Deshabhimani

നോവൽ-4

പ്രണയരാഷ്‌ട്രം

ചിത്രീകരണം: സുനിൽ അശോകപുരം
avatar
അശോകൻ 
ചരുവിൽ

Published on Oct 09, 2026, 05:50 PM | 9 min read

വാദ്യക്കുടത്തെ വീട്


അന്തർമുഖനായ യുവാവാണ് സേവ്യർ. കുറ്റിത്തലമുടിയും കറുത്ത മുഖവും. ചെറിയൊരു ദുഃഖം ആ കണ്ണുകളിലുള്ളത് ആർക്കും വായിച്ചെടുക്കാനാവും. സജിതയ്‌ക്ക് പിന്നിൽനിന്ന് അയാൾ ചുറ്റുമുള്ള പരിസരത്തെ അമ്പരപ്പോടെ നോക്കി. പതറിയ ശബ്ദത്തിൽ പറഞ്ഞു:

“സജിത ആൾവെയിസ് ടോക്ക്സ് എബൗട്ട് പപ്പ, അമ്മ ആൻഡ്‌ ദിസ് ഹൗസ്. ഇവിടെ വന്നു കണ്ടപ്പോൾ കൂടുതൽ സന്തോഷം തോന്നുന്നു. എത്ര ശാന്തിയും സമാധാനവുമുള്ള സ്ഥലം! തിരക്കുള്ള ഇന്ത്യയിൽ ഞാൻ ഇങ്ങനെയൊരു സ്ഥലം പ്രതീക്ഷിച്ചില്ല.”

വാദ്യക്കുടത്തെ ആ വീട് ഇരുനിലയിൽ ഓടുമേഞ്ഞതാണ്. ഏറെക്കാലത്തെ പഴക്കമുള്ളത്. മുന്നിൽ കളപ്പുര. പിന്നിൽ ഒരു കുളം. പറമ്പിൽ നാനാതരം മരങ്ങൾ. ചുറ്റും നീണ്ടുകിടക്കുന്ന വയലുകളാണ്. വയലിൽനിന്ന് എപ്പോഴും ചെറിയ കാറ്റ്‌ വീശിക്കൊണ്ടിരുന്നു.

ചിത്രീകരണം: സുനിൽ അശോകപുരംചിത്രീകരണം: സുനിൽ അശോകപുരം

സജിത പറഞ്ഞു: “ഈ യാത്ര സേവ്യറിനുള്ള എന്റെ വിവാഹസമ്മാനമാണ് അമ്മേ. എന്താണ് ഇവിടെ പറയുക: സ്‌ത്രീധനം, അല്ലേ? ഇയാൾക്കായി എനിക്ക് നൽകാനുള്ളത് കുറെ ഓർമകളാണ്. ഒരു ദാമ്പത്യത്തിന്റെ അനുഭവവും. എന്റെ രണ്ട് ഗൃഹാതുരലോകങ്ങൾ സേവ്യറിനെ കൊണ്ടുകാണിക്കണം എന്നു തോന്നി. മധുക്കരയും വാദ്യക്കുടവും. പറഞ്ഞപ്പോൾ ഇയാൾക്കും വലിയ സന്തോഷമായി. പിരിഞ്ഞ ഭർത്താവിന്റെ വീട്ടിലേക്ക് പുതിയ പങ്കാളിയുമായി വരുന്നത് അനൗചിത്യമാണെന്നറിയാം. അമ്മ എന്നോടു പൊറുക്കണം.”

“അങ്ങനെ പറയരുത് മോളെ. നിന്നെ ഞങ്ങൾ മകളായി സ്വീകരിച്ചതാണ്. അതിലിപ്പോഴും മാറ്റമില്ല.”

മേഴ്‌സി പറഞ്ഞു:

“പറമ്പിൽ നടക്കുമ്പോൾ ശ്രദ്ധിക്കണം സജിത. ഞങ്ങൾ കുറേകാലം ആസ്‌പത്രിയിലും പിന്നെ വിശ്രമത്തിലും ആയതുകൊണ്ട് പരിസരം വൃത്തിയാക്കാനൊന്നും കഴിഞ്ഞിട്ടില്ല. ആകെ പുല്ലുപിടിച്ചും ചവർ നിറഞ്ഞും കിടക്കുകയാണ്. ഇടയിൽ ഇഴജന്തുക്കൾ ഉണ്ടാവും.”

നടക്കുമ്പോൾ സജിത പറഞ്ഞു:

“സേവ്യർ, ഇവിടത്തെ ഓരോ മരങ്ങളുമായും ഞാൻ ആത്മബന്ധമുണ്ടാക്കിയിട്ടുണ്ട്. അവയോട് എത്രയോ വട്ടം സംസാരിച്ചിരിക്കുന്നു. കീരി എന്നൊരു ജീവിയെപ്പറ്റി കേട്ടിട്ടുണ്ടോ? ഒരിനം മംഗൂസ്. പാമ്പുകളുടെ എനിമി ആണ്. ഈ കോംപൗണ്ടിൽ അവ ഒരുപാടുണ്ട്. ഉച്ചനേരത്ത് ആളുകൾ മയങ്ങുന്ന സമയത്ത് ഒരു അമ്മക്കീരി മക്കളേയും കൊണ്ട് മുറ്റത്തെ കളത്തിലേക്ക് വരും. കാര്യാന്വേഷണത്തിനാണ്. കാട്ടുമുയലുകളെ കണ്ടിട്ടുണ്ട്. പിന്നെ അണ്ണാർക്കണ്ണന്മാർ ഒരുപാടുണ്ട്. ദാ, ആ മാവ് കണ്ടില്ലേ? അന്നതിന്റെ ചില ചില്ലകൾ വീട്ടിലേക്ക് ചാഞ്ഞു നിന്നിരുന്നു. മുകളിലെ മുറിയിൽ ഞാൻ ഉച്ചമയക്കത്തിന് കിടക്കുമ്പോൾ എന്നും ഒരു അണ്ണാൻകുഞ്ഞ് ചില്ലകളിലൂടെ ഊർന്നിറങ്ങി ജനലിനടുത്ത് എന്നെ കാണാൻ വരുമായിരുന്നു. ചിലച്ചുകൊണ്ട് അതെന്നോട് സംസാരിക്കും. രാത്രിയിൽ മൈഗ്രേറ്ററി ബേർഡ്സ് വന്ന് മരങ്ങളിലും മുളങ്കൂട്ടങ്ങളിലും ചേക്കേറും. അവരുടെ താരാട്ട് കേട്ട് ഉറങ്ങാം.


മധുക്കരയിലെ ചൂടിലും സിമന്റ്‌ പൊടിയിലും വളർന്ന എനിക്ക് ഈ തണുത്ത അന്തരീക്ഷം അന്ന് വലിയ സന്തോഷം തന്നു. വയലിനക്കരെ ആ കുന്നുകളിലേക്ക് നോക്കൂ. നവംബർ മാസത്തിൽ മൂടൽമഞ്ഞിനപ്പുറത്ത് അതിന് നല്ല നീലനിറമായിരിക്കും. ചിലനേരത്ത് വെളുത്ത മേഘങ്ങൾ അവിടെ കൂടിക്കിടക്കും. അതു നോക്കിയിരുന്ന് സ്വപ്‌നം കാണാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു.

പപ്പയും അമ്മയും മുപ്പത് വർഷക്കൾക്ക് മുമ്പ് പ്രണയിച്ച് ഇങ്ങോട്ട് രക്ഷപ്പെട്ട് വന്നതാണ്. തൊട്ടടുത്ത ഡിസ്ട്രിക്ട് ആണ് മലപ്പുറം. രണ്ടുപേരും അവിടേക്ക് ജോലികിട്ടി ചെന്നതാണ്. അമ്മ സ്‌കൂളിലും പപ്പ സർക്കാർ ആപ്പീസിലുമായിരുന്നു. അവിടെവച്ച് കണ്ട് പ്രണയിച്ചു. പപ്പയുടെ റിലേറ്റീവ്സ് കുറേപേർ അവിടെ ഉണ്ട്. അവരിൽനിന്ന് ഭീഷണിയുണ്ടായി. രഹസ്യമായാണ് അവർ വിവാഹം കഴിച്ചത്. പിന്നെ ട്രാൻസ്‌ഫർ വാങ്ങിച്ച് ഇങ്ങോട്ട് പോന്നു. ഇവിടെവച്ച് അവരുടെ വർക്കേഴ്സ് യൂണിയനും പൊളിറ്റിക്കൽ ഫ്രണ്ട്സും സഹായിച്ച് ഒരു ചെറിയ മാര്യേജ് റിസപ്ക്ഷൻ നടത്തി.

ഈ വീടിന്റെ ഔട്ട് ഹൗസ് വാടകക്കെടുത്താണ് ആദ്യം താമസിച്ചത്. കളപ്പുര എന്നു പറയും. പണ്ട് വയലിലേക്കുള്ള ഫെർട്ടിലൈസർ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഒരു മുറിയായിരുന്നു അത്. അന്നവർ ഭക്ഷണം പാകം ചെയ്‌തിരുന്നതും ഉറങ്ങിയിരുന്നതുമെല്ലാം അതിനകത്ത് തന്നെയായിരുന്നു. ക്ഷേത്രത്തിലെ ദേവിയുടെ മക്കളാണെന്ന് അവകാശപ്പെട്ടിരുന്ന രണ്ട് വൃദ്ധസ്‌ത്രീകളായിരുന്നു വീട്ടുടമസ്ഥർ. അവർ ഈ വലിയ വീട്ടിൽ താമസിച്ചു. അന്യമതസ്ഥരായതുകൊണ്ട് ആദ്യമൊക്കെ അവർക്കിവരെ വെറുപ്പായിരുന്നുവത്രെ. പിന്നെ സ്‌നേഹമായി. ഗൗതമിനെ പരിപാലിച്ചതെല്ലാം ആ മുത്തശ്ശിമാരാണ്.”

“എനിക്ക് അത്ഭുതം തോന്നുന്നുണ്ട്.” സേവ്യർ പറഞ്ഞു:

‘"ഒരാൾ മുസ്ലിം. ഒരാൾ ക്രിസ്‌ത്യൻ. അവരുടെ മകനെ വളർത്തിയത് രണ്ടു എൽഡെർലി ഹിന്ദു സിസ്റ്റേഴ്സ്. കേരളത്തിലെ കാസ്റ്റ് സിസ്റ്റത്തെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. ഞങ്ങൾ താമസിച്ചിരുന്ന ട്രിച്ചിയിലെ റെഫ്യൂജി ക്യാമ്പിനടുത്ത് കുറേ മലയാളികൾ ഉണ്ടായിരുന്നു. അതിൽ ഒരാളുടെ കൂടെ ഞാൻ അന്ന് പാലക്കാട് വരെ വന്നിട്ടുണ്ട്.”

ചിത്രീകരണം: സുനിൽ അശോകപുരംചിത്രീകരണം: സുനിൽ അശോകപുരം

“ഇവിടെ താമസിച്ചിരുന്നപ്പോൾ ഞാൻ ഈ വയലിലൂടെ ലക്ഷ്യമില്ലാതെ നടക്കാറുണ്ട്.”

സജിത പറഞ്ഞു: “ഓരോ കാലത്തും ഓരോ മട്ടിലായിരിക്കും വയൽ. എനിക്ക് ഡിസംബർ‐ ജനുവരിയാണ് ഇഷ്ടം. മുളച്ചുവരുന്ന നെൽച്ചെടികളെ ഞാറ് എന്നാണ് പറയുക. അവ പറിച്ചുനടും. നട്ടുകഴിഞ്ഞാൽ ഇളംപച്ചനിറത്തിലായിരിക്കും. പിന്നെ മൂപ്പനുസരിച്ച് പലതരം പച്ചകളാണ്. കാലത്തെ സമയത്ത് ചെറിയ മഞ്ഞുണ്ടായിരിക്കും. അപ്പോൾ നടക്കാൻ നല്ല രസമാണ്. മഞ്ഞിനുമേലെ ചെറുതായി വെളിച്ചം പരക്കുന്നു. വല്ലപ്പോഴും ഗൗതം കൂടെ വരാറുണ്ട്. വയലിലൂടെ നടന്നാൽ ഏതു കരയിലാണ് ചെന്നെത്തുന്നത് എന്നു പറയാൻ പറ്റില്ല. ചില തോടുകൾ, വലിയ ജലാശയങ്ങൾ, വെയിൽ കായുന്ന പക്ഷിക്കൂട്ടങ്ങൾ. ആളുകൾ മത്സ്യം പിടിക്കുന്നതു കാണാം. കായലിൽനിന്ന് കക്ക വാരുന്നവരും ഉണ്ട്. ചിലപ്പോൾ കുമ്മായച്ചുളകളിൽനിന്ന് രൂക്ഷമായ ഗന്ധം ഉയരും.”

സജിതയും സേവ്യറും വയൽവരമ്പിലൂടെ നടന്നു. അവരെ നോക്കിയിരിക്കെ മേഴ്‌സി കബീറിനോടു പറഞ്ഞു.

“അവൾ ഭാഗ്യവതിയാണെന്ന് തോന്നുന്നു. ഗൗതം ഉപേക്ഷിച്ചെങ്കിലും നല്ലൊരു പങ്കാളിയെ കിട്ടി.”

“സ്‌നേഹമുള്ള യുവാവാണ് സേവ്യർ. അവർ തമ്മിൽ നല്ല ചേർച്ചയുണ്ട്. ഡിവോഴ്സുകൾ കൂടുതലാവുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല. പലർക്കും ഒന്നും രണ്ടും പരീക്ഷണങ്ങൾക്ക് ശേഷമാണ് മനസ്സിനിഷ്ടപ്പെട്ട ഒരാളെ കൂട്ടുകിട്ടുന്നത്. പഴവും പച്ചക്കറിയും ഒന്നുമല്ലല്ലോ കേടുവന്നതാണോ എന്ന് നോക്കി തെരഞ്ഞെടുക്കാൻ. ഒന്നിച്ചു ജീവിച്ചുതുടങ്ങിയാലേ അന്യോന്യം മനസ്സിലാക്കാനാവൂ. പഴയ കാലത്തെപ്പോലെ എല്ലാം സഹിച്ച് നരകിച്ച് ജീവിക്കാൻ പുതിയ കുട്ടികൾ തയ്യാറല്ല.''

“നീണ്ടകാലം പ്രണയിച്ച് നടന്നിട്ടും തമ്മിലറിയാൻ കഴിയുന്നില്ല എന്ന പ്രശ്നമുണ്ട്. വിവാഹിതരായിക്കഴിഞ്ഞിട്ടാണ് തിരിച്ചറിഞ്ഞുള്ള അതൃപ്തിയും കലഹങ്ങളും ഉണ്ടാവുന്നത്. പ്രണയത്തിന്റെ കാലത്ത് അവർ ജീവിതത്തെക്കുറിച്ച് തെല്ലും സംസാരിക്കുന്നില്ല എന്നു തോന്നുന്നു. ”

കബീർ പറഞ്ഞു:

“പ്രണയത്തിന് അങ്ങനെയൊരു കുഴപ്പമുണ്ട് കബീർ. അതിലേർപ്പെടുന്നവർക്ക് തമ്മിലുണ്ടാവുന്നത് ആരാധനയും അന്ധവിശ്വാസവുമാണ്. യാഥാർഥ്യത്തിലേക്ക് വരാൻ ആ സമയത്ത് അവർക്ക് ഒരിക്കലും കഴിയില്ല. പ്രണയകാലത്ത് നമ്മൾ എന്താണ് സംസാരിച്ചിരുന്നതെന്ന് ഓർത്തുനോക്കൂ. ആകാശം, നക്ഷത്രങ്ങൾ, സംഗീതം, ആരോ എഴുതിയ പ്രണയഗീതങ്ങൾ…”

“ശരിയാണ്. ഞാൻ ഓർത്തുനോക്കട്ടെ. സോളമന്റെ ഗീതം, ചങ്ങമ്പുഴയുടെ മലരണിക്കാടുകൾ, കാനം ഇ ജെയുടെ ‘യമുനേ നി ഒഴുകൂ’ എന്ന നോവൽ. എന്തറിഞ്ഞിട്ടാണ് അന്ന് ഒരു ഇലക്ഷൻ ഡ്യൂട്ടിക്കാലത്ത് മക്കരപ്പറമ്പ് സ്‌കൂളിൽ അകലെയിരുന്ന് സാവധാനം ബാലറ്റ് പേപ്പറുകൾ എണ്ണുന്ന ആ ഇരുനിറക്കാരി യുവതിയിൽ ഞാൻ ആകൃഷ്ടനായത്?”

“എണ്ണുന്ന ബാലറ്റ് പേപ്പറുകളാണോ നിങ്ങളെ ചതിച്ചത്?”

“അല്ല. ആ ബാലറ്റ് പേപ്പറുകൾക്ക് റോസ് നിറമായിരുന്നു എന്ന് ഞാൻ ഓർക്കുന്നു. അതെണ്ണിക്കൊണ്ടിരുന്ന യുവതി ധരിച്ച സാരി ചാരനിറത്തിലുള്ളതായിരുന്നു. റോസ്‌നിറം എനിക്കിഷ്ടമല്ല. അതാവാൻ വഴിയില്ല. കോട്ടൺസാരിയുടെ ചാരനിറമായിരിക്കും എന്നെ ചതിച്ചത്!”

കബീർ ചിരിച്ചു.


“പാവം ഒരു യുക്തിവാദിയുടെ അന്ധവിശ്വാസത്തിലേക്കുള്ള പതനം അവിടെ ആരംഭിക്കുന്നു.”

മേഴ്സി പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് മലപ്പുറത്തെ പ്രണയകാലത്ത് നിശ്ശബ്ദരായി ഒന്നിച്ച് നടക്കാനാണ് മേഴ്സിയും കബീറും ആഗ്രഹിച്ചിരുന്നത്. നേരിൽ കാണുമ്പോഴും സംസാരിക്കുന്നത് കുറവായിരുന്നു. എല്ലാദിവസവും കത്തുകൾ എഴുതും. ഡയറിക്കുറിപ്പുകൾ പോലെയാണത്. കത്തുകളിലൂടെ ചില സംഗതികൾ പ്ലാൻ ചെയ്യും. അക്കാലത്ത് പെരിന്തൽമണ്ണയിലും പരിസരങ്ങളിലും ചെറിയ മട്ടിലുള്ള പുരോഗമന സാഹിത്യസമ്മേളനങ്ങൾ നടന്നിരുന്നു. വായനശാലകളിലും ചെറിയ ഹാളുകളിലുമൊക്കെയാണ്. പിന്നെ ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ക്ലാസുകൾ. അത്തരം സദസ്സുകളിലേക്ക് നേരത്തെ കത്തെഴുതി നിശ്ചയിച്ച് രണ്ടു വഴികളിലൂടെ ഇരുവരും എത്തും. തമ്മിൽ നോക്കിയാൽ കാണാവുന്ന അകലത്തിൽ ഇരിക്കും. കത്തുകൾ കൂടാതെ തമ്മിലെ നോട്ടങ്ങളാണ് അക്കാലത്തെ പ്രണയങ്ങളിൽ പ്രധാന പങ്കുവഹിച്ചിരുന്നത്.

അന്നത്തെ നോട്ടങ്ങളുടെ മൂർച്ചയും സൗന്ദര്യവും ഈ വാർധക്യത്തിലും മേഴ്സിയിൽ ബാക്കിനിൽക്കുന്നത് കബീർ കാണുന്നു. ജീവിതത്തിന്റെ നീക്കിയിരിപ്പ് അതൊന്ന് മാത്രമാകാം. റെയിൽപ്പാതയ്‌ക്കരികിലെ എലങ്കുളം വായനശാലയിൽ നടന്ന സാഹിത്യസദസ്സിൽ പ്രഭാഷകൻ എം എൻ വിജയൻ ആയിരുന്നു. വിഷയം ‘ആഗോളവൽക്കരണത്തിന്റെ സാംസ്‌കാരികാധിനിവേശം.’ പക്ഷേ പ്രണയത്തെക്കുറിച്ചാണ് വിജയൻമാഷ് ഏറെ നേരം സംസാരിച്ചത്. ജീവിതത്തിൽ അധികാരരാഷ്‌ട്രീയം എങ്ങനെ ഇടപെടുന്നു എന്നു വിശദീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്ന് തോന്നുന്നു.

“പ്രണയത്തിന് ഒരുപാട് ഘടകങ്ങളുണ്ട്. ഒന്നാമത്തേത് പ്രഥമദർശനം ആണ്. പെട്ടെന്നുള്ള കാഴ്‌ചയിൽ തന്നെ അനുരാഗമുണ്ടാകും. പെട്ടെന്നല്ലാതെ പതുക്കെ പ്രണയമുണ്ടാകാറില്ല. ഒരുപാട് ആലോചിച്ചശേഷം ഒരാളെ അടിക്കാൻ കഴിയില്ല എന്നു പറയുന്നതുപോലെ ഒരുപാട് കാലം ആലോചിച്ചശേഷം പ്രണയിക്കാനും കഴിയില്ല.”

ചിത്രീകരണം: സുനിൽ അശോകപുരംചിത്രീകരണം: സുനിൽ അശോകപുരം

അങ്ങനെ മാഷ് പറഞ്ഞു നിർത്തിയ സമയത്ത് മേഴ്സി ചെറിയൊരു ചിരിയോടെ കബീറിനെ നോക്കി. ചില നോട്ടങ്ങൾ ജീവിതത്തെ ആകെ നവീകരിക്കും. ലോകാവസാനം വരെ ജീവിക്കാൻ അത് മനുഷ്യനെ പ്രേരിപ്പിക്കും. കബീർ വിചാരിച്ചു.

ഒന്നിച്ചു നടന്നിരുന്നത് ആളൊഴിഞ്ഞ ചെറുവഴികളിലൂടെയും വയലുകൾക്കിടയിലെ വരമ്പുകളിലൂടെയുമായിരുന്നു. അങ്ങാടിപ്പുറത്തെ റെയിൽവേ ട്രാക്ക് അവർക്ക് പ്രിയപ്പെട്ട ഒരിടമായിരുന്നു. അതേതാണ്ടും വിജനമായിരുന്നു അന്ന്. ഷൊർണൂർ -‐ നിലമ്പൂർ പാതയിൽ ഒന്നോ രണ്ടോ പാസഞ്ചർ വണ്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ട്രാക്കിന് സമാന്തരമായി വീതികുറഞ്ഞ ചെമ്മൺപാതകൾ ഉണ്ടായിരുന്നു. ചിലയിടത്ത് ഇരുഭാഗത്തും കാടുകളാണ്. വരിയൊപ്പിച്ചു നിൽക്കുന്ന തേക്കുമരങ്ങൾ. ഇടയിൽ വൈക്കോൽ മേഞ്ഞ ചെറിയ വീടുകൾ. പിന്നെ ഉണക്കമീനിന്റെയും അലക്കുസോപ്പിന്റെയും മണമുള്ള ചെറിയ കടകൾ മാത്രമുള്ള അങ്ങാടികൾ.

ചിലയിടത്ത് വയലുകൾ ഉണ്ട്. വേനൽക്കാലത്ത് കൊണ്ടുപിടിച്ച കായ്‌ക്കറി കൃഷിയാണ്. ഒരു ഭാഗത്ത് വാഴത്തോട്ടങ്ങൾ. പാവപ്പെട്ട മനുഷ്യർ പണിയെടുക്കുന്നത് കാണാം. ചെറിയ കുളങ്ങളിൽനിന്ന് കൊട്ടകയിൽ തേവിയാണ് അവർ നനച്ചിരുന്നത്. അങ്ങനെ വിയർത്തു പണിയെടുക്കുന്നവർ ആരെയും സംശയത്തോടെ നോക്കുകയില്ലെന്ന് കബീർ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് അവർ വയലിലിറങ്ങി നടന്നു. മണ്ണിനെ മറച്ചു കിടക്കുന്ന പച്ചിലപ്പടർപ്പുകളാണ്. അവയ്‌ക്കിടയിൽ വെള്ളരിയും മത്തനും കായ്ച്ചു കിടന്നിരുന്നു. ഒരിക്കൽ ഒരു പണിക്കാരൻ അവരെ അടുത്തുവിളിച്ച് മൂപ്പെത്താത്ത വെള്ളരികൾ കൊടുത്തു. അയാൾ പറഞ്ഞു:

“കഴുകിയതാണ്. കഴിച്ചോളൂ. നടന്ന ക്ഷീണം മാറും.”

ആ സമയത്തും മേഴ്സി കബീറിനെ നോക്കി. വരമ്പുകളിലെ കുഞ്ഞുപൂക്കൾക്ക് അത്യന്തം സൗന്ദര്യമുള്ളതായി മേഴ്‌സിക്ക് തോന്നി. പൂക്കൾക്ക് മാത്രമല്ല, ഇലകൾക്കും. ഇലകൾക്കിടയിലെ ചിലന്തിവലകളിൽ തങ്ങിനിൽക്കുന്ന മഴത്തുള്ളികൾക്കും. മണ്ണിനും. ചിലയിനം കറുകകൾ അഹങ്കാരത്തോടെ തഴച്ചുനിന്നിരുന്നു. ശലമോനെ അതിശയിക്കുന്ന മട്ടിൽ വയൽപൂക്കളെ മണവാട്ടിയേപ്പോലെ അണിയിച്ചിരിക്കുന്നു എന്നു ബൈബിളിൽ വായിച്ചപ്പോൾ അതത്ര സത്യമാകുമെന്ന് മേഴ്‌സി വിശ്വസിച്ചിരുന്നില്ല.

നീണ്ട നടത്തക്കിടയിൽ തീരെ ആളൊഴിഞ്ഞ സ്ഥലമെത്തുമ്പോൾ ഇരുവരും നിശ്ശബ്ദത കൈവെടിയും. വയലിലെ ചില വരമ്പുകളിൽ സുരക്ഷിതമായി ഇരിക്കാമെന്ന് അവർ കണ്ടെത്തിയിരുന്നു. കബീർ ഒരിക്കൽ പറഞ്ഞു:

“മാല്യേങ്കര കോളേജിൽ പഠിക്കുന്ന കാലത്ത് കൂട്ടുകാർക്കെല്ലാം പ്രണയമുണ്ടായിരുന്നു. പലതും വൺവേ ട്രാഫിക്കാണ്. പിറകെ നടക്കുക എന്നതാണ് പരിപാടി. ഞാൻ അതിന് ശ്രമിച്ചില്ല. എനിക്കന്ന് പെൺകുട്ടികളെ പേടിയായിരുന്നു.”

“അതെയോ?”

മേഴ്സി പൊട്ടിച്ചിരിച്ചു.

“പ്രണയത്തെക്കുറിച്ച് വിചാരിക്കുമ്പോഴെല്ലാം കൈവിരലുകൾ നഷപ്പെട്ട ഒരു സ്‌ത്രീയാണ് എന്റെ മനസ്സിലേക്ക് വന്നിരുന്നത്. രത്‌നമ്മ എന്ന സ്‌ത്രീ.

“എന്റെ കുട്ടിക്കാലത്ത് ബാപ്പയും കൂട്ടുകാരും ചേർന്ന് എറിയാട് മാർക്കറ്റിൽ അൽഹിന്ദ് എന്ന പേരിൽ ഒരു പ്രസ്സ്‌ നടത്തിയിരുന്നു. അവിടെ ഒരു ദമ്പതികൾ ജോലിക്കു വന്നു. ശർങ്ങാധരനും രത്നമ്മയും. അതിലെ രത്നമ്മയ്‌ക്ക് ഒരു കയ്യിലെ നാലുവിരലുകൾ ഉണ്ടായിരുന്നില്ല.”

“അതിന് പ്രണയം എന്തുപിഴച്ചു?”

“മുമ്പ്‌ മറ്റെവിടെയോ പ്രസ്സിൽ ഒന്നിച്ചു ജോലി ചെയ്യുമ്പോൾ നഷ്ടപ്പെട്ടതാണ് ആ വിരലുകൾ. അവർ പ്രണയിക്കുന്ന കാലത്ത്. കട്ടിങ്‌ മെഷിനിൽ ജോലി ചെയ്യുന്ന സമയത്ത് രത്നമ്മയുടെ തോളിൽ ശർങ്ങാധരൻ കൈവച്ചു. അബദ്ധത്തിൽ മെഷിനിൽ അമർന്ന് അവളുടെ നാലുവിരലുകൾ മുറിഞ്ഞുപോയി.”

“അയ്യോ!, ഇങ്ങനെ ദുഃഖമുണ്ടാക്കുന്ന കാര്യങ്ങൾ പറയാതിരിക്കൂ കബീർ.”

സങ്കടം വരുമ്പോൾ മേഴ്സിയുടെ കണ്ണുകൾ ജീവിതത്തിന്റെ സന്ദിഗ്ധതകളെ പ്രകടിപ്പിച്ചിരുന്നു. ഇന്ന് വാർധക്യത്തിലേക്ക് കടക്കുമ്പോൾ ആ മുഖത്ത് ചുളിവുകൾക്കൊപ്പം നേർത്തൊരു വിഷാദത്തിന്റെ ആവരണമുണ്ട്. വിഷാദത്തെ മറികടക്കാൻ ബോധപൂർവം എടുത്തണിഞ്ഞ ഒരു ഗൗരവത്തിന്റെയും.

കബീർ പറഞ്ഞു:


“നിലമ്പൂർ -‐ ഷൊർണൂർ റെയിൽപ്പാതയിലൂടെ ഒരിക്കൽകൂടി യാത്ര ചെയ്യണം. മേലാറ്റൂർ സ്റ്റേഷനിലെ പൂമരങ്ങൾ ഇപ്പോൾ ബാക്കിയുണ്ടോ ആവോ?”

“പൂമരങ്ങൾ അധികവും വാണിയമ്പലത്തായിരുന്നു എന്നു തോന്നുന്നു. എനിക്കിഷ്ടമായിരുന്നത് തുവ്വൂരിലെ ചോലമരങ്ങളായിരുന്നു. കൊമ്പുകൾ പടർന്ന് വള്ളികൾ തൂങ്ങിക്കിടക്കുന്നവ.”

“മരങ്ങൾക്കിടയിലൂടെ ഊർന്നുവരുന്ന പകൽവെളിച്ചമായിരുന്നു എപ്പോഴും പ്ലാറ്റ്ഫോമിലുണ്ടായിരുന്നത്. ഒരിക്കൽ നമ്മൾ സിമന്റ്‌ ബെഞ്ചിലിരിക്കുമ്പോൾ പൊടിമഴ പെയ്‌തു.”

“ആലോചിച്ചു നോക്കുമ്പോൾ അത് ഭ്രാന്തുപിടിച്ച കാലമായിരുന്നു എന്നു തോന്നുന്നു. എത്രയോ തവണ ഒരാവശ്യവുമില്ലാതെ ആ ലോക്കൽ ട്രെയിനിൽ കയറി അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്‌തിരിക്കുന്നു.”

“ആവശ്യമില്ലാതെയോ? ആവശ്യമൊക്കെ ഉണ്ടായിരുന്നു.”

കബീർ ചിരിച്ചു.

അന്ന് ആ വണ്ടിയിലെ ആളൊഴിഞ്ഞ ഒരു കമ്പാർട്ട്‌മെന്റിൽ വല്ലപ്പുഴയ്‌ക്ക് അടുത്തുവച്ചാണ് കബീർ ആദ്യമായി മേഴ്സിയെ ചുംബിച്ചത്.

“വണ്ടിയിൽ ആരെക്കണ്ടാലും ഞാൻ പേടിച്ചിരുന്നു. പഠിപ്പിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളാണോ അതെന്നു സംശയിക്കും. എല്ലാവരേയും പകച്ചുനോക്കും. ഭയംകൊണ്ട് വരണ്ട് മരവിച്ച ചുണ്ടുകളിലാണ് അന്നു നിങ്ങൾ ചുംബിച്ചത്.”

പരിചയത്തിലായതിനുശേഷം അവർ കത്തുകൾ എഴുതാൻ തുടങ്ങി. ആദ്യമത് സൗഹൃദഭാവേന ആയിരുന്നു. ഇൻലൻഡിൽ ഒന്നോ രണ്ടോ വരികൾ. “ഇലക്ഷൻ ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിൽ തിരിച്ചെത്തിയപ്പോൾ വൈകിയില്ലല്ലോ?” എന്നിങ്ങനെ ചില ക്ഷേമാന്വേഷണങ്ങൾ. കബീറിന്റെ ആദ്യത്തെ കത്തിന് മറുപടി അയക്കാൻ മേഴ്‌സി വല്ലാതെ പണിപ്പെട്ടു. തുടക്കം ശരിയാവാനായിരുന്നു പാട്. നിരവധി കടലാസുകൾ എഴുതി നശിപ്പിക്കേണ്ടിവന്നു. ആദ്യമൊക്കെ അഭിനിവേശം മറച്ചുപിടിക്കാൻ കഴിയുന്ന വാക്കും വാചകങ്ങളും മാത്രമാണ് ഇരുവരും എഴുതിയത്. പിന്നെ ചില പ്രണയകവിതകളിലെ വരികൾ. ഒരുകാലത്ത് വായിച്ച നോവലുകളും കവിതകളും രണ്ടുപേർക്കും അന്ന് ഉപകാരപ്പെട്ടു. ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവർത്തനമാണ് കബീർ നിരന്തരമായി പകർത്തിയിരുന്നത്:

“എന്റെയാണു നീ എന്നടുത്താണു നീ

എന്നു ചൊൽവാൻ അനുവദിക്കേണമേ!”

എന്നെഴുതിയ ദിവസം പ്രണയം പ്രഖ്യാപിക്കപ്പെട്ടു.

നിലമ്പൂർ വണ്ടിയിലെ ഒരു യാത്രയ്‌ക്കിടയിൽ മേഴ്‌സി സോളമന്റെ ഉത്തമഗീതം പകർത്തിയ നോട്ടുപുസ്‌തകം കബീറിന് കൈമാറി. അതിലെ ഗീതങ്ങൾ പലതും അയാൾ പിന്നീട് മനപ്പാഠമാക്കിയിരുന്നു.

“നിന്റെ അധരം എന്നെ ചുംബനം കൊണ്ട് പൊതിയട്ടെ. നിന്റെ പ്രേമം വീഞ്ഞിനേക്കാൾ മധുരമുള്ളത്. നിന്റെ അഭിഷേകതൈലം സുരഭിലമാണ്. നിന്റെ നാമം പകർന്നതു പോലെയാണത്. അതുകൊണ്ട് സുന്ദരിമാർ നിന്നെ പ്രണയിക്കുന്നു…”

പിന്നെ പിന്നെ കത്തുകൾ ദീർഘമുള്ളതായി. പേജുകൾ പേജുകൾ ആണ്. ഏതാണ്ട് ഡയറിക്കുറിപ്പുകൾ പോലെയാണ്. കണ്ടതും കേട്ടതും മനസ്സിൽ തോന്നിയതും മുഴുവൻ പകർത്തിയിരുന്നു. കബീർ സ്‌കൂളിലേക്കയക്കുന്ന കത്തുകൾ അവിടെ ആരോ പൊളിച്ച് വായിച്ച് വീണ്ടും ഒട്ടിച്ച് ലെറ്റർ ബോക്‌സിലിടുന്നതായി മേഴ്സി സംശയിച്ചു. പിന്നീട് അടുത്ത ചില സഹപ്രവർത്തകരുടെ പേരിൽ അവരുടെ വീട്ടിലേക്കാണ് അയച്ചിരുന്നത്.

“പേടിയും പ്രണയവും തമ്മിൽ വലിയ ചങ്ങാതിമാരായിരുന്നു അക്കാലത്ത്.”

മേഴ്സി പറഞ്ഞു:

“എനിക്കു ഭയമായിരുന്നു. സ്റ്റാഫ് റൂമിൽ ലിഷർടൈമിൽ കുട്ടികളുടെ കോംപോസിഷൻ ബുക്ക് നോക്കുമ്പോഴാണ് നിങ്ങളുടെ ബാപ്പ കയറിവന്നത്. അതൊരു വരവു തന്നെയായിരുന്നു. ചെമ്മണ്ണു പാറുന്ന മൈതാനത്ത് വെയിലിൽ കളിക്കുന്ന കുട്ടികൾക്കിടയിലൂടെ കുടപിടിച്ച് ഒരാൾ നടന്നുവരുന്നത് ഞാൻ കണ്ടു. ചെങ്കല്ലിന്റെ നിറമുള്ള ഖദർ കുപ്പായം. തോളിൽ വേഷ്ടി. മാത്ത്സിന്റെ സീതടീച്ചർ മാത്രമേ അപ്പോൾ മുറിയിലുണ്ടായിരുന്നുള്ളൂ.

മുറിയുടെ വാതിൽക്കൽ നിന്ന് കുടമടക്കി അദ്ദേഹം ഉച്ചത്തിൽ ചോദിച്ചു:

“ആരാണ് ഇവിടത്തെ മേഴ്സിടീച്ചർ?”

മുഴങ്ങുന്ന ശബ്ദം. ഞാൻ അമ്പരന്നു.

“രാഷ്‌ട്രീയനേതാവല്ലേ? ഒരുകാലത്ത് കൊടുങ്ങല്ലൂരിലെ പൊതുസദസ്സുകളെ കിടിലംകൊള്ളിച്ച ശബ്ദമാണ്.”

കബീർ പറഞ്ഞു.

“ഇങ്ങനെ ഒരവതാരത്തെ ഞാൻ പ്രതീക്ഷിക്കുന്നില്ലല്ലോ. അങ്കമാലിക്കല്ലറയ്‌ക്കടുത്തുനിന്ന് ചില ഭൂതഗണങ്ങൾ ഉറഞ്ഞുതുള്ളി വരുമെന്നാണ് കരുതിയിരുന്നത്. എന്റെ അമ്മയും വല്യച്ചായനും. അപ്പച്ചൻ വരില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അങ്ങോർക്ക് ഇതറിയാനും അന്വേഷിക്കാനും സമയമില്ല. മാർതോമ മെത്രാപൊലീത്തയെന്നാണ് ആളുകൾ വിളിച്ചിരുന്നത്? പകൽ മുഴുവൻ അങ്ങാടിയിൽ ഇറച്ചിവെട്ട്. പിന്നെ വൈകുന്നേരം കിട്ടിയ കാശിന് മുഴുവൻ വാറ്റുചാരായം കുടിച്ച് പള്ളിവഴക്കിൽ കക്ഷിചേർന്ന് തെരുവിൽനിന്ന് പ്രസംഗിക്കും. എവിടെയെങ്കിലും വീണുകിടന്ന് ഉറങ്ങുന്നതിനിടയിൽ ഇതൊക്കെ ഓർക്കാൻ എവിടെ നേരം?

നിങ്ങളുടെ ബാപ്പ കടന്നുവന്ന് എന്റെ മുന്നിലെ കസേരയിൽ ഇരുന്നു.

അദ്ദേഹം പറഞ്ഞു: എന്റെ പേര് പടിക്കൽ മഠത്തിൻ ഹൈദ്രോസ് ഹാജി. കൊടുങ്ങല്ലൂരിൽ നിന്നു വരുന്നു.’’

അപ്പോൾ ഞാൻ എഴുന്നേറ്റു നിന്നു.

ചിത്രീകരണം: സുനിൽ അശോകപുരംചിത്രീകരണം: സുനിൽ അശോകപുരം

“ഇരിക്ക് ടീച്ചറെ. അധ്യാപകർ ആരുടെ മുന്നിലും വിനയം കാണിക്കേണ്ടതില്ല.”

“ഇവടെ പിഡബ്ല്യുഡീൽ ജോലി ചെയ്യുന്ന മുഹമ്മദ് കബീറിന്റെ പിതാവാണ്. കൊടുങ്ങല്ലൂരിൽ ആദ്യം ദീനിൽ ചേർന്ന കുടുംബാണ് ഞങ്ങളുടേത്. ആദ്യം കോൺഗ്രസിൽ ചേർന്നതും ഞങ്ങൾ തന്നെ. ഇതുപോലത്തെ രണ്ട് സ്‌കൂളിന് ഞങ്ങൾ സ്ഥലം കൊടുത്തിട്ടുണ്ട്. ചെറുപ്പം മുതലേ ഞാനൊരു രാഷ്‌ട്രീയപ്രവർത്തകനാണ്. രാഷ്‌ട്രീയത്തിൽ ഞാൻ ജാതിം മതോം ഒന്നും നോക്കാറില്ല. മനുഷ്യരാണ് കാര്യം. പക്ഷേ വിവാഹത്തിലും കുടുംബത്തിലും അതൊക്കെ നോക്കണം എന്ന അഭിപ്രായണ്ട്. നിങ്ങൾ തമ്മിലെ ബന്ധം ഞാൻ അറിഞ്ഞു. ഞാൻ അയാളോട് ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. കാരണം, ഞങ്ങൾ തമ്മിൽ കുറച്ചുകാലമായി തമ്മിൽ സംസാരിക്കാറില്ല. അവന്റെ ഉമ്മയാണ് ഞങ്ങൾക്കിടയിലെ ഇടനിലക്കാരി.

“പക്ഷേ എനിക്ക് നിങ്ങളോട് ചില കാര്യങ്ങൾ പറയാനുണ്ട്. നിങ്ങൾ സ്‌നേഹിക്കുന്ന യുവാവിന്റെ ബാപ്പ എന്ന നിലയിൽ അല്ല. മനുഷ്യർ കഷ്ടപ്പെടരുത് എന്നാഗ്രഹിക്കുന്ന ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ചെല കാര്യങ്ങൾ പറയണം എന്നു വിചാരിക്കുന്നു. കാരണം ആരും കഷ്ടപ്പെടരുതെന്നാണ് എന്റെ ആഗ്രഹം.”

ചിത്രീകരണം: സുനിൽ അശോകപുരംചിത്രീകരണം: സുനിൽ അശോകപുരം

ഇരുന്നാൽ തന്റെ വാഗ്‌ധോരണി ശരിയാവില്ല എന്നു കരുതിയിട്ടാവാം അദ്ദേഹം എഴുന്നേറ്റു നിന്നു:

“ടീച്ചറെക്കുറിച്ച് ഞാൻ അന്വേഷിച്ചറിഞ്ഞു. നല്ല ബുദ്ധിയും വിവേകവുമുള്ള അധ്യാപികയാണെന്ന് മനസ്സിലായി. പക്ഷേ അത്തരക്കാർക്ക് സംഭവിക്കാൻ പാടില്ലാത്ത ഒരു വിഡ്ഡിത്തത്തിലാണ് നിങ്ങൾ ചെന്ന് കുടുങ്ങിയിരിക്കുന്നത്. ഞാൻ എന്റെ മകനെ കുറ്റം പറയാൻ പാടില്ല. അങ്ങനെ പറയാനുള്ള കുറ്റമൊന്നും അവനില്ലാന്നും വിചാരിക്കാം. അവന്റെ ബാപ്പയായ എന്നോട് അവന് എതിർപ്പുണ്ട്. ആ എതിർപ്പാണ് അവനെ നയിക്കുന്നത്. അതാണ് അവനെ ടീച്ചറിലേക്ക് എത്തിച്ചിരിക്കുന്നത്. ഒരു അന്യമതസ്ഥയെ വിവാഹം ചെയ്‌താൽ ബാപ്പയ്‌ക്ക് മാനക്കേടും വിഷമവും ഉണ്ടാക്കാമല്ലോ. തറവാടിന് ചീത്തപ്പേരും ഉണ്ടാക്കാം. എന്റെ മതവിശ്വാസത്തെ തോൽപ്പിക്കാൻ അവൻ യുക്തിവാദിയായി. ഞാൻ കോൺഗ്രസ് ആയതുകൊണ്ട് അവൻ കമ്യൂണിസ്റ്റായി. ടീച്ചർക്ക് സംഗതിയുടെ ഗൗരവം മനസ്സിലാവുന്നുണ്ടാവുമെന്ന് വിചാരിക്കുന്നു.

അതൊന്നുമല്ല പ്രധാന വിഷയം. വിവാഹം കഴിച്ചശേഷമുള്ള നിങ്ങളുടെ ജീവിതമാണ്. ഞാൻ പറയാം. അവനൊരു സ്വപ്‌നജീവിയാണ്. അങ്ങനെ ചെല ആൾക്കാരില്ലേ? ഒരൊഴുക്കിലങ്ങനെ പോകും. നക്‌സലൈറ്റായി നടക്കുന്ന ഒരു ഹൈദരുണ്ട്. കേട്ടട്ടുണ്ടാവും. ഇപ്പൊ ജയിലിലാണോ പൊറത്താണോന്ന് നിശ്ചയല്യ. ഇവന്റെ കൂട്ടുകാരൻ. ബുദ്ധി എന്നുവച്ചാൽ അവനേക്കാൾ ബുദ്ധിയുള്ള ഒരുത്തനെ ഞാൻ വേറെ കണ്ടിട്ടില്ല. അവന്റെ കൂട്ടുകൂടി നടന്നതുകൊണ്ട് ഇവൻ പഠിച്ച് ചില പരീക്ഷകളൊക്കെ പാസ്സായിന്നൊള്ളത് ശര്യാണ്. ജോലീം കിട്ടി. പക്ഷേ കുടുമ്മത്തുന്ന് വേറിട്ട് ജീവിക്ക്യാന്ന് വച്ചാൽ അവന്റെ വഞ്ചി ഒരു കരേലും അടുക്കില്ല. മുങ്ങുമ്പൊ കൂടെ ഒള്ളോരും മുങ്ങൂലോ. അതാ പ്രശ്നം.”

അദ്ദേഹം എഴുന്നേറ്റുപോയി. മൈതാനത്തുകൂടെ നടന്ന് ഗേറ്റ് കടന്ന് റോഡിലെത്തുന്നതുവരെ ഞാൻ അങ്ങനെത്തന്നെ നിന്നു. അപ്പോൾ സീതടീച്ചർ എന്നെ വന്നു തൊട്ടു.

“ഒരു മഴപെയ്‌ത്‌ തോർന്ന പോലെയുണ്ടല്ലോ മേഴ്സി?”

“മഴയും കൊടുങ്കാറ്റും.” ഞാൻ പറഞ്ഞു ( തുടരും) .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home