ad
Deshabhimani

തിരസ്‌മരണ

ഇന്നും അവളുടെ രാവുകൾ

അവളുടെ രാവുകളി’ല്‍ സീമ
avatar
ബിജു മുത്തത്തി

Published on Apr 06, 2026, 11:09 AM | 13 min read


1978 മാർച്ച് മൂന്നിനാണ് ‘അവളുടെ രാവുകൾ’ മലയാളത്തിന്റെ തിരശ്ശീലയിലെത്തിയത്്. മലയാള സിനിമയുടെ ചരിത്രത്തിൽ ‘അവളുടെ രാവുകളി’ലെ അവൾക്കൊപ്പം അടിയുറച്ചുനിന്ന ഒരു കാലത്തിന്റെ എഴുതപ്പെടാത്ത എത്രയോ കഥകളുണ്ട്്്. തിരക്കഥാകൃത്ത്്് ആലപ്പി ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയുടെ സ്മരണയിൽനിന്ന്്് ചരിത്രത്തിന്റെ മറന്നുപോയ ഒരു അധ്യായത്തെ വീണ്ടെടുക്കുന്നതാണ്് ഈ തിരസ്മരണ.


അവളുടെ രാവുകളി’ല്‍ സീമഅവളുടെ രാവുകളി’ല്‍ സീമ

*******************

‘‘കൊട്ടകയിൽ ഓടുന്നത് ‘അവളുടെ രാവുകൾ' എന്ന ചിത്രമാണ്. അതിന്റെ പരസ്യചിത്രങ്ങൾ ഗേറ്റിനടുത്ത് ഉറപ്പിച്ചിരിക്കുന്ന പലകയിലും മതിലിലും തിയറ്ററിന്റെ അഴുക്കുപിടിച്ച ഭിത്തിയിലും പതിച്ചിട്ടുണ്ട്. സീമ എന്ന യുവനടിയെയാണ് ഈ ചിത്രങ്ങൾ ഒട്ടുമുക്കാലും കാണിക്കുന്നത്. അൽപ്പം കുനിഞ്ഞ മുഖവുമായി സീമ നിൽക്കുന്നു. ഒരു ഷർട്ടാണ് ധരിച്ചിരിക്കുന്നത്. അത് അരയ്ക്ക് താഴെ തുടകൾക്ക് തൊട്ടുമുകളിൽ വരെ എത്തുന്നുണ്ട്. ഈ ചിത്രത്തിന് ലൈംഗികമായ ഒരു നിഷ്കളങ്കതയുണ്ട്. മാതാ തിയറ്ററിലെ പ്രദർശനം നടന്ന്് വർഷങ്ങൾക്കുശേഷമാണ് ഞാൻ ആകാംക്ഷയോടെ ഈ ചലച്ചിത്രം കണ്ടത്. എന്നെ കരയിച്ച എന്തോ ഒന്ന്് അതിലുണ്ടായിരുന്നു.''

(ഇതാ ഇവിടെവരെയുടെ പരസ്യവണ്ടി പുറപ്പെടുന്നു‐ സക്കറിയയുടെ കഥകൾ)

‘പാത്തുമ്മയുടെ ആട്്്' വായിക്കുന്തോറും തന്റെ കണ്ണുനിറയുകയാണെന്ന്്് ജോൺ എബ്രഹാം പറഞ്ഞിട്ടുണ്ട്്്. ആട് വിശന്ന്്്്് പുസ്തകങ്ങൾ തിന്നുന്നതും മനുഷ്യർ ആടിന്റെ പാല് കട്ടുകുടിക്കുന്നതും ആദ്യം നമ്മെ പൊട്ടിച്ചിരിപ്പിക്കുമെങ്കിലും ആഴത്തിൽ അത് ഒരു കാലത്തിന്റെ സങ്കടങ്ങളുടെ ‘സമൃദ്ധി'യാണ്് കാണിക്കുന്നതെന്ന്്്് ഇന്ന്്് നമ്മൾ മനസ്സിലാക്കിവെച്ചിട്ടുണ്ട്്്. ചാപ്ലിൻ സിനിമയിലെ സമാനമായൊരു ദൃശ്യം ഓർമിപ്പിച്ചുകൊണ്ട്് ഒരു കവിതയിൽ എ അയ്യപ്പനും എഴുതിയിട്ടുണ്ടല്ലോ‐ ‘‘വിശപ്പുള്ളവൻ ചെരുപ്പു തിന്നുന്നതുകണ്ട് ചിരിച്ചവനാണ് ഞാൻ. അന്നത്തെ കോമാളിത്തമോർത്ത് ഇന്നു ഞാൻ കരയുന്നു.'' അതുപോലെ സക്കറിയയുടെ കഥയിലെ നായകൻ ‘അവളുടെ രാവുകൾ’ കണ്ട്്്് കരഞ്ഞെങ്കിൽ അതാണ്് ആ സിനിമ പകർന്ന സത്യസന്ധമായ വികാരം. മലയാളി അതു മനസ്സിലാക്കാൻ വർഷങ്ങളെടുത്തു.


2017‐ൽ കേരളത്തിന്റെ അന്താരാഷ്‌ട്ര ചലച്ചിത്രമേള (IFFK) ‘അവളുടെ രാവുകൾ' ഒരു സ്വതന്ത്ര സ്ത്രീപക്ഷ സിനിമായെണെന്ന മുഖവുരയോടെ പ്രദർശിപ്പിച്ചപ്പോൾ നാലുപതിറ്റാണ്ട്‌ മുമ്പ്്്് സദാചാര ‘പുരുഷാ'രം മുദ്രയടിക്കപ്പെട്ട ആ സിനിമയ്ക്ക്്്് ചലച്ചിത്രചരിത്രത്തിൽ പുതിയൊരു ഇടം ലഭിക്കുകയായിരുന്നു. അപ്പോഴേക്കും സിനിമയുടെ എഴുത്തുകാരനായ ആലപ്പി ഷെരീഫും സംവിധായകൻ ഐ വി ശശിയും ഈ ലോകം വിട്ടുപോയിരുന്നു.

2014‐ലാണ്്് കൈരളി ടിവിയുടെ ‘കേരള എക്സ്പ്രസ്' എന്ന പരിപാടിയുടെ ഭാഗമായി ഞങ്ങൾ ആലപ്പുഴയിലെ ‘അവളുടെ രാവുകളു’ടെ തിരക്കഥാകാരനെ തേടിപ്പോയത്. തന്റെ നാടിനെ സ്വന്തം പേരിന്് മുന്നിൽ കൊണ്ടുനടക്കുന്ന ആലപ്പി ഷെരീഫ്്. സക്കരിയാ ബസാറിലെ ഷെരീഫിക്കയുടെ കൊപ്രാക്കട തറവാടിന്റെ ഒരു ഭാഗം റിസോർട്ടാണ്. മുഖ്യമായും വിദേശ സഞ്ചാരികളെ ലക്ഷ്യമാക്കി അലങ്കരിച്ചുവെച്ച ഇരിപ്പിടങ്ങളും പുൽത്തകിടിയും പർണശാലകളുമെല്ലാമായി ഒരു ടിപ്പിക്കൽ ഹെറിറ്റേജ് ഹോം. ‘അവളുടെ രാവുകൾ’ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോൾ ലഭിച്ച പണം കൊണ്ടായിരുന്നു ഷെരീഫ് ‘വൃന്ദാവൻ' എന്നു പേരിട്ട ഈ റിസോർട്ട്്് നിർമിച്ചത്്്. റിസോർട്ടിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു മലയാള സിനിമയുടെ ഈ സൂപ്പർഹിറ്റ്്് തിരക്കഥാകൃത്തിന്റെ പിൽക്കാല ഉപജീവനം.

മലയാള സിനിമയുടെ വലിയ ഹിറ്റുകളുടെ ചരിത്രത്തെ ആ ചരിത്രത്തിനു തന്നെ വിട്ടുനൽകി മക്കളോടൊപ്പം ഒരു റിസോർട്ടിന്റെ നോക്കി നടത്തിപ്പും ഹൃദയസംബന്ധമായ അസുഖത്തിന്റെ അലട്ടലുമായി ഷെരീഫിക്ക അവിടെ ജീവിക്കുന്നുണ്ടെന്ന്് അദ്ദേഹത്തിന്റെ പഴയ സഹപ്രവർത്തകർ പോലും മറന്നിട്ടുണ്ടായിരുന്നു. തിയറ്ററുകളെ ജനസമുദ്രമാക്കിയ മഷിയുണങ്ങാത്ത പൊൻപേന വിശ്രമത്തിലായിരുന്നെങ്കിലും ഓർമകളുടെ തിരശ്ശീലയിൽ അപ്പോഴും സിനിമകൾ ഓടിക്കൊണ്ടേയിരിക്കുകയായിരുന്നു.

1988‐ൽ ഐ വി ശശിയുടെ ‘അനുരാഗി’ക്ക് തിരക്കഥയെഴുതി താഴെവെച്ചതാണ് ആലപ്പി ഷെരീഫ് തന്റെ തൂലിക. അവിടെനിന്ന്‌ ആ ചലച്ചിത്ര ജീവിതം പിന്നോട്ടുമറിച്ചാൽ എഴുതിപ്പണിത എണ്ണിത്തീരാത്തത്രയും സിനിമകളുടെ ഒരു നീണ്ട പട്ടികയാണ് നിവർന്നുവരിക. കാലം ഒന്ന്് അമർത്തി കണ്ണോടിക്കുമ്പോൾ അതിൽ കുറച്ചധികം തിളക്കത്തോടെ മുതിർന്നുനിൽക്കുന്ന പേരാണ് ‘അവളുടെ രാവുകൾ.'


ആ ഒരൊറ്റ സിനിമയ്ക്കു വേണ്ടി കൂട്ടംകൂടിനിന്ന ആൾക്കൂട്ട ചരിത്രം ഓർത്താൽ മതി ഈ എഴുത്തുകാരനെ എക്കാലവും ഓർക്കാൻ.

മലയാളത്തിൽ ആദ്യമായി A ഗ്രേഡ്്് സർട്ടിഫിക്കറ്റ്്് കിട്ടിയ ചിത്രം. അഡൽറ്റ്‌സ്്്് ഓൺലി എന്നാണ് ആ A യുടെ അർഥമെങ്കിലും ഒരു ‘എ ക്ലാസ്്്' ചിത്രം അഥവാ ഒന്നാന്തരം ചിത്രമായാണ് ഇന്ന്്് മലയാള സിനിമാ ചരിത്രം ‘അവളുടെ രാവുക’ളെ കാണുന്നത്്്. സിനിമയുടെ പോസ്റ്ററിൽ കണ്ട ഒരൊറ്റ അർധനഗ്ന രംഗമല്ലാതെ അശ്ലീലമായി കാണാവുന്ന മറ്റൊന്നുമില്ലാഞ്ഞിട്ടും A എന്ന അക്ഷരത്തിന്റെ മാസ്മരികത കൊണ്ടും അല്ലാതെയും സിനിമ തിയറ്ററുകൾ ഇളക്കിമറിച്ചു.

ആലപ്പി ഷെരീഫ്‌ആലപ്പി ഷെരീഫ്‌

സിനിമയുടെ ബോക്സോഫീസ് നേട്ടങ്ങൾക്കപ്പുറം മലയാളിയുടെ പൊതുവായ ഒളിഞ്ഞുനോട്ടത്തെ അതിവർത്തിക്കുന്ന മറ്റെന്തൊക്കെയോ കാരണങ്ങൾ കൊണ്ടാണ്്്് ‘അവളുടെ രാവുകൾ’ നമ്മുടെ ചരിത്രത്തിലേക്ക്്് കടന്നുനിൽക്കുന്നത്്്്. എന്താണത്്?

സിനിമയ്ക്കകത്തും പുറത്തും സ്ത്രീശാക്തീകരണവും ലിംഗനീതിയും വെല്ലുവിളികൾ നേരിടുന്ന ഏതുകാലത്തും പ്രസക്തമായ സിനിമ. ഒരു ലൈംഗിക തൊഴിലാളിയായ സ്ത്രീ സ്വന്തം ശാരീരിക ധീരത കൊണ്ട് നേരിടുന്ന ജീവിതദുരിതത്തെ ഇപ്പോൾ പോലും ആർജവത്തോടെ അഭിമുഖീകരിക്കാൻ മലയാളിയുടെ തിരശ്ശീലയ്‌ക്ക്‌ ശരിക്കും പ്രായപൂർത്തിയായിട്ടില്ലെന്ന്‌ കാണുമ്പോഴാണ് ‘അവളുടെ രാവുകൾ' എന്ന സിനിമയുടെ കരുത്ത് നമ്മളറിയുന്നത്. പതിറ്റാണ്ടുകൾക്കു ശേഷവും ‘അവളുടെ രാവുകൾ’ തുടങ്ങിവെച്ച ജീവിതസമരത്തെ ഏറ്റെടുക്കാൻ ആരുണ്ട്്് എന്നതുതന്നെയാണ് ഇന്നും പ്രധാനപ്പെട്ട ചോദ്യവും.


അതിജീവിതകൾക്കൊപ്പം അണിചേർന്നുള്ള ഐക്യദാർഢ്യ ആഹ്വാനങ്ങളുടെയും ഹാഷ്ടാഗുകളുടെയും കാലത്ത്്് ‘അവളുടെ രാവുകളി’ലെയും അവൾക്കൊപ്പം അണിചേരുന്നത്്് ആ സിനിമയെ ഇനിയും അതിജീവിക്കാൻ പ്രാപ്തമാക്കുകയും ചെയ്യും.

ആലപ്പുഴയിലെ തന്റെ തറവാട്ടുവീടിന്റെ ഒരു ഭാഗത്തെ ചാരുകസേരയിലിരുന്ന്്് ഏതോ ഒരു പുസ്തകത്തിന്റെ ഗാഢമായ പാരായണത്തിൽനിന്ന് ഷെരീഫിക്ക ഞങ്ങളുടെ ക്യാമറയിലേക്ക്്്് തലയുയർത്തി നോക്കി. സിനിമാ ക്യാമറയ്്ക്കു വേണ്ടി മാത്രമായി എഴുതിക്കൂട്ടിയ രചനകളുടെ കഴിഞ്ഞ കാലത്തേക്ക്്് പതുക്കെ കണ്ണോടിക്കുമ്പോൾ പിന്നിൽ ആലപ്പുഴക്കടൽ ഇളകിമറിയുന്നത് കേൾക്കാം.

‘‘അന്നത്തെ കമേഴ്സ്യൽ സിനിമയ്ക്ക്് ലഭിച്ച ഒരടിയായിരുന്നു ‘അവളുടെ രാവുകൾ.’ പ്രശസ്തരായ ഒരുപാട്്് താരങ്ങളും അവരെ താങ്ങിനിർത്തിയ ഇൻഡസ്ട്രിക്കും ‘അവളുടെ രാവുക’ളുടെ ആഘാതം താങ്ങാവുന്നതായിരുന്നില്ല. പിന്നെ അതുപോലൊരു സിനിമയുണ്ടായിട്ടില്ല. ഞാനും അതുപോലൊന്ന്്് എഴുതിയിട്ടില്ല.''


കടൽത്തീരത്ത്്് ഒരു നർത്തകി (രാജി‐സീമ) ചാട്ടവാറേറ്റ്്് പുളയുന്ന നൃത്തത്തിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്്്. ആ സീനിന്റെ അടുത്ത കട്ട്്്് സുകുമാരന്റെ കഥാപാത്രത്തിനൊപ്പം കിടക്കയിൽ അർധനഗ്നയായി ഉറങ്ങുന്ന രാജിയിലേക്കാണ്. അത്്്് രാജിയുടെ ദുഃസ്വപ്നമായി കരുതണം. കിടക്കയിൽനിന്ന്്് അയാളെ ഉണർത്താതെ അവൾ അവിടെനിന്ന്്് ഇറങ്ങുകയാണ്്്. അന്നത്തെ രാത്രിയിലെ സെക്സ് വർക്കിന്്് ലഭിച്ച തുകയിൽനിന്ന്്് ഒരു പങ്ക്്് സാഹായിയായ പയ്യനും കൂട്ടിക്കൊടുപ്പുകാരനായ കുതിരവട്ടം പപ്പുവിന്റെ ദാമുവിനും നൽകി അയാളുടെ സൈക്കിൾ റിക്ഷയിൽ കോഴിക്കോട്്് നഗരത്തിലേക്കിറങ്ങുകയാണ് രാജി. ആ യാത്രയിൽ അവൾ തന്റെ കുടുംബത്തെ ഓർക്കുന്നു‐ അച്ഛൻ, അമ്മ, അവരുടെ സ്നേഹലാളനകൾ.

ഒരു സാധാരണ കുടുംബ ജീവിതത്തിന്റെ സന്തോഷങ്ങളിൽ നിന്ന്് ഒരു പെൺകുട്ടി എങ്ങനെ തെരുവിലെ ലൈംഗിക ചൂഷണങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നുവെന്നും അവിടെയും അവൾ എങ്ങനെ സ്നേഹവും നന്മയും ഒപ്പം തന്റേടവും ഉയർത്തിപ്പിടിക്കുന്ന ഒരു സ്ത്രീപ്രതീകമാകുന്നുവെന്നും പറയുന്നതാണ് സിനിമ.


എൺപതുകളുടെ യൗവനത്തെ ത്രസിപ്പിച്ച ‘അവളുടെ രാവുക’ളെ മുൻനിർത്തി മലയാളികളുടെ ദിനരാത്രങ്ങളെ ആമഗ്നം സ്പർശിച്ച ഒട്ടനവധി സിനിമകളുടെയും മനുഷ്യരുടെയും കൂടി ജീവിതം പറയുകയായിരുന്നു ആലപ്പി ഷെരീഫ് എന്ന തിരക്കഥാകൃത്ത്്്.

‘‘പ്രത്യേകിച്ചും ഒരു സെക്സ് വർക്കറുടെ സിനിമ അവതരിപ്പിക്കുമ്പോൾ ഒരുപാട്്് എക്സ്പോസ് ചെയ്യാമായിരുന്നു എനിക്ക്്്. ആർക്കും കുറ്റം പറയാൻ പറ്റില്ല. എന്നാൽ സെക്സല്ലല്ലോ അതിലെ വിഷയം. ഒരു പെണ്ണിന്റെ വേദനകൾ ആളുകളുടെ ഉള്ളിൽതട്ടി പറയുന്നതെങ്ങനെയെന്നാണ് ഞാൻ ആലോചിച്ചത്്്.''

കോഴിക്കോട്ടെ ഇരിപ്പുംവീട്ടിൽ ശശിധരനെ ഐ വി ശശിയെന്ന സംവിധായകനാക്കുന്നത് ആലപ്പി ഷെരീഫാണ്. ഷെരീഫിന്റെ ഹിറ്റ്് തിരക്കഥകളിലൊന്നായ വിജയനിർമല അഭിനയിച്ച ‘കവിത'യിലും സുവിശേഷ മുത്തുവിന്റെ ‘കാറ്റുവിതച്ചവ'നിലും സഹസംവിധായകനായത്‌ മാത്രമായിരുന്നു അതുവരെ ശശിയുടെ കൈമുതൽ. 1975‐ൽ ഷെരീഫ് ‘ഉത്സവ'മെന്ന ചിത്രം ശശിയെക്കൊണ്ട്്് സംവിധാനം ചെയ്യിക്കാൻ ധൈര്യം കാണിക്കുമ്പോൾ പിന്നിൽ രഹസ്യമായ ചില സ്വാർഥതകളുണ്ടായിരുന്നു. മറ്റൊന്നുമല്ല, ഒരു പുതുക്കക്കാരന്്് തന്റെ തിരക്കഥയിൽ കൈവെക്കാൻ ധൈര്യമുണ്ടാവില്ലല്ലോ എന്നതായിരുന്നു അത്്്.


തകഴിയുടെയും കേശവദേവിന്റെയും കഥകൾ വായിച്ച്‌ പ്രചോദിതനായാണ് ഷെരീഫ്് എഴുത്തുകാരനാകുന്നത്്. അക്കാലത്ത്‌് വൈക്കം ചന്ദ്രശേഖരൻ നായർ പത്രാധിപരായ കുങ്കുമം ആഴ്ചപ്പതിപ്പിലും എ എം കുഞ്ഞിബാവ പത്രാധിപരായ ചന്ദ്രിക ആഴ്ചപ്പതിപ്പിലുമാണ് പ്രധാനമായും ഷെരീഫ് കഥകളും നോവലുകളും എഴുതിയിരുന്നത്. ചന്ദ്രികയിൽ ഷെരീഫിന്റെ കഥകൾക്ക്്് ഐ വി ശശിയായിരുന്നു ചിത്രങ്ങൾ വരച്ചിരുന്നത്‌. കോഴിക്കോട്ട്‌ നിന്ന്‌ സിനിമാ സാമ്രാജ്യമായ കോടമ്പാക്കത്തേക്ക് വണ്ടികയറി ആർട്ട്‌ ഡയറക്ടർമാരുടെ സഹായിയായി മാറിയ ശശിയെ പതുക്കെ ഒരു സ്വതന്ത്ര ആർട്ട്‌ ഡയറക്ടറും സംവിധായകനുമാക്കി ഉയർത്തിക്കൊണ്ടുവന്നത്്്് ഷെരീഫാണ്.

ഐ വി ശശി സംവിധാനം ചെയ്്ത ‘ഉത്സവ'ത്തിലൂടെ ഷെരീഫ് താൻ പിറന്ന ദേശത്തിന്റെ കഥയെഴുതുകയായിരുന്നുവെന്ന് പറയാം. ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ട ഗ്രാമങ്ങൾ കുടിവെള്ളത്തിനുവേണ്ടി പോരടിക്കുന്ന ‘ഉത്സവം’ അന്നത്തെ ഏറ്റവും ഉജ്വലമായ ഒരു ‘ന്യൂജനറഷേൻ' ചിത്രമായിരുന്നു. കെ പി ഉമ്മർ, വിൻസെന്റ്, ശ്രീവിദ്യ, ശങ്കരാടി, സോമൻ, സുകുമാരൻ, രാഘവൻ തുടങ്ങിയ താരങ്ങളുടെ അഭിനയത്തിന്റെ ഉത്സവം കൂടിയായിരുന്നു ആ സിനിമ. ‘ഉത്സവ’ത്തിൽ നിന്ന്്് തുടങ്ങിയ ശശിയുടെ ഓരോ സിനിമയും പിന്നീട്്് തിയറ്ററുകളെ ആൾക്കൂട്ടങ്ങളുടെ ഉത്സവപ്പറമ്പുകളാക്കിയത് ചരിത്രം.

‘‘ഉത്സവം റിലീസ് ചെയ്യുമ്പോൾ പ്രേംനസീറായിരുന്നു മലയാളത്തിലെ പ്രധാന താരം. ആ സ്ഥാനത്താണ് ഞങ്ങൾ കെ പി ഉമ്മറിനെ നായകനാക്കിയത്്. താരത്തേക്കാൾ ആ സിനിമയിൽ കഥയാണ് പെർഫോം ചെയ്യുന്നത്്്. മുരളി മൂവീസിന്റെ രാമചന്ദ്രനായിരുന്നു നിർമാണം''‐ ഷെരീഫിക്ക പറഞ്ഞു.

‘ഉത്സവ’ത്തിനുശേഷം അതേ വർഷം തന്നെ ‘മത്സരം' (1975) എന്ന മറ്റൊരു സിനിമയും ഷെരീഫ്് എഴുതി. ‘ഉത്സവ’ത്തിന്റെ എഡിറ്ററായിരുന്ന കെ നാരായണൻ സംവിധാനം ചെയ്ത ‘മത്സര’ത്തിൽ രാഘവനും എം ജി സോമനും റാണി ചന്ദ്രയുമായിരുന്നു അഭിനേതാക്കൾ. തുടർന്ന്്് ആലിംഗനം (1976), അഭിനന്ദനം (1976), അയൽക്കാരി (1976), അനുഭവം (1976), ഇന്നലെ ഇന്ന് (1977), അകലെ ആകാശം (1977), ആനന്ദം പരമാനന്ദം (1977), അഞ്ജലി (1977), അഭിനിവേശം (1977), ആശീർവാദം (1977), ഊഞ്ഞാൽ (1977), അംഗീകാരം (1977), ഇനിയും പുഴയൊഴുകും (1978) എന്നിങ്ങനെ ഐ വി ശശി തന്നെ സംവിധാനം ചെയ്ത ഷെരീഫ് രചനകൾക്ക്‌ പിന്നാലെയാണ് തിരശ്ശീലയിൽ ഒരു ചരിത്ര സംഭവമായ ‘അവളുടെ രാവുകൾ' (1978) പിറക്കുന്നത്്.

‘അവളുടെ രാവുകളി’ൽ രവികുമാറും സീമയും ‘അവളുടെ രാവുകളി’ൽ രവികുമാറും സീമയും

പ്രേംനസീർ, കമൽഹാസൻ, വിൻസെന്റ്്, സോമൻ, സുകുമാരൻ, ജയൻ, അടൂർ ഭാസി, ശ്രീവിദ്യ, സീമ, റാണി ചന്ദ്ര, ജയഭാരതി, ഉണ്ണിമേരി തുടങ്ങിയ ഒരു കാലഘട്ടത്തിലെ തിളങ്ങുന്ന താരങ്ങളെല്ലാം ഷെരീഫിന്റെ കഥാപാത്രങ്ങളാകാൻ മത്സരിച്ചു. ‘അവളുടെ രാവുകൾ’ക്കു ശേഷം കമൽഹാസൻ അഭിനയിച്ച ‘ഈറ്റ’ (1977)യും ‘അലാവുദ്ദീനും അത്ഭുത വിളക്കും’ (1978), സോമൻ, സുകുമാരൻ, ജയഭാരതി എന്നിവർ അഭിനയിച്ച ‘മനസാ വാചാ കർമണാ'(1979), സീമയും സോമനും അഭിനയച്ച ‘ഏഴാം കടലിനക്കരെ’ (1979), മോഹൻലാൽ അഭിനയിച്ച ‘അനുരാഗി’ (1988) എന്നിങ്ങനെ ഷെരീഫ് ‐ ശശി കൂട്ടുകെട്ടിലൂടെ മാത്രം മലയാളികൾക്ക്്് മുന്നിലെത്തിയത്് ഇരുപതു ചിത്രങ്ങളാണ്.

‘‘ശശിക്കു വേണ്ടി തന്നെ തുടരെത്തുടരെ ഞാൻ സിനിമകളെഴുതി. കാരണം ഈ പയ്യനാകുമ്പോൾ ഞാൻ പറയുന്നത്് എടുക്കും. ഞാനെഴുതുന്നത്്് എന്തിനാണെന്നു ചോദിക്കില്ല. വേറൊരു ഡയറക്ടറാണെങ്കിൽ ചോദിക്കുന്നതിനൊക്കെ സമാധാനം പറയണം''‐ ഷെരീഫിക്ക പറഞ്ഞു.

പി ജി വിശ്വംഭരൻ സംവിധാനം ചെയ്്്ത ‘ഇതാ ഒരു തീരം' (1979), ‘ഇവിടെ കാറ്റിന് സുഗന്ധം’ (1979), ‘സ്ഫോടനം’ (1981), ജേസി സംവിധാനം ചെയ്്ത ‘രക്തമില്ലാത്ത മനുഷ്യൻ' (1979), ‘തുറമുഖം’ (1979), ‘ദൂരം അരികെ’ (1980), ‘പുഴ’ (1980) എന്നീ സിനികളുടെയും രചയിതാവ് ഷെരീഫാണ്്്. എം കൃഷ്‌ണൻ നായരുടെ ‘പാളം’ (1983), ജോഷിയുടെ ‘പിരിയില്ല നാം’ (1984), ടി എസ് സുരേഷ് ബാബുവിന്റെ ‘ഇതാ ഇന്നു മുതൽ’ (1984) തുടങ്ങി നൂറ്്് സിനിമകളുടെയെങ്കിലും തിരക്കഥയെഴുതിയ ആലപ്പി ഷെരീഫിനെപ്പോലെ സൂപ്പർ ഹിറ്റുകളുടെ തുടർപരമ്പരകൾ സൃഷ്ടിച്ച അധികം എഴുത്തുകാരെ എടുത്തുപറയാനില്ല.


ഓരോ കാലത്തും ഉയർന്നുവന്ന പുതിയ പുതിയ താരങ്ങളുടെ സാന്നിധ്യം കൊണ്ടാണ് ഷെരീഫിന്റെ തിരക്കഥകൾ തിളങ്ങിനിന്നത്്. മലയാള സിനിമയിൽ പിൽക്കാലത്ത്്് മുടിചൂടാമന്നന്മാരായ പലർക്കും രംഗത്ത്്് ചുവടുറപ്പിക്കാൻ അവസരമൊരുക്കിയത്‌ ഷെരീഫിന്റെ തൂലികയാണ്. സത്യൻ ‐ നസീർ കാലത്തിനും മമ്മൂട്ടി ‐ മോഹൻലാൽ കാലത്തിനും ഇടയിലെ ‘മധ്യകാല' നായക നിർമിതികളുടെയും അടിത്തറയായിരുന്നു ഷെരീഫിന്റെ രചനകൾ. സോമൻ, വിൻസെന്റ്, കമൽഹാസൻ, രവികുമാർ, സുധീർ, സുകുമാരൻ, രതീഷ്, രാഘവൻ, ജയൻ തുടങ്ങിയവർ തുടർച്ചയായി ഷെരീഫ് ചിത്രങ്ങളിലെ നായകരായി ചലച്ചിത്ര ചരിത്രത്തിൽ വ്യത്യസ്്തമായൊരു കാലഗണന എഴുതിച്ചേർത്തു.

ആ ചരിത്രം പറയുന്ന കൂട്ടത്തിൽ ഷെരീഫിക്ക പഴയൊരു മാസികയിൽ വന്ന ഒരു ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്്് ചിത്രത്തിലേക്കു കൂടി ശ്രദ്ധ ക്ഷണിച്ചത്്് കൗതുക‘‘അൽപ്പം പ്രത്യേകതയുള്ള ചിത്രമാണിത്'', അദ്ദേഹം പറഞ്ഞു.

1972‐ൽ പുറത്തിറങ്ങിയ ‘കളിപ്പാവ' എന്ന സിനിമയ്്്ക്കുവേണ്ടി ഗാനം ഒരുക്കുന്നതിന്റെ ഒരു ഫോട്ടോയായിരുന്നു അത്്. ആരൊക്കെയാണ്് അതിൽ?

സംവിധായകനായ എ ബി രാജ്, നിർമാതാവ്് പന്തിയിൽ ശ്രീധരൻ (പ്രസിദ്ധ ഗായിക കവിയൂർ രേവമ്മയുടെ ഭർത്താവ്), തിരക്കഥാകൃത്ത് ആലപ്പി ഷെരീഫ്, സംഗീത സംവിധായകൻ ബി എ ചിദംബരനാഥ് എന്നിവരുടെ കൂട്ടത്തിൽ ഗാനരചയിതാവായി ഇരിക്കുന്നത്് ഒരു യുവതി! ആരാണത് ? ചെറിയൊരു നിശ്ശബ്്ദതയ്‌ക്ക്‌ ശേഷമുള്ള മന്ദഹാസത്തിനുശേഷം ഷെരീഫിക്ക പറഞ്ഞു.

‘‘കവയിത്രി സുഗതകുമാരി! സുഗതകുമാരി ആദ്യമായി പാട്ടെഴുതിയത്്് ഞാൻ തിരക്കഥയെഴുതിയ ‘കളിപ്പാവ'യ്ക്കായിരുന്നു. എന്റെ കഥകളിൽ നിന്ന് തിരക്കഥയാക്കാനുള്ള ആ കഥ തെരഞ്ഞെടുത്തതും സുഗതകുമാരിയാണ്്്്്്.''

സത്യൻ, കവിയൂർ പൊന്നമ്മ, അടൂർ ഭാസി, തിക്കുറിശ്ശി, അംബിക, വിജയനിർമല, കെ പി ഉമ്മർ എന്നിവരായിരുന്നു ‘കളിപ്പാവ’യിലെ താരങ്ങൾ. 1971 ജൂൺ 15ന് സത്യൻ അന്തരിച്ചതിനു ശേഷമാണ് സിനിമ പുറത്തിറങ്ങിയത്്.

ഒരു കവയിത്രി ആദ്യമായി മലയാള സിനിമയ്ക്കുവേണ്ടി പാട്ടെഴുതുകയും അത്‌ ചിട്ടപ്പെടുത്തുന്ന ചർച്ചയിൽ പങ്കെടുക്കുകയും ചെയ്‌ത അതുപോലൊരു ഫോട്ടോ പിൽക്കാലത്ത്് വേറെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? വിഖ്യാത കർണാടക സംഗീതജ്ഞൻ ബാലമുരളീ കൃഷ്ണയും എസ് ജാനകിയും ചേർന്ന്് ആലപിച്ച ആ ഗാനവും ഷെരീഫിക്കയുടെ നാവിൻ തുമ്പത്തുണ്ട്.


‘നീല നീല വാനമതാ

നീല നീല വാനമതാ

വാരിധി പോലെ അനന്തമായി

ചേലെഴുന്നൊരു മേഘമതാ

ലോലമേഘ തരംഗമായി

നീല നീല വാനമതാ...'

മലയാള സിനിമയിലെ ആദ്യത്തെ താരമൂല്യമുള്ള സംവിധായകനായ ഐ വി ശശിയുടെ ചലച്ചിത്ര യാത്രയ്ക്ക്‌ അസ്ഥിവാരമിട്ട എഴുത്തുകാരൻ എന്നതിനപ്പുറം ആലപ്പി ഷെരീഫിനെ രേഖപ്പെടുത്താൻ മറ്റൊരു വിശേഷണവും ആവശ്യമില്ല. പ്രേക്ഷകർ താരങ്ങളെ നോക്കിയല്ലാതെ സംവിധായകനെ നോക്കി കൊട്ടകകളിൽ കയറിത്തുടങ്ങിയ ആ ഗതിമാറ്റത്തിന്റെ പ്രതിഭാശക്തിക്ക്് വളമായ എഴുത്തുകാരനാണ് ആലപ്പി ഷെരീഫ്. ടി ദാമോദരനും പത്മരാജനും എം ടിയും ലോഹിതദാസുമെല്ലാം ഷെരീഫിനു ശേഷമാണ് ഐ വി ശശിയെ എഴുതിപ്പൊലിപ്പിച്ചത്‌.

ഇനി നമുക്ക്‌ തുടങ്ങിയേടത്തേക്കു തന്നെ വരാം. അതായത്‌, ‘അവളുടെ രാവുകൾ’ എന്ന ചരിത്രത്തിന്റെ മറന്നുപോയ അധ്യായങ്ങളിലേക്ക്‌. ശാന്തി എന്ന സീമയെ കണ്ടെത്താനായ കഥയാണ് അതിൽ ഏറ്റവും വിസ്മയകരമായ ചരിത്ര സന്ദർഭമായി ഷെരീഫ് കരുതുന്നത്‌.

‘കളിപ്പാവകള്‍’ സിനിമയുടെ ഗാനങ്ങള്‍ കംപോസ് ചെയ്യുന്നു.  ചിത്രത്തില്‍ സംഗീത സംവിധായകന്‍ ചിദംബരനാഥിനൊപ്പം ആലപ്പി ഷെരീഫും (ഇടത്ത്‌) സുഗതകുമാരിയും (വലത്ത്‌)‘കളിപ്പാവകള്‍’ സിനിമയുടെ ഗാനങ്ങള്‍ കംപോസ് ചെയ്യുന്നു. ചിത്രത്തില്‍ സംഗീത സംവിധായകന്‍ ചിദംബരനാഥിനൊപ്പം ആലപ്പി ഷെരീഫും (ഇടത്ത്‌) സുഗതകുമാരിയും (വലത്ത്‌)

‘‘ശശിയാണ് ആദ്യം എന്നെ അവളുടെ ഫോട്ടോ കാണിക്കുന്നത്്. രാമചന്ദ്രന്റെ മുരളീ മൂവീസ്‌ ഓഫീസ്് സ്ഥിതി ചെയ്യുന്ന കോടമ്പാക്കത്തെ പൂക്കാരൻ തെരുവിൽ എവിടെയോ ആയിരുന്നു അവളുടെ വീട്. ഫോട്ടോ കണ്ടപ്പോഴാണ് ഇവളെ ഞാനും ദിവസവും കാണുന്നതാണല്ലോയെന്ന്‌ ഓർത്തത്‌. അവൾ സിനിമയ്ക്കു പറ്റുമോ എന്നൊന്നും ഞാൻ ചിന്തിച്ചിട്ടേയില്ലായിരുന്നു. ശശി ഒരു സ്‌റ്റില്ലെടുത്ത്‌ കാണിച്ചപ്പോൾ കൊള്ളാമല്ലോ എന്ന്്് എനിക്കും തോന്നി. അങ്ങനെ വിപിൻ ദാസിനെക്കൊണ്ട്‌ ഒരു ടെസ്റ്റെടുത്തുവെക്കാൻ തീരുമാനിച്ചു. മഴയത്ത്‌ നനഞ്ഞു കയറിവരുന്ന ആ സീനാണ് ആദ്യം എടുത്തത്. അവളത്‌ ബ്യൂട്ടിഫുളായി ചെയ്്്തു. നമ്മളതിന്റെ റഷസ്‌ പോയി കണ്ടപ്പോൾ ഉറപ്പിച്ചു‐ ‘അവളുടെ രാവുക’ളിൽ ഇവളുമതി! അന്നവൾ അവിടെ ഒരു ഗ്രൂപ്പ്‌ ഡാൻസറോ മറ്റോ ആയിരുന്നു. എന്തായാലും സിനിമ ഉള്ളിലുള്ള പെണ്ണാണെന്ന് മനസ്സിലായി. ആ സിനിമയിൽ സീമയല്ലെങ്കിൽ, അതുപോലൊരു പെണ്ണല്ലെങ്കിൽ, ആ കഥാപാത്രത്തിന്് സാർവത്രിക അംഗീകാരം കിട്ടുമായിരുന്നില്ല. അല്ലെങ്കിൽ ആ പടം ഇത്രയും ഉയരത്തിലെത്തുമെന്നും എനിക്കു തോന്നുന്നില്ല. അവൾക്ക്്് ആ കഥാപാത്രത്തെ നന്നായി ഇന്റർപ്രട്ട്്് ചെയ്യാനായി. പടം എഴുതിയത് ഞാനായിരിക്കും. എടുത്തത്് ശശിയായിരിക്കും. പക്ഷേ ആ പടത്തിന്റെ ആത്മാവെന്ന്‌ പറയുന്നത്്് ആ കഥാപാത്രമാണ്. അവൾക്ക്്് ജീവൻ കൊടുത്ത ആ നടിക്ക്് അവകാശപ്പെട്ടതാണ് ആ സിനിമയുടെ എല്ലാ ക്രെഡിറ്റും.''

ഇക്കാലത്ത്് ഒരു എഴുത്തുകാരനും പറയാനിടയില്ലാത്തതാണ് ഷെരീഫിക്ക പറയുന്നത്. സിനിമയുടെ വിജയത്തിന്റെ പൂർണ അവകാശി അതിലെ നായികയാണെന്ന്!


കേവല രതിഭാവനകളല്ല എല്ലുറപ്പുള്ള ഇതിവൃത്തം തന്നെയായിരുന്നു ‘അവളുടെ രാവുകളെ’ തിരശ്ശീലയിൽ തലയുയർത്തി നിർത്തിയത്. ശരീര സൗഷ്ഠവം മാത്രമല്ല വ്യക്തിത്വവുമുള്ളൊരു സ്ത്രീയെ, അതും ഒരു സ്ത്രീ െലൈംഗികത്തൊഴിലാളിയെ മലയാളി ഏറ്റവും ശക്തമായ ദൃശ്യഭാഷയിൽ ആദ്യമായി മുന്നിൽക്കണ്ട ചിത്രം. വരേണ്യ നായികാനായകന്മാരുടെ സ്ഥാനത്ത്‌, അവരുടെ വിശാലമായ സ്വപ്നങ്ങളുടെ ലോകത്തേക്ക്‌ ഒരു ലൈംഗികത്തൊഴിലാളി സ്ത്രീയുടെ പ്രവേശനം അക്ഷരാർഥത്തിൽ മലയാള സിനിമാചരിത്രത്തെ പിടിച്ചുകുലുക്കിയ കലാപം തന്നെയായിരുന്നു.

‘അവളുടെ രാവുകളി’ൽ സോമൻ അവതരിപ്പിക്കുന്ന അധ്യാപകനായ കഥാപാത്രത്തോട്‌ സീമയുടെ രാജി പറയുന്ന ഒരു സംഭാഷണം നോക്കുക‐ ‘‘സാറേ, സാറ്‌ ഒരു മാസം കുത്തിയിരുന്നു പഠിപ്പിച്ചാൽ എന്തു കിട്ടുമെന്ന്‌ എനിക്കറിയാം. ഒറ്റ രാത്രികൊണ്ട്‌ പത്തും നൂറും സമ്പാദിക്കുന്നവളാണ് ഞാൻ. ഞാൻ ചീത്തയാണ്. ഇപ്പോൾ ഞാൻ അങ്ങനെയാണ് ജീവിക്കുന്നത്‌. പണ്ട്‌ ഞാൻ ഇവനെയും തോളത്തിട്ട്്് തെണ്ടിയിട്ടുണ്ട്. അന്നുമിന്നും ഞാൻ ഒരുത്തന്റെ പൈസയും എടുത്തിട്ടില്ല. ഇവനെയും ഞാൻ അങ്ങനെയാണ് വളർത്തിയത്‌. എന്റെ അനിയനെ സാർ എന്തു വേണമെങ്കിലും പറഞ്ഞോളൂ. അവൻ കള്ളനാണെന്നു മാത്രം പറയരുത്. പറഞ്ഞാൽ ഞാനാരാണെന്ന്‌ സാറ്് അറിയും.''

‘‘അങ്ങനെ വെടിമരുന്ന് നിറച്ചതു പോലെ ഒരുപാട്‌ ഡയലോഗുകളുണ്ട് അതിൽ. ഒരുപാട് സെന്റിമെന്റ്സുണ്ട്. പക്ഷേ ഒരു കിടപ്പറരംഗം പോലും നിങ്ങൾക്ക്‌ ആ സിനിമയിൽ കാണിച്ചു തരാനാവില്ല!'' ഷെരീഫിക്ക പറഞ്ഞു.

‘‘അവളുടെ ബ്രദറുടെ മരണം. സോമന്റെ മനഃസ്താപം. അങ്ങനെയുള്ള ഒരുപാട്‌ ഡയലോഗുകളോടെ അവളൊരു മാലാഖയായി മാറുകയാണ്. ആരാണവൾ? പച്ചമലയാളത്തിൽ പറഞ്ഞാൽ ഒരു തേവിടിശ്ശിയുടെ കഥയാണത്. പക്ഷേ ആ തലത്തിൽ നിന്ന്‌ അതുമാറി വലിയൊരു മാനുഷിക മൂല്യങ്ങളുള്ളതാവുന്നു. നമ്മുടെ ഏറ്റവും വലിയ ചിന്തകന്മാരിലൊരാളായ എം ഗോവിന്ദൻ വരെ അംഗീകരിച്ച സിനിമയാണിത്!''


മുഖ്യധാരാ സിനിമാ എഴുത്തിൽ ടി ദാമോദരൻ ഒരു രാഷ്ട്രീയകലാപം തീർത്തപ്പോൾ നമ്മുടെ സദാചാരസങ്കൽപ്പങ്ങളെ കടപുഴക്കിയെറിഞ്ഞ്‌ സാമൂഹ്യവ്യവസ്ഥിതിയുടെ യാഥാർഥ്യങ്ങൾ ചികഞ്ഞെടുക്കുകയായിരുന്നു ഷെരീഫിന്റെ തിരക്കഥകൾ. ‘അവളുടെ രാവുകൾ' ഏതുകാലത്തേക്കുമുള്ള ‘റഫറൻസ്' ആകുന്നത് അങ്ങനെയാണ്. ഒരു െലൈംഗികത്തൊഴിലാളിയുടെ ജീവിതം ഉയർത്തിപ്പിടിച്ച ആ സിനിമ പുറത്തിറങ്ങി മൂന്ന്‌ പതിറ്റാണ്ടെങ്കിലും സഞ്ചരിക്കേണ്ടി വന്നു മലയാളിക്ക്‌ നളിനി ജമീല എന്ന യഥാർഥ ലൈംഗികത്തൊഴിലാളിയുടെ ലക്ഷണമൊത്ത ആത്മകഥ വായിക്കാൻ. അധ്വാനവും ബുദ്ധിയും ഭാവനയും വിൽക്കാമെങ്കിൽ മറ്റൊന്നും വിൽക്കാനില്ലാത്തവർക്ക്‌ എന്തുകൊണ്ട്് സ്വന്തം ശരീരം വിറ്റുകൂടാ എന്ന്്് ചോദിച്ചത്് ഭൂമി മലയാളത്തിൽ ആദ്യം ‘അവളുടെ രാവുകളി’ലെ രാജിയായിരുന്നു. ആ തിരക്കഥ പുസ്തകമായി പുറത്തിറങ്ങാനും കാൽനൂറ്റാണ്ടെടുത്തു.

സീമ ‘അവളുടെ രാവുകളി’ല്‍ സീമ ‘അവളുടെ രാവുകളി’ല്‍

‘‘നിങ്ങളൊക്കെ അന്ന്്് പിള്ളേരായിരിക്കും. അല്ലെങ്കിൽ ജനിച്ചിട്ടുപോലുമുണ്ടാകില്ല. ആ ഒരു കാലഘട്ടത്തിൽ എനിക്ക്‌ അങ്ങനെയൊരു കഥ പറയാനായത് ചെറിയ കാര്യമല്ല. അത്രയേറെ യാഥാർഥ്യബോധത്തോടെയുള്ള കഥാന്തരീക്ഷവും കഥാപാത്രവും അതിനുമുമ്പ്‌ സ്ക്രീനിൽ വന്നിട്ടില്ല. അവളുടെ ദാരിദ്ര്യവും ബുദ്ധിമുട്ടും ക്ലേശവും കുതിരവട്ടം പപ്പുവിന്റെ സൈക്കിൾ റിക്ഷയും ഒരു ഗ്രാമത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന ചെറിയ ടൗണും അവളുടെ ബിസിനസ്സുമെല്ലാം തങ്ങളുടെ ചുറ്റിലുമുള്ള ജീവിതം പോലെ തന്നെ പ്രേക്ഷകർ കണ്ടു. അവൾ മദ്രാസിലോ ബോംബെയിലോ ആണെങ്കിൽ ഒരു കോടീശ്വരിയാകും. പക്ഷേ സ്വന്തം അനിയനെ വിട്ട്‌ അവളെവിടെപ്പോകും? അങ്ങനെ വന്നാൽ അവനെവിടെപ്പോകും? ആ ഒരു ബൈന്റിങ്‌സിൽ നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ ഇന്റർപ്രട്ടേഷനാണത്്. ജീവിതം സിനിമയിൽ എവിടെ തുടങ്ങുന്നു, എവിടെ അവസാനിക്കുന്നുവെന്ന് അത് കാണിച്ചുതരുന്നു. എന്നിട്ടും ആ സിനിമ ആ അർഥത്തിൽ അത്രയും പോപ്പുലറായില്ല. നിങ്ങളുമായി സംസാരിക്കുമ്പോൾ എനിക്കു തോന്നുന്നു, നിങ്ങളുടെ തലമുറയിലുള്ളവരാണ് ശരിക്കും ഈ സിനിമയുടെ പൊട്ടൻഷ്യൽ മനസ്സിലാക്കിയതെന്ന്്. അന്ന്‌ ഞാനെഴുതിയപ്പോൾ അതിന്റെ സെന്റിമെന്റ്‌സ്‌ മാത്രേമേ പലരും കണ്ടുള്ളൂ.''

കുലീനകളെയും കുലടകളെയും കുന്നുപോലെ പടച്ചുവിടുകയായിരുന്നു അക്കാലത്ത് ഏത് ധാരയിലെയും മലയാള സിനിമ. അവിടെയൊരു ലൈംഗികത്തൊഴിലാളിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം വരേണ്യ ബുദ്ധിജീവിലോകത്തിനും സഹ്യമാകുന്നതായിരുന്നില്ല. അപ്പോഴാണ് ‘അടൂരിന്റെ ‘സ്വയംവര’മല്ല ഐ വി ശശിയുടെ ‘അവളുടെ രാവുകളാ’ണ് നമ്മൾ കൊണ്ടാടേണ്ടുന്ന ഒന്നാമത്തെ സിനിമയെന്ന’ എം ഗോവിന്ദന്റെ പ്രസ്താവമുണ്ടായത്‌. ഒരുപക്ഷേ കാലത്തിനു മുമ്പേ ചെയ്‌ത ഒരു സിനിമ. വരാനിരിക്കുന്ന ഭാവിയെങ്കിലും അംഗീകരിക്കുമെന്ന്‌ ഉറപ്പുള്ള സിനിമയായിത്തന്നെ ഗോവിന്ദനെപ്പോലുള്ളവർ ‘അവളുടെ രാവുക’ളെ തിരിച്ചറിഞ്ഞു.


‘‘ഈ സിനിമയുടെ സെൻസർ ബാൻ ചെയ്തപ്പോൾ ഗോവിന്ദൻ എന്നെ വന്നു കണ്ടിരുന്നു.'' ഷെരീഫിക്ക ഓർത്തു.

‘‘അദ്ദേഹത്തിന്റെ വാക്കുകളുടെ പ്രസക്തി പിന്നീടാണ് ഞങ്ങൾക്കും ബോധ്യപ്പെട്ടത്. ഈ സിനിമ ഇങ്ങനെയാകുമെന്നൊന്നും ഞങ്ങളും കരുതിയില്ല. അന്ന്്് ഇത്തരം പടങ്ങൾ ഉച്ചപ്പടങ്ങളായിട്ടായിരുന്നു കാണിച്ചുകൊണ്ടിരുന്നതെങ്കിൽ ‘അവളുടെ രാവുകൾ’ക്ക്‌ ആദ്യം തന്നെ മെയിൻ സ്ട്രീമിൽ ഇടം കിട്ടി. ഒരു സബ്ടൈറ്റിലുമില്ലാതെ ബോംബെയിൽ ‘അവളുടെ രാവുകൾ’ മാസങ്ങളോളം കളിച്ചു. ‘അവളിൻ ഇരവുകൾ' എന്ന പേരിൽ തമിഴിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. ‘കമല' എന്ന പേരിൽ കന്നടയിൽ റീമേയ്ക്ക് ചെയ്തു. ആദ്യം അതൊരു അശ്ലീല സിനിമയായാണ്്കണ്ടതെങ്കിൽ പതുക്കെ അത്‌ മാറി. മാറിയത്്് സിനിമയല്ല. കാലവും മനുഷ്യരുമാണെന്ന് ഇന്ന് ഞാൻ മനസ്സിലാക്കുന്നു. ആ സിനിമയ്ക്ക്്് മികച്ച കാഴ്ചക്കാരെ ലഭിച്ചത് ഇന്നാണെന്ന് പറയാൻ എനിക്ക് മടിയില്ല. നിങ്ങളുടെ തലമുറയിൽ നിന്നാണ് ഇപ്പോൾ ഈ സിനിമയുടെ ഗൗരവകരമായ വിലയിരുത്തലുകളുണ്ടാകുന്നത്‌. ഇപ്പോൾ മലയാള സിനിമയുടെ ഏത്്് ചരിത്രത്തിലും ‘അവളുടെ രാവുകളു’ണ്ടാകുമെന്ന്്്് എനിക്കുറപ്പുണ്ട്്്. ആ ചരിത്രത്തിൽ ഉറപ്പായും അതിന്റെ നിർമാതാവിന്റെ പേരു കൂടി വേണമെന്ന്്് ഞാൻ ആഗ്രഹിക്കുന്നു.''

‘അവളുടെ രാവുകളു’ടെ വിജയം നിർമാതാവ്്് മുരളീ മൂവീസ് രാമചന്ദ്രന് സിനിമാ ലോകത്ത്‌ വൻവിലാസം നൽകിയെങ്കിലും പണം വാരിയത്്് ബോംബെയിലെ മാർവാഡികളും ഇടനിലക്കാരുമായിരുന്നു. മലപ്പുറത്തെ സമ്പന്ന കുടുംബാംഗമായിരുന്ന രാമചന്ദ്രന്്് അക്കാലത്ത്‌ കോഴിക്കോട്‌ ചേളാരി പാങ്ങംപാറയിൽ തിയറ്ററുണ്ടായിരുന്നു‐ മുരളി തിയറ്റർ. മറ്റൊരു തിയറ്റർ കൂടി സ്ഥാപിക്കാൻ പദ്ധതിയിടുന്ന സമയത്താണ് വഴിതെറ്റി കോടമ്പാക്കത്തെത്തുന്നതും തിക്കുറിശ്ശി സുകുമാരൻ നായരുടെ ‘ഉർവശി ഭാരതി'ക്ക്‌ പണമിറക്കുന്നതും. സിനിമ വിജയിച്ചില്ല.


ഒരു കളിയിൽ തോറ്റാൽ അടുത്ത കളിയിൽ പിടിക്കാമെന്ന ചൂതാട്ടക്കാരന്റെ സ്വപ്നമാണ് ‘അവളുടെ രാവുകളി’ലും പിന്നീട് സത്യൻ അന്തിക്കാടിന്റെ ‘അപ്പുണ്ണി’ ഉൾപ്പെടെ ഒരു ഡസനോളം സിനിമകൾക്കും പണമിറക്കാൻ രാമചന്ദ്രനെ പ്രേരിപ്പിച്ചതെന്ന്് ഷെരീഫ്‌ കരുതുന്നു. അതിനായി സ്വന്തം പേരിലുള്ള തിയറ്ററും കുടുംബസ്വത്തുക്കളും വിറ്റു. സമ്പന്നതയുടെ മകുടത്തിൽ നിന്നും രാമചന്ദ്രൻ സമ്പൂർണ നിസ്വതയിലേക്ക് നിപതിച്ചു. കോടമ്പാക്കത്തേക്ക് പോയി കോടികൾ വാരിയവരുടെ കഥകൾക്കൊപ്പമല്ല, ഉള്ളതെല്ലാം നഷ്ടപ്പെടുത്തിയവരുടെ ചരിത്രത്തിലാണ് ഇന്ന് രാമചന്ദ്രന് പേര്‌.

‘അവളുടെ രാവുകളി’ലൂടെയാണ് ഐ വി ശശി മലയാളത്തിലെ വലിയ സംവിധായകരിൽ ഒരാളാകുന്നത്. ഷെരീഫ്‌ വലിയ എഴുത്തുകാരനുമാകുന്നത്. സീമയെന്ന നർത്തകി കോറസ് ആടുന്നതിൽനിന്ന്‌ സൂപ്പർതാരമായി ഉയരുന്നത്. ഐ വി ശശിയുടെ ഭാര്യയാകുന്നത്. സുകുമാരൻ എന്ന നടൻ പ്രസിദ്ധനാകുന്നത്‌. ബിച്ചു തിരുമല ഗാനരചയിതാവായി പേരെടുക്കുന്നത്‌. ചേളാരി പാങ്ങംപാറയിലെ എം പി രാമചന്ദ്രന് എന്നാൽ സൽപ്പേരല്ല കൂടുതലും ലഭിച്ചത്‌. മലയാളത്തിൽ ഒരു സോഫ്റ്റ് പോൺ സിനിമയുടെ തരംഗത്തിന് കാരണക്കാരനായെന്ന ദുഷ്‌പ്പേര്. പിന്നെ ധനനഷ്ടം, മാനഹാനി, രോഗം, മരണം.

കൈരളി ടിവിയുടെ കേരള എക്സ്പ്രസ് ചിത്രീകരണത്തിനിടെ ആലപ്പി ഷെരീഫും ബിജു മുത്തത്തിയുംകൈരളി ടിവിയുടെ കേരള എക്സ്പ്രസ് ചിത്രീകരണത്തിനിടെ ആലപ്പി ഷെരീഫും ബിജു മുത്തത്തിയും

‘അവളുടെ രാവുക’ളെ പിൻപറ്റി പിൽക്കാലത്ത്‌ അത്തരം ‘രാസിനിമ'കളുടെ ഒരു കുത്തൊഴുക്ക്് തന്നെയുണ്ടായി. 1979‐ൽ തകഴി ശിവശങ്കരപിള്ള അധ്യക്ഷനായ സംസ്ഥാന സിനിമാ അവാർഡ് ജൂറി അതിന്് തടയിടണമെന്ന്് സർക്കാരിനോട്‌ ശുപാർശയിലൂടെ ആവശ്യപ്പെട്ടു. പത്മരാജനും ഭരതനും വരെ സ്ത്രീധീരതയുടെ കഥകൾ പറയാൻ ‘അവളുടെ രാവുക’ളുടെ വിജയം പ്രേരണയായി. പലതും വിജയിക്കുകയും ചെയ്തു. എന്നാൽ, ബുദ്ധിജീവികൾ നിരസിച്ച ഒരു സിനിമയെ, കപട സദാചാരവാദികൾ കല്ലെറിഞ്ഞ ഒരു സിനിമയെ മലയാള സിനിമയുടെ നടുമുറ്റത്തേക്ക്‌ സ്വീകരിച്ചിരുത്താൻ ‘അവളുടെ രാവുക’ളുടെ കാണികൾ കാണിച്ച ധീരത വേറൊന്നാണ്. അതെല്ലാം ചിലപ്പോൾ സംഭവിച്ചാലും, ഒരു ലൈംഗികത്തൊഴിലാളിയായ യുവതിയെ സ്വന്തം മകന്റെ ഭാര്യയായി വീട്ടിലേക്കു സ്വീകരിച്ചു കൊണ്ടുവരുന്ന കവിയൂർ പൊന്നമ്മയെ പോലുള്ള ഒരു അമ്മയെ ‘അവളുടെ രാവുകൾ’ക്ക് മുമ്പും പിമ്പും മലയാള സിനിമ വേറെ കണ്ടിട്ടുണ്ടാവില്ല.


‘‘ഇവളെങ്ങനെ ചീത്തയായെന്ന്‌ ഞാനറിഞ്ഞു. ഇവളുടെ സ്ഥാനത്ത് ഞാനായാലും ഇങ്ങനെയാവുമായിരുന്നു. നമ്മുടെ മകനെ ഇവൾ ചീത്തയാക്കിയിട്ടില്ല. ഇവൾക്ക്‌ ഇവന്റെ ഭാര്യയാവാൻ ആ ഒറ്റയോഗ്യത മാത്രം മതി.'' എത്രമാത്രം ശക്തമാണ്, പുരോഗമനപരമാണ് സിനിമയിൽ കവിയൂർ പൊന്നമ്മയുടെ ഈ സംഭാഷണം!

‘‘ചുമ്മാ ഒരു സിനിമയെടുത്തതുകൊണ്ട് കാര്യമില്ലെന്ന്്് ഇപ്പോൾ ഞാനും മനസ്സിലാക്കുകയാണ്. ‘അവളുടെ രാവുക’ളെ പോലെ നമ്മുടെ സമൂഹത്തെയും ജീവിതത്തെയും മാറ്റിമറിക്കുന്ന സിനിമയാണെങ്കിൽ അത്‌ എല്ലാ കാലവും നിലനിൽക്കും. ഒരു സ്ത്രീ തന്റെ വിശപ്പടക്കാൻ വേണ്ടി ശരീരം വിൽക്കുന്ന എല്ലാ കാലത്തും ആ സിനിമ നിലനിൽക്കും.'' ഷെരീഫ് പറഞ്ഞു.

ഒരു ലോകകാഴ്ചയിലേക്ക്് കൊണ്ടാടേണ്ടിയിരുന്ന സിനിമയായിരുന്നു ‘അവളുടെ രാവുകൾ.’ പക്ഷേ വരേണ്യമായ പടപ്പുകൾ കാട്ടിയാണ് ചരിത്രം നമ്മെ വഴിതെറ്റിച്ചത്‌. എന്തായാലും സ്ത്രീകൾ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത്‌, ലൈംഗികതയെക്കുറിച്ച്‌ പക്വമായ ധാരണയില്ലാത്ത സമൂഹത്തിനു മുന്നിൽ ആവർത്തിച്ച്‌ പ്രദർശിപ്പിക്കേണ്ടുന്ന സിനിമയുടെ പേരാണ് ‘അവളുടെ രാവുകൾ.’

‘‘അവളുടെ രാവുകൾ മറ്റൊരു വിധത്തിൽ വീണ്ടും എഴുതണമെന്ന ഒരാഗ്രഹം കൂടിയുണ്ട്‌, എനിക്ക്‌. കാലം അനുവദിക്കുമെങ്കിൽ''‐ ഷെരീഫിക്ക അത്രയും പറഞ്ഞ്്് ഇരിപ്പിടത്തിൽ നിന്ന്‌ എഴുന്നേറ്റു. റിസോർട്ടിലെ ഭംഗിയിൽ അലങ്കരിച്ച റസ്റ്റോറന്റിലേക്ക് അദ്ദേഹം ഞങ്ങളെ ക്ഷണിച്ചു. അവിടെ സന്ധ്യാവിളക്കുകൾ തെളിഞ്ഞിരുന്നു. ആലപ്പുഴ കാണാനെത്തിയ ഒന്നുരണ്ട്്് വിദേശികളെയും അവിടെ കണ്ടു. ഏതോ ഒരു ഇംഗ്ലീഷ്് ഗാനം പതിഞ്ഞ താളത്തിൽ പരക്കുന്നുണ്ടായിരുന്നു.


‘‘ഞാനൊരു വലിയ പ്രതിഭാശാലിയൊന്നുമല്ല. എനിക്കിഷ്ടപ്പെട്ട കുറേ കഥകൾ സിനിമയാക്കാൻ കഴിഞ്ഞു. ജനങ്ങൾ അതെല്ലാം കണ്ടു. ഇതുവരെ ഒരു അംഗീകാരവും എനിക്ക്‌ കിട്ടിയിട്ടില്ല. എനിക്ക്‌ അംഗീകാരം വേണമെന്നല്ല ഞാൻ പറയുന്നത്‌. കിട്ടേണ്ടതാണ്്. പക്ഷേ എനിക്ക്് പരാതിയില്ല. നിങ്ങൾ എന്നെ തിരക്കി വരുന്നത്‌ നിങ്ങളുടെ മനസ്സിൽ ഞാനുള്ളതുകൊണ്ടാണല്ലോ. അതുമതി. ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നത് നിങ്ങളെയാണ്; ഇവിടുത്തെ മറ്റ്്് അതോറിറ്റികളെക്കാളെല്ലാം. അവർ എന്നെക്കുറിച്ച്്് അന്വേഷിക്കാറില്ല. അതിലെനിക്ക്‌ ദുഃഖവുമില്ല.''

ഐ വി ശശിയും സീമയും ഐ വി ശശിയും സീമയും

സിനിമയെന്ന മായികകലയുടെ വലിയ നന്ദികേടിന്റെ ചരിത്രം ഒരു ആലപ്പി ഷെരീഫിൽ നിന്ന് തുടങ്ങിയതോ അവിടെ അവസാനിക്കുന്നതോ അല്ലല്ലോ!

1981ൽ ആലപ്പി ഷെരീഫ് ‘അസ്തമിക്കാത്ത പകലുകൾ' എന്നൊരു സിനിമ സംവിധാനം ചെയ്തിരുന്നു. പ്രേംനസീർ, സുകുമാരൻ, അംബിക തുടങ്ങിയവരായിരുന്നു താരങ്ങൾ. പക്ഷേ ആ സിനിമ അധികം ഓടിയില്ല. സംവിധാനം ചെയ്യുക എന്ന ഷെരീഫിന്റെ മോഹവും അതോടെ അസ്തമിച്ചു. പക്ഷേ തിരക്കഥയെഴുത്ത് നിർത്തിയില്ല. 2003ൽ പുറത്തിറങ്ങിയ ‘സ്വന്തം മാളവിക'യാണ് അവസാനമായി എഴുതിയ തിരക്കഥ. അതിനും തിയറ്ററിൽ നിന്ന്്് തിക്താനുഭവം കിട്ടിയതോടെ അവിടെ നിർത്തി. അപ്പോഴും ‘അവളുടെ രാവുക’ളുടെ രണ്ടാം ഭാഗം മനസ്സിലുണ്ടായിരുന്നു. 2015 ഡിസംബർ 2ന്‌ ആ ജീവിതത്തിന്റെ തിരക്കഥയ്ക്ക്്് എന്നെന്നേക്കുമായി തിരശ്ശീല വീണു.

ഒരു മനുഷ്യായുസ്സിൽ ഒരാൾക്ക്് സങ്കൽപ്പിക്കാനാവാത്തത്രയും തിരക്കഥകൾ എഴുതിയിട്ടുണ്ട്‌ ആലപ്പി ഷെരീഫ്‌. ‘അവളുടെ രാവുകൾ’ ഉൾപ്പെടെ അതിൽ പലതും മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ ആനന്ദ സ്മാരകങ്ങളായി നിലകൊള്ളുന്നു. എന്നാൽ എത്ര വലിയ വിജയങ്ങളുടെ രാജശിൽപ്പിയായാലും കാത്തിരിക്കുന്നത് അവശേഷിക്കുന്ന സ്വപ്നങ്ങളോടെയുള്ള അങ്ങനെയൊരു അന്ത്യരംഗമാണ്. അതിന്റെ തിരക്കഥ കാലം എഴുതുന്നതാണ്. അതൊരു നിശ്ശബ്ദചിത്രമായാണ് പരിണമിക്കുന്നത്് .




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home