കഥ
ചിന്തേര്

ഉണ്ണികൃഷ്‌ണൻ കിടങ്ങൂർ
Published on Feb 21, 2026, 02:34 PM | 10 min read
ചെറുപ്പത്തിൽ പൊന്നപ്പനാശാരി തന്നെക്കാൾ പത്തുവയസ്സിന് ഇളയവനായ കുട്ടപ്പനാശാരിയുടെ കൈപിടിച്ച് പാടവരമ്പത്തുകൂടെയും ആറ്റിറമ്പിലൂടെയും നടന്നു. പള്ളിക്കൂടത്തിൽ പോയി. മാവിനു കല്ലറിഞ്ഞു. തെറ്റാലി തൊടുത്തു കടവാവലിനെ വീഴ്‌ത്തി. തോട്ടിൽനിന്ന് മീൻ പിടിച്ചു. കോർമ്പലിൽ മീനുകളെയും തൂക്കിപ്പിടിച്ചു നടക്കുന്ന പൊന്നപ്പനാശാരിയുടെ കഴുത്തിൽ കൈചുറ്റി കാലുകൾ ഇരുവശങ്ങളിലേക്കുമിട്ട്, കുഞ്ഞൻ കുട്ടപ്പനാശാരി കുട്ടാമ്പുറമിരുന്നു.
ആ കൈകളാണ് വർഷങ്ങൾക്കിപ്പുറം പൊന്നപ്പനാശാരിയുടെ മക്കൾ ചേർന്നു പിടിച്ചൊടിച്ചത്. പൊന്നപ്പനാശാരി മക്കളോട് ദേഷ്യപ്പെട്ടില്ല. ശാസിച്ചില്ല. സങ്കടപ്പെട്ടില്ല. അയാളൊന്നു ചിരിച്ചു. ജീവിച്ചുതീർത്ത അറുപതു വർഷത്തിനിടയിൽ അയാളത്ര മനോഹരമായി മറ്റൊരിക്കലും ചിരിച്ചിട്ടില്ല.
പൊന്നപ്പനാശാരിക്ക് നാലു മക്കളാണുള്ളത്. മൂത്തതു രണ്ടും ആണുങ്ങൾ. ഇളയതു രണ്ടും പെണ്ണുങ്ങൾ. നാലിനെയും തോളത്തും തലയിലുംവച്ച് വളർത്തിയത് കുട്ടപ്പനാശാരിയാണെന്നു പറയാം. പൊന്നപ്പനാശാരി നല്ല പണിക്കാരനാണ്. സ്വന്തം നാട്ടിൽനിന്നും അന്യനാട്ടിൽനിന്നും പണിക്കുള്ള വിളിവരും. ദൂരെയാണ് പണിയെങ്കിൽ വീട്ടിലേക്കുള്ള വരവ് ഒന്ന് പരുങ്ങും. ആഴ്‌ചയിലൊന്ന് വന്നെങ്കിലായി. വന്നാലോ? രാത്രിയും പകലും കിടന്നുറങ്ങും. സന്ധ്യയാവുമ്പോൾ കള്ളുഷാപ്പുവരെയൊന്നും പോകും. മടിയിലുള്ള കാശ് തീരുന്നതുവരെ കുടിക്കും. ആരെയെങ്കിലുമൊക്കെ തെറിവിളിക്കും. പൊന്നപ്പനാശാരിയുടെ തെറിയെന്നുപറഞ്ഞാൽ അത് ഒന്നൊന്നര തെറിയാണ്. തെറി കണ്ടുപിടിച്ചതുതന്നെ അങ്ങേരാണെന്നു പറയാം. കേൾക്കുന്നവർക്ക് തീട്ടക്കുഴിയിൽ വീണതുപോലെ തോന്നും. ആരെങ്കിലുമായി ചെറിയ ഉന്തും തല്ലുമൊക്കെ സാധാരണമാണ്.
നാട്ടുകാരെല്ലാം മൂത്താശാരി എന്നു വിളിക്കുന്ന അവരുടെ അച്ഛൻ ഗോവിന്ദനാശാരിക്ക് മൂന്നു മക്കളാണുണ്ടായിരുന്നത്. അവരും, ആ കുടുംബത്തിന്റെ മറ്റു ശാഖകളിലുള്ളവരും പേരിനോടൊപ്പം പാവശ്ശേരി എന്നുകൂടി ചേർത്താണ് അറിയപ്പെട്ടിരുന്നത്. തലമുറകൾക്കുമുമ്പ് മധുരയിൽ നിന്നോ മറ്റോ വന്നവരാണ്. അന്നത്തെ ഒരു കാരണവർ ഏതോ ഒരു മുതലിയാരുടെ വീട്ടിൽ പണിക്കു പോയി. മുതലിയാരുടെ പത്തുവയസുള്ള പെങ്കൊച്ച് മരപ്പണിക്കാരൻ കാരണവരുടെ കൊത്തുവേലകൾ കണ്ട് അയാളെ ചുറ്റിപ്പറ്റി നിന്നു. ആഞ്ഞിലിത്തടിയിൽ ഒരു പാവയുണ്ടാക്കിക്കൊടുത്തിട്ട് അയാൾ അവളോടു ചോദിച്ചു:
‘‘അഴകി, നീ ഏങ്കൂടെ വരുവിയാ?’’ പിന്നെയും പിന്നെയും അയാൾ പാവകൾ ഉണ്ടാക്കിക്കൊടുക്കുമെന്ന് വിചാരിച്ചപ്പോൾ അവൾ സമ്മതിച്ചു. മുതലിയാരുടെ കണ്ണുവെട്ടിച്ച് അയാൾ അവളെയുംകൊണ്ടു തമിഴകംവിട്ട് കാളവണ്ടിയും കുതിരവണ്ടിയും മാറി മാറിക്കയറി എട്ടുപത്തുദിവസംകൊണ്ട് മലയാളദേശത്ത് എത്തിച്ചേർന്നു.
ചിത്രീകരണം: ദേവപ്രകാശ്
അങ്ങനെ അവൾ പെറ്റുപെരുകിയ കുടുംബമാണ് പാവശ്ശേരി.
ആ പരമ്പരയിൽപ്പെട്ട ഗോവിന്ദനാശാരിയുടെ മക്കളിൽ മൂത്തവനാണ് പൊന്നപ്പൻ. പൊന്നേ, പൊന്നേ... എന്നുവിളിച്ച്, അവസാനം പള്ളിക്കൂടത്തിൽ ചേർത്തപ്പോൾ അങ്ങനെതന്നെ പേരുവച്ചു. രണ്ടാമൻ വാസുദേവൻ. അയാൾ നേരത്തെ പെണ്ണുകെട്ടി. രണ്ടുമൂന്നു മക്കളുമുണ്ടായി. അങ്ങനെയിരിക്കെയാണ് മലബാറിലെവിടെയോ ഒരു കട്ടള വയ്‌ക്കാനാണെന്നും പറഞ്ഞു പോയത്. പിന്നെ നാട്ടിലേക്കു വന്നിട്ടില്ല. അങ്ങേർക്ക് അവിടെയെവിടെയോ വേറെ പിള്ളേരൊക്കെയായെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഏതോ ഉമ്മച്ചിപ്പെണ്ണിനെയാണ് കെട്ടിയതെന്നും പാവശ്ശേരിക്കാക്ക എന്നാണ് അവിടെയെല്ലാരും അങ്ങേരെ പിന്നീട് വിളിച്ചിരുന്നതെന്നും നാട്ടിലൊരു വർത്തമാനമുണ്ട്. അയാളുടെ ഭാര്യ കമലാക്ഷിയെയും മക്കളേയും ഗോവിന്ദനാശാരി വീട്ടിൽനിന്ന് അടിച്ചിറക്കി. പാവശ്ശേരിക്കാരുടെ പറമ്പിന്റെ വെളിയിൽ ഇടവഴിയുടെ അരുകുപറ്റി ഒരു കുടിൽകെട്ടി കമലാക്ഷി മക്കളേയുംകൊണ്ട് പൊറുതി തുടങ്ങി. മൂന്നാലു വീടുകളിൽ പശുവിനെ കറന്നും അവയ്‌ക്കു പുല്ലു വെട്ടിയും പറമ്പു കിളച്ചും കയ്യാല കെട്ടിയും അന്നം മുട്ടാതെ ദിവസങ്ങൾ കഴിച്ചു. നാട്ടിൽനിന്ന് കമലാക്ഷിയെയും മക്കളേയും തുരത്താൻ ഗോവിന്ദനാശാരി ആവുംവിധം ശ്രമിച്ചു. കമലാക്ഷിയുടെ ചെറ്റപ്പുരയ്‌ക്കുള്ളിൽ അവൾ കാണാതെ പന്നിയെലിയെ കൊന്നു കൊണ്ടെയിട്ടു. പാതിരാത്രിയിൽ ചെന്നു വാതിൽക്കൽ വെളിക്കെറങ്ങി. അവൾ കുളിക്കുമ്പോൾ മറപ്പുരയുടെ അടുത്തേക്ക് ഓലപ്പടക്കം കത്തിച്ചെറിഞ്ഞു. അതുവല്ലതും കമലാക്ഷിയുടെ മുന്നിൽ വിലപ്പോകുമോ? തന്നെ അങ്ങനെയൊന്നും ഒരുത്തനും കൊത്തിക്കീറാനാവില്ല എന്ന മട്ടിൽ അവർ നല്ല പുളിമുട്ടിപോലെ നിന്നു. കാണുന്നിടത്തൊക്കെവച്ച് ഗോവിന്ദനാശാരിയെ തെറിവിളിച്ചു. കേട്ടുപഠിച്ച തെറിയിൽ അവർ അവരുടേതായ പരിഷ്‌കാരങ്ങൾ വരുത്തിയിരുന്നു. മറപ്പുരയിൽ നിന്നുമിറങ്ങി അവർ മുറ്റത്തുനിന്നു പരസ്യമായി കുളിച്ചു. പാടത്തു പണിക്കു പോകുന്ന ചെറുമൻ കുഞ്ഞോതിയെയും ചെത്തുകാരൻ പീതാംബരനെയും മറ്റും യാതൊരു മറവുമില്ലാതെ ചെറ്റപ്പുരയിലേക്കു വിളിച്ചു കയറ്റി.
ചെറുപ്പം മുതലേ ചേട്ടന്റെ വാലിൽത്തൂങ്ങി നടക്കുകയാണല്ലോ കുട്ടപ്പന്റെ ശീലം. അന്നൊക്കെ പൊന്നപ്പൻ കുട്ടിയും കോലും കളിക്കാൻ പോകും. കുട്ടപ്പനും കൂടെപ്പോകും. കുട്ടപ്പനെ കളിയ്‌ക്ക് കൂട്ടില്ല. അടിച്ചു തെറിപ്പിക്കുന്ന കുറ്റി പെറുക്കിക്കൊണ്ടുവന്നു കൊടുക്കുന്ന പണിയാണ് കുട്ടപ്പന്. ഏക്കു... ചാത്തി... മുറി... നാഴി... ഐറ്റി... ആറുമാങ്ക്...
അടിച്ചു തെറിപ്പിച്ച കുറ്റിയിലേക്കുള്ള ദൂരം ചേട്ടൻ കോലുവച്ച് അളക്കുന്നത് കുട്ടപ്പൻ അഭിമാനത്തോടെ നോക്കി നിൽക്കും. കുറച്ചുകൂടി മുതിർന്നപ്പോൾ പൊന്നപ്പനാശാരി രാത്രിയിൽ അയൽവക്കത്തെ പറമ്പുകളിൽനിന്ന് ചക്കയും കപ്പയും ചേനയും തേങ്ങയുമൊക്കെ മോഷ്ടിക്കുവാൻ തുടങ്ങി. ഗോവിന്ദനാശാരി പണിക്കു പോകുമെങ്കിലും വീട്ടിൽ ചെലവിനു കൊടുക്കുന്നതൊക്കെ കണക്കായിരുന്നു. ആശാരിമാരുടെ വീട്ടിൽ പട്ടിണിയും ദാരിദ്ര്യവും വെറുതെയുണ്ടായതല്ല കേട്ടോ. അതിനും ഒരു കഥയുണ്ട്. അച്ഛൻ പറഞ്ഞ് കുട്ടപ്പൻ കേട്ടിട്ടുള്ളതാണ്. പണ്ടു പണ്ട് ഒരു കേമൻ ആശാരി പണിയൊക്കെ കഴിഞ്ഞ് ആയുധങ്ങളെല്ലാം തുണിസഞ്ചിയിലാക്കി ദിവസവും വൈകുന്നേരം വീട്ടിലേക്കു നടക്കും. നേരം പരുപരാ ഇരുട്ടുമ്പഴാവും വീട്ടിൽ വന്നുകയറുന്നത്. അധികം വാഹനങ്ങളൊന്നും ഇല്ലാത്ത കാലമാണല്ലോ. വഴികളൊക്കെ ഇടുങ്ങിയതും കുണ്ടും കുഴിയും കല്ലും മുള്ളും നിറഞ്ഞതും. കാര്യമായി ആളനക്കവുമുണ്ടാവില്ല. പോരെങ്കിൽ നല്ല വിഷമുള്ള ഇഴജീവികളും. ഭർത്താവിനെ കാണാതെ അയാളുടെ ഭാര്യ ആധിപൂണ്ടു നോക്കിയിരിക്കുമ്പോൾ കണ്ടതെന്താണെന്നോ? കാണാൻ നല്ല വർക്കത്തുള്ള ഒരുത്തി, ചൂട്ടും വീശി നടക്കുന്ന തന്റെ ഭർത്താവിനെ അനുഗമിക്കുന്നു. ആശാരി വീട്ടിലേക്കുള്ള പടികയറുമ്പോൾ, പിന്നാലെ വന്നവൾ അതാ തിരിച്ചുപോകുന്നു. ഈ കാഴ്‌ച പല ദിവസവും കണ്ടെങ്കിലും ആശാരിച്ചി ഭർത്താവിനോടു ചോദിക്കുവാനൊന്നും മെനക്കെട്ടില്ല. ഏതോ വലിയ വീട്ടിലെ പെണ്ണൊരുത്തി തന്റെ ഭർത്താവിനെ വളഞ്ഞുപിടിക്കാൻ വട്ടംകൂട്ടുകയാണെന്ന് അവൾ മനസ്സിലാക്കി. അല്ലെങ്കിൽ പടിക്കലോളം വന്നിട്ട് ഇങ്ങനെ തിരിച്ചുപോകണ്ട കാര്യമില്ലല്ലോ. ആ എന്ധ്യാനിയെ അങ്ങനെയങ്ങു വിട്ടാൽ ശരിയാവില്ലെന്ന് അവൾ തീർച്ചപ്പെടുത്തി. ഒരുദിവസം മുറ്റമടിക്കുന്ന കുറ്റിച്ചൂലുമെടുത്ത് ആശാരിച്ചി ചാടിയിറങ്ങിച്ചെന്ന് ആ പെമ്പ്രന്നോത്തിയെ തലങ്ങും വിലങ്ങും തല്ലി.
തല്ലുകൊണ്ട പെണ്ണുമ്പിള്ളയുടെ മട്ടും ഭാവവും പെട്ടെന്നങ്ങു മാറി. അവളുടെ ഉച്ചിയിൽ കനൽക്കട്ടപോലെ പൊന്നിൻകിരീടം മുളച്ചു. നെറ്റിയിൽ മഞ്ഞൾക്കുറി തെളിഞ്ഞു. തീത്തുള്ളി പോലെ മൂക്കുത്തി മിന്നി. കഴുത്തിൽ മരതകമാല. കൈവള. കാലിൽ ചിലമ്പ്. മേനിയിൽ ചോരച്ച പട്ട്. കണ്ണിൽ അരിശം. ആശാരിച്ചിയെ നോക്കി അവൾ പറഞ്ഞു:
‘അധമേ, പോകുംവഴിക്ക് ആശാരി മൃഷ്ടാന്നമുണ്ണും. സുഖിക്കും. എന്നാൽ വീട്ടിലെന്നും പട്ടിണിയും പരിവട്ടവും നട്ടം തിരിക്കും.’
അതു ലക്ഷ്മീദേവിയായിരുന്നു. തല്ലിയവളെയാണ് ശപിച്ചതെങ്കിലും ദേവിക്കൊരു തെറ്റുപറ്റി. മുഴുവൻ ആശാരിമാർക്കുംകൂടിയായിപ്പോയി ശാപം. ഇതു ശരിക്കും സംഭവിച്ചതാണോ അല്ലയോ എന്നൊന്നും അറിയില്ല കേട്ടോ. എന്തായാലും ഗോവിന്ദനാശാരിയുടെ കുടുംബത്തിന്റെ കാര്യത്തിൽ ഈ ശാപം കുറച്ചൊക്കെ ഫലിച്ചിട്ടുണ്ട്. വേണമെങ്കിൽ അയാളുടെ കൈയിലിരിപ്പിന്റെ ഫലമാണെന്നും പറയാം. അയാൾ കുടുംബം നോക്കാത്തത് പണ്ടേതോ ആശാരിച്ചി, ലക്ഷ്മീദേവിയെ തല്ലിയിട്ടാണെന്നു പറഞ്ഞിട്ടു കാര്യമുണ്ടോ? ശാപം ഫലിക്കാത്ത എത്രയെത്ര ആശാരിമാരെ നമ്മൾ കണ്ടിരിക്കുന്നു!
മീശ മുളച്ചു തുടങ്ങിയപ്പോൾ പൊന്നപ്പൻ പണിക്കു പോയിത്തുടങ്ങി. അതോടെ ചക്കയും കപ്പയുമൊക്കെ മോഷ്ടിക്കുന്നതു നിർത്തി. എന്നാലും മാട്ടം പൊക്കാൻ പോകും.
ചിത്രീകരണം: ദേവപ്രകാശ്
ചെത്തുകാരനും വീട്ടുകാരനും മറ്റും അറിയാതെ തെങ്ങിൽനിന്നും പനയിൽനിന്നും മറ്റും കള്ള് മോഷ്ടിക്കുന്ന പരിപാടിയാണ് മാട്ടം പൊക്കൽ. അപ്പോൾ ആരെങ്കിലും വരുന്നുണ്ടോയെന്നു നോക്കി കാവൽ നിൽക്കുന്ന ജോലിയാവും കുട്ടപ്പന്. ചേട്ടനുവേണ്ടി അങ്ങനെ നിൽക്കുമ്പോൾ എന്തോ വലിയ കാര്യം ചെയ്യുന്ന അഭിമാനമായിരുന്നു കുട്ടപ്പന്.
ചില ദിവസം പൊന്നപ്പൻ "ഇപ്പം വരാം' എന്നും പറഞ്ഞ് സരസുവിന്റെ വീട്ടിലേക്കു ചെല്ലും. പൊന്നപ്പനെ അകത്തു കയറ്റിയിട്ട് കുട്ടപ്പനെ നോക്കി പാവത്തുങ്ങളോടുള്ള ഒരു ചിരി ചിരിച്ചിട്ട് സരസു വാതിലടയ്‌ക്കും.
"പാവം! അതിന് മറ്റേ വിചാരമൊന്നുമില്ല കേട്ടോ', എന്ന് പൊന്നപ്പനോട് ചിലപ്പോഴൊക്കെ അടക്കം പറയുകയും ചെയ്യും. അങ്ങനെ ഒരു ദിവസം സരസുവിന്റെ അടുത്തേക്കു ചേട്ടൻ പോയപ്പോൾ പാടത്തിന്റെ ഇറമ്പിലുള്ള തോട്ടിൻകരയിലെ കയ്യാലയിൽ ഒറ്റയ്‌ക്കിരുന്നു കുട്ടപ്പൻ കൊത്തങ്കല്ലുകളിക്കുകയായിരുന്നു. ഇടയ്‌ക്കൊന്നു തലപൊക്കിയപ്പോൾ ഉണക്കമീൻകുട്ടയും തലയിൽവച്ച് പാടവരമ്പത്തുകൂടി നടന്നുവരുന്ന നീലാണ്ടനെക്കണ്ട് ഞെട്ടി. അയാളാണ് സരസുവിന്റെ കെട്ടിയവൻ. മീൻകച്ചവടത്തിന് പോയാൽ ഈ സമയത്തൊന്നും അയാൾ വരാറുള്ളതല്ല. അപ്രതീക്ഷിതമായി നീലാണ്ടൻ വീട്ടിൽ ചെന്നുകയറിയാലുള്ള കാര്യമോർത്ത് കുട്ടപ്പനാകെ വിരണ്ടു. രണ്ട് വരമ്പു മുറിച്ചുകടന്ന് പാടത്തിന്റെ ഇറമ്പിലെ കുത്തിയൊഴുകുന്ന തോടിന്റെ മുകളിലെ ഒറ്റത്തടിപ്പാലവും കൂടി കയറിയിറങ്ങിയാൽ നീലാണ്ടന്റെ വീടാണ്. നീലാണ്ടനെന്നല്ല, ആർക്കും ആ തോട്ടിലിറങ്ങി നീന്തിക്കയറുക എളുപ്പമല്ല. ചേരപ്പാമ്പിനെപ്പോലെ വളഞ്ഞുപുളഞ്ഞു പായുന്ന തോടാണ്. മുഴുവൻ പാറയാണ്. വഴുക്കുന്ന പായലും. കുട്ടപ്പൻ വേഗം ഓടിച്ചെന്ന് തെങ്ങിന്റെ ഒറ്റത്തടിപ്പാലം തോട്ടിലേക്കു തള്ളിയിട്ടു.
"എട... എട... എടാാ...' എന്നു വിളിച്ചുകൊണ്ട് നീലാണ്ടൻ ഓടിവന്നപ്പോഴേക്കും പാലം പാലത്തിന്റെ പാട്ടിനു പോയി. ഇനിയിപ്പം നീലാണ്ടന് ഇപ്പുറത്തേക്ക് കയറണമെങ്കിൽ അഞ്ഞൂറുപറ കണ്ടമെങ്കിലും വരമ്പുകളിലൂടെ വളഞ്ഞുചുറ്റി വരണം. അരിശം മൂത്ത നീലാണ്ടൻ ഉച്ചത്തിൽ തെറിവിളിച്ചുകൊണ്ടു വരമ്പിലൂടെ നടന്നു. ബുദ്ധിയുറയ്‌ക്കാത്ത പയ്യനെപ്പോലെ കുട്ടപ്പൻ കൂക്കിവിളിച്ചു. അതുകേട്ടു ജനലിലൂടെ എത്തിനോക്കിയ പൊന്നപ്പൻ, ഉണക്കമീൻ കുട്ടയുമായി വരമ്പിലൂടെ തെന്നിത്തെന്നി നടക്കുന്ന നീലാണ്ടനെക്കണ്ട് വേഗം മുണ്ട് തപ്പിയെടുത്ത് അരയിൽ ചുറ്റി. പണിസഞ്ചിയുമായി പിന്നിലെ കതകുതുറന്ന് അയാൾ പറമ്പിലെ പടർപ്പുകൾക്കിടയിലൂടെ ഊളിയിട്ടു വഴിയിലേക്കു വന്നു.
അങ്ങനെ പൊന്നപ്പനെ രക്ഷിക്കാൻ പാലം വലിച്ച കൈകളാണ് പൊന്നപ്പന്റെ മക്കൾ പിടിച്ചു വളച്ചൊടിച്ചത്.
ഗോവിന്ദനാശാരി പുരപ്പുറത്തുനിന്നു വീണു മരിച്ചതിന്റെ പിറ്റേവർഷമാണ് പൊന്നപ്പൻ പെണ്ണുകെട്ടിയത്. പതിനഞ്ചു സെന്റ് സ്ഥലവും ചാണകം മെഴുകിയ തിണ്ണയും മുറികളുമുള്ള ഓലപ്പുരയും മൂത്തവനായ പൊന്നപ്പനാശാരിക്ക് കിട്ടി. അതിന്റെ പിന്നിൽ തരിശായിക്കിടന്ന അഞ്ചുസെന്റാണ് കുട്ടപ്പനാശാരിക്ക് കൊടുത്തത്. വലിയ കഴമ്പൊന്നുമില്ലാത്ത കുട്ടപ്പനാശാരി കെട്ടാനൊരു പെണ്ണുപോലും കിട്ടാതെ നിന്നുപോകത്തേയുള്ളെന്നായിരുന്നു വീട്ടിലെല്ലാവരും കണക്കുകൂട്ടിയിരുന്നത്. കുട്ടപ്പനാശാരിയും അങ്ങനെ തന്നെയാണ് കരുതിയിരുന്നത്. അതുകൊണ്ട് തനിക്കു കിട്ടിയ സ്വത്തിൽ അയാൾ പരിപൂർണ തൃപ്തനുമായിരുന്നു. പിടിപ്പും പ്രാപ്തിയുമില്ലാത്ത അയാൾ ചേട്ടന്റെ നിഴൽപറ്റി എങ്ങനെയെങ്കിലുമൊക്കെയങ്ങ് ജീവിച്ചുപോകാമെന്നു കരുതി.
പണിക്കു പോകാൻ മടിയായിരുന്നു കുട്ടപ്പനാശാരിക്ക്. അയാളെ വിളിക്കുവാൻ നാട്ടുകാർക്കും. എങ്ങാനും ചേട്ടന്റെ കൂടെ പോയാലോ? ‘മതി' എന്നു ചേട്ടൻ പറയുന്നതുവരെ ഉരുപ്പടികൾ ചിന്തേരിട്ടുകൊണ്ടിരിക്കും. മുറ്റം അടിച്ചുവാരാനും പാത്രം കഴുകാനും മഴ വരുമ്പോൾ അഴയിൽനിന്നു തുണിയെടുക്കാനുമൊക്കെ ചേട്ടത്തിയെ സഹായിച്ച് കുട്ടപ്പനാശാരി മിക്കവാറും വീട്ടിൽത്തന്നെയിരുന്നു. അതുകൊണ്ട് ചേട്ടത്തിക്ക് പൊന്നപ്പനാശാരി വരുമ്പോൾ അയാളോടൊപ്പമിരിക്കുവാൻ ധാരാളം സമയം കിട്ടി. ഫലമോ? ഒന്നും രണ്ടുമല്ല, നാലുമക്കളെയാണ് പൊന്നപ്പനാശാരിയുടെ ഭാര്യ പ്രസവിച്ചത്.
"എടാ അടുക്കളച്ചെറുക്കാ, നീയവരുടെ കോണകവാലേൽ പിടിച്ചു നടന്നാൽ നശിച്ചു പണ്ടാരമടങ്ങും.'
ചിത്രീകരണം: ദേവപ്രകാശ്
വഴിയിൽവച്ചു കാണുമ്പോൾ ചിലപ്പോഴൊക്കെ കമലാക്ഷി പറയും. അവർക്ക് തന്നോട് ചെറിയ ഒരു വാത്സല്യമുള്ളതുപോലെ കുട്ടപ്പനാശാരിക്ക് തോന്നാറുണ്ട്. അവരോട് ഒരിഷ്ടം കുട്ടപ്പനുമുണ്ട്. പൊന്നപ്പനാശാരിയെയും അച്ഛനെയും പേടിച്ച് അവനതു പുറത്തു കാണിക്കാറില്ല. കമലാക്ഷിയെ കാണുമ്പോൾ, അറിയാതെ അവരോടു ചിരിക്കുകയോ വർത്തമാനം പറയുകയോ ചെയ്‌തുപോയാലോ എന്നുപേടിച്ച് അയാൾ അടുത്തുള്ള പൊന്തയിലോ മരത്തിനുപിന്നിലോ ഒളിക്കും.
പൊന്നപ്പനാശാരിയുടെ ഭാര്യയുടെ പ്രസവത്തിന്റെ കാര്യം പറഞ്ഞല്ലോ.
പെറ്റുകിടക്കുന്ന ചേട്ടത്തിക്ക് കുളിക്കുവാൻ കുട്ടപ്പനാശാരി കൊടിയിലയും പുല്ലാന്നിയിലയും പ്ലാവിലയും മാവിലയും മഞ്ഞളുമിട്ട് വെള്ളം തിളപ്പിച്ചു. ഉലുവ വേവിച്ച് കരിപ്പെട്ടിയും നെയ്യും തേങ്ങാപ്പാലുമൊഴിച്ചു വരട്ടി ലേഹ്യമുണ്ടാക്കി. മിക്കവാറും പിള്ളേരെ കുളിപ്പിക്കുന്നതും ഇങ്കു കൊടുക്കുന്നതും അയാൾതന്നെയായിരുന്നു. ശരീരം അനുവദിച്ചിരുന്നെങ്കിൽ അമ്മിഞ്ഞ കൊടുക്കുന്ന കാര്യവും അയാൾ തന്നെ ചെയ്‌തേനെ. തോളത്തും എളികളിലുമായി പിള്ളേരെയെടുത്ത് മുറ്റത്തും വഴിയിലുമൊക്കെ നിൽക്കുന്ന കുട്ടപ്പനെക്കണ്ടാൽ നിറയെ പിള്ളേരുണ്ടാകുന്ന ചെറിയ ഒരു കുറ്റിമരമാണയാൾ എന്നു തോന്നും.
അങ്ങനെ അയാൾ തോളത്തു കൊണ്ടുനടന്ന പിള്ളേരാണ്, വർഷങ്ങൾക്കിപ്പുറം തണ്ടും തടിയും വച്ച്, പരുപരുത്ത ഒച്ചയിൽ മുട്ടൻ തെറി വിളിച്ചുകൊണ്ട് കുട്ടപ്പനാശാരിയുടെ കൈപിടിച്ചു വളച്ചൊടിച്ചത്.
കമലാക്ഷിയേടത്തിയുടെ പുരയിൽ പമ്മിപ്പതുങ്ങിച്ചെന്നു ചൂടുവെള്ളം വീണു പൊള്ളുന്നതുവരെ പൊന്നപ്പൻ, കുട്ടപ്പന്റെ ദൈവമായിരുന്നു. അന്നു രാത്രിയിൽ പൊന്നപ്പന്റെ നിലവിളികേട്ട് കുട്ടപ്പൻ മാത്രമേ ഓടി വന്നുള്ളൂ.
പൊള്ളൽ സഹിക്കാതെ മുറ്റത്തു കിടന്ന് ഉരുളുകയായിരുന്നു പൊന്നപ്പൻ. മണ്ണെണ്ണവിളക്കും പിടിച്ച് പുരയുടെ വാതിൽക്കൽ കമലാക്ഷി നിൽപ്പുണ്ടായിരുന്നു. തിളച്ച വെള്ളം വാർന്നു തീരാത്ത ചളുങ്ങിയ ഒരു അലുമിനിയം ചരുവം എടുത്തെറിഞ്ഞതിന്റെ പെരുപ്പുമാറാതെ അടുത്തു തന്നെ കിടപ്പുണ്ടായിരുന്നു.
"കൊണ്ടുപോ... അല്ലെങ്കിൽ അവന്റെ മൊഴക്കോലു ഞാൻ ചവിട്ടിയൊടിക്കും.' കമലാക്ഷിയേടത്തി പറഞ്ഞു. പിടിച്ച് എഴുന്നേൽപ്പിച്ചു പൊന്നപ്പനേയും കൊണ്ടു കുട്ടപ്പൻ നടന്നു. അപ്പോൾ വീണ്ടും കമലാക്ഷിയേടത്തിയുടെ ശബ്ദം: "എടാ കുട്ടപ്പാ, എട്ടും പൊട്ടും തിരിയാത്ത പെമ്പിള്ളേരെയൊന്നും നീയീ നാറികളുടെ അടുത്തേക്കു കെട്ടിക്കൊണ്ടു ചെന്നേക്കരുത്!'
പൊന്നപ്പൻ ഒന്നും പറഞ്ഞില്ല. കുട്ടപ്പൻ ഒന്നും ചോദിച്ചുമില്ല.
"നിങ്ങക്കിതെന്തുപറ്റിയതാ?'
പൊന്നപ്പന്റെ പണിക്കത്തി ചോദിച്ചു.
പൊന്നപ്പൻ മറുപടി നൽകിയില്ല.
ചേട്ടന്റെ പൊള്ളിയ ഭാഗത്തെല്ലാം ആട്ടിൻപാലൊഴിച്ചു കഴുകിയിട്ട് കുട്ടപ്പൻ ഒരാഴ്‌ച മാവില അരച്ചുതേച്ചു. ചേട്ടനുവേണ്ടി രാവിലെ മാവില പറിക്കാൻ പോയപ്പോൾ പറമ്പിൽ പുല്ലുചെത്തിക്കൊണ്ടിരുന്ന ചെല്ലമ്മ ചോദിച്ചു:
"പൊന്നപ്പനാശാരിക്ക് എന്തു പറ്റിയതാ?'
"കുളിക്കാൻ വച്ച ചൂടുവെള്ളം മറിഞ്ഞുവീണതാ.' കുട്ടപ്പൻ പറഞ്ഞു.
പിറ്റേദിവസവും അവൾ ചോദിച്ചു:
"പൊന്നപ്പനാശാരിക്ക് എന്തുപറ്റിയതാ?'
"കുളിക്കാൻ വച്ച ചൂടുവെള്ളം മറിഞ്ഞുവീണതാ.' കുട്ടപ്പൻ പറഞ്ഞു.
പിറ്റേദിവസവും അവൾ ചോദിച്ചു: " സത്യാാായിട്ടും പൊന്നപ്പനാശാരിക്ക് എന്തുപറ്റിയതാ?' പത്തുനാൽപ്പതു വയസ്സായെങ്കിലും അവളുടെയൊച്ച നല്ല ഇമ്പമുള്ളതായിരുന്നു.
കുട്ടപ്പൻ സത്യം പറഞ്ഞു. സത്യം പറഞ്ഞ കുട്ടപ്പനെ ചെല്ലമ്മയ്‌ക്ക് വലിയ ഇഷ്ടമായി. തന്നെക്കൊണ്ടു സത്യം പറയിച്ച ചെല്ലമ്മയെ കുട്ടപ്പനും.
മാവില അരച്ചു തേക്കുന്നതിനിടയിൽ കുട്ടപ്പൻ ചോദിച്ചു:
"ചേട്ടാ, അവളെ ഞാൻ കെട്ടിക്കോട്ടെ?'
"ആരെ?'
"ചെല്ലമ്മയെ...'
"കൂടോത്രക്കാരൻ വേലാണ്ടിയുടെ സന്തതിയല്ലേ! അവളുടെ തള്ളേം തന്തേം വിഷം കഴിച്ചു ചത്തതാണല്ലോ. ശാപം പിടിച്ച് ചൊവ്വില്ലാത്ത കുടുംബമാ. അല്ലെങ്കിലും ആരുമില്ലാതെ അമ്പലാതിച്ചു നടക്കുന്നവളെ നീയെന്തിനാ കെട്ടുന്നത്?'
ചിത്രീകരണം: ദേവപ്രകാശ്
പണിക്കിടയിൽ പുരപ്പുറത്തുനിന്നു വീണു ചാകുന്നതും കെട്ടിയ പെണ്ണിനെയിട്ടിട്ടു പോകുന്നതും കൂടപ്പിറപ്പിന്റെ പെമ്പിറന്നോത്തിയുടെ കൂരയിൽ പതുങ്ങിച്ചെല്ലുന്നതും ചൊവ്വൊള്ള കാര്യമാണോയെന്നു ചിന്തിച്ചെങ്കിലും, ചോദിക്കുവാൻ കുട്ടപ്പന്റെ നാവു പൊന്തിയില്ല.
അവൻ അന്നു പശുവിനെ തൊഴുത്തിൽ നിന്നഴിച്ചു കെട്ടിയില്ല. പൊന്നപ്പന്റെ പണിക്കത്തി അലക്കിയിട്ട തുണികൾ അഴയിൽ നിന്നെടുത്തില്ല. ചേട്ടന്റെ ദേഹത്ത് അരച്ചുപുരട്ടുവാനുള്ള മാവില പറിക്കുവാൻ പോയില്ല. കത്തുന്ന വെയിലിൽ വെറുതെ അലഞ്ഞുനടന്നു. നാടുവിട്ടുപോയ വാസുദേവൻ ചേട്ടനെപ്പറ്റിയും അയാൾ ഉപേക്ഷിച്ചുപോയ കമലാക്ഷിയേടത്തിയെപ്പറ്റിയും ചിന്തിച്ചു. കാട്ടുചെടിപോലെ വളരുന്ന അവരുടെ മക്കൾ തന്നെ കണ്ടാൽ "കൊച്ചച്ചാ' എന്നു വിളിച്ചോണ്ട് ഓടി വരും. താൻ ഒക്കത്തെടുത്തു വളർത്തി പൊണ്ണന്മാരാക്കിയ പൊന്നപ്പന്റെ മക്കളോ? പൊന്നപ്പന്റെ പെണ്മക്കൾ രണ്ടും കെട്ടിച്ചുവിട്ടതിൽപ്പിന്നെ തിരിഞ്ഞുകേറിയിട്ടില്ല. ആൺമക്കൾ രണ്ടും തന്തയെപ്പോലെ തന്നെ തഴച്ചുവളർന്നു മീശ വച്ചു. തരംകിട്ടിയാൽ തെറി പറഞ്ഞു. കള്ളുകുടിച്ചു. പെണ്ണുങ്ങളുടെ കുളിക്കടവിൽ എത്തിനോക്കി. മൂത്തവൻ പെണ്ണുകെട്ടിയതാണ്. അവന്റെ ഭാര്യ പ്രസവത്തിന് പോയിരിക്കുകയാണ്. നാളെയോ മറ്റന്നാളോ വരും. പൊന്നപ്പൻചേട്ടന്റെ പിള്ളേർ വളർന്നപ്പോൾ താനെങ്ങനെയാണ് അവരുടെ കണ്ണിൽനിന്നു മാഞ്ഞുപോയതെന്നു കുട്ടപ്പനു പിടികിട്ടിയില്ല.
ഇരുട്ടുപറ്റിയാണ് അന്ന് കുട്ടപ്പൻ വീട്ടിലെത്തിയത്. നല്ല വിശപ്പുണ്ടായിരുന്നു. ഉളി രാകി മിനുക്കി ഇളംതിണ്ണയിലിരുന്ന പൊന്നപ്പൻ അയാളെ കണ്ട ഭാവമേ പ്രകടിപ്പിച്ചില്ല. അടുക്കളയിലേക്കു ചെന്നപ്പോൾ കഞ്ഞിക്കലം മെഴക്കി കമഴ്‌ത്തിയിരിക്കുന്നു. തിന്നിട്ടു കഴുകാത്ത പിഞ്ഞാണങ്ങളിൽ കടിച്ചു തുപ്പിയ മീൻമുള്ള്.
മൺകലത്തിൽനിന്ന് കുറച്ചു വെള്ളമെടുത്തു കുടിച്ചിട്ട് തിരിഞ്ഞുനോക്കിയപ്പോൾ പൊന്നപ്പന്റെ കെട്ടിയവൾ എന്തോ അശ്രീകരം കണ്ടപോലെ കുട്ടപ്പനെ നോക്കി നിൽക്കുന്നു.
"അതേ... തോന്നുമ്പം തോന്നുമ്പം മടുമടെ എടുത്തു കുടിക്കാൻ നിങ്ങടെ വേലക്കാരിയൊന്നുമല്ല ഇവിടെ വെള്ളംകോരി വച്ചേക്കുന്നെ!'
ഒരൊറ്റദിവസംകൊണ്ട് പൊന്നപ്പൻചേട്ടനും ഭാര്യയും താനും അമ്പേ മാറിപ്പോയെന്നു കുട്ടപ്പനു തോന്നി. അതോ, പണ്ടുമുതലേ ഇങ്ങനെയൊക്കെത്തന്നെയായിരുന്നോ? ചിലതൊക്കെ സത്യത്തിൽ അങ്ങനെയായിരുന്നുവെന്ന് പെട്ടെന്നൊരു ദിവസം മനസ്സിലാകും. അത്രേയുള്ളൂ. അല്ലാതെ, പ്രത്യേകിച്ച് ആർക്കും ഒന്നിനും മാറ്റമൊന്നുമുണ്ടായിട്ടല്ല.
കുട്ടപ്പൻ, പായ എടുത്തു കോന്തളത്തിൽ വിരിച്ചു കിടന്നു. രാവിലെ ഉണർന്നപ്പോൾ വല്ലാത്ത ശരീരവേദന. എഴുന്നേൽക്കുവാൻ തോന്നിയില്ല. മഞ്ഞത്തു കിടക്കുന്നതുപോലെ വല്ലാത്ത തണുപ്പും.
"ആസനത്തിൽ വെയിലുകേറിയിട്ടും കെടുക്കുവാണോ? എഴുന്നേറ്റു മുറ്റമടിക്കടാ...'
സഞ്ചിയും മുഴക്കോലുമായി പണിക്കു പോകാനൊരുങ്ങുന്ന പൊന്നപ്പൻചേട്ടനെ കണ്ട് എഴുന്നേൽക്കുവാൻ ശ്രമിച്ചു. പെട്ടെന്ന് എന്തോ കണ്ടിട്ടെന്നപോലെ കുട്ടപ്പന്റെ അടിവയറ്റിലേക്കു കുനിഞ്ഞു നോക്കിയിട്ട് പൊന്നപ്പൻ പറഞ്ഞു:
"ആ മറ്റേ മോള്ടെ പേര് പറഞ്ഞപ്പഴേ നീയിവനിട്ട് തളിച്ചുകൊടുത്തല്ലോ കാളിയമ്മേ...!'
എന്താ കാര്യമെന്നു മനസ്സിലാകാതെ കുട്ടപ്പൻ സ്വന്തം വയറ്റത്തേക്കു നോക്കി. വെള്ളത്തിന്റെ തുള്ളികൾ തുളുമ്പി നിൽക്കുന്നപോലത്തെ കുമിളകൾ.
"നാശം പിടിച്ചവനേ! എറങ്ങിക്കോ... എങ്ങോട്ടേലും. നീയോ... ഒടുങ്ങാൻ പോകുവാ! ഞങ്ങളേം കൂടി കൊല്ലിക്കരുത്...!'
പൊന്നപ്പൻ ഒച്ചയിടുന്നതുകേട്ടു പണിക്കത്തിയും അങ്ങോട്ടു വന്നു.
"കണ്ടില്ലേ... കാവിലമ്മേടെ കോപമാ.' പൊന്നപ്പൻ ചൂണ്ടിക്കാണിച്ചു.
കുട്ടപ്പന്റെ വയറ്റത്തു പൊങ്ങിയ പോളകണ്ട് പണിക്കത്തി ചങ്കത്തടിച്ചു.
"അയ്യോ! അയ്യയ്യോ! എന്റെ കുമാരനല്ലൂരമ്മേ...!'
അടുത്തനിമിഷം പണിക്കത്തി അലറി: "എറങ്ങടാ വെളിയിൽ!'
"അങ്ങനെ പറയല്ലേ! ഞാനെവിടെ പോകാനാ...' കുട്ടപ്പൻ കൈകൾ കൂപ്പി.
പണിക്കത്തിയുടെ തെറിച്ചുവയുള്ള ശകാരവാക്കുകൾ പൊന്നപ്പനാശാരിയിൽ ഊറ്റം കയറ്റി.
"എന്റെ വാച്ചിലേന്ന് എറങ്ങാനാ പറഞ്ഞത്!'
അയാൾ മുഴക്കോൽ വീശി മുന്നോട്ടടുത്തു.
അതുകണ്ടപ്പോൾ കുട്ടപ്പന്റെ പിടിവിട്ടുപോയി.
"ചൊണയൊണ്ടെങ്കിൽ തല്ലെടാ...'
ബാധ കേറിയ മട്ടിൽ കുട്ടപ്പൻ ചാടി എഴുന്നേറ്റു.
പൊന്നപ്പന്റെ മേലാകെ തീപ്പൊരി മിന്നി. അയാൾ മുഴക്കോൽ വീശി തലങ്ങും വിലങ്ങും കുട്ടപ്പനെ തല്ലി. അടികൊണ്ടപ്പോൾ കുട്ടപ്പന് ഉശിരു കൂടി.
"പൊരപ്പൊറത്തുന്ന് തന്തേനെ തള്ളിയിട്ടവനല്ലേടാ! ഒണക്കനീലാണ്ടന്റെ കെട്ടിയോളെ പൊതിച്ചു നടന്നവനല്ലേടാ! കൂടെപ്പിറപ്പിന്റെ പെമ്പിറന്നോത്തിയെ കൊതിച്ചു ചെന്നിട്ട് തെളച്ച വെള്ളത്തിൽ പിടുക്ക് വെന്തിട്ട് നെലവിളിച്ചവനല്ലേടാ...!'
ഏതോ നാടൻകലാരൂപത്തിന്റെ വായ്‌ത്താരിപോലെ പൊന്നപ്പന്റെ പതിറ്റാണ്ടുകളുടെ രഹസ്യം കുട്ടപ്പന്റെ നാവിൽനിന്നുമൊഴുകിയിറങ്ങി. മുഴക്കോൽ ഒടിഞ്ഞിട്ടും കുട്ടപ്പൻ അടങ്ങുന്നില്ലെന്നു കണ്ടപ്പോൾ പൊന്നപ്പൻ ഉറക്കെ വിളിച്ചു:
"പൊലയാടി മക്കളേ! എവിടെയാടാ...?'
കമ്പിപ്പുസ്‌തകം വായിച്ചുകൊണ്ട് പുരയ്‌ക്കകത്തിരുന്ന രണ്ടു മക്കളും ഓടിവന്നു.
"ഈ നാറീടെ നാക്കു പിഴുതെടുക്കെടാ...!' പൊന്നപ്പൻ ആക്രോശിച്ചു.
ഒരുപാടു കൊഞ്ചിച്ചിട്ടുള്ള കൊച്ചച്ഛന്റെ ചുണ്ടു നോക്കി ഒന്നാമൻ ഒറ്റയിടി. കുട്ടപ്പൻ വട്ടംകറങ്ങി നിലത്തുവീണു. രണ്ടാമൻ അയാളെ വാരിയെടുത്തു ഭിത്തിയിൽ ചേർത്തുപിടിച്ചു കഴുത്തിൽ ഞെക്കി മിണ്ടാട്ടം മുട്ടിച്ച തക്കത്തിന് ഒന്നാമൻ കൈകൾ രണ്ടും പിന്നിലേക്കു തിരിച്ചൊടിച്ചു. തൊണ്ടയമർത്തിപ്പിടിച്ചിരുന്നതിനാൽ ഒച്ചയുണ്ടാക്കാനാവാത്ത കുട്ടപ്പന്റെ നിലവിളി ഉടലിന്റെ പിടച്ചിലായി.
ചേട്ടനും അനിയനും കൂടി കുട്ടപ്പനെയെടുത്ത് അവരുടെ വാച്ചിന്റെയപ്പുറത്തെ ഉമ്മവും കാരമുള്ളും പടർന്ന അഞ്ചുസെന്റിലേക്കു വലിച്ചെറിഞ്ഞു.
"പോകിനെടാ കഴുവർട മക്കളേ! അവനെ നിങ്ങള് കൊന്നോടാ?' വെട്ടുകത്തിയുമായി കമലാക്ഷിയേടത്തി ഓടിവന്നു. പിന്നാലെ അവരുടെ രണ്ടു മക്കളും. കമലാക്ഷിയും മക്കളും കൂടി കുട്ടപ്പനെ താങ്ങിയെടുത്ത് അവരുടെ പുരയിലേക്കു കൊണ്ടുപോയി. വൈദ്യരെ വരുത്തി ഒടിവിനു വച്ചുകെട്ടി. പോള പൊങ്ങിയയിടത്തൊക്കെ വെളിച്ചെണ്ണയിൽ കുഴച്ച മഞ്ഞൾ തേച്ചു. കിടക്കാൻ ആരുവേപ്പില വിരിച്ചു. ഉടലിലേക്കാൾ വേദന ഉള്ളിൽ നിറച്ച് തിരിഞ്ഞും മറിഞ്ഞും കുട്ടപ്പൻ കിടന്നു.
കമലാക്ഷി അടുത്തു വന്നു.
"മോനേ...'
അങ്ങനെയൊരു വിളി കുട്ടപ്പൻ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു കേൾക്കുന്നത്. ജീവിതത്തിൽ കമലാക്ഷി അങ്ങനെയൊരാളെ വിളിക്കുന്നതും ആദ്യമായിട്ടായിരുന്നു.
അതിജീവനത്തിനുള്ള വെപ്രാളത്തിനിടയിൽ മക്കളെപ്പോലും അങ്ങനെ വിളിക്കുവാൻ അവർക്കു പറ്റിയിട്ടില്ലായിരുന്നു. കമലാക്ഷിയുടെ മക്കൾ അതിശയത്തോടെ പരസ്‌പരം നോക്കി. ഇതുവരെ കരുതിയതിലും വിശേഷപ്പെട്ട ഒരാളായി കുട്ടപ്പനെ അവർക്കു തോന്നി.
"കൊച്ചച്ഛാ...' അവർ വിളിച്ചു.
"മക്കളേ...' കുട്ടപ്പൻ വിളികേട്ടു. അവരുടെ വിളിയും പറച്ചിലും മരുന്നിനേക്കാൾ ഗുണം ചെയ്‌തു. അസ്ഥികൾ വേഗം മുറികൂടി. ദേഹത്തെ പോളകൾ ചുങ്ങി ദീനം മാറി. ആഴ്‌ചകൾക്കുള്ളിൽ കുട്ടപ്പൻ വീടിനു പുറത്തിറങ്ങി.
"മോനേ, നീയിനി എന്റെ പിള്ളേരടെ കൊച്ചച്ഛൻ മാത്രമല്ല. ചേട്ടനും കൂടിയാ. നീ വേണം അവരെ നല്ല പണിക്കാരാക്കാൻ!'
പണിയായുധങ്ങൾ നിറച്ച സഞ്ചികളുമായി മക്കളെയും കൂട്ടി കമലാക്ഷി ഇറങ്ങിവന്നു.
"ഞാനോ...?'
കുട്ടപ്പൻ അന്ധാളിച്ചു.
"അതെ, ഞാൻ കെട്ടിക്കേറി വന്ന കാലത്ത് കണ്ടിട്ടൊണ്ട്... പൊന്നപ്പന്റെ മക്കൾക്ക് നീ മരത്തടീൽ ഒന്നാന്തരം വണ്ടികളും കളിവീടുകളും പണിഞ്ഞുകൊടുക്കുന്നത്. മനസ്സുവച്ചാ മരം നിന്റെ ഇഷ്ടത്തിന് നിന്നുതരും.'
അങ്ങനെ ഒരു കാലം തനിക്ക് ഉണ്ടായിരുന്നുവെന്ന് അപ്പോഴാണ് കുട്ടപ്പൻ ഓർമിച്ചത്.
"കൊറച്ചു പണിയൊക്കെ എനിക്കുമറിയാം.'
പറഞ്ഞുവച്ചിരുന്ന പണിസ്ഥലത്തേക്ക് മക്കളേയും കുട്ടപ്പനേയും കൂട്ടി അവർ നടന്നു. വഴിയ്‌ക്കുവച്ചു ചെല്ലമ്മയെ കണ്ടു. കുട്ടപ്പൻ ചോദിച്ചു:
"ഇവളെ ഞാൻ കെട്ടിക്കോട്ടേ ചേട്ടത്തിയമ്മേ...'
"പ്ഫാാാ...’ കമലാക്ഷി ഉച്ചത്തിൽ ആട്ടി. എന്നിട്ട് കുട്ടപ്പന്റെ നേരെ തിരിഞ്ഞുനിന്ന് പറഞ്ഞു:
"ബോധിച്ച പെണ്ണിനെ കെട്ടാൻ ഒരു പട്ടീടേം ഓശാരം നോക്കല്ല്. അതാടാ ആണത്തം.'
കാലങ്ങൾ കൂടിയാണ് അന്നു കുട്ടപ്പൻ ഉളിയെടുത്തത്. എങ്കിലും അവന്റെ കൈവേഗവും കണിശതയും പണിസ്ഥലത്തു നിന്നവരെ അതിശയിപ്പിച്ചു. പണി കഴിഞ്ഞു വന്നു മേലുകഴുകുമ്പോൾ പൊന്നപ്പന്റെ വീട്ടിലെന്തോ ഒച്ചയും ബഹളവും. കിടപ്പുമുറിയിലേക്ക് തിരുവുളിവച്ചു തുളയിട്ട് ഒളിഞ്ഞുനോക്കിയതിന് തന്തയെ കഴുത്തിനു കുത്തിപ്പിടിച്ചു തെറിവിളിക്കുകയാണ് മൂത്ത ചെറുക്കൻ.
അങ്ങോട്ടു ചെല്ലണോ വേണ്ടയോ എന്നു ചിന്തിച്ച് കുട്ടപ്പൻ മുറ്റത്തിറങ്ങിനിന്നപ്പോൾ കമലാക്ഷി വിളിച്ചു: "മക്കളേ, വാ. കഞ്ഞി കുടിക്കാം.'
കമലാക്ഷിയുടെ മക്കളും വിളിച്ചു: "കൊച്ചച്ഛാ, വാ. കഞ്ഞി കുടിക്കാം.'
"നിങ്ങൾ കഴിച്ചിട്ടു കിടന്നോ. ഞാനൊന്നു പുറത്തുപോയിട്ടുവരാം.'
പുറത്തേക്കു നടന്നപ്പോൾ ഇരുട്ടിനെ ഇരുട്ടായിട്ടു കുട്ടപ്പനു തോന്നിയില്ല. മുല്ലപ്പൂ മണക്കുന്ന മുടിപോലെ ഇരുട്ട് കുട്ടപ്പനെ തഴുകി. കാലുകൾ കാണാപ്പാഠം പഠിച്ചതുപോലെ നെടുങ്കനെയുള്ള കയ്യാലയിലെ കുത്തുകല്ലുകൾ കയറി കുട്ടപ്പൻ ഒരു കൊച്ചുവീടിന്റെ മുറ്റത്തുനിന്നു. സ്വന്തം വീടിന്റെ വാതിലിൽ മുട്ടുന്നതുപോലെ മുട്ടി. മണ്ണെണ്ണെ വിളക്കുമായി വന്നു വാതിൽ തുറന്നതു ചെല്ലമ്മയായിരുന്നു.
"കണ്ടില്ലല്ലോ, കണ്ടില്ലല്ലോ...എന്നു വിചാരിച്ചിരിക്കുകയായിരുന്നു...' അവൾ പറഞ്ഞു.
താൻ ഇന്നലെയും മിനിഞ്ഞാന്നുമെന്നല്ല, കാലങ്ങളായി അവളോടൊപ്പമായിരുന്നു താമസമെന്ന് കുട്ടപ്പനും തോന്നി.
"മീനും മിനുങ്ങുമൊന്നും മേടിക്കാൻ പറ്റിയില്ല. മൊളകുപൊട്ടിച്ചതും പപ്പടോമൊണ്ട്. ഒരു ദിവസം അങ്ങനേം കഴിക്കാം അല്ലേ?' അവൾ ചോദിച്ചു.
കുട്ടപ്പൻ ചിരിച്ചു.
ചെല്ലമ്മ കഞ്ഞി വിളമ്പി.
ദൂരെനിന്നും പൊന്നപ്പന്റെ ചെറുക്കന്റെ തെറിവിളി കേൾക്കാം.
"നീയാ വാതിലടച്ചേക്ക്...'
അവൾ വാതിലടച്ചു കുറ്റിയിട്ടു. മുറിക്കുള്ളിൽ ചെല്ലമ്മയുടെയും കുട്ടപ്പന്റെയും മണം കൂടിക്കലർന്നു .










0 comments