ad
Deshabhimani

കഥ

തുന്നിക്കെട്ടാത്ത പുസ്‌തകങ്ങൾ

ചിത്രീകരണം: സുനിൽ അശോകപുരം
avatar
എൻ രാജൻ

Published on Jul 18, 2026, 01:40 PM | 14 min read


പ്ലാറ്റ്‌ഫോമിൽ പതിവില്ലാത്ത തിരക്കുണ്ട്‌. അവധിക്കാലത്തിന്റെ അടയാളമാണ്‌. സ്‌ത്രീകളും കുട്ടികളുമാണ്‌ ഏറെ. ആ കലപിലയ്‌ക്കിടയിൽ ഏഴെ ഇരുപതിന്റെ കണ്ണൂർ ഇന്റർസിറ്റി പത്തു മിനിറ്റ്‌ ലേറ്റെന്ന അറിയിപ്പ്‌ കേട്ടു. മുഷിഞ്ഞ കാത്തിരിപ്പല്ലാതെ മറ്റൊന്നും ചെയ്യാനില്ല. എവിടെയെങ്കിലും ഒന്നിരിക്കാനുള്ള വകയുണ്ടോയെന്ന്‌ സുകുമാരൻ പരതി.

ഇനിയുള്ള ഒന്നരമാസം യാത്ര ദുഷ്‌കരമാവും. സീസൺ ടിക്കറ്റാണെങ്കിലും റിസർവേഷൻ കോച്ചിൽ കൗശലപൂർവം ഒപ്പിക്കാറുള്ള ഇരിപ്പിടം മറക്കേണ്ടിവരും. ടിടിമാരുടെ ഓർക്കാപ്പുറമുള്ള പരിശോധന വാൾത്തലപോലെ സദാ പ്രതീക്ഷിക്കണം.

ജനറൽ കമ്പാർട്‌മെന്റിലെ യാത്രക്കാരുടെ അതിപ്രസരമോർത്തപ്പോൾതന്നെ സുകുമാരന്‌ വീർപ്പുമുട്ടുന്നതായി തോന്നി. നെല്ല് പുഴുങ്ങാറുള്ള വട്ടയത്തിൽ കുടുങ്ങിയ പോലെ, നിലം തൊടാതെ ചാഞ്ഞും ചെരിഞ്ഞും വണ്ടിയുടെ ഗതിവേഗത്തിനൊപ്പം ആളുകൾ മുട്ടിയുരുമ്മുമ്പോൾ വിയർപ്പും ഉഛ്വാസവായുവും നാറും. സ്വയംശീലിച്ച മെയ്‌വഴക്കത്തിൽ അഭ്യാസപ്രകടനമായി മാറും കുറച്ചുകാലം ഇനി യാത്ര. ജീവിതത്തിന്റെ അർഥമില്ലായ്‌മയേയും നിസ്സാരതയേയുംപറ്റി ആലോചിക്കാവുന്ന നേരമാണ്‌.

എന്താണിത്ര കഠിനമായ ആലോചന?

ചന്ദ്രബാബുവാണ്‌.

പരിചിതമുഖം കണ്ടതിന്റെ ആശ്വാസത്തിൽ സുകുമാരൻ ചിരിച്ചു.

ഒന്നൂല്യാപ്പാ. ഈ വെക്കേഷനൊന്നു കഴിഞ്ഞുകിട്ടേണ്ട കാര്യമോർത്തതാ. വാഗൺ ട്രാജഡിയൊക്കെ എത്ര ഭേദായിരിക്കും.

ഓ, അപ്പോ ദുരന്തബോധാണോ ചിരിപ്പിക്കണത്‌. നിങ്ങളങ്ങനെ സാഹിത്യൊന്നും വായിക്കണ കൂട്ടത്തിലല്ലല്ലോ കുമാരേട്ടാ.

ഇതിനിപ്പോ വായിച്ചറിവൊന്നും ആവശ്യല്യാ ചന്ദ്രാ, ഇക്കണ്ട കാലം ജീവിച്ചത്‌ ധാരാളം.

കുറച്ചു നാളത്തെ പരിചയംകൊണ്ട്‌ ഏറെ കാലത്തെ അടുപ്പം തോന്നിച്ചവരാണ്‌ സുകുമാരനും ചന്ദ്രബാബുവും. സുകുമാരൻ കുമാരനും ചന്ദ്രബാബു ചന്ദ്രനുമാണ്‌ അവർക്ക്‌. പേരിന്റെ നീളം കുറയുമ്പോൾ അടുപ്പം കൂടുന്നതായി തോന്നിയിരിക്കും.

ചന്ദ്രബാബുവിനെന്തോ സുകുമാരന്റെ വർത്തമാനം രുചിച്ചു. തന്റെ തോൾബാഗും ചുമൽസഞ്ചിയും നിലത്തുവെച്ച്‌ അയാൾ പറഞ്ഞു.

ഇങ്ങനെ വേണം കുമാരേട്ടാ, രാവിലെതന്നെ കണ്ടപാടെ നെഗറ്റീവടിക്കാതെ കൊറച്ച്‌ തമാശ കലർത്തി ഏത്‌ പ്രയാസത്തിലും ത്തിരി പ്രകാശണ്ടാക്കണം.

താനെന്താ ഇന്ന്‌ പപ്പേട്ടന്റെ പുസ്‌തകം വിൽക്കണുണ്ടോ?

അപ്രതീക്ഷിത ചോദ്യം ചന്ദ്രബാബുവിലെ പുസ്‌തക വിൽപ്പനക്കാരനെ ഉണർത്തി. പുസ്‌തകങ്ങളെപ്പറ്റി സാധാരണ ഒന്നും പറയാറില്ല സുകുമാരൻ. താനൊരു വായനക്കാരനോ പുസ്‌തകപ്രേമിയോ അല്ലെന്നാണ്‌ ന്യായം. സാഹിത്യം അത്ര അത്യാവശ്യമുള്ള കാര്യമായി തോന്നിയിട്ടില്ല ഇതുവരെ. ചരിത്ര, ശാസ്‌ത്ര പുസ്‌തകങ്ങളായാലും പഥ്യമില്ല.

ചിത്രീകരണം: സുനിൽ അശോകപുരംചിത്രീകരണം: സുനിൽ അശോകപുരം

പഠിക്കുന്ന കാലം തൊട്ടേ ടെക്‌സ്‌റ്റ്‌ബുക്കും ഗൈഡുമല്ലാതെ മറ്റൊന്നും വായിച്ചിട്ടില്ല. വീട്ടിൽ പത്രം വരുത്തിയിരുന്നതുകൊണ്ട്‌ അതെങ്കിലും വായിക്കണമെന്ന്‌ അച്ഛന്റെ നിർബന്ധമായിരുന്നു. ചില ദിവസങ്ങളിൽ അന്നത്തെ വാർത്തയെ ചുറ്റിപ്പറ്റി ചോദ്യങ്ങളുണ്ടാവും. സ്‌പോർട്‌സും കറന്റ്‌ പൊളിറ്റിക്‌സുമായിരുന്നു അച്ഛന്റെ ഇഷ്ടങ്ങൾ. ലോകനേതാക്കളുടെ സന്ദർശനങ്ങളെപ്പറ്റിയും ചോദ്യം പ്രതീക്ഷിക്കണം. അവർ വന്നുപോയ വർഷം, ദിവസം, ഒപ്പുവെച്ച കരാറുകൾ. ഉത്തരം കിട്ടിയില്ലെങ്കിൽ ഇംപോസിഷൻ. അതായിരുന്നു ശിക്ഷ. ബ്രഷ്‌നേവ്‌‐ഇന്ദിരാഗാന്ധി കൂടിക്കാഴ്‌ച ഒരു പാരഗ്രാഫിൽ ചുരുക്കി എഴുതാൻ പരിശീലിച്ചിരുന്നു.

വക്കീൽ ഗുമസ്‌തനായിരുന്ന അച്ഛന്‌ മകനൊരു സർക്കാർ ഉദ്യോഗസ്ഥനായി കാണണമെന്നുണ്ടായിരുന്നു.

അതുകൊണ്ടൊരു ഗുണമുണ്ടായി, ഡിഗ്രി പരീക്ഷക്കു മുന്നേ പിഎസ്‌സി പാസായി സുകുമാരൻ ജോലിക്കാരനായി. പക്ഷേ, അതിനു മുമ്പേ അച്ഛൻ മരിച്ചിരുന്നു.

പിന്നീട്‌ വായിച്ചതെല്ലാം ഡിപ്പാർട്‌മെന്റ്‌ ടെസ്‌റ്റിനുള്ള പുസ്‌തകങ്ങൾ. ഉച്ചയൂണ്‌ കഴിഞ്ഞുള്ള അലസ വിനോദമായി വല്ലപ്പോഴും യൂണിയൻകാരുടെ മാസിക മറിച്ചുനോക്കുമായിരുന്നു.

സത്യത്തിൽ ഏതൊക്കെ പുസ്‌തകം ഈ ബാഗിലുണ്ടെന്ന്‌ ആളുകളുടെ അടുത്തേക്ക്‌ വിൽക്കാൻ ചെല്ലുമ്പോഴാണ്‌ ഞാൻപോലും നോക്കാറ്‌-.

ചന്ദ്രബാബു പറഞ്ഞു.

അതൊരു നല്ല വിൽപ്പനക്കാരന്റെ ലക്ഷണമല്ല, സുകുമാരൻ തിരുത്തി.

വിൽപ്പനയുടെ മനഃശാസ്‌ത്രത്തെപ്പറ്റി എത്രയോ പുസ്‌തകങ്ങളുണ്ട്‌. ചുരുങ്ങിയപക്ഷം അതെങ്കിലും മറിച്ചുനോക്കണമായിരുന്നു ഈ പണിക്കിറങ്ങുമ്പോൾ.

പറയുന്നത്‌ കുമാരേട്ടൻ തന്നെയോ എന്ന സംശയത്തിൽ ചന്ദ്രബാബു മിഴിച്ചുനിന്നു. എവിടുന്നുണ്ടായി ഈ ജ്ഞാനോദയം?

ചന്ദനം ചാരിയാൽ ചന്ദനം മണക്കുമെന്നല്ലേ പ്രമാണം. ഇപ്പോ ചന്ദ്രനാണെന്റ ചന്ദനം. താൻ കൊണ്ടുവരുന്നതും എളുപ്പം വിൽക്കുന്നതും തീരെ വിൽപ്പന നടക്കാതെ തിരിച്ചുകൊണ്ടുപോവുന്നതുമായ പുസ്‌തകങ്ങളുടെ ഒരേകദേശ ധാരണ എനിക്കുണ്ട്‌.

സമ്മതിച്ചു, സുകുമാരന്റെ പുറത്തു തട്ടി ചന്ദ്രബാബു പറഞ്ഞു.

ഒരക്ഷരം വായിക്കാതെ പുസ്‌തകങ്ങളുടെ ജാതകക്കുറിപ്പെഴുതുന്ന ജ്യോതിഷി.

സുകുമാരന്റെ ശ്രദ്ധ, ഇന്റർസിറ്റി വീണ്ടും പത്ത്‌ മിനിറ്റുകൂടി വൈകുന്നതിൽ യാത്രക്കാരോട്‌ ക്ഷമ ചോദിച്ചുള്ള അറിയിപ്പിലായിരുന്നു.

ഇതും വെക്കേഷന്റെ ശിക്ഷയാണ്‌.

ചന്ദ്രബാബു പറഞ്ഞു. ഓരോ സ്‌റ്റേഷനിലും ആളുകളുടെ തള്ളിക്കേറ്റമായിരിക്കും.

കുമാരേട്ടനിനി എത്ര കൊല്ലംണ്ട്‌ സർവീസ്‌.

കഷ്ടി ഒന്നര കാണും.

ഓ, അത്രയും സഹിച്ചാൽ മതിയല്ലോ. അല്ലെങ്കിൽ വിആർഎസോ ലോങ്‌ലീവോ എടുത്ത്‌ മിണ്ടാതിരുന്നൂടെ?

സുകുമാരൻ അതിന്‌ മറുപടി പറഞ്ഞില്ല. വ്യക്തിപരമായ കാര്യങ്ങൾ കൂടുതൽ പങ്കുവെക്കാൻ അയാൾ തൽപ്പരനായിരുന്നില്ല. അതിർവരമ്പിടാതെ ആരോടും ഇടപഴകാറുമില്ല.

ചിത്രീകരണം: സുനിൽ അശോകപുരംചിത്രീകരണം: സുനിൽ അശോകപുരം

ഓഫീസിലും കുടുംബവൃത്തങ്ങളിലും അതിനാൽ ചെല്ലപ്പേരുണ്ട്‌, ‘മൊരട്ടനാട്‌.’ ചിലരെങ്കിലും അങ്ങനെ സ്വകാര്യമായി വിളിക്കാറുള്ളത്‌ സുകുമാരനറിയാം.

സത്യത്തിൽ വിരമിക്കാൻ തയ്യാറെടുക്കേണ്ട പ്രായത്തിൽ സീനിയർ സൂപ്രണ്ടെന്ന മട്ടിലൊരു പ്രൊമോഷൻ വാങ്ങി ഈ നെട്ടോട്ടം വേണ്ടിയിരുന്നില്ലെന്ന്‌ തോന്നാതെയല്ല. ശമ്പളത്തിൽ കാര്യമായ മാറ്റമില്ലെങ്കിലും ആനുകൂല്യത്തിൽ വരുന്ന വ്യത്യാസമാണ്‌ സുകുമാരനെ നയിച്ചത്‌. അടുത്ത വർഷം പത്താം ക്ലാസുകാരാവുന്ന ഇരട്ടകളെക്കുറിച്ചുള്ള ആധിയും. തൈക്കിളവിയായി തിരുവാതിര കളിക്കേണ്ട പ്രായത്തിൽ കടിഞ്ഞൂൽ പെറുന്നതിനേക്കാൾ കടുത്ത ജീവപര്യന്തമില്ലെന്ന്‌ ഭാര്യ അയാളെ കുറ്റപ്പെടുത്താത്ത ദിവസമില്ല.

ഏതോ സ്‌പെഷൽ ട്രയിൻ അതിനിടെ വന്നുപോയി. അതിന്റെ കോലാഹലം കഴിഞ്ഞപ്പോൾ പ്ലാറ്റ്‌ഫോമിലെ തിരക്ക്‌ അൽപ്പം ഒഴിവായി.

ഇവനെ കടത്തി വിടാനാണ്‌ നമ്മുടെ വണ്ടി പിടിച്ചിടുന്നത്‌.

ചന്ദ്രബാബുവിന്റെ ബാഗിൽ പുറത്തേക്കുന്തി നിൽക്കുന്ന പുസ്‌തകങ്ങൾ ശ്രദ്ധിക്കുകയായിരുന്നു സുകുമാരൻ. സിബ്ബിടാൻ പറ്റാത്തവിധം വാരിവലിച്ച്‌ പുസ്‌തകങ്ങൾ കുത്തിനിറച്ചിരിക്കുന്നു. തള്ളിക്കേറി തലനീട്ടുന്ന പുറംചട്ടകളിൽ ഗാന്ധിയും ഇ എം എസും നിഷ്‌കളങ്കരായി ചിരിക്കുന്നു. മോണ കാട്ടിയുള്ള അവരുടെ ചിരിയിൽ വാത്സല്യം തോന്നാറുണ്ട്‌. വിവേകാനന്ദൻ തലകീഴായാണ്‌ കിടപ്പ്‌. ആ തലപ്പാവ്‌ മറച്ച്‌ ഗോഡ്‌സെ തുറിച്ചുനോക്കുന്നു.

പിന്നീടൊരു അറിയിപ്പുകൂടാതെ ഇന്റർസിറ്റി ഇരച്ചെത്തിയതും ചന്ദ്രബാബു ബാഗും സഞ്ചിയും തൂക്കി ജനറൽ കമ്പാർട്‌മെന്റ്‌ ലക്ഷ്യമാക്കി പിറകോട്ടോടിയതും എവിടെ കേറണം എന്ന അങ്കലാപ്പിൽ സുകുമാരൻ തെല്ലിട പകച്ചുനിന്നതും സാധാരണമായ ആവർത്തനമായിരുന്നു. വൈകി ഓടിയ സമയം മറികടക്കാനുള്ള വെപ്രാളത്തിലായിരുന്നു വണ്ടി.

ഷൊർണൂരെത്തുമ്പോഴെങ്കിലും സീറ്റുറപ്പിക്കാം എന്ന പ്രതീക്ഷയിൽ ഇരിക്കുന്നവരുടെ കണക്കെടുത്തും മുഖഭാവം നിരീക്ഷിച്ച്‌ എവിടെ ഇറങ്ങുമെന്ന്‌ വിധിയെഴുതിയുമുള്ള പതിവു നേരംപോക്കിൽ ശ്രദ്ധകൊടുത്ത്‌ സുകുമാരൻ നിന്നു. കിലുക്കിക്കുത്തുപോലെയാണത്‌. ഉറപ്പായും സീറ്റ്‌ കിട്ടുമെന്നാശിച്ച ഘട്ടങ്ങളിൽ എല്ലാ കണക്കുകൂട്ടലും തെറ്റിയിട്ടുണ്ട്‌. അടുത്ത സ്‌റ്റേഷനിൽ ഇറങ്ങുമെന്ന്‌ കരുതിയവർ വേവലാതിയില്ലാത്ത ദീർഘ മയക്കങ്ങളിലേക്ക്‌ തലതാഴ്‌ത്തുന്നതും യാത്രാവസാനംവരെ കാണുമെന്ന്‌ തോന്നിച്ചവർ മുന്നറിയിപ്പില്ലാതെ ചാടിപ്പിടഞ്ഞ്‌ എഴുന്നേറ്റോടിപ്പോകുന്നതും അരിശം കലർന്നാണെങ്കിലും സുകുമാരൻ ആസ്വദിക്കാറുണ്ട്‌.

വണ്ടി ഷൊർണൂരടുക്കുന്ന ലക്ഷണമായി വേഗം കുറച്ചിരിക്കുന്നു. കാറ്റടിക്കുമ്പോളറിയാം, മന്ദഗതിയിൽ ഭാരതപ്പുഴ കടക്കുകയാണ്‌. കുനിഞ്ഞുനിന്ന്‌ പുഴയെ നോക്കാൻ മെനക്കെടാറില്ല. ഇരിക്കാൻ തരപ്പെടുമെങ്കിൽ മണൽപ്പരപ്പ്‌ കാണാൻ ഭംഗിയാണ്‌. മണൽപ്പുഴയുടെ മധ്യേ കൈത്തോടുപോലുള്ള നീർച്ചാലുകളിൽ ആളുകൾ കുളിക്കുന്നുണ്ടാവും. ഒട്ടും അകലെയല്ലാതെ ചിലപ്പോൾ ആനയും കുളിച്ചുകേറുന്നുണ്ടാവും.

സ്‌റ്റേഷനിലെ ബഹളമൊന്നും ബാധിക്കാതെ സ്ഥായിയായ പുഞ്ചിരിയോടെ പുസ്‌തകക്കെട്ടുമായി ചന്ദ്രബാബു സുകുമാരന്റെ കോച്ചിലേക്ക്‌ വന്നു.

സീറ്റു കിട്ടിയില്ല, അല്ലേ?

അങ്ങനെ ചോദിച്ച്‌, മറുപടിക്ക്‌ കാക്കാതെ ഒഴിഞ്ഞ ഇരിപ്പിടങ്ങളിൽ പുസ്‌തകം നിരത്തി ചന്ദ്രബാബു തന്റെ ജോലിയിലേർപ്പെട്ടു. തങ്ങളുടെ സീറ്റുറപ്പിച്ച്‌ ബാഗോ കുടയോ വായന കഴിഞ്ഞ പത്രങ്ങളോ വെച്ച്‌ ആളുകൾ ചായക്കോ നടുനിവർത്താനോ പുറത്തിറങ്ങിയിട്ടുള്ളതാണ്‌. വണ്ടി പോകാനുള്ള പച്ചവെളിച്ചം തെളിയുമ്പോൾ അവരൊക്കെ പലയിടങ്ങളിൽ നിന്നായി ഓടിക്കിതച്ചെത്തും. ചിലരെങ്കിലും ചന്ദ്രബാബുവെച്ച പുസ്‌തകങ്ങൾ ആരുടേതെന്നറിയാതെ തൊടാൻ മടിച്ച്‌ മിഴിച്ചുനോക്കും. അപൂർവമായി ആരെങ്കിലും ആ പുസ്‌തകങ്ങൾ ഒന്നു മറിച്ചുനോക്കിയെന്നും വരും. വിൽപ്പനക്കാരൻ സമീപിക്കുമ്പോൾ ഭദ്രമായി പുസ്‌തകം തിരിച്ചേൽപ്പിച്ച്‌ ഒാരോരുത്തരും ഭാരം ഒഴിയും.

ചന്ദ്രബാബു പറഞ്ഞു:

ജനറൽ കമ്പാർട്‌മെന്റിൽ കൊറച്ച്‌ വിറ്റു. ആവശ്യക്കാർ കൂടുതലും അവിടെയാണ്‌. എന്തുചെയ്യാൻ, അടുക്കാൻ പറ്റാത്ത തിരക്കാണ്‌.

ഒറ്റക്കാലിൽ നിൽക്കുമ്പോൾ എന്തു പുസ്‌തകവായന?

സുകുമാരൻ ചന്ദ്രബാബുവിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ജീവിതം ദുസ്സഹമാവുന്നിടത്ത്‌ വായനയ്‌ക്കൊന്നും പ്രസക്തിയില്ല.

ഇന്നിനി കാര്യമായ വിൽപ്പനയൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന്‌ ചന്ദ്രബാബുവിന്റെ നിൽപ്പു കണ്ടപ്പോൾ തോന്നി. കുറ്റിപ്പുറമെത്തുന്ന വരെയാണ്‌ അയാളുടെ കച്ചവടം. അവിടെയിറങ്ങി തിരിച്ചുള്ള എക്‌സിക്യുട്ടീവിന്‌ എറണാകുളംവരെ. അങ്ങനെ രണ്ടുചാലു തീരുന്നതോടെ സന്ധ്യയാവും, ഇരുളും. ബാക്കിയായ പുസ്‌തകങ്ങളുടെ ഭാരവുമായി ചന്ദ്രബാബു മടങ്ങും.

ഇങ്ങനെയൊരു തൊഴിലിൽ വന്നുപെടാനുണ്ടായ സാഹചര്യം ചന്ദ്രബാബുവുമായി സംസാരിച്ചിട്ടുണ്ട്‌ ഒരിക്കൽ. നിത്യേന കാണുന്ന സഹയാത്രികരെന്ന നിലയിൽ തുടങ്ങിയ സൗഹൃദമാണ്‌. ആദ്യമൊക്കെ കഷ്ടം തോന്നിയിരുന്നു. കാഴ്‌ചയിൽ ഭേദപ്പെട്ടൊരു ചെറുപ്പക്കാരൻ, പുസ്‌തകസഞ്ചി തൂക്കി അപരിചിതരായ യാത്രക്കാർക്കു മുന്നിൽ ദയാദാക്ഷിണ്യം പ്രതീക്ഷിച്ച്‌ നിൽക്കുന്നതുകണ്ട്‌ സഹികെട്ട്‌ ഒരിക്കൽ ചോദിച്ചു സുകുമാരൻ.

ഞാനിത്‌ ആസ്വദിച്ചു ചെയ്യുന്നതാ കുമാരേട്ടാ. ആവശ്യക്കാർക്ക്‌ അവരിഷ്ടപ്പെടുന്ന പുസ്‌തകം അവർക്കു മുന്നിലെത്തിക്കുക എന്നതിൽ കവിഞ്ഞ്‌ മഹത്വമുള്ള പണി വേറെന്താണ്‌?

മഹത്വമാക്കെ അവടെ നിക്കട്ടെ, കുടുംബം പോറ്റാനുള്ള വക കിട്ടുമോ? സ്ഥിര വരുമാനമല്ലല്ലോ?

സുകുമാരനിലെ സർക്കാരുദ്യോഗസ്ഥൻ സംശയാലുവായി.

മഴക്കാലം. യാത്രക്കാർ നാമമാത്രമായ ദിവസം. പുസ്‌തകബാഗ്‌ തൊട്ടടുത്ത സീറ്റിൽവെച്ച്‌ ചന്ദ്രബാബു സുകുമാരന്റെ അടുത്തിരുന്നു. പുറത്ത്‌ മഴ വീശിയടിക്കുന്നുണ്ട്‌, അതിന്റെ ചീതളിപ്പ്‌ കമ്പാർട്ടുമെന്റിലുണ്ട്‌. ചന്ദ്രബാബു ഷട്ടർ താഴ്‌ത്തി.

ഞാൻ കേച്ചേരിക്കാരനാ. പറമ്പിൽ കൊറച്ച്‌ കവുങ്ങുണ്ട്‌. പഴഞ്ഞി മാർക്കറ്റിൽ അടക്കയ്‌ക്ക്‌ മെച്ചപ്പെട്ട വിലയുണ്ട്‌.

അതുപറഞ്ഞ്‌ ചന്ദ്രബാബു പൊട്ടിച്ചിരിച്ചു. ആ മട്ടിൽ അധികച്ചിരി പതിവില്ല.

ചോദ്യം തിരിച്ചെടുക്കാൻ കഴിയാത്ത പ്രയാസത്തിൽ സുകുമാരനും കഷ്ടി ചിരിച്ചെന്നു വരുത്തി.

സാരമില്ല, കുമാരേട്ടൻ അടുപ്പംകൊണ്ട്‌ ചോദിച്ചതല്ലേ, ഞാനതു വിട്ടു. മുമ്പൊക്കെ നാട്ടുകാരും കുടുംബക്കാരും ഇതുതന്നെ ചോദിക്കാറുണ്ട്‌.

ചന്ദ്രബാബു ഒന്നു നിർത്തി, സാവധാനം പറഞ്ഞു.

ഒരാളൊഴിച്ച്‌, എന്റെ ഭാര്യ.

അവളാണിപ്പോ ഈ തൊഴിലിൽ എന്റെ മാനേജരും ഉപദേഷ്ടാവും എല്ലാം. എന്തു വിൽക്കണം ഏതെല്ലാം ഒഴിവാക്കണം എന്ന്‌ അവൾ തീരുമാനിക്കും. അത്‌ പിഴയ്‌ക്കാറില്ല.

അവധിക്കാലത്ത്‌ കുട്ടികളുടെ കോമിക്കിനും ചിത്രകഥയ്‌ക്കും പുരാണങ്ങൾക്കുമാണ്‌ മാർക്കറ്റ്‌. അത്തരം പുസ്‌തകങ്ങൾ തലേന്നടുക്കി ബാഗിൽ നിറയ്‌ക്കും. സ്വാതന്ത്ര്യസമര നേതാക്കളുടെ കാപ്‌സ്യൂൾ ജീവചരിത്രവും കുറച്ചുകരുതും. അതിലൊന്നും കുട്ടികൾക്ക്‌ താൽപ്പര്യമില്ല. മക്കളെ സ്‌കോളർഷിപ്പ്‌ പരീക്ഷയ്‌ക്ക്‌ ഒരുക്കാൻ ചില രക്ഷിതാക്കൾ നിർബന്ധപൂർവം വാങ്ങിച്ചാലായി. മൊബൈൽ പ്രളയം നമ്മുടെ കച്ചവടത്തെ ബാധിച്ചിട്ടുണ്ട്‌. അത്‌ തൊട്ടുകൂട്ടിയല്ലേ ഭക്ഷണംപോലും.

കർക്കടകത്തിൽ നാട്ടുമ്പുറങ്ങളിൽനിന്ന്‌ ക്ഷേത്രദർശനത്തിനുള്ള സ്‌ത്രീകളുടെ സംഘങ്ങളുണ്ടാവും. ആദ്യമായി പുറംലോകം കാണുന്നവരാവും അതിൽ കുറച്ചാളുകളെങ്കിലും. അമ്പരപ്പു കണ്ടാലറിയാം. ജാള്യമോ പോരായ്‌മയോ മറയ്‌ക്കാൻ കാട്ടുന്ന ഗൗരവം ചിരിവരുത്തും. കേട്ടറിവില്ലാത്ത അമ്പലങ്ങളെപ്പറ്റി പഴമൊഴിയും ഐതിഹ്യങ്ങളും പൊടിപ്പും തൊങ്ങലും ചേർത്ത്‌ അനുഭവംപോലെ വിളമ്പുന്നത്‌ കേട്ടിരിക്കാൻ രസമാണ്‌. കഥയെഴുത്തുകാർ തോൽക്കും. ഭക്ഷണപ്പൊതിയഴിച്ച്‌ കുറ്റവും കുറവും കൊള്ളിവാക്കും ചേർത്ത്‌ രുചിയോടെ ആസ്വദിച്ച്‌ സന്തോഷമായി യാത്രചെയ്യുന്ന സ്‌ത്രീകളെ വേറെ കാണില്ല.


അവർക്കിടയിൽ രാമായണത്തിനും ഗീതയ്‌ക്കും ഭാഗവതം ഗദ്യത്തിനും നല്ല ഡിമാന്റാണ്‌. തിരുമുമ്പിന്റെ ദേവീഭാഗവതം കിട്ടുമോ എന്ന്‌ അന്വേഷിക്കുന്നവരുണ്ട്‌. അമ്മദൈവത്തോടുള്ള ആരാധനയാവണം. തല നരയ്‌ക്കലും നരയ്‌ക്കാത്തതുമല്ല യുവത്വവും വാർധക്യവുമെന്ന്‌ നമ്മടെ വിഎസ്‌ പാടിയത്‌ തിരുമുമ്പിന്റെ വരികളാണെന്ന്‌‌ ദേവീഭാഗവതം ചോദിക്കുന്നവർക്ക്‌ അറിയാത്തത്‌ ഭാഗ്യം.

ബൾക്ക്‌ ഡിമാന്റാവുമ്പോൾ ഓർഡറെടുത്ത്‌ ക്ഷേത്രങ്ങളിൽ എത്തിക്കുകയാണ്‌ പതിവ്‌. അതിലും കമീഷൻ ചോദിക്കുന്ന നടത്തിപ്പുകാരുണ്ട്‌.

ചന്ദ്രബാബു ഒച്ച കുറയ്‌ക്കാതെ ചിരിച്ചു.

അല്ലെങ്കിലും ആയിരത്തിലേറെ പേജുള്ള പുസ്‌തകം ഡെമോയ്‌ക്കുപോലും കൈയിൽ കരുതാൻ പറ്റില്ലല്ലോ.

ചില ദിവസം ഇടയ്‌ക്കുവെച്ച്‌ കച്ചവടം മതിയാക്കി സുകുമാരനുമായി സംസാരിക്കാൻ മാത്രം കോഴിക്കോടുവരെ സഞ്ചരിക്കുക എന്നത്‌ ചന്ദ്രബാബുവിന്റെ ശീലമായി.

ഈ തൊഴിലിന്റെ മേന്മയാണിത്‌. എപ്പോ വേണേലും തൊടങ്ങാം, മതീന്നു തോന്നിയാൽ നിർത്താം.

തന്റെ മാനേജർ ഇതറിഞ്ഞാൽ എന്നെ തെറിവിളിക്കും. നിങ്ങളെ വഴിപിഴപ്പിച്ച്‌ ഉള്ള കച്ചവടം മുട്ടിക്കുന്നു എന്നാവും ആക്ഷേപം.

ഏയ്‌, അങ്ങനെയൊന്നുമില്ല, ഏതു ജോലിക്കും ഉണ്ടല്ലോ ഒരു മടുപ്പ്‌. ചെല ദിവസം അത്‌ ജാസ്‌തിയാവുമ്പോ, മതിയാക്കുന്നു, അത്ര തന്നെ. പിന്നെ, കുമാരേട്ടനോട്‌ സംസാരിക്കുമ്പോ കിട്ടുന്ന സുഖോ തൃപ്‌തിയോ അതങ്ങനെ എല്ലായിടത്തും കിട്ടുന്ന ഒന്നല്ലല്ലോ.

കൊല്ലം കൊറെയായി കുമാരേട്ടാ, ഈ ബാഗ്‌ ചുമലിൽ കേറ്റീട്ട്‌.

അന്ന്‌ സുകുമാരനും ജോലിക്കു കേറാൻ തോന്നിയില്ല. ലീവെഴുതിവെച്ച്‌ ബീച്ചിലൂടെ നടന്നു.

താൻ മദ്യപിക്കാറുണ്ടോ?

അളകാപുരിയുടെ മുന്നിലെത്തിയപ്പോൾ സുകുമാരൻ ചോദിച്ചു.

അങ്ങനെ ശീലമാക്കിയിട്ടില്ല, എന്നാൽ തൊട്ടുകൂടെന്ന വ്രതവുമില്ല.

അടുപ്പം തോന്നിച്ചവരോടൊപ്പം അൽപ്പം കഴിക്കുന്നത്‌ ഒഴിവാക്കേണ്ട കുറ്റവാസനയൊന്നുമല്ലല്ലോ.

രണ്ടുപേരും ചിരിച്ചു.

ഞാനാദ്യം കോഴിക്കോടുവരുന്നത്‌ കാബറ വിരുദ്ധ സമരത്തിനാണ്‌. അന്നിവിടെ ഏതോ ഹോട്ടലിൽ കാബറയുണ്ട്‌. ഹോട്ടലിന്റെ പേരു മറന്നുപോയി.

മൂന്നാമത്തെ ലാർജിന്‌ തണുക്കാത്ത സോഡ പറഞ്ഞ്‌ കാത്തിരിക്കെ ചന്ദ്രബാബു പറഞ്ഞു.

ചിത്രീകരണം: സുനിൽ അശോകപുരംചിത്രീകരണം: സുനിൽ അശോകപുരം

കാബറ അതുവരെ സിനിമകളിൽ മാത്രമാണ്‌ കണ്ടിട്ടുള്ളത്‌. ഞങ്ങൾ സമരക്കാർ വാതിൽ തള്ളി അകത്തു കേറിയപ്പോൾ ടവൽ മൂടി പുതച്ച്‌ ആൾത്തിരക്കിലൂടെ ഓടിപ്പോയ രണ്ടുമൂന്ന്‌ പെൺകുട്ടികളുടെ മുഖം ഇരുട്ടു പരന്നപോലെ ഓർമേണ്ട്‌.

മിഠായി തെരുവെത്തിയപ്പോൾ സുകുമാരൻ പറഞ്ഞു:

എസ്‌കെയും എംടിയും ബഷീറും എൻപിയും തിക്കോടിയനും ഖാദറും വത്സലയുമൊക്കെ നടന്ന വഴിയാണ്‌‌.

അവരുടെ പുസ്‌തകങ്ങൾക്കെല്ലാം ആവശ്യക്കാർ കുറയുകയാണ്‌ കുമാരേട്ടാ. ഓരോ കൊല്ലം കഴിയുംതോറും വെത്യാസം അറിയണണ്ട്‌. പുതിയ വായനക്കാരിൽ കഷ്ടി എംടിയാണ്‌ കൊറച്ചെങ്കിലും പിടിച്ചു നിക്കണത്‌. അതും വിവാദം കൊഴുപ്പിച്ചപ്പോൾ.

വിവാദം വിൽപ്പനയുടെ തന്ത്രമല്ലേ‌, സുകുമാരനങ്ങനെ പറഞ്ഞതും ലഹരിയുടെ ലാഘവത്വം കൊണ്ടാവണം ചന്ദ്രബാബു കൈകൂപ്പി.

സമ്മതിച്ചു, ന്യൂജെൻ ട്രെന്റ്‌ മനസ്സിലാക്കുന്നതിൽ കുമാരേട്ടനെ നമസ്‌കരിച്ചു.

ഇതിന്‌ അതിബുദ്ധിയൊന്നും വേണ്ട, സുകുമാരൻ പറഞ്ഞു.

ആദ്യപുസ്‌തകത്തിനു തന്നെ വിവാദമുണ്ടാക്കി ശ്രദ്ധപിടിക്കാൻ മത്സരമല്ലേ. കൂടെ നടന്നതും ഇരുന്നതും കെടന്നതും കൊടുത്തതും പറന്നതും മാന്തിത്തിന്നതും എല്ലാം ഉപ്പും പുളിയും മുളകും ചേർത്ത്‌ പച്ചയ്‌ക്കു പറഞ്ഞാൽ ആദ്യ എഡിഷൻ അര ലക്ഷം കടക്കാൻ പ്രയാസമില്ല.

പാവം വയസുകാലത്ത്‌ തന്റെ വിപ്ലവകവി പെട്ടതു കണ്ടില്ലേ? പെണ്ണൊരുമ്പെട്ടാ ബ്രഹ്മനും തടുക്കില്ലാന്ന്‌ പറേണത്‌ വെറുതേല്ല.

ചന്ദ്രബാബുവിന്റെ തോളിൽ കൈവെച്ച്‌ സുകുമാരൻ ചെറുതായി ഛർദിച്ചു. ഹോട്ടലിൽനിന്നു കഴിച്ച ബീഫ്‌ ഫ്രൈയുടെ ദഹിക്കാത്ത കഷ്‌ണങ്ങളാണ്‌.

ജെൻസി പിള്ളേരുടെ പുസ്‌തകം വിൽക്കില്ലാന്ന വാശീലാരുന്നു ഞാൻ. കച്ചവടത്തിനങ്ങനെ തരം തിരിവില്ലെന്നും ലാഭം കിട്ടുന്നതെന്തും വിൽക്കാമെന്നും ബോധ്യപ്പെടുത്താൻ ജാൻസി കൊറച്ചൊന്നല്ല ബുദ്ധിമുട്ടീത്‌.

ജാൻസിയെന്നു കേട്ടതും പകച്ചുനോക്കിയ സുകുമാരനോട്‌ ചന്ദ്രബാബു പറഞ്ഞു: പരിഭ്രമിക്കേണ്ട, എന്റെ ഭാര്യയാണ്‌.

പ്രീഡിഗ്രിക്ക്‌ പഴഞ്ഞി കോളേജിൽ ചേരണ കാലത്ത്‌ ജാൻസി ഡിഗ്രിക്ക്‌ ശ്രീകൃഷ്‌ണേലുണ്ട്‌. എന്നേക്കാൾ രണ്ടു വയസ്സ്‌ മൂപ്പാ. നല്ല ബാസ്‌കറ്റ്‌ബോൾ കളിക്കാരിയായിരുന്നു. യൂണിവേഴ്‌സിറ്റിക്കു വേണ്ടിയും കളിച്ചിട്ടുണ്ട്‌. ഷോർട്‌സും ബനിയനുമിട്ട്‌ കോർട്ടിൽ ചാടി സ്‌മാഷടിക്കുന്ന ജാൻസിയെയാണ്‌ ആദ്യം കാണുന്നത്‌. വിപ്ലവ വിദ്യാർഥി സംഘടനയുടെ മാസികയ്‌ക്ക്‌ വരിക്കാരെ ചേർക്കാൻ പോയതായിരുന്നു ശ്രീകൃഷ്‌ണയിൽ.

ജെയിംസേട്ടനാണ്‌ ചില മാസിക കൊടുക്കാനും വരിസംഖ്യ പിരിക്കാനും എന്നെ ഏർപ്പാടാക്കിയത്‌. ശ്രീകൃഷ്‌ണ അതിലൊരു കേന്ദ്രമായിരുന്നു. അഞ്ഞൂരും കുന്നംകുളത്തും കേച്ചേരിയിലുമുള്ള പെട്ടിക്കടകളിലും ചിലരുടെ വീടുകളിലും ഞാനത്‌ എത്തിച്ചിരുന്നു.

ജെയിംസേട്ടനോട്‌ അടുപ്പം കൂടിവന്നു. സംസാരത്തിൽ ആളുകളെ ആകർഷിക്കും. മാവോ സൂക്തങ്ങളും ടാഗോറിന്റെ വരികളും ഇടയ്‌ക്കിടെ ഉദ്ധരിക്കും. കൊറേ കാലം നാട്ടിൽ ഇല്ലായിരുന്നു. നാടുവിടുമ്പോൾ നല്ലൊരു കല്ലൊര തൊഴിലാളിയാണ്‌. അക്കാലത്ത്‌ കല്ലൊരക്കാർക്ക്‌ കൈ നിറയെ കാശാണ്‌. ടെർലിൻ ഷർട്ടും പനാമ സിഗരറ്റും ആഴ്‌ചയിലൊരു സിനിമയും ഹോട്ടലിൽനിന്ന്‌ പൊറോട്ടയും ബീഫും അവർക്കു മാത്രം പറഞ്ഞിട്ടുള്ളതാണ്‌. അന്തിക്കാട്ടെ ചെത്തുകാർ കൊലമുറി സമരം നടത്തുന്ന കാലത്ത്‌ ഒരു തല്ലുകേസിൽ പെട്ടാണ്‌ ജെയിംസേട്ടൻ ഒളിവിൽ പോവുന്നത്‌. തിരിച്ചെത്തിയത്‌ നക്‌സലേറ്റായി.

ജാൻസിയുടെ വല്യേട്ടനാണ്‌ ജെയിംസെന്നറിയുന്നത്‌ കൊറേ കഴിഞ്ഞാണ്‌. വിതരണത്തിന്‌ മാസികയെടുക്കാൻ ആ വീട്ടിൽ പതിവായി പോകാൻ തുടങ്ങിയപ്പോൾ. ജെയിംസേട്ടനെ പോലെ തുറന്നടിക്കുന്ന പ്രകൃതമായിരുന്നു ജാൻസിക്കും. മേമ്പൊടി ചേർത്ത്‌ സുഖിപ്പിക്കാതെ ഉള്ളിലുള്ളത്‌ പറയും.

വർഗീസിനെ വെടിവെച്ചു കൊന്ന വാർത്തയും അജിതയെ കയ്യാമംവെച്ച ചിത്രവും എന്റെ ഉറക്കം കെടുത്തി. എന്നെയും പൊലീസ്‌ പൊക്കും എന്നാരു കരക്കമ്പി പടർന്നു. പരിചയക്കാർ മുഖം തരാതായി. സംസാരിക്കാൻ പേടി. ഒറ്റപ്പെടുമ്പോഴുള്ള വിഭ്രാന്തിയും സങ്കടവും ശരിക്കറിഞ്ഞു.

കേട്ടുകേൾവിയില്ലാത്ത മാസികകളും പത്രങ്ങളും കാണുന്നത്‌ അക്കാലത്താണ്‌. ഗ്രാമങ്ങളിൽ പൊട്ടിപ്പുറപ്പെടാനിരിക്കുന്ന കലാപത്തെ കുറിച്ചുള്ള സ്വപ്‌നങ്ങളായിരുന്നു നിറയെ. മാവോ, ലൂഷൻ, കനുസന്യാൽ, മജുംദാർ, ഗദ്ദാർ എന്നിവരുടെ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ചിത്രങ്ങളായിരുന്നു മിക്ക ലക്കങ്ങളിലും. ഇവരൊന്നും ആരാണെന്നറിയില്ല. ചുമ്മാ മറിച്ചു നോക്കിയപ്പോൾ ചില കവിതകൾ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച്‌ പ്രണയവും വിപ്ലവവും ചേർത്തുള്ളവ. അതിൽ ചില വരികൾ പകർത്തി ജാൻസിക്കു കൊടുക്കും. അവളത്‌ വായിച്ചിരുന്നോ എന്നൊന്നും അറിയില്ല. പക്ഷേ പിന്നീടു കാണുമ്പോഴെല്ലാം ഉച്ചത്തിൽ ചിരിച്ചു. സമ്മതമോ കളിയാക്കലോ എന്നറിയാതെ ഞാൻ കുഴങ്ങി. ഞങ്ങളറിയാതെ പ്രണയം തിടംവെച്ചു. അന്നത്തെ എഴുത്തുകാരിൽ പലരും പിന്നീട്‌ മുന്തിയ കവികളായി. അവരുടെ പുസ്‌തകങ്ങൾക്ക്‌ ഇപ്പോഴും നല്ല മാർക്കറ്റാണ്‌.

ചിത്രീകരണം: സുനിൽ അശോകപുരംചിത്രീകരണം: സുനിൽ അശോകപുരം

പ്രീഡിഗ്രി പരീക്ഷാക്കാലത്താണ്‌ യെനാൻ, പ്രേരണ, പ്രസക്തി, കോമ്രേഡ്‌, വാക്ക്‌, നാവ്‌ തുടങ്ങിയ മാസികകൾ കൈവശം വെച്ചത്‌ ചോദ്യം ചെയ്യാനെന്ന പേരിൽ പൊലീസ്‌ വിളിപ്പിച്ചത്‌. പച്ചവെള്ളം തരാതെ സ്‌റ്റേഷനിൽ മണിക്കൂറുകൾ പിടിച്ചിരുത്തും. ചോദ്യം ചെയ്യൽ മാത്രം നടക്കില്ല. കൗമാരക്കാർക്കുള്ള ശിക്ഷ അങ്ങനെയാണെന്നറിഞ്ഞത്‌ പിന്നീടാണ്‌. മിക്കവാറും ദിവസം അതാവർത്തിച്ചു. കൂട്ടത്തിൽ പരീക്ഷ വന്നു. സ്‌റ്റേഷനിൽ ഇരുന്ന്‌ എങ്ങനെ പരീക്ഷയെഴുതും. പിന്നീട്‌ പരീക്ഷയേ ഉപേക്ഷിച്ചു.

ചന്ദ്രബാബു ചിരിച്ചു.

പ്രീഡിഗ്രി തുലഞ്ഞെങ്കിലും ആ പ്രായത്തിൽ ജോലിക്കാരനായി. അടിയന്തരാവസ്ഥ കഴിഞ്ഞതും നിരോധിക്കപ്പെട്ടിരുന്ന മാസികകൾക്ക്‌ വായനക്കാർ ഇരട്ടിച്ചു. ഞാനതിന്റെ വിതരണക്കാരനായി. അന്നത്തെ നിലയിൽ തെറ്റില്ലാത്ത വരുമാനവും.

കോവിലന്റെ ചങ്ങാതിയായിരുന്നു ജെയിംസേട്ടൻ. അയ്യപ്പേട്ടനെന്നാണ്‌ വിളിച്ചിരുന്നത്‌. ജെയിംസേട്ടന്റെ പരിചയക്കാരൻ എന്ന നിലയിൽ ഞാനും കോവിലന്റെ വീട്ടിൽ പോകാറുണ്ട്‌. അദ്ദേഹം പട്ടാളത്തിൽനിന്ന്‌ പിരിഞ്ഞ്‌ നാട്ടിൽ സ്ഥിരവാസമുറപ്പിച്ച കാലമാണ്‌. അവരോടൊപ്പം നരിമടയും അരിയന്നൂരെ കുടക്കല്ലും കാണാൻ പോവും. കോവിലൻ അതിന്റെ ചരിത്രം പറയുന്നതു കേൾക്കാൻ രസമാണ്‌. പട്ടാളക്കാരന്റെ ചിട്ടയും കാർക്കശ്യവും ശബ്ദത്തിലും ആംഗ്യങ്ങളിലുമുണ്ടാവും.

കാട്ടകാമ്പാൽ പൂരത്തിനാണ്‌ ഞാനാദ്യം ബുക്‌സ്‌റ്റാളിടുന്നത്‌. ‘എ മൈനസ്‌ ബി’യും ‘തോറ്റങ്ങ’ളും പത്തുകോപ്പി തന്ന്‌ കോവിലൻ അനുഗ്രഹിച്ചു.

പോയി വിറ്റിട്ട്‌ വാ.

വിപ്ലവ മാസികയോടൊപ്പം ‘പ്രഭാതി’ന്റെയും ‘ചിന്ത’യുടെയും പുസ്‌തകങ്ങൾ ജെയിംസേട്ടൻ സംഘടിപ്പിച്ചു. ലെനിന്റെ ജീവചരിത്രവും ഗോർക്കിയുടെ ‘അമ്മ’യും കിട്ടിയ കോപ്പി മുഴുവൻ വിറ്റു. കാട്ടകാമ്പാലിലെ കാളി-ദാരിക യുദ്ധം കാണാൻ മാത്രമല്ല പൂരപ്പറമ്പിൽ ആളുകളെത്തുന്നതെന്ന്‌ മനസ്സിലായി. പുസ്‌തകത്തിനും ആവശ്യക്കാരുണ്ട്‌.

പിന്നീടങ്ങോട്ട്‌ തൃശൂർ പൂരത്തിനും ഗുരുവായൂർ, തൃപ്രയാർ ഏകാദശിക്കും പാവറട്ടി പെരുന്നാളിനും ചന്ദനക്കുടം നേർച്ചയ്‌ക്കും സ്‌റ്റാളിട്ടു. പ്രസാധകർ എന്നെ തേടി വരാൻ തുടങ്ങി.

കുമാരേട്ടന്‌ ബോറടിച്ചോ? അല്ലെങ്കിലും ഭൂതകാലം പറയാൻ മനുഷ്യർക്കിഷ്ടമാണ്‌. ഓർമകളിൽ പഴേ പരിക്കുണ്ടാവില്ല.

കുടിച്ച ലഹരിയെല്ലാം വറ്റി, സുകുമാരൻ പറഞ്ഞു.

നേരം ഇരുട്ടി തുടങ്ങിയിരുന്നു. ഇപ്പോ പോയാൽ പുണെ-‐എറണാകുളം സൂപ്പർ ഫാസ്‌റ്റ്‌ പിടിക്കാം. തീവണ്ടികളുടെ സമയക്രമം ചന്ദ്രബാബുവിന്‌ മനഃപാഠമാണ്‌.

സ്‌റ്റേഷനിലേക്ക്‌ ഓട്ടോ പിടിച്ചു.

സത്യത്തിൽ ചന്ദ്രനും എഴുതാവുന്നതാണ്‌.

ഓട്ടോയുടെ കുലുക്കത്തിനൊപ്പം സുകുമാരൻ പറഞ്ഞു.

കേട്ടിടത്തോളം എത്ര അനുഭവങ്ങളാണ്‌. ഇതൊക്കെ തന്നെയല്ലേ മറ്റുള്ളവർ നോവലും കഥയും നാടകവുമാക്കി വിക്കുന്നത്‌.

അനുഭവം കൊണ്ടായില്ല കുമാരേട്ടാ, എഴുതാൻ മറ്റൊന്നുകൂടി വേണം. അതുള്ളവർക്കേ എഴുത്ത്‌ പറഞ്ഞിട്ടുള്ളൂ.

‘ഒരു പുസ്‌തക വിൽപ്പനക്കാരന്റെ കഥ’യെന്നോ മറ്റോ പേരിട്ട്‌ നിങ്ങളൊന്ന്‌ ശ്രമിച്ചുനോക്ക്‌. ഞാനുറപ്പിച്ച്‌ പറയാം, മലയാളത്തിലെ ബെസ്‌റ്റ്‌ സെല്ലറാവും.

അതാണിപ്പോ മാർക്കെറ്റെന്ന്‌ ചന്ദ്രബാബുവും സമ്മതിച്ചു. എസ്‌റ്റാബ്ലിഷ്‌ഡല്ലാത്തവരുടെ പുസ്‌തകത്തിനാണ്‌ ജെൻസി ട്രെന്റ്‌.

ആറു മാസത്തിനുള്ളിൽ ലക്ഷം കോപ്പി വിൽക്കുന്ന പുസ്‌തകങ്ങളുടെ മാജിക്കിനെപ്പറ്റി ചന്ദ്രബാബു പറഞ്ഞു. റീൽസും തള്ളലുമാണ്‌. എന്തഭ്യാസവും കാട്ടും. ഒന്നിനെപ്പറ്റിയും മുൻധാരണയോ ആർജവത്വമോ വേണ്ടല്ലോ. ഒന്നും കേട്ടുകേൾവി ഇല്ലാത്ത പിള്ളേർ. എന്തറിഞ്ഞിട്ടാണെന്നറിയില്ല ചെറുപ്പക്കാർ അത്തരം പുസ്‌തകം കൂട്ടത്തോടെ റാഞ്ചുന്നത്‌. വാങ്ങുന്നവർ വായിക്കുന്നുണ്ടോ എന്നറിയില്ല. വർഷത്തിൽ അറുപതും എഴുപത്തഞ്ചും എഡിഷൻ. ഓരോന്നും അയ്യായിരം വച്ച്‌. പരസ്യം വരുമ്പോഴേക്കും കോപ്പി തീർന്നു പോകുന്ന അത്ഭുതം. ബഷീറോ നാലപ്പാടനോ ഇതറിഞ്ഞാൽ രണ്ടുവട്ടം മരിക്കും. തലച്ചുമടായി ബഷീർ നടന്നുവിറ്റ പുസ്‌തകങ്ങൾ. ‘പാവങ്ങ’ളുമായി നാലപ്പാടനും വള്ളത്തോളും കെട്ടിമറിഞ്ഞ പെടാപാട്‌.

അത്തരം പൂർവചരിത്രം ഒന്നുമറിയാത്തതിനാൽ സുകുമാരൻ ചിരിച്ചൊഴിഞ്ഞു.

പിന്നീട്‌ ഒരാഴ്‌ചത്തേക്ക്‌ ചന്ദ്രബാബുവിനെ കണ്ടില്ല. റൂട്ട്‌ മാറ്റിപ്പിടിച്ച്‌ പുതിയ ആവശ്യക്കാരെ കണ്ടെത്തുകയാവുമെന്ന്‌ സുകുമാരൻ വിചാരിച്ചു. അതിനിടെ പ്രധാനപത്രത്തിന്റെ സൺഡെ സപ്ലിമെന്റിൽ ചന്ദ്രബാബുവിനെപ്പറ്റി കവർസ്‌റ്റോറി വന്നു. കേട്ട കഥകളുടെ ചുരുക്കെഴുത്തായതുകൊണ്ട്‌ പുതുമ തോന്നിയില്ല. എന്നാൽ ഭാര്യയോടൊപ്പമുള്ള ചിത്രം സുകുമാരൻ ശ്രദ്ധിച്ചു. ജാൻസിയെ ആദ്യമായി കാണുകയാണ്‌. മിടുക്കും പ്രസരിപ്പുമുള്ള മുഖം. ഇരുനിറം. മേയ്‌ക്കപ്പില്ലാതെ വീട്ടിൽ നിൽക്കുംമട്ടിലാണ്‌. ചന്ദ്രബാബുവിന്റെ കൈയിൽ പുസ്‌തകക്കെട്ടുണ്ട്‌. സ്‌റ്റോറി ഇഫക്ടിനുവേണ്ടി ഫോട്ടോഗ്രാഫർ നിർബന്ധിച്ചിരിക്കും.

മറ്റൊന്നുകൂടി സുകുമാരൻ ശ്രദ്ധിച്ചു. കുട്ടികളില്ല. അതേപ്പറ്റി ചന്ദ്രബാബു ഒന്നും പറഞ്ഞിട്ടില്ല, ഇനിയൊട്ട്‌ ചോദ്യവുമില്ലെന്ന്‌ സുകുമാരൻ തീരുമാനിച്ചു.

പിന്നീടൊരു ദിവസം പുസ്‌തകക്കെട്ടിനോടൊപ്പം ഒരു പത്രവും ചുരുട്ടിപ്പിടിച്ചാണ്‌ ചന്ദ്രബാബു വന്നത്‌.

സ്വാഭാവികമായി സുകുമാരൻ ഊഹിച്ചു.

ഫീച്ചറല്ലേ, വായിച്ചിരുന്നു. പ്രശസ്‌തനായല്ലോ?

ചന്ദ്രബാബുവിന്റെ മുഖം കരുവാളിച്ചിരുന്നു.

അതല്ല. പത്രം നിവർത്തി ചരമപേജിലെ ഒരു പടവും വാർത്തയും ചൂണ്ടി ചോദിച്ചു, മുഖപരിചയം തോന്നുന്നുണ്ടോ?

ആരും നോക്കിപ്പോവുന്ന സുന്ദരിയായൊരു പെൺകുട്ടി. ആത്മഹത്യയാണ്‌. അത്തരം വാർത്ത സുകുമാരൻ വായിക്കാറില്ല. ഒഴിവാക്കുകയാണ്‌ പതിവ്‌.

ഇതെല്ലാം നിത്യസംഭവങ്ങളല്ലേ? അറിയുന്ന കുട്ടിയാണോ? അയൽക്കാരിയോ ബന്ധുവോ മറ്റോ?

ഇടവേളയില്ലാതെ സുകുമാരൻ ചോദിച്ചുകൊണ്ടിരുന്നു.

അതൊന്നുമല്ല കുമാരേട്ടാ. ഈ കുട്ടി ഈ വണ്ടിയിലെ സ്ഥിരം യാത്രക്കാരിയായിരുന്നു. എന്റെ നല്ലൊരു കസ്‌റ്റമർ. പുസ്‌തകം കാണുമ്പോ ആ കണ്ണിലെ തിളക്കം മറക്കാൻ പറ്റുന്നില്ല. ഒരുതരം ആർത്തി. എല്ലാ പുസ്‌തകവും നിവർത്തി നോക്കും. ആമുഖമോ ബ്ലർബോ ഓടിച്ചു വായിക്കും. നാലഞ്ചെണ്ണമെങ്കിലും ഒരോ മാസവും വാങ്ങാറുണ്ട്‌. പുതിയ എഴുത്തുകാരോടൊക്കെ ആരാധനയായിരുന്നു.

നമ്മളന്ന്‌ കോഴിക്കോട്‌ പോയില്ലേ? അതിന്റെ പിറ്റേന്നാണ്‌ സംഭവം.

കോഴിക്കോട്‌ യാത്രയ്‌ക്കുശേഷം ചന്ദ്രബാബുവിനെ കുറച്ചു ദിവസം കാണാതിരുന്ന കാര്യം സുകുമാരൻ ഓർമിച്ചു. പനിയോ മറ്റെന്തെങ്കിലും അസുഖമോ ആയിരിക്കുമെന്നാണ്‌ വിചാരിച്ചത്‌.

ആ ദിവസംകൂടി ഞാനീ കുട്ടിക്ക്‌ പുസ്‌തകം കൊടുത്തിരുന്നു. വർഗാസ്‌ യോസയുടെ ‘ദ ഗ്രീൻ ഹൗസ്‌.’ കഴിഞ്ഞ മാസം പറഞ്ഞേൽപ്പിച്ച പുസ്‌തകമായിരുന്നു.

ഷൊർണൂരെത്തിയപ്പോൾ ഞാനന്ന്‌ മടങ്ങി. തിരൂരിനും പരപ്പനങ്ങാടിക്കുമിടയിൽ വെച്ചാണ്‌ ചാടിയത്‌. പാളത്തിൽ അൽപ്പമകലെയായി തെറിച്ചുവീണ ബാഗിൽ ആ പുസ്‌തകവും ഉണ്ടായിരുന്നു.

അപകടം പറ്റിയതാവുമോ?

ചന്ദ്രബാബുവിന്റെ അപ്പോഴത്തെ മാനസികാവസ്ഥയിൽ അത്രയെങ്കിലും പറഞ്ഞ്‌ ആശ്വസിപ്പിക്കയല്ലാതെ മറ്റൊരു വഴിയും തോന്നിയില്ല.

കിടപ്പുരോഗിയായ അമ്മയ്‌ക്ക്‌ വായിച്ചു കേൾപ്പിക്കാനായിരുന്നു കൂടുതലും അവൾ പുസ്‌തകം വാങ്ങിയിരുന്നത്‌. നന്തനാരും എംടിയും മാധവിക്കുട്ടിയും അമ്മയുടെ പ്രിയപ്പെട്ട എഴുത്തുകാരായിരുന്നു. എംടിയുടെ ആത്മകഥയാണ്‌ കഴിഞ്ഞവർഷം അമ്മയ്‌ക്ക്‌ പിറന്നാൾ സമ്മാനമായി വാങ്ങി കൊടുത്തത്‌. അത്‌ കൈയിൽ കൊടുത്തപ്പോൾ അമ്മയുടെ മുഖത്തുകണ്ട പ്രകാശത്തെപ്പറ്റി എത്ര പറഞ്ഞിട്ടും അവൾക്ക്‌ മതിയായില്ല.

മറ്റേതോ ലോകത്തിരുന്ന്‌ ചന്ദ്രബാബു പറഞ്ഞു.

കഥകളോടും എഴുത്തുകാരോടും ഒരു തലമുറ കാട്ടിയിരുന്ന ആരാധന കലർന്ന സ്‌നേഹഭാവം എത്രയായിരുന്നുവെന്ന്‌ സുകുമാരൻ ആലോചിച്ചു.

പുസ്‌തകമോ വായനയോ ചില സന്ദർഭങ്ങളിൽ ഒന്നിനും പരിഹാരമാവില്ല കുമാരേട്ടാ. വായിച്ചതും വായിക്കാത്തതും സമം.

അങ്ങനെ പറഞ്ഞ്‌ ചന്ദ്രബാബു എഴുന്നേറ്റു. അയാളുടെ കൈയിൽ പുസ്‌തകക്കെട്ടില്ലെന്ന്‌ സുകുമാരൻ ശ്രദ്ധിച്ചു.

വായിച്ചുകൊണ്ടിരുന്ന പേജ്‌ മടക്കി അടയാളം വെച്ചാണ്‌ ആ പെൺകുട്ടി ചാടിയത്‌. വായിച്ചു നിർത്തിയ അവസാന വരിയിൽ ആ വിരലുതൊട്ടിട്ടുണ്ടാവും.

ചന്ദ്രബാബു ആലോചിച്ചു. ചരമവാർത്ത വായിച്ചപ്പോഴാണ്‌ പേരറിഞ്ഞത്‌. ഒരിക്കലും വിളിക്കേണ്ടി വന്നിട്ടില്ലാത്ത പേര്‌, വിറയലോടെ ഉച്ചരിച്ചു: ശശികല.

വീക്കെൻഡ്‌ സ്‌റ്റോറി വന്നതോടെ മറ്റു പത്രക്കാരും പിറകിലുണ്ടെന്ന്‌ മറ്റൊരു ദിവസം കണ്ടപ്പോൾ ചന്ദ്രബാബു പറഞ്ഞു. എല്ലാവർക്കും ഡിഫ്രണ്ടായ സ്‌റ്റോറി വേണം. ഞാനെന്തു ചെയ്യാനാ?

ഒരുകൂട്ടർ വണ്ടിയിൽ പുസ്‌തകം വിൽക്കുന്നതാണ്‌ ഹൈലൈറ്റ്‌സാക്കുന്നത്‌. മറ്റൊരുകൂട്ടർ എഴുത്തുകാരുമായുള്ള സൗഹൃദങ്ങൾ. അതിന്‌ കൊറേ ചിത്രങ്ങളുമെടുത്തു.

ഇനി വെട്ടുകിളിപോലെ ഓൺലൈൻ ആണും പെണ്ണും മത്സരിച്ചിറങ്ങും.

സുകുമാരൻ ചിരിച്ചു.

വൈകി കിട്ടിയ പ്രശസ്‌തി വിൽപ്പനയെ സഹായിക്കുന്നുണ്ടോ എന്ന്‌ ചോദിച്ചപ്പോൾ ചന്ദ്രബാബു വിഷണ്ണനായി.

പുസ്‌തകം വാങ്ങാനല്ല, സെൽഫിയെടുക്കാനാണ്‌ ആളുകൾക്ക്‌ കമ്പം.

ചില എഴുത്തുകാരും ഇപ്പോൾ തിരിച്ചറിയുന്നുണ്ടെന്ന്‌ ചന്ദ്രബാബു പറഞ്ഞു. ആർക്കും മുഖം കൊടുക്കാതെ കൂനിക്കൂടിയിരിക്കാറുള്ള അവരിൽ ചിലരെല്ലാം ഇപ്പോൾ അടുത്തേക്ക്‌ കൈകാട്ടി വിളിക്കുന്നു. ചായയോ ബിസ്‌കറ്റോ ഓഫർ തരുന്നു. തിക്കും തിരക്കും ഗൗനിക്കാതെ തങ്ങളുടെ പുസ്‌തകം ചുമന്നു നടന്ന്‌ വിൽക്കുന്ന ഒരാളോട്‌ കാട്ടുന്ന മഹാമനസ്‌കതയോർത്താൽ ചിരിവരും. ഒന്നുരണ്ടുപേർ എഫ്‌ബി കുറിപ്പിട്ടതും ചന്ദ്രബാബു കണ്ടിരുന്നു.

തട്ടിൻമുകളിൽ കെട്ടിക്കിടന്ന്‌ ചിതലരിക്കുന്ന പുസ്‌തകങ്ങളെപ്പറ്റിയൊന്നും ആർക്കും അറിയേണ്ട. അത്തരം സംഭവങ്ങളൊന്നും വാരാന്തത്തിൽ ഓടില്ലെന്നാണ്‌ എഡിറ്റർമാർ നിശ്‌ചയിച്ചിട്ടുള്ളത്‌. അലസ വായനയ്‌ക്ക്‌ പറ്റിയതാവണം. കുറച്ചുനേരം നോക്കിയിരിക്കാവുന്ന ചിത്രങ്ങൾക്ക്‌ സ്‌കോപ്പുണ്ടാവണം.

ജീവിതം മുക്കാലും ചിതലരിച്ചപോലെ വിലപ്പെട്ട പുസ്‌തകങ്ങളും ആർക്കും വേണ്ടാതെ അനാഥമായി പോവുകയാണല്ലോ എന്ന ആധി മറ്റൊരിക്കൽ ചന്ദ്രബാബു പങ്കുവെച്ചു. തട്ടിൻമുകളിൽ കയറിയാൽ ചങ്കിടിപ്പ്‌ കൂടും. അടുക്കും ചിട്ടയുമില്ലാതെ കൂടിക്കുഴഞ്ഞു കിടക്കുന്ന പുസ്‌തകങ്ങൾക്കിടയിൽ ഒന്നും തിരഞ്ഞുകണ്ടെത്തുക സാധ്യമല്ല. ഒന്നു തൊട്ടാൽ മറ്റൊന്ന്‌ മറിഞ്ഞുവീഴും. ഓരോന്നിനുമുണ്ട്‌ ഒരോ ആത്മകഥ. അത്‌ വാങ്ങിയ ദിവസം. വിൽക്കാൻ ശ്രമിച്ച സന്ദർഭങ്ങൾ. മടക്കി കൊണ്ടുവന്ന്‌ തട്ടിൻമുകളിലിട്ട നേരം. അങ്ങനെ പലപല ഘട്ടങ്ങൾ തെളിഞ്ഞുവരും. പൊടിയടിച്ച്‌ തുമ്മാനും ചുമയ്‌ക്കാനും തുടങ്ങുമ്പോൾ ജാൻസി താഴെനിന്ന്‌ ശാസിക്കും. മതി, ഇനി ശ്വാസം മുട്ടാക്കേണ്ട.

പഴയതെല്ലാം സെക്കന്റ്‌ ബുക്‌സിൽ കൊടുത്ത്‌ കാലിയാക്കാം എന്ന്‌ ജാൻസി പ്രായോഗികവാദിയായപ്പോൾ ഞാൻ തടഞ്ഞു: വരട്ടെ, സമയമുണ്ടല്ലോ.

കുന്നംകുളം വിക്ടറി പ്രസ്സിലടിച്ച കാണിപ്പയ്യൂരിന്റെ നാലണയുടെ പഞ്ചാംഗവും കാട്ടുമാടത്തിന്റെ മന്ത്രരഹസ്യവും 35 പൈസ വിലയുള്ള ‘കവളപ്പാറ കൊമ്പന്റെ കഥ’യും അക്കൂട്ടത്തിലുണ്ടെന്ന്‌ ചന്ദ്രബാബു പറഞ്ഞു.

മനുഷ്യരെപ്പോലെ പുസ്‌തകങ്ങളും കാലഹരണപ്പെടുകയാണ്‌. അതിൽ തുന്നിക്കെട്ടാൻ പറ്റാത്തവിധം തൊട്ടാൽ പൊടിഞ്ഞുപോകുന്ന പുസ്‌തകങ്ങളുടെ ആയുസ്സൊടുങ്ങുന്നു.

ചിത്രീകരണം: സുനിൽ അശോകപുരംചിത്രീകരണം: സുനിൽ അശോകപുരം

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വെക്കേഷൻ തീരുന്നതിന്റെ ലക്ഷണം പ്ലാറ്റ്‌ഫോമിൽ കാണാൻ തുടങ്ങി. തിക്കും തിരക്കും അടങ്ങിയിരിക്കുന്നു. ഒരേ വണ്ടിയിൽ എത്ര തരം ജീവിതങ്ങളാണ്‌ ഒന്നിച്ച്‌ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌... മടക്കത്തിൽ ഇരുട്ട്‌ വിഴുങ്ങുന്ന വഴികളിലേക്ക്‌ നോക്കി സുകുമാരൻ ആലോചിക്കും. വിൻഡോ സീറ്റിലാണെങ്കിൽ മേഘാവൃതമായ മാനത്ത്‌ വിളറിയ ശശികല കുറച്ചുദൂരം ഒപ്പമുണ്ടാവും. മറ്റൊരു തിരിവിൽ തൽക്ഷണം മറയും. വേദനയുറഞ്ഞ തണുത്ത ചിരിയോടെ ഒരു പെൺകുട്ടിയുടെ ചിത്രം മങ്ങി, തെളിഞ്ഞു വരാൻ തുടങ്ങുമ്പോൾ സുകുമാരനു തോന്നും: ഇഷ്ടപ്പെടാനും സങ്കടപ്പെടാനും പരിചയംകൂടി വേണമെന്നില്ല.

‘ജീവിത വിജയത്തിനുള്ള വഴികൾ’ എന്ന പുസ്‌തകം ഉയർത്തിപ്പിടിച്ച്‌ യാത്രക്കാർക്കിടയിൽ നിൽക്കുന്ന ചന്ദ്രബാബുവിനെയാണ്‌ ഒരാഴ്‌ച കഴിഞ്ഞ്‌ കാണുന്നത്‌. ആളുകളെ ആകർഷിക്കാൻ ചില സൂക്തങ്ങൾ അയാൾ ഉറക്കെ പറയുന്നു. ഇത്തരം സൂത്രങ്ങളൊന്നും പതിവില്ലാത്തതാണ്‌.

സുകുമാരന്റെ അടുത്തെത്തിയപ്പോൾ ശബ്ദം കുറച്ച്‌ പറഞ്ഞു:

ഇപ്പോൾ ഡിമാന്റുള്ള പുസ്‌തകമാണ്‌. ഒരാഴ്‌ചകൊണ്ട്‌ അഞ്ഞൂറിലേറെ കോപ്പി വിറ്റു. പ്രസാധകനോ കോപ്പി റൈറ്റോ ഇല്ലാത്തതുകൊണ്ട്‌ ആർക്കും ചട്ടമാറ്റി അച്ചടിച്ചു വിൽക്കാം. കിട്ടുന്ന കാശ്‌ പോക്കറ്റിലിടാം.

ചന്ദ്രബാബുവിന്റെ പിറകെ കടല കപ്പലണ്ടിക്കാരും ഇഞ്ചിമിഠായി കുപ്പിവെള്ളക്കാരും ഓറഞ്ച്‌ മുന്തിരി അണ്ടിപ്പരിപ്പുകാരും വരിവരിയായി കടന്നുപോയി. ഒരുപക്ഷേ പിറകിലെ കംമ്പാർട്ട്‌മെന്റിൽ ചെക്കിങ്‌ ഉണ്ടാവണം. അതുകൊണ്ടാവും കൂട്ട പലായനം. ഒറ്റശ്രുതി മാത്രമുള്ള നാടൻ ഹാർമോണിയവും ഡോലക്കുമായി പാട്ടുപാടിയിരുന്ന ചെമ്പൻമുടിക്കാരായ കുട്ടികളെ ഇപ്പോൾ കാണാറില്ല. തീവണ്ടിയുടെ കുതിപ്പിനിടെ അവരുടെ പാട്ടിന്‌ വേറൊരു താളമുണ്ടായിരുന്നു.

തു ജെ ദേഖാ തോയേ ജാനാ സനം

പ്യാര് ഹോത്താ ഹെ ദിവാനാ സനം

അബ് യഹാം സേ കഹാം ജായേ ഹം

തേരി ബാഹോം മേം മർ ജായേ ഹം

പാട്ടിലെ വരികൾ ഓർത്തുകൊണ്ടിരുന്നപ്പോൾ അതേ പാട്ട്‌ മറ്റൊരു വണ്ടിയിലോ ബോഗിയിലോ ആ കുട്ടികളുടെ ശബ്ദത്തിൽ കേൾക്കുന്നതായി സുകുമാരന്‌ തോന്നി.

അതിനിടെ തീരെ അവശനായൊരു വൃദ്ധനെ താങ്ങിപ്പിടിച്ച്‌ ചന്ദ്രബാബു ടോയ്‌ലെറ്റിലേക്ക്‌ കൊണ്ടുപോകുന്നത്‌ കണ്ടു. വേച്ചുവേച്ച്‌, ഒരടിവെക്കാൻതന്നെ നന്നേ പ്രയാസപ്പെടുന്നുണ്ട്‌. ഏതെങ്കിലും എഴുത്തുകാരനായിരിക്കണം. ഒറ്റനോട്ടത്തിൽ സുകുമാരൻ മനസ്സിലൂഹിച്ചു. അല്ലാതെ ചന്ദ്രബാബു ഈ സാഹസത്തിന്‌ മുതിരില്ല.

കുറേ നേരമെടുത്താണ്‌ അയാളെ ടോയ്‌ലെറ്റിൽനിന്ന്‌ തിരിച്ചു കൊണ്ടുവന്നത്‌. നരച്ച നീളൻ മുടി ഇപ്പോഴും സമൃദ്ധമാണ്‌. അത്‌ കാറ്റിൽ പാറുമ്പോൾ പ്രത്യേക ഭംഗി തോന്നിച്ചു. അയാളെ സീറ്റിൽ കൊണ്ടിരുത്തി ചന്ദ്രബാബു സുകുമാരന്റടുത്തേക്ക്‌ നടന്നു.

നന്ദിസൂചകമായി ആ വൃദ്ധൻ ചന്ദ്രബാബുവിന്‌ കൈ കൊടുക്കുന്നുണ്ട്‌.

ആളെ മനസ്സിലായോ?

ഇല്ല.

ഒരുകാലത്ത്‌ മലയാള സാഹിത്യത്തെ ഇളക്കി മറിച്ച മനുഷ്യനാണ്‌. കേട്ടിട്ടുണ്ടോ ‘ചന്ദ്രവംശം’ എന്ന നോവൽ. ഇന്നും അതിന്റെ അലയടങ്ങിയിട്ടില്ല നമ്മുടെ നോവൽ സാഹിത്യത്തിൽ.

ഇതെല്ലാം എന്നോടെന്തിന്‌ പറയുന്നു എന്ന മട്ടിൽ ചന്ദ്രബാബുവിനെ തറപ്പിച്ചു നോക്കുന്നതിനിടെ സുകുമാരൻ വീണ്ടും എഴുത്തുകാരനെ ശ്രദ്ധിച്ചു. ഒട്ടിയ കവിളുകൾ. പുകവലിയിൽ കറുത്തും വിണ്ടുമിരിക്കുന്ന ചുണ്ട്‌. കുഴിഞ്ഞു പോയെങ്കിലും തിളക്കം നഷ്ടപ്പെട്ടിട്ടില്ലാത്ത കണ്ണുകൾ.

കഷ്ടം, ഒരാളുടെ പരസഹായം പോലുമില്ലാതെ ഒറ്റയ്‌ക്കുള്ള യാത്രയാണ്‌ വിധിച്ചിട്ടുള്ളത്‌. സുകുമാരൻ കേട്ടാലും ഇല്ലെങ്കിലും വിരോധമില്ല എന്ന ഭാവത്തിൽ ചന്ദ്രബാബു പറഞ്ഞുകൊണ്ടിരുന്നു.

കുറേ വർഷം മുമ്പ്‌ ഭാര്യ മരിച്ചു. ഏക മകൻ അമേരിക്കൻ ‘മൈക്രോണി’ൽ സീനിയർ വൈസ്‌പ്രസിഡന്റാണ്‌. മരുമകൾ ഒറ്റപ്പാലം ചുനങ്ങാട്ടുകാരിയാണെങ്കിലും അമേരിക്കൻ പൗര. നാട്ടിൽ വരാൻ ആഗ്രഹിച്ചാലും പറ്റാറില്ല. യാത്ര അനുവദിച്ചിരുന്ന കാലത്ത്‌ അങ്ങോട്ട്‌ പോയിരുന്നു. കുറേ കാലം അവരോടൊപ്പം താമസിക്കും. തണുപ്പ്‌ പറ്റാതാവുമ്പോൾ മടങ്ങും. അതായിരുന്നു ശീലം.


ചില വായനക്കാർ പുസ്‌തകങ്ങൾ ആവശ്യപ്പെടാറുണ്ടെന്ന്‌ സന്തോഷിപ്പിക്കാനായി ചന്ദ്രബാബു പറഞ്ഞത്‌ അയാളെ പ്രകോപിപ്പിച്ചു. എഴുത്തുകാരന്റെ മട്ടും ഭാവവും പെട്ടെന്നു മാറി.

വാട്ട്‌ നോൺസെൻസ്‌ യു ആർ ടോക്കിങ്‌. ബുക്‌സ്‌, ഓൾ ആർ ബുൾഷിറ്റ്‌. ഡോൺഡ്‌ റിപ്പീറ്റ്‌ ദാറ്റ്‌ സ്‌റ്റുപ്പിഡിറ്റി.

അരിശം അണപ്പല്ലിൽ കടിച്ചൊതുക്കി ശാന്തത വരുത്താൻ ശ്രമിച്ച്‌ പറഞ്ഞു.

സോറി, എന്റെ എഴുത്തുകൊണ്ട്‌ ആർക്കും ഒരു ഗുണമില്ല. എന്നെപ്പോലും ആ പുസ്‌തകങ്ങളൊന്നും സന്തോഷിപ്പിച്ചില്ല. രണ്ടാമതൊന്ന്‌ മറിച്ചുനോക്കാൻ തോന്നിയിട്ടില്ല. ചെയ്‌തതെല്ലാം നിഷ്‌ഫലം. ടോട്ടലി മീനിങ്‌ലസ്‌. വേണ്ട കാലത്ത്‌ മനുഷ്യർ ചെയ്യേണ്ടതായ ഒന്നും ഞാൻ ചെയ്‌തില്ല. എന്റെ ഭാര്യയെ പോലും ശരിക്ക്‌ മനസ്സിലാക്കാനോ സ്‌നേഹിക്കാനോ കഴിഞ്ഞില്ല.

ജീവിതംകൊണ്ട്‌ ഞാനെന്തൊക്കെയോ കളിച്ചു. ഭാഷയിൽ എന്റേതായ ഒരു പാറ്റേൺ, അതുമാത്രമാണ്‌ ശരിയെന്നും മറ്റുള്ളതെല്ലാം വിവരദോഷമെന്നും മേനി കാട്ടി.

ഒടുവിൽ എഴുത്തുകാരന്റെ കുമ്പസാരം അല്ലേ, കിട്ടിയ സന്ദർഭം മുതലാക്കി സുകുമാരൻ ചിരിച്ചു.

എന്റെ പുസ്‌തകങ്ങളൊന്നും വിൽക്കരുത്‌, അതുണ്ടെങ്കിൽ തീവെച്ച്‌ കളയണം. പണം ഞാൻ തരാം.

അപേക്ഷിക്കുന്ന മട്ടിൽ എഴുത്തുകാരൻ ചന്ദ്രബാബുവിന്റെ കൈ പിടിച്ചു. പിന്നെ, അഗാധമായ വിഷാദത്തിലേക്കെന്നവണ്ണം കണ്ണടച്ചു.

ഷൊർണൂരെത്തുമ്പോൾ കടുപ്പത്തിൽ, വെള്ളം കുറച്ച്‌, മധുരമില്ലാത്തൊരു ചായ എഴുത്തുകാരൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ ചന്ദ്രബാബു പറഞ്ഞു. സ്‌റ്റേഷൻ അടുക്കുന്ന ലക്ഷണമായി വേഗം കുറഞ്ഞിരിക്കുന്നു. പുസ്‌തകക്കെട്ട്‌ സുകുമാരന്റെ അടുത്തേക്ക്‌ നീക്കി വെച്ച്‌ ആളുകൾക്കിടയിലൂടെ ചന്ദ്രബാബു വാതിലിനടുത്തേക്ക്‌ നീങ്ങുകയാണ്‌.

സുകുമാരൻ പറഞ്ഞു:

ശ്രദ്ധിക്കണേ .



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home