നോവൽ
തെറം ‐22


പി വി ഷാജികുമാർ
Published on Apr 06, 2026, 11:51 AM | 6 min read
മലക്കും ശൈത്താനും
അത്തറുകടയിലെ തീ കെടുത്താന്‍ ആളുകളെയും കൂട്ടിവന്ന് രാഘവ പൂജാരിയും ഭുവന്‍ പൂജാരിയും ഉപേന്ദ്ര പൂജാരിയും ആവതും ശ്രമിച്ചെങ്കിലും വെള്ളം തേവുന്തോറും എന്തോ പകയുള്ളതുപോലെ അഗ്നി ആളിപ്പടര്‍ന്നു. കട മുഴുവനും വിഴുങ്ങിയതിന് ശേഷം തൃപ്തിയായതുപോലെ തീയൊടുങ്ങി. കടയുടെ കുറച്ചപ്പുറത്തായി ഒറ്റപ്പെട്ട് നില്‍ക്കുന്ന മരത്തിന് കീഴില്‍ ചാരിവെച്ച ‘അത്തറിന്റെ കട' എന്ന മലയാളത്തിലുള്ള ബോര്‍ഡ് ഒരു ഉത്തരമെന്ന പോലെ എരിഞ്ഞടങ്ങുന്ന കനലില്‍ തെളിഞ്ഞുകണ്ടു. അതില്‍ രാഘവ പൂജാരിയുടെ കണ്ണുറച്ചു. അയാളില്‍ ദേഷ്യം തിളച്ചു. കടയുടെ വലത്തേക്ക് നടന്ന ഭുവനന്റെ കാലില്‍ അത്തറിന്റെയൊരു കുപ്പി തൊട്ടു. അയാള്‍ അത് കുനിഞ്ഞെടുത്തു. അച്ഛന്റെ ഉടലില്‍നിന്ന് പടര്‍ന്ന തീക്ഷ്ണതയാര്‍ന്ന സുഗന്ധം അവന്‍ തിരിച്ചറിഞ്ഞു. അവനില്‍ ഭയവും ഭ്രാന്തും ഇടകലര്‍ന്നു. അവന്‍ കുപ്പി രാഘവയുടെ മുന്നിലേക്ക് നീട്ടി. നരേന്ദ്രയുടെ മരണത്തിലേക്ക് വഴിവെട്ടിയത് ഈ മണമാണെന്ന് കുപ്പി വാങ്ങവെ അയാള്‍ക്കും മനസ്സിലായി. അയാളത് അല്‍പ്പനേരം നോക്കിനിന്നു. കത്തിയൊടുങ്ങിയ കടയിലേക്ക് അത് വലിച്ചെറിഞ്ഞ് ഇബ്രാഹിം ഉണ്ടാക്കിയ പൂന്തോട്ടത്തില്‍ രാഘവ കയറി. മണത്തില്‍നിന്ന് മരണം പടര്‍ത്തിയ കാട്ടുചെടിക്ക് വേണ്ടി അയാളും മറ്റുള്ളവരും ഏറെനേരം തെരഞ്ഞെങ്കിലും ചെറിയൊരു ചെടിപോലും കിട്ടിയില്ല. പൂർവാധികം ദേഷ്യത്തോടെ പൂച്ചെടികളെല്ലാം ചവിട്ടിനശിപ്പിച്ചിട്ടേ അവര്‍ അവിടെനിന്നിറങ്ങിയുള്ളൂ.
മുംതാസിന് അന്ന് രാത്രിയില്‍ ഉറക്കം ശരിയായതേയില്ല. ഇബ്രാഹിം പോയതിന്റെ വിഷമം തന്നെയായിരുന്നു കാരണം. ഇക്കയ്‌ക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് അവള്‍ ഇടയ്‌ക്കിടെ ദൈവത്തോട് പ്രാർഥിച്ചു. സുബഹി നിസ്‌കാരത്തിന് എഴുന്നേറ്റപ്പോള്‍ നിലാവെട്ടത്തില്‍ കുളിച്ചുകിടന്നിരുന്നു വീടും പരിസരവും.
ചിത്രീകരണം: കെ പി മുരളീധരൻ
‘ഒരാള്‍ ഉറങ്ങിയാല്‍ പിശാച് അയാളുടെ തലഭാഗത്തായി മൂന്നു കെട്ടുകള്‍ കെട്ടും.'
വല്ല്യുമ്മ കുട്ടിയായിരിക്കുമ്പോള്‍ അവളോട് ഓതിയത് നിലാവ് ഓര്‍മയിലെത്തിച്ചു.
നബി അറിയിച്ചതാത്രെ.
ഉറക്കത്തില്‍ നിന്നുണര്‍ന്ന് അല്ലാഹുവിനെ സ്മരിക്കുമ്പോള്‍ ഒരു കെട്ട് അഴിയും.
വുളൂഅ് ചെയ്‌താല്‍ രണ്ടാം കെട്ടും നിസ്‌ക്കരിച്ചാല്‍ മൂന്നാം കെട്ടും അഴിയും.
രാവിലെയും രാത്രിയുമായി മലക്കുകള്‍ ഭൂമിയിലേക്ക് ഇറങ്ങിവരും. സുബഹി നമസ്‌കാരത്തിലും അസ്‌ർ നമസ്‌കാരത്തിലും അവര്‍ ഒരുമിച്ചുകൂടും. അനന്തരം മലക്കുകള്‍ ആകാശത്തേക്ക് മടങ്ങിപ്പോവും. അവരോട് അല്ലാഹു ഇങ്ങനെ ചോദിക്കും.
‘‘നിങ്ങള്‍ വരുമ്പോള്‍ എന്റെ അടിമകള്‍ എങ്ങനെയായിരുന്നു?''
അപ്പോള്‍ അവര്‍ പറയും.
‘‘ഞങ്ങള്‍ അവരുടെ അടുത്തെത്തുമ്പോഴും അവിടുന്ന് മടങ്ങുമ്പോഴും അവര്‍ നിസ്‌കരിക്കുകയായിരുന്നു.''
സുബഹി നിസ്‌കരിച്ചാല്‍ അല്ലാഹുവിങ്കല്‍ മലക്കുകളുടെ സൗഭാഗ്യസുകൃതസാക്ഷ്യം കിട്ടും.
നിസ്‌കരിക്കുമ്പോള്‍ മുംതാസ് അതൊക്കെ ഓര്‍ത്തു.
‘‘മലുക്കുകളേ എന്റെ നിസ്‌കാരത്തിന്റെ സൗഭാഗ്യമെല്ലാം ഇക്കയ്‌ക്ക് നല്‍കണേ...''
നിസ്‌കാരം അവസാനിപ്പിക്കവെ മുംതാസ് മനസ്സില്‍ പറഞ്ഞു. രാഘവയുടെ ജീപ്പ് മുംതാസിന്റെ വീട്ടുമുറ്റത്തെത്തിയത് ആ നേരത്ത്.
വാഹനത്തിന്റെ ഇരമ്പം കേട്ടപ്പോള്‍ മലക്കുകള്‍ തന്റെ പ്രാർഥന കേട്ടില്ലെന്ന് മുംതാസിന് മനസ്സിലായി.
വളരെ മാന്യതയോടെയും ശാന്തതയോടുമാണ് രാഘവേന്ദ്ര മുംതാസിനോട് ചോദ്യങ്ങള്‍ ചോദിച്ചത്. അയാളുടെ മുഖത്ത് നോക്കാതെ അറിയില്ലെന്ന ഉത്തരം പലപ്പോഴും ആവര്‍ത്തിച്ചു മുംതാസ്. അവളില്‍നിന്ന് കൃത്യമായൊന്നും കിട്ടില്ലെന്ന് മനസ്സിലായപ്പോള്‍ അയാള്‍ മുറിക്കകത്ത് കയറി ഉറങ്ങിക്കിടക്കുന്ന റസിയയെ തൂക്കിയെടുത്തു. ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്ന് റസിയ കരയാന്‍ തുടങ്ങി. ക്രൂരമായ ചിരിയോടെ അയാള്‍ ഒറ്റക്കാലില്‍ തല കീഴായി റസിയയെ പിടിച്ചു. പേടിയോടെ റസിയ അലറിക്കരഞ്ഞു.
തൊട്ടിലില്‍ എന്നതുപോലെ അയാള്‍ റസിയയെ ഒറ്റക്കാലില്‍ അങ്ങോട്ടുമിങ്ങോട്ടും ആട്ടി.
ശ്വാസംമുട്ടി അവള്‍ പിടഞ്ഞു, കരച്ചില്‍ ഉയര്‍ന്നുതാഴ്‌ന്നു.
‘‘മോളെ ഒന്നും ചെയ്യല്ലേ...''
നിലവിളിയോടെ റസിയയെ അയാളില്‍നിന്ന് പിടിച്ചുമാറ്റാന്‍ മുംതാസ് ശ്രമിച്ചു. ഇടതുകൈകൊണ്ട് അവളുടെ കഴുത്തില്‍ മുറുക്കെ പിടിച്ച് രാഘവ പറഞ്ഞു.
‘‘പറ... അല്ലെങ്കില്‍ രണ്ടിനെയും ഞാന്‍ തൂക്കും.''
മാന്യതയോടെയും ശാന്തതയോടെയുമായിരുന്നു അയാള്‍ അതും പറഞ്ഞത്.
‘‘നാട്ടിലേക്ക് പോകുന്നെന്നാ പറഞ്ഞേ...''
ചങ്കിലുള്ള അയാളുടെ പിടുത്തത്തില്‍ മുംതാസില്‍നിന്ന് വാക്കുകള്‍ വിറച്ചുവീണു. കൈകൂപ്പിക്കൊണ്ട് അവള്‍ കരഞ്ഞു. അവളുടെ കഴുത്തില്‍ നിന്നുള്ള പിടുത്തം അയാള്‍ വിട്ടു.
‘‘അപ്പോള്‍ അറിയില്ല എന്ന് മാത്രമല്ല പറയാനറിയുന്നത്..!''
കരയുന്ന കുഞ്ഞിന്റെ വാപൊത്തിക്കൊണ്ട് അയാള്‍ തുടര്‍ന്നു.
‘‘ഓന്റെ നാട് ഏടെയാണ്...''
തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെ പിടിക്കാന്‍ ശ്രമിച്ചു മുംതാസ്. കളിയെന്നതുപോലെ വലതുകയ്യിലേക്ക് കുഞ്ഞിനെ മാറ്റിപ്പിടിച്ചൂ രാഘവ.
‘‘പറ...''
അയാള്‍ ചിരിച്ചു.
‘‘കാസര്‍ഗോഡാണ്...''
മുംതാസിന്റെ വാക്കുകള്‍ കരച്ചിലായി.
‘‘കാസര്‍ഗോഡ് എവിടെ..?''
അത് ചോദിക്കുമ്പോള്‍ രാഘവ ഒന്ന് ചുമച്ചു.
‘‘അള്ളാഹുവാണേ... എനിക്കറിയില്ല...''
അള്ളാഹുവിളി സത്യമാണെന്ന് രാഘവയ്‌ക്ക് മനസ്സിലായി. അയാള്‍ റസിയയെ നേരെ നിര്‍ത്തി. ശ്വാസം നേരെ കിട്ടിയതിന്റെ ആശ്വാസത്തില്‍ അവള്‍ കിതച്ചു.
‘‘മതി... ആ പന്നീരെ മോനെ ഞാന്‍ അറുത്തോളാം...''
റസിയയെ മുംതാസിന് നേര്‍ക്ക് തൂക്കിയെറിഞ്ഞ് രാഘവ ജീപ്പിനടുത്തേക്ക് തിരിച്ചുനടന്നു.
ചിത്രീകരണം: കെ പി മുരളീധരൻ
മുംതാസ് അവളെ പൊത്തിപ്പിടിച്ചു. തലയില്‍നിന്ന് കഴുത്തിലേക്ക് തെറ്റിയ മുംതാസിന്റെ തട്ടത്തിനുള്ളിലേക്ക് പേടിച്ചരണ്ട് റസിയ മുഖം ഒളിപ്പിച്ചു.
‘‘മോളേ... ഒന്നുമില്ല...''
മുംതാസ് റസിയയെ ചേര്‍ത്തുപിടിച്ചു. ഒരു മുരള്‍ച്ചയോടെ രാഘവയുടെ ജീപ്പ് കണ്‍മുന്നില്‍നിന്ന് അകന്നുപോകുന്നതുവരെ വിറയലോടെ മുംതാസ് അവിടെത്തന്നെ നിന്നു. വിതുമ്പിക്കൊണ്ടിരുന്ന റസിയയുടെ തലയില്‍ തലോടിക്കൊണ്ടിരിക്കവെ നിറഞ്ഞ കണ്ണുകള്‍ മറുകൈ കൊണ്ട് തുടച്ച് മുംതാസ് പ്രാർഥിച്ചു.
‘‘ഇബ്രാഹിമിന് ഒന്നും വരുത്തരുതേ...''
ഇബ്രാഹിം ആവട്ടെ ആ നേരത്ത് എത്തിയത് മൂഢുഭദ്രിയിലും. അയാളെത്തുമ്പോള്‍ മൂഢുഭദ്രിയില്‍ ചാറ്റല്‍മഴയും ഇളങ്കാറ്റുമായിരുന്നു. പതിവില്ലാത്തവിധം ശൈത്യം മൂഢുഭദ്രിയെ ചുറഞ്ഞുപിടിച്ചിരുന്നു. ചാറ്റല്‍മഴയോ ഇളങ്കാറ്റോ അതിശൈത്യമോ ഒന്നും ഇബ്രാഹിമിന് ബാധിച്ചില്ല. മനോധൈര്യത്തില്‍ അയാള്‍ എല്ലാ തടസ്സങ്ങളെയും തട്ടിമാറ്റിക്കഴിഞ്ഞിരുന്നു. നരേന്ദ്ര പൂജാരിയെ അടക്കിയ മൂഢുഭദ്രിയിലെ കുന്നിന്‍പുറത്തേക്ക് വഴുക്കുന്ന കല്ലുകളില്‍ ഇടറിവീഴാതെ അയാള്‍ നടന്നുകയറി.
അച്ഛനെയും അമ്മയെയും അടക്കിയതിന് അടുത്ത് നരേന്ദ്ര പൂജാരിയുടെ കുഴിമാടം ഉയര്‍ന്നുനിന്നു. അതിനുമുന്നില്‍ ചാറ്റല്‍മഴയും നനഞ്ഞ് ഇബ്രാഹിം നിന്നു. കുഴിമാടത്തിന് മുകളില്‍ ഇബ്രാഹിം നരേന്ദ്ര പൂജാരിയെ മനസ്സുകൊണ്ട് കുഴിമാടത്തിന് മുന്നിലിരുത്തി. അയാള്‍ക്കടുത്ത് കുനിഞ്ഞിരുന്ന് തലയില്‍നിന്ന് താഴേക്ക് വന്ന മഴവെള്ളം തുപ്പിക്കളഞ്ഞ് ഇബ്രാഹിം പിറുപിറുത്തു.
‘‘പൂക്കളുടെ മണങ്ങള്‍ക്കിടയിലായിരുന്നു പൂജാരീ എന്റെ ജീവിതം. ആര്‍ക്കും ഉപദ്രവം ഉണ്ടാക്കാന്‍ ഞാന്‍ നിന്നിട്ടില്ല. പൂക്കളുടെ പിന്നാലെയായിരുന്നു ഞാന്‍ യാത്ര പോയതും ജീവിതം കണ്ടെത്തിയതും. അവിടേക്കാണ് നീ വന്നത്. ഉപദ്രവിക്കുന്നവന്‍ ദ്രവിച്ചുപോകും, അത് നീതിയാണ്. നീ ചെയ്‌ത ദ്രോഹം എന്നെക്കൊണ്ട് ചെയ്യിച്ചത്...''
പാതിരകളില്‍ പൂക്കുന്ന കുന്നിന്‍പുറത്തെ കാട്ടുപൂക്കളില്‍നിന്ന് വന്യമാര്‍ന്ന ഗന്ധം ഇബ്രാഹിമിലേക്ക് വന്നു. മണത്തിന്റെ വശ്യലഹരിയില്‍ അറിയാതെ അയാള്‍ കണ്ണുകളടച്ചു.
‘‘നിന്റെ പിന്മുറക്കാര്‍ ഇപ്പോള്‍ എല്ലാം മനസ്സിലാക്കിക്കഴിഞ്ഞിരിക്കും. അവര്‍ എനിക്ക് പിന്നാലെ വരും. അതെനിക്കറിയാം. അതിലെനിക്ക് പേടിയില്ല. എന്റെ കട നീയെടുത്ത നേരം പേടി എന്നില്‍നിന്ന് ചത്തുപോയിരുന്നൂ പൂജാരീ. പേടി പോയൊരു മനുഷ്യന് മരണം ഒരു വിഷയമേയല്ല. അവര്‍ വരട്ടെ.
ആര് മരിക്കും..!
ആര് തളിര്‍ക്കും...!
ഞാന്‍ കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു...''
ഇബ്രാഹിം എഴുന്നേറ്റു.
‘‘ആത്മാവിന് നിത്യശാന്തി നേരുന്നു പൂജാരീ... മരിച്ചവരുടെ ലോകത്ത് നമ്മള്‍ വീണ്ടും കാണാതിരിക്കട്ടെ...''
അതുംപറഞ്ഞ് അയാള്‍ കുന്നിറങ്ങി.
ഉജ്ജിറയില്‍നിന്ന് മാറിനില്‍ക്കാനാണ് മനസ്സ് ഇബ്രാഹിമിനോട് പറഞ്ഞത്. എന്നാല്‍ ധൈര്യം അയാളെ ഉജ്ജിറയിലേക്ക് നടത്തിച്ചു.
എവിടെയായിരുന്നോ വര്‍ഷങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞിരുന്നത് അവിടേക്ക് തന്നെ അയാള്‍ തിരിച്ചെത്തി.
മഴയിലും വെയിലിലും അമിതമായി തളരാതെ കൂര അയാളെ സ്വീകരിച്ചു. അത്തറിന്റെ വഴിയിലേക്ക് തിരിച്ചുപോകാന്‍ അയാള്‍ക്ക് തോന്നിയില്ല. നിത്യവൃത്തിക്ക് ഉജ്ജിറയിലെ നാട്ടുകാര്‍ സ്വീകരിക്കുന്ന രീതികളില്‍ പലതും അയാളും സ്വീകരിച്ചു. പഴയതുപോലെ കഷ്ടകാലം ഉജ്ജിറയെ വിട്ടുപോകാതെ തന്നെയുണ്ടായിരുന്നു. ദാരിദ്ര്യത്തിലൂടെയും കഷ്ടപ്പാടിലൂടെയും ഉജ്ജിറയിലെ പാവങ്ങള്‍ ജീവിതത്തെ ആവുംവിധം മുന്നോട്ടുന്തി. അവരെപ്പോലെ അയാളും അതനുഭവിച്ചു.
അയാളെ സ്‌നേഹിച്ച സ്‌ത്രീകള്‍ അപ്പോഴേക്കും ജീവിതത്തിന്റെയും സ്‌നേഹത്തിന്റെയും മറുവഴികളില്‍ എത്തിയിരുന്നു. ഗന്ധരൂപിയല്ലാത്ത അയാളെ മനസ്സിലുണര്‍ത്താന്‍ അവര്‍ക്ക് തോന്നിയതുമില്ല. അത്തറുണ്ടാക്കാന്‍ വീണ്ടും തുടങ്ങിയിരുന്നെങ്കില്‍ അവരില്‍ പലരും ഗന്ധമോഹിനികളായി അയാളിലേക്ക് തിരിച്ചെത്തുമായിരുന്നു. അയാളും അത് ആഗ്രഹിച്ചില്ല. എന്നാല്‍ അയാളുടെ ഗന്ധകാലങ്ങളില്‍ ഒരിക്കലും അടുത്തിട്ടില്ലാത്ത ഒരു സ്‌ത്രീ അയാളുടെ ജീവിതത്തിലേക്ക് കയറിവന്നു. അവള്‍ സുബൈദയായിരുന്നു. ഒരുപാട് പുരുഷന്മാരുമായി രാത്രി പങ്കിട്ട ഉജ്ജിറക്കാരിയായ പെണ്ണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉജ്ജിറയില്‍നിന്ന് വീട്ടുകാര്‍ ഇറക്കിവിട്ടവള്‍. മംഗലാപുരത്തെ വേശ്യാലയത്തില്‍ കുറേക്കാലം ശരീരം വില്‍ക്കേണ്ടിവന്നവള്‍.
ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടിയ പാതിരാവില്‍ നേതാക്കള്‍ സ്വാതന്ത്ര്യം ആഘോഷിച്ചത് സുബൈദ ഉണ്ടായിരുന്ന വേശ്യാലയത്തിലായിരുന്നു.
‘‘ഭാരത് മാതാ കീ ജയ്...
മഹാത്മാഗാന്ധീ കീ ജയ്...
ജവഹര്‍ ലാല്‍ നെഹ്‌റു കീ ജയ്...''എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് ഖദര്‍ധാരിയായ വെളുത്ത മധ്യവയസ്‌കന്‍ അവളെ ആവേശത്തോടെ പ്രാപിച്ചു.
മുദ്രാവാക്യത്തിലെ ആളുകളെയൊന്നും മനസ്സിലായില്ലെങ്കിലും അയാള്‍ പറയുന്നതിന് ഏറ്റുവിളിച്ച് അവള്‍ സ്‌നേഹം തിരിച്ചുനല്‍കി.
അവളെ കമിഴ്‌ത്തിക്കിടത്തി പുറത്ത് തല്ലിക്കൊണ്ട് അയാള്‍ ആസക്തി ഇറക്കിവെച്ച് കൊണ്ട് പാടി.
ചിത്രീകരണം: കെ പി മുരളീധരൻ
‘‘വൈഷ്‌ണവജനതോ തേനേ കഹിയേജ്
പീഡ് പരായീ ജാനേരേ
വൈഷ്‌ണവജനതോ തേനേ കഹിയേജ്
പീഡ് പരായീ ജാനേരേ
പരദുഃഖേ ഉപ്കാര് കരേ തോയേ
പരദുഃഖേ ഉപ്കാര് കരേ തോയേ
മന്‍ അഭിമാന്‍ നാ ആനേരേ...''
ആ നേരം അവള്‍ വേദന സഹിക്കാന്‍ കഴിയാതെ കരഞ്ഞു.
വേശ്യാലയത്തിലെ എല്ലാ മുറികളിലും അന്ന് സ്വാതന്ത്ര്യസമരഗാനങ്ങളും മുദ്രാവാക്യങ്ങളും സ്‌ത്രീകളുടെ ശീല്‍ക്കാരങ്ങള്‍ക്കും പുരുഷന്മാരുടെ ആക്രോശങ്ങള്‍ക്കും ഇടയില്‍ മുഴങ്ങിക്കേട്ടു. ദേശഭക്തിയും രതിമൂര്‍ച്ഛയും കൂടിക്കലര്‍ന്നു.
അങ്ങനെയത് സ്വാതന്ത്ര്യം കിട്ടിയ പാതിരാവിലെ ‘ലീലാവിലാസം' എന്നറിയപ്പെട്ടു.
പിറ്റേന്ന് സുബൈദ ഉണരുന്നതിന് മുമ്പേ സ്വാതന്ത്ര്യഭടന്‍ ദേശസ്‌നേഹത്തിനായി ഇറങ്ങിപ്പോയിരുന്നു. എന്നാല്‍ അയാള്‍ ഉപേക്ഷിച്ച ഒരു പുസ്‌തകം അവളില്‍നിന്ന് ഇറങ്ങിപ്പോയില്ല. അത് പോലീസുകാരുടെ മർദനമേറ്റ് മരണപ്പെട്ട ഒരു പ്രാദേശികനേതാവിന്റെ സത്യസന്ധമാര്‍ന്ന ജീവിതവും പ്രണയവും ദര്‍ശനങ്ങളും വിവരിക്കുന്ന ‘രണാങ്കണത്തിലെ നിത്യതാരകം' എന്ന പാട്ടുപുസ്‌തകമായിരുന്നു, മലയാളത്തില്‍ എഴുതപ്പെട്ടത്.
ദേശസ്‌നേഹിയുണ്ടാക്കിയ മുറിവുകളുടെ പുകച്ചിലില്‍ അത് വലിച്ചെറിയാന്‍ അവള്‍ക്ക് തോന്നിയതാണ്, വിഷാദച്ഛവിയാര്‍ന്ന രക്തസാക്ഷിയുടെ രേഖാചിത്രം അതിന് അവളെ സമ്മതിച്ചില്ല.
ആവശ്യക്കാരന്‍ വരാതെ വെറുതെയിരിക്കുന്ന നേരങ്ങളില്‍ വെറുമൊരു പാട്ടുപുസ്‌തകമായാണ് അവള്‍ പുസ്‌തകം കയ്യിലെടുത്തത്. എന്നാല്‍ അത് വായിച്ചുകഴിഞ്ഞതോടെ അവള്‍ വേറൊരാളായി. വായിച്ചുകഴിഞ്ഞ ദിവസം തന്നെ അഞ്ച് തവണ അത് വായിക്കുകയും ആദ്യപേജിലെ വരികള്‍ മുഴുവനും അവള്‍ കാണാപ്പാഠം പഠിക്കുകയുമുണ്ടായി. ആവശ്യക്കാരോടൊത്ത് രമിക്കുമ്പോള്‍ അവള്‍ പാട്ടുപുസ്‌തകത്തിലെ വരികള്‍ മന്ത്രിച്ചു, ആവുംവിധം അവരും കൂടെച്ചൊല്ലി.
പാട്ടുപുസ്‌തകത്തിലെ വരികള്‍ മനസ്സില്‍നിന്നൊരിക്കലും പോവില്ലെന്ന് ഉറപ്പായ ദിവസം അവള്‍ പ്രതിഫലം കണക്കുചോദിച്ച് വാങ്ങി വേശ്യാഗൃഹത്തോട് വിടപറഞ്ഞു. ഭൂതകാലത്തിലെ അഴുക്കുവസ്‌ത്രം അവിടെത്തന്നെ ഉപേക്ഷിച്ചായിരുന്നു അവള്‍ ഇറങ്ങിയത്. അവളുടെ മുഖത്ത് ഉള്ളറിവിന്റെ വെളിച്ചം പരന്നു. ഉജ്ജിറയില്‍ ആര്‍ക്കും വേണ്ടാത്തൊരിടത്ത് അധികാരിയുടെ കാല് പിടിച്ച് അവള്‍ ഒരു ചാളയുണ്ടാക്കി. അക്ഷരാഭ്യാസമില്ലാത്ത ഉജ്ജിറയിലെ കുട്ടികളെ വിളിച്ചുവരുത്തി അവള്‍ അറിവ് പകര്‍ന്നു. പഴയകാലത്തെ ചൊല്ലി പലരും പുച്ഛത്തോടെ പരിഹസിച്ചെങ്കിലും അവളാര്‍ക്കും മറുപടി നല്‍കിയില്ല. അവള്‍ ഇപ്പോള്‍ ചെയ്യുന്നതായിരുന്നു അവളുടെ ഉത്തരം.
ഇബ്രാഹിം വരുന്നതിന് ആറ് മാസങ്ങള്‍ക്ക് മുമ്പാണ് സുബൈദ ഉജ്ജിറയില്‍ എത്തുന്നത്. അവര്‍ പരസ്‌പരം മുമ്പേ അറിയാമായിരുന്നു. എന്നാല്‍ തമ്മില്‍ കണ്ടിരുന്നില്ല. രണ്ടാം വരവില്‍ അത് സംഭവിച്ചു. സുബൈദയുടെ ചാളയുടെ മേല്‍ക്കൂരയില്‍ പുല്ല് പുതപ്പിക്കാന്‍ വന്ന ഇബ്രാഹിം സ്‌നേഹത്തിന്റെ ഗന്ധം വീണ്ടുമറിഞ്ഞു, അത്തറിന്റെ മണമില്ലാതെ.
മൂന്ന് ദിവസമാണ് പുര മേയാന്‍ എടുത്തത്.
മൂന്ന് ദിവസത്തിനുള്ളില്‍ അവര്‍ തീരുമാനവുമെടുത്തു.
പുര മേഞ്ഞുകഴിഞ്ഞ് വെള്ളം കുടിക്കാന്‍ അകത്തുകയറിയ ഇബ്രാഹിം സുബൈദയെ ചേര്‍ത്തുപിടിച്ചു. പാട്ടുപുസ്‌തകത്തിലെ വരികള്‍ സ്‌നേഹത്തോടെ ചൊല്ലിക്കൊണ്ട് അവള്‍ ചാണകം മെഴുകിയ നിലത്തേക്ക് കിടന്നു.
ജീവിതം അതിന്റെ എല്ലാ ആനന്ദത്തോടെയും ഇബ്രാഹിമിലും സുബൈദയിലും തിരിച്ചുവന്നു. സുബൈദ കുട്ടികളെ പഠിപ്പിക്കുന്നത് തുടര്‍ന്നു. ഇബ്രാഹിം പ്രാവുകളെ വളര്‍ത്താന്‍ തുടങ്ങി. വലിയ ആളുകള്‍ സംഘടിപ്പിക്കുന്ന പ്രാവ് പറത്തല്‍ മത്സരത്തില്‍ അയാളുടെ പ്രാവുകളും പങ്കെടുക്കുകയും പലപ്പോഴും സമ്മാനിതനാവുകയുമുണ്ടായി. അവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ടായി. റഹ്‌മാനും റഷീദും. റഷീദ് മനസ്സിന് പ്രായമെത്താത്ത കുട്ടിയായിരുന്നു. ആവുംവിധം ചികിത്സകള്‍ ചെയ്‌തിട്ടും അവന്റെ ശരീരം മാത്രം വളര്‍ന്നു. ഇബ്രാഹിമിനും സുബൈദയ്‌ക്കും അത് വലിയ സങ്കടമായിരുന്നു.
‘വിഷമിച്ചാല്‍ അസുഖമൊന്നും മാറില്ലല്ലോ, വിഷമിച്ച് ഇരിക്കാമെന്നാല്ലാണ്ട്..!'
അത് മനസ്സിലായപ്പോള്‍ റഷീദിന്റെ വിഷമവും ചേര്‍ത്തുപിടിച്ച് അവര്‍ മുന്നോട്ടുപോയി. എല്ലാ രാത്രികളിലും ഇബ്രാഹിം ആയിരുന്നു റഷീദിനെ ഉറക്കിയത്. റസിയയോട് പറഞ്ഞ കഥകള്‍ ആ നേരത്ത് അയാളുടെ ഓര്‍മയിലെത്തും. അവനോട് ആ കഥകള്‍ പറയുമ്പോള്‍ ബോംബെയിലേക്കെത്തും അയാള്‍. അത്തറിന്റെ തീക്ഷ്ണതയാര്‍ന്ന ഗന്ധങ്ങള്‍ അയാളെ പൊതിയും. അയാള്‍ ദീര്‍ഘമായി നിശ്വസിക്കും.
അങ്ങനെയൊരു രാത്രിയില്‍ ഉഷ്‌ണം സഹിക്കാനാവാതെ പുറത്ത് കിടന്നുറങ്ങുകയായിരുന്നു ഇബ്രാഹിം. കഥ കേട്ട് റഷീദ് അടുത്തുറങ്ങുന്നുണ്ട്.
‘‘ഇബ്രാഹിമേ... ഇബ്രാഹിമേ...''
ചിത്രീകരണം: കെ പി മുരളീധരൻ
കാറ്റിന്റെ ഒച്ച പോലെ ഒരു വിളി കേട്ടു. ഉറക്കത്തില്‍നിന്ന് കണ്ണുമിഴിച്ച അയാള്‍ കണ്ടത് നിലാവില്‍ കിതച്ചുകൊണ്ട് നില്‍ക്കുന്ന രണ്ടുപേരെ. അവര്‍ വിയര്‍ത്തുകുളിച്ചിട്ടുണ്ട്. അത് വിയര്‍പ്പല്ല, ചോരയാണെന്ന് ഗന്ധത്തിന്റെ മനുഷ്യനായ ഇബ്രാഹിമിന് മനസ്സിലായി. അയാള്‍ നിലത്തുനിന്ന് ചാടിയെഴുന്നേറ്റു. അവരില്‍ ഒരാള്‍ പേടിയോടെ പിറകിലേക്ക് നോക്കിനില്‍ക്കുകയാണ്. ഇബ്രാഹിമിനെ വിളിച്ച മനുഷ്യന്‍ ആശ്രയത്തിനായി ഇബ്രാഹിമിന്റെ കൈപിടിച്ചു.
‘‘രക്ഷിക്കണം ഇബ്രാഹിമേ... പോലീസ് പിറകിലുണ്ട്...''
ഇരുട്ടില്‍ വന്നയാള്‍ ആരാണെന്ന് ഇബ്രാഹിമിന് മനസ്സിലായില്ല.
ഇബ്രാഹിം ആഗതനെ തുറിച്ചുനോക്കി.
‘‘ഞാനാണ് ഇബ്രാഹിമേ... അലാമി...''
ഇബ്രാഹിമില്‍ അപ്പോള്‍ ഒരു കോരിത്തരിപ്പുണ്ടായി.
അലാമി, മാലിങ്കന്റെ ഇളയമകന്‍...! .(തുടരും)










0 comments