നോവൽ
തെറം ‐17


പി വി ഷാജികുമാർ
Published on Mar 02, 2026, 11:29 AM | 4 min read
കുലം
മുന്നില്‍ നില്‍ക്കുന്നത് മാലിങ്കനാണെന്ന് മനസ്സിലായപ്പോള്‍ അബുവിന്റെ ഉള്ളില്‍ വിറ പടര്‍ന്നു.
അയാളുടെ മുഖത്ത് കുറ്റബോധത്തിന്റെ വിളര്‍ച്ച നിറഞ്ഞു.
മുന്നില്‍ നില്‍ക്കുന്നത് അബുവാണെന്ന് മനസ്സിലായപ്പോള്‍ മാലിങ്കന്റെ ഉള്ളില്‍ സ്‌നേഹം പടര്‍ന്നു.
അയാളുടെ മുഖത്ത് സാഹോദര്യത്തിന്റെ തെളിച്ചം നിറഞ്ഞു.
മകന്‍ ഇബ്രാഹിമിന്റെ പിടച്ചില്‍ കാണവെ ‘രക്ഷിക്കണം വൈദ്യരേ...' എന്ന് ആവര്‍ത്തിക്കാന്‍ മനസ്സ് ഓര്‍മിപ്പിച്ചെങ്കിലും അബുവില്‍ നിന്ന് വാക്കുകള്‍ പുറത്തുവന്നില്ല.
ചിത്രീകരണം: കെ പി മുരളീധരൻ
മുറ്റത്ത് പായയില്‍ കിടത്തി ഇബ്രാഹിമിനെ പരിശോധിക്കവെ ‘അബുവിനോട് സംസാരിക്കെടാ...' എന്ന് മനസ്സ് പറഞ്ഞെങ്കിലും മാലിങ്കനില്‍ നിന്ന് വാക്കുകള്‍ പുറത്തുവന്നില്ല. എന്നാല്‍ സ്‌നേഹത്താല്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു. ചാവുമെന്ന് ഉറപ്പിച്ച് മടങ്ങിപ്പോയ ഒരാളാണ് അബുവെന്ന വിചാരമൊന്നും മാലിങ്കനില്‍ വന്നതേയില്ല. അയാളുടെ ഉള്ളം നിറയെ സ്‌നേഹമായിരുന്നു.
സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ഒരാളുടെ ഉള്ളിലേക്ക് വെറുപ്പിനും വിദ്വേഷത്തിനും ഇടം കിട്ടില്ല.
വെറുപ്പ് മനസ്സമാധാനം കളയും.
സ്‌നേഹം മനസ്സിനെ ശാന്തമാക്കും.
മാലിങ്കന്‍ ജീവിതത്തില്‍നിന്ന് മനസ്സിലാക്കിയ സത്യം അതായിരുന്നു.
ഉഗ്രവിഷമുള്ള കാട്ടുപാമ്പായിരുന്നു ഇബ്രാഹിമിനെ കടിച്ചത്. വിഷം ഇറങ്ങിപ്പോകുന്നതുവരെ അവന്‍ ഉറങ്ങാതിരിക്കാന്‍ മാലിങ്കന്‍ അതീവകരുതല്‍ കാണിച്ചു. ഉറങ്ങിയാല്‍ ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് അവന്‍ തല ചായ്‌ക്കുമെന്ന് അയാള്‍ക്കറിയാം. രണ്ടുനാള്‍ മാലിങ്കൻ മരുന്നും മന്ത്രവുമായി അവന് കാവല്‍ നിന്നു. അയാള്‍ക്കൊപ്പം സങ്കടം മുറിയാതെ അബുവും. അവര്‍ പരസ്‌പരം സംസാരിച്ചതേയില്ല. തന്നോടുള്ള ദേഷ്യമാണ് മാലിങ്കന്റെ മിണ്ടാട്ടം മുട്ടലെന്ന് അബു കരുതി. ഒരാളില്‍നിന്ന് വിഷമിറങ്ങുന്നതുവരെ മൗനവ്രതത്തിലായിരിക്കുക മാലിങ്കന്റെ പതിവായിരുന്നു. ഇത് അറിയാമായിരുന്ന കല്യാണി മാലിങ്കനോട് മിണ്ടാന്‍ പോയില്ല. അതറിയാത്ത അബുവാകട്ടെ മാലിങ്കനോട് എങ്ങനെ ക്ഷമാപണം നടത്തണമെന്നറിയാതെ പരുങ്ങി. മാലിങ്കന്‍ നോക്കുമ്പോഴൊക്കെ അയാള്‍ കുറ്റബോധത്താല്‍ തല കുനിക്കും.
ഇതിനിടയില്‍ കല്യാണി അബുവിനെ മനസ്സിലാക്കിത്തുടങ്ങിയിരുന്നു. വെറുതെയിരിക്കുന്ന നേരങ്ങളില്‍ അവള്‍ അയാളോട് ഓരോന്നൊക്കെ ചോദിക്കും. അവിടെയും ഇവിടെയും തൊടാതെ അയാള്‍ ഓരോന്ന് പറയും. അയാള്‍ വിട്ട ഭാഗങ്ങള്‍ അവള്‍ തന്റേതായ തോന്നലുകള്‍കൊണ്ട് പൂരിപ്പിക്കും. ആ ചേര്‍ത്തുവെക്കലില്‍നിന്ന് മാലിങ്കനും അബുവും ഒന്നിച്ച് ഒരേ കൂരയില്‍ കഴിഞ്ഞിരുന്നുവെന്ന് അവള്‍ തിരിച്ചറിഞ്ഞു. താന്‍ ചെയ്‌ത ദ്രോഹത്തിന്റെ പശ്ചാത്താപം അയാളുടെ ഉള്ളില്‍ മരണം പോലെയുണ്ടെന്ന് മനസ്സിലായ നിമിഷം അവള്‍ അബുവിനോട് ചറപറാ വര്‍ത്തമാനം പറയാന്‍ തുടങ്ങി. അതോടെ മാലിങ്കന്‍ പോയതിന് ശേഷമുള്ള തന്റെ കാലം അബു അവളോട് വിവരിച്ചു.
മാലിങ്കനെ ചീരുമ്പ കടല്‍ത്തീരത്ത് മരിച്ചുവെന്നുറപ്പിച്ച് ഉപേക്ഷിച്ചതില്‍ നിന്ന് അബുവിന്റെ കഷ്ടകാലം ആരംഭിക്കുന്നു. അന്ന് മാലിങ്കനെ തല്ലാനൊപ്പമുണ്ടായിരുന്ന കുറ്റവാളികള്‍ ആഴ്‌ചയ്‌ക്കുള്ളില്‍ അബുവിനെതിരായി. പുകയിലപ്പാടം അവര്‍ അബുവില്‍ നിന്ന് കൈക്കലാക്കി. എതിര്‍ത്തെങ്കിലും അവര്‍ അവനെ തല്ലിയോടിച്ചു. മാലിങ്കന്റെ വില അബുവിന് അപ്പോള്‍ മനസ്സിലായി. എല്ലാം നഷ്ടപ്പെട്ട് അവന്‍ തീര്‍ത്തും ഒറ്റപ്പെട്ടു. ബന്ധങ്ങളുടെ വില ആദ്യമായി അവന് ബോധ്യമായി.
ചിത്രീകരണം: കെ പി മുരളീധരൻ
ഉജ്ജിറയില്‍ കിട്ടുന്ന പണികള്‍ ചെയ്‌ത് അവന്‍ ദിവസങ്ങളെ മുന്നോട്ടുവലിച്ചു. പുകയിലവെള്ളം കുടിക്കുന്നത് അപ്പോഴും അവന്‍ മതിയാക്കിയില്ല. നഷ്ടങ്ങളെ മറക്കാനുള്ള മരുന്നായി അവനത്. ഒറ്റയ്‌ക്ക് ജീവിച്ച് മടുത്തപ്പോള്‍ ആയിഷ എന്ന പെണ്‍കുട്ടിയെ അവന്‍ ജീവിതത്തിലേക്ക് കൂടെക്കൂട്ടി. സാധുവായ പെണ്‍കുട്ടിയായിരുന്നു അവള്‍. അവള്‍ അവനെ കരുതലോടെ നോക്കി. അവന്റെ മോശം ശീലങ്ങളില്‍ സങ്കടപ്പെട്ടെങ്കിലും അത് പ്രകടിപ്പിക്കാതിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചു. സ്‌നേഹത്തിന്റെ ആഴം വര്‍ഷങ്ങള്‍ക്ക് ശേഷം അബു വീണ്ടും അനുഭവിച്ചു. പതിയെ പുകയിലവെള്ളം കുടിക്കുന്നത് നിര്‍ത്തി. ആയിഷയ്‌ക്ക് വേണ്ടിയായി അവന്റെ ജീവിതം. നിക്കാഹ് കഴിഞ്ഞ് രണ്ട് കൊല്ലത്തിന് ശേഷം ഇബ്രാഹിം അവരുടെ സ്‌നേഹത്തിലേക്ക് ഇഴചേര്‍ന്നു. എല്ലാം നല്ലതായി പോകുകയായിരുന്നു, കുമിര്‍ച്ചയുള്ള ഒരു ഉഷ്‌ണകാലരാത്രിയില്‍ വൈകിയുറങ്ങിയ ആയിഷ കണ്ണ് തുറന്നില്ല. എന്താണ് സംഭവിച്ചതെന്ന് അബുവിന് ഒരു പിടുത്തവും കിട്ടിയില്ല. അവന്‍ ആകെ തകര്‍ന്നുപോയി. താന്‍ ചെയ്‌തതിന് അള്ളാഹു തരുന്ന ശിക്ഷയാണെന്ന് സ്വയം വിലപിച്ച് അവന്‍ തല ചുമരിന് ഇടിച്ചു. ഒരു വയസുള്ള ഇബ്രാഹിം ഉപ്പയുടെ കാലില്‍ പിടിച്ചു. അബു കരച്ചിലോടെ അവനെ നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ചു.
ഇബ്രാഹിമിനെ മാത്രം നോക്കിയിരുന്നാല്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന അയല്‍ക്കാരുടെ ഉപദേശം ശരിയാണെന്ന് ബോധ്യമായപ്പോള്‍ അബു ആയിഷയുടെ ഉമ്മയുടെ പെങ്ങളുടെ മകള്‍ റസിയയെ നിക്കാഹ് കഴിച്ചു. റസിയ ഇബ്രാഹിമിനെ മകനായി തന്നെ മനസ്സിലേക്കെടുത്തു. റസിയയില്‍ അബുവിന് ഒരു മകളുണ്ടായി: ഖദീജ.
മറ്റ് കുട്ടികളില്‍നിന്ന് വ്യത്യസ്‌തമായി കുരുത്തക്കേട് കളിക്കാനൊന്നും ഇബ്രാഹിമിന് താല്‍പ്പര്യമുണ്ടായില്ല, പൂക്കളോടായിരുന്നു അവന്റെ ഇഷ്ടം. പലയിടങ്ങളില്‍ നിന്ന് പലതരം ചെടികള്‍ പറിച്ചുകൊണ്ടുവന്ന് അവന്‍ കുടിലിന് മുന്നില്‍ നട്ടു. ഉജ്ജിറയില്‍ ഏറ്റവും വലുതായ പൂന്തോട്ടം ഇബ്രാഹിമിന്റേതായി. ഋതുക്കള്‍ മാറിയാലും അവന്റെ പുഷ്‌പവാടിയില്‍ ഒരു ചെടിയെങ്കിലും പൂക്കളുടെ മണം പടര്‍ത്തി വിരിഞ്ഞുനിന്നു. പൂക്കളോടുള്ള ഭ്രാന്ത് ഇബ്രാഹിമിന് വിനയായി. പൂച്ചെടിക്കായി ഒരു നട്ടുച്ചയ്‌ക്ക് കാട് കയറി ഇബ്രാഹിം. കാട്ടുചോലയ്‌ക്കരികില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ചെടി അവന്റെ കണ്ണില്‍ കെണിഞ്ഞു. കിരീടം പോലെ നീലവർണത്തിലുള്ള പൂക്കള്‍ നിറഞ്ഞിരിക്കുന്ന നീണ്ടുയര്‍ന്ന് നില്‍ക്കുന്ന ചെടി. അതിന് അരികിലായി നിന്ന് രണ്ട് മയിലുകള്‍ പീലി വിടര്‍ത്തി നൃത്തമാടുന്നുണ്ടായിരുന്നു. നീലപ്പൂക്കള്‍ മയില്‍പ്പീലികളാണോയെന്ന് ഇബ്രാഹിമിന് തോന്നിപ്പോയി. മയിലുകള്‍ ആട്ടം അവസാനിപ്പിച്ച് കീഴേക്കിറങ്ങിപ്പോകുന്നത് വരെ അവന്‍ ക്ഷമയോടെ കാത്തിരുന്നു. ഒറ്റയായി നില്‍ക്കുന്ന കാട്ടുചെടിക്കരികില്‍ കുത്തിയിരുന്ന് വേരുകള്‍ പൊട്ടാതെ കമ്പുകൊണ്ട് ചുറ്റിലും കിളച്ച് അവന്‍ ചെടി മണ്ണില്‍നിന്ന് ഉയര്‍ത്തിയെടുക്കവെ കുഴിയിടത്തില്‍ നിന്നൊരു വെള്ള വളകളുള്ള ചാരനിറത്തിലുള്ളൊരു പാമ്പ് അവന്റെ കൈത്തണ്ടയില്‍ ചുറ്റിപ്പിടിച്ചു.
അബു ജീവിതം പറഞ്ഞത് രാത്രിയിലായിരുന്നു.
നിലാവ് പൂത്തുകിടന്നിരുന്നു.
പൂക്കളും പൂത്തുകിടന്നിരുന്നു.
ഇബ്രാഹിമിന്റെ കഥയവസാനിക്കവെ കല്യാണി കാറ്റ് കൊണ്ടുവന്ന പൂക്കളുടെ നറുമണം ഉള്ളിലേക്ക് വലിച്ചെടുത്തു.
ഇബ്രാഹിമിനടുത്തിരുന്ന് കഥ കേള്‍ക്കുകയായിരുന്ന മാലിങ്കന്‍ അബുവിന്റെ വിധിയോര്‍ത്ത് ദീര്‍ഘമായി നിശ്വസിച്ചു.
നട്ടുച്ചവെയിലിന്റെ
മാന്ത്രികമത്ത്
രണ്ട് ദിവസം കഴിഞ്ഞിട്ടും ഇബ്രാഹിമിലെ വിഷം ഇറങ്ങിയില്ല.
മരണത്തിന്റെ മണം അയാള്‍ അറിഞ്ഞു.
ഇബ്രാഹിം നഷ്ടപ്പെടും.
ചിത്രീകരണം: കെ പി മുരളീധരൻ
അവന്റെ നീലിച്ച കണ്ണുകള്‍ നോക്കവെ മാലിങ്കന് പരിഭ്രമമായി.
ആ നിമിഷത്തിൽ കമലാപക്ഷി നട്ടുച്ചവെയിലിന്റെ മാന്ത്രികമത്തിൽ കുടിലിന് ചുറ്റിലായി വട്ടമിട്ട് പറന്ന് മാലിങ്കന്റെ പരിഭ്രമത്തെ മതിഭ്രമിപ്പിച്ചു.
അയാളുടെ കണ്ണുകൾ ഇബ്രാഹിമിനെ വിട്ട് കമലാപക്ഷിയിൽ വട്ടംചുറ്റി.
"ചെയ്യല്ലേ മാലിങ്കാ... നീയും മുടിയും കുലവും മുടിയും...’ മനസ്സ് ഭയത്തിന്റെ കുളിരാൽ മാലിങ്കനെ തൊട്ടു. മാലിങ്കന്റെ രോമകൂപങ്ങളിൽ കുളിര് കയറി. അയാൾക്ക് രോമാഞ്ചമുണ്ടായി. കുളിരിടലിൽ അയാളുടെ ഉടൽ ഇടറേണ്ടതായിരുന്നു, ഇബ്രാഹിമിന്റെ പിടച്ചിൽ മനോവിലാപത്തെ എറിഞ്ഞുകളഞ്ഞു.
‘ഞാൻ മുടിയട്ടെ...
കുലം മുടിയട്ടെ...
ഇബ്രാഹിമിന്റെ ജീവൻ, അത് മാത്രമാണ് മുഖ്യം.
അവൻ ഹുസൈന്റെ കൊച്ചുമകനാകുന്നു.’
മാലിങ്കൻ അത് മാത്രം വിചാരിച്ചപ്പോൾ മനോഭയമെല്ലാം ചാരമായി.
‘ങ്മാക... ങ്മാക..! ഓ ഭഗവതോ, കടല്‍ക്കണക്കെ വന്ന് തിരകണക്കെ പൊങ്ങി മണല്‍ക്കണക്കെയിടിഞ്ഞ് പോക, വായടങ്ങി തോലടങ്ങി ഉള്ളടങ്ങി പോക സ്വാഹ...'
മാലിങ്കൻ കമലാപക്ഷിയോട് മന്ത്രിച്ചു.
തിരയടങ്ങിയ കടലൊന്ന് കുതറി.
കാറ്റ് ചുഴലിയായി.
തിരമാലകളിൽ കണ്ണ് നട്ട് മാലിങ്കനിൽ മന്ത്രം തിരയിളക്കി. വെയിലേറിൽ നോട്ടം തളരാതെ കമലാ പക്ഷി വിദൂരതയിലേക്ക് ചിറകടിച്ചു.
അരനാഴിക കഴിഞ്ഞ് മുറുക്കാൻപെട്ടിയിൽ നിന്ന് മാലിങ്കൻ തളിർവെറ്റില കൈയിലെടുത്തു.
വെളുത്ത വളകളുള്ള തവിട്ടുനിറമാർന്ന പാമ്പ് മുറ്റത്തെത്തി മാലിങ്കന്റെ നോട്ടത്തിന് കീഴിൽ മുഖം താഴ്‌ത്തിക്കിടന്നു.
"വേണ്ട...’
മനം കരഞ്ഞു.
മാലിങ്കൻ കേട്ടില്ല.
അയാൾ വെറ്റില നെടുകെ കീറി.
പാമ്പ് നെടുകെ പിളർന്നു.
കാറ്റ് നിശ്ചലമായി.
തിരമാലകൾ ഉറക്കത്തിലായി.
കാട്ടുപാമ്പ് മണലിൽ ചത്തുകിടന്നു.
ചിത്രീകരണം: കെ പി മുരളീധരൻ
ഇബ്രാഹിം കിടക്കപ്പായയിൽനിന്ന് എഴുന്നേറ്റിരുന്ന് അബുവിനെ വിളിച്ചു.
“ഉപ്പാ...”
അബു കണ്ണീർക്കടലായി.
അയാളുടെ കൈകൾ തിരമാലകളായി ഇബ്രാഹിമിനെ ചേർത്തുപിടിച്ചു.
കല്യാണി മാലിങ്കന് അടുത്തുവന്നിരുന്നു.
‘‘മക്കൾ ഏടെയാ...’’
അയാളുടെ ഒച്ചയിൽ വിറയുണർന്നു.
“അവരൊറങ്ങി, ചൂടല്ലേ...”
കല്യാണി സ്‌നേഹഹൃദയത്താൽ മാലിങ്കന്റെ വലംകയ്യിൽ പിടിച്ചു. അത് ഐസുപോലെ തണുത്തിരുന്നു. മരക്കഷ്‌ണം പോലെ വിറങ്ങലിച്ച കരം പിടിച്ച് കരയാൻ തുടങ്ങിയ കല്യാണിയുടെ വാപൊത്തിപ്പിടിച്ച് നിശ്ശബ്ദമാർന്ന വാക്കുകളിൽ അയാൾ സ്വകാര്യം പറഞ്ഞു: “ശാപം...”
അത് പറയവെ അയാളുടെ കണ്ണുകൾ നനഞ്ഞു.
കല്യാണി അറിയാതിരിക്കാൻ അടുത്ത നിമിഷം അയാൾ സങ്കടം ഉള്ളിലേക്ക് അമർത്തിപ്പിടിച്ചു. ഇബ്രാഹിമിനെ ചേർത്തുപിടിച്ച് ഇരിക്കുകയായിരുന്ന അബു മാലിങ്കന്റെ സങ്കടം കണ്ടു. കടലാഴത്തോളമുള്ള കുറ്റബോധത്താൽ അയാൾ സ്വയം വിലപിച്ചു: ‘‘ശാപം...’’.(തുടരും)










0 comments