നോവൽ ‐37
തെറം


പി വി ഷാജികുമാർ
Published on Jul 18, 2026, 12:02 PM | 2 min read
ഉത്തരം
ഒട്ടുമേ പ്രതീക്ഷിക്കാതെയുള്ള മുനീറിന്റെ യാത്രപറച്ചില്‍ റസിയയ്‌ക്ക് വലിയ ആഘാതമായി.
കടലില്‍നിന്ന് തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയതുമുതല്‍ അയാളുടെ കരവലയത്തിന്റെ സുരക്ഷിതത്വം അവള്‍ അറിഞ്ഞിരുന്നു. പലതരത്തിലുള്ള പ്രതിസന്ധികള്‍ ചുറ്റിപ്പിണഞ്ഞിട്ടും മുനീര്‍ അടുത്തുണ്ടെന്നത് അവള്‍ക്ക് സമാധാനവും അതിജീവനത്തിന്റെ വഴിയും തന്നിരുന്നു.
മുനീര്‍ ജയിലില്‍ പോയപ്പോഴും അടുത്തുതന്നെ ഉണ്ടല്ലോ എന്ന വിചാരത്തില്‍ അവള്‍ ആശ്വാസത്തിന്റെ പുതപ്പിട്ടുറങ്ങിയിരുന്നു.
എന്നാല്‍ മുനീര്‍ നഷ്ടമായെന്നറിഞ്ഞ നിമിഷംമുതല്‍ അവള്‍ക്ക് ഉറക്കം നഷ്ടമായി.
ചിത്രീകരണം: കെ പി മുരളീധരൻ
മുനീര്‍ മരിച്ച ദിവസം മുഴുവന്‍ അവള്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു.
മുനീര്‍ പോയതിന്റെ രണ്ടാംനാള്‍ അയാള്‍ കിടന്നിരുന്ന പായ പുറത്തെ വെയിലിലേക്ക് വിടര്‍ത്തിയിടാന്‍ എടുക്കവേ അതിനടിയില്‍ ഒരു കടലാസ് ചുരുള്‍ റസിയ കണ്ടു. പായയുംകൊണ്ട് പുറത്തേക്ക് പോകവേ അവള്‍ അതും കയ്യിലെടുത്തു. ആ നേരത്ത് കാറ്റ് ആഞ്ഞുവീശി.
വെയില്‍ കൊള്ളാന്‍ പായ നിവര്‍ത്തിയിട്ട് അവള്‍ കടലാസ് ചുരുള്‍ നിവര്‍ത്തി.
അത് ഒരു കത്തായിരുന്നു. ആരുടെയും പേര് വച്ച് എഴുതാത്ത ഒരു കത്ത്.
അത് മുനീര്‍ എഴുതിയതായിരുന്നു. അക്ഷരജ്ഞാനമില്ലാത്ത മുനീര്‍ അങ്ങനെയൊരു കത്ത് എങ്ങനെ എഴുതിയെന്ന് അത്ഭുതം റസിയയില്‍ ഉണ്ടായി.
എന്നാല്‍ കത്ത് അത്ഭുതത്തെ മായ്ച്ചുകളഞ്ഞു.
വെയിലില്‍ നിന്നുകൊണ്ട് തന്നെ അവള്‍ അത് വായിച്ചു.
അത് ഇങ്ങനെയായിരുന്നു.
ചിത്രീകരണം: കെ പി മുരളീധരൻ
‘‘ഒരാള്‍ മരണത്തെ മനസ്സിലാക്കുമ്പോള്‍ ജീവിതത്തെ മനസ്സിലാക്കുന്നു.
ഒരു മനുഷ്യന്റെ ജീവിതം എന്നത് കോടിക്കണക്കിന് മനുഷ്യര്‍ ജീവിച്ചിരുന്നതിന്റെ തുടര്‍ച്ചയാണെന്നും അവരെപ്പോലെ തന്നെ താനും തീരുമെന്നും ഒരിക്കല്‍ ആരുടെയും ഓർമയില്‍ നില്‍ക്കാതെ മാഞ്ഞുപോകുമെന്നും ഒരാള്‍ തിരിച്ചറിയുന്ന നിമിഷം അയാള്‍ ജീവിതത്തെയും മരണത്തെയും ഉള്ളിലേക്ക് എടുക്കുന്നു.
നോക്കൂ, ഞാന്‍ മരിച്ചാല്‍ ചിലപ്പോള്‍ എന്റെ പ്രിയപ്പെട്ടവളും മക്കളും എന്നെ സ്‌നേഹിച്ചിരുന്നവരും എന്നെ വെറുത്തവരും എന്നെ ഓര്‍ക്കുമായിരിക്കും.
അവര്‍ മരിച്ചാല്‍ ചിലപ്പോള്‍ അവരുടെ മക്കള്‍ ഓര്‍ക്കുമായിരിക്കും. ആ തലമുറയോടെ നമ്മള്‍ ഓര്‍മയില്‍നിന്ന് മാഞ്ഞുപോകും. നമ്മള്‍ ഓര്‍ക്കപ്പെടുന്ന അവിടെ വരെ മാത്രമേയുള്ളൂ ജീവിച്ചിരുന്നു എന്നുള്ള ഈ ഭൂമിയിലെ അവശേഷിപ്പ്.
അവിടെ കൊണ്ട് അവിടം മുതല്‍ ഞാന്‍ മാഞ്ഞു പോകുന്നു.
അങ്ങനെയുള്ള മനുഷ്യര്‍ മാഞ്ഞുപോയ മണ്ണിലിരുന്നാണ് നമ്മള്‍ അസൂയപ്പെടുന്നത്, തര്‍ക്കിക്കുന്നത്, നേടിയെടുക്കാന്‍ ശ്രമിക്കുന്നത്.
ഒന്നും നിലനില്‍ക്കുന്നതല്ലെന്നും എല്ലാം നശിച്ചുപോകുന്നതാണെന്നും മനുഷ്യര്‍ മനസ്സിലാക്കുന്ന നേരം അവരുടെ മത്സരം അവസാനിക്കുന്നു.
ചിത്രീകരണം: കെ പി മുരളീധരൻ
അവരുടെ നെട്ടോട്ടം നിലയ്‌ക്കുന്നു.
അവരുടെ മനസ്സ് ശാന്തമാകുന്നു.
അതുകൊണ്ട്... അതുകൊണ്ട് മരണത്തെ അറിയുക.
അതിലൂടെ ജീവിതത്തെ അറിയുക.
ആരെയും വേദനിപ്പിക്കാതിരിക്കുക.
ആരെയും വഞ്ചിക്കാതിരിക്കുക.
എല്ലാം നഷ്ടപ്പെടുന്നവനായിരിക്കുക.
നഷ്ടത്തില്‍ നേട്ടങ്ങള്‍ കാണുക.
വിട്ടുകൊടുക്കന്നോളം സമാധാനം നേടുമ്പോള്‍ കിട്ടില്ലെന്ന് തിരിച്ചറിയുക.
കാറ്റായിരുന്നു എന്റെ ഉള്ളിലും പുറത്തും.
കാറ്റ് നിശ്ചലമാകുന്ന നേരം ഞാന്‍ ഇല്ലാതാവുമെന്നും എനിക്കറിയാം.
എനിക്ക് ജീവിതം തന്നത് കടലാണ്.
എന്നെ ജീവിതം പഠിപ്പിച്ചതും കടല്‍ തന്നെ.
കടല്‍ എനിക്ക് റസിയയെ തന്നു.
ഞാന്‍ ചെയ്‌ത വലിയ നേര് റസിയയായിരുന്നു.
സ്‌നേഹമെന്തെന്ന് അവളിലൂടെ ഞാനറിഞ്ഞു.
ജീവിതം എന്തെന്നറിഞ്ഞു.
തെറ്റിന്റെ കഴിഞ്ഞ കാലത്തെ മായ്ച്ചുകളഞ്ഞു.
കാലങ്ങള്‍ക്ക് ശേഷം കടല്‍ എനിക്ക് രണ്ടാമത്തെ പാഠം തന്നു.
അത് എരിയായിരുന്നു.
യുഗങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട ഒരു അടിമയുടെ ആത്മാവ്.
അയാള്‍ എനിക്ക് മരണം പഠിപ്പിച്ചു.
റസിയയോട് എരിയെക്കുറിച്ച് പറയണമെന്നുണ്ടായിരുന്നു.
എന്നാല്‍ എനിക്ക് വട്ടാണോ എന്ന് അവള്‍ തെറ്റായി വിചാരിക്കുമോ എന്ന് ഞാന്‍ പേടിച്ചു.
ചിത്രീകരണം: കെ പി മുരളീധരൻ
അവള്‍ക്ക് എന്നെക്കുറിച്ച് മോശമായി തോന്നുന്ന നിമിഷം ഞാന്‍ അവിടെ അവസാനിക്കുന്നു.
കാരണം ഞാന്‍ അവളെ എന്നെക്കാള്‍ പതിന്മടങ്ങ് ഇരട്ടിയില്‍ സ്‌നേഹിക്കുന്നു...''
കത്ത് വായിച്ചുകഴിഞ്ഞ് നിശ്ചലയായി റസിയ വെയിലില്‍ തന്നെ നിന്നു. കാറ്റ് നിലയ്‌ക്കാതെ വീശി.
കത്ത് നെഞ്ചോട് ചേര്‍ത്ത് പിടിച്ചപ്പോള്‍ മുനീര്‍ തന്നെ നെഞ്ചോട് ചേര്‍ത്തതുപോലെ അവള്‍ക്ക് തോന്നി.
മുനീര്‍ അവളുടെ കഴുത്തില്‍ ഉമ്മ വച്ചു.
അവളുടെ കണ്ണുകള്‍ അടഞ്ഞു.
മുനീര്‍ അവളുടെ വിറയാര്‍ന്ന ചുണ്ടുകളില്‍ ചുണ്ടുകള്‍ ചേര്‍ത്തു.
‘ആളുകള്‍ കാണും'
അവള്‍ മന്ത്രിച്ചു.
അയാള്‍ അനുസരിച്ചില്ല.
അവളെ അയാള്‍ പായയിലേക്ക് കിടത്തി.
വെയില്‍ അവര്‍ക്ക് മുകളില്‍ പുതപ്പായി വന്നുമൂടി.
കടലിന്റെ തിരയിളക്കങ്ങള്‍ അവളുടെ കിതപ്പുകളെ മായ്ച്ചുകളഞ്ഞു.
അവള്‍ പിടഞ്ഞു.
അവള്‍ വിയര്‍ത്തു.
അവള്‍ ഉയര്‍ന്നു.
അവള്‍ അസ്‌തമിച്ചു.
വെയില്‍ വെയില്‍ മാത്രമായി.
ആ നേരത്ത് എവിടെയോ ഒരു പള്ളി പൊളിച്ചതിന്റെ പ്രതിഷേധം കാറ്റിലൂടെ തിളച്ചുയര്‍ന്നു.(തുടരും)











0 comments