തിരസ്‌മരണ
മറ്റൊരു കടവ്

ബിജു മുത്തത്തി
Published on Mar 09, 2026, 12:05 PM | 15 min read
നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് കീറിപ്പറന്ന വേഷവുമായി പഴയ കടവത്തെത്തിയ രാജുവിനെ കണ്ടപ്പോൾ തോണി തിരിച്ചറിഞ്ഞു. അവൻ തോണിയിൽ കയറിക്കിടന്നു. കെട്ടുകുറ്റിയിൽ നിന്ന് ഊരിപ്പോന്ന തോണി അവനെക്കൊണ്ടു നീങ്ങി, അഴിമുഖത്തേക്ക്. പഴയ തോണി അവന് അഭയസ്ഥാനമായി. അമ്മയുടെ മാറിലെത്തിയ കുഞ്ഞിന്റെ ആശ്വാസം.
എം ടി (കടവ്, തിരക്കഥ)
2013‐ലെ ഗോവാ ചലച്ചിത്രമേള (IFFI) യിൽ വച്ചാണ് കൗശിക് ഗാംഗുലി സംവിധാനം ചെയ്ത ‘അപൂർ പാഞ്ചലി' കാണുന്നത്. ഇന്ത്യൻ പനോരമാ വിഭാഗത്തിലും മത്സരവിഭാഗത്തിലും പ്രദർശിപ്പിച്ച ആ ചിത്രത്തിനായിരുന്നു ആ വർഷത്തെ സംവിധാനത്തിനുള്ള രജതമയൂരം. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ സത്യജിത് റായിയുടെ ക്ലാസിക് ചിത്രം ‘പഥേർ പാഞ്ചലി’ തന്നെയായിരുന്നു ഈ ചിത്രത്തിന്റെ പശ്ചാത്തലം. ‘പഥേർ പാഞ്ചലി’യിലെ ബാലനായ അപുവിനെ അവതരിപ്പിച്ച സുബീർ ബാനർജിയുടെ അറിയപ്പെടാത്ത ജീവിതത്തിലൂടെ സിനിമയിലെ അപുവിന്റെ ജീവിതത്തിലേക്കും തിരിച്ചുമുള്ള സഞ്ചാരമാണ് രബീന്ദ്ര സംഗീതത്തിന്റെ ഈണത്തിൽ കൗശിക് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത്.
ഒരു ഡോക്യുമെന്ററിയുടെ ശൈലിയിൽ തുടങ്ങി പതുക്കെ ഫിക്ഷനിലേക്ക് വികസിക്കുന്ന സിനിമ റേയുടെ ‘അപുത്രയ'ത്തിലെ ഫ്രെയിമുകളും പശ്ചാത്തല സംഗീതവും ചേർത്ത് ‘റീൽ' ലൈഫിനെയും ‘റിയൽ' ലൈഫിനെയും കൂട്ടിക്കെട്ടുകയാണ്. ആ വർഷം ഗോവയിൽ അരങ്ങേറിയ ‘ലോകസിനിമ'കളോട് കിടപിടിക്കുന്നതായിരുന്നു ലോകാദരണീയനായ റായിക്ക് ആദരമർപ്പിച്ചെത്തിയ ‘അപൂർ പാഞ്ചലി.’ സിനിമയിൽ യുവാവായ സുബീർ ബാനർജിയെ അവതരിപ്പിച്ചത് ബംഗാളിലെ സൂപ്പർതാരമായ പരംബ്രതാ ചാറ്റർജിയായിരുന്നു. വൃദ്ധനായ സുബീർ ബാനർജിയായി അർധേന്ദു ബാനർജിയും സ്ക്രീനിലെത്തി. സിനിമ ഗോവയിലെ മണ്ഡോവിയുടെ കരയിലെ ചലച്ചിത്രമേളയിൽ വലിയ കരഘോഷത്തിൽ സ്വീകരിക്കപ്പെടുമ്പോൾ യഥാർഥ സുബീർ ബാനർജി ബംഗാളിലെ ഹുബ്ലി നദിക്കരയിൽ എവിടെയോ തന്റെ ‘ഒളിവുജീവിതം' തുടരുകയായിരുന്നു.
‘കടവി’ല്‍ സന്തോഷ് ആന്റണി
ഡിജിറ്റൽ ക്രിയേഷൻ: കിരണ്‍ ഗോവിന്ദ്
ആൾക്കൂട്ടത്തിൽ നിന്ന് ആരോരുമറിയാതെ ഒറ്റപ്പെട്ടു കഴിയുന്ന സുബീർ ബാനർജിയെ തേടിപ്പോകുന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയായ അർക്കോയിൽ നിന്നാണ് ‘അപൂർ പാഞ്ചലി’ ആരംഭിക്കുന്നത്. ജർമനിയിൽ നടക്കുന്ന ഒരു അവാർഡുദാന ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്ത് നൽകലാണ്് ഉദ്ദേശ്യം. ക്ഷണക്കത്ത് അദ്ദേഹം നിഷ്കരുണം നിരസിക്കുകയും റേയുമായോ അപുവുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. എന്നാൽ സാവധാനം ക്ഷമയോടെ അർക്കോ ക്ഷണക്കത്തിലെ സദുദ്ദ്യേശ്യം സുബീറിനെ ബോധ്യപ്പെടുത്തുകയും അത് സ്വീകരിപ്പിക്കുകയും ചെയ്യുന്നു. പിന്നീട്, ജർമനിയിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ, സുബീർ തന്റെ ജീവിതകഥ മുഴുവനായും അർക്കോയോട് വിവരിക്കുന്നതാണ് പൂർണാർഥത്തിൽ സിനിമ.
‘അപൂർ പാഞ്ചലി’യിൽ സുബീർ ബാനർജിക്കൊപ്പം അർക്കോ ‘പഥേർ പാഞ്ചലി’ ചിത്രീകരിച്ച ഗ്രാമം സന്ദർശിക്കുന്ന ഒരു രംഗമുണ്ട്്്. അവിടെ അപുവും ദുർഗയും ഓടിക്കളിച്ച വീട്്് ഏതാണ്ട്്് ഇടിഞ്ഞുപൊളിഞ്ഞ്്് കിടക്കുന്നതായി സിനിമ കാണിച്ചുതരുന്നു. പഴയ വീട്ടിൽനിന്ന്് സ്മാരകമായി അർക്കോ ഒരു ഇഷ്ടിക എടുക്കുന്നു. ഇന്ത്യൻ സിനിമയ്്ക്ക് സത്യജിത് റായ് വച്ച ആദ്യത്തെ ഇഷ്ടികയാണല്ലോ ‘പഥേർ പാഞ്ചലി!’
‘പഥേർ പാഞ്ചലി’ ബാധിച്ച ആരും പോകാനാഗ്രഹിക്കുന്ന ഗ്രാമം‐ കൊൽക്കത്തയുടെ നഗരപ്രാന്തമായ ബൊറാൽ. ‘അപൂർ പാഞ്ചാലി'യിൽ നിന്നാണ് ഇങ്ങനെയൊരു ഗ്രാമത്തെക്കുറിച്ച്്്് ആദ്യം സൂചന ലഭിച്ചത്്. അന്ന്്് മനസ്സിൽ കുറിച്ചിട്ട ഗ്രാമം സന്ദർശിക്കാൻ അവസരം ലഭിച്ചത്് ഒരു വ്യാഴവട്ടത്തിനുശേഷം. ഗ്രാമത്തിലെ കുളം ചുറ്റുമതിലിനാൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്്്. അതിൽ ‘പഥേർ പാഞ്ചലി’യിലെ ചിത്രങ്ങൾ വരച്ചുവച്ചതെല്ലാം മണ്ണുപിടിച്ച്്് മങ്ങിത്തുടങ്ങിയിരുന്നു. അപുവിന്റെയും ദുർഗയുടെയും പ്രായമുള്ള കുട്ടികൾ കുളത്തിലേക്ക്്് എടുത്തു ചാടുന്നുണ്ട്്്. സർബജയയുടെ പ്രായമുള്ള അമ്മമാർ കുളപ്പടവിലിരുന്ന്്് അവരുടെ കുസൃതികളെ ശാസിക്കുന്നു.
കുളക്കരയിൽനിന്ന്്് കുറച്ച് നടന്നാൽ ഹരിഹർറായി ‐ സർബജയ ദമ്പതികളുടെ വീടായി. ഇപ്പോൾ പഴയ വീടിന്റെ ഒരു ഭാഗം മാത്രമേയുള്ളൂ. ‘അപൂർ പാഞ്ചലി’യിലേതുപോലെ ആ യാത്രയുടെ ഓർമയ്ക്കായി അവിടെനിന്ന്്് ഒരു ഇഷ്ടികയെടുക്കാൻ നോക്കിയെങ്കിലും അകത്ത്്് ഹരിഹർറായിയെപ്പോലെയുള്ള ആരുടെയോ ചുമ കേട്ടതോടെ അതുപേക്ഷിച്ചു. സിനിമയിലെ ദുഷ്ടയായ ശ്രീമതി മുഖർജിയുടെ ആക്രോശം ഓർമയുള്ളതുകൊണ്ട് ഗേറ്റിനടുത്തെ മാവിൽ കണ്ട ഉണ്ണിമാങ്ങയും പറിച്ചെടുത്തില്ല. മുളങ്കൂട്ടങ്ങൾ നിരന്ന ഇടവഴിയിലൂടെ വെറുതെ ഒന്ന്്് നടന്നുനോക്കിയപ്പോൾ മധുര പലഹാരക്കാരനെ പിന്തുടർന്നുപോയ ദുർഗയും അപുവും മധുരസ്മരണയായി മനസ്സിലേക്ക് ഓടിയെത്തി.
‘ബൈസിക്കിൾ തീവ്സി'ലെ എൻസോ സ്റ്റയോളയും ചാർലി ചാപ്ലിന്റെ ‘ദി കിഡി'ലെ ജാക്കി കൂഹനും ഉൾപ്പെടെയുള്ള വിഖ്യാതരെങ്കിലും വിസ്മൃതരുമായ ബാലതാരങ്ങളെ സ്മരിച്ചാണ് കൗശിക് ഗാംഗുലിയുടെ ‘അപൂർ പാഞ്ചലി’ ജീവിച്ചിരിക്കുന്ന അപുവിന്റെ കഥ പറയുന്നത്. ലോകത്തെവിടെയുമുള്ള അത്തരം നഷ്ടതാരങ്ങളിലേക്ക് കണ്ണുതുറപ്പിക്കുംവിധമാണ് സിനിമയുടെ ആഖ്യാനം. 1991‐ൽ എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ‘കടവി'നെയും അതിലെ പ്രധാന നടൻ സന്തോഷിനെയും കുറിച്ചുള്ള ആലോചന അങ്ങനെ യാദൃച്ഛികമായി പിറന്നതാണ്. ദീർഘനാളത്തെ അന്വേഷണത്തിനൊടുവിൽ സന്തോഷിനെ കണ്ടെത്തിയപ്പോൾ എടുത്തടിച്ചതുപോലെ കിട്ടിയ പ്രതികരണം എന്നെ ഒട്ടും അന്ധാളിപ്പിച്ചില്ല, കാരണം അതിനുമുമ്പേ ‘അപൂർ പാഞ്ചലി’യിൽ സുബീർ ബാനർജിയെ കണ്ടിരുന്നല്ലോ!
ജീവിതത്തിന്റെ മറ്റൊരു കടവിലായിരുന്ന എം ടിയുടെ നായകനെ സിനിമയ്ക്കു പുറത്തു കണ്ടുമുട്ടിയപ്പോൾ ആദ്യം തന്നെ ഒരു താൽപ്പര്യവുമില്ലാതെ അദ്ദേഹം പ്രതികരിച്ചത്്് ഇങ്ങനെയായിരുന്നു: ‘ഏത് കടവ്? ഏത് സിനിമ?!' ആ സിനിമയുടെ അവസാനത്തിൽ മുഴങ്ങിയ സമാനമായ സംഭാഷണം അറംപറ്റിയതുപോലെ തോന്നും. കടവിലെ രാജു താൻ പുഴ കടത്തിവിട്ട പെൺകുട്ടിയെ തേടി നഗരത്തിൽ ദിവസങ്ങളോളം അലഞ്ഞ്, തനിക്ക്് മണലിൽനിന്ന് കിട്ടിയ പാദസരം അമൂല്യമായ പ്രണയോപഹാരം പോലെ തിരിച്ചേൽപ്പിക്കുമ്പോൾ അത് ചവിട്ടിയരയ്ക്കുന്ന തരത്തിൽ പെൺകുട്ടി പറഞ്ഞ അതേ വാക്കുകൾ‐ ‘ഏത് കടവ്? ഏത് പുഴ?!' രാജു അവിടെനിന്ന് മടങ്ങുമ്പോൾ പെൺകുട്ടിയുടെ അനിയനെ വഴിയിൽ കണ്ട് അറിയാത്ത ഭാവം നടിക്കുന്നു. ‘കൂട്ടക്കടവിൽ നിന്ന് ഞങ്ങളെ പുഴ കടത്തിയത് ഏട്ടനല്ലേ' എന്ന പെൺകുട്ടിയുടെ അനിയന്റെ ചോദ്യത്തോട് രാജു നിറകണ്ണുകളോടെ ചോദിക്കുന്നതും പെൺകുട്ടി ആദ്യം ചോദിച്ച ആ ചോദ്യം തന്നെ‐ ‘ഏത് കൂട്ടക്കടവ്?!'
ഇപ്പോൾ മൂന്ന്്്് പതിറ്റാണ്ടിനു ശേഷം സന്തോഷ്്് ആന്റണിയും ചോദിക്കുന്നു ‐ ഏത്്് കടവ്്?
‘കടവി’ലെ നായകന്‍ സന്തോഷ് ആന്റണിയുടെ ഇപ്പോഴത്തെ ഫോട്ടോ
രണ്ട് ചോദ്യങ്ങൾക്കിടയിൽ ഏതാണ്ട് മൂന്ന് പതിറ്റാണ്ടിന്റെ പുഴ ഒഴുകിപ്പോയെങ്കിലും ഒഴുകിപ്പോകാത്ത ആ ചരിത്രപ്രവാഹത്തിൽ കാൽ മുക്കാനാഗ്രഹിക്കാത്തവർ ആരുണ്ട്? ജീവനുള്ള തോണി രാജുവിനെ മാറോടണച്ച് ദൂരേയ്‌ക്ക് കൊണ്ടുപോയപ്പോൾ കൂടെപ്പോയ ബാല്യങ്ങൾക്ക് ഇപ്പോഴും കടവ് ഒരു ഗൃഹാ‘തിരസ്മരണ'യാണ്. അതുകൊണ്ടു തന്നെയാണ് ‘പഥേർ പാഞ്ചലി’യിലെ അപുവിനെ തേടിപ്പോയതു പോലെ ‘കടവി’ലെ സന്തോഷ് ആന്റണിയെയും തേടി ഞങ്ങൾ കോഴിക്കോട്ടെ കിഴക്കൻ മലയോരത്തെത്തിയത്. ‘അപുർ പാഞ്ചലി’യിൽ സുബീർ ബാനർജിയുടെ മനസ്സുമാറിയതുപോലെ സന്തോഷ് ആന്റണിയുടെയും മനസ്സു മാറുമെന്നുതന്നെ ഞങ്ങൾ പ്രതീക്ഷിച്ചു. മഞ്ഞുപെയ്യുന്ന കുന്നിൻചെരുവിലെ വീട്ടിൽനിന്ന് സന്തോഷ് ഞങ്ങൾക്കൊപ്പം താഴ്‌വാത്തേക്ക് ഇറങ്ങി. കുന്നിന് താഴെ ഒഴുകുന്നത് ഇരുവഴിഞ്ഞിപ്പുഴയായിരുന്നു. മൊയ്തീൻ‐കാഞ്ചനമാലമാരുടെ പ്രണയപ്പുഴ.
‘‘എന്തിനാണിതൊക്കെ? പത്തുമുപ്പതു കൊല്ലം മുമ്പ് കഴിഞ്ഞതല്ലേ എല്ലാം. അതുമായൊന്നും ബന്ധമില്ലാത്ത വേറൊരു കാലത്തും സ്ഥലത്തുമാണ് ഞാനിപ്പോൾ. അന്നങ്ങിനെ ഒരു സിനിമ സംഭവിച്ചു. എനിക്ക് അതിൽ പ്രത്യേകിച്ച് അവകാശപ്പെടാനായി ഒന്നുമില്ല. പിന്നീട് അതുപോലൊന്നും നടന്നില്ല. നടക്കുമെന്നൊക്കെ കരുതിയിരുന്നെങ്കിലും നടന്നില്ല. എനിക്ക് അതിലൊന്നും നിരാശയില്ല. ഇപ്പോൾ നിങ്ങൾ അതെല്ലാം ഓർമിപ്പിക്കുന്നതുകൊണ്ടു മാത്രമാണ് ഞാൻ അതൊക്കെ ഓർക്കുന്നത്.'' സന്തോഷ് പറഞ്ഞു.
1960‐കൾ തൊട്ട് എഴുപതോളം സിനിമകൾക്ക് എം ടി തിരക്കഥയെഴുതിയിട്ടുണ്ടെങ്കിലും ആറു സിനിമ മാത്രമാണ് സംവിധാനം ചെയ്തിട്ടുള്ളത്. അതിൽ ‘നിർമാല്യം’ (1973) കഴിഞ്ഞാൽ ഏറ്റവും പ്രസിദ്ധിയാർജിച്ചത് ‘കടവാ’(1991)ണ്. എം ടിക്ക് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ ഏറ്റവും കൂടുതൽ നേടിക്കൊടുത്ത സിനിമയുമാണ് ‘കടവ്.’ ‘നിർമാല്യ’ത്തിലെ പി ജെ ആന്റണിയാണ് എം ടിയുടെ ഏറ്റവും പ്രായം കൂടിയ നായകനെങ്കിൽ ഏറ്റവും പ്രായം കുറഞ്ഞ നായകനും മറ്റൊരു ആന്റണിതന്നെ‐ സന്തോഷ് ആന്റണി. എം ടി തന്റെ ചലച്ചിത്രജീവിതം എഴുതിയ ‘ചിത്രത്തെരുവുകൾ' എന്ന പുസ്തകത്തിൽ ‘കടവി'ലേക്ക് സന്തോഷ് ആന്റണിയെ കണ്ടെത്തിയതിനെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെയാണ്:
‘‘തിരക്കഥ പൂർത്തിയായി. പതിനാല് ‐ പതിനഞ്ച് വയസുള്ള ഒരു പയ്യനെ കിട്ടണം. കോഴിക്കോട് നഗരത്തിൽ പരതിയെങ്കിലും എല്ലാവരും നഗരം കണ്ടു വളർന്ന പരിഷ്കാരികളായ കുട്ടികളായിരുന്നു. വേഷം കൊണ്ടു മാറ്റിയെടുക്കാനാവുന്നതല്ല നഗര സംസ്‌കാരത്തിന്റെ ഭാഗമായവരുടെ ഭാവവും ശരീരവും ശരീരഭാഷയും. അതുകൊണ്ട് അന്വേഷണം കോഴിക്കോടിന്റെ കിഴക്കൻ ഭാഗത്തേക്ക് പോയി. നാഷണൽ സേവിങ്‌സിലെ ഉദ്യോഗസ്ഥനായ മത്തായിയാണ് തന്റെ കുടുംബത്തിൽപ്പെട്ട സന്തോഷ് ആന്റണിയെ കണ്ടെത്തുന്നത്. അടുത്തൊന്നും സിനിമാ ടാക്കീസില്ലാത്തതിനാൽ അവൻ സിനിമ തന്നെ കണ്ടിട്ടില്ലായിരുന്നു. തബല പഠിക്കാൻ ഒരു ശ്രമം നടത്തിയിരുന്നതായി മനസ്സിലാക്കി. പഠിപ്പിക്കാൻ വന്നയാൾ മതിയാക്കി പോയപ്പോൾ നിർത്തി.'' എം ടിയുടെ പുസ്തകത്തിൽ നിന്നുള്ള വരികൾ ചൂണ്ടിക്കാണിച്ചപ്പോൾ സന്തോഷ് അത് ശരിവച്ചു.
‘‘അതെ, അദ്ദേഹം പറഞ്ഞത് ശരിയാണ്. ഞാൻ സിനിമയൊന്നും കണ്ടിട്ടില്ലായിരുന്നു. കോടഞ്ചേരി ഹൈസ്്‌കൂളിലാണ് പഠിച്ചിരുന്നത്്. കലോത്സവത്തിൽ സമ്മാനമൊക്കെ കിട്ടിയിട്ടുണ്ട്. അതാണ് എം ടിയുടെ മുന്നിലെത്തിച്ചതെന്ന് വേണമെങ്കിൽ പറയാം. എം ടിയെക്കുറിച്ചും അക്കാലത്ത് എനിക്ക്് കൂടുതലൊന്നും അറിയുമായിരുന്നില്ല.''
അമ്പതുകളുടെ ആദ്യം സത്യജിത് റായിയുടെ വിഖ്യാത ചിത്രം ‘പഥേർ പാഞ്ചലി’യിൽ അപുവാകുമ്പോൾ സുബീർ ബാനർജിക്ക് എട്ടു വയസ്സായിരുന്നു പ്രായം. അപുവിനെ അവതരിപ്പിക്കാൻ ഒരു ബാലനെ കണ്ടെത്തുന്നതിന് പരസ്യം കൊടുത്തെങ്കിലും ലഭിച്ച അപേക്ഷകളിലൊന്നും റായിക്ക് തൃപ്തി വന്നിരുന്നില്ല. കൊൽക്കത്തയിലെ 31 ലേക്ക് അവന്യൂ റോഡിലായിരുന്നു റായിയുടെ താമസം. കഥാപാത്രങ്ങൾക്കുവേണ്ടി ‘പുറത്തേക്ക് നോക്കാതെ അകത്തേക്ക് നോക്കൂ'വെന്ന് പറഞ്ഞു റായിയുടെ ഭാര്യ ബിജോയ റായ്. തങ്ങളുടെ അയൽവീട്ടിലെ രണ്ടാം നിലയിൽ കളിച്ചുകൊണ്ടിരുന്ന സുബീർ അങ്ങനെയാണ് റായിയുടെ ശ്രദ്ധയിൽപ്പെടുന്നത്. സുബീറിനെ കണ്ടയുടനെ മണിക് അപുവിനെ മനസിലുറപ്പിച്ചു. എന്നാൽ വീട്ടുകാർക്ക് തങ്ങളുടെ മകനെ അറിയപ്പെടാത്തൊരു പുതുമുഖ സംവിധായകന്റെ സിനിമയിൽ അഭിനയിപ്പിക്കാനൊന്നും താൽപ്പര്യമുണ്ടായിരുന്നില്ല. അപ്പോൾ റായ് പറഞ്ഞുവത്രേ, ‘ബംഗാളി സിനിമയെ മാറ്റിമറിക്കുന്ന ഒരു സിനിമ ഞാൻ നിർമിക്കും. അപ്പോൾ എന്നെ ആളുകൾ അറിയും, കൂട്ടത്തിൽ നിങ്ങളുടെ മകനെയും!'
‘പഥേര്‍ പാഞ്ചലി’യിലെ അപു
റായ് പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. ‘പഥേർ പാഞ്ചലി’ ബംഗാളി സിനിമയെ മാത്രമല്ല ഇന്ത്യൻ സിനിമയെത്തന്നെ മാറ്റിമറിച്ചു. റായ് വിശ്വപ്രസിദ്ധനായി. മാധ്യമശ്രദ്ധയിൽ നിന്ന് രക്ഷപ്പെടാൻ റായിയുടെ ‘മാനസപുത്രൻ' സുബീർ ബാനർജിയും കുടുംബവും ഏറെക്കാലം ഒരു ബന്ധുവീട്ടിൽ ഒളിവിലായിരുന്നു. പ്രായം ചെല്ലുന്തോറും ആ ഒളിവുവാസം അദ്ദേഹത്തിന് ശീലമായി. ‘പഥേർ പാഞ്ചലി’ക്കു ശേഷം അദ്ദേഹം ഒരു സിനിമയിലും പ്രത്യക്ഷപ്പെടാൻ മെനക്കെട്ടില്ല. ആർക്കും അദ്ദേഹത്തെ അതിനായി സമീപിക്കാനുമായില്ല. ‘അപൂർ സൻസാറി’ലൂടെ അപുവായെത്തിയ സൗമിത്ര ചാറ്റർജി മാത്രമായി റായിയുടെ അപു. സൗമിത്ര ഇന്ത്യൻ സിനിമയുടെ ഉയരങ്ങൾ കീഴടക്കുമ്പോൾ ആരുമറിയാതെ ആ ചരിത്രത്തിന്റെ പിന്നാമ്പുറത്തായി റായിയുടെ ‘ആദ്യത്തെ അപു'വിന്റെ ആവാസം.
1980‐ൽ ‘പഥേർ പാഞ്ചലി’യുടെ 25‐ാം വർഷത്തിൽ കൊൽക്കത്തയുടെ പ്രാന്തപ്രദേശങ്ങളിലെ ഒരു എൻജിനിയറിങ് ഫാക്ടറിയിലെ ജോലിക്കാരനായിരുന്നു ആ ‘അപു.' 2005‐ൽ ‘പഥേർ പാഞ്ചലി’യുടെ അമ്പതാം വർഷം ആഘോഷിക്കുമ്പോൾ അദ്ദേഹം പ്രൊവിഡന്റ് ഫണ്ട് ഓഫീസറായി വിരമിച്ചിരുന്നു. പിന്നീട് സുബീർ ബാനർജിയെന്ന അപുവിനെ ലോകം അന്വേഷിക്കുന്നത് 2013‐ൽ കൗശിക് ഗാംഗുലിയുടെ ‘അപൂർ പാഞ്ചലി' പുറത്തിറങ്ങിയതോടെയാണ്.
1952‐ൽ ബോംബെ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച വിറ്റോറിയ ഡിസീക്കയുടെ ‘ബൈസിക്കിൾ തീവ്സാ'ണ് ബിമൽ റോയിയും സത്യജിത് റായിയും ഉൾപ്പെടെയുള്ളവരെ ഇന്ത്യൻ സിനിമയുടെ നവോത്ഥാനത്തിലേക്ക് വഴിനടത്തിയത്. സിനിമയിലെ ബ്രൂണോ റിച്ചി എന്ന ബാലകഥാപാത്രമായുള്ള എൻസോ സ്റ്റയോളയുടെ പകർന്നാട്ടം തീർച്ചയായും മണിക്കിനെയും പ്രചോദിപ്പിച്ചിട്ടുണ്ടാവണം. അടങ്ങാത്ത അലച്ചിലും വിഷാദമുഖവും ഉണ്ടക്കണ്ണുമായി ലോകസിനിമയുടെ ചുവരിൽ കൊത്തിവച്ച ചിത്രമാണ് എൻസോ സ്റ്റയോളയുടേത്.
നഷ്ടമായ സൈക്കിളും തേടിയിറങ്ങിയ ദരിദ്രനായ ഒരു അച്ഛനും മകനും. നിരാശയുടെ പടുകുഴിയിൽനിന്ന് മറ്റൊരു സൈക്കിൾ മോഷ്ടിക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ട്, തലകുനിച്ച് അപമാനിതനായി പോകുന്ന അച്ഛൻ അന്റോണിയോ റിച്ചി (ലാംബർട്ടോ മാഗ്ഗിയോറനി)യുടെ കൈപിടിച്ചു പോകുന്ന ആ കുഞ്ഞുകുട്ടിയുടെ ദൃശ്യം ഏത് കഠിനഹൃദയന്റെയും മനസ്സ് ദ്രവീകരിപ്പിക്കും. ‘ബൈസിക്കിൾ തീവ്സി’നുശേഷം ഏതാനും സിനിമകളിൽ കൂടി മുഖം കാണിച്ചിട്ടുള്ള എൻസോ സ്റ്റയോളയുടെ പിൽക്കാല ജീവിതത്തിലെ പ്രധാനവേഷം ഒരു മാത്തമാറ്റിക്സ് അധ്യാപകന്റേതും റജിസ്ട്രാപ്പീസിലെ ഗുമസ്‌തന്റേതുമായിരുന്നു. 2025 ജൂൺ 4ന് 85‐ാം വയസിൽ അദ്ദേഹം ആ വേഷങ്ങൾ അഴിച്ചുവച്ച്്് ലോകത്തോട്്് വിടപറഞ്ഞു.
ഹോളിവുഡിന്റെ ചരിത്രത്തിലെ ആദ്യത്തെ ബാലതാരമെന്ന് വിശേഷിപ്പിക്കാവുന്ന ‘ദി കിഡി'ലെ ജാക്കി കൂഹന്റെ ജീവിതത്തിലും സമാനമായ വഴിത്തിരിവുകൾ കാണാം. യു എസ് ആർമിയിൽ പൈലറ്റായി വിരമിച്ച കൂഹൻ ഏതാനും സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചെങ്കിലും അവിടെയൊന്നും കാര്യമായ ശ്രദ്ധ കിട്ടിയില്ല. എന്നാൽ ലോകമെങ്ങുമുള്ള ബാലതാരങ്ങളും ബാലാവകാശപ്രവർത്തകരും ഇന്നും കൂഹനെ സ്മരിക്കുന്നു. കൂഹൻ ബാലതാരമായിരുന്നപ്പോൾ തനിക്ക് സിനിമയിലൂടെ ലഭിച്ച വരുമാനം പാഴാക്കിയതിന് അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ നിയമനടപടി സ്വീകരിക്കുകയുണ്ടായി. ഹോളിവുഡ് സിനിമയിൽ ബാലതാരങ്ങളുടെ വരുമാനത്തിന് നിയമപരമായ സംരക്ഷണം ലഭിച്ചത് അങ്ങനെയാണ്്. ആക്ടർ കൂഹൻ ‘കൂഗൻ ആക്ടി'ലൂടെയും ലോകപ്രസിദ്ധനായി. 1984 മാർച്ച് ഒന്നിന് കാലിഫോർണിയയിലെ സാന്താമോണിക്കയിൽ വച്ച് 69‐ാം വയസിൽ ഹൃദയസ്തംഭനം മൂലമായിരുന്നു
ജാക്കി കൂഹന്റെ മരണം.
ലോകത്തെവിടെയും വെള്ളിത്തിരയിൽ ‘പെട്ടുപോയ' ബാലതാരങ്ങളുടെ പിൽക്കാല ജീവിതം തേടിപ്പോയാൽ അങ്ങനെ കൗതുകങ്ങൾ അനവധിയായി നിവർന്നു വരുമായിരിക്കും. എന്നാൽ അങ്ങനെയുള്ള കൗതുകക്കണ്ണുകൊണ്ട് മാത്രം കാണേണ്ടതല്ല ‘കടവി’ലെ സന്തോഷ് ആന്റണിയുടെ ജീവിതം. മാധ്യമങ്ങളിൽ നിന്ന് മാറി നടക്കാൻ അദ്ദേഹം തീരുമാനിക്കാൻ തന്നെ കാരണം മാധ്യമങ്ങളായിരുന്നു.
ഏതാനും വർഷം മുമ്പ് മലയാളത്തിലെ ഒരു ടെലിവിഷൻ ചാനലിൽ വന്ന റിപ്പോർട്ട് സെൻസേഷണലൈസേഷന്റെ മകുടോദാഹരണമായിരുന്നു‐ ‘കടവിലെ നായകന് കരിങ്കൽ ക്വാറി!'
സിനിമയേക്കാൾ മോശമാണോ കരിങ്കൽ ക്വാറി? കരിങ്കൽ ക്വാറിയിലെ ടിപ്പർ ലോറിയിൽ ഡ്രൈവറായ ഒരാൾക്ക് സിനിമയ്ക്ക് തുല്യവും സന്തോഷകരവുമായ ജീവിതം ഉണ്ടായിക്കൂടേ? ആ വാർത്ത കണ്ടാൽ സാമന്യബുദ്ധിയുള്ള ആരും ചോദിക്കും.
‘‘ഇപ്പോൾ വേറൊരു ഭാഷയിൽ സംസാരിക്കുന്ന താങ്കളും കുറച്ചുകഴിയുമ്പോൾ ആ ശൈലിയിൽ തന്നെ എത്തില്ലെന്ന്്് എന്താണ് ഉറപ്പ്്്? അതുകൊണ്ടാണ് സുഹൃത്തേ ഞാൻ പറഞ്ഞത് ഇതൊന്നും വേണ്ടെന്ന്. ഞങ്ങൾ ഇവിടെ സമാധാനമായി ജീവിച്ചോട്ടെ!''‐ സന്തോഷ് പറഞ്ഞു.
‘പഥേർ പാഞ്ചലി’യിലെ അപുവും ഈ എൺപതാം വയസ്സിൽ കൊൽക്കൊത്തയുടെ ഉൾത്തെരുവിൽ എവിടെയെങ്കിലും ആരും കാണാതെ കഴിയുന്നുണ്ടെങ്കിൽ അതും മാധ്യമങ്ങളുടെ വകതിരിവില്ലായ്മയും വിലകുറഞ്ഞ പ്രതിപാദനരീതിയും കൊണ്ടു തന്നെയായിരിക്കുമോ?
‘പഥേർ പാഞ്ചലി’യിൽ ദുർഗ യായി അഭിനയിച്ച ഉമാദാസ് ഗുപ്ത 2024 നവംബർ 14‐ന് അന്തരിച്ച സമയത്ത്് സുബീർ ബാനർജി എഴുതിയൊരു ഓർമക്കുറിപ്പ് അടുത്തിടെ കൊൽക്കത്തയിലെ ഒരു ബംഗാളി പ്രസിദ്ധീകരണത്തിൽ കണ്ടിരുന്നു. അത്്്്്്് ഗൂഗിൾ ട്രാൻസ്ലേറ്ററിലിട്ടു വായിച്ചപ്പോൾ കുറേക്കൂടി വിവരങ്ങൾ ലഭിച്ചു.
‘ബൈസിക്കിള്‍ തീവ്സി’ലെ രംഗം
‘പഥേർ പാഞ്ചലി’യിൽ അപുവും മൂത്ത സഹോദരി ദുർഗയും കാശുപുഷ്പങ്ങൾ നിറഞ്ഞ വയലിലൂടെ ആദ്യമായി തീവണ്ടി കാണാൻ പോയ രംഗത്തെക്കുറിച്ച് അതിൽ സുബീർ എഴുതുന്നുണ്ട്. സുബീറിന് അഭിനയത്തിൽ മുൻപരിചയമൊന്നുമില്ലല്ലോ. വയലിലൂടെ മുന്നോട്ടുപോയി കാണാതായ സഹോദരിയെ തേടി അപു മന്ദഗതിയിൽ നടക്കുകയും ഓരോരോ ദിശകളിലേക്ക് നോക്കുകയും വേണമായിരുന്നു. ക്യാമറയിൽ പെടാതെ വയലിൽ ഒളിച്ചിരുന്ന സിനിമയുടെ ക്രൂ അംഗങ്ങൾ പറയുന്നതിന് അനുസരിച്ചായിരുന്നത്രേ കുട്ടികളുടെ ചലനങ്ങൾ. അപു ദുർഗയെ തിരയുകയും ചെറിയ ഇടവേളകളിൽ ഓടുകയുമൊക്കെ ചെയ്യുന്നത് അങ്ങനെയായിരുന്നു. ഏറെ കൃത്രിമത്തോടെ ഷൂട്ടുചെയ്തിട്ടും അതൊന്നും എവിടെയും തിരിച്ചറിയപ്പെടാതെ സിനിമയിൽ എത്ര ‘സ്വാഭാവിക'മായാണ്്്് പ്രവർത്തിച്ചതെന്നാണ് സുബീർ പറയുന്നത്.
റായിയുടെ സംവിധാന വൈഭവമെന്താണെന്ന്്് അറിയാൻ ആ ഒരു കുറിപ്പ്്് മാത്രം വായിച്ചാൽ മതി.
ഉമാദീദിയോടൊപ്പം കളിക്കുന്നതായിട്ടല്ലാതെ ഒരു സിനിമ ചെയ്യുന്നതായി തനിക്ക് തോന്നിയിട്ടേയില്ലെന്നും സുബീർ ആ ഓർമക്കുറിപ്പിൽ പറയുന്നുണ്ട്്്. ദീദിയുടെ മരണംവരെ ആ സഹോദര‐സഹോദരീ ബന്ധം മുറിയാതെ നിന്നതും ഓർക്കുന്നു.
ആൻഡ്രു റോബിൻസൺ എഴുതിയ ‘സത്യജിത് റായ്; ദി ഇന്നർ ഐ' എന്ന പുസ്തകത്തിൽ റായ് സുബീർ ബാനർജിയെയും ഉമാദാസ് ഗുപതയെയും കണ്ടെത്തിയത് എങ്ങനെയെന്ന് വിവരിക്കുന്നുണ്ട്. കൊൽക്കത്ത മോഹൻബഗാൻ ക്ലബ്ബിലെ കളിക്കാരനായ പോൽട്ടുദാസ് ഗുപ്തയായിരുന്നു ഉമയുടെ അച്ഛൻ. സുബീർ ബാനർജിയുടെ കുടുംബാംഗങ്ങളെപ്പോലെ തന്നെ ദാസ് ഗുപ്തയ്ക്കും തന്റെ മകൾ സിനിമയിൽ അഭിനയിക്കുന്നതിനോട് ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല. റായ് ബംഗാളിലെ പ്രശസ്ത എഴുത്തുകാരൻ സുകുമാർ റായിയുടെ മകനാണെന്നും സിനിമയാക്കാൻ പോകുന്നത് ബിഭൂതി ഭൂഷണിന്റെ നോവലാണെന്നും അറിഞ്ഞപ്പോഴാണ് അദ്ദേഹം സമ്മതം മൂളിയത്. സിനിമയിലെ ദരിദ്രബ്രാഹ്മണ കുടുംബത്തിലെ അപുവിന്റെ ജ്യേഷ്‌ഠത്തി ദുർഗയാവാൻ കുട്ടിത്തവും കുസൃതിത്തരവും വേണ്ടുവോളമുള്ള ഉമയ്ക്ക് കൂടുതലൊന്നും ചെയ്യേണ്ടിയിരുന്നില്ല, കഴുത്തിലെ ആ മുത്തുമണിമാല അഴിച്ചുവച്ചാൽ മാത്രം മതിയായിരുന്നു!
അതുപോലെ, ‘കടവി’ലെ രാജുവായി മാറാൻ സന്തോഷ് ആന്റണിക്ക് താൻ ഉടുത്ത മുണ്ടുപോലും മാറ്റേണ്ടിവന്നില്ലെന്ന് പറയാം. എം ടി ഇങ്ങനെ എഴുതി: ‘‘പരിഷ്കാരമില്ലാത്ത ഷർട്ടും മുണ്ടുമായി മുറിയിലേക്ക് സന്തോഷ് കടന്നുവന്നപ്പോൾ തന്നെ എനിക്കിഷ്ടമായി. തനി നാടൻ പയ്യൻ. നിഷ്കളങ്കമായ നോട്ടം. സന്തോഷിനെ ഉറപ്പിച്ചു.'' (ചിത്രത്തെരുവുകൾ)
‘‘ശരിയാണ്. ഞാനന്ന് നാട്ടുമ്പുറത്തുനിന്ന് പോകുന്നതുകൊണ്ട് മുണ്ടൊക്കെ ഉടുത്താണ് പോയത്. ക്യാമറാമാൻ വേണുസാറും മുറിയിലുണ്ടായിരുന്നു. എം ടി കൂടുതലൊന്നും എന്നോട് ചോദിച്ചില്ല. ഇന്നേദിവസം ഷൂട്ട് തുടങ്ങണം, അതിനു രണ്ടാഴ്ച മുമ്പെങ്കിലും വരണം, വന്നിട്ട് തോണി തുഴയാനൊക്കെ പഠിക്കണമെന്ന് പറഞ്ഞു. ചെറുതുരുത്തി ഭാഗത്തായിരുന്നു ഷൂട്ടിങ്. കോഴിക്കോടും ഉണ്ടായിരുന്നു. എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. അങ്ങനെയുള്ള പ്രായമല്ലേ. എല്ലാം സാധാരണപോലെ തന്നെ. വേണുസാറുമായാണ് ഞാൻ കൂടുതൽ അടുത്തത്.'' സന്തോഷ് ഇരുവഴിഞ്ഞിപ്പുഴയിലേക്ക് നോക്കുമ്പോൾ കടവിലെ രാജു ഭാരതപ്പുഴയിലേക്ക്്് നോക്കിനിൽക്കുന്ന ആ ബാല്യകാലദൃശ്യം നമുക്ക്്് മനസ്സിൽ കാണാം.
വള്ളുവനാടൻ പശ്ചാത്തലത്തിലുള്ള ഒരു എം ടിയൻ ദൃശ്യകാവ്യമാണ് ‘കടവ്.’ ആധുനിക യന്ത്രനാഗരികതയുടെ കടന്നുകയറ്റത്തിൽ അസ്തമിച്ചുപോകാറായ ഗ്രാമീണതയുടെ ആകുലതകളാണ് ഏതൊരു എം ടിക്കഥയിലെയും പോലെ ‘കടവി’ലും നിറഞ്ഞുനിൽക്കുന്നത്. നഗരത്തിന്റെ നീരാളിക്കൈകൾ പതുക്കെ വളഞ്ഞുകൊണ്ടിരിക്കുന്ന ഗ്രാമത്തിന്റെ കഥ. കടവുകൾ ഇല്ലാതായതോടെ അപ്രത്യക്ഷമായ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗന്ദര്യങ്ങളും കൈമാറ്റങ്ങളും എന്തെന്നറിയാൻ നമുക്ക് ഈ സിനിമയിലേക്ക് തിരിഞ്ഞുനോക്കിയാൽ മതിയാവും. മനുഷ്യരെ ഒരു പുഴയുടെ അപ്പുറത്തേക്കും ഇപ്പുറത്തേക്കും തുഴഞ്ഞെത്തിക്കൽ മാത്രമായിരുന്നില്ല പഴയ കടവുകളെന്ന് ഈ സിനിമ കാട്ടിത്തരുന്നു.
അതായത് എം ടിയുടെ ‘കടവ്’ കേരളത്തിൽ ഒരുകാലത്ത് സമൃദ്ധവും സജീവവുമായിരുന്ന കടവുകളുടെ ഒരു പൊതുജീവചരിത്രം തന്നെയായിരുന്നു. ഒരു കടത്തുകാരനും കടവുപുരയും വന്നും പോകുന്നതുമായ മനുഷ്യരുമായി അത്രയേറെ ജീവിതം നിറഞ്ഞുനിന്ന മറ്റൊരു മലയാള സിനിമയും വേറെ എടുത്തുപറയാനില്ല. ‘കടവി’ൽ ബാലൻ കെ നായർ അവതരിപ്പിച്ച ബീരാന് സഹായിയായി നിന്ന് നമ്മുടെ ഹൃദയത്തിൽ ഇന്നും ഒരു വിങ്ങലായി നിൽക്കുന്നതാണ് ആ കടത്തുകാരൻ പയ്യന്റെ കഥാപാത്രം. താൻ അവതരിപ്പിച്ച കഥാപാത്രത്തെ ആ കടവിൽ തന്നെ ഉപേക്ഷിച്ച് ഏതാണ്ട് മൂന്നരപ്പതിറ്റാണ്ട് ദൂരത്തേക്ക് തുഴഞ്ഞുപോയി തിരിച്ചെത്തുമ്പോൾ ഏതൊരു മനുഷ്യനെയും പോലെ അയാളും മറ്റൊരാളായില്ലെങ്കിലാണ് അത്ഭുതം!
‘‘നഷ്ടമായതൊന്നും തിരിച്ചുകിട്ടുന്നതല്ല. അതെല്ലാം നിരന്തരം അയവിറക്കി നിൽക്കുന്നതുകൊണ്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല. കുറേ കഴിഞ്ഞപ്പോൾ നമ്മുടെ ജീവിത സാഹചര്യം തന്നെ മറ്റൊന്നായി മാറിയല്ലോ. പിന്നെ വീണ്ടും അതിന്റെ പിറകെ പോകാനൊന്നും തോന്നിയില്ല. പലരും എന്നെ അന്വേഷിച്ചു വന്നിരുന്നുവെന്നെല്ലാം അറിയാം. ഒന്നും പഴയതുപോലെയാവില്ലെന്ന് എനിക്കും അറിയാമായിരുന്നു. ഞാനായിട്ട് അദ്ദേഹത്തെ (എം ടിയെ) പിന്നീട്് ബന്ധപ്പെടാനൊന്നും പോയിട്ടില്ല. ഞാൻ പറഞ്ഞില്ലേ, കുറേ കഴിഞ്ഞപ്പോൾ ഞങ്ങൾ വിചാരിക്കാത്തവിധം എല്ലാം മാറിപ്പോയി.''
സന്തോഷ് ആന്റണി ‐ ‘കടവി’ലെ മറ്റൊരു രംഗം
1989‐ൽ ദൂരദർശൻ സ്വന്തമായി സിനിമ നിർമിക്കാൻ തീരുമാനിച്ചപ്പോൾ മലയാളത്തിൽനിന്ന് എം ടിയെയും അടൂരിനെയും കെ ജി ജോർജിനെയുമാണ് ക്ഷണിച്ചത്. ബുദ്ധദേബ് ദാസ് ഗുപ്തയുടെ ‘ബാഘ് ബഹദൂറാ'യിരുന്നു അക്കൂട്ടത്തിൽ ആദ്യം വന്ന സിനിമ. എസ് കെ പൊറ്റെക്കാട്ടിന്റെ കഥകളിൽ എം ടിയെ ഏറ്റവും മോഹിപ്പിച്ച ‘കടവുതോണി' എന്ന കഥയ്ക്കായിരുന്നു തിരക്കഥയാകാനുള്ള നിയോഗം. ഒരു കടത്തുകാരനും തോണിയും തമ്മിലുള്ള ഹൃദയബന്ധമാണ് കഥയുടെ ബീജം. എസ് കെയുടെ ‘കടവുതോണി’യിൽ ഒരു മുതിർന്നയാളാണ് കഥാനായകനെങ്കിൽ എം ടിയുടെ ‘കടവി’ൽ ഒരു പയ്യനാണ് നായകൻ. സ്ഥലം പതിവുപോലെ എം ടിയുടെ ജന്മഗ്രാമമായ കൂടല്ലൂരിലെ കൂട്ടക്കടവ്. അതുകൊണ്ട് ‘കടവി’ന്റെ ഷൂട്ടിങ്ങിൽ എം ടി പ്രത്യേകം സ്വാതന്ത്ര്യവും ആനന്ദവും അനുഭവിച്ചതായി എഴുതിയിട്ടുണ്ട്; അദ്ദേഹത്തിന്റെ നാട് ഒന്നാകെ ചിത്രീകരണത്തിൽ പങ്കാളിയായതിനെക്കുറിച്ചും.
ഗ്രാമത്തിലേക്ക് ആളുകൾ വരേണ്ടതും ഗ്രാമത്തിന് പുറത്തേക്ക് പോകേണ്ടതും കൂട്ടക്കടവിൽ കടന്നാണ്. തീവണ്ടിയോഫീസിലേക്കു പോകേണ്ടവരും കടവു കടക്കണം. ഗ്രാമത്തിന്റെ പല മുഖങ്ങൾ സംഗമിക്കുന്ന സ്ഥലമാണ് കടവ്. കടത്തുകാരൻ ബീരാന് കുടുംബവും വീടുമുണ്ടെങ്കിലും കടവുപുരയിൽ തന്നെയാണ് താമസം. പാതിരായ്ക്കോ മറ്റോ ആരെങ്കിലും വന്നു വിളിച്ചാൽ പുഴകടത്തി വിടേണ്ടേ എന്ന സേവന ചിന്താഗതിയാണ് ബീരാനെ കടവുപുരയിൽ തന്നെ കിടത്തുന്നത്. രാത്രി തനിച്ചാവുമ്പോൾ ബീരാന് കൂട്ട് തോണിയാണ്. അയാൾ മനുഷ്യരോടെന്ന പോലെ തോണിയോട് സംസാരിക്കും. ആ കടവിലേക്കാണ് കാളവണ്ടിക്കാരൻ കൃഷ്ണേട്ടനോടൊപ്പം രാജു എന്ന അനാഥനായ പയ്യനെത്തുന്നത്. സിനിമ ആരംഭിക്കുന്നത് ആ രംഗത്തിലാണ്. എല്ലാ ദിവസവും പണികഴിഞ്ഞ് ചാരായം കുടിച്ച് അർധബോധാവസ്ഥയിൽ വണ്ടിയിൽ കയറിക്കിടക്കുന്ന കൃഷ്ണേട്ടനെ (തിലകൻ) വണ്ടിക്കാളകൾ വഴിതെറ്റാതെ കടവിലെ അത്താണിയിലെത്തിക്കും.
കടവിൽ അഭയംതേടിയെത്തിയ രാജുവിന് സ്നേഹവും ഭക്ഷണവും നൽകി സഹായിയായി കൂടെ നിർത്തുന്നു ബീരാൻ. ബാലൻ കെ നായരുടെ അവസാനത്തെ കഥാപാത്രമായിരുന്നു എം ടിയുടെ ‘കടവി'ലെ ബീരാൻ. കോഴിക്കോടൻ നാടകവേദിയിൽ നിന്ന് ബാലൻ കെ നായരെ മലയാള സിനിമയിലെത്തിച്ചത് എം ടിയാണ്. എം ടിയുടെ ‘ഓപ്പോളി’ലൂടെയാണ് ബാലൻ കെ നായർക്ക് ഭരത് പുരസ്കാരം ലഭിച്ചത്.
‘‘ചെറുതുരുത്തിയിൽ ഷൂട്ടിങ്ങിന് ചെന്നപ്പോൾ ബാലൻ കെ നായരുടെ മുറിയിലായിരുന്നു എനിക്ക് താമസം. ആ മഹാനടന്റെ വലുപ്പമൊന്നും എനിക്ക് അറിയില്ലായിരുന്നു. മകനെപ്പോലെയായിരുന്നു എന്നോടുള്ള പെരുമാറ്റം. അദ്ദേഹത്തിന്റെ വീട്ടിലേക്കും എന്നെ കൊണ്ടുപോയിട്ടുണ്ട്. ആ സിനിമയ്ക്കുശേഷം ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല.'' ‐ സന്തോഷ് പറഞ്ഞു.
ബാലൻ കെ നായർ മാത്രമല്ല, തിലകൻ, മുരളി (ബീരാന്റെ മകൻ റഹ്മാൻ), ജഗതി (തെരുവ് കച്ചവടക്കാരൻ), കുഞ്ഞാണ്ടി (ടാക്സി ഡ്രൈവർ), നെടുമുടി (യാചകൻ), മോനിഷ (രജിസ്ട്രേഡ് ഓഫീസ് ജീവനക്കാരി), രവി വള്ളത്തോൾ (സ്കൂൾ മാസ്റ്റർ) എന്നിങ്ങനെ ഒരുകാലത്തെ മലയാള സിനിമയെ നയിച്ച വലിയ നടീനടന്മാരൊക്കെയാണ് ‘കടവി’നെ കരുത്തുള്ളൊരു ദൃശ്യശിൽപ്പമാക്കി മാറ്റിയത്. ഗ്രാമ‐നഗര സംഘർഷങ്ങളെയും അതിന്റെ നിറവൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും ഏറ്റവും ഭാവനാത്മകമായി അടയാളപ്പെടുത്തപ്പെട്ട കഥാപാത്രങ്ങളായിരുന്നു അവരെല്ലാം. സ്കൂൾ മാസ്റ്റർക്ക് രജിസ്‌ട്രേഡ് ഓഫീസ് ജീവനക്കാരിയോടുള്ള നിശ്ശബ്ദപ്രണയം. ടെമ്പോ ലോറികൾ വരാൻ തുടങ്ങിയതോടെ പണി നഷ്ടപ്പെട്ട കൃഷ്ണേട്ടൻ. നഗരത്തിൽ ജഗതിയും നെടുമുടിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ചെറിയ ചെറിയ തട്ടിപ്പുകൾ. ഗ്രാമത്തിൽനിന്ന് പറിച്ചെറിയപ്പെട്ട് നഗരത്തിലെ മോശം സാഹചര്യത്തിൽ ജീവിക്കേണ്ടിവരുന്ന പെൺകുട്ടി (ഭാഗ്യരൂപ). അവരെയെല്ലാം കൂട്ടിക്കെട്ടുന്ന മായാത്ത ഗ്രാമീണ നിഷ്കളങ്കതയുടെ കണ്ണിയായ രാജു. അവന്റെ സഫലമാകാത്ത മോഹങ്ങളും സ്വപ്നങ്ങളും സങ്കടങ്ങളും‐ അങ്ങനെ സിനിമ പകരുന്ന വൈകാരികഭാവങ്ങളെല്ലാം ആസ്വാദക ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്നതാണ്.
ഏതുകാലത്തും വെള്ളമുണ്ടായിരുന്ന പുഴ എന്നാൽ ചിത്രീകരണ സമയത്ത് ചതിച്ചു. നാട്ടുകാർ മണൽച്ചാക്കുകളിട്ട് ബണ്ടുകൾ കെട്ടിയാണ് ജലവിതാനം ഉയർത്തിയതെന്ന് എം ടി എഴുതുന്നു. വേണുവിന്റെ ക്യാമറ തിരിയുന്നിടത്തേക്കെല്ലാം അങ്ങനെ പുഴ വന്നു. പുഴയിലെ സൂര്യനും ചന്ദ്രനും വെയിലും മഴയുമെല്ലാം ആ ക്യാമറ ഒപ്പിയെടുത്തു. പുഴയെ നോക്കി എം ടി പറഞ്ഞു: ‘‘കണ്ടില്ലേ? തോൽപ്പിക്കാൻ പറ്റില്ല, സ്‌നേഹത്തിന്റെ കടവാണിത്.'' (ചിത്രത്തെരുവുകൾ)
‘കടവി’ലെ രാജുവിനെപ്പോലെ ഉൾക്കരുത്തുള്ള ഒരു ബാലകഥാപാത്രം മലയാളത്തിൽ അതിനുശേഷം സംഭവിച്ചിട്ടുണ്ടോ എന്നറിയില്ല. ആ വർഷത്തെ ഏറ്റവും മികച്ച ബാലനടനുള്ള സംസ്ഥാന അവാർഡ് സന്തോഷ് ആന്റണി നേടി. ഏറ്റവും മികച്ച സിനിമയ്‌ക്കും തിരക്കഥയ്ക്കുമുള്ള ദേശീയ അവാർഡ് എം ടി കരസ്ഥമാക്കി. ജപ്പാനിലെ ഒസാക്ക ചലച്ചിത്രമേളയിൽ ഗ്രാന്റ്പ്രീ പുരസ്‌കാരവും സിംഗപ്പൂർ മേളയിൽ പ്രത്യേക ജൂറി പുരസ്കാരവും ‘കടവി’നായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ തിയറ്ററിന് പുറത്ത് സന്തോഷ് ആന്റണിയുടെ പോസ്റ്റർ നിറഞ്ഞുനിന്നു. ലോകത്തെവിടെയും ആരുമായും സംവദിക്കുന്ന ഏറ്റവും ലളിതമായ പ്രമേയവും ദൃശ്യഭാഷയുമായിരുന്നു ‘കടവി’ന്റേത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം വ്യത്യസ്ത ഭാഷക്കാരുടെ കണ്ണുകളെ ഈറനണിയിച്ചു. ബാംഗ്ലൂരിൽ ഇന്ത്യൻ പനോരമയുടെ പുരസ്കാരവേദിയിൽ അതിഥിയായി സന്തോഷും പങ്കെടുത്തു.
‘‘പനോരമയിൽ പങ്കെടുക്കാൻ അച്ഛനോടൊപ്പമാണ് ഞാൻ പോയത്. ഞാൻ സ്റ്റേജിലേക്ക് കയറുമ്പോൾ തന്നെ വലിയ കയ്യടിയായിരുന്നു. കേരളത്തിന്റെ ഒരുൾനാട്ടിൽ സിനിമ കാണാതെ വളർന്ന കുട്ടിയാണ് ഈ നായകനെന്ന് പറഞ്ഞപ്പോൾ ആളുകൾക്ക് വലിയ അത്ഭുതമായിരുന്നു. അന്ന് എം ടിയോടൊപ്പം മോനിഷയുമുണ്ടായിരുന്നു. അതിനുശേഷം ആറേഴുവർഷം കഴിഞ്ഞാണ് കോഴിക്കോട്ട് വച്ച് എം ടിയെ കണ്ടത്. അതേക്കുറിച്ച് എം ടി തന്നെ എഴുതിയിട്ടുണ്ടല്ലോ. അന്ന് എന്റെ കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നുവെന്ന് അദ്ദേഹം ചോദിച്ചു. കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചുമെല്ലാം ചോദിച്ചു. കാണാനായതിൽ വളരെ സന്തോഷമുണ്ടെന്ന് പറഞ്ഞു''‐ സന്തോഷ് ആന്റണി ഓർത്തു.
എം ടി
മലയാള സിനിമയുടെ ഒരു സുപ്രധാന പടവ് തന്നെയായിരുന്നു ‘കടവ്.’ തിരശ്ശീലയ്ക്ക് മുന്നിലും പിന്നിലുമെല്ലാം നിരന്നിരുന്നത് പ്രതിഭാധനരുടെ വൻനിര. എം ടി ഉൾപ്പെടെ ആ സിനിമയിലെ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ‘കടവി’ൽനിന്ന്് പോയ സന്തോഷും വർഷങ്ങളോളം കാണാമറയത്തായി. ‘കടവി’ലെ കഥാപാത്രത്തിന്റെ ജീവിതം ആഴത്തിൽ പതിഞ്ഞതുപോലെ പിന്നെ സിനിമയിലേക്ക് അയാൾക്കൊരു മടങ്ങിവരവുണ്ടായില്ല. ‘കടവി’ന്റെ പേരിൽ ഒരാൾപോലും തിരഞ്ഞുവരാത്ത ജീവിതത്തിന്റെ മറ്റൊരു കടവിലേക്ക് സന്തോഷിന്റെ ജീവിതം പറിച്ചുമാറ്റപ്പെട്ടതോടെയാണ് ആ കഥയ്ക്ക് തിരശ്ശീല വീണത്.
‘‘സിനിമയിറങ്ങി ഒന്നുരണ്ടു വർഷത്തിനുള്ളിൽത്തന്നെ ഇവിടുത്തെ സ്ഥലമൊക്കെ വിറ്റ് ഞങ്ങൾ കർണാടകയിലേക്ക് മാറിയിരുന്നു. അവിടെ ഒരു പത്തു വർഷത്തിലധികം താമസിച്ചതിനു ശേഷമാണ് തിരിച്ചുവന്നത്. അപ്പോഴേക്കും ആളുകളൊക്കെ മാറിയിരുന്നു. പരസ്പരം തിരിച്ചറിയാൻ പറ്റാതായി. ഒരുകണക്കിന് അതെനിക്ക് ഗുണമായെന്നാണ് കരുതുന്നത്.'' ഇത്രയേറെ മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും നിറഞ്ഞിരിക്കുന്ന കാലത്തും മറഞ്ഞിരിക്കുന്നതിന്റെ ഗൂഢമായൊരു ആനന്ദം സന്തോഷിന്റെ മുഖത്ത് മിന്നിമാഞ്ഞു.
ഉള്ളതെല്ലാം വിറ്റുപെറുക്കി അച്ഛൻ കർണാടകയിലേക്ക് പോകുമ്പോൾ കൂടെപ്പോകാൻ സന്തോഷിനും അമ്മയ്ക്കും സഹോദരിമാർക്കും താൽപ്പര്യമുണ്ടായിരുന്നില്ല. പക്ഷേ പോകാതിരിക്കാനാവുന്ന സാഹചര്യമായിരുന്നില്ലെന്ന് സന്തോഷ് പറഞ്ഞു. ദക്ഷിണ കർണാടകയിലെ സുബ്രഹ്മണ്യത്തിന് അടുത്തുള്ള ഒരു ഗ്രാമത്തിലേക്കായിരുന്നു ജീവിതം പറിച്ചുനടപ്പെട്ടത്. കൃഷിയായിരുന്നു അവിടെയും വരുമാന മാർഗം. അച്ഛനുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായതോടെയാണ് അമ്മയെയും സഹോദരിമാരെയും കൂട്ടി സന്തോഷ് പുറപ്പെട്ട നാട്ടിലേക്ക് തന്നെ തിരിച്ചുവന്നത്.
‘‘തിരിച്ചുവരുമ്പോൾ ഇവിടെ ഒന്നും ഉണ്ടായിരുന്നില്ല. ഈ സ്ഥലവും വീടും റബ്ബറും വാഴയുമെല്ലാം പിന്നീട് ഞാൻ ഉണ്ടാക്കിയതാണ്.'' സന്തോഷിന്റെ വാക്കുകളിൽ കഠിനാധ്വാനിയായ ഒരു മലയോര കർഷകന്റെ അഭിമാനബോധം സ്ഫുരിച്ചു.
അച്ഛനോട് പിണങ്ങി നാട്ടിലേക്ക് വന്നതിന് ശേഷമാണ് സന്തോഷിന്റെയും രണ്ട് സഹോദരിമാരുടെയും വിവാഹം നടന്നത്. സന്തോഷിന്റെ ഭാര്യ മുക്കത്തിനടുത്തു തന്നെ താഴേക്കൂടരഞ്ഞി സ്വദേശി. മക്കളിലൊരാൾ ബംഗളൂരുവിൽ ബി ടെക് വിദ്യാർഥി. രണ്ടാമത്തെയാൾ പ്ലസ് വണ്ണിന് പഠിക്കുന്നു.
സഹോദരിമാർ രണ്ടുപേരും കുടുംബസമേതം യുകെയിലാണ് താമസം.
സിനിമയെക്കുറിച്ചുള്ള ചോദ്യത്തിലേക്കു തന്നെ തിരിച്ചുവന്നപ്പോൾ സന്തോഷ് പറഞ്ഞു: ‘‘കർണാടകയിലേക്ക് മാറിയതോടെ സിനിമ മറന്നു. അവിടേക്ക് മാറിയില്ലായിരുന്നെങ്കിൽ ചിലപ്പോൾ കൂടുതൽ സിനിമകളിൽ അഭിനയിക്കാൻ പറ്റിയേക്കും. അന്ന് ചില സിനിമകളിലേക്കും സീരിയലിലേക്കുമൊക്കെ വിളിക്കാൻ വന്നവരെക്കുറിച്ച് പിന്നീട് കേട്ടിരുന്നു. കോടഞ്ചേരിയിലൊക്കെ വന്ന് എന്നെ അന്വേഷിച്ച് ഞങ്ങളെ ബന്ധപ്പെടാൻ നമ്പറൊന്നും കിട്ടാതെ മടങ്ങിപ്പോവുകയായിരുന്നു പലരും. അന്ന് മൊബൈലൊന്നുമില്ലല്ലോ. പിന്നെ സിനിമയെ അങ്ങോട്ടു തേടിപ്പോകാൻ ഞങ്ങളാരും മെനക്കെട്ടിട്ടുമില്ല. അങ്ങനെ പോകാനാവുന്ന സാഹചര്യവും ഉണ്ടായിരുന്നില്ല. കുറേക്കാലം വിട്ടുനിന്ന സ്ഥിതിക്ക് പിന്നെയൊരു മടങ്ങിപ്പോക്കും സാധ്യമല്ലെന്ന് മനസ്സിലായി. അതൊക്കെ അങ്ങനെ കഴിഞ്ഞുവെന്ന് കരുതിയാൽ മതി. കാലങ്ങൾ അത്രയേറെ മാറിപ്പോയില്ലേ...''
‘അപൂർ പാഞ്ചലി’യിൽ സുബീർ ബാനർജിയോട് അർക്കോ അപുവിനെക്കുറിച്ച് ചോദിക്കുമ്പോഴും ഏതാണ്ട് സമാനമായ വാചകമാണ് പറയുന്നത്, കാലങ്ങൾ ഒരുപാട് കഴിഞ്ഞില്ലേ എന്ന്. കാലങ്ങൾ എത്ര കഴിഞ്ഞാലെന്ത്, ഏത് കാലമാണ് ‘പഥേർ പാഞ്ചലി’ക്കു മുന്നിൽ കണ്ണുമിഴിച്ചിരിക്കാതിരുന്നിട്ടുള്ളത്? കൊൽക്കത്തയിലെ ടോളിഗഞ്ചിനടുത്തുള്ള കുഡ്ഘട്ടിൽ താമസിക്കുന്ന യഥാർഥ സുബീർ ബാനർജി പിന്നീട് സിനിമയിൽ അഭിനയിച്ചില്ലെങ്കിലും സിനിമ അയാളിൽ അഭിനയിക്കുന്നുണ്ടായിരുന്നു. ‘അപുത്രയ'ത്തിലൂടെ അപു കടന്നുപോയ ജീവിതത്തിന്റെ ഇരുണ്ട ഘട്ടങ്ങൾക്കെല്ലാം സുബീർ ബാനർജിയുടെ ജീവിതത്തിലും സമാന്തരങ്ങൾ ഉണ്ടായി എന്നതാണ് അത്ഭുതം. അതായത്, ഒരു ഘട്ടത്തിൽ സുബീറിന് ഭാര്യയും കുട്ടിയും നഷ്ടപ്പെട്ടു. അച്ഛൻ അസുഖംമൂലം മരിച്ചു. പിന്നെ അമ്മയും. പ്രായമാകുന്തോറും അപുവിന്റെ ജീവിതത്തോട് കൂടുതൽ കൂടുതൽ അടുക്കുകയായിരുന്നു സുബീർ ബാനർജിയുടെ ജീവിതം എന്നാണ് കൗശിക് ഗാംഗുലിയുടെ സിനിമാഭാഷ്യം.
എന്നാൽ ‘കടവി’ലെ സന്തോഷിന്റെ ജീവിതം സിനിമയിൽ നിന്ന് അകന്നകന്നേ പോയ ഒരു തോണിയായിരുന്നു. ആരും അന്വേഷിച്ചുവരാനില്ലാത്ത, അന്വേഷിച്ചാലും കണ്ടെത്താനാവാത്ത ഇടങ്ങളിൽ ഒരേ മാനസിക നിലയിൽ കഴിഞ്ഞു എന്നതുമാത്രമാണ് രണ്ടുകാലത്തെ ഈ രണ്ടു ബാലതാരങ്ങളെ ബന്ധിപ്പിക്കുന്ന ഏക ഘടകം. സിനിമ എന്ന പ്രവാഹത്തിൽ ഒരുതവണ തോണിയിറക്കാൻ അവസരം കിട്ടി, പിന്നെ ജീവിതത്തിന്റെ അപ്രതിരോധ്യമായ കുത്തൊഴുക്കിൽ ദിശ തെറ്റി. എന്തായാലും മലയാളസിനിമയുടെ ചരിത്രത്തിൽ ആഘോഷിക്കപ്പെടുന്ന സകല കഥാപാത്രങ്ങൾക്കും എത്രയോ മീതെ പ്രതിഷ്ഠിക്കാവുന്ന അസാധാരണ നിറവുള്ള കഥാപാത്രമായിരുന്നു ‘കടവി’ലെ ആ നാടൻ കടത്തുകാരൻ പയ്യൻ.
ആ കഥാപാത്രത്തിന് ജീവൻ നൽകിയ സന്തോഷ് ആന്റണി എന്ന നടൻ തനിക്ക് മറഞ്ഞുനിൽക്കാൻ എത്ര അവകാശമുണ്ടെന്ന് പറഞ്ഞാലും ചരിത്രത്തോടുള്ള നീതി ‘കണ്ടെത്തുക' എന്നതു തന്നെയാണ്. മലയാള സിനിമയുടെ ചരിത്രത്തിന്റെ തന്നെ ഒരു കടവാണത്. അതങ്ങനെ വേഗത്തിൽ മറവിയിലേക്ക് കുഴിച്ചുമൂടാനാവുന്നതല്ല. ചരിത്രം ചില ഓർമപ്പെടുത്തലുകളുമായി കടന്നുവരുന്നത് സന്തോഷ് ഒരു വലിയ ഭാരമായി കരുതേണ്ടതുമില്ല.
‘‘ആരെങ്കിലും ചോദിച്ചുവന്നാൽ, അഭിനയിച്ചു, മുപ്പത്തിനാലു വർഷം കഴിഞ്ഞു‐ അങ്ങനെ ഒന്നുരണ്ടു വാക്കുകളേ എനിക്ക് പറയാനുള്ളൂ. ഇനി കർണാടകയിൽ പോകാതെ ഞാനിവിടെ നിന്നിരുന്നെങ്കിൽ അഭിനേതാവായി തുടരണമെന്നൊന്നുമില്ല. അതുകൊണ്ട് അത്തരം സാങ്കൽപ്പിക ചോദ്യങ്ങൾക്കും പ്രസക്തിയില്ല. ആ സിനിമയ്ക്ക് എന്റെ നിത്യജീവിതത്തിൽ ഇപ്പോൾ ഒരിടവുമില്ല. ‘കടവി’നെക്കുറിച്ച് ഓർത്തതുകൊണ്ടോ പറഞ്ഞതുകൊണ്ടോ ഇനി എന്തെങ്കിലും എനിക്ക് ലഭിക്കാനുണ്ടെന്നും ഞാൻ കരുതുന്നില്ല. ഞാൻ ഇതുവരെ ഒരാളോടും ‘കടവി’ലെ നടനാണെന്ന് പറയുകയോ ഓർമപ്പെടുത്തുകയോ ചെയ്തിട്ടില്ല. എനിക്ക് വേണമെങ്കിൽ ഞാൻ എം ടിയുടെ ‘കടവി’ൽ അഭിനയിച്ച ആളാണെന്നൊക്കെ പറയാമായിരുന്നു. അതൊന്നും ആസ്വദിക്കാനാവുന്ന തരത്തിലായിരിന്നില്ല എന്റെ പിൽക്കാല മാനസികാവസ്ഥ. ഇന്ന് അതേക്കുറിച്ച് സന്തോഷിക്കാനോ സങ്കടപ്പെടാനോ ഒന്നുമില്ല. സിനിമയിലേക്കായിരുന്നു എന്റെ വഴിയെന്നോ, അത് നഷ്ടപ്പെട്ടുപോയെന്നോ ഞാൻ കരുതുന്നില്ല. ഉള്ള ജീവിതത്തിൽ ഞാൻ സന്തുഷ്ടനാണ്.''
‘കടവി’ല്‍ ബാലന്‍ കെ നായര്‍ ഡിജിറ്റൽ ക്രിയേഷൻ: കിരണ്‍ ഗോവിന്ദ്
സന്തോഷ് ആന്റണിയെ ‘കടവി’ലെ നായകനായി ഇപ്പോൾ ആരെങ്കിലും എവിടെയെങ്കിലും വച്ച്് തിരിച്ചറിയുന്നുണ്ടെന്ന് തോന്നുന്നില്ല. അത്തരത്തിൽ തിരിച്ചറിയാനാകാത്ത വിധം നാടും മനുഷ്യരും മാറിപ്പോകുന്നതാണല്ലോ ‘കടവി’ലെയും മുഖ്യപ്രമേയം. മനുഷ്യർ ഇനി പരസ്പരം തിരിച്ചറിയുന്നുണ്ടെങ്കിലും തിരിച്ചറിയുന്നില്ലെന്ന് നടിക്കേണ്ടിവരുന്നതിന്റെ ഹൃദയവേദന കൂടിയാണ് എം ടി ‘കടവി’ലൂടെ പകരുന്നത്. കൂട്ടക്കടവിൽ നിന്ന് തീവണ്ടിയാപ്പീസിലേക്ക് കടവ് കടത്തിവിട്ട തന്നെ അറിയില്ലെന്ന് പെൺകുട്ടി പറയുമ്പോൾ രാജുവിന്റെ മാത്രമല്ല, പെൺകുട്ടിയുടെയും കണ്ണുനിറയുന്നത് ക്ലോസപ്പിൽ കാണിക്കുന്നുണ്ട് സിനിമ. അതിലൂടെ നിസ്സഹായരായ ആ മനുഷ്യരെയല്ല സമൂഹത്തെയും സാഹചര്യങ്ങളെയുമാണ് എം ടി പ്രതിസ്ഥാനത്ത് നിർത്തുന്നത്്.
‘‘സിനിമയിലേക്കുള്ള സാധ്യത തേടി ഒരിക്കൽ വേണുസാറിന് (ക്യാമറാമാൻ വേണു) കത്തെഴുതിയിരുന്നു. അദ്ദേഹത്തിന് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് മനസ്സിലായതോടെ അതു വിട്ടു. സിനിമ ഇപ്പോൾ എന്റെ ഒരു ആഗ്രഹമേയല്ല. ‘കടവി’നെ ഓർത്ത് പലരും വിളിക്കാറുണ്ടെങ്കിലും അത്തരം സംസാരങ്ങൾക്ക് ഞാൻ നിന്നുകൊടുക്കാറില്ല. നമ്മളൊരു നാട്ടുമ്പുറത്തുകാരനാണ്. അങ്ങനെയൊരു ജീവിതമാണ് ജീവിക്കുന്നത്. അന്ന് എനിക്ക് കിട്ടിയ സംസ്ഥാന അവാർഡും ശിൽപ്പവും കർണാടകയിലെ താമസക്കാലത്ത് നഷ്ടമായി. സാരമില്ല.''
‘പഥേർ പാഞ്ചലി’യിലെ അപു മുതിർന്ന് സുബീർ ബാനർജിയായെന്ന് ‘അപൂർ പാഞ്ചലി' പറയുന്നതുപോലെ ‘കടവി’ലെ രാജു മുതിർന്നതു തന്നെയാണ് ഇപ്പോഴത്തെ സന്തോഷ് ആന്റണിയെന്നും നമുക്ക് സങ്കൽപ്പിക്കാം. കാലപ്രവാഹത്തിന്റെ പുഴയിലൂടെ രാജു തുഴഞ്ഞെത്തിയ ദൂരം തന്നെയാകണം സന്തോഷ് ആന്റണി എന്ന നടന്റെ ജീവിതം. അത് ചിത്രീകരിച്ചാൽ ‘കടവി’ന്റെ ബാക്കി സിനിമയായി.
‘കടവി’ന്റെ അവസാനം ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച രംഗങ്ങളിൽ ഒന്നാണ്. ‘അയാൾ എല്ലാം നഷ്ടപ്പെട്ട് കടവിൽ തിരിച്ചെത്തുമ്പോൾ തോണി ജീവനുള്ള ഒരു വസ്തു എന്നതുപോലെ അയാളെ തിരിച്ചറിഞ്ഞ് അടുത്തേക്ക് വന്നു' എന്ന എസ് കെയുടെ കഥയിലെ വാചകത്തിന്റെ ദൃശ്യസാക്ഷാത്കാരമാണ് ആദിമധ്യാന്തം സിനിമ. ആ ഒരൊറ്റ രംഗത്തിലേക്ക് എത്താനായി എം ടി വികസിപ്പിച്ചതാണ് ‘കടവി’ലെ മറ്റെല്ലാ രംഗങ്ങളും.
ഗ്രാമത്തിൽനിന്ന് രക്ഷപ്പെട്ടുവരുന്ന നഗരത്തിന് പാകമാകാത്ത മനുഷ്യർ ഗ്രാമത്തിലേക്കുതന്നെ തിരിച്ചോടിക്കപ്പെടുന്നു. എല്ലാം നഷ്ടപ്പെട്ട് തിരിച്ചെത്തുമ്പോഴാണ് തന്റെ കടവും കൈവിട്ടതായി രാജു അറിയുന്നത്്. കടവിൽ ബീരാനു പകരം മറ്റൊരു കടത്തുകാരനും അയാൾക്ക് മറ്റൊരു സഹായിയും വന്നുകഴിഞ്ഞത് അവൻ മനസ്സിലാക്കുന്നു. പക്ഷേ ‘ജീവനുള്ള വസ്തു പോലെ' തോണി അവനെ തിരിച്ചറിയുന്നു.
തോണി പതുക്കെ അവന് അരികിലേക്ക് വരുന്നു. തോണി അവനെ ഓളങ്ങളിലൂടെ ദൂരേയ്‌ക്ക് കൊണ്ടുപോവുന്നു. മഹാസങ്കടങ്ങളുടെ പുഴ അവന്റെ മനസ്സിൽ ഒഴുകുന്നതുപോലെ നീണ്ട സരോദ് വാദനമാണ് അപ്പോൾ പശ്ചാത്തലസംഗീതം. ‘പഥേർ പാഞ്ചലി’യിലെ പണ്ഡിറ്റ്്് രവിശങ്കറിന്റെ സംവിധാനത്തിൽ ദക്ഷിണ മോഹൻ വായിച്ച ടാർ ഷഹനായി പോലെ.
തോണി ഒഴുകിയൊഴുകിപ്പോയി സിനിമ ശരിക്കും തീർന്നത് ഇപ്പോൾ സന്തോഷ് ആന്റണി എന്ന നടന്റെ ജീവിതത്തിലാണെന്ന് പറയാം.
ജീവിതത്തിലും ദൂരേയ്‌ക്ക് പോയി വർഷങ്ങൾക്കുശേഷം തിരിച്ചുവന്ന് സന്തോഷ് ഒരു ദിവസം എം ടിയെ കാണുകയുണ്ടായി. ‘കടവി’ന്റെ ചിത്രീകരണ ഓർമകൾകൂടി ഉൾപ്പെടുന്ന ‘ചിത്രത്തെരുവുകൾ' എന്ന പുസ്തകത്തിലെ ‘സ്നേഹത്തിന്റെ കടവുകൾ' എന്ന അധ്യായം എം ടി ആ കൂടിക്കാഴ്ചയെക്കുറിച്ച് എഴുതിക്കൊണ്ടാണ് അവസാനിപ്പിക്കുന്നത്. അതിങ്ങനെയാണ്:
‘‘സന്തോഷ്്! ഞാൻ അവനെ തിരിച്ചറിഞ്ഞു. മുതിർന്ന യുവാവ്. കുടുംബസ്ഥൻ. കർണാടകത്തിൽ കൃഷി നടത്തുന്നു. അവൻ വേണുവിനെഴുതിയത് വേണു എന്നോടു പറഞ്ഞിരുന്നു. ചില നേരങ്ങളിൽ ചിലത് ശരിയാവുന്നു. മഴവില്ലിന് ചുവട്ടിലെ നിധി തേടി യാത്ര പുറപ്പെടുന്ന പലരും വഴിക്ക് വീണുപോവുന്നു. അവശരും നിരാശരുമാവുന്നു!'' .










0 comments