ad
Deshabhimani

കഥ

നിത്യമേഘം

ചിത്രീകരണം: കെ സുധീഷ്‌
avatar
ഷാഹിന ഇ കെ

Published on Feb 21, 2026, 02:28 PM | 12 min read


നിത്യന്‍ ഇറങ്ങിപ്പോയത്, എന്റെയുള്ളില്‍ ഒരു ജന്മത്തേക്കെരിയാനുള്ള തീക്കനലും കോരിയിട്ടായിരുന്നു. അവനലിഞ്ഞുപോയ, കാറ്റോട്ടമില്ലാതെ വെറുങ്ങലിച്ചുകിടക്കുന്ന വഴിയിലേക്ക്‌ തുറിച്ചു നോക്കി, നിസ്സഹായതയോടെ, നഷ്ടചേതനയോടെ നില്‍ക്കുന്ന എന്റെയീ ചിത്രം കോറിയിടാന്‍ എത്ര സമയവും സങ്കീർണരേഖകളും വേണ്ടിവരുമായിരിക്കും, അവന്റെ പേനയ്‌ക്ക്‌? നെഞ്ചിനു കുറുകെ ബാഗ്‌ വലിച്ചിട്ട്, വള്ളിച്ചെരിപ്പ് വാറിട്ടുകെട്ടാനൊന്നും മെനക്കെടാതെ, ചിലയിഴകള്‍ക്കു മാത്രം ചെമ്പുനിറച്ചായം തേച്ച, ചിടപിടിച്ച, ഉച്ചിയില്‍ ചുരുട്ടിക്കെട്ടിവച്ച മുടി അശ്രദ്ധമായൊന്നു കശക്കി, നീളന്‍ ചോടുകള്‍ വച്ച് അവനിവിടെനിന്നും കടന്നുപോയിരിക്കുന്നു. എത്ര വെട്ടിയാലും പോകാന്‍ കൂട്ടാക്കാത്ത, മുള്ളും ഇലകളും തിങ്ങി ഇരുട്ട് കുത്തിപ്പടര്‍ന്ന, പ്രാന്തെടുത്തു പൂത്ത ആ വാക്‌സ്‌റോസ് മരത്തില്‍നിന്നും ഒരു ചോരച്ച പൂവ്, അവന്റെ നെഞ്ചിലൊന്നു തൊട്ട് നിലത്തേക്കുതിരുന്നതും, അവനതു കുനിഞ്ഞെടുത്ത് മുടിയില്‍ തിരുകുന്നതും, എനിക്കപരിചിതമായ തരം സൂക്ഷ്മതയോടെ, വെളിവോടെ ഞാനോര്‍ത്തു. ഉണര്‍ച്ച കെടുത്തിയ നീണ്ടൊരു സ്വപ്‌നത്തെ ഒരാള്‍ സൂക്ഷ്‌മമായി ഓര്‍ത്തെടുക്കുകയും വിടവു നികത്തി പൂര്‍ത്തിയാക്കുകയും ചെയ്യുന്നതുപോലെ വിചിത്രമായിരുന്നു, അത്.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

വീടുമുതല്‍ ഗേറ്റ് വരെയുള്ള നീണ്ട വഴിയിലൂടെ വെയില്‍, മടിപിടിച്ച ആടുകളെപ്പോലെ, അലക്ഷ്യം മേഞ്ഞുനടക്കുന്നുണ്ടായിരുന്നു. രാവിലത്തെ നനയും പുന്നാരം പറച്ചിലും മുടങ്ങിയതിന്റെ കെറുവില്‍, കല്ലുവഴിക്ക് ഇരുപുറത്തുമുള്ള പല നിറച്ചെത്തികള്‍ പിശുക്കിപ്പൂത്ത്, കുശുമ്പുകാട്ടി നില്‍പ്പുണ്ടായിരുന്നു.

നിത്യന്‍ തുറന്നിട്ട് പോയ ഗേറ്റിനുനേര്‍ക്ക് ഞാന്‍ ആഞ്ഞുനടന്നു. പുറത്ത്, മതിലിലേക്ക് ചാഞ്ഞ്‌ ഇടര്‍ച്ചയോടെ, എന്റെ വരവും പ്രതീക്ഷിച്ച് നില്‍ക്കുന്നുണ്ടാകുമവന്‍ എന്നൊരു ഉറപ്പിലായിരുന്നു അത്. “പെട്ടെന്നൊരു പ്രാന്തന്‍ ചിന്തയിലോ, ഏതോ ലഹരിയവശേഷിപ്പിച്ച ധൈര്യത്തിലോ എന്തൊക്കെയോ പറഞ്ഞു പോയെ” ന്നും “വിട്ടേക്കൂ, അങ്ങനെയങ്ങു പറ്റിപ്പോയെ”ന്നും സ്വതസിദ്ധമായ ഗർവ്‌ വിടാതെ, അഹന്ത കളയാതെ, അവന്‍ തിരുത്തിപ്പറയുമെന്ന ഉറപ്പോടെ, നെഞ്ചിടിപ്പോടെ ഞാന്‍ ഗേറ്റ് കടന്നു. പൊള്ളയായിപ്പോയ ഒരു നിമിഷമായിരുന്നു അത്. നിത്യനുണ്ടായിരുന്നില്ല, അവിടെയൊന്നും. അങ്ങനെയൊരാള്‍ വന്നുപോയതിന്റെ ഓർമപോലും തീണ്ടാതെ, വഴി, നേരെയൊഴുകി കൂറ്റന്‍ മാവിനെ ചുറ്റി, താഴോട്ടുപതിക്കുന്നു. രണ്ടുമൂന്നു പട്ടിക്കുഞ്ഞുങ്ങള്‍ ഒരു പ്ലാസ്റ്റിക് കവറു കടിച്ചുകീറി കളിക്കുന്നു. അത് അലസം നോക്കിക്കൊണ്ട് ഒരമ്മപ്പട്ടി കുറച്ചപ്പുറത്തായി മണ്ണില്‍ പുതഞ്ഞുകിടക്കുന്നു. മദ്രസ വിട്ടുപോകുന്ന ചെറിയ മൂന്നാലു കുട്ടികള്‍ അവയെ പേടിച്ച് വളഞ്ഞും പുളഞ്ഞും എനിക്കു മുന്നിലൂടെ ഓടിപ്പോകുന്നു. അവര്‍ക്ക് പിന്നാലെ ആരുടെയൊക്കെയോ ചെത്തപ്പാടുകള്‍ വരുന്നു. അയഞ്ഞ പ്രഭാതനടത്തവും സൊറ പറച്ചിലുകളും കഴിഞ്ഞുമടങ്ങുന്ന പരിചയക്കാരാരെങ്കിലുമാകുമെന്നു കരുതി വേഗത്തില്‍ ഗേറ്റുന്തിയടച്ച്, ഞാന്‍ തിരികെ നടക്കാന്‍ തുടങ്ങി. ഒരു മനുഷ്യജീവിയേയും അഭിമുഖീകരിക്കാനാവാത്ത വിധം, ഒരു ശബ്ദവും ഉള്‍ക്കൊള്ളാനാവാത്ത വിധം ആകെ ചിതറിപ്പോയിരുന്നു അപ്പോള്‍ ഞാന്‍.


പടികള്‍ കയറുമ്പോള്‍, കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ്‌ ടൗണില്‍ നിന്നു വാങ്ങിയ, മാറ്റി നടാന്‍ മറന്നുപോയ ചെടികള്‍, ചട്ടികളില്‍ നിരന്നിരിക്കുന്നത് ഞാന്‍ കണ്ടു. പുതിയ ഇനം പനിനീര്‍ ചെടികള്‍, തളിരിടുമ്പോള്‍ സുഗന്ധമുതിര്‍ക്കുന്ന പേരറിയാത്ത ഒരു കുറ്റിമരം, രണ്ടു മൂന്നിനം ലില്ലികള്‍. വയലറ്റോ പര്‍പ്പിളോ എന്ന് തിരിച്ചറിയാന്‍ പ്രയാസമുള്ള, അപൂർവ നിറത്തിലുള്ള ഒരു ബോഗെയ്‌ന്‍ വില്ലച്ചെടി. അവയിലൊക്കെ അവിടവിടെയായി പൊട്ടിവിരിഞ്ഞു വരുന്ന പൂക്കള്‍.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

തിരക്കുകള്‍ക്കിടയില്‍ നിന്ന്‌ ഊറിക്കിട്ടിയ, കല്യാണങ്ങളും ഗൃഹപ്രവേശനങ്ങളും സന്ദര്‍ശനങ്ങളും വിഴുങ്ങാത്ത ആ ഞായറാഴ്‌ച, ചെയ്യാന്‍ കുറച്ച്‌ ഇഷ്ടകാര്യങ്ങളുടെയും അവശ്യകാര്യങ്ങളുടേതുമായ ഒരു പട്ടികയുണ്ടായിരുന്നു എന്റെ മനസ്സില്‍.

വീട്ടിലെ ചെറുപൂന്തോട്ടത്തില്‍ ചെലവഴിക്കുന്ന നേരങ്ങള്‍ എനിക്കൊരു ധ്യാനം പോലെയായിരുന്നു. മണ്ണ് തൊടുമ്പോള്‍ പകര്‍ന്നു കിട്ടാറുള്ള ആ ഊര്‍ജം, ശാന്തി. വിത്തുപൊട്ടി സൂര്യവെളിച്ചത്തിലേക്ക്, കാറ്റിലേക്ക്, മഴയിലേക്ക്, വെയിലിലേക്ക്, കണ്ണുമിഴിക്കുന്ന ഇളംപൊടിപ്പുകളോടെനിക്കപ്പോള്‍ കുഞ്ഞുങ്ങളോടെന്നപോലെ വാത്സല്യം തോന്നും. അവര്‍ക്കൊപ്പമിരിക്കുമ്പോലെ ഉള്ളുനിറയും.

ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് പട്ടവും പരീക്ഷാനടത്തിച്ച്‌ ചുമതലയും ക്വസ്റ്റ്യന്‍ ബാങ്ക് പണിയുമൊക്കെ കൂട്ടത്തോടെ തലയില്‍ വന്നു മറിഞ്ഞശേഷം തീരെ ചുരുങ്ങിപ്പോയ സ്വന്തം നേരങ്ങളെ തിരിച്ചുപിടിക്കാനായി വാങ്ങിച്ചുവച്ചതായിരുന്നു ആ ചെടികളൊക്കെ. അതൊക്കെ നട്ട് ബാക്കിസമയം കൊണ്ട്, കുറെക്കാലമായി ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന, നല്ല ഉറുമ്പ് ശല്യമുള്ള, വല്ല കാലത്തും വരുമ്പോഴൊക്കെയും ശ്രീകാന്തന്‍ വലിച്ചു പരത്തിയിടുന്ന വാർഡ്രോബുകള്‍ ഒന്നടുക്കിപ്പെറുക്കി വയ്‌ക്കണം എന്നും കരുതിയിരുന്നു. എത്രയോ ദിവസങ്ങള്‍ക്കുമുമ്പ്‌ ലൈബ്രറിയില്‍ നിന്നും പുതുക്കി വാങ്ങിയ, വായിച്ചു പകുതിയാക്കി വച്ച, എമിലി ഡിക്കിന്‍സണ്‍ സൂസന്‍ ഹണ്ടിങ്ങിനെഴുതിയ കത്തുകളുടെ പുസ്‌തകം‐ ‘ഓപ്പണ്‍ മി കെയര്‍ഫുളി’‐ - വായന തുടരണം... ഇഷ്ടപ്പെട്ട ചിലത് സമയമെടുത്തുണ്ടാക്കി ആസ്വദിച്ചു കഴിക്കണം, എത്രയാവര്‍ത്തിച്ചാലും മടുക്കാത്ത സിനിമ, ‘ബ്രിഡ്ജസ് ഓഫ് മാഡിസണ്‍ കൗണ്ടി’ ഒന്നുകൂടി കണ്ട് ഇത്തിരി വൈകിയുറങ്ങണം...

അങ്ങനെ, നിറഞ്ഞൊഴിയാന്‍ വിധിയുണ്ടായിരുന്ന നല്ലൊരു ഞായറാഴ്‌ചയായിരുന്നു അത്.


നിത്യന്‍ രണ്ടുമൂന്നിറക്ക് മാത്രം കുടിച്ചു വച്ചുപോയ കാപ്പി മേശപ്പുറത്ത്, പാട പൊന്തിയിരിക്കുന്നുണ്ടായിരുന്നു. കപ്പ്‌ വലതു കയ്യില്‍ പിടിച്ച്, എന്നോട് അനങ്ങാതിരിക്കാന്‍ ആംഗ്യം കാട്ടി, ഇടംകൈ കൊണ്ട് ധൃതിയില്‍ കോറിയിട്ട, ആ രേഖാചിത്രം അതിനരികില്‍ കിടക്കുന്നുണ്ടായിരുന്നു. അതിലെ കൃത്യതയുള്ള കറുപ്പന്‍ വരകളെ, അവന്റെയുള്ളില്‍നിന്നും രേഖകളായിപ്പൊഴിഞ്ഞ എന്നെ, അതിന്റെ വ്യക്തതയെ, ഞാന്‍ തുറിച്ചുനോക്കി. ഒരു കടല്‍ എനിക്കുള്ളില്‍ തേങ്ങാന്‍ തുടങ്ങി. കറുത്ത് നീലിച്ച ഒരു കടലിന്റെ, അതേ നിറമുള്ള കരച്ചില്‍. ഞാന്‍ മുഖം തിരിച്ചു. സോഫയില്‍ അവൻ ഇരുന്നെണീറ്റയിടത്തെ വെളുത്തവിരി താഴേക്ക് തെന്നിക്കിടക്കുന്നുണ്ടായിരുന്നു. അവന്‍ കൊണ്ടുവച്ച ഒരു ചെറിയ കെട്ട് പുസ്‌തകങ്ങളുണ്ടായിരുന്നു, മേശമേല്‍. അതിലെ ഏറ്റവും മുകളിലുള്ളതിന്റെ പേരിലേക്ക് അറിയാതെ നോട്ടം പാളിയതും, അസ്വാസ്ഥ്യങ്ങളെ പെരുപ്പിച്ചുകൊണ്ട് അത്‌ എനിക്കുള്ളില്‍ വന്നാഞ്ഞൊട്ടി. കുറച്ചുനാളായി ഞാന്‍ വായിക്കണമേന്നോര്‍ത്തുകൊണ്ടിരുന്ന, റോബര്‍ട്ട് ബെര്‍ട്ടന്റെ "ദി അനാട്ടമി ഓഫ് മെലങ്കളി’ യുടെ പഴക്കം ചെന്നൊരു കോപ്പി, വിഷാദത്തിന്റെ കടല്‍പ്പുസ്‌തകം, അതറിഞ്ഞെന്നപോലെ അവന്‍ മേശപ്പുറത്തു കൊണ്ടുവച്ചിരിക്കുന്നു!


ദൂരാനുഭൂതി പോലെ, രാവിലെയെണീക്കുമ്പോള്‍ത്തന്നെ പ്രിയപ്പെട്ട ആരോ വരുന്നുവെന്ന ആഹ്ലാദകരമായ ഒരു തോന്നല്‍, ഒരുണർവ്‌ എനിക്കുണ്ടായിരുന്നു. കാപ്പിയുണ്ടാക്കുമ്പോള്‍ ഒരു കപ്പ്‌ അയാള്‍ക്കായിക്കൂടി ഉണ്ടാക്കിയാലോ എന്നൊരു കുസൃതിത്തോന്നലും ഉള്ളിലുണ്ടായി. ഞായറാഴ്‌ചകളുടെ തട്ടിക്കൂട്ട് ബ്രേക്ക്ഫസ്റ്റിന്‌ പകരം ഇന്ന്‌ കനപ്പെട്ടതെന്തെങ്കിലും വേണ്ടിവരുമല്ലോയെന്ന്‌ അകമേയൊരു ഒരുക്കവും നടത്തിയിരുന്നു. ചെയ്യരുതെന്ന്‌ എത്ര കരുതിയാലും കിടക്കയില്‍ ചിതറിച്ചിടാറുള്ള അലക്കിയ വസ്‌ത്രങ്ങള്‍ മടക്കി, അലമാരിയില്‍ വച്ചിരുന്നു. വീടാകെ ചിന്ന മട്ടിലൊരടുക്കിപ്പെറുക്കലും നടത്തിയിരുന്നു. ഒരു പ്രാന്തിന് അതൊക്കെയങ്ങു ചെയ്‌തുപോയെങ്കിലും പിന്നെ ഞാനോര്‍ത്തു, ആര് വരാനാണ്! പതിവ് പാല്‍ക്കാരിയോ മീന്‍കാരനോ പിരിവുകാരോ സഹായം ചോദിപ്പുകാരോ അല്ലാതെ പ്രിയപ്പെട്ടതെന്നു പറയാനൊരാള്‍ ഈ മുറ്റത്ത് വന്നിട്ട് നാളെത്രയായിരിക്കുന്നു! പോയ ആഴ്‌ചയില്‍ കോളേജിലെ വിമെന്‍ സെല്ലില്‍ ക്ലാസെടുക്കാന്‍ വന്ന കൗണ്‍സിലര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്ന,‘സ്വയം പ്രിയപ്പെട്ടവളാകൂ’വെന്ന വാചകം തോണ്ടിയെടുത്ത്, എന്നെത്തന്നെ പരിഹസിച്ചുകൊണ്ട് പണികളിലേക്കൂളിയിടാന്‍ തുടങ്ങിയപ്പോഴായിരുന്നു ഫോണിലേക്ക് ഒരജ്ഞാത നമ്പറില്‍നിന്നും ആ വിളി വന്നതും, ദൂരാനുഭൂതി ശരിയാവുകയാണെന്ന് എനിക്കൊരുള്‍ വിളിയുണ്ടായതും.

വിളിച്ചത് അതിഥി തന്നെയായിരുന്നു, പക്ഷേ, തീരെ, തീരെ, പ്രതീക്ഷിക്കാത്ത ഒരാള്‍.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

അപരിചിതമായ നമ്പറില്‍നിന്നുള്ള കാള്‍ കാതില്‍ ചേര്‍ക്കുമ്പോള്‍, അത് നിത്യനാകുമെന്ന്‌ ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. അങ്ങനെയൊരാള്‍ വിളിക്കുമെന്ന് അല്ലെങ്കില്‍ ആര് കരുതാനാണ്‌! കോളേജിലെ എന്റെ ആദ്യ ബാച്ചിലെ വിദ്യാർഥി. പെണ്‍കിലുക്കങ്ങള്‍ക്കിടയില്‍ എട്ട് ആണ്‍കുട്ടികള്‍ മാത്രമുണ്ടായിരുന്ന മലയാളം ക്ലാസ്‌. ജോലിത്തുടക്കത്തിന്റെ ആവേശവും ചെറുപ്പത്തിന്റെ ആവേഗങ്ങളും നിറഞ്ഞ ഓർമകള്‍ ഒരുപാടുള്ള ഒരു ബാച്ച്. മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയുമില്ലാത്ത കാലത്ത്, പോയ്‌ക്കഴിഞ്ഞും ആദ്യമൊക്കെ അവരില്‍ പലരും കത്തുകള്‍ എഴുതുമായിരുന്നു, വിളിക്കുമായിരുന്നു; കല്യാണം ക്ഷണിച്ചുകൊണ്ട്, ജോലി കിട്ടിയ വിവരം പറയാന്‍, ചില വിഷമസന്ധികളില്‍ -ഒക്കെ. സ്ഥലം മാറ്റങ്ങള്‍ക്കൊപ്പവും ശ്രീകാന്തന്റെ ഒരിടത്തും ഉറയ്‌ക്കാത്ത രീതി കാരണവും വീടുമാറ്റങ്ങള്‍ മുറയ്‌ക്ക്‌ നടക്കുമ്പോള്‍, ജീവിതമതിന്റെ അന്തമില്ലാത്ത പാച്ചിലുകളുടെ വേഗം കൂട്ടുമ്പോള്‍, കൂട്ടുജീവിതത്തിന്റെ സംഘര്‍ഷങ്ങളില്‍ പലപ്പോഴും നിലതെറ്റിപ്പോകുമ്പോള്‍, പിന്നെപ്പിന്നെ അവയില്‍ പലതും എനിക്ക്‌ വേണ്ടവിധം ശ്രദ്ധിക്കാനാവാതെ പോകുകയും സ്വാഭാവികമായി മുറിഞ്ഞുപോവുകയും ചെയ്‌തിരുന്നു.


എങ്കിലും അവരില്‍ പലരെയും പിന്നീടും കണ്ടുമുട്ടിയിട്ടുണ്ട്. അപൂർവം ചിലരൊക്കെ നമ്പര്‍ തപ്പിയെടുത്ത് ഇപ്പോഴും വിളിക്കാറുണ്ട്. സോഷ്യല്‍ മീഡിയയുടെ വിരസമുറികളില്‍ വച്ച് കാലങ്ങളുടെ വിടവുകള്‍ക്ക് അപ്പുറവുമിപ്പുറവും നിന്ന്‌ സംസാരിക്കാറുണ്ട്. പക്ഷേ ഈ നിത്യന്‍, അവനെമാത്രം എങ്ങും കണ്ടിട്ടില്ല പിന്നീട്; രണ്ടുമൂന്ന്‌ കൊല്ലങ്ങള്‍ക്ക് മുന്പു നടന്ന, ആ ബാച്ചിന്റെ, അലുംനി മീറ്റില്‍പ്പോലും. “യാതൊരു അപ്ഡേറ്റുമില്ല മാം... സോഷ്യല്‍ മീഡിയയിലൊരു അക്കൗണ്ട്‌ ഉണ്ട് പുള്ളിയ്‌ക്ക്‌, കാലങ്ങളായി ഉപയോഗിക്കാത്തത്. വേറൊരു വിവരവുമില്ല. അവന് അച്ഛന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആള്‍ മരിച്ചതില്‍പിന്നെ നാടുമായി ബന്ധമൊന്നുമില്ല. പാലക്കാട്‌, കടമ്പഴിപ്പുറത്താണ് വീട്. അവിടെയവന് ചില ബന്ധുക്കളൊക്കെയുണ്ട്. പക്ഷേ അവരുമായൊന്നും ഒരു കോണ്ടാക്റ്റുമില്ല എന്നാ അറിഞ്ഞത്. കാലം കുറെ ആയില്ലേ, നമ്മുടെ ആദ്യത്തെ അലുംനിക്കെങ്കിലും വരുമെന്ന പ്രതീക്ഷയില്‍ കോളേജ് രജിസ്റ്ററിലെ പഴയ അഡ്രസ്‌ തപ്പിയെടുത്ത് കത്തിടുക കൂടി ചെയ്‌തു ഞങ്ങള്‍... അതും മടങ്ങി, ആളില്ലാതെ...”

ആരോ പറഞ്ഞത് ഞാനോര്‍ത്തു.

“നിത്യനാണ്.”

ഒരു ‘ഹലോ’യുടെ അലങ്കാരമോ ഉപചാരമോ കൂടിയില്ലാതെ, അപരിചിത നമ്പറില്‍ നിന്നുള്ള അടഞ്ഞ ശബ്ദം എന്റെ കാതുകളോടു പറഞ്ഞു.

“നിത്യനോ?” എന്ന്‌ ഞാന്‍ അമ്പരപ്പില്‍, ഉള്ളാല്‍ പറഞ്ഞത് വലിയൊരൊച്ചയില്‍ ഒരു ചോദ്യമായി പുറംചാടിപ്പോയി.

“ഹാ... നിത്യന്‍ തന്നെ. ആ പേരില്‍ പിന്നീട് ആരെയും പരിചയപ്പെട്ടിട്ടില്ലെന്നറിയാം. അതുകൊണ്ട് സംശയിക്കാനുമുണ്ടാകില്ല. ഞാന്‍ ഇവിടെയുണ്ട്. ഒന്ന് കാണാന്‍ വരുന്നുണ്ട്” എന്ന്‌ ഒറ്റ വീര്‍പ്പില്‍ പറഞ്ഞ് അവന്‍ നിശ്ശബ്ദം നിന്നു.


ഇപ്പോളോര്‍ക്കുമ്പോളറിയാം, അത് നിശ്ശബ്ദതയായിരുന്നില്ല.

അത്ര ഭാരമുള്ള ഒന്നിനെ നിശ്ശബ്ദതയെന്ന്‌ എങ്ങനെ വിളിക്കാനാകും?

കനത്ത ദീര്‍ഘനിശ്വാസങ്ങള്‍, അവയെന്റെ ചെവിക്കുള്ളില്‍ മുഴങ്ങിക്കൊണ്ടിരുന്നു. അവയത്രയും എന്തുകൊണ്ടോ എന്റെ ഹൃദയമിടിപ്പ്‌ കൂട്ടിക്കൊണ്ടിരുന്നു. വെപ്രാളം കൊള്ളിച്ചുകൊണ്ടിരുന്നു.

“എവിടെയാണ് നിത്യാ നീ?” ആ അവസ്ഥയില്‍നിന്നും തെന്നിമാറിക്കൊണ്ട് ഞാന്‍ അവനോട് ചോദിച്ചു.

“വരാന്‍ നിനക്ക് എന്റെ വീടെങ്ങനെയാണ് അറിയുക? ഈ നമ്പറില്‍ വാട്സ്ആപ്പ് ഉണ്ടെങ്കില്‍ ഞാന്‍ നിനക്ക് ലൊക്കേഷന്‍...” അത്രയും പറഞ്ഞപ്പോഴേക്കും പൂര്‍ത്തിയാക്കാന്‍ വിടാതെ, “അറിയാം”എന്ന്‌, ഒറ്റവാക്കില്‍ അവനങ്ങ് ഫോണ്‍ കട്ട് ചെയ്‌തുപോയി.


എനിക്കാകെ അത്ഭുതമായിരുന്നു. ഇത്രകാലവും പരിസരത്തെങ്ങുമില്ലാതിരുന്ന, ഒരുതരത്തിലും ആരുമായും ബന്ധപ്പെടാത്ത, അവനെങ്ങനെയാണ് എന്റെ വീടറിയുക എന്ന് ഞാനാലോചിച്ചു. അതും, ജീവനാഡി പോലെ തലങ്ങും വിലങ്ങും പായുന്ന, ആളെ ചുറ്റിക്കുന്ന ഊടുവഴികള്‍ നിറഞ്ഞ ഈ റെസിഡൻഷ്യൽ ഏരിയയിലെ, ഏതാണ്ട് അവസാന ഭാഗത്തെ, കുറച്ച് അകത്തേക്ക് വലിഞ്ഞുകിടക്കുന്ന വീട്. സ്ഥലംമാറ്റമായി എത്തുമ്പോള്‍ എനിക്ക്‌ ഈയിടത്തോട് പ്രത്യേകിച്ചടുപ്പമൊന്നും തോന്നുകയുണ്ടായില്ലെങ്കിലും “ഒരു വീട് വയ്‌ക്കുന്നെങ്കില്‍ ഇവിടെ മതി, ഞാന്‍ കൂടി വരേണ്ട ഒരിടമായി നീയതിനെ കരുതുന്നുവെങ്കില്‍” എന്ന എനിക്കിപ്പോളും കാരണമറിയാത്ത ഒരു കടുംപിടുത്തം ശ്രീകാന്തന്റെ ഭാഗത്തുനിന്നുണ്ടായി; അതിന്റെ തുടര്‍ച്ചയായി ഞങ്ങള്‍ക്കിടയിലെ നീണ്ടുനിന്ന ഒരു തര്‍ക്കവും. അവിടവുമായി യാതൊരു മുന്‍ബന്ധവുമുണ്ടായിരുന്നില്ലെങ്കിലും അവിടെയെന്നല്ല, എവിടെയും സൗഹൃദങ്ങളോ ആഴമുള്ള ബന്ധങ്ങളോ ഉണ്ടായിരുന്നില്ലെങ്കിലും അയാളെ സ്വസ്‌തിപ്പെടുത്തുന്ന എന്തോ അവിടെയുണ്ടെന്നപോലെയുള്ള ആ വാശിക്ക്, അയാളുടെ എല്ലാ വാശിക്കുമെന്നപോലെ അവസാനം എനിക്ക് കീഴ്പ്പെടേണ്ടി വന്നു. സ്ഥിരമായ ഒരിടം, എവിടെയെങ്കിലും ഒരിടം ‐ അതപ്പോഴേക്കും എന്റെ അത്രയ്‌ക്കും വലിയൊരാവശ്യമായിത്തീര്‍ന്നിരുന്നു. സത്യത്തില്‍ അത് എന്റെമാത്രം ആവശ്യവുമായിരുന്നു.


രാവിലെ നിത്യന്റെ കാള്‍ അറ്റന്‍ഡ് ചെയ്‌തു തീരുമ്പോള്‍ ഉള്ളില്‍ അങ്കലാപ്പിനൊപ്പം വല്ലാത്തൊരു സന്തോഷവുമുണ്ടായിരുന്നു. ഒരു വ്യാഴവട്ടത്തിലേറെ എല്ലാവരില്‍നിന്നും ഒളിഞ്ഞിരുന്ന, ഒരേനേരം മിടുക്കനും ഉഴപ്പനുമായിരുന്ന പ്രിയപ്പെട്ടൊരു വിദ്യാര്‍ഥി മുന്നറിയിപ്പൊന്നുമില്ലാതെ പൊടുന്നനെ കാണാന്‍ വരിക! അതെന്തിനാവും എന്തുകൊണ്ടാവും എന്നൊക്കെ ആലോചിച്ചുകൊണ്ട്, ചെയ്യാന്‍ ലിസ്റ്റിട്ടു വച്ചിരുന്ന കാര്യങ്ങളെയൊക്കെ ഞാന്‍ മറ്റൊരവധി ദിവസത്തിലേയ്‌ക്കുന്തി. അവന്‍ വരുന്നതും കാത്തിരുന്ന ആ ചെറിയനേരം മുഴുവന്‍, പഴയ നിത്യനെയും ആ കാലത്തെയുമൊക്കെ ഓര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു പിന്നെ ഞാന്‍.

ഇരുനിറത്തില്‍, മെല്ലിച്ച, അമര്‍ന്ന കവിളുകളുള്ള, നല്ല പൊക്കമുള്ള, കുമ്പിട്ടുകിടക്കുന്ന എലുമ്പന്‍ മീശയുള്ള, ചിരിക്കാത്ത ഒരുത്തനായിരുന്നു അന്നവന്‍. കോളേജ് യൂണിയന്‍ ചെയര്‍മാന്‍. നല്ല വരക്കാരന്‍, ഒന്നാന്തരം വായനക്കാരന്‍, പ്രാസംഗികന്‍, മുന്‍കോപക്കാരന്‍.

ക്ലാസ് സമയത്ത് അവന്‍ ചോദിച്ചിരുന്ന ചില കുനിഷ്ട്‌ ചോദ്യങ്ങള്‍. അതിനു കൊടുത്തിരുന്ന കനത്ത മറുപടികള്‍. ചൊറിതണം പോലെ പിന്നാലെ വന്നിരുന്ന, മറ്റാരുടെയുമുള്ളില്‍ കിളിര്‍ക്കാനിടയില്ലാത്ത തരം തലതെറിച്ച സംശയങ്ങള്‍. അവനെ ഓര്‍ത്തപ്പോള്‍ മുപ്പതു വയസ്സിലെ ആ എന്നെയും ഞാനോര്‍ത്തു. ആഗ്രഹിച്ചും കാത്തിരുന്നും കിട്ടിയ സ്ഥിരജോലിയുടെ സ്വാസ്ഥ്യങ്ങള്‍ക്കിടയിലും ശ്രീകാന്തന്റെ കരയ്‌ക്കടിയാത്ത സ്വഭാവം, ഞങ്ങളുടെ പ്രണയത്തില്‍ വിള്ളലുകളുണ്ടാക്കുകയും വീണ്ടും കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തുകൊണ്ടിരുന്ന, ജാതിയില്‍ താണ, ലക്കും ലഗാനുമില്ലാതെ നാടകത്തിനു പിന്നാലെ ഭ്രാന്തുപിടിച്ചു പായുന്നൊരുത്തനെ വേണ്ടെന്ന്‌ വീട്ടുകാര്‍ ഇടഞ്ഞുനിന്നിരുന്ന, മറ്റൊരു വിവാഹത്തിന്‌ നിര്‍ബന്ധിച്ചുകൊണ്ടിരുന്ന ഒരനിശ്ചിതകാലം. ക്ലാസ് മുറികള്‍ എല്ലാ സമ്മർദങ്ങള്‍ക്കുമുള്ള മറുമരുന്നായിരുന്നു അന്നെനിക്ക്. രാവെളുക്കുവോളം പ്രിപ്പെയര്‍ ചെയ്യുക, നോട്ടുകള്‍ തയ്യാറാക്കുക, കുറച്ചു മാത്രം ഉറങ്ങുക, കോളേജിലേക്ക് പായുക‐ അവിടത്തെ സർവബഹളങ്ങളിലും മുഴുകുക, വീട്ടുകാര്‍ക്ക് അധികം മുഖം കൊടുക്കാതിരിക്കാനായി മാസത്തിലൊരിക്കല്‍ മാത്രം നാട്ടിലേക്ക് പോവുക അങ്ങനെയങ്ങനെ...


ജോലികിട്ടി അധികമാവും മുമ്പായിരുന്നു വീട്ടുകാരെ അവഗണിച്ചുള്ള ശ്രീകാന്തനുമായുള്ള രജിസ്റ്റര്‍ വിവാഹം. ഏറ്റവും പ്രിയപ്പെട്ട മനുഷ്യരുടെ തുരുത്ത് അതോടെ എനിക്കന്യമായി. അതിന്റെ അശാന്തികള്‍ക്കും ഒറ്റപ്പെടലുകള്‍ക്കുമിടയില്‍ എല്ലാം നികത്തുമെന്ന് കരുതിയയാള്‍ തന്നുകൊണ്ടിരുന്ന അതിലുമാഴമുള്ള ഏകാന്തത കൂടി സഹിക്കാനുള്ള കെല്‍പ്പുണ്ടായിരുന്നില്ല എനിക്ക്. തീരെ നിനച്ചിരിക്കാത്തൊരു നേരത്ത്‌ വേണ്ടിവന്ന ഒരപ്പന്റിസൈറ്റിസ് സര്‍ജറിയുടെ ഓർമ, വേണ്ടെന്നുവച്ചിട്ടും അന്നേരം എനിക്കുള്ളില്‍ കയ്‌പോടെ പൊങ്ങിവന്നു. നിത്യന്റെ ക്ലാസ് മുറിയില്‍, പഠിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു പതിയെ പുറപ്പെട്ട ഒരു ചെറുവേദന, വേദനയുടെ അതിശക്തമായ ഒരു ചുഴിയായിത്തിരിയാന്‍ തുടങ്ങിയത്, കുഴഞ്ഞു വീണുപോയത്. ‘കാത്തു നില്‍ക്കാനാവില്ലെ’ന്ന്‌ ഡോക്ടര്‍ ഉറപ്പിച്ചുപറയുമ്പോള്‍, തന്നുപോയ നമ്പറുകളിലൊക്കെ ആരൊക്കെയോ മാറിമാറി വിളിച്ചിട്ടും ശ്രീകാന്തനെ കിട്ടിയില്ല. ആദ്യമായി കാണുന്ന ശസ്‌ത്രക്രിയാ മുറിയിലെ ഭയപ്പെടുത്തുന്ന തണുത്ത ഏകാന്തത. ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ വന്നിരുന്ന സഹപ്രവര്‍ത്തകരില്‍ ചിലരുടെ മുഖങ്ങള്‍, വിദ്യാർഥികളുടെ മുഖങ്ങള്‍, അതിലേറ്റവും കൂടുതല്‍ ഓര്‍ക്കാനാവുന്ന നിത്യന്റെ ആധിയും കരുണയുമുള്ള മുഖം. ആ ഓർമകളൊക്കെയും ഇപ്പോള്‍ നിയന്ത്രണമറ്റ് ചിതറാന്‍ തുടങ്ങുമോയെന്നു പേടിച്ച് ഞാന്‍ കണ്ണുകള്‍ അമര്‍ത്തിച്ചിമ്മിപ്പിടിച്ചു. എന്നിട്ടും അവയെന്നെ തോല്‍പ്പിച്ചുകൊണ്ട് അങ്ങനെ ഒഴുക്കുതെറ്റാതെ വരാന്‍ തുടങ്ങി.

“കൂടെ നില്‍ക്കുന്നവനാണ് കൂട്ടുകാരന്‍. അയാള്‍ അതല്ലെങ്കില്‍ പിന്നെന്തിനാണ്..?

ഡിസ്ചാര്‍ജ് ദിവസം എല്ലാവരുടേയും മുന്നില്‍ വച്ചാണ് നിത്യന്‍ അങ്ങനെയൊരു ചോദ്യം ചോദിച്ചത്. വല്ലാത്ത ഒച്ചയില്‍. വല്ലാത്ത ഊക്കില്‍. അതെന്നെ മുറിച്ചു. എന്റെ അഹന്തയെ മുറിച്ചു. വല്ലാതെ എന്നെ ചിതറിച്ചു. ശരീരവും മനസ്സും ഒരുപോലെ ദുര്‍ബലമായിത്തീര്‍ന്ന, മുറിവേറ്റുകിടന്ന ഒരു നേരത്ത്, എല്ലാവരോടും കടപ്പെട്ടുകൊണ്ട് ഒന്നും ചെയ്യാനാവാതെ തളര്‍ന്നുപോയ ആ നേരത്ത്, ഒരു വിദ്യാര്‍ഥിയെന്ന നില മറന്നുവന്ന, അതിരുഭേദിച്ച, എന്റെ വ്യക്തിജീവിതത്തെ തൊടുന്ന ആ ചോദ്യത്തെ രൂക്ഷനോട്ടങ്ങള്‍ കൊണ്ടുതന്നെ സഹപ്രവര്‍ത്തകര്‍ നേരിട്ടു.


ഒരുപക്ഷേ പിന്നീട് അവരവനെ വഴക്കു പറഞ്ഞുകാണണം, താക്കീതു നല്‍കിക്കാണണം; അതിനെയൊന്നും ഒട്ടുമേ കൂസാത്തവനെങ്കിലും.

“സ്റ്റുഡന്‍സിന് നല്‍കാവുന്ന ഫ്രീഡത്തിന്‌ പരിധികളുണ്ട്. അവരുമായി സൗഹൃദത്തിലാവാം... പക്ഷേ സുഹൃത്തുക്കളായിത്തീരരുത്.''

പിന്നീടെപ്പോഴോ ആ സംഭവത്തെ പരാമര്‍ശിച്ചുകൊണ്ട് വകുപ്പ് മേധാവി സുകുമാരന്‍ സാര്‍ തന്നൊരുപദേശം, അത് ഉള്ളിലൊരു തീയെഴുത്ത് പോലെ കൊണ്ടുനടന്നിരുന്നു, പാലിച്ചിരുന്നു, പിന്നീടങ്ങോട്ട്‌ എപ്പോഴും.

കോളിങ്‌ ബെല്‍ മുഴങ്ങിയതും ആ വിചാരങ്ങളില്‍ നിന്നൊക്കെ പാഞ്ഞെണീറ്റ് ഞാന്‍ ചെന്ന്‌ വാതില്‍ തുറന്നു. പുറത്ത് ഊത നിറമുള്ള മുഷിഞ്ഞ കുര്‍ത്തിയും ചാരനിറമുള്ള ജീന്‍സുമിട്ട, കട്ടിക്കണ്ണട വച്ച, തിളക്കം കുറഞ്ഞ കണ്ണുകളുള്ള, അവിടവിടെ ചെമ്പ് ചായം തേച്ച മുടി ഉച്ചിയില്‍ ഉരുട്ടിക്കെട്ടി വച്ച, ചടച്ച ചെറുപ്പക്കാരന്‍. കുനിഞ്ഞുനിന്ന്‌ വള്ളിച്ചെരുപ്പുകളില്‍ നിന്നും കാലുകളെ സ്വതന്ത്രമാക്കി, നിവര്‍ന്നപ്പോള്‍ വ്യക്തം കണ്ടു, പഴയ നിത്യനില്‍നിന്നും ഒരുപാട് സഞ്ചരിച്ചിരിക്കുന്നു. മുന്നോട്ടോ പിന്നോട്ടോ? അത് നിശ്ചയമില്ല. നെറ്റി മേല്‍പ്പോട്ടു പാഞ്ഞിരിക്കുന്നു. വീതിയില്‍, ഇടതു ചെന്നിക്ക് മുകളില്‍ മാത്രമുള്ളൊരു വിചിത്ര നര. കണ്‍തടങ്ങളില്‍ വീര്‍ത്തുകിടക്കുന്ന കാലത്തിന്റെ നേര്‍ത്ത ആഘാതങ്ങള്‍. അവനിപ്പോള്‍ എത്ര വയസ്സു കാണും?

മുപ്പത്തിയഞ്ചോ ആറോ? പതിനഞ്ചു കൊല്ലങ്ങളുടെ ആ രൂപപ്പെടുത്തല്‍ എന്നിലുണ്ടാക്കിയ വിസ്മയമൊന്നും അവന്റെ മുഖത്ത് പക്ഷേ ഒട്ടുംതന്നെ കണ്ടില്ല. എന്നും കാണുന്ന ഒരാളെക്കാണുമ്പോള്‍ എന്നപോലെ, അവനൊരു പാതി ചിരിയില്‍ ആ നിമിഷത്തെ ഒതുക്കിപ്പിടിച്ചു. അകത്തേക്ക് നടക്കുമ്പോള്‍ ഞാനെന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു. അവനതിന് ശ്രദ്ധയോടെ, പണ്ടില്ലാത്ത സൂക്ഷ്‌മതയോടെ, കുറച്ചു വാക്കുകള്‍കൊണ്ട് മറുപടികള്‍ പറഞ്ഞു.

‘ചായയോ കോഫിയോ ’ എന്ന എന്റെ ചോദ്യത്തിന് ‘കോഫി’ യെന്നു പിറുപിറുത്തുകൊണ്ട് അവന്‍, മേശപ്പുറത്തുനിന്നും പത്രമെടുത്ത് ഏതോ വാര്‍ത്തയിലേക്ക് ബദ്ധപ്പെട്ടു. ‘ചെക്കന്‍ കുറച്ചധികം ജാഡക്കാരനായല്ലോ’ യെന്ന്‌ ഉള്ളില്‍ പൊടിഞ്ഞ ഒരു ചിരിയമര്‍ത്തി ഞാന്‍ ശ്രദ്ധയോടെ ഒരു കാപ്പിയുണ്ടാക്കി, വലിയ, പച്ചനിറമുള്ള ചില്ലു കപ്പിലേക്കത് പകർന്ന്‌, തേങ്ങ നിറച്ചു മൊരിച്ചെടുത്ത ഒരു നേന്ത്രപ്പഴംകൂടി ഒപ്പമെടുത്ത്, തിരികെ വന്നു.


എന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തതയുള്ള ഉത്തരമൊന്നുമുണ്ടായില്ലെങ്കിലും അവന്‍ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. കാലാവസ്ഥയെക്കുറിച്ച്, പ്രകൃതിയെക്കുറിച്ച്, ഏതോ സിനിമയെക്കുറിച്ച്, അതിലെ രാഷ്‌ട്രീയത്തെക്കുറിച്ച്, പുസ്‌തകങ്ങളെക്കുറിച്ച്... പണ്ടും അവന്‍ ആ രീതിക്കാരന്‍ തന്നെയായിരുന്നല്ലോ എന്ന്‌ ഞാനോര്‍ത്തു; തന്നിഷ്ടത്തിന്റെ ഒറ്റ വഴിയേ. അവന്റെ ഉത്തരക്കടലാസ്സുകളില്‍ പോലുമുണ്ടായിരുന്നു അത്. ആ ധാര്‍ഷ്ട്യങ്ങള്‍, കണ്ടുപിടുത്തങ്ങള്‍, എതിര്‍പ്പുകള്‍, തിരുത്തലുകള്‍...

“നിത്യാ, നിനക്ക് മാര്‍ക്ക് കിട്ടണ്ടേ? സിലബസ് എന്ന ഒന്നുണ്ട്. അത് നിന്റെ തോന്നലുകളല്ല.”

ഉത്തരങ്ങളെ ചുവപ്പ് വെട്ടലുകള്‍കൊണ്ട് തിരുത്താന്‍ ഞാന്‍ ശ്രമിച്ചപ്പോഴൊക്കെ അവന്‍ തീരെ വഴക്കമില്ലാതെ ഇടഞ്ഞുനിന്നു. “അതിനുള്ള മാര്‍ക്ക് മതി. ഞാന്‍ അറിഞ്ഞതാണ് എന്റെ എഴുത്ത്. അത് എന്നോടുള്ള, എന്റെ തന്നെ പരീക്ഷകളാണ്, പരീക്ഷണങ്ങളാണ്... അല്ലാതെ വല്ലവരുടെയും കണ്ടെത്തലുകളുടെ സിലബസല്ല...”

അവന്റെ പ്രകോപനങ്ങളില്‍ വീഴാതെ, കടിച്ചുപിടിച്ച്‌ അവസാനിപ്പിക്കേണ്ടി വന്ന സംഭാഷണങ്ങള്‍ അന്ന്‌ സ്റ്റാഫ്‌ റൂമില്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നു, അനുഭവത്തില്‍. പൊട്ടിത്തെറിച്ചവരും ശകാരിച്ചവരുമുണ്ടായിരുന്നു, കൂട്ടത്തില്‍. അതുകൊണ്ടൊന്നും പക്ഷേ അവന്‍ മാറിയില്ല, ഒരു പാഠവും പഠിച്ചില്ല, ഒടുവിലൊരു ശരാശരി മാര്‍ക്കുകാരനായി കടന്നു പോകുംവരെ.

“ഇവ വായിച്ചിട്ടുണ്ടോ?''


കട്ടിക്കാചങ്ങളുള്ള കണ്ണടയ്‌ക്കുള്ളിലൂടെ എന്നെ നോക്കി അവന്‍ കുറച്ചു പുസ്‌തകങ്ങള്‍ ബാഗിനുള്ളില്‍നിന്നും വലിച്ചെടുത്തു. അവയ്‌ക്കുള്ളില്‍ എന്തോ മറിച്ചുനോക്കിക്കൊണ്ട്, മേശമേല്‍ വച്ചു.

“ഒരെണ്ണം പഴയതാണ്.” അവന്‍ ഏറ്റവും മുകളിലിരുന്ന പുസ്‌തകത്തിലേക്ക് കൈ ചൂണ്ടി.

അതു കേട്ടപ്പോള്‍ പഴയ പുസ്‌തകങ്ങളോടുള്ള എന്റെ ഭ്രാന്തിനെക്കുറിച്ചു പറയാന്‍ തുനിഞ്ഞതും, “ഇഷ്ടപ്പെടും. കോഴിക്കോടും തൃശൂരും ചെന്നൈയിലും ബാംഗ്ലൂരുമൊക്കെ യൂസ്ഡ് ബുക്ക്‌ തേടി ഷോപ്പുകളില്‍ അലയുന്നവര്‍ക്ക്” എന്നവന്‍ നിസ്സാരമട്ടില്‍ പറഞ്ഞത്, എനിക്കാകെ അത്ഭുതമുണ്ടാക്കി.

“നിനക്കതെങ്ങനെയറിയും നിത്യാ?’’ എന്ന ചോദ്യത്തിന്, അവന്‍ മറുപടി പറഞ്ഞില്ല. ആ കനം പിടിച്ച ഇരിപ്പു കണ്ടപ്പോള്‍ പറയുമെന്നെനിക്ക് തോന്നിയതുമില്ല.


ഇങ്ങനെയൊക്കെയാണെങ്കില്‍ ഇത്തിരി ജാഡ തിരിച്ചുമാവാം എന്നോര്‍ത്ത് അവന്റെ പുസ്‌തകങ്ങളെ ശ്രദ്ധിക്കാത്തമട്ടില്‍, “എന്ത് ചെയ്യുന്നു നീ? കുടുംബമൊക്കെ?”എന്നിങ്ങനെയുള്ള അതിസാധാരണമായ ചില ചോദ്യങ്ങള്‍ ഞാനവവനോടു ചോദിച്ചു.

അവയ്‌ക്കുനേരെ അവനൊന്നു പതുക്കെ ചിരിച്ചതായി എനിക്കു തോന്നി. “കുറച്ചു നേരമൊന്ന്‌ അനങ്ങാതിരിക്കൂ.” പൊടുന്നനെ അവന്‍ പറഞ്ഞു. പിന്നെ കീശയില്‍നിന്നും പേനയെടുത്ത്, മടിയിലിരുന്ന നോട്ട്പാഡില്‍ വേഗത്തില്‍ ചില രേഖകള്‍ പോറിത്തുടങ്ങി.

“ജോലി... അത്, ഇന്നത് എന്നൊന്നുമില്ല. വര, കണ്ടന്റ് റൈറ്റിങ്‌, എഡിറ്റിങ്‌, അങ്ങനെ പലതും...” അതിനിടയ്‌ക്ക് അവന്‍ പറഞ്ഞുകൊണ്ടിരുന്നു.

കാപ്പിയെടുത്ത് ഒരിറക്ക്‌ കുടിച്ച്,‘‘നന്നായിരിക്കുന്നു”വെന്ന് പിറുപിറുത്തുകൊണ്ട് അവന്‍ കപ്പ്‌ മേശപ്പുറത്ത് വച്ചു; അതിനരികെ, സംസാരിച്ചുകൊണ്ടിരിക്കേ വരച്ചുതീര്‍ത്ത എന്റെ രേഖാ ചിത്രവും.

ഞാനതിന്റെ വ്യക്തതയിലേക്ക് അന്തംവിട്ടു നോക്കി.

‘‘കുടുംബമില്ല. ഉണ്ടാക്കിയില്ല.” വീണ്ടും രണ്ട് ഉറച്ച വാചകങ്ങള്‍ പറഞ്ഞ്‌ അവനെണീറ്റു.

തുറന്ന അറ്റങ്ങളില്ലാത്ത, കണിശമായ ആ മറുപടികളില്‍ കുരുങ്ങി ഞാന്‍ പലപ്പോഴും അസ്വസ്ഥയായി. അവന്റെ വാക്കുകള്‍, ശരീരഭാഷ- ഒക്കെ എനിക്ക് അത്രയ്‌ക്കും അന്യമായിത്തോന്നി.

അവന്‍ ജനലിനരികിലേക്ക് നീങ്ങി.

“ഒറ്റയ്‌ക്കാണ്.”


ഉപ് ഉപ് എന്നൊരു അസുഖകരമായ ഒച്ചയുണ്ടാക്കി മുറ്റത്ത്‌ പാറി വന്നിരുന്നൊരു ചെമ്പോത്തിനെ നോക്കികൊണ്ട് അവന്‍ പറഞ്ഞു. ചെടികള്‍ക്കിടയില്‍ നിന്ന്‌ അതൊരു പ്രാണിയെ കൊത്തിയെടുത്തു തിന്നാന്‍ തുടങ്ങി.

കുറച്ചുനേരം എന്തോ ഓര്‍ത്തുകൊണ്ട് നിത്യന്‍ നിന്നു. പിന്നെ, ചെരിഞ്ഞ്‌ ചുവര്‍ ക്ലോക്കിലെ സമയത്തിലേക്ക് നോക്കി.

ചെമ്പോത്ത് ജനലിനു കുറുകെ പറന്നുപോയി.

“പോകുന്നു.”

അവന്‍ പൊടുന്നനെ പറഞ്ഞു.

“അത് പറ്റില്ല.” ഞാന്‍ എതിര്‍ത്തു. “ഇതെന്ത് പോക്കാണ് നിത്യാ? ഒന്നും കഴിച്ചില്ല... ആ പഴംനിറവ് പോലും തൊട്ടില്ലല്ലോ നീ. ഞായറാഴ്‌ചകളില്‍ എന്റെ അടുക്കളയങ്ങനെ റസ്റ്റ്‌ എടുക്കുകയാണ് പതിവ്. പക്ഷേ ഇന്നതല്ല. നിനക്ക് വേണ്ടി നല്ല മട്ടന്‍ സ്റ്റ്യൂവുണ്ടാക്കിയിട്ടുണ്ട്. ഇതാ ചൂടോടെ ചപ്പാത്തിയുണ്ടാക്കാന്‍ പോവുകയാണ്, വളരെ കുറച്ചു നേരംകൊണ്ട്. അതുവരെ ഇവിടിരുന്ന്‌ നീയെന്തെങ്കിലും വായിക്ക്... അല്ല, നിനക്ക് ഫ്രഷ്‌ ആവണമെങ്കില്‍, വാഷ്‌ റൂമില്‍ പോണമെങ്കില്‍ ദാ, നേരെ”.

ഞാന്‍ മുറിയിലേക്ക് വിരല്‍ചൂണ്ടി.


അത്രമേല്‍ സ്വാഭാവികമായാണ് ഞാനതത്രയും പറഞ്ഞതെങ്കിലും അവന്‍ നിഷേധഭാവത്തില്‍ തലവെട്ടിച്ചുകൊണ്ട് മുടിയില്‍ തെരുപ്പിടിച്ചുകൊണ്ട്, അതേ അകലത്തിലങ്ങനെ ബലം പിടിച്ചുനിന്നു. ബാഗില്‍ നിന്നെന്തോ എടുക്കുന്നതായി ഭാവിച്ച്, പിന്നെയത് വേണ്ടെന്നുവച്ച്, മേശപ്പുറത്തുനിന്നും ജഗ്ഗെടുത്ത് വെള്ളം വായിലേക്ക് കമഴ്‌ത്തി. വിചിത്രമായൊരു ഭാവത്തോടെ എനിക്കു നേരെ നിന്ന്‌ അത്രയ്‌ക്കഗാധമായി, എന്റെ കണ്ണുകളിലേക്കു ചുഴിഞ്ഞു നോക്കി.

ഞാന്‍ വല്ലാതെയായി.

“എനിക്കിത് താങ്ങാന്‍ വയ്യ...” പൊടുന്നനെ എന്റെ കൈകള്‍ വലിച്ചെടുത്ത് നെഞ്ചോടു പറ്റിച്ച്, അവന്‍ തളര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു. “ഉള്ളിലെ നരകത്തിലങ്ങനെ ചുറ്റിച്ചുറ്റി... എനിക്ക് മതിയായി... അത്രയ്‌ക്കും മതിയായി. ശരി തെറ്റുകളെക്കുറിച്ചോര്‍ത്ത് എത്രയോ കാലം ഞാന്‍ അലഞ്ഞുനടന്നു. ഒന്നുമാകാതെ, അങ്ങനെയൊന്നും ആഗ്രഹിക്കാതെ. ഞാന്‍ എന്തെന്നോ ആരെന്നോ ഒന്നും എനിക്കറിയില്ല. അല്ലെങ്കിലും... അറിയുമായിരുന്നുമില്ല... അറിയാമായിരുന്ന ഒന്നേയുണ്ടായിരുന്നുള്ളൂ. എനിക്ക്, പ്രണയമായിരുന്നു നിങ്ങളോട്. എന്നും... എപ്പോഴും. മരണം പോലെ വേദനിപ്പിക്കുന്ന, ജീവിതം പോലെ വലിച്ചടുപ്പിക്കുന്ന പ്രണയം... ഒരേനേരം ക്രൂരമായി പൊള്ളിക്കുകയും മഞ്ഞുകട്ട പോലെ മരവിപ്പിക്കുകയും ഉപ്പു തിന്നവനെപ്പോലെ ദാഹിപ്പിക്കുകയും ചെയ്യുന്ന പ്രണയം... ഇത്രകാലം ഒരു നായിനെപ്പോലെ എന്നെ ഓടിച്ചുകൊണ്ടേയിരുന്നതും ഇപ്പോളിവിടെ കൊണ്ടുവന്നെത്തിച്ചതും... ഒരു തമോഗര്‍ത്തത്തെപ്പോലെ, ഒരിത്തിരി വെളിച്ചം പോലും പുറത്തുവിടാനാകാതെ, എന്നില്‍ത്തന്നെ തകര്‍ന്നടിഞ്ഞ്‌... ഞാനെത്ര കാലമാണ്... ”


ചെവിയില്‍ ഭീകരമായൊരു കുഴലൂത്തു കേട്ടപോലെ തരിച്ചു പോയ എനിക്ക്, വർണക്കട്ടകള്‍ അടുക്കിക്കൊണ്ടുള്ള ഒരു നിര്‍മിതിയാണ് ഞാനെന്നും ആരോ അതിന്റെ ഏറ്റവും അടിയിലെ കട്ട ഒരൊറ്റ വലി വലിച്ചിരിക്കുന്നുവെന്നും തോന്നി. ഞാന്‍ ചിന്നിച്ചിതറിപ്പരന്നു. എന്റെ കണ്ണുകള്‍ നിത്യനെ തുറിച്ചുനോക്കി; നോട്ടം കൊണ്ട് അവനെ മാന്തിക്കീറാന്‍ ആഗ്രഹിച്ചെന്ന വിധം. ആ നില്‍പ്പില്‍ ഞാന്‍, പിന്നിട്ട ക്ലാസ്‌മുറികളെ ഓര്‍ത്തു. ഓരോ ക്ലാസ് മുറികളെയുമോര്‍ത്തു. ഓര്‍ക്കാവുന്ന മുഖങ്ങളെയെല്ലാമോര്‍ത്തു. നിത്യനെ ഓര്‍ത്തു, സ്വയമുറപ്പിക്കാന്‍ ശ്രമിച്ചു. ആഞ്ഞാഞ്ഞുറപ്പിക്കാന്‍ ശ്രമിച്ചു. ഒരിക്കല്‍പോലും, ഒരിക്കല്‍ പോലും പരിധിവിട്ട് അവനോടിടപെട്ടിട്ടില്ല, പെരുമാറിയിട്ടില്ല... അതിന് ഇട കൊടുത്തിട്ടില്ല, ഒരു സാഹചര്യത്തിലും...


അതെ. അതങ്ങിനെത്തന്നെയാണ്... തിരിഞ്ഞുനോക്കാനൊന്നുമില്ല... എന്നിട്ടും, ഈ -നാൽപ്പത്തി അഞ്ചാം വയസ്സില്‍ ഏറ്റവും പ്രിയപ്പെട്ട അതേ ക്ലാസ് മുറിയില്‍ നിന്നുമൊരുവന്‍, പ്രണയം പറഞ്ഞെത്തിയിരിക്കുന്നു.

ഏറ്റവും വിലക്കപ്പെട്ട ഒന്നിനെ, അത്ര നിസ്സാരം, നിർദയം വെളിപ്പെടുത്തുന്നു.

എന്റെ മുമ്പില്‍ ഇത്രയും പറഞ്ഞുനിൽക്കാന്‍ നിത്യനെങ്ങനെ ഉള്ളുറപ്പ് വന്നുവെന്ന്‌ ഞാന്‍ ഞെട്ടലോടെ ഓര്‍ത്തു. എനിക്ക് എന്നോടുതന്നെ അവജ്ഞ തോന്നി.

‘ഇനി ഒരക്ഷരം പറയരുതെ’ന്ന്‌ വന്യമായി ഗര്‍ജിക്കാന്‍ എന്റെ നാക്ക്‌ പുളഞ്ഞു. പക്ഷേ വായില്‍നിന്ന്‌ ഒരൊച്ചയും പുറപ്പെട്ടില്ല. കൈവീശി അവന്റെ കരണം നോക്കിയൊന്നു പൊട്ടിക്കണമെന്ന് എനിക്കു തോന്നി. പക്ഷേ കൈകള്‍, അവ വിറകുകൊള്ളികള്‍പോലെ അനക്കമില്ലാതെ കിടന്നു.

എന്റെ തൊണ്ടയടഞ്ഞു. ചെന്നിക്കുത്തിന്റെ ആദ്യ വേദനച്ചുഴി, അത് പതുക്കെ പതുക്കെ വലുതായിക്കൊണ്ടിരുന്നു.

അവന്‍ അതേ നിൽപ്പ്‌ തുടര്‍ന്നു. എന്റെ കണ്ണുകളില്‍ത്തന്നെ ആണ്ടു നോക്കിക്കൊണ്ട്. ഒരിളക്കവുമില്ലാത്ത, വരണ്ട ആ ഇടുക്കന്‍ കണ്ണുകളില്‍ പതിയെപ്പതിയെ, വ്യസനത്തിന്റെ ഒരു നീരുറവ പൊട്ടുന്നത് ഞാന്‍ കണ്ടു.

‘നീലാകാശ സമുദ്രത്തില്‍

ചാടുവാനെന്ന പോലെ

അവന്റെ കണ്ണിന്‍താഴത്തു നില്‍പ്പൂ

വര്‍ഷാഘനാഘനം’ *


എന്ന്‌ ഞാന്‍ വീണ്ടുമതേ ക്ലാസ്‌മുറിയില്‍ എന്റെതന്നെ ഒച്ച കേട്ടു.

ഒരുതുള്ളി കണ്ണീര്‍ നിലത്തുവീണു. വല്ലാത്തൊരാന്തലോടെ, നടുക്കത്തോടെ, അതെന്റേതു കൂടിയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

‘പുറത്തു പോകൂ’വെന്ന് എന്റെ കൈകള്‍ തളര്‍ച്ചയോടെ അവനോട് ആംഗ്യം കാട്ടി. അതിനോടുള്ള പ്രതികരണം പോലെ, ഒരുതരം തണുത്ത ശരീരഭാഷയോടെ, അവന്‍ മെല്ലെ മുന്നോട്ടുനടന്നു. വീണ്ടും നിന്നു.

മേശപ്പുറത്ത് വച്ച പുസ്‌തകങ്ങളില്‍ ഒന്നെടുത്ത് ചേര്‍ത്തുപിടിച്ച് പതുക്കെ, ഉരുവിട്ടു, “what can not be cured must be endured’’ എന്ന്‌ നിങ്ങള്‍ വായിക്കും, ബെര്‍ട്ടന്റെ ഈ പുസ്‌തകത്തില്‍. അടിവരയിട്ടു വച്ചിട്ടുണ്ട്, എനിക്കു മുമ്പേത്തന്നെ ആരോ... താങ്ങാനാകുന്നില്ല ഒറ്റയ്‌ക്കീ വേദന. അങ്ങനെ ഒരുപാട് തവണ ഓര്‍ത്തെങ്കിലും ഒന്നുരണ്ടു വട്ടം ശ്രമിച്ചെങ്കിലും ദൂരെയെങ്കിലും നിങ്ങളില്ലാത്ത അജ്ഞാതമായ ഒരിടത്ത്, എനിക്ക് കിട്ടാനുള്ളത് ഇതിലും വലിയ നരകമാകുമെന്നറിയുന്നതുകൊണ്ട് മരിക്കാനുമാകുന്നില്ല.

ഇപ്പോള്‍, നിങ്ങളത് അറിഞ്ഞു. ഞാനത് പകുത്തു. എനിക്കറിയാം ഇനിയങ്ങോട്ട് ഒരുപക്ഷേ വെറുത്തു കൊണ്ടാണെങ്കില്‍ പോലും ഞാനുണ്ടാവും നിങ്ങളുടെയുള്ളിലെന്ന്‌...വിട്ടുപോകാതെ... ആ നനവെങ്കിലുമര്‍ഹിക്കുന്നുണ്ട് നിങ്ങളിലേക്കാണ്ടുപോയ എന്റെ വേരുകള്‍...

പൊടുന്നനെ മുന്നോട്ടാഞ്ഞ് അവനെന്നെ, എന്റെ നടുക്കത്തെ ചേര്‍ത്ത്, അത്രമേല്‍ ചേര്‍ത്തുപിടിച്ച്, ഒരു നിമിഷം നിന്നു; ജീവിതത്തിലൊരിക്കലും ആരും അണച്ചുപിടിച്ചിട്ടില്ലാത്തത്ര ഗാഢമായി, വന്യമായി, സത്യസന്ധമായി. ഞാന്‍ ചലിച്ചില്ല. എനിക്കതിനു കഴിഞ്ഞില്ല. അന്നേരം, അവന്‍ എന്നിലൂടെ ശ്വാസമെടുക്കുന്നതായി എനിക്കനുഭവപ്പെട്ടു. അവന്‍ എന്നിലൂടെ മിടിക്കുന്നതായി ഞാനറിഞ്ഞു. അവന്റെ ഉടല്‍പ്പൊള്ളലേറ്റ് എന്റെ നെഞ്ച് തിടം വച്ചു.


ചുറ്റും അവന്റെ വേര്‍പ്പിന്റെ വെയില്‍മണം പരന്നു. ഒറ്റമനുഷ്യരുടെയാ ഗന്ധം, അതെന്റേതുകൂടിയാണെന്ന്‌ ഞാനറിഞ്ഞു. ഞാനവനെ ഊക്കോടെ തള്ളിമാറ്റി.

പടര്‍ന്നുപന്തലിച്ച്, മുള്ളു നിറഞ്ഞ്‌ പ്രയാസപ്പെടുത്തുമെന്നും നടുകയാണെങ്കില്‍, ദൂരെ തൊടിയുടെ മൂലയിലെവിടെയെങ്കിലും മാറ്റി വേണമെന്നും എല്ലാവരും പറഞ്ഞിട്ടും ഞാന്‍ ഗേറ്റരികില്‍ കൊണ്ടു നട്ട ഇരുട്ട് കുത്തിപ്പടര്‍ന്ന വാക്‌സ്‌റോസ് മരം, വരണ്ട ഗ്രീഷ്മക്കാറ്റില്‍ ആകെയൊന്നു പിടഞ്ഞു. ചോരച്ച പൂക്കള്‍ പിന്നെയും കൊഴിഞ്ഞു.

എത്രയും പെട്ടെന്ന്‌ ആരെയെങ്കിലും വിളിച്ച് അത് വെട്ടിക്കളയണമെന്ന് ഞാന്‍ കരുതി; ഇനിയൊരിക്കലും തളിര്‍ക്കാത്ത വിധം വെട്ടി വെട്ടി വേര് കത്തിച്ച്, അതിനെ ഇല്ലാതാക്കണമെന്നും. ആ പൂക്കള്‍, അതിനിയെപ്പോഴും അവന്റെ ഓര്‍മയാകുമെന്ന് എനിക്കറിയാമായിരുന്നു. അതില്ലെങ്കിലും അവനെ മറക്കാനാവുമോയെന്ന്‌, നരകവേദനയോടെ ഞാനപ്പോള്‍ എന്നോടുതന്നെ ചോദിച്ചു .

*നിത്യമേഘം‐ - അക്കിത്തം



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home