നോവൽ
തെറം‐16


പി വി ഷാജികുമാർ
Published on Feb 14, 2026, 02:22 PM | 4 min read
പത്താം നിലാവ്
കടല്‍ക്കോടതിയില്‍ വച്ച് ഭൂമിയിലേക്ക് ആദ്യമായി നിലവിളിച്ച തന്‍മകന് ചന്തന്‍ എന്ന പേരിട്ടുവിളിച്ചൂ മാലിങ്കന്‍. അച്ഛന്റെ ഓര്‍മകള്‍ മകനിലൂടെ നില്‍ക്കണമെന്ന ആഗ്രഹമായിരുന്നു പേരിന് പിറകില്‍. അച്ഛനെപ്പോലെ അവനും ധീരനായി വളരണമേയെന്ന് അയാള്‍ ദൈവത്തിന് നേര്‍ക്ക് പ്രാർഥനയോടെ കണ്ണുകളടച്ചു. ആ നേരത്ത് ജന്മാന്തരങ്ങള്‍ക്കപ്പുറത്ത് നിന്നെന്ന പോലെ ഇളങ്കാറ്റ് സ്‌നേഹത്തോടെ മാലിങ്കനെയും അയാള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചുനിന്ന മകനെയും തൊട്ടു. ചന്തനെന്ന അപ്പൂപ്പന്‍ ശിരസ്സില്‍ തൊട്ടെന്ന പോലെ അവന്‍ സ്‌നേഹത്താലും സന്തോഷത്താലും മൃദുവായൊന്ന് ഞരങ്ങി.
ചിത്രീകരണം: കെ പി മുരളീധരൻ
രാത്രി മുഴുവന്‍ ഉറക്കമില്ലാതെ കരയുകയും പകല് മുഴുവന്‍ ഉറങ്ങുകയും ചെയ്യുന്ന കുട്ടിയായിരുന്നു ചന്തന്‍. മാലിങ്കന്റെയും കല്യാണിയുടെയും രാത്രിയുറക്കം അങ്ങനെ ആറ് മാസക്കാലത്തേക്ക് നഷ്ടമായി. രാത്രികളില്‍ അവനെയുംകൊണ്ട് മാലിങ്കന്‍ കടല്‍ത്തീരത്ത് നടക്കുക പതിവായി. അവനെ ഉറക്കാന്‍ വേണ്ടി അയാള്‍ പാട്ടുകള്‍ ഉണ്ടാക്കിപ്പാടി. ഇമ്പമാര്‍ന്നതും താളമുള്ളതുമായിരുന്നു മാലിങ്കന്റെ പാട്ടുകളെങ്കിലും ഒന്നും അവനെ മയക്കിയില്ല. എങ്കിലും അയാള്‍ ഉണ്ടാക്കിയ ആ പാട്ടുകള്‍ തുടര്‍ന്നെത്തിയ അവന്റെ രണ്ട് അനിയന്മാര്‍ക്കും പെരുത്തിഷ്ടമായി. ആ പാട്ടുകള്‍ കേള്‍ക്കുന്ന നേരങ്ങളിലെല്ലാം ഇരുവരും ഉറക്കത്തിലേക്ക് ആനന്ദത്തോടെ കണ്ണുകളടച്ചു.
ചന്തന്റെ എട്ടാം മാസത്തിലാണ് രണ്ടാമത്തെ പുത്രന്‍ ജനിക്കുന്നത്. അയാള്‍ അവനെ ഹുസൈനെന്ന് വിളിച്ചു, ജീവിതം തിരിച്ചുനല്‍കിയ ആ വലിയ മനുഷ്യനെ അയാള്‍ക്ക് മറക്കാന്‍ കഴിയില്ലല്ലോ. അവന് ആ പേരിടുമ്പോള്‍ അങ്കത്തട്ടില്‍ തന്റെ തല തൊട്ട് ഹുസൈന്‍ അനുഗ്രഹിച്ചത് മാലിങ്കന്റെ മനസ്സില്‍ തെളിഞ്ഞു, അയാളുടെ കണ്ണുകള്‍ നിറഞ്ഞു.
മൂന്നാമത്തെ മകന് പേര് വിളിച്ചത് കല്യാണിയായിരുന്നു: അലാമി. കല്യാണി കുട്ടിക്കാലത്ത് കേട്ട രണ്ട് കഥകളില്‍ നിന്നും ആ കഥകളില്‍ നിന്നുണ്ടായ കളിയില്‍ നിന്നും അവള്‍ മനസ്സില്‍ തുന്നിെയടുത്ത പേര്.
പ്രവാചകന്‍ മുഹമ്മദിന്റെ പൗത്രനായ ഹുസൈനും സംഘവും യസീദിന്റെ സൈന്യാധിപനായ ഉബൈദുല്ല ഇബിന്‍ സിയാദിന്റെ പടയും തമ്മില്‍ ഇറാഖിലെ കർബലയില്‍ വച്ച് യുദ്ധമുണ്ടായി. അതിഭീകരമായ പോര് നടക്കവെ തളര്‍ന്നുപോയ ഹുസൈന്റെ പടയാളികള്‍ വെള്ളത്തിനായി അലഞ്ഞപ്പോള്‍ യസീദിപ്പട കിണറിന് ചുറ്റിലും തീക്കുണ്ഡങ്ങള്‍ നിരത്തിനിര്‍ത്തി അവര്‍ വെള്ളം കുടിക്കുന്നത് തടഞ്ഞു. അവശരായിപ്പോയ ഹുസൈന്റെ പടയാളികളെയെല്ലാം എതിര്‍സൈന്യം അരിഞ്ഞുവീഴ്‌ത്തി. ഹുസൈനെ അതിക്രൂരമായാണ് അവര്‍ കൊലപ്പെടുത്തിയത്. അയാളുടെ ശരീരഭാഗങ്ങള്‍ വെട്ടിയരിഞ്ഞു. വേദനയാല്‍ പിടയവെ അയാള്‍ ദൈവത്തെ വിളിച്ചു. കാറ്റും കോളുമുണ്ടായി. പോര്‍ക്കളത്തില്‍ മരിച്ചവര്‍ മഴയില്‍ കുളിച്ചു. മഴവെള്ളത്തിന്റെ നിറം ചോരയുടേതായി.
ചിത്രീകരണം: കെ പി മുരളീധരൻ
യസീദിന്റെ ആളുകള്‍ മരണദേഹം അടക്കം ചെയ്യവെ ഹുസൈന്റെ കൈകള്‍ മണ്ണില്‍ നിന്ന് ഉയര്‍ന്നുനിന്നു. എത്ര ശ്രമിച്ചിട്ടും ഹുസൈന്റെ കരങ്ങള്‍ മണ്ണിട്ട് മൂടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഭയം യസീദിന്റെ പടയാളികളെ വിഴുങ്ങി. ഹുസൈനെ അടക്കം ചെയ്യുന്നത് പാതിക്ക് നിര്‍ത്തി അവര്‍ അവിടെനിന്ന് രക്ഷപ്പെട്ടു. ഹുസൈന്റെ കരങ്ങള്‍ മരണത്തിലും ഉയര്‍ന്നുനിന്ന് ലോകത്തോട് വെളിച്ചപ്പെടുന്നു: ‘ഒരു യുദ്ധവും നല്ലതിനല്ല.'
കല്യാണി കേട്ട ഒരു കഥയിത്.
കാറ്റും കോളും വെള്ളിടിയുമുള്ള ഒരു മൂവന്തിനേരത്ത് നാട്ടുകാരെല്ലാം കടപ്പുറത്ത് പേടിച്ചുനില്‍ക്കുകയായിരുന്നു. ആ നേരത്ത് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സമുദ്രാഴത്തില്‍നിന്ന് മഹാവിഷ്‌ണുവിന്റെ രൂപം പൊങ്ങിവന്നു. അവസാനമായി അവിടെയെത്തിയ തുര്‍ക്കിക്കാരായ സാഹിബുമാര്‍ക്ക് മഹാവിഷ്‌ണുവിന്റെ കൈകള്‍ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. അവര്‍ നീന്തിച്ചെന്ന് കൈയില്‍ പിടിച്ചു. വെള്ളിയില്‍ തീര്‍ത്ത വിശിഷ്ടമാര്‍ന്ന ആ കരം അങ്ങനെ അവര്‍ക്ക് കിട്ടി.
കല്യാണി കേട്ട
രണ്ടാം കഥയിത്.
ഈ രണ്ട് കഥകളില്‍നിന്ന് ആചാരത്തില്‍ ചുറ്റപ്പെട്ട ഒരു കളിയുണ്ടായി: അലാമിക്കളി. അലാമിക്കളിയിലെ വെള്ളിക്കരം അങ്ങനെ ഹുസൈന്റെയും മഹാവിഷ്‌ണുവിന്റെയും കരമായി മാറുന്നു. മതങ്ങള്‍ ഇല്ലാതാവുന്നു, മനുഷ്യനും ദൈവവും മാത്രമാവുന്നു. മുസ്ലീങ്ങള്‍ വെള്ളിക്കരത്തിന് അവകാശികളും കര്‍മികളും ഹിന്ദുക്കള്‍ അലാമിവേഷം കെട്ടുന്നവരും ആയിത്തീരുന്നു.
ഒന്നും കണ്ടില്ലെങ്കിലും കല്യാണി അകക്കണ്ണാല്‍ എല്ലാം കാണുന്നു. എല്ലാം അറിയുന്നു.
കല്യാണി ഇളയമകന് അലാമിയെന്ന് പേര് വിളിച്ചപ്പോള്‍ മാലിങ്കനും ഓര്‍ത്തത് അലാമിക്കളി തന്നെ. ഉജ്ജിറയിലെ കടല്‍ത്തീരത്ത് മുഹറം പത്തിന്റെ പത്താം നിലാവില്‍ കൈരൂപം മുന്നിൽവെച്ച് ദുആ ചെയ്‌ത് ഹുസൈനെ സ്മരിക്കുന്നതും അലാമിക്കളി നടക്കുന്നതും ഇന്നലെയെന്നപോലെ അയാളുടെ മനസ്സില്‍ തെളിഞ്ഞു.
അബുവിനൊപ്പം നിലാവെളിച്ചത്തില്‍ അലാമിക്കളി കാണാന്‍ പോയത്.
അലാമിപ്പാട്ട് കളിക്കാര്‍ക്കൊപ്പം ഇരുവരും ഉച്ചത്തില്‍ പാടിയത്.
ഓര്‍മകള്‍ മാലിങ്കന്റെ മനസ്സില്‍ വേദനയായി വന്നുതട്ടി.

‘ലാസ്സോലായ്‌മ...
ലസ്സോലായ്‌മ ലായ്‌മ ലായ്‌മലോ...
അപ്പോഴേ പറഞ്ഞില്ലേ പെണ്ണേ
ഓന്തിന്റെ അടുക്ക പോണ്ടാന്ന്
മുരിങ്ങാക്കായിക്ക് വന്ന
മൂപ്പര് കാട്ടിത്തന്ന
മൂച്ചിപ്പിരാന്താലേ
പെറ്റു ഞാനും ഒന്ന്
മൂത്തിരം പാത്തുന്ന
ജന്തു ചതിച്ചതാണെന്ന്...
ഒരു പാരം കേങ്ങുണ്ടയ്യാ കവ്വാതെ പൂങ്ങ്ന്ന്
അയിന്റെ മണം കേട്ടിറ്റ് കരിനാഗം വന്നിനയ്യ.
ഞാനുമെന്റെ കീരിച്ചി നായും
വയിപ്പണിക്ക് പോമ്പം
കൊമ്പനടുക്കത്ത് കൂരനെ കണ്ടപ്പൊ
തടുത്ത് വെച്ചിന് മാമാ...
ലാസ്സോലായ്‌മ...
ലസ്സോലായ്‌മ ലായ്‌മ ലായ്‌മലോ...
ചിരിപ്പിക്കുന്ന പാട്ടായിരുന്നെങ്കിലും ഓര്‍മയുടെ സങ്കടത്തില്‍ അയാള്‍ ഗൗരവം വിടാതെ പാട്ട് പതുക്കെ ചൊല്ലി. അന്ന് മുഴുവന്‍ ആ പാട്ട് പല താളത്തില്‍ അയാള്‍ മനസ്സില്‍ ആവര്‍ത്തിച്ചു.
അതൊരു പത്താം നിലാവുള്ള രാത്രിയായിരുന്നു. കര്‍ബല യുദ്ധത്തിന്റെയും മഹാവിഷ്‌ണുവിന്റെയും കഥ പറഞ്ഞിട്ടും ഉറങ്ങാതെ കണ്ണും തുറന്നുപിടിച്ച് കിടക്കുന്ന ഹുസൈന് മാലിങ്കന്‍ ഒരു പുതുകഥ ഉണ്ടാക്കി.
പട്ടിണിയും പരിവട്ടവുമായി കഴിയുകയായിരുന്ന കണ്ണന്‍ ജീവിക്കാനെന്ത് വഴിയെന്ന് ആലോചിച്ച് തല പുണ്ണാക്കവെ പെരുമ്പറ കൊട്ടിക്കൊണ്ട് രാജകിങ്കരന്മാര്‍ മുന്നിലൂടെ കടന്നുപോയി. രാജാവ് ഒരു മത്സരം പ്രഖ്യാപിച്ചിരിക്കുന്നു. രാജകൊട്ടാരത്തിന് മുന്നില്‍ വച്ചിരിക്കുന്ന ചക്കയ്‌ക്കുള്ളില്‍ എത്ര ചൊളയുണ്ടെന്ന് കണ്ടുപിടിച്ചാല്‍ പണക്കിഴി സമ്മാനം. ചക്ക കൊത്താനോ തൊടാനോ പാടില്ല...
പെരുമ്പറയടിച്ചവര്‍ പറഞ്ഞത് കേട്ട് ഇതിലൊരു ജീവിതമുണ്ടെന്ന് കണ്ണന് തോന്നി. അയാള്‍ രാജകൊട്ടാരത്തില്‍ ചെന്ന് മുഴുത്ത ചക്ക നോക്കിനിന്നു. നാല് ദിവസത്തിനുള്ളില്‍ ചൊളയുടെ എണ്ണം കൃത്യമായി പറയുമെന്ന് അയാള്‍ രാജാവിന് മുന്നില്‍ അറിയിച്ചു. എണ്ണം തെറ്റിയാല്‍ നിന്റെ തല കാണില്ലെന്ന് ചെറുചിരിയോടെ രാജാവ് കണ്ണനോട് പറഞ്ഞു.
കണ്ണന്‍ വീട്ടില്‍ തിരിച്ചെത്തി ചൊളകളുടെ എണ്ണം എങ്ങനെ കണ്ടുപിടിക്കുമെന്ന് ഭാര്യയോടും ചങ്ങാതിമാരോടും ചോദിച്ചു. ആര്‍ക്കും ഉത്തരമുണ്ടായില്ല. പട്ടിണിയാണെന്ന് വച്ച് വേണ്ടാത്ത പണിക്ക് നില്‍ക്കണമായിരുന്നോ എന്ന് ചങ്ങാതിമാര്‍ അയാളെ കുറ്റപ്പെടുത്തി. ആവേശപ്പുറത്ത് എടുത്ത തീരുമാനമായിപ്പോയെന്ന് അയാള്‍ക്കും ബോധ്യമായി. തന്റെ തല പോയതുതന്നെ എന്ന് അയാള്‍ ഉറപ്പിച്ചു. മൂന്നാം ദിവസം രാത്രി ഉറക്കം കിട്ടാതെ അയാള്‍ കുടിലില്‍നിന്ന് പുറത്തേക്കിറങ്ങി നടന്നു. ഒറ്റയ്‌ക്ക് നില്‍ക്കുന്ന പേരാല്‍ മരത്തിന് കീഴില്‍ അയാള്‍ മരണവും ആലോചിച്ച് നിന്നു. ആറ് കാലന്മാര്‍ താമസിച്ചിരുന്ന മരമായിരുന്നു അത്. നാളെ ജീവനെടുക്കാന്‍ പോവുന്നവരെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
കണ്ണന്‍ അവരുടെ സംസാരം കേട്ടു.
പലരുടെയും കഥ പറയുന്ന കൂട്ടത്തില്‍ കണ്ണന്റെ പ്രാണന്‍ പിടിക്കാന്‍ പോകുന്നതും അവര്‍ പറഞ്ഞു.
മണ്ടന്‍... ആരെങ്കിലും ഒരു കാര്യവുമില്ലാതെ മരണത്തിന് തല വയ്‌ക്കുമോ...
ഒരു കാലന്‍ കണ്ണനെ പരിഹസിച്ചു. കണ്ണന്‍ സങ്കടത്തോടെ തലകുനിച്ചു.
ആ ചക്കയില്‍ എഴുപത്തിനാല് ചൊളകളാണുള്ളതെന്ന് ആ തിരുമണ്ടന് എങ്ങനെ മനസ്സിലാവാനാണ്...
കണ്ണന്റെ മനസ്സില്‍ വെളിച്ചം നിറഞ്ഞു. ആ രാത്രി തന്നെ അയാള്‍ കൊട്ടാരത്തില്‍ എത്തി. ചൊളകളുടെ എണ്ണം അയാള്‍ രാജാവിന് മുന്നില്‍ ഉണര്‍ത്തിച്ചു. രാജകിങ്കരന്‍ ചക്ക മുറിച്ചു. കണ്ണന്റെ കണക്ക് ശരിയായിരുന്നു. അയാള്‍ മരണത്തെ തോല്‍പ്പിച്ചു. പണക്കിഴിയുമായി അയാള്‍ കുടിലിലേക്ക് തിരിച്ചുപോയി. പട്ടിണിയും പരിവട്ടവും അയാളില്‍നിന്ന് ഒഴിഞ്ഞുപോയി.

കഥ തീരുമ്പോഴേക്കും ഹുസൈന്‍ ഉറങ്ങിയിരുന്നു.
നിലാവ് മുറിയിലേക്ക് പടര്‍ന്നിരുന്നു.
പേരാല്‍ മരത്തില്‍നിന്ന് കാലന്മാര്‍ നോക്കുന്നുണ്ട്.
മാലിങ്കന് തോന്നി.
അയാള്‍ക്ക് ഉറക്കം കിട്ടിയില്ല.
കുടിലില്‍നിന്ന് അയാള്‍ പുറത്തുവന്നിരുന്നു. കടലിന്റെ തിരയിളക്കം അയാളുടെ ചെവിയില്‍ അലച്ചു. എത്രനേരം അങ്ങനെയിരുന്നെന്നറിയില്ല.
ദൂരെനിന്ന് നിലവിളിയുമായി ഒരുകൂട്ടം ആളുകള്‍ വരുന്നത് അയാള്‍ കണ്ടു.
ചന്തന്റെ പ്രായമുള്ള ഒരു കുട്ടിയെയും കൊണ്ട് നാല് പേര്‍ അയാള്‍ക്ക് മുന്നിലെത്തി.
രക്ഷിക്കണം വൈദ്യരേ...
കുട്ടിയുടെ വായില്‍നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു.
പാമ്പ് കടിച്ചതാണ്. മാലിങ്കന് മനസ്സിലായി.
എന്റെ മോനെ രക്ഷിക്കണം വൈദ്യരേ...
അതും പറഞ്ഞ് കരഞ്ഞുകൊണ്ടിരുന്നയാള്‍ കുട്ടിയെ മാലിങ്കന് മുന്നില്‍ വച്ചു.
ചൂട്ടിന്റെ വെളിച്ചത്തില്‍ കരയുന്ന മനുഷ്യനെ മാലിങ്കന്‍ കണ്ടു. അത് അബുവായിരുന്നു... .(തുടരും)










0 comments