കഥ
റോഡ് ട്രിപ്പ്

ജെയിൻ ജോസഫ്
Published on Feb 21, 2026, 12:11 PM | 7 min read
കുറേനേരമായി എതിരെ ഒരു വണ്ടിയെങ്കിലും വന്നിട്ട്. ഞങ്ങൾക്ക് വേണ്ടി മാത്രം എന്നപോലെ ഒഴിഞ്ഞുകിടക്കുന്ന ഹൈവേ 290. വെളുപ്പിന് അഞ്ച് മണിക്ക് പുറപ്പെട്ടതാണ്. വെളിച്ചം വന്നപ്പോഴേക്കും നഗരത്തിന്റെ അതിർത്തികൾ കടന്നിരുന്നു. റോഡിന്റെ ഇടതുവശത്ത് ഓക്ക് മരങ്ങൾ നിറഞ്ഞ് കാടുപോലെ തോന്നിക്കുന്ന പ്രദേശം. അതിനിടയിലൂടെ ഒഴുകുന്ന ഒരു അരുവി ഇടയ്‌ക്കിടെ തല കാണിക്കുന്നുണ്ട്. പുറകിലേക്ക് വെള്ള ലൈംസ്റ്റോൺ കുന്നുകൾ.
റോഡിന്റെ വശങ്ങളിലും പുൽമേടുകളിലും ബ്ലൂബോണറ്റ് ചെടികൾ നീലപ്പൂക്കൾ നിറച്ച് നിൽക്കുന്നു. അവിടെയിവിടെയായി തലപൊക്കി തുടങ്ങിയിരിക്കുന്ന ഇന്ത്യൻ പെയിന്റ് ബ്രഷിന്റെ ചുവപ്പ് കലർന്ന ഓറഞ്ച് പൂക്കൾ. വസന്തത്തിന്റെ തുടക്കമാസങ്ങളായ ഏപ്രിലും മേയുമാണ് ടെക്‌സസിലെ ഹിൽ കൺട്രി എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് കാട്ടുപൂക്കളുടെ ഉത്സവം.
ചിത്രീകരണം: കെ സുധീഷ്
റോഡിന്റെ വലതുവശത്ത് വിശാലമായ പുൽമേട്ടിൽ പശുക്കളുടെ വലിയ കൂട്ടം. വശങ്ങളിലേക്ക് നീണ്ട് വളഞ്ഞ കൊമ്പുള്ള ലോങ് ഹോൺ പശുക്കളാണ് കൂടുതലും. ചിലർ പുല്ല് തിന്നുന്നത് നിർത്തി തലയുയർത്തി റോഡിലേക്ക് നോക്കുന്നുണ്ട്. തടിവേലികൊണ്ട് തിരിച്ചിരിക്കുന്ന മറ്റൊരു ഭാഗത്ത് കുതിരകൾ. കുതിരകൾക്ക് പിറകിലായി ചുവന്ന പെയിന്റടിച്ച വലിയൊരു ബാൺ. റോഡിൽനിന്ന് കാണാവുന്നിടത്തുനിന്നും കുറച്ചുമാറി ഒരു വീടുമുണ്ടാവും. ചുറ്റുവരാന്തയുള്ള, വെള്ളച്ചുണ്ണാമ്പ് കല്ലുകളും തടിയും കൊണ്ടുള്ള ഒറ്റ നിലവീട്. ഒരു ക്ലാസിക് ടെക്‌സൻ റാഞ്ച്. ഈ പ്രദേശമെല്ലാം റാഞ്ചുകളാണ്. കൗബോയ്കളുടെ നാട്.
അമേരിക്കൻ ജീവിതത്തിൽ ഞങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് റോഡ് ട്രിപ്പ്. എത്ര വിഷമിച്ചിരിക്കുമ്പോഴും ഒരു നീണ്ടയാത്ര പോയി തിരിച്ചുവരുമ്പോഴേക്കും റീസെറ്റ് ബട്ടൻ അമർത്തിയതുപോലെയാണ്.
പക്ഷേ, ഈ യാത്രയെ എങ്ങനെയാവും ഞങ്ങളുടെ മനസ്സ് അടയാളപ്പെടുത്തുക? അഞ്ച് മണിക്ക് തന്നെ പുറപ്പെടണമെന്ന് മാത്യു കിടക്കുന്നതിന് മുമ്പ് ഓർമിപ്പിച്ചിരുന്നു. നാലര ആയപ്പോഴേക്കും ഞാൻ റെഡിയായി. ആദ്യമായാണ് ഒരു യാത്രയ്‌ക്ക് ഉദ്ദേശിച്ച സമയത്തിന് മുമ്പ് പുറപ്പെടുന്നത്. ഒമ്പത് മണിക്കൂറെങ്കിലും എടുക്കും ലക്ഷ്യസ്ഥാനത്തെത്താൻ.
‘‘അടുത്ത എക്‌സിറ്റിൽ ഒരു കോഫീബ്രേക്കെടുക്കാം.’’ മാത്യു കാർ വലതുവശത്തെ ലെയിനിലേക്ക് മാറ്റി.
‘‘ധൃതിയില്ല. കുറച്ച് കഴിഞ്ഞിട്ടാണെങ്കിലും മതി.’’
സാധാരണ റോഡ് ട്രിപ്പിൽ ടോയ്‌ലറ്റ് ബ്രേക്കുകളും ചായ സ്റ്റോപ്പുകളും കൂടുതൽ വേണ്ടത് എനിക്കാണ്. ഇന്ന് പക്ഷേ, കാറിൽനിന്ന് പുറത്തിറങ്ങാൻ തോന്നുന്നില്ല. ഹൈവേയിൽ നിന്ന് കാർ എക്‌സിറ്റ് റാമ്പിലേക്കിറങ്ങി. മരങ്ങളിൽ പച്ചപ്പൊട്ടുകളായി വസന്തം അടുത്തെത്തിയതിന്റെ അടയാളങ്ങൾ. കടകളൊന്നും കാണാനില്ല. ഏതോ ഒരു ഗ്രാമപ്രദേശമാണ്. ‘കോഫി' എന്ന് വലുതായി എഴുതിയിരിക്കുന്ന ചെറിയ കെട്ടിടത്തിന്റെ പാർക്കിങ് ലോട്ടിൽ മാത്യു കാർ നിർത്തി.
എന്റെ ആവശ്യം ബാത്റൂമിൽ പോവുക എന്നത് മാത്രമാണ്. നല്ല വൃത്തിയുള്ള ചെറിയ ടോയ്‌ലറ്റ്. വാഷ്ബേസിന്റെ അരികിലിരിക്കുന്ന വേസിൽ നിറയെ പ്ലാസ്റ്റിക് പൂക്കൾ. ഭിത്തിയിൽ ഒരു കുട്ടി പെയിന്റ് ചെയ്‌തതെന്ന് തോന്നിക്കുന്ന ചിത്രം. രണ്ട് കുതിരകൾ, കറുത്തതും വെളുത്തതും.
മാത്യു കാപ്പിയുമായി കാത്തുനിൽക്കുന്നുണ്ട്. ടീബാഗ് ചൂടുവെള്ളത്തിൽ മുക്കിപ്പൊക്കി പഞ്ചസാരയും പാലും ചേർത്ത് രുചിച്ച് നോക്കി. മുന്നിട്ടുനിൽക്കുന്നത് കയ്‌പ്പാണ്.
‘‘ആറ് മണിക്കൂർ ഫാസ്റ്റിങ് എന്നല്ലേ പറഞ്ഞത്? ലബക്ക് എത്താൻ ഏതാണ്ട് രണ്ട് മണിക്കൂർ കൂടി മതി. അവിടെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാം.”
ചിത്രീകരണം: കെ സുധീഷ്
മാത്യു കാർ സ്റ്റാർട്ട് ചെയ്‌തു. മാത്യുവിന്റെ ജീവിതം മണിക്കൂറുകൾ അളന്നുമുറിച്ചുള്ള പ്ലാനിങ്ങിലാണ് നീങ്ങുന്നത്. കല്യാണം കഴിക്കുന്നതുവരെ സ്വതന്ത്ര ആത്മാവായിരുന്നു ഞാൻ. പക്ഷേ കഴിഞ്ഞ രണ്ട് വർഷംകൊണ്ട് ഈ അടുക്കും ചിട്ടയുമായി ഞാനും പൊരുത്തപ്പെട്ടിരിക്കുന്നു. എന്നിട്ടും മാത്യുവിന്റെ പഞ്ചവത്സര പദ്ധതിയിൽ ഇങ്ങനെയൊരു പിഴവ്? വേറൊരവസരത്തിലാണെങ്കിൽ മാത്യുവിനെ കളിയാക്കാനായി ഞാനിത് ഉപയോഗിച്ചേനെ.
മാത്യു പറഞ്ഞ സമയക്കണക്ക് ഇന്നലെത്തന്നെ എന്റെ മനസ്സിൽ പതിഞ്ഞ കാര്യമാണ്. മൂന്നുമണിക്കാണ് അപ്പോയ്ന്റ്മെന്റ് കിട്ടിയിരിക്കുന്നത്.
‘‘ഇതെടുത്തില്ലെങ്കിൽ പിന്നെ രണ്ടാഴ്‌ച കഴിഞ്ഞേയുള്ളൂ. ബുക്ക് ചെയ്യട്ടെ?”
മറുപടി വൈകിയപ്പോൾ ഫോണിൽക്കൂടി അക്ഷമ കാണിച്ച നഴ്‌സിനോട് ഇന്നത്തേക്ക് ബുക്ക് ചെയ്‌തോളൂ എന്ന് ഞാനാണ് പറഞ്ഞത്. മാത്യു ആകെ ഒരു കൺഫ്യൂസ്ഡ് മാനസികാവസ്ഥയിലായിരുന്നു.
രണ്ട് മണിക്കെങ്കിലും എത്തുന്ന രീതിയിൽ ബ്രേക്കുൾപ്പെടെ ഡ്രൈവിങ് സമയം കണക്കാക്കിയാണ് അഞ്ച് മണിക്ക് തന്നെ പുറപ്പെട്ടത്. എല്ലാംകൂടി ഒരു മൂന്നുമണിക്കൂർ അവിടെ വേണ്ടിവരും എന്നാണ് നഴ്‌സ് പറഞ്ഞത്.
സ്വർണനിറത്തിൽ പരന്ന് കിടക്കുന്ന ഭൂമിയാണ് ഇപ്പോൾ മുമ്പിൽ. കുന്നുകളും താഴ്‌വാരങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. ഉയരമുള്ള മരങ്ങൾ കാണാനേയില്ല. കുറ്റിച്ചെടികളും മഞ്ഞ പുൽപ്പരപ്പും മാത്രം.
വലിയ സിലിണ്ടറുകളാക്കി ചുരുട്ടി വച്ചിരിക്കുന്ന ജാം റോളുകൾ പോലെ തോന്നിക്കുന്ന കച്ചിത്തുറുക്കൾ അവിടിവിടായി കാണുന്നുണ്ട്. വിശാലമായ ആകാശം നിറയെ പഞ്ഞിക്കെട്ടുകൾ പോലെ മേഘങ്ങൾ.
കുറ്റിച്ചെടികൾക്കിടയിൽ കുനിഞ്ഞുനിന്ന് പുല്ലുതിന്നുന്ന കുതിരകളെപ്പോലെ കാണുന്നത് *പമ്പ് ജാക്കുകളാണ്. ഭൂമിയുടെ അന്തരാളങ്ങളിൽനിന്ന് എണ്ണ വലിച്ചെടുത്ത് ദാഹം തീർക്കുന്ന ഇരുമ്പ് കുതിരകൾ.
“ആ കാണുന്നത് പരുത്തിയാണെന്ന് തോന്നുന്നു.” മാത്യു ഇടതുവശത്തേക്ക് ചൂണ്ടി പറഞ്ഞു.
കുറച്ച് മാസങ്ങൾ കഴിയുമ്പോൾ ഈ ചെടികൾ നിറയെ പഞ്ഞിപ്പൂക്കൾ വിരിയും. മഞ്ഞ് ശകലങ്ങൾ നിറഞ്ഞത് പോലെയുള്ള മനോഹരമായ കാഴ്‌ചയായിരിക്കും അത്.
റോഡ് ട്രിപ്പുകൾ ഞങ്ങൾ ഇഷ്ടപ്പെടുന്നതിന്റെ ഒരു കാരണം ഇഷ്ടംപോലെ സംസാരിക്കാൻ സമയം കിട്ടുന്നു എന്നതാണ്. ഇതുപോലെയുള്ള നീണ്ട കാർ യാത്രയിലാണ് പലപ്പോഴും ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഒക്കെ ചർച്ച ചെയ്യപ്പെടുന്നത്. പക്ഷേ, ഈ ട്രിപ്പിൽ എത്ര കുറച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്! വിഷയങ്ങളൊക്കെ തീർന്ന് പോയതുപോലെ.
ദൂരെ മേഘങ്ങളെ അടരുകളായി മുറിച്ച് കൂട്ടുന്ന വലിയ ഒരു പങ്ക. ഒന്നല്ല, വരിവരിയായി അനേകം പങ്കകൾ. പങ്കകളുടെ കൃഷിയിടം. കഴിഞ്ഞ വർഷം ഇതുവഴി വന്നതോർക്കുന്നു. ഇത്രയും വിൻഡ് ടർബൈനുകൾ ആദ്യമായി കാണുകയായിരുന്നു. മനസ്സിനെ ധ്യാനാത്മകതയിലേക്ക് നയിക്കാനുള്ള കെൽപ്പുണ്ട് മെല്ലെത്തിരിയുന്ന ഈ വെള്ളപ്പങ്കകൾക്ക്.
റോഡിൽ വണ്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്. ലബക്ക് എത്താറായിക്കാണും. ബ്രേക്ക് ഫാസ്റ്റിനായി ഗൂഗിളിൽ തിരഞ്ഞ് ഒരു മക്‌ഡോണൽഡ്‌സ് ഞാൻ കണ്ടെത്തി. ഒരു സാൻഡ്‌വിച്ചിന്റെ പകുതി കഷ്ടപ്പെട്ടാണ് കഴിച്ചത്.
ഞങ്ങളിപ്പോൾ ടെക്‌സസിന്റെ ബോർഡറിനോടടുക്കുന്നു. സ്വർണവർണങ്ങൾ മറഞ്ഞ് ചുവന്ന ഭൂമി പ്രത്യക്ഷമായിരിക്കുന്നു. എത്ര വേഗമാണ് ഭൂപ്രകൃതി മാറുന്നത്? ദൂരെ ‘Welcome to New Mexico’ എന്ന ബോർഡ് ഇപ്പോൾ എനിക്ക് കാണാം. സ്റ്റിയറിങ്ങിൽ പിടിച്ചിരിക്കുന്ന മാത്യുവിന്റെ കൈയിലേക്ക് എന്റെ കൈകൾ നീണ്ടു. മാത്യു എന്റെ കൈ നെഞ്ചോട് ചേർത്തു. സംസ്ഥാനങ്ങൾക്കിടയിലുള്ള അദൃശ്യമായ രേഖയിലൂടെ കാറിന്റെ ടയറുകൾ കയറിയിറങ്ങി.
ഞങ്ങൾ ഇപ്പോൾ ന്യൂമെക്‌സിക്കോയെന്ന അയൽസംസ്ഥാനത്തിലാണ്. കഴിഞ്ഞ എട്ട് മണിക്കൂർ വണ്ടിയോടിച്ചത് ഈ അതിർത്തി കടക്കാനാണ്; ടെക്‌സസിൽ സാധ്യമാകാത്ത ഒന്നിനായി.
വഴിയോരക്കാഴ്‌ചകൾ എന്റെ മനസ്സിനെ തെല്ല് ശാന്തമാക്കിയെങ്കിലും അകത്തുള്ള കുരുക്ക് മുറുകിത്തന്നെ കിടക്കുന്നു. ഞാൻ കാറിന്റെ വിൻഡോ കുറച്ചു താഴ്‌ത്തി. ഒരു തണുത്ത കാറ്റ് ഞങ്ങളെ രണ്ടുപേരെയും തഴുകി നേർത്ത് അപ്രത്യക്ഷമായി.
ഒരു മരമോ ചെടിയോ കാണാനില്ല. ചുവപ്പ് നിറമുള്ള മലകൾ, ചുവന്ന താഴ്‌വാരം. അതിനിടയിൽ ആരോ കൊണ്ടിട്ടിരിക്കുന്ന മേശ പോലെയൊരു മല. മുകൾഭാഗം പരന്നതാണ്. കാറ്റും മഴയും അനേകായിരം തച്ച് പണിത് ഉണ്ടാക്കിയ രൂപഭംഗിയുള്ള മേസ; മേശ എന്നുതന്നെ അർഥമുള്ള സ്‌പാനിഷ് വാക്ക്. മേസകളുടെ എണ്ണം കൂടിവരുന്നു. ഭീമാകാരന്മാരായ മേഘങ്ങൾ അതിന് ചുറ്റുമിരുന്ന് ചായസൽക്കാരം നടത്തുന്നു. കണ്ണടഞ്ഞുപോകുന്നു. മാത്യു വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്. ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു.
പാർക്കിങ് ലോട്ടിൽ വളരെ കുറച്ച് കാറുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഈ ചെറുപട്ടണത്തിന്റെ തീരെ ആകർഷകമല്ലാത്ത ഒരു ഭാഗത്ത് ഒളിപ്പിച്ചുവച്ചത് പോലെ ഒരു ഇരുനിലക്കെട്ടിടം. പുറത്ത് ബോർഡൊന്നും കാണാനില്ല. കെട്ടിടത്തിന്റെ നമ്പർ മാത്രമാണ് തിരിച്ചറിയാനുള്ള മാർഗം. ഒരറ്റത്താണ് പ്രധാന വാതിൽ. വാതിലിനുപുറത്ത് അഞ്ചാറു പേർ കൂടിനിൽക്കുന്നു. മുദ്രാവാക്യം പോലെ എന്തോ അവർ ഉറക്കെ പറയുന്നുണ്ട്.
‘‘അങ്ങോട്ട് നോക്കേണ്ട.’’ മാത്യു എന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
‘Life is Precious, You are a Murderer.'
അവർ പിടിച്ചിരിക്കുന്ന സൈൻ ബോർഡുകളിലെ വാചകങ്ങൾ ഒരുനിമിഷം എന്റെ കണ്ണുകളിൽ ഉടക്കി. അവർ പറയുന്ന ചില വാക്കുകൾ മാത്രം എന്റെ ചെവിയിൽ പതിച്ചു. ‘Turn around, Save that life.' എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നു. ശ്വാസം കിട്ടാത്തതുപോലെ.
ചിത്രീകരണം: കെ സുധീഷ്
സെക്യൂരിറ്റി ജോലിക്കാരൻ കൈയിലിരിക്കുന്ന പേപ്പറിൽ എന്റെ പേര് കണ്ടെത്തി അടയാളപ്പെടുത്തിയതിനുശേഷം ഞങ്ങളെ അകത്തേക്ക് കയറ്റി. ഇളം പച്ച നിറമുള്ള ഭിത്തികൾ. ചെറുതെങ്കിലും ഭംഗിയായി ഒരുക്കിയിരിക്കുന്ന വെയിറ്റിങ് റൂം. മതിലിൽ ‘Planned Parenthood' എന്ന ബോർഡ്. ഞാൻ റിസപ്ഷനിലെ സ്ത്രീയുടെ അടുത്ത് പേര് പറഞ്ഞു. അവർ കംപ്യൂട്ടറിൽ എന്തൊക്കെയോ ടൈപ്പ് ചെയ്‌തശേഷം പല താളുകളുള്ള ഒരു ഫോം എനിക്ക് തന്നു.
ഞങ്ങൾ ഭിത്തിയോട് ചേർത്തിട്ടിരിക്കുന്ന രണ്ട് കസേരകളിലായി ഇരുന്നു. യാത്രയിലൊന്നും തോന്നാതിരുന്ന ക്ഷീണം എന്റെ ശരീരത്തിൽ പടരുന്നു. ഞാൻ മാത്യുവിന്റെ തോളിലേക്ക് മുഖം ചേർത്തു.
കുറെ വർഷങ്ങളായി ശ്രമിക്കുന്ന പിഎച്ച്ഡി എന്ന സ്വപ്‌നത്തിലേക്ക് ഇനി അധികം ദൂരമില്ല. പ്രഗ്നൻസി ഇപ്പോൾ ചിന്തിക്കാൻ കഴിയുന്ന ഒന്നല്ല. പക്ഷെ ആ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം ടെക്‌സസിൽ എനിക്കില്ല.
കഴിഞ്ഞ കുറച്ചുദിവസങ്ങൾ ആലോചനകളുടേത് മാത്രമായിരുന്നു. എവിടെനിന്നാണ് എന്റെ മനസ്സിലേക്ക് ശരിതെറ്റുകളുടെ ഇത്രയധികം ചൂണ്ടുവിരലുകൾ നീണ്ടത്? ഞാൻ എന്ത് തീരുമാനമെടുത്താലും കൂടെയുണ്ടാവുമെന്ന മാത്യുവിന്റെ വാക്കുകളും എന്നെ ആശ്വസിപ്പിച്ചില്ല. മെല്ലെ എല്ലാ സ്വരങ്ങളും നേർത്തില്ലാതായി. തെറ്റുകളെയും ശരികളേയും ഞാൻ ഒറ്റയ്‌ക്ക് നേരിട്ടു. എന്റെ ശരീരവും ഹൃദയവും ഈ യാത്രയ്‌ക്കായി ഒരുങ്ങി.
മാത്യു എന്റെ കൈയിൽനിന്ന് പേപ്പറുകൾ വാങ്ങി പൂരിപ്പിച്ച് തുടങ്ങി. മുറിയിൽ നിറഞ്ഞ നിശ്ശബ്ദത. ആരുമില്ലെന്ന് ആദ്യം തോന്നിയ വെയിറ്റിങ് റൂമിൽ ഉള്ള മറ്റാൾക്കാരെ ഓരോരുത്തരായി എനിക്കിപ്പോൾ കാണാം. എന്റെ എതിർവശത്ത് ഭിത്തിയോട് ചേർന്ന വരിയിലെ അറ്റത്തെ കസേരയിലിരിക്കുന്ന ഒരു ചെറുപ്പക്കാരി. ഇരുപത് വയസ്സ് പോലും തോന്നിക്കുന്നില്ല. ചെവിയിൽ വലിയ ഹെഡ്‌ഫോൺ. തല ഭിത്തിയോട് ചേർത്ത് വച്ചിരിക്കുന്നു. സ്വെറ്റ്പാന്റ്‌സും ലൂസ് ഫുൾക്കൈ ടീഷർട്ടുമാണ് വേഷം. അടുത്ത് മുഷിഞ്ഞ ഒരു ബാക്ക്‌പാക്ക്.
കണ്ണുകൾ പകുതി തുറന്ന് തറയിലേക്കാണ് നോട്ടം. കൂടെ ആരേയും കാണുന്നില്ല. എന്റെ വലത് ഭാഗത്ത് രണ്ട് സ്ത്രീകൾ. ഒരാൾക്ക് എന്റെയൊപ്പമോ കുറച്ചുകൂടിയോ പ്രായമുണ്ടാവും. കൂടെയുള്ളത് അമ്മയാവും. അവർ തമ്മിൽ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നുണ്ട്.
മാത്യു കൈയിലിരുന്ന കുപ്പിയിൽനിന്ന് വെള്ളം കുടിച്ചു. എനിക്ക് ദാഹിക്കുന്നുണ്ട്. വെള്ളം കുടിക്കണമെന്നുണ്ട്. ഇനിയും എത്ര നേരം? എനിക്ക് അമ്മയെ കാണണമെന്ന് തോന്നി.
അകത്തേക്കുള്ള വാതിൽ തുറന്നു. നീല യൂണിഫോമിട്ട സ്റ്റാഫ് ഒരു വീൽചെയർ പുറത്തേക്ക് ഉന്തിക്കൊണ്ട് വരുന്നു. വീൽചെയറിലിരിക്കുന്ന സ്ത്രീ ക്ഷീണിതയാണ്. കറുപ്പ് കലർന്ന കൺതടങ്ങൾ. കൂടെയുള്ള പുരുഷന്റെ കൈയിൽ ചെറുതും വലുതുമായി പല ബാഗുകൾ. അയാൾ ബാഗുകൾ ഞങ്ങളുടെ അടുത്തുള്ള കസേരയിൽ വച്ചു. പിന്നെ സ്വരം താഴ്‌ത്തി അയാൾ റിസപ്ഷനിസ്റ്റിനോട് പറഞ്ഞു.
‘‘ഞാൻ പോയി കാർ കൊണ്ടുവരട്ടെ. ബിപി കുറച്ച് ലോ ആണ്. നടക്കാൻ ബുദ്ധിമുട്ടുണ്ട്.’’
‘‘നേരെ മുന്നിൽ പാർക്ക് ചെയ്യാം. സെക്യൂരിറ്റിയോട് പറഞ്ഞാൽ മതി. അയാൾ വീൽചെയർ പുറത്തേക്ക് കൊണ്ടുവരും.’’
വീൽചെയറിലിരുന്ന സ്ത്രീ മുഖമുയർത്തി. ഞങ്ങളുടെ കണ്ണുകൾ പരസ്‌പരം കണ്ടു. അവർ മുഖം തിരിച്ചു.
വാതിൽ തുറന്ന് വന്ന നഴ്‌സ് എന്റെ പേര് വിളിച്ചു. ഇതിനപ്പുറത്തേക്ക് ബൈസ്റ്റാൻഡറിന് പ്രവേശനമില്ല. സർജറി റൂമിലേക്ക് പോകുംവരെ മാത്യുവിന് കൂടെ നിൽക്കാമെന്ന് ഞാൻ കരുതിയിരുന്നു. മാത്യു എന്നെ ചേർത്തുപിടിച്ച് നെറ്റിയിലും കവിളിലും ഉമ്മ തന്നു. എന്താണ് ഈയവസരത്തിൽ പറയാൻ ഉതകുന്ന വാക്കുകൾ... ഉടനെ കാണാമെന്നോ? എന്നെക്കുറിച്ചോർത്ത് വിഷമിക്കേണ്ട എന്നോ.
‘‘ഇറ്റ് ഈസ് ഓക്കെ.’’ ഞാൻ പറഞ്ഞു. എന്താണ് ഞാൻ ഉദ്ദേശിച്ചത്? എനിക്ക് വീണ്ടും ദാഹിച്ചു.
ഇളം മഞ്ഞനിറമുള്ള കോറിഡോറിന്റെ അറ്റത്തേക്ക് നഴ്‌സിന്റെ പിന്നാലെ ഞാൻ നടന്നു. വീണ്ടും ഒരു വാതിൽ തുറക്കപ്പെട്ടു. ഭിത്തിയുടെ നിറം വെള്ളയാണ്. എനിക്ക് തണുക്കുന്നതുപോലെ. വലിയൊരു ഹാളിന്റെ ഇരുവശത്തും നീല നിറമുള്ള കർട്ടണുകൾകൊണ്ട് തിരിച്ച ചെറിയ മുറികൾ. നഴ്‌സ് എനിക്ക് മാറാനുള്ള ഗൗണും മുടി കവർ ചെയ്യാൻ ഷവർ ക്യാപ്പ് പോലൊരു തൊപ്പിയും തന്നു.
അവർ കർട്ടണുകൾ അടച്ച് എനിക്കുള്ള മുറി ഒരുക്കി.
ധരിച്ചിരുന്ന വസ്‌ത്രങ്ങളെല്ലാം മാറി എന്റെ കൈയിലിരുന്ന വലിയ ബാഗിൽ വച്ചു. സ്വർണമാലയും വിവാഹമോതിരവും ഊരി ബാഗിന്റെ അകത്തുള്ള ചെറിയ പോക്കറ്റിലും.
‘‘യൂറിൻ കളക്ട് ചെയ്യണം.’’ ഹോളിന്റെ അറ്റത്തുള്ള ടോയ്‌ലറ്റ് ചൂണ്ടിക്കാട്ടി നഴ്‌സ് പറഞ്ഞു.
എന്റെ ഗൗണിന്റെ പിൻഭാഗം കൂട്ടിപ്പിടിച്ച് ഞാൻ ടോയ്‌ലറ്റിലേക്ക് നടന്നു. കർട്ടൻ മുറികളിലൊന്ന് തുറന്നുകിടക്കുന്നു. ഒരു യുവതിയുടെ തോളത്ത് പിടിച്ച് നഴ്‌സ് ആശ്വസിപ്പിക്കുന്നു. യുവതി കരയുകയാണെന്ന് തോന്നുന്നു.
എനിക്ക് മുമ്പ് രണ്ടുപേർ കൂടിയുണ്ടെന്ന് ഐവി തുടങ്ങുന്നതിനിടയിൽ നഴ്‌സ് പറഞ്ഞു. ഞാൻ ഊഴം കാത്ത് കിടന്നു. മനസ്സിലേക്ക് വരുന്ന ചിന്തകളിൽനിന്ന് എന്നെ രക്ഷിക്കാൻ ഫോണിലേക്ക് പല പ്രാവശ്യം കൈകൾ നീണ്ടു. ഫോണും വസ്‌ത്രങ്ങളുമൊക്കെ വച്ച എന്റെ ബാഗ് നഴ്‌സ് ലോക്കറിലേക്ക് വച്ചിരുന്നു.
ചിത്രീകരണം: കെ സുധീഷ്
“അവർക്ക് തിരിച്ചു പോകണമെന്നാണ് പറയുന്നത്. കൗൺസിലറോട് വരാൻ പറഞ്ഞിട്ടുണ്ട്.”
നഴ്‌സുമാരുടെ സംസാരം എനിക്ക് വ്യക്തമായി കേൾക്കാം. നേരത്തെ ഞാൻ കണ്ട സ്‌ത്രീയെക്കുറിച്ചാണെന്ന് തോന്നുന്നു. സമ്മതം ഒപ്പിട്ട് കൊടുത്ത് ഈ നീല കർട്ടൻ മുറിയിലെത്തിയിട്ട് തിരിച്ചുപോകാൻ സാധിക്കുമോ?
ഞാൻ കിടന്നിരുന്ന വീലുകളുള്ള കട്ടിൽ ഇപ്പോൾ ഇളം മഞ്ഞ കോറിഡോറിലൂടെ സർജറി എന്നെഴുതിയ മുറിയിലേക്ക് ഉരുളുകയാണ്. ആ മുറിയുടെ നിറം എന്താവും? എന്നെ കാത്തുനിൽക്കുന്ന ഡോക്ടർമാരേയും നഴ്സുമാരേയും ഞാൻ കാണുന്നു. അനസ്‌തേഷ്യസ്റ്റിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിനിടയിൽ കണ്ണുകളടഞ്ഞു പോകുന്നു.
‘‘നിങ്ങൾ റിക്കവറി റൂമിലാണ്. അര മണിക്കൂർ കഴിഞ്ഞാൽ പോകാം.’’ ആരോ പറഞ്ഞു.
കണ്ണുകൾ തുറന്നുപിടിക്കാൻ ഞാൻ കഷ്ടപ്പെട്ടു. കാലുകൾ അനക്കാൻ നോക്കി. സാധിക്കുന്നില്ല. അരക്കെട്ടിലൂടെ അൽപ്പാൽപ്പമായി അറിഞ്ഞ് തുടങ്ങുന്ന വേദന എന്നെ അനസ്‌തേഷ്യയിൽനിന്ന് പൂർണമായി ഉണർത്തുന്നു. ഭിത്തിയിൽ മഴവില്ലിന്റെ മനോഹരമായൊരു പെയിന്റിങ്. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
വീൽചെയറിൽ മഞ്ഞ കോറിഡോറിലൂടെ പുറത്തേക്ക് വന്നുകൊണ്ടിരുന്നപ്പോൾ മുമ്പിൽ വാതിലുകൾ ഓരോന്നായി തുറക്കപ്പെട്ടു. ഇളംപച്ച നിറമുള്ള മുറിയിൽ മാത്യു എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മാത്യുവിന്റെ കൈപിടിച്ച് ഞാൻ പുറത്തേക്ക് നടന്നു.
പ്രൊട്ടസ്റ്റഴ്‌സ് അവിടെ ഉണ്ടായിരുന്നില്ല. നന്നായി ഇരുട്ടിയിരിക്കുന്നു.
കുറച്ചു മുമ്പെപ്പോഴോ പെയ്‌ത ചാറ്റൽ മഴയിൽ നനഞ്ഞ ഭൂമിയുടെ ഗന്ധം നിറഞ്ഞ ഒരു തണുത്ത കാറ്റ് എന്നെ തൊട്ടു. ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു.










0 comments