നോവൽ
പ്രണയരാഷ്‌ട്രം


അശോകൻ ചരുവിൽ
Published on Sep 26, 2026, 02:11 PM | 9 min read
3 അരിച്ചിറങ്ങുന്ന വെളിച്ചം
സെഡേഷൻ മരുന്നുകൾ ഉള്ളതുകൊണ്ടാവണം രാത്രിയിൽ കബീർ നന്നായി ഉറങ്ങി. മേഴ്സി ഉറങ്ങാതെ തൊട്ടടുത്തുള്ള കസേരയിൽ ഇരുന്നു. ജനൽച്ചില്ലിലൂടെ എത്തുന്ന മങ്ങിയ വെളിച്ചത്തിൽ വശംതിരിഞ്ഞ് വളഞ്ഞ് കിടന്നുറങ്ങുന്ന ജീവിതപങ്കാളിയെ അവർ നോക്കിക്കൊണ്ടിരുന്നു. ഇതവർ നേരത്തെയും ചെയ്യാറുള്ളതാണ്. ഉറക്കം വരാത്ത രാത്രികളിൽ ആ ഉറക്കത്തെ നോക്കിയിരിക്കുക എന്നത്. ഉറങ്ങുന്ന സമയത്തെ നിരീക്ഷണം കൊണ്ടാണ് കബീറിനെ തനിക്ക് കൂടുതൽ മനസ്സിലായിട്ടുള്ളതെന്ന് മേഴ്സി കരുതുന്നു.
ഈയിടെയായി ഇത്തരം ഉറക്കക്കാഴ്‌ചകളിൽ ആ ശരീരത്തിൽ പടർന്നുകൊണ്ടിരിക്കുന്ന വാർധക്യത്തെ തിരിച്ചറിയാനാവുന്നു. പലയിടത്തും ചുളിവുകളുണ്ട്. കൈകളും കാലുകളും കൂടുതൽ മെലിഞ്ഞിരിക്കുന്നു. കീഴ്‌ത്താടിക്കുതാഴെയുള്ള ചുളിവുകളാണ് വാർധക്യത്തെ കൂടുതൽ വിളിച്ചുപറയുന്നത്. സ്വതേയുള്ള മെലിഞ്ഞ ശരീരത്തിൽ വയറിന്റെ വലുപ്പം അലോസരമുളവാക്കുന്നതാണ്. ഈയിടെയായി അയാൾ വസ്‌ത്രം മാറുന്ന കാഴ്‌ച അങ്ങേയറ്റം ചെടിപ്പുളവാക്കാൻ തുടങ്ങിയിട്ടുണ്ട്. തലമുടി ഏതാണ്ടും നരച്ചുകഴിഞ്ഞു. മേഴ്സി ഓർമിച്ചു: അവരുടെ മുടിയാണ് ആദ്യം നരച്ചു തുടങ്ങിയത്. ഒരാളെ മാത്രം നര ബാധിക്കുന്നതിലെ അനൗചിത്യം പരിഗണിച്ച് മേഴ്സി ഡൈ ചെയ്യാൻ തീരുമാനിച്ചു. ഇനി വേണമെങ്കിൽ തനിക്ക് ആ പണി നിറുത്താം.
ചിത്രീകരണം: സുനിൽ അശോകപുരം
എന്തിനാണ് താൻ ഒരുകാലത്ത് ഈ മനുഷ്യനെ അത്രയേറെ ആവേശത്തോടെ പ്രണയിച്ചതെന്ന് മേഴ്സി ചിന്തിച്ചു. പ്രണയം ഒരു കുത്തൊഴുക്കായിരുന്നെന്നും താനതിൽ വീഴുകയായിരുന്നെന്നും മേഴ്സി കരുതി. വീണാൽ പിന്നെ രക്ഷയില്ല. ഒഴുക്കിന് വിധേയപ്പെട്ട് അങ്ങനെ പോവുകയേ നിർവാഹമുള്ളൂ. എന്തുകൊണ്ടാണ് ഒരാൾക്ക് ഒരാൾ അത്രയ്‌ക്ക് പ്രിയപ്പെട്ടവനായി തോന്നുന്നത്? പ്രണയിച്ചിട്ടും പ്രണയത്തിന്റെ ആ രസതന്ത്രം തനിക്കു മനസ്സിലാക്കാനായില്ലല്ലോ എന്ന് അവർ പരിതപിച്ചു. സ്വയമറിയാതെ ആകർഷിക്കപ്പെട്ടുപോകുന്നു. അന്ന് വീടിനേയും വീട്ടുകാരെയും ഉപേക്ഷിച്ചിട്ടാണ് മേഴ്സി അയാളോട് ചേർന്നത്. പുരുഷൻ മാതാവിനേയും പിതാവിനേയും വിട്ട് ഇണയോട് ചേരുന്നതിനെക്കുറിച്ച് ഉൽപ്പത്തിപുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. അത് സ്‌ത്രീക്കും ബാധകമാകുമല്ലോ. കബീറുമായി ബന്ധപ്പെട്ടതെല്ലാം അന്ന് പ്രിയപ്പെട്ടതായി തോന്നി. അക്കാലത്ത് ഹോസ്റ്റലിലെ മദറിനൊപ്പം ചെട്ടിക്കാട് നേർച്ചയ്‌ക്ക് പോയത് അയാളുടെ നാടായ കൊടുങ്ങല്ലൂർ വഴിയാണ്. ബസ്സിലിരിക്കുമ്പോൾ മേഴ്സിയുടെ ഹൃദയം തുടിച്ചു. എത്ര ഭംഗിയുള്ള സ്ഥലങ്ങൾ; തിളങ്ങുന്ന പുഴകൾ; ആൽമരങ്ങൾ നിറഞ്ഞ ക്ഷേത്രം; വെളുത്ത മണൽ നിറഞ്ഞ വീട്ടുപറമ്പുകൾ. വഴിവക്കിൽ കണ്ട മനുഷ്യരെല്ലാം അതീവ സുന്ദരന്മാരും സുന്ദരികളുമാണെന്ന് കണ്ട് മേഴ്‌സി അതിശയിച്ചു.
ഒരുപക്ഷേ ഓരോരുത്തർക്കുമുള്ളയാളുകളെ നേരത്തെ നിശ്ചയിച്ചു വെച്ചിട്ടുണ്ടാവും. ദൈവമറിയാതെ ഒരിലപോലും പൊഴിയുന്നില്ല എന്നാണല്ലോ പറയുന്നത്. ഒാരോ നെൽമണിയിലും അതു ഭക്ഷിക്കേണ്ടവന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നു.
അവരുടെ പ്രണയത്തെക്കുറിച്ചറിഞ്ഞ് കൊടുങ്ങല്ലൂരിൽനിന്നും രോഷപ്പെട്ടു വന്ന കബീറിന്റെ ബാപ്പ മേഴ്സിയോട് പറഞ്ഞിരുന്നു:
“ടീച്ചറെ, നിങ്ങൾ കാറ്റുകൊണ്ടാൽ ഒടിയുന്ന ഒരു മരക്കൊമ്പിലാണ് പിടിച്ചിരിക്കുന്നത്.”
പിഎസ്‌സി ടെസ്റ്റ് എന്ന കടമ്പ കടന്ന് ജോലികിട്ടി മലപ്പുറത്ത് ചെല്ലുമ്പോൾ മേഴ്സിയുടെ മനസ്സിനെ തീച്ചൂള പോലെ നീറ്റിയിരുന്നത് അങ്കമാലിയിലെ സ്വന്തം വീടാണ്. അമ്മ. അനിയത്തി ലില്ലിക്കുട്ടി. പിന്നെ എപ്പോഴാണ് താൻ തന്നിലേക്ക് ചുരുങ്ങിയത്? പല ഓർമകളും കൂടിക്കുഴഞ്ഞ് കിടപ്പാണ്. പെരിന്തൽമണ്ണ സ്‌കൂളിൽ ജോലി ചെയ്യുന്ന കാലത്ത് കബീറിനെ പലയിടത്തും വെച്ച് കണ്ടിരുന്നു. യൂണിയന്റെയും പരിഷത്തിന്റെയും ചില യോഗങ്ങളിൽ. സർക്കാർ ജീവനക്കാരുടെ സമരവും പ്രതിഷേധവുമൊക്കെ അറിയിച്ച് സ്‌കൂളിലേക്ക് വരുന്ന സ്‌ക്വാഡുകളിൽ അയാൾ ഉണ്ടാവാറുണ്ട്. പലപ്പോഴും അയാളാണ് കാര്യങ്ങൾ വിശദീകരിച്ചിരുന്നത്. വ്യത്യസ്തമായും ആകർഷകമായും സംസാരിക്കാനുള്ള ഒരു കഴിവ് അയാൾ എല്ലാകാലത്തും നിലനിർത്തിയിരുന്നു. പിന്നീടൊരിക്കൽ ഒരു ഇലക്ഷൻ ഡ്യൂട്ടിക്കാലത്ത് കണ്ടു. കാവുങ്ങൽ സ്‌കൂളിൽ അടുത്തടുത്തുള്ള പോളിങ് സ്റ്റേഷനുകളിൽ ജോലി ചെയ്‌തു. അന്നാണ് ആദ്യം സംസാരിച്ചത്.
അതിനുമുമ്പ് പ്രണയം മേഴ്സിക്ക് സിനിമയുടേയും നോവലിന്റെയും വിഷയം മാത്രമായിരുന്നു. തന്നെ അതു ബാധിക്കുമെന്ന് സ്വപ്‌നത്തിൽ പോലും വിചാരിച്ചിരുന്നില്ല. പ്രണയത്തിന് അർഹമല്ല തന്റെ കറുത്തു മെലിഞ്ഞ ശരീരം എന്ന് അവർ കരുതി. ഒട്ടുംതന്നെ കാൽപ്പനികമായിരുന്നില്ല അവളുടെ ജീവിതപരിസരം. പള്ളിക്കാർ പണിതുകൊടുത്ത പതിനൊന്നു വീടുകളുള്ള ഒരു കോളനിയായിരുന്നു അത്. ജീവിക്കാൻ വേണ്ടിയുള്ള പിടച്ചിലായിരുന്നു അവിടെ എല്ലാവർക്കും. വിശപ്പുമാറി ഭക്ഷണം കഴിക്കണമെന്നും ആരും പരിഹസിക്കാത്ത മട്ടിൽ വസ്‌ത്രം ധരിക്കണമെന്നും മാത്രം ആഗ്രഹിച്ചു. പ്രണയവുമായി ബന്ധപ്പെട്ട് ഓർമയിലുള്ളത് കിഴക്കേപ്പുരയിലെ പത്രോസ് വെല്ല്യപ്പന്റെ മകൾ വെള്ളപ്പുഴാൻ എന്നു വിളിക്കപ്പെട്ടിരുന്ന സിസിലിയമ്മയ്‌ക്ക് ഒരു പ്രേമക്കത്ത് കിട്ടിയതാണ്. പക്ഷേ അന്ന് മേഴ്സിക്ക് പ്രായം തീരെ കുറവായതുകൊണ്ട് പ്രശ്നത്തെ അതിന്റെ വൈകാരികഗൗരവത്തിൽ ഉൾക്കൊള്ളാനായിരുന്നില്ല. കത്തു കൊടുത്തയാൾ അങ്ങാടിയിലെ മുനിസിപ്പൽ സ്‌കാവഞ്ചർ തദ്ദേവൂസിന്റെ മകൻ പോൾ എന്ന പാലു ആയതുകൊണ്ട് പ്രശ്നം ഗൗരവമുള്ളതാണെന്ന് ടൈലർ കാതറിൻചേച്ചി പറഞ്ഞു. കാരണം, സിസിലിയമ്മയുടെ കുടുംബം തറവാട്ടുകാരാണ്.
കാതറിൻചേച്ചിയുടെ നേതൃത്വത്തിലുള്ള പെൺസംഘം ആ കത്തുവിഷയം അതിഗൂഢമായി കൈകാര്യം ചെയ്‌തു. പുറത്ത് ആരും, -എന്നുവെച്ചാൽ പുരുഷന്മാരിൽ ഒരാളും അതറിഞ്ഞില്ല. പക്ഷേ ഇടവകയിലെ എല്ലാ പെൺകുട്ടികളും യുവതികളും ആ കത്ത് കൈമാറി വായിച്ചു. മനോരമയും മനോരാജ്യവും വായിക്കാൻ കാതറിൻചേച്ചിയുടെ വീട്ടിൽ വരാറുള്ള ചില മുതിർന്ന സ്‌ത്രീകളും അതുവായിച്ചിട്ടുണ്ടാവും. ചിലർക്ക് മേഴ്സി അത് പകർത്തി കൊടുത്തിട്ടുണ്ട്. സിനിമാപ്പാട്ടുകൾ ചേർത്ത് നിർമിച്ച ഒരപൂർവ രചനയായിരുന്നു അത്. രഹസ്യമായി അത് വായിക്കുന്നത് അഭിമാനവും അനുഭൂതിയുമായി എല്ലാവരും കരുതി: “മഞ്ഞലയിൽ മുങ്ങിത്തോർത്തിയ മധുമാസചന്ദ്രികപോലെ പകൽക്കിനാവിന്റെ സുന്ദരമായ പാലാഴിക്കടവത്ത് അനുരാഗഗാനമായി വരുന്ന എന്റെ ശിൽപ്പഗോപുരത്തിലെ ചക്രവർത്തിനിക്ക്…” എന്ന് അതു തുടങ്ങി; “എന്റെ ദേവതേ, വാസന്തപഞ്ചമി നാളിൽ വരുമെന്നൊരു കിനാവുകണ്ട് കിളിവാതിലിൽ മിഴിയുംനട്ട് ഭവതി എന്നെ കാത്തിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന് അവസാനിച്ചു.
ചിത്രീകരണം: സുനിൽ അശോകപുരം
കാതറിൻചേച്ചിയുടെ നേതൃത്വത്തിൽ പെൺകൂട്ടം സിസിലിയമ്മയെ രഹസ്യമായി ചോദ്യം ചെയ്യുന്ന സന്ദർഭത്തിലും മേഴ്സി അവിടെ ഉണ്ടായിരുന്നു.
“ഈ കത്തിന് മറുപടി അയക്കണോ?”
“എന്തൂട്ടിന്?”
“നിനക്കവനെ ഇഷ്ടമാണോ?”
“അയ്യേ!”
ഏതു സാഹചര്യത്തിലും കത്തിന്റെ വിവരം പുറത്തുപറയുകയില്ലെന്ന് അന്ന് എല്ലാവരും കയ്യിൽ കൈചേർത്ത് കാതറിൻചേച്ചിക്ക് വാക്കുകൊടുത്തു. മേഴ്സിയും തന്റെ ചെറിയ കൈ അവിടെ ചേർത്തുവെച്ചു.
പുലർച്ചെയ്‌ക്ക് നഴ്സ് വന്ന് വാതിലിൽ മുട്ടിയപ്പോഴാണ് താൻ ഇരുന്നുറങ്ങുകയായിരുന്നു എന്ന് മേഴ്സി അറിഞ്ഞത്. പ്രഭാതകൃത്യങ്ങൾക്കു ശേഷം സ്ട്രെച്ചറിൽ കിടത്തി കബീറിനെ തിയറ്ററിലേക്ക് കൊണ്ടുപോയി. പരിചയമുള്ള ചില മുഖങ്ങൾ വാതിലിനു പുറത്ത് മേഴ്സി കണ്ടു. കൂടുതൽ പരിചയമുള്ള മുഖം എൻജി ഓ വേണുവിന്റെ ആയിരുന്നു. അദ്ദേഹം പറഞ്ഞു:
“ടീച്ചർ ഇവിടെ മുറിയിൽത്തന്നെ ഇരുന്നാൽ മതി. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ വന്നു പറയാം. ഞങ്ങൾ നാലുപേർ വാദ്യക്കുടത്തുനിന്ന് എത്തിയിട്ടുണ്ട്.”
തലേന്നത്തെ ഒരുക്കങ്ങൾ ഉണ്ടാക്കിയ അസ്വസ്ഥതയും ഉൽക്കണ്ഠയും കബീറിനെ വിട്ടകന്നിരുന്നു. അയാൾ സ്വസ്ഥചിത്തനായി കാണപ്പെട്ടു. ഓപറേറ്റിങ് ടേബിളിനരികരിൽനിന്ന് സംസാരിക്കുന്ന ഡോക്ടർ രവീന്ദ്രനാഥനെ ശബ്ദംകൊണ്ട് കബീർ തിരിച്ചറിഞ്ഞു. അദ്ദേഹം ചോദിച്ചു:
“സൗഖ്യമല്ലേ, മിസ്റ്റർ മുഹമ്മദ് കബീർ?”
തുടർന്ന് അദ്ദേഹം സഹപ്രവർത്തകരോട് സംസാരിച്ചുകൊണ്ടിരുന്നു:
“ഇദ്ദേഹം മുഹമ്മദ് കബീർ, ഭാര്യയുടെ പേര് മേഴ്സി. നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. വർഷങ്ങൾക്ക് മുമ്പ് പ്രണയാർദ്രമായ രണ്ടുപേർ യൗവനമാകുന്ന മുന്തിരിത്തോട്ടത്തിൽ വെച്ച് കണ്ടുമുട്ടുന്നു. അവർ മതവും കുടുംബവും മറന്ന് തമ്മിൽ ഹൃദയങ്ങൾ കൈമാറുന്നു. ആ കൈമാറ്റത്തിനിടെ ഹൃദയത്തിന് വല്ല പരിക്കും പറ്റിയിട്ടുണ്ടാവുമോ എന്നാണ് നിരീക്ഷിക്കേണ്ടത്. മുന്തിരിപ്പഴങ്ങൾ പോലെയാണ് ഹൃദയങ്ങൾ. നിങ്ങൾ എന്റെ യുവാക്കളും യുവതികളുമായ സഹപ്രവർത്തകരോടു കൂടിയാണ് ഞാൻ പറയുന്നത്: സൂക്ഷിച്ചുവേണം ഹൃദയങ്ങൾ കൈമാറേണ്ടത്…”
പിന്നെ ശബ്ദങ്ങൾ നിലച്ചു. പരിപൂർണമായ അബോധത്തിലേക്ക്.
പോസ്റ്റ് സർജിക്കൽ ഐസിയുവിലെ ദിവസങ്ങൾ വിഷമകരമായി കബീറിന് തോന്നിയില്ല. വല്ലാത്ത ഏകാന്തതയുണ്ടായിരുന്നു. അതയാൾ ആസ്വദിച്ചു. അബോധത്തിൽനിന്നും പാതിബോധത്തിലേക്കുള്ള മടക്കം കുറച്ച് അനുഭൂതികരമായും തോന്നി.
അനന്തമായ ഒരു മുന്തിരിത്തോപ്പിലൂടെ വഴിതെറ്റി അലഞ്ഞശേഷം തിരിച്ചെത്തിയ പോലെയാണ് കബീറിന് തോന്നിയത്. ഇരുട്ടിൽ നിന്നും ശൂന്യതയിൽ നിന്നുമുള്ള ഒരു തിരിച്ചുവരവ്. മുന്തിരിയിലകൾക്കിടയിലൂടെ വെളിച്ചം അരിച്ചെത്തുന്നതു കണ്ടു. തീരെ വ്യക്തമല്ലാത്ത ചില സംഗതികൾ. സംഗീതംപോലെ ശബ്ദങ്ങൾ കേൾക്കുന്നു. മുഖമില്ലാത്ത മനുഷ്യർ വെളുത്ത വസ്‌ത്രങ്ങൾ ധരിച്ച് കടന്നുവന്നു. പിന്നീട് ശരീരവുമായി ഘടിപ്പിച്ച യന്ത്രങ്ങളിൽ നിന്നുള്ള ബീപ് ശബ്ദം കേൾക്കാൻ തുടങ്ങി. ഇടക്കെപ്പോഴോ എറിയാട്ടെ അടിമക്കുട്ടി ഉസ്താദ് പ്രകാശം പോലെ നടന്നു വന്ന് അടുത്തിരുന്നു. മെലിഞ്ഞ ശരീരം. പഴയ അതേവേഷം. കഷണ്ടിത്തല, താടി. വെളുത്തതെങ്കിലും ഏറെ മുഷിഞ്ഞ പോളിസ്റ്റർ ജുബ്ബ. കൈലിമുണ്ട്. ടയർ ചെരിപ്പ്. അദ്ദേഹം പറഞ്ഞു: “നീ നിന്റെ നാഥന്റെ നാമം എല്ലായ്‌പ്പോഴും സ്മരിക്കുക.”
അത്ഭുതം തന്നെ, ഉസ്താദിന്റെ ഒപ്പം അദ്ദേഹത്തിന്റെ മകൻ ഹൈദരലിയും ഉണ്ടായിരുന്നു. കുളിച്ച് പുതുവസ്‌ത്രം ധരിച്ച രൂപത്തിൽ. ചിരിച്ച് സന്തോഷിച്ചുകൊണ്ട്. അവരെ മുമ്പൊരിക്കലും ഒന്നിച്ചു കണ്ടിട്ടില്ല. ഉസ്താദ് പറഞ്ഞു:
“നീയറിഞ്ഞോ കബീറേ? ഹൈദര് മ്മടെ മാടവനപ്പള്ളീലെ ഖത്തീബായി ചാർജെടുത്തു. കഴിഞ്ഞ വെള്ളിയാഴ്‌ച ഓന്റെ ഖുത്വുബ ഉണ്ടായിരുന്നു. ഓനേപ്പോലെ പണ്ഡിതൻ വേറെ ആരുണ്ട്?”
“ഞാൻ ഇന്ത്യൻ ചക്രവാളത്തിലെ വസന്തത്തിന്റെ ഇടിമുഴക്കത്തെക്കുറിച്ചാണ് അവിടെ പ്രസംഗിച്ചത്.”
ഹൈദർ പറഞ്ഞു.
ചിത്രീകരണം: സുനിൽ അശോകപുരം
പിന്നെ നോക്കിയപ്പോൾ അത് ഉസ്താദും ഹൈദരുമല്ല; ശർങ്ങാധരനും രത്നമ്മയുമാണെന്ന് മനസ്സിലായി. കൊടുങ്ങല്ലൂരിൽ കബീറിന്റെ ബാപ്പ നടത്തിയിരുന്ന അൽഹിന്ദ് പ്രസ്സിൽ പണിക്കാരായി എത്തിയ ദമ്പതികൾ. കട്ടിങ് മെഷിനിൽപ്പെട്ട് വിരലുകൾ നഷ്ടപ്പെട്ട കൈ രത്നമ്മ നീട്ടിപ്പിടിച്ചിരുന്നു. അവൾ പറഞ്ഞു:
“കബീറേ, ശർങ്ങാധരൻ ചേട്ടൻ പ്രസ്സുമുതലാളിയായ വിവരം നീ അറിഞ്ഞോ? എന്റെ പേരാണ് പ്രസ്സിന്. രത്നമ്മ പ്രിന്റിങ് ആൻഡ് പബ്ലിഷിങ്. ലോകത്തിലേക്ക് വെച്ച് ഏറ്റവും വലിയ പ്രസ്സാണ് അത്. ഒരു മിനിറ്റിൽ ആയിരം പുസ്തകങ്ങൾ അച്ചടിച്ചു കിട്ടും. ഞങ്ങളവിടെ പ്രണയപുസ്തകങ്ങൾ മാത്രമേ അച്ചടിക്കൂ എന്നു തീരുമാനിച്ചിട്ടുണ്ട്. പ്രണയകവിതകൾ, പ്രണയകഥകൾ, പ്രണയഗാനങ്ങൾ.
ചെറിയ ശബ്ദത്തിൽ രത്നമ്മ പാടി:
“നീലവാനിലെമ്പാടും നക്ഷത്രങ്ങൾ
താഴെ ഭൂമിയിൽ നീയും ഞാനും മാത്രം.”
രത്നമ്മ മാഞ്ഞുപോയപ്പോൾ അവിടെ സഖാവ് ഗുരുസ്വാമി ചാത്തായി നിൽക്കുന്നത് കണ്ടു. കറുപ്പുടുത്തിട്ടുണ്ട്. ചെങ്കൊടി പിടിച്ചിരിക്കുന്നു. കനമുള്ള ശബ്ദത്തിൽ അയാൾ പറഞ്ഞു:
“പാർടി ബ്രാഞ്ച് സമ്മേളനവും കെട്ടുനിറയും ചേർക്കര കാളയെടുപ്പും തൊട്ടു തൊട്ട ദിവസങ്ങളിലാണ്. സമ്മേളനത്തിൽ പ്രകടനവും പൊതുയോഗവും ഉണ്ട്. അമ്പാടി വേണു പ്രസംഗിക്കും. പിറ്റേ ദിവസം കെട്ടുനിറ. ഇപ്രാവശ്യം പതിനഞ്ച് അയ്യപ്പന്മാരുണ്ട്. അമ്പലംപൂട്ടി വിളക്കുണ്ട്. രണ്ടു കളത്തിന് പാട്ടും.”
ചാത്തായി മുഷ്ടി ചുരുട്ടി ഉറക്കെ വിളിച്ചു:
“ഇൻക്വിലാബ് സിന്ദാബാദ്. സാമ്രാജ്യത്വം തകരട്ടെ. സ്വാമിയേ ശരണമയ്യപ്പ.”
എപ്പോഴോ ഡോക്ടർ വന്ന് തൊട്ടുവിളിച്ചു: “മുഹമ്മദ് കബീർ, സുഖമല്ലേ?”
അതെയെന്ന അർഥത്തിൽ മൂളിയിരിക്കണം. തൊട്ടപ്പുറത്തെ ബെഡ്ഡിൽ ആരോ കിടക്കുന്നുണ്ട്. ആരാണെന്ന് നോക്കാൻ കഴിയുന്നില്ല. ഇടക്കെപ്പോഴോ നെഞ്ചിൽ വേദന വന്നു കരഞ്ഞു. പിന്നെ വീണ്ടും മയക്കത്തിലേക്ക്. നഴ്സ് വന്നു വിളിച്ചുണർത്തി: “സർ, ഭാര്യ ഫോണിലുണ്ട്. അവരോട് എന്തെങ്കിലും പറയണോ? അല്ലെങ്കിൽ നേരിട്ടു സംസാരിച്ചോളൂ.”
ഫോൺ ചെവിയിൽ ചേർത്തു പിടിച്ചു തന്നു. മേഴ്‌സി എന്തോ ചോദിച്ചു മറുപടി പറഞ്ഞു.
പിന്നീട് മേഴ്സി പറഞ്ഞത് അയാളപ്പോൾ ഫോണിലൂടെ അറബിൽ സംസാരിക്കുകയായിരുന്നു എന്നാണ്.
“അറബിലോ, സത്യമാണോ?”
അയാൾ ആശ്ചര്യപ്പെട്ടു.
“ഞാനെന്തിന് കള്ളം പറയണം? ഞാനന്നേരം ആസ്പത്രി കോംപൗണ്ടിലെ ചാപ്പലിലായിരുന്നു.”
“അതു ഞാൻ കലീമ ചൊല്ലിയതായിരിക്കും. അശ് ഹദ്ദു അൻലാ ഇലാഹ ഇല്ലല്ലാഹ്. അടിമക്കുട്ടി ഉസ്താദ് ചൊല്ലാൻ പറഞ്ഞിട്ട്.”
“ഉസ്താദോ? അതാരാണ്?”
“അറിയില്ലേ? എറിയാട് തുരുത്തിലെ അടിമക്കുട്ടി ഉസ്താദ്. നമ്മുടെ ഹൈദരലിയുടെ ബാപ്പ.”
“ഓ, അദ്ദേഹം മരിച്ചുപോയിട്ട് എത്ര കൊല്ലമായി?”
“മരിച്ചുപോയവർ വരുന്ന സ്ഥലമാണെന്ന് തോന്നുന്നു സർജിക്കൽ ഐസിയു. ഉസ്താദ് മാത്രമല്ല. ഞങ്ങളുടെ പഴയ പ്രസ്സിലെ കമിതാക്കളായ ജോലിക്കാർ രത്നമ്മയും ശർങ്ങാധരനും വന്നു. പിന്നെ ആറാംകടവിലെ സഖാവ് ചാത്തായിയും.”
രണ്ടാഴ്‌ച കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മേഴ്സി പറഞ്ഞു:
“ഒരു സന്തോഷവാർത്ത പറയട്ടെ കബീർ. സജിതമോൾ നമ്മുടെ വീട്ടിലേക്ക് വരുന്നുണ്ട്.”
“ഇന്നലെയാണ് അവൾ വിളിച്ചത്. ഗൗതമിന്റെ അമ്മേ, പപ്പയെ കാണാൻ ഞാൻ വന്നോട്ടെ? ഞാൻ പറഞ്ഞു: വന്നോളൂ മോളെ.”
അവരുടെ മകൻ ഗൗതം കബീർ വിവാഹം കഴിച്ച പെൺകുട്ടിയാണ് സജിത. നാലുവർഷത്തെ ദാമ്പത്യത്തിനു ശേഷം അവർ പിരിഞ്ഞു. അവളിപ്പോൾ ജർമനിയിലാണ്. വിവരങ്ങളറിയാൻ അവൾ ഇടയ്‌ക്ക് മേഴ്സിയെ വിളിക്കാറുണ്ട്.
“അവൾ ഒരനുവാദം കൂടി ചോദിച്ചു.”
“എന്തിന്?”
“സേവ്യറിനെക്കൂടി കൂടെ കൂട്ടട്ടെ എന്ന്. ഞാൻ പറഞ്ഞു: കൂട്ടിക്കോളൂ. അവനും വരേണ്ടതല്ലേ?”
കുറച്ചുസമയം കബീർ മിണ്ടിയില്ല. പിന്നെ പറഞ്ഞു:
“രണ്ടുപേരും വരട്ടെ.”
ചിത്രീകരണം: സുനിൽ അശോകപുരം
അങ്ങനെ പറഞ്ഞെങ്കിലും കബീറിന് ഉള്ളിൽ ചെറിയ നീരസമുണ്ടായിരുന്നു. എന്തിനാണ് അവൾ സേവ്യറിനെ കൊണ്ടുവരുന്നത്? മകനുമായുള്ള ബന്ധം പിരിഞ്ഞെങ്കിലും സജിത എന്ന പെൺകുട്ടിയോട് അയാൾക്ക് വിട്ടുമാറാത്ത വാത്സല്യവും സ്നേഹവും ഉണ്ടായിരുന്നു. ഒരു മകൾ എന്നത് അവരുടെ വലിയ സ്വപ്‌നമായിരുന്നു. അന്നത്തെ ജീവിതപ്രാരബ്ധങ്ങൾക്കിടയ്‌ക്ക് രണ്ടാമതൊരു കുഞ്ഞിനെക്കുറിച്ച് ആലോചിക്കാനുള്ള ത്രാണി ഉണ്ടായിരുന്നില്ല. ഗൗതമിന് രണ്ടു വയസ്സു തികയുംമുമ്പ് മേഴ്സി വീണ്ടും ഗർഭിണിയായപ്പോൾ അത് അബോർട്ട് ചെയ്‌തിരുന്നു. മേഴ്സി ചിലപ്പോൾ പറയാറുണ്ട്: “അതൊരു മോളായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.”
ഗൗതമിന്റെ വധുവായി സജിത വന്നപ്പോൾ അവൾ പൂർണമായും ഒരു മകളായി സ്വീകരിക്കപ്പെട്ടു. ആൺകുട്ടികളേപ്പോലെയല്ല; പെൺകുട്ടികൾ വീടിനെ കൂടുതൽ സന്തോഷവും സൗന്ദര്യവുമുള്ള ഒരിടമാക്കി മാറ്റുന്നു. വീട്ടിലുള്ളവരുടെ ഹൃദയങ്ങളേയും അവർ സ്നേഹമായി സ്വാധീനിക്കും. ഗൗതം ബാംഗ്ലൂരിൽനിന്ന് യൂറോപ്പിലേക്ക് പോയ കാലത്ത് ഏതാണ്ട് ആറുമാസക്കാലം സജിത മേഴ്സിക്കും കബീറിനുമൊപ്പം തൃശൂരിൽ ഉണ്ടായിരുന്നു.
അവർക്കും അവൾക്കുമിടയിൽ സേവ്യർ എന്ന യുവാവ് അധികപ്പറ്റാവുമോ എന്ന് കബീറിന് സംശയം തോന്നി. അയാളോട് എന്താണ് സംസാരിക്കുക? കബീറിനാണെങ്കിൽ അപരിചിതരോട് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്.
മേഴ്‌സി പറഞ്ഞു.
“ഒന്നാലോചിച്ചു നോക്കൂ കബീർ. ആ യുവാവ് സജിതയുടെ കൂടെ വരാൻ തയ്യാറായല്ലോ. ആദ്യഭർത്താവിന്റെ വീട്ടിലേക്ക് ആരാണ് സ്വന്തം ഭാര്യയെ അനുഗമിക്കുക? ഭാര്യയെ അങ്ങോട്ട് അയക്കാൻ തന്നെ ആരും തയ്യാറാവില്ല. ആ കുട്ടി നല്ല മനസ്സുള്ളയാളാണെന്ന് തോന്നുന്നു.”
“ശരിയാണ്. മനുഷ്യബന്ധങ്ങളും അതുമായി ബന്ധപ്പെട്ട സങ്കൽപ്പങ്ങളും പാടെ മാറുകയാണ്.”
“അവർ പിരിഞ്ഞു എന്നറിഞ്ഞപ്പോൾ ഞാൻ സജിതയോട് വിളിച്ചു ചോദിച്ചിരുന്നു: ഗൗതമിന്റെ പപ്പയും അമ്മയും എന്ന നിലയിൽ ഞങ്ങൾക്കെന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടോ മോളെ? ഞാനുദ്ദേശിച്ചത് കുട്ടിക്കാലത്ത് അവനെ വളർത്തിയതിൽ നമുക്കെന്തെങ്കിലും പിശക് സംഭവിച്ചിട്ടുണ്ടോ എന്നാണ്. ആൺകുട്ടികളെ വെറും അമ്മക്കുട്ടന്മാരായി വളർത്തി നശിപ്പിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ പത്രത്തിലും ചാനലിലുമൊക്കെ പെൺകുട്ടികൾ ചർച്ചചെയ്യുന്നുണ്ടല്ലോ. ഒറ്റമകൻ എന്ന നിലയിൽ നമ്മളവനെ ലാളിച്ച് വഷളാക്കിയോ എന്നായിരുന്നു എന്റെ സംശയം. അവൾ പറഞ്ഞു: ഒരിക്കലും അങ്ങനെയൊന്നും തോന്നിയിട്ടില്ല എന്ന്.’’
“അവൾ പറഞ്ഞു: ഗൗതം എന്നോട് നീതികേട് കാണിച്ചു എന്ന് ഞാൻ പറയുകയില്ല. ഓരോരുത്തർക്കും അവരുടെ ജീവിതവും തീരുമാനങ്ങളുമാണല്ലോ പ്രധാനം. എന്തായാലും എനിക്കതിൽ പരാതിപ്പെടാൻ അർഹതയില്ല. അന്ന് വാറംഗൽ ക്യാമ്പസിൽ വെച്ച് മറ്റ് പലരോടും മത്സരിച്ച് ഞാനവനെ പിടിച്ചെടുത്തതാണ്. അവന് എന്നോട് സ്നേഹമുണ്ടെന്ന് ഞാൻ തെറ്റിദ്ധരിച്ചു. തെറ്റ് എന്റേതാണ്. എനിക്ക് മനുഷ്യരെ മനസ്സിലാക്കാനുള്ള കഴിവില്ല അമ്മാ. എന്തും സ്നേഹമെന്ന് കരുതി ഭ്രമിച്ചുപോകും. സാരമില്ല. ഞങ്ങൾ പിരിഞ്ഞതിലൂടെ പപ്പയ്‌ക്കും അമ്മയ്‌ക്കും ഉണ്ടായ വിഷമം ഓർത്താണ് ഇപ്പോൾ എന്റെ സങ്കടം.”
ഗൗതം പഠിച്ചിരുന്ന കാലത്ത് വാറംഗൽ എൻഐടിയിലേക്ക് മേഴ്സിയും കബീറും ഇടയ്‌ക്ക് പോകാറുണ്ട്. അവർക്കത് ആശ്വാസം നൽകിയിരുന്ന ഒരുല്ലാസയാത്രയായിരുന്നു. കബീറിനെ മടുപ്പും നിരാശയും ബാധിക്കുമ്പോഴാണ് അങ്ങനെയൊരു യാത്രയ്‌ക്കുള്ള നിർദേശമുണ്ടാവുക. ഒരാഴ്‌ചയെങ്കിലും അവിടെ തങ്ങും. ചൂട് കുറവുള്ള സമയമാണെങ്കിൽ ഹനംകൊണ്ടയിലെ നാട്ടുവഴികളിലൂടെ നടക്കും. കരിങ്കല്ലിൽ തീർത്ത ശൽപ്പങ്ങൾ നിറഞ്ഞ ക്ഷേത്രങ്ങളം തടാകങ്ങളും നിറഞ്ഞ സ്ഥലമാണത്. ചില ക്ഷേത്രങ്ങൾ തകർന്നതോ പണി പൂർത്തിയാകാഞ്ഞതോ ആണ്. ചിലപ്പോൾ ഗൗതമും കൂട്ടുകാരും കൂടെ വരും.
ക്യാമ്പസിൽ ഗൗതമിനൊപ്പം എല്ലായ്‌പ്പോഴും ഒരുപറ്റം പെൺകുട്ടികൾ ഉണ്ടായിരുന്നു. അതിസമർഥരും വാചാലരുമായ കുട്ടികൾ. മേഴ്സിയും കബീറും താമസിക്കുന്ന ഹോട്ടൽമുറിയിലേക്കും അവർ ഒന്നിച്ചുവരും. അത്താഴസമയങ്ങളിൽ അവർ വന്ന് തമാശകൾ പറഞ്ഞ് ചിരിക്കും.
സെലിൻ മാത്യു എന്ന പെൺകുട്ടി ഒരിക്കൽ പറഞ്ഞു:
“ഈ ഗൗതമിനെ നമ്മുടെ സഭയിൽ നിന്നുള്ള ഒരു പെൺകുട്ടിയെ കണ്ടെത്തി കല്യാണം കഴിപ്പിക്കണം അമ്മേ. സംഗതി വേഗം വേണം. അല്ലെങ്കിൽ കൈവിട്ടുപോകും. പലരും നോട്ടമിട്ട് കൊഞ്ചിക്കുഴഞ്ഞ് പിറകെ നടക്കുന്നുണ്ട്. ഇയാൾക്കാണെങ്കിൽ ഒരു മനസ്സുറപ്പുമില്ല. ദ്രാവകം പോലെയാണ്. സ്ഥിതിചെയ്യുന്ന പാത്രത്തിനനുസരിച്ച് രൂപം മാറും. എവിടേക്കെന്നില്ലാതെ ഒഴുകും. അപ്പൂപ്പൻ താടി പോലെയാണ്. ലക്ഷ്യമില്ലാതെ പറന്നുകൊണ്ടിരിക്കും. ഒരു കാര്യത്തിലും ഉറച്ചു നിൽക്കില്ല. സൂക്ഷിച്ചില്ലെങ്കിൽ ആരെങ്കിലും തട്ടിക്കൊണ്ടു പോകും.”
“നമ്മളെന്തിന് കാത്തുസൂക്ഷിക്കണം മോളെ? ആരെങ്കിലും കൊണ്ടുപോയ്‌ക്കോട്ടെ.”
മേഴ്സി പറഞ്ഞു.
ചിത്രീകരണം: സുനിൽ അശോകപുരം
“അങ്ങനെയല്ല അമ്മ. നമ്മൾ സംസ്‌കാരം നോക്കണ്ടേ? ഭാഷ നോക്കണ്ടേ?
തെലുങ്കത്തിപ്പെണ്ണുങ്ങളുമായിട്ടാണ് ഇയാൾക്ക് ശൃംഗാരം. ചില തമിഴത്തികളും മയക്കാൻ ശ്രമിച്ച് പിറകെ നടക്കുന്നുണ്ട്. പാട്ടുകാരികളായി അഭിനയിച്ച്. കർണാട്ടിക് മ്യൂസിക്! പാട്ടിന്റെ ഉസ്താദാണല്ലോ ഇയാൾ?”
“പാട്ടോ? ഇവൻ പാടാറുണ്ടോ?”
“പാടിയാൽ പ്രശ്നമാവും. പക്ഷേ മ്യൂസിക്കാണ് തന്റെ ലോകം എന്ന് ഇയാൾ പറഞ്ഞുനടക്കുന്നു. ഇടയ്‌ക്ക് ശെമ്മാങ്കുടിയെന്നോ, ചെമ്പൈയെന്നോ മറ്റോ പറയും.”
“കളിയാക്കുകയൊന്നും വേണ്ട. കഴിഞ്ഞ കൊല്ലത്തെ ഗോഖലെ ഹാൾഫെസ്റ്റിന് ഗൗതമിന് വായ്‌പാട്ടിൽ രണ്ടാംസ്ഥാനം ഉണ്ടായിരുന്നു.”
“അതു ശരിയാണ്. പക്ഷേ രണ്ടുപേർ മാത്രമേ മത്സരിച്ചിരുന്നുള്ളൂ.”
കൂട്ടത്തിൽ പൊതുവെ നിശ്ശബ്ദയായിരുന്നു അന്ന് സജിത. അവളുടെ കണ്ണുകളാണ് അന്ന് കൂടുതൽ സംസാരിച്ചിരുന്നത്. സജിതാബിഗം എന്നാണ് ശരിക്കുള്ള പേര്. ശിരോവസ്‌ത്രമോ മറ്റ് അടയാളങ്ങളോ ഇല്ലാത്തതിനാൽ മുസ്ലിം പെൺകുട്ടിയാണ് എന്ന് തോന്നിയിരുന്നില്ല. തമിഴ്‌നാട്ടിലെ മധുക്കരയിൽ നിന്നാണ് അവൾ വന്നിരുന്നത്. അവളുടെ ബാപ്പ അവിടെ റെയിൽവേയിൽ തൊഴിലാളിയായിരുന്നു.
വാറംഗലിൽനിന്ന് തിരിച്ചുപോരുമ്പോഴെല്ലാം മേഴ്സി ആലോചിക്കുമായിരുന്നു. ആ കൂട്ടത്തിൽ ആരെയെങ്കിലും അവൻ പ്രണയിക്കുന്നുണ്ടാവുമോ? ഉണ്ടെങ്കിൽ അത് ആരെയായിരിക്കും? സെലിൻ മാത്യു ആയിരിക്കുമെന്നാണ് അവർ മനസ്സിൽ കരുതിയത്. കാരണം അത്രമാത്രം സ്വാതന്ത്ര്യത്തോടെയാണ് അവർ ഇടപെട്ടിരുന്നത്. സെലിൻ തന്റെ മരുമകളായി വരുന്നതിനെക്കുറിച്ച് മേഴ്‌സി സങ്കൽപ്പിച്ചു. അവർ കബീറിനോട് ചോദിച്ചു:
“എത്ര സുന്ദരിയാണ് ആ പെൺകുട്ടി സെലിൻ, അല്ലേ?”
“ആണോ?”
“ഓ, നിങ്ങളോട് ചോദിച്ചിട്ട് കാര്യമില്ല. നിങ്ങൾക്ക് ശരിക്കുള്ള സൗന്ദര്യം കണ്ടെത്താനുള്ള കഴിവില്ല.”
“അതെന്താ അങ്ങനെ പറയുന്നത്?”
“എന്റെ അനുഭവം കൊണ്ടു പറയുന്നു. അന്വേഷിച്ച് നടന്നിട്ട് നിങ്ങൾ എന്നെപ്പോലെ ഒരാളെയാണല്ലോ കണ്ടെത്തിയത്?”
കബീർ പൊട്ടിച്ചിരിച്ചു.
“ഞാൻ അന്വേഷിച്ചു നടന്നില്ലല്ലോ?”
“നിങ്ങൾക്കെന്ത് തോന്നുന്നു? ഗൗതമിന് അവിടെ ഒരു ലവർ ഉണ്ടായിരിക്കുമോ?”
“ഉണ്ടാവില്ലെന്നാണ് തോന്നുന്നത്. അവനങ്ങനെ വ്യക്തിബന്ധങ്ങളിൽ ഗൗരവം കാണുന്നയാളല്ല. കുട്ടിക്കാലം മുതലേ ഞാനത് ശ്രദ്ധിച്ചിട്ടുണ്ട്. കൂട്ടത്തിൽ ഒരാളെ കൂടുതൽ ഇഷ്ടപ്പെടുന്നതിനെയാണല്ലോ പ്രണയമെന്നു പറയുന്നത്. അതുണ്ടാവില്ല. ആ പെൺകുട്ടി പറഞ്ഞപോലെ അവനങ്ങനെ ഒഴുകിനടക്കുകയായിരിക്കും. ഇംഗ്ലീഷിൽ ഫ്ലർട്ട് എന്നു പറയില്ലേ? ആ മട്ടിൽ.”
പിന്നീടൊരിക്കൽ സജിതയാണ് തന്റെ പ്രണയിനി എന്ന് അവൻ അറിയിച്ചപ്പോൾ അവർക്കിരുവർക്കും അക്കൂട്ടത്തിൽനിന്ന് അവളെ ഓർത്തെടുക്കാൻ വിഷമിക്കേണ്ടി വന്നു.
“എപ്പോഴും ചിരിച്ച് ഒന്നും മിണ്ടാതെയിരിക്കാറുള്ള മെലിഞ്ഞ് തെല്ലു കറുത്ത ആ പെൺകുട്ടിയോ? എന്നെ ഗൗതമിന്റെ അമ്മ എന്നു വിളിച്ചിരുന്നവൾ?”
മേഴ്സി ആശ്ചര്യപ്പെട്ടു ചോദിച്ചു. അവർ തമാശയായി പറഞ്ഞു:
“പപ്പയ്‌ക്ക് മനസ്സിൽ നല്ല സന്തോഷമായിട്ടുണ്ടാവും ഗൗതം. മുസ്ലിം പെൺകുട്ടിയാണല്ലേ? ഈ റിപ്പബ്ലിക്കിൽ ഞാൻ ന്യൂനപക്ഷമാവുമല്ലോ എന്റെ കർത്താവേ? ” .
(തുടരും)









0 comments