ad
Deshabhimani

കഥ

വെനിസ്വേല ലീബ്രെ

ചിത്രീകരണം: ദേവപ്രകാശ്‌
avatar
പ്രിയ ഉണ്ണികൃഷ്‌ണൻ

Published on Feb 21, 2026, 02:11 PM | 7 min read


പ്പോൾ അവിടെ പക്ഷികളുടെ പാട്ടില്ല. നദിയുടെ ഒഴുക്കിന് ശബ്ദമില്ല. പെൺകുട്ടികൾ നൃത്തം ചെയ്യുന്നില്ല. എഴുത്തുകാരും സമരക്കാരും അപ്രത്യക്ഷമാകുന്നു, തിരിച്ചറിയാൻ സാധിക്കാത്ത വിധം ജഡങ്ങൾ തെരുവിൽ പലയിടത്തും ചിതറിക്കിടക്കുന്നു. അധിനിവേശത്തിന്റെ വിഷപ്പുക എല്ലാത്തിനെയും വീർപ്പുമുട്ടിക്കുന്നു. സുന്ദരമായ ഭൂമിയുടെ എണ്ണക്കൊഴുപ്പിൽ അസ്‌തിത്വം തലയടിച്ചു വീഴുന്നു. മണ്ണിനടിയിലേയ്‌ക്ക്‌ ആഴ്‌ന്നിറങ്ങുന്നവർ. ഇടിഞ്ഞുവീഴുന്ന കുന്നുകൾ. ആരൊക്കെയോ ഓടുന്നു. അലറിവിളിക്കുന്നു. കൂമ്പാരമായ മണ്ണിന് മുകളിലേക്ക്‌ ഒരു കൈ നീണ്ടുകിടക്കുന്നു. കഴുത്തറ്റം മണ്ണ് നിറഞ്ഞൊരാൾ ശ്വാസത്തിന്റെ പിടച്ചിലിൽ സഹായം തേടുന്നു. വെടിയുണ്ടകൾ, ബോംബുകൾ, കലാപങ്ങൾ, ദിവസങ്ങളുടെ രക്തത്തെ ചീറ്റുന്നു.

"ശ്വാസം മുട്ടുന്നു. ശ്വാസം മുട്ടുന്നു. രക്ഷിക്കൂ...’ ഭയാനകമായതെന്തോ മുന്നിൽ വന്നതുപോലെ അൽബെർതോ കൈകൾ തട്ടിമാറ്റിക്കൊണ്ടിരുന്നു. കണ്ണുകൾ വലിച്ചുതുറന്ന് എഴുന്നേറ്റ് മേശയ്‌ക്ക്‌ മുകളിലെ കുപ്പിയിലെ വെള്ളം അയാൾ വായിലേക്കും മുഖത്തേക്കും കമിഴ്‌ത്തി. ഒരു സിഗരറ്റിന് തീകൊളുത്തി, അവിടെക്കിടന്ന പഴയ പത്രമെടുത്ത് പുറത്തേക്കിറങ്ങി. പാതിര തീർന്നിട്ടില്ല. വഴിവിളക്കുകളുടെ മങ്ങിയ വെളിച്ചത്തിൽ അയാൾ ആ പത്രം തുറന്ന് അതിലെ ഉൾപ്പേജിലെ അക്ഷരങ്ങളിലേക്ക് തുറിച്ചുനോക്കി.

-വെനസ്വേലയിലെ അനധികൃത ഖനിയിൽ മണ്ണിടിച്ചിൽ. 58 പേർ കൊല്ലപ്പെട്ടു.

വെളുക്കുംവരെ അൽബെർതോ ബാൽക്കണിയിലെ കസേരയിൽ ആ പത്രവും പിടിച്ച് എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരുന്നു.

ചിത്രീകരണം: ദേവപ്രകാശ്‌ ചിത്രീകരണം: ദേവപ്രകാശ്‌

അതിരാവിലെ അൽബെർതോ നിരത്തിലേക്കിറങ്ങി. ഡേവിഡിന്റെ കടയുടെ അരികിലായി നിർത്തിയിട്ട കാറുമെടുത്ത് രണ്ടു മൂന്ന് കവലകൾക്കപ്പുറമുള്ള പുതിയ വീടുകളുടെ പണികൾ നടക്കുന്ന സോമർസെറ്റ് എസ്റ്റേറ്റിലെത്തി. ഉൾച്ചുമരിന്റെ പണി തീർന്നിട്ട് രണ്ട് ദിവസമായി. പുറംചുമരിൽ ഇഷ്ടിക പിടിപ്പിക്കുന്നത് വൈകുന്നേരമാകുമ്പോഴേക്കും പൂർത്തിയാക്കണം. പന്ത്രണ്ട് പേരുണ്ട് കൂട്ടിന്. വെയിൽ കനക്കുന്നേയുള്ളൂ. നെറ്റിയും കണ്ണും ഏറെക്കുറെ മറയ്‌ക്കുന്ന തൊപ്പി ഒന്നുകൂടി ശരിയാക്കിവച്ച് അയാൾ പണിക്കിറങ്ങി. മരം കൊണ്ടുണ്ടാക്കിയ താൽക്കാലിക സ്റ്റാൻഡുകളിൽ നിന്നുകൊണ്ട് അൽബെർതോ താഴെയുള്ളയാൾക്ക് ആംഗ്യം കാണിച്ചു. അയാൾ രണ്ട് ഇഷ്ടികകൾ മുകളിലേക്ക്‌ എറിഞ്ഞുകൊടുത്തു. അൽബെർതോ ഒരു താളത്തിൽ അവയെ പിടിച്ചുകൊണ്ട് ഏറ്റവും മുകളിൽ നിൽക്കുന്ന ആൾക്ക് കൈമാറി. അയാളത് സിമന്റിൽ കൃത്യമായി നിരയായി ഉറപ്പിച്ച് വച്ചു. അതങ്ങനെ തുടർന്നു. ‘La Bamba’ പാട്ടിന്റെ ശബ്ദം അവിടമാകെ നിറഞ്ഞുനിന്നു.


മെയ്‌മാസത്തിൽ വെയിലിന് അത്ര കനമില്ല. എൺപത് ഫാരൻഹീറ്റിൽ നിന്നും തൊണ്ണൂറിലേക്ക്‌ ഉച്ച കഴിയുമ്പോഴേക്കും ചൂട് വർധിക്കും. എന്നാലും ദേഹം പൊള്ളുന്ന വേനലെത്താൻ ജൂലൈ പകുതിയാകണം. അതുകൊണ്ടുതന്നെയാണ് ഇത്തരം പുറംപണികൾ വേഗത്തിൽ തീർക്കാൻ സൂപ്പർവൈസർ ധൃതി കൂട്ടുന്നത്. കനത്ത ചൂടിൽ കഴിഞ്ഞവർഷം അയാളുടെ കീഴിലുള്ള ആറ് പേർ മരിച്ചിരുന്നു. അതിനുശേഷം, ജൂൺ കഴിഞ്ഞാൽ ഉച്ചസമയത്തുള്ള പണികൾ നിർത്തിവച്ചിരിക്കുകയാണ്. വെയിൽ കൂടുന്നതിനനുസരിച്ച് ആകാശത്തെ നിറങ്ങൾക്കും മേഘങ്ങൾക്കും നല്ല മാറ്റമുണ്ട്. കാലാവസ്ഥാവ്യതിയാനത്തിന്റെ ബോധവൽക്കരണ ക്ലാസ് പാട്ടിനിടയിൽ ഒരുനിമിഷം വന്നുപോയതും കഴിഞ്ഞമാസം നിറയെ ആലിപ്പഴം വീണ ഓർമയിൽ അൽബെർതോ ആകാശത്തേക്ക്‌ ഒരുനിമിഷം നോക്കിനിന്നു, എത്ര മേൽക്കൂരകളാണ് തകർന്നുപോയത് അന്ന്. പതിവുള്ളതായിരുന്നില്ല. കാലം തെറ്റിയാണ് എല്ലാമിപ്പോൾ. ഇപ്രാവശ്യം എത്ര കടുത്ത വേനലായിരിക്കും വരാനിരിക്കുന്നത്.


ദൂരെനിന്നും തുടർച്ചയായ ഹോണടിയുമായി ചെറിയൊരു ട്രക്ക് മിതവേഗതയിൽ വന്നുകൊണ്ടിരുന്നു. ഉച്ചഭക്ഷണത്തിന്റെ വണ്ടിയാണ്. കരോലിന എന്ന മെക്‌സിക്കൻ സ്‌ത്രീയാണ് വണ്ടിയോടിക്കുന്നത്. അവരുടെ ചെറിയ ഭക്ഷണശാലയിൽ ഉണ്ടാക്കുന്ന ഭക്ഷണവുമായി എന്നും പണിസ്ഥലങ്ങളിൽ ഉച്ചയോടടുത്ത് എത്തും. അൽബെർതോയും കൂട്ടരും ഉച്ചഭക്ഷണത്തിനായി റോഡിനരികിലേക്കെത്തി.

"നാച്ചോസ്, എൻചിലാഡോസ്, ടാക്കോസ്, എൻമൊലാദാസ്‌, കസഡില്ല, ചിക്കൻ ഫഹിതാസ്...’ ആളുകളെ കൂട്ടാനായി കരോലിന വിളിച്ച് പറഞ്ഞുകൊണ്ടേയിരുന്നു.

ആവശ്യത്തിനുള്ള ഭക്ഷണവും റൂമിൽനിന്നും കൊണ്ടുവന്ന ബിയർ ബോട്ടിലുമെടുത്ത് പണിതീരാത്ത വീടിനുള്ളിലേക്ക് അൽബെർതോ കൂട്ടുകാരനായ ലൂയിസുമായി കയറി തറയിലൊരിടത്ത് ഇരുന്നു.

ചിത്രീകരണം: ദേവപ്രകാശ്‌ ചിത്രീകരണം: ദേവപ്രകാശ്‌

‘‘നിങ്ങളുടെ മുഖത്ത്‌ നല്ല ദുഃഖമുണ്ടല്ലോ. രണ്ട് ദിവസമായി ശ്രദ്ധിക്കുന്നു. വലേറിയയുമായി എന്തെങ്കിലും പിണക്കം?’’ ലൂയിസ് അൽബെർതോയുടെ മുഖത്തേക്ക്‌ നോക്കിക്കൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി.

വലേറിയയുമായുള്ള പ്രണയം ലൂയിസിന് മാത്രമേ അറിയൂ. അതുകൊണ്ടുതന്നെ അവർ മാത്രമുള്ള സമയത്ത് മാത്രമാണ് അതേക്കുറിച്ച് സംസാരിക്കുക പതിവ്.

‘‘ഏയ് അതൊന്നുമല്ല.’’ ബിയർ ബോട്ടിലിന്റെ മുകളിലുള്ള ഐസ് കഷ്‌ണങ്ങൾ മെല്ലെ തുടച്ചുമാറ്റിക്കൊണ്ടിരുന്നു അൽബെർതോ.

‘‘എന്നാൽ പറയൂ, എന്തുപറ്റി?’’

‘‘അല്ല ലൂയിസ്, എന്റെ നാടിനെക്കുറിച്ച് ഓർക്കുകയായിരുന്നു. പെട്ടെന്ന് അങ്ങനെ തോന്നിയതല്ല. എപ്പോഴും ഓർമകളുണ്ട്. പക്ഷെ കഴിഞ്ഞ ആഴ്‌ച ഹ്യൂഗോയുമായി സംസാരിച്ചിരുന്നു. നിനക്കോർമയില്ലേ, നേർത്ത മീശയും താടിയുമുള്ള ഹ്യൂഗോ. മനോഹരമായ ചിത്രങ്ങൾ വരയ്‌ക്കുന്ന, വീണ്ടും വീണ്ടും വായിക്കാൻ ഇഷ്ടപ്പെടുന്ന കഥകളെഴുതുന്ന ഹ്യൂഗോ. അവിടെയുള്ള പുഴകളേയും കാടുകളേയും ജീവൻ തുടിക്കുംവിധം അയാൾ വരച്ചെടുക്കുമായിരുന്നു. കറുത്ത സ്വർണത്തെക്കുറിച്ചും കുഴിച്ചെടുക്കുന്ന വെള്ളിയെക്കുറിച്ചും അയാൾ എത്ര കഥകൾ എഴുതിയിരിക്കുന്നു. ഇടയ്‌ക്കിടെ നമുക്കരികിൽ അയാൾ പ്രത്യക്ഷപ്പെടാറുള്ള ദിവസങ്ങളെല്ലാം എത്ര സന്തോഷം നിറഞ്ഞതായിരുന്നു.’’

‘‘ഓർമയുണ്ട്. അയാൾക്കെന്തുപറ്റി?’’ ലൂയിസ് ചോദ്യഭാവത്തോടെ അൽബെർതോയെ നോക്കി.


‘‘പതിനേഴാമത്തെ വയസ്സിൽ രാജ്യം വിട്ടോടുമ്പോൾ ഏറെക്കുറെ എല്ലാ ബന്ധങ്ങളും എങ്ങനെയൊക്കെയോ ഇല്ലാതായിക്കഴിഞ്ഞിരുന്നു. പലരും ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല. അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ബന്ധു നമ്മുടെ ഗ്രാമത്തിലെ പുഴയ്‌ക്കരികിലെ ചെറിയ കാട്ടിൽ പലരുമൊത്ത് കുടിൽ കെട്ടി താമസിക്കുന്നുണ്ട്. വളരെ പണിപ്പെട്ടാണ് വിവരങ്ങൾ അറിഞ്ഞത്. പല ആവശ്യങ്ങൾക്കായി ഏതാണ്ട് പത്ത് മൈലുകളോളം നടന്ന് അങ്ങാടിയിലേക്ക് എല്ലാ ആറുമാസത്തിലും വരാറുണ്ട്. എസ്‌തവാൻ എന്നാണ് അയാളുടെ പേര്. ഹ്യൂഗോ അയാളോടൊപ്പമുണ്ടെന്ന് അറിഞ്ഞു. കഴിഞ്ഞ ആഴ്‌ച അയാളെ ഫോൺ ചെയ്‌തപ്പോൾ ഹ്യൂഗോയുമായും ഞാൻ സംസാരിച്ചിരുന്നു. അവരെല്ലാവരും കുറച്ച് ദൂരെയുള്ള പട്ടണത്തിലേക്ക്‌ പോവുകയാണത്രെ. അന്താരാഷ്‌ട്ര ഏജൻസികളും മറ്റും ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നിടത്തേക്ക്‌. ഒരു ദിവസം ഒരുനേരം വയറുനിറച്ചും കഴിക്കും. വഴക്കിട്ടിട്ടുവേണം ഭക്ഷണസാധനങ്ങൾ കൈപ്പറ്റാൻ. ആളുകൾ കൂട്ടമായി, ഭക്ഷണപ്പൊതികൾക്കായി വഴക്കിടുകയാണെന്ന് ഹ്യൂഗോ വിറയലോടെ പറഞ്ഞു. ആറുമാസത്തിനുശേഷം വിളിക്കുമ്പോ ജീവനോടെ ഉണ്ടാകുമോ എന്നുപോലും അറിയില്ലെന്നും. മറുപടിയായി എനിക്കൊന്നും പറയാനില്ലായിരുന്നു. ഹ്യൂഗോ കരയുന്നുണ്ടായിരുന്നില്ല. പക്ഷെ എനിക്കവന്റെ മുഖത്തെ ഭീതി കാണാൻ കഴിഞ്ഞിരുന്നു.

ഹ്യൂഗോ അവസാനമായി എന്നോട് പറഞ്ഞത് എന്താണെന്നറിയാമോ ലൂയിസ്?”

ലൂയിസ് കരച്ചിൽ വന്നെത്തിയ മുഖത്തോടെ അൽബെർതോയെ നോക്കി.

‘‘ആ ഗ്രാമത്തിൽ ഇപ്പൊ പെൺകുട്ടികൾ ഇല്ലെന്ന്. നമ്മൾ നീന്തിത്തുടിച്ച പുഴയിൽ നമ്മുടെ സഹോദരിമാരുടെ ശവം നിത്യവും കാണാറുണ്ടെന്ന്. ആയിരക്കണക്കിന് സ്‌ത്രീകളാണ് നിരന്തരം രാജ്യത്തുടനീളം ചൂഷണത്തിനിരയാകുന്നത്.”

അലോസരപ്പെട്ടതുപോലെ ലൂയിസ് പെട്ടെന്നെഴുന്നേറ്റു.


‘‘അവറ്റകൾ അതിനപ്പുറവും ചെയ്യും. എന്റെ കൺമുന്നിൽ വച്ചാണ് ഞങ്ങളുടെ കൂട്ടത്തിലുള്ള സ്‌ത്രീകളെ അവർ കൊന്നുകളഞ്ഞത്. സ്വസ്ഥമായി മരിക്കാൻ പോലും അവർക്ക് അവകാശമില്ലായിരുന്നു. പോയവരൊക്കെ പോയി അൽബെർതോ. ഇനിയുള്ളവർ ജീവിക്കുക തന്നെ.’’

തണുത്ത വെള്ളംകൊണ്ട് മുഖമാകെ കഴുകി പണിതീരാത്ത കോണിപ്പടിയിൽ വന്നിരുന്ന് ഒന്നും മിണ്ടാതെ എന്തോ ആലോചനയിൽ ലൂയിസ് ദൂരേക്ക്‌ നോക്കിയിരുന്നു.

‘‘ബൊളിവർ, നമ്മുടെ നാട്. അതെത്ര ഭംഗിയുള്ളതായിരുന്നു ലൂയിസ്. നിറയെ പൂക്കൾ, മരങ്ങൾ. പാട്ടുപാടിയും പുസ്‌തകം വായിച്ചും ആഹ്ലാദത്തോടെ ചെലവഴിച്ച നമ്മുടെ വൈകുന്നേരങ്ങൾ. ഒറിനോക്കോ നദിയുടെ അരികിൽ ചിരിച്ചുല്ലസിക്കുന്ന പെൺകുട്ടികൾ, അമ്മമാർ. ലൂയിസ്, ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം എന്താണെന്നറിയാമോ? നമ്മുടെ രാജ്യംവിട്ട് ഓടിപ്പോകേണ്ടിവരുന്ന നിസ്സഹായാവസ്ഥ. തിരികെ പോകാൻ ഒരിക്കലും കഴിയില്ല. പോയാലും അവിടെ നമ്മുടേതായി ഒന്നും അവശേഷിക്കുന്നുണ്ടാകില്ല.’’

‘‘നശിച്ച രാഷ്‌ട്രീയമാണ് എല്ലാത്തിന്റെയും കാരണം. സോഷ്യലിസ്റ്റ് ഭരണത്തെ അട്ടിമറിച്ചതിലൂടെ അവർ ഒരു രാജ്യത്തിന്റെ സർവസമ്പത്തിന്റേയും നിയന്ത്രണം ഏറ്റെടുത്തു. ഇവിടെ പെട്രോളിന്റെ വില പത്ത് സെന്റ് കൂടിയെന്ന് പറഞ്ഞ് ആളുകൾ ചർച്ച ചെയ്യുന്നത് കാണുമ്പോ എനിക്ക്‌ അരിശം വരാറുണ്ട്, പരിഹാസവും തോന്നും. ഒരുകാലത്ത് നമ്മുടെ നാടിനെ സമ്പന്നമാക്കിയ അതേ സാധനമല്ലേ ഇത്. ഇപ്പൊ ആ രാജ്യത്ത് കറൻസി പോലും ഇല്ല. അരിയ്‌ക്കും പലചരക്കുകൾക്കും പകരം കൃഷിക്കാർ പച്ചക്കറികൾ നൽകുന്നു, ചിലർ പാലും ചീസും നൽകുന്നു. എന്തൊരവസ്ഥയാണ്.’’

“ഒരു തിരിച്ചുപോക്ക് ആഗ്രഹിക്കുന്നുണ്ടോ?” അൽബെർതോ ആകാംക്ഷയോടെ ലൂയിസിനെ നോക്കി.

ചിത്രീകരണം: ദേവപ്രകാശ്‌ ചിത്രീകരണം: ദേവപ്രകാശ്‌

ലൂയിസ് കോപത്തോടെ എഴുന്നേറ്റു. കത്തുന്ന വെയിലിലേക്ക്‌ നിർവികാരമായി ഉഴറുന്ന അയാളുടെ കണ്ണുകളപ്പോൾ ചുവന്നിരുന്നു.

തിളങ്ങുന്ന വെളുത്ത മണൽത്തരികൾക്കു മീതെ സാൻഡർലിങ് പക്ഷികൾ ഞണ്ടുകളെ തിരയുന്നു. തെളിഞ്ഞ സമുദ്രജലത്തിന്റെ ആഴങ്ങളിൽ കറുത്ത പാറകളുടെ നിഴലുകൾ. തീരത്തിനപ്പുറം, തണലുകൾക്കും നീരുറവകൾക്കും അപ്പുറം നീണ്ട മരങ്ങളുടെ തണുത്ത ഇരുളിമ. അകലെയുള്ള കുന്നുകളിലേക്ക്‌ സ്വപ്‌നം തേടിപ്പോകുന്ന മനുഷ്യർ. പൊടുന്നനെ അവർക്കുമേൽ കൂറ്റൻ വല വിരിക്കപ്പെടുന്നു. കെണിയിലകപ്പെട്ട എലികളെപ്പോലെ അവർ പരിഭ്രാന്തരാകുന്നു, മയങ്ങിവീഴുന്നു. എന്താണ് സംഭവിക്കുന്നത്? മലനിരകൾക്കു താഴെ ബന്ധിക്കപ്പെട്ട അവസ്ഥയിൽ അവരുണരുന്നു. കൈകളിൽ ഇരുമ്പുദണ്ഡുകൾ നൽകി ആരൊക്കെയോ അവരെ ഖനിയിലേക്ക്‌ ചവിട്ടിയെറിയുന്നു. ഭീതിയുടെ ഇരുട്ടിലേക്ക് അവർ തുരക്കുന്നു. തിളക്കമുള്ള എന്തൊക്കെയോ കണ്ണുകളെ മഞ്ഞളിപ്പിക്കുന്നു. ഖനിയ്‌ക്ക്‌ പുറത്തെ പ്രകാശം അവർക്ക് പിറകിൽ അടയുന്നു.

അസഹ്യമായെതെന്തോ ഓർക്കുന്ന പോലെ ലൂയിസ് തല കുടഞ്ഞു.

‘‘ഞങ്ങളുടെ കൂട്ടത്തിൽ ഏതാണ്ട് ഇരുപത്തഞ്ചോളം പേരുണ്ടായിരുന്നു. എനിക്കന്ന് പന്ത്രണ്ട് വയസ്സ്. ത്രോച്ചയിലേക്ക് എത്തുംതോറും എല്ലാവരുടേയും വേഗത കുറയുന്നുണ്ടായിരുന്നു. ഓരോ കാലടിയിലും ഭയം വിറച്ചുനിന്നിരുന്നു. ഇടുങ്ങിയ വഴിയിലൂടെ ഞങ്ങൾ പതുക്കെ മുന്നോട്ട് നടന്നു. പെട്ടെന്ന് എവിടെനിന്നോ നാലഞ്ചുപേർ ഞങ്ങൾക്ക് മുന്നിലെത്തി. മിലിട്ടറി വേഷത്തിലുള്ള അവരുടെ കയ്യിൽ നീണ്ട തോക്കുകളുണ്ടായിരുന്നു. മുഖം ഏറെയും മറച്ചിരുന്നു. അതിർത്തി കടക്കാനുള്ള രേഖകൾ ആവശ്യപ്പെട്ടു. രേഖകൾ ഉണ്ടായിരുന്നെങ്കിൽ ഇത്രയും സാഹസം ഞങ്ങൾക്ക് ആവശ്യമില്ലായിരുന്നല്ലോ. എന്താണ് സംഭവിക്കുക എന്നറിയാതെ ഞങ്ങൾ ഭീതിയോടെ നിന്നു. അവർ ഞങ്ങളെ ചൂഴ്‌ന്ന്‌ നോക്കിക്കൊണ്ടിരുന്നു. എന്റെ രണ്ട് അനുജത്തിമാരെ അതിലൊരാൾ പിടിച്ചുകൊണ്ടുപോയി. കൂട്ടത്തിലൊരാൾ ശബ്ദമുയർത്തിയതും അയാൾക്കുനേരെ ആ പട്ടാളക്കാരിലൊരാൾ നിറയൊഴിച്ചു. മരിച്ചുവീണത് എന്റെ അച്ഛനായിരുന്നു. ശ്വാസം വിടാൻപോലും ഭയന്ന് ഞങ്ങളവിടെ കൂനിക്കൂടിയിരുന്നു. കൂട്ടത്തിലുള്ള എല്ലാ സ്‌ത്രീകളെയും അവർ കൂട്ടിക്കൊണ്ടുപോയി. വെള്ളവും ബ്രഡ്ഡും മാത്രമായി മൂന്നുദിവസം ഞങ്ങൾ അവിടെത്തന്നെ ഇരുന്നു. നാലാം ദിവസം രാവിലെ ആ പട്ടാളക്കാർ ഞങ്ങളുടെ ബാഗുകൾ ഓരോന്നായി പരിശോധിക്കാൻ തുടങ്ങി. ഞാനപ്പോൾ അനുജത്തിമാരെയും കൂട്ടുകാരികളെയും മറ്റു സ്‌ത്രീകളെയും അവർക്കു പിറകിലെ വഴിയിൽ തിരയുകയായിരുന്നു. അവിടെ ആരുമുണ്ടായിരുന്നില്ല. എന്നെയും എന്റെ അതേ പ്രായത്തിലുള്ള മറ്റു രണ്ട് പേരെയും മാറ്റിനിർത്തി ബാക്കിയുള്ളവരുമായി അടുത്തുള്ള കാട്ടിലേക്ക് ആ പട്ടാളക്കാർ പോയി. ഞങ്ങളോട് അവിടെത്തന്നെ കാത്തിരിക്കാൻ പറഞ്ഞു. പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോൾ ആ പട്ടാളക്കാർ മാത്രം തിരികെ വന്നു. ഞങ്ങൾ ഭയന്ന് വിറയ്‌ക്കുന്നുണ്ടായിരുന്നു.


അവർ ഞങ്ങളെയും കൂട്ടി മുന്നോട്ടുനടന്നു. തീരെ ഇടുങ്ങിയ വഴികളിലൂടെ മുന്നോട്ടുപോകവേ ഞങ്ങളുടെ ഭയം ഇരട്ടിക്കുകയായിരുന്നു. ഇരുമ്പഴികളുള്ള ചെറിയ മുറികൾ കുറെ ഉണ്ടായിരുന്നു അരികുകളിൽ. അതിലെല്ലാം സ്‌ത്രീകൾ പൂർണ നഗ്നരായി ചുരുണ്ടുകൂടി കിടക്കുന്നുണ്ടായിരുന്നു. എന്റെ അനുജത്തിമാരെ അതിൽ ഞാൻ തിരഞ്ഞുകൊണ്ടിരുന്നു. തുറസ്സായ സ്ഥലത്തെത്തി അവർ നിന്നു, കൂടെ ഞങ്ങളും. അവിടെയുണ്ടായിരുന്ന മൺവെട്ടികൾ ഞങ്ങൾക്ക് നൽകി വലിയ കുഴികളുണ്ടാക്കാൻ ആജ്ഞാപിച്ചു. സന്ധ്യയായപ്പോഴേക്കും പത്ത് പന്ത്രണ്ടോളം കുഴികളുണ്ടാക്കി. അവിടേക്ക്‌ സാമാന്യം വലിയൊരു ട്രക്ക് വന്നു നിന്നു. അതിന്റെ വാതിൽ തുറന്നതും കുറെ ശവശരീരങ്ങൾ അതിൽനിന്നും ഉരുണ്ടുവീണു. ഞങ്ങൾ ഭയത്തോടെ അലറിവിളിച്ചുകൊണ്ട് പിറകിലേക്കോടി. ആ പട്ടാളക്കാർ തോക്കുകൊണ്ട് ഞങ്ങളെ അടിച്ചുവീഴ്‌ത്തി. ശവക്കുഴികളാണ് അത്രയും നേരം കുഴിച്ചുകൊണ്ടിരുന്നതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ആ ശവശരീരങ്ങളെല്ലാം സ്‌ത്രീകളുടേതായിരുന്നു. ആറ് വയസ്സുള്ള കുഞ്ഞുങ്ങൾ വരെ ഉണ്ടായിരുന്നു അതിൽ. എല്ലാവരുടേയും ശരീരത്തിൽ നിറയെ മുറിവുകളുണ്ടായിരുന്നു, കണ്ണുകൾ അടികൊണ്ടത് പോലെ വീങ്ങിയിരുന്നു, മുറിവേറ്റ ചുണ്ടുകളും മാറിടങ്ങളും ഒടിഞ്ഞു തൂങ്ങിയിരുന്നു. എന്റെ അനുജത്തിമാർ അതിലുണ്ടാകരുതേയെന്ന് ഞാൻ പ്രാർഥിച്ചു. ഒടുവിൽ അതും എനിക്ക്‌ കാണേണ്ടിവന്നു. ഇരുമ്പുദണ്ഡ് കുത്തിയിറക്കിയ അരക്കെട്ടുമായി മരിയ, എന്റെ കുഞ്ഞനുജത്തി. അറ്റുതൂങ്ങിയ കയ്യും ചോരയൊലിക്കുന്ന അടിവയറുമായി ഡാനിയേല, എന്റെ ആദ്യത്തെ സഹോദരി. ശരീരത്തിലെ ചോരയും നീരുമെല്ലാം വറ്റുന്നതുപോലെ തോന്നി എനിക്ക്‌. ഞാനവിടെ തളർന്നു വീണു.


ബോധം വരുമ്പോൾ ഞാനേതോ മുറിയിലായിരുന്നു. തണുത്ത് മരവിച്ച എന്തോ ഭക്ഷണവും അൽപ്പം വെള്ളവും നൽകി അവരെന്നെ ജീപ്പിൽ കയറ്റി. കൂടെയുള്ളവർക്ക് എന്തുപറ്റിയെന്ന് എനിക്കിപ്പോഴും അറിയില്ല. ഏതാണ്ട് രണ്ട് മൈലുകളോളം കഴിഞ്ഞപ്പോൾ ഒരു ബാറിന് മുന്നിൽ വണ്ടി നിർത്തി. അവരെന്നെ അതിനുള്ളിലേക്ക്‌ കൊണ്ടുപോയി. അതൊരു വേശ്യാലയം കൂടിയായിരുന്നു. അവിടുത്തെ ജോലിക്കാരനായി എന്നെ നൽകിക്കൊണ്ട് അവർ തിരികെ പോയി. ഞാൻ ആകെ അവശനായിരുന്നു. അവിടെ എനിക്ക്‌ കൂട്ടായി ഒരു മുതിർന്ന പെൺകുട്ടി ഉണ്ടായിരുന്നു. അവളെനിക്ക്‌ നല്ല ഭക്ഷണവും വസ്‌ത്രവുമെല്ലാം നൽകി. രണ്ടുദിവസം കഴിഞ്ഞപ്പോൾ ഞാൻ ജോലി ചെയ്യാനാരംഭിച്ചു. പുറത്തുനിന്ന് വരുന്നവർ അവിടെയുള്ളവരുമായി വഴക്കിടാതെ നോക്കുക എന്നതായിരുന്നു എന്റെ ചുമതല. ഒരുമാസത്തോളം അവിടെ തുടർന്നു.

ആയിടയ്‌ക്കാണ് അവിടെ കലാപം പൊട്ടിപ്പുറപ്പെട്ടത്. ലഹരി മാഫിയയും വിവിധ ഗ്രൂപ്പുകളും തമ്മിലുള്ള യുദ്ധം. അവിടെ കലാപങ്ങൾ ഒരിക്കലും തീരുകയില്ല. ആളുകൾ കൊല്ലപ്പെടുന്നതിലെ എണ്ണത്തിൽ മാത്രമേ വ്യത്യാസം വരികയുള്ളൂ. ലഹരി വളരുന്ന കാടുകളുടെ മേധാവിത്വം കയ്യടക്കാൻ ഇടതുപക്ഷ സംഘടനകളിലേക്ക്‌ ക്രിമിനലുകളെ കടത്തിവിട്ട് അവർക്ക് വേണ്ട കള്ളും ആയുധവും നൽകി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിൽ രഹസ്യ ഏജൻസികൾ വഹിക്കുന്ന പങ്ക് അത്രയും മാരകമായതാണ്. അതിർത്തിയിലെ പാരാമിലിട്ടറി ഗ്രൂപ്പും മറ്റേതോ വിഭാഗവും തമ്മിൽ കലാപമുണ്ടായ ദിവസങ്ങളിലൊന്നിൽ ഞങ്ങൾ കുറെപ്പേർ അവിടെനിന്നും ഓടി രക്ഷപ്പെട്ടു. മനുഷ്യാവകാശ സംഘടനയുടെ കീഴിലായിരുന്നു കുറച്ചുകാലം. പിന്നീട് റെഫ്യൂജി എന്ന നിലയിൽ ഇങ്ങോട്ട് എത്തിപ്പെട്ടു.

ചിത്രീകരണം: ദേവപ്രകാശ്‌

എങ്ങനെയാണ് ഞാൻ ഭൂതകാലത്തെ ഓർക്കേണ്ടത്? ഏത് ഓർമകളെയാണ് ഞാൻ കൂടെ കൂട്ടേണ്ടത്? എനിക്കറിയില്ല.’’

നിസ്സംഗതയോടെ അൽബെർതോ ലൂയിസിന്റെ തോളിൽ കൈകൾ അമർത്തി.

‘‘അൽബെർതോ, ഞാൻ അറിയാറുണ്ട് വാർത്തകൾ. കൂടുതൽ അതേക്കുറിച്ച് ആലോചിച്ചാൽ ജീവിക്കാൻ പറ്റില്ല. നീ ഭക്ഷണം കഴിക്ക്‌. വൈകുന്നേരമാകുമ്പോഴേക്കും പണി തീർത്തില്ലെങ്കിൽ സൂപ്പർവൈസറുടെ ചീത്ത കേൾക്കേണ്ടി വരും.’’

പകുതി കഴിച്ച ഭക്ഷണപ്പൊതിയുമായി അൽബെർതോ എഴുന്നേറ്റു.

വൈകുന്നേരമായപ്പോഴേക്കും എല്ലാവരും പണിസ്ഥലത്തുനിന്നും പിരിഞ്ഞുപോകാൻ തുടങ്ങിയിരുന്നു. അന്നത്തെ കൂലി വാങ്ങി ലൂയിസിനോട് യാത്ര പറഞ്ഞ് അൽബെർതോ വണ്ടിയിൽ കയറി സ്റ്റേഡിയത്തിനടുത്തുള്ള ഫാർമേഴ്‌സ് മാർക്കറ്റ് ലക്ഷ്യമാക്കി നീങ്ങി. ചെറുകിട കർഷകർ അവരുടെ വിളകൾ വിൽക്കുന്ന സ്ഥലമാണത്. അൽബെർതോ സ്ഥിരമായി അവിടെ നിന്നാണ് സാധനങ്ങൾ വാങ്ങാറുള്ളത്.


ഇനിയെന്നെങ്കിലും ഹ്യൂഗോയെ കാണാൻ സാധിക്കുമോ? ജനാലയ്‌ക്കരികിൽ കുരുവികളും പ്രാവുകളും ചേക്കേറുന്ന മരങ്ങളുടെ തണൽ. പുഴയ്‌ക്കരികിലെ നനഞ്ഞ മണ്ണ്. വെള്ളിയും സ്വർണവും എണ്ണയും നിറഞ്ഞു നിൽക്കുന്ന എന്റെ മണ്ണ്. ഇനിയൊരിക്കലും ആ ഭൂമി സ്വന്തമെന്ന് പറയാനാകില്ല. കൊളംബിയയുടെ അതിർത്തിയിൽ മരിച്ചുവീണ പ്രിയപ്പെട്ടവർ. അടുത്ത ആറ് മാസത്തിനുള്ളിൽ വിശന്ന് മരിക്കാനിരിക്കുന്ന മനുഷ്യർ.

ഉൾനാടൻ ഗ്രാമമായ വെസേയുടെ അടുത്തുള്ള പ്രദേശത്ത് ജയിലറകൾ നിർമിച്ചിട്ടുണ്ട്. ആണുങ്ങളും പെണ്ണുങ്ങളുമടക്കമുള്ളവരെ നഗ്നരായി, പട്ടികളെപ്പോലെ തുടലിട്ട് അടിമകളാക്കി വച്ചിരിക്കുന്നു എന്ന് നിർബന്ധിത പട്ടാളത്തിൽനിന്നും രക്ഷപ്പെട്ടോടിയ റഫേൽ പറഞ്ഞിരുന്നു. ഒരു മനുഷ്യന് താങ്ങാവുന്നതിനുമപ്പുറമാണ് അവിടെയുള്ള കാഴ്‌ചകൾ. അതിർത്തി കടക്കുംമുമ്പേ പിടിക്കപ്പെടുമ്പോൾ, എത്രയും പെട്ടെന്ന് ജീവൻ പോകണേ എന്ന് മാത്രമായിരിക്കണം അയാൾ പ്രാർഥിച്ചിരിക്കുക. പ്രതിഷേധിക്കുന്നവർ അപ്രത്യക്ഷരാകുന്ന നാട്, ഭീതിയുടെ കൊടുംകാടാണ്.

അമിതമായ സമ്പത്തുള്ള രാജ്യം എന്നും നരകിച്ചിട്ടേയുള്ളൂ. ആലോചിച്ച് ഭ്രാന്തുകയറിയ അൽബെർതോ കാർ അരികിലേക്ക്‌ ഒതുക്കിനിർത്തി അതിൽനിന്നും ഇറങ്ങി, പൊടിപിടിച്ച കാറിന്റെ പിറകിലെ ഗ്ലാസിൽ ചൂണ്ടുവിരൽകൊണ്ട് അതുവരെയുള്ള ദുഃഖങ്ങളേയും നഷ്ടങ്ങളേയും രോഷത്തേയും ഇറക്കിവച്ചു.


"വെനസ്വേല ലീബ്രെ.’ സ്വാതന്ത്ര്യത്തിന്റെ രുചിയാണ് ഏറ്റവും വലിയ വിശപ്പ്.

വിജനമായ നിരത്തിലൂടെ, നഗരങ്ങളിലൂടെ, നാട്ടിൻപുറങ്ങളിലൂടെ ആ സന്ദേശം ഓടിക്കൊണ്ടിരുന്നു. ഭൂമിക്കടിയിൽ വെന്തുപുകയുന്ന ക്രൂഡ് ഓയിലിന്റെ അതേ ചൂടായിരുന്നു അയാളുടെ മനസ്സിനും ശരീരത്തിനും ചിന്തകൾക്കുമപ്പോൾ .

*കറുത്ത സ്വർണം-: വെനസ്വേലയിലെ ക്രൂഡോയിൽ.

*ഒറിനോക്കോ-: വെനസ്വേലയിലെ നദി.

*2016ൽ വെനസ്വേലയിൽ ഏറ്റവും കൂടുതലായി ഉപയോഗിച്ച് വരുന്ന 100 bolivar നോട്ടുകൾ പിൻവലിക്കപ്പെട്ടു.

*ത്രോച്ച-: പട്ടാളക്കാരുടെ കാവലുള്ള ചെറിയ നടവഴികൾ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home