ad
Deshabhimani

കവിത: ഒരേ... ‐അൻവർ അലി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 09, 2025, 02:56 PM | 1 min read



സ്വാമി അന്തർനീരവിന്

എന്റെ അതിർത്തി അറബിക്കടൽ

നിന്റേത് പാകിസ്ഥാൻ

എന്നിട്ടും നമ്മൾ

ഒരേ അതിരില്ലാറിപ്പബ്ലിക്കിലെ പൗരരായി

ഞാൻ തല നരച്ച അവിശ്വാസി

നിനക്ക് ശിഖയും തലപ്പാവുമുണ്ട്

എന്നിട്ടും നാം ജീവിക്കുന്നത് ഒരേ മതത്തിൽ

ആദ്യമായി നീയെന്നെ ഫോണിൽ വിളിച്ചത് വിസ്‌കി മോന്താനാണ്

അന്ന് നിന്റെ മുറിയിലിരുന്ന് ഞാൻ ആദ്യമായി കശ്‌മീരിച്ചായ മൊത്തി

നമ്മൾ ജന്മാന്തരമിത്രങ്ങളായിരുന്നു

ഞാൻ ദ്രാവിഡത്തിന്റെ ചുടുവെയിലും

പെരുമഴയും പാടി

നീ പഹാഡിയുടെ ഹിമപർവതത്തിലാറാടി

നമ്മുടേത് ഒരേ താളം

എന്റെ മകൾ തൃശൂരിലിരുന്ന്

ഛൊങ് ചിയോങ്ങിന്റെ ഗൃഹാതുരച്ചിന്തു കേൾക്കുന്നു

നിന്റെ മകൾ ടൊറെന്റോയിലിരുന്ന്

ലാൽദെദ്സൂക്തമുരുവിടുന്നു

നമുക്ക് ഒരേ മകൾ

ഞാൻ അമൃത്‌സറിലും

നീ കൊച്ചിയിലും വന്നപ്പോൾ

നമ്മൾ ചവിട്ടിനിന്നത്

ഒരേ കനലാഴിയിൽ

ഞാൻ ഈ വരികൾ മലയാളത്തിൽ നിനക്കയയ്‌ക്കുന്നു

നീ പഞ്ചാബിയിൽ ഉറക്കെ വായിക്കുന്നു

ഒരേ കവിതയാണ് നാം .

കുറിപ്പ്: ജമ്മു കശ്‌മീരിലെ പാക് അതിർത്തിയോടുചേർന്ന

പൂഞ്ച് എന്ന മലയോര ജില്ലയിൽ ജനിച്ചുവളർന്ന പഞ്ചാബി പഹാഡി കവി.






Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home