ad
Deshabhimani

തങ്കനീലം

story
avatar
സുരേഷ്‌ കുമാർ വി

Published on Jan 13, 2025, 01:21 PM | 11 min read

രു റൂൾത്തടിക്ക് മനുഷ്യശരീരത്തിൽ എന്തൊക്കെയാണ് ചെയ്യാൻ കഴിയുക?

പ്രത്യേകിച്ചും അത് ഒരു സ്‌ത്രീയുടെ നാഭിയിലാവുമ്പോൾ.

തങ്കനീലം, അനിയത്തി ലിയാന്റെ ശരീരത്തിൽ തിണർത്തു കിടന്ന പാടുകളെക്കുറിച്ചോർത്തുകൊണ്ട് മുഖത്ത് റോസ് പൗഡർ തേച്ചു.

ലിയാന്റെ മൂത്രക്കുഴലിന്റെ ദ്വാരത്തിൽ കയറാൻ ശ്രമിച്ച് തോറ്റുപോയ റൂൾത്തടി അതിനുചുറ്റും കാണിച്ചുകൂട്ടിയ നെറികേടുകളിൽ നെഞ്ചു കലങ്ങി, ചുണ്ടിൽ വിലകുറഞ്ഞ ലിപ്‌സ്‌റ്റിക്കിട്ടു. അഭയാർഥി ക്യാമ്പിലെ മറപ്പുരയിലിരുന്ന് ഓരോ തുള്ളി മൂത്രം ലിയാൻ ഞെക്കിയിറ്റിക്കുമ്പോൾ അരക്കെട്ടിലൂടെ ചുട്ടുപഴുത്ത ഒരു കമ്പിയിറങ്ങി വരുന്നതുപോലെ അലറിക്കരഞ്ഞതോർത്ത് ബാർ ഗേളിന്റെ യൂണിഫോമണിഞ്ഞു.

ശരീരത്തിലാകമാനം പ്ലാസ്‌റ്ററും കെട്ടുമായി ചേരാത്ത ഒരു മേലുടുപ്പിട്ട്, കാലുകൾ അകത്തിയകത്തി സർക്കാർ ക്യാമ്പിൽ നടന്ന ലിയാന്റെ ചിത്രം, ബാർ മാനേജരുടെ മുറിയിലേക്ക് കയറുമ്പോൾ മൂവോലം കുന്നിന് തീപിടിച്ചപോലെ ഉള്ളിൽ കത്തിപ്പടർന്നു.

മുറിയിൽ, മറ്റു ബാർ ഗേൾസ് എല്ലാവരും നിരന്നുനിൽക്കുന്നുണ്ടായിരുന്നു. അവളും ആ ലൈനിലേക്ക് കയറി നിന്നു.

കഴുകി വൃത്തിയാക്കിയ പോത്തിൻ കഷ്‌ണങ്ങൾ കൂട്ടിയിട്ടിരിക്കുന്നപോലെ കസേര മുഴുവനായി നിറഞ്ഞു കിടക്കുകയാണ് ബാർ മാനേജർ.

മറ്റുള്ള ബാർ ഗേൾസിനെപ്പോലെ തങ്കനീലവും അറ്റൻഷനായി. അയാൾ എന്നത്തേയും പോലെ പ്രഭാഷണമാരംഭിച്ചു. പക്ഷേ, മനസ്സു നിറയെ ലിയാന്റെ മുഖമായിരുന്നു. അതുകൊണ്ടുതന്നെ ബാർ മാനേജരുടെ പ്രസംഗം തങ്കനീലത്തിന്റെ അടുത്തുകൂടി, എന്നാൽ സ്‌പർശിക്കാതെ കടന്നുപോയ്‌ക്കൊണ്ടിരുന്നു.

നശിച്ച ആ ദിവസം... രാവിലെ ലിയാൻ നാട്ടിൽനിന്ന് വിളിച്ചത് ഇപ്പോഴും കാതിലുണ്ട്. അടുപ്പിച്ച് പത്ത്‌ ദിവസങ്ങൾക്കുശേഷം അടുത്തുള്ള ബങ്കിൽ പെട്രോൾ വന്നത് അറിയിക്കാൻ വിളിച്ചതായിരുന്നു അവൾ. ചിലപ്പോൾ അങ്ങനെയുണ്ടാവാറുണ്ട്. മണ്ണിടിച്ചിലുകാരണം ആഴ്‌ചകളോളം മെയിൻലാന്റുമായുള്ള എല്ലാ ബന്ധങ്ങളും മുറിഞ്ഞുപോകും. പല അവശ്യസാധനങ്ങളും അതോടെ കിട്ടാതെ വരും.

പത്തു ദിവസമായി ലിയാൻ സ്‌കൂട്ടി അനക്കാതെ വച്ചിരുന്നതാണ്. പാബ (അച്ഛൻ) മരിക്കുമ്പോൾ സ്വത്തായി കൈയിലുണ്ടായിരുന്നത് ആ സ്‌കൂട്ടിയുടെ ചാവി മാത്രമായിരുന്നു.

‘‘ചേച്ചേ.... മാൽ ആഗയ...’’

പെട്രോൾ വന്ന കാര്യമാണ്. അത്രയും മതി ലിയാൻ തുള്ളിച്ചാടാനും സന്തോഷിക്കാനുമൊക്കെ.

സ്‌കൂട്ടിയും ഉന്തിക്കൊണ്ട് ലിയാൻ നെടുങ്കൻ ക്യൂവിന്റെ ഇങ്ങേത്തലയ്‌ക്കൽ ചെന്നുനിന്നതാണ്. അപ്പോഴാണ് ഒരാൾക്കൂട്ടം കുറുവടികളും തോക്കുമൊക്കെയായി വന്നത്. തലേദിവസം അവരുടെ ഗോത്രത്തിൽപ്പെട്ട ഒമ്പതുേപർ കലാപത്തിൽ കൊല്ലപ്പെട്ടതാണ്. ആ പകയിൽ അവർ ഓരോരുത്തരോടായി തിരിച്ചറിയൽ രേഖകൾ ചോദിച്ചു.

ഓരോ കാർഡിലേക്കും ശേഷം ആളിന്റെ മുഖത്തേക്കും ആൾക്കൂട്ടം മാറിമാറി നോക്കാൻ തുടങ്ങി. ലിയാൻ അവരുടെ കൂട്ടത്തിലുള്ളതല്ല എന്നവർ മനസ്സിലാക്കി. ക്യൂവിൽ നിന്ന മറ്റു ചിലർ ലിയാനുവേണ്ടി യാചിച്ചു.

‘‘ഛോട്ദീജിയേ... ഭായിയോം... ഓ തോ... ബച്ചിയേ...’’

പക്ഷേ ആൾക്കൂട്ടം അതൊന്നും കേൾക്കാൻ തയ്യാറായില്ല. അവർ അവളുടെ തലമുടിയിൽ ചുറ്റിപ്പിടിച്ചു. കുറുനരികളെപ്പോലെ ചുറ്റും പൊതിഞ്ഞു. വസ്‌ത്രങ്ങൾ വലിച്ചു കീറി. പൂർണ നഗ്നയാക്കി വഴിയിലൂടെ നടത്തിച്ചു. അവളുടെ ശരീരഭാഗങ്ങളിലേക്ക് ആൾക്കൂട്ടത്തിന്റെ കൈകൾ നീണ്ടു.

അതുകണ്ട്‌ അലറിക്കരഞ്ഞുകൊണ്ട്‌ വന്ന ഇമയുടെ (അമ്മ) ഹൃദയം പിടിച്ചുനിർത്തിയപോലെ നിന്നുപോയി.

തികട്ടിവന്ന ഗദ്ഗദം അടക്കാനായി ലിപ്‌സ്‌റ്റിക്കിട്ട അടിച്ചുണ്ടിൽ തങ്കനീലം ഒന്നമർത്തി കടിച്ചു. അതു പാടില്ലാത്തതാണ്. ഡ്യൂട്ടി തുടങ്ങിക്കഴിഞ്ഞാൽ രണ്ട്‌ ചുണ്ടുകളും ബാറിന്റെയാണ്. അതിൽ പുരട്ടിയിരിക്കുന്ന നിറത്തിന് അൽപ്പം പോലും മങ്ങലുണ്ടാവാൻ പാടില്ല. ചുണ്ടുകൾ ബാർ സമയം കഴിയുമ്പോഴേ ഇനി തിരിച്ചുകിട്ടൂ...

മാനേജർ തലേദിവസം ഓരോരുത്തരും വരുത്തിയ തെറ്റുകൾ എടുത്തെടുത്തു പറഞ്ഞ് ശകാരം തുടങ്ങിക്കഴിഞ്ഞിരുന്നു.

മുലകൾ മുഴപ്പിച്ച് നിർത്തണം. തുടകൾക്ക് തൊട്ടുമുകളിൽ സ്‌കർട്ട് നിൽക്കണം. നഖം വെട്ടണം. ഒരു പരിധിക്കപ്പുറത്ത് കസ്‌റ്റമേഴ്‌സിനോട് ഇടപഴകാൻ പോകരുത്. ടിപ്പ് കിട്ടുന്നത് കോമൺ ഡപ്പയിലിടണം. അങ്ങനെ നീളുന്ന പ്രഭാഷണം. അവസാനം ഒരു ആപ്തവാക്യം കൂടിയുണ്ട്...

‘‘നമ്മൾ ഒന്നാണ്. ഒരു ടീമാണ് ഗയ്സ്...’’

പുറത്തിറങ്ങിയപ്പോൾ മേഘാലയക്കാരി സുമൻ തങ്കനീലത്തിന്റെയൊപ്പം നടന്നു.

അവൾ ഗൗണിന്റെ പോക്കറ്റിൽനിന്ന് ലിപ്‌സ്‌റ്റിക് എടുത്തു നീട്ടി. ‘ഓ, നീയത് കണ്ടുവല്ലേ’ എന്ന അർഥത്തിൽ തങ്കനീലം സുമനെ ഒന്നു നോക്കി. സുമൻ, ‘എല്ലാം ഞാൻ കാണും യാദ്രക്കോ’ എന്ന ഭാവത്തിൽ കണ്ണടച്ചു.

ഫ്ലോറിൽ തിരക്കായിട്ടില്ല. ബാർസമയം തുടങ്ങുന്നത് ബാറിലെ ട്യൂബ്‌ലൈറ്റുകൾ അണയുമ്പോഴാണ്. സുമൻ ഏതോ ഒരു പുതിയ ഹിന്ദി സിനിമ ഡൗൺലോഡ് ചെയ്‌തിട്ടുണ്ടെന്ന് ശബ്ദം താഴ്‌ത്തി പറഞ്ഞു.

‘‘ഇന്നു രാത്രി നമുക്ക് കാണണേ...’’

തങ്കനീലം മറുപടിയൊന്നും പറഞ്ഞില്ല. ലിയാൻ ഉള്ളിൽ കാട്ടുതീ പോലെ കത്തിപ്പടർന്നുകൊണ്ടിരുന്നു. ഊണിലും ഉറക്കത്തിലും എപ്പോഴും ലിയാൻ ഒപ്പം നടന്നു. കരഞ്ഞു, വഴക്കുണ്ടാക്കി, അലറിക്കരഞ്ഞു...

എന്റെ മിശിഹാ തമ്പുരാനേ...

തങ്കനീലം അറിയാതെയൊന്ന് ഏങ്ങി..! അവൾ സുമന്റെ കൈകളിൽ മുറുകെപ്പിടിച്ചു.

ഒരുപാടുനാൾ ലിയാനെ ക്യാമ്പിൽ നിർത്താൻ കഴിഞ്ഞില്ല. ആമാശയത്തിൽ കിട്ടിയ ചവിട്ടുകൾ രക്തമായി കാലുവഴി ഒഴുകി. വല്ലാത്ത ദുർഗന്ധം. അവളുടെ അടുത്തേക്ക്‌ പോകാനും ശുശ്രൂഷിക്കാനുമൊന്നും ആരും തയ്യാറാകാതെയായി. അങ്ങനെയാണ് ബസീർദാ ലിയാനെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയത്. ആ വീടിന് ഒരു മുറിയും തിണ്ണയും മാത്രമേയുണ്ടായിരുന്നുള്ളൂ. ക്യാമ്പിൽ ഇടം കിട്ടിയപ്പോൾ അവിടെത്തന്നെ നിൽക്കട്ടേയെന്ന്‌ ബസീർദാ കരുതിയതും അതുകൊണ്ടായിരുന്നു.

പാബയുടെ കൂട്ടുകാരനായിരുന്നു ബസീർദാ. പാബ മരിച്ചുകഴിഞ്ഞപ്പോഴാണ് സത്യത്തിൽ ആളുടേയും കുടുംബത്തിന്റെയും കരുതലും സ്‌നേഹവും തിരിച്ചറിഞ്ഞത്. ബസീർദായുടെ വീട്ടിലായതിനുശേഷമാണ് ലിയാൻ കുറച്ചൊക്കെ സാധാരണ രീതിയിൽ സംസാരിച്ചു തുടങ്ങിയത്.

വിളിക്കുമ്പോഴൊക്കെ ലിയാന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ.

‘‘ചേച്ചേ (ചേച്ചീ), എനിക്ക് തീരെ വയ്യ...’’

തങ്കനീലം ബാറിനുള്ളിലേക്ക് നടന്നു.

സംഗീതം മെല്ലെ ഒലിച്ചിറങ്ങിത്തുടങ്ങിയിരുന്നു. കടവന്ത്രയിലെ കുടിയൻമാർ വരാൻ കുറച്ചുകൂടി സമയമെടുക്കും.

അപ്പോഴേക്കും ബാർമാൻ കർണൻ എത്തിക്കഴിഞ്ഞിരുന്നു.

അവൾ, മറ്റു ബാർ ഗേൾസിനോടൊപ്പം തയ്യാറായി നിന്നു. യഥാർഥത്തിൽ, അവളുടെ പേര് തങ്കനീലമെന്നല്ല.

തങ്നീലം.

പലതവണ തിരുത്തിക്കൊടുത്തതാണ്.

മനസ്സിലായി എന്ന് കടവന്ത്രക്കാർ അഭിനയിക്കും. പക്ഷേ വീണ്ടും വിളിക്കുമ്പോൾ തങ്കനീലം എന്നു തന്നെയാണ് വിളിക്കുക.

നാട്ടിൽ കലാപം തുടങ്ങുന്നതിന് ഒന്നര വർഷം മുമ്പാണ് തങ്കനീലം കടവന്ത്രയിലെത്തിയത്. പിന്നെ നാട്ടിലേക്ക് തിരിച്ചുപോയിട്ടില്ല. പോകാൻ പറ്റുമായിരുന്നില്ല. നാട്ടിലേക്കുള്ള എല്ലാ വഴികളും അടച്ചുകളഞ്ഞിരുന്നു. പട്ടാളക്കാരുടേയും പൊലീസുകാരുടേയും കൈയിൽ മാത്രമല്ല, നാട്ടിലെ പന്ത്രണ്ടാം ക്ലാസിലൊക്കെ പഠിക്കുന്ന കുട്ടികളുടെ കൈയിൽവരെ തോക്കുണ്ടായിരുന്നു. സെയ്‌ന്റ്‌ ജൂഡ് സ്‌കൂളിൽ പന്ത്രണ്ടാം ക്ലാസിലായിരുന്നു ലിയാൻ പഠിച്ചിരുന്നത്. അവിടുത്തെ ആൺസുഹൃത്തുക്കൾ തോക്കുമായി നിൽക്കുന്ന ചിത്രങ്ങൾ അവൾതന്നെ അയച്ചുതന്നിട്ടുണ്ട്. തങ്കനീലം ജനാലയിലൂടെ താഴേക്ക് നോക്കി. മൂന്നാം നിലയിലാണ് താൻ ജോലി ചെയ്യുന്ന എക്‌സിക്യുട്ടീവ് ബാർ. ഹോട്ടലിന് രണ്ടു ബാറുകളാണുള്ളത്. താഴത്തെ നിലയിലൊന്നുണ്ട്. അവിടെ ബാർ ഗേൾസില്ല. ബാർ ബോയ്സ് മാത്രമേയുള്ളൂ. അവർ താമസിക്കുന്നത് ഹോട്ടലിന്റെ തന്നെ എക്‌സ്‌റ്റൻഷൻ കെട്ടിടത്തിലാണ്. ഗേൾസ് എല്ലാവരും ഹോട്ടലിന്റെ ടെറസ്സിനോടുചേർന്ന് പുതിയതായി ഉണ്ടാക്കിയ ചെറിയ മുറികളിലും.

സുമൻ മാത്രമാണ് ആകെയുള്ള ഒരു കൂട്ട്. എല്ലാം അവളോടാണ് പറയുക. കിടപ്പും ഒരുമിച്ച്. ബാറടച്ചുകഴിയുമ്പോൾ കർണൻ ‘മിക്‌ചർ’ എത്തിച്ചുതരും. സുമൻ ചോദിച്ചാൽ അവനത് തരാതിരിക്കാൻ പറ്റില്ല. സുമനെ മറ്റുള്ളവർ വിളിക്കുന്നത് കർണന്റെ ‘വണ്ടി’യെന്നാണ്. പ്രേമമൊന്നുമല്ല. ശരീരങ്ങൾ തമ്മിലുള്ള ഒരിഷ്ടം. ‘മിക്‌ചർ’ എന്താണെന്ന് ആദ്യമറിയില്ലായിരുന്നു. ഓർഡർ വരുന്നതിനനുസരിച്ച് അളന്നെടുക്കുന്ന മദ്യത്തിൽനിന്ന് തൂവിപ്പോകുന്നത്, അളവുഗ്ലാസിന്റെ അടിയിൽ വച്ചിരിക്കുന്ന പ്ലെയ്‌റ്റിൽ വീഴും. അങ്ങനെയതിൽ എല്ലാത്തരം മദ്യവും ഉണ്ടാവും. അതാണ് മിക്‌ചർ.

എന്നും ലിയാൻ വിളിക്കും. വേദന സഹിക്കാൻ വയ്യാതെയാണ് വിളി. ഒരുപാടൊന്നും അവൾക്കു പറയാനുണ്ടാവില്ല.

‘‘ചോര നിക്കുന്നില്ല ചേച്ചേ... എനിക്ക് തീരെ വയ്യ...’’

കേട്ടുനിൽക്കാൻ കഴിയാഞ്ഞപ്പോഴാണ് ആദ്യമായി മിക്‌ചർ കഴിച്ചത്. അതങ്ങനെ ഒരു പതിവായി. അതില്ലാതെ ഉറങ്ങാൻ പറ്റില്ല എന്ന അവസ്ഥ. പക്ഷേ രാത്രി രണ്ടു മണി കഴിഞ്ഞാൽ ചാടിപ്പിടഞ്ഞെഴുന്നേൽക്കും. പിന്നെ എന്തു ചെയ്‌താലും ഉറക്കം വരില്ല. ആരോ വന്ന് മൂക്കും വായും പൊത്തിപ്പിടിക്കുന്ന പോലെ...

സുമനാണ് ആകെയുള്ളൊരു ആശ്വാസം. തന്റെ വീർപ്പുമുട്ടൽ കണ്ട് അവൾ വന്ന് അടക്കിപ്പിടിക്കും. പിന്നെ നാട്ടിലെ കാര്യങ്ങളൊക്കെ പറഞ്ഞ് നേരം വെളുപ്പിക്കും.

ഇമയെക്കുറിച്ചാണ് എത്ര പറഞ്ഞാലും തീരാത്തത്.

ഇമ അന്നൊക്കെ അരിമില്ലിൽ പണിക്കു പോകും. രാവിലത്തെ കുർബാന കഴിഞ്ഞാണ് പോക്ക്. ഇമ പോയിക്കഴിയുമ്പോൾ ലിയാനെ അവിടെത്തന്നെയുള്ള സ്‌കൂളിൽ കൊണ്ടുചെന്നാക്കുന്നത് തങ്കനീലമാണ്. ശേഷം, സമീർ സേഠിന്റെ പൂന്തോട്ടത്തിലെ പണി. ഉച്ചയാവുമ്പോൾ ലിയാന്റെ ക്ലാസ്‌ കഴിയും. ചിലപ്പോൾ മൂവോലം കുന്ന്‌ വഴിയാണ് വരവ്. നേരമൊന്നു മങ്ങിയാൽ താഴ്‌വരയിൽ നിറയെ വിളക്കുകൾ തെളിയും. താഴേക്ക് ഓടിയിറങ്ങുന്നത് രസമാണ്. ലിയാനാണ് കൂടുതൽ ഉത്സാഹം. അവളുടെ ചിരിയാണ് മുമ്പേ കുന്നിറങ്ങുന്നത്.

story

ആ ചിരിയുടെ ഓർമ, മൂർച്ചയുള്ള കത്തിപോലെ നെഞ്ചിനെ തലങ്ങും വിലങ്ങും വരഞ്ഞു.

ബാർ ഉണരുകയായി...

പതിവുകാർ പരസ്‌പരം അഭിവാദ്യം ചെയ്‌ത്‌ ഗ്ലാസുകൾ മുട്ടിച്ചു. അങ്കം കുറിച്ചു.

കിച്ചണിലെ വറചട്ടിയിലേക്ക് മുളകുപുരട്ടിയ പോത്തിൻ കഷ്‌ണങ്ങൾ ഷെഫ് ടീമിലെ ജോലിക്കാർ കുടഞ്ഞിടുന്നത് കണ്ടു.

ബാറിലെ കാതടപ്പിക്കുന്ന ഡ്രംബീറ്റ് ഹൃദയത്തെ ഇടിച്ചു തെറിപ്പിക്കാൻ തുടങ്ങി.

എല്ലാ ദിവസത്തെയും പോലെ, ബാക്കിയായ ചാറും റൊട്ടിയും കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അന്ന് ബസീർദായുടെ മോൾ നജീബ പൊട്ടിക്കരഞ്ഞുകൊണ്ട്‌ വിളിച്ചത്. സാധാരണ ബസീർദായാണ് വിളിക്കാറ്.

അന്ന് ദാ വീട്ടിലുണ്ടായിരുന്നില്ല.

ലിയാന്റെ നെഞ്ച് വെട്ടി വിറയ്‌ക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ആ വിളി വന്നത്.

‘‘നിനക്കൊന്നുമില്ല ന്റെ ലിയാനേ... ദേ... ചേച്ചേ ലൈനിലുണ്ട്... സംസാരിക്ക്.’’

നജീബ അവളോട് പറയുന്നത് കേൾക്കാമായിരുന്നു.

ചെവിയിലേക്ക് ഫോൺ ആവുന്നത്ര അടുപ്പിച്ചു പിടിച്ചു. പക്ഷേ ഒരു ശബ്ദവും അങ്ങേത്തലയ്‌ക്കൽ നിന്നു കേട്ടില്ല.

ഒടുവിൽ, ‘ചേച്ചേ...’ എന്നൊരു നേർത്ത കാറ്റ് കാതുകളിൽ അനങ്ങിയതു മാത്രം.

ശേഷം ഒന്നുമുണ്ടായില്ല.

നജീബയുടെ അലറിക്കരച്ചിൽ...

പിന്നെ കണ്ണു തുറന്നത്, ഡ്രിപ്‌സ്‌റ്റാൻഡിലെ ഗ്ലൂക്കോസ് വെള്ളത്തിന്റെ അടരാൻ നിൽക്കുന്ന തുള്ളിയിലേക്കാണ്.

പൊടുന്നനെ കിച്ചൺ സെക്ഷന്റെ കിളിവാതിൽ തുറന്ന് ഷെഫ് വിളിച്ചു.

നമ്പർ സിക്‌സ്‌.

ബാറിൽ ആർക്കും പേരില്ല. നമ്പർ മാത്രം.

തങ്കനീലത്തിന്റെ നമ്പർ സിക്‌സാണ്.

ഒരു പ്ലെയ്‌റ്റ്‌ നിറയെ പുകയും മാംസം കത്തുന്നതിന്റെ ‘ശ്ശ്ശ്’ ശബ്ദവുമായി ചിക്കൻ സിസ്‌ലർ കൈയിലെത്തി. ചിക്കൻ സിസ്‌ലർ ഒരു പ്രത്യേകതരം ഡിഷ് ആണ്. അടുക്കളയിൽ നിന്ന് കസ്‌റ്റമറിന്റെ ടേബിളിലെത്തുന്നതുവരെയും സ്വയം കരിഞ്ഞും പുക വമിപ്പിച്ചും ചുറ്റുമുള്ളവരുടെയൊക്കെ ശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കും.

പ്ലെയ്റ്റ്‌ നിറയെ തീയും പുകയുമായി മുന്നോട്ടു നടക്കുമ്പോൾ നാട്ടിലെ തെരുവിലൂടെ നടക്കുന്ന ഒരു തോന്നലാണ് ഉണ്ടായത്. ചെറിയ ആൺകുട്ടികൾപോലും തോക്കുമായി പതിയിരിക്കുന്ന നാട്ടിലെ ഇടവഴികൾ... ചിക്കൻ സിസ്‌ലറിലെ മാംസം കരിഞ്ഞാലും വഴിയോരത്ത് മനുഷ്യമാംസം കരിഞ്ഞാലുമൊക്കെ ഒരേ മണമാണെന്ന് തോന്നി.

ഉള്ളിൽ വന്യമായി ആൾക്കൂട്ടം ആർക്കുന്നുണ്ടായിരുന്നു.

ലോകത്തിലെ ഏറ്റവും മാരകമായ ആയുധം ആൾക്കൂട്ടമാണ്...

അവൾ വിചാരിച്ചു.

മലമുകളിലെ എതിർ ഗോത്രങ്ങളിലെ ഒരാളെയും ബാക്കി വയ്‌ക്കാതെ കൊന്നുകളയണം. നുഴഞ്ഞുകയറ്റക്കാർ. മയക്കുമരുന്ന്‌ പടർത്തുന്നവർ.

ആക്രോശിച്ചുകൊണ്ട് താഴ്‌വാരത്തിലെ ആൾക്കൂട്ടം തെരുവുകൾ മൺചട്ടികൾപോലെ എറിഞ്ഞുടച്ചുകൊണ്ടിരുന്നു.

എട്ടാം നമ്പർ ക്യുബിക്കിളിലിരുന്ന മൂന്ന്‌ യുവാക്കളായിരുന്നു ചിക്കൻ സിസ്‌ലർ ഓർഡർ ചെയ്‌തത്. പ്ലെയ്റ്റിലെ വെന്ത മാംസത്തിലേക്ക് അവർ ആർത്തിയോടെ നോക്കി. തുയ്‌തപുയ്‌ പുഴയിൽ പൊങ്ങിക്കിടന്ന പകുതി കരിഞ്ഞ ശവങ്ങളെ ഓർത്തുകൊണ്ട് അവൾ പ്ലെയ്റ്റിലുണ്ടായിരുന്ന മാംസം മൂന്നുപേർക്കുമായി പങ്കുവച്ചു. അതിലൊരാളെ കണ്ടിട്ട്, നാഗാലാന്റിൽ നിന്നോ മണിപ്പുരിൽ നിന്നോ ഉള്ള ആളാണെന്നു തോന്നി. ത്വയ്ബയെയാണ് അപ്പോൾ അവൾക്കോർമ വന്നത്. ഉള്ളിലേക്കു വളച്ചുവച്ചുള്ള ചിരി. അവൻ പക്ഷേ കുറച്ചുകൂടി വെളുത്തിട്ടായിരുന്നു.

ത്വയ്ബ...

ആ പേര് ഉച്ചരിച്ചിട്ട്‌ നാളുകൾ ഏറെയായി.

മറന്നതല്ല.

അവൻ ജീവിച്ചിരുന്ന തന്റെ ഹൃദയത്തിന്റെ ആ ഭാഗംതന്നെ മുറിച്ചുകളഞ്ഞതാണ്.

ബുള്ളറ്റ് ക്ലബ്ബും ഫുട്ബോളുമാണ് ഭ്രാന്ത്. ഗൺ പൗഡറുണ്ടാക്കലും വിൽക്കലുമൊക്കെയായിരുന്നു പണി. വേട്ടക്കാരുടെ കുടുംബം. ലിയാനെയും തന്നെയും കൂട്ടി അവൻ കുന്നുകയറും. അവിടെ, ഉയരം കുറഞ്ഞ ഒരു പൈൻ മരമുണ്ടായിരുന്നു. അവിടെയാണ് കൂടുക. ആരും അങ്ങോട്ടൊന്നും വരില്ല. എന്നാലും ഒരുറപ്പിന് ലിയാനെ വഴിവളവിൽ കാവൽ നിർത്തും. തന്നെ കെട്ടിപ്പിടിക്കും. ചുണ്ടുകളിൽ ചുണ്ടുമുട്ടിക്കും. ജും* വയലുകളിൽ ഒപ്പം പണിക്കിറങ്ങുമ്പോഴും, വഴിവാണിഭക്കാരോട് വിലപേശി സാധനങ്ങൾ വാങ്ങുമ്പോഴുമൊക്കെ അവനിലേക്ക് വേരുകളാഴ്‌ത്തിനിന്ന ആ കാലം...

ജീവനായും ശ്വാസമായും അവനേയുള്ളൂ എന്നു കരുതിപ്പോയ ഒരു പൂക്കാലം...

പക്ഷേ, എല്ലാം ഒരു രാത്രികൊണ്ടാണ് മാറിമറിഞ്ഞത്.

നാട് രണ്ടായി വെട്ടിമുറിക്കപ്പെട്ടു. ആകാശവും വായുവും വരെ രണ്ടായി പകുത്തു.

ലിയാന്റെ തുണിയഴിക്കാൻ ഓടിക്കൂടിയവരുടെ കൂട്ടത്തിൽ ത്വയ്ബ കൂടിയുണ്ടായിരുന്നു എന്ന് നജീബ പറഞ്ഞപ്പോൾ ഒന്നുമാത്രമേ തങ്കനീലം ചെയ്‌തുള്ളൂ... ഹോട്ടലിലെ കുളിമുറിയിൽ ആരോ ഷേവുചെയ്‌തിട്ട് ബാക്കിവച്ചുപോയ ബ്ലേഡുകൊണ്ട് കൈഞരമ്പിൽ ഒന്നു വരഞ്ഞു. മൂർച്ച കുറഞ്ഞ ബ്ലേഡായിരുന്നു. വരഞ്ഞതിനു മുകളിൽ വീണ്ടും വീണ്ടും വരഞ്ഞു. ഭ്രാന്തായിരുന്നു അപ്പോൾ. ആ സംഭവം ഉണ്ടാക്കിയ പ്രശ്നങ്ങൾ വളരെ വലുതായിരുന്നു. ഹോട്ടലിന്റെ ഗുഡ്‌വിൽ തന്നെ അപകടത്തിലാവുന്ന പ്രവൃത്തി. പക്ഷേ മുതലാളിയുടെ കൈയും കാലും പിടിച്ച്, സുമൻ അതൊക്കെ ഒരുവിധം ഒതുക്കിത്തീർത്തു. ത്വയ്ബയെ കൊന്നുകളയണമെന്ന ചിന്ത, ഒരുപക്ഷേ ജീവൻ തിരിച്ചുകിട്ടാനുണ്ടായ ഏക കാരണമതാെണന്ന് ചിലപ്പോൾ തോന്നും. നാട്ടിലേക്ക് പോകാൻ ഒരു നിവൃത്തിയുമുണ്ടായിരുന്നില്ല. നാട് പല കഷ്‌ണങ്ങളായി മുറിച്ച് ഓരോന്നിനും ആൾക്കൂട്ടം കാവൽ നിൽക്കുകയായിരുന്നു.

ബാറിലെ ടിവി സ്‌ക്രീനുകളിൽ, പൊടുന്നനെ എവിടെയോ നടക്കുന്ന ബഹളങ്ങളും ആളിപ്പടരുന്ന തീയും തെളിഞ്ഞു. ആർത്തിയോടെ വാർത്താ അവതാരകൻ കത്തിക്കയറുകയാണ്.

ലിയാൻ, ക്യാമ്പിൽ വേദന തിന്നു പുളയുമ്പോഴും ഇതുപോലെ തന്നെയായിരുന്നു. ഇമയുടെ ശരീരം എവിടെയാണ് മറവ് ചെയ്‌തതെന്നറിയാതെ സ്വയം തന്തൂരി അടുപ്പുപോലെ വേവുമ്പോഴും ഇതുപോലെ തന്നെയായിരുന്നു.

തങ്കനീലം ഓരോ ടേബിളിലും ചെന്ന് ഓർഡർ എടുക്കുകയായിരുന്നു.

ഓരോ ടേബിളിന്റെ മുമ്പിൽ ചെന്നു നിൽക്കുമ്പോഴും നെഞ്ചിൽ സ്വന്തം നാട് തീയിൽ കുളിച്ചുനിന്നു.

ആക്രോശങ്ങളും നിലവിളികളും...

മെരുങ്ങാത്ത പേമാരികൾ... നിന്നുകത്തുന്ന മനുഷ്യർ...

ലിയാൻ മരിച്ചതിന്റെ പിറ്റേന്ന് മുതലാളി ലൂക്കാസ് സാർ കാണാൻ വന്നു.

അങ്ങോട്ടൊന്നും പോകുന്നതിനെക്കുറിച്ച് ആലോചിക്കയേ വേണ്ട. വഴികളൊക്കെ അടച്ചിരിക്കുവാ.

പിന്നെപ്പിന്നെ ബസീർദായുടെ ഫോണും ശബ്ദിക്കാതെയായി. വിവരങ്ങൾ അറിയാനുണ്ടായിരുന്ന ഒരേയൊരു വഴിയായിരുന്നു അത്.

അറിയാനുള്ള നമ്മുടെ അവകാശത്തിന്റെ ചരട് മുറിച്ചുകളയുന്നതോടെ നമുക്ക് ഒരു യജമാനൻ ഉണ്ടെന്നുള്ള തിരിച്ചറിവുണ്ടാവുന്നു.

അന്നുമുതൽ നമ്മൾ നിശ്ശബ്ദരാകും. വാക്കുകൾ സൂക്ഷിച്ച്‌ ഉപയോഗിക്കും. കൂട്ടമായി നടന്നവർ ഒറ്റയൊറ്റയായി നടക്കാൻ ശീലിക്കും.

ബാറിലെ പതിവുകാരൻ ഒരു കവിയുണ്ട്.

ഇദ്രിസ്സ്.

അയാൾ പറഞ്ഞതാണ്. അയാൾ പറയുന്നതൊക്കെ ശരിയാണെന്ന് തങ്കനീലത്തിനറിയാം. സുമൻ കഴിഞ്ഞാൽ ഇദ്രിസ്സിനോടു മാത്രമാണ് നാടിനെക്കുറിച്ച് പറയാറ്.

വെളുപ്പിനേ അഞ്ചു മണിക്ക് സൂര്യൻ ഉദിക്കുന്നയിടം.

ഞങ്ങൾ ഞങ്ങളുടെ നാടിന് പണ്ടേ ഒരു പേരിട്ടിട്ടുണ്ടായിരുന്നു.

ലംക.

അവൾ ഇദ്രിസ്സിനോട്‌ പറയും. ഇംഫാലിൽ നിന്നു വന്ന ഉദ്യോഗസ്ഥന്മാരാണ് ആ പേര്‌ മാറ്റിയത്.

ചുരാചാന്ദ്പൂർ എന്നാക്കിയത്.

ഞങ്ങളുടെ ചോരയും വിയർപ്പും പറ്റിയ പേരാണ് ലംക.

ഞങ്ങൾ ലംകക്കാരാണ്.

പേര്‌ മാറുമ്പോൾ ചരിത്രവും മാറുന്നു. കവലകളുടേയും ദേശങ്ങളുടേയും പേരുകൾ മാറ്റപ്പെടുമ്പോൾ അതിർത്തികളാണ് തകർക്കപ്പെടുന്നത്. സ്വന്തം വീട്ടിലേക്കുള്ള വഴിയാണ് മറന്നുപോകുന്നത്.

ഇദ്രിസ്സ് പറഞ്ഞുകൊടുക്കും.


k sudheesh drawing for thankaneelamവര: കെ സുധീഷ്‌

പൈൻ മരങ്ങളിൽ തൂങ്ങിക്കിടന്ന, തന്റെ പകലുകളെയും ഒറ്റയടിപ്പാതകളിലൂടെ കരടിയെപ്പോലെ പതുങ്ങിയിറങ്ങി വന്ന രാത്രികളെയും കുറിച്ച് അവളപ്പോൾ ഓർക്കും.

ചിലപ്പോൾ, ഹോട്ടലിന്റെ ടെറസ്സിൽ തങ്കനീലം ആകാശത്തേക്ക് വെറുതെ നോക്കിനിൽക്കും. ‘ഒരൊറ്റ നിലവിളി’ വാരിയെടുത്ത് ഭാരം വലിക്കുന്ന വണ്ടിപോലെ ടെറസ്സിന്റെ മുകളിലെ വാട്ടർ ടാങ്കിലേക്കുള്ള ഏണി വഴി മുകളിലേക്ക് കയറും. ഒരു മുറിയുടെ വലിപ്പമുള്ള ടാങ്കാണ്. കൈവരിയൊന്നുമില്ല. മുകളിലേക്ക് കയറുമ്പോൾതന്നെ നമ്മൾ മറ്റൊരു ലോകത്തിന്റെ കവാടത്തിനു മുമ്പിലാണെന്ന തോന്നലുണ്ടാക്കും. ടാങ്കിന്റെ അറ്റത്തേക്ക് നീങ്ങുന്നതിനനുസരിച്ച് ഉള്ളിലമർന്നു കിടക്കുന്ന സങ്കടത്തിന് ഒരു ശമനമുണ്ടാവുന്നതുപോലെ.

അതുകൊണ്ടുതന്നെ, നഗരത്തിലെ ഏറ്റവും പൊക്കമുള്ള ടവറിന്റെ നാഴികമണിപോലെ തങ്കനീലം അങ്ങനെയങ്ങ് നിന്നുപോകും. അവളുടെ ആശ്വാസത്തിന്റെ മുനമ്പാണ് അത്. അവിടെനിന്നാണ് അവൾ, അവളുടെ കരച്ചിലുകളെ ഓരോ പഞ്ഞിക്കെട്ടുകളാക്കി മാനത്തേക്കെറിയുന്നത്. മേഘങ്ങൾക്കിടയിൽച്ചെന്ന്‌ ആ പഞ്ഞിക്കെട്ടുകൾ സാവധാനം ലയിച്ചുചേരും.

കുറച്ചുനേരത്തേക്ക് ഭാരമില്ലാത്തവളാവും. ഇമയും പാബയും ലിയാനും ഒന്നുമില്ലാത്ത അവളുടെ ലംകയിലേക്ക് അവൾ എത്തിനോക്കും. അവൾക്ക് അവിടെ ആരുമില്ല. മലമുകളിലെ ദൈവങ്ങളും താഴ്‌വാരത്തിലെ ദൈവങ്ങളും അവൾക്കു തുണയായില്ല. അവളുടെ വീട് മുളക്കീറുകൊണ്ട് മെടഞ്ഞ് അസ്‌തിവാരമുണ്ടാക്കി അതിന് ഇരുവശവും ചെളി പൊത്തി ഉണ്ടാക്കിയതായിരുന്നു. ചിലപ്പോഴെങ്കിലും സ്വപ്‌നത്തിലൂടെ അവൾ ആ വീട്ടിൽ പോകും. ഒരു നെഞ്ചു നിറയെ കരച്ചിലും വാരിപ്പിടിച്ച് പാബയുടെ കയറുകട്ടിലിൽ ഇരിക്കും. അടുക്കളയിൽ ചെന്ന് ഇമയോട് വർത്തമാനം പറയും. ചോറും പോർക്ക് കറിയും വേവുന്നത് നോക്കിയിരിക്കും. ലിയാനുമായി പില്ലോഫൈറ്റ്‌ നടത്തും. ബിയറു കുടിക്കും. വിളവെടുത്തു കഴിഞ്ഞ ചോളപ്പാടങ്ങളിൽ കൂട്ടുകാരികളുമായി നൃത്തം ചെയ്യും.

സുമൻ വന്ന്‌ അടുത്തുനിൽക്കുന്നത്‌ തങ്കനീലം കണ്ടില്ല. അവൾ പിടിച്ചൊന്നു കുലുക്കി. എന്നിട്ടു പറഞ്ഞു.

‘‘പെണ്ണേ... നിന്റെ നമ്പർ വിളിക്കുന്നു.’’

അപ്പോഴേക്കും ഷെഫിന്റെ രണ്ടാമത്തെ വിളിയും വന്നു.

നമ്പർ സിക്‌സ്‌.

പോർക്ക്‌ ഫ്രൈയും മൊരിച്ച ബ്രെഡുമാണ്. അവൾ ധൃതിയിലത് തട്ടത്തിൽ വച്ച് ടേബിൾ നമ്പർ പതിനെട്ടിലേക്ക് നടന്നു. അവിടെ രണ്ടുപേരായിരുന്നു. രണ്ടുപേരും ഇരുപതിന്‌ താഴെ പ്രായമുള്ളവർ. രണ്ടു പ്ലെയ്‌റ്റിലേക്ക് പകുക്കുമ്പോൾ ഇടതുവശത്തിരുന്നവൻ തങ്കനീലത്തിന്റെ സ്‌കർട്ടിനുള്ളിൽ ഒരു വിരലുകൊണ്ട് ഒന്നു തൊട്ടു. പക്ഷേ തങ്കനീലത്തിന്റെ മുഖത്ത് ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല. അവൾ തിരിച്ചു നടക്കാൻ ഭാവിച്ചപ്പോൾ ചെക്കൻ അവൾക്ക് ഒരു വില പറഞ്ഞു.

മുറിയുെണ്ടന്നും പറഞ്ഞു.

അവൾ മന്ദഹസിച്ചു.

അങ്ങനെ... അങ്ങനെ മാത്രമേ ചെയ്യാൻ പാടുള്ളൂ.

മാനേജർ തന്ന ട്രെയിനിങ്‌ അങ്ങനെയാണ്.

ബാർ കൂടുതൽ കൊഴുത്തു. കാതടപ്പിക്കുന്ന റോക്ക് സംഗീതത്തിന്റെ ഓരോ ഇരുമ്പുകൂടിനുള്ളിലിരുന്ന് മനുഷ്യർ അവരവരുടെ രഹസ്യങ്ങളും വീരകഥകളും പരസ്‌പരം ഉച്ചത്തിൽ പറഞ്ഞു രസിച്ചുകൊണ്ടിരുന്നു.

തങ്കനീലം ബാറിലെ ഇരുണ്ട വഴികളിലൂടെ നടന്നു. വിരലോ ചിലപ്പോൾ കൈപ്പത്തി തന്നെയോ അവളുടെ നേരെ വരികയും അവൾ മീനിനെപ്പോലെ പുളഞ്ഞുമാറുകയും ചെയ്‌തു. മാംസക്കൊതിയന്മാർക്കിടയിലൂടെ തങ്കനീലം പകുത്തും വിളമ്പിയും നടന്നു. ബാർസമയം കഴിഞ്ഞപ്പോഴേക്കും വയറുവേദന അസഹനീയമായി. പോരാത്തതിന് നനഞ്ഞു കുഴഞ്ഞു പരുവത്തിലായ പാഡും. അപ്പോഴാണ് സുമൻ വന്നത്. ബാർ മാനേജരുടെ ഫോണിലേക്ക് തങ്കനീലത്തിന് ഒരു ഫോണുണ്ടായിരുന്നത്രേ. ഡ്യൂട്ടി സമയത്ത് ഫോണെടുക്കാൻ പറ്റില്ല. അത്യാവശ്യങ്ങളെന്തെങ്കിലും ഉണ്ടെങ്കിൽ ബന്ധുക്കൾക്ക് വിളിച്ച് പറയാം. അതവിടെ കുറിച്ചുവച്ചിട്ടുണ്ടാകും. അതാണ് ചട്ടം.

നജീബയാണ് വിളിച്ചിരിക്കുന്നത്. തങ്കനീലത്തിന്റെ ഗോത്രക്കാർ ആരെയോ വെടിവച്ചു കൊന്നുവത്രേ.

സുമൻ, ബാർ മാനേജർ എഴുതിവച്ചിരുന്ന പേരും വിവരങ്ങളും കാണിച്ചുകൊടുത്തു.

തങ്കനീലം വിശ്വാസം വരാത്തപോലെ കടലാസ്സിലേക്ക് വീണ്ടും നോക്കി.

ത്വയ്ബ...

ഒരു നടുക്കത്തോടെ അവൾ സുമനെ നോക്കി...

എന്നിട്ട്, വാ പൊത്തി വികൃതമായി ചിരിക്കാൻ തുടങ്ങി.

അടുത്തുകണ്ട പടിയിൽ ഇരുന്നു.

കാലേക്കൂട്ടി ആരോ കരുതിവച്ചപോലെ, ദൂരെയെവിടെയോ, അപ്പോൾ ഒറ്റപ്പെട്ട ഒരു വെടി മുഴങ്ങി. ആരൊക്കെയോ ആയുധങ്ങളുമായി തനിക്കു ചുറ്റും നിൽക്കുന്നുണ്ടോ?

ത്വയ്ബയ്‌ക്ക്‌ ഒരു കണ്ണിന് കാഴ്‌ച അൽപ്പം കുറവാണ്. പക്ഷേ മറ്റേക്കണ്ണിന് നാല്‌ കണ്ണുകളുടെ മൂർച്ചയും. ഉന്നം വച്ചു പോയതെന്തെങ്കിലും മുമ്പിലുണ്ടെങ്കിൽ അവൻ ഉദ്ദേശിച്ചിടത്തുതന്നെ വെടിയുണ്ട തറപ്പിച്ചിരിക്കും.

അപ്പനും അപ്പൂപ്പനും അവനുമൊക്കെ നായാടിപ്പിടിച്ച ജീവികളുടെ അവശിഷ്ടങ്ങൾ കൊണ്ടുണ്ടാക്കിയ ഒരു മ്യൂസിയമായിരുന്നു അവന്റെ വീട്. കഴിഞ്ഞതിന്റെ കഴിഞ്ഞ *ചാവാങ് കൂട്ട് ഉത്സവത്തിനാണ് ആ വീട്ടിൽ പോയത്. അന്നാണ് അവൻ പറഞ്ഞത്.

‘‘ഇംഫാലിലേക്ക് പോകണം. ഒരു കൈത്തറിക്കച്ചോടം തുടങ്ങണം. ലിയാനേയും ഇമയേയും അങ്ങോട്ടു കൂട്ടണം. അവിടെയൊരു വീടുണ്ടാക്കണം.’’

അങ്ങനെ നീളുന്ന കുറേ സ്വപ്‌നങ്ങളുണ്ടായിരുന്നു. ഓരോന്നായി കുന്നിറങ്ങി ഇംഫാലിലേക്ക് യാത്ര തിരിക്കുന്നത് ഒരുമിച്ചിരുന്ന്‌ കണ്ടതാണ്.

ഇടത്തെ കൈത്തണ്ടയിലെ മുറിപ്പാടുകളിലേക്ക് അവൾ ഉറ്റുനോക്കി. പിടിവിട്ടു പോകുന്ന ഒരു വിതുമ്പലിനിടയ്‌ക്ക്‌ കൂടി... അവൾ മെല്ലെ പറഞ്ഞു.

‘‘അച്ചാഹുവാ ജോ ഹുവാ...’’

പെട്ടെന്ന് ആവുന്നത്ര ഉച്ചത്തിൽ പിന്നേയും പിന്നേയും പറഞ്ഞു.

‘‘അച്ചാഹുവാ ജോ ഹുവാ...’’

എപ്പോഴോ, അപസ്മാരം വന്നപോലെ സ്വയം മറന്ന് ഇരുകവിളുകളിലും അടിക്കാൻ തുടങ്ങി.

സുമൻ ഒരുനിമിഷം പകച്ചു. അവൾ ചോദിച്ചു.

‘‘അരേ... തൂ... പകലോഗയ ക്യാ..?’’

സുമൻ അവളെ ബലമായി ചേർത്തുപിടിച്ചുകൊണ്ട് ടെറസ്സിലേക്കുള്ള പടികൾ കയറി. ലിഫ്റ്റ് അനാവശ്യമായി ജീവനക്കാർ ഉപയോഗിക്കാൻ പാടില്ല.

വാട്ടർ ടാങ്കിലേക്കുള്ള ഏണി കണ്ടപ്പോൾ പിടുത്തം വിടുവിച്ച് തങ്കനീലം മുകളിലേക്ക് കയറി. സുമനും കൂടെക്കയറി. ആകാശമിപ്പോൾ വളരെയടുത്താണ്. വേണമെങ്കിൽ ഒന്നു തൊട്ടുനോക്കാം. ശരീരത്തിന് ഭാരം കുറയുന്നപോലെ. നക്ഷത്രങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. നെടുമ്പാശ്ശേരിയിൽനിന്ന് പറന്നുയർന്ന രാത്രി വിമാനത്തിന്റെ വെളിച്ചത്തിൽ ആകാശം കുറേക്കൂടി ഇരുണ്ടിരിക്കുന്നു.

ലിയാന്റെ ശബ്ദം തൊട്ടടുത്തുനിന്നു തങ്കനീലത്തിന് കേൾക്കാമായിരുന്നു.

‘‘ചേച്ചേ... നമുക്ക് താഴ്‌വരയിലേക്ക് ഓടിയിറങ്ങിയാലോ? ആര് ആദ്യമെത്തുമെന്ന് നോക്കാലോ?’’

എല്ലാ പ്രാവശ്യത്തേയും പോലെ ചേച്ചേ തോൽക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് അവൾ ചിരിച്ചത്.

താഴെ, നഗരം ലാൽച്ചൻപുയ് മുത്തശ്ശി പറഞ്ഞു തരാറുള്ള കഥയിലെ ഭീമാകാരനായ ഉരഗം *പൗബിലായിയെപ്പോലെ ഇഴഞ്ഞുകൊണ്ടിരുന്നു. കടവന്ത്രയും തേവരയും കലൂരും തൃപ്പൂണിത്തുറയും ഒക്കെ വിഴുങ്ങി പടിഞ്ഞാട്ടും കിഴക്കോട്ടും തെക്കോട്ടും വടക്കോട്ടുമൊക്കെ ഭ്രാന്തെടുത്ത് അത് പായുകയാണ്. മഹാമേരുക്കളും കരകാണാക്കടലുകളും കടന്ന് വളരുകയാണ്.

അതിന്റെ നിലവിളിയും അലർച്ചയും കാലത്തിന്റെ ഭൂതക്കുടത്തിൽ കിടന്ന് മുഴക്കങ്ങളുണ്ടാക്കി.

ആ ജന്തുവിന്റെ തീക്കാറ്റുപോലും സ്‌പർശിക്കാനാവാത്തത്ര ഉയരങ്ങളിലേക്ക് പറന്നുപൊങ്ങണം. സുരക്ഷിതമായ ഒരിടത്ത് എത്തിച്ചേരണം. അങ്ങനെയെവിടെയോ ഒരു ദ്വീപ് ഉണ്ട്.

അവൾ അങ്ങനെ വിശ്വസിച്ചു.

അപ്പോൾ സുമൻ ചോദിച്ചു.

‘‘നിനക്ക് മിക്‌ചർ വേണോ?’’

പൈന്റിന്റെ കുപ്പി എടുത്തു കാണിച്ചുകൊണ്ടാണവൾ ചോദിച്ചത്. തങ്കനീലം ഒരു കവിൾ കുടിച്ചിട്ട് അത് തിരിച്ചുകൊടുത്തു. അങ്ങനെ അവർ മാറി മാറി കഴിച്ചുകൊണ്ടിരുന്നു.

എനിക്ക് ചിറകു മുളയ്‌ക്കുന്നു.

കൈ രണ്ടും വിടർത്തി തങ്കനീലം കുറച്ചുകൂടി അറ്റത്തേക്ക് നീങ്ങി നിന്നുകൊണ്ടു പറഞ്ഞു.

സുമൻ ഉറക്കെ ചിരിക്കാൻ തുടങ്ങി. എന്നിട്ടു പറഞ്ഞു.

‘‘നീ ഒരു ഭംഗിയുള്ള പക്ഷിയാണ്. എപ്പോൾ വേണമെങ്കിലും പറന്നുപോയേക്കാവുന്നവൾ. പക്ഷേ, നിനക്കറിയ്യോ... എന്റെ അപ്പൻ പേരുകേട്ട ഒരു പക്ഷിപിടുത്തക്കാരനായിരുന്നു. ധ്രുബാപ്പാ... അയാളുടെ മോളാ ഞാൻ. നീ പറക്കുന്നതിന് തൊട്ടുമുമ്പ് നിന്നെ ഞാൻ പിടിക്കും.’’

തങ്കനീലം അവളെ തിരിഞ്ഞുനോക്കി.

സുമൻ കണ്ണടച്ചു കിടക്കുകയായിരുന്നു. കിടന്നുകൊണ്ടു തന്നെ അവൾ വീണ്ടും മിക്‌ചർ ബാക്കിയുണ്ടായിരുന്നതുംകൂടി കുടിച്ചു.

തങ്കനീലം തന്റെ ബാർ യൂണിഫോമിന്റെ കുടുക്കുകളഴിച്ചു. പെറ്റിക്കോട്ടിനകത്തേക്ക് കാറ്റ് ഒരു വലിയ ആൾക്കൂട്ടം പോലെ ഇരച്ചുകയറി. അപ്പോൾ അവൾ ലിയാനെക്കുറിച്ചോർത്തു. ഒന്നാം ഉടുപ്പും രണ്ടാമുടുപ്പും പിന്നെ മൂന്നാമുടുപ്പും അഴിച്ചെടുത്ത ആൾക്കൂട്ടത്തിനിടയിലൂടെ ലിയാന്റെ ശരീരത്തിലേക്കും ഒരു കാറ്റു വന്നു കയറിയിട്ടുണ്ടാവില്ലേ? മറ്റൊരു രാജ്യത്തിന്റെ അതിർത്തി തകർത്ത് പാഞ്ഞെത്തുന്ന പട്ടാളക്കാരുടെ ആർത്തിയും കൊതിയുമായി...

ചേച്ചേ.. എനിക്ക് തീരെ വയ്യ..

ലിയാന്റെ ശബ്ദം...

തങ്കനീലം ആരോടോ ഉള്ള പക തീർക്കാനെന്നപോലെ മുഖത്തെ കൺമഷിയും ലിപ്‌സ്‌റ്റിക്കും റോസ് പൗഡറും എല്ലാംകൂടി കൂട്ടി തുടച്ചു. എന്നിട്ട് ഒരു സർക്കസ് കോമാളിയെപ്പോലെ ഗോഷ്ടികൾ കാണിക്കാൻ തുടങ്ങി.

അനിയത്തിയുടെ മാതിരി തനിക്കുമുണ്ട് ഒന്നാം ഉടുപ്പും പിന്നെ താഴെത്താഴെയായി.

അവൾ ഓരോന്നായി അഴിച്ചു. കാറ്റ്, മുലകൾ തുറക്കപ്പെടുന്നതും കാത്ത് വെപ്രാളപ്പെട്ടു. നനഞ്ഞൊട്ടിയ പാഡും അവൾ വലിച്ചു പറിച്ചെടുത്തു. അതിലെ ചുവന്ന ഭൂപടങ്ങൾ രക്തക്കറകൊണ്ട് അതിരുകൾ തീർത്ത് ഒന്ന് ഒന്നിൽനിന്ന് മാറിനിന്നു.

തങ്കനീലം കുറച്ചുകൂടി അരികിലേക്ക് നീങ്ങി.

പക്ഷിപിടുത്തക്കാരൻ ധ്രുബാപ്പായുടെ മകൾ കണ്ണ്‌ തുറന്നു. ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു. അവളുടെ അപ്പനും അവളെപ്പോലെ തന്നെയാണ്. ഓരോ പക്ഷിപിടുത്തത്തിനും മുമ്പ് രണ്ടുമൂന്നെണ്ണം അകത്താക്കും.

ശ്രദ്ധ കൂടുമത്രേ.

ശബ്ദമുണ്ടാക്കാതെ സുന്ദരിയായ പക്ഷിയുടെ അടുത്തേക്ക് അളന്നുതൂക്കി സുമൻ നടന്നു.

ഒരു നേർത്ത ശബ്ദം, അല്ലെങ്കിൽ അസ്വാഭാവികമായ ഒരു ചെറിയ അനക്കം...

അതുമതി പക്ഷി പറന്നുപോകാൻ.

തങ്കനീലം പിന്നിൽനിന്ന് നീണ്ടുവരുന്ന കൈകൾ കാണുന്നുണ്ടായിരുന്നു. അവൾ ചിറകുകൾ തയ്യാറാക്കിപ്പിടിച്ചു. ഏത് പേരിടണമെന്ന് ഇനിയും തീരുമാനമാകാത്ത രാജ്യത്തിന്റെ മുകളിൽ

ഒരു ഭൂപടമായി തങ്കനീലം തൂങ്ങിക്കിടന്നു .


ജും: ഒരു പരമ്പരാഗതമായ കാർഷികപ്രക്രിയ.

പൗബിലായ്: -മണിപ്പുരിലെ മെയ്‌തേയ് പുരാണ കഥകളിലെ കൂറ്റൻ ഡ്രാഗൺ.

ചവാങ്ങ് കൂട്ട്: മണിപ്പുരിലെ ഒരുത്സവം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home