നോവൽ 32
തെറം‐ 32


പി വി ഷാജികുമാർ
Published on Jun 15, 2026, 01:30 PM | 5 min read
അനുരാഗം
തടവുകാരെക്കൊണ്ട് നിറഞ്ഞ വലിയൊരു ജയിലറയിലായിരുന്നു മുനീര്‍ എത്തിപ്പെട്ടത്. പലതരത്തിലുള്ള കുറ്റങ്ങള്‍ ചെയ്‌ത, പല ദേശക്കാരായ, പല പ്രായക്കാരായ മനുഷ്യര്‍. കയ്യൂക്കുള്ളവര്‍ അവിടെയും കാര്യക്കാരായി. ചെയ്യാത്ത തെറ്റുകള്‍ക്കും ചെറിയ തെറ്റുകള്‍ക്കും തടവിലായവര്‍ അവരുടെ ഇരകളായി. പ്രായമോ പക്വതയോ ഉറയ്‌ക്കാത്ത ഊക്കില്ലാത്ത മനുഷ്യരില്‍ രാത്രികാലങ്ങളില്‍ അവര്‍ തങ്ങളുടെ ആസക്തി തീര്‍ത്തു, ഒറ്റയ്‌ക്കും കൂട്ടായും. നിലവിളികളും ഞരക്കങ്ങളും രാത്രികളില്‍ തടവറയ്‌ക്ക് ശീലമായി. മാനഭംഗം ചെയ്യപ്പെട്ടവര്‍ മനസ്സ് തകര്‍ന്ന് മറ്റുള്ളവരെ നോക്കാന്‍ ധൈര്യപ്പെടാതെ പകലുകളില്‍ മുഖം കുനിച്ച് കുത്തിയിരുന്നു. മുനീറിന് എതിര് നില്‍ക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ അവിചാരിതമായി ജയില്‍പ്പുള്ളിയായതിന്റെ കനപ്പില്‍ അവന്‍ അവരുടെ വിഷമം കാണാന്‍ മറന്നു. മാല് കടത്തല്‍ നിര്‍ത്തിയിട്ട് കൊല്ലങ്ങളേറെയായിട്ടും തന്നെ കുറ്റവാളിയാക്കിയതെന്തിനാണെന്ന് അവന് മനസ്സിലായില്ല.
വര്‍ഷങ്ങളോളം കടത്തിന് കൂട്ടുനിന്നിരുന്നെങ്കിലും ഒരു തവണ മാത്രമാണ് മുനീറിനെ പൊലീസ് ചോദ്യം ചെയ്‌തത്, അബ്ബാസിനൊപ്പം. അരക്കോടിയുടെ വെള്ളി ചിത്താരിക്കടപ്പുറത്തെത്തിച്ച് സുരക്ഷിതമായി ബോംബെയിലേക്ക് കയറ്റിയയച്ചതിന്റെ അനന്തരക്രിയയായി പൊലീസ് ഇരുവരെയും കൊണ്ടുപോയി. തെളിവുകളൊന്നും പൊലീസിന്റെ കൈവശമില്ലായിരുന്നു. അവര്‍ അബ്ബാസിനെയും മുനീറിനെയും ഒരു രാത്രിമുഴുവനും ഇരിക്കാന്‍ വിടാതെ തല്ലിത്തല്ലി ഉത്തരത്തിനായി ശ്രമിച്ചു. മണ്ഡലകാലമായിരുന്നു അതെന്ന് മുനീറിന് ഇന്നും നല്ല ഓര്‍മയുണ്ട്. പൊലീസുകാര്‍ ഇടത്തും വലത്തുമായി നിന്ന് അവരെ തല്ലുകയും തെറിവിളിക്കുകയും ചെയ്യവെ സ്റ്റേഷനരികിലെ സ്വാമിമാരുടെ മഠത്തില്‍നിന്ന് ശരണംവിളികള്‍ കേള്‍ക്കുന്നുണ്ടായിരുന്നു.
‘‘സ്വാമിയേ... അയ്യപ്പോ...
അയ്യപ്പോ സ്വാമിയേ
കല്ലും മുള്ളും
സ്വാമിക്ക് മെത്ത...’’
സ്വാമിമാര്‍ ഭക്തിയോടെ ഒന്നിച്ച് ശരണം വിളിച്ചു.
‘‘ഞങ്ങള്‍ക്കൊന്നും അറിയില്ല സാറമ്മാരേ...’’
മുനീറും അബ്ബാസും ഒന്നിച്ച് കരഞ്ഞു.
അവരുടെ പറച്ചിലുകളും ശരണംവിളികളും അന്തരീക്ഷത്തില്‍ ഇടകലര്‍ന്നു.
ചിത്രീകരണം: കെ പി മുരളീധരൻ
എന്തെങ്കിലും ക്ലൂ പൊലീസിന് നല്‍കിയാല്‍ കടത്തുമുതലാളിമാര്‍ തങ്ങളെ വച്ചേക്കില്ലെന്ന ഭയവും ക്ലൂ കൊടുക്കാതിരുന്നാല്‍ കടത്തുമുതലാളിമാര്‍ പൊന്നുപോലെ കാണുമെന്ന് അറിയുന്നതുകൊണ്ടും വേദന അവര്‍ സഹിച്ചു. ഉച്ചയ്‌ക്ക് വലിച്ച മൂന്ന് കഞ്ചാവിന്റെ ബീഡികള്‍ അബ്ബാസിന് വേദനയില്‍ നിന്നുള്ള ശരണംപ്രാപിക്കലായി. കഞ്ചാവ് അവനെ അനുഗ്രഹിച്ചു, ഭൂമി വട്ടംകറങ്ങുന്നതിന്റെ ആനന്ദത്തില്‍ അവന്‍ കൂടിയ തല്ല് കിട്ടുമ്പോള്‍ കുറഞ്ഞ ചിരി ചിരിച്ചു. മുനീറാകട്ടെ ശരണംവിളിയില്‍ ശരണം പ്രാപിച്ചു. സ്വാമിമാരുടെ ശരണംവിളികളുടെ ലയത്തിലും താളത്തിലും മനസ്സിരുത്തിക്കൊണ്ട് അവന്‍ ലാത്തിയടി തന്ന പിടച്ചിലില്‍ പിടിച്ചുനിന്നു. അതോടെ ശരണംവിളി അവന് കാണാപാഠമായി. വേദനകളില്‍ പലപ്പോഴും അവന്‍ ശരണംവിളി ഓര്‍ത്തു.
ഒന്നും കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ കേസൊന്നുമെടുക്കാതെ വെളിച്ചം വരുമ്പോള്‍ ഇരുവരെയും പൊലീസ് പറഞ്ഞുവിട്ടു. അടിയുടെ ചതവും വേദനയും മാറാന്‍ മൂന്നാഴ്‌ചയെടുത്തു. കുഴമ്പ് പുരട്ടലും ചൂടുവെള്ളത്തില്‍ കുളിയും അതുവരെ മുനീറിന് പതിവാക്കേണ്ടിവന്നു.
ഒന്നും വെളിപ്പെടുത്തിയില്ല എന്നറിഞ്ഞതോടെ മുഹമ്മദിന്റെ ആളുകള്‍ക്ക് അവരോടുള്ള വിശ്വാസം പെരുത്തു. അതോടെ അവര്‍ക്ക് കിട്ടുന്ന കടത്തുകൂലി ഇരട്ടിയായി. കോഡുഭാഷയില്‍ മാല് കൈമാറുന്നത് അവസാനിച്ചു. മലബാറിലെ കൈമാറ്റക്കാര്‍ അവര്‍ മാത്രമായി.
ജീവിതം അങ്ങനെയൊന്ന് പച്ചപിടിച്ച് വന്നതായിരുന്നു, അബ്ബാസും പാഷയും പണി പറ്റിച്ചു. അതോടെ പഞ്ചതന്ത്രം കഥയിലെ മൂഷക സ്‌ത്രീ പോലെ മുനീറിന്റെ ജീവിതഭാരം പിന്നെയും ഇരട്ടിയായി.
റസിയ വന്നതോടെ പ്രയാസങ്ങള്‍ക്ക് സ്‌നേഹത്തിന്റെ പ്രതിവിധിയുണ്ടായി.
കഴിഞ്ഞകാലം കീറിപ്പറിഞ്ഞ കുപ്പായം പോലെ മുനീര്‍ ഉപേക്ഷിച്ചതായിരുന്നു, കാലം ഇതാ വീണ്ടും വന്നവഴിയിലേക്ക് ദയയേതുമില്ലാതെ വലിച്ചുകൊണ്ടുപോകുന്നു..!
ദുർവിധിയെക്കുറിച്ചുള്ള സങ്കടവും റസിയ കൊണ്ടുവന്ന നേർവിധിയെക്കുറിച്ചുള്ള ആനന്ദവും ആലോചിച്ച് ഇരിക്കവെയാണ് മുഹമ്മദ് ജയിലിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. അയാളില്‍ നിന്നുയര്‍ന്ന അത്തറിന്റെ സൗരഭ്യമേറിയ മണം ജയിലറയില്‍ നിറഞ്ഞു.
അയാളുടെ തലവട്ടം കണ്ടപ്പോള്‍ തന്നെ മുനീര്‍ കുത്തിയിരുന്നയിടത്തുനിന്ന് അറിയാതെ എഴുന്നേറ്റു. അയാളെ നേരിട്ടും അല്ലാതെയും അറിയുന്നവര്‍ ഇരുത്തംവിട്ട് ബഹുമാനം പ്രകടിപ്പിച്ചു. പലരും അസലാമു അലൈക്കും പറഞ്ഞു. അയാള്‍ അലൈക്കും അസലാമെന്ന് തിരിച്ചുപറഞ്ഞു. ഇളങ്കാറ്റ് പോലെ തീരെച്ചെറുതാര്‍ന്ന ഒച്ചയില്‍ മുനീര്‍ അതുകേട്ടു. അവന്‍ ഒന്നും പറഞ്ഞില്ല. അവന് ഒന്നും പറയാന്‍ തോന്നിയില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി.
ഫോട്ടോയൊക്കെ കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് അവന്‍ ആദ്യമായി കാണുകയായിരുന്നു. മുഹമ്മദിന്റെ ആളുകള്‍ ദയയേതുമില്ലാതെ തന്നെ തല്ലിയതായിരുന്നു മുനീറിന്റെ മനസ്സില്‍ ആദ്യം തെളിഞ്ഞത്. പ്രാണവേദനയോടെയുള്ള സ്വന്തം കരച്ചില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ നേരത്ത് അവന്റെ ചെവിയില്‍ അലച്ചു. എന്നാല്‍ കൊല്ലാനുള്ള ദേഷ്യമൊന്നും അവന് തോന്നിയില്ല. അങ്ങനെയൊരു ചിന്തയുടെ വടിവാള്‍ മനസ്സില്‍ മൂര്‍ച്ച കൂട്ടിയിരുന്നെങ്കില്‍ അവൻ എഴുന്നേല്‍ക്കില്ലായിരുന്നല്ലോ.
തടവിലുള്ളവരോട് മുഹമ്മദ് ലോഹ്യം പറയുന്നത് നിശ്ശബ്ദതയോടെ അവന്‍ കണ്ടുനിന്നു. നാല്‍പ്പതുകള്‍ കഴിഞ്ഞിട്ടും യൗവനത്തിന്റെ ദേഹബലവും സൗന്ദര്യവും അയാളില്‍നിന്നൊട്ടും മാഞ്ഞുപോയില്ല. മുനീര്‍ അത്രയും സുന്ദരനായ മനുഷ്യനെ അതുവരെയും നേരില്‍ കണ്ടിരുന്നില്ല. വെറുതെയല്ല മുഹമ്മദ് പെണ്ണുങ്ങളുടെ പുരുഷനായത്..!
അവന്‍ മനസ്സില്‍ കരുതി. അങ്ങനെ വിചാരിച്ചപ്പോള്‍ അവനില്‍ ഒരാനന്ദമുണ്ടായി.
അവനില്‍ മന്ദഹാസം പൂത്തു.
മുഹമ്മദ് വന്നതോടെ ഒരു മണിക്കൂറിനുള്ളില്‍ സെല്ലില്‍ നിന്ന് പകുതിയിലധികം തടവുകാരെ മറ്റൊരു സെല്ലിലേക്ക് മാറ്റി.
അധികാരവും സമ്പത്തുമുള്ളവര്‍ക്ക് ജയിലിലും സൗകര്യങ്ങള്‍ ഏറും.
സെല്ലില്‍ മുഹമ്മദിനെ കൂടാതെ അഞ്ച് തടവുകാര്‍ മാത്രമായി. അവരൊക്കെ മുഹമ്മദിന്റെ അടുപ്പക്കാരായിരിക്കുമെന്ന് മുനീറിന് തോന്നി. തന്നെ മാറ്റാത്തതെന്താണ് എന്ന് മുനീര്‍ ആലോചിച്ചു. അതിന് അവന് ഉത്തരം കിട്ടിയില്ല.
രാത്രിയായിരുന്നു.
വയസ്സായൊരു പൊലീസുകാരന്‍ കൊണ്ടുവന്ന പുല്‍പ്പായ സഹതടവുകാരിലൊരാള്‍ മുഹമ്മദിന് വേണ്ടി നിവര്‍ത്തിയിട്ടു. തലയിണ ചുമരിലേക്ക് ചെരിച്ചുവച്ച് ക്ഷീണം മാറാന്‍ അയാള്‍ ചെരിഞ്ഞുകിടന്നു. അല്‍പ്പനിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ ഉറക്കത്തിലേക്ക് വീണുകഴിഞ്ഞിരുന്നു. തങ്ങളുടേതായ ഇടങ്ങളില്‍ തടവുകാര്‍ ഉറക്കത്തിലേക്ക് ചുരുണ്ടു.
ജയിലില്‍ നിശ്ശബ്ദത പടര്‍ന്നു.
ചിത്രീകരണം: കെ പി മുരളീധരൻ
അയ്യപ്പമഠത്തില്‍ നിന്നുള്ള സ്വാമിമാരുടെ ശരണംവിളിയും അവസാനിച്ചിരുന്നു. കിടന്നെങ്കിലും മുനീറിന് ഉറക്കം വന്നില്ല. ആലോചനകളുടെ ഊരാക്കുടുക്കില്‍ പെട്ട് അവന്‍ ചുമരിലേക്ക് ചേര്‍ന്നുകിടന്നു. എത്രനേരമായെന്നറിയില്ല. കാറ്റ് ജയിലിലേക്ക് വീശിയടിക്കാന്‍ തുടങ്ങി. മുനിറീന് കുളിര് വന്നു. അവന്‍ ചുരുണ്ടുകിടന്ന് കൈകള്‍ കാല്‍മുട്ടുകള്‍ക്കിടയിലേക്ക് തിരുകിക്കയറ്റി.
‘‘മുനീറേ...’’
പിറകില്‍നിന്ന് ഒച്ചയില്ലാതെ ഒരു വിളി ഉയര്‍ന്നു.
മുഹമ്മദ്..!
ഞെട്ടലോടെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കവെ അയാള്‍ അവന്റെ ശിരസ്സ് മടിയിലേക്കെടുത്ത് വച്ചു. അയാളും അയാളുടെ മണവും മുനീറിനെ പൊതിഞ്ഞു. അവന് അനങ്ങാന്‍ കഴിഞ്ഞില്ല.
അയാള്‍ക്ക് തന്നെ മനസ്സിലായിരിക്കുന്നു...!
നേരിയൊരു വിറയലോടെ അത് തിരിച്ചറിയവെ അയാളുടെ വിരലുകള്‍ അവന്റെ കവിളിലൂടെ ചെറിയ ഉറുമ്പുകള്‍ പോലെ പരക്കുകയായിരുന്നു. അവന്റെ രോമമില്ലാത്ത ഉടലില്‍ രോമാഞ്ചം പൂത്തു. അത്തരമൊരു അനുഭവം അവന് ആദ്യമായിരുന്നു. അയാളുടെ സ്‌പര്‍ശനത്തില്‍ അവന്‍ പിടഞ്ഞു. അടക്കാന്‍ കഴിയാതെ അവന്‍ അയാളുടെ അരക്കെട്ടില്‍ മുഖം ചേര്‍ത്തുപിടിച്ചു. അയാളെ നോക്കിയിരിക്കവെ തന്നിലുണ്ടായ ആനന്ദത്തിന്റെ കാരണം അവനപ്പോള്‍ മനസ്സിലായി. അയാളില്‍ ഒരു ശീല്‍ക്കാരം ഉയര്‍ന്നു. ശ്വാസം മുട്ടലില്‍ നിന്ന് രക്ഷപ്പെടുമ്പോഴുള്ള കിതപ്പ് അവനിലും. ആ നേരത്ത് റസിയയെ അവന്‍ ഓര്‍ത്തില്ല. അയാളുടെ ഉന്മാദമാര്‍ന്ന മണത്തിന്റെ കയത്തില്‍ അവന്‍ മുങ്ങി. കാറ്റുപോലെ അവന്‍ ആനന്ദത്താല്‍ അദൃശ്യനായി. അവന്‍ അറിയാതെ ദൈവത്തെ വിളിച്ചു. സ്‌നേഹത്തിന്റെ മൂര്‍ച്ഛയില്‍ അവന്റെ കണ്ണുകളടഞ്ഞു.
കാറ്റ് അവര്‍ക്ക് ചുറ്റിലും തണുപ്പോടെ തിരിഞ്ഞു.
കണ്ണ് തുറക്കുമ്പോള്‍ അവന്‍ ചുമരിനോട് ചേര്‍ന്നുതന്നെ കിടക്കുകയായിരുന്നു. മുഹമ്മദ് അടുത്തുണ്ടായിരുന്നില്ല. എന്നാല്‍ അയാളുടെ മണം തന്റെ ഉടലാകെ പറ്റിപ്പിടിച്ചിരിക്കുന്നത് അവനറിഞ്ഞു. അവന്‍ മുഹമ്മദ് കിടക്കുന്ന മൂലയിലേക്ക് ഒളികണ്ണിട്ടു. അയാള്‍ സുഖകരമായ നിദ്രയിലായിരുന്നു. സ്‌നേഹത്തോടെയും സന്തോഷത്തോടെയും അവന്‍ അയാളുടെ ഉറക്കം നോക്കിക്കിടന്നു.
നടന്നത് സ്വപ്‌നമായിരുന്നോ...
ഒന്നും സംഭവിക്കാത്തതുപോലെയുള്ള അയാളുടെ ഉറക്കം കണ്ടപ്പോള്‍ അവന് അങ്ങനെ തോന്നി. അവന്‍ അനുഭവിച്ച ആനന്ദം ആശ്ലേഷത്തോടെ അപ്പോഴും ഉണ്ടായിരുന്നതിനാല്‍ ആ തോന്നല്‍ അവന്റെ ഉറക്കം കളഞ്ഞില്ല.
റസിയയോട് കാണിച്ചത് തെറ്റായിരുന്നു എന്ന കുറ്റബോധവും അവനില്‍ ഉണ്ടായില്ല. അവളോടുള്ള സ്‌നേഹം ഒരു തരി കുറഞ്ഞിട്ടില്ലെന്നും ഒരിക്കലും കുറയില്ലെന്നും അവന്‍ അറിഞ്ഞു.
സ്‌നേഹം നിഗൂഢമായ ഒന്നാകുന്നു. അറിയുന്തോറും അതിന്റെ ആഴം കൂടും.
അവന് മനസ്സിലായി.
പിറ്റേന്നത്തെ പുലരിയില്‍ പ്രഭാതഭക്ഷണം കഴിക്കാന്‍ മുഹമ്മദ് മുനീറിനടുത്താണ് ഇരുന്നത്. അതുവരെ രണ്ടാളും പരസ്‌പരം സംസാരിച്ചിരുന്നില്ല. പ്രഭാതകൃത്യങ്ങള്‍ ചെയ്യുമ്പോഴും വെറുതെ ഇരിക്കുമ്പോഴും പലരും പലതും പറയുന്നുണ്ടായിരുന്നിട്ടും അവര്‍ മാത്രം ഒന്നും മിണ്ടിയില്ല.
ശരിക്കും അത് സ്വപ്‌നമായിരുന്നോ...
മുനീറില്‍ തലേന്നത്തെ സംശയം വീണ്ടും ഉണര്‍ന്നു.
വളരെ പതുക്കെയാണ് മുഹമ്മദ് ഭക്ഷണം കഴിക്കുന്നതെന്ന് മുനീര്‍ ശ്രദ്ധിച്ചു.
പൂവിനെ തൊടുന്നത്ര മൃദുലമായി, ആകര്‍ഷണത്തോടെ.
കാണുന്നവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കൊതി തോന്നുന്നത് പോലെ.
ആഹാരം കഴിക്കുന്നത് കണ്ടാല്‍ ആളിന്റെ കാമവും അറിയാം.
സ്‌നേഹത്തിന്റെയും ആസക്തിയുടെയും സൗന്ദര്യം നിറഞ്ഞതാണോ,
വേഗത്തില്‍ തീര്‍ക്കുന്നതാണോ,
വഴിപാട് പോലെ ചെയ്യാന്‍ വേണ്ടി ചെയ്യുന്നതാണോ എന്നൊക്കെ.
മുനീറിന് അങ്ങനെ തോന്നി.
ചിത്രീകരണം: കെ പി മുരളീധരൻ
രാത്രിയില്‍ അത്രമേല്‍ മൃദുവാര്‍ന്നതായിരുന്നു മുഹമ്മദിന്റെ സ്‌നേഹം, അയാള്‍ ആഹാരം കഴിക്കുന്നത് പോലെ.
അതാലോചിച്ചപ്പോള്‍ മുനീറിന് സ്‌നേഹം വന്നു.
അവനൊന്നും കഴിക്കാതെ അയാള്‍ കഴിക്കുന്നതും നോക്കിയിരുന്നുപോയി.
‘‘ഞാന്‍ മുനീറിനോട് തെറ്റൊന്നും ചെയ്‌തില്ല...’’
അയാള്‍ അതുംപറഞ്ഞ് മുനീറിനെ നോക്കി മന്ദഹസിച്ചു. അവന്‍ വിചാരത്തില്‍ നിന്നുണര്‍ന്നു.
രാത്രിയെക്കുറിച്ചാണ് മുഹമ്മദ് പറയുന്നതെന്ന തോന്നലില്‍ ഇല്ലെന്ന് തലയാട്ടാന്‍ തുടങ്ങിയതാണ്. അയാളുടെ തുടർവാക്കുകളില്‍ അവന്‍ അനങ്ങാതെ ഇരുന്നു.
‘‘അന്ന് നിന്നെ തട്ടിക്കൊണ്ടുപോയത് എന്റെ ആളുകളല്ല മുനീര്‍... അത് ദാവൂദിന്റെ ആളുകളാ... ദാവൂദ് ഇബ്രാഹിമിന്റെ...’’
നടന്ന കാര്യത്തിന്റെ ഓര്‍മയില്‍ മുഹമ്മദ് ആഹാരം കഴിക്കുന്നത് ഒന്ന് നിര്‍ത്തി. അപ്പോള്‍ പഴയ കാര്യങ്ങളാണ് അഹമ്മദ് ചുരുള്‍ നിവര്‍ത്താന്‍ തുടങ്ങുന്നത്.
‘‘ഞാന്‍ അയാളുമായി ഒരിക്കലും നീക്കുപോക്ക് ഉണ്ടാക്കിയിട്ടില്ല. അയാളുടെ ലക്ഷ്യം വേറെയാ. അത് എനിക്ക് പിടിക്കില്ല, എനിക്ക് മാത്രമല്ല, നാട്ടുകാരായ നമ്മള്‍ക്കാര്‍ക്കും.കഴിക്ക്...’’
അയാള്‍ കഴിക്കുന്നത് തുടര്‍ന്നുകൊണ്ട് സംസാരം തുടര്‍ന്നു. മുനീര്‍ മുഹമ്മദിനെ പോലെ കഴിക്കാന്‍ ശ്രമിച്ചു. എത്ര ശ്രമിച്ചിട്ടും അവന്‍ കഴിക്കുന്നത് വേഗത്തിലായി.
‘‘അപ്പോ നീ ചോദിക്കും, അയാളും നമ്മുടെ നാട്ടുകാരനല്ലേയെന്ന്... നാട്ടുകാരനായിട്ടും നാട്ടുകാരനല്ലാത്ത എത്രയെത്ര ആള്‍ക്കാരുണ്ട് ചുറ്റിലും..!’’
അയാള്‍ ഗ്ലാസിലെ വെള്ളം ചുണ്ടില്‍ തൊടാതെ ഏത്തിക്കുടിച്ചു.
‘‘ഞാന്‍ കള്ളം ചെയ്‌തിട്ടുണ്ട്... എന്നാല്‍ അതിലും ഒരു നേരുണ്ടായിരുന്നു. ഞാന്‍ ആരെയും ചതിച്ചിട്ടില്ല...’’
ചിത്രീകരണം: കെ പി മുരളീധരൻ
ഇളവെയില്‍ അയാളുടെ മുഖത്തടിച്ചു. അയാളുടെ വെളുത്ത മുഖം ചുവന്നു.
കാറ്റ് ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു.
ഇളംചൂടില്‍ കാറ്റേല്‍ക്കുമ്പോള്‍ വേറെ തന്നെ ഒരു സുഖമാണ്. മുഹമ്മദിന്റെ സ്‌നേഹം അറിയുന്നതുപോലെ.
മുനീര്‍ ഉള്ളാലെ പറഞ്ഞു.
‘‘പാഷയും അബ്ബാസും അവരെ ചതിച്ചു. അവര്‍ രണ്ടാളെയും കൊണ്ടുപോയി. കൊല്ലാനൊന്നുമുള്ള ചതിയല്ലത്. അവര്‍ക്ക് മാലും തിരിച്ചുകിട്ടി. എന്നിട്ടും ചെയ്‌തു, കാഫിറുകള്...’’
ഭക്ഷണം കഴിക്കുന്നത് അയാള്‍ നിര്‍ത്തിയിരുന്നു. പാത്രവുമെടുത്ത് അയാള്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയതാണ്. വാര്‍ഡന്‍ ഓടിവന്നു.
‘‘വേണ്ട സാര്‍... അവിടെ വെച്ചേക്ക്...’’
വാര്‍ഡന്‍ നിര്‍ബന്ധിച്ചു. അയാള്‍ എതിര്‍പ്പ് കാണിച്ചില്ല.
‘‘ഞാനെല്ലാം നിര്‍ത്തിയതാ... എന്നാല്‍ ഇവര് വിടില്ല..!’’
കയ്യും കഴുകി മരങ്ങള്‍ നിറഞ്ഞ വഴിയിലൂടെ ജയിലറയിലേക്ക് തിരിച്ചുനടക്കവെ അയാള്‍ പറഞ്ഞു.
ആ നേരത്ത് അയാള്‍ വലങ്കൈ മുനീറിന്റെ ചുമലിലിട്ടു.
അയാളുടെ വിരലുകളിപ്പോള്‍ കുഞ്ഞനുറുമ്പുകളാവും.
രോമാഞ്ചത്താല്‍ തന്റെ കണ്ണുകളടയും.
അവന്‍ പ്രതീക്ഷിച്ചു.
അവന്‍ വിറച്ചു.
ഒന്നും സംഭവിച്ചില്ല.
ഇന്നലെ രാത്രിയെന്നത് വെറുമൊരു സ്വപ്‌നമായിരുന്നോ...
കാറ്റില്‍പെട്ട കരിയില പോലെ വീണ്ടും അവന്‍ സംശയത്തിന്റെ ചുഴിയിലായി.
ആ നേരത്ത് നേര്‍ത്തൊരു കാറ്റ് അവന്റെ ഇടതുചെവിക്ക് താഴെ ഇക്കിളിയാക്കി.
അവന് ഉത്തരം കിട്ടി. (തുടരും)










0 comments