ad
Deshabhimani

നോവൽ

തെറം ‐ 12

ചിത്രീകരണം: കെ പി മുരളീധരൻ
avatar
പി വി ഷാജികുമാർ

Published on Jan 19, 2026, 11:21 AM | 5 min read

മന്ത്രം

ഫാത്തിമയുടെ മരണം കൂടുതല്‍ സങ്കടപ്പെടുത്തിയത് മാലിങ്കനെയായിരുന്നു. ഫാത്തിമയുടെ ജീവിതത്തിലെ സമയം കഴിയാറായെന്ന് അറിയാമായിരുന്നിട്ടും വേര്‍പാടിന്റെ വേദനയില്‍ അവന്‍ ഒരു കൊച്ചുകുട്ടിയെ പോലെ വലിയ ഒച്ചയില്‍ കരഞ്ഞു. ഫാത്തിമയില്‍ നിന്ന് മുഖമുയര്‍ത്താതെ അവന്‍ കരഞ്ഞുകൊണ്ടേയിരുന്നു. മഴപ്പെയ്‌ത്തിന്റെ ഒച്ചയ്‌ക്ക്‌ മുകളില്‍ അവന്‍ പെയ്തു.

അവന്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ ഒരാള്‍ കൂടി ലോകത്ത് നിന്ന് മാഞ്ഞുപോവുകയാണ്. താന്‍ സ്‌നേഹിക്കുന്നവരെല്ലാം തന്നെ വിട്ടുപോകുന്നതാലോചിച്ചപ്പോള്‍ അവന്‍ സ്വയം വെറുക്കുകയും സ്വയം ശപിക്കുകയുമുണ്ടായി.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

ഫാത്തിമയെ കാണാന്‍ വന്നവരെ അവന്റെ കരച്ചില്‍ സങ്കടപ്പെടുത്തി. അവനോട് സഹതപിച്ചും മരിച്ചിട്ട് മണിക്കൂറുകളായിട്ടും എത്തിയിട്ടില്ലാത്ത അബുവിനെ കുറ്റം പറഞ്ഞും അവര്‍ പുരയെ ചുറ്റിപ്പറ്റി നിന്നു.

ഫാത്തിമയെ ഖബറടക്കുമ്പോള്‍ മഴ ഒഴിഞ്ഞതേയില്ല. കടല്‍ തിരയുടെ പത്തിയുയര്‍ത്തി കരയിലേക്ക് കയറിവന്ന് എല്ലാവരെയും മുക്കിക്കളയാന്‍ പ്രയാസമേതുമില്ലെന്ന് ഭീഷണിയാക്കി. കൊടുങ്കാറ്റും മഴയ്‌ക്കൊപ്പം കലിയിളക്കി. ഫാത്തിമയുടെ പുരയുടെ ഉറപ്പില്ലാത്ത മേല്‍ഭാഗം കാറ്റ് കടലിലേക്ക് വലിച്ചുകൊണ്ടുപോയി. പുരക്കകത്ത് മഴ തളം കെട്ടി. പുരയിലെ സാധനങ്ങള്‍ വെള്ളത്തിലൊഴുകി. നിലത്തുകിടത്തിയിരുന്ന ഫാത്തിമയെ മഴ തൊടാതിരിക്കാന്‍ മാലിങ്കന്‍ ആവുംവിധം ചേര്‍ത്തുപിടിച്ചു. അവളെ വെള്ളത്തില്‍ നിന്നുയര്‍ത്താന്‍ മൂന്ന് പേര്‍ അവന്റെ സഹായത്തിന് വന്നു. ആ നേരത്താണ് ആടിയാടിക്കൊണ്ട് അബു പുരയിലേക്കെത്തുന്നത്. അവന്റെ ആട്ടത്തിലേക്ക് ആളുകളുടെ കണ്ണെത്തിയെങ്കിലും ആരും അവനോട് ഒന്നും ചോദിച്ചില്ല. ഫാത്തിമയുടെ ശിരസ്സും ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന മാലിങ്കനെ ദഹിപ്പിക്കുന്നത് പോലെ നോക്കിക്കൊണ്ട് അവന്‍ മരത്തൂണില്‍ കൈയും വെച്ച് നിന്നു.


അബു വന്നത് സങ്കടക്കയത്തില്‍ മാലിങ്കന്‍ അറിഞ്ഞില്ല. ലഹരിയുടെ ആട്ടമൊന്ന് കുറഞ്ഞപ്പോള്‍ അബു മാലിങ്കനരികിലെത്തി. മാലിങ്കനെ തള്ളിമാറ്റി അവന്‍ ഫാത്തിമയുടെ ശിരസ് പിടിച്ചത് പൊടുന്നെനെ. അവന്റെ ഊക്കിലുള്ള തള്ളലില്‍ കാല് വഴുതി മാലിങ്കന്‍ മഴയിലേക്ക് തെറിച്ചുവീണു. ആളുകളില്‍ നിന്ന് അറിയാതെ ഒരു നെടുവീര്‍പ്പുയര്‍ന്നു. വീണതിന്റെ പാരവശ്യമൊന്നും കാണിക്കാതെ അബുവിനെ ദൈന്യതയോടെ നോക്കിക്കൊണ്ട് മാലിങ്കന്‍ എഴുന്നേറ്റു. അവന്റെ കരച്ചില്‍ നിലച്ചു. അവന്‍ അബുവില്‍ നിന്നും ഫാത്തിമയില്‍ നിന്നും കുറച്ചപ്പുറത്തായി മാറിനിന്നു. മഴയില്‍ അവന്‍ കുതിര്‍ന്നു.

അല്‍പ്പനിമിഷത്തിനുള്ളില്‍ അബുവിന്റെ ആജ്ഞയില്‍ ഫാത്തിമയെ അടക്കം ചെയ്യാന്‍ തീരുമാനമുണ്ടായി. അള്ളാഹുവിനെ വിളിച്ച് ആളുകള്‍ ഫാത്തിമയെയും കൊണ്ട് പള്ളിക്കടുത്തേക്ക് നടന്നു. ഏറ്റവും പിറകിലായി മാലിങ്കന്‍ മയ്യത്തിനെ അനുഗമിച്ചു.

ഖബറിനുള്ള കുഴി കുത്തുന്തോറം മഴ അതില്‍ കാലുറപ്പിച്ചു. കോരിക്കളയാന്‍ ആളുകള്‍ ശ്രമിക്കുന്തോറും കൂടുതല്‍ കനത്തില്‍ കുഴിയിലേക്ക് മഴ കുതിച്ചുവന്നു. മഴയോട് തോറ്റ് അവര്‍ മരങ്ങള്‍ പെയ്യുന്നതിന് കീഴില്‍ തണുത്തുവിറച്ച് നിന്നു. മഴ ശമിക്കില്ലെന്ന് ഉറപ്പായപ്പോള്‍ കുഴിക്ക് ചുറ്റിലും തീരെച്ചെറിയൊരു കൈത്തോടുണ്ടാക്കി അവര്‍ വെള്ളത്തെ വഴിതിരിച്ചുവിട്ടു. കുഴിക്ക് മുകളില്‍ തെങ്ങോലകള്‍ ചേര്‍ത്തുവെച്ച് പന്തലുണ്ടാക്കി ഫാത്തിമയെ മണ്ണിലേക്ക് ചേര്‍ത്തു.


ഫാത്തിമയുടെ അടക്കം കഴിഞ്ഞ് പുറത്തുപോയ അബു മടങ്ങിവന്നത് പിറ്റേന്ന് രാത്രിയില്‍. അപ്പോഴേക്കും മഴ ശമിച്ചിരുന്നു. അവന്റെ കൂടെ പുകയിലപ്പാടത്തെ മനുഷ്യരുമുണ്ടായിരുന്നു. പുരയിലേക്ക് കിതച്ചെത്തിയ അബു മാലിങ്കനെ കാണാതെ ഇരട്ടിദേഷ്യത്തോടെ പുറത്തേക്ക് നടന്നു. ഫാത്തിമയുടെ ഖബറിനരികില്‍ ഇരിക്കുകയായിരുന്ന മാലിങ്കനെ കണ്ടെത്താന്‍ അവന് താമസമൊട്ടുമുണ്ടായില്ല.

''എന്റുപ്പയെ കൊന്നുകളഞ്ഞ നായേ..''

അലറിക്കൊണ്ട് അബു മാലിങ്കന്റെ പുറത്തുചവിട്ടി. ഫാത്തിമയുടെ ഖബറിന് മുകളിലേക്ക് വീണ മാലിങ്കന് മറുപടി പറയാനോ പ്രതിരോധിക്കാനോ സമയമൊട്ടും കിട്ടിയില്ല. നാല് ഭാഗത്ത് നിന്നും അടിയും ചവുട്ടുമുണ്ടായി. മരിക്കുമെന്ന് അവനുറപ്പിച്ചു. വേദന കൊണ്ടവന്‍ പിടയുകയും വല്ലാതെ ഞരങ്ങുകയുമുണ്ടായി. പൊടുന്നനെ ഹുസൈന്‍ അവന്റെ കൈയില്‍ പിടിച്ചു. അവന് പോലും കഴിയാത്തത് അവന് സംഭവിച്ചു. തടിയന്മാരില്‍ ഒരുത്തനെ തള്ളിമാറ്റി അവന്‍ മുന്നിലെ വഴിയിലൂടെ ഓടി, ഹുസൈന്‍ അവന്റെ കൈ പിടിച്ച് ഓടുകയായിരുന്നു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

''നിന്നെയിന്ന് ഞാന്‍ കൊല്ലും...''

അലറിക്കൊണ്ട് അബു അവനെ പിന്തുടര്‍ന്നു. ഉജ്ജിറയും കടന്ന് മാലിങ്കന്‍ ഓടി. ചീരുമ്പ കടപ്പുറത്തെത്തിയപ്പോള്‍ കിതപ്പ് സഹിക്കാനാവാതെ അവന്‍ നിന്നു. മുന്നോട്ട് ഒരിഞ്ച് പോലും ചലിക്കാന്‍ കഴിയാത്ത വിധം അവന്‍ തളര്‍ന്നുപോയിരുന്നു.

അടുത്തെത്തിയ അബുവും കൂട്ടരും ചത്തുവെന്ന് ഉറപ്പിക്കും വരെ അവനെ തല്ലി. ചോരയില്‍ കുളിച്ച് കിടന്ന മാലിങ്കനെ അവര്‍ ചീരുമ്പ കടലിലേക്ക് വലിച്ചെറിഞ്ഞു. കടലിന്റെ ഉപ്പുവെള്ളം അവന്റെ ചോരയില്‍ കലര്‍ന്നു. കടൽവെള്ളത്തില്‍ കൈകാലുകള്‍ കഴുകി, തിരയിളക്കത്തില്‍ കടലിന്റെ ആഴങ്ങളിലേക്ക് പോകുന്ന മാലിങ്കനെ നോക്കിക്കൊണ്ട് അബുവും കൂടെയുള്ളവരും മടങ്ങിപ്പോയി.

കടലാഴം അവന്റെ മരണത്തെ എഴുതേണ്ടതായിരുന്നു. കടലില്‍ കുളിക്കാനിറങ്ങിയ കുറുമ്പയെന്ന ദേവി അവനെ കണ്ടു.

കാലങ്ങള്‍ക്ക് മുന്‍പ് ചീരുമ്പയിലെത്തിയവള്‍.

കാളിയെന്ന മുക്കുവസ്ത്രീയില്‍ അവിടുത്തെ വാഴുന്നവര്‍ക്ക് മോഹമുണ്ടായി.

‘‘കൂടെക്കിടന്നില്ലെങ്കില്‍ കാളിയെയും കൊല്ലും ആങ്ങളെയെയും കൊല്ലും അമ്മയെയും കൊല്ലും.''


അയാള്‍ പേടിപ്പിച്ചു. പ്രാണഭയത്തില്‍ കാളിക്ക് എതിര് പറയാനായില്ല. കാളിയുടെ അമ്മ, മകനോട് അയക്കൂറ കറി കൂട്ടാന്‍ പൂതിയുണ്ടെന്ന് കള്ളം പറഞ്ഞു.

കടല് പൊട്ടുന്ന കര്‍ക്കിടക്കാലമായിരുന്നു. കടലില്‍ പോയാല്‍ കാലന്‍ പിടിക്കും. അമ്മയുടെ ആശ നിറവേറ്റുകയും വേണം.

ഒടുവില്‍ രണ്ടും കല്‍പ്പിച്ച് കുറുമ്പ ദേവിയെ മനസ്സില്‍ വിളിച്ച് അവന്‍ തോണി കടലില്‍ ഇറക്കി.

കടല്‍ കലങ്ങിമറിയുന്നു. എന്നാല്‍ തോണിക്കൊരു കുലുക്കവുമില്ല.

കുറുമ്പ ദേവി അവന്റെ മനസ്സില്‍ നിറഞ്ഞു.

കൂരയില്‍ തെറ്റായാതെന്തോ നടക്കുന്നുണ്ടെന്ന് പൊടുന്നെനെ അവന് വെളിപാടുണ്ടായി.

വേഗത്തിലവന്‍ വല വലിച്ചു. വലയില്‍ നിറയെ അയക്കൂറകള്‍ മാത്രം.

അമ്മയുടെ പൂതി നിറവേറിയെന്ന സന്തോഷത്തില്‍ തിടുക്കത്തില്‍ കൂരയിലെത്തി അവന്‍ വാതിലില്‍ മുട്ടി.

അമ്മ വാതില്‍ തുറന്നില്ല. വീണ്ടും തട്ടിയിട്ടും തുറക്കാതെയായപ്പോള്‍ അവന്‍ വാതില്‍ ചവുട്ടിപ്പൊളിച്ചു.

മുറിയില്‍ പെങ്ങള്‍ക്കൊപ്പം വാഴുന്നോര്‍.

വാതില്‍ പുറത്തുനിന്ന് പൂട്ടിക്കൊണ്ട് അവന്‍ കൊട്ടിലില്‍ കയറി.

ദേവിയെ പ്രാർഥിച്ച് തിരുവായുധമെടുത്തു.

വാതില്‍ തുറന്ന് വാഴുന്നവരുടെ തലയറുത്തു.

കൂരയില്‍ തലയില്ലാതെ വാഴുന്നോര്‍ പിടഞ്ഞു. പച്ചോല കൊണ്ട് അവനൊരു കീരിക്കൊട്ട മെടഞ്ഞുണ്ടാക്കി.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

തല കൊട്ടയില്‍ ഇട്ട് വാഴുന്നോരുടെ കുടുംബക്ഷേത്രത്തിന്റെ നടവാതിലില്‍ കെട്ടിത്തൂക്കി.

തുറയിലുള്ളവര്‍ കാര്യമറിഞ്ഞു.

കൊല്ലപ്പെട്ടത് വാഴുന്നോരാണ്‌, നാട് വാഴുന്നവന്‍.

അപകടം ചിന്തിച്ചവര്‍ തുറയൊഴിഞ്ഞ് തോണിയേറി കൊടുങ്ങല്ലൂരെത്തി.

സ്ഥലം സുരക്ഷിതമല്ലെന്ന് കണ്ട് വീണ്ടും യാത്രയായി മംഗലാപുരത്തെത്തി.

'അച്ഛനെ അമ്മയെന്നും അമ്മയെ അച്ഛനെന്നും' വിളിക്കുന്ന ആ നാട്ടിലെ ഭാഷ മനസ്സിലാവാതെ വന്നവഴി തന്നെ തിരിച്ചുതുഴഞ്ഞ് ചീരുമ്പയിലെ കരിമ്പാറയില്‍ കരകയറി.

തുറയൊഴിഞ്ഞ മുക്കുവര്‍ക്കൊപ്പം കുലദേവതയുമുണ്ടായിരുന്നു.

ദേവിയുടെ തുണയില്‍ നാടുവാഴിയുടെ ആളുകള്‍ക്ക് അവരെ തൊടാന്‍ പോലുമായില്ല.

അവര്‍ ദേവിയെ കടപ്പുറത്ത് സ്ഥാനമിരുത്തി.

ദേവി അവരുടെ സങ്കടങ്ങള്‍ക്ക് കനിവിന്റെയും കരുതലിന്റെ സ്‌നേഹം പകര്‍ന്നു.

‘‘സമാധാനമായിട്ട് കുളിക്കാന്‍ സമ്മതിക്കില്ല...''

സ്‌നേഹത്തോടെ ചീത്ത പറഞ്ഞ് കുറുമ്പ ദേവി മാലിങ്കനെ കടലാഴത്തില്‍ നിന്ന് ഉയര്‍ത്തിയെടുത്തു.


കരയിലേക്ക് അവള്‍ കൊണ്ടുപോകവെ മരിച്ചവരെല്ലാം അവന്റെ സ്വപ്‌നത്തില്‍ വന്നു.

അവരൊക്കെ സ്‌നേഹത്തോടെ അവന്റെ ചുറ്റിലും മന്ദഹസിച്ചു.

പാമ്പ് കടിയേറ്റ എട്ടുവയസ്സുകാരിയെ നോക്കുകയായിരുന്ന പക്കീരന്‍ വൈദ്യര്‍ക്ക് കടപ്പുറത്ത് കിടക്കുന്ന മാലിങ്കനെ മനസ്സില്‍ കാണിച്ചുകൊടുത്ത് ദേവി പാതിക്ക് നിര്‍ത്തിയ കുളി പൂര്‍ത്തിയാക്കാന്‍ കടലിലേക്കിറങ്ങി.

കടിച്ച പാമ്പ് കളത്തിലെത്തി പെണ്‍കുട്ടിയുടെ കാലിലെ വിഷം തിരിച്ചെടുത്തു. പെണ്‍കുട്ടി ജീവിതത്തിലേക്ക് കണ്ണ് തുറന്നു. മന്ത്രം ജപിച്ച് വെറ്റില നെടുകെക്കീറി പക്കീരന്‍ വൈദ്യര്‍ പാമ്പിനെ പിളര്‍ക്കുന്നത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആശ്ചര്യത്തോടെയും ഭയത്തോടെയും കൈകൂപ്പിക്കൊണ്ട് നോക്കിനിന്നു.

പക്കീരന്‍ വൈദ്യര്‍ അങ്ങനെയൊരു ജന്മം.

കമലമന്ത്രം പഠിച്ചവന്‍.


ചീരുമ്പ കടപ്പുറത്ത് കയറ്റിവെച്ച തോണിയില്‍ സൂര്യനെയും നോക്കി നട്ടുച്ചയ്‌ക്ക്‌ മലര്‍ന്നുകിടക്കവെ തോണിയുടെ പടിഞ്ഞാറെ തലയില്‍ പിടയ്‌ക്കുന്ന പാമ്പിനെയും കൊത്തിക്കൊണ്ട് കമലപ്പക്ഷിയിരിക്കുന്നത് പക്കീരന്‍ കണ്ടു.

'ങ്മാക..ങ്മാക..'

പക്ഷി മന്ത്രിച്ചു.

പാമ്പിനെ കെട്ടാനുള്ള മന്ത്രം.

പാമ്പിന്റെ ബലം കുറഞ്ഞു.

നിമിഷങ്ങള്‍ക്കുള്ളില്‍ പിടച്ചില്‍ നിശ്ചലമായി.

പക്കീരന്‍ കമലമന്ത്രം കേട്ടുപഠിച്ചു.

മറക്കാതിരിക്കാന്‍ കടപ്പുറത്തെ പൊയ്യയില്‍ എഴുതി.

ഓലയില്‍ പകര്‍ത്തി.

പക്കീരന്‍ പക്കീരന്‍ വൈദ്യരായി.

കടലില്‍ പോകാതെ ദിവാസ്വപ്‌നവുമായി അലയുന്ന പക്കീരനോട് ഒരു ദിവസം ഏട്ടന്‍ കലമ്പി.


അയാള്‍ പക്കീരനെ ചീത്ത വിളിച്ചു.

വിഷമത്തോടെ അയാള്‍ കൂര വിട്ടിറങ്ങിയതും കളത്തില്‍ നിറയെ പാമ്പുകള്‍ വന്നു.

കൂരയിലുള്ളവരും തുറയിലുള്ളവരും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പാമ്പുകള്‍ അനങ്ങിയില്ല.

''പക്കീരനെ കൂട്ടീട്ട് വാ...''

ഏട്ടന്‍ നിലവിളിച്ചു. കടപ്പുറത്ത് കമിഴ്‌ത്തിവെച്ച തോണിയില്‍ മലർന്നുകിടന്ന് മാനം നോക്കുന്ന പക്കീരനെ തുറയിലുള്ളവര്‍ കണ്ടെത്തി.

ഏട്ടൻ പക്കീരനെ കെട്ടിപ്പിടിച്ച് കൂരയിലേക്ക് വരാന്‍ കരഞ്ഞു.

പക്കീരന്‍ കൂരയുടെ കളത്തിലെത്തിയതും പാമ്പുകള്‍ മാഞ്ഞുപോയി.

എട്ട് വയസ്സുകാരിക്ക് നെറ്റിയിലൊരു മുത്തം കൊടുത്ത് പക്കീരന്‍ മാലിങ്കന്‍ കിടന്ന തീരത്തെത്തി.


കൊത്തുകള്‍ കൊണ്ട് പിളര്‍ക്കപ്പെട്ട മാലിങ്കനരികില്‍ പക്കീരന്‍ കുനിഞ്ഞിരുന്നു.

''കൊത്തിയത് ഒറ്റപ്പാമ്പൊന്നും അല്ലല്ലോ മോനേ... കൊറേയ്ണ്ടല്ലോ...''

പക്കീരന്‍ മാലിങ്കന്റെ കൈപിടിച്ചു.

കൂരയിലെ കളത്തിലെത്തിച്ച് മരുന്ന് പുരട്ടവെ പക്കീരന്‍ കുറുമ്പ ദേവിയുടെയും തൃക്കണ്ണ്യാട്ടപ്പന്റെയും ഒരു കഥ മാലിങ്കന് മന്ത്രിച്ചുകൊടുത്തു.

‘‘ഒരിക്കല്‍ മധുരയില്‍ നിന്ന് പാണ്ടിയന്മാരുടെ നാല് യുദ്ധക്കപ്പല്‍ തൃക്കണ്ണ്യാട്ടെ അമ്പലത്തിലെത്തി. ഉത്സവം നടക്കുന്ന നേരമായിരുന്നു. ശത്രുക്കള്‍ പടകൂട്ടുകയാണെന്ന് കപ്പലില്‍ ഉള്ളവര്‍ വിചാരിച്ചു. അവര്‍ കരയിലേക്ക് പീരങ്കിവെച്ചു. പേടിയോടെ ആളുകള്‍ ചിതറിയോടി. ഉത്സവം മുടങ്ങി.

അമ്പലത്തിലെ അരയന് ദര്‍ശനമുണ്ടായി.

ആ നേരത്ത് കോട്ടിക്കുളത്തെ മുക്കുവനും ദര്‍ശനമുണ്ടായി.

മുക്കുവന്‍ വേഗത്തില്‍ തൃക്കണ്ണ്യാട്ടെത്തി.

‘‘എന്തിനാ എന്നെ ഉണര്‍ത്തിയത്?''

കുറുമ്പ അരയനിലൂടെ തൃക്കണ്ണ്യാട്ടപ്പനോട് ചോദിച്ചു.

‘‘മകളേ... പടക്കപ്പലാണ്, എനിക്ക് തടുക്കാനാവുന്നില്ല. നീ തടുക്കുക...''

അരയനിലൂടെ തൃക്കണ്ണ്യാട്ടപ്പന്‍ ഉത്തരം പറഞ്ഞു.

''അതിനുള്ള ആയുധം തായെന്റെ നല്ലച്ഛാ...''

കുറുമ്പ തൃക്കണ്ണ്യാട്ടപ്പനോട് ആവശ്യപ്പെട്ടു.

തൃക്കണ്ണ്യാട്ടപ്പന്‍ ദര്‍ശനം നല്‍കിയ അരയന്‍ മുക്കുവന് മൂന്ന് തിരിയും കൊടിയിലയും നല്‍കി.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

തൃക്കണ്ണ്യാട്ടപ്പനെ മനസ്സില്‍ വിചാരിച്ച് മുക്കുവന്‍ തിരിയും ഇലയും കടലില്‍ വെച്ചു.

കൊടിയില കടലിലൂടെ നീന്തി.

അത് ഒന്നാം കപ്പലില്‍ മുട്ടി.

കപ്പല്‍ കല്ലായി.

രണ്ടാമത്തെ കപ്പലിനെ തൊട്ടു. അതിനെയും കല്ലാക്കി.

മൂന്നാം കപ്പലും കല്ലായി.

നാലാം കപ്പലുകാര്‍ക്ക് സംഭവം പിടികിട്ടി.

‘മധുരരാജ്യത്ത് തിരിച്ചെത്തിയാല്‍ കുറുന്തോട്ടികൊണ്ടുള്ള കൊടിമരം അമ്പലത്തില്‍ വെയ്‌ക്കാം...'

പേടിയോടെ അവര്‍ നേര്‍ന്നു.

കൊടിയില തിരിഞ്ഞുനീന്തി.

കപ്പല്‍ രക്ഷപ്പെട്ടു.

നാലാം കപ്പല്‍ മധുരയില്‍ തിരിച്ചെത്തി

മധുര രാജാവിനോട് കപ്പലില്‍ വന്നവര്‍ സംഭവം വിവരിച്ചു.

‘‘അത്ര സത്യമുള്ള ദൈവമെങ്കില്‍ കൊടിമരം പണിത് പേരെഴുതി കടലില്‍ ഇട്ടാല്‍ മതി..''

രാജാവ് പറഞ്ഞു.


അവര്‍ അതുപോലെ ചെയ്തു. അവര്‍ കൊടിമരം പണിതു.

തൃക്കണ്ണ്യാട്ടമ്പലത്തിന്റെ പേരെഴുതി കൊടിമരം കടലിലിട്ടു.

അത് മുനമ്പ് ചുറ്റി നീന്തി ഏഴാം നാള്‍ തൃക്കണ്ണ്യാട്ടെത്തി...''

പക്കീരന്‍ കഥ അവസാനിപ്പിച്ചപ്പോഴേക്കും മരുന്നും കഴിഞ്ഞിരുന്നു.

കഥ കേള്‍ക്കുമ്പോള്‍ കഥയിലെ കുറുമ്പ ദേവി ദര്‍ശനം കൊടുത്ത അരയനായി മാലിങ്കന്‍.

അവൻ തൃക്കണ്ണ്യാട്ടപ്പനെ മനസ്സില്‍ വിളിച്ച് കടലിലേക്ക് ഇലയും തിരിയും വെച്ചു.

വെറുക്കപ്പെട്ടവര്‍ കല്ലായി മാറി.

കല്ലായി നില്‍ക്കുന്ന അവരെ നോക്കിക്കൊണ്ട് അവന്‍ പുഞ്ചിരിച്ചു.

മരുന്ന് പുരട്ടിക്കഴിഞ്ഞ് കടച്ചില്‍ കളയാന്‍ കൈകാലുകള്‍ അനക്കുകയായിരുന്ന പക്കീരന്‍ മാലിങ്കന്‍ പുഞ്ചിരി കണ്ടു.

‘‘ചെക്കന്‍ രക്ഷപ്പെട്ടു...''

പക്കീരനും പുഞ്ചിരിച്ചു.

ആ നേരത്ത് മാനത്തൂടെ പറക്കുകയായിരുന്ന കമലപ്പക്ഷിയും പുഞ്ചിരിച്ചു.

‘ങ്മാക..ങ്മാക...! ഓ ഭഗവതോ, കടല്‍ക്കണക്കെ വന്ന് തിരകണക്കെ പൊങ്ങി മണല്‍ക്കണക്കെയിടിഞ്ഞ് പോക, വായടങ്ങി തോലടങ്ങി ഉള്ളടങ്ങി പോക സ്വാഹ' . (തുടരും)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home