ad
Deshabhimani

കഥ

മാങ്ക്വേട്ടനും കുഞ്ഞാതയും

ചിത്രീകരണം: കെ സുധീഷ്‌
avatar
പി വി കെ പനയാൽ

Published on Feb 14, 2026, 11:21 AM | 8 min read



പുകപടലങ്ങൾക്കുള്ളിൽ നിങ്ങൾ ആ തീയതി തെളിഞ്ഞു കാണുന്നു. ചരമദിനം അടുത്തുവന്നല്ലോ എന്ന് ഓർക്കുന്നു. ഓർമകളുടെ പാടവരമ്പിൽ നിൽക്കുമ്പോൾ പുകയിലക്കണ്ടത്തിലെ വിത്തുചെടിപോലെ ഉയർന്ന് തെളിഞ്ഞുതെളിഞ്ഞു വരികയാണ് അക്കങ്ങൾ. നൂറുവർഷം തികയാൻ പോവുകയാണല്ലോ എന്ന് കണക്ക് കൂട്ടിയെടുക്കുന്നു. അസാധാരണ ജന്മങ്ങളുടെ ചരമശതാബ്ദിക്ക് അസാധാരണ തിളക്കമുണ്ടാവും. മനുഷ്യജന്മം തന്നെയാവണമെന്നില്ല. പുസ്തകപ്പിറവിയായാലും മതി. കണ്ടുപിടുത്തങ്ങളായാലും, കാലാതീതമായ ചിത്രരചനയായാലും മതി.

പക്ഷെ ഈയൊരു വകുപ്പിലും പെടുന്നില്ലല്ലോ തന്റെ ഏഴടി നീളവും ബലിഷ്ഠവുമായ ദേഹപ്രകൃതിയെന്ന് ഒട്ടൊരു നിരാശയോടെ നിങ്ങൾ ഓർക്കുന്നു.

ഒരു സാധാരണ കർഷകൻ.

വിദ്യാഭ്യാസമുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്.

ഗുരുകുലം.

അമരസിംഹന്റെ അമരകോശം ഹൃദിസ്ഥം.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

"കൃഷിഗീത' ഓലയിൽ വായിച്ചിട്ടുണ്ട്.

മഴമംഗലത്ത് ശങ്കരൻ നമ്പൂതിരിയുടെ "കാലദീപക'മെന്ന കൃഷിഗീതത്തിലൂടെ കടന്നുപോയിട്ടുണ്ട്. അതുകൊണ്ടുതന്നെ കർഷകന്റെ നൈതികതയിൽ അടിയുറച്ച് വിശ്വസിക്കുന്നു. വരമ്പ് വെട്ടിക്കുറയ്‌ക്കാറില്ല. അതിരു തോണ്ടാറില്ല. മൂര്യമ്മാരെ തല്ലാറില്ല. പാട്ടുപാടി ഉത്തേജിപ്പിക്കും. പാട്ടിൽ കണ്ടം മാത്രമല്ല, നാടും ഊഞ്ഞാലിലാടും. ഇതിനപ്പുറം ഒന്നുമില്ല. പുകയില കച്ചവടത്തിന് കൊങ്കണ ദേശത്തുനിന്നും വരുന്ന കൊങ്ങിണിയന്മാർ പറയും.

""മലിങ്കുനായരെ*ചപ്പ് ചപ്പന്നെ! നാല് മൈലീസോളം നമ്മളെ കൂടെന്നെ വരും ഓറെ ചപ്പിന്റെ മണം!''

ഇതാണ് ഒരു കൃഷിക്കാരൻ എന്ന നിലയിൽ നിങ്ങൾക്കു കിട്ടിയിട്ടുള്ള ഏറ്റവും വലിയ ബഹുമതിപ്പത്രം. പക്ഷെ ഇതെവിടെയും രേഖപ്പെടുത്തിയിട്ടില്ലല്ലോ. കാറ്റിൽ തൂവിപ്പോയ വെറും വാക്കുകൾ മാത്രം!

മറവിക്കെതിരെയുള്ള യുദ്ധമുഖത്താണ് ഇപ്പോൾ നിങ്ങൾ നിൽക്കുന്നത്. ഈ യുദ്ധത്തിൽ എത്ര അക്ഷൗഹിണി വേണമെന്നും എങ്ങനെ വിന്യസിക്കണമെന്നും നിങ്ങൾ തന്നെയാണ് തീരുമാനിക്കുന്നത്.


കുഴിയിലേക്കെടുത്തിട്ട് നൂറുവർഷം! ഓർമയുണ്ട്, കൃത്യമായും നിങ്ങൾക്ക്. സൂര്യാസ്തമയത്തിനുശേഷം രണ്ട്, രണ്ടര നാഴിക കഴിഞ്ഞിരിക്കണം. അതായത് ഒരു മണിക്കൂർ. കറുത്തവാവ് കഴിഞ്ഞ് മൂന്നാം നാളിലാണ്. ചിരട്ടക്കരിയും ചാണകവും ചേർത്ത് മെഴുകിയ ഇറയത്ത് കിഴക്കു പടിഞ്ഞാറായി കിടത്തിയിരിക്കുകയാണ് ഏഴടി നീളമുള്ള നിങ്ങളുടെ ശരീരം. പടിഞ്ഞാറ്റയിൽ ഒതുങ്ങുന്ന ശരീരമായിരുന്നില്ല നിങ്ങളുടേത്. കിഴക്കുപടിഞ്ഞാറായാലും തെക്കു വടക്കായാലും കാലും തലയും ചുമരിൽ മുട്ടും. കാണാൻ നാലാളുകൾ വരുമ്പോൾ നിന്നുതിരിയാൻ ഇടമുണ്ടാവില്ലെന്നു കരുതിയായിരിക്കണം ഇറയത്തേക്കെടുത്തത്. പഴയ വീടാണ്. കുഞ്ഞുകുഞ്ഞു മുറികൾ. പടിഞ്ഞാറ്റ. അകത്തിറയം. കൊട്ടിൽ. കോമ്പിരിയ. ഞാലിയ. ഒലക്കുണ്ട്. ഇറയം... ഇരുട്ടാണ് അകങ്ങളിൽ. ചിതൽ പുറ്റുകൾ ഉയർന്നുവരും ചിലയിടങ്ങളിൽ...


നിങ്ങൾ മുറ്റം കാണുന്നുണ്ട്. കന്നിക്കൊയ്ത്തിന് മുമ്പ് മുറ്റം കിളച്ചതും മൺകട്ടകളുടച്ച് നിരപ്പാക്കിയതും നിലംതല്ലികൊണ്ടടിച്ച് ഉറപ്പുവരുത്തിയതും ചാണകം മെഴുകിയുണക്കി ഒന്നുകൂടി നിലംതല്ലി പ്രയോഗിച്ചതും നിങ്ങൾ. നിങ്ങൾ തനിച്ച്. അവിചാരിതമായി വന്ന തുലാവർഷപ്പെയ്ത്തിൽ ഇറയച്ചാലിൽ ഒന്നുരണ്ടിടത്ത് കുഴികൾ വീണു എന്നല്ലാതെ മറ്റൊരു കോട്ടവും സംഭവിച്ചില്ല. കൊയ്തതും കറ്റ ചുമന്നുകൊണ്ടുവന്നതും മെതിച്ചതും നെല്ലും പതിരും വേർതിരിച്ചതും നിങ്ങളും ഭാര്യ കുഞ്ഞാതയും ചേർന്ന്. പത്തായം വൃത്തിയാക്കാൻ നിങ്ങൾ ആദ്യം ഇറങ്ങി. കുഞ്ഞാത പലകമേലിരുന്ന് നിങ്ങളെ നോക്കി. നിങ്ങൾ കുഞ്ഞാതയോട്‌ ഇറങ്ങിവരാൻ പറഞ്ഞു. അവൾ നവോഢയെപ്പോലെ നാണിച്ചിരുന്നു. നിങ്ങൾ അവളെ പൊക്കിയെടുത്ത് മങ്ങിയ വെളിച്ചത്തിലേക്കിരുത്തി. ഇടുങ്ങിയ ഇത്തിരി സ്ഥലം നിങ്ങൾ നിങ്ങളുടേതാക്കി. മറവിയുടെ ഒരു മാന്ത്രികലോകം നിങ്ങൾ പണിതു. പത്തായത്തിന്റെ മറ്റൊരു അറയിൽ അട്ടിക്കുവച്ചിരിക്കുന്ന പുകയിലക്കറ്റകളുടെ ഗന്ധം നിങ്ങളെ പിന്നെയും പിന്നെയും മത്തുപിടിപ്പിച്ചു. പുറത്തു കടന്നപ്പോഴേക്കും പത്തായച്ചൂടിൽ നിങ്ങൾ വിയർത്തൊലിക്കുന്നുണ്ടായിരുന്നു. കുഞ്ഞാത നിങ്ങളുടെ മുഖത്തു നോക്കിയതേയില്ല. പത്തായത്തിൽ പുതിയ ധാന്യമണികൾ നിറഞ്ഞു. മുപ്പത് പറ നെല്ല്!

മുറ്റത്തിനപ്പുറം വാഴക്കൂട്ടങ്ങൾ. തേൻകദളിയും കരിങ്കദളിയും ചെങ്കദളിയും പാളയങ്കോടനും മലമ്പൂവനും ആയിരമ്പൂവനും കർപ്പൂരവല്ലിയുമുണ്ട്. അന്യദേശങ്ങളിലെ വിത്തിനങ്ങൾ കൊണ്ടുവന്ന് കൃഷി ചെയ്യുക എന്നത് നിങ്ങളുടെ ഇഷ്ട വിനോദങ്ങളിലൊന്നായിരുന്നു. നാടുകടന്നുവരുന്ന ഓരോ അതിഥിയെയും കുഞ്ഞാത സ്നേഹവാത്സല്യങ്ങളോടെ പോറ്റിവളർത്തി. പ്രതിസന്ധികളിൽ പെടുന്നവരെ ചേർത്തുപിടിക്കുക എന്ന ശൈലി നാടിന്റെ മുഖ്യമന്ത്രി ഖനനം ചെയ്തെടുത്തത് നിങ്ങളുടെ കൃഷിയിടത്തിൽ നിന്നാണ്. പ്രളയവും മഹാമാരിയുമുണ്ടായപ്പോൾ മരുന്നിനേക്കാൾ ഔഷധവീര്യം നൽകിയ ശൈലി.


ഭൂമിയെ വിറപ്പിക്കുന്ന വവ്വാൽ ചിറകുകളുടെ താളക്രമം. വാഴക്കൂമ്പിൽ തൂങ്ങിയാടിക്കൊണ്ടുള്ള മരണപ്രഘോഷണം. ഇളം വാഴക്കുലകളിൽ നഖമമർത്തരുതേ എന്ന നിങ്ങളുടെ എന്നെന്നുമുള്ള മനസ്സു പിടച്ചിൽ.

വാഴക്കൂട്ടങ്ങൾക്കപ്പുറം പുകയിലപ്പന്തൽ. ഒരു പകൽ വെള്ളം കൊടുക്കാതെ മുന്നൂറ് പുകയിലച്ചെടികൾ ചാലിൽ തളർന്നുനിന്നു. മഞ്ഞുവെള്ളം കുടിച്ചു നിൽക്കുന്ന അവയുടെ കടയ്ക്കൽ നിങ്ങൾ കത്തിവച്ചു. അവ തളർന്നുവീണു. വരമ്പിൽ ഹൃദയം പൊള്ളിക്കുന്ന ആ കാഴ്ച നിങ്ങൾ നോക്കി നിന്നു. നെഞ്ചിനുള്ളിൽ നിന്നാണോ വയൽക്കരയിൽ നിന്നാണോ എന്നറിയില്ല, ക്ഷീണിച്ച വെയിൽനാളങ്ങളിൽ കലർന്ന ശംഖധ്വനി നിങ്ങളുടെ കണ്ണുനിറച്ചു. സന്ധ്യാനേരത്തെ ശംഖുവിളി മരണത്തിന്റെ ദൂതുമായാണ് വരുന്നതെന്ന് നിങ്ങൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. തൊണ്ടയിലാരുടെയോ ബലിഷ്ഠമായ കരങ്ങൾ മുറുക്കുന്നുണ്ടെന്നും നെഞ്ചിലെ താളക്രമം തെറ്റുന്നുണ്ടെന്നും ഓർമകളുടെ മേഘമാലകൾ കൺചൂടിൽ തട്ടി ഉപ്പുവെള്ളമായി പുറത്തു ചാടുന്നുണ്ടെന്നും നിങ്ങളറിഞ്ഞു.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

വെയിലേൽക്കാതിരിക്കാൻ ഇരുകരങ്ങൾക്കുള്ളിൽ പറിച്ചുനട്ട മുന്നൂറ് പുകയിലക്കുഞ്ഞുങ്ങൾ. നെയ്മുളികൊണ്ടുണ്ടാക്കിയ തെരിയക്കുള്ളിലല്ല പത്തു വിരലുകൾക്കുള്ളിലാണ് വെയിലേൽക്കാതെ അവ തിടം വച്ചതെന്ന് കുഞ്ഞാതയ്ക്കും നിങ്ങൾക്കും തോന്നിയിട്ടുണ്ട്. തിടം വച്ചപ്പോൾ തെരിയ മാറ്റി. ചാലെടുത്തു. ഇടതുറന്നു. വളം വച്ചു. കണ്ണിയെടുത്തു. ആഴ്ചയിലൊരിക്കൽ കണ്ണിയിൽ വെള്ളം നിറച്ചു. കണമീനുദിക്കുന്നേരം നിങ്ങൾ കൂവലിൽ നിന്ന് ഇരുകൈകളിലും മൺകുടങ്ങളിൽ വെള്ളം നിറച്ച് വഴുക്കുന്ന കണ്ണിയിലൂടെ ഒരഭ്യാസിയെപ്പോലെ കാൽവിരലുകൾ ചെളിയിലുറപ്പിച്ചു നീങ്ങി, വെള്ളം തെളിച്ചു. മൺകുടം ഇലയിൽ മുട്ടരുത്. വെള്ളം ശക്തിയിൽ വീഴരുത്. ഇലകൾ ഒടിഞ്ഞുപോകും. മക്കളില്ലാത്ത നിങ്ങൾ ഇത്രയും നാൾ മുന്നൂറെണ്ണത്തിനേയും മക്കളെപ്പോലെ വളർത്തി. വളർച്ചയുടെ ഓരോ ഘട്ടത്തിലും നിങ്ങൾ കാണിച്ചത് കടിഞ്ഞൂൽകുഞ്ഞിന് മുലകൊടുക്കുന്ന അമ്മയുടെ ജാഗ്രതയാണ്. ഒരു രാത്രിയിലെ മഞ്ഞത്രയും കൊള്ളട്ടെ. ഓരോന്നിനെയും തലകീഴായി കെട്ടിത്തൂക്കാൻ പന്തലൊരിക്കിയിട്ടുണ്ട്. കാറ്റേൽക്കാതെ, വെയിലേൽക്കാതെ, ഇലകൾ വാടിച്ചുരുണ്ട് കുറച്ചുദിവസം നിൽക്കട്ടെ. എന്നിട്ടുവേണം ഇലകൾ ചിക്കിയെടുത്ത് കറ്റകളാക്കി മുറുകെക്കെട്ടി മെടഞ്ഞോലയിൽ പൊതിഞ്ഞ് പത്തായത്തിൽ അടച്ചുവയ്ക്കാൻ. കച്ചവടക്കാരന്റെ വരവുകാത്ത് മാസങ്ങളോളം. ഒരുപക്ഷേ വർഷങ്ങളോളം അതിനകത്തുതന്നെ. കഴിഞ്ഞ വർഷത്തെ പുകയില ഇപ്പോഴും പത്തായത്തിനകത്തുതന്നെ ഉറങ്ങുന്നുണ്ടല്ലോ എന്ന് താങ്ങാനാവാത്ത സങ്കടത്തോടെ നിങ്ങൾ ഇപ്പോഴും ഓർക്കുന്നു. അഭിമാനത്തിന്റെ തലയെടുപ്പിലാണ് കച്ചവടക്കാരൻ കാലുവച്ചത്. കീഴടങ്ങാൻ തയ്യാറായിരുന്നില്ല നിങ്ങൾ. ഇന്ന് അഭിമാനത്തിലല്ല നെഞ്ചിലേക്കാണ് നിറയൊഴുക്കുന്നതെന്ന് ഒരുപക്ഷെ നിങ്ങൾ അറിഞ്ഞുകാണില്ല. നിങ്ങളുടെ കാലത്ത് സംഘടിതരായിരുന്നില്ല കൃഷിക്കാർ. ഇന്ന് സംഘടിതരാണ്. പതിനായിരങ്ങൾ പങ്കെടുത്ത ജാഥകൾ അധികാരത്തിന്റെ ചൂഷണത്തിനും ചതിക്കുമെതിരെ തിളയ്ക്കുന്ന റോഡിലൂടെ നഗ്നപാദരായി മുന്നേറുന്നുണ്ട്. എത്രയാളുകളാണ് വെടിയേറ്റു വീണത്! എത്രപേരാണ് ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴിയിൽ ഒഴുകിപ്പോയത്! എത്ര ചോരയാണ് മന്ത്രിപുത്രന്മാരുടെ വാഹനത്തിനടിയിൽ പെട്ട് ചതഞ്ഞരഞ്ഞത്! ഒന്നും നിങ്ങൾ അറിഞ്ഞില്ല.


പുകയിലപ്പന്തലിനപ്പുറം ചക്രവാളത്തിൽ മൂന്നാം നാളിലെ ചന്ദ്രക്കല നിങ്ങൾ തെളിഞ്ഞുകാണുന്നു. ആകാശച്ചെരിവിൽ നിന്ന് പുകയിലപ്പന്തൽ കടന്ന്, വാഴക്കൂട്ടങ്ങൾ കടന്ന്, മുറ്റം കടന്ന് ചന്ദ്രക്കല നിങ്ങളുടെ നെഞ്ചിനുള്ളിൽ കയറിപ്പറ്റി. പണ്ടെന്നോ പഠിച്ച ചാന്ദ്രദർശനഫലം നിങ്ങളുടെ ചുണ്ടുകളെ ചലിപ്പിച്ചു. ഊർധ്വൻ വലിക്കുകയാണെന്ന് തെറ്റിദ്ധരിച്ച് സങ്കടം വിഴുങ്ങി നിൽക്കുന്ന ആളുകൾക്കിടയിൽ നിന്നൊരാൾ ഒരിറ്റു വെള്ളമൊഴിച്ചു കൊടുക്കാൻ കുഞ്ഞാതയോട് പറഞ്ഞു. കുഞ്ഞാത നെഞ്ചുപൊട്ടിയുള്ള കരച്ചിലോടെ നിങ്ങളുടെ ചുണ്ടിൽ തുളസീദള ജലമിറ്റിച്ചു. വെള്ളമിറങ്ങുമ്പോഴും നിങ്ങളത് ഉരുവിട്ടുകൊണ്ടിരുന്നു. ഞായർ സുഖം തിങ്കൾ ജളത്വം. ചൊവ്വ മരണം. ബുധൻ ഭയം... ബുധനല്ലല്ലോ ഇന്ന് ചൊവ്വയല്ലേ എന്ന് നിങ്ങൾ പൊടുന്നനെ ഓർത്തു. നിങ്ങൾ തിരുത്തുന്നു. ചൊവ്വ മരണം! എത്ര കൃത്യമാണ്! ചന്ദ്രനെ നോക്കി, നക്ഷത്രങ്ങളെ നോക്കി. മഞ്ഞിന്റെയും മഴയുടെയും വെയിലിന്റെയും വരവ്‌ നോക്കിയുള്ള ഒരു കർഷകന്റെ ജീവിതത്തിന് ഇത്രയും സത്യസന്ധമായ മരണരേഖ തന്നതോർത്ത് നിങ്ങൾ വിതുമ്പിപ്പോയി. ആ വിതുമ്പലിൽ ഒരു ജന്മം കടഞ്ഞെടുത്തുകിട്ടിയ കയ്പും പുളിപ്പും മധുരവും ചവർപ്പും നടുവൊടിഞ്ഞുവീണ കിനാക്കളും പൂക്കളിൽ മധുനുകർന്നും രമിച്ചും പറന്നകലുന്ന ചിത്രശലഭങ്ങളും എല്ലാം ഉണ്ടായിരുന്നു. ഒരു കാലിഡോസ്കോപ്പ് ചിത്രം പോലെ അത് മരണത്തിനുമുമ്പിൽ തിരശ്ശീല പിടിച്ചുനിന്നു.


മൂലക്കഴുപ്പലകയിൽ കിഴിക്കെട്ടുപോലെ തൂക്കിയിട്ടിരുന്ന പുകയില വിത്തിനെ തൊട്ടരികിൽ മൺകലത്തിൽ വെള്ളവുമായി നിൽക്കുന്ന കുഞ്ഞാത കോരിത്തരുന്ന വെള്ളം തേകി നനയ്ക്കുമായിരുന്നു. വിത്തുകളുടെ വഴിയാത്രയ്ക്കായി കലർത്തിയിട്ട ചാണകപ്പൊടി വെള്ളത്തിൽ കുതിർന്ന് തുണി കറുത്തു പോയിരിക്കുന്നു. വൃശ്ചികക്കുളിര് അരിച്ചെത്തുകയായി. നടുനീർക്കാൻ നേരം കിട്ടുമ്പോഴൊക്കെ കുഞ്ഞാത കിഴിക്കെട്ടിനു താഴെനിന്ന് മുകളിലോട്ടു നോക്കി വിളിക്കും.

""മക്കളേ... കുളിരുണ്ട് പൊറത്ത്. മരംമൂടുന്ന മഞ്ഞുണ്ട്, പതുക്കെ എണീറ്റാമതി.''

കൊയ്ത്തിനു ശേഷമുള്ള കുറച്ചു ദിവസങ്ങൾ തോർത്തുടുത്ത് കൊട്ടമ്പാള തലയിൽ വച്ച് നാട്ടിടവഴികളിലൂടെ നിങ്ങൾ നടക്കും. കർത്തമ്പൂന്റെ ചാപ്പയിൽ കയറി. കാലുളുക്കി നടക്കാൻ പ്രയാസപ്പെട്ടു കിടക്കുകയാണ് കർത്തമ്പു. മുറിവെണ്ണ തേച്ച് തടവിക്കൊടുത്തു നിങ്ങൾ പഴമ്പുരാണങ്ങൾ പലതും പറഞ്ഞു കേൾപ്പിച്ചു. മൂന്നുദിവസം തടവിയാൽ ശരിയാവുന്നതേയുള്ളൂ എന്ന് സമാധാനിപ്പിച്ചു. കർത്തമ്പൂന്റെ പെണ്ണുങ്ങൾ ചിരുതേയി കുറുക്കൂട്ടി ഇലയിൽ പൊതിഞ്ഞ രണ്ട് അരിച്ചക്കര തന്നു നിങ്ങൾക്ക്. "ഒന്ന് കുഞ്ഞാതമ്മയ്ക്ക് ഒന്ന് മാങ്ക്വേട്ടന്' എന്ന് ചിരിച്ചുകൊണ്ടുള്ള ചിരിതേയിയുടെ പറച്ചിലിന് ഓലച്ചക്കരയെക്കാൾ മധുരമുണ്ടെന്ന് നിങ്ങൾക്ക് തോന്നി. ചൂട്ടുവെണ്ണീരിൻ കുണ്ടിൽ നിന്ന് വാഴയ്ക്കിടാൻ വെണ്ണീരെടുക്കുമ്പോൾ കൈപൊള്ളിപ്പോയ ചെറിയോന്റെ ചാപ്പയിലേക്കായി പിന്നെ നിങ്ങളുടെ വഴി. വഴിവക്കിൽ നിന്ന് പച്ചമരുന്നുകൾ ശേഖരിച്ചുകൊണ്ടായിരുന്നു നടത്തം. സമൂലം അരച്ച് മഞ്ഞൾ പുരട്ടാൻ ചെറിയോന്റെ പെണ്ണുങ്ങൾ നാരായണിയെ ഏൽപ്പിച്ചു. മൂക്കിളയൊലിപ്പിച്ചുകൊണ്ട് നിങ്ങളെത്തന്നെ നോക്കിനിൽക്കുന്ന ചെറിയോന്റെ രണ്ടു കുഞ്ഞുങ്ങൾക്ക് നിങ്ങൾ കുറുക്കൂട്ടിയിലയിൽ പൊതിഞ്ഞ ചക്കര കൊടുത്തു.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

ഉച്ചയാകുമ്പോഴേക്കും പത്തോളം വീടുകൾ കയറിയിറങ്ങി. കുത്തറയിൽനിന്ന് രണ്ടു കുപ്പി കള്ളു കുടിച്ചാണ് നിങ്ങൾ വീട്ടിലേക്കു മടങ്ങിയത്. "കർത്തമ്പൂന്റെ പെണ്ണുങ്ങൾ ചിരുതേയി കുറുക്കൂട്ടിയിലയിൽ പൊതിഞ്ഞ് രണ്ട് അരിച്ചക്കര തന്നിന്. ഒന്ന് നിനക്കും ഒന്ന് എനിക്കും' എന്ന് നിങ്ങൾ കുഞ്ഞാതയെ കണ്ടമാത്രയിൽ പറഞ്ഞു. "ന്നിറ്റ് ഏട ചക്കര... കള്ളിന്റെ ഒപ്പരം അകത്താക്കി അല്ലേന്ന്', കുഞ്ഞാത തെല്ല് നീരസത്തോടെ പറഞ്ഞു. "നിനക്ക് തരാതെ എന്റെ തൊണ്ടേലെറങ്ങ്വോ കുഞ്ഞാതെ' എന്ന് നിങ്ങൾ പറഞ്ഞു. പിന്നെ എങ്ങോട്ട് പോയി ചക്കര എന്ന് കുഞ്ഞാത നെറ്റി ചുളിച്ചു. "ആ ചെറിയോന്റെ രണ്ട് കുഞ്ഞ്യോല്ലെപ്പാ... എന്നേന്നെ നോക്ക്ന്ന്. ഞാൻ അയ്റ്റ്വോക്ക് കൊടുത്ത്വോയി കുഞ്ഞാതേ' എന്ന് നിങ്ങൾ പറഞ്ഞു. അത് നന്നായി എന്ന് കുഞ്ഞാത മാങ്ക്വേട്ടനെ നോക്കി ചിരിച്ചു. "നമ്മോ എത്ര ചക്കര തിന്നു മാങ്ക്വേട്ടാ. കുഞ്ഞ്യോ തിന്നട്ട്' എന്ന് അവൾ കൂട്ടിച്ചേർത്തപ്പോൾ നിങ്ങൾ നിങ്ങളുടെ പെണ്ണുങ്ങളെക്കുറിച്ച് അഭിമാനംകൊണ്ടു.


‘നമ്മളെ കുഞ്ഞ്യോള് കണ്ണ് തൊറക്ക്ന്ന്ണ്ട് മാങ്ക്വേട്ടാ.’ കുഞ്ഞാത ഓർമിപ്പിച്ചതും നിങ്ങൾ മൂലക്കഴുപ്പലയിൽ തൂക്കിയിട്ട കിഴിയുടെ നേർക്കോടി. കള്ളിന്റെ നേർത്ത ലഹരിയിൽ കാലുകൾക്ക് വേണ്ടത്ര ഉറപ്പ് കിട്ടിയില്ലെങ്കിലും കുറേനേരം വിത്തുകെട്ടിനു നേർക്കുതന്നെ നോക്കി. പാളയങ്കോടന്റെ കൂമ്പ് പോള വിടർത്തുന്നതുപോലെ നിങ്ങളുടെ മുഖം പതുക്കെ വികസിച്ചു. തുമ്പപ്പൂ നിറമുള്ള ചിരി പടർന്നു. വിത്തുകൾ മുളപൊട്ടി പുറത്തേക്കു നോക്കുന്നത് ഇഴയടുപ്പം കുറഞ്ഞ തുണിക്കിടയിലൂടെ കാണാം.

കിണറ്റിൻകരയിൽ നെല്ലിമരത്തിന്റെ തണൽ വീഴാത്തൊരിടത്ത് നിങ്ങൾ തറയെടുത്തു. നന്നായി കിളച്ചു മറിച്ചു. വേരും കല്ലുകളും ചികഞ്ഞെടുത്ത് പുറത്തു കളഞ്ഞു. പുതുമണ്ണിട്ട് തറയുയർത്തി. ചാണകപ്പൊടി വിതറി ഒന്നുകൂടി കിളച്ചു. വെള്ളം നനച്ചു. കുഞ്ഞാത നെഞ്ചോടു ചേർത്ത് കൊണ്ടുവന്ന വിത്തു കിഴിയുടെ കെട്ടഴിച്ചു നിങ്ങൾ. കുഞ്ഞാത നിങ്ങളുടെ കൈവെള്ളയിലേക്ക് കണ്ണുമിഴിച്ചു ചിരിക്കുന്ന കുഞ്ഞുങ്ങളെ കുറേശ്ശകുറേശ്ശയായി ഇറക്കിക്കൊടുത്തു. തറയുടെ എല്ലാ ഭാഗത്തും ഒരുപോലെ വീഴത്തക്ക വിധത്തിൽ നിങ്ങളുടെ വിരലുകൾ പരമ്പരാഗതമായി കിട്ടിയ മാന്ത്രികശേഷിയെ കയറൂരിവിട്ടു. ഇളവെയിലിൽ മുളകൾ അമ്പരന്നുനിന്നു. സ്വാതന്ത്ര്യത്തിന്റെ പുത്തനരങ്ങിൽ കൺമിഴിച്ചു നിന്നു. മൂപ്പെത്തിയ വെയിൽ താങ്ങാനുള്ള കരുത്ത് സ്വാതന്ത്ര്യത്തിനില്ലായിരുന്നു. നിങ്ങൾ നെല്ലിമരത്തിൽ കയറി. നെല്ലിയുടെ ശാഖകൾ വെട്ടിയിട്ട് തറയ്ക്കൊരു കുഞ്ഞു പന്തലൊരുക്കി. എത്ര വേഗമാണ് കുഞ്ഞുങ്ങൾ എഴുന്നേറ്റു നിൽക്കുന്നതെന്ന് കുഞ്ഞാതയും നിങ്ങളും അത്ഭുതം കൂറി. മോതിരവള്ളി കൊണ്ടുണ്ടാക്കിയ വട്ടികളിൽ അവരെ വയലിലേക്ക് യാത്രയയച്ച ദിവസം നിങ്ങൾ ഉറങ്ങിയില്ല. ഇതാ എല്ലാം കഴിഞ്ഞ് അവരെ പന്തലിൽ നിന്നിറക്കി പത്തായത്തിൽ ഇറക്കിവയ്ക്കേണ്ട സമയമായിരിക്കുന്നു. കഴിഞ്ഞവർഷത്തെ പുകയിലക്കറ്റകൾ മെടഞ്ഞോലയിൽ പൊതിഞ്ഞ് പത്തായത്തിൽ താഴ്ത്തി വച്ചിടത്തുതന്നെയുണ്ട്. കൊങ്കണ ദേശത്തുനിന്ന് കൊങ്ങിണിയന്മാർ വരാത്തതുകൊണ്ടല്ല. വന്നു. പുതുമുഖങ്ങളായിരുന്നു. നീതിബോധമില്ലാത്ത കച്ചവടമനസ്സുള്ളവർ. പണിയെടുക്കുന്നവനെ കുത്തുപാളയെടുപ്പിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നവർ. നിങ്ങളുടെ വീട്ടിലേക്കാണവർ ആദ്യം വന്നത്. കൂടെ കളിങ്ങോത്തെ എല്ലാ പുകയില കൃഷിക്കാരുമുണ്ടായിരുന്നു. നിങ്ങൾ പത്തായപ്പലകമാറ്റി. ഓലക്കെട്ടിൽ നിന്ന് ഒരു കറ്റ പുകയിലയെടുത്ത് കൊങ്ങിണിയന്റെ മുമ്പിൽ വച്ചുകൊടുത്തു. പുകയില ഗന്ധം വീടു നിറഞ്ഞ് ഉച്ചക്കാറ്റിൽ ഇടവഴിയിലേക്കിറങ്ങി. പക്ഷെ കൊങ്ങിണിയന്റെ നെറ്റിയിലെ ചുളിവ് വെള്ളത്തൊപ്പിയിലേക്ക് കയറി. മുഖം ചുളിഞ്ഞു. നിങ്ങൾ നെഞ്ചിടിപ്പോടെ അത് നോക്കിനിന്നു. കൃഷിക്കാർ എന്തുസംഭവിക്കുന്നു എന്നറിയാതെ അന്യോന്യം നോക്കിനിന്നു.

""മാലിങ്കുനായര് കളിങ്ങോത്തെ ഏറ്റവും നല്ല കൃഷിക്കാരനാണെന്നല്ലോ കേട്ടത്. എന്താ നായരെ ഇത്! ഇലയില് പുള്ളിക്കുത്ത്? നിറംപോര. ഒന്നുകില് ഒന്നോ രണ്ടോ വെള്ളം കൊറഞ്ഞിറ്റ്ണ്ട്. അല്ലെങ്കില് വളം ചേർത്തതില് എന്തോ തകരാറ് പറ്റീറ്റ്ണ്ട്.''

നിങ്ങൾക്ക് താങ്ങാൻ പറ്റുന്നതിനപ്പുറമായിരുന്നു ആ വാക്കുകൾ. നിങ്ങളുടെ കൂട്ടുകാരും ആകെ വേവലാതിയിലായി. എന്തെങ്കിലും പറഞ്ഞാൽ കൊങ്ങിണിയൻ എങ്ങനെ പ്രതികരിക്കുമെന്നു പേടിച്ച് അവർ നിശ്ശബ്ദരായി. വാതിൽപ്പടിയിൽനിന്ന് ഒരു പല്ലി ചിലച്ചു. നിശ്ശബ്ദമായിരുന്നു നിങ്ങളുടെ വീട്. നിമിഷങ്ങൾ മുടന്തിക്കൊണ്ട് കടന്നുപോവുകയാണ്. കൊങ്ങിണിയൻ തൊപ്പിയൂരി തല തടവിക്കൊണ്ട് ഒരു വില പറഞ്ഞു. തൊപ്പി വീണ്ടും തലയിലുറപ്പിച്ചുകൊണ്ട് പതുക്കെ എഴുന്നേറ്റു.


""മാലിങ്കു നായരേ... സമ്മതമാണെങ്കില് ആണെന്നു പറഞ്ഞാ മതി. മറ്റൊന്നും പറയണ്ട.''

നിങ്ങൾക്ക് കൊങ്ങിണിയൻ പറഞ്ഞ വില സ്വീകാര്യമായിരുന്നില്ല. അപമാനിക്കുന്നതിന്‌ തുല്യമായിരുന്നു ആ വില പറച്ചിൽ. നിങ്ങൾ പറഞ്ഞു.

""വേണ്ട! ഇനി എത്ര വെല പറഞ്ഞാലും ഞാനിത് നിങ്ങൾക്ക് തരാൻ പോന്നില്ല. മണ്ണില് കുയിച്ചിട്ടാലും ശരി. എനക്കും മങ്ങലാരത്തേക്കുള്ള വഴി അറിയാം.''

കൊങ്ങിണിയൻ ഒന്നു മുരണ്ടുകൊണ്ട് നിങ്ങളുടെ വീട്ടിൽ നിന്നിറങ്ങി. മടിച്ചു മടിച്ചാണെങ്കിലും കളിങ്ങോത്തെ എല്ലാ കൃഷിക്കാരും അയാളുടെ പിന്നാലെ പോയി. നിങ്ങൾ തനിച്ചായി.

നിങ്ങൾ ഇറയത്ത് പത്തായത്തിനരികിൽ തളർന്നിരുന്നുപോയി. കുഞ്ഞാത അരികിലിരുന്നു. അവൾ നിങ്ങളുടെ കൈയെടുത്ത് മടിയിൽ വച്ച് സാന്ത്വനിപ്പിക്കാൻ നോക്കി. അപ്പോഴാണ് നിങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടുപോയത്. കുഞ്ഞുങ്ങളെപ്പോലെ നിങ്ങൾ പൊട്ടിപ്പൊട്ടിക്കരഞ്ഞു. കുഞ്ഞാത നിങ്ങളുടെ മുഖം തന്റെ നെഞ്ചോട് ചേർത്തുവച്ച് ചിലമ്പിച്ച ശബ്ദത്തിൽ എന്തൊക്കെയോ പറഞ്ഞു. പതുക്കെപ്പതുക്കെ ഉള്ളിലെ തിരയടങ്ങി.

""ഒന്നും പേടിക്കണ്ട മാങ്ക്വേട്ടാ... നിങ്ങൾക്ക് മങ്ങലാരത്തേക്ക്ള്ള വഴി അറീലേ... ചോയ്യമ്പൂന്റെ എരുതും ബണ്ടീല് കൊണ്ട്വോയ്ക്കൂടെ.'' കുഞ്ഞാത പറഞ്ഞു.

""ഒന്നും അറീല കുഞ്ഞാതേ. അറിഞ്ഞാത്തന്നെ ലൈസൻസ് വേണ്ടേ? പോലീസ് പിടിക്കും... ഞാനാസമയത്ത് എന്തെല്ലോ പറഞ്ഞ്വോയിപ്പാ...''


നിങ്ങൾ മനസ്സിൽ കുറിച്ചുനോക്കി. വളം വങ്ങിയ വകയിൽ ചെമ്മാനാജിക്ക് കൊട്ക്കാന്ണ്ട്. അത് കൊടുക്കണം. മുട്ടുവായ്പ മേണിച്ചതുംണ്ട് കൊറേ... അതെല്ലാം എങ്ങനേങ്കിലും കൊടുക്കാം. പക്ഷേ ഈ അപമാനം... നിങ്ങൾ ശരിക്കും തളർന്നു.

കണമീനുദിക്കുന്നേരം എഴുന്നേൽക്കാറുള്ള നിങ്ങൾ കാക്ക കരഞ്ഞിട്ടും എഴുന്നേൽക്കാത്തതെന്തേ എന്നു നോക്കാനാണ് കുഞ്ഞാത അടുക്കേയ്ക്ക് വന്നത്. ഏഴടിയോളം പോരുന്ന ശരീരം ഒരുഭാഗത്തേക്ക് കോടിപ്പോയിരുന്നു. കുഞ്ഞാതയുടെ കരച്ചിലിൽ കളിങ്ങോം പ്രദേശമാകെ ഞെട്ടി. ആളുകൾ ഓടിയെത്തി. നിങ്ങൾ എല്ലാം അറിയുന്നുണ്ടായിരുന്നു. ഒരുവാക്കുപോലും ഉരിയാടാൻ കഴിഞ്ഞില്ല. കുറുകൽ ശബ്ദം മാത്രം.

കാമലോൻ വൈദ്യരുടെ അടുത്തേക്ക് ആളുപോയി. വൈദ്യർക്ക് പ്രായമായി. നടക്കാൻ പ്രയാസം. കസേരയിലിരുത്തി ചുമന്നുകൊണ്ടാണ് വന്നത്. വൈദ്യർ മാലിങ്കുനായരുടെ മിടിപ്പ് കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും നോക്കി. കൺപോളകൾ വിടർത്തി നോക്കി. പ്രത്യേക ചികിത്സയൊന്നും വേണ്ട, പരമാവധി മൂന്നുനാൾ എന്നു പറഞ്ഞുകൊണ്ട് വൈദ്യർ എഴുന്നേറ്റു. കസേരയിൽ തിരിച്ചെഴുന്നള്ളത്ത്.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

പുകയിലപ്പന്തൽ മറഞ്ഞ് ചന്ദ്രക്കല അപ്രത്യക്ഷമായതോടെ നിങ്ങൾ ഊർധ്വൻ വലിച്ചു. കുഞ്ഞാതയുടെ വിരലുകൾ നിങ്ങളുടെ കൺപോളകളിൽ പിടഞ്ഞു. അതോടെ ഒരു ജീവിത നാടകത്തിന് തിരശ്ശീല വീണു. നിങ്ങളുടെ സഞ്ചയനദിവസമാണ് കുഞ്ഞാത കുഴഞ്ഞുവീണു മരിച്ചത്. മണ്ണോട് ചേർന്നിട്ടും പാതിരാനേരത്ത് പല രാത്രികളിൽ അവരെ പുകയിലപ്പന്തലിന് കാവൽ നിൽക്കുന്നത് കണ്ടവരുണ്ടത്രെ!

കളിങ്ങോത്ത് ഗ്രാമമാകെ മാറി. ചാപ്പകളെല്ലാം അപ്രത്യക്ഷമായി. തലങ്ങും വിലങ്ങും മെക്കാഡം റോഡുകളായി. പുകയിലപ്പാടങ്ങളിൽ പോലും കോൺക്രീറ്റ് വീടുകൾ മത്സരിച്ചുയുർന്നുനിന്നു. ഹൈടെക് സ്കൂളുകളും ആശുപത്രികളുമായി. കളിങ്ങോത്തിന്റെ മക്കൾ ലോകത്തിന്റെ പല രാജ്യങ്ങളിലായി ജോലി ചെയ്യുന്നു. വികസിത രാജ്യങ്ങളിലുള്ള ഗവേഷകർ കളിങ്ങോത്തിന്റെ വളർച്ചയുടെ ഊർജതന്ത്രം പഠിക്കാൻ ഇങ്ങോട്ടും വന്നുതുടങ്ങി.


ഇലകൾ ചിക്കിയെടുത്ത പുകയിലത്തണ്ടുകൾ കൂട്ടിച്ചേർത്ത് കട്ടിലാക്കി മാങ്ക്വോട്ടനും കുഞ്ഞാതയും നിലാവുള്ള ദിവസങ്ങളിൽ വെള്ളി മേഘങ്ങൾക്കിടയിലൂടെ ആകാശസഞ്ചാരം നടത്തുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട് മുത്തശ്ശികൾ പേരക്കുട്ടികളോടു പറയും, ""അതാ പോകുന്നു മാങ്ക്വോട്ടനും കുഞ്ഞാതയും.''

അതുകേട്ട് നിങ്ങൾ നിർത്താതെ ചിരിക്കും. ചിരി സ്നേഹത്തിന്റെ കൊച്ചുനക്ഷത്രങ്ങളായി താഴേക്കിറങ്ങി വരുന്നത് കുഞ്ഞുങ്ങൾ കൗതുകത്തോടെ നോക്കി നിൽക്കും .



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home