകാര്യ സംരംഭകർക്ക് വിൽക്കാനുള്ള ശ്രമം നടന്നു. ഭാഗ്യവശാൽ ആ ശ്രമം ജനങ്ങൾ സംഘടിച്ച് പരാജയപ്പെടുത്തി. അത് പൂർത്തീകരിച്ച് പ്രവർത്തിപ്പിക്കാൻ അടുത്ത ഇടതുസർക്കാർ വരേണ്ടിവന്നു.
ആരോഗ്യം
വീണ്ടെടുക്കുന്ന മോഡൽ
കഴിഞ്ഞ 20 വർഷങ്ങൾ കേരളത്തിലെ ആരോഗ്യ മേഖല വമ്പിച്ച തോതിലുള്ള മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. തൊണ്ണൂറുകളോടെ താഴോട്ട് പോയിക്കൊണ്ടിരുന്ന പൊതുമേഖലയുടെ അവസ്ഥ മാറ്റിയെടുക്കാൻ കഴിഞ്ഞു എന്നതാണ് ഇതിൽ പ്രധാനം. സാർവത്രിക ആരോഗ്യം എന്ന ലക്ഷ്യം കൈവരിക്കാൻ പാകത്തിലുള്ള അടിത്തറ പാകാൻ ഈ കാലഘട്ടത്തിൽ കഴിഞ്ഞു. മൂന്ന് ഇടതു സർക്കാരുകളും ഒരു യുഡിഎഫ് സർക്കാരുമാണ് ഈ ഇരുപതു വർഷക്കാലം കേരളം ഭരിച്ചത്. ഇവയിൽ ഇടതു സർക്കാരുകളുടെ പതിനഞ്ച് വർഷത്തിലാണ് നേട്ടങ്ങൾ മുഴുവൻ ഉണ്ടായതെന്ന് കാണാം.
2006ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ദീർഘകാലമായി അവഗണിക്കപ്പെട്ടതും വളരെ ആവശ്യമായതുമായ ഒട്ടേറെ ഘടനാപരമായ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു. തൃശൂരിൽ മെഡിക്കൽ സർവകലാശാല സ്ഥാപിച്ചത് അത്തരത്തിലൊരു നടപടിയായിരുന്നു. പല യൂണിവേഴ്സിറ്റികളിലായി ചിന്നിച്ചിതറിക്കിടന്ന, സമയാസമയത്ത് പരീക്ഷകൾ പോലും നടത്താതിരുന്ന മെഡിക്കൽ, ഡെന്റൽ, നഴ്സിങ്, ഫാർമസി തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്നവർക്ക് സമയാധിഷ്ഠിതമായി പരീക്ഷകളും കൃത്യതയുള്ള സിലബസും ഒക്കെ നിലവിൽ വന്നു. ഇക്കാലത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ വരുത്തിയ പരിഷ്‌കാരങ്ങൾ ശ്രദ്ധേയമായിരുന്നു. മെഡിക്കൽ അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് നിർത്തലാക്കി അവരുടെ സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തി. അതുവരെ പരിതാപകരമായ ഗവേഷണ രംഗത്തിന് പുതിയ ഊർജം പകരാൻ ഇതുവഴി കഴിഞ്ഞു. സമാന്തരമായി മെഡിക്കൽ കോളേജുകളിൽ നവീകരണ പ്രക്രിയക്ക് ആക്കം കൂട്ടി.
ബ്രിട്ടീഷ് ഭരണകാലത്തെ മലബാറിലെ ഒരു ആശുപത്രി
ഈ സർക്കാരിന്റെ മറ്റു വലിയൊരു നേട്ടം കേന്ദ്രത്തിൽനിന്നു ലഭിക്കുന്ന നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടുകളുടെ ഫലപ്രദമായ ഉപയോഗമായിരുന്നു. പ്രാഥമികാരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും അവയിൽ കൂടുതൽ സ്റ്റാഫിനെ നിയോഗിക്കാനും ഇതുവഴി കഴിഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു കേന്ദ്രത്തിന്റെ നവീകരണം പോലെയുള്ള നൂതന പദ്ധതികളും ഇത്തരത്തിലുള്ള ഫണ്ടുകൾ വഴി സാധ്യമാക്കി. മെഡിക്കൽ രംഗത്ത് മരുന്നുകളും യന്ത്രങ്ങളും സാങ്കേതിക ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ (KMSCL) രൂപീകരിച്ചത് ഭാവിയിൽ ഏറെ ഗുണം ചെയ്‌ത നടപടിയായിരുന്നു.
2011ൽ നേരിയ ഭൂരിപക്ഷത്തിന് യുഡിഎഫ് അധികാരത്തിൽ വന്നു. മുൻ സർക്കാർ തുടങ്ങി വച്ച കാര്യങ്ങളുടെ ഗതിവേഗം നിലനിർത്താനായില്ല എന്നുമാത്രമല്ല പലതിലും പിറകോട്ടുപോയി. ഈ സർക്കാരിന്റെ മുൻഗണനാ ക്രമങ്ങൾ തികച്ചും വ്യത്യസ്‌തമായിരുന്നു. ലഭ്യമായ പണത്തിന്റെയും ഉത്സാഹത്തിന്റെയും വലിയ പങ്ക് പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങുന്നതിലായിരുന്നു. പുതിയ മെഡിക്കൽ കോളേജുകൾ ഒരു യഥാർഥ ആവശ്യമായിരുന്നില്ല. കേരളത്തിലെ ആരോഗ്യപ്രശ്നങ്ങൾക്ക് ഡോക്ടർമാരുടെ കുറവ് ഒരു കാരണമേ ആയിരുന്നില്ല. മാത്രമല്ല, തികച്ചും രാഷ്‌ട്രീയ പരിഗണനകൾ വച്ച് ആരംഭിച്ച ഈ കോളേജുകൾ ചികിത്സയുടെ കാര്യത്തിൽ മികവിന്റെ കേന്ദ്രങ്ങൾ ആയില്ലെന്ന് മാത്രമല്ല പലതും വിജനമായ സ്ഥലങ്ങളിൽ ആളെത്താസ്ഥാപനങ്ങളായി. മെഡിക്കൽ കൗൺസിലിന്റെ അംഗീകാരംപോലും സ്ഥിരമായി നേടാനായില്ല ഇവയിൽ പലതിനും. ഇടുക്കിയും കോന്നിയുമൊക്കെ ഉദാഹരണങ്ങൾ. സ്റ്റാഫും മറ്റു വിഭവങ്ങളും പുതിയ കോളേജുകളുമായി പങ്കിടേണ്ടിവന്ന പഴയ മെഡിക്കൽ കോളേജുകൾ പിറകോട്ടടിക്കുന്ന അവസ്ഥ വന്നു.
സമാനമായ സ്ഥിതിയായിരുന്നു മറ്റു രംഗങ്ങളിലും. മന്ത്രി മുതൽ താഴോട്ട് അഴിമതിയുടെ നിഴലിൽപ്പെട്ടു. പുരോഗതിയുടെ ചലനാത്മകത ഏതാണ്ട് പൂർണമായും നിലച്ച അവസ്ഥ വന്നു. ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ് കഴിഞ്ഞ ഇരുപതു വർഷക്കാലത്തെ ശിശുമരണ നിരക്കുകൾ. യുഡിഎഫ് ഭരണകാലത്ത് അത് നിശ്ചലമായി 12 എന്ന സംഖ്യയിൽ തന്നെ നിന്നു. പിന്നീട് വന്ന എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് അത് വീണ്ടും താഴുന്നത്. ഇന്നത് വികസിത രാജ്യങ്ങൾക്ക് സമാനമായ ആയിരത്തിൽ അഞ്ച് എന്ന നിലയിൽ എത്തിനിൽക്കുന്നു.
2016ലെ എൽഡിഎഫ് സർക്കാരിന് ഇതു സാധിച്ചത് യാദൃച്ഛികമായല്ല. ഇനിയും തടയാൻ കഴിയാതിരുന്ന ശിശുമരണങ്ങളുടെ കാരണങ്ങൾ ജന്മനായുള്ള ഹൃദയ തകരാറുകൾ പോലുള്ളവ കണ്ടെത്തി ‘ഹൃദ്യം' പോലുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കിയാണ് ഇത് സാധിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കൃത്യമായ ഒരു ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യരംഗത്ത് ഈ സർക്കാർ പ്രവർത്തിച്ചത്. ആരംഭത്തിൽ തന്നെ സംസ്ഥാനത്തിന് ഒരു ആരോഗ്യനയം ഉണ്ടാക്കുകയാണ് ചെയ്‌തത്. സ്ഥായിയായ വികസന ലക്ഷ്യങ്ങൾ (Sustainable development goals‐ SDGs) കേരളത്തിന്റെ സാഹചര്യങ്ങളിൽ നിർവചിക്കപ്പെട്ടു. വൈറൽ മഞ്ഞപ്പിത്തം, കുഷ്‌ഠം, മന്ത്, മലമ്പനി, ക്ഷയം, എയിഡ്സ് എന്നിവയ്‌ക്കൊക്കെ ഇത്തരം ലക്ഷ്യങ്ങൾ ഇട്ടുതന്നെയാണ് പ്രവർത്തിച്ചത്.
മുൻ സർക്കാരിൽനിന്ന് വിഭിന്നമായി താഴേക്കിടയിലുള്ള സ്ഥാപനങ്ങൾക്ക് ശക്തി പകരുന്ന നയമാണ് ഈ സർക്കാർ സ്വീകരിച്ചത്. ആർദ്രം എന്ന ബൃഹദ്‌പദ്ധതിയിലൂടെയാണ് ഇതു സാധ്യമാക്കിയത്. ഇതിന്റെ നേട്ടങ്ങൾ ഇന്ന് നാടാകെ കാണാനാകും. കുടുംബാരോഗ്യ കേന്ദ്രങ്ങളായി നവീകരിക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഡയാലിസിസ് അടക്കമുള്ള ചികിത്സകൾ ലഭ്യമാക്കുന്ന താലൂക്ക് ആശുപത്രികൾ, ആൻജിയോപ്ലാസ്റ്റി പോലുള്ള നൂതന ചികിത്സകൾ നൽകുന്ന ജില്ലാ ആശുപത്രികൾ എന്നിങ്ങനെ അടിമുടി നവീകരിക്കപ്പെട്ട ആരോഗ്യസേവനമാണ് ഇന്ന് കേരളത്തിലുള്ളത്. ഹൃദയമാറ്റ ശസ്ത്രക്രിയ പോലും ഒരു ജില്ലാ ആശുപത്രിയിൽ ചെയ്യുക എന്നത് ഇന്ത്യയിൽ മറ്റെവിടെയും ചിന്തിക്കാൻപോലും കഴിയാത്ത കാര്യമാണ്. ആരോഗ്യരംഗത്ത് എല്ലാ കാര്യങ്ങളിലും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ് കേരളമെന്നത് ലോകം മുഴുവൻ അംഗീകരിക്കുന്ന വസ്‌തുതയാണ്.
കേരളത്തിന്റെ ചരിത്രത്തിൽ ആരോഗ്യരംഗത്ത് പൊതുനിക്ഷേപം ഇത്രമാത്രം ദ്രുതഗതിയിൽ വർധിച്ച ഒരു കാലം ഉണ്ടായിട്ടില്ല. ബജറ്റ് വഴി വകയിരുത്തിയ കൂടുതലായ തുകയ്‌ക്ക് പുറമേ കിഫ്ബി (Kerala Investment Fund Board) വഴി സമാഹരിക്കുന്ന തുകയാണ് ഇവയിൽ പലതും സാധ്യമാക്കിയത്. സർക്കാർ മേഖലയിലുള്ള മൂന്നാമത്തെ കാൻസർ ആശുപത്രി കൊച്ചിയിലും അവയവമാറ്റങ്ങൾക്ക് വേണ്ടി മാത്രമുള്ള ആശുപത്രി കോഴിക്കോട്ടും വരുന്നത് ത്രിതീയ ചികിത്സാമേഖലയിൽ ജനങ്ങൾക്ക് ചെലവ് കുറഞ്ഞ സേവനം ലഭിക്കാൻ ഏറെ സഹായിക്കും.
കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയുടെ പുതിയ കെട്ടിടം ഫോട്ടോ: ജഗത്‌ലാൽ
കേരളത്തിൽ നിപാ രോഗം വന്നപ്പോഴും പിന്നീട് കോവിഡ്-19 മഹാമാരി വന്നെത്തിയപ്പോഴുമൊക്കെ അവ നിയന്ത്രിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാൽ ഇതൊന്നും ശൂന്യതയിൽനിന്ന് ഉണ്ടായി വന്നതല്ല. കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾ അതിന് ഒരുങ്ങി സജ്ജമായിക്കഴിഞ്ഞിരുന്നു. 1996ലെ സർക്കാർ തുടങ്ങിവച്ച ജനകീയാസൂത്രണംമുതൽ പിന്നീടുള്ള എൽഡിഎഫ് സർക്കാരുകൾ നടപ്പാക്കിയ മേൽ വിവരിച്ച നടപടികൾവരെ ഇതിനു ബലമായിത്തീർന്നു. അസാധാരണമായ രാഷ്ട്രീയ ഇച്ഛാശക്തി ഇതിനോടൊപ്പം ചേർന്നപ്പോൾ അതൊരു മാതൃകാ പ്രവർത്തനമായി മാറി.
കേരളത്തിന്റെ അടുത്ത കാലങ്ങളിലെ നേട്ടങ്ങൾ ശിശുമരണ നിരക്കിലും മാതൃമരണ നിരക്കിലുമുണ്ടായ കുറവിൽ മാത്രമല്ല പ്രതിഫലിക്കുന്നത്. ക്ഷയിച്ചു കൊണ്ടിരുന്ന പൊതുമേഖലയ്‌ക്ക് പുതുജീവൻ വച്ചതിന്റെ തെളിവുകൾ ലഭ്യമാണ്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേരളപഠനം പ്രകാരം 2004ൽ രോഗം വന്നാൽ സർക്കാർ മേഖലയിൽ ചികിത്സ തേടുന്നവർ 32 ശതമാനം ആയിരുന്നു. സ്വകാര്യമേഖലയിൽ 64 ശതമാനവും. ഇവ തമ്മിലുള്ള വ്യത്യാസം 32 ശതമാനം. 2019ൽ ഇതേ സർവേ വീണ്ടും ചെയ്‌തപ്പോൾ സർക്കാർ‐സ്വകാര്യ മേഖലകളിൽ ചികിത്സ തേടുന്നവർ യഥാക്രമം 47 ശതമാനവും 51 ശതമാനവും ആയി. വ്യത്യാസം വെറും 4 ശതമാനം. ഈ ഗതി തുടർന്നാൽ പൊതുമേഖലയ്‌ക്ക് പ്രാമുഖ്യമുള്ള ഒരു ആരോഗ്യ സംവിധാനത്തിലേക്ക് താമസിയാതെ കേരളം എത്തിപ്പെടും. പൊതുമേഖലയുടെ ഈ അതിശയകരമായ തിരിച്ചുവരവാണ് ഇടതുപക്ഷത്തിന്റെ സമീപകാലത്തെ ഏറ്റവും വലിയ നേട്ടം. മങ്ങിത്തുടങ്ങിയ കേരള മോഡലിനെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, പുതിയ ചക്രവാളങ്ങളിലേക്ക് വ്യാപിച്ച് തിളങ്ങുന്ന ഒരു രണ്ടാം കേരള മോഡലിനു തുടക്കം കുറിക്കുക കൂടിയാണ് ഇപ്പോൾ ചെയ്യുന്നത്.
പുതിയ ആശങ്കകൾ
അടുത്ത കാലത്തായി കേരളത്തിലെ വൻകിട സ്വകാര്യ ആശുപത്രികളിൽ പലതിലും വിദേശ മൂലധന കമ്പനികൾ വലിയ നിക്ഷേപങ്ങൾ നടത്തി നിയന്ത്രണം ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. ആരോഗ്യസേവനങ്ങൾക്ക് ഇവിടെയുള്ള വൻ ഡിമാൻഡ് ആണ് ഇതിന് കാരണമെന്ന് പരക്കെ കരുതപ്പെടുന്നു. മെഡിക്കൽ ടൂറിസമാണ് ഇതിനു പിന്നിലുള്ള പ്രധാന ലക്ഷ്യമെന്ന് അഭിപ്രായമുണ്ട്. രണ്ടായാലും സാധാരണക്കാർക്ക് ചികിത്സ കൂടുതൽ ചെലവേറിയതാവുമെന്നും ഇവിടെ ഗുണപരതയിൽ രണ്ട് തട്ടിലുള്ള ചികിത്സ രൂപപ്പെടുമെന്നുമുള്ള ആശങ്കകൾ വ്യാപകമായി ഉയർന്നുവരുന്നുണ്ട്.
സർക്കാരിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടൽ കൊണ്ടുമാത്രമേ ഈ സാഹചര്യത്തെ നേരിടാൻ കഴിയൂ. ഇപ്പോൾ പാകിയിരിക്കുന്ന അടിത്തറയിൽ നിന്നു കൊണ്ട് രോഗാതുരത പരമാവധി കുറയ്‌ക്കുന്നതിലും സാർവത്രിക ആരോഗ്യ പരിപാലനം ഉറപ്പുവരുത്തുന്നതിലുമാണ് അടുത്ത സർക്കാർ ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതോടൊപ്പം, സർക്കാർ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും വേണം. താരതമ്യേന കുറവ് ചെലവിൽ ചികിത്സ ലഭ്യമാക്കുന്ന മിഷണറി - സേവന ആശുപത്രികളേയും സഹകരണ മേഖലയിലുള്ള ആശുപത്രികളേയും പ്രോത്സാഹിപ്പിക്കുക എന്നതും സർക്കാർ നയമായി മാറേണ്ടതുണ്ട്.
കേരളത്തിന്റെ ആരോഗ്യ വിജയഗാഥ ഇനിയും മുന്നോട്ടുപോകണമെന്നുണ്ടെങ്കിൽ ഭാവനാപൂർണമായ പരിപാടികളും ജനപങ്കാളിത്തവും സർവോപരി രാഷ്‌ട്രീയ ഇച്ഛാശക്തിയുള്ള ഒരു സർക്കാരും അനിവാര്യമാണ് .
Selected Reading:
•Panikar, P G K and C R Soman (1985), Health Status of Kerala: The Paradox of Economic Backwardness and Health Development (Thiruvananthapuram: Centre for Development Studies).
•Krishnan, T N (1976), ‘Demographic Transition in Kerala: Facts and Factors’, Economic and Political Weekly, 11, 31–3.
•Kannan, K P, K R Thankappan, V Ramankutty, and K P Aravindan (1991), Health and Development in Rural Kerala: A Study of the Linkages between Socio-economic Status and Health Status (Palakkad: Integrated Rural Technology Centre of the KSSP).
•Dreze, Jean and Amartya Sen (1989), Hunger and Public Action (Oxford: Clarendon Press).
•State Planning Board, Economic Review, Thiruvananthapuram (Various years)
•Kerala padanam, KSSP, KP Aravindan (ed) Kozhikode, 2006
•Snapshot of Kerala, KSSP, KP Aravindan RVG Menon (Eds) Thrissur, 2010
•Kerala Padanam 2, KSSP. KP Aravindan (ed) Kozhikode 2025.
•National Health Accounts India 2004-05
•National Health Accounts India 2016-174








0 comments