ad
Deshabhimani

നോവൽ

തെറം ‐ 11

ചിത്രീകരണം: കെ പി മുരളീധരൻ
avatar
പി വി ഷാജികുമാർ

Published on Jan 12, 2026, 12:07 PM | 6 min read


ഒരം*

സഹോദരനാണെന്ന് സൗമ്യതയോടെ ഫാത്തിമ പരിചയപ്പെടുത്തിയതില്‍നിന്ന് അബുവിന്റെ മാലിങ്കനോടുള്ള അപരിചിതത്വം ആരംഭിച്ചു. അതുവരെ ശാന്തമായ കടല്‍ പോലെയായിരുന്നു അവന്റെ ഇളംമനസ്സ്. ഫാത്തിമയുടെ സംസാരത്തില്‍നിന്ന് അവനില്‍ ഈര്‍ഷ്യയുടെ സാഗരം ഇരമ്പി. സംശയഭാവത്തില്‍ നോക്കിയ അവനോട് ഫാത്തിമ നെഞ്ചില്‍ തൊട്ട് സത്യം ചെയ്‌തു. അവനെ അങ്ങനെ വിശ്വസിപ്പിച്ചില്ലെങ്കില്‍ ആപത്തുണ്ടാവുമെന്ന് അവള്‍ ഭയന്നു. ഫാത്തിമ പറഞ്ഞതും ഫാത്തിമ സത്യമിട്ടതും കളവാണെന്ന് തിരിച്ചറിയാനുള്ള വിവേകം കുട്ടിയായിട്ടും അവനുണ്ടായിരുന്നു. സത്യമിട്ട് നിര്‍ത്തിയ ഫാത്തിമയെ അവന്റെ നിശ്ശബ്ദത തെല്ല് പരിഭ്രമിപ്പിച്ചു. ഫാത്തിമയെയും മാലിങ്കനെയും തുറിച്ചുനോക്കിക്കൊണ്ട് ഒരക്ഷരം മിണ്ടാതെ അവന്‍ കടലിന്റെ കലമ്പലിലേക്ക് ഇറങ്ങിപ്പോയി.

‘‘അബൂ... നില്‍ക്കെടാ...''

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

ഫാത്തിമയുടെ പിൻവിളിക്ക് അവന്‍ മുഖവില കൊടുത്തില്ല. മുറിവേറ്റ മനസ്സോടെ കാറ്റില്‍ കെണിഞ്ഞ ഇലപോലെ മഞ്ഞ് നനവിട്ട മണലില്‍ നേര്‍ത്ത പാദങ്ങളാല്‍ ചെറുകുഴികളെയുണ്ടാക്കിയുള്ള അവന്റെ ഇളകിനടത്തം കണ്ട് ഉള്ളത് ഉള്ളതുപോലെ പറഞ്ഞാല്‍ മതിയായിരുന്നെന്ന് അവള്‍ക്ക് തോന്നി. ഹുസൈന്‍ കൊല്ലപ്പെട്ടതിന്റെ കാര്യകര്‍ത്താവ് എന്ന ദുഷ്‌പ്പേരില്‍ മാലിങ്കനെ അവന്‍ അറിയാതിരിക്കാനുള്ള ആഗ്രഹത്തില്‍ നിന്നായിരുന്നു അവള്‍ കള്ളം സത്യത്തിന്റെ ആണയിട്ട് പറഞ്ഞത്. അത് അവരെ രണ്ട് ഭൂഖണ്ഡങ്ങളാക്കി മാറ്റുമെന്ന് അവള്‍ക്ക് തോന്നിയിരുന്നു. അത് ഇല്ലാതാക്കാനാണ് അവള്‍ ശ്രമിച്ചത്.

കുട്ടികള്‍ക്ക് ചില സന്ദര്‍ഭങ്ങളില്‍ മുതിര്‍ന്നവരുടെ മനസ്സുണ്ടാവും. ആ നേരങ്ങളില്‍ അവര്‍ വാക്കുകളില്‍നിന്നും ഭാവങ്ങളില്‍നിന്നും അർഥങ്ങളുടെ വിപരീതദിശകള്‍ തേടും. സ്വയമൊഴികെ ആരെയും വിശ്വാസമില്ലാത്തവരായി മാറും. അബു തന്നെയൊട്ടും വിശ്വസിച്ചിട്ടില്ലെന്നും മാലിങ്കനെ അവനൊപ്പം നിര്‍ത്താന്‍ വിഷമമാണെന്നും അവള്‍ പ്രയാസത്തോടെ മനസ്സിലാക്കി.


പിറകെപ്പോയി അവനെ കൂട്ടിക്കൊണ്ട് വരാതിരിക്കുന്നതാണ് നല്ലതെന്ന് വിചാരിച്ചതിനാല്‍ അവള്‍ നിന്നയിടത്തുനിന്ന് അനങ്ങിയില്ല. കൊഴിഞ്ഞ ഇലകള്‍ വീണുകിടക്കുന്ന കടല്‍ത്തീരത്ത് അവന്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ അവളുടെ നെഞ്ച് കലങ്ങി.

‘അറിഞ്ഞുകൊണ്ടല്ലെങ്കിലും ശരിയില്‍ നിന്ന് ചെറിയൊരു ചാഞ്ചാട്ടം മതി, തെറ്റുകള്‍ നേർവഴികളെ വേഗത്തില്‍ വളഞ്ഞുപിടിക്കും.

തെറ്റുകള്‍ക്ക് പ്രകാശത്തിന്റെ ഗതി. നേരിന്റെ നേരിയൊരു ഇടര്‍ച്ചയില്‍ പോലും തിന്മ അവിടം വിഴുങ്ങിക്കളയും.അത് കാലത്തിന്റെ നിയതി. അത് ഫാത്തിമയ്‌ക്ക്‌ അറിയില്ലല്ലോ!'

അബു തീരത്ത് കാലുറപ്പിച്ച് കുത്തിയിരുന്നു. ഈര്‍പ്പം നിറഞ്ഞ കാറ്റ് കടലില്‍ നിന്ന് കരയെ ചുറ്റിപ്പിടിക്കുന്നുണ്ടായിരുന്നു. അതിശൈത്യത്താല്‍ കര അവനെ വിറപ്പിച്ചു. നെഞ്ചിലേക്ക് അവന്‍ കൈകള്‍ കൂട്ടിപ്പിടിച്ചു.

അവനില്‍ ഹുസൈന്‍ നിറഞ്ഞു.

ഹുസൈന്‍ കൂടെയുണ്ടായിരുന്നെങ്കില്‍...

അവന്‍ ആഗ്രഹിച്ചു. അവന്റെ കണ്ണുകള്‍ നനവാര്‍ന്നതായി.

തിരയൊളിയില്‍ മനുഷ്യവിസര്‍ജ്യം തിന്നാനെത്തിയ ഞണ്ടുകള്‍ അവന്റെ കണ്ണുകള്‍ പിടിച്ചു.

അവയെ നോക്കിക്കൊണ്ട് കടലിനോടെന്ന പോലെ അവന്‍ പറഞ്ഞു.

‘‘നാറി..!''


മാലിങ്കനോടുള്ള വെറുപ്പ് ആദ്യമായി പ്രകടിപ്പിക്കപ്പെട്ടതിന് കടല്‍ സാക്ഷിയായി.

കോപം കരിങ്കല്‍ കഷ്‌ണം കൊണ്ട് അവന്‍ കയ്യില്‍ കിട്ടിയ ഞണ്ടുകളില്‍ കുനിച്ചുതീര്‍ത്തു.

മാലിങ്കനാവട്ടെ ഫാത്തിമയ്‌ക്കും അബുവിനും വേണ്ടി ജീവന്‍ നല്‍കാനുള്ള മനസ്സായിരുന്നു. തന്നെ രക്ഷിച്ച മനുഷ്യന്റെ ഉടപ്പിറന്നവരുടെ ഇഷ്ടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും ഒപ്പം നില്‍ക്കുമെന്ന് അവന്‍ ഉറപ്പിച്ചിരുന്നു. അബുവിന്റെ ദേഷ്യത്തോടെയുള്ള തുറിച്ചുനോട്ടത്തിന് മറുപടിയായുള്ള അവന്റെ മന്ദഹാസം അഭിനയമായിരുന്നില്ല, ഹൃദയത്തില്‍ നിന്നുയര്‍ന്ന സ്‌നേഹത്തിളക്കമായിരുന്നു.

‘‘തണുപ്പാണ്... അകത്തുകെടക്ക് മോനേ...''

ഫാത്തിമ കുറേവട്ടം പറഞ്ഞിട്ടും അവന്‍ കുടിലിന് പുറത്ത് ഹുസൈന്‍ ഉപേക്ഷിച്ച പുകയില കെട്ടുന്ന കാട്ടുവള്ളികള്‍ക്കടുത്ത് കിടന്നു. അവന് ഉറക്കം വന്നില്ല. അവന്‍ ചന്തനെയും ദച്ച്മിയെയും ഗോപാലനെയും ഹുസൈനെയും നിനച്ചു. നാല് പേര്‍ ഈ ലോകത്തില്ല. അമ്മ എവിടെയായിരിക്കും..!

ഉത്തരം കിട്ടില്ലെന്നറിയാമായിരുന്നിട്ടും അവന്‍ വെറുതെ ആലോചിച്ചു.

‘എപ്പോഴെങ്കിലും അമ്മയെ കാണും.' കാല്‍മുട്ടുകള്‍ക്കിടയിലേക്ക് കൈകള്‍ തിരുകിക്കയറ്റി അവന്‍ ഇരുട്ടിനോട് പിറുപിറുത്തു.

തണുപ്പില്‍ അവനൊന്ന് കിടുകിടുത്തു.

കാട്ടുവള്ളികളില്‍ അവന്‍ തല പൂഴ്‌ത്തിവച്ചു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

ആ രാത്രി അവസാനിക്കുന്നതിന് മുന്നേ തണുപ്പ് അബുവിനെ കുടിലില്‍ തിരിച്ചെത്തിച്ചു. വിറയല്‍ താങ്ങാനാവാതെ അവന്റെ പല്ലുകള്‍ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. കാട്ടുവള്ളികള്‍ക്കിടയില്‍ ഒരു മെലിഞ്ഞ കാട്ടുവള്ളി പോലെ ചുരുണ്ടുകിടക്കുന്ന മാലിങ്കനെ കണ്ടപ്പോള്‍ അവനും തണുക്കുന്നുണ്ടാവുമല്ലോ എന്ന് അബുവിന് പാവം തോന്നാതിരുന്നില്ല. കുറച്ചുനേരം അവന്‍ മാലിങ്കനെ വീക്ഷിച്ചു.

തണുപ്പ് ഉറങ്ങണ്ടേയെന്ന് ഓര്‍മപ്പെടുത്തിയപ്പോള്‍ അബു അകത്തേക്ക് നടന്നു.

അബു വന്നതും നിന്നതും നോക്കിയതും മാലിങ്കന്‍ അറിയുന്നുണ്ടായിരുന്നു. അവന്‍ അപ്പോഴും ഉറങ്ങിയിട്ടില്ലായിരുന്നു.

അബുവിന്റെ ദേഷ്യം അല്‍പ്പനേരത്തേക്കെങ്കിലും ഉച്ചവെയില്‍ തണലിലേക്ക് താഴുന്നതുപോലെ അടങ്ങിയതില്‍ മാലിങ്കന്‍ സന്തോഷിച്ചു. ആ സമാധാനത്തില്‍ അവന്റെ തണുപ്പ് പോയി. കാട്ടുവള്ളികള്‍ക്കടിയില്‍നിന്ന് തല വലിച്ചെടുത്ത് അവന്‍ മലര്‍ന്നുകിടന്നു. ഉറക്കം അവന്റെ കണ്‍കളെ അപ്പോള്‍ തന്നെ വന്നു തൊട്ടു.

അബുവാകട്ടെ ഉമ്മയ്‌ക്കടുത്ത് കിടക്കണോ വേണ്ടയോ എന്ന സംശയത്തില്‍ കുറച്ചുനേരം അകത്തുനിന്നു.

‘‘വന്ന് ഒറങ്ങെടാ മോനേ...''

ഫാത്തിമയുടെ സ്‌നേഹം മാത്രം നിറഞ്ഞ വാക്കുകള്‍ അവന്റെ ഉത്തരമായി.

അവന്‍ ഫാത്തിമയെ പറ്റിപ്പിടിച്ചു.

അവള്‍ അവന്റെ നെറ്റിയില്‍ ഉമ്മവച്ചു.

അവളുടെ ചുടുകണ്ണീര്‍ അവന്റെ നെറ്റിയിലുറ്റി.

കടല്‍ കലമ്പ് നിര്‍ത്തി, നിശ്ശബ്ദയായി.


വെറുപ്പൊന്നും പ്രകടിപ്പിച്ചില്ലെങ്കിലും ആ രാത്രിക്ക് ശേഷം അബു മാലിങ്കനില്‍ നിന്ന് അകലം പാലിക്കാന്‍ ശ്രമിച്ചു. കളിക്കാനോ കൂട്ടുകൂടാനോ ആരുമില്ലാതെ ഒറ്റപ്പെട്ട് വട്ടം കറങ്ങുമ്പോള്‍ മാത്രം അവന്‍ മാലിങ്കനെ വിളിക്കും. നാട്ടിലെ ജന്മിമാര്‍ നാട്ടുകാരോട് അയിത്തം കാണിക്കുന്നത് പോലെ അവന്‍ മാലിങ്കനോട് പെരുമാറി. അടിമയെപ്പോലെ മാലിങ്കന്‍ സർവതും മറന്ന് അവന് വിധേയനാകും. കളിയിലും കാര്യത്തിലും എപ്പോഴും മാലിങ്കനോട് ജയിക്കാന്‍ അബു ശ്രമിച്ചിരുന്നു. പലപ്പോഴും ജയിക്കുമെന്നറിയാമായിരുന്നിട്ടും തോറ്റുകൊടുക്കാന്‍ മാലിങ്കൻ ശീലിച്ചിരുന്നു. അബുവിന്റെയും ഫാത്തിമയുടെയും സന്തോഷമാണ് പരമപ്രധാനമെന്ന് അവനുറപ്പിച്ചിരുന്നു.

അബു പുറത്തേക്ക് പോകുമ്പോള്‍ മാലിങ്കനും പിന്തുടരും. ആദ്യമൊക്കെ അവന്‍ കൂടെ വരുന്നതില്‍ അബു വല്ലാതെ എതിര്‍പ്പ് കാണിച്ചിരുന്നു. ഫാത്തിമയുടെ സ്‌നേഹത്താലുള്ള അപേക്ഷയില്‍ അബു ഒച്ചയടക്കും.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

പുറത്തിറങ്ങിയാല്‍ അബു ആഗ്രഹിക്കുന്നതെല്ലാം മാലിങ്കൻ ചെയ്‌തുകൊടുക്കും. ഉജ്ജിറക്കുന്നില്‍ കയറി വെളുത്തവാലുള്ള പൂക്കള്‍ അവന്‍ അബുവിന് ഇറുത്തുകൊടുത്തു. കൊക്കയിലേക്ക് മരണക്കെണിയായി വളഞ്ഞുകിടന്ന കാട്ടുമരത്തിന്റെ കൊമ്പിലേക്ക് വേതാളം പോലെ തൂങ്ങിയാടി അവന്‍ മധുരപ്പഴം പറിച്ചുനല്‍കി. അബുവിനെ ആരെങ്കിലും ചീത്ത വിളിച്ചാല്‍ ആദ്യം മറുതെറി വിളിക്കുന്നത് അവനായി. അബുവിനെ ആരെങ്കിലും തല്ലിയാല്‍ തിരിച്ചടിച്ചതും അവന്‍ തന്നെ. അത് അബുവിനെ ഞെട്ടിച്ചുകളഞ്ഞു. മാലിങ്കനോട് ധൈര്യം കാണിക്കുമെങ്കിലും അബു പുറമേക്ക് വലിയൊരു ഭീരുവായിരുന്നു. ‘എടാ...'യെന്ന് ഒച്ചത്തില്‍ വിളിച്ചാല്‍ പോലും കരഞ്ഞുപോകുന്ന പേടിത്തൊണ്ടനായിരുന്നു അവന്‍. മാലിങ്കന്‍ വരുന്നതിന് മുമ്പ്‌ അവനെ കരയിക്കുന്നതില്‍ ഉജ്ജിറയിലെ അവന്റെ സമപ്രായക്കാരും മുതിര്‍ന്നവരുമായ കുട്ടികള്‍ എപ്പോഴും ശ്രമിക്കുമായിരുന്നു. ‘കരച്ചില്‍ പാട്ടി' എന്ന വിളിപ്പേരും അവന് സ്വന്തമായുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പുറത്തുപോയി കളിക്കാനുള്ള ആത്മധൈര്യവും ആവേശവും ഒരിക്കലും അവനുണ്ടായില്ല. അങ്ങനെ സംഭവിച്ചാല്‍ തന്നെ നിലവിളിയുമായല്ലാതെ അവന്‍ തിരിച്ചുവരാറുമില്ല. പലപ്പോഴും അവന് വേണ്ടി ഫാത്തിമയ്‌ക്ക് വക്കാണത്തിന് പോവേണ്ടി വന്നിരുന്നു. ഇത്രയും പേടിയുള്ളൊരു കുട്ടി വലുതായാല്‍ ജീവിതമെന്ന വലിയ പേടിയെ എങ്ങനെ നേരിടുമെന്ന ആശങ്ക ഫാത്തിമയ്‌ക്ക് വല്ലാതെയുണ്ടായിരുന്നു. അത് അവള്‍ ഹുസൈനോട് പങ്കിടാറുമുണ്ടായിരുന്നു. ഹുസൈന്‍ അതിന് മന്ദഹസിക്കുകയും കഥകള്‍ ചൊല്ലിക്കൊടുത്ത് അബുവിനെ വീരനാക്കുകയും ചെയ്യും. ഹുസൈന്‍ പോയപ്പോള്‍ അബുവിനെക്കുറിച്ചായിരുന്നു ഫാത്തിമ ആദ്യം ആലോചിച്ചത്. ഹുസൈന്‍ അയച്ച മാലിങ്കനെ സ്‌നേഹത്തോടെ സ്വീകരിച്ചെങ്കിലും അബുവിനെക്കുറിച്ചുള്ള ആശങ്ക അവളില്‍നിന്നൊഴിഞ്ഞില്ല. എന്നാല്‍ ആഴ്‌ചകള്‍ക്കുള്ളില്‍ മാലിങ്കന്റെ സംരക്ഷണയില്‍ അബു ആവേശത്തോടെ പുറത്തിറങ്ങാന്‍ തുടങ്ങിയതോടെ തന്റെ ആശങ്കകള്‍ക്കുള്ള ഉത്തരമാണ് ഹുസൈന്‍ തന്നതെന്ന് ഫാത്തിമയ്‌ക്ക്‌ മനസ്സിലായി. മാലിങ്കന്റെ വരവ് അബുവിനെ കൂടുതല്‍ തളര്‍ത്തിക്കളയുമെന്ന ഭയം അതോടെ മനക്കയ്യില്‍ ചുറ്റിയ സര്‍പ്പത്തെയെന്ന പോലെ ഫാത്തിമ കുടഞ്ഞുകളഞ്ഞു.


സയ്യ്ദ് അഹമ്മദ് കുര്‍ബാനി മയ്യത്തായതിന്റെ ഇരുപതാം വര്‍ഷത്തിന്റെ ആഘോഷം കണ്ടുകഴിഞ്ഞ് മടങ്ങവെ ഇരട്ടിപ്രായക്കാരായ കുട്ടികള്‍ മാലിങ്കനെയും അബുവിനെയും വട്ടം ചുറ്റി. എടായെന്ന് അലറിവിളിച്ച അവര്‍ക്ക് മുന്നില്‍ കരയാന്‍ തുടങ്ങിയ അബുവിനെ പോടായെന്ന് മറുവിളിയലറി മാലിങ്കന്‍ ചേര്‍ത്തുപിടിച്ചു. കമ്പും കല്ലുമായി വന്നവരെ ചീറ്റപ്പുലി പോലെ ചീറിക്കൊണ്ട് മാലിങ്കന്‍ എതിരിടുന്നത് കണ്ട് അബുവിന്റെ നിലവിളി മയ്യത്തായി. അത്ഭുതത്താല്‍ അവന്റെ വാ അറിയാതെ തുറന്നുപോയി. ദുര്‍ഗന്ധത്തില്‍ ആകൃഷ്ടരായി രണ്ട് മണിയനീച്ചകള്‍ അവന്റെ വായ്‌ക്കുള്ളിലേക്ക് പാറിക്കയറി തൊണ്ടയില്‍ കുടുങ്ങി. പുറത്തേക്ക് തുപ്പാന്‍ കഴിയാതെ രണ്ടിനെയും വിഴുങ്ങിക്കളഞ്ഞ് അവന്‍ മാലിങ്കന്റെ പ്രകടനം നോക്കിനിന്നു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

മാലിങ്കന്റെ വരവ് തന്നെയിങ്ങനെ മാറ്റിക്കളയുമെന്ന് അബുവും സ്വപ്‌നത്തില്‍ പോലും വിചാരിച്ചതല്ല. ആകെയുള്ള കുഞ്ഞുസന്തോഷത്തിന്റെ വെളിച്ചവും കെടുത്തിക്കളയാനാണ് വന്നിരിക്കുന്നതെന്നാണ് മാലിങ്കന്‍ എത്തിയ രാത്രിയില്‍ അവന്‍ ഉറപ്പിച്ചത്. എന്നാല്‍ വന്നതിന് ശേഷം ആകെയുള്ള കുഞ്ഞുസന്തോഷമൊന്നും ഒരു സന്തോഷമേയല്ലെന്ന് അബുവിന് മനസ്സിലായി.

ഇപ്പോള്‍ അവന്‍ എടായെന്ന് വിളി കേള്‍ക്കുമ്പോള്‍ കരയാറില്ല.

ഇപ്പോള്‍ അവനെ ആരും എതിരിടാന്‍ വരാറില്ല.

ഇപ്പോള്‍ അവനെ ആരും കരച്ചില്‍പാട്ടിയെന്ന് വിളിക്കാറില്ല.

ഇപ്പോള്‍ അവന് ആഗ്രഹിക്കുന്നത് നടത്തിക്കൊടുക്കാന്‍ ആളുണ്ട്.

ഇപ്പോള്‍ അവന്റെ ദിവസങ്ങള്‍ക്ക് മഴവില്ലിന്റെ ഏഴഴകുണ്ട്‌.

എന്നാലും മാലിങ്കനോടുള്ള മൊരട്ട് സ്വഭാവം അവന്‍ മാറ്റിയതേയില്ല.

അബുവായിരുന്നു ജന്മി, മാലിങ്കന്‍ അടിയാളനും.

അത് മാറ്റിയാല്‍ അവനെന്നെ എടായെന്ന് വിളിക്കുമെന്നും അവന്‍ എടായെന്ന് വിളിച്ചാല്‍ താന്‍ കരഞ്ഞുപോകുമെന്നും അബു ഭയപ്പെടുന്നു.

വെറുതെയെന്തിന് വീണ്ടും കരച്ചില്‍ പാട്ടിയാവണം..!

എല്ലായിടത്തുമെന്ന പോലെ ഉജ്ജിറയിലും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു. പല നാടുകളില്‍ നിന്നും അധികാരികളില്‍ നിന്നും ശക്തരില്‍ നിന്നും അടിയും അടിച്ചമര്‍ത്തലും നേരിടേണ്ടി വന്നവരുടെ അഭയസ്ഥാനമായി ഉജ്ജിറ മാറി. മുറിവേറ്റവര്‍, ആരുമില്ലാത്തവര്‍, രോഗികള്‍... അവരൊക്കെ ഉജ്ജിറയിലേക്ക് കുടിയേറി. ഉജ്ജിറ അശരണരുടെ അഭയസ്ഥാനമായി മാറ്റപ്പെട്ടു. അതിനിടയില്‍ കുറ്റവാളികളും കൊലപാതകികളും ഉജ്ജിറയില്‍ വന്നു. ഉജ്ജിറയിലെ ആരും കാണാത്ത ഒളിയിടങ്ങളില്‍ കാട്ടുവരാഹം പോലെ അവര്‍ സ്വൈരവിഹാരം നടത്തി.


ഫാത്തിമയിലും അബുവിലും മാലിങ്കനിലും മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. പുറമേക്ക് കാണിച്ചില്ലെങ്കിലും ഹുസൈന്‍ പോയതിന്റെ ആഘാതം ഫാത്തിമയില്‍ വല്ലാതെയുണ്ടായിരുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും അത് കൂടിവന്നു. അവളുടെ ഉടല്‍ ശോഷിച്ചു. വാര്‍ധക്യം ഇത്തിള്‍ക്കണ്ണി പോലെ അവളെ വേഗത്തില്‍ ചുറ്റിപ്പിടിച്ചു. ഉജ്ജിറയിലെ ഏത് ആണിനേക്കാളും നീളമുള്ള അവളുടെ ശരീരം ‘റ’ പോലെ വളഞ്ഞു. അബുവിനെക്കുറിച്ചും മാലിങ്കനെക്കുറിച്ചും വിചാരമുണ്ടായിരുന്ന അവളുടെ മനസ്സില്‍ ഹുസൈന്‍ മാത്രമായി. അവള്‍ കുടിലില്‍നിന്ന് പുറത്തിറങ്ങാതെയായി. ഉണര്‍ന്നിരിക്കുന്ന നേരങ്ങളിലെല്ലാം സങ്കടലില്‍ മുങ്ങിക്കിടക്കുന്ന സ്‌ത്രീയായി അവള്‍ പരിണമിക്കപ്പെട്ടു. അബുവാകട്ടെ പ്രായം കൂടുന്തോറും ഭീരുത്വത്തില്‍നിന്ന് ഏറിയ ഒരത്തിലേക്ക് വഴിമാറി. അവന് കൂട്ടുകെട്ടുകള്‍ പല തരക്കാരും പല പ്രായക്കാരുമായി മാറി. അപ്പോഴും അടിമയായി മാലിങ്കനുണ്ടായിരുന്നു. അവന് തെറി വിളിക്കാനും തല്ലാനും തോന്നുന്നത് ചെയ്യിപ്പിക്കാനും. ഉപ്പയുടെ പുകയിലയില്‍ നിന്ന് വീര്യം കൂടിയ ദ്രാവകം അബു ചൂടാക്കിയെടുത്തു. അത് കുടിപ്പിച്ചും കുടിച്ചും അവന്‍ ഉജ്ജിറയിലെ ലക്ഷണമൊത്ത തെറക്കാരനായി.

മാലിങ്കന്‍ ആമയെപ്പോലെ തന്നിലേക്ക് തന്നെ ഒതുങ്ങി. അബുവിനൊപ്പം നടക്കുമ്പോഴും ഒരത്തിന്റെ വഴിയില്‍ അവൻ പോയില്ല. ഫാത്തിമയുടെ കാര്യങ്ങള്‍ നോക്കാന്‍ അവന്‍ മറന്നില്ല. കടലില്‍ പോയി അവന്‍ ജീവിതത്തിന്റെ തോണി മുന്നോട്ട് തുഴഞ്ഞു.

ഭയം പകര്‍ച്ചവ്യാധിയാണ്, ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് അത് പടരുക തന്നെ ചെയ്യും. കുട്ടിയായ അബുവിന്റെ ഭയം മാലിങ്കനിലേക്ക് പതിയെപ്പതിയെ പടര്‍ന്നു. അവന്‍ കൂടുതല്‍ നിശ്ശബ്ദനായി.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

ഹുസൈന്‍ സ്വപ്‌നത്തില്‍ വന്ന് മലക്കുകളുടെ കഥ പറഞ്ഞ രാത്രിയില്‍ മലക്കൂല്‍ മൗത് എന്ന മരണത്തിന്റെ മലക്ക് ഫാത്തിമയുടെ തലക്കുത്തിൽ ഇരുന്നു. ആ രാത്രിയില്‍ നല്ല മഴയുണ്ടായിരുന്നു. മാലിങ്കന്‍ ഉറങ്ങാതെ ഫാത്തിമയ്‌ക്കടുത്തുണ്ടായിരുന്നു. അവളുടെ ചുട്ടുപൊള്ളുന്ന നെറ്റിയില്‍ അവന്‍ ഇടതടവില്ലാതെ തലോടുകയും വരണ്ട തൊണ്ടയില്‍ വെള്ളം നല്‍കുകയുമുണ്ടായി. ഒരു വലിയ കരച്ചിലില്‍ വളഞ്ഞ ശരീരമൊന്നാകെ നിവര്‍ന്ന് അവള്‍ അല്ലാഹുവില്‍ അഭയം പ്രാപിച്ചപ്പോള്‍ ഉജ്ജിറയിലെത്തിയതിന് ശേഷം കരഞ്ഞിട്ടില്ലാത്ത മാലിങ്കന്‍ തൊണ്ട തെറിക്കുന്ന ഒച്ചത്തില്‍ നിലവിളിച്ചു.

ഫാത്തിമയുടെ മരണം അങ്ങനെ ഉജ്ജിറ അറിഞ്ഞു. ഈ നേരത്ത് അബുവാകട്ടെ പുകയിലപ്പാടത്ത് ചരല് വാരിയെറിയുന്ന പോലെയുള്ള മഴയും കൊണ്ട് പുകയിലവെള്ളവും കുടിച്ച് ആടിയാടി നില്‍ക്കുകയായിരുന്നു. അവനൊപ്പമുണ്ടായിരുന്നത് പരിചയമില്ലാത്ത തടിമാടന്മാരായിരുന്നു. അവര്‍ ഉജ്ജിറയില്‍ ഒളിവിലെത്തിയ കുറ്റവാളികളായിരുന്നു. അവരില്‍ മുടിയില്ലാത്ത ഒരു മനുഷ്യന്‍ ഫാത്തിമ മറച്ചുവച്ച രഹസ്യം അവനോട് വെളിപ്പെടുത്തി: ‘‘നിന്റെ ഉപ്പയെ കൊന്നത് മാലിങ്കനാടാ..!’’


അതുംപറഞ്ഞുള്ള അയാളുടെ ഭ്രാന്ത് പിടിച്ചുള്ള ചിരിക്ക് മുകളില്‍ ആകാശത്ത് മിന്നല്‍ വായുവിനെ കീറിമുറിച്ചു. ഇടിമുഴങ്ങി, മിന്നല്‍പ്പിണരുണ്ടായി. അവരുണ്ടായിരുന്നതിന് കുറച്ചകലത്തായി പുകയിലപ്പാടത്ത് ഇടിവെട്ടി. പുകയിലച്ചെടികള്‍ കൊടുമഴയില്‍ പച്ചയ്‌ക്ക്‌ നിന്നു കത്തുന്നത് തലയാട്ടത്തിനിടയിലും നോക്കിനില്‍ക്കവെ അബുവില്‍ അയാള്‍ പറഞ്ഞത് ആവര്‍ത്തിക്കപ്പെട്ടു: “നിന്റെ ഉപ്പയെ കൊന്നത് മാലിങ്കനാടാ..!” .(തുടരും)

*ഒരം- കുരുത്തക്കേട്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home