കഥ
ഇടുമാങ്കുഴി

സുനു എസ് തങ്കമ്മ
Published on Nov 07, 2026, 03:26 PM | 10 min read
ആദ്യമവരെ കണ്ടപ്പോ യക്ഷിയാണെന്നാണ് തോന്നിയത്, പിന്നാണറിഞ്ഞത് എയിഡ്സാണെന്ന്. മൊബൈലിന് റേഞ്ചും പഴോമൊന്നും ഇല്ലാത്തോണ്ട് ഞങ്ങള് കാലത്തെ ആറരക്ക് തന്നെ മുളക് പറിക്കാനിറങ്ങി. കണ്ണെത്താദൂരത്തോളം കാപ്പിത്തോട്ടമാണ്, ഇടയ്ക്ക് രണ്ടും മൂന്നും ഏണികള് കൂട്ടി കെട്ടി കേറണ്ട കുരുമൊളക് കൊടികള്. ശരിക്കും അതൊരു ഇടുമാങ്കുഴിയാരുന്നു. എങ്ങും ഒച്ചേയനക്കോമില്ല. കുറേനേരം പാടി വാ കഴച്ചപ്പം രതീഷ് പാട്ടൊന്ന് നിറുത്തി. അവൻ പാടുന്നേന്റെ അറ്റോം മൂലേം ഏറ്റുമൂളുകാരുന്നു ജോമോൻ. കുറേ നേരമായിട്ട് അതൊന്ന് ഓഫ് ചെയ്യാൻ പറയാൻ ഓർത്തേലും അവമ്മാരടെ കൊണയടി പേടിച്ച് മിണ്ടിയില്ല. കേഴയാണോ കാട്ട്കോഴിയാണോന്നറീത്തില്ല, കരിയില കിലുങ്ങുന്ന ഒച്ച കൊറച്ച് നേരവായിട്ട് കേക്കുന്നു. പാട്ട് നിർത്തിയപ്പം കൊറച്ചൂടൊച്ചേ കേട്ടു. അവമ്മാരുമിപ്പം കേട്ടെന്ന് തോന്നി. "മിന്നൽ വളാ..'ന്ന് ജോമോനൊന്ന് നീട്ടിയപ്പോഴേക്കും "മിണ്ടാടാ മൈരേ..'ന്ന് രതീഷത് നിർത്തിച്ചു. കരിയില കിലുക്കം ഒച്ചത്തി കേട്ടത് ഞാനാണ്. ഞാൻ തന്നെ ഏണി വിട്ടെറങ്ങി. ഒച്ച തേടി ഒരുപാടൊന്നും പോകണ്ടി വന്നില്ല, ചെറിയൊരു ഞെട്ടലോടെയാണത് കണ്ടത്‐ ഒരു കൊടിച്ചോട്ടിലൊരു പെണ്ണിരുന്ന് പെറുക്കുന്നു. കൊച്ച് പെണ്ണല്ല പത്ത് നാൽപ്പത് വയസൊള്ള ചേച്ചിയാണ്. ഞെട്ടിയതിന്റെ ശരിക്കും കാരണം വേറൊന്നുവല്ല, അണിഞ്ഞൊരുങ്ങി നടക്കുന്ന നാട്ടിലും സിറ്റീലുമൊന്നും ഇതുപോലൊരെണ്ണത്തിനെ കണ്ടിട്ടില്ല. സിനിമേം സീരിയലുമൊന്നുമല്ലല്ലോ. ഇന്നലെ ഇടുമാങ്കുഴി എറങ്ങുമ്പം ഞങ്ങള് ഫ്രാൻസി ചേട്ടനോട് ചോദിച്ച കാര്യം "ഈ കുഴിക്കാത്ത് മനുഷ്യൻ താമസമൊണ്ടോ'ന്നാണ്. എറക്കം തൊടങ്ങിയതേ റേഞ്ച് വിടുന്നത് കണ്ട് ഞങ്ങളൊന്ന് മടിച്ചതാണ്. ‘‘റേഞ്ച് നോക്കണ്ടടാ... സെറ്റപ്പ് വീടാ. പന്നിക്ക് പന്നി, കേഴ, മ്ലാവ്... കൂരാനെ അടിച്ചിട്ടൊണ്ടോ നീയൊക്കെ..? പിന്നെ വാറ്റും...’’ ഫ്രാൻസി അടിച്ച് വിട്ടു.
ചിത്രീകരണം: നാസർ ബഷീർ
ശരിക്കും എവറസ്റ്റെറങ്ങുന്നപോലൊരു കുഴിയാരുന്നു, അതിന്റടിവാരത്ത് പഴേ ബ്രിട്ടീഷ് മോഡലൊരു വീടും. ശരിക്കും അതൊണ്ടാക്കാനൊള്ള സാധനങ്ങള് ചൊമന്നെറക്കിച്ചത് തോക്ക് ചൂണ്ടിയാരിക്കണം. ‘‘സത്യം പറ പ്രാൻസിച്ചാ ഇവിടെ ആരേലും താമസിച്ചിട്ടൊണ്ടോ?’’ ഞങ്ങള് വിശ്വാസം വരാതെ ചോദിച്ചു. ‘‘ഒണ്ട്ര പണ്ടാരുന്നു’’ എന്ന് ഒഴുക്കൻ മട്ടി പറഞ്ഞേലും സത്യമാണോന്ന് സംശയം തോന്നി, അടിവാരത്താ വീട് കാണുന്നവരെ. നേര് പറഞ്ഞാ പനിക്കാലത്ത് കാണുന്ന സ്വപ്നമില്ലേ, അതുപോലാരുന്നാ വീടും സ്ഥലോം. ഒന്നിരുണ്ട് വെളുത്തപ്പഴേ ശരിക്കുമങ്ങോട്ട് വിശ്വാസം വന്നൊള്ളൂ. അതിന്റെടേലാണ് ഈ കാഴ്ച, പറഞ്ഞു കേട്ടൊള്ള അറിവ് വെച്ച് ഞാൻ കൈത്തണ്ടേലൊന്ന് ഞുള്ളി നോക്കി. പതിയെ പോയി ജോമോനേം രതീഷിനേം വിളിച്ചെറക്കി, "ഒന്ന് ഞുള്ളിക്കേടാ'ന്ന് പറഞ്ഞപ്പം ജോമോനാ പേത്ത കൈകൊണ്ട് മോന്തക്കൊന്ന് തേമ്പി. ‘‘ഡാ ഒരാളൊണ്ടിവടെ...’’ ഞാൻ സൗണ്ട് താഴ്ത്തി പറഞ്ഞു. ‘‘ആളോ?’’ അവമ്മാർക്ക് അതിശയമായി, ഞാൻ കൈ പിടിച്ച് വലിച്ചപ്പം ജോമോൻ പുറകോട്ട് ബലം പിടിച്ചു. ‘‘ഡാ ഒരു പെണ്ണാന്ന്...’’ പെണ്ണെന്ന് കേട്ടതും രണ്ടിന്റേം കണ്ണുകള് ബൾബ് പോലായി. പോയൊന്നെത്തിനോക്കാൻ തോന്നിയേലും എന്നാണ്ടൊരു ഉൾപ്പേടി. സംഭവം സത്യമാണോന്നറിയാൻ ഞാൻ രണ്ടവമ്മാരേം ഉന്തിയുരുട്ടി ഒരു കാപ്പിച്ചോട്ടിലെത്തിച്ചു. ‘‘ഹെന്റെ പൊന്ന് പള്ളീ...’’ ഒന്ന് നോക്കീട്ട് ജോമോൻ തലേ കൈവെച്ചു. ‘‘എന്നാ ഗ്ലാമറാടാ... എന്നാ ഉരുപ്പടിയാ...’’ കരിയില തൊടാതെ ഞങ്ങള് മൂന്നും വീട്ടിലേക്ക് കുനിഞ്ഞോടി. ഫ്രാൻസി ചേട്ടൻ എണീറ്റ് പല്ല് തേക്കുന്നേ ഒള്ളൂ... ‘‘ആരാ പ്രാൻസിച്ചാ ഒരു പെണ്ണ്..?’’ ഞങ്ങള് പരമ രഹസ്യമായിട്ടാണ് ചോദിച്ചത്. ‘‘പെണ്ണൊ..?’’ ഓലീന്നൊരു തൊട്ടി കോരി വായും മുഖവും കഴുകിക്കോണ്ട് പുള്ളി ചോദിച്ചു. അങ്ങേരടെ മുഖത്തൂന്ന് സത്യമേതാ കള്ളമേതാന്ന് തിരിച്ചെടുക്കാൻ പറ്റത്തില്ല. ‘‘നിങ്ങള് പെറുക്കാൻ പെണ്ണുങ്ങളെ വല്ലോം വിളിച്ചാരുന്നോ?’’ ജോമോൻ ചോദിച്ചു. വിളിച്ചെന്നോ ഇല്ലെന്നോ പറയാതെ അതിയാൻ അകത്ത് കേറി ഷർട്ടെടുത്തിട്ടൊണ്ട് ചാടിയെറങ്ങി വന്നു. പുറകെ ചെല്ലാൻ നോക്കിയ ഞങ്ങളെ "എങ്ങോട്ടാ...'ന്ന് ചോദിച്ച് വെലക്കി. "ഞാൻ വിളിച്ചിട്ട് വന്നാമതി...' ഞങ്ങടെ ഉത്സാഹം കെട്ടു. തിരിച്ച് മല കേറിയാലോന്ന് പോലും ആലോചിച്ച് പോയി. പക്ഷേ ആ ചേടത്തിയാരെ ഒന്നൂടൊന്ന് കാണാതെ പോകുന്നത് ശരിയല്ലെന്ന് മാത്രം ഓർത്തിട്ടാണ് നിന്നത്. കുറേ നേരമായിട്ടും ഫ്രാൻസി ചേട്ടൻ വന്നില്ല. ജോമോനും രതീഷും പോയൊന്ന് നോക്കിയാലോന്ന് പറഞ്ഞേലും, ഞാനാണ് വേണ്ടെന്ന് പറഞ്ഞത്. അയാൾടെ സ്വഭാവം അറിയാവുന്നോണ്ട് തന്നെ. അതുകൊണ്ട് തന്നാരുന്നു അവമ്മാരടെ ഉത്സാഹോം. ഒന്നേ കണ്ടൊള്ളേലും അവരെ വേറൊരു രീതീലെനിക്ക് ചിന്തിക്കാൻ പറ്റത്തില്ല, ഞാനാണല്ലോ ആദ്യം കണ്ടത്.
12 മണി ആയപ്പം ഫ്രാൻസി ചേട്ടൻ വന്നു, അയാളാകെ വിയർത്ത് കുളിച്ചിട്ടൊണ്ടാരുന്നു. നീളൻ വരാന്തേലോട്ട് കൈ കുത്തി വീണോണ്ട് പറഞ്ഞു: ‘‘അവൾടെ പേര് വഹീതേന്നാഡാ... പൊന്ന് മക്കളേ വേറെ പരിപാടിക്കൊന്നും പോയേക്കല്ല്. സംഗതി എയിഡ്സ് കേസാ...’’ ‘‘പ്രാൻസിച്ചനിതൊക്കെ എങ്ങനറിഞ്ഞു, അവര് പറഞ്ഞോ?’’ രതീഷ് ചാടി ചോദിച്ചു. ‘‘മേപരപ്പേന്നറിഞ്ഞു, ഇവൾടെ വീട് മലബാറിലെങ്ങാണ്ടാ... സംഗതി ഇതായപ്പം ഇങ്ങോട്ടിങ്ങ് പോന്നതാന്ന്...’’ അത് കേട്ടതോടെ ഞങ്ങടെ ഉത്സാഹം പിന്നേം കെട്ടു. ഉച്ചയ്ക്ക് കഞ്ഞി വെച്ചാരുന്നു. പന്നീം കിന്നീമൊന്നുമില്ല, വേണേൽ ഒണക്ക മീനും അച്ചാറും കൂട്ടി തിന്നണം. എനിക്ക് വെശപ്പ് കെട്ടു. തോണ്ടി ചാക്കും കെട്ടി ഞാൻ പറമ്പിലോട്ട് തന്നെ പോയി. അവരിപ്പോ വേറൊരു കൊടിച്ചോട് ചപ്പ് മാറ്റി വൃത്തിക്ക് തെളിച്ചിട്ടൊണ്ട്. വട്ടയില ചേർത്ത് കോട്ടി അതിനാത്ത് നിറച്ചും കാപ്പിപരിപ്പും പഴുത്ത് പൊഴിഞ്ഞ ഉണക്ക മുളകും പെറുക്കി കൂട്ടിയേക്കുന്നു. ഫ്രാൻസി ചേട്ടന്റെ ബന്ധത്തിലോ പരിചയത്തിലോ ഉള്ള അമേരിക്കക്കാരടെയാണ് ഈ സ്ഥലം. അവരിങ്ങോട്ട് തിരിഞ്ഞ് പോലും നോക്കത്തില്ല, ഇപ്പം മൊളകിനും കാപ്പിക്കുരൂനും വെലയൊള്ളോണ്ട് ഇതിയാൻ ഞങ്ങളേം കൊണ്ട് മല എറങ്ങീതാണ്. എനിക്കവരോടെന്തോ പാവം തോന്നി, ഇവരൊറ്റയ്ക്ക് വിചാരിച്ചാ എയിഡ്സ് രോഗം ഒണ്ടാകത്തില്ലല്ലോ. പറിച്ചോണ്ടിരുന്ന കൊടി വേഗന്ന് തീർത്തിട്ട് അവര് തെളിച്ചിട്ട കൊടിച്ചോട്ടിൽ കൊണ്ടുപോയി ഏണി ചാരി. അവരടെ മൊഖത്ത് ഒരസുഖത്തിന്റേം വാട്ടമില്ല, കുഞ്ഞൊരു കാരപ്പാട് പോലും. ‘‘ചേച്ചീടെ പേര് വഹീദാന്നാണല്ലേ...’’ ഞാൻ സ്വരമൊന്ന് മയപ്പെടുത്തി ചോദിച്ചു. ‘‘അതേല്ലോ...’’ അവര് ചിരിച്ചോണ്ടാണ് പറഞ്ഞത്. ഏതവനേം മയക്കുന്ന ചിരി. ‘‘വീടോ.. വീടെവിടാ ചേച്ചി..?’’
ചിത്രീകരണം: നാസർ ബഷീർ
അവര് നിവർന്ന് നിന്ന് എന്നെയൊന്ന് നോക്കി. ‘‘വീട് ഇവിടൊക്കെ തന്നെയാണ്...’’ ഞാനത് തലകുലുക്കി സമ്മതിച്ചു. ‘ദാരിദ്ര്യവാസീ ദാരിദ്ര്യവാസീ... പെണ്ണിനെ കണ്ടാ കൂട്ട് മറക്കും... കള്ളതിരുമാലീ..'ന്ന് ഒച്ചേ പാടിക്കൊണ്ടാണ് രതീഷും ജോമോനും വന്നത്. അതെന്നെ ഉദ്ദേശിച്ചാരുന്നു, ഞാൻ മാത്രവല്ല അവമ്മാരുമതേ. കെട്ട് പ്രായം കഴിഞ്ഞിട്ടും ഞങ്ങള് കൊറേയെണ്ണത്തിന് പെണ്ണില്ല. അവമ്മാരാണേൽ എടക്ക് കമ്പത്തും തേനീലും പോയി ആശ തീർക്കും. അതിനും ധൈര്യമില്ലാതെ എന്നെപ്പോലെ കുറച്ചെണ്ണമൊണ്ട്. ശരിക്കും ഭാഗ്യം കെട്ടോര്. വീട്ട്കാർക്ക് പോലും അധികപ്പറ്റായിട്ട്. എന്നാ പണീം ചെയ്യും ആരെങ്ങോട്ട് വിളിച്ചാലും പോകും എന്നാ കിട്ടിയാലും തിന്നുകേം കുടിക്കുകേം ചെയ്യും– അങ്ങനത്തെ ജന്മങ്ങള്. എന്നെക്കാട്ടിലും പെട്ടന്നവമ്മാര് വഹീദചേച്ചീമായിട്ട് അടുത്തു. തനി കാടൻമാരായ രണ്ടും പട്ടിക്കുഞ്ഞുങ്ങളെപ്പോലെ പതുങ്ങുന്നു. കാണാനൊള്ള ശേല് തന്നാരുന്നു അവരുടെ വർത്താനത്തിനും. കൂടിയോ കൊറഞ്ഞോ ഒരു വാക്കില്ല. വാചകമടിക്കാൻ മിടുക്കനായ രതീഷ് അവരടെ നാടും വീടും ചോദിച്ചു, വീട്ട്കാരെക്കുറിച്ച് ചോദിച്ചു. അവരൊന്നും വിട്ട് പറയാഞ്ഞപ്പം, സ്വന്തം ദുരന്തകഥ കൊടഞ്ഞിട്ടു. സ്നേഹിച്ച പെണ്ണ് കാശും മുതലുമൊള്ളോനെ തേടിപ്പോയ കഥ സങ്കടത്തോടെ പറഞ്ഞു. നല്ല ഈണമൊള്ള സ്വരത്തി, അതവരടെ ഉള്ളിൽ കൊണ്ടെന്ന് തോന്നി, ജോമോനാണെങ്കി ആറ് വയസ്സിൽ അമ്മച്ചി ചത്ത കഥ പറഞ്ഞു, അപ്പൻ മൂന്ന് കെട്ടിയത് പറഞ്ഞു. അതുമവരുടെ ഉള്ളിൽ തട്ടിയെന്ന് തോന്നി. രതീഷ് പെട്ടെന്ന് വേറൊരു കഥയെടുത്തിട്ടു. അതിലെ വില്ലൻ ഫ്രാൻസി ചേട്ടനാരുന്നു. നായിക ജോമോന്റെ മൂത്ത ചേച്ചി എൽസിയും. അതവർക്ക് കൂടുതല് പിടിച്ചെന്ന് തോന്നി. ജോമോനത് പുതിയ അറിവാരുന്നു. അവനങ്ങ് അയ്യടാന്നായി. രതീഷിന്റെ മറ്റേ കഥകള് കൊറേ ഒണ്ടേലും ഞങ്ങക്കത് പറയാനൊള്ള ഗ്യാപ്പ് കിട്ടിയില്ല. ഫ്രാൻസിയെ വെട്ടാനാരുന്നു അവന്റെ ഉദ്ദേശ്യം. അയാളെ കാണാൻ നല്ല യോഗ്യനാരുന്നു, ഒത്ത വണ്ണോം പൊക്കോം തന്റേടോം. ഏത് പെണ്ണും വീഴും. ‘‘പൊന്ന് ചേച്ചീ ഒള്ളത് പറയാവല്ലോ ഞങ്ങ ക്കൊരു ജീവിതവില്ല. തണ്ടും തടീം വരുമാനോമോണ്ടേലും കൂടെ ജീവിക്കാൻ ഒരുത്തീമില്ല...’’ രതീഷ് പറഞ്ഞ് പറഞ്ഞ് കരച്ചിലിന്റെ വക്കേലെത്തി. എനിക്കാണേൽ അപ്പനുമമ്മേം എല്ലാമൊണ്ട്, ജീവിക്കാനൊള്ള മാർഗോമൊണ്ട്. അതുകൊണ്ട് ഇവന്മാർക്കെടേൽ ഇടിച്ച് കേറീട്ട് കാര്യമില്ലെന്ന് തോന്നിയോണ്ട് പതുക്കെ വലിഞ്ഞു. അടുക്കളേൽ ചെന്ന് ഉപ്പിട്ട് കഞ്ഞോളം കുടിച്ചു. ഒരു പാത്രത്തിൽ അവർക്കൊള്ള കഞ്ഞീം അച്ചാറുമെടുത്തു. എന്റെ വീട്ടീന്ന് പൊതിഞ്ഞ് കെട്ടി കൊണ്ട് വന്ന ചമ്മന്തിപൊടീം എടുത്തു. മിണ്ടാതെ കൊണ്ടെ അവർക്ക് കൊടുത്തു. കുടിക്കാനും കൈ കഴുകാനുമൊള്ള വെള്ളോം. ജോമോനപ്പോ ഒടുക്കത്തെ അടവെന്നോണം കോടിയേന്നെറങ്ങി നെലത്ത് കുത്തിയിരുന്നു മോങ്ങുവാരുന്നു. ഞാനവർക്ക് പാത്രം നീട്ടിയപ്പോഴേക്കും അവൻ കരഞ്ഞു കലങ്ങിയൊരു നോട്ടം നോക്കി. ഞാൻ ഏണി എടുത്തോണ്ട് ദൂരേക്ക് പോയി. അവമ്മാരടെ കരച്ചിലും പിഴിച്ചിലും കേൾക്കാത്ത ദൂരത്തേക്ക്. അന്ന് വൈകിട്ട് വീടിന് പരിയമ്പ്രത്തൊള്ള ഓലിക്കരെ കുളിക്കുന്നേന്റെടേ ജോമോൻ ചോദിച്ചു: ‘‘എടാ എയിഡ്സ്കാരെ കളിച്ചാ അപ്പഴേ ഒടിഞ്ഞു വീണ് ചാകുവോ... ഇല്ലല്ലോ..?’’ എന്നോടാരുന്നു ചോദ്യം. കൂട്ടത്തി കൊറച്ച് വിവരമൊണ്ടെന്ന് അവന്മാര് കരുതുന്നതെനിക്കാണ്. അന്നേരെ പെടച്ച് ചാകുവെങ്കി ഈ ചേടത്തിയിപ്പം ചക്കക്കുരു പോലെ ജീവിക്കുവോന്നാണ് തോന്നിയേലും ഞാനത് മിണ്ടിയില്ല. ‘‘അങ്ങോട്ട് ചെന്നേച്ചാലും മതി ഒലിപ്പിച്ചോണ്ട്, അവര് ചൂലേ മുള്ളി അടിക്കും...’’ കഴുത്തേക്കൂടെ സോപ്പ് പതച്ചോണ്ട് രതീഷ് പറഞ്ഞു. ‘‘ഓ പിന്നേടീ നീയൊരു യോഗ്യൻ... കൊറച്ച് കാളരാഗമൊണ്ടെന്നല്ലാതെ കമലാസനാണല്ലോ നീയ്..?’’ അവമ്മാരടെ വർത്തമാനത്തിൽ നിന്നും, ഉള്ള് കുളിരുന്നൊരു കാര്യം കിട്ടി, പണി കഴിയുന്നവരെ അവരീ വീട്ടിക്കാണും, പാചകോം പെറുക്കുമൊക്കെയായിട്ട്. വഹീദ ചേച്ചി അടുക്കളേലോട്ട് കയറിയതും ഫ്രാൻസി ചേട്ടൻ ഒരു തോക്കെടുത്ത് തൊടച്ചോണ്ട് മുറ്റത്തെറങ്ങി, ബീടീം കടിച്ച് പിടിച്ച്. ഒരു പ്രത്യേക ലുക്കാരുന്നു അങ്ങേരെ കാണാൻ. കണ്ണിലൊരു തിളക്കത്തോടെ അവരും മിറ്റത്തെറങ്ങിവന്നു. "എവനേലും കൂടെ വരാവെങ്കി രാത്രി വെടിയെറച്ചി കൂട്ടി തിന്നാം' അതിയാൻ പറഞ്ഞിട്ടും അവന്മാര് വല്ല്യ ഉത്സാഹം കാണിച്ചില്ല, ഞാൻ മുന്നോട്ട് ചെന്നേലും, ഫ്രാൻസി ചേട്ടൻ അവന്മാരെയാണ് നോക്കിയത്. ‘‘രതീഷിനെന്നാഡാ മുട്ടുളുക്കിയിരിക്കുവാണോ..?’’ ഫ്രാൻസി ചേട്ടൻ പറമ്പിലെ വെള്ളിലാവിന് നേരെ തോക്ക് ചൂണ്ടി ചോദിച്ചു. ‘‘എനിക്കൊരു ഉളുക്കുമില്ല പ്രാൻസിച്ചാ... ഈ ജോമോനേം വിളിക്ക് ചമ്പൊന്നനങ്ങട്ടെ.’’ അങ്ങനെ ഞാനും വഹീദ ചേച്ചീം മാത്രമായി. എങ്ങനെ മിണ്ടി തുടങ്ങണമെന്ന് പിടിയില്ലാത്തോണ്ട് ഞാനൊന്നും മിണ്ടീം പറഞ്ഞുമില്ല. അവര് ഉള്ളീം സവാളേമൊക്കെ എടുത്ത് പൊളിച്ച് വെച്ചു. ഓലിക്കരേലൊരു തഴച്ച കരിയാപ്പ് നിക്കുന്നത് കണ്ടാരുന്നു, ഞാനതീന്ന് മൂന്നാല് കതിർപ്പൊടിച്ചോണ്ട് വന്നു. ചേച്ചിയപ്പോ നല്ല അഴകുള്ളൊരു ചിരി ചിരിച്ചു. ‘‘അതേയ്...’’ ഞാൻ തിരിഞ്ഞു നടന്നപ്പോഴവര് വിളിച്ചു. ‘‘ഈ രതീഷിന്റെ വീട്ടിൽ ആരൊക്കെയുണ്ട്..?’’ ഞാനവന്റെ കുടുംബ വിവരങ്ങൾ പറഞ്ഞുകൊടുത്തു. ‘‘നന്നായി പാടുമല്ലേ...എന്ത് ശബ്ദമാണ്...’’ എനിക്കെന്തോ ഒക്കാഴിക തോന്നി, അവന്റെ പാട്ടെല്ലാം ശരിക്കും കാളരാഗമാരുന്നു, പെണ്ണുങ്ങളെ വീഴിക്കാനൊള്ള അവിഞ്ഞ നമ്പറുകള്, പാടാനറീത്തില്ലെങ്കിലും വെല്ലിപ്പൻ വെച്ചിരുന്ന പഴേ റേഡിയോ പാട്ടുകളാരുന്നു എന്റെ മനസ്സിൽ. വയലാറും ദേവരാജനും ബാബുരാജുമൊക്കെ ഒണ്ടാക്കിയ പാട്ടുകള്. പിന്നെ പുത്തഞ്ചേരിയും വിദ്യാസാഗറും ഒണ്ടാക്കിയ പാട്ടുകള്. ജാനകീടേം യേശുദാസിന്റേം ജയചന്ദ്രന്റേം സ്വരത്തി അതൊക്കെ കടല് പോലെ കെടക്കുമ്പം ഇവന്റെ ഈ കലക്കവെള്ളം വല്ല്യ കഴിവായി കേട്ടാ എന്നാ പറയാനാ! ‘‘ജോമോനൊരു പ്രത്യേക ടൈപ്പാ അല്ലേ..?’’ രതീഷിന്റെ പാട്ടിനെക്കുറിച്ച് ഒന്നും പറയാത്തോണ്ടാണെന്ന് തോന്നുന്നു അവര് ജോമോനെക്കുറിച്ച് ചോദിച്ചു. ‘‘ജോമോൻ ചത്താലും കൂടെ നിക്കും.’’ വേറൊന്നുമാലോചിക്കാതെ ഞാൻ പറഞ്ഞു. അവരത് പ്രതീക്ഷിച്ചില്ലെന്ന് തോന്നി, പിന്നെന്തോ ആലോചനയോടെ പറഞ്ഞു: ‘‘അങ്ങനത്തോരെയൊക്കെ ഇന്നാർക്ക് വേണമല്ലേ..!’’ ഒള്ളത് പറഞ്ഞാ ഞങ്ങളെല്ലാം അങ്ങനത്തോരാരുന്നു, പക്ഷേ ആർക്കും വേണ്ട. ഇവരും അങ്ങനാരിക്കുവോ..! ‘‘ചേച്ചിക്ക് ഒറ്റക്കിരിക്കാൻ പേടിയൊണ്ടോ?’’ ഞാനവരോട് ചോദിച്ചു.
ചിത്രീകരണം: നാസർ ബഷീർ
അവര് കാര്യമറിയാതെന്നെ നോക്കി. ‘‘ഞാൻ മേ പരപ്പേ പോയി മസാലയൊക്കെ മേടിച്ചോണ്ട് വരാം. എന്തിനെയേലും കിട്ടിയാ കറി വെക്കണ്ടേ.’’ അവരെന്റെ കണ്ണിലേക്ക് തന്നെ നോക്കിനിന്നു, എന്തോ വിശ്വാസം വരാത്തപോലെ. പിന്നെ തലയാട്ടി പറഞ്ഞു: ‘‘ഇല്ല പോയിട്ട് വാ.’’ ഞാൻ പോകാനിറങ്ങിയിട്ട് തിരിഞ്ഞ് നിന്നു ചോദിച്ചു: ‘‘ചേച്ചിക്കെന്നതേലും വേണോ... കഴിക്കാനെന്നതേലും..?’’ നോക്കി നിക്കെ അവരടെ കണ്ണ് നെറഞ്ഞ് വന്നു, പിന്നെ വേണ്ടന്ന് തലയാട്ടി. മല കേറി നടക്കുമ്പം എന്റെ മനസ്സിൽ അവരാരുന്നു. എനിക്ക് എന്നെക്കുറിച്ചോർത്ത് ദേഷ്യോം സങ്കടോം തോന്നി, അവർക്കിഷ്ടപ്പെടാൻ പറ്റിയ ഒരാണാകാൻ പറ്റാത്തതിൽ. മേ പരപ്പേലെ കടേന്ന് കറി മസാല മേടിച്ചിട്ട് എന്നതേലും പലഹാരങ്ങളൊണ്ടോന്ന് നോക്കി, ഒന്നുമില്ല. പഴേ കടല മൊട്ടായി മാത്രം ഒരു ചില്ല് ഡെപ്പീൽ ഇരിപ്പൊണ്ട്. അതൊരു പത്തെണ്ണം പൊതിഞ്ഞ് മേടിച്ചോണ്ട് എറങ്ങി നടന്നു. അത് കൊടുക്കുമ്പം അവരടെ മുഖം അമ്പിളിപോലെ തെളിഞ്ഞുവന്നു. പെറ്റ തള്ളയ്ക്കോ പെങ്ങക്കൊ മേടിച്ച് കൊടുത്തിട്ടില്ല. കെട്ടി വരുന്ന പെണ്ണിന് കൊടുക്കണമെന്നാരുന്നു ആശ. അവരൊരെണ്ണം ഒടിച്ച് തിന്നിട്ട് "സൂപ്പറാണല്ലോ'ന്ന് പറഞ്ഞ് കൊറച്ചൊടിച്ച് എന്റെ വായി വെച്ച് തന്നു. ‘‘ഒന്ന് ചോദിച്ചാ സത്യം പറയുവോ..?’’ ‘‘പറയാം ചേച്ചി, എന്നതാ...’’ ‘‘എന്നെക്കുറിച്ച് നിങ്ങളന്വേഷിച്ചപ്പോ അറിഞ്ഞതെന്താണ്..?’’ എനിക്ക് പെട്ടെന്നൊന്നും പറയാൻ കിട്ടിയില്ല. ഒള്ളത് പറഞ്ഞാ കൊടുത്ത മധുരം കൈപ്പായാലോ... ‘‘എനിക്കെന്തേലും അസുഖമുള്ളതായിട്ടറിഞ്ഞോ...?’’ എന്നെ വെഷമിപ്പിക്കാതവര് തൊറന്നങ്ങ് ചോദിച്ചു. ‘‘അതേ ചേച്ചി...’’ ഞാനവരടെ മുഖത്ത് നോക്കാതെ സമ്മതിച്ചു. അവരെന്റെ തൊട്ടടുത്ത് വന്നു. പൗഡറിന്റെയോ സെന്റിന്റെയോ അല്ലാത്തൊരു മണം. ‘‘ഞാനൊരു കാര്യം പറഞ്ഞാ ആരോടും പറയയില്ലാന്ന് സത്യം ചെയ്യ്...’’ ‘‘ഇല്ല ചേച്ചീ ആരോടും പറയത്തില്ല...’’ അവരെന്റെ കയ്യെടുത്ത് തലയിൽ വെച്ചു. ഞാനങ്ങ് ഞെട്ടിപ്പോയി. ആദ്യമായിട്ടാണൊരു പെണ്ണിങ്ങനെ... ‘‘അത്... എനിക്കങ്ങനൊരു അസുഖോമില്ല. ഇതാരോടും പറയത്തില്ലെന്ന് സത്യം ചെയ്യണം.’’ ‘‘സത്യമായിട്ടും പറയത്തില്ല.’’ തലേ കയ്യമർത്തി ഞാൻ പറഞ്ഞു.
**************** **************** ****************
പാതിരാത്രി ആയപ്പഴാണ് വെടിക്ക് പോയോര് വന്ന് കേറീത്, ചോരേൽ കുളിച്ച്. എന്തോ ഒരു സാധനത്തിനെ സഞ്ചീലിട്ട് ജോമോൻ തോളെ തൂക്കിയിരുന്നു. കൂവലും കാറലും കേട്ടാണ് ഞങ്ങൾ ഓടിയെറങ്ങി ചെന്നത്. ജോമോൻ സഞ്ചി വിട്ട് ഫ്രാൻസിചേട്ടനെ തോളിലെടുത്ത് പൊക്കിക്കോണ്ട് ആർപ്പ് വിളിച്ചു. സഞ്ചിക്കാത്തെന്നതാന്നറിയാൻ ഞങ്ങക്ക് വെമ്പലായി. അതൊരു കേഴയാരുന്നു, തലയില്ലാത്തൊരെണ്ണം. പെരിങ്ങലത്തെലേൽ പൊതിഞ്ഞുകൊണ്ട് വന്ന തല ജോമോൻ രഹസ്യമായെന്നെ കാണിച്ചു. കുഞ്ഞുപിള്ളേരെക്കാളും ഓമനത്തമൊള്ളൊരു മുഖം കണ്ണടച്ചൊറങ്ങുന്നു. ‘‘എടാ നമ്മള് വെള്ളമെറക്കീട്ടൊന്നും കാര്യമില്ല...’’ അവൻ രഹസ്യമായിട്ട് തന്നെ എന്നോട് പറഞ്ഞു: ‘‘അതിയാനവരോട് മുടിഞ്ഞ പ്രേമവാ. അവര് കണ്ടാ വെഷമിക്കുവെന്ന് പറഞ്ഞാ ഈ തല വെട്ടി മാറ്റീത്...’’ എനിക്കത് കേട്ട് വെഷമം തോന്നി. ഒള്ളവന് പിന്നേം പിന്നേം കിട്ടും, പെണ്ണായാലും കാശായാലും. ‘‘പ്രാൻസി മുറ്റ് ടീമാടാ, മൂന്നാല് കിലോമീറ്ററ് നടന്നിട്ടും ഓരോന്തിനെ പോലും കണ്ടില്ല. ഒടുവിലാണ് ഇതിനെ കണ്ടത്. ഒരു മിന്നായം പോലെ ഒറ്റ വെടി! ഡിം...’’ ജോമോൻ ആവേശത്തോടെ പറഞ്ഞു. വഹീദ ചേച്ചി ഒരു പഴത്തൊലി മാറ്റുന്നപോലെ കേഴേടെ തോലുരിഞ്ഞു, നല്ല അലുവാപീസ് പോലെ എറച്ചി മുറിച്ചെടുത്തു. ഒന്നോ രണ്ടോ മസാലക്കൂട്ടും ശകലം പച്ച വെളിച്ചെണ്ണേം ഉപ്പും പെരട്ടി നല്ല കനലേൽ ചുട്ടെടുത്തു. എറച്ചി ആദ്യം രുചിച്ചത് ഫ്രാൻസി ചേട്ടനാരുന്നു. "ഹൊയ്യോ..പുകഴ്ത്തി പറയുവാണെന്ന് വിചാരിക്കല്ല് പെങ്കൊച്ചേ..' സൊയമ്പൻ എന്നാഗ്യം കാണിച്ച് എറച്ചീടെ രുചിയിൽ മുഴുകിയങ്ങനിരുന്നു. ഞങ്ങളും ചൂട് വകവെക്കാതെ ഓരോ പീസെടുത്ത് തിന്നു. അയാള് ചുമ്മാ പൊക്കിയടിച്ചതാരുന്നില്ല, ജീവിതത്തിൽ അന്നോളം തിന്നതിൽ ഏറ്റോം രുചിയൊള്ള എറച്ചി... കേഴെ തന്നെ കൊണ്ട് വരുമെന്ന് ഇവരെങ്ങനെ അറിഞ്ഞെന്നെനിക്ക് പിടികിട്ടിയില്ല. കാട്ടിലതിനെ വെടിവെച്ചിടുന്നേനു മുന്നേ അവരതിനൊള്ള മസാലേം കനലും റെഡിയാക്കി വെച്ചു. ഈ പരിസരത്തൊള്ള ഓരോ കായും പൂവും ഇലയും പോലും മനക്കണ്ണി കാണുന്ന പോലെ. ‘‘ചേച്ചിയെന്നാ കഴിക്കാത്തെ..?’’ ഒരേ കാര്യമാലോചിച്ചോണ്ടിരുന്ന പോലെ മൂന്ന് പേരും ഒരുപോലെ ചോദിച്ചു, അവര് ചിരിമായാതെ വേണ്ടെന്ന് തലയാട്ടി. "ഹാ തിന്ന് ചേച്ചീ'ന്ന് പറഞ്ഞ് ഒരു പീസുമായിട്ട് ജോമോൻ ചെന്നപ്പഴേക്കും ഫ്രാൻസി ചേട്ടൻ അവനെ ഒച്ചയെടുത്ത് വിളിച്ചു. ‘‘വേണ്ട്രാ അവര് തിന്നത്തില്ല...’’ അവരാ ഗ്യാപ്പിലൊരു കടല മൊട്ടായി എന്നെ പൊക്കി കാണിച്ച് അടക്കത്തിൽ വായിലിട്ടു.
**************** **************** ****************
പിറ്റേ ദിവസി മൊതല് ഫ്രാൻസി ചേട്ടനും മൊളക് പറിക്കാനെറങ്ങി. അങ്ങേരടെ എളേപെങ്കൊച്ചിന് കാല് വയ്യാത്തതാരുന്നു, പുള്ളിക്കതിനെ ജീവനാണ്, ഒറ്റ ദിവസംപോലും വിട്ട് നിക്കത്തില്ല. ഞങ്ങളെ കൊണ്ടാക്കീട്ട് കളം വിടുമെന്ന് പറഞ്ഞാണ് വന്നത്. ഇതിപ്പം ഇതിയാനൂടെ കൂടിയാ പണി പെട്ടെന്ന് തീരും, വഹീദ ചേച്ചി കൂടെയൊണ്ടെങ്കി മൊളക് പറി ഒരിക്കലും തീരരുതേന്നാരുന്നു ഞങ്ങടെ പ്രാർഥന. അവര് വെള്ളം കുടിക്കാനോ കഞ്ഞീടെ തീ നോക്കാനോ പോയപ്പം അയാളും പൊറകെ വിട്ടു. ഒട്ടും മടി വിചാരിക്കാതെ ജോമോനും രതീഷും ഏണിയേന്നെറങ്ങി "ഇരു മുടി താങ്കി ഒരു മനതാകി...'എന്ന് നീട്ടി പാടിക്കൊണ്ട് അതേ വഴിക്ക് തന്നെ പോയി. അവന്റെ പാട്ടിനോട് എനിക്ക് ജീവിതത്തിലാദ്യമായിട്ട് ഇഷ്ടം തോന്നി. യേശുദാസും ജയചന്ദ്രനുമൊന്നും കര്യത്തിനുപകരിക്കത്തില്ല. അടുത്ത വെടിക്കുള്ള ഊഴമെത്തിയപ്പം ഫ്രാൻസി ചേട്ടൻ തോക്ക് നെറച്ചോണ്ട് പറഞ്ഞു, ‘‘ഇന്ന് വേണേ നീ മൂന്നൂടെ പോണം ഞാൻ റസ്റ്റ്...’’ അത് പറഞ്ഞയാള് തോക്കും വെടി സഞ്ചീം ജോമോന്റെ തോളേ കൊണ്ടെ തൂക്കി. അവനത് നേരെ ചൊവ്വേ പിടിക്കാൻ പോലുമറീത്തില്ലാരുന്നു. ഒന്നുമറിയാത്ത ഭാവത്തിലതിയാൻ റേഞ്ചില്ലാത്ത ഫോണെടുത്ത് തോണ്ടിക്കൊണ്ടിരുന്നു. പോകാനിറങ്ങുന്നേന് മുന്നേ രതീഷെന്നെ പിടിച്ച് തിരിച്ച് തള്ളിക്കൊണ്ട് പറഞ്ഞു: ‘‘മൂന്ന് പേര് പോയാ മൂഞ്ചിപ്പോകൂന്നാ. ഇവിടിപ്പം മൂന്നായാലും കൊഴപ്പവില്ല.’’ അത് പറഞ്ഞവൻ ഹൈ വോളിയത്തിൽ ഒരു പാട്ടെടുത്ത് അലക്കിക്കൊണ്ട് കളം കാലിയാക്കി, ഏറ്റ് പിടിച്ചോണ്ട് ജോമോൻ പിന്നാലെയും. അങ്ങേര് കക്കൂസേ കേറിയ ഗ്യാപ്പിൽ വഹീദ ചേച്ചി എന്റടുത്ത് വന്ന് വളരെ കാര്യമായിട്ട് ചോദിച്ചു: ‘‘ഈ ഫ്രാൻസി ചേട്ടനെങ്ങനത്തെ ആളാണ് ചതിക്കുവോ..?’’ എനിക്കെന്തോ വല്ലായ്ക തോന്നി. ഞാൻ കരുതുന്ന പരിശുദ്ധിയൊന്നും ഇവർക്കില്ലല്ലോന്ന് ഓർത്തിട്ട്. ‘‘നല്ല കുടുംബസ്നേഹോം ദൈവഭയോം ഒള്ള ആളാണ്. പക്ഷേ നല്ല പെണ്ണുങ്ങളെ കാണുമ്പോ കുടുംബസ്നേഹം മറക്കും...’’ ഒട്ടും രസിക്കാത്ത മട്ടിലാണ് ഞാൻ പറഞ്ഞത്. അവരെന്റെ മുഖത്തോട്ട് തന്നെ സൂക്ഷിച്ച് നോക്കി. ‘‘നല്ല പെണ്ണുങ്ങളെ കണ്ടാൽ കുടുംബസ്നേഹമോർത്ത് മാറിപ്പോകുന്ന എത്ര ആണുങ്ങളൊണ്ട്...?’’ഗൗരവത്തിലാരുന്നു ചോദ്യം. എനിക്കുത്തരം മുട്ടിപ്പോയി. പെട്ടന്ന് വെടിക്ക് പോയൊമ്മാരടെ പാട്ട് കേട്ടു, ഇത്രവേഗം സാധനത്തിനെ കിട്ടിയോന്നോർത്തോണ്ട് ഞങ്ങള് മിറ്റത്തോട്ട് ഓടിയെറങ്ങിച്ചെന്നു. സഞ്ചിക്കാത്ത് കനത്തിലേതാണ്ട് ഒണ്ട് താനും. വഹീദ ചേച്ചി മസാല കൂട്ടൊന്നും ഒണ്ടാക്കീട്ടില്ല. ഞങ്ങടെ പകച്ചൊള്ള നിപ്പ് കണ്ട്, ജോമോനാ രഹസ്യം കൊടഞ്ഞ് നെലത്തിട്ടു, മുഴുത്തൊരു ചക്ക. ‘‘വെടിവെച്ചിട്ട് കിട്ടിയില്ല. പിന്നെ തോക്കിന്റെ പാത്തിക്കടിച്ചിട്ടു.’’ *അണപ്പ് മാറാതവൻ പറഞ്ഞു. കൈകൊണ്ട് പൊത്താൻ നോക്കിയേലും ചേച്ചീടെ ചിരിയൽപ്പം കവിഞ്ഞ് പോയി, ഞാനും ചിരിച്ചു. കടിച്ചതുമില്ല പിടിച്ചതുമില്ലെന്ന മട്ടിൽ ഫ്രാൻസി ചേട്ടൻ ഒന്നിളിച്ചു. ** പരമാവധി വലിച്ച് പിടിച്ചിട്ടും മൊളക് പറി തീരാറായി, ഒരു ദിവസം സന്ധ്യക്ക് ഫ്രാൻസി ചേട്ടൻ ഒട്ടും സുഖമില്ലാതെ പറഞ്ഞു. ‘‘കൂടും കുടുക്കേമൊക്കെ പെറുക്കി കെട്ടിക്കോ, നാളെ വെളുപ്പിന് കളം വിടണം...’’ ഞങ്ങളത് ഇടിത്തീ പോലാണ് കേട്ടത്. ‘‘അപ്പം ബാക്കി പറിക്കണ്ടേ പ്രാൻസിച്ചാ..?’’ ജോമോൻ നിരാശപ്പെട്ട് ചോദിച്ചു. ‘‘ങ്ങാ, ഇത്രേം പറി മതി.’’ ഒരു ദാഷിണ്യോമില്ലാതയാള് പറഞ്ഞു. ഞങ്ങക്ക് വേറൊന്നും പറയാനില്ലാരുന്നു. ഒണങ്ങിയ മൊളക് മുഴുവനും മേപ്പരപ്പേലോട്ട് ചൊമന്ന് കേറ്റി. വെയർത്ത് കുളിച്ചേലും ഒരു നട ഇരുന്നില്ല, ജീവിതം മുഴുവനും നടന്ന് തീരുന്നപോലൊരു സങ്കടമാരുന്നു. ഫ്രാൻസി ചേട്ടൻ ഒഴിച്ച് തന്ന മിലിട്ടറി സാധനം ആരും തൊട്ടേയില്ല. ചോറ് മാത്രം വാരി തിന്നെന്ന് വരുത്തിയേച്ച് കേറി കെടന്നു. നേരം വെളുക്കുമ്പം വഹീദ ചേച്ചിയെ കാണത്തില്ലെന്നൊരു തോന്നലെനിക്കൊണ്ടായി. ഇനി ഒരിക്കലും കാണത്തില്ല. മൂന്ന് പേരും ഒറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കെടന്നു. അവരടെ മുറി വാതിക്കൽ ഒന്ന് തട്ടിയാലോന്നാലോചിച്ചു, പ്രാൻസി ചേട്ടനോട് നാളെ ഒരു ദിവസംകൂടെ ചോദിച്ചാലോന്നും ഓർത്തു. പക്ഷേ ധൈര്യം വന്നില്ല. വെളുക്കുന്നേന് മുന്നേ തന്നെ അയാള് ഞങ്ങളെ തട്ടി എഴുന്നേൽപ്പിച്ചു. കക്കൂസേലും പോയി കയ്യും മൊകോം കഴുകീട്ട് വന്നപ്പഴേക്കും വഹീദച്ചേച്ചി കട്ടൻ കാപ്പീമായിട്ട് നിക്കുന്നു, ഞങ്ങടെ ശാസം നേരെ വീണത് അപ്പഴാണ്. "ഒന്ന് വേഗന്നാട്രാ'ന്ന് അയാള് കയറ് പൊട്ടിക്കാൻ തൊടങ്ങിയേലും ഞങ്ങള് സാ മട്ടിലാണ് തുണി മാറി ഒരുങ്ങീത്. എന്നാണ്ടൊക്കെ മറന്ന പോലെ മൂന്ന് പേരും പെരക്കാത്ത് കേറിയെറങ്ങി. വഹീദ ചേച്ചി കുളിച്ചൊരുങ്ങീമില്ല, തുണീം മാറിയില്ല. വേറേതോ ലോകം തൂക്കുന്നപോലെ ചൂലെടുത്ത് തറേലോടിച്ചു, സാ മട്ടി തന്നെ. യാത്രയൊന്നും പറയാൻ നിക്കാതെ ഫ്രാൻസി ചേട്ടൻ എറങ്ങി, പൊറകെ ജോമോനും രതീഷും... മുറ്റം വിട്ട് എടവഴി ആയതും എന്നെ കാണാതവര് തിരിഞ്ഞ് നിന്നു. ‘‘ഞാനില്ല...’’ പെട്ടന്നൊരു ധൈര്യത്തി ഞാൻ വിളിച്ച് പറഞ്ഞു. അത് കേക്കണ്ട താമസം ജോമോനും തിരിച്ചോടി വന്നു. ‘‘മൂന്ന് പേരായാ മൂഞ്ചും’’ എന്ന് പറഞ്ഞ് രതീഷും വന്നു. ഒടുക്കം ഫ്രാൻസി ചേട്ടനും വരാന്തെ വന്ന് കുത്തിയിരുന്ന് ശോകത്തോടെ അയാള് പറഞ്ഞു: ‘‘എന്റെ കൊച്ചിന് മേലടാ... ഞാൻ സൊപ്നം കണ്ടു.. പോകാതെ പറ്റത്തില്ല...’’ ജോമോനും രതീഷിനും പോയേക്കാം എന്ന് അര മനസ്സ് വന്നെങ്കിലും, അത് നോക്കാതെ അയാളെറങ്ങി നടന്നു.
****** ****** ******
അവന്മാര് പറമ്പിലോട്ടെറങ്ങിയ നേരം നോക്കി ഞാൻ വഹീദ ചേച്ചീടെ മുറീ കേറി. കട്ടിലേ ഇരിക്കുവാരുന്ന അവര് അതിശയത്തോടെ എഴുന്നേറ്റു. ‘‘ചേച്ചി എനിക്കൊരു സത്യം ചെയ്ത് തരണം..?’’ ‘‘എന്ത് സത്യം...?’’ ‘‘ആ അസുഖമില്ലെന്ന് ഇനി ആരോടും പറയത്തില്ലെന്ന്...’’ പെട്ടന്നവര് വന്നെന്റെ ചുണ്ടത്ത് അമർത്തി ഉമ്മവെച്ചു. പുറത്തപ്പോൾ "ഭഗവാനേ... പകവതിയേ..'ന്ന് ഭക്തിഗാനത്തിന്റെ നീട്ടല് കേട്ടു. തിരിഞ്ഞോടാനൊരുങ്ങിയ എന്റെ തലമുടിയിലവര് കുത്തി പിടിച്ചു, പിന്നെ സത്യം ചെയ്യും പോലെ പറഞ്ഞു: ‘‘യാ അല്ലാഹ്, ഇഗ്ഫിർ ലീ, വ ലി ഹാദാ...’’.
* അണപ്പ് -‐ കിതപ്പ് *യാ അല്ലാഹ് ഇഗ് ഫിർ ലീ, വ ലി ഹാദാ ‐ അല്ലാഹുവെ, എന്നോട് ക്ഷമിക്കൂ, ഇവനോടും!








0 comments