ad
Deshabhimani

കഥ

അവിഹിതസുന്ദരലോകം

ചിത്രീകരണം: കെ പി മുരളീധരൻ
avatar
ഉണ്ണി ആർ

Published on Apr 06, 2026, 11:37 AM | 8 min read



ടശ്ശേരിയുടെ ആ ഭീകരന്മാരോളം വരില്ലെങ്കിലും ഈ മൂന്നുപേർ ‐ രാജീവൻ പാലത്തിങ്കൽ, നാരായണൻ, സി കെ ബി ‐ -എനിക്കും ചെറിയതരത്തിൽ ഭീകരന്മാരാണ്. കഴിഞ്ഞ എത്രയോ വർഷങ്ങളായി ഒരു എഴുത്തുകാരനാകണമെന്ന ആഗ്രഹത്തിലാണ് ഞാൻ ജീവിക്കുന്നതെന്ന് പറഞ്ഞാൽ നിങ്ങളാരും വിശ്വസിക്കില്ല. ദിവസം ഒരു കഥ വെച്ച് എഴുതാറുണ്ട്. എഴുതിയതെല്ലാം ഇവരെ കാണിക്കും. അവർ പറയും ശരിയായിട്ടില്ല സന്തോഷേയെന്ന്. മൂന്നുപേരും പറയുന്ന നിർദേശങ്ങളോടെ മാറ്റി എഴുതും. അപ്പോഴും പോരാ പോരാ എന്നുപറയും. എന്നെങ്കിലും ഈ ഭീകരന്മാർ കഥ അപ്രൂവ് ചെയ്യുന്ന മനോഹര നിമിഷത്തെ സ്വപ്‌നം കാണുകയല്ലാതെ ഒരിക്കലുമാ സന്ദർഭം ഉണ്ടായിട്ടില്ല. എന്നാൽ ഈ കഥയുടെ കഥ അങ്ങനെയല്ല. ഇതാണ് ആ കഥ:

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

കടൽക്കൊള്ളക്കാരുടെ കഥകളോ പുരാണത്തിലെ അതിമാനുഷരുടെ അവിശ്വസനീയ പ്രവൃത്തികളോ ഒന്നുമല്ല, ഒളിച്ചുനോട്ടക്കാരുടെ സാഹസികകൃത്യങ്ങളായിരുന്നു കുട്ടിക്കാലത്ത് അവനെ ഹരം പിടിപ്പിച്ചിരുന്നത്. എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ കുടമാളൂരിലെ നിശാസഞ്ചാരികൾ പുറത്തിറങ്ങും. പുതുതായി കല്യാണം നടന്ന വീടുകളാണ് ഇവരുടെ ലക്ഷ്യസ്ഥാനം. (കല്യാണമില്ലാത്ത മാസങ്ങളിൽ ഇവർ പുതിയ അന്വേഷണ പരീക്ഷണങ്ങൾ നടത്തുന്നതിൽ ശ്രദ്ധപുലർത്തിയിരുന്നു. അതെന്തെന്ന് പിന്നീടെപ്പോഴെങ്കിലും പറയാൻ ഇടവരട്ടെ). കല്യാണം നടന്ന വീടുകളിലേക്ക് രാത്രിയിൽ എങ്ങനെയെത്തണമെന്ന പദ്ധതികൾ വൈകുന്നേരം തന്നെ സ്‌കൂൾ മൈതാനത്ത് ഒന്നിച്ചിരുന്ന് തയ്യാറാക്കും. തെക്കേടത്ത് മനയ്‌ക്കടുത്തുള്ള നായർ സാറിന്റെ മകന്റെ ആദ്യരാത്രി ഒളിച്ചു കാണുവാൻ മൂന്നുപേർ നടത്തിയ തയ്യാറെടുപ്പുകൾ ഇങ്ങനെയായിരുന്നു: ഒരാൾ പടിഞ്ഞാറ്റേക്കാവ് വഴി വരിക. മറ്റൊരാൾ ജിപി ചേട്ടന്റെ കടയ്‌ക്ക്‌ മുന്നിലെ കുത്തനെയുള്ള ഇറക്കമിറങ്ങി നേരെ വരണം. മൂന്നാമൻ ചെറുകരി പാടം മുറിച്ചും. മൂന്നുദിക്കിലൂടെ ആ വീട് വളഞ്ഞശേഷം നിശ്ശബ്ദമായി നവദമ്പതികളുടെ മണിയറയിലേക്ക് ഒരാൾക്കുശേഷം മറ്റൊരാളെന്ന അച്ചടക്കം പാലിച്ചേ നോക്കാവൂ. ഒരാളും അമിതാനന്ദത്തിൽ മതിമറക്കുകയോ മറ്റേയാളുടെ ഊഴത്തിന് ഭംഗം വരുത്തുകയോ പാടില്ല. ഒളിനോട്ടത്തിൽ പാലിക്കേണ്ട നിയമങ്ങൾ തെറ്റിക്കുന്നവർ പനമ്പാലം ഷാപ്പിൽനിന്ന്‌ കള്ളും കപ്പയും പിഴയായി ഒടുക്കണം. പണിയൊന്നുമില്ലാത്തവരായതുകൊണ്ട് ഇവർക്കെല്ലാം നിയമത്തെ അംഗീകരിക്കുകയല്ലാതെ മറ്റൊരു മാർഗവും ഇല്ലായിരുന്നു.


സ്‌കൂൾ മൈതാനത്തിലെ വൈകുന്നേരവെളിച്ചത്തിലാണ് ഇരുട്ടിലെക്കാണികൾ തലേരാത്രിയെ വിവസ്‌ത്രയാക്കുന്നത്. രഹസ്യം നുണയുവാൻ കാത്തിരിക്കുന്നവരിലേക്ക് ഒട്ടും തിടുക്കപ്പെടാതെ ജലത്തുള്ളിയെന്നപോലെയാണ് കഥയഴിഞ്ഞ് വീഴുക. സ്വന്തം വീട്ടിൽനിന്ന് പുറത്തു ചാടുന്നതുമുതലാണ് ആഖ്യാനം തുടങ്ങുന്നത്. ചുറ്റും ശ്രദ്ധിച്ചുള്ള, എന്നാൽ ആർക്കും സംശയം തോന്നിപ്പിക്കാതെയുള്ള നടത്തം. പട്ടിയുടെ കുര. കരിയിലയനക്കങ്ങളിലെ ഗൂഢഭയം. ഇതിനിടയിൽ ചില വീടുകളിലെ മുറികളിൽ ഉറങ്ങാതിരിക്കുന്ന വെളിച്ചങ്ങൾ ഉണ്ടാക്കുന്ന വശീകരണം. ആ പ്രലോഭനത്തെ ഒഴിവാക്കി ലക്ഷ്യത്തിലെത്താനുള്ള ചഞ്ചലമെങ്കിലും മനസ്സു കാണിക്കുന്ന ദൃഢത. ഈ പശ്ചാത്തല വിശദീകരണത്തിൽത്തന്നെ കേട്ടിരിക്കുന്നവരുടെ നെഞ്ചിടിപ്പ് പല താളങ്ങളിൽ ഉയർന്നുതാഴ്‌ന്നുകൊണ്ടിരിക്കും. രസച്ചരടിങ്ങനെ മുറുക്കുംതോറുമാണ് കേട്ടിരിക്കുന്നവരുടെ അധോതലത്തിൽ മറ്റൊരു സഞ്ചാരം തുടങ്ങുന്നത്. കേൾവിക്കാരുടെ തൊണ്ടയനക്കങ്ങളിൽ, കാലുകളുടെ പിണച്ചുവെക്കലുകളിൽ, സ്ഥലം മാറിയുള്ള ഇരിപ്പിൽ സഞ്ചാരത്തിന്റെ അടയാളങ്ങൾ തെളിഞ്ഞുവരും. ശരീരത്തിന് വന്നുപെടുന്ന ഈ സ്വാഭാവിക ഇളക്കങ്ങളെ അന്യോന്യം ശ്രദ്ധിക്കാതിരിക്കുവാൻ ശ്രോതാക്കൾ പരസ്‌പരം ശ്രദ്ധിച്ചിരുന്നു.

ചിത്രീകരണം: കെ പി മുരളീധരൻ

പിന്നീടാണ്, കാഴ്‌ചകളുടെ വിവരണം ആരംഭിക്കുന്നത്. അതിലെ വിശദാംശങ്ങൾ മൂന്നും മൂന്നു തരത്തിലാണ്. ഒരേ സ്ഥലം, ഒരേ കഥാപാത്രങ്ങൾ, എന്നാലോ മൂന്നുപേരും കാണുന്നത് മൂന്നുതരം കാഴ്‌ചകളും! വിവരണത്തിലെ അതിശയപ്പെടുത്തുന്ന ഈ വ്യത്യസ്‌തത ഒരേസമയം അമ്പരപ്പിക്കുകയും ഹരം പിടിപ്പിക്കുകയും ചെയ്യും. ആറടിപ്പൊക്കവും നെഞ്ച് വിരിവും ആരും നോക്കിനിന്നുപോവുന്ന ഒത്തൊരു ആഞ്ഞിലിമരം പോലുള്ള ഒരുവനായിരുന്നു നായർ സാറിന്റെ മകൻ. നന്നായി പഠിച്ച് നല്ല ജോലി വാങ്ങിയ ഒരാൾ. വീടും വായനശാലയും അമ്പലവുമൊക്കെയായി ജീവിക്കുന്ന സത്‌സ്വഭാവി. ആകാരത്തിന്റെ അഹങ്കാരം ഒട്ടും തീണ്ടാത്ത യുവാവ്. ഇയാൾ കല്യാണം കഴിച്ച പെൺകുട്ടിയാവട്ടെ വെളുത്ത് മെലിഞ്ഞവൾ. കല്യാണപ്പന്തലിൽ ഇവരെ ഒന്നിച്ചു കണ്ടപ്പോൾത്തന്നെ കുടമാളൂർക്കാർ പരസ്‌പരം നോക്കിയെന്നുള്ളത് സത്യമാണ്. ഈ പാവം പെങ്കൊച്ചിനെ ഇവൻ കടലാസ് പോലെ ചുരുട്ടിക്കളയുമല്ലോ എന്നുതന്നെയായിരുന്നു ആ നോട്ടങ്ങൾ വായുവിൽ എഴുതിവെച്ച വാക്യം. ആരുമത് ഉച്ചരിച്ചില്ല എന്നുമാത്രം.


ആഞ്ഞിലിമരം പുൽക്കൊടിക്കു മേലേക്ക് വീഴുന്നതും അത് ഭൂമിയോട് ചേർന്ന് തളർന്നുപോവുന്നതും കാണാനായി ആദ്യത്തെ നോട്ടം മെല്ലെ ഇറങ്ങിച്ചെന്നു. അരണ്ടവെട്ടത്തിൽ പരസ്‌പരം കണ്ണിൽക്കണ്ണിൽ നോക്കിയിരിക്കുന്ന അവർക്കരികിൽ ആ നോട്ടം പതുമ്മിനിന്നു. ഭോഗസ്‌നാനത്തിനു മുമ്പ്‌ ഇരുവരും കരയിൽ വസ്‌ത്രമഴിച്ച് വെച്ച്, ജലത്തിന്റെ താപമറിഞ്ഞ്, മെല്ലെ നീന്തിത്തുടങ്ങുന്നതുവരെയുള്ള സ്‌നാനഘട്ടങ്ങളെ ഭൂതക്കണ്ണാടിയിലൂടെ കാണുന്ന സൂക്ഷ്മതയോടെ അവർ മാറിമാറി നോക്കിയിരിക്കെയാണ് പെട്ടെന്നൊരു കരച്ചിൽ കയറിവന്ന് നോട്ടക്കാരന്റെ കണ്ണുകളെ മൂടിക്കളഞ്ഞത്. ശ്വാസോച്ഛ്വാസം വഴി അതെന്തെന്ന് കേട്ടിരിക്കുന്നവർ ചോദിച്ചു. അത്രനേരമുള്ള ആഖ്യാന വിടർച്ചയെല്ലാം ഉപേക്ഷിച്ച് അസ്സൽ കോട്ടയം ഭാഷയിൽ അവരുടെ രതിയെ അതിലൊരുവൻ ഒറ്റവാചകത്തിൽ ചുരുക്കി. "എടാ, അവള് മെലിഞ്ഞിരിക്കുന്നെന്നേയുള്ളൂ, ചെറുക്കൻ ഡിക്ഷണറിയിൽ വെച്ച സിഗരറ്റ് പോലെയായിപ്പോയി.' രതിക്രീഡയിൽ വണ്ണത്തിനും പൊക്കത്തിനും മസിലിനുമൊന്നും ഒരു നായകസ്ഥാനവുമില്ലെന്നുള്ള തത്വചിന്താപരമായ കണ്ടെത്തലോടെയാണ് അന്ന് ആ വിവരണം അവസാനിച്ചത്.


നായർ സാറിന്റെ മകനും മരുമകളും ഒന്നിച്ച് പോവുമ്പോൾ, അയാളുടെ നെഞ്ചും വിരിച്ചുള്ള നടത്തവും പിന്നാലെ മുഖം കുനിച്ചുള്ള ആ പെണ്ണിന്റെ നടത്തവും കാണുമ്പോൾ, ‘എന്നാലും എന്റെ ചേച്ചീ’ എന്നു അകമേ ജപിച്ചുകൊണ്ട് ഭയഭക്തിയോടെയാണ് അവരെ പിന്നീടെന്നും അവൻ നോക്കിനിന്നിട്ടുള്ളത്.

ഈ കാലത്തിനിടയിലാണ് കരികുളങ്ങര അമ്പലത്തിനു മുന്നിലെ വാടകവീട്ടിൽ ഒരു കുടുംബം താമസിക്കാനെത്തിയത്. സ്‌കൂൾ മുറ്റത്തുനിന്നു നോക്കിയാൽ ഈ വീടു കാണാം. മട്ടി ബിനുവും കുടുംബവുമാണ് പുതുതായി വന്ന താമസക്കാരെന്ന് നിശാചരികൾ പറഞ്ഞാണ് അവൻ അറിയുന്നത്. മട്ടി ബിനു ഗുണ്ടയാണ്, രണ്ടുപേരെ കൊന്നിട്ടുണ്ട്, ജയിലിൽ കിടന്നിട്ടുണ്ട് എന്നിങ്ങനെ ഒരറ്റത്ത് ഹിംസാത്മകമായ മട്ടി ബിനുക്കഥകളും മട്ടിയുടെ ഭാര്യയെ ഒന്നു കാണണം, നോക്കി നിന്നുപോവും എന്നീ മട്ടിൽ ഭാര്യയെക്കുറിച്ചുള്ള സുന്ദരലഹരീ സ്‌തോത്രങ്ങളുംകൊണ്ട്‌ രണ്ടുമൂന്നു ദിവസങ്ങൾ കടന്നുപോയി. സാഹസികരായ ചിലർ അവരെ ഒളിച്ചുനിന്നുകണ്ടിട്ട് അസൂയയോടെ പറഞ്ഞു: എന്നാലും ഇവനിത് എവിടെ നിന്ന് ഒപ്പിച്ചെടുത്തു!

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

ഒരു ദിവസം സ്‌കൂൾ മൈതാനത്ത് ആ രഹസ്യം പൊതിച്ചോറഴിക്കും പോലെ ആരോ വിടർത്തി വെച്ചു. ആവശ്യക്കാർ വേണ്ടുന്ന വറ്റുകൾ കൊത്തിയെടുത്തു. അങ്ങനെ മട്ടി ബിനു ഒരു പിമ്പ്‌ മാത്രമാണെന്നും ഭാര്യ വേശ്യയാണെന്നും അറിഞ്ഞതോടെ അവിടേക്കുള്ള ആവശ്യക്കാരുടെ ആഗ്രഹം പെരുകിയെങ്കിലും എല്ലാവരുടെയും കൊതി വീടിന് പുറത്തുനിന്ന് കുരച്ചു ക്ഷീണിച്ചതല്ലാതെ ഒരാളെപ്പോലും അവർ വീട്ടിൽ കയറ്റിയില്ല.

ആ സ്‌ത്രീ അയൽക്കാരോട് നല്ല രീതിയിൽ പെരുമാറി. പിരിവുകാരോട് ഉദാരമതിയായി. ഇതിനാലാവണം "ചീത്ത'യെങ്കിലും അവർ "നല്ല' സ്‌ത്രീയായിമാറാൻ അധികനാൾ എടുത്തില്ല. മട്ടിബിനു ഭീരുവും തല്ലുകൊള്ളിയുമായിരുന്നുവെന്ന് അധികനാൾ എടുക്കാതെ അദ്ദേഹം നാട്ടുകാരെ ബോധ്യപ്പെടുത്തി. കോട്ടയം പട്ടണത്തിലെ സമ്പന്നരും പോലീസുകാരുമാണ് നല്ല ചീത്തക്കാരിയുടെ ഇടപാടുകാരെന്ന് സ്‌കൂൾ മൈതാനത്ത് വർത്തമാനമുണ്ടായി. പണക്കാരെ ബൂർഷ്വകളായി പുച്ഛിക്കാനും പോലീസുകാരോടുള്ള ആജന്മ വൈരത്തിന് എരിവുകൂട്ടാനും ഈ വർത്തമാനം അധികമായിരുന്നു. ഒരിക്കലും ആ സ്‌ത്രീ ബസിൽ സഞ്ചരിച്ചില്ല. ഓരോ നാളിനും ഓരോ പക്ഷിയും വൃക്ഷവുമുള്ളതുപോലെ അവരുടെ നാളിന്റെ വാഹനം ഓട്ടോയായിരുന്നു. ആ യാത്രയിൽ സ്‌കൂൾ മൈതാനത്തെ യൗവനയുക്തരെ ചെറുചിരിയോടെ അനുഗ്രഹിക്കുവാൻ അവർ മറന്നിരുന്നുമില്ല.


ഈ സ്‌ത്രീ പിടിതരാത്ത വേശ്യാകുസുമമായി പരിമളം ചാർത്തി നിൽക്കുന്നതിനിടയിൽ പെട്ടെന്ന്, അതും അത്രയേറെ അപ്രതീക്ഷിതമായി മറ്റൊരു പൂവുകൂടി വിടർന്നു. ആദ്യമൊന്നും ആരും വിശ്വസിച്ചില്ല. ചാക്കോപ്പിള്ളേച്ചന്റെ ഭാര്യ ജലജയാണ് പുതുതായി വിടർന്നത്. സംഭവം സത്യമാണെന്ന് രാത്രിഞ്ചരർ തെളിവു സഹിതം പറഞ്ഞതോടെ ജലജയും മൈതാനത്തെ കൗമാര, യൗവനങ്ങളെ നെരിപ്പോടിലിരുത്തുവാൻ തുടങ്ങി. ജലജയുടെ നാലാങ്ങളമാരും മൈതാനത്ത് കളിക്കാൻ വരുന്നവരാണ്. കൂട്ടുകാരുടെ പെങ്ങളായതിനാൽ ജലജയെ മോശമായൊരു നോട്ടം കൊണ്ടുപോലും ആരും മുറിവേൽപ്പിച്ചിട്ടില്ല. ഇതറിഞ്ഞതോടെ ആങ്ങളമാരെ വെട്ടിച്ച് എല്ലാ നോട്ടങ്ങളും ജലജയുടെ പിന്നാലെയായി. ജലജയും മട്ടി ബിനുവിന്റെ ഭാര്യയുടെ അതേ നിലപാടിലാണ് തന്റെ കർമപദ്ധതി ആവിഷ്‌കരിച്ചിരുന്നത്. അയൽക്കാർക്കും നാട്ടുകാർക്കും പ്രവേശനമില്ല. ജലജയുടെ തുടക്കം പട്ടണത്തിൽനിന്നുമായിരുന്നുവെങ്കിലും പിന്നീട് വീട്ടിൽ വിരുന്നൊരുക്കുകയാണ് നല്ലതെന്ന് തീരുമാനിച്ചു. അയൽക്കാരെല്ലാം ബന്ധുക്കളായതുകൊണ്ട് അവർക്ക് മറിച്ചൊന്നും പറയാനുമില്ലായിരുന്നു. പറഞ്ഞാൽ പിള്ളേച്ചന്റെ തെറി അന്നനാളം കീറുമെന്നുള്ള അനുഭവം അവർക്കെല്ലാമുണ്ട്. ചാക്കോപ്പിള്ളേച്ചൻ ഇടയ്‌ക്കിടയ്‌ക്ക്‌ മിലിട്ടറി റം മൈതാനത്തിലെ ലൈംഗികാസ്വസ്ഥഭരിതർക്ക് വിതരണം ചെയ്യുന്നതിനാൽ ജലജാകേളിയിൽ അവർക്കു മറുത്തൊന്നും പറയാനുമില്ലായിരുന്നു.


പാതിരാക്രീഡകൾ കാണുന്നതിൽ ജലജയ്‌ക്ക് വിരോധമില്ലെന്നു ഒളിനോട്ടത്തിലെ ഗുരുക്കന്മാർ പറഞ്ഞതോടെ അവന്റെ അടിവയറ്റിൽ നിന്നുമുയർന്ന കാളൽ ഹൃദയത്തെ എരിച്ചുകൊണ്ട് നാവിൽ ഉമിനീരിനൊപ്പം തിളച്ചു. ആ തിളയ്‌ക്കൽ മുഷ്ടിയുടെ പോക്കുവരവുകളിലേക്ക് അവൻ വഴിതിരിച്ചുവിട്ടു. മട്ടി ബിനുവിന്റെ ഭാര്യയെ എന്നെന്നേക്കുമായി കുടിയൊഴിപ്പിച്ച് പിന്നീടുള്ള നിരന്തര മുഷ്ടിധ്യാനത്തിലേക്ക് അങ്ങനെയാണ് ജലജ കുടിയേറിയത്. ഇമപോലുമിളക്കാതെ, കണ്ണിനെ ശ്വാസം മുട്ടിക്കുംവിധം ഒളിച്ചിരിക്കുന്ന കാഴ്‌ചക്കാർക്ക് ഒന്നുംതന്നെ തടസ്സമാവരുതെന്നുള്ളതുകൊണ്ടാവണം ജലജയും ചാക്കോപ്പിള്ളേച്ചനും വളർത്തുപട്ടിയെ മീനച്ചിലാറുകടത്തി പറഞ്ഞുവിട്ടു.

ജനപ്രിയ നോവലുകളിലേതുപോലെ എല്ലാ ജീവിതങ്ങൾക്കും ചില അപ്രതീക്ഷിത വളവു തിരിവുകൾ ഉണ്ടെന്നാണല്ലോ പറയുന്നത്. അത്തരമൊരു തിരിവ് ഇവിടെയും സംഭവിച്ചു. ഒരു ദിവസം പാതിരായ്‌ക്ക്‌ ജലജയുടെ വീട്ടിലേക്ക് വന്ന ഒരാൾ പറമ്പിലെ പൊട്ടക്കിണറ്റിൽ വീണു. ഒളിസേവകരാണ് ആ അതിഥിയുടെ രക്ഷകരായെത്തിയത്. വന്നയാൾ ഭയന്നുപോയതുകൊണ്ട് ശയ്യാവലംബിയാക്കുവാൻ നിൽക്കാതെ ജലജ അയാളെ തിരിച്ച് പറഞ്ഞുവിട്ടു. അന്ന് രാത്രി ഉറക്കമിളച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നറിയാവുന്നതുകൊണ്ട് രക്ഷകരെല്ലാം അവരവരുടെ വീടുകളിലേക്ക് മടങ്ങി. എന്നാൽ, അതേ രാത്രിയിൽ ഒരാൾകൂടി ആ കിണറ്റിൽ വീണു. നെല്ലുകുത്ത് മില്ല് നടത്തുന്ന ജോമോൻ ആയിരുന്നു ആ നിർഭാഗ്യവാൻ. ഒളിസേവകർ വീടുകളിലേക്ക് നിരാശയോടെ മടങ്ങിയതൊന്നുകൊണ്ടുമാത്രമാണ് ജോമോന് ജീവൻ നഷ്‌ടമായത്.


ഇതേത്തുടർന്ന് മരിച്ചയാളുടെ വീട്ടുകാരും ബന്ധുക്കളും ചാക്കോപ്പിള്ളേച്ചനെയും ജലജയേയും വീട്ടിൽ കയറിത്തല്ലി. കുടുംബത്തിനുണ്ടായ നാണക്കേടായിരുന്നു ദേഹോപദ്രവത്തിന് പിന്നിലെ യഥാർഥ പ്രേരകശക്തി. ജോമോന്റെ ആദ്യരാത്രിയായിരുന്നു അന്ന്. ഭാര്യ ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷമാണ് ജലജയുടെ വീട്ടിലേക്ക് വന്നത്. ആ വഴിയും കിണറുമെല്ലാം നെല്ലും പതിരുംപോലെ അറിയുന്ന ജോമോന് എന്തുകൊണ്ടോ കാല് പിഴച്ചു. വാ പൊളിച്ചിരുന്ന അതിരുകെട്ടാത്ത മൃത്യുവിന്റെ ആഴത്തിലേക്ക് ജോമോൻ അപ്രത്യക്ഷനായി. ജലജയുടെ രുചിയിലുള്ള അടിമത്തമാണോ അതോ മറ്റെന്തെങ്കിലും തരത്തിലുള്ള വശീകരണ മാർഗത്തിലാണോ ജോമോൻ പുതുപ്പെണ്ണിനെ വിട്ട് പാതിരാത്രിയിലിറങ്ങിയതെന്ന് കുടുംബക്കാർക്ക് മനസ്സിലായില്ല. ഈ മനസ്സിലാകായ്കയാണ് ഒടുവിൽ ജലജയുടേയും പിള്ളേച്ചന്റേയും ദേഹത്ത് വടിവാളുകൊണ്ടുള്ള മുറിവുകളായിത്തീർന്നത്.

കുറച്ചുനാൾ കഴിഞ്ഞ് പറമ്പിലെ പൊട്ടക്കിണർ മൂടിയിട്ട് ഒരു രാത്രിയിൽ ചാക്കോപ്പിള്ളേച്ചൻ ട്രെയിനിന് മുന്നിൽച്ചാടി. എന്നാൽ, കാലുകൾ മാത്രമെടുത്തിട്ട് ഇന്ത്യൻ റെയിൽവേ പിള്ളേച്ചനെ കാലില്ലാത്ത ജീവിതം ഓടാനായി തിരിച്ചുവിട്ടു. ജലജ തന്റെ എല്ലാ സന്തോഷങ്ങളും അവസാനിപ്പിച്ച് പിള്ളേച്ചനേയും നോക്കി വീട്ടിൽ ഇരിക്കാൻ തുടങ്ങി. ഇടയ്‌ക്ക്‌ റേഷൻ കടയിലേക്കോ മറ്റോ ഇറങ്ങുന്ന ജലജയെ കാണുമ്പോൾ ഇത്രവേഗം ഒരാൾക്ക് വൃദ്ധയാവാൻ കഴിയുമോ എന്ന് അവന് തോന്നിപ്പോയി. അങ്ങനെ അവിടെയുള്ള എല്ലാ കൗമാരക്കാരുടേയും ആസക്തിയുടെ ഏദനിൽ നിന്നും ജലജ പുറത്തായി. മട്ടി ബിനുവിനെ ആരോ കോട്ടയം ടൗണിൽ വെച്ച് കൊന്നു. ഒരു ദിവസം മക്കളേയും കൊണ്ട്‌ ബിനുവിന്റെ ഭാര്യ എവിടേയ്‌ക്കോ പോയി.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

ഈ കാലത്തെല്ലാം നിറയൗവനങ്ങളെ തൃപ്തിപ്പെടുത്തുവാൻ ഒരാളുണ്ടായിരുന്നു. മൈതാനത്തെ വട്ടച്ചോട്ടിൽ സ്‌ത്രൈണതയോടെ ഇരുന്ന് ഇടയ്‌ക്കിടയ്‌ക്ക്‌ ഏതെങ്കിലുമൊരാളുടെ അരക്കെട്ടിനടിയിലേക്ക് പൊന്മയായി മറഞ്ഞുയരുന്ന സുകുമാരൻ! ഒരുനാൾ പൊന്മയുടെ ഊളിയിടൽ നിർത്തി സുകുമാരൻ പെന്തക്കോസ്‌തായി. കല്യാണം കഴിച്ചു. അഞ്ച് ഏക്കറോളം റബ്ബർത്തോട്ടം വാങ്ങി. ബൈബിൾ വചനങ്ങൾ വിളഞ്ഞ നാവിന്റെ പാപം ഭയന്നാവണം സുകുമാരന്റെ അടുത്തേക്കുള്ള പോക്കുകാർ കുറഞ്ഞു. ഈ അവസരം നോക്കിയിട്ടാണ് അവൻ സുകുമാരനെ കാണാൻ ചെന്നത്. സുകുമാരന്റെ പൂർവാശ്രമത്തിലെ സന്ദർശകർ ആരൊക്കെയായിരുന്നു എന്നായിരുന്നു അവനറിയേണ്ടിയിരുന്നത്. ആദ്യമൊന്നും സുകുമാരൻ പറഞ്ഞില്ല. ഇതൊരു കുമ്പസാര രഹസ്യംപോലെ സൂക്ഷിക്കാമെന്ന് ഉറപ്പ്‌ പറഞ്ഞതോടെയാണ് സുകുമാരൻ അവന്റെ മുന്നിലേക്ക് ഭൂതകാലത്തെ അഴിച്ചുവിട്ടത്.

സുകുമാരൻ പറഞ്ഞതിലെ മൂന്നാമത്തെ പേര് വായിച്ചുകേട്ടതും രാജീവൻ ചേട്ടൻ സന്തോഷേ, എന്നൊരു വിളിയായിരുന്നു. ഇനി മതി എന്ന്‌ താത്രിയോട് പറയുംപോലെയായിരുന്നു മറ്റ് രണ്ടുപേരുടേയും ആ നേരത്തെ പ്രതികരണം. ഇതോടെ കഥ വായന അപ്പാടെ തകിടംമറിഞ്ഞു. എല്ലാവരും കഥ കേൾക്കുന്നത് നിർത്തി. കുറച്ചുനേരത്തേക്ക് കരിമ്പടം മൂടുംപോലെ നിശ്ശബ്ദത വന്ന് മൂടി. നാരായണൻ ചേട്ടൻ പറഞ്ഞു, അശ്ലീലം! സി കെ ബി പറഞ്ഞു, സാമൂഹ്യവിരുദ്ധം! രാജീവൻ ചേട്ടൻ മാത്രം ഒന്നും പറഞ്ഞില്ല. കുറച്ചുനേരംകൂടി ഇരുന്നശേഷം ഒന്നും മിണ്ടാതെ അവർ എഴുന്നേറ്റുപോയി.


മൂന്നുപേരുംകൂടി സംയുക്തമായി എഴുതിയ ഒരു കത്ത് നാരായണൻ ചേട്ടൻ അദ്ദേഹത്തിന്റെ മകളുടെ കൈവശം കൊടുത്തുവിട്ടു. ആ കത്ത് ഇതാണ്: പ്രിയ സന്തോഷ്, നീ എഴുതിയ കഥയിലെ പല കഥാപാത്രങ്ങളും ദുർഗുണ സമ്പന്നരാണ്. താൽക്കാലിക ശ്രദ്ധ നേടുവാൻ ഇമ്മാതിരി അവിഹിത കഥകൾ കൊണ്ടാവുമെങ്കിലും സാഹിത്യത്തിന്റെ സാമൂഹിക ഉത്തരവാദിത്വം അതല്ലല്ലോ. ഈ കഥയിലെ ചെറുപ്പക്കാരെ വേണമെങ്കിൽ നിനക്ക് പുരോഗമന ചിന്തയും ചുറുചുറുക്കുമുള്ളവരുമാക്കാമായിരുന്നു. സ്‌ത്രീകളെ വിപ്ലകാരികളാക്കാമായിരുന്നു. പ്രതിലോമശക്തികൾക്കും ഏകാധിപത്യത്തിനുമെതിരായി ഒറ്റയാൾ പോരാട്ടം നടത്തുന്നയാളായി സുകുമാരനെ ചിത്രീകരിക്കാമായിരുന്നു. അതൊന്നും ചെയ്യാതെ കഥയെന്ന പേരിൽ നടത്തുന്ന ഇത്തരം ഏർപ്പാടുകൾ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് ഞങ്ങൾക്ക് അഭിപ്രായമില്ല. അതുമാത്രമോ? കുഞ്ചൻ നമ്പ്യാരുടേയും ചെമ്പകശ്ശേരിയുടേയും മഹത്തായ ഭൂതകാലമുള്ള ഒരു നാടിനെ ഇവ്വിധം അപമാനിക്കുന്നത് ന്യായീകരിക്കാനുമാവില്ല. താങ്കൾ ഇതിന്മേൽ പുനർവിചിന്തനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.


കേട്ടുകേൾവിയിലൂടെ എഴുതപ്പെട്ട കഥയുടെ പേരിൽ വെറുക്കരുതെന്നും എന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം എന്നുമുള്ള അപേക്ഷയുമായിട്ടാണ് മൂന്നുപേരുടേയും മുന്നിൽ ചെന്നത്. സർവാപരാധങ്ങളും ഏറ്റുപറഞ്ഞു. ആ സമയത്തെ ആവേശത്തിൽ കഥയെഴുത്ത് അവസാനിപ്പിക്കാൻ പോലും തയ്യാറാണെന്ന് പറഞ്ഞുപോയി. ഈ വാചകത്തിലേക്ക് കാന്തത്തിലേക്ക് ഇരുമ്പയിരെന്നപോലെ അവർ എത്തിപ്പിടിക്കുമെന്ന് സ്വപ്‌നത്തിൽപ്പോലും ഞാൻ വിചാരിച്ചിരുന്നില്ല. പിന്നീടവർ എന്തൊക്കെയോ പറഞ്ഞു. സാരാംശം ഇതാണ്: കഥയും കവിതയും എഴുതുന്നവർ അത് തുടർന്നോട്ടെ. സന്തോഷ് ഒരു ആഗ്രഹ എഴുത്തുകാരൻ മാത്രമാണ്. ചെപ്പടിവിദ്യകളിലൂടെ വേണമെങ്കിൽ എന്തെങ്കിലും ചെയ്യാം. അതുകൊണ്ട് എന്ത് പ്രയോജനം? സന്തോഷിന് എന്തുകൊണ്ട് വേറിട്ടൊരു വഴിയിൽ ചിന്തിച്ചുകൂടാ?

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

ഇത്രനാളും കെടാതെ കൊണ്ടുനടന്ന സ്വപ്‌നത്തെയാണല്ലോ ഇവർ തല്ലിക്കൊഴിക്കുന്നതെന്നോർത്തപ്പോൾ നെഞ്ചുപൊളിഞ്ഞ് വീഴുമെന്നായി. അങ്ങനെയാണ് ഞാൻ വിണ്ട കുടത്തിൽനിന്നും ജീവൻ ഊർന്നുപോയതുപോലെ മുറിയിൽ വീണു കിടപ്പായത്. ഈ അവസ്ഥയറിഞ്ഞിട്ടാണ് അവരെന്നെ കാണാൻ വന്നത്. അവർ പറഞ്ഞു: നിന്റെ കഥയിലെ ചില അംശങ്ങളെടുത്ത് എന്തുകൊണ്ട് പ്രാദേശിക ചരിത്രം എഴുതിക്കൂടാ? ചരിത്രമെഴുതാൻ പ്രത്യേകിച്ച് അധ്വാനമൊന്നുമില്ലല്ലോ. കുറച്ച് വാമൊഴിക്കഥകൾ, ഉത്ഖനനമെന്ന പേരിൽ പറമ്പ് കിളച്ചപ്പോൾ കിട്ടിയ ഒന്നോ രണ്ടോ കലങ്ങൾ, ചട്ടികൾ... ഇതൊക്കെ ചരിത്രരചനയ്‌ക്ക്‌ സഹായകമായ ഉപാധികളാണ്. ഇതൊന്നുമില്ലെങ്കിലും അൽപ്പം ഭാവനയുണ്ടെങ്കിൽ ചരിത്രമെഴുത്ത് വളരെയെളുപ്പവുമാണ്. വസ്‌തുനിഷ്ഠമായി പറയാൻ തെളിവുകളെവിടെ എന്നു ചോദിക്കുന്നവരോട് ഉത്തരം പറയാൻ നമുക്കൊരു ബാധ്യതയുമില്ല.ഇപ്പോഴത്തെ പണ്ഡിത മാർക്കറ്റ് പിടിക്കാൻ കടലുവഴിയുള്ള ക്രയവിക്രയങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ ചരിത്രരചന കടൽ കടക്കുമായിരുന്നു. നിർഭാഗ്യവശാൽ ഇവിടെ ആറും തോടും മാത്രമല്ലേയുള്ളൂ. സാരമില്ല, തൽക്കാലം മീനച്ചിലാറും കുട്ടനാടും വെച്ച് നീയൊന്ന് ശ്രമിച്ചുനോക്കൂ. സന്തോഷിന്റെ ആഗ്രഹം എഴുത്തുകാരനാകണമെന്നല്ലേ? ചരിത്രകാരനെ എഴുത്തുകാരനെന്ന് വിളിച്ചാൽ എന്താ കുഴപ്പം? സാഹിത്യകാരനെ എഴുത്തുകാരൻ എന്നു വിളിക്കുമ്പോൾ ആധാരമെഴുത്തുകാർ എതിർപ്പ് പറയാറില്ലല്ലോ? ജനാധിപത്യത്തിന്റെ ആ ഇളവ് നിനക്കും കിട്ടും. തീർച്ച.

ഒന്നു രണ്ട് മാസത്തെ ആലോചനയ്‌ക്കൊടുവിൽ കഥാകൃത്ത് എന്ന പടം പൊഴിച്ചിടാൻ തീരുമാനിച്ചു. പണ്ട് എഴുതിയ കഥകളെല്ലാം ഉപേക്ഷിച്ച കൂട്ടത്തിൽ ഒടുവിലെഴുതിയതാണ് മുകളിലുള്ളതെന്ന് നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ. ഈ കഥ എടുത്തു കൈയിൽ വെച്ചതും ലജ്ജാകരം എന്ന് ഞാൻ തന്നെ ഓക്കാനിച്ചു പോയി. എഴുത്തുകാരൻ എന്ന തടവറയ്‌ക്ക്‌ പുറത്തുകടന്നിരിക്കുന്നു എന്നുറപ്പായ ആ നിമിഷത്തിൽത്തന്നെ നേരെ അവരുടെയടുത്തേക്കാണ് പോയത്. ആ ബോധ്യത്തിൽ ചാരിനിന്നുകൊണ്ടാണ് ഞാൻ സംസാരിച്ചത്. ഏതെങ്കിലും കൊട്ടാരത്തിനുള്ളിലെ അധികാര പരദൂഷണമോ അവിടുത്തെ സ്‌ത്രീകളെക്കുറിച്ചുള്ള മഞ്ഞപ്പത്രരചനാ സമാനമായ ആഖ്യാനമോ ഒന്നുമായിരിക്കില്ല എന്റെ ചരിത്രരചനാരീതിയെന്ന് പറഞ്ഞു. ശബ്ദത്തിലെ കടുപ്പവും ശിരസ്സുയർത്തിയുള്ള തീരുമാനവും മൂന്നുപേരേയും അമ്പരപ്പിച്ചു. അവരെന്നെ കെട്ടിപ്പിടിച്ചില്ല എന്നേയുള്ളൂ. നീ എഴുതൂ എന്നു മാത്രം പറഞ്ഞു.

ചരിത്രരചനയെക്കുറിച്ച് ഇപ്പോഴെനിക്ക് വ്യക്തമായ ധാരണയുണ്ട്. പെരുന്തച്ചൻ പണിത കുളം പോലെ ചതുരം വേണ്ടവർക്ക് ചതുരം! വൃത്തം വേണ്ടവർക്ക് വൃത്തം! .


കുറിപ്പ്

ഇടശ്ശേരിയുടെ ‘എന്റെ പണിപ്പുര' എന്ന ലേഖനത്തിൽ അദ്ദേഹത്തിന്റെ കവിതകളെ നിശിതമായി വിമർശിക്കുന്ന സുഹൃത്തുക്കളെ ഭീകരന്മാർ എന്നും ഒടുവിലവർ അപ്രൂവ് ചെയ്‌തു എന്നുമൊക്കെ സ്‌നേഹാദരവോടെ എഴുതിയത് ഓർക്കുക.

വിണ്ട കുടത്തിൽനിന്നും ജീവൻ പോകുന്നതെന്നയർഥത്തിൽ എഴുതിയ വരി ഭർതൃഹരിയുടേതാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home