ad
Deshabhimani

നോവൽ

തെറം‐18

ചിത്രീകരണം: കെ പി മുരളീധരൻ
avatar
പി വി ഷാജികുമാർ

Published on Mar 09, 2026, 11:15 AM | 6 min read

സുഗന്ധം

പാമ്പ് മുറ്റത്തേക്ക് വന്നതും വെറ്റില കീറും പോലെ രണ്ടായി പിളര്‍ന്നതും അബുവോ മാലിങ്കന്റെ മക്കളോ കണ്ടില്ല.

മുറ്റത്ത് പാമ്പ് ചത്ത് കിടക്കുന്നുമുണ്ടായിരുന്നില്ല.

പാമ്പ് വന്നതിന്റെ ഒരടയാളവും ഉണ്ടായിരുന്നില്ല.

മാലിങ്കന്‍ കമലാമന്ത്രം ചൊല്ലവെ മക്കള്‍ കൂവിയാര്‍ത്ത് മുറ്റത്ത് വട്ടം ചുറ്റി കളിക്കുകയായിരുന്നു. എന്നിട്ടും പാമ്പ് അവരുടെ കണ്ണില്‍ പത്തി താഴ്‌ത്തിയില്ല.

എല്ലാം മാലിങ്കന്റെ മനോമുറ്റത്ത് നടന്നതാവുമോ...!

എങ്കിലും കമലാപ്പക്ഷി ക്രാകിക്കൊണ്ട് കുടിലിന് മുകളില്‍ പറക്കുന്നുണ്ടായിരുന്നു.

ഒരുവേള പക്ഷി കൊത്തിപ്പറന്നതാകുമോ...

അല്ലെങ്കില്‍ അദൃശ്യമാക്കിയതാകുമോ...

ഒന്നുമറിയില്ല.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

യാഥാർഥ്യവും ഭാവനയും, അനിശ്ചിതത്വവും ഉറപ്പും, ഇന്ദ്രിയമാര്‍ന്നതും അതീന്ദ്രിയമാര്‍ന്നതും കൂടിക്കലരുന്ന ഒന്നിനെയാണല്ലോ കാലം എന്ന് പറയുന്നത്.

ഈ ലോകത്തിന്റെ രഹസ്യങ്ങള്‍ ആര്‍ക്കാണ് തിരിച്ചറിയാന്‍ കഴിയുക..!

മരുന്ന് ചതയ്‌ക്കുന്ന മാലിങ്കന്റെ വലങ്കൈയ്യിലെ വിരലുകളില്‍ ഐസുകട്ട പോലെയുള്ള തണുപ്പ് കയറിക്കൂടി.

എന്നന്നേക്കുമായി അത് വിറങ്ങലിച്ചു.

‘പാപം ചെയ്‌തതിന്റെ ശാപം... ശാപം...'

അയാള്‍ സ്വയം മന്ത്രിച്ചു.


അബുവിന്റെ മകനെ രക്ഷപ്പെടുത്തിയതിലുള്ള സന്തോഷത്താലും സ്‌നേഹത്താലും അയാള്‍ ആ അവസ്ഥ കാരണം ഒട്ടുമേ സങ്കടപ്പെട്ടില്ല.

മരണവിഷം പൂർണമായും ഇറങ്ങിപ്പോയ ഇബ്രാഹിം തലയിലെ വേദനയുടെ ഭാരമെല്ലാം കുടഞ്ഞുകളഞ്ഞ് എഴുന്നേറ്റോടിയത് മാലിങ്കനരികിലേക്ക്.

അവന്‍ അയാളെ കെട്ടിപ്പിടിച്ചു. മാലിങ്കന്‍ ചെറുപുഞ്ചിരിയോടെ അവന്റെ തലയില്‍ തലോടി.

അതുകണ്ട് അബുവിന്റെ കണ്ണുകള്‍ നിറഞ്ഞു. അയാള്‍ മാലിങ്കന് മുന്നില്‍ വന്നു.

കുറ്റബോധത്തിന്റെ കടല്‍ അയാളുടെ കണ്ണുകളില്‍ തിരയനക്കി.

‘‘മാപ്പ്...’’

അയാള്‍ കൈകള്‍ കൂപ്പിക്കൊണ്ട് മാലിങ്കിന് മുന്നില്‍ മുട്ടുകുത്തി നിന്നു.

ഇബ്രാഹിമിനെ വിട്ട് മാലിങ്കന്‍ അബുവിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു.

‘‘നോവിപ്പിക്കുന്നതെല്ലാം വേഗത്തില്‍ മറക്കണം...’’

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മാലിങ്കന്‍ ആദ്യമായി ലോകത്തിന് മുന്നില്‍ വര്‍ത്തമാനം പറഞ്ഞു.


‘‘ചില നിയോഗങ്ങളുണ്ട് അബൂ. അത് മായ്‌ക്കാന്‍ കഴിയൂലാ... അന്ന് ഈ ചീരുമ്പ കടപ്പുറത്ത് എന്നെ നീ വലിച്ചിട്ടത് കൊണ്ടാണല്ലോ, ഞാനിപ്പോള്‍ വൈദ്യനായതും നിന്റെ മകനെ ചികിത്സിക്കാന്‍ യോഗമുണ്ടായതും. അല്ലെങ്കില്‍ പുകയിലവെള്ളവും കുടിച്ച് സ്വയം നശിച്ച ഒരു ഞാനുണ്ടാവുമായിരുന്നു... അതിന് നിന്നോട് ഞാന്‍ നന്ദി പറയുന്നു അബൂ...''

മാലിങ്കന്‍ സ്‌നേഹത്തോടെ അബുവിനെ ചേര്‍ത്തുപിടിച്ചു.

എന്ത് ഉത്തരം പറയണമെന്നറിയാതെ അബു നിശ്ശബ്ദനായി.

കഴിഞ്ഞ കാലത്തിലെ തെറ്റുകള്‍ അയാളുടെ ഇടനെഞ്ചില്‍ കനം തൂങ്ങിനിന്നു.

മരണംവരെ അതിന്റെ ഭാരം ഒഴിഞ്ഞുപോവില്ലെന്ന് അയാള്‍ക്ക് ഉറപ്പായിരുന്നു.

അകത്തുനിന്ന് കല്യാണി മാലിങ്കനെ വിളിച്ചു. അബുവിന്റെ പുറത്തൊന്ന് തട്ടി അയാള്‍ അകത്തേക്ക് നടന്നു.


അബുവിന്റെ കണ്ണുകള്‍ മുറ്റത്തേക്ക് അലക്ഷ്യമായി.

ഉന്മേഷമൊട്ടും ചോരാതെ ഇബ്രാഹിം കൂടപ്പിറപ്പുകളെന്ന പോലെ മാലിങ്കന്റെ മക്കള്‍ക്കൊപ്പം കളിക്കാന്‍ തുടങ്ങിയിരുന്നു.

അന്തിവെയിലും അവര്‍ക്കൊപ്പം കളിക്കാന്‍ കൂടി.

സന്ധ്യ മയങ്ങുന്നതിന് മുമ്പ് ഇബ്രാഹിമിനെയും കൂട്ടി അബു മാലിങ്കന്റെ കുടിലില്‍ നിന്നിറങ്ങി. മാലിങ്കന്റെ മക്കളെ പിരിയുന്നതിലുള്ള വിഷമം ഇബ്രാഹിമിന്റെ മുഖത്തുണ്ടായിരുന്നു.

‘‘ഇടയ്‌ക്ക്‌ വാ...’’

അത് മനസ്സിലാക്കിയ മാലിങ്കന്‍ സ്‌നേഹത്തോടെ അവന്റെ നെറുകയില്‍ തൊട്ടു. ഇബ്രാഹിമിന്റെ പൂന്തോട്ടത്തില്‍ ഇല്ലാത്ത ഒരു ചെടി കല്യാണി അവന് സമ്മാനിച്ചു.

‘‘വരാം...''

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

അബു അതുമാത്രം പറഞ്ഞു. അധികം പറയാനോ സ്‌നേഹം പ്രകടിപ്പിക്കാനോ ഉള്ള ധൈര്യം അയാളില്‍നിന്ന് കുറ്റബോധം ചോര്‍ത്തിക്കളഞ്ഞിരുന്നു.

ഉജ്ജിറയിലേക്കുള്ള വഴിയിലൂടെ അബുവും ഇബ്രാഹിമും നടന്നുപോവുന്നത് കണ്ണില്‍നിന്ന് മറയുന്നത് വരെ മാലിങ്കനും മക്കളും നോക്കിനിന്നു. ആരും ഒന്നും മിണ്ടിയില്ല.

കടലിന്റെ ഒച്ച അവരുടെ നിശ്ശബ്ദതയ്‌ക്ക്‌ മുകളില്‍ താളമിട്ടു. മക്കള്‍ വീണ്ടും കളി തുടങ്ങിയപ്പോള്‍ കല്യാണി അയാളുടെ കയ്യില്‍ പിടിച്ചു.

‘‘നിങ്ങളൊരു നല്ല മനുഷ്യനാണ്...''

അത് പറയവെ അവളുടെ കണ്ണുകള്‍ നിറഞ്ഞു.


ചെറുചിരിയോടെ ഇടങ്കൈയ്യാല്‍ അയാള്‍ അവളെ ചേര്‍ത്തുപിടിച്ചു.

പുകയിലപ്പാടത്ത് അടി കൊണ്ട് നിലവിളിച്ച് നില്‍ക്കുന്ന അബു സ്വപ്‌നത്തില്‍ വന്ന പത്താം നാളില്‍ മാലിങ്കന് ഉജ്ജിറയില്‍ പോകാന്‍ വിചാരമുണ്ടായി. പോകുമ്പോള്‍ അയാള്‍ കല്യാണിയെയും മക്കളെയും കൂടെക്കൂട്ടി. ചീരുമ്പയിലെത്തിപ്പെട്ടതിന് ശേഷമുള്ള ഉജ്ജിറയിലേക്കുള്ള മാലിങ്കന്റെ ആദ്യത്തെ തിരിച്ചുപോക്ക്. അബുവിന്റെ കുടിലിന് മുന്നിലെത്തിയപ്പോള്‍ ഹുസൈനും ഫാത്തിമയും മാലിങ്കന്റെ മനസ്സില്‍ നിറഞ്ഞു. അവരുടെ ഓര്‍മയില്‍ അയാള്‍ പരിസരം മറന്ന് അല്‍പ്പനേരം നിന്നു. പണി കഴിഞ്ഞ് അപ്പോള്‍ എത്തിയ അബു മാലിങ്കനെ ഓര്‍മയില്‍ നിന്നുണര്‍ത്തി. പൂന്തോട്ടത്തിലെ ചെടികളെ പരിപാലിക്കുകയായിരുന്ന ഇബ്രാഹിമിനെ അബു വിളിച്ചു. സന്തോഷത്തോടെ അവന്‍ അവര്‍ക്കരികിലേക്ക് ഓടിയെത്തി. വാശിപിടിച്ചു കരയുന്ന ഖദീജയെയും ഒക്കത്തെടുത്ത് റസിയ പുറത്തേക്ക് വന്നു. അബു പറയാതെ തന്നെ വന്നവര്‍ ആരാണെന്ന് റസിയക്ക് മനസ്സിലായിരുന്നു. നിറസ്‌നേഹത്തോടെ അവള്‍ അവരെ അകത്തേക്ക് വിളിച്ചു. ഇബ്രാഹിമാവട്ടെ ഹുസൈനെയും ചന്തനെയും അലാമയെയും തന്റെ പൂന്തോട്ടം കാണാന്‍ കൊണ്ടുപോയി. അമ്മയുടെ പൂന്തോട്ടത്തേക്കാള്‍ എത്രയോ വലുതാണ് ഇബ്രാഹിമിന്റെ പൂന്തോട്ടമെന്ന് അവര്‍ കണ്‍കുളിര്‍ക്കെ കണ്ടു. പൂക്കളുടെ നറുഗന്ധത്തില്‍ അവര്‍ കളികള്‍ പലതും കളിക്കവെ വാ, ഒരു കാര്യമുണ്ടെന്നും പറഞ്ഞ് മാലിങ്കന്‍ അബുവിനെയും കൂട്ടി പുറത്തേക്കിറങ്ങി. എങ്ങോട്ടാണ്, എന്തിനാണ് എന്നൊക്കെ അബുവിന് ചോദിക്കണമെന്നുണ്ടായിരുന്നു.


കുട്ടിയായിരിക്കുമ്പോള്‍ തന്റെ ആജ്ഞയ്‌ക്കനുസരിച്ച് ഒരു കളിപ്പാവയെ പോലെ ചലിച്ച മാലിങ്കനെ അബുവിന് ഓര്‍മയില്‍ വന്നു. ഇപ്പോള്‍ മാലിങ്കന്റെ കളിപ്പാവയായി താന്‍ മാറിയിരിക്കുകയാണെന്ന് അപ്പോള്‍ അയാള്‍ക്ക് മനസ്സിലായി. അത് അയാളെ വല്ലാതെ സന്തോഷിപ്പിച്ചു. ചെയ്‌ത തെറ്റില്‍നിന്ന് ചെറുതായെങ്കിലും മോചനം കിട്ടുമല്ലോയെന്ന വിചാരത്തില്‍ നിന്നായിരുന്നു അങ്ങനെയൊരു ആനന്ദത്തിലേക്ക് അബു എത്തിച്ചേര്‍ന്നത്.

പുകയിലപ്പാടത്തെ ചായ്‌പില്‍ പുകയിലവെള്ളവും കുടിച്ച് തലയ്‌ക്ക് മത്തും പിടിച്ച് ഇരിക്കുന്ന തടിമാടന്മാര്‍ക്കടുത്തേക്ക് മാലിങ്കൻ അബുവിനെ കൂട്ടിക്കൊണ്ടുപോയി. വീണ്ടും അടി കൊള്ളാനാണോ തന്നെ വിളിച്ചുകൊണ്ടുപോയതെന്ന പരിഭ്രമം അവിടെയെത്തിയപ്പോള്‍ അബുവിലുണ്ടായി. എന്നാല്‍ മാലിങ്കനാണ് ഒപ്പമുള്ളതെന്ന് വിചാരിച്ചപ്പോള്‍ അയാളുടെ പരിഭ്രമം പകുതിയായി കുറഞ്ഞു.

‘‘എന്താടാ അബു... തല്ല് ഇരന്ന് വാങ്ങാനാന്നോ ഇങ്ങോട്ട് വന്നേ..?''

ഒറ്റക്കണ്ണനായ മനുഷ്യന്‍ അബുവിനെ നോക്കി പല്ലിളിച്ചു.

‘‘ഇത് ഇവന്റെ ഉപ്പ ഹുസൈന്റെ മണ്ണാണ്. ഇവിടെ നിങ്ങള്‍ പണിയെടുത്തോ... എന്നാല്‍ പണിയെടുക്കുന്നത് ഇവന്‍ പറയുന്നതുപോലെയാവണം. ഇത് ഇവന്റെ മണ്ണാണ്, നിങ്ങളുടേതല്ല...''

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

ഗാംഭീര്യത്തോടെ മാലിങ്കന്‍ പറയുന്നതുകേട്ട് അബുവിന്റെ കണ്ണുകളില്‍ ആരാധന വിടര്‍ന്നു.

‘‘ചെലക്കാണ്ട് പോടാ മോനേ... ഇത് ഞങ്ങളെ മണ്ണ്... ഞങ്ങള് നയിക്കും. ഞങ്ങള് തിന്നും.''

ലഹരിയുടെ തലയാട്ടം നിര്‍ത്തിക്കൊണ്ട് തടിമാടന്മാരിലൊരാള്‍ എഴുന്നേറ്റു. ചെറുചിരിയോടെ നീണ്ടുവളര്‍ന്നൊരു പുകയിലച്ചെടി ഇടങ്കൈയ്യാല്‍ ഒറ്റവലിക്ക് പറിച്ചെടുത്ത് അയാളുടെ കണ്ണിന് നോക്കി മാലിങ്കനൊന്ന് കൊടുത്തു. വേരില്‍ പറ്റിപ്പിടിച്ച ചെളിമണ്ണ് വായുവില്‍ പൂക്കുറ്റിപോലെ ചിതറി. അയാള്‍ പിന്നിലേക്ക് മലര്‍ന്നുവീണു. കണ്ണ് പൊത്തിപ്പിടിച്ച് വേദന സഹിക്കാനാവാതെ അയാള്‍ അലറി. ഇരുന്നവര്‍ക്ക് എഴുന്നേല്‍ക്കാന്‍ സമയം കൊടുക്കാതെ മാലിങ്കന്‍ പാമ്പിനെപ്പോലെ ചീറിക്കൊണ്ട് തല്ലുന്നത് അത്ഭുതത്തോടെ അബു നോക്കിനിന്നു. മാലിങ്കന്‍ അടുത്തുള്ളപ്പോള്‍ തന്നില്‍ ധൈര്യം ഉയിര്‍ക്കുന്നത് അയാള്‍ അറിഞ്ഞു. മാലിങ്കനൊപ്പം അബുവും ചേര്‍ന്നതങ്ങനെ.

അല്‍പ്പനേരങ്ങള്‍ക്കുള്ളില്‍ പുകയിലപ്പാടത്തെ മല്ലന്മാരെല്ലാവും എഴുന്നേല്‍ക്കാനാവാത്ത വിധം കിടന്നിരുന്നു.

‘‘തല്ലല്ലേ... ചത്തുപോവും...''


അവര്‍ കരച്ചിലോടെ ഇരന്നപ്പോള്‍ മാലിങ്കന്‍ നിര്‍ത്തി.

‘‘ഇനി അബു കല്‍പ്പിക്കും. നിങ്ങള്‍ അനുസരിക്കും.''

കിതപ്പ് പുറത്തേക്ക് കളയുന്നതുപോലെ കാര്‍ക്കിച്ച് തുപ്പിക്കൊണ്ട് മാലിങ്കന്‍ തീരുമാനം ആവര്‍ത്തിച്ചു.

അവര്‍ ഭയപ്പാടോടെ തലയാട്ടി. വേറൊന്നും പറയാതെ പുകയിലച്ചെടി കുഴിയിലേക്ക് തിരിച്ചിട്ട് അയാള്‍ തിരിഞ്ഞുനടന്നു. അബു പിറകെയും.

പുകയിലപ്പാടത്തെ തണുത്ത കാറ്റ് അവരെ ചേര്‍ത്തുപിടിച്ചു.

അബുവിന് ആത്മവിശ്വാസം തിരിച്ചുകിട്ടി.

പിറ്റേന്ന് വൈകുന്നേരം മാലിങ്കനും കുടുംബവും ഇറങ്ങുമ്പോള്‍ കുഞ്ഞുചിരട്ടയില്‍ ഇബ്രാഹിം ലേപനം നല്‍കി. പൂക്കളുടെ സുഗന്ധം നിറഞ്ഞത്. അതിന്റെ ഭ്രമിപ്പിക്കുന്ന മണം ചുറ്റിലും പരന്നു. പൂക്കളില്‍നിന്ന് ഇബ്രാഹിം ഉണ്ടാക്കിയത്. മുല്ലയുടെയും പനിനീരിന്റെയും പൂവിതളുകള്‍ പാത്രത്തില്‍ എടുത്ത് വെള്ളം ഒഴിച്ച് തിളപ്പിച്ച് അവനൊരുക്കിയ ആ സുഗന്ധലേപനം എല്ലാവര്‍ക്കും നല്ലോണം ഇഷ്ടമായി.

‘‘ഇത് വിടരുത് മോനേ... ഇതിലാണ് നിന്റെ ഭാവി...''


മാലിങ്കന്‍ പറഞ്ഞത് ഇബ്രാഹിം അനുസരിച്ചു.

പൂക്കളില്‍ നിന്ന് അവന്‍ തന്റെ ജീവിതം കരുപ്പിടിപ്പിച്ചു.

വളരുന്തോറും പൂക്കളില്‍ നിന്ന് പല ഗന്ധങ്ങളിലുള്ള സുഗന്ധലേപനങ്ങള്‍ ഇബ്രാഹിം ഉണ്ടാക്കാന്‍ തുടങ്ങി.

കാലം പലവിധത്തിലുള്ള മാറ്റങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. രണ്ട് ലോകയുദ്ധങ്ങള്‍ കടന്നുപോയി. ക്ഷാമകാലം പടര്‍ന്നുപിടിച്ചു. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയിലേക്ക് പിടിച്ചുകയറി.

ദുരിതകാലങ്ങളിലും പൂക്കളെ ഇബ്രാഹിം മറന്നില്ല. പൂക്കള്‍ അവന്റെ ആത്മാവിന്റെ ഭാഗമായിരുന്നു. പൂക്കളില്‍ നിന്ന് അവന്‍ മനുഷ്യരില്‍ ഗന്ധത്തിന്റെ ആനന്ദലോകം തീര്‍ത്തു.

അവനുണ്ടാക്കുന്ന സുഗന്ധലേപനങ്ങള്‍ക്ക് സ്‌ത്രീകളായിരുന്നു ആവശ്യക്കാരിലേറെയും. പ്രതിഫലം തരാനുള്ള പാങ്ങ് അവര്‍ക്കാര്‍ക്കും ഉണ്ടായിരുന്നില്ലെങ്കിലും കണക്ക് ചോദിക്കാതെ ഇബ്രാഹിം സുഗന്ധലേപനം നല്‍കി. അവരില്‍ പലരും അവന് സ്‌നേഹം നല്‍കി. അത് അവന്‍ നിര്‍ബന്ധിച്ച് നേടിയെടുത്തതായിരുന്നില്ല, തട്ടും തടവുമില്ലാതെ അരുവി ഒഴുകുന്നതുപോലെ അവനിലേക്ക് ഒഴുകിയെത്തിയതായിരുന്നു. അവരില്‍ അവന്റെ പ്രായക്കാരും പ്രായക്കൂടുതലുള്ളവരും കുറവുള്ളവരും വിവാഹം കഴിച്ചവരും ഒക്കെയുണ്ടായിരുന്നു. അവന്‍ നല്‍കിയ സുഗന്ധവും പുരട്ടി ഏകാന്തനേരങ്ങളില്‍ അവര്‍ അവനടുത്തെത്തി. അവനുണ്ടാക്കുന്ന സുഗന്ധലേപനം പോലെ സൗരഭ്യം നിറഞ്ഞതായിരുന്നു അവന്റെ സ്വഭാവവും. അവനിലേക്ക് അടുത്ത ഒരാള്‍ക്കും അവനില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ തോന്നിയില്ല. ദൈവം അവന് സ്‌നേഹത്തിന്റെ എന്തോ മന്ത്രം നല്‍കിയിട്ടുണ്ടെന്ന് അടുപ്പക്കാരികള്‍ വിശ്വസിച്ചു.


‘നാട്ടില്‍ തുടരുന്നത് ജീവിതത്തിനൊരു ഗുണവും വരുത്തില്ല...'

ഒരു വസന്തകാലപ്പുലരിയില്‍ സ്വന്തം മനസ്സിന്റെ ഉരുവിടലില്‍ നിന്ന് ഇബ്രാഹിമിന്റെ ജീവിതം വേറൊരു കൈവഴിയിലെത്തി. അങ്ങനെയല്ലെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുന്തോറും മനസ്സ് പിടിവാശി കാണിച്ചു. ഇടയ്‌ക്കെപ്പോഴെങ്കിലും എത്തുന്ന സ്‌നേഹിതകള്‍ ഒഴിച്ചാല്‍ കുടിലില്‍ ഇബ്രാഹിം ഒറ്റയ്‌ക്കായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. ഒരു മഴയത്ത് നെഞ്ചില്‍ ശ്വാസം വിലങ്ങി ഫാത്തിമ വീട്ടിലേക്കുള്ള വഴിയില്‍ വഴുതിവീണ് മരിച്ചതില്‍നിന്ന് അത് തുടങ്ങുന്നു. അപ്പോഴേക്കും ഇരുകാലുകളിലും നീര് വന്ന് നടക്കാന്‍ കഴിയാതെ അബു കിടപ്പിലായി കഴിഞ്ഞിരുന്നു. അയാളുടെ വിങ്ങിവീര്‍ത്ത ഇരുകാലുകളിലും പുഴുക്കള്‍ മാസങ്ങളോളം കൂട് വച്ച് താമസിച്ചു. മാലിങ്കന്‍ വന്നുനോക്കിയിട്ടും മാറ്റമൊന്നുമുണ്ടായില്ല. വേദന സഹിക്കാനാവാതെയുള്ള അബുവിന്റെ നിലവിളി ഉജ്ജിറയുടെ ഉറക്കം കെടുത്തി. ഒരു കൊല്ലത്തെ നീണ്ട കിടത്തത്തിലും വേദന കൂടിക്കൊണ്ടേയിരുന്നു. പാപത്തിന്റെ കൂലിയാണെന്ന് അയാള്‍ എല്ലാവരും കേൾക്കെത്തന്നെ പറഞ്ഞു. ഉജ്ജിറയില്‍ കടല്‍ക്കലിയുണ്ടായൊരു മഴയത്ത് അയാള്‍ മാലിങ്കനെ കാണാന്‍ ആഗ്രഹം കാട്ടി. കനം വച്ച മഴയെയും നിര്‍ത്താതെ വീശിയടിച്ച കാറ്റിനെയും കൂസാതെ മാലിങ്കന്‍ അബുവിനരികിലെത്തി. ഞരമ്പുകള്‍ മണ്ണില്‍നിന്ന് വേർപെട്ട് കിടക്കുന്ന വൃക്ഷവേരുകള്‍ പോലെ ഞരമ്പുകള്‍ പൊന്തിനില്‍ക്കുന്ന കൈകളാല്‍ മാലിങ്കന്‍ അബുവിനെ ചേര്‍ത്തുപിടിച്ചു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

‘‘കടച്ചലടക്കാന്‍ കയ്യ്ന്നില്ലെടാ..''

വേദനയാല്‍ അപ്പോഴും അയാള്‍ നിലവിളിച്ചു. അയാളുടെ വേദനയ്‌ക്ക്‌ മറുമരുന്ന് മനസ്സില്‍ തെളിയാതെ നിസ്സഹായനായി മാലിങ്കന്‍ നിന്നു.

‘‘നിന്നോട് ചെയ്‌തതിന് കിട്ടുന്നതാ...''

അത് പറയുമ്പോള്‍ അയാള്‍ നിലവിളി മറന്നൊന്ന് ചിരിച്ചു. ആ ചിരി മാലിങ്കനെ പേടിപ്പിച്ചു.

‘‘അങ്ങനെ നോക്കുമ്പം കടച്ചില് നല്ലതന്നെ... എന്റെ തെറ്റിന് കൊറച്ചെങ്കിലും പരിഹാരം കിട്ട്വല്ലോ..!''

താന്‍ കാരണം ഒരാള്‍ വേദനയുടെ കടലില്‍ വട്ടം തിരിയുകയാണല്ലോ...

അത് മുന്നിലറിഞ്ഞപ്പോള്‍ മാലിങ്കനില്‍ കുറ്റബോധം കുത്തി.

‘‘അങ്ങനെ പറയല്ലേ അബൂ... ഞാന്‍ കാരണമല്ല... സൂക്കേട് ആര്‍ക്കും എങ്ങനെയും വരാം... അതിന് നമ്മള്‍ ചെയ്‌ത തെറ്റുകളൊന്നും ഒരു കാരണമാകുന്നില്ല...''

സ്വയം സമാധാനിപ്പിക്കാന്‍ മാലിങ്കന്‍ പറഞ്ഞു.

‘‘ഞാന്‍ അങ്ങനെയെങ്കിലും ഒന്ന് ആശ്വസിക്കട്ടെ മാലിങ്കാ...''


ഇടതുമുട്ടിന്‍ ചിരട്ടയില്‍ പുഴു കുത്തിയതിന്റെ വേദനയില്‍ അബു വില്ലുപോലെ വളഞ്ഞു. വീണ്ടും നിലത്ത് വീണു. അയാള്‍ കരഞ്ഞുകൊണ്ടേയിരുന്നു. അയാളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ച് മാലിങ്കന്‍ അവിടെത്തന്നെ ഏറെനേരം നിന്നു.

മാലിങ്കന്‍ മടങ്ങിയ രാത്രിയില്‍ പാത്രത്തിലുണ്ടായിരുന്ന പുകയിലവെള്ളം ഒറ്റവലിക്ക് കുടിച്ച് കത്തി സ്വയം നെഞ്ചത്തിറക്കി അബു വേദനയുടെ കൊടുമുടിയില്‍ നിന്ന് താഴേക്ക് ചാടി. അബു പോവുന്നതിന് ആറുമാസം മുമ്പ് ഖദീജയെ മംഗലാപുരത്തുനിന്ന് വന്ന മുഹമ്മദ് എന്ന കച്ചവടക്കാരന്‍ കെട്ടിക്കൊണ്ടുപോയി. മുഹമ്മദിന്റെ പുരയിലെ അന്തമില്ലാത്ത പണിയും തൊരവും അവളെ നാടും വീടും മറക്കാന്‍ നിര്‍ബന്ധിതയാക്കി. നടു നിവര്‍ത്തുന്ന ചെറിയ നേരങ്ങളില്‍ വീട്ടുകാരെ ഓര്‍ത്ത് അവള്‍ നെടുവീര്‍പ്പിടും. മരണവും പരിണയവും ഇബ്രാഹിമിനെ ഏകാന്തനാക്കി.


മനസ്സ് നാട് വിടുന്നതും പറഞ്ഞ് ചെവി തിന്നാന്‍ തുടങ്ങിയപ്പോള്‍ അതാണ് നല്ലതെന്ന് ഇബ്രാഹിമിന് തോന്നിത്തുടങ്ങി. സുഗന്ധലേപനങ്ങളുമായി ഉരുവില്‍ അവന്‍ ബോംബെയിലേക്ക് കയറിയത് അങ്ങനെ. തന്റെ സ്‌നേഹിതകളോട് അവന്‍ യാത്ര ചോദിച്ചില്ല. അവരുടെ സങ്കടം കാണുമ്പോള്‍ തീരുമാനത്തില്‍നിന്ന് പിന്മാറുമെന്ന് അവന്‍ ഭയന്നു.

അന്ന് രാത്രിയില്‍ ഉരുവിനറ്റത്ത് സഞ്ചിയും ചേര്‍ത്തുപിടിച്ച് കടല്‍ക്കാറ്റില്‍ വിറച്ചിരിക്കുമ്പോള്‍ ഇബ്രാഹിമിന് അവരെയെല്ലാം കാണണമെന്ന് തോന്നി. ചീരുമ്പയില്‍ തിരിച്ചെത്താന്‍ അവന്‍ വല്ലാതെ ആഗ്രഹിച്ചു. അപ്പോഴേക്കും ചീരുമ്പയില്‍ നിന്ന് ഉരു ഏറെ ദൂരത്തായിരുന്നു. കടലില്‍ നിന്ന് ഒറ്റയ്‌ക്ക്‌ കരയിലേക്ക് തിരിച്ചെത്താന്‍ കഴിയാത്തത്രയും അകലത്ത്.

അപ്പോഴേക്കും അവന്‍ നാട് വിട്ടത് പെണ്ണുങ്ങള്‍ അറിഞ്ഞിരുന്നു. സങ്കടത്തിന്റെ താടിക്ക് കൈയ്യും കൊടുത്ത് ഒരാഴ്‌ചയോളം അവര്‍ ഉറങ്ങാതെ കിടന്നു. എപ്പോഴെങ്കിലും അവന്‍ തിരിച്ചുവരുമെന്നും തങ്ങള്‍ക്ക് സ്‌നേഹം നല്‍കുമെന്നും പ്രതീക്ഷിച്ച് പതിയെപ്പതിയെ അവര്‍ തങ്ങളുടെ ദുരിതജീവിതത്തിലേക്ക് തിരിച്ചുപോയി.


ബോംബെയില്‍ ചെമ്പൂരിലെ വഴിവക്കില്‍ ഇബ്രാഹിം സുഗന്ധലേപനം വില്‍ക്കാന്‍ തുടങ്ങി. ചെറിയ കാലത്തിനുള്ളില്‍ അവന്റെ കച്ചവടം വളര്‍ന്നു. അവന്റെ സുഗന്ധലേപനം ചെമ്പൂരിലെ ഏറ്റവും വശ്യമായതാണെന്ന് ആളുകള്‍ക്ക് ബോധ്യമായി. ആവശ്യക്കാര്‍ കൂടിയപ്പോള്‍ അവന്‍ ഒരു കട തുറന്നു. ‘അത്തറ് കട' എന്ന ബോര്‍ഡ് തൂക്കിയ ആ കുഞ്ഞുകട ബോംബെയില്‍ മലയാളത്തില്‍ പേരെഴുതിയ ആദ്യത്തെ കടയായിരുന്നു.

കാര്യങ്ങള്‍ സുഖകരമായും സാമ്പത്തികമായും അങ്ങനെ മുന്നോട്ടുപോകവെ ഇബ്രാഹിമിന്റെ ജീവിതത്തില്‍ ഇടി വെട്ടി, മിന്നല്‍പ്പിണരുണ്ടായി.

മഴ ചെമ്പൂരിനെ അഴുക്കില്‍ കുളിപ്പിച്ച ഒരു രാത്രിയില്‍ അവനെയും അവന്റെ അത്തര്‍ക്കടയെയും അന്വേഷിച്ച് ഒരാള്‍ വന്നു.

നരേന്ദ്ര പൂജാരി, ഹുസൈന്റെ മരണത്തിന്റെ കാര്യക്കാരനായ പൂജാരിയുടെ കൊച്ചുമകന്‍...!.

(തുടരും)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home