ad
Deshabhimani

കഥ

മരത്തൊട്ടിൽ

ചിത്രീകരണം: കെ സുധീഷ്‌
avatar
തനൂജ ഭട്ടതിരി

Published on Mar 16, 2026, 11:55 AM | 8 min read



‘‘രാവിലെയോ വൈകിട്ടോ നാൽപ്പതു മിനിറ്റ് നടന്നോണം.’’ മാസാമാസമുള്ള ചെക്കപ്പിൽ കഴിഞ്ഞതവണ ഡോക്ടർ പറഞ്ഞതാണ്.ഒന്നുകൂടി ആവർത്തിച്ചു.

‘‘ഈ പ്രായത്തിലിനി ചില്ലറ അസുഖങ്ങളും വെച്ച് ജിമ്മിൽ പോകാനൊന്നും പറയുന്നില്ല. പക്ഷെ മുടങ്ങാതെ നടന്നോണം.’’

എന്തായാലും പഴങ്ങളും പച്ചക്കറികളും മറ്റു അത്യാവശ്യമുള്ള സാധനങ്ങളും വാങ്ങാൻ പോണമല്ലോ. കൂട്ടത്തിൽ ആദ്യം ഒരു നടത്തവുമാവാം. പക്ഷെ സന്ധ്യ കഴിഞ്ഞേ പറ്റൂ. എന്റെ എനർജി മുഴുവൻ വൈകിട്ടാണ്. രാവിലെ ഉറക്കം തൂങ്ങിയിരിക്കും. അത് പണ്ടുമുതലേ അങ്ങനാണ്.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

‘‘അമ്മ ഇങ്ങനെ കുണുങ്ങി കുണുങ്ങി നടന്ന്, പൂവ് കണ്ടാലും പൂച്ചേ കണ്ടാലും അവിടെ നിന്ന്‌ നോക്കി, ഏതു പട്ടിക്കുട്ടിയോടും നിന്ന്‌ സംസാരിച്ച്, രണ്ട് റോബസ്റ്റയും ഒരു കെട്ട് ചീരയും വാങ്ങി വരുന്നതല്ല കേട്ടോ ഡോക്ടർ പറഞ്ഞ നടത്തം’’, മകൾ ഫോണിൽ കളിയാക്കി.

അവൾ ഇപ്പോൾ എന്നും വിളിക്കുമ്പോൾ അന്വേഷിക്കുന്ന കാര്യം ഇതാണ്. ‘‘ഇന്ന്‌ എത്രനേരം നടന്നു? ബ്രിസ്‌ക്‌ വാക്ക് ആയിരുന്നോ?’’

അപ്പോൾ ഓരോ കള്ളമൊക്കെ പറഞ്ഞു രക്ഷപ്പെടും. റോഡിൽ ഇറങ്ങി നടക്കുമ്പോൾ ഇത്തിരി വായ്നോക്കാതെ എങ്ങനെയാന്നാ!

ആകെയുള്ള ഒരു മകളാണ്. അവളുടെ പാർട്ണറുമൊത്ത്‌ ഡൽഹിയിലാണ് താമസം. ഓരോ നാടുകളിൽ മാറി മാറിയാണ് അവർ താമസിക്കുന്നത്. വർക്ക്‌ ഫ്രം ഹോം ആണ് രണ്ടുപേർക്കും. പക്ഷേ കൂടെയുള്ളതിനേക്കാൾ കൂടുതലാണ് എന്റെ ആരോഗ്യത്തെ സംബന്ധിച്ച അവളുടെ ഇടപെടലുകൾ.

ഒരിക്കൽ അങ്ങോട്ട്‌ പറഞ്ഞു.


‘‘നീ നിന്റെ ആരോഗ്യം ശ്രദ്ധിക്കുന്നുണ്ടോ? ജിമ്മിൽ പോകുന്നുണ്ട് എന്നുള്ളത് ശരി തന്നെ. എന്നാൽ ഒന്നിനും ഒരു കൃത്യതയില്ലല്ലോ. രാവിലെ എപ്പഴാ എണീക്കണേ... രാത്രി എത്ര ലേറ്റായാ ഉറങ്ങണെ... ഭക്ഷണം ഒക്കെ തോന്നുംപോലെ. അമ്മേ ഉപദേശിക്കണ സമയത്ത് നീ നിന്റെ ആരോഗ്യം കൂടി നോക്കണം.’’

‘‘എനിക്കൊരു കൊഴപ്പോമില്ല. അമ്മേടെ ഏജും എന്റെ ഏജും തമ്മിൽ നല്ല വ്യത്യാസമൊണ്ടല്ലോ...’’

അവളോട്‌ സംസാരിച്ചു ജയിക്കാൻ പറ്റില്ല. "ഓ.. പിന്നെ...’ എന്നുപറഞ്ഞു വിഷയം അവസാനിപ്പിച്ചെങ്കിലും അവൾ നിർത്തിയില്ല. ‘‘അതേ... ഇപ്പോഴും മധുര പതിനേഴിലാണെന്നാണ് വിചാരം. ഹാഫ് സെഞ്ച്വറി അടിച്ചിട്ട് എത്ര വർഷമായി?’’

ഞങ്ങൾ പൊട്ടിച്ചിരിച്ചു.

അപ്പോൾ അവളെ ഒന്ന് ഉപദേശിക്കാമെന്ന് തീരുമാനിച്ചു. പൊട്ടിച്ചിരിയുടെ ഇടയിൽ മാത്രെ തമാശരൂപത്തിൽ എന്തെങ്കിലും കാര്യം പറയാനാവൂ.

‘‘പണ്ടൊക്കെ വിവാഹം കഴിഞ്ഞാ ഉടനെ ഒരു കുഞ്ഞ് ആകും. പിന്നെ ആ കുഞ്ഞിനുവേണ്ടി ഒരു കൃത്യത ജീവിതത്തിൽ കൊണ്ടുവന്നേ പറ്റൂ. കുഞ്ഞു വേണംന്ന് നിർബന്ധമൊന്നുമില്ല. പക്ഷെ അങ്ങനെ ആയാല് നല്ലതാ...’’

‘‘ആർക്കു നല്ലത്? എത്ര പുരോഗമനം ആണേലും പഴംചിന്തയൊന്നും വിട്ടുപോവില്ല ല്ലേ?’’ അവളുടെ മറുപടിയിൽ നാണിച്ചു പോയി.

കല്യാണം കഴിഞ്ഞിട്ട് കുറച്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും മകൾക്ക് കുഞ്ഞായിട്ടില്ല. എന്തായാലും ഉടനെയൊന്നും വേണ്ട എന്നാണ് അവർ പറയുന്നത്. അവൾക്കു കുട്ടിയില്ല എന്നുവെച്ചു സത്യം പറഞ്ഞാൽ എനിക്ക് ഒരു വിഷമവുമില്ല. പക്ഷെ ഞാൻ ഒന്ന് പറയാത്തകൊണ്ടാ അവർ പ്ലാൻ ചെയ്യാത്തത് എന്ന് പിന്നെയൊരിക്കൽ പറയണ്ടല്ലോ! മാത്രമല്ല, വലിയ ചുമതലയൊന്നുമില്ലാതെ ഭാര്യയും ഭർത്താവും കൂടി വിദേശയാത്രകളും നടത്തി അടിച്ചുപൊളിച്ചു ജീവിക്കുന്നത് കാണുമ്പോൾ, കിട്ടുന്ന പൈസയൊക്കെ ഭാവിയിലേക്ക് സൂക്ഷിച്ചുവെച്ചു ജീവിച്ച് നല്ല കാലം വ്യാകുലപ്പെട്ടു തീർത്തത്‌ ഓർത്തുപോയി.

സമയം പോയതറിഞ്ഞില്ല.


ബിപിക്കും ഷുഗറിനുമുള്ള മരുന്ന് തീർന്നു. എനിക്ക് മരുന്നു വാങ്ങണമായിരുന്നു.

സന്ധ്യ കഴിഞ്ഞതും കൃത്യം ആറു മണിക്ക് നടക്കാനിറങ്ങി. പാന്റും ടോപ്പും ഷൂസും ഇട്ടാണ് നടക്കാൻ പോകുക. അതൊക്കെ വാങ്ങി തന്നപ്പോ മോൾ പറഞ്ഞു. ‘‘ഇതിട്ടേ പോകാവൂ. ഷൂസ് ഇട്ടില്ലേൽ പിന്നെയും കാലുവേദന വരും. അറിയാലോ, കൈ വീശി വേണം നടക്കാൻ...’’

ഓർഡറാണ്, അതുകൊണ്ട് അങ്ങോട്ട്‌ പോകുമ്പോൾ അങ്ങനെ തന്നെ നടക്കും. തോളിൽ ക്രോസ് ചെയ്‌ത്‌ ഇട്ടിരിക്കുന്ന തുണിസഞ്ചിയിൽ എന്റെ മൊബൈലും പേഴ്സും വെക്കും.പിന്നെ കൈ വീശി ഒറ്റനടപ്പാണ്!

ആ നടത്തം പൊതുവേ ഏഴരയോടെയെ അവസാനിക്കാറുള്ളൂ.

വീടിന്റെ ഇടവഴിയിൽ നിന്നും മെയിൻ റോഡിലോട്ട് കയറി അടുത്തുള്ള ഒരു അമ്പലക്കുളത്തിന്റെ ചുറ്റിലും കെട്ടിയിരിക്കുന്ന ഫുട്പാത്തിൽ കൂടി നടക്കാനാണ് അവളുടെ കൽപ്പന. അവിടെ നടന്നശേഷം തിരികെ വരുമ്പോൾ സാധനങ്ങളും വാങ്ങിക്കാം.

നടക്കാൻ വീട്ടിൽ നിന്നുമിറങ്ങി മെയിൻ റോഡിലെത്തിയതും പുറകിൽനിന്ന് മെലിഞ്ഞ ഒരു പെൺകുട്ടി ഒരു കുഞ്ഞിനെ കയ്യിലെടുത്തുകൊണ്ട് നടന്നുവരുന്നത് കണ്ടു.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

തീരെ ചെറിയ കുഞ്ഞല്ല ഒരു രണ്ടു വയസ്സ് പ്രായം. എന്തുകൊണ്ടോ ശ്രദ്ധ മുഴുവൻ ആ പെൺകുട്ടിയിലായി.

ഞായറാഴ്‌ച ആയതുകൊണ്ടും നേരം ഇരുട്ടി തുടങ്ങിയതുകൊണ്ടും റോഡിൽ ആൾക്കാർ കുറവായിരുന്നു. എല്ലാ കടകളും തുറന്നിട്ടില്ല. കുറെ കടകൾ തുറന്നിട്ടുണ്ട്. ചീറിപ്പായുന്ന വാഹനങ്ങളുണ്ട്.

എനിക്കെല്ലാക്കാലത്തും റോഡിൽ കൂടി വെറുതെ നടക്കാൻ വലിയ ഇഷ്ടമാണ്. ഒരു ലക്ഷ്യവുമില്ലാതെ, മനുഷ്യരെ, പരിസരത്തെ ഒക്കെ നോക്കി നടക്കണം.

രണ്ടുവശത്തെയും കടകൾ നോക്കി, അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന സാധനങ്ങൾ നോക്കി നടക്കാൻ നല്ല രസമാണ്. അങ്ങനെ കാണുന്ന സാധനങ്ങൾ ആവശ്യമില്ലെങ്കിലും ചിലപ്പോഴൊക്കെ പെട്ടെന്ന് കയറി വാങ്ങിക്കാറുണ്ട്.

അങ്ങനെ വാങ്ങിക്കൂട്ടിയ സാധനങ്ങൾ ഉപയോഗശൂന്യമായി വീട്ടിൽ അനാഥമായി കിടക്കുന്നത് കുറ്റബോധം ഉണ്ടാക്കുമെങ്കിലും ഈ സ്വഭാവം പൂർണമായും മാറ്റാൻ പറ്റിയിട്ടില്ല.

ഇന്ന്‌ പക്ഷെ ഈ പെൺകുട്ടിയിലാണ് നോട്ടം.

പെൺകുട്ടിയെ ഞാൻ ശ്രദ്ധിക്കാൻ കാരണം എന്നെപ്പോലെ തന്നെ റോഡിന്റെ രണ്ടു വശത്തെയും കടകളിലോട്ട് നോക്കിയാണ് ഈ കുട്ടിയും നടക്കുന്നത്.

കയ്യിലുള്ള ആ കൊച്ചുകുട്ടി ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് പെട്ടെന്ന് മനസ്സിലാകുന്നില്ല. (കുറച്ച് നാളായി കാഴ്‌ചയ്‌ക്കൊരു പ്രശ്നമുണ്ട്. മോളോട് ഇതുവരെ പറഞ്ഞിട്ടില്ല.) എന്നാൽ അത് അമ്മയും കുട്ടിയും ആണെന്ന് എന്തുകൊണ്ടോ പെട്ടെന്ന് തന്നെ മനസ്സിലായി.

പിറകിൽനിന്നും വന്ന അവരെ മുന്നോട്ടുപോകാൻ അനുവദിച്ച് ഞാനെന്റെ നടത്തത്തിന്റെ വേഗത കുറച്ചു.


റോഡിന്റെ എതിർവശത്തുകൂടിയാണ് ഇപ്പോൾ അവർ നടക്കുന്നത്.

ഇങ്ങനെ പ്രത്യേക താൽപ്പര്യമുള്ള ആളുകളെ കണ്ടാൽ മറ്റെല്ലാം മാറ്റിവെച്ച് ഞാൻ അവരുടെ പിറകെ ആവുന്നത്ര പോകാറുണ്ട്.

പെൺകുട്ടിയെ ശ്രദ്ധിച്ചുകൊണ്ട് ഞാൻ നടന്നു, പതിയെ.

ക്വാളിറ്റി കൂടിയ തുണികൊണ്ടുള്ള വസ്‌ത്രമാണ് അവൾ ധരിച്ചിരിക്കുന്നത്. വളരെ ഫാഷനബിൾ ആയ വേഷം. സ്ലീവ്‌ലെസ് കുർത്തയും പലാസോയും. സോബർ കളറാണ്. സിൽക്ക് തുണിയാണല്ലോ. എന്നാൽ വളരെ ഓവർ സൈസ്ഡ് ആണ് ഡ്രസ്സ്‌.


മെലിഞ്ഞിരിക്കുന്ന അവളുടെ ശരീരത്തിൽ അത് തുളുതുളാ കിടന്നു. കാലിൽ ബ്രാൻഡഡ് ഷൂസ് ആണ്. പക്ഷെ വളരെ പഴയത്. മുടി പോണിടെയിൽ കെട്ടിയിരിക്കുന്നു. വരണ്ട മുടിയാണ്. പക്ഷെ ചെറിയ തിളക്കമുണ്ട്.

പെട്ടെന്ന് അവൾ എന്നെ ഒന്ന് തിരിഞ്ഞുനോക്കി. ഒറ്റനോട്ടത്തിൽ അവളുടെ കണ്ണുകളുടെ നിർവികാരത എന്നെ തൊട്ടു. അതേ കണ്ണുകളോടെ അവൾ കടകളിലേക്ക് നോക്കുന്നത് കൊണ്ടാണോ എന്നറിയില്ല, ആ അമ്മയും കുഞ്ഞും വളരെ ദരിദ്രരാണ് എന്ന് എനിക്ക് തോന്നി.

ആഗ്രഹമോ പ്രതീക്ഷയോ ഇല്ലാത്ത കണ്ണുകൾ പോലെ ഭയപ്പെടുത്തുന്ന മറ്റൊന്നുമില്ലല്ലോ ലോകത്ത്!

പട്ടുവസ്‌ത്രവും ഷൂസും ഒക്കെ ധരിക്കുന്ന പാവപ്പെട്ടവരുണ്ടോ എന്ന് എനിക്ക് അറിയില്ല.


ആരോ ഉപയോഗിച്ചശേഷം ദാനം ചെയ്‌ത വസ്‌ത്രമായിരിക്കുമോ അവളുടേത്‌?

ദൈവമേ... ആ കുട്ടിയിൽ ഭക്ഷണത്തിന്റെ കുറവ് കാണുന്നുണ്ട്. ഒരു വിളർച്ചപോലെ. ചൂടുള്ള സമയമായിട്ടും കമ്പിളി തൊപ്പികൊണ്ട് ആ കുട്ടിയുടെ തലയും ചെവിയും മൂടി കെട്ടിയിരിക്കുന്നതെന്തിനായിരിക്കും? കുഴിയിൽ വീണുപോയ ഒരു ജോഡി കണ്ണുകൾ ഉയർത്തി ആ കുഞ്ഞ്, അമ്മയെ നോക്കി ചിരിക്കുന്നു!

പെൺകുട്ടി ഓരോ കടകളിലേക്കും ഇപ്പോഴും വളരെ ശ്രദ്ധയോടെ നോക്കുന്നുണ്ട്. ചില കടകൾ എത്തുമ്പോൾ നടത്തം നിർത്തി നോക്കിനിൽക്കും.

‘ആ കടയിലേക്ക് കയറാൻ പോവുകയാണോ?' ഞാൻ സംശയിച്ചു നോക്കി.

പല കടകളിലേക്കും അൽപ്പനേരം നോക്കിനിന്ന ശേഷം റോഡ് ക്രോസ് ചെയ്‌ത്‌ ആ കടയുടെ മുന്നിൽ ചെന്ന് നിൽക്കുന്നു. എന്നാൽ ആ കടയിൽ കയറുന്നില്ല, പിന്നെയും മുന്നോട്ട് നടക്കുകയാണ്. ഒരു സിഗ്സാഗ് നടത്തം!

ഞാൻ മറ്റെല്ലാം മറന്ന് പെൺകുട്ടിയുടെ പിറകെ തന്നെ കൂടി.

എന്നിലെ കഥാകാരി എന്നോട് ചോദിച്ചു. ‘ആലോചിക്കുമ്പോൾ ഒരുപാട് ചോയ്സസ് കിട്ടുന്നുണ്ടല്ലോ, അതിൽ ഏതായിരിക്കും അവളുടെ ജീവിതം?’

അത്തരം പല ആലോചനകൾക്ക് ശേഷം, പുതിയ ഒരു കഥയ്‌ക്ക്‌ വേണ്ടി, ഞാൻ അവയൊക്കെ വെട്ടിക്കളഞ്ഞു.


അപ്പോഴാണ് എന്റെ ഫോൺ റിങ്‌ ചെയ്‌തത്.

ബാഗിൽനിന്നും ഫോണെടുത്തു. മകളാണ്.

‘‘അമ്മേടെ അമ്മാവന്റെ തൊണ്ണൂറാം പിറന്നാളിന്റെ അന്നിടാൻ, അമ്മയ്‌ക്ക്‌ ഒരു ഡ്രസ്സ്‌ വാങ്ങിക്കട്ടെ? ഓൺലൈനിൽ നല്ല സെലക്ഷനുണ്ട്.’’ അവൾ ചോദിക്കുന്നു.

പൊതുവേ ഈ വിഷയം ഇഷ്ടമുള്ളതാണെങ്കിലും ഇപ്പോൾ അതിലൊന്നും താൽപ്പര്യം തോന്നിയില്ല. ‘‘ഇഷ്ടമുള്ളത് പോലെ ചെയ്യൂ... നിനക്ക് ഇഷ്ടപ്പെട്ടെങ്കിൽ വാങ്ങിക്കൂ,’’ എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്‌തു.

വേഗം ഞാൻ പെൺകുട്ടിയെ തിരഞ്ഞു. മുന്നോട്ട് നോക്കുമ്പോൾ ആ പെൺകുട്ടി വളരെ ദൂരെ എത്തിക്കഴിഞ്ഞു. എന്നാൽ അതേപോലെ തന്നെയുള്ള മറ്റൊരു അമ്മയും കുട്ടിയും വലത്തോട്ട് തിരിയുന്ന ഒരു ചെറിയ ഇടവഴിയിൽ കൂടി ദൂരേക്കു നടക്കുന്നുണ്ട്.

ആകെ കൺഫ്യൂഷനായല്ലോ... പിന്തുടർന്നുവന്ന അമ്മയും കുഞ്ഞും ഏതാണ്?

രണ്ടുപേർക്കും ഒരേ ആകൃതി, ഒരേ വേഷം. രണ്ടുപേരുടെ കയ്യിലും കുഞ്ഞ്...

മനസ്സ് പറഞ്ഞു.

‘തിരിയണ്ട, നേരെ മുൻപോട്ട് നടക്കൂ.’

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

വലതുവശത്തോട്ടുള്ള ഇടവഴിയിൽ കൂടി ദൂരേക്ക് നടന്നുനീങ്ങുന്ന അമ്മയെയും കുഞ്ഞിനെയും ഞാൻ അവരുടെ വിധിക്ക് വിട്ടു. ആ കഥ എനിക്കറിയണ്ട.

ഞാൻ വേഗത്തിൽ മുന്നോട്ട് നടന്നു. എന്റെ നടത്തത്തിന് സ്‌പീഡില്ലെന്ന് ആരാണ് പറഞ്ഞത്?

ആ പെൺകുട്ടിയുടെ പിറകെ വീണ്ടും എത്തി.

പെൺകുട്ടി പല ചെറിയ ഇടവഴികളിലും തിരിയുകയും തിരിഞ്ഞ് അൽപ്പം നടന്നിട്ട് തിരിച്ച് മെയിൻ റോഡിലോട്ട് വന്നു കയറുകയും ചെയ്‌തു, അതൊക്കെ സസൂക്ഷ്മം നോക്കി നിന്നു ഞാനും.

ജങ്‌ഷനിൽ റോഡിന്റെ എതിർവശത്തായി ഒരു ഫർണിച്ചർ ഷോപ്പ് ഉണ്ടായിരുന്നു. പെൺകുട്ടി ആ കടയിലോട്ട് കയറി. ആദ്യമായിട്ടാണ് അവൾ ഒരു കടയിലോട്ട് കയറുന്നത്.

കടയിൽ, വീടുകളിലെന്നപോലെ, ഓരോ മുറികളുടെ ഡിസൈനുകളായി ഫർണിച്ചറുകൾ ക്രമീകരിച്ചിരുന്നു.


ബെഡ്റൂമായി ഒരുക്കിയ ഇടത്ത് ഒരു ഡബിൾ കട്ടിലും ഒരു അലമാരിയും ഒരു സൈഡ് ടേബിളും. ഫ്രണ്ട് റൂമായി ഒരുക്കിയെടുത്തിടത്തു സോഫാസെറ്റും അറ്റാച്ച്ഡ് ടീപ്പോയും ഫ്ലവർവേസ് സ്റ്റാൻഡും.

ഊണുമുറിയായി ഒരുക്കിയിരിക്കുന്നു, ഊണു മേശയും അതിനുചേരുന്ന കസേരകളും പാത്രം വയ്‌ക്കാനുള്ള മരസ്റ്റാൻഡും.

ഹാളിന്റെ മൂലയിൽ ഒരു മരത്തൊട്ടിലുമുണ്ട്. അതിലെ കൊത്തുപണികൾ വളരെ മനോഹരമായിരുന്നു.

പെൺകുട്ടി ഇവയൊക്കെ നോക്കി വിലയിരുത്തുകയാണ്. അപ്പോൾ ഇവൾ ദരിദ്രയൊന്നുമല്ല. തന്റെ പുതിയ വീടിന് ചേർന്ന ഫർണിച്ചർ അന്വേഷിച്ച് ഇറങ്ങിയതാണ്.

ഞാൻ തൊട്ടടുത്തുള്ള ബേക്കറിയിൽ മനപ്പൂർവം കയറി. ബേക്കറി ഐറ്റംസ് ഒന്നും കഴിക്കരുതെന്ന ഉപദേശമൊക്കെ മറന്നുപോയി.

ഭാഗ്യം, അവിടെ തിരക്കായിരുന്നു. എന്റെ ശ്രദ്ധ അമ്മയും കുഞ്ഞിലുമായിരുന്നു.


മുൻഭാഗത്ത് ഇട്ടിരുന്ന കസേരകളിൽ ഒന്നിൽ കുഞ്ഞിനെ അവൾ ഇരുത്തി, ബാഗ് അടുത്തുവച്ചു.

പെൺകുട്ടി മുറിയിലെ എല്ലാ മര ഉരുപ്പടികളും നോക്കിക്കൊണ്ട് നിന്നു.

ഞാൻ തൊട്ടടുത്തുള്ള ഒരു ലേഡീസ് സ്റ്റോറിലേക്ക് ക്രോസ് ചെയ്‌തുചെന്നു. അപ്പോൾ കുറച്ചുകൂടി അടുത്ത് എനിക്ക് അവളുടെ മുഖം കാണാൻ പറ്റി.

അവളുടെ കണ്ണുകൾക്ക് ജീവൻ വച്ചിരുന്നു. നേരത്തെ കണ്ട നിർജീവത നഷ്ടപ്പെട്ടിരിക്കുന്നു. സ്വപ്‌നങ്ങൾ പൂത്തുലയുന്ന ഒരു വട്ടമുഖം...

കുട്ടിക്ക് വിശപ്പുള്ളതുപോലെ എനിക്ക് തോന്നി.

അപ്പോൾ തന്നെ അവൾ തന്റെ ബാഗ് തുറന്ന് കുട്ടിക്ക് ഒരു ബിസ്‌കറ്റ് എടുത്ത് കയ്യിൽ കൊടുക്കുന്നുണ്ട്.


ഈ സ്‌ത്രീക്ക് പ്രത്യേകിച്ച് കഥയൊന്നുമില്ലായെന്നും സൗഖ്യമായി ജീവിക്കുന്ന ഒരു കുടുംബം ആണെന്നും ഞാൻ തീരുമാനിച്ചു.

എനിക്ക് നിരീക്ഷിക്കാനിഷ്ടം കഥകൾ ഉള്ളവരെയാണ്.

പെൺകുട്ടിയിൽ വ്യത്യസ്‌തമായ ഒരു കഥയുള്ളതായി ആദ്യം തോന്നിയെങ്കിലും ഇപ്പോൾ ആ തോന്നൽ നഷ്ടപ്പെട്ടിരിക്കുന്നു.

പെൺകുട്ടി കുട്ടിയെ എടുത്ത് കസേരയിൽ ഇരുന്നു.

ഫർണിച്ചർ ഷോപ്പിലെ പയ്യൻ കടയുടെ ഉള്ളിലെവിടെയോ നിന്ന് ഇറങ്ങിവന്നു. അവൻ അവളോട് എന്തോ സംസാരിക്കുന്നുണ്ട്. അവളും തിരിച്ച് എന്തോ പറയുന്നുണ്ട്.

ആരോ വരാൻ വേണ്ടി അവൾ കാത്തിരിക്കുകയാണെന്ന് എനിക്ക് തോന്നി. മിക്കവാറും ആ കുഞ്ഞിന്റെ അച്ഛനായിരിക്കണം. അയാൾ വന്നു കഴിഞ്ഞാൽ ഒരു കസേരയോ ഒരു മേശയോ വാങ്ങി ഇവർ അയാളോടൊപ്പം പോകും. അത്രയേയുള്ളൂ അവളുടെ കഥ!

സമാധാനം!


സ്വന്തം കാര്യം നോക്കി പോകാൻ ഞാൻ തീരുമാനിച്ചു. തിരികെ വീട്ടിലോട്ട് നടന്നു.

എന്നും നടക്കുന്ന വഴിയിൽ കൂടിയല്ല ഞാൻ ഇന്ന് നടന്നിരിക്കുന്നത്. അറിയാത്ത ഏതോ വഴി.

അമ്പലക്കുളവും നടക്കാനുള്ള ഫുട്പാത്തും ഒക്കെ ഞാൻ മറന്നുപോയല്ലോ... പെൺകുട്ടിയെ പിന്തുടർന്നു പോയതുകൊണ്ട് വഴി തെറ്റിയതാണ്.

രാത്രി ഉറങ്ങി എണീറ്റിട്ടും രാവിലെ തന്നെ പെൺകുട്ടിയെ ഓർത്തു. മനസ്സിൽ നിന്നും എന്തുകൊണ്ടോ അവൾ പോയിരുന്നില്ലല്ലോ.

പെൺകുട്ടി നടന്ന അതേ വഴിയിൽ കൂടി, അതേ കടകൾ നോക്കി, ഇടയ്‌ക്ക്‌ റോഡ് ക്രോസ് ചെയ്‌ത്‌ ക്രോസ് ചെയ്‌ത്‌ ഞാൻ ഇപ്പോൾ നടക്കുകയാണ്, എന്റെ കയ്യിൽ കുട്ടിയില്ല, മകൾ ഉള്ളിലുണ്ട് എന്നുമാത്രം.

അവളെ ഒക്കത്തുവെച്ച് നടന്ന പഴയ വഴികളെയും പഴയ എന്നെയുമോർത്തു ഞാൻ... അതേ വഴിയിൽ വീണ്ടും നടന്നു.

നടത്തത്തിനിടയിൽ ഞാൻ തിരിഞ്ഞൊന്നു നോക്കി... അതാ...എന്റെ പിറകെ ഞാൻ!


എന്നെ വളരെയേറെ ശ്രദ്ധിച്ചുകൊണ്ട് ഞാൻ പിറകിൽനിന്നും പതിയെ നടന്നുവരുന്നു... എന്റെ സങ്കടത്തെയും എന്റെ സന്തോഷത്തെയും പിറകിൽ കൂടി നടന്നുവരുന്ന ഞാൻ മനസ്സിലാക്കുന്നുണ്ട്.

പെട്ടെന്നൊരു തോന്നൽ...

ഇന്നലെ കണ്ടതൊക്കെ സ്വപ്‌നമായിരിക്കുമോ? അതോ, ഇന്നലെ നടന്നത് ഇന്ന് നടക്കാൻ പോകുന്നതിന്റെ ഒരു റിഹേഴ്സൽ ആയിരുന്നോ?

പെൺകുട്ടി നടന്നതുപോലെ രോഗിയായ ഞാൻ നടന്നുകൊണ്ടിരുന്നു... കടകൾ നോക്കി നോക്കി, വേച്ചുവേച്ച്!

ആ ഫർണിച്ചർ കടയുടെ മുന്നിൽ എത്തി.

എത്ര മനോഹരമായ സ്വപ്‌നങ്ങളാണ് ഈ കടകളുടെ മുമ്പിൽ, ജീവനില്ലാത്ത ഉപകരണങ്ങൾ കൊണ്ട് ഒരുക്കിയിട്ടിരിക്കുന്നത്!

റോഡിൽ കൂടി പോകുന്ന ആരും നോക്കിനിന്നു പോകും, പ്രത്യേകിച്ചും സ്വന്തമായ ഒരു വീടില്ലാത്തവർ!


സ്വന്തം വീടിനെ ഹൃദയത്തിലേക്ക് എടുത്തുകൊണ്ട് ആ ഫർണിച്ചർ കടയിലേക്ക് ഞാൻ പതുക്കെ കയറി.

കടയിലെ ചെറുപ്പക്കാരൻ ചിരിച്ചു. ‘‘എന്തേ മാഡം? പാക്ക് ചെയ്യട്ടെ?’’

‘‘എന്ത്? ഞാൻ ചുമ്മാ... വെറുതെ ഒന്നു നോക്കാൻ...’’ എന്റെ തോളുകൾ അനങ്ങി.

അൽപ്പം കഴിഞ്ഞ് അറിയാതെ ചോദിച്ചുപോയി. ‘‘ഇന്നലെ വന്ന അമ്മയും കുഞ്ഞും ഇവിടുന്നു എന്തൊക്കെ വാങ്ങിച്ചു?’’

അയാൾ ചോദ്യഭാവത്തിൽ എന്നെ നോക്കി.

‘‘അല്ല, ഇന്നലെ ഈ സമയം ഒരു പെൺകുട്ടിയും ഒരു കുഞ്ഞുംകൂടി വന്ന് ഇതെല്ലാം നോക്കുന്നുണ്ടായിരുന്നല്ലോ... അവർ എന്ത് ഫർണിച്ചറാണ് വാങ്ങിച്ചത്?’’

‘‘അങ്ങനെയാരും ഇന്നലെ വന്നില്ലല്ലോ മാഡം...’’

എനിക്ക് ആകെ അത്ഭുതമായി.

ഇയാൾ തന്നെയായിരുന്നു ഇവിടെ ഇന്നലെയുണ്ടായിരുന്നത്. എന്നിട്ടും അയാളത് ഓർക്കാത്തതെന്ത്?

ഇല്ലാത്ത വീടും ഇല്ലാത്ത കുടുംബവും ഇല്ലാത്ത അമ്മയും കുഞ്ഞുമോ?!!

‘‘ഇല്ല, ഞാൻ ഇന്നലെ കണ്ടതാണല്ലോ... ഇതാ ഇവിടെയുള്ള കസേരയിലാണ് അവർ ഇരുന്നത്...’’


‘‘മാഡത്തിന് തെറ്റിപ്പോയി. ഇന്നലെ വൈകിട്ട് മാഡം മാത്രെ ഇവിടെ വന്നുള്ളൂ, തൊട്ടിൽ നോക്കാൻ. അഡ്വാൻസ് തന്നിരുന്നു.’’

ഒന്നും മനസ്സിലാകാതെ നിന്നുപോയി.

പോരാതെ, അമ്മയും കുഞ്ഞുമിരുന്ന കസേരയുടെ സ്ഥാനത്ത്‌ ഒരമ്മയുടെയും കുഞ്ഞിന്റെയും തടികൊണ്ടുള്ള ഒരു ശിൽപ്പം!

ഞാൻ വിയർത്തൊഴുകി!

‘‘ഈ ശിൽപ്പം പുതുതാണോ? ഇന്നലെ ഇവിടെ ഉണ്ടായിരുന്നില്ലല്ലോ...?’’

‘‘അത് വിൽക്കാൻ വെച്ചിരിക്കുന്നതല്ല മാഡം. അത് കട തുടങ്ങിയ അന്നുമുതൽ അവിടെയുണ്ട്. ഒരു ഷോപീസ്.’’

എനിക്കൊന്നുമേ മനസ്സിലാകുന്നില്ല.

ശിൽപ്പത്തിൽ നിന്നും കണ്ണ് മാറ്റാനാകുന്നില്ല.

പാകമാകാത്ത, വലുപ്പമുള്ള പട്ടുടുപ്പിട്ട ഒരു പെൺകുട്ടിയും കയ്യിൽ ഒരു കുഞ്ഞും!


ആ പെൺകുട്ടിക്ക് പതിനെട്ടു വയസെങ്കിലും പ്രായമുണ്ടോ ആവോ?

എന്റെ കണ്ണുകൾക്ക്‌ ഇപ്പോൾ വയസ്സ് തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുകയാണ്. (കണ്ണ് ഡോക്ടറെ കാണണമെന്ന് മോളോട് പറയണം.)

ഞാനറിയാതെ ഞാൻ നടന്നു, ആ ശിൽപ്പത്തിന്റെ അടുത്തേക്ക്...

ഞാൻ ആ അമ്മയെയും കുഞ്ഞിനെയും തൊട്ട് തലോടി... എന്റെ വിരലുകൾ ആ കുഞ്ഞിന്റെ വിരലുകളിൽ പിണഞ്ഞു വിറച്ചു! എന്റെ പൊക്കിൾ പനിച്ചു. അടിവയർ നീറി.

മൊബൈൽ വീണ്ടും ശബ്ദിച്ചു... മകൾ!

പെട്ടെന്ന് മരത്തൊട്ടിൽ തനിയെ ആടാൻ തുടങ്ങി..!.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home