ad
Deshabhimani

കഥ

പുഷ്‌പബന്ധനം

ചിത്രീകരണം: സുനിൽ അശോകപുരം
avatar
പി എസ്‌ റഫീഖ്‌

Published on Feb 21, 2026, 02:21 PM | 6 min read




യാത്രക്കിറങ്ങും മുമ്പ് സുബേദാർ നാരായണൻ തന്റെ പഴയ ട്രങ്ക് തുറന്നു. തേച്ചു മടക്കി വച്ചിരുന്ന യൂണിഫോമിന് അടിയിൽനിന്ന് പൊടിഞ്ഞുതുടങ്ങിയ പോസ്റ്റർ പുറത്തെടുത്തു. പോർട്രേറ്റ് ഫോർമാറ്റിൽ ഉള്ള ആ സിനിമാപോസ്റ്റർ അയാൾ കാലങ്ങളായി സൂക്ഷിക്കുന്നതായിരുന്നു. പോസ്റ്ററിൽ നിന്ന് മാദകമായ ചിരിയോടെ പുഷ്‌പറാണി അയാളെ നോക്കി. ഓരോ തവണ നോക്കുമ്പോഴും ആസക്തിയുടെ പല അർഥങ്ങളായിരുന്നു പുഷ്‌പറാണിയുടെ ചിരിക്ക്.

ഇറക്കമുള്ള ട്രൗസേഴ്സിലും ബോഡീസിലും വിരിഞ്ഞു നിൽക്കുന്ന സർപ്പത്തെപ്പോലെ കൈകൾ കഴുത്തിനു പിറകിലേക്ക് പിണച്ച് ചുവന്നു മലർന്ന ചുണ്ടുകളിൽനിന്ന് തേൻതുള്ളികളിറ്റിച്ച് കക്ഷങ്ങളിലെ ചെറുരോമങ്ങളിൽ ഇളം കാറ്റുകളെ പാർപ്പിച്ച് പുഷ്‌പറാണിയുടെ നിൽപ്പ് കാലങ്ങളായി തുടർന്നുപോരുന്നതാണ്.

ശിപായിയായി പട്ടാളത്തിൽ ചേരുന്നതിന് മുമ്പേ അയാളുടെ കയ്യിൽ ആ പോസ്റ്റർ ഉണ്ടായിരുന്നു. രണ്ടു യുദ്ധങ്ങൾ താണ്ടിയിട്ടും ബാരക്കുകൾ മാറിമറിഞ്ഞിട്ടും അയാൾ അത് സൂക്ഷിച്ചു. ഒടുവിൽ പിരിഞ്ഞുപോരുമ്പോഴും പുഷ്‌പറാണി മാത്രമുള്ള പോസ്റ്റർ അയാളുടെ ട്രങ്കിൽ ഇരുന്നു.

ചിത്രീകരണം: സുനിൽ അശോകപുരം

ഒന്നു പൊടിതട്ടി പോസ്റ്റർ നാലായി മടക്കി പഴയതുപോലെ പട്ടാള യൂണിഫോമിനടിയിൽ ഭദ്രമായി വച്ച് ട്രങ്ക് അടച്ച് അയാൾ വീടിന് പുറത്തിറങ്ങി. അത്രയും നേരത്തെ ഇറങ്ങേണ്ടതില്ലെങ്കിലും വരാൻപോകുന്ന മധുരനിമിഷങ്ങൾ അയാളെ ഉത്സാഹിയാക്കി.

പുഷ്‌പ ബന്ധനം എന്ന സിനിമ ഇറങ്ങുന്ന കാലത്ത് അയാൾ ഒരു പൊടിമീശക്കാരനായിരുന്നു. പട്ടണത്തിലുള്ള അമ്മാവന്റെ ചായക്കടയിലെ സഹായി. തൊട്ടടുത്ത ജനതാ തിയറ്ററിൽ ആണ് പുഷ്‌പ ബന്ധനം കളിക്കുന്നത്. നാലുമണിച്ചായ നിറച്ച വളഞ്ഞ പിടിയുള്ള അലുമിനിയ പാത്രവും പേറി മുനിസിപ്പൽ ആപ്പീസിലേക്ക് പായുന്നതിനിടയിലാണ് അയാൾ വഴിയരികിലെ മതിലിൽ പതിച്ച പുഷ്‌പ ബന്ധനത്തിന്റെ 27 ‐ 41 ഇഞ്ച് പോസ്റ്റർ കാണുന്നത്. ആദ്യ കാഴ്‌ചയിൽ തന്നെ സർപ്പസൗന്ദര്യമുള്ള പുഷ്‌പറാണി അയാളുടെ ഞരമ്പുകളിൽ തീയിട്ടു.

സിനിമ കാണുന്നതിനായി അമ്മാവന്റെ കടയിൽനിന്ന് ചാടേണ്ടതെങ്ങനെയെന്ന ചിന്ത ഒരു ഭയത്തോടെ അയാളെ പിടികൂടി.


വെളുപ്പിന് നാലുമണിക്ക് വലിയ ചെമ്പുപാത്രങ്ങളിൽ വെള്ളം നിറച്ച് തുടങ്ങുന്ന ഈശ്വരവിലാസം കേഫിലെ പണി പാത്രം കഴുകൽ, അരി‐ഉഴുന്ന് ആട്ടൽ, വിറക് കീറൽ, ചായ സപ്ലൈ, ചോറുപൊതി കെട്ടൽ, പട്ടണത്തിലെ ആപ്പീസുകളിലേക്ക് എത്തിക്കൽ എന്നിങ്ങനെയായിരുന്നു. അന്നത്തെ ജീവിതം രാത്രി പത്തുമണിവരെ നീളുന്നതായിരുന്നു. എല്ലാ പണിയും കഴിഞ്ഞെന്ന് ഉറപ്പുവരുത്തി ഉറക്കംതൂങ്ങി തുടങ്ങുമ്പോഴായിരിക്കും പുതിയ ഓർഡർ എന്തെങ്കിലും വരിക. മിക്കവാറും അത് അമ്പലപ്പരിസരത്തുള്ള യോഗം ആപ്പീസിന്റെ കാലത്ത് നടക്കുന്ന മീറ്റിങ്ങിലേക്കായിരിക്കും. മാവിന്റെ അരവ് എങ്ങനെയുണ്ടെന്ന് അമ്മാവൻ ഇടയ്‌ക്ക്‌ വന്ന് ചൂണ്ടുവിരൽ ഉരലിൽ താഴ്‌ത്തി പരിശോധിക്കും. കൂടെ പണിയെടുക്കുന്ന തമിഴൻ വേലിനുള്ള സ്ഥാനംപോലും തനിക്കില്ലെന്ന് അയാൾക്ക് അറിയാമായിരുന്നു.

മൂത്ത സഹോദരിയെ കല്യാണം കഴിപ്പിച്ചയച്ചത് ഈ പാഷണ്ഡൻ അമ്മാവനാണ്. ആയതുകൊണ്ട് അമ്മയ്‌ക്കോ അയാൾക്കോ ബഹുമാനമൊഴികെ ഒന്നും പ്രകടിപ്പിക്കാൻ ആവില്ല. ഒരുപാട് പെണ്ണുങ്ങളോട് കാമവും പ്രേമവും ഒക്കെ തോന്നിയിരുന്നുവെങ്കിലും ഈശ്വരവിലാസം കേഫ് അയാളുടെ കാമനകളെ ദയയില്ലാതെ തല്ലിക്കെടുത്തി. പല വിചാരങ്ങളാൽ നീറിപ്പുകഞ്ഞു ജീവിക്കുന്ന അയാളുടെ ഉള്ളിൽ ഒരു മഞ്ഞു വീണതുപോലെയാണ് പുഷ്‌പറാണി കടന്നുവന്നത്.


വയറുവേദന അഭിനയിച്ച തൊട്ടടുത്ത ദിവസം അയാൾ കുഞ്ഞിപ്പാലു കമ്പോണ്ടറെ കാണാൻ ഈശ്വരവിലാസം കേഫിൽ നിന്നിറങ്ങി ഒളിച്ചും പാത്തും സിനിമ കാണാൻ കയറി. നിലത്തിരുന്നാണ് കണ്ടത്. സിനിമ തീരുംവരെ അയാൾ ഒരു മാന്ത്രിക ബന്ധനത്തിൽപ്പെട്ടു. പുഷ്‌പറാണിയുടെ ഉടൽ വളവുകളും ചുരുളുകളും അയാളുടെ ഉള്ള് ഉഴുതുമറിച്ചു. പുഷ്‌പറാണി അയാൾക്കുവേണ്ടി നൃത്തം ചെയ്‌തു. പൊട്ടിച്ചിരിച്ചു. പാട്ടുപാടി. പൊട്ടിക്കരഞ്ഞു. സിനിമ തീർന്നിട്ടും അയാളുടെ ഹൃദയം ഇടിച്ചുകൊണ്ടിരുന്നു. അല്ല, ഒരു ചുവന്ന പൂവ് അടയുകയും തുറയുകയും ചെയ്‌തുകൊണ്ടിരുന്നു.

പിന്നീട് ഒരിക്കൽ പട്ടാളത്തിലേക്ക് ആളെയെടുക്കുന്നുണ്ടെന്നറിഞ്ഞ് അയാൾ പട്ടണത്തിലെ പരേഡ് ഗ്രൗണ്ടിൽ ചെന്നു. മാവാട്ടിയും വിറകു കീറിയും മസിലുകൾ എറിച്ചുനിന്ന അയാളുടെ ശരീരം വലിയ തടസ്സമില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കാത്തിരിപ്പും മരണവും ഒന്നിച്ചു ഭരിക്കുന്ന പട്ടാള ക്യാമ്പുകളിലേക്ക് അയാൾ വലിച്ചെറിയപ്പെട്ടു. പട്യാലയിലും ജലന്ധറിലും കുരുക്ഷേത്രയിലും പരിശീലനത്തിനിടയിൽ കമ്പിളി ഭാണ്ഡങ്ങളും കുടിവെള്ളം നിറച്ച ജെരിക്കനുകളുമായി ബാരക്കുകളിൽനിന്ന് ബാരക്കുകളിലേക്ക് സഞ്ചരിച്ചു. പോർവിമാനങ്ങളുടെ ഇരമ്പൽ കേട്ട് ഉറുമ്പിനെപ്പോലെ അയാളും ട്രഞ്ചുകളിലൊളിച്ചു. രക്തത്തിന്റെ ചരിത്രവീഥിയായ പാനിപ്പത്തിലെ തെരുവുകളിലൂടെ അയാൾ നടന്നു.

ചിത്രീകരണം: സുനിൽ അശോകപുരംചിത്രീകരണം: സുനിൽ അശോകപുരം

ഗോൽക്കൊണ്ട കോട്ടയുടെ താഴ്‌വരയിലെ ക്യാമ്പിലിരുന്ന് നൈസാമിന്റെ നഗരത്തിലെ സുന്ദരികളെക്കുറിച്ച് കൂട്ടുകാർക്ക് കത്തുകൾ എഴുതി. ഉള്ളിൽ പ്രേമം ആളിക്കത്തുമ്പോൾ ഉയരങ്ങളിൽ കയറി വിദൂരസൗന്ദര്യങ്ങളെ ഹസ്‌തദാനം ചെയ്‌തു. കോട്ടയുടെ പ്രാന്തങ്ങളിലുള്ള മഖ്ബറകളിൽ ചെന്ന് പ്രാചീനവും നിശ്ശബ്ദവുമായ ഏകാന്തതയെ നോക്കി വിതുമ്പി. അമൃതസറിലും ജലന്ധറിലും പഞ്ചാബി പെണ്ണുങ്ങളുടെ പിന്നാലെ അലഞ്ഞുനടന്ന് അയാൾ പുഷ്‌പറാണിയെ കാമിച്ചു.

ഉദ്ധംപൂരിലെ ക്യാമ്പ് ഓഫീസിൽനിന്നും ക്യാപ്റ്റന്റെ ബംഗ്ലാവിലെ ഓർഡർലിപ്പണിയിലേക്ക് പൊടുന്നനെ മാറ്റപ്പെട്ടപ്പോൾ അയാൾക്കൊരായാസം വന്നു. ചന്ദ്രനുദിച്ചപോലെയുള്ള മേംസാബിന്റെ മുഖം ഒളിഞ്ഞുനോക്കിക്കൊണ്ട് അയാൾ ബംഗ്ലാവിലെ പൂന്തോട്ടങ്ങൾ നനച്ചു. വൈകുന്നേരങ്ങളിൽ കൽക്കരിയടുപ്പ് കത്തിച്ചു. മേംസാബിന്റെ നീളൻ ഖമ്മീസുകൾ ഇസ്‌തിരിയിട്ടു. ക്യാപ്റ്റന്റെ ബൂട്ടുകൾ തുടച്ചു മിനുസം വരുത്തി. മേംസാബിന്റെ കൊഴുത്തമേനിയിൽ കടുകെണ്ണ തേച്ച് മാലീഷ് ചെയ്‌തു. അവരുടെ പ്രീതി ലഭിച്ചതുകൊണ്ടാവാം അയാൾക്ക് ക്യാപ്റ്റൻ വഴി ഓർഡർലിയിൽനിന്നും സ്ഥാനക്കയറ്റം കിട്ടി സുബേദാറായതെന്ന് പരക്കെ സംസാരം ഉണ്ടായി.

ഇടയ്‌ക്കുണ്ടായ അവധികളിൽ സുബേദാർ നാരായണൻ നാട്ടിൽ വരികയും വിവാഹിതനാവുകയും ഓരോ ഇടവേളകളിലും രണ്ടു കുട്ടികളുടെ പിതാവാകുകയും ചെയ്‌തു. ഭാര്യ എൽപി സ്‌കൂൾ ടീച്ചർ ആയിരുന്നു. ചെറുതായി പല്ലുന്തി മെലിഞ്ഞ ഒരു സ്‌ത്രീ. പൊടുന്നനെ വയസ്സായ അവരോട് അയാൾക്ക് ഒന്നുമുണ്ടായിരുന്നില്ല. കാലാന്തരത്തിൽ മക്കളും ഉദ്യോഗസ്ഥരായി. ഒടുവിൽ വടക്കൻ പഞ്ചാബിലെ ബറ്റാലിയനിൽ വച്ചുണ്ടായ ബഡാഖാനയിലെ രാത്രി ആഘോഷങ്ങൾക്ക് പിറ്റേന്ന് പട്ടാളത്തിൽനിന്ന് സുബേദാർ പിരിഞ്ഞു.


നാട്ടിൽ വന്നതിനുശേഷം വിരസത അയാളെ കൊല്ലാൻ തുടങ്ങിയിരുന്നു. റിട്ടയർമെന്റിനുശേഷം ഭാര്യ തീർഥയാത്രകളും അമ്പലങ്ങളും തെരഞ്ഞെടുത്തപ്പോൾ അത് പൂർത്തിയായി. മക്കൾ ഉദ്യോഗവും കുടുംബങ്ങളുമായി ദൂരസ്ഥലങ്ങളിൽ പാർക്കുന്നു. നാരായണന്റെ ഞരമ്പുകളിലൂടെ തണുപ്പിന്റെ ചേര ഇഴഞ്ഞു. പണ്ട് ചായക്കടയിൽ ഒട്ടിക്കാൻ കൊണ്ടുവന്നതിൽ ബാക്കിയായ, ഇന്നും ട്രങ്കിനുള്ളിലുള്ള പുഷ്‌പ ബന്ധനത്തിന്റെ പോസ്റ്റർ കിടക്കുന്നതിന് മുമ്പ് എടുത്തുനോക്കുന്നത് മാത്രമായി അയാളുടെ ആകെയുള്ള വിനോദം.

ആയിടെയാണ് നടി പുഷ്‌പറാണി ഇപ്പോൾ ആലുവയിലാണ് താമസിക്കുന്നതെന്ന് സുബേദാർ അറിഞ്ഞത്. ഒട്ടും വൈകാതെ പഴയ ഹൃദയം അയാളിലേക്ക് തിരികെയെത്തി. മരുന്നുകളും പെൻഷൻ ബുക്കും വണ്ടിക്കൂലിയും അടങ്ങുന്ന ചെറിയ ബ്രീഫ് കേസ് കക്ഷത്തിൽ ഇടുക്കി പലതവണ പുറപ്പെട്ടതാണ്. പക്ഷേ യാത്ര മിക്കവാറും ചിലയിടത്തുനിന്നു. ഓരോ തവണ തിരികെ പോരുമ്പോഴും അയാൾ നിരാശനായില്ല. നാളെയും ഇറങ്ങാമല്ലോ എന്ന ആലോചന അയാളിലേക്ക് ചെറുപ്പം കൊണ്ടുവന്നു. കൈകാലുകളിലെ മരവിപ്പ് കുറഞ്ഞു. കണ്ണുകൾക്ക് തെളിച്ചം കൂടി. ഏറെക്കാലത്തിനുശേഷം അയാൾ മുടിയും മീശയും കറുപ്പിച്ചു.

പതിവുപോലെ ഒരു മാസാദ്യത്തിൽ ഭാര്യ ഗുരുവായൂർക്ക് പോയ ദിവസമാണ് സുബേദാർ ദൃഢനിശ്ചയത്തോടെ വീട്ടിൽനിന്ന് ഇറങ്ങിയത്. കവലയിൽ നിന്ന് ടൗണിലേക്കുള്ള ബസ് കയറി മുൻസിപ്പൽ ബസ്‌ സ്റ്റാൻഡിൽനിന്ന് ആലുവയ്‌ക്കുള്ള ബസ് പിടിച്ചു വിൻഡോ സീറ്റ് ഉറപ്പാക്കി.


കയറുമ്പോൾ ആളില്ലാതിരുന്ന ബസിൽ തിരക്ക് കൂടിവന്നു. ഇടയ്‌ക്ക്‌ ഒന്നു രണ്ടു തവണ ഇറങ്ങണം എന്ന് തോന്നിയെങ്കിലും നടന്നില്ല. ചാലക്കുടി കഴിഞ്ഞപ്പോൾ ഒരു സന്യാസി സുബേദാർ നാരായണന്റെ തൊട്ടടുത്തു വന്നിരുന്നു. സന്യാസിമാരെ പണ്ടേ അയാൾക്ക് കണ്ടുകൂട. രാജ്യത്ത് മിക്കവാറും തൊഴിലുകൾക്ക് യൂണിഫോമുണ്ട്. പണിയെടുക്കാതെ തിന്നാനും യൂണിഫോം ഉണ്ട്. അതിവരുടേതാണ് എന്നാണ് അയാളുടെ അഭിപ്രായം.

പുഷ്‌പറാണി എങ്ങനെയാകും തന്നെ സ്വീകരിക്കുക എന്ന് സുബേദാർ ഓർത്തു. നസീർ സാറിന്റെ പടത്തിൽ കാമുകിയായ പുഷ്‌പറാണിയുടെ വീട്ടിലേക്ക് അദ്ദേഹം വരുന്നുണ്ട്. അപ്പോൾ പെയ്‌തതുപോലെ ഒരു മഴ പെയ്യുമോ! സത്യൻ മാഷുടെ മുമ്പിൽ നിലത്തിരുന്നു വീണമീട്ടി പാടിയത് പോലെ തനിക്ക് മുമ്പിലും അവർ പാടുമോ? മുട്ടിനു മുകളിലുള്ള ട്രൗസറും തൂവെള്ള ബനിയനുമിട്ട് കുതിരപ്പുറത്ത് കയറി തുള്ളി തുളുമ്പി ജയനൊപ്പം സഞ്ചരിച്ചതുപോലെ… അത്രയും ആലോചിച്ചപ്പോഴേക്കും അയാളുടെ അരക്കെട്ട് പ്രായം മറന്നു. പെട്ടെന്ന് കാവി ജുബ്ബയ്‌ക്കുള്ളിൽനിന്ന് ഫോണെടുത്ത് സന്യാസി ആരോടോ ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി. സുബേദാറുടെ ആലോചന മുറിഞ്ഞു.

അയാൾക്ക് നന്നായി നീരസം ഉണ്ടായി. മഠത്തിലുണ്ടായ ഏതോ തർക്കത്തെക്കുറിച്ച് വേറെയൊരു സന്യാസിയോട് സംസാരിക്കുകയാണ്. രണ്ട് സന്യാസിമാർ തമ്മിൽ ഊക്കനടി ആയതാണ് വിഷയം. ചീരക്കറിയിൽ ഉപ്പ് ഉണ്ടായിരുന്നില്ല എന്ന് അടുക്കള ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സന്യാസിയോട് ചീരക്കറി കഴിച്ച സന്യാസി പറഞ്ഞുപോയത്രേ. സുബേദാർ മനസ്സിൽ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘എന്തു വേദാന്തം? ചീരക്കറിയിൽ ഉപ്പിട്ടില്ലെങ്കിൽ യുദ്ധം ഉണ്ടാകും.’


പുഷ്‌പറാണിയുടെ ഒടുവിൽ കണ്ട സിനിമയെക്കുറിച്ച് സുബേദാർ ആലോചിക്കുകയായിരുന്നു. അതിൽ ഒരു കൗമാരക്കാരനുമായുള്ള പ്രണയമാണ്. ആ പടം കണ്ട് അയാൾക്ക് ശരിക്കും ദേഷ്യം വന്നു. ചെറുക്കനോട് അസൂയയും വെറുപ്പും ഉണ്ടായി. അവനൊരു പുതുമുഖമായിരുന്നു.

ഇത്തവണ സ്വാമിയും കണ്ടക്ടറുമായുള്ള തർക്കം കേട്ടാണ് വിചാരം മുറിഞ്ഞത്. ബാക്കി മുഴുവനും തന്നില്ലെന്ന് സ്വാമിയും തന്നെന്ന് കണ്ടക്ടറും. സ്വാമി കണ്ടക്ടറെ ശകാരിക്കുകയാണ്. ബസ് ചാർജ് കൂട്ടിയത് സ്വാമി അറിയാഞ്ഞിട്ടാണെന്ന് കണ്ടക്ടർ സ്വാമിയെ വിനീതമായി ബോധിപ്പിക്കുന്നുണ്ട്. എന്ത് സന്യാസം? ബാക്കിക്ക് വേണ്ടിയുള്ള ജീവിതം! സ്വൽപ്പം വേദാന്തം കലർത്തി സുബേദാർ ചിന്തിക്കാതിരുന്നില്ല. സന്യാസി തോൾസഞ്ചിയിൽ നിന്ന് ഒരു കത്തി വലിച്ചെടുത്തു. മൂർച്ചയുള്ള തിളങ്ങുന്ന വലിയ കത്തി. അതിനു പിന്നാലെ ഒരു ആപ്പിളുംകൂടിയെടുത്ത് മുറിച്ച് തിന്നാൻ തുടങ്ങി. നിഷ്‌കളങ്കമായ മാംസമുള്ള ആപ്പിൾ മുറിക്കാൻ കൊടുംമൂർച്ചയുള്ള ഈ കത്തി ഒരു സന്യാസി ഉപയോഗിക്കണോയെന്ന് ആലോചിച്ചതും ബസ് ആലുവ പാലം കയറി.

സുബേദാർ നിലത്തിറങ്ങി ഒരു ദീർഘശ്വാസവും കീഴ്‌വായുവും വിട്ടു. തൊട്ടു കണ്ട മാടക്കടയിൽ നിന്ന് ഉള്ളു തണുക്കെ ഒരു സർബത്ത് വാങ്ങി കുടിച്ചു. പതിവില്ലാതെ മുന്തിയ വിലയുള്ള ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങിച്ചു. പുഷ്‌പറാണി സിഗരറ്റ് വലിക്കുമെന്ന് അയാൾ കേട്ടിട്ടുണ്ട്.

ചിത്രീകരണം: സുനിൽ അശോകപുരംചിത്രീകരണം: സുനിൽ അശോകപുരം

സ്റ്റാൻഡിനടുത്തുനിന്ന് പിടിച്ച ഓട്ടോയിൽ ഇരിക്കുമ്പോൾ മറ്റൊരു ഓട്ടോയിൽ സ്വാമി പോവുന്നത് കണ്ടു. സ്വാമി തപസ്സ് ചെയ്യുന്നത് സുബേദാർ സങ്കൽപ്പിച്ചു. എന്തിനു വേണ്ടിയായിരിക്കും ആ തപസ്സ്?

നിറം തീരെ മങ്ങിയ ഒരു ഇരുനില വീടിനുമുമ്പിൽ ഓട്ടോ നിന്നു. തുരുമ്പിച്ച ഗേറ്റ് തുറന്നുകിടപ്പായിരുന്നു. സുബേദാർ ഒരു സങ്കോചത്തോടെ അകത്തേക്ക് കടന്നു. മുറ്റത്തെ പൊളിഞ്ഞ ടൈലുകളിൽ പൂപ്പൽ പിടിച്ചിരിക്കുന്നു. ഇടയിൽ ചെറുപുല്ലുകൾ വളർന്നുനിൽക്കുന്നു. വീണ്ടുപൊട്ടിയ ചെടിച്ചട്ടികളിലും പുല്ലുകൾ വളർന്നിട്ടുണ്ട്. ക്ഷൗരം ചെയ്യാത്ത മുഖംപോലെ ഒരു മുറ്റം. സിറ്റൗട്ടിന് താഴെയുള്ള കോളിങ്‌ ബെൽ അമർത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും അകത്തുനിന്ന് കറുത്ത്‌ തടിച്ച ഒരു സ്‌ത്രീ വന്ന് വാതിൽ തുറന്നു.

“തോമസ് പറഞ്ഞുവിട്ടയാളല്ലേ? വരൂ...” അവരകത്തേക്ക് ക്ഷണിച്ചു. ക്ഷണം പ്രതീക്ഷിക്കാത്തതുകൊണ്ട് അയാൾക്കൊരു നിശ്ചലത വന്നു. വീണ്ടും വിളിച്ചപ്പോൾ അയാൾ കാലിൽനിന്ന് ചെരിപ്പു കുടഞ്ഞു.

“വന്നോളൂ... ചെരിപ്പൂരണമെന്നില്ല.’’ അവർ പെട്ടെന്നൊരു മര്യാദാഭാവം മുഖത്തു വരുത്തി.

സുബേദാർ പക്ഷേ ചെരിപ്പൂരി.

മൊസൈക്കിളകിയ തറയുടെ അകത്തേക്ക് കടന്ന ഉടൻ തന്നെ ഒരു ദുർഗന്ധം അയാളെ എതിരേറ്റു.


“വിലയിൽ വല്ല മാറ്റവും ഉണ്ടോ?’’ പെട്ടെന്നാണ് അവർ ചോദിച്ചത്.

അയാൾ എന്തോ പറയാൻ തുനിഞ്ഞപ്പോഴേക്കും അവർ ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി. നഷ്ടത്തിനായാലും പെട്ടെന്ന് കച്ചവടം നടക്കണം എന്നാണ് അവർ പറയുന്നതെന്ന് അയാൾക്ക് മനസ്സിലായി. താൻ മറ്റാരോ ആണെന്ന് അവർ ധരിച്ചിരിക്കുന്നു. ഈ വീട് വിൽക്കുന്ന കാര്യമാണ്. അടുത്തമാസം അവർക്ക് ഭർത്താവിന്റെ അടുത്തേക്ക് പോകാനുള്ള വിസ വരും. അവർ വന്നിട്ട് ആറുമാസമായി. ഇത് വിൽക്കുന്നതിന് വേണ്ടിയാണ് വന്നത്. ഈ വീട്ടിൽ ആരും താമസിക്കുന്നില്ല. കുറച്ച് അകലെ ഒരു ഫ്ലാറ്റിലാണ് ഈ സ്‌ത്രീ താമസിക്കുന്നത്. ബ്രോക്കറെ പ്രതീക്ഷിച്ച് അവിടെനിന്ന് രാവിലെ വന്നതാണ്.

സംസാരത്തിനിടെ അയാൾ അകത്തേക്ക് കണ്ണയക്കുന്നുണ്ടായിരുന്നു. അയാൾക്ക് ആകാംക്ഷ അടക്കാനാവുന്നില്ല. പെട്ടെന്ന് അയാൾ പുഷ്‌പറാണിയെ കുറിച്ച് ചോദിച്ചു.

അമ്മ കിടപ്പിലാണെന്നവർ പറഞ്ഞു. വീടിപ്പോൾ അവരുടെ പേരിലാണ്. കിടപ്പിലാകുന്നതിന് മുമ്പ് എഴുതിയതാണ്.

അത്ഭുതം കേട്ടതുപോലെ അയാൾ നിന്നു. അവർക്ക് ഒന്നും ഓർമയില്ല.

പകല് നോക്കാൻ ഒരു പെണ്ണ് വരും. ഇന്നവൾ എത്തിയിട്ടില്ല. വൃത്തിയാക്കാനുള്ളതുകൊണ്ട് അകത്തോട്ട് കയറാൻ വയ്യ.

ചിത്രീകരണം: സുനിൽ അശോകപുരംചിത്രീകരണം: സുനിൽ അശോകപുരം

അയാൾ വിശ്വാസം വരാതെ അവരെ നോക്കി. അവർ അയാളെ വിശ്വസിപ്പിക്കാൻ എന്നവണ്ണം അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു. ഉള്ളിലേക്ക് നയിച്ചു. അകത്തേക്ക് ചെല്ലുംതോറും കെട്ട മണം കൂടി വന്നു. നിറം തീർത്തും മങ്ങി വിണ്ട ചുമരുകളുള്ള ഒരു മുറിയിൽ ഛർദ്ദിലും മൂത്രവും ഉണങ്ങിപ്പിടിച്ച കാലം ചത്ത് കെട്ട കിടക്കയിൽ എല്ലിനോട് തോലൊട്ടിയ ഒരു രൂപം കിടക്കുന്നു. കഴുത്തിലെ ഞരമ്പ് ഇടയ്‌ക്ക്‌ തുടിക്കുന്നത് മാത്രമേ ജീവനുണ്ടെന്ന് തെളിവായിട്ടുള്ളൂ. ഒന്നേ നോക്കിയുള്ളൂ...

മരുന്നുകളും വിസർജ്യങ്ങളും കൂടിക്കുഴഞ്ഞ നരകഗന്ധത്തിൽ നിന്ന് അയാൾ പതുക്കെ പുറത്തുകടന്നു.

തിരികെയുള്ള ബസിൽ ആലുവ പാലം കേറുമ്പോൾ അയാൾ പുഴയിലേക്ക് തല തിരിച്ചു. വെള്ളത്തിൽ വീഴുന്ന വൈകുന്നേര വെയിലിലേക്ക് നോക്കാൻ കഴിയാതെ അയാളുടെ പഴയ കണ്ണുകൾ പലതവണ തളർന്നു. സന്യാസി ഇപ്പോഴെന്തെടുക്കുകയാവും എന്ന് അയാൾ വെറുതെ ഓർത്തു. ചെറിയ ബ്രീഫ്കേസിൽനിന്ന് സിഗരറ്റ് പാക്കറ്റെടുത്ത് അയാൾ പുഴയിലേക്ക് വലിച്ചെറിഞ്ഞു .



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home