കഥ
ടീച്ചർമുക്ക്

ബിനുരാജ് ആർ എസ്
Published on Feb 21, 2026, 11:52 AM | 19 min read
1
പ്രഭ എന്ന് പേരുള്ള ആ ടീച്ചറെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാഹചര്യം ഒരേസമയം അനുഗ്രഹവും വലിയ ഉത്തരവാദിത്വവുമായാണ് എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.
എൻഎസ്ഡിയിൽ നിന്ന് പുറത്താക്കപ്പെട്ടശേഷം കുറേ കള്ളങ്ങൾ പറഞ്ഞ് വീട്ടിൽ അടച്ചിരിക്കുകയായിരുന്ന എനിക്ക് അധികമാരുടേയും കണ്ണിൽപ്പെടാതെ പുറത്തിറങ്ങി നടക്കാൻ പറ്റിയ ഒരവസരം പൊതുകാര്യപ്രസക്തനും അമ്പലക്കമ്മിറ്റിയംഗവുമായ വത്സൻ മാമൻ വഴിയാണ് വന്നുചേർന്നത്.
വൈകുന്നേര ചായക്കൊപ്പം പുഴുങ്ങിയ കാച്ചിലും തേങ്ങാമുറിയും കഴിക്കാൻ തുടങ്ങുമ്പോഴാണ് മാമന്റെ വരവ്. എടുപിടീന്നാണ് നടപ്പും സംസാരവും. ഒരിക്കലും പുള്ളിയെ തെരക്കൊഴിഞ്ഞ് ആരും കണ്ടിട്ടില്ല. അസ്‌ത്രം പോലെ നടന്നുപോകുമ്പോഴും വഴിനീളെ പരിചയക്കാരെ കണ്ട് രണ്ട് വാക്ക് മിണ്ടി, ഒരു നൊടിയിൽ യാത്ര തുടർന്നിട്ടുണ്ടാവും. “സമയമില്ല കൂട്ട്കാരാ”ന്ന് പറഞ്ഞുള്ള മൂപ്പരുടെ തടിയൊഴിച്ചിൽ കാരണം അങ്ങനെ തന്നെ ഒരിരട്ടപ്പേരുമുണ്ട് മാമന്.
“രഘൂ, ഇത്തവണ ഉത്സവത്തിന് ഒരു നാടകം ചെയ്യാൻ പറ്റ്വോ നിനക്ക്? നിന്റെ സ്‌കൂൾ ഓഫ് ഡ്രാമാ തരത്തിലുള്ളത് വേണമെന്നില്ല. അമ്പലപ്പറമ്പിലൊക്കെ കളിക്കാൻ പറ്റുന്ന ഒരെണ്ണം. അങ്ങനെയുള്ളതൊക്കെ എഴുത്വോ നീ?”

അമ്മയുടെ ഒരേയൊരു സഹോദരനാണ് വത്സൻ മാമൻ. അച്ഛൻ പോയശേഷം സഹോദരിയെയും അനന്തിരവനെയും സംരക്ഷിക്കേണ്ട ചുമതല സ്വയം ഏറ്റെടുത്തു. നാട്ടുകാര്യവും വീട്ടുകാര്യവും കൃഷിപ്പണികളുടെ മേൽനോട്ടവുമൊക്കെ നോക്കി നടന്ന് ഒരു കല്യാണം കഴിക്കാൻപോലും മറന്നു. വീട്ടിൽ വന്നാൽ, പറയേണ്ട കാര്യം ഒറ്റവീർപ്പിൽ പറഞ്ഞിട്ട് തിരക്കിട്ട് പൊയ്‌ക്കളയുന്ന ശീലമുള്ളതിനാൽ, വത്സൻ മാമന്റെ ഒച്ച അടുക്കളയിലെത്തിയതും അതിന്റെ തുമ്പിൽ പിടിച്ച് അമ്മയും പൂമുഖത്തെത്തിയിരുന്നു.
ഉത്സവത്തിന് കളിക്കാനുള്ള നാടകമാകുമ്പോൾ എഴുത്തിനും റിഹേഴ്സലിനുമൊക്കെ അമ്പലപ്പറമ്പ് തന്നെ തട്ടകമാക്കാം. എപ്പോഴും കൂടെ ആളും കൂട്ടവും ഉണ്ടാകും. സുരക്ഷിതമായ അകലത്തിൽ പുറത്തിറങ്ങി നടക്കാൻ പറ്റും. കൂടുതലായി ഒന്നും ആലോചിക്കാൻ എനിക്ക് തോന്നിയില്ല.
“ഞാൻ എഴുതാം മാമാ.”
തറുതല പറയാത്തതിൽ അമ്മയുടെ മുഖത്തും പ്രസാദം.
ചായ കുടിക്കാനുള്ള ക്ഷണത്തെ തിരക്കുകളുടെ പട്ടികയിൽ കെട്ടിയിട്ട് മാമൻ തിടുക്കപ്പെട്ടിറങ്ങി. അതിനിടയിൽ, എണ്ണിപ്പിടിച്ച വാക്കുകളിൽ നാടകത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ചും സൂചിപ്പിച്ചു.
ഉത്സവം തുടങ്ങാൻ രണ്ടുമാസത്തെ സമയമുണ്ട്. ഒരു മാസത്തിനുള്ളിൽ നാടകം എഴുതിത്തീർക്കണം. പിന്നെ ഒരു മാസം പൂർണമായും റിഹേഴ്സലിന്. നാടകക്കളരിയും കലാപ്രവർത്തനങ്ങളുമൊക്കെയായി തരക്കേടില്ലാതെ പ്രവർത്തിച്ചുവരുന്ന ഒരു കലാസമിതി നാട്ടിലുള്ളതുകൊണ്ട് അഭിനേതാക്കളെയും മറ്റും കിട്ടാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന ആശ്വാസവും എനിക്കുണ്ടായിരുന്നു. നാടകത്തിന് വേണ്ട വിഷയം കണ്ടെത്തണം ആദ്യം. നടന്നും കിടന്നും ഞാൻ ആലോചിച്ചു. കഴിക്കുമ്പോഴും കുളിക്കുമ്പോഴും ചിന്ത തന്നെ. അടച്ചുപൂട്ടി വീട്ടിലിരിക്കുന്നത് ഒരേസമയം സൗകര്യപ്രദമായും മടുപ്പുണ്ടാക്കുന്നതായും തോന്നി. എല്ലാ കലാകാരരെയും കുറച്ചുനാൾ ജയിലിൽ പിടിച്ചിടുന്നത് നന്നായിരിക്കുമെന്ന് അടുത്തകാലം വരെ ഞാൻ ചിന്തിച്ചിരുന്നു. മനസ്സിലുള്ളത് സ്വസ്ഥമായി എഴുതാനോ വരയ്‌ക്കാനോ ചിട്ടപ്പെടുത്താനോ സമയവും ഏകാന്തതയും കിട്ടണ്ടേ? ഇപ്പോൾ പക്ഷേ, ഈ പാരതന്ത്ര്യം ഉള്ളുനീറ്റുന്നു. നല്ലൊരു കഥ കിട്ടിക്കഴിഞ്ഞാൽ പിന്നെ എഴുത്തിന് അമ്പലപ്പറമ്പിലേക്കോ ഗ്രന്ഥശാലയിലേക്കോ പോകാം. ഉറക്കത്തിലും സ്വപ്‌നത്തിലുംകൂടി ഞാൻ ചിന്തിച്ചു.
അങ്ങനെ സുഷുപ്തിക്കും സ്വപ്‌നത്തിനുമിടയ്‌ക്കുള്ള നൂൽപ്പാലത്തിലെവിടെയോ വച്ചാണ് ടീച്ചർമുക്ക് എന്ന സ്ഥലപ്പേര് മനസ്സിലേക്ക് കടന്നുവന്നത്. കുട്ടിക്കാലം മുതൽക്കേ കേട്ടിട്ടുള്ള, അത്ര പ്രത്യേകതകളൊന്നും തോന്നിയിട്ടില്ലാത്ത ആ പേരിനെക്കുറിച്ച് നാടകപഠന കാലത്താണ് പിന്നെ ചിന്തിച്ചിട്ടുള്ളത്. പണ്ട് മുതലേ കേട്ട് തുടങ്ങുന്ന ചില പേരുകളിലെ വൈചിത്ര്യങ്ങൾ പിന്നീടെപ്പോഴെങ്കിലുമായിരിക്കുമല്ലോ നമ്മൾ കണ്ടെത്തുന്നത്, ചിലപ്പോൾ നമ്മുടെ സ്വന്തം പേരുകളുടെ പോലും. ടീച്ചർമുക്കിലെ ടീച്ചറുടെ ചരിത്രം ഒരു നാടകമാക്കണമെന്ന് അന്നൊക്കെ വിചാരിച്ചിരുന്നു. പിന്നെ എന്നോ അത് മനസ്സിൽനിന്ന് പോവുകയും ചെയ്‌തു. ഇപ്പൊ, ഉത്സവപ്പറമ്പിൽ കളിക്കാൻ ഈ കഥ തന്നെ മതിയെന്ന് ഉറപ്പിച്ചുകൊണ്ടാണ് കിടക്കയിൽനിന്ന് എണീറ്റത്. ടീച്ചർമുക്കിനെക്കുറിച്ച് അറിയാവുന്ന വിവരങ്ങൾ ഓർത്തെടുത്ത് ഞാൻ മുന്നോക്കം പിന്നോക്കം കശക്കിനോക്കി.
ചിത്രീകരണം: സുനിൽ അശോകപുരം
2
എന്റെ നാടായ പൂതാളംകുഴിയിൽ നിന്ന് ടീച്ചർമുക്കിലേക്ക് ഏതാണ്ടൊരു പതിനഞ്ച് കിലോമീറ്റർ ദൂരമുണ്ടാകും. ഈ രണ്ട് സ്ഥലങ്ങൾക്കും ഏകദേശം നടുക്കായി അന്തോണി പുണ്യാളന്റെ പേരിലുള്ള ഒരു സ്‌കൂളുണ്ട്. പണ്ട് മിഷണറിമാർ തുടങ്ങിയ പള്ളിക്കൂടമാണ്. അവർ പോയശേഷം അന്യാധീനപ്പെട്ട് കിടന്ന അന്തോണി സ്‌കൂൾ, നാട്ടിലെ പ്രമാണിയായ സാമുവൽ കൺട്രാക്ക് ഏറ്റെടുത്തു. തടിക്കച്ചവടം നടത്തി പച്ചപിടിച്ചശേഷം സർക്കാർ വക കെട്ടിടം, പാലം, റോഡ് പണികൾ ഒക്കെ നടത്താൻ തുടങ്ങിയിരുന്നു സാമുവൽ കൺട്രാക്ക്. എൺപതുകളുടെ പകുതിയിൽ എപ്പോഴോ ആണ്, തെക്കെവിടെയോ നിന്ന് പ്രഭ ടീച്ചർ അന്തോണി സ്‌കൂളിൽ പഠിപ്പിക്കാൻ വരുന്നതും സാമുവൽ കൺട്രാക്കിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞുകിടന്ന ഒരു വീട്ടിൽ താമസമാക്കുന്നതും. ഒറ്റയ്‌ക്ക് ഒരു സ്‌ത്രീ ഇത്രദൂരം സഞ്ചരിച്ചെത്തിയതിലും, ഒറ്റയ്‌ക്ക് തന്നെ താമസിക്കുന്നതിലുമെല്ലാം നാട്ടുകാർക്ക് അന്നേ അത്ഭുതമായിരുന്നു. ദുരൂഹമായിരിക്കാൻ ഒരു പെണ്ണിനെയും നമ്മൾ അനുവദിക്കാറില്ലല്ലോ. അറിയപ്പെടാത്ത വശങ്ങളെ കഥ കെട്ടി മറയ്‌ക്കുന്നത് നാട്ടുനടപ്പും. ടീച്ചറുടെ കാര്യത്തിലും അതുതന്നെ നടന്നു. അത്ഭുതം പതുക്കെ അഭ്യൂഹങ്ങൾക്ക് വഴിമാറി.
അൻപത് വയസ്സിലേറെ പ്രായമുണ്ടെങ്കിലും ചുറുചുറുക്കുള്ളവനും ചെറുപ്പക്കാർക്കൊത്ത ശരീരമുള്ളവനുമായ സാമുവൽ കൺട്രാക്കിനെയും ടീച്ചറെയും ചുറ്റിപ്പറ്റിയായിരുന്നു ആദ്യകാലത്തെ കഥകൾ. കൺട്രാക്ക് ആഴ്‌ചതോറും ടീച്ചറുടെ വീട്ടിൽ സന്ദർശനം നടത്താറുണ്ടെന്നും വാടക വാങ്ങാതെ സൗജന്യമായി ടീച്ചറെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയാണെന്നുമൊക്കെയായിരുന്നു നാട്ടുവർത്താനം. ടീച്ചർ അതൊന്നും അത്ര കാര്യമാക്കിയിരുന്നില്ല. അവരതൊന്നും അറിഞ്ഞിട്ടുണ്ടാവില്ല എന്നുവേണം കരുതാൻ. ആൾക്കാരുമായി അത്ര ലോഹ്യം കൂടാനൊന്നും അവർ പോകാറില്ല. അയൽക്കാരുമായി പോലും ഒരു പരിധിയിൽ കവിഞ്ഞ സൗഹൃദം ഉണ്ടായിരുന്നില്ല. മാനേജരുമായുള്ള ബന്ധം സ്‌കൂളിൽ പാട്ടായിട്ടാണോ എന്തോ, ഒരു കൊല്ലത്തിന് ശേഷം അവർ സ്‌കൂളിലെ ജോലിയൊക്കെ നിർത്തി വീട്ടിലിരിപ്പായി. അവരുടെ ചെലവ് മുഴുവൻ കൺട്രാക്കാണ് നോക്കുന്നതെന്നും, അതുകൊണ്ട് അവർക്ക് ജോലിയൊന്നും ആവശ്യമില്ലെന്നുമായിരുന്നു നാട്ടുകാരുടെ എളുപ്പവഴിക്കണക്കെങ്കിലും നിത്യവൃത്തിക്കായി അവർ അയൽപക്കങ്ങളിലെ കുട്ടികൾക്ക് വീട്ടിൽ പാഠം പറഞ്ഞ് കൊടുക്കുന്നുണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട്. അന്നൊക്കെ ആണും പെണ്ണും പണിക്ക് പോകുന്ന വീടുകളിൽ കുട്ടികളെ നോക്കാൻ ആളില്ലാഞ്ഞിട്ട് ടീച്ചറുടെ വീട്ടിൽ ഏൽപ്പിച്ച് പോകലും പതിവുണ്ടായിരുന്നു. കുട്ടികളെ ഇഷ്ടമായിരുന്നതുകൊണ്ട് ടീച്ചറതൊരു തൊഴിലായി സ്വീകരിക്കുകയും ചെയ്‌തു.
സ്‌കൂളിൽ പോക്ക് നിർത്തിയ ടീച്ചറെ കാണാൻ അന്തോണി സ്‌കൂളിലെ ഒരു മാഷ് നാട്ടിലേക്ക് വന്ന് തുടങ്ങിയ അതേ കാലത്താണ് ആ റൂട്ടിൽ ആദ്യമായി സർക്കാരിന്റെ ബസ് സർവീസ് തുടങ്ങുന്നതും. ഇടുങ്ങിയ നാട്ടുവഴിയൊക്കെ വീതികൂട്ടി റോഡാക്കുന്ന കാലത്ത് നാട്ടിലെന്നും കശപിശയായിരുന്നു. ആരുടെ വസ്‌തുവാണോ റോഡിനായി പിടിക്കുന്നത് അവർക്ക് പണിക്കാരോടും ഉദ്യോഗസ്ഥരോടും തർക്കം. പിന്നെ എതിർവശത്തെ പുരയിടക്കാരോട് അടിപിടി. എന്നാൽ എല്ലാവർക്കും ബസ് വേണം താനും. കൺട്രാക്ക് അക്കാലത്ത് കുറേ വസ്‌തു റോഡിനായി വിട്ടുകൊടുത്തിട്ടുണ്ട്. അത് മഹാമനസ്‌കത കൊണ്ടാണെന്നും, അതല്ല ആ ടീച്ചറ് താമസിക്കുന്ന വീട്ടിന് മുന്നിൽക്കൂടിയുള്ള നടവഴി ഒഴിപ്പിക്കാനാണെന്നും നാട്ടുകാർക്കിടയിൽ തർക്കമുണ്ടായിരുന്നു. എന്തായാലും പുതിയ റോഡ് വന്നതോടെ ടീച്ചറുടെ വീട് റോഡ് വക്കിൽനിന്ന് ഒരു നൂറ് മീറ്ററെങ്കിലും ഉള്ളിലേക്ക് വലിഞ്ഞു എന്നത് വസ്‌തുതയാണ്. അഞ്ച് മണിക്കുള്ള അവസാന ബസിൽ സ്ഥിരമായി വരുകയും റിട്ടേൺ വരുന്ന ബസിൽ തിരികെപ്പോവുകയും ചെയ്യുന്ന ആ മാഷ് സ്ഥലപ്പേര് തിട്ടമില്ലാതെ അന്തോണി സ്‌കൂളിലെ ടീച്ചർ താമസിക്കുന്ന സ്ഥലം എന്ന് പറഞ്ഞുപറഞ്ഞ് ബസ് കണ്ടക്ടർ ആ കവലയ്‌ക്ക് ടീച്ചർമുക്ക് എന്ന് നാമകരണവും ചെയ്‌തു. അങ്ങനെ റോഡുവക്കിൽനിന്ന് ഭൗതികമായി അകന്നെങ്കിലും, ആ കവല ടീച്ചറുടെ പേരിൽ തന്നെ അറിയപ്പെട്ടു എന്നതാണ് മനുഷ്യചരിത്രത്തിലെ എണ്ണിയാലൊടുങ്ങാത്ത വൈരുധ്യങ്ങളിൽ മറ്റൊന്ന്.
സ്ഥിരമായി ടീച്ചറുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്ന മാഷ് പിന്നെ അയാളുടെ കുറച്ച് കൂട്ടുകാരെയും അവിടേക്ക് കൊണ്ടുവന്ന് തുടങ്ങി. പോകെപ്പോകെ ആ മാഷിന്റെ വരവ് നിൽക്കുകയും നാട്ടിൽ ഇപ്പോൾ കാണാറുള്ള മണിചെയിൻ ബിസിനസ് പോലെ ഒരാളെ തൂങ്ങി അടുത്തയാൾ എന്ന കണക്കിൽ പുതിയ മുഖങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്‌തതോടെ ടീച്ചർമുക്ക് എന്ന പേരിന് പുതിയൊരു ബ്രാന്റ് വാല്യു കൈവരുകയും ചെയ്‌തു. ഇത്രയുമൊക്കെയായതോടെ ടീച്ചറുടെ അടുത്തേക്ക് ആരും കുട്ടികളെ വിടാതായി. അവരോട് അടുപ്പം കാട്ടിയിരുന്ന അയൽക്കാർ പോലും മുഖം കനപ്പിച്ച് തുടങ്ങി.
കുറച്ച് നാട്ടുവൈദ്യമൊക്കെ വശമുള്ള സ്‌ത്രീയായിരുന്നു ടീച്ചർ. കുറച്ചുനാൾ വീട്ടിൽ ചികിത്സ നടത്തിയിട്ടുള്ളതായും വിചിത്രരോഗങ്ങളുള്ള ചിലരെ അവിടേക്ക് കൊണ്ടുപോകുന്നത് കണ്ടിട്ടുള്ളതായും കഥകളുണ്ട്. സ്‌കൂളിൽ നിന്ന് പിരിഞ്ഞശേഷം പിന്നെയൊരു മൂന്ന് കൊല്ലം കൂടി അവരവിടെ താമസിച്ചിട്ടുണ്ടാവണം. പെട്ടെന്നൊരു നാൾ അവരെ അവിടെനിന്ന് കാണാതായി. ദിവസങ്ങളോളം ഒച്ചയനക്കം കേൾക്കാതെയും ആൾക്കാരുടെ വരത്തുപോക്ക് കാണാതെയുമിരുന്നപ്പോൾ അയൽക്കാർ കയറി വീട് പരിശോധിച്ചപ്പോഴാണ് അവർ പുറപ്പെട്ട് പോയ വിവരം അറിയുന്നത്. വീട് പരിശോധിച്ചവരെ അതിശയിപ്പിച്ച മറ്റൊരു കാര്യം, ആ വീട്ടിൽ അത്രയും കാലം ആൾപെരുമാറ്റം നടന്നിരുന്നതായി ഒരു തെളിവുപോലും ഉണ്ടായിരുന്നില്ല എന്നതാണ്. ഒരു കഷ്‌ണം തുണിയോ പാത്രങ്ങളോ ചുമരിൽ കൈപ്പാടുകളോ ഒന്നും ബാക്കിയില്ല. അവർ പുറപ്പെട്ട് പോയതാണോ അതോ ആരെങ്കിലും കടത്തിക്കൊണ്ടുപോയതാണോ ഒന്നിനുമൊരു തീർച്ചപ്പാടില്ല. സ്‌കൂളിലെ റെക്കോഡുകളിൽപോലും അവരുടെ അഡ്രസോ വിവരങ്ങളോ ഇല്ലായിരുന്നു. അവരവിടെ ഉണ്ടായിരുന്നു എന്നതിന് ഒരേയൊരു തെളിവ് അവരുപേക്ഷിച്ച് പോയ ആ സ്ഥലപ്പേര് മാത്രമായിരുന്നു. ടീച്ചർ പോയിട്ട് വർഷം ഇരുപത് കഴിഞ്ഞിട്ടുണ്ടാവുമെങ്കിലും ഇപ്പോഴും നാടിന്റെ പേര് ടീച്ചർമുക്കെന്ന് തന്നെ. നോക്കണേ, ശങ്കരാചാര്യരും നാരായണഗുരുവുമൊക്കെ നടന്നിട്ടുള്ള കവലയാ. പക്ഷേ ഇങ്ങനെ അറിയപ്പെടാനാ വിധി.
ചിത്രീകരണം: സുനിൽ അശോകപുരം
പ്രഭ ടീച്ചറുടെ തിരോധാനത്തെക്കുറിച്ച് കൂടുതലൊന്നും വ്യക്തമാകാത്തതിനാലും ഒന്നന്വേഷിച്ചിറങ്ങാൻ അവരെക്കുറിച്ച് വാലും തുമ്പുമില്ലാത്ത ചില അഭ്യൂഹങ്ങളല്ലാതെ കൃത്യമായൊന്നും ആർക്കുമറിയാത്തതിനാലും പിന്നീടുള്ള കാലം ടീച്ചറെക്കുറിച്ചുള്ള ഊഹാപോഹങ്ങളുടേതായിരുന്നു. അവർ മന്ത്രവാദിനിയായിരുന്നെന്നും യക്ഷിയാണെന്നും വരെ കഥകളുണ്ടായി. അവർ താമസിച്ചിരുന്ന വീട് ഒരു പ്രേതഭവനമായി, വിൽക്കാച്ചരക്കായി.
കേട്ടറിവുകൾ വച്ച് പ്രഭ ടീച്ചറെക്കുറിച്ച് ഇത്രയുമാണ് എനിക്കറിയാവുന്നത്. ഈ ടീച്ചറുടെ യാഥാർഥ്യമറിഞ്ഞ് അതിനെ വേണം എനിക്ക് നാടകമാക്കാൻ. നാടകം നടക്കുന്ന ദിവസംവരെ അണിയറപ്രവർത്തകരും ഞാനുമല്ലാതെ മറ്റാരും ഇതറിയാനും പാടില്ല. നാടിന് മുഴുവനും ഒരു സർപ്രൈസായിരിക്കണം എന്റെ നാടകം. അതിലെന്നെ സഹായിക്കാൻ കഴിയുന്ന ഒരാളുണ്ട്. ഏഴാം ക്ലാസ് വരെ എന്റെ സഹപാഠിയും കൂട്ടുകാരനുമായിരുന്ന ഹരി. ഹൈസ്‌കൂളിൽ പഠിത്തമൊക്കെ നിർത്തി അവനിപ്പോൾ റബ്ബർ ടാപ്പിങ്ങും വായനശാലയും പാരമ്പര്യമായി കിട്ടിയ കാവിലെ കാക്കാരശ്ശിനാടകവുമൊക്കെയായി നടക്കുകയാണ്. കാക്കാൻ ഹരിയിൽനിന്ന് വേണം എനിക്ക് തുടങ്ങാൻ.
3
ടീച്ചറെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ അറിയാനും വേണ്ടിവന്നാൽ അത്യാവശ്യം അന്വേഷണം നടത്താനും പിന്നെ നാടകത്തിന്റെ പണികളിൽ സഹായിയായും ഏത് സമയവും പ്രതീക്ഷിക്കുന്ന ഒരാക്രമണത്തെ പ്രതിരോധിക്കാൻ ഒരംഗരക്ഷകനായും കൂടെ നിർത്താനുള്ളതിനാൽ ഹരിയോട് ഞാനൊന്നും മറച്ചുവെച്ചില്ല. എൻഎസ്ഡി വിട്ട് നാട്ടിൽ വന്ന് ഒളിച്ചുകഴിയുന്നതിന്റെ സത്യം ഞാനവനോട് തുറന്ന് പറഞ്ഞു.
“സ്‌കൂൾ ഓഫ് ഡ്രാമയിൽ അവസാന വർഷം ഓരോരുത്തരും ഒരു നാടകം ചെയ്യണമായിരുന്നു. ഇന്ത്യയിലെ ഏത് ഭാഷയിലും നാടകം അവതരിപ്പിക്കാം. ഞാൻ മലയാളത്തിൽ തന്നെ ചെയ്‌തു. മഹാഭാരതത്തിന്റെ ഒരു ആധുനികാവിഷ്‌കാരമായിരുന്നു. ഗാന്ധാരിയുടെ കാഴ്‌ചപ്പാടിലൂടെയാണ് നാടകം നീങ്ങുന്നത്. ഗാന്ധാരി സ്വയം അന്ധത്വം വരിച്ചതല്ലേ. അതുകൊണ്ട് ഗാന്ധാരിയുടെ വീക്ഷണം പ്രേക്ഷകർക്കും കിട്ടാൻ എല്ലാവർക്കും ഓരോ കട്ടിയുള്ള കറുത്ത തുണിയും കൊടുത്തിരുന്നു. അതുകൊണ്ട് കണ്ണ് മറച്ചുകെട്ടി വേണം നാടകം കാണാൻ. അതായത് അവർ നാടകം കാണുകയല്ല, കേൾക്കുകയാണ്.”
“അത് കുറച്ച് കടന്ന കയ്യായിപ്പോയില്ലേ?” പരിഹാസത്തിനും നിഷ്‌കളങ്കതയ്‌ക്കും ഒത്ത നടുക്കുള്ള നൂൽപ്പാലത്തിലൂടെ ഹരിയുടെ ചോദ്യം ആടിയുലഞ്ഞ് കടന്നുപോയി.
“ഞാൻ പറഞ്ഞില്ലേ, മഹാഭാരതകഥ അതുപോലെയല്ല പറയുന്നത്. സ്വതന്ത്രാവിഷ്‌കാരമാണ്. വ്യത്യസ്‌തയായൊരു ഗാന്ധാരി. അധികാരമോഹിയായ ഗാന്ധാരി. ഒത്തുതീർപ്പിനും രാജ്യം വീതം വെയ്‌ക്കലിനും മീതെ യുദ്ധത്തിനും അടച്ചുപൂട്ടലിനും കൈകൊടുത്ത ഗാന്ധാരി. മക്കളോടുള്ള അമിതവാത്സല്യം കാരണം അന്ധയായ ഗാന്ധാരി. പണ്ട് അഞ്ചാം ക്ലാസിൽ ഉണ്ണിത്താൻ സാർ പറഞ്ഞ് തന്നിട്ടില്ലേ, അരിയെന്നാൽ ശത്രുവാണെന്ന്. അപ്പോൾ ഗാന്ധിയുടെ ശത്രു കൂടിയായില്ലേ ഗാന്ധാരി. നാടകത്തിൽ യുദ്ധത്തിന്റെ സൂത്രധാര ഗാന്ധാരിയാണ്. സഞ്ജയൻ യുദ്ധവിവരങ്ങൾ പറഞ്ഞ് കൊടുക്കുന്നത് ഗാന്ധാരിക്കാണ്. അന്ധമായി വിശ്വസിച്ചത് കാരണം സഞ്ജയൻ പറയുന്ന അസത്യങ്ങളും അർധസത്യങ്ങളുമെല്ലാം ഗാന്ധാരി അപ്പാടെ വിഴുങ്ങുന്നു. അങ്ങനെ അവർ തുടങ്ങിയ അന്ധയുദ്ധം ഒടുവിൽ ഗാന്ധാരിയെത്തന്നെ ദഹിപ്പിക്കുന്നു. ആ നേരം നാടകത്തിലെ സൂത്രധാരൻ കാണികളോട് ഉറക്കെ വിളിച്ച് ചോദിക്കുന്നു-, അധികാരമദം പൊട്ടിയ ഈ അഭിനവഗാന്ധാരി ആരാണ്...?
സഞ്ജയവചനങ്ങളിൽ വഞ്ചിതയായവൾ ആരാണ്…?
അപ്പോൾ കണ്ണ് മൂടിക്കെട്ടി നിശ്ശബ്ദരായിരിക്കുന്ന കാണികൾക്കിടയിൽ പല ഭാഗങ്ങളിൽനിന്നായി ചിലർ ഉറക്കെ വിളിച്ച് പറഞ്ഞു-,
അവൾ ഗാന്ധാരിയല്ല; അവൾ ഇന്ദിര, അവൾ ഇന്ദിര.”
“ഹ ഹ. അത് കലക്കി. നാട്ടുകാരായാൽ ഇങ്ങനെ വേണം”, പ്രതീക്ഷിച്ചിരുന്നത് പോലെന്തോ കേട്ട പോലെ ഹരി തലകുലുക്കിച്ചിരിച്ചു. “പക്ഷേ, ഇതിലിപ്പൊ പ്രശ്നമുണ്ടായതെങ്ങനെ? കാണികളല്ലേ വിളിച്ചുപറഞ്ഞത്...”
“അതുപറയാം. സംഗതി രഹസ്യമായിട്ട് ഞങ്ങൾ അറേഞ്ച് ചെയ്‌തതാ. കാണികളുടെ ഇടയിൽ പലയിടത്തായി ഇരുന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞത് നമ്മുടെ ആളുകൾ തന്നെയായിരുന്നു. ആ സമയത്ത് കണ്ണിന്റെ മൂടി അഴിച്ച ആരോ അത് കണ്ടുപിടിച്ചു. ജനം ഇളകി. അധികാരികളും കോളേജും നമുക്കെതിരായി. നമുക്കെന്ന് പറഞ്ഞാൽ, പ്രധാനമായും എനിക്ക്. കോളേജിൽ നിന്ന് എന്നെ പുറത്താക്കി. ആകെ പ്രശ്നമായി. കോളേജിന് പുറത്തും ആളുകൾ എന്നെ അന്വേഷിച്ച് തുടങ്ങി. ജീവനുംകൊണ്ട് രക്ഷപ്പെട്ട് പോന്നതാ. ഇവിടെയും അന്വേഷിച്ചുവരുമോന്നാ പേടി.”
“കലാകാരൻ ചോദ്യം ചോദിച്ചാൽ പോരേ? ഉത്തരം കണ്ടുപിടിച്ച് കൊടുക്കേണ്ട ബാധ്യത ഏറ്റെടുക്കണമായിരുന്നോ?” തോളിൽ തട്ടിക്കൊണ്ട് ഹരി ചോദിച്ചു.
പെട്ടെന്ന് വിഷയം മാറ്റി ഞാൻ അമ്പലപ്പറമ്പിലെ നാടകം കളിയിലേക്കും ടീച്ചർമുക്കിലേക്കും എത്തി. അവന്റെ മുഖത്ത് ആവേശവും ഒപ്പം കുറച്ച് പരിഭ്രമവും.
“പിടിച്ചതിനേക്കാൾ വലുതാണല്ലോ മാളത്തിലിരിക്കുന്നത്. അത് ഇന്ദിരയാണെങ്കിൽ ഇത് ഫൂലൻദേവിയാണെന്നോർക്കണം.”
പത്ത് തികയ്‌ക്കുംമുമ്പേ പഠിത്തം നിർത്തിയെങ്കിലും സ്ഥിരമായി വായനശാലയിൽ പോയി സ്വയം പുതുക്കുന്ന കൂട്ടുകാരന്റെ തോളിൽ അഭിമാനത്തോടെ കൈയിട്ട് ഞാൻ നടന്നു. കാക്കാരശ്ശി നാടകത്തിന്റെ വഴക്കം കൊണ്ടാവണം, അവൻ പറയുന്ന കഥകളിലും കാര്യങ്ങളിലുമൊക്കെ ഒരതീന്ദ്രിയതയും അലൗകികതയുമൊക്കെ കാണാം. എന്നാൽ, എല്ലാം നേരിൽ കണ്ടതുപോലെ ആധികാരികമായിട്ടാവും പറച്ചിൽ. അതിൽ എത്ര വിശ്വസിക്കണമെന്ന് കേൾക്കുന്നവർക്ക് തിക്ക് മുട്ടും.
ചിത്രീകരണം: സുനിൽ അശോകപുരം
4
കേട്ടും കണ്ടുമുള്ള ഹരിയുടെ ഓർമവച്ച് ടീച്ചർക്ക് സേവയുണ്ടായിരുന്നെന്നത് അച്ചട്ടാണ്. സേവയെന്ന് വെച്ചാൽ ഒളിസേവയല്ല, സാക്ഷാൽ യക്ഷിസേവ. “അവരുടെ വീടിരുന്നിടം നീ ശ്രദ്ധിച്ചാൽ തന്നെ അത് മനസ്സിലാകും. അടുത്ത് ഒരു പനയുണ്ട്. വൈകുന്നേരം ഒരു പ്രത്യേക സമയത്ത് ആ പനന്തലപ്പിന്റെ നിഴൽ അവരുടെ വീടിന് മുകളിൽ വീഴും. അന്നേരമാണ് അവർ യക്ഷിരൂപമെടുക്കുന്നത്. അപ്പോൾ അവിടെനിന്ന് പല ഒച്ചകളും കേൾക്കും. അതിനെക്കുറിച്ചൊരു പാട്ടും നാട്ടിലുണ്ട്. അവരുടെ ബാക്കിയെല്ലാ ഇടപാടുകളും അതിനുള്ള മറയായിരുന്നു. വൈദ്യവും രാത്രിയിലെ ആണുങ്ങളുടെ വരത്തുപോക്കും എല്ലാം.”
പുറത്ത് പറയാൻ പറ്റാത്ത രോഗങ്ങളുള്ളവരായിരുന്നു അവരെ കാണാൻ വന്ന പലരും. പിന്നെ അവിഹിത ഗർഭം അലസിപ്പിക്കാൻ പെണ്ണുങ്ങളെയും കൊണ്ടുവരാറുണ്ടായിരുന്നു. കത്തികൊണ്ട് മുറിച്ചും തുന്നിക്കെട്ടീട്ടുമൊക്കെയുള്ള ചികിത്സ അവർ നടത്തിയിട്ടുണ്ട്. ഒരിക്കൽ നീർനായ കടിച്ച് സാധനം മുറിഞ്ഞുപോയ ഒരാളെ അരയ്‌ക്ക് താഴെ പൊതിഞ്ഞ് കെട്ടി രായ്‌ക്കുരാമാനം ടീച്ചർമുക്കിൽ കൊണ്ടുവന്നിട്ടുണ്ട്. വടക്കുള്ള ഒരു തടി മുതലാളി മാപ്ല. ഗദ കുഴഞ്ഞുവീഴും മുമ്പ് ആയിരം പെണ്ണുങ്ങളെ മലർത്തിയടിക്കുമെന്ന് ശപഥം ചെയ്‌തിരുന്നയാളാ. പൊതിയഴിച്ച് നോക്കിയിട്ട്, ജനിച്ച് നേരത്തോടുനേരം തികയാത്ത ആനക്കുട്ടിയെ എത്തിച്ചാൽ കാര്യം നടക്കുമെന്ന് ടീച്ചർ പറഞ്ഞു. പിടിഭാഗം വെച്ചേ മുറിഞ്ഞുപോയ ഗദ ഒന്നുകൂടി ഉയർത്തിപ്പിടിക്കാൻ പറ്റിയാൽ ആനയെയല്ല, ആകാശത്തൂന്ന് അമ്പിളിമാമനെ പിടിച്ച് തരാമെന്ന് മാപ്ല. എട്ട് ദിക്കിലേക്കും ആളെ വിട്ട് രണ്ട് ദിവസത്തിനുള്ളിൽ നിറവയറുള്ള ഒരാനയെത്തന്നെ ടീച്ചറുടെ വീട്ടിലെത്തിച്ചു. അന്നു രാത്രി ആനയുടെ പ്രസവം. അതുകഴിഞ്ഞ് വെളുക്കുവോളം നീണ്ട പരിശ്രമം. കുട്ടിയാനയുടെ തുമ്പിക്കൈ അറ്റം മുറിച്ച് ഒത്ത നീളത്തിൽ, പാകത്തിൽ പിടിപ്പിച്ച് കൊടുത്തു. ഒരാഴ്‌ച ടീച്ചറുടെ വീട്ടിൽതന്നെ ഇടത്തോട്ട് വലത്തോട്ട് ചെരിയാൻ പറ്റാതെ ഒറ്റ കിടത്തം. അത് കഴിഞ്ഞപ്പോൾ തുമ്പിക്കൈ പതുക്കെ ചലിപ്പിക്കാമെന്നായി. എണീറ്റ് നടക്കാമെന്നായപ്പോൾ കുറേ പച്ചമരുന്നുകളും കൊടുത്ത് മാപ്ലയെ തിരികെ വിട്ടു. താൻ പറയുന്നതുവരെ മൂത്രം ചീറ്റിക്കലല്ലാതെ മറ്റൊരു മുറയും പരീക്ഷിക്കരുതെന്ന് പ്രത്യേകം പറഞ്ഞേൽപ്പിച്ചു. ഒരു മാസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മാപ്ലയ്‌ക്ക് എന്തെന്നില്ലാത്ത ആവേശം. തുമ്പിക്കൈയ്യുടെ ആനക്കൂറ്റ് പരീക്ഷിച്ച് നോക്കണമെന്ന് ടീച്ചർ. ടീച്ചറുടെ കൈ തൊട്ടതും കുട്ടിക്കൊമ്പന് ചിന്നംവിളി. പനമരങ്ങൾക്കിടയിലെ ഈർപ്പമേറിയ ആനത്താരയിലൂടെ വഴി തെറ്റാതെ ദാഹജലം തേടി അരിച്ചിറങ്ങിയ കൊമ്പന് ഇരട്ടിച്ച ഉത്സാഹം. പരീക്ഷണത്തിൽ മാപ്ലയ്‌ക്കും ടീച്ചർക്കും തൃപ്തി. സ്വർണക്കട്ടി കൊണ്ട് തുലാഭാരം നടത്തിയിട്ടാ മാപ്ല തിരിച്ചുപോയത്.
ടീച്ചറുടെ മരുന്നിനാണോ ഇവന്റെ കഥയ്‌ക്കാണോ കൂടുതൽ മന്ത്രമെന്ന് അന്തിച്ച് ഞാൻ ചോദിച്ചു-.
“അപ്പൊ സ്‌കൂൾ മാനേജർ കൺട്രാക്കും മാഷും കൂട്ടുകാരുമൊക്കെ ടീച്ചറെ കാണാൻ വന്നത് ചികിത്സയ്‌ക്കായിരുന്നോ?”
“അങ്ങനെ തീർത്തുപറയാൻ പറ്റില്ല. പിന്നെ ഒരു തരത്തിൽ പറഞ്ഞാൽ ഇതെല്ലാം ചികിത്സ വേണ്ട കാര്യങ്ങളാണല്ലോ. ഒരു കാര്യം ഉറപ്പിക്കാം. ടീച്ചറെ കാണാൻ വന്നവർക്കെല്ലാം പല പല ആവശ്യങ്ങളുണ്ടായിരുന്നു. വന്നവരാരും കാര്യം നടക്കാതെ പോയിട്ടുമില്ല. ചോറ് വേണ്ടവർക്ക് ചോറും ചൂട് വേണ്ടവർക്ക് ചൂടും. അതുകൊണ്ടല്ലേ ചിലർക്കവര് ദേവിയും ചിലർക്ക് യക്ഷിയുമായത്.”
“ടീച്ചറ് ഇവിടെത്തന്നെ മരിച്ച് പോയതാണെന്ന് നീ വിശ്വസിക്കുന്നുണ്ടോ? അവരുടെ ശവം ആരെങ്കിലും കണ്ടിട്ടുണ്ടോ?”
“അവരൊരു സാധാരണ സ്‌ത്രീയൊന്നുമല്ലെടാ. അവർക്ക് ചില്ലറ കൂടുമാറ്റ വിദ്യയൊക്കെ വശമുണ്ടായിരുന്നു. ഏതോ വേഷമെടുത്ത് അവരിവിടന്ന് പോയതായിരിക്കും. ശരീരം ചെലപ്പൊ എവിടെയെങ്കിലും എണ്ണപ്പാത്തിയിൽ മുക്കിവെച്ചിട്ടുണ്ടാവും. വർഷമിത്രയും കഴിഞ്ഞെങ്കിലും നമ്മളൊന്നും അവരെ കണ്ടിട്ട് പോലുമില്ലെങ്കിലും ഒരു ദിവസം പെട്ടെന്ന് അവര് വീണ്ടും ഈ നാട്ടിൽ തിരിച്ച് വന്നാൽ എനിക്ക് അത്ഭുതമൊന്നും തോന്നില്ല. അങ്ങനെ വരുകയാണെങ്കിൽ പണ്ട് വന്നതുപോലെ അതേ രൂപവും പ്രായവും തന്നെയായിരിക്കും അവർക്ക്.”
എന്റെ നോട്ടത്തിലെ അവിശ്വാസം കണ്ടിട്ടാവണം ഹരി ഇതുകൂടി പറഞ്ഞു-.
“പിന്നെ, ഞാൻ പറയണത് അപ്പടി നീ വിശ്വസിക്കയൊന്നും വേണ്ട. പക്ഷേ, ഒരു കാര്യമൊണ്ട്. അന്നവര് താമസിച്ച വീട് പിന്നെയാരും ഉപയോഗിച്ചിട്ടില്ല. ഉടമസ്ഥൻ കൺട്രാക്കാണെങ്കിൽ പിന്നെ അധികകാലം ജീവിച്ചതുമില്ല. അയാൾക്ക് ശേഷം കുടുംബം മൊത്തത്തോടെ മോന്റെ കൂടെ പേർഷ്യേലോട്ടും പോയി. പകല് പോലും ആ വീട്ടിനടുത്തൂടെ ആള് നടക്കത്തില്ല. അവരിപ്പഴും അവിടെ വരുന്നുണ്ട്. മനുഷ്യനായിട്ടല്ലെങ്കീ, മറ്റെന്തെങ്കിലുമായിട്ട്.”
അവനിൽനിന്ന് മറ്റെന്തെങ്കിലും കിട്ടുമെന്നുള്ള പ്രതീക്ഷ എനിക്ക് നഷ്ടപ്പെട്ടിരുന്നു. കഥ ഏകദേശമൊന്ന് രൂപമാക്കിയിട്ട് വീണ്ടും കാണാമെന്ന് പറഞ്ഞ് നടക്കാൻ തുടങ്ങുമ്പോഴാണ് അവൻ സരസ്വതിയുടെ കാര്യം പറഞ്ഞത്. ഞങ്ങളുടെ സഹപാഠിയായിരുന്നു അവളും. പ്രഭ ടീച്ചറുടെ അയൽപക്കത്താണ് അവളുടെ താമസമെന്ന് ഹരിക്കറിയാം. അവൾ കേട്ടിട്ടുള്ള കഥകൾക്ക് കുറച്ചുകൂടി വിശ്വസനീയത കാണുമെന്നെനിക്ക് തോന്നി. സരസ്വതിയെ ഒന്ന് കണ്ടേക്കാം.
5
തുണിയലക്കുന്നതിനൊപ്പം സംസാരിക്കുന്ന സരസ്വതിയെ കേൾക്കാൻ ഞാൻ പുഴയുടെ ഇറമ്പത്തേക്കിറങ്ങി കാലടി നനച്ച് നിന്നു. മുട്ടൊപ്പം വെള്ളത്തിൽ നിന്ന് വെള്ളത്തുണികൾ കല്ലിലടിച്ച് പിഴിഞ്ഞെടുക്കുകയാണ് സരസ്വതി. ഇനിയത് തിളച്ച വെള്ളത്തിൽ മുക്കി വീണ്ടും കഴുകിയെടുക്കണം. അവളുടെ ജീവിതവും ഹരിയുടേതുപോലെ തന്നെ. ഏഴാം ക്ലാസിൽ പഠിപ്പ് നിർത്തി കുലത്തൊഴിൽ ഏറ്റെടുത്ത് നടത്തുന്നു. സംസാരിച്ച് തുടങ്ങിയപ്പോൾ, ടീച്ചറെക്കുറിച്ച് അന്വേഷിക്കാൻ ഏറ്റവും യോജിച്ചയാൾ സരസ്വതിയാണെന്ന് തോന്നി. കാരണം അവൾ ടീച്ചറെ നേരിൽ കണ്ടിട്ടുണ്ട്, നാലോ അഞ്ചോ വയസുള്ളപ്പോൾ. അതുമല്ല, അവൾക്ക് ടീച്ചറുടെ വീടുമായും അടുത്ത പരിചയമുണ്ട്. ഹരി പറഞ്ഞ കാര്യങ്ങൾ ചുരുക്കി അവതരിപ്പിച്ചപ്പോൾ അവൾക്ക് പുച്ഛം.
“അവനെല്ലാം കാക്കാന്റെ കണ്ണിലല്ലേ കാണണത്. പിന്നെ, ഊന്ന് പോയാ പറന്ന് പോയെന്ന് പറയണ നാട്ടുകാരല്ലേ. അവരിവിടെ ടീച്ചറായിട്ട് വന്നതാ. മേനേജര് കൺട്രാക്കിന്റെ വീട്ടിൽ താമസിക്കുകേം ചെയ്‌തു. ഇടയ്‌ക്ക് വാടക വാങ്ങിക്കാനോ വീടിന്റെ പണിയെന്തെങ്കിലും നടത്തിക്കൊടുക്കാനോ അയാളവിടെ ചെന്നിട്ടുമുണ്ടാവും. അതിനീ നാട്ടുകാര് എല്ലാരും കൂടെ അവരെ വൃത്തികെട്ടവളാക്കി. നാട്ടുകാരെന്ന് പറഞ്ഞാൽ, എന്റേം നിന്റേമൊക്കെ തന്തമാരും തള്ളമാരും തന്നെ. നാട്ടിലും സ്‌കൂളിലും നാറിയപ്പൊ അവര് സ്‌കൂളിൽ പോക്കും പുറത്തിറങ്ങലുമൊക്കെ നിർത്തി.
അവരങ്ങനെ ആൾക്കാരുമായിട്ടധികം മിണ്ടാനും അടുക്കാനുമൊന്നും പോകത്തില്ല. ഏറ്റവും ഇഷ്ടം പിള്ളേരെയായിരുന്നു. ഞാനൊക്കെ പലതവണ അവരുടെ വീട്ടിൽ പോയിറ്റൊണ്ട്, കുട്ടിയായിരുന്നപ്പൊ. അവരെന്തെങ്കിലുമൊക്കെ തിന്നാൻ തരും. പിന്നെ എഴുതാനും വായിക്കാനുമൊക്കെ പഠിപ്പിക്കേം ചെയ്യും. അവരുടെ മിറ്റത്ത് കളിക്കാനും പറ്റും. കുണ്ടണി പറയണ നാട്ട്കാര് തന്നെ പണിക്ക് പോവുമ്പം കൊച്ച്ങ്ങളെ അവര്ടെ വീട്ടിൽ നോക്കാൻ ഏൽപ്പിച്ചിട്ട് പോകും. അതവർക്ക് സന്തോഷമായിരുന്നു. കാര്യമെന്താ, അവര് ശെരിക്കും ഒരു ടീച്ചറാ.
പിന്നെ, അവരെ അന്വേഷിച്ച് വന്ന ആ മാഷില്ലേ. എനിക്ക് തോന്നണത് അയാൾക്ക് ടീച്ചറോട് ഇഷ്ടമായിരുന്നെന്നാ.”
“അങ്ങനെയായിരുന്നെങ്കിൽ അയാള് കൂട്ടുകാരെയൊക്കെ വിളിച്ച് അവരുടെ വീട്ടിൽ കൊണ്ടുവരുമായിരുന്നോ? അതിലൊരു ദുരുദ്ദേശമില്ലേ?”
“അതൊക്കെ സത്യമാണെന്ന് എനിക്ക് തോന്നുന്നില്ല. മാഷ് അവരോടുള്ള സ്‌നേഹം അറിയിക്കാൻ തന്നെ വന്നതാവും. പക്ഷേ, ടീച്ചറ് അയാളെ നിരാശപ്പെടുത്തി. അതിന് ഒരു കാരണമുണ്ട്. അതോണ്ട് തന്നെയാ അവരൊരു ചീത്ത സ്‌ത്രീയല്ലെന്ന് ഞാൻ പറയുന്നതും.”
നീണ്ടുവരുന്ന പുതിയൊരു കഥയുടെ തുഞ്ചത്തേക്ക് ഞാൻ കാത് നീട്ടി.
ചിത്രീകരണം: സുനിൽ അശോകപുരം
6
നാട്ടുകാർ പറയുന്ന കഥകളൊന്നും സത്യമാകാൻ തരമില്ലെങ്കിലും ടീച്ചർക്കെന്തോ രഹസ്യമുണ്ടായിരുന്നു എന്നുതന്നെയാണ് സരസ്വതിയുടെ പക്ഷം. ചില ദിവസങ്ങളിൽ പെട്ടെന്ന് അവരെ കാണാതാവും. രണ്ടോ മൂന്നോ ദിവസത്തിന് ശേഷം തിരിച്ചുവരും. അവരുടെ അടുത്തേക്ക് മറ്റുള്ളവർക്കല്ല, അവർക്കാണ് വരത്തുപോക്കുണ്ടായിരുന്നത്. ഒരു ലോറി ഡ്രൈവർ ഇടയ്‌ക്കിടെ അവിടെ വരുമായിരുന്നു. നാട്ടുകാരൊക്കെ അയാളെ ടീച്ചറുടെ ഇടപാടുകാരനെന്ന് കരുതിയിട്ടുണ്ടാവും. പക്ഷേ, അതല്ല. ഒന്നുകിൽ അയാൾ അവരുടെ കാമുകനായിരുന്നു, അവരുടെ ഒരേയൊരു കാമുകൻ. അതല്ലെങ്കിൽ അയാളെയും ടീച്ചറെയും തമ്മിൽ കോർക്കുന്ന എന്തോ രഹസ്യമുണ്ടായിരുന്നു.
ചില ദിവസം അപ്രതീക്ഷിതമായി ടീച്ചർ യാത്ര പോകുന്നത് അയാളോടൊപ്പമാണ്. ലോറി ദൂരെ ഒതുക്കിയിട്ടാവും അയാളുടെ വരവ്. അത്രയും വലിയ വണ്ടിയൊക്കെ ഓടിക്കുന്നയാളായതുകൊണ്ട് എല്ലാവർക്കും അയാളോട് ഭയവും ആദരവുമൊക്കെയായിരുന്നു. ആരും അയാളോട് കൂടുതൽ ചോദ്യങ്ങളൊന്നും ചോദിക്കില്ല. എതിരേ വരുന്നത് കണ്ടാൽ ഒരുവിധപ്പെട്ടവരൊക്കെ ഒതുങ്ങി മാറിക്കൊടുക്കുകയും ചെയ്യും. അയാൾ വന്നാൽ അധികനേരമൊന്നും വീട്ടിൽ തങ്ങില്ല. രണ്ട് നിമിഷം സംസാരിച്ചശേഷം എപ്പോഴും തയ്യാറായിരിക്കുന്നതുപോലെ ടീച്ചർ ഒരു ബാഗുമെടുത്ത് അയാൾക്കൊപ്പമിറങ്ങും. കുട്ടികളെയൊക്കെ വീടുകളിലേക്ക് തിരിച്ചയക്കും. അച്ഛനമ്മമാർ വീട്ടിലില്ലാത്ത കുട്ടികളെ മുതിർന്ന കുട്ടികളുടെ സംരക്ഷണത്തിലേൽപ്പിക്കും. പെട്ടെന്നുള്ള ടീച്ചറുടെ പോക്ക് കാണുമ്പോൾ ഓരോ തവണയും അവർ കരുതും ടീച്ചറിനി തിരിച്ചുവരില്ലെന്ന്. അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ദിവസങ്ങൾക്കുള്ളിൽ പ്രഭ ടീച്ചർ തിരിച്ചെത്തും. തിരിച്ചുവരവ് മിക്കവാറും ഒറ്റയ്‌ക്കാവും. അപ്പോൾ കയ്യിൽ അവർക്കപരിചിതമായ രുചികളുള്ള പലഹാരങ്ങളുണ്ടാകും.
ഒന്നുകിൽ ടീച്ചറും അയാളും തമ്മിൽ മറ്റുള്ളവർ അറിയാൻ പാടില്ലാത്ത ഒരു കെട്ടുപാടുണ്ടായിരുന്നു. അല്ലെങ്കിൽ അവർക്കിടയിൽ ഒരു രഹസ്യം പങ്കുവയ്‌ക്കപ്പെട്ടിരുന്നു. രണ്ടിലേതോ ഒന്ന് ടീച്ചറെ പ്രണയത്തിൽനിന്നും അയൽക്കാരിൽനിന്നും അകറ്റി നിർത്തി.
ഒരിക്കൽ, തിരിച്ചെത്തിയ പ്രഭ ടീച്ചർ പറഞ്ഞ വാചകം സരസ്വതി വ്യക്തമായി ഓർക്കുന്നുണ്ടായിരുന്നു. ഏതോ ഒരേമാനെ കാണാൻ പോയതായിരുന്നു ടീച്ചർ. അദ്ദേഹത്തിന്റെ സേവനങ്ങൾക്കൊരു സമ്മാനം കൊടുക്കാൻ. അദ്ദേഹത്തെ പക്ഷേ, കാണാൻ കിട്ടാറില്ലത്രെ. പുറത്തിറങ്ങുമ്പോൾ ചുറ്റും ചെറിയ കുട്ടികളുണ്ടാവും. കുട്ടികളെ ഏമാന് അത്ര ഇഷ്ടമാണെന്ന്. കൃത്യമായി മനസ്സിലാകാത്തതുകൊണ്ടാവും, ദഹിക്കാത്ത ഭക്ഷണം പോലെ ആ വാക്കുകൾ അങ്ങനെ തന്നെ സരസ്വതിയുടെ ഓർമയിൽ വീർത്ത് നിന്നത്.
7
വീട്ടിൽ ആരോ കാണാൻ വന്നിരിക്കുന്നു എന്ന് അടുത്ത വീട്ടിലെ കുട്ടി വന്ന് അറിയിച്ചപ്പോൾ കാലിൽ ചുറ്റിയ പാമ്പിനെപ്പോലെ ഭയം ഒറ്റ നിമിഷത്തിൽ എന്നെ വിയർപ്പിച്ചു. ഹരിയുടെയും സരസ്വതിയുടെയും വാക്കുകളിൽ ചുറ്റിത്തിരിയുകയായിരുന്നു ഞാൻ. പ്രഭ ടീച്ചറെ ആവാഹിച്ച് തുടങ്ങിയശേഷം ഒളിവിൽ കഴിയുകയാണെന്ന കാര്യവും മറന്ന് പുറത്തിറങ്ങിത്തുടങ്ങിയിരുന്നു. കഥ പെട്ടെന്ന് പൂർത്തിയാക്കേണ്ടതുണ്ട്. അത് കഴിഞ്ഞ് എഴുത്ത് തുടങ്ങണം. അഭിനയിക്കാനും സഹായികളായും കുറച്ച് ചെറുപ്പക്കാരെ കണ്ടെത്തണം. അതിനൊക്കെ ഹരിയെ കൂട്ടുവിളിക്കാം. സരസ്വതിയോടും ചോദിക്കണം. പണ്ട് സ്‌കൂളിൽ നാടകത്തിലൊക്കെ അവൾ നിന്നിട്ടുള്ളതാണ്. ചോദിച്ചുനോക്കാം. നന്നായി ചെയ്യാൻ കഴിയുമെങ്കിൽ പ്രധാന വേഷം തന്നെ അവളെ ഏൽപ്പിക്കാം. എന്തായാലും കഥയെക്കുറിച്ച് മറ്റാരോടും പറയേണ്ടെന്ന് ഞാൻ തീരുമാനിച്ചിരുന്നു. നാടകത്തിന്റെ പേരുപോലും തുടക്കത്തിലെ അനൗൺസ്മെന്റിലൂടെ മാത്രമേ നാട്ടുകാരറിയാവൂ. ഉത്സവ നോട്ടീസിൽ നാടകമുണ്ടെന്ന് മാത്രം കൊടുക്കാൻ പറയണം. വത്സൻ മാമൻ പോലും അറിയരുത് ശരിക്കഥ. ഒരു നാട് മുഴുവൻ ഒരുമിച്ച് അത്ഭുതപ്പെടണം. ഇതെല്ലാം കഴിയുമ്പോൾ നാട്ടിൽനിന്ന് കൂടി ഓടിപ്പോകേണ്ടി വരുമോ എന്ന ചിന്ത എന്നിൽ ചിരി മാത്രമേ ഉണർത്തിയുള്ളൂ. ഒരു നല്ല നാടകം, നാടകക്കാരനെ നാടുവിടീക്കണം.
ഓടിയെത്തിയതിന്റെ കിതപ്പിനിടയിൽ ഒളിപ്പിച്ച ചിരിക്കൊപ്പം ‘ഒരു പെണ്ണാണ്’ എന്ന വാചകം കൂടി പയ്യനിൽനിന്ന് വീണതും ഭയം തെല്ലൊന്ന് കുറയാതിരുന്നില്ല. എന്നാലും ആകാംക്ഷയ്‌ക്ക് കുറവില്ലായിരുന്നു. ആരാവും എന്നെത്തേടി, വീട്ടിൽ. പെണ്ണാണെന്ന് പറഞ്ഞ് സമാധാനിക്കാൻ വരട്ടെ, വേഷം മാറി വന്ന വനിതാ പൊലീസും ആകാമല്ലോ. ആത്മാവിന്റെ വേഗത്തിൽ ഞാൻ വീട്ടിലെത്തി. അറിയുന്നതുവരെയുണ്ടായിരുന്ന ആകാംക്ഷ, അറിഞ്ഞതും സന്തോഷമോ ഉത്സാഹമോ അതിനുമപ്പുറം മറ്റെന്തൊക്കെയോ വികാരങ്ങൾക്ക് വഴിമാറി. അവളായിരുന്നു, മൃദുല. അഡ്രസ് തപ്പിയെടുത്ത് ഇത്രയും ദൂരം താണ്ടി എന്നെ കാണാനെത്തിയവൾ.
എൻഎസ്ഡിയിൽ എന്റെ ബാച്ചിലെ ഒരേയൊരു മലയാളി പെൺകുട്ടിയായിരുന്നു മൃദുല. അതുകൊണ്ടുമാത്രം ആദ്യദിനം തന്നെ പരിചയപ്പെട്ടെങ്കിലും, സ്വന്തം നാട്ടുകാരിൽ മാത്രം സൗഹൃദം ഒതുങ്ങിപ്പോകാതിരിക്കാൻ മനപൂർവം തന്നെ ഞാൻ മറ്റു ഭാഷാസുഹൃത്തുക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിച്ചു. അവളും ഏതാണ്ടതേ മനോഭാവത്തിലായിരുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി അവളെന്നോടൊരു ചോദ്യം ചോദിച്ചു-. “താൻ മാസ്റ്റർബേഷൻ ചെയ്യാറുണ്ടോ?” ഒന്ന് പരിഭ്രമിച്ചെങ്കിലും ഞാൻ സത്യസന്ധമായിത്തന്നെ മറുപടി കൊടുത്തു. പിന്നെ അതിൽ കൊരുത്ത് പല പല ചോദ്യങ്ങളും തുറന്നുപറച്ചിലുകളുമുണ്ടായി, അങ്ങോട്ടുമിങ്ങോട്ടും. ഒരു പെണ്ണിനോടിതൊക്കെ പറയുന്നതിൽ തോന്നിയ സാഹസികതയും ഒപ്പം ഇതൊന്നും അത്ര വലിയ കാര്യമല്ലെന്നുള്ള അവളുടെ ഭാവവും ചർച്ചകളെ കൂടുതൽ സജീവമാക്കി. എന്റെ സർഗാത്മകതയുടെ ഊർജം തന്നെ സ്വയംഭോഗമാണെന്ന്, ആ വേളകളിലെ നിമിഷനേരത്തേക്കെങ്കിലുമുള്ള ഉയർച്ചകളിൽ ലഭിച്ചിട്ടുള്ള പുത്തൻ കാഴ്‌ചപ്പാടുകളുടെ ഉദാഹരണങ്ങൾ നിരത്തി ഞാൻ പ്രഖ്യാപിച്ചു. ഒന്നുരണ്ട് മാസം കഴിഞ്ഞാണ് അവളതിന്റെ സത്യം വെളിപ്പെടുത്തിയത്. കോളേജിൽ അവൾ ചെയ്യാൻ പോകുന്ന നാടകത്തിന് വേണ്ടിയാണ് അവളതൊക്കെ ചർച്ച ചെയ്‌തത്. ബാച്ചിലെ മറ്റ് ആൺകുട്ടികളോടും അവളിക്കാര്യങ്ങൾ ചർച്ച ചെയ്‌തിരുന്നു. ഞാൻ പങ്കുവച്ച, എന്റെ സ്വകാര്യ അനുഭവങ്ങളും അവൾ നാടകത്തിൽ ഉൾപ്പെടുത്തി. ഞാനതിൽ കോപിക്കുമെന്നൊക്കെ അവൾ സംശയിച്ചെങ്കിലും, സത്യത്തിൽ നാടകം കണ്ട ശേഷം എനിക്കവളോട് ആരാധനയാണ് തോന്നിയത്. ഇത്രയും ബോൾഡായി ഈ വിഷയം അവതരിപ്പിക്കാൻ കാണിച്ച ധൈര്യത്തിൽ. അതും ഒരു സംസ്‌കൃത നാടകത്തിൽ. എൻഎസ്ഡി ഫാക്കൽറ്റിയിൽ നിന്ന് അവൾക്കന്ന് ഉപദേശരൂപേണ ഒരു താക്കീതും കിട്ടി. “താൻ നോക്കിക്കോ, ഇതിനേക്കാൾ വലിയ ഗുണ്ട് ഞാനിവിടെ പൊട്ടിക്കുന്നുണ്ട്”, അവളെയൊന്ന് സമാധാനിപ്പിക്കാൻ വേണ്ടി കൂടി ഞാനന്ന് പറഞ്ഞു.
8
“ഗുണ്ട് പൊട്ടിക്കഴിയുമ്പോൾ, തീ കൊളുത്തിയവൻതന്നെ തെറിക്കുമെന്ന് തീരെ വിചാരിച്ചില്ല”, സ്വകാര്യമായി സംസാരിക്കാൻ ലഭിച്ച ആദ്യ നിമിഷത്തിൽത്തന്നെ ചിരിയൊച്ച തെറിച്ച് പോകാതെ പൊത്തിപ്പിടിച്ച് അവൾ പറഞ്ഞു.
കല്ലെറിയപ്പെടുന്നവനാണ് നല്ല നാടകക്കാരൻ എന്ന് പറഞ്ഞ് പ്രതിരോധിക്കാൻ അപ്പോൾ കഴിഞ്ഞില്ല. അഹംബോധത്തേക്കാൾ അവളെക്കണ്ടതിലുള്ള ആശ്വാസമായിരുന്നു മുമ്പിൽ.
എന്നെത്തേടി ഒറ്റയ്‌ക്കവളെങ്ങനെ ഇതുവരെയെത്തി എന്നതിലും അത്ഭുതം അവളുടെ വരവിനെ അമ്മ അത്ര സാധാരണമായി നോക്കിക്കണ്ടതിലായിരുന്നു. അവളെ നോക്കി, നിങ്ങൾ മുറിയിലിരുന്ന് സംസാരിച്ചോളൂ എന്നുപറഞ്ഞ് പിൻമാറുമ്പോഴും അതുവരെയുള്ള അമ്മയിൽ നിന്ന് അന്നേരത്തെ അമ്മ വളർന്ന വളർച്ചയിൽ എനിക്ക് അത്ഭുതപ്പെടാതിരിക്കാനായില്ല.
“പിന്നെ, എങ്ങനെ പോകുന്നു ഒളിവുജീവിതം? മുറിയിൽ ഒറ്റയ്‌ക്കിങ്ങനെ ഇരിക്കുന്നതുകൊണ്ട് സർഗാത്മക ഊർജം കൃത്യമായ ഇടവേളകളിൽ കിട്ടുന്നുണ്ടാവുമല്ലേ...?”
അപ്പോൾ അവളോട് സംസാരിക്കാൻ ടീച്ചറേക്കാൾ സാഹസികമായൊരു വിഷയമെനിക്കുണ്ടായിരുന്നില്ല. പുതിയ നാടക പദ്ധതിയെക്കുറിച്ച് വിശദമായിത്തന്നെ ഞാനവളോട് പറഞ്ഞു. സതീർഥ്യർ പറഞ്ഞ വിവരങ്ങളും കൈമാറി. ചിലപ്പോൾ ടീച്ചറുടെ കുരുക്കഴിക്കാൻ അവൾക്ക് കഴിഞ്ഞാലോ?
“എനിക്ക് തോന്നുന്നത് ടീച്ചർമുക്ക് എന്ന പേര് കുറച്ച് മിസ് ലീഡിങ് ആണെന്നാണ്”, മൃദുല പറഞ്ഞു. “ഒരാൾക്ക് ആദ്യമായി കിട്ടുന്ന പേരിനുശേഷം വന്നുചേരുന്ന പേരുകളെല്ലാം സൈദ്ധാന്തികമായ പേരുകളാണ്. അയാൾക്ക് മേൽ ചാർത്താൻ മറ്റുള്ളവർ കണ്ടെത്തുന്ന ബാഹ്യമോ ആന്തരികമോ ആയ ഒരു സിദ്ധാന്തം കൂടി അതിൽ ഉൾച്ചേർന്നിരിക്കും. ലോകത്തിലെ എല്ലാ സിദ്ധാന്തങ്ങളും മനുഷ്യൻ അവന്റെ സൗകര്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതുമാണ്. അതുകൊണ്ട് ഞാനവയിൽ വിശ്വസിക്കുന്നില്ല. ഒരു വീട്ടിൽ ഒറ്റയ്‌ക്കൊരു സ്‌ത്രീ താമസിച്ചാൽ ആ നാടിന് തന്നെ ടീച്ചർമുക്കെന്ന് പേര് കൊടുക്കുന്നത് ടീച്ചറെ വാഴ്‌ത്തപ്പെട്ടവളാക്കാനല്ലല്ലോ. കേട്ട കാര്യങ്ങൾ വച്ച് നോക്കുകയാണെങ്കിൽ പ്രഭ ടീച്ചർ ഈ സിദ്ധാന്തത്തിൽ തീരെ ഒതുങ്ങുന്നുമില്ല. അതുകൊണ്ട് ടീച്ചർമുക്ക് എന്ന സ്ഥലപ്പേര് തൽക്കാലം നമുക്ക് മറക്കാം. പ്രഭ എന്ന സ്‌ത്രീയെക്കുറിച്ച് കിട്ടിയ വിവരങ്ങൾ നമുക്കൊന്ന് പ്രോസസ് ചെയ്‌ത് നോക്കാം.”
“പക്ഷേ, ടീച്ചറെക്കുറിച്ച് എനിക്ക് കിട്ടിയ ഓർമത്തുണ്ടുകൾ പരസ്‌പരവിരുദ്ധമെന്ന് തോന്നാവുന്നവിധം വ്യത്യസ്‌തങ്ങളാണ് മൃദുലാ. വ്യത്യസ്‌തരായ രണ്ടാൾക്കാരെക്കുറിച്ചാണവയെന്ന് പോലും ചിലപ്പോൾ തോന്നും. അവ ചേർത്ത് ഒറ്റച്ചിത്രമുണ്ടാക്കാൻ കഴിയണമെന്നില്ല.”
“ഓർമകൾ ഒരു ജിഗ്സോ പസിലിലെ ചെറുകട്ടകൾ പോലെയാണ് രഘൂ. ഒരു മഹാശയത്തിന്റെ ചെറുകണങ്ങളാണ് ഓരോ ഓർമയും. അത് പലരിൽ നിക്ഷിപ്തമായിരിക്കുമെന്ന് മാത്രം. ഓരോരുത്തരും അവരുടെ കൈവശമുള്ള ഒറ്റക്കളത്തിൽ വിശ്വാസമർപ്പിച്ച് ജീവിക്കുന്നു. ഓരോ മനുഷ്യനും ഇത്തരം നൂറായിരം ചിതറിയ തുണ്ടുകളുടെ ഉടമസ്ഥർ. ഓർമത്തുണ്ടുകളെല്ലാം നിരത്തിവയ്‌ക്കുകിൽ ഈ ഭൂമിക്ക് മുകളിൽ വേറൊരു ഭൂമിയുണ്ടാകും. തന്റെ പക്കലുള്ള ഓർമച്ചിന്തുകളിൽ, കാലത്തിൽ, മനുഷ്യർ ചെറിയ ചില കോറലുകളും മായ്‌ക്കലുകളും കുറിക്കലുകളും നടത്തുന്നുമുണ്ട്. അതവരറിയണമെന്നില്ല. ഓരോ തവണ പുറത്തെടുക്കുമ്പോഴും അബോധത്തിൽ അവരിട്ട ചെറിയ വരകളെയും തിരുത്തലുകളെയും ചോദ്യം ചെയ്യാതെ തന്നെ അവർ സ്വീകരിക്കുകയും ചെയ്യുന്നു. ആ തുണ്ടുകളെ കൂട്ടിയോജിപ്പിക്കുന്നവർ ദൈവത്തിന്റെയോ ചെകുത്താന്റെയോ പണിയാണ് ചെയ്യുന്നത്.”
“ഹരി പറഞ്ഞതുവച്ച് നോക്കുകയാണെങ്കിൽ അവരൊരു മന്ത്രവാദിനിയോ അദൃശ്യശക്തിയോ ഒക്കെയാണ്. അഥർവവേദത്തോടൊപ്പം ആയുർവേദവും പ്രയോഗിക്കാനറിയുന്നവർ. ബാഹ്യമായി തന്റെ സാന്നിധ്യം അറിയിക്കുന്നില്ലെങ്കിലും ഇപ്പോഴും അവരുടെ സത്ത അവിടെയുണ്ടെന്നാണ് അവന്റെ പക്ഷം. ഇനി സരസ്വതിയിലേക്ക് വന്നാലോ, അവിടെ അവരൊരു സാധാരണ മനുഷ്യസ്‌ത്രീയാണ്. ഒരു വിപ്ലവകാരി. ഒരുപക്ഷേ, ജനകീയവിചാരണയൊക്കെ നടത്തിയിട്ടുള്ളവർ. പരക്കെ പ്രചരിച്ചിരിക്കുന്ന കഥ ഇതുരണ്ടുമല്ലാത്ത മറ്റൊന്നാണ്. അതിൽ അവർ ഒന്നാന്തരമൊരു വേശ്യയാണ്. കാമത്തിന്റെ വഴിതേടി വരുന്നവരെ ശമിപ്പിക്കുന്ന ടീച്ചർ. ഇതിലെന്തായിരിക്കും ശരിക്കുള്ള പ്രഭ ടീച്ചർ?”
“ഒന്നുകൂടി ബാക്കിയുണ്ട് രഘൂ. അവർ ശരിക്കുമൊരു ടീച്ചർ കൂടിയാണ്. അധ്യാപികയായിട്ടാണല്ലോ അവരിവിടേക്ക് വന്നത്. പിന്നെ നേരത്തേ പറഞ്ഞപോലെ ടീച്ചർമുക്ക് എന്ന സ്ഥലപ്പേര് വീഴാൻ കാരണമായ അവരുടെ ഐഡന്റിറ്റിയെ തൽക്കാലം നമുക്ക് മാറ്റിവയ്‌ക്കാം. അവരുടെ ബാക്കിയുള്ള ഐഡന്റിറ്റികൾ- മന്ത്രവാദിനി, ചികിത്സക, വിപ്ലവകാരി, പിന്നെ ടീച്ചർ; എനിക്ക് തോന്നുന്നത് അവർ ഒരേസമയം ഈ നാല് റോളിലും ഒരുപോലെ ജീവിച്ചുവെന്നാണ്.”
ഓർത്തപ്പോൾ അത് ശരിയാണെന്ന് എനിക്കും തോന്നി. പുറംലോകം അവർക്കായി ഊഹിച്ചുണ്ടാക്കിയ മുഖപടങ്ങളെല്ലാം അവർ മാറി മാറി അണിഞ്ഞിരുന്നു എന്ന് വേണം കരുതാൻ. എന്നാൽ അതിനെല്ലാം അവർ ഒരുപോലെ പ്രാധാന്യം കൊടുത്തിരുന്നില്ല. ഓരോ വേഷവും തമ്മിൽത്തമ്മിൽ ചേർത്തുവച്ച് പരിശോധിച്ച് കഴിയുമ്പോൾ അവരാടിയ പ്രധാന വേഷം ഒരു വിപ്ലവകാരിയുടേതാണെന്ന തോന്നലിന് കനം കൂടുന്നു. അങ്ങനെയൊരാൾക്ക് ഒളിച്ചിരിക്കാൻ ഒരു സ്ഥലം വേണം. ആരും അന്വേഷിച്ച് വരാതിരിക്കാൻ തക്ക ഒരു ഐഡന്റിറ്റിയും. ദുർനടത്തക്കാരിയായ ഒരു മന്ത്രവാദിനിയുടെ വേഷം അവരായിട്ട് തെരഞ്ഞെടുത്തതാവണം. പുറംലോകവുമായുള്ള ബന്ധങ്ങൾക്ക് നല്ലൊരു പ്രതിരോധമായിരിക്കും അത്തരമൊരു പരിവേഷം. ഈ നാട്ടിലേക്ക് കുടിയേറാനുള്ള ഒരു പാത മാത്രമായിരുന്നു അവർക്ക് ടീച്ചർ ജോലി. ദുരൂഹമായ തന്റെ സ്വത്വം ഒന്നുകൂടി ഉറപ്പിക്കാൻ അവരായിട്ട് തുടങ്ങിയതാവും ഗോപ്യമായ ചികിത്സാരീതികളും. രാത്രി അവരെക്കാണാനെത്തുന്ന സംഘാംഗങ്ങളെ അദൃശ്യരാക്കി നിർത്താൻ നെയ്‌െതടുത്ത മറ്റൊരു മുഖപടം. ലക്ഷ്യത്തിന് വേണ്ടി സ്വയം സമർപ്പിച്ച ഒരു തീവ്രവിപ്ലവകാരിയാണവർ. അതിന്റെ സാക്ഷാത്കാരത്തിന് വേണ്ടി സദാചാരനിയമങ്ങളെ മറന്ന് സ്വയം ഒരു ഭോഗവസ്‌തുവായി പരിണമിച്ച്, തന്റെ വേഷം പൂർണതയിലെത്തിക്കാനും ചിലപ്പോൾ അവർക്ക് മടിയുണ്ടായിക്കാണില്ല. ടീച്ചർമുക്ക് എന്ന സ്ഥലനാമവും ആ വിധത്തിൽ സാക്ഷാത്കരിക്കപ്പെടുന്നു.
9
കൂടെ വന്നാൽ ടീച്ചറെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു സംഗതി നേരിട്ട് കാണിച്ചുതരാമെന്ന് പറഞ്ഞാണ് ഹരി എന്നെ വിളിച്ചത്. മൃദുല തെളിച്ച വഴിയിലൂടെ പ്രഭ ടീച്ചറുടെ രൂപം വെളിച്ചത്ത് കൊണ്ടുവരാൻ മനസാ പ്രയത്നിക്കുകയായിരുന്നു ഞാൻ. നേരെ കൊണ്ടുപോയത് രാമനാശാന്റെ അടുത്തേക്ക്. ഹരിയുടെ അച്ഛനാണ് രാമനാശാൻ. ജീവിതമാർഗം കള്ളുചെത്താണെങ്കിലും കാലങ്ങളായി കാവുകളിൽ കാക്കാൻ വേഷം കെട്ടുന്നതുകൊണ്ട് കുട്ടികളും വലിയവരുമൊക്കെ ആശാൻ എന്നാണ് വിളിക്കുന്നത്. ഹരിയും അങ്ങനെത്തന്നെ. അന്തിക്കള്ളുമെടുത്ത് തെങ്ങിൽനിന്ന് ഇറങ്ങുകയാണ് രാമനാശാൻ. എന്നെ മുന്നിൽക്കൊണ്ട് നിർത്തി പരിചയപ്പെടുത്തിയ ശേഷം ടീച്ചർമുക്കിനെക്കുറിച്ചുള്ള പാട്ട് കേൾക്കാൻ ആഗ്രഹിച്ച് വന്നതാണെന്നറിയിച്ചു. ഞാൻ ടീച്ചറുടെ കഥ അന്വേഷിച്ച് നടക്കുകയാണെന്ന് മുമ്പേ അവൻ ആശാനോട് സൂചിപ്പിച്ചിട്ടുണ്ടാവണം. രാമനാശാൻ ആദ്യമൊന്ന് മുറുക്കി. മുറുക്കാൻ ചവച്ചുകൊണ്ട് തന്നെ കുറച്ചിട കണ്ണടച്ച് നിന്നു. കണ്ണ് തുറന്നപ്പോൾ മറ്റൊരാൾ. പൊടുന്നനെ ചുണ്ടിന്റെ ഒരറ്റത്തുകൂടി ചോരച്ചുവപ്പ് ഒലിച്ചിറങ്ങി താടിയിലേക്ക് പടർന്നു. വെളുത്ത രോമങ്ങളിൽ അന്തിച്ചുവപ്പ് വീണു. കണ്ണുകൾക്ക് മൂർച്ച വന്നു. കാക്കാന്റെ കുരലിൽ പാട്ട് വന്നു.
“പനയൊന്നുണ്ടെന്നേ
പനയുടെ നിഴലന്തി ചെങ്കതിരിൽ
നീണ്ട് പടർന്നൊരു കുടയാകുന്നുണ്ടേ
ആ കുടതൻ കീഴിൽ പെണ്ണവളുണ്ടത്രേ
അവളുടെ കണ്ണിൽ ഇരുളും പകലും
കളിയാടുന്നുണ്ടത്രേ
പകലൊഴിയേ, ഇരുൾതൂകെ
അവൾ പാഠം പകരാറുണ്ടത്രേ
പലദിക്കിൽ സ്വരദീർഘങ്ങൾ
കേൾക്കാറുണ്ടത്രേ...”
ആദ്യം പതിഞ്ഞ താളത്തിലും പിന്നെ ഉറച്ച താളത്തിലുമായി രണ്ടുതവണ പാടിയശേഷം തോളിലൊന്ന് തട്ടി, ചിരിച്ചുകൊണ്ട് ആശാൻ അടുത്ത തെങ്ങിലേക്ക് പോയി. ഹരി എന്നെയും കൂട്ടി അടുത്ത ലക്ഷ്യത്തിലേക്കും.
“പാട്ടെങ്ങനെയുണ്ട്? പുതിയ കാലത്തെ ഒരിതിഹാസ കാവ്യം പോലെയില്ലേ? ഇനിയും വരികളുണ്ടാവും. ആശാനിത്രേ അറിയാവൂ.”
“ഇത് നെറികേടാണ് ഹരീ”, എനിക്ക് ദേഷ്യം മറച്ച് വയ്‌ക്കാനായില്ല. “ഒരു സ്‌ത്രീയെപ്പറ്റി കൃത്യമായി ഒന്നും അറിയാതെ ഇല്ലാവചനങ്ങൾ പാട്ടായും കഥയായും ഇറക്കിവിട്ടിട്ട് നിങ്ങളെന്താണ് നേടുന്നത്? അവരിവിടുന്ന് പോയിട്ട് കൂടിപ്പോയാൽ ഇരുപത് വർഷമാവും. അതിനുള്ളിൽ അവരൊരു പഴമ്പാട്ടിലെ യക്ഷിയും വേശ്യയുമൊക്കെയായി. ഇത് കലയുപയോഗിച്ചുള്ള വ്യാജപ്രചാരണമല്ലേ? പഴമ്പാട്ടാകുമ്പോൾ ആരും ചോദ്യം ചെയ്യില്ലല്ലോ. അവരുടെ ശരിക്കുള്ള സാമൂഹിക പ്രസക്തി മനസ്സിലാക്കാതെയാണ് ഈ ഒളിച്ചുകളി. ഇത് കേൾക്കുന്നവരെ വഴിതെറ്റിക്കത്തേയുള്ളൂ.”
തീരെ പ്രതീക്ഷിക്കാത്ത മറുപടിയിൽ ഹരി ആദ്യമൊന്ന് പരിഭ്രമിച്ചു. കുറച്ചുനേരം അവൻ മിണ്ടാതെ നടന്നു.
“രഘൂ, കഥയിൽ ചോദ്യമില്ലെന്ന് പണ്ടുള്ളോര് പറഞ്ഞതിന്റെ അർഥം, ഒന്നും ചോദ്യം ചെയ്യാൻ പാടില്ലെന്നല്ല. കല സഞ്ചരിക്കുന്നത് ജീവിതത്തിന്റെ വഴിക്ക് തൊട്ട് മുകളിലൂടെയോ താഴെക്കൂടെയോ ആണ്. യുക്തിയുടെ കൊളുത്തിട്ട് അതിനെ പിടിച്ചുവലിക്കാൻ നോക്കരുത്. കാരണം, കലയുടെ സത്യം യുക്തികൊണ്ട് മുറിച്ച കഷ്‌ണങ്ങളിലല്ല, ആകമാനത്തിലാണ്. കണക്ക് ചോദ്യംപോലെ ഒരുത്തരം കിട്ടാനുള്ളതാണ് കലയെങ്കിൽ, അതിന് ആ ഉത്തരത്തിനപ്പുറം പോകാൻ കഴിയാതെവരും.”
ഇതൊക്കെ എനിക്കറിയാത്ത കാര്യങ്ങളാണോ എന്ന ഭാവത്തിൽ ഞാൻ നടപ്പ് തുടർന്നു. രസകരമായതെന്തോ മനസ്സിൽ വന്നപോലെ ഒന്ന് ചിരിച്ചിട്ട് ഹരി ചോദിച്ചു, “പണ്ട് ഞാൻ നിനക്ക് കണ്ണങ്കോരന്റെ കഥ പറഞ്ഞ് തന്നിട്ടില്ലേ. നമ്മൾ കൊച്ചായിരുന്നപ്പൊ. ആ കഥയും ആശാൻ പറഞ്ഞ് തന്നതാണ്.”
സ്‌കൂളിൽ പഠിക്കുന്ന കാലത്തെപ്പോഴോ ഹരി പറഞ്ഞ ആ കഥ എനിക്കിപ്പോഴും ഓർമയുണ്ട്. കഥയും പാട്ടുമൊക്കെച്ചേർന്ന, കണ്ണങ്കോരന്റെയും വെള്ളപ്പെണ്ണിന്റെയും കഥ.
കണ്ണങ്കോരൻ രാവിലെ എണീറ്റ് ഒരു ചുട്ടിത്തോർത്തുമുടുത്ത് തോട്ടിനപ്പുറത്തുള്ള കൈതപ്പറമ്പിൽ വെളിക്കിറങ്ങാൻ പോയിടത്താണ് തുടക്കം. കാര്യം നടത്തി, തോട്ടിലിറങ്ങി കഴുകിക്കഴിഞ്ഞപ്പൊ കണ്ണങ്കോരന് ചെറുതായൊരു വിശപ്പ്. കൂരയിൽ തിന്നാനൊന്നുമിരിപ്പില്ലെന്നോർത്തിട്ട്, തൽക്കാലത്തേക്ക് വിശപ്പൊന്നാറ്റാൻ ഒരു കപ്പ തോണ്ടിയെടുക്കാമെന്ന് കരുതി, അടുത്ത കപ്പക്കാലയിലേക്ക് കേറി. കപ്പമൂട്ടിൽ ഒരു കാലിന്റെ മുട്ട് കുത്തി കവച്ചിരുന്ന് മണ്ണ് മാന്തിക്കൊണ്ടിരുന്ന കണ്ണങ്കോരനെ ആകമാനം നോക്കിക്കൊണ്ടാണ് നിലാവിന്റെ നിറമുള്ള പെണ്ണ് വന്നത്. ഒറ്റനോട്ടത്തിൽ കണ്ണങ്കോരനും പകച്ചുപോയി. പിന്നെ, പെണ്ണിന്റെ മുഖത്തെ ചിരി കണ്ടപ്പോൾ കോരനും ശ്വാസം നേരെ വീണു. നാടുവാഴിയുടെ വീട്ടിൽ വിരുന്നിനെത്തിയ പറങ്കികച്ചവടക്കാരന്റെ ഒപ്പമെത്തിയതായിരുന്നു, പെണ്ണ്. രാവിലെ, മഞ്ഞ് പുതച്ച പച്ചപ്പിൽ വെളിച്ചം തെറിക്കുന്നത് കാണാനിറങ്ങിയതായിരുന്നു.
ചിരിച്ചുകൊണ്ട് തന്നെ പെണ്ണ് പേര് ചോദിച്ചു. കണ്ണങ്കോരൻ പേര് പറഞ്ഞു. തിരിച്ച്, പലവട്ടം പറഞ്ഞുകൊടുത്ത അവളുടെ പേര് നാക്കിക്കൊള്ളാഞ്ഞിട്ട്, കണ്ണങ്കോരൻ അവളെ വെള്ളപ്പെണ്ണേന്ന് തന്നെ വിളിച്ചു. പെണ്ണിന് കുറേ സംശയം; എല്ലാം തീർത്ത് കൊടുത്തു, കണ്ണങ്കോരൻ-.
‘എന്തേ ചെയ്യണ് കണ്ണങ്കോരാ
കപ്പ മാന്തണ് വെള്ളപ്പെണ്ണേ
കപ്പയെന്നാലെന്തേ കോരാ
താഴോട്ടങ്ങന വളരണത്
കപ്പയെന്തിന് കൊള്ളാം കോരാ
തോണ്ടിയെടുത്താൽ തിന്നാൻ കൊള്ളാം
(അപ്പോഴേക്കും കണ്ണങ്കോരൻ കപ്പ പൊട്ടിച്ചെടുത്തു)
കപ്പയെന്തേ കറുത്തിരിക്കണ്
തോലുരിച്ചാൽ ചൊവചൊവക്കും
കപ്പയ്‌ക്കെന്തിത്ര നീളം കോരാ
വളമുള്ള മണ്ണല്ലേ വെള്ളപ്പെണ്ണേ
കപ്പയ്‌ക്കെന്തിത്ര വണ്ണം കോരാ
എളക്കോള്ള മണ്ണല്ലേ വെള്ളപ്പെണ്ണേ
(എന്നിട്ട് വെള്ളപ്പെണ്ണ് കപ്പമൂട്ടിലേക്കിറങ്ങി)
കപ്പയൊന്ന് ഞാൻ തൊട്ട് നോക്കട്ടെ
തൊട്ട് നോക്കിക്കോ വെള്ളപ്പെണ്ണേ
കപ്പയൊന്ന് ഞാൻ തടവി നോക്കട്ടെ
തടവി നോക്കിക്കോ വെള്ളപ്പെണ്ണേ
കപ്പയ്‌ക്കെന്തിത്ര കട്ടി കോരാ
ബലമുള്ള തടിയല്ലേ വെള്ളപ്പെണ്ണേ
കപ്പയിലെന്തിത്ര വള്ളിക്കെട്ട്
വേര് പിണഞ്ഞതാ വെള്ളപ്പെണ്ണേ
കപ്പയിലെന്തിത്ര പൊടിപടലം
മണ്ണ് പൊതിഞ്ഞതാ വെള്ളപ്പെണ്ണേ
കപ്പയൊന്ന് ഞാൻ രുചിച്ച് നോക്കട്ടെ
വേഗം രുചിച്ചോളൂ വെള്ളപ്പെണ്ണേ
കപ്പയ്‌ക്കെന്തിത്ര കയ്‌പ് കോരാ
ഉപ്പുള്ള മണ്ണിൽ വളർന്നതോണ്ട്
കപ്പയൊന്ന് ഞാൻ മടിയിൽ വെച്ചോട്ടെ
വേഗം വെച്ചോളൂ വെള്ളപ്പെണ്ണേ
കപ്പമേൽ ഞാനൊന്നിരുന്നോട്ടെ കോരാ
വേഗമിരുന്നോളൂ വെള്ളപ്പെണ്ണേ
കപ്പ കൊണ്ട് മുറിയുമോ കോരാ
ഇല്ല, മുറിയില്ല വെള്ളപ്പെണ്ണേ
കപ്പയെന്നെ കടിക്കുമോ കോരാ
ഇല്ല, കടിക്കില്ല വെള്ളപ്പെണ്ണേ
കപ്പയ്‌ക്കെന്തിത്ര കടുപ്പം കോരാ
മുറ്റ് കൂടിയതാണ് പെണ്ണേ
കപ്പയ്‌്‌ക്കെന്തിത്ര കുലുക്കം കോരാ
മണ്ണിന്റെ കുലുക്കം കൊണ്ടാണ് പെണ്ണേ
കപ്പയ്‌ക്കെന്തൊരു നനവ് കോരാ
മഴവെള്ളം പറ്റിയതാണ് പെണ്ണേ
ഏറ്റവുമൊടുക്കം വെള്ളപ്പെണ്ണ് ചോദിച്ചു-
ഇതെന്ത് കോരാ കയ്യിലിരിക്കണ്
ഇതാണ് കപ്പയെൻ വെള്ളപ്പെണ്ണേ’
“നീയിപ്പൊ എന്തിനാ ആ കഥയെപ്പറ്റി പറഞ്ഞത്?” ഞാൻ ചോദിച്ചു.
“കണ്ണങ്കോരന്റെ കഥയ്‌ക്കൊരു പ്രത്യേകതയുണ്ട്. അത് കേൾക്കുന്ന ഓരോ പ്രായക്കാരും അതിനെ ഓരോ രീതിയിലാവും വായിക്കുക. കുട്ടികളായിരുന്നപ്പൊ നമ്മളതിനെ നിഷ്‌കളങ്കമായി പാടി നടന്നു. വളരുന്തോറും അതിലെ വരികളിലും സന്ദർഭത്തിലും പുതിയ അർഥങ്ങൾ കണ്ടെത്തിത്തുടങ്ങി. ആദ്യമായി കൈപ്പണി നടത്തി ഉള്ളംകൈ നനഞ്ഞ രാത്രിയിലാണ് കണ്ണങ്കോരന്റെ കഥ എനിക്ക് തിരിഞ്ഞത്. എല്ലാ കഥകളും ഇങ്ങനെ തന്നെ. ഒന്ന് മാറി നിന്ന് നോക്കിയാൽ പുതിയൊരു ചിത്രം കാണാനാവും.”
“അതുപോട്ടെ, നമ്മളിപ്പം എങ്ങോട്ടാ യാത്ര?”
“ടീച്ചർമുക്കിലേക്ക്. സാക്ഷാൽ പ്രഭ ടീച്ചറുടെ വീട് കാണാൻ.”
ഞാൻ നിന്നു.
“എനിക്കിപ്പൊ അവരുടെ വീട് കണ്ടിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അവരുടെ സത്യമാണ് വേണ്ടത്. നാടകം ചെയ്യാൻ.”
“രഘൂ, നീയിപ്പൊഴും നാടകക്കാരന്റെ കണ്ണ് കൊണ്ടാ പ്രഭ ടീച്ചറെ നോക്കുന്നത്. അതുകൊണ്ടാ നിന്റെ മനസ്സിൽ ചോദ്യവും ഉത്തരവും മാത്രമുള്ളത്. അതൊക്കെ മാറ്റിവെയ്‌ക്ക്. ഈ രാത്രി നമുക്കാ വീടൊന്ന് പോയി കാണാം. വെറുതേ കാണാം.”
പെട്ടെന്ന് മൃദുലയെ ഓർമവന്നു. നാടകത്തിൽ ഡയലോഗായി ഉൾപ്പെടുത്താൻ അവളെഴുതിയ പാരബിൾ പോലുള്ള ഒരു കഥയുണ്ട്. ഒരിക്കലെനിക്ക് വായിക്കാൻ തന്നു. കവിതയും കഥയും നാടകവും നോവലും കൂടി ഒരു യാത്ര പോകുന്നു. കാഴ്‌ചകളേറെയില്ലാത്ത ഒരു മരുപ്രദേശം താണ്ടവേ ഒറ്റപ്പെട്ട ഒരു ചെടി കണ്ടു അവർ. ആരോ നട്ടതാണ്. എന്നും നനയ്‌ക്കുന്നുമുണ്ട്. "നട്ടയാളെ കാണണം’, കൂട്ടത്തിൽ ചെറുപ്പമായ കഥ യാത്രയായി. "നടാനുള്ള കാരണവുമറിയണം’, നോവലും ഒപ്പം കൂടി. "ഈ നാടിനെ മരുഭൂമിയാക്കിയവരെ ഇത് കാണിക്കണം’, ആളെക്കൂട്ടാൻ നാടകം പോയി. കൂട്ടത്തിൽ മുതിർന്ന, ആദ്യം യാത്ര തിരിച്ച, കവിത മാത്രം നിന്നു. പൊരിവെയിലത്ത്, ക്ഷമയോടെ, ചെടി വളരുന്നതും നോക്കി.
നാടകക്കാരന്റെ അങ്കി അഴിച്ചുവച്ച് ഈ രാത്രി ഒരു കാഴ്‌ചക്കാരൻ മാത്രമാകാമെന്ന് ഞാനും തീരുമാനിച്ചു. ഹരിയും പ്രഭ ടീച്ചറും ടീച്ചർമുക്കിലെ കഥകളും കൈപിടിക്കുന്ന വഴിയേ കണ്ണും മനവും തുറന്നുപിടിച്ച് നടക്കാൻ ഞാനെന്നെ പെട്ടെന്ന് പാകമാക്കി.
10
ടീച്ചർമുക്കിലെത്താൻ ഇനിയുമൊരു മണിക്കൂർ നടക്കേണ്ടിവരും. ഇപ്പോൾതന്നെ ഇരുട്ട് പരന്നുകഴിഞ്ഞു.
വരമ്പ് കടന്നുള്ള എളുപ്പവഴി പിടിച്ചതുകൊണ്ട് വിചാരിച്ചതിലും നേരത്തെ ഞങ്ങൾ സ്ഥലത്തെത്തി. രണ്ടാൾക്കും പരിചയമുള്ള സ്ഥലമാണെങ്കിലും അന്നവിടെ പുതിയൊരു പരിവേഷം നിറഞ്ഞ് കെട്ടി നിൽക്കുന്നത് പോലെ തോന്നി.
പീടികകളൊക്കെ അടച്ചു. സ്ട്രീറ്റ് ലൈറ്റിന്റെ വട്ടത്തിന് പുറത്തുനിന്ന് ഞങ്ങൾ ആകമാനം ഒന്ന് വീക്ഷിച്ചു. പ്രഭ ടീച്ചറുടെ വീട് കണ്ണെത്തുംദൂരത്തുണ്ട്. ആരും ഉപയോഗിക്കാറില്ലാത്ത ഒരിടവഴി മാത്രമേയുള്ളൂ അവിടേക്ക്. ആ വീട്ടിലേക്ക് മാത്രമുള്ള വഴിയായതിനാൽ അത് പറിച്ച് വൃത്തിയാക്കിയിടാൻ ആരും മെനക്കെടുന്നുമില്ല. എപ്പോഴും കൈയിൽ കരുതുന്ന ചെറിയ ബാറ്ററി ടോർച്ച് തെളിയിച്ച് ഹരി മുന്നേ നടന്നു. മഴക്കാലത്ത് ഒഴുക്കുവെള്ളം കുതിച്ച് മറിഞ്ഞതിന്റെ മുറിവുകളുണ്ട് വഴിയുടെ ശരീരത്തിൽ.
പ്രഭ ടീച്ചറുടെ വീടിനും ആ വഴിയുടെ യോഗം തന്നെ. നമ്മുടെ സാമീപ്യം ആരിൽനിന്നോ മറയ്‌ക്കാനെന്ന മട്ടിൽ ഹരി ലൈറ്റ് കെടുത്തി. ആകാശത്തിന്റെ ഇരുൾപടം പശ്ചാത്തലമാക്കി തല വിടർന്നു നിൽക്കുന്ന പന ആ മുറ്റത്തുനിന്ന് കാണാമായിരുന്നു. ഞങ്ങൾ ഒരു വലത്ത് നടന്ന് നോക്കി. രാത്രിയിൽ ഈ വീടിന് മുന്നിൽ വന്ന് നിൽക്കുന്നതിൽ എന്ത് വിശേഷമെന്ന് ഞാൻ പിന്നെയും ചിന്തിച്ചു.
“നമുക്ക് വീട് കാണാൻ പകൽ വന്നാൽ പോരെ? ഈ കണ്ണ് കുത്തുന്ന ഇരുട്ടിൽ ഇവിടെ നിക്കണോ?”
എന്റെ നേരെ കണ്ണ് നീട്ടാതെ തന്നെ ഹരി പറഞ്ഞു, “പ്രഭ ടീച്ചറെക്കുറിച്ച് നമ്മൾ സംസാരിച്ചതിന്റെ പിറ്റേന്ന് മുതൽ ഞാൻ ഇടയ്‌ക്കിടെ ടീച്ചർമുക്കിലേക്ക് വന്നിരുന്നു. ഈ വീട്ടിൽ ഇപ്പോഴും ആരോ താമസിക്കുന്നുണ്ട്. ഒന്നുകിൽ ആ ടീച്ചർ ഇപ്പോഴും ജീവനോടെ ഇവിടെയുണ്ട്. അല്ലെങ്കിൽ അവരുടെ ആത്മാവ് ഇവിടേക്ക് വരത്തുപോക്ക് നടത്തുന്നുണ്ട്. പഴയപോലെ മന്ത്രവാദവും കുരുതിയുമൊക്കെ ഇപ്പോഴും ഇവിടെ നടക്കുന്നുണ്ട്.”
“നീയെന്ത് വെളിവുകേടാ പറയുന്നെ? അവരെന്നേ മരിച്ച് മണ്ണടിഞ്ഞ് കാണും. ഇവിടെ വല്ല വെള്ളമടി ടീമും...”
മുഴുമിപ്പിക്കാൻ കഴിയും മുമ്പേ വീട്ടിനകത്ത് തെളിഞ്ഞ ചെറുവെളിച്ചം ചിതൽ കയറി വിടവ് വീണ ജനൽപ്പാളിയിലൂടെ എന്നെ തുറിച്ചുനോക്കി. അകത്താരോ ഉണ്ടെന്ന് എനിക്കും നിശ്ചയമായി. കാൽപ്പെരുമാറ്റം കേൾക്കുന്നുണ്ടോ? പ്രഭ ടീച്ചറാണോ? ആണെങ്കിൽ, കേട്ട കഥകളിൽ ഏത് വേഷമായിരിക്കും ഇപ്പോഴവർക്ക്? ഞാനൊന്നുകൂടി പനന്തലപ്പിലെ ഇരുളിലേക്ക് നോക്കി. അവിടെ നിന്നൊരു ഭയം എന്നിലേക്കിറങ്ങി വന്നു. ഈ രാത്രിയിൽ പിറക്കാനിരിക്കുന്ന ടീച്ചർമുക്കിലെ പുതിയ കഥയിൽ കഥാപാത്രമായോ കാണിയായോ ഭാഗമാകാൻ എനിക്കാകില്ലെന്ന് അതേ നിമിഷംതന്നെ ഞാൻ തീരുമാനമെടുത്തു.
ഹരിയുടെ കൈയിൽ മുറുകെപ്പിടിച്ച് വെളിച്ചം വീഴാത്ത കുണ്ടുവഴിയിലൂടെ തട്ടിത്തടഞ്ഞ് മുന്നേറുമ്പോൾ തന്റെ കാതുകളിലേക്ക് വീഴുന്ന ആ സ്വരങ്ങൾ സത്യമാണോ എന്നുറപ്പിക്കാൻ രഘു വീണ്ടും വീണ്ടും ശ്രദ്ധിച്ചു. താഴ്‌ന്ന സ്ഥായിയിൽ തുടങ്ങി, ഉയർച്ചയിലേക്ക് നീളുന്ന സ്വരങ്ങൾ- അ, ആ... .










0 comments