ad
Deshabhimani

തിരസ്‌മരണ

അടൂർ ഭാസ്യം

അടൂർ ഭാസി      ഡിജിറ്റൽ ക്രിയേഷൻ: കിരൺ ഗോവിന്ദ്‌
avatar
ബിജു മുത്തത്തി

Published on Apr 20, 2026, 02:46 PM | 11 min read


‘എന്നെ ചിരിപ്പിച്ചവർ കുറവാണ്. അവരാകട്ടെ, ചില നേരങ്ങളിൽ എന്നെ നിശ്ശബ്ദമായി കരയിച്ചിട്ടുമുണ്ട്്്. ഭ്രാന്താശുപത്രിയിൽ കിടക്കുന്ന അമ്മയെ കാണാൻപോയ രംഗം ആത്മകഥയിൽ വിവരിച്ചപ്പോൾ ചിരിയുടെ എക്കാലത്തെയും ചക്രവർത്തി ചാർലി ചാപ്ലിൻ എന്നെ കരയിച്ചു. നല്ലകാലം പിന്നിട്ട്്് ഏകാകിയും ദുഖിതനുമായ ‘ലൈംലൈറ്റി'ലെ കാൾവെറോ എന്ന ഹാസ്യനടനും നമ്മെ കരയിക്കുകയാണ് ചെയ്യുന്നത്.'

(കിളിവാതിലിലൂടെ‐ എം ടി)

അടൂര്‍ ഭാസി ‘കള്ളന്‍ പവിത്രനി’ല്‍അടൂര്‍ ഭാസി ‘കള്ളന്‍ പവിത്രനി’ല്‍ ഡിജിറ്റൽ ക്രിയേഷൻ: കിരൺ ഗോവിന്ദ്‌

തിരുവനന്തപുരം വഴുതക്കാട്ടെ റോസ്കോട്ട് ബംഗ്ലാവിലിരുന്നാണ് മഹാഖ്യായികാകാരനായ സി വി രാമൻപിള്ള ‘മാർത്താണ്ഡവർമ’യും ‘ധർമരാജ’യും ‘രാമരാജാ ബഹദൂറു’മൊക്കെ എഴുതിയത്. സി വി പറഞ്ഞുകൊടുക്കും, ഇ വി കൃഷ്ണപിള്ളയും മുൻഷി പരമുപിള്ളയും അതെഴുതിയെടുക്കും. ഇ വി കൃഷ്ണപിള്ള പിന്നീട് സി വിയുടെ മകൾ മഹേശ്വരിയമ്മയെ വിവാഹം ചെയ്ത് റോസ്കോട്ടിലെ സംബന്ധക്കാരനായി. മലയാളത്തിന്റെ ചാൾസ് ഡിക്കൻസെന്ന്‌ വിളിക്കപ്പെട്ട ഇ വിയുടെ എഴുത്തിന്റെ രസക്കൂട്ടുകളെല്ലാം പിറന്നത്്് റോസ്കോട്ടിൽ വച്ചാണ്. സി വിയുടെ കൊച്ചുമക്കളുടെ മക്കളാണ് ഇപ്പോൾ ഈ വീടിന്റെ അവകാശികൾ.

ഇ വിയുടെ മകനും സി വിയുടെ കൊച്ചുമകനുമായ കെ ഭാസ്കരപിള്ള ആ പാരമ്പര്യത്തിന്റെ മുറ്റത്താണ് പിച്ചവച്ചുനടന്നത്. പിൽക്കാലത്ത്് വെള്ളിത്തിരയിൽ മലയാളിയുടെ മഹാവിദൂഷകനായി അവരോധിതനായ സാക്ഷാൽ അടൂർ ഭാസി. വഴുതക്കാട്ടെ ട്രിവാൻഡ്രം ക്ലബ്ബിനും ടാഗോർ ഹാളിനും എതിർവശത്തെ റോസ്കോട്ട് ലൈനിലെ ബംഗ്ലാവിന്റെ ഒരുഭാഗത്ത്സി വിയുടെ കൊച്ചുമകളുടെ മകൾ സുശീല ഭായിയും മക്കളും ഇടയ്ക്കെല്ലാം വന്നു താമസിക്കാറുണ്ട്്്. സി വിയും ഇ വിയും പിന്നീട് അടൂർ ഭാസിയും ഉപയോഗിച്ചിരുന്ന പ്രധാന മുറിയും നടുത്തളവും ഇപ്പോൾ ഒരു ഹാൻഡിക്രാഫ്‌റ്റ്‌ സ്ഥാപനത്തിന് വാടകയ്ക്കു കൊടുത്തിരിക്കുകയാണ്.

യൂണിവേഴ്സിറ്റി കോളേജിലെ തന്റെ പ്രിയപ്പെട്ട അധ്യാപകനായിരുന്ന സ്കോട്്ലന്റുകാരൻ പ്രൊഫ. ജോൺ റോസിന്റെ ഓർമയ്ക്കായാണ് വീടിന് റോസ്കോട്ടെന്ന്് സി വി പേരുനൽകിയത്. റോസ്്്കോട്ട് യൂറോപ്യനായതുകൊണ്ട് യൂറോപ്യൻ ശൈലിയിലായിരുന്നു വീടുനിർമാണം. തദ്ദേശീയ സമൂഹത്തിലെ ഒരു വിഭാഗം ഉന്നതരും ബ്രിട്ടീഷുകാരും ഇടകലർന്നും ഇണങ്ങിച്ചേർന്നും ജീവിച്ചതിന്റെ ഒരു അടയാളമാണ് റോസ്്കോട്ട്്് ബംഗ്ലാവ്. അടുത്തുള്ള ടെന്നീസ് ക്ലബും ഗോൾഫ് ക്ലബും ട്രിവാൻഡ്രം ക്ലബും ശ്രീമൂലം ക്ലബുമെല്ലാം അക്കാലത്ത് തിരുവനന്തപുരത്ത് ഉയർന്നുവന്ന പുതിയ ജീവിതരീതികളുടെ സ്‌മാരകങ്ങൾ.


റോസ്്്്കോട്ട്‌ വാടകയ്ക്കെടുത്തിരിക്കുന്നവർ ഹെറിറ്റേജ് ടൂറിസവുമായി ബന്ധപ്പെട്ട വ്യാപാരം നടത്തുന്നവരായതുകൊണ്ടുതന്നെ അവിടുത്തെ പഴമയുടെ ഉരുപ്പടികളെല്ലാം പോളിഷ് ചെയ്ത് ഭംഗിയാക്കി വച്ചിട്ടുണ്ടായിരുന്നു. സി വിയുടെ കാലംതൊട്ടേയുള്ള ഒരു ചാരുകസേരയാണ്്്് അതിലൊന്ന്്്്. അജാനുബാഹുവായൊരു മീശക്കാരനായി സി വി വെറ്റിലയിൽ ചുണ്ണാമ്പുതേച്ച് തിരുവിതാംകൂർ പ്രൗഢികളുടെ ഗംഭീരസ്മൃതികളുമായി ചാഞ്ഞിരിക്കുന്നത് നമുക്കു സങ്കൽപ്പിക്കാം. സി വിയുടെ പഴയൊരു ബ്ലാക്ക്്്് ആൻഡ്‌ വൈറ്റ്്്് ഫോട്ടോയും ചുവരിൽ ഫ്രെയിം ചെയ്തുവച്ചിട്ടുണ്ട്്്. സി വിയെയും ഇ വിയെയും കൂടാതെ വേറെയും പൂർവസൂരികൾ ഉപവിഷ്ടരായിരിക്കുന്നതിന്റെ ചിത്രങ്ങളുണ്ട്്്.

പക്ഷേ എവിടെയും ഇ വിയുടെ മകൻ അടൂർ ഭാസിയുടെ ഒരു ചിത്രവുമില്ല. അക്കാലത്തെ കൂട്ടുകുടുംബ വ്യവസ്ഥയുടെ ചില ദായക്രമങ്ങളാണ് അടൂർ ഭാസിയുടെ ചിത്രം ആ വീട്ടിൽ കാണാതാക്കിയതിനു പിന്നിൽ. എന്നാൽ ആ അസാന്നിധ്യത്തിലും ആദ്യം ഇവിടെ ഉയർന്നുകേൾക്കുന്ന പേര്്് അടൂർ ഭാസിയുടേതാണ്‌. മൂന്ന്് പതിറ്റാണ്ടുമുമ്പ് അസ്തമിച്ച ഓർമയുടെ ഏറ്റവും മുഴക്കമുള്ള ചിരിയായി അതിവിടെ ഇപ്പോഴും പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നതായി നമുക്ക് തോന്നും.

‘‘റോസ്കോട്ട്‐ അതുതന്നെയായിരുന്നു ഭാസിയുടെ സങ്കടം.'' കോട്ടയത്തെ വീട്ടിൽനിന്ന് അടൂർ ഭാസിയുടെ അനിയൻ കെ പത്മനാഭൻ നായർ അൽപ്പനേരം ആലോചനാനിമഗ്നനായ ശേഷം പറഞ്ഞു.

അടൂർ ഭാസി      ഡിജിറ്റൽ ക്രിയേഷൻ: കിരൺ ഗോവിന്ദ്‌ അടൂർ ഭാസി ഡിജിറ്റൽ ക്രിയേഷൻ: കിരൺ ഗോവിന്ദ്‌

‘‘സി വിയുടെയും ഇ വിയുടെയും പാരമ്പര്യത്തിന്റെ തുടർച്ച തന്നെയായിരുന്നു ഭാസിയണ്ണൻ. അക്ഷരത്തിലല്ല, അഭിനയത്തിലാണെന്നു മാത്രം. ഇ വിയും മികച്ച നടനായിരുന്നല്ലോ. ആ ഗുണം ഭാസിക്ക്്്് ഇഷ്ടംപോലെ ലഭിച്ചു. റോസ്കോട്ടിൽ താമസിക്കാനായിരുന്നു അണ്ണന്് അവസാനംവരെയും ആഗ്രഹം. പക്ഷേ എന്തുചെയ്യാൻ! റോസ്്്കോട്ടിന്റെ അവകാശം കൈവിട്ടതാണ് ഭാസിയുടെ ഏറ്റവും വലിയ ദുഃഖമെന്ന്‌ ഞാൻ മനസ്സിലാക്കുന്നു. അല്ലാതെ കല്യാണം കഴിക്കാനാവാത്തതോ മക്കളില്ലാത്തതോ ഒന്നുമല്ല. ഒരുപാട്‌ ദുഃഖങ്ങൾക്കിടയിൽ ആ ദുഃഖവും അയാൾ പുറത്തുകാട്ടിയില്ലെന്നു മാത്രം.''

പത്മൻ സാർ ഭാസിയണ്ണന്റെ ഓർമയിൽ വീണ്ടും നിശ്ശബ്ദനായി. എന്നിട്ട്്്് അകത്തുപോയി പൊടിഞ്ഞുതുടങ്ങിയ പഴയൊരു ഫോട്ടോ ആൽബം എടുത്ത് മുന്നിൽ വച്ച് ചെറുചിരിയോടെ പറഞ്ഞു: ‘പ്രായമായവരെ പോലെ തന്നെയാണ് ഇതും, സൂക്ഷിക്കണം.'

അടൂർ ഭാസി കോട്ടയത്തു വന്നാൽ മലയാള മനോരമയിൽ ചെന്ന്്് അനുജൻ അപ്പുവിനെ കാണാതെ മടങ്ങുമായിരുന്നില്ല. അപ്പു എന്നാണ് ഭാസി പത്മനെ വിളിക്കുക. ഓരോ കൂടിക്കാഴ്ചയും ഇരുവരും എന്നത്തേക്കും ഓർമിക്കാവുന്ന തരത്തിൽ എന്തെങ്കിലും സംഭവമാക്കുകയും ചെയ്യും.

സി വിയുടെ മകൾ മഹേശ്വരിയമ്മയുടെയും ഇ വിയുടെയും മകൻ പത്മനാഭൻ നായർക്ക് അടൂർ ഭാസിയും ചന്ദ്രാജി (രാമചന്ദ്രൻ നായർ)യും ഓമനക്കുട്ടിയമ്മയും കൃഷ്ണൻ നായരും രാജലക്ഷ്മിയമ്മയും ഉൾപ്പെടെ അഞ്ചു സഹോദരങ്ങളുണ്ട്. അതിൽ ഏറ്റവും പ്രസിദ്ധനായത് അടൂർ ഭാസി തന്നെ. ഇ വിയുടെയും ഭാസിയുടെയും ആക്ഷേപഹാസ്യ പാരമ്പര്യത്തിന്റെ അലയൊലികൾ തന്നെയാണ്്് പത്മൻ സാറിന്റെയും എഴുത്തിലും മുഴങ്ങുന്നത്്. മലയാള മനോരമയിലെ പോക്കറ്റ് കാർട്ടൂണായ കുഞ്ചുക്കുറുപ്പിന് മൂന്നരപ്പതിറ്റാണ്ടുകാലം അടിക്കുറിപ്പെഴുതിക്കൊണ്ടിരുന്നത് പത്മൻ സാറാണ്. 1961‐ൽ മലയാളത്തിലാദ്യമായി കുട്ടികളുടെ നാടകവേദിക്ക് തുടക്കമിട്ടതും അദ്ദേഹമാണ്.


‘‘വിടരുന്ന മൊട്ടുകൾ എന്ന ഞാനെഴുതിയ നാടകം സംവിധാനം ചെയ്തത് ഭാസിയണ്ണനായിരുന്നു. നാടകം അക്കാലത്ത്്കേരളത്തിലുടനീളം അവതരിപ്പിക്കപ്പെട്ടു. ഇന്ദിരാ ഗാന്ധിയായിരുന്നു നാടകം ഉദ്ഘാടനം ചെയ്തത്.'' പത്മൻ സാറിന്റെ വാക്കുകളിൽ ഒരു രംഗാവതരണ ചരിത്രത്തിന്്് ഭാഗഭാക്കായതിന്റെ അഭിമാനം.

മലയാള സിനിമയിൽ എഴുനൂറോളം വേഷങ്ങളിലൂടെ ചിരികൊണ്ട് ചിരപ്രതിഷ്ഠനായ കലാകാരനെ ഓർക്കുമ്പോൾ പത്മനാഭൻ നായർ ഇപ്പോൾ വികാരാധീനനാകുന്നത് നടനും സഹോദരനുമായ മനുഷ്യനിലെ വിങ്ങുന്ന വേറൊരു ഹൃദയം തൊട്ടറിയാവുന്നതുകൊണ്ടാണ്. അണ്ണനോടുള്ള തന്റെ സ്്്നേഹഭാരം മുഴുവൻ പത്മൻ സാർ ‘എന്റെ ഭാസിയണ്ണൻ' എന്ന പുസ്തകത്തിൽ ഇറക്കിവച്ചിട്ടുണ്ടെങ്കിലും ഇനിയും എഴുതാനും പറയാനുമായി നിരവധി. ‘കരളെരിഞ്ഞാലും തല പുകഞ്ഞാലും ചിരിക്കണ'മെന്ന വിദൂഷക ധർമം പാലിച്ച അടൂർ ഭാസിയുടെ ഭാസിയെഴുതാത്ത ആത്മകഥകളെല്ലാം നാടറിഞ്ഞ് അനിയൻ പത്മനിലൂടെയാണ്.

‘‘അടൂർ ഭാസിയെന്നാണ് പേരെങ്കിലും ഭാസി ഒരു പൂർണ തിരുവനന്തപുരത്തുകാരനാണ്. ഭാസി ജനിച്ചത് റോസ്്്കോട്ട് ബംഗ്ലാവിലാണ്. തിരുവനന്തപുരം എം ജി കോളേജിലായിരുന്നു പഠിച്ചത്. അനന്തപുരിയിലെ നാടക അരങ്ങിൽ വേഷം കെട്ടിയാണ് ഭാസി അറിയപ്പെടുന്ന നടനായത്. പ്രത്യേകിച്ചും ചിത്തിര തിരുനാൾ ഗ്രന്ഥാലയത്തിന്റെ വാർഷികത്തിനും മറ്റും. നാടകമൊന്നുമില്ലാത്ത ദിവസങ്ങളിലും ഭാസി വെറുതേ സ്ത്രീ വേഷം കെട്ടി നഗരത്തിലേക്കിറങ്ങും. ഒരാൾക്കും അയാളെ തിരിച്ചറിയാനാവില്ല. ആദ്യ സിനിമയിൽ ഒരു പശുവിനെ അഴിച്ചുകെട്ടുന്ന വേഷമായിരുന്നു ഭാസിക്ക്. മൂന്നുമുഴം നീളമുള്ള അഭിനയമെന്നാണ് ഭാസി അതിനെ കളിയാക്കിയിരുന്നത്. ഭാസി അമ്മയെയും കൂട്ടി ആ സിനിമ കാണാൻ പോയി. ഭാസി സീനിൽ പ്രത്യക്ഷപ്പെടുന്ന സമയത്ത്്് അമ്മയുടെ കണ്ണിലൊരു കരട് കുടുങ്ങി. അപ്പോൾ അത്്് കൈകൊണ്ട് തിരുമ്മിയ നിമിഷംകൊണ്ട്്് ഭാസിയുടെ സീൻ കഴിഞ്ഞിരുന്നു. മകന്റെ സിനിമ കാണാൻ പോയ അമ്മ അതിൽ മകനെ കാണാതെ മടങ്ങിവന്ന തമാശ ഞങ്ങൾ ഇടയ്‌ക്കിടെ പറഞ്ഞ്്് ചിരിക്കാറുള്ളതാണ്.''

‘ചട്ടക്കാരി’യില്‍ അടൂർ ഭാസിയും സുകുമാരിയും ലക്ഷ്മിയും ‘ചട്ടക്കാരി’യില്‍ അടൂർ ഭാസിയും സുകുമാരിയും ലക്ഷ്മിയും

അടൂർ ഭാസിയുടെ മാതൃസഹോദരിയും സി വി രാമൻ പിള്ളയുടെ മൂത്തമകളുമായ ഗൗരിയമ്മയുടെ മകൻ റോസ്കോട്ട് കൃഷ്ണപിള്ള പറഞ്ഞു.

‘‘അവിടെനിന്ന്്് പിന്നീട് ഭാസിയില്ലാതെ മലയാളത്തിൽ സിനിമയില്ലെന്നവിധം ആ ചരിത്രം മാറി. ഒന്നാന്തരം നടനാണ് ഭാസി. ജന്മസിദ്ധിയാണ് അയാൾക്ക് അഭിനയം. പക്ഷേ അവസാനകാലത്ത് വല്ലാതെ കഷ്ടപ്പെട്ടു. ഞങ്ങൾ ഒരേ പ്രായക്കാരായിരുന്നു. അയാൾ കല്യാണം കഴിക്കാത്തതിന്റെ കാരണമൊക്കെ എനിക്കറിയാം. എനിക്കത്‌ പറയാനാവില്ല. അവസാന നാളുകളിൽ ഒരു ദിവസം വീട്ടിൽ പോയപ്പോൾ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. താനൊരു ഭാഗ്യവാനാണെടോ എന്ന് പറഞ്ഞു. എനിക്ക് ഒന്നും മിണ്ടാനായില്ല.''

കേരളത്തിലെ പ്രസിദ്ധ ബ്രോഡ്കാസ്റ്ററും ആകാശവാണിയുടെ ആദ്യകാല അമരക്കാരനുമായ റോസ്കോട്ട് കൃഷ്ണപിള്ളയാണ് റോസ്കോട്ട് വീട്ടിൽ താമസിച്ച്് റോസ്കോട്ട് വീടിന്റെ പേരിൽ അറിയപ്പെട്ടിരുന്ന ഏകയാൾ. എന്നാൽ റോസ്‌കോട്ട്്് കൃഷ്ണപിള്ളയും താമസിക്കുന്നത് റോസ്കോട്ടിലല്ല. ശാസ്തമംഗലത്തെ കോട്ടക്കൽ വീട്ടിലാണ്.


‘‘നാലു മാസം ഇടവിട്ടാണ് ഞാനും ഭാസിയും ജനിച്ചത്. ആദ്യമൊക്കെ ഭാസിയണ്ണനെന്നാണ് ഞാനും വിളിച്ചത്. പിന്നീട് അടുത്ത കൂട്ടുകാരായപ്പോൾ എടാ ഭാസിയെന്നൊക്കെ വിളിക്കാൻ തുടങ്ങി. വലിയ കുടുംബസ്നേഹിയായിരുന്നു ഭാസി. നാട്ടിൽ വന്നാൽ അടൂരിൽ പോയി അമ്മയെ കാണും. റോസ്കോട്ടിൽ പോയി വല്യമ്മച്ചിയുടെ കഞ്ഞി കുടിക്കും. ഭാസിയുടെ അമ്മ ഭാസിയെ ഭാസമ്മയെന്നാണ് വിളിച്ചിരുന്നത്. രണ്ടു പെൺമക്കൾക്കു ശേഷം പിറന്ന കൊച്ചായതിനാൽ അച്ഛനും അമ്മയും സഹോദരിമാരും ഭാസിയെ പെൺകുട്ടിയെ പോലെയാണ് ലാളിച്ചിരുന്നത്. ഭാസിക്കും ഒരു സ്ത്രൈണസ്വഭാവം കണ്ടതുകൊണ്ടാകണം അമ്മ ഭാസിയെ പെൺവേഷങ്ങൾ അണിയിക്കുമായിരുന്നു. അതുകൊണ്ടായിരിക്കണം നാടകത്തിലും സിനിമയിലുമൊക്കെ ഭാസിയുടെ സ്ത്രീപാർട്ട്‌ അഭിനയം ശോഭിച്ചത്്്. അതൊരു വേഷംകെട്ടാണെന്ന് ഒരാൾക്കും പറയാനാവില്ല.''

തിരുവനന്തപുരം നാടകവേദിയിൽ അനശ്വര നടൻ സത്യന്റെയും ടി ആർ സുകുമാരൻ നായരുടെയും നായികയായിരുന്നു ഭാസി. നാടകരംഗത്തുനിന്നും സിനിമയിലേക്ക്്്് നടന്മാർ കൂടുമാറിക്കൊണ്ടിരുന്ന കാലം. 1950‐ൽ തിരമാല എന്ന സിനിമയിലാണ് അടൂർ ഭാസി ആദ്യമായി മുഖംകാട്ടിയത്.

‘‘ടെക്സ്റ്റൈൽ ടെക്നോളജിയാണ് ഭാസി പഠിച്ചിരുന്നത്‌. കായംകുളത്ത്്് ആരംഭിക്കാനിരുന്ന ഒരു ടെക്സ്റ്റൈൽ കമ്പനിയിൽ ജോലിയും ഉറപ്പാക്കിയിരുന്നു. ഭാസിയുടെ ഭാഗ്യത്തിനോ നിർഭാഗ്യത്തിനോ കമ്പനി കടലാസിലൊതുങ്ങി. പിന്നീട്്് ജനയുഗത്തിലും കലാകൗമുദിയിലും ചെറിയതോതിൽ പത്രപ്രവർത്തനം. പിന്നെ രാഷ്‌ട്രീയ പ്രവർത്തനം. ആ പരീക്ഷണങ്ങളിലൊന്നും വിജയിച്ചില്ലെങ്കിലും, അതൊരു വൻവിജയപാതയിലേക്കുള്ള യാത്രയായിരുന്നു‐ സിനിമ.'' റോസ്കോട്ട്‌ കൃഷ്ണപിള്ള പറഞ്ഞു.


പ്രമുഖ പത്രപ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയും കോട്ടയ്‌ക്കകത്തെ പുന്നക്കൽ പ്രഭുകുടുബാംഗവുമായിരുന്ന എ ആർ പിള്ളയാണ് റോസ്കോട്ട്്കൃഷ്ണപിള്ളയുടെ പിതാവ്്്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം എഡിൻബർഗ്, ഗോട്ടിംഗൻ സർവകലാശാലകളിൽ പോയി പഠിച്ചുവന്ന എ ആർ പിള്ള വിദേശ ഇംഗ്ലീഷ് പത്രങ്ങളിലെ കോളമിസ്റ്റായിരുന്നു. ഇംഗ്ലണ്ടിൽനിന്ന് നേരിട്ട് പുസ്തകം ഇറക്കുമതി ചെയ്തുകൊണ്ട്് തിരുവനന്തപുരത്ത് ആദ്യമായി ഒരു ഇംഗ്ലീഷ് പുസ്തകശാല ആരംഭിച്ചതും എ ആർ പിള്ളയാണ്. എ ആർ പിള്ളയുടെ പാത പിന്തുടർന്നാണ് മകൻ കൃഷ്ണപിള്ളയും പത്രപ്രവർത്തകനായത്്. 1949‐ൽ ഡൽഹി ആകാശവാണിയിൽനിന്ന് മലയാള വാർത്തകൾ പ്രക്ഷേപണം ആരംഭിക്കുമ്പോൾ മുഖ്യചുമതലക്കാരനായിരുന്നു കൃഷ്ണപിള്ള.

റോസ്്കോട്ട്‌ കൃഷ്ണപിള്ള ആകാശവാണിയുടെ ചുമതലയിലായിരുന്നപ്പോൾ തലസ്ഥാനത്തെ നാടകവേദികളിൽ നിറഞ്ഞുനിൽക്കുകയായിരുന്നു അടൂർ ഭാസി. ഭാസിയെ ആകാശവാണിയിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം വന്നില്ല. അത്തരം ആകസ്മികതകളിലേക്കൊന്നും ഭാസി ചാടിയിറങ്ങാതിരുന്നത് ഒരുകണക്കിന് നന്നായെന്നാണ്്്് കൃഷ്ണപിള്ള പറയുന്നത്. അടൂർ ഭാസി ആകാശവാണിയിലേക്ക്‌ പോയില്ലെങ്കിലും അനന്തരവൻ ഗോപിനാഥൻ നായരെ അദ്ദേഹം അങ്ങോട്ടേക്ക് അയച്ചു. ഗോപിനാഥൻ നായരാണ് പിന്നീട് പ്രസിദ്ധ വാർത്താവതാരകനായി അറിയപ്പെട്ട ഗോപൻ. ശ്വാസകോശം സ്പോഞ്ചുപോലെ എന്ന പുകയില വിരുദ്ധ പരസ്യത്തിലൂടെ ഗോപൻ പിന്നീട് ആകാശവാണിക്ക് പുറത്തും പ്രസിദ്ധനായി.

സി വിരാമൻപിള്ളയുടെ കൊച്ചുമക്കള്‍ക്കൊപ്പം ബിജു മുത്തത്തിസി വിരാമൻപിള്ളയുടെ കൊച്ചുമക്കള്‍ക്കൊപ്പം ബിജു മുത്തത്തി

‘‘ഞാൻ തേഡ് ഫോമിൽ പഠിക്കുമ്പോൾ എഴുതിയ നാടകത്തിലാണ് ഭാസി ആദ്യമായി അഭിനയിച്ചത്. റോസ്കോട്ട്‌ ബംഗ്ലാവിലെ കുടുംബസദസ്സിലായിരുന്നു നാടകം കളിച്ചത്. അതിൽ ഭാസി ഒരു വിദൂഷകനായിരുന്നു. അന്നുതന്നെ കയ്യടി നേടി. വീട്ടുനാടകത്തിൽനിന്ന് വളരെവേഗം വി ജെ ടി ഹാളിലെ നാടകങ്ങളിലേക്ക് ഭാസി വളർന്നു. തമാശയും ഫലിതവുമെല്ലാം ഓർത്തുവച്ച്‌ അവസരത്തിനൊത്ത് പ്രയോഗിക്കാൻ ഭാസിക്ക് വലിയ കഴിവുണ്ടായിരുന്നു. ഓരോരുത്തരെ വച്ച് ഓരോ തമാശക്കഥകളുണ്ടാക്കാനും വിരുതനാണ്. പട്ടം താണുപിള്ളയെയും മന്നത്ത്‌ പത്മനാഭനെയും വീരരാഘവൻ നായരെയുമെല്ലാം കളിയാക്കുമായിരുന്നു. ചിരിച്ചുകൊണ്ടാണ് ഭാസി അതെല്ലാം പറയുക. ആദ്യം ഭാസിയണ്ണൻ ചിരിക്കും. പിന്നെ മറ്റുള്ളവരും.''

ഭാസി ചിരിച്ചാൽ പിന്നെ ആർക്കും ചിരിക്കാതിരിക്കാനാവില്ല. ചിരിക്കാനായി മാത്രം ജനിച്ച ജന്മം. ഒരിക്കൽ ടി ജെ എസ് ജോർജ്‌ എഴുതി‐ ‘എല്ലാവരും കരഞ്ഞുകൊണ്ട്്്് ജനിക്കുന്നു. അടൂർ ഭാസി ചിരിച്ചുകൊണ്ടായിരിക്കണം പിറന്നുവീണത്. നൈസർഗിക ഫലിതം എന്നൊന്നുണ്ടെങ്കിൽ അത്്്് ഭാസിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു.' (ഘോഷയാത്ര)

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഭാസി ഓട്ടൻതുള്ളൽ വേഷം കെട്ടി അമ്പരപ്പിച്ചിട്ടുണ്ടെങ്കിൽ അത്‌ ഫലിതം ‘രക്തത്തിലു'ള്ളതുകൊണ്ടു തന്നെയാണെന്ന്‌ റോസ്‌കോട്ട്‌ പറഞ്ഞു. അവസാനകാലമായപ്പോൾ അഭിനയത്തിൽ ഭാസിക്ക് ഒരു ആഗ്രഹമേ ബാക്കിയുണ്ടായിരുന്നുള്ളൂ:

‘‘കുഞ്ചൻ നമ്പ്യാരായി അഭിനയിക്കണം. അക്കാര്യം കാവാലത്തോടൊക്കെ ഭാസി പറഞ്ഞിട്ടുണ്ടായിരുന്നു. അതു സംഭവിച്ചിരുന്നെങ്കിൽ മലയാള സിനിമയുടെ അഭിനയ ചരിത്രത്തിലെ ഒരു അത്ഭുതപ്രകടനമായിരിക്കും അത്്്.'' റോസ്കോട്ട് കൃഷ്ണപിള്ളയ്ക്ക് സംശയമില്ല.


അടൂർ ഭാസിയുടെ സഹോദരി ഓമനക്കുട്ടിയമ്മയുടെ മകൻ നടനും കഥാകൃത്തുമായ ബി ഹരികുമാർ രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും ‘ജൂനിയർ അടൂർ ഭാസി'യെന്നാണ് അറിയപ്പെട്ടത്. ഹരികുമാർ അടൂർ ഭാസിയുടെ മകനാണെന്ന് കരുതിയവരുമുണ്ടായിരുന്നു. ഭാസി അവിവാഹിതനായിരുന്നുവെന്ന് അറിയുന്നവർപോലും അങ്ങനെ സംശയിക്കാറുണ്ടെന്ന് ഉള്ളൂരിലെ വീട്ടിലിരുന്ന് ഹരികുമാർ പറഞ്ഞു.

‘‘എന്തിന്, തിക്കുറുശ്ശിച്ചേട്ടൻ പോലും എന്നെക്കണ്ട് ഒരു തവണ അങ്ങനെ ചോദിച്ചിട്ടുണ്ട്. എനിക്കതിൽ അഭിമാനമേയുള്ളൂ. ഒരു മഹാനടന്റെ ശബ്ദം ലഭിക്കുകയെന്നത് ചെറിയ സൗഭാഗ്യമല്ലല്ലോ. എന്നാൽ അതല്ല തമാശ, എന്നെയറിയാത്തവരുടെ വിമർശനമാണ്. ഞാൻ അടൂർ ഭാസിയെ അനുകരിക്കുന്നുവെന്നാണ് അവരുടെ പരാതി. ഞങ്ങൾക്കൊരു കുഞ്ഞമ്മയുണ്ടായിരുന്നു, റോസ്കോട്ടിൽ. ഭാസി മാമൻ ഷൂട്ട്‌ കഴിഞ്ഞ്് കയറിവരുമ്പോൾ കുഞ്ഞമ്മയെ ‘അക്കാ'യെന്ന് നീട്ടിവിളിക്കും. മാമൻ വരുമ്പോഴെല്ലാം പതിവായിരുന്നു അങ്ങനെയുള്ള വിളി. പിന്നീട് അദ്ദേഹം മരിച്ചശേഷം കുറേക്കാലം കുഞ്ഞമ്മ ആ വിളി കേൾക്കാൻ എന്നെക്കൊണ്ട് ‘അക്കാ'യെന്ന് വിളിപ്പിക്കുമായിരുന്നു. ഞാൻ അക്കായെന്ന്് നീട്ടിവിളിക്കുമ്പോൾ കുഞ്ഞമ്മ കരയും.'' ഹരികുമാറിന്റെ കണ്ണുനിറഞ്ഞു.

 റോസ്‌കോട്ട് ബംഗ്ലാവ് റോസ്‌കോട്ട് ബംഗ്ലാവ്

‘മനുഷ്യനായാൽ ഇടക്കെല്ലാം ഒന്നു ചിരിക്കണം, അല്ലെങ്കിൽ ആ മഹാസിദ്ധി മറന്നുപോകും’‐ എം ടിയുടെ ഒരു കഥാപാത്രം അങ്ങനെ പറയുന്നുണ്ട്. ജന്തുകുലത്തിൽ മനുഷ്യനുമാത്രമുള്ള ആ മഹാസിദ്ധിയെ ഒരു ആഘോഷമാക്കുകയായിരുന്നു അടൂർ ഭാസി. ശരീരം മുഴുവൻ ആടിയുലഞ്ഞു ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്ത കലാകാരൻ. പൊട്ടിച്ചിരിയായിരുന്നു ഭാസിയുടെ ജീവിതത്തിന്റെയും വ്യക്തിത്വത്തിന്റെയും ഭാഷ. സ്വന്തം സഹജീവിയെ ആക്ഷേപിക്കാതെയും അപകർഷപ്പെടുത്താതെയും എങ്ങനെ ചിരിക്കാമെന്നതിന്റെ അതുല്യമാതൃകയുമായിരുന്നു അടൂർ ഭാസി.

കെ ബാലകൃഷ്ണന്റെയും പി കെ വിക്രമൻനായരുടെയും തിരുവനന്തപുരം തട്ടകത്തിൽ നിന്ന്്് കോഴിക്കോട്ടേക്ക്്് വണ്ടികയറുമായിരുന്ന ഭാസിയുടെ കോഴിക്കോടൻ സന്ദർശനങ്ങളെക്കുറിച്ച് എം ടി വാസുദേവൻ നായർ ‘കിളിവാതിലിലൂടെ' എന്ന പുസ്തകത്തിലെ ‘നീണ്ട ചിരിയുടെ അവസാനം' എന്ന അധ്യായത്തിലെഴുതുന്നുണ്ട്്്.

ചിരിക്കാൻ വലിയ വൈമുഖ്യമുണ്ടായിരുന്ന എം ടിയ്്്ക്കും പട്ടത്തുവിളയ്ക്കും ചിരിയുടെ വൈഭവം പഠിപ്പിച്ചതും ഭാസിയാണെന്ന്്് പറയുന്നുണ്ട്്്. അച്ഛൻ ഇ വി കൃഷ്ണപിള്ളയും അമ്മ മഹേശ്വരിയമ്മയും കഥാപാത്രങ്ങളാകുന്ന സ്വന്തം വീട്ടുകഥകളുടെയും തകഴിയും ദേവും സി എൻ ശ്രീകണ്ഠൻനായരും കഥാപാത്രങ്ങളാകുന്ന നാട്ടുകഥകളുടെയും കെട്ടഴിച്ച്‌ ഏത് സൗഹൃദസായാഹ്നങ്ങളെയും ചിരിയുടെ മഹോത്സവമാക്കുമായിരുന്നു അടൂർ ഭാസി.


‘‘നാടകത്തിൽനിന്ന്്് ഭാസി സിനിമയിലേക്ക്‌ കാലെടുത്തുവച്ച കാലമായിരിക്കണം അത്‌. അപ്പോൾ വലിയ നടനൊന്നുമായിക്കഴിഞ്ഞിരുന്നില്ല.'' ഭാസിയുടെ സന്തതസഹചാരിയായിരുന്ന റോസ്‌കോട്ട്്് കൃഷ്ണപിള്ള പറഞ്ഞു.

‘‘ഇക്കാലത്ത്്് ഭാസി രാഷ്‌ട്രീയത്തിലും ഒന്ന്്്്്്് പയറ്റിനോക്കിയത്‌ അറിയാമല്ലോ. 1960ലെ തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിൽ റോസ്്്കോട്ട്്് വീട് സ്ഥിതിചെയ്യുന്ന വഴുതക്കാട്‌ മണ്ഡലത്തിലെ ആർഎസ്പി സ്ഥാനാർഥിയായിരുന്നു ഭാസി. അത്് കൗമുദി ബാലകൃഷ്ണന്റെ ആസൂത്രണമാണ്. എൻ ശ്രീകണ്ഠൻനായരായിരുന്നു ആർഎസ്പിയുടെ തലതൊട്ടപ്പൻ. മുപ്പത്തിരണ്ട്്വോട്ടിന്് പട്ടം താണുപിള്ളയുടെ പിഎസ്പി സ്ഥാനാർഥി മുരളിയോട്്്് ഭാസി തോറ്റു. തെരഞ്ഞെടുപ്പ്്്് പ്രചാരണത്തിന് മണ്ഡലത്തിലെത്തിയ പട്ടം താണുപിള്ള അറിയാതെ പ്രസംഗിച്ചത്്് എതിർസ്ഥാനാർഥി ഭാസിയുടെ മഹിമയെക്കുറിച്ച്്്! തന്റെ സുഹൃത്തായിരുന്ന ഇ വിയുടെ മകനെ മാത്രമേ പട്ടം താണുപിള്ളയ്‌ക്ക്‌ അറിയാമായിരുന്നുള്ളൂ. കലാകാരൻ വേണോ കച്ചവടക്കാരൻ വേണോ? ആവേശം മൂത്തപ്പോൾ പട്ടം താണുപിള്ള ചോദിച്ചു. സംഗതി പന്തിയല്ലെന്നു കണ്ട അധ്യക്ഷൻ ചെവിയിൽ കുശുകുശുത്തു. സ്ഥാനാർഥി തെറ്റിപ്പോയ കാര്യം താണുപിള്ള സാറിന് പിടികിട്ടി. ഉടൻ പ്രസംഗത്തിന്റെ ദിശ ഭാസിയുടെ നേർക്കാക്കി‐ ‘എന്റെ സുഹൃത്ത്‌ ഇ വി കൃഷ്്്്ണപിള്ളയ്‌ക്ക്‌ ഇങ്ങനെയൊരു മകൻ പിറന്നല്ലോ, കഷ്ടം! തറവാട്ടു നായർക്ക്്് പറഞ്ഞതാണോ സിനിമാഭിനയം?'’


അടൂർ ഭാസിക്ക് ഒരു പൂർണ അർഥത്തിലുള്ള നടനെന്ന അരങ്ങേറ്റം ലഭിച്ചത് 1961ൽ രാമു കാര്യാട്ട്‌ സംവിധാനംചെയ്‌ത ‘മുടിയനായ പുത്ര’നിലൂടെയാണ്. തോപ്പിൽ ഭാസിയാണ് ആ സിനിമയിലേക്ക്‌ അടൂർ ഭാസിയെ ക്ഷണിച്ചത്്്. 1964ൽ പി ഭാസ്കരൻ സംവിധാനംചെയ്്്ത ‘ആദ്യകിരണങ്ങളി'ലെ ആനച്ചാർ കൃഷ്ണനാശാൻ എന്ന കഥാപാത്രത്തിലൂടെയാണ് ഭാസിയുടെ പ്രതിഭയുടെ ആഴങ്ങൾ മലയാളി അറിഞ്ഞുതുടങ്ങിയത്. അവിടുന്നങ്ങോട്ട്്് ഭാസി അഭിനയത്തിന്റെ വിജയക്കൊടികൾ ഓരോന്നായി നാട്ടിക്കൊണ്ടിരുന്നു. കണക്കില്ലാത്തത്രയും കഥാപാത്രങ്ങളെ ചിരിയുടെ മാന്ത്രികസ്പർശംകൊണ്ട്് കീഴടക്കിക്കൊണ്ടിരുന്നു.

അറുപതെഴുപത് കാലങ്ങളിൽ അടൂർ ഭാസിയില്ലാത്ത മലയാള സിനിമയെക്കുറിച്ച്്് ആലോചിക്കാനാവില്ലായിരുന്നു. ഭാസി‐ബഹദൂർ ഹാസ്യജോഡി തന്നെ രൂപപ്പെട്ടു. പ്രേംനസീറും ഷീലയും കഴിഞ്ഞാലുള്ള ഏറ്റവും വലിയ അഭിനയജോഡിയായിരുന്നു നസീറും അടൂർ ഭാസിയും. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന പ്രേംനസീറിന്റെ പകുതിയോളം പ്രതിഫലം അടൂർ ഭാസിക്കും ലഭിച്ചിരുന്നു. ഇരട്ടവേഷങ്ങളിലും സ്ത്രീവേഷങ്ങളിലും ഭാസി കസറി. ഹാസ്യവേഷങ്ങൾക്കൊപ്പം ഒരു ഡസനോളം ഹാസ്യഗാനങ്ങളും ആലപിച്ചു. പിൽക്കാലത്ത്്് തെന്നിന്ത്യയിലെ താരജോഡിയായി മാറിയ കമൽഹാസന്റെയും ശ്രീദേവിയുടെയും ചലച്ചിത്ര ജീവിതത്തിൽ ഒരു വഴിത്തിരിവായ ‘ആദ്യപാഠം' (1977) എന്ന സിനിമയുടെ സംവിധായകനായിരുന്നു അടൂർ ഭാസി. ഭാസിയും ശാരദയും അഭിനയച്ച ‘രഘുവംശം' (1978), പ്രേംനസീർ, ജയൻ, ഷീല, സുകുമാരി തുടങ്ങിയവർ അഭിനയിച്ച ‘അച്ചാരം അമ്മിണി ഓശാരം ഓമന' (1977) എന്നിവയും അടൂർ ഭാസി സംവിധാനം ചെയ്ത സിനിമകളാണ്.

കെ എസ് സേതുമാധവൻ സംവിധാനം ചെയ്്്ത ‘ചട്ടക്കാരി’ (1974)യിലെ അഭിനയത്തിനും ജോൺ എബ്രഹാം സംവിധാനം ചെയ്ത ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങ’(1980)ളിലെ അഭിനയത്തിനും ഏറ്റവും മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം അടൂർ ഭാസി കരസ്ഥമാക്കി. ‘ഏപ്രിൽ 18' (1984) എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരവും ലഭിച്ചു. അതുവരെ കോമിക്ക് ലോകത്തുമാത്രം തളച്ചിടപ്പെട്ട ഒരു നടനിൽനിന്നും ഭാസിയുടെ സ്ഥാനം ഉയർന്നുനിന്ന സന്ദർഭങ്ങളായിരുന്നു അതൊക്കെ. എൺപതുകളുടെ ആദ്യം പി പത്മരാജൻ സംവിധാനം ചെയ്്ത ‘കള്ളൻ പവിത്ര’നിലെ പവിത്രനേക്കാൾ വലിയ കള്ളനായ പാത്രക്കച്ചവടക്കാരനായി തകർത്തഭിനയിച്ച അടൂർ ഭാസിക്ക് തുടർന്ന്‌ അതുപോലുള്ള കനപ്പെട്ട വേഷങ്ങൾ ലഭിച്ചില്ല. നായികാനായകന്മാരുടെ അച്ഛൻ, മുത്തച്ഛൻ വേഷങ്ങളിലേക്ക്്് സ്ഥിരമായി ഒതുക്കപ്പെട്ടു. ഒട്ടും ശോഭനമായിരുന്നില്ല ഭാസിക്ക്്് എൺപതുകളുടെ രണ്ടാംപകുതി. വേഷങ്ങൾ കുറഞ്ഞു. താൻ വെറുതേ ഇരിക്കുകയല്ല, തിരക്കേറിയ ആളാണെന്ന് ചുറ്റുമുള്ളവരെ ബോധ്യപ്പെടുത്താനായി മാത്രം ഭാസി അക്കാലത്ത്‌ തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും പോയിവരുമായിരുന്നത്രെ!

ഭാസിയും അമ്മ മഹേശ്വരിയമ്മയും       ഡിജിറ്റൽ ക്രിയേഷൻ: കിരൺ ഗോവിന്ദ്‌ഭാസിയും അമ്മ മഹേശ്വരിയമ്മയും ഡിജിറ്റൽ ക്രിയേഷൻ: കിരൺ ഗോവിന്ദ്‌

‘‘ആവശ്യത്തിലധികം സമ്പത്തും അംഗീകാരവും ആദരവും ഭാസിയണ്ണന് ലഭിച്ചു. അതെല്ലാം പെരുമഴപോലെ വന്ന്്്് അങ്ങനെ തന്നെ ഒലിച്ചുപോയി. ആവശ്യമുള്ള സമയത്ത് ആരുമുണ്ടായിരുന്നില്ല. അപ്പോഴും അണ്ണന്റെ മുഖത്തുനിന്ന്്് ചിരി മാഞ്ഞിരുന്നില്ല.'' കോട്ടയത്തെ വീട്ടിൽനിന്നിറങ്ങുമ്പോൾ പത്മൻ സാർ പറഞ്ഞു.

ആരാധകരും ആൾക്കൂട്ടവുമൊഴിഞ്ഞ അക്കാലത്തെ ഭാസിയുടെ ചിരി കണ്ട്്്് തനിക്ക് വേദന തോന്നിയെന്ന്്്് എം ടിയും എഴുതിയിട്ടുണ്ട്്്. അക്കാലത്ത്ഭാസി ട്രെയിനിൽ പോകുമ്പോൾ ചില പിള്ളേർ അടുത്തുവന്ന്്് ചോദിക്കും: ‘ഇപ്പോൾ ചാൻസൊന്നുമില്ലേ, സാറേ?' അപ്പോൾ എന്തു മറുപടി പറയുമെന്ന്്് ചോദിച്ച എം ടിയോട്്് ഭാസി ചിരിച്ചുകൊണ്ട്്പറഞ്ഞു‐ ‘ചാൻസൊന്നും ഇല്ല, കഷ്ടമാണെന്ന്‌ പറയും. അവർക്കൊരു സമാധാനമാവട്ടെ.’ അപ്പോഴേക്കും ഒരു പ്രതീക്ഷയ്‌ക്കും വകയില്ലാത്ത രോഗാവസ്ഥയുടെ പിടിയലകപ്പെട്ടു കഴിഞ്ഞിരുന്നു അടൂർ ഭാസി. മാറ്റിവയ്ക്കാനുള്ള ഒരു വൃക്ക എവിടെനിന്ന്‌ കിട്ടുമെന്ന്‌ അടൂർ ഭാസിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ആലോചിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് എം ടി അവസാനമായി ഭാസിയെ കാണുന്നത്.

‘‘ആ ഘട്ടത്തിൽ ഭാസിയെ കാണുമ്പോൾ ഭാസിയുടെ മാനസികാവസ്ഥ എന്തായിരിക്കും? എന്തു സംസാരിക്കും? ആശങ്കയോടെ കടന്നുചെന്നു. ഒന്നും സംഭവിക്കാത്തപോലെ, പണ്ടെന്നോ പറഞ്ഞുനിർത്തിയ ഒരു കഥ തുടരും പോലെ, ഭാസി ചിരിച്ചു. കഥകൾ പറഞ്ഞു. നഷ്ടപ്പെട്ടിരിക്കുമോ എന്നു ഞാൻ ഭയന്ന അടുക്കടുക്കായുള്ള ആ ചിരി അവിടെ മുഴങ്ങി. വൃക്ക കൂടി ഫലിതത്തിന് വിധേയമായി. എന്നും പുതിയ ഫലിതങ്ങൾ രൂപപ്പെടുത്തുന്നത് ഭാസിയുടെ വിട്ടുപിരിയാത്ത ഒരു മനോവ്യായാമമായിരുന്നല്ലോ! പക്ഷേ, മണിക്കൂറുകൾക്കുശേഷം ഭാസിയുടെ വീട്ടുപടിക്കൽവച്ച് യാത്ര പറയുമ്പോൾ ഭാസി ചിരിച്ചുവെങ്കിലും എന്റെ മനസ്സിൽ ദുഃഖത്തിന്റെ ഒരു നിഴൽപ്പാട് അവശേഷിച്ചു.'' (കിളിവാതിലിലൂടെ)


സിനിമയിൽ ചിരിയുടെ തിരക്കഥാഭാഗം വെറുതേ പറഞ്ഞുപൊലിപ്പിക്കുന്ന നടൻ മാത്രമായിരുന്നില്ല അടൂർ ഭാസി. ചിരിപ്പിക്കാനുള്ള ഹാസ്യനടന്റെ ഉത്തരവാദിത്വം പലപ്പോഴും തിരക്കഥയ്ക്ക്‌ പുറത്താണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അടൂർ ഭാസി പലപ്പോഴും ഹാസ്യം സ്വന്തം കയ്യിൽനിന്നെടുത്തു തൊടുത്താണ് അത്ഭുതനടനായത്. അദ്ദേഹത്തിന്റെ ഹാസ്യത്തിന്റെ ആവനാഴിയിൽ അമ്പുകൾ തീർന്നതേയില്ല.

ഒരു തെരുവ് കോമാളിയുടെ തത്സമയ പ്രകടനങ്ങളോടാണ് ആദ്യകാലങ്ങളിലെ ഭാസിയുടെ ചിരിവേഷങ്ങൾക്ക് അടുപ്പം. എന്നാൽ അവിടെയും വിഡ്ഢിച്ചിരിക്കപ്പുറം തനത് പ്രതിഭയുടെ മിന്നലാട്ടങ്ങൾ കൊണ്ടാണ്്് അടൂർ ഭാസി വേറിട്ടുനിന്നത്. ചിരി ചിരിക്കുവേണ്ടിയാണെന്ന്‌ കരുതിയ ഭാസിയുടെ ഹാസ്യം ശുദ്ധമായിരുന്നു, നിഷ്കളങ്കമായിരുന്നു. അതിന്് ആരെയെങ്കിലും വേദനിപ്പിക്കണമെന്ന ഒരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ല. അടൂർ ഭാസിയുടെ ഹാസ്യം അദ്ദേഹത്തിന് മാത്രം സാധ്യമായ മറ്റൊരു ജീവിതരസമായി പരിണമിച്ചു. അതുകൊണ്ടത്‌ ഹാസ്യം എന്നതിനേക്കാൾ ‘ഭാസ്യ'മായിരുന്നു‐ അടൂർ ഭാസ്യം.

ജീവിതത്തിൽ തമാശപോലെ സീരിയസ്സായൊരു കാര്യവുമില്ലെന്നും അടൂർ ഭാസിയുടെ ജീവിതം പഠിപ്പിക്കും. ചാർലി ചാപ്ലിൻ പറഞ്ഞതുപോലെ, ട്രാജഡിയാണ് ആത്യന്തിക ജീവിതാവസ്ഥയെന്നും അതിനെതിരായ പ്രതിരോധമാണ് കോമഡിയെന്നും അടൂർ ഭാസിയും അവസാനകാലത്ത് തിരിച്ചറിഞ്ഞിരിക്കണം. ഭാസി എന്നു കേൾക്കുമ്പോൾ തന്നെ പൊട്ടിച്ചിരിക്കാൻ തയ്യാറായിരിക്കുന്നവരോട് അദ്ദേഹത്തിന്റെ അവസാനകാല ജീവിതം ചാപ്ലിന്റെ ‘ലൈംലൈറ്റി'ലെ ഹാസ്യനടന്റെ ജീവിതം പോലെ നമ്മെ അന്ധാളിപ്പിക്കും.


ചാപ്ലിന്റെ സിനിമാസപര്യയുടെ ഹംസഗാനമെന്നും അദ്ദേഹത്തിന്റെ ആത്മകഥയിൽ നിന്നും ചീന്തിയെടുത്ത ഏടുകളെന്നും പറയുന്ന ‘ലൈംലൈറ്റി'ലെ ഹാസ്യനടൻ കാൾവെറോവിനോടാണല്ലോ എം ടി അടൂർ ഭാസിയുടെ ജീവിതത്തെ ഉപമിച്ചത്. കാൾവെറോ വൃദ്ധനും പൂർണമദ്യപനുമായി സംഗീത‐ഹാസ്യവേദികളിൽ നിന്ന്്് തിരസ്ക്കരിക്കപ്പെട്ടവനാണ്. അതുവരെ ആളുകളെ ചിരിപ്പിച്ച അയാളുടെ ചുണ്ടുകളിൽ ചിരിയില്ല. നിറഞ്ഞ ഹാളുകളിലെ നിർത്താത്ത കയ്യടികളിലേക്ക്‌ ഞെട്ടിയുണരുന്ന കാൾവെറോ സദസ്സിൽ ഒരാളെയും കാണാതെ പതറിപ്പോവുന്നുണ്ട്‌, സിനിമയിൽ.

സംഗീതഹാളിൽ പരാജയപ്പെട്ട ശേഷം അണിയറയിലേക്കു പോയി ചാപ്ലിൻ സ്റ്റേജ് മേക്കപ്പ് തുടച്ചുമാറ്റുന്ന ഒരു ഷോട്ടുണ്ട്‌ സിനിമയിൽ. മുഖത്തുനിന്ന്് തുടച്ചുമാറ്റുന്നത് അയാൾ ബാക്കിയായിരുന്ന കോമഡിയുടെ അംശങ്ങളാണെന്നു തോന്നും. അതയാളുടെ കരച്ചിൽ തന്നെയാകുന്നു. തനിക്കുപകരം മറ്റൊരു കാലാകാരൻ ഉയർന്നുവരുന്നതായി അദ്ദേഹം മനസ്സിലാക്കുന്നു; തനിക്ക്‌ അപ്രത്യക്ഷനാകാനുള്ള സമയമായെന്നും. അതുവരെ ചാപ്ലിന്റെ സിനിമകൾ കണ്ട്‌ ആർത്തുചിരിച്ച അനുഭവമേയല്ല ‘ലൈംലൈറ്റ്്്്' പകരുന്നത്.

സിനിമയുടെ ലൈംലൈറ്റിൽനിന്ന് മാത്രമല്ല ജീവിതത്തിന്റെ ലൈറ്റിൽ നിന്നുതന്നെ ഒരു ഹാസ്യനടൻ എങ്ങനെ പുറത്താക്കപ്പെടുന്നുവെന്നാണ് ഈ സിനിമ കറുത്തചിരിയിൽ ചാലിച്ച് കാണിച്ചുതരുന്നത്‌. ക്ലെയർ ബ്ലൂം അവതരിപ്പിച്ച ടെറി എന്ന നർത്തകിക്കൊപ്പം വീണ്ടും അയാൾ ഗംഭീരമായ തിരിച്ചുവരവ് നടത്തുമ്പോൾ സ്റ്റേജിൽനിന്ന്‌ പുറത്തേക്ക്‌ തളർന്നുവീഴുന്നു. വീണിടത്തുനിന്നും അയാൾ പിൻവാങ്ങാനൊരുക്കമില്ലാതെ വയലിൻ വായിച്ചുകൊണ്ടിരിക്കുന്നു. ഒടുവിൽ കീഴടങ്ങുന്നു. കണ്ണടയ്‌ക്കും മുമ്പ്‌ അയാൾ മന്ത്രിക്കുന്നുണ്ട്‌; കാലമാണ് ഏറ്റവും വലിയ കോമഡി നടനെന്ന്്്!

അവസാനകാലത്ത് കൊടിയ ഏകാന്തതയും ഒറ്റപ്പെടലും വിങ്ങിപ്പൊട്ടിയപ്പോൾ പരകായപ്രവേശത്തിലൂടെ രക്ഷപ്പെടാൻ കഥാപാത്രങ്ങളില്ലാതെ അടൂർ ഭാസിയും കഷ്ടപ്പെട്ടു. 1990 മാർച്ച് 29ന് ഈ ലോകത്തുനിന്ന് യാത്ര പറയുന്നതിന് എത്രയോനാൾ മുമ്പുതന്നെ ചിരി എന്ന മഹാസിദ്ധിയോട് ഭാസി യാത്ര പറഞ്ഞിരുന്നുവെന്ന മഹാസത്യവും അദ്ദേഹത്തിന്റെ അനന്തിരവൻ ബി ഹരികുമാർ വെളിപ്പെടുത്തി.


‘‘ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഭാര്യയും മക്കളുമൊന്നും ഇല്ലാത്ത മഹാദുഃഖം അവസാനകാലത്ത്‌ ഭാസി മാമൻ അനുഭവിച്ചിരുന്നു. തിരക്കുകളിൽനിന്ന് തിരക്കുകളിലേക്ക്, ആഘോഷങ്ങളിൽനിന്ന് ആഘോഷങ്ങളിലേക്ക് ഓടിനടന്ന ആ മനുഷ്യൻ രോഗം ബാധിച്ചതോടെ തകർന്നുപോയി. ആ ഒറ്റപ്പെടലുമായി പൊരുത്തപ്പെടാൻ അയാൾക്കായതുമില്ല. പ്രേംനസീറാണ് അക്കാലത്ത്‌ അദ്ദേഹത്തെ കാണാൻ എന്നും വരാറുള്ളൊരു സുഹൃത്ത്‌. ഒരു സംഭവം ഞാൻ പറയട്ടെ‐ ഒരു ദിവസം നസീർ സാർ വന്നു. ‘ഞങ്ങളൊക്കെയുണ്ടല്ലോ ഭാസീ കൂടെ, പിന്നെ എന്തിനാണ് താൻ വിഷമിക്കുന്നതെന്ന്' ചോദിച്ച് നസീർ സാർ ഇറങ്ങുമ്പോൾ, ഭാസി അയാളെ കെട്ടിപ്പിടിച്ചു. പിന്നെ അതൊരു പൊട്ടിക്കരച്ചിലായി. നസീർ സാറും കരഞ്ഞിട്ടാണ് യാത്രപോലും പറയാനാവാതെ പോയത്്്. ആ രംഗം ഇപ്പോഴും എന്റെ കൺമുന്നിലുണ്ട്്്.''

ഹരികുമാർ നീണ്ടൊരു നിശ്ശബ്ദതയ്ക്കുശേഷം ഒരു വാക്യം കൂടി പറഞ്ഞു‐ ‘‘കാലം എന്തൊരു കോമാളിയാണ്്!''

സ്വാഭാവിക തേജസ്സുള്ള ചിരിയായിരുന്നു അടൂർ ഭാസിയുടേത്. സഹജീവിയോടുള്ള സ്നേഹവും കരുണയും അനുതാപവുമായിരുന്നു അതിന്റെ അന്തഃസത്ത. മലയാള സിനിമയ്ക്ക് ചിരിയിലൂടെ ആയുസ്സ് നീട്ടിക്കൊടുത്ത അതുപോലെ അധികം പ്രതിഭകളില്ല.

2022 നവംബർ 27ന് 71‐ാം വയസ്സിൽ ഭാസിയുടെ അനന്തിരവൻ നടനും എഴുത്തുകാരനുമായ ബി ഹരികുമാർ അന്തരിച്ചു. 2020 ഒക്ടോബർ 21ന് 93ാം വയസ്സിൽ റോസ്കോട്ട് കൃഷ്ണപിള്ളയും 2020 നവംബർ 7ന് 90‐ാമത്തെ വയസ്സിൽ കെ പത്മനാഭൻ നായരും ഭാസിയെക്കുറിച്ചുള്ള സങ്കീർത്തനങ്ങളെല്ലാം അവസാനിപ്പിച്ച്‌ കാലയവനികയ്‌ക്കുള്ളിലേക്ക് മറഞ്ഞു.


പതിനഞ്ചാം നൂറ്റാണ്ടിലെ ഫ്രഞ്ച്്്് ആക്ഷേപഹാസ്യകാരനായ ഫ്രാങ്കോ റെബേലാസിനെ സ്മരിച്ചാണ് അടൂർ ഭാസിയെക്കുറിച്ചുള്ള ‘നീണ്ട ചിരിയുടെ അവസാനം' (കിളിവാതിലിലൂടെ) എന്ന ലേഖനം എം ടി അവസാനിപ്പിക്കുന്നത്:

‘‘റെബേലാസ് മരണസമയത്ത്്്് പറഞ്ഞുവത്രേ: ‘പ്രഹസനം കഴിഞ്ഞു. ഇനി കർട്ടൻ വീണുകൊള്ളട്ടെ.' അവസാനം മരണം അടുത്തെത്തി എന്നറിഞ്ഞപ്പോൾ ഇതേപോലെ മൗലികപ്രതിഭയുള്ള എന്തെങ്കിലും ഒരു ഫലിതം അടൂർ ഭാസിയും മനസ്സിൽ പറഞ്ഞിരിക്കും. എനിക്കുറപ്പുണ്ട്്്്.''.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home