ad
Deshabhimani

കഥ

കീരി

ചിത്രീകരണം: നാസർ ബഷീർ
avatar
വിനോദ്‌ കൃഷ്‌ണ

Published on Mar 09, 2026, 11:52 AM | 9 min read


ഗേറ്റ് അടവായിരുന്നു. ലെവൽ ക്രോസിങ്ങിൽ വാഹനങ്ങൾ ക്ഷമയറ്റുകിടന്നു. കുറച്ച് അകലെയായി കത്തിക്കിടന്ന സിഗ്നൽ വെളിച്ചം ശ്രദ്ധിക്കാതെ രണ്ടുമൂന്ന്‌ കാൽനടക്കാർ കിഴക്കുനിന്ന് പടിഞ്ഞാറോട്ടും പടിഞ്ഞാറ് നിന്ന് കിഴക്കോട്ടും റെയിൽപാളം മുറിച്ചുകടന്നു. പൽച്ചക്രം തിരിച്ച് ഗേറ്റ് താഴ്‌ത്തിയശേഷം നീലക്കുപ്പായക്കാരി ഗേറ്റ് കീപ്പർ കുടുസ്സുമുറിയിലേക്ക് കയറിപ്പോയിട്ട് ഒത്തിരിനേരമായി. വണ്ടി ഉടനെ വരുന്ന ലക്ഷണമൊന്നുമില്ല. ഗേറ്റിന്റെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നിര വർധിച്ചുവന്നു. ചിലർ ഹോണടിച്ച് വെറുതെ ഒച്ചയുണ്ടാക്കി. ഗേറ്റിന്‌ തൊട്ടടുത്തുള്ള ഡോൺബോസ്‌കോ പള്ളിക്കൂടത്തിൽ ആദ്യ പീരിയഡിന്റെ മണി മുഴങ്ങിയിരുന്നു. തന്റെ ചുറ്റിലും നടക്കുന്ന ഇത്തരം സ്‌പന്ദനങ്ങൾ അറിയാതെ ജോനചേച്ചി പാത്രങ്ങൾ കഴുകിക്കൊണ്ടിരുന്നു. റെയിൽപാളത്തിന്റെ തൊട്ടടുത്തായിരുന്നു അവരുടെ വീട്.

ചിത്രീകരണം: നാസർ ബഷീർ ചിത്രീകരണം: നാസർ ബഷീർ

ചുറ്റിലുമുള്ള വമ്പൻ കെട്ടിടങ്ങൾക്കിടയിലെ ആറു സെന്റിലായിരുന്നു ആ ഓടുമേഞ്ഞ കൊച്ചുപാർപ്പിടം. അവരുടെ പ്രായത്തേക്കാൾ പഴക്കമുള്ളതായിരുന്നു അത്. ഇത്രയും കാലം വീട് നിലംപൊത്താതെ നിന്നത് ആ ഭാഗത്ത് എത്തുമ്പോൾ വേഗത കുറച്ചോടുന്ന തീവണ്ടികളുടെ കാരുണ്യംകൊണ്ടായിരുന്നു. ചില നേരങ്ങളിൽ തീവണ്ടികൾ കടന്നുപോകുന്നത് നോക്കിനിൽക്കുമ്പോൾ ജോനചേച്ചി ഈ സത്യം ഓർക്കാറുണ്ട്.

ആ വീടും സ്ഥലവും കൈക്കലാക്കാൻ വടക്കേപ്പുറത്തെ ബിൽഡറും തെക്കെപ്പുറത്തെ സൂപ്പർമാർക്കറ്റ് മുതലാളിയും കിണഞ്ഞുശ്രമിച്ചിരുന്നു. ചേട്ടത്തി വിട്ടുകൊടുത്തില്ല. പുകച്ച് പുറത്തു ചാടിക്കാൻ ആർത്തിക്കാർ പലതും ചെയ്‌തു. ഇരുവശവും വൻമതിലുകൾ കെട്ടി. ജോനചേച്ചി തളർന്നില്ല. ഇരുട്ടു പരത്തുന്ന വൻമതിലുകളിൽ ജനാല പണിഞ്ഞവരുടെ പിന്മുറക്കാരിയാണ് ജോനചേച്ചിയെന്ന കാര്യം അവർക്കറിയില്ലായിരുന്നു!

മുൻവശത്തെ റോഡിന്‌ മുന്നിലും പിറകുവശത്തെ റെയിലിനും ഇടയിൽ ആ കൊച്ചുവീടിന് മതിലുകൾ ഉണ്ടായിരുന്നില്ല. അതിനാൽ വൻമതിലുകൾ കൊണ്ട് ഇരുട്ടുണ്ടാക്കാൻ നോക്കിയവർക്ക് ആ വീട്ടിലേക്ക് വരുന്ന കാറ്റും വെളിച്ചവും തടുക്കാനായില്ല. ആ തുറസ്സിലൂടെ കിളികൾ പറന്നുപോയി, പൂച്ചകളും നായകളും പ്രാണികളും ധൈര്യത്തോടെ സഞ്ചരിച്ചു.

വീട് അതിജീവിച്ചു. മോഹങ്ങൾ മരിക്കാതെ വീട്ടുകാരും കഴിഞ്ഞുപോന്നു...

തീവണ്ടികൾ പോകുന്ന സമയം നോക്കിയാണ് ജോനചേച്ചി തന്റെ ജീവിതം ക്രമീകരിച്ചിരുന്നത്.


തെക്കോട്ടുള്ള വണ്ടിയുടെ സമയം, വടക്കോട്ടുള്ള വണ്ടിയുടെ സമയം, ഇതിനൊക്കെ അനുസരിച്ച് അവർ തന്റെ കാലവും ജീവിതവും ക്രമീകരിച്ചു.

ഇന്ന് തെക്കോട്ടുള്ള വണ്ടി കടന്നുപോയിട്ടില്ല. ജോനചേച്ചി ആലോചിച്ചു.

അത് കടന്നുപോകുമ്പോഴേക്കും ഡിക്‌സൺ ചേട്ടനെ കുളിപ്പിച്ച് ഒരുക്കാറുള്ളതാണ്.

ഇന്ന് പതിവുകൾ എല്ലാം തെറ്റി. ഭർത്താവ് വീണതോടെ എല്ലാം തെറ്റിയതാണല്ലോ! അതുകൊണ്ട് ഈ ചെറിയ കാര്യത്തിന് ജോനചേച്ചി വേവലാതിപൂണ്ടില്ല.

അകലെനിന്ന് ചൂളംവിളി കേട്ടു. വീടിന്റെ പിറകിലൂടെ ഒരു ചരക്കുവണ്ടി വളഞ്ഞ് കടന്നുപോയി. മുറ്റത്തെ അടുപ്പിൽ, ചതുങ്ങിയ അലുമിനിയച്ചെമ്പിൽ തിളയ്‌ക്കാൻ വച്ച വെള്ളം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ജോനചേച്ചി അകത്തേക്ക് കയറി.

പതിവു വണ്ടിക്ക് പകരം ഇന്ന് മറ്റൊരു വണ്ടിയാണല്ലോ കടന്നുപോയത് എന്ന്, വണ്ടിയുടെ ഒച്ചയിൽനിന്ന് അവർ തിരിച്ചറിഞ്ഞിരുന്നു.

ചരക്ക് വണ്ടികളുടെ ശബ്ദമല്ല യാത്രാവണ്ടികൾക്കുള്ളത്. മനുഷ്യരെ കൊണ്ടുപോകുന്നതിന് യന്ത്രങ്ങളുടെ ഒച്ചയില്ല.

ചരക്ക് വണ്ടി കടന്നുപോയിട്ടും ഗേറ്റ് തുറന്നില്ല. കുടുസ് മുറിയിൽനിന്ന് നീല കുപ്പായക്കാരി പുറത്തേക്ക് വരുന്നതും നോക്കി വാഹനത്തിലുള്ളവർ നെടുവീർപ്പിട്ടു. തുറക്കേണ്ട സമയം കഴിഞ്ഞിട്ടും ഗേറ്റ് പൊക്കാതായപ്പോൾ വാഹനങ്ങൾ നിയന്ത്രിച്ചിരുന്ന ട്രാഫിക് പൊലീസുകാരനും ക്ഷമ നശിച്ചു. ആളുകൾ ബഹളം വച്ചു. ബഹളത്തിന്റെ അശ്രദ്ധ മുഴങ്ങിയപ്പോൾ ഒരു കീരി സാവധാനം പാളം മുറിച്ചുകടന്നു. ജോനചേച്ചിയുടെ വീടായിരുന്നു അതിന്റെ ലക്ഷ്യം.


ഹോം ഡെലിവറിയുടെ യൂണിഫോം അണിഞ്ഞ ഒരു ബൈക്കുകാരൻ ഹെൽമറ്റ് ഊരിപ്പിടിച്ച് ഒരുൾവിളി പോലെ കുടുസ് മുറിയിലേക്ക് ചെന്നു.

നീല കുപ്പായക്കാരി അനക്കമറ്റ് കിടക്കുകയാണ്. ശ്വാസം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. അവൻ ഉറക്കെ ബഹളം വച്ച് പുറത്തേക്ക് വന്നു. കൈകൾ ഉയർത്തിപ്പിടിച്ച് ട്രാഫിക് പൊലീസുകാരന്റെ ശ്രദ്ധ ക്ഷണിച്ചു. ആളുകൾ ഓടിക്കൂടി.

കുലുക്കി ഉണർത്തിയിട്ടും ഗേറ്റ് കീപ്പർ അനങ്ങിയില്ല.

‘‘ഇരട്ടി ഡ്യൂട്ടി എടുത്തതിന്റെയോ ഉറക്കമില്ലാത്തതിന്റെയോ ആവാം.’’ പൊലീസുകാരൻ പതുക്കെ പറഞ്ഞു.

ആശുപത്രിയിൽ കൊണ്ടുപോകണോ, ഡോക്ടറെ വിളിക്കണോ? ആൾക്കൂട്ടത്തിന് പല സംശയങ്ങളും ഉണ്ടായി.

ആരോ അവരുടെ മുഖത്ത് വെള്ളം കുടഞ്ഞു.

ആ ചെറുപ്പക്കാരി മരിച്ചെന്ന് കരുതി നെഞ്ചുപിടഞ്ഞവർക്കെല്ലാം ആശ്വാസമായി. ഗേറ്റ് കീപ്പർ കണ്ണുതുറന്നു. മരണത്തിൽനിന്ന് തിരിച്ചുവന്ന ഒരാളെപ്പോലെ ആശ്വാസം കൊള്ളുന്നത് അവരുടെ മുഖത്ത് പ്രകടമായി.

‘‘ഇനി വണ്ടി വരാനുണ്ടോ?’’

സന്ദേഹിയായ പൊലീസുകാരൻ മുമ്പത്തേക്കാൾ പതുക്കെ ചോദിച്ചു.

ഗേറ്റ് കീപ്പർ കഴുത്തിലെ വിയർപ്പ് തുടച്ചുകൊണ്ട് തലയാട്ടി.ആരോ നീട്ടിയ ഒരു കുപ്പി വെള്ളം അവർ മടികൂടാതെ വാങ്ങി കുടിച്ചു. എന്നിട്ട് വാച്ച് നോക്കി ഗേറ്റ് തുറന്നു.

ചിത്രീകരണം: നാസർ ബഷീർ ചിത്രീകരണം: നാസർ ബഷീർ

ജനം അവരവരുടെ തിരക്കുകളിലേക്കും തിരക്ക് എന്ന് തോന്നിച്ച തിരക്കില്ലായ്‌മയിലേക്കും തിരിച്ചുപോയി.

വാഹനങ്ങളുടെ ഒച്ചപ്പാട് അവസാനിക്കാൻ കുറച്ചു നേരമെടുത്തു.

മണി മുഴങ്ങിക്കൊണ്ടിരുന്നു... സ്‌കൂളിൽ നിന്നായിരുന്നില്ല ആ അപായ ശബ്ദം.

അടുത്ത വണ്ടി വരാറായിരുന്നു.

നീല കുപ്പായമിട്ട പെൺകുട്ടി ഗേറ്റ് താഴ്‌ത്തുകയാണ്. മണിമുഴക്കം കാര്യമാക്കാതെ ഗേറ്റ് താഴുമ്പോഴും അതിനിടയിലൂടെ സാഹസികമായി ചില ബൈക്കുകാർ നൂണ്ടുപോയി.

സിഗ്നൽ തെളിഞ്ഞു.

അകലെനിന്ന് ഉറക്കമുണർത്തുന്ന ശബ്ദം പോലെ തീവണ്ടി കരഞ്ഞു.

വണ്ടി കുതിച്ചുവരുന്നത് കണ്ടിട്ടും, അലസമെന്ന്‌ തോന്നുന്നമാതിരി അർബാസ് കാസി റെയിൽ മുറിച്ചുകടന്നപ്പോൾ ആളുകൾ ബഹളം വച്ചു.

‘‘ഹേ പരട്ട ബംഗാളി... ചാവുന്നത് നാട്ടിൽ പോയേച്ചും പോരെ!’’

ബംഗാളി ചെക്കൻ അത്ഭുതകരമായി രക്ഷപ്പെട്ടെന്ന മട്ടിൽ ചില കാഴ്‌ചക്കാർ നെടുവീർപ്പിട്ടു. ആളുകളുടെ തുറിച്ചുനോട്ടവും ശാപവാക്കുകളും തന്നെ പിന്തുടരാതിരിക്കാൻ എന്ന മട്ടിൽ, അർബാസ് കാസി ഡോൺബോസ്‌കോ പള്ളിക്കൂടത്തിന്റെ കവാടത്തിനരികിലുള്ള, രൂപക്കൂട്ടിൽ എന്ന പോലെ നിൽക്കുന്ന പാതിരിയുടെ പ്രതിമക്ക് കീഴെ അസാധാരണമാംവിധം കിതച്ചുകൊണ്ടു നിന്നു.

വടക്കോട്ടുള്ള വണ്ടി അതിവേഗം കടന്നുപോയി.

ഗേറ്റ് തുറക്കുകയും വാഹനങ്ങൾ ഒഴിഞ്ഞുപോവുകയും ചെയ്‌തപ്പോൾ അർബാസ് കാസി വിശക്കുന്ന വയറുമായി ജോനചേച്ചിയുടെ വീട് ലക്ഷ്യമാക്കി നടന്നു.

പറവൂർ ഉള്ള ഒരു ആക്രി കടയിൽ ആയിരുന്നു അവന്‌ ജോലി. അവിടെനിന്ന് പോന്നിട്ട് ഇപ്പോൾ ഏതാനും ദിവസങ്ങളായി. കൂലി കൂട്ടി ചോദിച്ചതിന് തല്ലായിരുന്നു ശമ്പളം. അങ്ങനെ അവിടം വിട്ടതാണ്. പൊലീസിനെക്കൊണ്ട് പിടിപ്പിക്കും എന്ന് പറഞ്ഞതിനാൽ പേടിച്ച് പിന്നെ ആ വഴിക്ക് പോയിട്ടുമില്ല. ഇപ്പോൾ കുറച്ചു ദിവസമായി അവൻ ഒരു താവളം കണ്ടെത്തിയിരിക്കുന്നു. ജോനചേച്ചിയുടെ വീടിന് പിറകിലുള്ള റെയിൽപാളത്തിന് താഴെ ഷീറ്റ് വിരിച്ച് കിടക്കാൻ ഒരിടം കിട്ടി. അവിടെ മാവിന്റെ തണൽ ഉണ്ട്. രാത്രി കൊതുകുകളുടെ ശല്യം ഉണ്ടെങ്കിലും അർബാസ് കാസി പേടിക്കുന്നത് തെരുവുനായ്‌ക്കളെയാണ്. ഫ്ലാറ്റിൽനിന്ന് വലിച്ചെറിയുന്ന ഫുഡ് വേസ്റ്റുകൾ തിന്നാൻ അവ കൂട്ടത്തോടെ അവിടേക്ക് വരും. രാത്രികളിൽ അവറ്റകളുടെ കടിപിടിയ്‌ക്കു മുന്നിൽ പേടിച്ചുപോകുമ്പോൾ, ആരുമറിയാതെ അർബാസ് കാസി റെയിലോരത്ത് നിന്നിറങ്ങി ജോനചേച്ചിയുടെ വീടിന്റെ അടുക്കളച്ചായ്‌പ്പിൽ വന്നു കിടക്കും. ആളുകൾ ഉണരുംമുമ്പേ സ്ഥലം വിടുകയും ചെയ്യും.


പക്ഷേ ഇത് ഇങ്ങനെ തുടരാൻ കഴിയില്ല. തിരിച്ച് ആക്രി കടയിലേക്ക് തന്നെ പോയാലോ എന്ന് ആലോചിച്ചിരുന്ന നിമിഷത്തിലാണ് അവൻ ആ കാഴ്‌ച കണ്ടത്. ജോനചേച്ചിയുടെ ഭർത്താവ് നടക്കില്ല. സദാ നേരവും വീൽചെയറിലാണ്. അവർ ജോലിക്ക് പോകുമ്പോൾ ഒറ്റയ്‌ക്കാവുന്ന ആ മനുഷ്യനെ നോക്കി അവൻ കുറെനേരം ഇരുന്നു. അയാൾ എപ്പോഴും ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയാണ്.

ഒരേ ഇരിപ്പ്. മിണ്ടാട്ടമില്ലാത്ത ഒരേ ഇരിപ്പ്.

ഈച്ച മുഖത്ത് വന്നിരുന്നാലും അനക്കമില്ല.

പാതിരി പ്രതിമയുടെ അതേ നിസ്സഹായതയാണ് ചലിക്കാത്ത ഈ മനുഷ്യനുമുള്ളത്. ഇതുവച്ച് നോക്കുമ്പോൾ താൻ ഭാഗ്യവാനാണ്. അർബാസ് കാസി വിചാരിക്കും. ഹെൽത്ത്‌ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ഹോട്ടലിൽ പണിക്കെടുക്കില്ല. കോഴിപ്പീടികയിൽ ഇറച്ചിവെട്ടാൻ നിൽക്കണമെങ്കിലും കടമ്പകളുണ്ട്. സാരമില്ല. തനിക്കു സഞ്ചരിക്കാൻ സാധിക്കുന്നുണ്ടല്ലോ...

ഫ്ലാറ്റിൽ റസിഡൻസ് അസോസിയേഷന്റെ പുതുവത്സരാഘോഷം നടക്കുന്ന രാത്രിയിൽ, ജോലി കഴിഞ്ഞുവന്ന ജോനചേച്ചി ഭർത്താവിന് കഞ്ഞി ഊട്ടിക്കൊടുക്കുകയായിരുന്നു. ആഘോഷത്തിമിർപ്പിന്റെ പാട്ടും കൂത്തും വീട്ടിനകത്തേക്ക് വന്നെങ്കിലും ജോനചേച്ചി അത്യാവേശത്തോടെ ഭർത്താവിനോട് ഒരു സാരോപദേശ കഥ പറഞ്ഞു. ഒരു കീരിയുടെ കഥ.

"അടിവാരത്തുള്ള പുഴക്കരയിൽ ഒരു കൊച്ചുവീടുണ്ടായിരുന്നു. അമ്മയും കുഞ്ഞും കുഞ്ഞിന്റെ അച്ഛനുമായിരുന്നു അവിടെ താമസിച്ചിരുന്നത്. അവർ ഒരു കീരിയെ വളർത്തിയിരുന്നു. കീരിക്ക് കുഞ്ഞിന്റെ അമ്മയോടും അച്ഛനോടും വലിയ സ്‌നേഹമാണ്. അവർ തിരിച്ചും കീരിയെ ലാളിച്ചു. ഒരുദിവസം കുഞ്ഞിനെ തൊട്ടിലിൽ കിടത്തി അമ്മ മുറ്റത്ത് തേങ്ങ പൊതിക്കുകയായിരുന്നു. പെട്ടെന്നാണ് അവരത് ശ്രദ്ധിച്ചത്. വായിൽനിന്ന് ചോര ഒലിപ്പിച്ചുകൊണ്ട് കീരി അകത്തുനിന്ന് മുറ്റത്തേക്ക് വരുന്നു. തൊട്ടിലിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ കീരി കടിച്ചിട്ടുണ്ടാകുമെന്ന് അമ്മ കരുതി. ദേഷ്യം അടക്കാനാവാതെ അവർ കയ്യിലുള്ള കൊടുവാളുകൊണ്ട് കീരിയുടെ തലയ്‌ക്കടിച്ചു. എന്നിട്ട് അകത്തേക്ക്‌ ഓടിപ്പോയി. അവിടുത്തെ കാഴ്‌ച കണ്ട് അമ്പരന്നു. തൊട്ടിലിനു താഴെ ഒരു മൂർഖൻ രണ്ട് കഷ്‌ണമായി കിടക്കുന്നു! അമ്മ കുഞ്ഞിനെ വാരിയെടുത്ത് കുറ്റബോധത്തോടെ മുറ്റത്തേക്ക് ഓടിവന്നു. കീരി അപ്പോഴേക്കും പിടഞ്ഞു ചത്തിരുന്നു.

ചിത്രീകരണം: നാസർ ബഷീർ ചിത്രീകരണം: നാസർ ബഷീർ

സത്യം അറിയാതെ എടുത്തുചാടിയതിൽ അവർക്ക് കുറ്റബോധം തോന്നി.’

ജോനചേച്ചി കഥ പറഞ്ഞു നിർത്തി.

ഡിക്‌സൺ ചേട്ടന്റെ കണ്ണുകൾ ഇളകുകയോ വിരൽ അനങ്ങുകയോ ചുണ്ട് വിടരുകയോ ചെയ്‌തില്ല. ഒരു കഥയുമില്ലാത്ത മട്ടിലിരുന്നു. എന്നിട്ടും എല്ലാ അന്തികളിലും ജോനചേച്ചി കഥ പറഞ്ഞുകൊണ്ടേയിരുന്നു. ഒന്നിച്ചിരുന്ന് കഥ പറയുമ്പോഴാണ് രണ്ടുപേർക്കും ജീവിതത്തിൽ അൽപ്പനേരമെങ്കിലും സന്തോഷം കിട്ടുന്നതെന്ന് അർബാസ് കാസി മനസ്സിലാക്കിയിരുന്നു.

ഡിക്‌സൺ ചേട്ടനെ നിത്യവും ഊട്ടുകയും ഉടുപ്പിക്കുകയും ചെയ്യുന്നത് ജോനചേച്ചി തനിച്ചാണ്.

രാവിലെ ജോലിക്ക് പോകുന്നതിനു മുമ്പ് കുളിപ്പിക്കും. ദേഹം മുഴുവൻ ടാൽക്കം പൗഡർ പൂശി ഡയപ്പർ ഇട്ടുകൊടുക്കും. വൈകുന്നേരം ജോലി കഴിഞ്ഞു വന്നാലും ആദ്യം ചെയ്യുന്നത് ഡയപ്പർ മാറ്റുന്നതാണ്.

ഇതെല്ലാം ഒളിഞ്ഞുനോക്കി കണ്ടപ്പോൾ അർബാസ് കാസി ശരിക്കും കരഞ്ഞുപോയിട്ടുണ്ട്. തനിക്ക് ദീർഘനേരം കരയാനാകുമെന്ന് അവന് അത്ഭുതം തോന്നിയതന്നാണ്.

ജോനചേച്ചി ആംഗ്ലോ ഇന്ത്യൻ റോഡിലെ വീടുകളിലാണ് പണിക്കു പോകുന്നത്. നിലം അടിച്ച് തുടച്ചുവാരാനും അത്യാവശ്യം പാത്രങ്ങൾ കഴുകാനും കാണും. ചിലപ്പോൾ മീൻ വെട്ടികൊടുക്കേണ്ടിയും വരും. ഉച്ചവരെ അവിടെയുള്ള പല വീടുകളിലായി ഇതൊക്കെയാണ് പണി.

ഉണ്ണാൻ നേരം വീടെത്തും. ഡിക്‌സൺ ചേട്ടനെ ഊട്ടിയുറക്കും. കിടക്കയിൽ തട വച്ചശേഷം വീൽചെയർ മടക്കിവച്ച് വീണ്ടും മറ്റു വീടുകളിൽ ജോലിക്ക് പോകും. ദരിദ്രരായ തങ്ങൾ മാത്രമല്ല ഇതുപോലുള്ള പെണ്ണുങ്ങളും കഷ്ടപ്പെട്ട് പണിയെടുക്കും എന്ന് അർബാസ് കാസിയ്‌ക്ക്‌ മനസ്സിലായത് ജോനചേച്ചിയുടെ പെടാപ്പാട് കണ്ടപ്പോഴാണ്.

‘‘ജോനാ... ഡിക്‌സന് എങ്ങനുണ്ട്?’’

വഴിയിൽവച്ച് പരിചയക്കാർ ചോദിക്കുമ്പോൾ ജോനചേച്ചി ഇടറിക്കൊണ്ട് പറയും.


‘‘കിടപ്പിലായതല്ല സങ്കടം. ഒന്നും മിണ്ടാതായതാണ്...’’

മുറ്റത്തെ മാവിൽ ധാരാളം മാങ്ങ ഉണ്ടായപ്പോൾ ഒരുപാട് പക്ഷികളും അണ്ണാന്മാരും അവിടെ വന്നു കൂടിയിരുന്നു. മുറ്റമടിച്ചു വാരുമ്പോഴാണ് കീരിയുടെ കാൽപ്പാടുകൾ ജോനചേച്ചി ശ്രദ്ധിച്ചത്.

‘‘കീരിയും കിളികളും ഒക്കെ വന്നുകൂടിയിട്ടുണ്ട്.’’

മുറ്റത്തുനിന്ന് അവർ ഭർത്താവിനോട് വിളിച്ചുപറഞ്ഞു.

‘‘ഇവിടെ കഴിയുന്നത് അവശരായ രണ്ട് ആത്മാക്കൾ ആണെന്ന് അറിയാവുന്നതുകൊണ്ട് ആർക്കും ചോദിക്കാതെയും പറയാതെയും ഇങ്ങു കേറി പോന്നാ മതിയല്ലോ.’’

അകത്തുനിന്നുള്ള മറുപടി എന്നോണം ജോനചേച്ചി മുറ്റത്തുനിന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. അവരുടെ ആ ശബ്ദം വീടിന്റെ അകത്തുനിന്ന് പുറത്തേക്കാണ് വന്നത്!

മുമ്പ് ആ തൊടിയിൽ ധാരാളം മരങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ ഒരു മുത്തശ്ശിമാവ്‌ മാത്രമേയുള്ളൂ. ജോനചേച്ചിയെ കെട്ടിക്കൊണ്ടുവന്ന കാലത്ത് ഒരു കാട്ടിനകത്ത് ആയിരുന്നു ആ വീട്. അത്രയ്‌ക്കും മരങ്ങൾ ഉണ്ടായിരുന്നു. പിന്നെ മുറ്റത്തൊരു ചെയ്ഞ്ചിങ് റോസിന്റെ ചെടിയും. രാവിലെ വിരിയുമ്പോൾ വെള്ള നിറവും ഉച്ചയ്‌ക്ക് ശേഷം ഇളം റോസ് നിറവും ആകുന്ന നിറംമാറി പൂക്കൾ അതിൽ ധാരാളം ഉണ്ടാകുമായിരുന്നു. ഇന്നതില്ല. അതിന്റെ ഉണങ്ങിയ വേരുകൾ മണ്ണിനടിയിൽ കാണുമായിരിക്കും. ആസ്വദിക്കാൻ ആളില്ലാതെ വരുമ്പോഴാവാം പൂക്കളും സുഗന്ധങ്ങളും അതിന്റെ പാട്ടിന്‌ പോകുന്നത്. ഇങ്ങനെ കാലം മായ്ച്ചുകളഞ്ഞ സന്തോഷങ്ങളുടെ കണക്കെടുപ്പ് ജോനചേച്ചി നടത്താറുണ്ട്. നട്ടുച്ചയ്‌ക്ക്, നൈറ്റിയോളം നരച്ച കുട ചൂടി ആംഗ്ലോ ഇന്ത്യൻ റോഡിൽനിന്ന് വീട് വരെ നടക്കുമ്പോഴായിരിക്കും അത്.

ചിത്രീകരണം: നാസർ ബഷീർ

ഇങ്ങനെയുള്ള ഒരു നട്ടുച്ചയ്‌ക്ക്‌ നേർത്ത തലവേദനയോടെ വീട്ടിൽ ചെന്നുകേറിയപ്പോൾ അവർ അത്ഭുതപ്പെട്ടുപോയി. നിലം ആരോ തുടച്ചു വൃത്തിയാക്കി വച്ചിരിക്കുന്നു. ഡിക്‌സൺ ചേട്ടന്റെ ഡയപ്പറും മാറിയിട്ടുണ്ട്!

ജോനചേച്ചി വെപ്രാളപ്പെട്ട് വീടിന്റെ പിന്നാമ്പുറത്തു ചെന്നു നോക്കിയപ്പോൾ ഒരു മാസത്തേക്കുള്ള വിറകും ചായ്‌പ്പിൽ കൂട്ടിയിട്ടിരിക്കുന്നു.

‘‘കർത്താവേ ആരാണിതെല്ലാം ചെയ്‌തത്!’’

അവർ നെഞ്ചിൽ കൈവച്ച് നിസ്സംഗതയോടെ നിന്നപ്പോൾ, കഴിഞ്ഞ മഴക്കാലത്തു മണ്ണൊലിപ്പിൽ ഉയർന്നുവന്ന മാവിന്റെ വണ്ണമുള്ള വേരിന് മുകളിലൂടെ ഒരു കീരി പാഞ്ഞുപോയി.

പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഇത്തരം അത്ഭുതങ്ങൾ സംഭവിച്ചുപോന്നു.

ഒരു ദിവസം പതിവിലും നേരത്തെ വിടെത്തിയപ്പോ ആ പുണ്യാളനെ ജോനചേച്ചി കണ്ടെത്തി.

അർബാസ് കാസി!

അവൻ വീട്ടിലെ മുഷിഞ്ഞ വസ്‌ത്രങ്ങളെല്ലാം അലക്കി ചിക്കുകയായിരുന്നു.

ജോനചേച്ചി കലിതുള്ളുകയോ കരഞ്ഞു ഒച്ചവയ്‌ക്കുകയോ ചെയ്‌തില്ല.

അവനൊരു കാപ്പി ഇട്ടുകൊടുത്തു.

മൂന്നാളും കാപ്പി കുടിക്കുമ്പോൾ ജോനചേച്ചി ദയാവായ്‌പോടെ ചോദിച്ചു.

‘‘നീ ബംഗ്ലാദേശി ആണോടാ?’’

അവൻ കറ പിടിച്ച പല്ലുകൾ കാട്ടി ചിരിക്കുക മാത്രം ചെയ്‌തു.

മഴവിൽവളവു കഴിഞ്ഞാണ് ഇരട്ടവരി പാളം ഗേറ്റിലേക്കെത്തുന്നത്. ജോനചേച്ചിയുടെ വീട്ടിൽനിന്ന് നോക്കിയാൽ വണ്ടി മനോഹരമായി വളഞ്ഞു തിരിയുന്നത് കാണാം. ആ വളവിലെ റെയിൽ പാളത്തിനരികിൽ ഒരുദിവസം വലിയൊരു കോൺക്രീറ്റ് കല്ല് പ്രത്യക്ഷപ്പെട്ടു.

പുലർച്ചെ നടക്കാൻ പോയ ഗോമസ് ആണ് അത് കണ്ടത്.

അട്ടിമറിയാണോ?

ഗോമസ് പൊലീസിനെ വിളിച്ചു. നാട്ടുകാർ കൂടി.


‘‘നാട്ടിൽ തീവ്രവാദത്തിന് ഒരു കുറവുമില്ലല്ലോ, മനുഷ്യർ സമാധാനമായി ജീവിക്കുന്നത് ആർക്കും കണ്ടുകൂടാ.’’

ആൾക്കൂട്ടം പിറുപിറുത്തു.

മേൽപ്പാലം വരുന്നത് കാരണം പൊളിച്ചുമാറ്റിയ കടകളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ ലെവൽ ക്രോസിങ് പരിസരത്ത് ധാരാളം ഉണ്ടായിരുന്നു. അതിൽനിന്ന് ഉരുട്ടി കൊണ്ടുവന്നിട്ടതാണ്.

ഒരാൾക്ക് പൊക്കിക്കൊണ്ട് വയ്‌ക്കാവുന്നതിനേക്കാൾ വലുതും ഭാരം ഉള്ളതും ആയ കല്ലിൽ ചോര പുരണ്ടിരുന്നു. അത് പൊലീസിന്റെ ആശങ്ക കൂട്ടി.

ആ വലിയ ഭാരമുള്ള കോൺക്രീറ്റ് കല്ലുകിടന്ന ഭാഗത്തുനിന്ന് കുറച്ച് അകലെയായി ഒരു പട്ടി ചത്തു കിടക്കുന്നുണ്ടായിരുന്നു. ആരോ അതിനെ തലയ്‌ക്ക് അടിച്ചു കൊന്നതാണ്. ഇനി വണ്ടി തട്ടിയതാവാനും മതി.

പൊലീസും ആൾക്കൂട്ടവും തീർച്ച കിട്ടാതെ കൂടി നിൽക്കുമ്പോഴാണ് അർബാസ് കാസി സംഭവസ്ഥലത്ത് എത്തിയത്. പ്രഭാതങ്ങളിൽ റെയിൽ ഓരങ്ങളിൽ വീണുകിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും പാട്ടകളും പെറുക്കാനായി വന്നതായിരുന്നു അവൻ.

പൊലീസിനെ കണ്ടപ്പോൾ അർബാസ് ഒന്നു പരുങ്ങി. കാര്യമറിയാൻ തലയേന്തി നോക്കിയപ്പോൾ ചോരപടർന്ന ഒരു വലിയ കല്ലു കണ്ടു. അറിയാതെ ആരുടെയോ തോളിൽ കയ്യിട്ടാണ് അവനാ കാഴ്‌ച കണ്ടത്. തന്നെ തൊട്ടതാരാണെന്ന് അറിയാനായി അയാൾ അവനെ തുറിച്ചു നോക്കി.

‘‘സാറേ...’’

അയാൾ അത്രയും വിളിച്ചപ്പോഴേക്കും ആൾക്കൂട്ടത്തിന്റെ നോട്ടം അർബാസ് കാസിയിലേക്ക് പതിഞ്ഞു. അത് സഹിക്കാനാവാതെ അവൻ രണ്ടടി പിന്നോട്ടു മാറി.


എല്ലാ കുറ്റവും തന്നിലേക്ക് ചൊരിയുന്നതായി തോന്നിയപ്പോൾ അവൻ ഒരു ഓട്ടം വച്ചുകൊടുത്തു. ആളുകൾ പിന്നാലെ പാഞ്ഞു.

അർബാസ് കാസി, ലെവൽ ക്രോസിങ് കടന്ന്, പാതിരിയുടെ പ്രതിമയ്‌ക്ക് മുന്നിലൂടെ ജോനചേച്ചിയുടെ വീടുവഴി പാഞ്ഞു. മാമ്പഴങ്ങൾ വീണുകിടന്ന മുറ്റത്തുവച്ച് നാട്ടുകാർ പിടികൂടി. ആൾക്കൂട്ടത്തിന്റെ ക്രൂരമായ ആവേശം അവനെ പൊതിരെ തല്ലി.

കാസി പല ഭാഷകളിൽ നിലവിളിച്ചു.

ബഹളം കേട്ട് ജോനചേച്ചി അകത്തുനിന്ന് പുറത്തേക്കോടി വന്നു. അടി താങ്ങാൻ ആവാതെ ചോരയൊലിപ്പിച്ച് കരയുന്ന അർബാസ് കാസിയെ കണ്ടു ജോനചേച്ചി കാറി.

‘‘ദൈവത്തെ ഓർത്ത് ഒന്നും ചെയ്യരുത്.’’

ആരും അതൊന്നും ചെവിക്കൊണ്ടില്ല.

വെയിലായാലും മഴയായാലും നിസ്സഹായത ആൾക്കൂട്ടത്തിൽ വിചാരണ ചെയ്യപ്പെടും.

ജോനചേച്ചി സർവശക്തിയുമെടുത്ത് ഭ്രാന്ത് പിടിച്ച മനുഷ്യരെ ഉന്തിമാറ്റി നിലത്തു വീണുപോയ അർബാസ് കാസിയെ പൊതിഞ്ഞുപിടിച്ചു. പിന്നെയാരും അവനെ തൊട്ടില്ല.

ആളുകൾ മുറ്റത്തുനിന്ന് പിരിഞ്ഞു പോകും മുമ്പേതന്നെ പൊലീസുകാർ യഥാർഥ പ്രതിയെ പിടിച്ചിരുന്നു. കഞ്ചാവിന്റെ ലഹരിയിൽ ഒരു സ്ഥലവാസി ചെക്കൻ തന്നെയാണ് ഇതൊക്കെ കാണിച്ചുകൂട്ടിയത്. പെട്രോൾ പമ്പിലെ പിറകുവശത്തെ ക്യാമറയിൽ ഇതെല്ലാം പതിഞ്ഞിരുന്നു.

പട്ടിയുടെ ജഡം പ്രതിയെക്കൊണ്ട് തന്നെ പൊലീസുകാർ മറവ് ചെയ്യിച്ചു.

ലൂർദ് ആശുപത്രിയിൽ പോയി മുറിവിൽ മരുന്നുവച്ചു തിരിച്ചു വരുമ്പോൾ, കുടക്കീഴിൽ നിന്നുകൊണ്ട് അർബാസ് കാസി മലയാളവും ബംഗാളിയും ഹിന്ദിയും കലർന്ന ശബ്ദത്തിൽ പറഞ്ഞതു ജോനചേച്ചി തിരിച്ചറിഞ്ഞു.

‘‘നാട്ടിലേക്ക് തിരിച്ചുപോണം.’’


അതിന് മറുപടി പറയാതെ ജോനചേച്ചി വെയിൽ കൊണ്ട് പഴുത്തു കിടക്കുന്ന റെയിൽവേ ലൈനിലെ മരീചിക നോക്കി നടന്നു.

അന്ന് ജോനചേച്ചി അവന് വയറുനിറയെ ഭക്ഷണം കൊടുത്തു. മൂന്നുപേർ സമാധാനമായി കിടന്നുറങ്ങുന്നത് കണ്ടു രാത്രിവണ്ടികൾ കടന്നുപോകുന്നതിന്റെ ഒച്ച വീട് അകത്തേക്ക് കടത്തിവിട്ടതേയില്ല.

പിറ്റേന്ന് കാലത്ത് ജോനചേച്ചി ജോലിക്ക് പോകുന്നതിനു മുമ്പ് തന്നെ അർബാസ് കാസി പാട്ടയും കുപ്പിയും പെറുക്കാൻ ഇറങ്ങി.

വെയിലിന് ചൂടുപിടിക്കുന്നതിന് മുമ്പ് അവൻ തിരിച്ചുവന്നപ്പോൾ ഡിക്‌സൺ ചേട്ടൻ വീൽചെയറിൽ ഇരുന്ന്‌ ഉറങ്ങുകയായിരുന്നു.

വീടിന്റെ പിന്നാമ്പുറത്ത് ആൾപ്പെരുമാറ്റം കേട്ട് അവൻ എത്തിനോക്കി.

ഒരു മാന്യൻ ഫ്യൂസ് ഊരുകയാണ്.

അവൻ പകച്ചുനോക്കിയപ്പോൾ, അയാൾ പറഞ്ഞു. ‘‘ഇന്നടയ്‌ക്കാം നാളെ അടയ്‌ക്കാം എന്ന് പറഞ്ഞത് കാരണം രണ്ടുദിവസമായി ഞാൻ മടങ്ങിപ്പോകുന്നു. ഇനി പറ്റില്ല.’’

അയാൾ ഫ്യൂസും പോക്കറ്റിലിട്ട് ബൈക്കിന് അടുത്തേക്ക് നടന്നു. അവൻ പിന്നാലെ ചെന്ന് കാലു പിടിച്ചു. യാതൊരു പ്രയോജനവും ഉണ്ടായില്ല. പാപം ചെയ്യാത്തവനെപ്പോലെ അയാൾ ബൈക്കോടിച്ചു പോയി.

അർബാസ് കാസി എന്തു ചെയ്യണമെന്ന് അറിയാതെ കുഴഞ്ഞു. അവൻ കുറേനേരം ഡിക്‌സൺ ചേട്ടന്റെ മുന്നിൽ നിലത്തിരുന്നു. മയക്കത്തിൽ നിന്നുണർന്ന് കണ്ണു തുറന്നപ്പോൾ അയാളോട് കാസി ചിരിച്ചു.

അതുവരെ കാണാത്ത വല്ലാത്തൊരു സങ്കടഭാവമായിരുന്നു അയാൾക്ക്.

ഒന്ന് സന്തോഷിപ്പിക്കാം എന്ന് കരുതി.


അവൻ മൊബൈലിൽ ഇഷ്ടഗാനം ഉറക്കെ വച്ചു.

മേരാ ജൂതാ ഹേ ജപ്പാനി

യേ പത്‌ലൂൺ ഇംഗ്ലിസ്ഥാനി

സർ പേ ലാൽ ടോപ്പി റൂസി

ഫിർ ഭി ദിൽ ഹേ ഹിന്ദുസ്ഥാനി

മേരാ ജൂതാ ഹേ ജപ്പാനി

യേ പത്‌ലൂൺ ഇംഗ്ലിസ്ഥാനി

സർ പേ ലാൽ ടോപ്പി റൂസി

ഫിർ ഭി ദിൽ ഹേ ഹിന്ദുസ്ഥാനി

മേരാ ജൂതാ ഹേ ജപ്പാനി

അർബാസ് കാസി പാട്ടിനൊത്ത് കോമാളിത്തത്തോടെ നൃത്തം ചെയ്‌തു... ഡിക്‌സൺ ചേട്ടൻ താളം പിടിക്കുകയും മതിമറന്ന് ചിരിക്കുകയും ചെയ്യുന്നതായി സങ്കൽപ്പിച്ചു. അത്ഭുതമൊന്നും സംഭവിക്കുന്നില്ലെന്ന് കണ്ട് ഹൃദയഭാരത്തോടെ വീട്ടിൽനിന്നും പുറത്തേക്കോടി.

ഇരുട്ടിനെ നേരിടാൻ അവന് നന്നായി അറിയാമായിരുന്നു. ഈച്ച പോലും അറിയാതെ ആ പരിസരപ്രദേശങ്ങളിലെല്ലാം ഉള്ള ട്രാൻസ്‌ഫോർമറുകളിൽ നിന്ന് അവൻ ഫ്യൂസുകൾ ഊരി ആക്രി ശേഖരിക്കുന്ന ചാക്കിലാക്കി. സന്ധ്യ മയങ്ങുംമുമ്പ് ചാക്ക് ഗേറ്റ് കീപ്പറുടെ കുടുസ് മുറിക്കരികിൽ ഉപേക്ഷിച്ചശേഷം, കാലവും ദേശവും ബാധകമല്ലാത്ത ആദിമ മനുഷ്യനെ പോലെ മണ്ണിൽ ഉറച്ചുനിന്നു.


ആ രാത്രിക്ക് കനത്ത ഇരുട്ടായിരുന്നു. നിരത്തുകളിൽ, പാഞ്ഞുപോയ വാഹനങ്ങളുടെ വെളിച്ചവും അവശേഷിച്ചിരുന്നില്ല.

ഒരു മിന്നാമിന്നിന്റെ വെട്ടം പോലും ജോനചേച്ചിയുടെ വീട്ടിലും ഉണ്ടായിരുന്നില്ല. എങ്കിലും വളരെ ദൂരെനിന്ന് നോക്കിയപ്പോൾ നിസ്സഹായത പാർക്കുന്ന ആ വീട്ടിൽ മാത്രം വെളിച്ചമുള്ളതായി അർബാസ് കാസി കണ്ടു.

ഒരു ദീർഘദൂര വണ്ടി കടന്നു പോകുന്നതിന് സമാന്തരമായി അവൻ ആ വീട് ലക്ഷ്യമാക്കി നടന്നു.

ഒച്ചയും അനക്കവും ഇല്ലാത്ത ആ ഇരുട്ടിൽ, രണ്ടു വൻമതിൽക്കെട്ടുകൾക്കിടയിൽ, ജോനചേച്ചിയുടെ വീടിനെ ആരോ ജയിലിൽ ഇട്ടതായി തോന്നും. കടന്നുപോയ തീവണ്ടിയുടെ ഒച്ച നിലയ്‌ക്കുന്നതുവരെ അവൻ ആ മുറ്റത്തു നിന്നു.

ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട് അർബാസ് കാസി വാതിലിൽ മുട്ടി.

‘‘ആരാ?’’

ജോനചേച്ചിയുടെ ശബ്ദം പുറത്തേക്ക് വന്നു.

അർബാസ് കാസിയുടെ മറുപടിശബ്ദം ജോനചേച്ചി തിരിച്ചറിഞ്ഞു.

‘‘എടാ പിശാശെ നീ നാട്ടിൽ പോയില്ലേ?’’

അവൻ ചുമച്ചു, ‘‘ഇല്ല.’’

ജോനചേച്ചി പുരാതനമായ വാതിൽ പ്രയാസപ്പെട്ട് തുറന്നു. അപ്പോൾ അകത്തേക്ക് അർബാസ് കാസിയുടെ ശബ്ദം കയറിവന്നു.

‘‘ഇതാണ് എന്റെ നാട്’’ .



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home