കഥ
ഡെഫേർഡ് ലൈവ്

അനീഷ് ബർസോം
Published on Apr 20, 2026, 03:02 PM | 18 min read
1
കോവളത്തെ ബീച്ച് സൈഡ് ബാറിന്റെ ബാൽക്കണിയിൽ ഇരുന്ന്, ചാനലിന്റെ ന്യൂസ് എഡിറ്റർ അരവിന്ദ് നാലാമത്തെ ബിയർ മൂന്ന് ഗ്ലാസുകളിലേക്ക് ചരിച്ചൊഴിച്ചു. മുക്കാലും നിറഞ്ഞ ഗ്ലാസുകളിൽ നുരയുള്ള തുല്യത. റിപ്പോർട്ടർ അശ്വജിത്തും ഡെസ്‌ക് ചീഫ് അനീഷുമായിരുന്നു കൂടെ. രാത്രിയുടെ കറുത്ത രക്തം കടലോരവൃക്ഷങ്ങളിൽ പുരണ്ടുതുടങ്ങി. കടൽ ഒരു ലിംഗഹീനനെ പോലെ കരയെ നിരർഥകമായി ഭോഗിച്ചുകൊണ്ടിരുന്നു.
വിശ്വാസസംരക്ഷണ പ്രക്ഷോഭം കത്തിനിൽക്കുന്ന സമയമായതുകൊണ്ട് റിപ്പോർട്ടിങ്ങിനെ കുറിച്ചാണ് അരവിന്ദ് സംസാരിച്ചത്. ‘‘ഇത്തരം സിറ്റുവേഷനിൽ ലൈവ് തന്നെ വേണമെന്ന് നിർബന്ധമില്ല. പ്രത്യേകിച്ചും വികാരം മാത്രം തിളയ്‌ക്കുന്ന സമരരംഗത്ത്. ലൈവ് റിസ്‌കാണ്. റിപ്പോർട്ടർ ലൈവ് പോലെ പ്രക്ഷോഭസ്ഥലത്തുനിന്ന് ഷൂട്ട് ചെയ്‌ത് ഡെസ്‌കിലേക്ക് ഫീഡ് ചെയ്‌താൽ മതി. ഡെസ്‌കിൽനിന്ന് എഡിറ്റ് ചെയ്‌ത്, വിഷ്വലും ബൈറ്റും ആഡ് ചെയ്‌ത് ഡെഫേർഡ് ലൈവായി കൊടുക്കാം. ലൈവ് പോലെ ഫീൽ ചെയ്‌തോളും.''
പകൽ മുഴുവൻ വിശ്വാസ സംരക്ഷണ ഘോഷയാത്ര റിപ്പോർട്ട് ചെയ്‌തിട്ട് വന്ന അശ്വജിത്തിന് യോജിക്കാനായില്ല. ‘‘ലൈവ്- തത്സമയം- അതല്ലേ ഇന്നിപ്പോൾ ന്യൂസ് ചാനലുകളുടെ ബേസിക് കൺസപ്റ്റ്. ഡെഫേർഡ് ലൈവ് കൊടുത്ത് അതിനെ എങ്ങനെ വഞ്ചിക്കാൻ പറ്റും? പ്രതിഷേധക്കാർ ഇപ്പോൾ എന്ത് ചെയ്യുന്നു എന്നതല്ലേ പ്രേക്ഷകനെ കാണിക്കേണ്ടതെ? മാത്രമല്ല, മറ്റ് ചാനലുകൾ അതൊക്കെ കാണിക്കില്ലേ...'' അവന്റെ മീശമുനമ്പിൽ ബിയർ കുമിളകൾ കൂട്ടത്തോടെ ചത്തു.
അരവിന്ദ് മൊബൈലിൽ നോക്കി ക്കൊണ്ടാണ് മറുപടി പറഞ്ഞത്. അപ്പോഴൊക്കെ കീഴ്‌ചുണ്ട് കടിച്ചുകൊണ്ടിരുന്നു. ‘‘തിരിച്ചുചോദിച്ചാൽ ഇന്നിപ്പോൾ എന്താണ് ലൈവ്? യൂട്യൂബ് സ്ട്രീമിങ് ആയാലും ഡിടിഎച്ച് ആയാലും പ്രേക്ഷകൻ ഇഷ്ടമുള്ളിടത്തേക്ക് ബാക്ക് പോയിട്ടാണ് ബുള്ളറ്റിൻ കാണുന്നത്. അതായത്, ആ പ്രേക്ഷകന്റെ ലൈവ് അരമണിക്കൂറോ ഒരു മണിക്കുറോ പിന്നിൽ നിന്ന്, അയാൾക്ക് ആവശ്യമുള്ള ഏതോ പോയിന്റിൽ നിന്നാണ് തുടങ്ങിയത്. ഓരോരുത്തർക്കും ഓരോ ലൈവാണ്. അല്ലെങ്കിൽ ലൈവ് ടെലികാസ്റ്റിങ്ങനെ നമ്മൾ തന്നെ പല കഷ്‌ണങ്ങളായി എഫ്ബി പേജിൽ അപ്‌ലോഡ് ചെയ്യും. ഒരു എഫ്ബി വ്യൂവറിന് കിട്ടുന്നത് ലൈവിന്റെ മുറിച്ചിട്ട അനേകം കഷ്‌ണങ്ങളാണ്.'' അരവിന്ദ് മൊബൈലിൽ നിന്ന് തലയുയർത്തി അശ്വജിത്തിന് നേരെ കണ്ണുകൂർപ്പിച്ച് തുടർന്നു. ‘‘അപ്പോൾ എവിടെയാണ്, എപ്പോഴാണ് തത്സമയം?''
ചിത്രീകരണം: സുനിൽ അശോകപുരം
‘‘അത് വാലിഡ് പോയിന്റാണ്.'' അനീഷ് ശരിവച്ചു. കണിശമായ അഭിപ്രായങ്ങൾ സ്വന്തമായി ഉണ്ടായാലും, അത് മൂടിവയ്‌ക്കുന്നതാണ് അനീഷിന്റെ ശീലം. പകരം മറ്റുള്ളവരുടെ അരികുപറ്റി അലോസരങ്ങൾ ഉണ്ടാക്കാതെ സംസാരിക്കും. അധൈര്യമാണ് അനീഷ്.
അശ്വജിത്ത് മറ്റൊരു സാധ്യതയാണ് അന്വേഷിച്ചത്. ‘‘ഡെഫേർഡ് ലൈവ്. നീട്ടിവയ്‌ക്കപ്പെട്ട തത്സമയം. ഇതിനെ ജീവിതത്തിലേക്ക് കൺവേർട്ട് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ. നമ്മൾ അഭിമുഖീകരിക്കേണ്ട ഒരു ജീവിതസന്ദർഭം. അവിടെ എന്ത് ചെയ്യണമെന്ന, എന്ത് പറയണമെന്ന നമ്മുടെ ഭാഗം മുൻകൂർ തയ്യാറാക്കി വയ്‌ക്കുന്നു. എന്നിട്ട് ആ ജീവിത സന്ദർഭം വരുമ്പോൾ, അതെടുത്ത് പ്ലേ ചെയ്യുന്നു. കാലത്തോടുള്ള കൈവിട്ട കളി.''
അരവിന്ദും അനീഷും ഊറിച്ചിരിച്ചു. അരവിന്ദ് അപ്പോഴും വാട്‌സാപ്പിൽ മെസേജ് അയയ്‌ക്കുകയായിരുന്നു. ചാനലിലെ ന്യൂസ് റീഡറായ, അശ്വജിത്തിന്റെ കാമുകി ഫർഹാനയ്‌ക്കാണ് അരവിന്ദ് മെസേജ് അയച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി അശ്വജിത്തും ഫർഹാനയും മറയില്ലാത്ത പ്രണയത്തിലാണ്. മദ്യപാനക്കൂട്ടിൽനിന്ന് സാവധാനം പ്രണയത്തിലേക്ക് പറന്നുപോയവർ. സഹജീവനമെന്ന് വിളിക്കാവുന്ന വിധം, മിക്ക ദിവസവും ഫ്ലാറ്റിൽ ഒരുമിച്ച് തങ്ങുന്ന ജീവിതാഘോഷത്തിലാണ് അവർ. പ്രഖ്യാപിക്കപ്പെട്ട പ്രണയദാമ്പത്യം.
ഫർഹാനയ്‌ക്ക് അരവിന്ദ് അവസാനം അയച്ച മെസേജ് ഇങ്ങനെയായിരുന്നു. ‘‘ഇന്ന് സാരിയുടുത്ത് വന്നപ്പോഴാണ് നിന്റെ വയറും പുക്കിളും ഞാൻ ആദ്യമായി കണ്ടത്. എന്തൊരു വെളുപ്പാണ്. വയറിന് ഇത്ര വെളുപ്പാണെങ്കിൽ തുടകൾക്ക് എന്ത് വെളുപ്പായിരിക്കും.'' അരവിന്ദ് ഷർട്ടിന്റെ അവസാനത്തെ ബട്ടൺ പിടിച്ച് തിരിച്ചുകൊണ്ടിരുന്നു.
കടലും രാത്രിയും കൂടിക്കലർന്ന്, ഇരുട്ടിന്റെ കൂറ്റൻ കെണിയായി അവർക്ക് മുന്നിൽ ആർത്തിരമ്പി. ലൈറ്റ് ഹൗസിന്റെ തീക്കണ്ണുകൾ ഇരുൾമറവുകളിൽ ജാരനെ തിരഞ്ഞ് വെറുതെ വട്ടംകറങ്ങി.
2
പിറ്റേന്ന് അശ്വജിത്ത് വൈകിയാണ് ഉണർന്നത്. കോവളത്ത് നിന്ന് പാറ്റൂരിലെ ഫ്ലാറ്റിലേക്ക് എത്തിയപ്പോൾ തന്നെ പാതിരാത്രിയായി. പിന്നെ ബിയർ തരുന്ന ദീർഘകാമത്തിന്റെ ഉദ്ദീപനത്തിൽ സ്വയംഭോഗവും ചെയ്‌തിട്ടാണ് കിടന്നത്. മനസ്സിൽ ധ്യാനിച്ചത് എച്ച്ആർ ഡിപ്പാർട്ട്‌മെന്റിലെ സൗമ്യയെയാണ്. അങ്ങനൊരു ആഭിമുഖ്യം ഉണ്ടെന്ന് അശ്വജിത്ത് സൗമ്യയോട് പറഞ്ഞിട്ടില്ല.
തടിച്ചുതൂങ്ങിയ വൃദ്ധതയുള്ള മുലകളാണ് സൗമ്യയുടേത്. ചുമലിൽ ചാരിനിന്ന് ജീവിതപരിഭവം പറയുമ്പോഴൊക്കെ ആ മുലകളുടെ ജലമൃദുലത അവൻ ശരീരംകൊണ്ട് അറിഞ്ഞിട്ടുണ്ട്. മേഘത്തിലെന്ന പോലെ ആ മുലകൾക്ക് മുകളിൽ കിടക്കാൻ അവനൊരു ഗൂഢമോഹമുണ്ട്. എങ്കിലും ഏറ്റവും പ്രിയപ്പെട്ട സ്‌നേഹച്ചൂട് എന്നതിനപ്പുറം അവനൊന്നും സൗമ്യയോട് പ്രകടിപ്പിച്ചിട്ടില്ല.
പത്ത് വയസ്സിന് ഇളയതാണെങ്കിലും ഏത് പ്രതിസന്ധിയിലും കയറിനിൽക്കാവുന്ന സ്‌നേഹമേലാപ്പാണ് സൗമ്യയ്‌ക്ക് അശ്വജിത്ത്. വിവാഹമോചനം കഴിഞ്ഞ് ഒറ്റയ്‌ക്ക് കഴിയുന്നതുകൊണ്ട്, പലരും നഖമുള്ള വിരലുകൊണ്ട് സൗമ്യയെ തോണ്ടി വിളിക്കും. ഇതിന്റെയെല്ലാം പരിഭവഭാണ്ഡം ഇറക്കുക അശ്വജിത്തിന്റെ ചുമലിലാണ്. സൗമ്യ ഏറ്റവും കൂടുതൽ പരാതി പറഞ്ഞത്, പ്രോഗ്രാം ചീഫ് വിഷ്‌ണുപ്രകാശിനെ കുറിച്ചാണ്. കാര്യമൊന്നുമില്ലെങ്കിലും എച്ച്ആറിന്റെ ക്യാബിനിലേക്ക് പെൺമാംസം മണത്ത് വിഷ്‌ണുപ്രകാശ് വലിഞ്ഞുകയറും. ചുരിദാറിന് മുകളിലൂടെ ഏന്തി നോക്കും. ആരെങ്കിലും സൗമ്യയോട് സംസാരിച്ചുനിന്നാൽ അവരോട് പോയി അകാരണമായി കയർക്കും. വിഷ്‌ണുപ്രകാശ് പ്രോഗ്രാം ഡിപ്പാർട്ട്‌മെന്റിൽ ആണെങ്കിലും, തിരുവനന്തപുരം ബ്യൂറോയിലുള്ള അശ്വജിത്തിനോട് പലവട്ടം അനാവശ്യമായി വഴക്കിട്ടിട്ടുണ്ട്.
ചിത്രീകരണം: സുനിൽ അശോകപുരം
സൗമ്യ എപ്പോഴും വന്ന് അശ്വജിത്തിനോട് പരാധീനത പറയുന്നത് ഫർഹാനയ്‌ക്ക് ഇഷ്ടമല്ല. അതിന്റെ പേരിൽ നിത്യം ശണ്ഠയാണ്. വഴക്കിനെ സ്‌നേഹത്തിന്റെ ആവിഷ്‌കാരമായാണ് ഫർഹാന കാണുന്നതെന്ന് അശ്വജിത്തിന് തോന്നിയിട്ടുണ്ട്.
ശമ്പളം മുടങ്ങി പൂട്ടാറായ ചാനലിൽ നിന്നാണ് മൂന്ന് വർഷം മുമ്പ് ഫർഹാന വന്നത്. അവളെ റീഡിങ്ങിന് പരീക്ഷിക്കാമെന്ന് അരവിന്ദിനോട് പറഞ്ഞത് അശ്വജിത്താണ്. അതിന് നന്ദി പറയാൻ പാറ്റൂരിലെ ബാറിന്റെ റൂഫ്‌ടോപ്പിൽ തുടങ്ങിയ ബന്ധമാണ്. പിന്നെ ഒരേ ജോയിന്റിൽ പുകഞ്ഞ് രാത്രികളിൽ മുറിയിൽ നഗ്നരായി നടക്കുന്ന ഉന്മാദത്തോളം അവരെത്തി.
സ്‌നേഹ കാർക്കശ്യത്തിന്റെ പിടിവാശികളാണ് ഫർഹാനയിൽ അവനെ കൊരുത്തിട്ടത്. പരീഡ്സിന്റെ ദിവസങ്ങളിൽ ഫർഹാനയുടെ കലഹങ്ങൾ പൊട്ടിത്തെറികളാകും. അപ്പോൾ വാക്കിന്റെ കത്തിമുന കൊണ്ട് അവന്റെ ശരീരമാകെ പോന്തിക്കീറും. എത്ര നീറിയാലും ഓരോ കലഹത്തിന് ശേഷവും സ്‌നേഹാടിമത്വത്തോടെ അവൻ അങ്ങോട്ട് ചെല്ലും, എല്ലാം ആവർത്തിക്കുമെന്ന് അറിയാമെങ്കിലും. പ്രണയത്തിലെ പ്രോമിത്യൂസിയൻ ദുഃഖാവർത്തനം.
3
രാവിലെ പത്ത് മണിയോടെ വിശ്വാസ സംരക്ഷണ പ്രക്ഷോഭകർ ചാനൽ ഓഫീസ് വളഞ്ഞു. സെക്രട്ടറിയറ്റിന് മുന്നിൽ സംഘടിച്ച ശേഷമായിരുന്നു ചാനൽ ഓഫീസിലേക്കുള്ള നൂറോളം പേരുടെ മാർച്ച്. എക്‌സിക്യൂട്ടീവ് എഡിറ്റർ ബാലകൃഷ്‌ണൻ എസിപിയെ വിളിച്ച് മാർച്ചിന്റെ കാര്യം പറഞ്ഞിരുന്നു. അതുകൊണ്ട് ഓഫീസിലേക്കുള്ള മൂന്ന് വഴികളിലും പൊലീസ് ബാരിക്കേഡ് വച്ച് കവചമൊരുക്കി. തീ പിടിപ്പിക്കുന്ന മുദ്രാവാക്യങ്ങളുമായി പകൽ മുഴുവൻ ബാരിക്കേഡിന് മുന്നിൽ പ്രതിഷേധക്കാർ തിളച്ചുനിന്നു. ഇടയ്‌ക്ക് രണ്ടുവട്ടം രോഷത്തള്ളിച്ചയാൽ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചപ്പോൾ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ചാനലിനെ ഇത്ര വലിയ പ്രതിസന്ധിയിലാക്കിയത് അശ്വജിത്തിന്റെ ലൈവ് റിപ്പോർട്ടിങ്ങിനിടെ ഉണ്ടായ ഒരു പ്രയോഗമാണ്. വിശ്വാസ സംരക്ഷണ പ്രക്ഷോഭകരെ ‘ഭക്തർ' എന്നുമാത്രം വിശേഷിപ്പിക്കാനായിരുന്നു എഡിറ്റോറിയൽ ബോർഡ് തീരുമാനം. പക്ഷെ ജാതി സംഘടനകളുടെ ഘോഷയാത്ര റിപ്പോർട്ട് ചെയ്യുന്നതിനിടെ അശ്വജിത്ത് ഇത് തെറ്റിച്ചു. പത്തനംതിട്ടയിൽ പ്രതിഷേധക്കാർ അക്രമാസക്തരായെന്നും പൊലീസുമായി ഏറ്റുമുട്ടിയെന്നും ലൈവിനിടെ അശ്വജിത്ത് പറഞ്ഞു. ഇതോടെ ചാനൽ റിപ്പോർട്ടർ ഭക്തരെ അക്രമികളെന്ന് വിളിച്ചെന്ന പ്രചാരണം ഇടിത്തീ പോലെ വന്നുവീണു. അത് നാടാകെ ചുട്ടെരിക്കാൻ തീനാവുള്ള ഒരു ചുടലാഗ്നിയായി പടർന്നു.
ജലപീരങ്കി പ്രയോഗിക്കുന്നതിനിടെ ബാരിക്കേഡിന് മുകളിൽ കയറിനിന്ന് മുദ്രാവാക്യം വിളിക്കുന്ന സ്ത്രീയുടെ ചിത്രം പ്രതിഷേധക്കാരുടെ ഫോട്ടോഗ്രാഫർ തന്നെ പകർത്തിയിരുന്നു. ആ ഫോട്ടോ ട്വിറ്ററിലും ഫേസ്ബുക്കിലും വാട്‌സാപ്പിലും മിന്നൽവേഗത്തിൽ പാഞ്ഞു. അത് നാഷണൽ ട്രെൻഡിങ്ങായി. മതനിന്ദ നടത്തിയ ചാനലിനെ ജനങ്ങൾ ബഹിഷ്‌കരിക്കണമെന്നും മതബോധമുള്ള സ്ഥാപനങ്ങൾ പരസ്യം പിൻവലിക്കണമെന്നുമായിരുന്നു പ്രക്ഷോഭകയുടെ ഫോട്ടോയ്‌ക്ക് ഒപ്പമുള്ള ആഹ്വാനം. ചാനൽ ഓഫീസിന് മുന്നിലെ ആൾക്കൂട്ടം വൈകിട്ട് പിരിഞ്ഞുപോയെങ്കിലും നവമാധ്യമങ്ങളിൽ അരൂപികളുടെ ആൾക്കൂട്ടം സംഘടിച്ചെത്തി. അവർ ചാനലിന്റെ സോഷ്യൽ മീഡിയ പേജുകൾ കൂട്ടത്തോടെ അൺഫോളോ ചെയ്‌തു. ഓരോ വാർത്താ പോസ്റ്റിന് താഴെയും ബഹിഷ്‌കരണാഹ്വാനം നിറഞ്ഞു.
പകൽ മുഴുവൻ അശ്വജിത്ത് ബ്യൂറോയിൽ തന്നെ ഇരുന്നു. സ്റ്റുഡിയോ കോംപ്ലക്‌സിൽ തന്നെയാണ് തിരുവനന്തപുരം ബ്യൂറോയും. ഇൻപുട്ട് ചീഫ് രാഗേഷ് അശ്വജിത്തിനെ പിന്തുണച്ചും ആശ്വസിപ്പിച്ചും ഒപ്പമിരുന്നു. ‘ബാബ്‌റി മസ്ജിദ് ധ്വംസനാനന്തരം മലയാള മാധ്യമങ്ങളിലെ മുസ്ലീം പ്രതിനിധാനം' എന്ന വിഷയത്തിൽ തീസിസ് എഴുതിയിട്ടുള്ളയാളാണ് രാഗേഷ്. എന്തിനെയും സ്വത്വരാഷ്‌ട്രീയത്തിന്റെ കോൽകൊണ്ട് അളക്കുന്നയാൾ.
‘‘നീ വിഷമിക്കണ്ട. വിമോചന സമരത്തിന് ശേഷം കേരള ചരിത്രത്തെ രണ്ടായി പിളർക്കും വിധമുള്ള പ്രക്ഷോഭമാണ് നടക്കുന്നത്. ഇതിൽ ആചാരമൊന്നുമല്ല പ്രശ്നം. ഒരു നിർണായക സന്ദർഭം വന്നപ്പോൾ, പൂർവനിശ്ചിതമായ സ്വത്വസ്ഥാനങ്ങളിലേക്ക് സമുദായങ്ങളും വ്യക്തികളും കയറിയിരിക്കുന്നതാണ്...'' അങ്ങിങ്ങ് നരച്ചുതുടങ്ങിയ താടി ചൊറിഞ്ഞുകൊണ്ട് രാഗേഷ് സംസാരിച്ചു.
‘‘ഇത്രയേറെ ക്രൂശിക്കപ്പെടാൻ ഞാൻ ഒരു തെറ്റും ചെയ്‌തില്ലല്ലോ. അക്രമി എന്ന വാക്ക് ഞാൻ പറഞ്ഞില്ലല്ലോ. ഞാൻ പറഞ്ഞതല്ലല്ലോ പ്രചരിക്കപ്പെടുന്നത്. അപ്പോൾ എന്റെ കൂടെയല്ലേ സ്ഥാപനം നിൽക്കേണ്ടത്?'' അശ്വജിത്തിന് മനസ്സിലായില്ല.
രാഗേഷ് അക്കാദമിക് ആശ്വസിപ്പിക്കൽ തുടർന്നു. അതൊന്നും അശ്വജിത്തിനെ സ്‌പർശിച്ചതേയില്ല. അത് മനസ്സിലായപ്പോൾ രാഗേഷ് സ്വരം താഴ്‌ത്തി. ‘‘ഓരോ റിപ്പോർട്ടറുടെയും ആത്മവിശ്വാസം കാക്കേണ്ടത് ഇൻപുട്ടാണ്. പ്രത്യേകിച്ചും നിന്റെ കാര്യത്തിൽ. നിന്നെ ഞാൻ ചേർത്തുപിടിക്കും. നീ എനിക്ക് അത്രമേൽ വേണ്ടപ്പെട്ടവനാണ്. നീയെനിക്ക് ഏറ്റവും വേണ്ടപ്പെട്ടവനാണ്.''
പക്ഷെ മാനേജ്‌മെന്റ് വിറച്ചു. കാരണം, അപ്പോഴേക്കും ഒരു വമ്പൻ ജ്വല്ലറി ഗ്രൂപ്പ് പരസ്യം പിൻവലിക്കാൻ മാർക്കറ്റിങ് ഡിപ്പാർട്ട്‌മെന്റിന് നോട്ടീസ് കൊടുത്തു. കോടികളുടെ വാർഷിക കരാറാണ് പിൻവലിക്കുന്നത്. പെട്ടെന്ന് ഇടപെട്ടില്ലെങ്കിൽ പ്രശ്‌നം കൈവിട്ടുപോകുമെന്ന് കമ്പനി ചെയർമാനെ വിളിച്ച് ബിസിനസ് ഹെഡ് പറഞ്ഞു. ഉടൻ ഡയറക്ടർമാർ യോഗം ഓൺലൈനിൽ ചേർന്നു. തലയൂരാനുള്ള വഴികൾ വിശദമായി ചർച്ച ചെയ്‌തശേഷം, ഒരു പ്രസ്‌താവന പുറത്തിറക്കി. ഭക്തരോടുള്ള സ്ഥാപനത്തിന്റെ സമർപ്പണം വിശദീകരിച്ചും ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ചും കുറ്റക്കാർക്ക് എതിരെ നടപടി എടുക്കുമെന്ന് ഉറപ്പുകൊടുത്തുമുള്ള പ്രസ്‌താവന. അതിലെ വാക്കുകൾ അശ്വജിത്ത് തെറ്റ് ചെയ്‌തെന്ന് പരോക്ഷമായി സമ്മതിക്കുന്നതായിരുന്നു. അതാണ് അവനെ തകർത്തുകളഞ്ഞത്.
ചിത്രീകരണം: സുനിൽ അശോകപുരം
4
വിശ്വാസ സംരക്ഷണ പ്രക്ഷോഭത്തെ കുറിച്ചുള്ള റിപ്പോർട്ടിങ്ങിനിടെ ഉണ്ടായ ജാഗ്രതക്കുറവിന്റെ പേരിൽ സീനിയർ റിപ്പോർട്ടർ അശ്വജിത്തിനെയും അപ്പോഴത്തെ ഡെസ്‌ക് ചീഫ് അനീഷിനെയും എഡിറ്റോറിയൽ ബോർഡ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തു. ജീവനക്കാർക്കെല്ലാം ഇന്റേണൽ മെയിൽ വന്നു. ഇതൊരു വാർത്താക്കുറിപ്പിന്റെ രൂപത്തിലാക്കി ചാനലിന്റെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്‌തു.
അശ്വജിത്തിന് എതിരെ നടപടി ഉറപ്പായിരുന്നു. പക്ഷെ അനീഷിനെ സസ്‌പെൻഡ് ചെയ്‌തത് അപ്രതീക്ഷിതമായി. ലൈവ് നടക്കുമ്പോൾ റൺഡൗണിന്റെ ചുമതലക്കാരൻ എന്ന നിലയിലായിരുന്നു അനീഷിനെതിരായ നടപടി. അങ്ങനെ അക്രമി എന്ന വിളിക്കപ്പെടാത്ത പ്രയോഗത്തിന്റെ പേരിൽ രണ്ട് പേർ ശിക്ഷിക്കപ്പെട്ടു.
എഡിറ്റോറിയൽ ബോർഡ് മീറ്റിങ്ങിന് പോകുന്നതിന് മുമ്പ് ഡെസ്‌കിന്റെ ഹെഡ് എന്ന നിലയിൽ ന്യൂസ് എഡിറ്റർ അരവിന്ദും പ്രോഗ്രാം ചീഫ് വിഷ്‌ണുപ്രകാശും അശ്വജിത്തിനെ കാണാൻ വന്നിരുന്നു. അരവിന്ദ് പറഞ്ഞു. ‘‘നടപടി ഉണ്ടാകുമെന്നല്ലേ മാനേജ്‌മെന്റ് പറഞ്ഞിട്ടുള്ളത്. താക്കീത് മുതൽ അങ്ങോട്ട് ഒരുപാട് നടപടിയുണ്ട്. നമുക്ക് പരമാവധി ഇറക്കിപ്പിടിക്കാം. എനിക്ക് നിന്നെ അറിയാവുന്നതല്ലേ, ആരെക്കാളും.'' അരവിന്ദ് ഷർട്ടിന്റെ അവസാന ബട്ടണിൽ പിടിച്ച് തിരിച്ചുകൊണ്ടാണ് സംസാരിച്ചത്.
ജ്വല്ലറി ഗ്രൂപ്പിന്റെ ഭീഷണിക്കൊന്നും വഴങ്ങരുതെന്ന് വിഷ്‌ണുപ്രകാശ് ആവേശംകൊണ്ടു. പകരം എതിർഗ്രൂപ്പുകളിൽ നിന്ന് കൂടുതൽ സ്‌പോട്ട് ടൈം വാങ്ങാനുള്ള മാർക്കറ്റിങ് സ്ട്രാറ്റജി വിശദീകരിച്ചു.
മീറ്റിങ്ങിന് തൊട്ടുമുമ്പും രാഗേഷ് തിരക്കിട്ട് വന്ന് ബ്യൂറോ ചീഫ് റോഷനോട് എന്തൊക്കെയോ രഹസ്യമായി സംസാരിച്ചു. മടങ്ങുമ്പോൾ അശ്വജിത്തിന്റെ തോളിൽ സ്‌നേഹത്തോടെ തട്ടിത്തലോടി.
കോൺഫറൻസ് ഹാളിൽ എഡിറ്റോറിയൽ ബോർഡ് ചേർന്നപ്പോൾ ആമുഖമായി സംസാരിച്ചത് എക്‌സിക്യൂട്ടീവ് എഡിറ്റർ ബാലകൃഷ്‌ണനാണ്. മാനേജ്‌മെന്റ് നിലപാട് അദ്ദേഹം വിശദീകരിച്ചു. സാമുദായിക സംഘടനാ നേതാക്കളെ നേരിൽ പോയി കണ്ട് ക്ഷമ ചോദിക്കാനും വേണ്ടിവന്നാൽ മാപ്പ് എഴുതി കൊടുക്കാനുംവരെ മാനേജ്‌മെന്റ് തയ്യാറാണ്.
ആദ്യം അഭിപ്രായം പറഞ്ഞത് അരവിന്ദാണ്. ‘‘ഏതെങ്കിലും സമുദായ സംഘടനകളുടെ ആസ്ഥാനത്ത് പോയി മാപ്പപേക്ഷ എഴുതി കൊടുക്കുകയല്ല മാനേജമെന്റ് ചെയ്യേണ്ടത്. ഇത്രേം പൊല്ലാപ്പ് ഉണ്ടാക്കിയ അശ്വജിത്തിനെ ഒരു ഇണ്ടാസ് എഴുതിക്കൊടുത്ത് ചവിട്ടിപ്പുറത്താക്കണം. ഇവനൊക്കെ അനുഭവിക്കണം. ഒരു കുടുംബത്തെ സംരക്ഷിക്കാൻ ഒരംഗത്തെ തീയിലേക്ക് എറിഞ്ഞുകൊടുക്കുന്നത് ധർമമാണ്.'' ക്ഷോഭംകൊണ്ട് പൊട്ടിത്തെറിച്ച് ദീർഘമായി സംസാരിക്കുന്നതിനിടെ പതിവിലുമേറെ തവണ അരവിന്ദ് കീഴ്‌ചുണ്ട് കടിച്ചു; ബലാത്സംഗത്തിന് മുമ്പ് തുണിയഴിക്കുന്ന നീചാസക്തനെ പോലെ.
വിഷ്‌ണുപ്രകാശ് വിശദീകരിച്ചതെല്ലാം മാർക്കറ്റിങ് കണക്കുകളാണ്. ‘‘ഈയൊരു ജ്വല്ലറി ഗ്രൂപ്പ് ആഡ് വിത്‌ഡ്രോ ചെയ്‌താൽ ഇയർലി നഷ്ടം രണ്ടര കോടി രൂപയാണ്. ഇനി ഏതൊക്കെ ഗ്രൂപ്പ്, ബിസിനസ് വിത്‌ഡ്രോ ചെയ്യുമെന്നും അറിയില്ല. പകരം ഗോൾഡ് മാർക്കറ്റിൽനിന്ന് ടാർജറ്റിനൊത്ത് വേറെ ബിസിനസൊന്നും കിട്ടാനുമില്ല. ടെക്‌സ്റ്റൈയിൽസ് പണ്ടേ ഡൗണാണ്. ഇതിനെല്ലാമുപരി വ്യൂവേഴ്‌സിന്റെ കൂട്ട ബഹിഷ്‌കരണം വന്നാൽ അത് ബാർക് റേറ്റിങ്ങിനെയും ബാധിക്കും. അതുകൊണ്ട് അശ്വജിത്തിനെതിരെ കർശന നടപടി തന്നെ വേണം.''
രാഗേഷിന്റെ വാദങ്ങളിൽ നിറയെ പ്രതികാരത്തിന്റെ ഗോത്രയുക്തിയായിരുന്നു. ‘‘ഇൻപുട്ടിന്റെ ഭാഗത്തുനിന്ന് ഒരാളെ പുറത്താക്കുകയാണെങ്കിൽ, ഔട്ട്പുട്ടിൽനിന്നും ഒരാളെ പുറത്താക്കണം. റിപ്പോർട്ടർക്ക് മാത്രമല്ലല്ലോ, അത് എയറിൽ കൊടുത്ത ഡെസ്‌ക് ചീഫിനും ഉത്തരവാദിത്തമില്ലേ. അനീഷിനെയും പുറത്താക്കണം. അല്ലെങ്കിൽ അത് ഞങ്ങളുടെ മൊറേലിനെ ബാധിക്കും.''
ചിത്രീകരണം: സുനിൽ അശോകപുരം
എക്‌സിക്യൂട്ടീവ് എഡിറ്റർ ബാലകൃഷ്‌ണൻ ലാപ്‌ടോപ്പിലെ അക്ഷരമുഴുപ്പുകളിലൂടെ വിരലോടിച്ചു. നിർണായക തീരുമാനത്തിന് മുന്നോടിയായുള്ള വിരലാലോചന. ‘‘നിങ്ങളെല്ലാം ഡിമാന്റ് ചെയ്യുംപോലെ ഇമ്മീഡിയറ്റ് ഡിസ്മിസൽ ഒന്നും പോസിബിളല്ല. അതിന് ചില പ്രൊസീജിയർ ഉണ്ട്. തൽക്കാലം ഒരു കാര്യം ചെയ്യാം. അശ്വജിത്തിനെ അനിശ്ചിത കാലത്തേക്ക് സസ്‌പെൻഡ് ചെയ്യാം. ഒപ്പം അനീഷിനേയും. അതോടെ പ്രൊട്ടസ്റ്റേഴ്‌സിനെ ഒന്ന് പാസിഫൈ ചെയ്യാനും പറ്റും. ബാക്കി മാനേജ്‌മെന്റ് തീരുമാനിക്കട്ടെ.''
എല്ലാവരും ആ തീരുമാനത്തിന് മൗനംകൊണ്ട് തുല്യം ചാർത്തി.
ഓരോരുത്തർക്കും അവരവർ വിജയിച്ചതായി തോന്നി. കോൺഫറൻസ് ഹാളിൽ കള്ളച്ചൂത് കഴിഞ്ഞ രാജസദസ്സിന്റെ ഗൂഢാനന്ദം നിറഞ്ഞു.
5
രാവിലെ പതിനൊന്ന് മണിക്ക് തുറന്നപ്പോൾ തന്നെ അശ്വജിത്തും അനീഷും ജനറൽ ആശുപത്രി ജങ്‌ഷനിലെ പത്മ ബാറിൽ കയറി. രണ്ട് ബിയറും രണ്ട് സ്‌പെഷ്യൽ ബീഫ് ഫ്രൈയും പറഞ്ഞാണ് തുടങ്ങിയത്. പിന്നെ കുപ്പികൾ മേശ നിറച്ചു. പക്ഷെ ബിയറിന്റെ മോർച്ചറിത്തണുപ്പും അവരുടെ ഉൾച്ചൂട് കെടുത്തിയില്ല.
‘‘എന്താ ഇനി പരിപാടി?'' അവർ പരസ്‌പരം ചോദിച്ചു. ആരും മറുപടി പറഞ്ഞില്ല. രണ്ട് മൗനങ്ങൾ മുഖാമുഖം നിന്നു.
ഏറെനേരം കഴിഞ്ഞ് അശ്വജിത്ത് പറഞ്ഞു: ‘‘സത്യമായും ഞാൻ അക്രമി എന്ന് വിളിച്ചിട്ടില്ല.''
അനീഷ് പറഞ്ഞത് അതിനുള്ള മറുപടിയായിരുന്നില്ല. ‘‘ഒരു ലൈവ് ടെലികാസ്റ്റിനിടെ എന്തേലും സംഭവിച്ചാൽ തന്നെ, ഡെസ്‌ക് ചീഫിന് എന്ത് ചെയ്യാനാകും?''
ഉത്തരമില്ലാത്ത ചോദ്യങ്ങളും പരിഹാരമില്ലാത്ത പരിദേവനങ്ങളും തുടർന്നു. അവ ഒരിടത്തും കൂട്ടിമുട്ടിയില്ല.
വൈകിട്ട് ആറ് മണിയോടെ പത്മ ബാറിൽനിന്ന് ഇറങ്ങുമ്പോൾ പന്ത്രണ്ട് കുപ്പി ബിയർ തീർന്നിരുന്നു.
ലഹരിയുടെ എണ്ണമെഴുക്കിൽ കാൽ വഴുതി അശ്വജിത്തും അനീഷും വഞ്ചിയൂരിലേക്ക് നടന്നു. അപ്പോഴാണ് കാത്തുനിന്നവരെ പോലെ അഞ്ചാറുപേർ അവർക്ക് നേരെ പാഞ്ഞടുത്തത്. മുന്നിൽനിന്ന മധ്യവയസ്‌കനെ അശ്വജിത്തിന് പരിചയം ഉണ്ടായിരുന്നു. കഴിഞ്ഞതവണ വഞ്ചിയൂർ വാർഡിൽ മത്സരിച്ച സ്ഥാനാർഥിയുടെ ഭർത്താവാണ്.
മുൻപരിചയം വച്ച് മധ്യവയസ്‌കനെ നോക്കി അശ്വജിത്ത് ചിരിച്ചു. പക്ഷേ അവർ രോഷവേഗത്തിൽ അടുത്തേക്ക് വന്ന് അശ്വജിത്തിനെയും അനീഷിനെയും കോളറിൽ പിടിച്ച് ബലിഷ്‌ഠമായ കൈകൾകൊണ്ട് പൊക്കി നിർത്തി. എന്തെങ്കിലും പറയുന്നതിന് മുമ്പ് അശ്വജിത്തിന്റെ ഇടതുകവിളിൽ കൈത്തലംകൊണ്ട് ആഞ്ഞടിച്ചു. കവിളിന്റെ അകവശം മുറിഞ്ഞു. വിരലുകളിൽ അവർ ഇടിക്കട്ട ഇട്ടിരുന്നു.
പിന്നെ പൊതിരെ തല്ല് തുടങ്ങി. ചിലർ ഇതിനിടയ്‌ക്കും ആക്രോശിച്ചു.
‘‘ചാനലിന്റെ കോലും പിടിച്ച് ഞങ്ങടെ വിശ്വാസത്തെ കേറി ചൊറിയുന്നോടാ പട്ടികളെ...’’
‘‘ഞങ്ങളൊരു സമരം ചെയ്‌താൽ ഞങ്ങൾ അക്രമികൾ അല്ലടാ...’’
‘‘എന്തായാലും നീ അക്രമീന്ന് വിളിച്ചതല്ലേ. എന്താ അക്രമമെന്ന് നല്ലോണം അറിഞ്ഞിട്ട് നീയിന്ന് പോയാ മതി...''
അടികൊണ്ട് അശ്വജിത്ത് റോഡിലേക്ക് വീണു. അതോടെ എല്ലാവരും അവനെ നിലത്തിട്ട് ചവിട്ടിയുരുട്ടാൻ തുടങ്ങി. ഈ തക്കം നോക്കി അനീഷ് കുതറി മാറി, ഋഷിമംഗലം അമ്പലത്തിലേക്കുള്ള ഇടവഴിയിലേക്ക് പ്രാണവേഗത്തിൽ ഓടി. അവർ അത് കണ്ടെങ്കിലും ഗൗനിച്ചില്ല. കാരണം അവരുടെ ഉന്നം അശ്വജിത്തായിരുന്നു.
വഞ്ചിയൂർ ജങ്‌ഷൻ വരെ ചവിട്ടി ഉരുട്ടിയതോടെ അശ്വജിത്തിന്റെ കൈമുട്ടുകളും മുഖവും മുറിഞ്ഞു. തൊലി ഉരിഞ്ഞ് മാറിയ മുറിവിലൂടെ മണൽച്ചീളുകൾ കുത്തിക്കയറി. ഷർട്ടിലൊക്കെ ചോര പുരണ്ടു. ഒരാളെ കൂട്ടംചേർന്ന് തല്ലച്ചതയ്‌ക്കുന്നത് വഞ്ചിയൂർ ജങ്‌ഷനിൽ നിന്നവരെല്ലാം ആവേശത്തോടെ കണ്ടുനിന്നു. അവൻ തല്ലുകൊണ്ട് ചാകട്ടെ എന്ന ഹൃദയകാഠിന്യത്തോടെ.
അപ്പോൾ ലൈബ്രറിക്ക് മുന്നിൽ മാടക്കട നടത്തുന്ന വൃദ്ധയായ സ്‌ത്രീ, ചേല അരയിലേക്ക് കേറ്റിക്കുത്തി ചാടിയിറങ്ങി വന്നു. അശ്വജിത്ത് സ്ഥിരമായി സിഗരറ്റ് വാങ്ങുന്നത് ഈ സ്‌ത്രീയുടെ കടയിൽ നിന്നായിരുന്നു.
‘‘നിർത്തെടാ അവിട്ന്ന്. വീണ് കെടക്കുന്ന പുള്ളയെയാണോ ഇങ്ങനെ പറ്റമായി തല്ലുന്നെ. ഇനിയാരേലും അവന്റെ മേത്ത് തൊട്ടാ, പാക്കുവെട്ടി എടുത്ത് തലയ്‌ക്കടിക്കും ഞാൻ.''
വൃദ്ധയുടെ ആജ്ഞയ്‌ക്ക് മുന്നിൽ എല്ലാവരും സ്‌തബ്ധരായി. അക്രമിക്കൂട്ടം പിൻവലിഞ്ഞു. ആൾക്കൂട്ടം കണ്ണുകൾ താഴ്‌ത്തി.
അത് ഞായറാഴ്‌ച വൈകുന്നേരമായിരുന്നു.
6
തിങ്കളാഴ്‌ച രാവിലെമുതൽ അശ്വജിത്തിനെ കാണാതായി.
അനീഷാണ് അശ്വജിത്തിന്റെ ഫ്ലാറ്റിലേക്ക് ആദ്യം ചെന്നത്. ആപത്ഘട്ടത്തിൽ അക്രമികളുടെ നടുവിലേക്ക് തള്ളിവിട്ടിട്ട്, ഒറ്റയ്‌ക്ക് ഓടി രക്ഷപ്പെട്ടതിന്റെ കുറ്റബോധം അനീഷിന്റെ ഉള്ളിൽ ചൂണ്ടക്കൊളുത്തുപോലെ കൊത്തിവലിച്ചു. അതുകൊണ്ടാണ് പിറ്റേന്ന് രാവിലെ തന്നെ പാറ്റൂരിലെ ഫ്ലാറ്റിലേക്ക് വിളിച്ചുപറയാതെ പോയത്.
3-‐എ ഫ്ലാറ്റ് പൂട്ടിയിരുന്നു. പക്ഷെ അടുത്ത സുഹൃത്തുക്കൾക്കെല്ലാം അറിയാം, അശ്വജിത്തും ഫർഹാനയുമൊക്കെ കതകിന് മുന്നിലുള്ള പഴയ ഷൂവിനകത്താണ് താക്കോൽ വയ്‌ക്കുന്നതെന്ന്. അനീഷ് താക്കോൽ എടുത്ത് തുറന്ന് അകത്ത് കയറി. പതിവില്ലാത്തവിധം മുറികൾ അലങ്കോലമായിരുന്നു. തുണികളും വാരികകളും വലിച്ചെറിഞ്ഞ പോലെ ചിതറിക്കിടന്നു. സോഫയിൽ രക്തം തുടച്ച പഞ്ഞികൾ. മണ്ണ് പുരണ്ട പിഞ്ഞിയ ഷർട്ടും പാന്റ്സും തറയിലിട്ടിരുന്നു. അനീഷിന്റെ മനസ്സിലെന്തോ അപായചിന്തകൾ നിറഞ്ഞു.
അശ്വജിത്തിന്റെ ഫോണിൽ വിളിച്ചുനോക്കി. സ്വിച്ച് ഓഫ്. കാണാൻ പോകാൻ സാധ്യതയുള്ള വീഡിയോ എഡിറ്റർമാരെയും റിപ്പോർട്ടർമാരെയും വിളിച്ചു. അവിടെങ്ങും എത്തിയിട്ടില്ല. ഉടൻ അനീഷ് എക്‌സിക്യൂട്ടീവ് എഡിറ്ററെ വിളിച്ച് വെപ്രാളത്തോടെ കാര്യങ്ങൾ പറഞ്ഞു. ബാലകൃഷ്‌ണന്റെ മനസ്സിലും ചില സംശയങ്ങൾ നെറ്റിചുളിച്ചു.
അശ്വജിത്ത് വീട്ടിൽ എത്തിയോ എന്നന്വേഷിക്കാൻ എച്ച്ആർ മാനേജരോട് ബാലകൃഷ്‌ണൻ പറഞ്ഞു. അശ്വജിത്ത് സസ്‌പെൻഷനിലാണെങ്കിലും ഇപ്പോഴും പേറോളിലുള്ള സ്റ്റാഫാണ്. വഞ്ചിയൂരിൽ വച്ച് ആക്രമിക്കപ്പെട്ടു എന്നറിഞ്ഞിട്ടും സ്ഥാപനത്തിൽനിന്ന് ആരും തിരിഞ്ഞുനോക്കിയിരുന്നില്ല. പോലീസിലും പരാതി കൊടുത്തില്ല. ബാലകൃഷ്‌ണനെ അങ്കലാപ്പിലാക്കിയത്, സ്ഥാപനപരമായ ഔദ്യോഗിക ഉത്തരവാദിത്വങ്ങൾ നിർവഹിച്ചോ എന്ന കേവല ആവലാതിയാണ്.
അശ്വജിത്തിന്റെ പത്തനംതിട്ടയിലെ വീട്ടിലെ നമ്പർ സൗമ്യയുടെ മൊബൈലിൽ ഉണ്ടായിരുന്നു. അവൾ ഉടൻ വിളിച്ചു. അമ്മയാണ് ഫോൺ എടുത്തത്. അവിടെയും അശ്വജിത്ത് എത്തിയിട്ടില്ല. മൊബൈലിൽ വിളിച്ചിട്ട് കിട്ടാത്തതുകൊണ്ടാണ് അന്വേഷിച്ചതെന്ന് പലകുറി അമ്മയോട് സൗമ്യ വിശദീകരിച്ചു. എന്നിട്ടും അമ്മയുടെ ശബ്ദത്തിൽ ആകുലത നനഞ്ഞ് നിറഞ്ഞു.
കൈത്തണ്ടയിൽ തല താങ്ങി സൗമ്യ കുനിഞ്ഞിരുന്നു. ഓർമകളിൽ എവിടെയോ അപരാധബോധത്തിന്റെ പൊള്ളൽ. ഫർഹാനയോടുള്ള വാശി തീർക്കാൻ മാത്രമാണ് അശ്വജിത്തിനോട് അടുത്തത്. ആങ്കർ എന്ന അഹങ്കാരത്തോടെ മാത്രം പെരുമാറുന്നതിൽ അവളോട് തോന്നിയ പ്രതികാരബുദ്ധി. അതിനായി അശ്വജിത്തിന് മുന്നിൽ സങ്കടപ്പെടുന്നവളുടെ പ്രച്ഛന്നവേഷമണിഞ്ഞു. വിഷ്‌ണുപ്രകാശിന്റെ പ്രണയാഭ്യർഥനകളെ നിരന്തരം സംസാരവിഷയമാക്കി. വൈകുന്നേരങ്ങളിൽ നിർബന്ധിച്ച് ഒപ്പം കൂട്ടി. പരാതി പറഞ്ഞ് കരയുമ്പോൾ മാറിടം അശ്വജിത്തിന്റെ ചുമലിലേക്ക് ചേർത്തുവച്ചു. അപ്പോഴെല്ലാം അവനിൽ അനുരക്തിയുടെ ആവേശമുണർന്നു. അതറിഞ്ഞ് രഹസ്യമായി ചിരിച്ചു. അശ്വജിത്തിനോട് ഒട്ടിച്ചേർന്ന് നിന്നപ്പോഴൊന്നും മനസ്സിൽ അശ്വജിത്തുണ്ടായിരുന്നില്ല. ഫർഹാന മാത്രമായിരുന്നു. അശ്വജിത്തിനൊപ്പം ഒരു രാത്രി മുഴുവൻ ഭോഗിച്ചിട്ട്, പിറ്റേന്ന് രാവിലെ ഫർഹാനയുടെ മുഖത്തുനോക്കി വെളുക്കെ ചിരിക്കണമെന്ന ആഗ്രഹം മാത്രം നടക്കാതെ നീണ്ടുപോയി.
‘‘ഇന്ന് രാത്രി ബിയർ പോര. ഹോട്ട് തന്നെ വാങ്ങിച്ചേര്.'' ഫർഹാന അരവിന്ദിനോട് ഫോണിൽ വിളിച്ച് പറഞ്ഞു. ‘‘തലയ്‌ക്ക് ബോധമില്ലാതെ കിടന്നുറങ്ങണം.''
‘‘അശ്വജിത്ത് മിസ്സിങ്ങാണെന്ന് കേട്ടതോടെ നീ ടെൻസ്ഡ് ആയോ?’’ അരവിന്ദ് ചോദിച്ചു. ‘‘നീ ബേജാറാകണ്ട. വീട്ടിലും ഫ്രണ്ട്സിന്റെ അടുത്തും പോകാതെ അവൻ മുങ്ങി നടക്കുവായിരിക്കും. ഇനിയും റോഡിലിറങ്ങിയാ തല്ല് കിട്ടുമെന്ന് അവനറിയാം.''

‘‘അങ്ങനല്ല. അശ്വജിത്തിനെ എനിക്കറിയാം. അവന് സെൽഫ് ഡിസ്ട്രക്ടീവ് മെന്റാലിറ്റി കൂടുതലാ. പിരീയഡ്‌സിന്റെ സമയത്ത് പിഎംഎസ് മൂത്ത് ഞാൻ ഓരോന്ന് പറഞ്ഞ് വഴക്കുണ്ടാക്കുമ്പോ, നെറ്റി ഭിത്തിയിലിടിച്ച് മുറിവുണ്ടാക്കിയാ അവൻ സ്വയം സമാധാനിക്കുക. വൂണ്ട്‌സ് ആർ ദ ട്രീറ്റ്‌മെന്റ്.''
‘‘ഇതങ്ങനെ ഇമോഷൻ ക്രൈസിസ് ഒന്നും അല്ലല്ലോ. ഇത്രകാലം ഒരു മീഡിയ സ്ഥാപനത്തിന്റെ ബാക്കപ്പ് ഉണ്ടായിരുന്നു. ഇപ്പോൾ അതും ഇല്ലല്ലോ. അതുകൊണ്ട് അശ്വജിത്തിനറിയാം മാറിനിൽക്കുന്നതാ ബുദ്ധിയെന്ന്. നീ സമാധാനമായിരിക്ക്.'' അരവിന്ദ് വാക്കുകൾകൊണ്ട് ഫർഹാനയെ ചേർത്ത് പിടിച്ചു.
അശ്വജിത്തിനെ കാണാനില്ലെന്ന വിവരം ഡെസ്‌കിൽ എല്ലാവരും അറിഞ്ഞതോടെ മറ്റൊരാൾ കൂടി ഫർഹാനയെ ആശ്വസിപ്പിക്കാൻ വട്ടംകൂടി. ഇൻപുട്ട് ചീഫ് രാഗേഷ്. വിശ്വാസ സംരക്ഷണ പ്രക്ഷോഭകരുടെ നെടുമ്പാശേരിയിലെ പ്രതിഷേധ സമരത്തിന്റെ ലൈവ് ഫീഡ് കണ്ടിരിക്കുകയായിരുന്നു ഫർഹാന. വനിതാവിമോചനത്തിൽ അടക്കം ഐഡന്റിറ്റി പൊളിറ്റിക്‌സിന്റെ പ്രാധാന്യത്തെക്കുറിച്ച് മുഷിപ്പിക്കുന്ന വർത്തമാനം രാഗേഷ് തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ തന്നെ മുസ്ലീം പെൺകുട്ടികളോടുള്ള അയാളുടെ ആസക്തി, ഈത്തുവായ പോലെ ചുണ്ടിന്റെ വശങ്ങളിൽനിന്ന് ഒലിച്ചിറങ്ങി.
‘‘വനിതാ വിമോചനമെന്ന് പറയുമ്പോൾ വനിതകൾ ഏത് സ്വത്വസ്ഥാനത്ത് നിന്നുകൊണ്ട് വിമോചനം കൈവരിക്കണമെന്ന പ്രശ്‌നം കൂടിയുണ്ട്. ഫർഹാനയുടെ ഇനിയുള്ള ജീവിതത്തിലും അതൊരു പ്രധാന പ്രശ്‌നമാണ്.'' നരച്ച് തുടങ്ങിയ താടി തടവിക്കൊണ്ട് രാഗേഷ് തുടർന്നു. ‘‘ഫർഹാന ഒരു മുസ്ലീം പെൺകുട്ടിയാണ്. ആ ഐഡന്റിറ്റി ഉപേക്ഷിക്കുകയല്ല, ഉയർത്തിപ്പിടിക്കുകയാണ് വേണ്ടത്. നാളെ തൊട്ട് തലയിൽ ദുപ്പട്ട ഇട്ട് വരണം. ദുപ്പട്ട കൊണ്ട് തല മറച്ച് വാർത്ത വായിക്കണം. അതാണ് പുതിയ കാലത്തെ പ്രോഗ്രസീവ് പൊസിഷൻ.''
ഫർഹാന അൽപ്പം ഈർഷ്യയോടെ ഇടപെട്ടു. ‘‘എന്നോട് തലയിൽ തുണിയിടരുതെന്ന് അശ്വജിത്ത് പറഞ്ഞിട്ടില്ല. അതെന്റെ തീരുമാനമാ.''
‘‘അശ്വജിത്ത് അങ്ങനെ ഡയറക്ട് പറഞ്ഞിട്ടില്ലായിരിക്കും. പക്ഷെ അതാണ് റിവോൾട്ട് എന്ന പെർസെപ്ഷൻ തന്നിട്ടുണ്ടാവും. ഫർഹാന എനിക്കുവേണ്ടി നാളെ ദുപ്പട്ടകൊണ്ട് തല മറച്ച് വരാമോ? വെളുത്ത ദുപ്പട്ട. എന്നിട്ട് നെറ്റിയുടെ വശങ്ങളിലൂടെ ഒന്നുരണ്ട് ചുരുണ്ട മുടി താഴേക്കിടണം. എനിക്കത് കണ്ടിരിക്കാൻ കൊതിയാണ്.''
രാഗേഷിന് എല്ലാ മുസ്ലീം പെൺകുട്ടികളോടും രക്ഷാകർതൃത്വ ബോധമാണ്. ആരാധനയാണ്. മാംസദുരയാണ്.
‘‘എനിക്ക് റീഡിങ്ങിന് സമയമായി.'' അവൾ മേക്കപ്പ് റൂമിലേക്ക് തിടുക്കത്തിൽ നടന്നുപോയി.
ഫർഹാനയുടെ മുഖത്തെ നീരസം രാഗേഷ് ശ്രദ്ധിച്ചു. അവളെ വശത്താക്കാൻ കൂടുതൽ വൈകാരികത പ്രയോഗിക്കേണ്ടി വരുമെന്ന് രാഗേഷിന് തോന്നി. അടുത്തതവണ സംസാരിക്കുമ്പോൾ ഭാര്യയ്‌ക്ക് അവളുടെ ഓഫീസിലെ സൂപ്രണ്ടിനോടുള്ള രഹസ്യബന്ധത്തെപ്പറ്റി വിശദമായി സംസാരിക്കണമെന്ന് രാഗേഷ് തീരുമാനിച്ചു. സ്വന്തം ഭാര്യയുടെ നഗ്നത മുന്നിൽവച്ച് അനുകമ്പ ഇരന്നുവാങ്ങാനുള്ള ഉളുപ്പില്ലായ്‌മ.
7
കാണാതായതിന്റെ രണ്ടാം നാൾ, ചൊവ്വാഴ്‌ച രാവിലെ പതിനൊന്ന് മണിക്ക് തപാൽ മാർഗം അശ്വജിത്തിന്റെ രാജിക്കത്ത് ഓഫീസിലെത്തി. വഞ്ചിയൂർ പോസ്റ്റോഫീസ് പരിധിയിൽ തന്നെയുള്ള തപാൽപ്പെട്ടിയിലാണ് കത്തിട്ടിരിക്കുന്നത്. സീലിൽനിന്ന് അത് വ്യക്തമാണ്. അതായത് ഞായറാഴ്‌ച രാത്രിയിലോ തിങ്കളാഴ്‌ച പുലർച്ചെയോ ആണ് പോസ്റ്റ് ചെയ്‌തത്. കാണാതാകുന്നതിന് തൊട്ടുമുമ്പ് കാണേണ്ടവർക്കായി നീട്ടിയെറിഞ്ഞത്.
എക്‌സിക്യൂട്ടീവ് എഡിറ്ററുടെ പേരിലായിരുന്നു കൈപ്പടയിലുള്ള കത്ത്. തടസ്സങ്ങളേതുമില്ലാതെ അംഗീകരിക്കാവുന്ന രാജിക്കത്തായിരുന്നു അത്. എന്നിട്ടും ബാലകൃഷ്‌ണൻ എഡിറ്റോറിയൽ ബോർഡ് വിളിച്ചു. എല്ലാവരെയും ഒരുമിച്ചിരുത്തി ആ രാജിക്കത്ത് വായിക്കണമെന്ന് ബാലകൃഷ്‌ണന് വാശി തോന്നി. കാരണം, കത്തിന്റെ അവസാന ഖണ്ഡിക ഇങ്ങനെയായിരുന്നു.
‘അക്രമികൾ എന്ന വാക്ക് ഒരിക്കൽപോലും പ്രയോഗിക്കപ്പെട്ടില്ലെന്ന് എല്ലാവർക്കും ഉത്തമ ബോധ്യമുണ്ടായിരുന്നു. എന്നിട്ടും ആ സത്യം വിളിച്ചുപറയാൻ ആരുമുണ്ടായില്ല. എന്നെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ച എഡിറ്റോറിയൽ ബോർഡിൽ പോലും എന്റെ രക്തത്തിനായാണ് എല്ലാവരും ആർത്തത്. അതിന്റെ ഏറ്റവും വലിയ ക്രൂരവൈരുധ്യം, എന്നെ ചവിട്ടിപ്പുറത്താക്കണമെന്ന് യോഗത്തിൽ പറഞ്ഞവരെല്ലാം ഏതാനും മിനിറ്റ് മുമ്പുവരെ എന്നോടൊപ്പം ഇരുന്ന് സ്‌നേഹം പങ്കുവച്ചവരാണ്. അവരെല്ലാം യോഗം കഴിഞ്ഞ ഉടൻ എന്നെ വിളിച്ചു. അവനവൻ പറഞ്ഞത് ഒഴികെ, ബാക്കിയുള്ളവർ എനിക്കെതിരെ പറഞ്ഞതെല്ലാം അതേപടി ഒറ്റിത്തന്നു. ആ പരദൂഷണങ്ങളെല്ലാം ചേർത്തൊരു വൃത്തം വരച്ചാൽ യോഗത്തിൽ എന്താണ് നടന്നതെന്ന് എനിക്ക് വ്യക്തമാകുമായിരുന്നു. വഞ്ചിയൂരിൽ വച്ച് എന്നെ ഒരുകൂട്ടമാളുകൾ തല്ലിച്ചതച്ചതും എല്ലാവരും അറിഞ്ഞിരുന്നു. എന്നിട്ടും ഈ നിമിഷംവരെ ഒരാൾപോലും എന്നെ വിളിച്ചിട്ടില്ല. അതായത് ഞാൻ ഇപ്പോൾതന്നെ തിരിച്ചുവരവില്ലാത്തവണ്ണം പുറത്താക്കപ്പെട്ടിരിക്കുന്നു. ഈ വിധി ഞാൻ ഏറ്റുവാങ്ങുകയാണ്. ഞാൻ പടിയിറങ്ങുകയാണ്. ഞാൻ രാജിവയ്‌ക്കുകയാണ്.'
രാജിക്കത്ത് ഉറക്കെ വായിച്ച് മടക്കിയശേഷം ബാലകൃഷ്ണൻ ലാപ്‌ടോപ്പിലെ അക്ഷരങ്ങളിലൂടെ വിരലോടിച്ചു. എല്ലാവരുടെയും മുഖത്തേക്ക് നോക്കി. ഒറ്റുകാരുടെ ഇളിഭ്യത്തോടെ എല്ലാവരും തലകുമ്പിട്ട് ഇരിക്കുകയായിരുന്നു.
അല്ലെങ്കിലും ന്യൂസ് ഡെസ്‌കിലെ നന്മ എന്നതൊരു കെട്ടുകഥയാണ്. ഓരോരുത്തരും അവനവന് വേണ്ടി മാത്രം ഒളിപ്പോര് നടത്തുന്ന സ്വാർഥരുടെ ഘോരവനമാണ് ന്യൂസ് ഡെസ്‌കുകൾ. കൂട്ടാളികളെ മുന്നിലേക്ക് കടത്തിവിടുന്നുണ്ടെങ്കിൽ തന്നെ, അത് പിന്നിൽനിന്ന് കുത്താൻ മാത്രമാണ്.
അശ്വജിത്തിന്റെ രാജിക്കത്ത് സ്വീകരിക്കുന്നതിന് പുറമെ രണ്ട് കാര്യങ്ങൾക്ക് കൂടി എഡിറ്റോറിയൽ ബോർഡിൽ ധാരണയായി. അശ്വജിത്തിനെ കാണാതായ വിവരം ഉടൻ വീട്ടിൽ വിളിച്ചറിയിക്കണം. സ്ഥാപനമെന്ന നിലയിൽ പൊലീസ് സ്റ്റേഷനിൽ ഇന്നുതന്നെ പരാതി കൊടുക്കണം.
തിരുവനന്തപുരം ബ്യൂറോ ചീഫ് റോഷനാണ് വഞ്ചിയൂർ സ്റ്റേഷനിൽ പോയി പരാതി കൊടുത്തത്. പരാതിപ്പെടാൻ രണ്ടുദിവസം വൈകിയത് എന്തുകൊണ്ട് എന്നായിരുന്നു സ്റ്റേഷൻ ഓഫീസറുടെ ഒന്നാമത്തെ ചോദ്യം. അതും പ്രശ്‌നങ്ങൾ ഇത്രയും കത്തിനിൽക്കെ. തിരിച്ചുവരുമെന്ന് കരുതി കാത്തിരുന്നെന്ന് പറഞ്ഞ് റോഷൻ ഒഴിഞ്ഞു. അശ്വജിത്തിന്റെ ഫോൺ ഏത് ടവർ ലൊക്കേഷനിലെ ഏത് സ്ഥലത്തുവച്ച് എപ്പോൾ സ്വിച്ച് ഓഫായി എന്നതായിരുന്നു പൊലീസിന്റെ ഒന്നാമത്തെ അന്വേഷണം.
സ്ഥാപനം പൊലീസ് സ്റ്റേഷനിൽ ഉടൻ പരാതി നൽകാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. അശ്വജിത്തിനെ കാണാനില്ലെന്ന വാർത്ത എല്ലാ വിശദാംശങ്ങളോടെയും ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്നിരുന്നു. ഈ വാർത്ത സൈബർ സ്‌പേസിൽ വളരെവേഗം ആളിപ്പടർന്നു.
‘വിവാദ പരാമർശത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട മാധ്യമപ്രവർത്തകനെ ആക്രമിക്കപ്പെട്ടതിന് പിന്നാലെ ദുരൂഹ സാഹചര്യത്തിൽ കാണാതായി.'
8
ബുധനാഴ്‌ച പൊലീസ് നടത്തിയ പരിശോധനയിൽ സൗമ്യയുടെ ഫ്ലാറ്റിൽനിന്ന് അശ്വജിത്തിന്റെ ഫോൺ കണ്ടെടുത്തു.
പിഎംജിയിലെ ഫ്ലാറ്റിന് സമീപത്ത് വച്ചാണ് മൊബൈൽ സ്വിച്ച് ഓഫായതെന്ന് സൈബർ സെൽ കണ്ടെത്തിയിരുന്നു. ആ ഫ്ലാറ്റിലുള്ള അശ്വജിത്തിന്റെ ഏക സുഹൃത്ത് സൗമ്യയും. അങ്ങനെയാണ് പൊലീസ് അവിടെ എത്തിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിൽ ഒരു വനിതാ സിപിഒ ആണ് ഫോൺ കണ്ടുപിടിച്ചത്. സോഫയുടെ കൈപ്പിടിക്ക് ഇടയിൽനിന്ന് സ്വിച്ച് ഓഫ് ചെയ്‌തിരുന്ന ഫോൺ എടുത്തപ്പോൾ ഏറ്റവും ഞെട്ടിയത് സൗമ്യയാണ്. ഇത് താൻ അറിഞ്ഞില്ലെന്ന് സൗമ്യ പറഞ്ഞത്, ആദ്യമൊന്നും എസ്എച്ച്ഒ വിശ്വസിച്ചില്ല. ജീവിതകാലം മുഴുവൻ തന്നെ വേട്ടയാടാനുള്ള തൊണ്ടിമുതൽ, തന്റെ ഫ്ലാറ്റിലെ സ്വീകരണമുറിയിൽ മൂന്ന് ദിവസമായി ഇരുന്നത് സൗമ്യ സത്യത്തിൽ അറിഞ്ഞിരുന്നില്ല.
വഞ്ചിയൂരിൽ വച്ച് തല്ലുകൊണ്ട ഞായറാഴ്‌ച രാത്രി പത്ത് മണിയോടെയാണ് അശ്വജിത്ത് സൗമ്യയുടെ ഫ്ലാറ്റിൽ എത്തിയത്. വസ്‌ത്രമെല്ലാം മാറിയെങ്കിലും മണൽ കയറിയ മുറിവുകളുടെ നീറ്റൽ അവന്റെ കണ്ണിന്റെ കീഴ്‌പോളയിൽ ഇടയ്‌ക്കിടെ ചുരുണ്ടുകയറി. ചുണ്ടിന്റെ വലതുവശം നീര് വച്ച് തുടങ്ങിയിരുന്നു.
വിളിച്ചുപറയാതെയാണ് അശ്വജിത്ത് ഫ്ലാറ്റിലേക്ക് വന്നത്. അതിന്റെ അങ്കലാപ്പ് സൗമ്യയുടെ പെരുമാറ്റത്തിലും ഉണ്ടായിരുന്നു. അവൻ കയറിവന്ന ഉടൻ സോഫയുടെ കോണിൽ ചുരുണ്ടിരുന്നു. ‘‘എന്നെ അവരെല്ലാംകൂടി വഞ്ചിയൂരിട്ട് തല്ലി.''
‘‘ഞാനറിഞ്ഞു.'' സൗമ്യ നിന്നുകൊണ്ട് തന്നെ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു.
‘‘എന്നിട്ട് അവരെപ്പോലെ നീയും ഒന്ന് വിളിച്ചുപോലുമില്ലല്ലോ?''
അവൾ കൈപ്പത്തികൾ അമർത്തി തിരുമ്മിയതല്ലാതെ മറുപടി പറഞ്ഞില്ല.
‘‘അവര് ഇനിയും തല്ലും. എനിക്കൊറപ്പാ. ഞാനവരുടെ സംഘടനയിലെ ചില സംസ്ഥാന ഭാരവാഹികളെ വിളിച്ചിരുന്നു. ചങ്ക് തകരുന്ന കൊറെ കാര്യങ്ങളാ അവര് പറഞ്ഞത്.''
‘‘എന്ത് കാര്യം?''
‘‘അതൊന്നുമല്ല. എന്നെ എവിടെ കണ്ടാലും തല്ലിയോടിക്കാനാണ് തീരുമാനം. എന്നാ കൊല്ലില്ല. പക്ഷെ ഈ ഇഷ്യൂ ലൈവായി നിർത്തും. ഇലക്ഷൻ വരെ...''
‘‘അതിനിപ്പം ഇവിടെ വന്നിട്ടെന്താ. പൊലീസിൽ പറയണ്ടേ?'' സൗമ്യയുടെ സ്വരത്തിൽ അപരിചിതത്വം.
‘‘പോലീസിൽ പറഞ്ഞിട്ടെന്താ. അവരെപ്പോഴും കൂട്ട് വരുമോ?'' ഒന്ന് നിർത്തിയശേഷം അശ്വജിത്ത് അപേക്ഷാ സ്വരത്തിൽ ചോദിച്ചു. ‘‘എനിക്ക് കുറച്ച് ദിവസത്തേക്ക്, ഇതെല്ലാം അടങ്ങുംവരെയൊന്ന് മാറിനിൽക്കണം. ഞാനിവിടെ കുറച്ച് ദിവസം നിന്നോട്ടെ...''
‘‘പറ്റില്ല.'' ആലോചനയുടെ നിമിഷാർധം പോലുമില്ലാതെ സൗമ്യ ശബ്ദമുയർത്തി പറഞ്ഞു.
അശ്വജിത്ത് അൽപ്പനേരം പകച്ചിരുന്നു. ‘‘പലവട്ടം നീ തന്നെ എന്നെ ഇങ്ങോട്ട് വിളിച്ചിട്ടില്ലേ. ഇപ്പോ ഞാനായി വന്ന് ചോദിക്കുവാ. നിവൃത്തികേട് കൊണ്ടാ...''
‘‘അന്ന് വിളിച്ചെങ്കി അന്നത്തെ കാര്യം. നാട്ടിലിറങ്ങി നടക്കാൻപോലും പറ്റാത്തൊരാളെ വീട്ടിൽ കേറ്റി പാർപ്പിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.''
‘‘ജോലീം പോയി, നാട്ടിലും പോകാൻ വയ്യാതെ, നിൽക്കാനൊരിടം കിട്ടാതെ ആയപ്പോൾ എന്നെ ആർക്കും വേണ്ട. ഫർഹാനയ്‌ക്കും വേണ്ട. നിനക്കും വേണ്ട.'' അശ്വജിത്തിന്റെ ശബ്ദമിടറി.
‘‘സൗമ്യക്ക് ബുദ്ധിമുട്ടാണെന്ന് പറഞ്ഞാൽ ബുദ്ധിമുട്ടാണ്. ഇവിടെ നിൽക്കാൻ പറ്റില്ല.'' ബെഡ്‌റൂമിൽ നിന്ന് വിഷ്‌ണുപ്രകാശ് ഇറങ്ങിവന്നു. ‘‘അതിപ്പം അവൾ മാത്രമല്ല. ഞാനും കൂടിയാണ് പറയുന്നത്. അതിനുള്ള അധികാരവും ഉണ്ടെന്ന് കൂട്ടിക്കോ. അതുകൊണ്ട് കെടന്ന് ചെലയ്‌ക്കാതെ ഞങ്ങടെ വീട്ടിൽനിന്ന് ഇറങ്ങിപ്പോടാ.''
വിഷ്‌ണുപ്രകാശ് ഒരു ബർമുഡ മാത്രമാണ് ധിരിച്ചിരുന്നത്. അയാളുടെ വെളുത്ത ശരീരത്തിൽ പേടിപ്പെടുത്തുംവിധം കറുത്ത രോമങ്ങൾ. അറപ്പുണ്ടാക്കുന്ന മൃഗസങ്കലനം. അശ്വജിത്ത് സൗമ്യയുടെ മുഖത്തേക്ക് അവിശ്വസനീയതയോടെ നോക്കി. അവളുടെ ചുണ്ടിൽ വിഡ്ഢിയാക്കിയതിന്റെ വിജയച്ചിരി.
അശ്വജിത്ത് തല കുമ്പിട്ട് അൽപ്പനേരംകൂടി സോഫയിലിരുന്നു. അവന്റെ ഓർമയിലൂടെ സൗമ്യയുടെ കണ്ണീർകാപട്യങ്ങൾ കുത്തിയൊലിച്ച് ഒഴുകിപ്പോയി. അവൻ ഭാവിയിലേക്കുള്ള പ്രതികാരത്തിന്റെ മാരകായുധം സോഫക്കിടിയിൽ ഒളിപ്പിച്ച്, മിണ്ടാതെ ഇറങ്ങിപ്പോയി.
സൗമ്യയുടെയും വിഷ്‌ണുപ്രകാശിന്റെയും മൊഴി രേഖപ്പെടുത്തി കഴിഞ്ഞപ്പോൾ എസ്എച്ച്ഒ ഒരു കാര്യം ഉറപ്പിച്ചു. ഈ മൊബൈൽ ഫോൺ സൗമ്യയുടെ ഫ്ലാറ്റിൽനിന്ന് പൊലീസ് കണ്ടെടുക്കുമെന്ന് അശ്വജിത്ത് ഉറപ്പിച്ചിരിക്കണം. അവസാന സിഗ്നൽ കൃത്യം എവിടെയായിരുന്നെന്ന് സൈബർ ടീമിന് കണ്ടെത്താമെന്നത്, ഏത് ജേർണലിസ്റ്റിനും അറിയാവുന്ന കാര്യമാണ്. അവൻ സോഫയ്‌ക്കടിയിൽ തിരുകിവച്ചത്, ഒരിക്കലും നിർവീര്യമാക്കാൻ കഴിയാത്തൊരു കുഴിബോംബാണ്.
അന്ന് രാത്രി തന്നെ സൗമ്യയും വിഷ്‌ണുപ്രകാശും ദീർഘാവധിക്ക് എക്‌സിക്യൂട്ടീവ് എഡിറ്റർക്ക് അപേക്ഷ കൊടുത്തു. ഇനി ഒരുമിച്ച് ഒരു സ്ഥാപനത്തിൽ ജോലി ചെയ്യാൻ പറ്റില്ലെന്ന് വിഷ്‌ണുപ്രകാശിന് തീർച്ചയായി. അതുകൊണ്ട് സൗമ്യയെ രാജിവയ്‌പ്പിച്ച് നാട്ടിലേക്ക് അയച്ചശേഷം, താൻ മാത്രം ജോലിയിൽ തിരികെ കയറുന്നതിന് വിഷ്‌ണുപ്രകാശ് മനസ്സിൽ കരുക്കൾ നീക്കിത്തുടങ്ങി.
9
അശ്വജിത്തിന്റെ ഫോൺ പൊലിസിന്റെ കസ്റ്റഡിയിലിരിക്കെ, അവന്റെ എഫ്ബി പേജിൽ ഒരു വീഡിയോ അപ്‌ലോഡായി. അശ്വജിത്തിനെ കാണാതായതിന്റെ നാലാം നാൾ, വ്യാഴാഴ്‌ച. അതും മൊബൈൽ അപ്‌ലോഡ്.
രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള സെൽഫി വീഡിയോ സ്ഥാപനത്തിൽനിന്ന് രാജിവയ്‌ക്കാൻ തീരുമാനിച്ചശേഷം എടുത്തതാണ്. അക്കാര്യം പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. അവസാനിക്കുന്നതാകട്ടെ സ്ഥാപനത്തെ പിടിച്ചുകുലുക്കുന്ന നിർണായക വെളിപ്പെടുത്തലോടെയും.
‘എനിക്ക് അറിയാമായിരുന്നു, നരഭോജികളുടെ നാടകശാലയാണ് ന്യൂസ് ഡെസ്‌കുകൾ. എന്നാലും ഇത്രയും വലിയ ചതി എനിക്കുമുണ്ടാകുമെന്ന് സ്വപ്‌നത്തിൽ കരുതിയില്ല. ഞാൻ മുമ്പ് പറഞ്ഞ പോലെ, വഞ്ചിയൂരിൽ വച്ച് തല്ലുകിട്ടിയ വൈകുന്നേരം അവരുടെ സംഘടനയിലെ ചില സംസ്ഥാന ഭാരവാഹികളെ ഞാൻ വിളിച്ചിരുന്നു. എങ്ങനെയെങ്കിലും പ്രശ്‌നം തീർക്കാൻ വേണ്ടി. അപ്പോഴാണ് ഞാൻ അറിയുന്നത്, ഈ പ്രശ്‌നം ഒരിക്കലും തീരില്ലെന്ന്. കാരണം, എനിക്ക് എതിരായ എല്ലാ വിവരങ്ങളും വീഡിയോകളും അവർക്ക് എത്തിക്കുന്നത് എന്റെ കൂടെ ജോലി ചെയ്യുന്നയാളാണ്. അതും സ്ഥാപനത്തിലെ ഉന്നതൻ. നിങ്ങളെ അക്രമികളെന്നൊക്കെ വിളിച്ചെന്ന് പറഞ്ഞ് ആദ്യം വാട്‌സാപ് മെസേജ് അയച്ചു. പിന്നെ ഈ സ്ഥാപനത്തിലെ എഡിറ്റ് സിസ്റ്റത്തിൽനിന്ന് തന്നെ എന്റെ ലൈവിലെ ഭാഗം കട്ട് ചെയ്‌ത് അയച്ചുകൊടുത്തു. ഇവന്റെയൊക്കെ പണികളഞ്ഞാൽ പിന്നൊരു ജേർണലിസ്റ്റും നിങ്ങൾക്കെതിരെ ഉരിയാടില്ലെന്ന ഉപദേശവും. ഇതൊക്കെ ചെയ്‌തത് എന്റെ റിപ്പോർട്ടിങ് അതോറിറ്റിയാണ്. ഇൻപുട്ട് ചീഫ് രാഗേഷ്. അതും ഒറ്റ ലക്ഷ്യത്തിനായി. എന്നെ തീർത്തുകളയുക. സംശയമുള്ളവർ രാഗേഷിന്റെ മെയിൽ ഹിസ്റ്ററിയും വാട്‌സാപ്പ് ബാക്കപ്പും കോൾ ഡീറ്റയ്‌ൽസും പരിശോധിക്കട്ടെ. എനിക്ക് പക്ഷെ സംശയങ്ങളില്ല. രാഗേഷേ, ഇനിയും എന്നെ ഇല്ലാതാക്കാൻ നിങ്ങൾ കഷ്ടപ്പെടണ്ട. ഞാൻ സ്വയം മാറിക്കൊള്ളാം. പക്ഷെ നീ ജയിക്കുമെന്ന് കരുതണ്ട. നിന്റെ ചതി ലോകമറിയും. അത്രയെങ്കിലും ഞാൻ ചെയ്‌തില്ലെങ്കിൽ ഞാനങ്ങ് തീർത്തും തോറ്റുപോകില്ലേ. തോൽക്കാം. പക്ഷെ വിഡ്ഢിയാകാൻ എനിക്ക് വയ്യ.'
മൊബൈൽ വീണ്ടും പരിശോധിച്ചതിൽനിന്ന് സൈബർ സെല്ലിന് ചില കാര്യങ്ങൾ വ്യക്തമായി. അശ്വജിത്തിന്റെ എഫ്ബി പേജിലേക്ക് വീഡിയോ അപ്‌ലോഡ് ആയിരിക്കുന്നത് മൊബൈലിൽനിന്ന് തന്നെയാണ്. അത് ഡിലെയ്ഡ് അപ്‌ലോഡിങ് ആണ്. നാലാം ദിവസം അപ്‌ലോഡ് ചെയ്യാൻ പാകത്തിൽ ഷെഡ്യൂൾ ചെയ്‌തത്. അതിനുള്ള സപ്ലിമെന്ററി ആപ്പും അശ്വജിത്തിന്റെ മൊബൈലിൽ ഉണ്ടായിരുന്നു. സമയം കണക്കാക്കി പിന്നിലേക്ക് നോക്കിയാൽ വീഡിയോ എടുത്തിരിക്കുന്നത് ഞായറാഴ്‌ച രാത്രിയാണ്.
ചാനലിന്റെ എഡിറ്റോറിയൽ ബോർഡ് ചേർന്ന് രാഗേഷിനെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചു. ആരും എതിർത്തില്ല. കാരണം, എഡിറ്റ് സിസ്റ്റത്തിൽനിന്ന് വീഡിയോ എക്‌സ്‌പോർട്ട് ചെയ്‌തത് ഡ്രൈവിൽ തന്നെ കിടപ്പുണ്ടായിരുന്നു. കോൾ ലിസ്റ്റും വാട്സാപ്പ് ചാറ്റും നിഷേധിക്കാൻ രാഗേഷിനുപോലുമായില്ല.
രാഗേഷിനെ പുറത്താക്കിയ വിവരം ബുള്ളറ്റിനിൽ ഹെഡ്‌ലൈനായി നൽകാനും എഡിറ്റോറിയൽ ബോർഡ് തീരുമാനിച്ചു. കാരണം അശ്വജിത്ത് തിരോധാനത്തെക്കുറിച്ചുള്ള ഓൺലൈൻ വാർത്തകൾക്ക് വലിയ പേജ്‌വ്യൂ ഉണ്ട്. ഈ വാർത്ത മറ്റ് ചാനലുകൾ ആദ്യം കൊടുത്ത് അവരുടെ റേറ്റിങ് കൂട്ടണ്ട എന്നതായിരുന്നു എക്‌സിക്യൂട്ടീവ് എഡിറ്ററുടെ യുക്തി. സ്വന്തം ജീവനക്കാരനെ കാണാതായതിന്റെ വാർത്താ റേറ്റിങ് ഈ ചാനലിന് തന്നെ കിട്ടണം.
10
‘‘നമ്മൾ ചാനലിൽ ഡെഫേർഡ് ലൈവ് കൊടുക്കില്ലേ. ലൈവ് പോലെ നേരത്തെ റെക്കോഡ് ചെയ്‌തിട്ട്, എഡിറ്റ് ചെയ്‌ത് പിന്നെപ്പോഴെങ്കിലും ടെലികാസ്റ്റ് ചെയ്യുക. ആ കളിയാണ് അശ്വജിത്ത് കളിക്കുന്നത്. ഭാവിയിലെ ജീവിത സന്ദർഭത്തിനുള്ള അവന്റെ ഭാഗങ്ങൾ മുൻകൂട്ടി തയ്യാറാക്കി വയ്‌ക്കുക. എന്നിട്ട് കൃത്യസമയത്ത് ബോംബ് പോലെ അപ്രതീക്ഷിതമായി പൊട്ടിക്കുക. ടാർജറ്റിന് സമ്പൂർണനാശം. ദൂരെ എവിടെയോ ഇരുന്ന് ഇതൊക്കെ കണ്ട് അവൻ രസിക്കുന്നുണ്ടാകും. അടുത്ത കെണി ഒരുക്കിക്കൊണ്ട്. എ ഡെഡ്‌ലി ഗെയിം.''
വർക്കലയിലെ ബീച്ച് സൈഡ് കോട്ടേജിന്റെ ബാൽക്കണിയിൽ, ഫർഹാനയെ മടിയിലിരുത്തി ചാരുകസേരയിൽ ചാഞ്ഞിരുന്നുകൊണ്ട് അരവിന്ദ് പറഞ്ഞു. സംസാരിക്കുന്നതിനിടെ അരവിന്ദ് അവളുടെ വെള്ള ടീ ഷർട്ടിനകത്തുകൂടി കൈയിട്ട് നീളൻ മുലഞെട്ടുകൾ ഞെരിച്ചു. വിശപ്പടങ്ങാത്തൊരു എല്ലില്ലാജീവി അരവിന്ദിന്റെ അരക്കെട്ടിലിരുന്ന് പുളഞ്ഞു.
ഇടയ്‌ക്കിടെ കീഴ്‌ചുണ്ട് നനച്ചുകൊണ്ട് അരവിന്ദ് തുടർന്നു. ‘‘കോവളത്ത് വച്ച് കഴിഞ്ഞാഴ്‌ച ഒരുമിച്ചിരുന്ന് വെള്ളമടിക്കുമ്പോൾ അവനത് പറയുകയും ചെയ്‌തു. കാലത്തോടുള്ള കൈവിട്ട കളി.''
ഫർഹാന കാലുകൾ രണ്ട് വശത്തേക്ക് വിടർത്തിയിട്ടിട്ട്, അരവിന്ദിന്റെ നെഞ്ചിലേക്ക് ചാരിക്കിടന്നു. അവൾ പറഞ്ഞു: ‘‘അശ്വജിത്ത് എനിക്കെന്ത് പണിയാ വച്ചിരിക്കുന്നത് എന്നോർത്താ ടെൻഷൻ. അതൊരു കൊടുംപണിയായിരിക്കും. ഉറപ്പാണ്. കാരണം, ഞായറാഴ്‌ച വൈകിട്ട് ആ പ്രശ്‌നമൊക്കെ കഴിഞ്ഞിട്ട് എന്റെ അടുത്തേക്കല്ലേ ആദ്യം വന്നത്...''
അരവിന്ദ് മറുപടിയൊന്നും പറഞ്ഞില്ല. പകരം മറുകൈയെടുത്ത് അവളുടെ അടിവയറ്റിലെ ഉറവ പരതി.
വഞ്ചിയൂർ കവലയിൽവച്ച് കൂട്ടത്തല്ല് കിട്ടിയ അശ്വജിത്ത്, ഫ്ലാറ്റിലെത്തി മുറിവെല്ലാം കഴുകി വേഷവും മാറിയ ശേഷമാണ് ഫർഹാനയുടെ അടുത്തേക്ക് ചെന്നത്. അപ്പോൾ അവൾ ഫ്ലാറ്റ് പൂട്ടി പുറത്തേക്കിറങ്ങാൻ തിടുക്കപ്പെടുകയായിരുന്നു. പതിവില്ലാത്തവിധം അവൾ ടീഷർട്ടും ലെഗ്ഗിൻസുമാണ് ധരിച്ചിരുന്നത്. പിൻകഴുത്ത് കാണുംവിധം മുടി ഉയർത്തി കെട്ടിയിരുന്നു. മാലയിട്ടിരുന്നില്ല.
അശ്വജിത്ത് സ്‌നേഹസ്വാതന്ത്ര്യത്തോടെ മുൻമുറിയിലെ ദിവാൻകോട്ടിലേക്ക് ചാരിയിരുന്നു. പക്ഷെ ഫർഹാന അവനോടൊപ്പം ഇരുന്നില്ല. പുറത്തേക്ക് പോകാനുള്ള തിടുക്കമോ അപ്രതീക്ഷിതമായി അശ്വജിത്ത് വന്നതിന്റെ ഈർഷ്യയോ അവളുടെ മുഖത്ത് ചുളിവുകളായി. നിരാസത്തിന്റെ ചർമഭാഷ.
അശ്വജിത്ത് അത് കണ്ടില്ലെന്ന് നടിച്ചു. ‘‘ഇന്നിപ്പോ വൈകിട്ട് എന്നെ കുറെപ്പേര് ഭയങ്കരമായി തല്ലി...''
ഫർഹാന ഇടയ്‌ക്ക് കയറി ഇടപെട്ടു. ‘‘ഞാനറിഞ്ഞു.''
‘‘എന്നിട്ട് നീയൊന്ന് വിളിച്ചുപോലുമില്ലല്ലോ...''
‘‘ഞാനെന്തിനാ വിളിക്കുന്നെ. വിളിച്ച് ആശ്വസിപ്പിക്കേണ്ട കാര്യമൊന്നുമല്ലല്ലോ ചെയ്‌തുവച്ചത്. നാട്ടുകാർ എടുത്തിട്ട് തല്ലിയാ, അതും വാങ്ങിച്ച് സ്വന്തം വീട്ടിലാ പോകണ്ടിയെ...'' ഫർഹാനയുടെ വാക്കുകളിൽ ക്രൗര്യം.
‘‘ഫർഹാനാ, നീയെന്താ ഇങ്ങനെയൊക്കെ പറയുന്നെ. ഏതോ സ്‌ട്രേഞ്ചറിനോടെന്നപോലെ.''
അവൾ മറുപടി പറഞ്ഞില്ല. ടീപ്പോയിൽ ഇരുന്ന ഹാന്റ് ബാഗെടുത്ത് തോളത്തിട്ടു.
‘‘ഫർഹാന, ഇപ്പോ എന്റെ പ്രശ്‌നം വേറെയാ. ഞാനാ ഓർഗനൈസേഷന്റെ ചിലരെ വിളിച്ചു. എന്നെ എവിടെ കണ്ടാലും തല്ലി പതം വരുത്താനാണ് തീരുമാനം. എന്റെ ഫ്ലാറ്റിലും അവര് വരും. ഈ കണ്ടീഷനിൽ നാട്ടിൽ പോകാനും പറ്റില്ല. കുറച്ചുദിവസം എനിക്ക് ഈ ഫ്ലാറ്റിൽ നിൽക്കണം. സേഫായി വേറൊരു ഹൈഡൗട്ട് ഞാൻ കാണുന്നില്ല.''
‘‘പറ്റില്ല.'' ഫർഹാന അത്യുച്ചത്തിൽ തീർപ്പ് പ്രഖ്യാപിച്ചപ്പോൾ മുറിയാകെ വിറച്ചു. ‘‘നമ്മുടെ റിലേഷൻ ഇന്നാട്ടിൽ എല്ലാവർക്കും അറിയാം. നിങ്ങളെ തിരക്കി ആരെങ്കിലും ഇവിടെ വന്ന് പ്രശ്‌നമുണ്ടാക്കിയാൽ അത് താങ്ങേണ്ട ബാധ്യത എനിക്കില്ല. ഈ ഫ്ലാറ്റിലും അതൊക്കെ പ്രശ്‌നമാകും. ഐ കാണ്ട് ബെയർ ദാറ്റ്.''
‘‘എനിക്കൊരു പ്രശ്‌നമുണ്ടായപ്പോൾ നീയെന്നെ ഇങ്ങനെ കൈവിടാനാണെങ്കിൽ നമ്മളെന്തിനാ ഇത്രകാലം സ്‌നേഹിച്ചെ. അത്ര ഗതികെട്ട്, അഭയം ചോദിച്ചല്ലേ ഞാൻ വന്ന് നിൽക്കുന്നെ. എന്നെ ഇങ്ങനെ കൈവിടല്ലേ...''
‘‘ഐ കാണ്ട് ഹെൽപ്പ്. നീ കാരണം ഇവിടെ ഞാൻ തന്നെ റിസ്‌കിലാ. അതുകൊണ്ട് കുറച്ചുദിവസം ഞാൻ അരവിന്ദിന്റെ ഫ്ലാറ്റിൽ പോയി നിൽക്കാൻ പോവ്വാ. അവിടെയാകുമ്പോ ആരും അങ്ങോട്ട് വരത്തില്ല. ഞാൻ അങ്ങോട്ട് ഇറങ്ങാൻ തുടങ്ങുവാ. നീ മെനക്കെടുത്താതെ ഇവിടുന്ന് ഇറങ്ങി പൊയ്‌ക്കോ...'' മുഖത്തിട്ട് ആട്ടിയ പോലെ ഫർഹാനയുടെ വാക്കുകളിൽ കഫത്തിന്റെ കുമിളകൾ. അശ്വജിത്ത് പെട്ടെന്ന് രണ്ട് കൈത്തലങ്ങളും കൊണ്ട് മുഖം തുടച്ചു.
അശ്വജിത്ത് മുറിയിൽനിന്ന് തലകുനിച്ചിറങ്ങി. കാലിനടിയിൽ ഭൂമി പിളർന്ന് ഊർന്നുപോകുന്ന പോലെ തോന്നി. അവൻ ലിഫ്റ്റിൽ കയറാൻ ഭയന്നു. പകരം ഏഴാം നിലയിൽനിന്ന് സാവധാനം സ്റ്റെപ്പുകൾ നടന്നിറങ്ങി. ഫർഹാന പതിവുപോലെ ഫ്ലാറ്റ് പൂട്ടി കതകിന് മുന്നിലിട്ടിരുന്ന പഴയ ഷൂസിനുള്ളിൽ താക്കോൽ തിരുകിയശേഷം തിടുക്കത്തിൽ അരവിന്ദിന്റെ അടുത്തെത്താൻ ലിഫ്റ്റിൽ കയറി.
വർക്കലയിലെ ആഴം കുറഞ്ഞ ബീച്ചിൽ തിരകളടിക്കുന്ന പതിഞ്ഞ താളത്തിൽ, ഫർഹാനയുടെ അരക്കെട്ടിലെ ഇറച്ചിക്കൊതിയിലേക്ക് അരവിന്ദ് വിരലുകൾ ആഴ്‌ത്തി. അശ്വജിത്ത് ഒരുക്കിവച്ച കെണി എന്തെന്ന ആകുലത, ആസക്തിയുടെ സാന്ദ്രസ്രവങ്ങളിൽ വഴുതിമാറി. മടിയിൽ ചാഞ്ഞിരുന്ന ഫർഹാന കാലുകൾ രണ്ടും അയാളുടെ തുടകൾക്ക് മുകളിലേക്ക് കയറ്റിവച്ചു. എന്നിട്ട് മുഖമുയർത്തി. അവളുടെ ഇടവെട്ടുള്ള കീഴ്‌ത്താടിയിൽ അയാൾ ദീർഘമായി കടിച്ച് വേദനിപ്പിച്ചു.
അവർ കെട്ടിപ്പിടിച്ച് തന്നെ എഴുന്നേറ്റ് മുറിയിലേക്ക് പോയി. ഉരഗങ്ങളെ പോലെ പിണഞ്ഞ് കട്ടിലിലേക്ക് മറിഞ്ഞു.
അപ്പോൾ ഫർഹാനയുടെ ഫ്ലാറ്റിലാകട്ടെ, ഒരുപാട് സ്‌നേഹരതികൾ സഫലമായ കിടക്കയിലേക്ക് നോക്കിക്കൊണ്ട് സീലിങ്ങിലെ ഫാൻ ഹുക്കിൽ അശ്വജിത്ത് തൂങ്ങിക്കിടന്നു. അഞ്ചാം ദിവസമായിട്ടും കണ്ണിമവെട്ടാത്ത തുറിച്ചുനോട്ടം. തൊട്ടുമുകളിൽനിന്ന് താഴേക്ക് നോക്കുന്നതിനാൽ അവന്റെ കഴുത്തൊടിഞ്ഞിരുന്നു. അഞ്ച് ദിവസമായി ഒരു മനുഷ്യശരീരം തൂങ്ങി കിടക്കുന്നതിന്റെ ഉളുമ്പുനാറ്റം, അകത്തുനിന്ന് പൂട്ടിയ മുറിയിൽ തിങ്ങിനിറഞ്ഞ് വീർപ്പുമുട്ടി. ഭാവിയിലേക്കൊരു വിടവ് തേടി, മുറിയുടെ വാതിലിലും ജനാലകളിലും ഭിത്തിയിലും മാംസദുർഗന്ധം ആഞ്ഞിടിച്ചു .










0 comments