ad
Deshabhimani

നോവൽ

തെറം ‐21

ചിത്രീകരണം: കെ പി മുരളീധരൻ
avatar
പി വി ഷാജികുമാർ

Published on Mar 28, 2026, 11:45 AM | 7 min read

നീക്കം

ബ്രാഹിമില്‍ നിന്ന് അത്തറിന്റെ കട കൈവശപ്പെടുത്തിയതിന് ശേഷം നരേന്ദ്ര പൂജാരി ആദ്യം ചെയ്‌തത് മലയാളത്തിലുള്ള അതിന്റെ പേരുമാറ്റമായിരുന്നു. സൗരഭ്യം എന്ന അർഥത്തിലുള്ള ‘ഖുശ്ബു' എന്ന് അയാള്‍ കടയ്‌ക്ക്‌ പേരിട്ടു. അത്തറിന്റെ കട എന്ന ബോര്‍ഡ് എടുത്തുമാറ്റി, പുതിയത് തൂക്കപ്പെട്ടു. കടയിലെ കാര്യങ്ങള്‍ നോക്കാന്‍ രണ്ട് ഹിന്ദിക്കാര്‍ കൂടി വന്നതോടെ ഫലത്തില്‍ അതൊരു ബോംബെക്കാരുടെ സ്വന്തം കടയാണെന്ന പ്രതീതിയുണ്ടാക്കി. ആഴ്‌ചകളില്‍ കടയിലെ കാര്യങ്ങള്‍ അറിയാന്‍ അയാള്‍ കൃത്യമായി മൂഢുഭദ്രിയില്‍ നിന്ന് അവിടേക്ക് വന്നു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

ഇബ്രാഹിമാവട്ടെ കട പോയതിന്റെ മനഃപ്രയാസത്തില്‍ നിന്ന് രക്ഷപ്പെടാനാവാതെ കൂടുതല്‍ ഏകാന്തനായി. വര്‍ഷങ്ങളുടെ പ്രയത്നവും ആത്മാർഥതയും കൊണ്ട് പേരുണ്ടാക്കിയ തന്റെ കട ഒറ്റദിനം കൊണ്ട് നഷ്ടപ്പെട്ടതിന്റെ ഞെട്ടല്‍ മരിക്കുവോളം മാറില്ലെന്ന് അയാള്‍ക്ക് ഉറപ്പായിരുന്നു. ‘അതിന്റെ കാഠിന്യം കുറച്ചുകൊണ്ട് വന്നില്ലെങ്കില്‍ നിനക്ക് തകര്‍ച്ചയില്‍ നിന്നൊരിക്കലും കര കയറാനാവില്ലെന്ന്‌’ മുംതാസ് ഇടയ്‌ക്കിടെ അയാളെ ഓര്‍മിപ്പിച്ചു. അത് ശരിയാണെന്ന് അയാള്‍ക്കും അറിയാമായിരുന്നു. അയാള്‍ മനസ്സിനെ കുറച്ചെങ്കിലും പിടിച്ചുനിര്‍ത്തിയത് റസിയക്കൊപ്പമുള്ള നേരങ്ങളിലായിരുന്നു. അവള്‍ക്കൊപ്പം കളിക്കുമ്പോഴും കഥ പറയുമ്പോഴും അയാള്‍ ദുരിതങ്ങളെ അല്‍പ്പനേരത്തേക്കെങ്കിലും മറന്നു. കടയിലേക്കിറങ്ങുന്ന ഒരു പുലരിയില്‍, റസിയ കഥ പറയാന്‍ നിര്‍ബന്ധിച്ച്‌ അന്ന് പുതിയൊരു തീരുമാനത്തിലേക്ക് ഇബ്രാഹിം എത്തിച്ചേര്‍ന്നു. മറവിയില്‍ മുങ്ങിപ്പോയൊരു കഥ അയാളുടെ ഓര്‍മയില്‍ വന്നു. റസിയയെ ഒക്കത്തെടുത്ത് അയാള്‍ ആ കഥ പറഞ്ഞു.


ഒരിക്കലൊരു സുല്‍ത്താന്‍ ഒരു സൂഫിയോട് മായയെക്കുറിച്ച് ചോദിച്ചു.

‘‘നിങ്ങളുടെ തല ഈ വെള്ളം നിറച്ച പാത്രത്തില്‍ മുക്കുക...''

സൂഫി പറഞ്ഞു.

സുല്‍ത്താന്‍ വെള്ളത്തില്‍ തല താഴ്‌ത്തിയതും താന്‍ ഒരു കടലോരത്ത് എത്തിച്ചേര്‍ന്നതായി കണ്ടു. അവിടെയുള്ള ഒരു സ്‌ത്രീയെ അയാള്‍ വിവാഹം കഴിച്ചു. ഏഴ് കൊല്ലക്കാലം സമാധാനത്തിലും സന്തോഷത്തിലും ഇരുവരും കഴിഞ്ഞു, അവര്‍ക്ക് മക്കള്‍ ഉണ്ടായി. പൊടുന്നെനെ അവര്‍ ദരിദ്രരായി. അയാള്‍ക്ക് ഒരു ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യേണ്ടി വന്നു. ഏഴ് കൊല്ലത്തിന് ശേഷം, സങ്കടത്തോടെ സുല്‍ത്താന്‍ തന്റെ മുഖം കഴുകാന്‍ ഒരു പാത്രത്തില്‍ വെള്ളമെടുത്തു. പൊടുന്നനെ അയാള്‍ തന്റെ പഴയ കൊട്ടാരത്തില്‍ തിരിച്ചെത്തി, ഒരു സൂഫി പുഞ്ചിരിയോടെ നില്‍ക്കുന്നത് കണ്ടു. ആ ഏഴ് വര്‍ഷം വെറും ഒരു നിമിഷം മാത്രമായിരുന്നുവെന്ന് സുല്‍ത്താന് അപ്പോള്‍ മനസ്സിലായി.

റസിയക്ക് കഥയൊന്നും മനസ്സിലായില്ല.

‘‘എന്ത് കഥയാ മാമാ ഇത്...''


അവള്‍ സ്‌നേഹം നിറഞ്ഞ കുറുമ്പോടെ ഇബ്രാഹിമിന്റെ താടി പിടിച്ചുവലിച്ചു. അയാള്‍ അവളെ ചെറുചിരിയോടെ നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ചു. ആ കഥ അയാള്‍ക്കെന്തോ ആശ്വാസം പകര്‍ന്നു. ജീവിക്കാനുള്ള ശ്വാസം നല്‍കി. അന്ന് കടയില്‍ എത്തിച്ചേര്‍ന്ന ഇബ്രാഹിം പതിവുപോലെ വിഷാദത്താല്‍ വലിഞ്ഞുമുറുകിയില്ല. ഇരമ്പമൊഴിഞ്ഞ കടല്‍പോലെ അയാളുടെ മനസ്സ് ശാന്തമായിരുന്നു. അതിന്റെ തെളിച്ചം അയാളുടെ മുഖത്തുണ്ടായി. മാസങ്ങൾക്കുശേഷം അയാള്‍ തന്റെ പൂന്തോട്ടത്തിലേക്ക് ആവേശത്തോടെ മടങ്ങിയെത്തി. അത്തറ് കടയുടെ പിറകിലെ തരിശുനിലത്ത് അയാള്‍ കഷ്ടപ്പെട്ടുണ്ടാക്കിയതായിരുന്നു ആ പുഷ്‌പവാടി. വെള്ളമൊന്നും തളിക്കാതെയായിട്ട് ദിവസങ്ങളായതുകൊണ്ട് ചെടികള്‍ ബോംബെയുടെ ഉഷ്‌ണത്തില്‍ സന്തോഷം നഷ്ടപ്പെട്ട് തല കുനിച്ച് നില്‍ക്കുകയായിരുന്നു. അവയ്‌ക്കിടയില്‍ അയാള്‍ ഇതുവരെ കാണാത്ത നാലഞ്ച് കാട്ടുചെടികള്‍ ഉത്സാഹത്തോടെ പൂത്തുനില്‍ക്കുന്നുണ്ടായിരുന്നു. കാട്ടുഗന്ധം നാട്ടുഗന്ധത്തെ മായ്ച്ചുകളഞ്ഞു. പുഷ്‌പിച്ചുനില്‍ക്കുന്ന ആ ചെടികള്‍ നോക്കിനില്‍ക്കവെ അയാള്‍ക്ക് ഉത്തരം കിട്ടി. സവിശേഷ സൗരഭ്യമുള്ള ആ പൂക്കള്‍ അയാള്‍ പറിച്ചെടുത്തു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

കടയിലെത്തി വെളിച്ചം പാതിമാത്രമെത്തുന്ന ഉള്‍മുറിയില്‍ പായയിട്ട് അയാള്‍ പൂക്കളുമായി ഇരുന്നു. അന്ന് പകലും രാത്രിയും അയാള്‍ അവിടെനിന്ന് അനങ്ങിയില്ല. പിറ്റേന്ന് പുലരിയില്‍ സൂര്യന്‍ ആലസ്യത്തോടെ കണ്ണുമിഴിച്ച നേരം ഇബ്രാഹിമിന്റെ കടയില്‍നിന്ന് മനം മയക്കുന്ന സൗരഭ്യമുയര്‍ന്നു. അയാള്‍ ഇതുവരെ ഉണ്ടാക്കിയതിലേറ്റവും തീക്ഷ്ണഗന്ധമുള്ള അത്തറായിരുന്നു അത്.

പിറ്റേന്ന് വൈകുന്നേരം കടയിലെത്തിയ നരേന്ദ്ര പൂജാരിക്ക് താനുണ്ടാക്കിയ പുതിയ അത്തറിന്റെ ചെറിയ കുപ്പി ഇബ്രാഹിം നേര്‍ത്ത മന്ദഹാസത്തോടെ സമ്മാനിച്ചു. ഇബ്രാഹിമിന്റെ പതിവില്ലാത്ത പുഞ്ചിരി അലോസരമുണ്ടാക്കിയെങ്കിലും അത്തറിന്റെ ഉന്മാദഗന്ധം അയാളുടെ കണ്ണുകളെ അടപ്പിച്ചു. അതും കൊണ്ട് അയാള്‍ വണ്ടിയില്‍ കയറുന്നത് കാണവെ അതുവരെയും ചുണ്ടിലൂറിനിന്ന പുഞ്ചിരി മായ്‌ച്ചുകളഞ്ഞ് ആരും കേള്‍ക്കാതെ ഇബ്രാഹിം പറഞ്ഞു:

‘‘എനിക്ക് എന്നെ തിരിച്ചുകിട്ടി. പൂജാരീ, നിനക്ക് നിന്നെ നഷ്ടപ്പെടാന്‍ പോകുന്നു..!''

അന്ന് വീട്ടിലേക്ക് തിരിച്ചെത്തിയ ഇബ്രാഹിം ഏറെനേരം റസിയയുമായി കൂട്ടായി. അയാളുടെ മാറ്റം മുംതാസിന് മനസ്സിലായി. അയാള്‍ പുതിയ അത്തര്‍ ഉണ്ടാക്കിയതും അത് നരേന്ദ്ര പൂജാരിക്ക്‌ കൊടുത്തതും അവള്‍ക്ക് മനസ്സിലായി.

ഇബ്രാഹിമിലുണ്ടായ സമാധാനം ആ കുടുംബത്തിന്റെയും കൂടി സമാധാനമായിരുന്നു. കാരണം അവരെല്ലാവരും അയാളെ കൂടപ്പിറപ്പിനെ പോലെ സ്‌നേഹിച്ചിരുന്നു.


മൂഢുഭദ്രിയില്‍ എത്തിച്ചേര്‍ന്ന നരേന്ദ്ര പൂജാരി ഇബ്രാഹിമിന്റെ അത്തറും പൂശി ഇടവഴിയിലേക്കിറങ്ങി. സ്വതവേ അയാളെ കാണുമ്പോള്‍ മാറിനില്‍ക്കുകയോ മുഖം തിരിക്കുകയോ ചെയ്യുന്ന സ്‌ത്രീകള്‍ അത്തറിന്റെ ഗന്ധത്തില്‍ അറിയാതെ അയാളിലേക്ക് കണ്ണുകളാഴ്‌ത്തി, ആര്‍ത്തിയും പരവശതയും അവരില്‍ തെളിഞ്ഞുനിന്നു. വേശ്യാലയങ്ങളുടെ നടത്തിപ്പുകാരനായിട്ടും നരേന്ദ്ര പൂജാരിക്ക് മദിരയിലും മദിരാക്ഷികളിലും ഒട്ടുമേ താല്‍പ്പര്യമില്ലായിരുന്നു. സമ്പത്തിനും അധികാരത്തിനുമായിരുന്നു അയാള്‍ എപ്പോഴും മുന്‍തൂക്കം കൊടുത്തത്. സ്‌ത്രീകളോട് ആണഹന്തയുടെ എല്ലാ പുച്ഛവും അയാള്‍ വെച്ചുപുലര്‍ത്തിയിരുന്നു. അത് മനസ്സിലാക്കിയ പെണ്ണുങ്ങളും അയാളില്‍നിന്ന് എപ്പോഴും അകലം പാലിച്ചുനിന്നു. എന്നാല്‍ അത്തറിന്റെ ഗന്ധം ഭൂതകാലത്തെ മായ്ച്ചുകളഞ്ഞു. അയാളിലേക്കുയര്‍ന്ന സ്‌ത്രീകളുടെ കടാക്ഷം അയാള്‍ പോലുമറിയാതെ അയാളുടെ വര്‍ത്തമാനകാലത്തെ മായ്ച്ചുകളഞ്ഞു. ആദ്യമൊക്കെ പെണ്‍നോട്ടങ്ങളെ അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും ആഴ്‌ച മറിയുന്നതിന് മുമ്പ് അയാള്‍ അതില്‍ വീണുപോയി. സുള്ള്യയിലെ അമ്പലത്തില്‍ ശാന്തിപ്പണിക്ക് പോകുന്ന പട്ടരുടെ നാല് പ്രസവിച്ചിട്ടും സൗന്ദര്യവും യൗവനവും ഒട്ടുമേ പോകാത്ത ഭാര്യയില്‍ അയാള്‍ സ്വന്തം ഭാര്യയ്‌ക്ക്‌ ശേഷം ആദ്യമായി ആനന്ദം കണ്ടെത്തി. പട്ടരുടെ ഭാര്യയുടെ മുറിയിലേക്ക് കാല് വെക്കുമ്പോള്‍ ‘വേണ്ടാ'യെന്ന് മനസ്സില്‍നിന്ന് അത്രമേല്‍ ദുര്‍ബലമായ സങ്കടം കേട്ടെങ്കിലും അവളുടെ കണ്‍കെട്ടില്‍ അയാള്‍ എല്ലാം മറന്നിരുന്നു. തന്റെ ഭാര്യയുമായി രാത്രി പങ്കിട്ട് വര്‍ഷങ്ങളായതിന്റെ ഭ്രാന്ത് അയാള്‍ പട്ടരുടെ സഹധര്‍മിണിയില്‍ ധർമമിട്ടു. കന്നഡയിലുള്ള ഭക്തിഗാനങ്ങള്‍ ഉരുവിട്ട് ആ ധർമം അവള്‍ പങ്കിട്ടു. സമ്പത്തിനും അധികാരത്തിനും അപ്പുറമുള്ളൊരു ആനന്ദം ആ നിശയില്‍ അയാള്‍ അനുഭവിച്ചു. അമ്പലത്തില്‍ നിന്നുള്ള ഭക്തിഗാനവും കേട്ടുകൊണ്ട് പുലര്‍ച്ചെ ഇറങ്ങുമ്പോള്‍ പല നേരങ്ങളില്‍ പലവട്ടം ഉന്മാദത്തിന്റെ മദം അറിഞ്ഞതിന്റെ സന്തോഷം അയാളില്‍ നിറഞ്ഞിരുന്നു. ശാന്തിക്കാരനില്‍ നിന്നെപ്പോഴും ചീത്തവിളിയും സ്‌നേഹമേതുമില്ലാതെയുള്ള അയാളുടെ നൈമിഷികമാര്‍ന്ന ആസക്തിയടയ്‌ക്കലും അനുഭവിച്ച ആ സ്‌ത്രീയ്‌ക്ക് അതൊരു പുതിയ അനുഭവമായിരുന്നു. നരേന്ദ്ര പൂജാരിയുടെ ആസക്തിയില്‍ ദേഹമെല്ലാം ഒടിഞ്ഞുനുറുങ്ങിയതുപോലെ വേദനയുണ്ടായിരുന്നെങ്കിലും അയാള്‍ ഇനിയുമിനിയും വരാന്‍ അവള്‍ അത്രമേല്‍ മോഹിച്ചു. അത് സംഭവിച്ചു. അവള്‍ മാത്രമല്ല, മൂഢുഭദ്രിയിലെ ഗന്ധമാദിനികളായ സ്‌ത്രീകളും അയാളെ ആഗ്രഹിക്കാന്‍ തുടങ്ങിയിരുന്നു. അതും സംഭവിച്ചു. ആനന്ദത്തിന്റെ ആൾരൂപമായി അയാള്‍ മാറിയത് അങ്ങനെ.

പിറ്റേന്നത്തെ ആഴ്‌ച നരേന്ദ്ര പൂജാരി ‘ഖുശ്ബു’വില്‍ എത്തുമ്പോള്‍ പുതിയൊരു ഗന്ധരൂപവുമായി ഇബ്രാഹിം കാത്തിരിക്കുന്നുണ്ടായിരുന്നു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

‘‘നീ മുത്താടാ മോനേ..!''

പുതിയ അത്തറിന്റെ കുപ്പി കയ്യില്‍ പിടിച്ച് അയാള്‍ ഇബ്രാഹിമിന്റെ മുഖത്തെ കവിള്‍ വലിച്ചു. ആനന്ദത്തിന്റെ തിളക്കം അയാളുടെ മുഖത്തുണ്ടായിരുന്നു. ഏതോ ലോകത്തെന്ന പോലെ അയാളുടെ കണ്ണുകള്‍ ലക്ഷ്യമില്ലാതെ കറങ്ങിനടക്കുന്നത് കണ്ടപ്പോള്‍ ഇബ്രാഹിമിന്റെ മുഖത്ത് ഒരു ഗൂഢസ്മിതം മിന്നിമറഞ്ഞു. കഴിഞ്ഞാഴ്‌ചയിലെ ലാഭവും കൊണ്ട് അയാള്‍ ഇറങ്ങിപ്പോകുന്നത് അവിടേക്ക് കയറിവന്ന മുംതാസ് കണ്ടു.

‘‘ഇന്നും കൊടുത്തുവല്ലേ...''

എല്ലാം അറിഞ്ഞത് പോലെ അവള്‍ ഒച്ചയടക്കിപ്പിടിച്ചുകൊണ്ട് ചോദിച്ചു. ഇബ്രാഹിം ഉത്തരം പറയാതെ തലയാട്ടി.

‘‘വശീകരിക്കുന്നതെന്തും നാശത്തിലേക്കുള്ള വഴി തുറക്കും.''

അവള്‍ അയാളെ നോക്കാതെ പറഞ്ഞു. അയാള്‍ പുഞ്ചിരിക്കുക മാത്രം ചെയ്‌തു.

‘‘ഞാന്‍ പറഞ്ഞില്ലേ, നിനക്കൊരു നേരം വരുമെന്ന്... അത് വന്നു. കണക്കുകൂട്ടലിന്റെ ദെവസം. കണക്കുപറയിപ്പിക്കുന്നതിന്റെ ദെവസം.''

അയാള്‍ ഉത്തരമെന്നോണം മുല്ലമണമുള്ള അത്തര്‍ അവള്‍ക്ക് നേര്‍ക്ക് നീട്ടി.

‘‘പൂജാരിക്ക് കൊടുത്തതല്ലല്ലോ..!''


ചെറുചിരിയോടെ അത് വാങ്ങവെ അവള്‍ ചോദിച്ചു. അല്ലെന്ന് അയാള്‍ തലയാട്ടി.

അത്തറിന്റെ കുപ്പിയും മണപ്പിച്ച് പുറത്തേക്ക് നടക്കവെ മുംതാസിന്റെ ഉള്ളം വിചാരണകളുടെ വിചാരത്തില്‍ കലങ്ങി.

ഇബ്രാഹിം അത്തറുണ്ടാക്കിയ കാട്ടുചെടി വെറുതെ മുളച്ചതല്ല, മുംതാസ് നട്ടത്.

അതിന്റെ വീര്യവും അതില്‍ നിന്നുണ്ടാവുന്ന വിഷമവും വിഷവും അവളറിഞ്ഞത്.

ഇബ്രാഹിമിലേക്ക് പകര്‍ന്നത്.

ഇബ്രാഹിമില്‍ നിന്ന് നരേന്ദ്ര പൂജാരിയിലേക്ക് വേട്ടയുടെ വിരല്‍ ചൂണ്ടിയത്.

മുംതാസ് വിചാരിച്ചത്, ഇബ്രാഹിം ആഗ്രഹിച്ചത് നടപ്പിലായി.

നരേന്ദ്ര പൂജാരിയുടെ വിധിനിര്‍ണയത്തിന് നാല്‍പ്പത്തിയഞ്ച് ദിവസങ്ങളാണ് ഇബ്രാഹിം മനസ്സില്‍ കണക്കെഴുതിയത്. എന്നാല്‍ മുപ്പത്തിയെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ അതിന് ഉത്തരമുണ്ടായി. നരേന്ദ്ര പൂജാരി ‘ഖുശ്‌ബു’വില്‍ എത്തിയ നാലാമത്തെ ആഴ്‌ച, അയാളുടെ കണ്‍കുഴിയില്‍ കറുപ്പിന്റെ വട്ടം പടര്‍ന്നിരിക്കുന്നത് കണ്ടപ്പോള്‍ ഇബ്രാഹിമിന്റെ മനസ്സ് ചിരിച്ചു. ക്ഷീണത്തോടെ അത്തറും വാങ്ങി തിരിച്ചുനടക്കുമ്പോള്‍ ഇബ്രാഹിമിന്റെ ചിരി മനസ്സില്‍ നിന്ന് പുറത്തേക്ക് വന്നു. ‘ഇയാള്‍ക്കെന്താ വട്ടായോ' എന്ന് അത്തറുകടയിലെ ഹിന്ദിക്കാര്‍ പരസ്‌പരം ചോദിച്ചു. ‘വട്ട് എനിക്കല്ല, നിങ്ങളുടെ മുതലാളിക്കാണ്' എന്ന് ഇബ്രാഹിം പറയാന്‍ വിചാരിച്ചതാണ്, അയാള്‍ മനസ്സില്‍ അത് കുറേവട്ടം ആവര്‍ത്തിച്ചു. ആ നേരത്ത് കലങ്ങിയ മഴ പെയ്‌തു. നനയാതിരിക്കാന്‍ നരേന്ദ്ര പൂജാരി വണ്ടിക്കടുത്തേക്ക് ഓടിയെങ്കിലും അയാളെ മഴ വെറുതെ വിട്ടില്ല. പൂര്‍ണമായി നനഞ്ഞ് അയാള്‍ വണ്ടിക്കകത്തേക്ക് കയറുന്നത് ഇബ്രാഹിം നോക്കിനിന്നു.


‘ഇത് നമ്മുടെ അവസാനത്തെ കാണലാവും പൂജാരി...'

മഴയിലേക്ക് തുപ്പിക്കൊണ്ട് ഇബ്രാഹിം സ്വയം പ്രവചിച്ചു. അത് സത്യമായി.

ആ മഴപ്പകലിന് ശേഷം ഇബ്രാഹിം നരേന്ദ്ര പൂജാരിയെ കണ്ടില്ല. നരേന്ദ്ര പൂജാരി ഇബ്രാഹിമിനെയും കണ്ടില്ല.

പട്ടരുടെ പത്നിയില്‍ ആനന്ദിച്ച് മടങ്ങിയ ഇരുപത്തിയഞ്ചാം ദിവസം നരേന്ദ്ര പൂജാരി ചോര ഛർദിച്ചു. ഒരടി നടക്കാന്‍ കഴിയാതെ ചോരയിലേക്ക് അയാള്‍ തലകുത്തി വീണു. ഇരുവൃക്കകളും കരളും പൂർണമായും പോയതായി മംഗലാപുരത്തെ ഡോക്ടര്‍ നിര്‍ണയം നടത്തി. അച്ഛന് എന്താണ് സംഭവിച്ചതെന്ന് മക്കളായ ഭുവന്‍ പൂജാരിക്കും ഉപേന്ദ്ര പൂജാരിക്കും അനിയന്‍ രാഘവ പൂജാരിക്കും ഒരു പിടിയും കിട്ടിയില്ല. എന്നാല്‍ ബോധത്തിനും അബോധത്തിനും ഇടയില്‍ തലയുയര്‍ത്തുകയും തല താഴ്‌ത്തുകയും ചെയ്‌തുകൊണ്ടിരുന്ന നരേന്ദ്ര പൂജാരിക്ക് എല്ലാം പിടികിട്ടി.

‘‘മണം ചതിച്ചതാ... അവന്‍ ചതിച്ചതാ...''

അയാള്‍ മക്കളോട് പറഞ്ഞുകൊണ്ടേയിരുന്നു. അച്ഛന്റെ വാക്കുകള്‍ പിടികിട്ടാതെ അവര്‍ വിഷമത്തോടെ അയാള്‍ക്കടുത്ത് നിന്ന് മാറാതെ നിന്നു.

‘‘ഒന്ന് മനസ്സിലാക്കെടാ... അല്ലെങ്കില്‍ നീയൊന്നും ഗുണം പിടിക്കില്ല.''

അതും അവര്‍ക്ക് മനസ്സിലായില്ല.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

‘‘ആശുപത്രിയില്‍ കിടത്തിയിട്ട് കാര്യമില്ല. വീട്ടിലേക്ക് കൊണ്ടുപോയ്‌ക്കോളൂ...''

അയാളുടെ കിടപ്പും മട്ടും കണ്ടപ്പോള്‍ ഡോക്ടര്‍ തീരുമാനം പറഞ്ഞു.

വേദന നിറഞ്ഞതായിരുന്നു നരേന്ദ്ര പൂജാരിയുടെ മരണം. രാത്രികളില്‍ കടച്ചില്‍ അടക്കാന്‍ കഴിയാതെയുള്ള അയാളുടെ കരച്ചില്‍ നാട്ടിലെ വീടുകളിലെ ഉറക്കം കെടുത്തി. കുട്ടികളും രോഗികളും അയാളെ പ്രാകി. അയാള്‍ക്കൊപ്പം ശയിച്ച പെണ്ണുങ്ങള്‍ നഷ്ടമായ ആനന്ദങ്ങളോര്‍ത്ത് സങ്കടപ്പെട്ടു. ഇനിയൊരിക്കലും രാത്രികളില്‍ അയാള്‍ തങ്ങള്‍ക്കരികിലേക്ക് നറുഗന്ധവുമായി വരില്ലെന്ന യാഥാർഥ്യം പലരെയും വിഷാദത്തിന്റെ ചുഴിയിലിട്ടു. പെണ്ണുങ്ങള്‍ക്കൊപ്പം ശയിച്ചെങ്കിലും സമ്പത്തും അധികാരവും ഒരളവ് പോലും കുറയാന്‍ നരേന്ദ്ര പൂജാരി ഇടവരുത്തിയില്ല. അയാളുടെ നിലവിളി ആരും കേള്‍ക്കാത്ത വിധത്തില്‍ പെരുമഴ പെയ്‌തൊരു രാത്രിയില്‍ നരേന്ദ്ര പൂജാരി കരഞ്ഞുകരഞ്ഞ് മരണത്തിലേക്ക് കണ്ണുകളടച്ചു. അപ്പോള്‍ അയാളുടെ മുന്നില്‍ ഗൂഢസ്മിതത്തോടെ നില്‍ക്കുന്ന ഇബ്രാഹിം തെളിഞ്ഞു. അയാളുടെ പുഞ്ചിരിയുടെ അർഥം അന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍ ഈ വിധി തനിക്ക് വരില്ലായിരുന്നു എന്ന സത്യം അയാളുടെ മനസ്സില്‍ തെളിഞ്ഞു. ‘മരിച്ചിട്ടും തനിക്ക് സമാധാനം കിട്ടില്ലല്ലോ' എന്നും അയാള്‍ കരഞ്ഞു. ‘ആരെയാണോ നശിപ്പിക്കാന്‍ ശ്രമിച്ചത് അയാള്‍ തനിക്ക് നാശം കൊണ്ടുവന്നല്ലോ' എന്ന് അയാള്‍ തല തറയില്‍ തല്ലി. അന്നേരം ശ്വാസം അയാളെ വിട്ടകന്നു, മരണമെന്ന ആശ്വാസം അയാളെ ചുറ്റിപ്പിടിച്ചു.

നരേന്ദ്ര പൂജാരിയുടെ മരണവാര്‍ത്ത അറിയുമ്പോള്‍ ഇബ്രാഹിം പൂന്തോട്ടത്തിലായിരുന്നു. കാട്ടുചെടികള്‍ പിഴുതുകളയുകയായിരുന്നു അയാള്‍. അയാള്‍ വളര്‍ത്തിയ ചെടികളെല്ലാം വീണ്ടും ഉണര്‍ച്ചയിലേക്ക് തിരിച്ചെത്തിയിരുന്നു. അത്തറ് കടയിലെ ഹിന്ദിക്കാരാണ് വിവരം ഇബ്രാഹിമിനോട് പറഞ്ഞത്. ‘അയ്യോ... കഷ്ടായല്ലോ..!' എന്ന സങ്കടം കലര്‍ന്ന ആശ്ചര്യം ഇബ്രാഹിം രേഖപ്പെടുത്തി. പൂന്തോട്ടത്തില്‍ നിന്ന് അത്തറ് കടയിലെത്തിയ അയാള്‍ റസിയക്കും മുംതാസിനും വേണ്ടി രണ്ട് സുഗന്ധലേപനങ്ങള്‍ കീശയിലിട്ട് പുറത്തേക്കിറങ്ങി.


അന്ന് രാത്രിയില്‍ റസിയയോട് അയാള്‍ ഒരു കഥ പറഞ്ഞുകൊടുത്തു.

ഒരു കുരുവി നാട് മുഴുവന്‍ പറന്ന് കഷ്ടപ്പെട്ട് ഒരു പയർക്കുരുവുമായി വന്നു. വേലിക്കു മുകളിലിരുന്ന് തിന്നാന്‍ തുടങ്ങവെ പയര്‍ക്കുരു അവളുടെ കൊക്കില്‍ നിന്ന് വഴുതി താഴെ വീണു. ഒരു വലിയ പക്ഷി അതുമെടുത്ത് പറന്നുപോയി. കുരുവി അത് കണ്ടില്ല. പാവം കുരുവി താഴേക്ക് പറന്ന് അത് തിരയാന്‍ തുടങ്ങി. അപ്പോള്‍ ഒരു മുള്ള് കുരുവിയുടെ നെറ്റിയില്‍ കുത്തി. നെറ്റിയിലെ മുറിവില്‍നിന്ന് രക്തം ഒഴുകി.

കുരുവി പറഞ്ഞു: ‘‘നോക്കൂ, നോക്കൂ, എന്റെ നെറ്റിയിലെ കുങ്കുമപ്പൊട്ട്!''

പിറ്റേദിവസം മുറിവ് പഴുത്തു.

കുരുവി പറഞ്ഞു: ‘‘നോക്കൂ, നോക്കൂ, എന്റെ നെറ്റിയില്‍ ചന്ദനം!''

ഒരു ദിവസം കൂടി കഴിഞ്ഞപ്പോള്‍ അവളുടെ നെറ്റിയിലെ പഴുപ്പില്‍ പുഴുക്കളുണ്ടായി.

കുരുവി പറഞ്ഞു,‘‘നോക്കൂ, നോക്കൂ,എന്റെ കുഞ്ഞുങ്ങള്‍!''

അടുത്തദിവസം മരിക്കുമ്പോള്‍ കുരുവി പറഞ്ഞു: ‘‘നോക്കൂ, ഞാന്‍ എങ്ങനെ ഉറങ്ങുന്നുവെന്ന് നോക്കൂ..!''


കഥ കേട്ട് റസിയയ്‌ക്ക്‌ സങ്കടമായി. സങ്കടത്തില്‍ നിന്ന് അവള്‍ക്ക് ഉറക്കം വന്നു. അവളെ മടിയില്‍ കിടത്തി എന്തോ ആലോചനയില്‍ ഇബ്രാഹിം നിശ്ശബ്ദനായി.

‘ഇബ്രാഹിം ബോംബെ വിടാന്‍ പോകുന്നു...!'

റസിയക്കടുത്തിരുന്ന് ഇബ്രാഹിമിന്റെ ആ കഥ കേട്ട മുംതാസിന് മനസ്സിലായി. അതോര്‍ത്ത് വിഷമമായെങ്കിലും ഇനിയും ഇവിടെ നില്‍ക്കുന്നത് ഇബ്രാഹിമിന് അത്ര നല്ലതല്ലെന്ന് അവള്‍ക്ക് അറിയാമായിരുന്നു. അവള്‍ക്കും ഒന്നും മിണ്ടാന്‍ തോന്നിയില്ല. ഇരുവരും നിശ്ശബ്ദരായി ഇരുട്ട് നോക്കിയിരുന്നു.

പാതിരാവിലാണ് ഇബ്രാഹിം ഇറങ്ങിയത്. റസിയയുടെ നെറ്റിയില്‍ ഉമ്മ വെക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ ഈറനണിഞ്ഞു.

‘‘ഒരിക്കല്‍ ഞാന്‍ വരും മുംതാസ്... തിരിച്ചുവരും..!’’

അത് പറയുമ്പോള്‍ ഇബ്രാഹിമിന്റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. കണ്ണുകള്‍ നിറഞ്ഞത് മുംതാസ് മറച്ചുവെച്ചില്ല. അയാള്‍ കണ്ണില്‍ നിന്ന് മറയുന്നത് വരെ അവള്‍ നോക്കിനിന്നു. അവളുടെ തോളില്‍ കിടന്നിരുന്ന റസിയ സ്വപ്‌നപ്പേച്ചില്‍ ഒന്ന് കരഞ്ഞപ്പോള്‍ മാത്രമാണ് അവള്‍ ചിന്തയില്‍ നിന്നുണര്‍ന്നത്.

ആ പുലരിയില്‍ മംഗലാപുരത്തെ ഡോക്ടറില്‍നിന്ന് നരേന്ദ്ര പൂജാരിയുടെ മരണരഹസ്യം വെളിപ്പെട്ടതില്‍ നിന്ന് ബോംബെയിലേക്ക് വരികയായിരുന്നു രാഘവ പൂജാരിയും ഭുവന്‍ പൂജാരിയും ഉപേന്ദ്ര പൂജാരിയും. ദേഹത്ത് തുടര്‍ച്ചയായ എന്തോ അടിച്ചത് വൃക്കകളിലേക്കും കരളിലേക്കും പടര്‍ന്നതാണ് മരണകാരണമെന്ന് ഡോക്ടര്‍ പറഞ്ഞു.


അത് ഇബ്രാഹിം ഉണ്ടാക്കിയ അത്തറല്ലാതെ മറ്റൊന്നുമല്ലെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു.

ഇബ്രാഹിം ഇറങ്ങിയ പാതിരാത്രിയില്‍ അത്തറ് കടയ്‌ക്ക്‌ മുന്നില്‍ അവര്‍ എത്തിച്ചേര്‍ന്നു.

തീ വിഴുങ്ങിയ അത്തറിന്റെ കടയാണ് അവരെ സ്വാഗതം ചെയ്‌തത്.

അത്തര്‍ കരിയുന്നതിന്റെ ദുഷിച്ച മണം സഹിക്കാന്‍ കഴിയാതെ അവര്‍ മൂക്ക് പൊത്തി.

നല്ലതില്‍നിന്ന് ചീത്തയിലേക്കുള്ള ദൂരം തീരെച്ചെറുതാണ്. അവര്‍ക്ക് മനസ്സിലായി.

അതാരാണോ കത്തിച്ചത് അയാളാണ് ഇബ്രാഹിമിന്റെ മരണകാര്യക്കാരനെന്നും അയാള്‍ ബോംബെ വിട്ടുപോയെന്നും അവര്‍ മനസ്സിലാക്കി.

‘‘എവിടെ പോയി ഒളിച്ചാലും ഞങ്ങള്‍ നിന്നെ തേടിവരും ഇബ്രാഹിം..!''

ആളിപ്പടരുന്ന തീയിലേക്ക് വെള്ളം കോരിയൊഴിക്കവെ രാഘവ പൂജാരി ഉറപ്പോടെ പറഞ്ഞു.

അപ്പോള്‍ കാട്ടുചെടികള്‍ കൊണ്ടുണ്ടാക്കിയ അത്തറിന്റെ മൂന്ന് കുപ്പികള്‍ തീച്ചൂടില്‍ വലിയ ഒച്ചയില്‍ പൊട്ടിപ്പടര്‍ന്നു . (തുടരും)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home