ad
Deshabhimani

കഥ

വൃക്ഷങ്ങളുടെ രഹസ്യജീവിതം

ചിത്രീകരണം: കെ സുധീഷ്‌
avatar
പ്രേംകുമാർ കണ്ണോം

Published on Sep 26, 2026, 01:36 PM | 11 min read



Biology enables women to have children – some cultures oblige women to realize this possibility. Biology enables men to enjoy sex with one another – some cultures forbid them to realize this possibility. Culture tends to argue that it forbids only that which is unnatural. But from a biological perspective, nothing is unnatural.

‐ Yuval Noah Harari, Sapiens: A Brief History of Humankind


പുറപ്പാട്

ഒറ്റവെട്ടിനു തന്നെ മുറിഞ്ഞുവീണിരുന്നു. നീണ്ടയിലകളെല്ലാം മുരളി‍ ഉണ്ണാന്‍ പാകത്തിനുള്ള അളവിൽ മുറിച്ച് അടുക്കിവെക്കുമ്പോള്‍ ശാന്തന്‍ വാഴയുടെ പോളയടര്‍ത്തിത്തുടങ്ങിയിരുന്നു. കത്തികൊണ്ട് കുത്തിക്കീറി ഏതാണ്ട് മൂന്ന് ഇഞ്ച് വീതിയില്‍ വാഴയുടെ പകുതി നീളത്തില്‍ പോളകള്‍ കണ്ടത്തിലെ ചെളിയില്ലാത്തിടത്ത് അട്ടിവെച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഉച്ചത്തിലുള്ള വിളിവന്നു.

‘‘യേത് ചൂട്ടാട്ടിലാടാ കെട്ടിയെടുത്തതീറ്റ്‌ങ്ങള...''

കേള്ച്ചനാണ്. കവുങ്ങ് തടി നേർങ്ങനെ കീറി കോത്തിരിയുണ്ടാക്കുകയാണ്. മൂപ്പെത്താത്തതിനാല്‍ കോത്തിരി വാച്ചിയെടുക്കുമ്പോള്‍ ഉറപ്പില്‍ കിട്ടുന്നില്ല. ചുണ്ടില്‍ തീരാറായ ബീഡി നനവോടെ തുപ്പി വീണ്ടും വിളിക്കാന്‍ തുടങ്ങുമ്പേഴേക്കും മഴവന്നുവീണു.

""ഒലക്കേലെ മഴ... കര്‍ക്കിടകം പറീക്കും. വേം വാടാ...''

കോത്തിരിപ്പണി നിർത്തി ചൂടിക്കയറുമെടുത്ത് കേള്ച്ചൻ ആരെയെന്നില്ലാതെ വിളിച്ചു. ടാര്‍പ്പോളിൻ വലിച്ചുകെട്ടിയിരുന്നില്ല.

അപ്പ്ണി ഉടുമുണ്ട് വയറിനുമേലെ നെഞ്ചിനുടുത്ത് കുറ്റിയരത്ത്മ്മേൽ കയറി ചൂടിയുടെ അറ്റം വാങ്ങി കിഴക്കിനിപ്പുരയുടെ വളയ്ക്ക് കെട്ടി. മഴ നിറഞ്ഞപ്പോള്‍ ടാര്‍പ്പോളിന്‍ നിറഗര്‍ഭിണിയായി.

""ഓലീം കോത്തിരിയ്വായി...''

ഇടതുകയ്യിലെ നടുവിരലില്‍ കയറിയ കവുങ്ങിന്റെ ആര് ഉളികൊണ്ട് കീറിയെടുത്തുകൊണ്ട് കേള്ച്ചൻ പറഞ്ഞു.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

കോത്തിരി കുത്തനെ നാട്ടി അതിൽ വാഴപ്പോള കോര്‍ത്ത് മൂന്ന് തട്ടുകളാക്കും. കോത്തിരിക്ക് തുണിചുറ്റി പന്തമാക്കി കത്തിക്കും. തട്ടുകള്‍ക്കുള്ളില്‍ കൊടിയിലയില്‍ അവലും മലരും ഇളനീരും മുതിര്‍ച്ച. അങ്ങനെയാണ് ശാക്തേയകർമം.

കൊടകിൽനിന്ന് വന്ന ഏട്ടനും അനിയനുമായിരുന്നു തറവാട്ടിലെ ആദികാരണവന്‍മാര്‍. ഇരുന്നൂറുകൊല്ലംമുമ്പ് പാപ്പിനോട്ടില്ലത്തെ മരപ്പണിക്കാണ് വന്നത്.

അവരും, പിന്നീട് ജീവിച്ച് മരിച്ച കാരണവന്‍മാരും കാരണവത്തികളും, എല്ലാവര്‍ക്കും കൂടി തറവാടിന്റെ അകത്തുവെച്ച് കൊടുക്കും കര്‍ക്കിടകത്തിലെ വാവിന് രാത്രി. ഒപ്പം ശാക്തേയകർമവും. നട്ടപ്പാതിരയ്ക്ക്. അതെല്ലാം മുടങ്ങിയിട്ട് ഇപ്പോ പത്ത് പതിനഞ്ച് കൊല്ലായി.

""കൊറേ കൊല്ലം കൂടീറ്റ് മൊടങ്ങ്യത് നടത്തുന്നതാന്ന് എന്ന പരെങ്കിലും ബേണ്ടേ... മൂഞ്ചാനായിറ്റ് ബെരും കൊറേണ്ണം... ഒയലാന്‍ ബാക്കീല്ലാളും...''

മഴ നനയാതിരിക്കാൻ മുറിച്ച വാഴയില തലയില്‍ പിടിച്ചോടിവരുന്ന ശാന്തനെയും മുരളിയെയും നോക്കി തറവാട്ടിനകത്തുനിന്ന് കണ്ണന്‍ ഇറങ്ങിവന്നു. അയാളാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മൂത്തകാരണോരും കർമിയും. എന്തായാലും രാവിലെ കൊടുത്ത ബലിച്ചോറ് കാക്കയെടുത്തതിന്റെ സന്തോ‍ഷമുണ്ട് ആ മുഖത്ത്.

മഴ കനത്തു. തറവാടിന്റെ മുറ്റത്ത് പൊടിമണ്ണ് കുഴഞ്ഞ് ചെളിയായി. വടക്കിനിയും കിഴക്കിനിയും പടി‍ഞ്ഞാറ്റയും ചേര്‍ന്ന മുറ്റത്ത് കെട്ടിയ ടാര്‍പ്പോളിന്‍ ചോര്‍ന്ന് വെള്ളം കെട്ടിനില്‍ക്കാന്‍ തുടങ്ങി. മൂന്ന് വരാന്തകളിലുമായി അപ്പ്ണിയും കണ്ണനും കേള്ച്ചനും കൈക്കോലില്‍ കൈ താങ്ങി നിന്നു.

സന്ധ്യയാവാന്‍ തുടങ്ങിയതോടെ കണ്ണൻ കാർണോർക്ക് ഉള്ളിലൊരുലച്ചിൽ തുടങ്ങി. അതിന് കാരണമുണ്ട്. ഈ വാവിനുവേണ്ടി മാത്രം കുയിച്ചാളയിലെ നാണി പറങ്കിമാങ്ങയിട്ട് സവിശേഷമായി വാറ്റിയെടുത്ത രണ്ട് കുപ്പി നാടനുണ്ട്. കാന്താരിച്ചുവയുള്ള അത് ഉള്ളില്‍ ചെന്നാല്‍ പിന്നെ കാഴ്‌ചകളുടെ പെരുമഴയാണ്. എല്ലാവരും ഒന്നിച്ച് ഒരു ചടങ്ങായാണ് സേവ. പക്ഷെ ഇത്തവണ പതിവുതെറ്റിച്ച് കർമങ്ങൾക്കെല്ലാം മുന്നേ തന്നെ കണ്ണൻ‍ കാർണോര് അരഗ്ലാസ്സ് വെട്ടിയിരുന്നു. അപ്പോൾമുതൽ മഴവെള്ളംപോലെ കണ്ണിലൂടെ ചില കാഴ്‌ചകൾ നിറഞ്ഞിറങ്ങാൻ തുടങ്ങിയതാണ്.


സന്ധ്യയിലേക്ക് ഇരുളിന്റെ കടുംപെയ്‌ത്ത്‌ തുടങ്ങി. മീത്തലെവളപ്പിലെ ചൂട്ടാട്ടില്‍ ആര്‍ത്ത് വളരുന്ന കുറെ കരിമ്പനകളുണ്ട്. വീശിപ്പെയ്യുന്ന മഴവെള്ളം അവയുടെ തടിയിലൂടൊലിച്ച് ചപ്പടിഞ്ഞ നിലത്തിലേക്കാഴ്‌ന്നിറങ്ങി. അപ്പോള്‍ കരിമ്പനകളിലൊന്നിന്റെ അടിവയറ്റില്‍ ഒരു കടച്ചിലുണര്‍ന്നു. വേരോടെ പറിഞ്ഞുലയുന്ന പോലൊരു തോന്നല്‍. അടുത്തുള്ള മറ്റേ പനയോട് അതു പറയുകയും ചെയ്‌തു.

സമയമായി... ഓലയിട്ടടിച്ച് മറുവാക്കുപറഞ്ഞ് ആ പന പറിച്ചുലര്‍ത്തുന്ന കർക്കിടകക്കാറ്റിനെ പ്രാകി.

ചൂട്ടാടിലെ അടിമണ്ണിളകി... നീലിച്ച മണ്ണിരകള്‍ വലിഞ്ഞുപുളഞ്ഞ് അടരുകളിലേക്ക് ചുരുണ്ടു. മണ്ണിന്നടിയില്‍നിന്ന് വെന്ത മണത്തോടെ ആരൊക്കെയോ പുറപ്പെടാനൊരുങ്ങി.

""ഇതെല്ലും നിര്‍ത്തണ്ട സമയം കയിഞ്ഞു. ഒരു വാവും ഒലക്കീം...''

മഴനനഞ്ഞ വാഴയിലകള്‍ തുടച്ച്‌ അട്ടിവെക്കുകയായിരുന്നു മുരളി. ആത്മഗതത്തിലാണ് തുടങ്ങിയതെങ്കിലും അവസാനിപ്പിച്ചത് ഉച്ചത്തിലായിപ്പോയി.

""നൊടിച്ചെലെളക്കാണ്ട് വെളക്കിലെല്ലാമെണ്ണീണ്ടോന്നോക്ക്... അല്ലങ്കിത്തന്നെ ചൊറയായതാന്ന്, അയിന്റപ്പരം പിന്നീം വെറ്തെ ശാപം അനര്‍ത്തൂം വെര്ത്തിവെക്കണ്ട... തറവാടിന്റെ പേര്കളയാന്‍ ഓരോന്ന്...''

പടീമ്മല് നിന്ന കണ്ണന്‍ കാർണോരുടെ ഒച്ച പൊന്തി.

""കാർണോര് പറഞ്ഞാ കേക്കണം, അതാ നെയമം... അറീല്ലേ...''

തികട്ടിവന്ന ചിരി കവിളു പൊന്തിച്ചു നിര്‍ത്തി ശാന്തന്‍ മുരളിയോടു പറ‍ഞ്ഞു.

""തറവാട്, കാര്‍ണോര്... ഒലക്ക... വീട്ട്ലേക്ക് വെരട്ട്... ശാപം പോലും...''

അച്ഛന്റെ മുഖം നോക്കി പറയാതെ മുരളി വിളക്കിലെണ്ണയൊഴിച്ചു.

തറവാട്ടിലെ വെളക്കില് പതിനൊന്ന് തിരിയിട്ട് കത്തിച്ചുവെക്കണം. ചത്തുപോയ കാര്‍ണോമ്മാര് നട്ടപ്പാതിരയ്ക്ക് വന്ന് ഊണുകഴിച്ച് പോകുന്നതുവരെ അത് കത്തിയിരിക്കണം.

""കെട്ടാല്‍ തറവാട്ടിലെ ആണ്‍തരിക്ക് കേടാ...''

വാഴപ്പോളകളില്‍ തിരിയോല കൊണ്ടുണ്ടാക്കിയ നറുക്കില കുത്തിവെച്ചുകൊണ്ട് അപ്പ്ണി പറഞ്ഞു.

ശാന്തനും മുരളിയും അത് നോക്കി നിന്നു.

""ജീവിച്ചിരിക്കുമ്പോ നോക്കണം… തീട്ടോം മൂത്രോം കോരണം... അല്ലാണ്ട് അന്നേരം നാറിപ്പുയ്ക്കാനിട്ട് ചത്തിറ്റും കൊന്നിറ്റും പിന്നെ വാവിന് ആത്ത് കോരിവെച്ചിട്ടെന്തിനാ...''

അതും പറഞ്ഞ് മുരളി ശാന്തനെയും കൂട്ടി തറവാടിനു പിറകിലെ ചായ്‌പ്പിലെത്തി. വിറകിനടിയില്‍ ഒളിച്ചുവെച്ചിരുന്ന മിലിട്ടറി ഹാഫെടുത്ത് പ്ലാസ്റ്റിക് ഗ്ലാസിലേക്കൊഴിച്ചു. കുതിര റമ്മ്.

""ടാ... വെള്ളമില്ല.''

""വെള്ളം വേണ്ട...''

ശാന്തന് ഉരിയാട്ടം മുട്ടി.


ഉരിയാട്ട്

പക്ഷെ അവരുടെ അപ്പോഴത്തെ ആ രീതി ഒട്ടും പിടിക്കാത്ത രണ്ടുപേര്‍ അവര്‍ക്ക് പിറകില്‍ നിൽക്കുന്നുണ്ടായിരുന്നു. തറവാട്കാവിലെ ഉഗ്രമൂര്‍ത്തികള്‍. നടയിൽ ചാമുണ്ഡിയും കുളിയനും.

കാവിന്റെ കഴകപ്പുരയുടെ വരാന്ത ഒരൊറ്റ കവച്ചുവെക്കലില്‍ കടന്ന് അവര്‍ തറവാടു ചായ്‌പ്പിലെത്തിയതാണ്.

""തറവാട് പരിപാലിച്ചാലേ കാവിലടിയന്തിരം പൂര്‍ത്തിയാവൂ... ഗുരുകാരണോന്‍മാര്‍ക്ക് ഉണ്ട് നെറഞ്ഞാലേ ദേവിക്ക് അകം നെറയൂ... അപ്രകാരം ഇസ്ഥലം മുമ്പേതുവായി തറവാട്ട് കർമത്തിന് ഭംഗം വരുത്തീടാതെ തക്കവണ്ണം കാത്ത് പരിപാലിച്ചോളാം പൈതങ്ങളേ...''എന്ന് ചടയന്‍ പെരുമലയനിലൂടെ കളിയാട്ടത്തിന് പറ‍ഞ്ഞുപോയിട്ടുണ്ട് നടയില്‍ ചാമുണ്ഡി.

അതിനെ നി‍ഷേധിക്കാനാണ് മുരളിയും ശാന്തനുമൊരുങ്ങുന്നത്. അതിനിടവരരുത്, വരുത്തരുത്. ഒറ്റയ്‌ക്കാവാഞ്ഞിട്ടല്ല, കൂടെയൊരാളുണ്ടാവുന്നത് നല്ലതാണ്, പൊറംകാലന്‍ കുളിയനെ കൂട്ടിയതതിനാണ്. മൂപ്പരാവുമ്പോള്‍ കൊറച്ച് അരങ്ങൊക്കെക്കൂട്ടി കാര്യങ്ങള് കൈകാര്യം ചെയ്യും.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

ശൂലം കൊണ്ടൊന്ന് തലോടിയാലോന്ന് കുളിയന്‍ ചോദിച്ചതാ... പക്ഷേ ചാമുണ്ഡി വേണ്ടെന്ന് പറഞ്ഞു. അൽപ്പം കടുപ്പത്തിലായിപ്പോയാ.. പിന്നെ അതിന്റെ പേരില്‍ കണിശന്‍ വരവായി, സ്വർണപ്രശ്നായി... പരിഹാരമായി... എന്തിന് വെറ്തെ പുലിവാല്... ഒരു ശ്രദ്ധ... നിയന്ത്രണം... അത് മതി.. നോക്കട്ടെ.

നിസ്സഹായത പുറത്തുകാണിക്കാതെ ചാമുണ്ഡി ആത്മഗതം അവസാനിപ്പിച്ചു.


അരങ്ങ്

""തൊടങ്ങാം... മഴ ലേശം വിട്ടിട്ടുണ്ട്... വെര്ന്നവര് വെരട്ട്...'' കാഴ്‌ചകളുടെ പെരുംപെയ്‌ത്തിൽ കണ്ണൻ കാരണോര് കൽപ്പിച്ചു.

തറവാട്ടില്‍നിന്ന് ദൂരെ മാറിത്താമസിക്കുന്നവരെല്ലാം ഇത്തവണത്തെ വാവിന് എത്തണമെന്നാണ് സ്വർണപ്രശ്നത്തില്‍ പറഞ്ഞത്. കാരണോന്‍മാരുടെ ഊട്ട് തറവാടിന്റെ ശ്രേയസ്സിന് അത്യാവശ്യമാണ് പോലും. ഇത്തവണ കാര്യമായി നടന്നില്ലെങ്കിൽ അനർഥങ്ങളുടെ പെരുമഴയായിരിക്കും.

ഒറ്റമുണ്ട് തറ്റുടുത്ത് ചുവന്ന പട്ട് അരയില്‍ ചുറ്റിക്കെട്ടി ഉത്തരീയമിട്ട് കണ്ണന്‍ കാരണോര് കേള്ച്ചനോട് കോഴിയെ വാങ്ങി. അതൊന്ന് കുതറി പിന്നെ ഉച്ചത്തിലൊന്ന് കൂവി. രാത്രി പാതിരയോടടുക്കുമ്പോഴുള്ള ആ കോഴികൂവല്‍ വല്ലാത്തതായി കണ്ണനു തോന്നി.

മഴയുടെ വരവില്‍ കണ്ണൻ കാരണോർക്ക് ചില അറിവുകൾ കനത്തു.

മരപ്പെയ്‌ത്തിന്റെ ഒച്ചയിലും നനവിലും മണ്ണിന്റെ പുരാതനമായ മണം അവിടെയെല്ലാം നിറയാന്‍ തുടങ്ങി. കരിഞ്ഞുപുകഞ്ഞ പച്ചമാവിന്റെയും ഓലച്ചൂട്ടിന്റെയും പാതിവെന്ത പച്ചയിറച്ചിയുടെയും മണംപൂശി ചൂട്ടാട്ടിലെ പനകളുടെ വലിയ രഹസ്യങ്ങളെ ഒരു വശത്തേക്കൊതുക്കി നാലുപേര്‍ വർഷങ്ങള്‍ക്ക് ശേഷം അപ്പോള്‍ മണ്ണിളക്കി പുറത്തേക്കുയര്‍ന്നു. മൂന്നാണും ഒരു പെണ്ണും. ആണുങ്ങള്‍ കുപ്പായം ഇടാത്തവരായിരുന്നു. രണ്ടാം മുണ്ട് ചുമലിലുണ്ട്. ഒറ്റമുണ്ടും ബ്ലൗസുമാണ് പെണ്ണിന്. നിലാവ് പൊള്ളിയ മുഖമായിരുന്നവര്‍ക്ക്.

നാലുപേരും മീത്തലെ വളപ്പിറങ്ങി.

ഇപ്പോള്‍ തറവാടിന്റെ മുറ്റം നിറയെ ആളുകളായി.


താവഴികളിലെത്താനാവുന്നവരെല്ലാമെത്തിയിരിക്കുന്നു. കോഴിയുടെ ഉച്ചത്തില്‍ക്കൂവല്‍ കേട്ടതോടെ വന്ന പെണ്ണുങ്ങളെല്ലാം വീട്ടിന്നകത്തേക്ക് കയറി.

""ഇനിയുള്ള ചടങ്ങുകള്‍ പെണ്ണുങ്ങള്‍ക്ക് കണ്ടുകൂട... പേടിച്ചുപോവും...''

ആടുരില്‍ നിന്നുവന്ന പടി‍ഞ്ഞാറ്റയിലെ ഇളയപെങ്ങള്‍ കാര്‍ത്തുവിന്റെ മകന്‍ തന്റെ ഭാര്യയോട് പറഞ്ഞു. അവരുടെ കല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസമായതേയുള്ളൂ. തങ്ങള്‍ തറവാട്ട്കാരാണെന്ന ഭയങ്കര അഭിമാനമായിരുന്നു അതു പറയുമ്പോളവന്. ബാഗ്ലൂരുകാരി ഭാര്യ അത് കേള്‍ക്കാതെ തന്നെ അകത്തേക്കു പോയിരുന്നു.

വാഴയിലകൊണ്ട് മൂടിവെച്ച ഗ്ലാസിൽനിന്ന് ഒരു കവിൾ കൂടി കാന്താരിച്ചുവ അണ്ണാക്കിലേക്കൊഴിച്ച് കോഴിയുടെ കഴുത്തില്‍ കണ്ണൻ കാർണോര്‌ കത്തി വെക്കുമ്പോഴേക്കും പടിഞ്ഞാറുനിന്ന് കാറ്റോടെ മഴവന്ന് വീണു. ചെരിച്ചുകെട്ടിയ ടാര്‍പ്പോളിന്റെ ഇടയിലൂടെ മഴവെള്ളം ചീറ്റിത്തെറിച്ചു. ഊട്ടിനൊരുങ്ങിയ കണ്ണൻ കാർണോരുടെ കാഴ്‌ചകൾ മിന്നൽ പോലെ തിളങ്ങി.


ഊട്ട്

വടക്കെ ചായ്‌പ്പില്‍ കർമം അവസാനഘട്ടത്തിലേക്കെത്തുകയാണ്.

മീത്തലെ വളപ്പിൽ‍നിന്ന് കരിഞ്ഞ മണത്തോടെ മുറ്റത്തെത്തിയിരുന്ന കെളോർമനും ഒദോർമനും അപ്പൂട്ടിയും പിന്നെ പെണ്ണൊരുത്തി ആമ്പെയ്‌തലും ഞാലിയിലേക്ക് പാഞ്ഞുകയറുന്നത് കണ്ണന്‍ കാർണോര് കണ്ടു. പടിമേല്‍ കിണ്ടിയും വെള്ളവും വെച്ചിട്ടുണ്ടായിരുന്നു. വിളമ്പിയ ഭക്ഷണം കഴിക്കാന്‍ കാലും കയ്യും കഴുകിയാണ് അകത്ത് കയറേണ്ടത്. ഒരുപക്ഷെ മഴയായതുകൊണ്ടാവും അവർ പാഞ്ഞുകയറിയത്.

തറവാടിന്റെ പടി കടന്നുവെക്കുമ്പോള്‍ അന്നുവരെയില്ലാത്ത ഒരു സങ്കടം ആമ്പെയ്‌തലിന്റെ ഉള്ളില്‍ പൊട്ടിപ്പെയ്‌തു. അവൾ കണ്ണന്റെ മുഖത്തേക്ക് പൊള്ളി വിളർത്ത ഒരു നോട്ടം നോക്കി. പിന്നെ കണ്ണൻകാരണോരുടെ കണ്ണിൽ കാണാക്കാഴ്‌ചകളുടെ പെരുമഴപ്പെയ്‌ത്തായി.

കാലം കണക്കാക്കാനാവാത്ത പണ്ടത്തെ ഒരു രാത്രി. ഇതേ അകത്ത് കിഴക്കിനിയിലെ ദാമുവിനെയും ചേര്‍ത്തുനിര്‍ത്തി തറവാട്ടുകാര്‍ ആമ്പെയ്‌തലിനെ ചോദ്യം ചെയ്യുന്നു. അവളുടെ ഉള്ളില്‍ ഇതേ മഴ പെയ്‌തമരുന്നു.

പട്ടാളത്തില്‍നിന്ന് ലീവിനു വന്നതായിരുന്നു ദാമു. കൊണ്ടു വന്ന അത്തറ് തരാനായിരുന്നു അവളെ വിളിപ്പിച്ചത്. അസമയത്തുള്ള ഈ കാഴ്‌ച കണ്ട തങ്കുയേമ്മ വിചാരിച്ചത് മാറിപ്പോയി. അതിന്‌ അവസാനം അന്നത്തെ കാരണോര് പരിഹാരം കണ്ടു. പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഒരു മഞ്ഞച്ചരട്, ദാമൂനെക്കൊണ്ട് അവളുടെ കഴുത്തില്‍ കെട്ടിച്ചു. അപ്പോൾ തോന്നിയത് അപമാനമാണോ സങ്കടമാണോ എന്നറിയില്ല. പക്ഷേ വടക്കേലെ ചായ്‌പ്പില്‍ അപ്പോള്‍ ഒരാള്‍ മൗനമായി നിലവിളിക്കുന്നുണ്ടായിരുന്നു. കോരുദാർമൻ. ആമ്പെയ്‌തലെന്ന പേര് അവൾക്ക് ആദ്യമായി വിളിച്ച അച്ഛന്‍. മകള്‍ക്ക് ദാമൂനോടങ്ങനെയൊരാശ ഒരിക്കലും തോന്നില്ലെന്ന് അത്രയും ഉറപ്പുള്ള അവളുടെ അച്ഛന്‍.

പ്രസവിക്കുമ്പോള്‍ മറഞ്ഞുപോയ ബോധം ഒരിക്കലും തിരിച്ചുവരാത്തതിനാല്‍ മരണംപോലെ തന്നെ ആ സത്യത്തെയും അവളുടെ അമ്മയ്‌ക്കറിയേണ്ടി വന്നിട്ടില്ല. ജനിച്ചത് മകളാണോ മകനാണോ എന്നറിയാൻ നോക്കിയപ്പോൾ പേറെടുക്കാനെത്തിയ മലിച്ചേയി കണ്ടത് പുറത്തേക്ക് തള്ളിപ്പിളർന്ന ഒരു ഇറച്ചിത്തുണ്ടായിരുന്നു. എത്രയോ പേറെടുത്ത മലിച്ചേയിയുടെ ആദ്യാനുഭവം. കുഞ്ഞ് ബാക്കിയാവാനിടയില്ല എന്ന തോന്നൽ പക്ഷേ അവരപ്പോൾ മിണ്ടിയില്ല.

വലുതാവുംതോറും മുണ്ടും കുപ്പായവുമിട്ട് അമ്പുവിന്റെയും മാധവന്റെയുമൊപ്പം പന്ത് കളിക്കാനും മരത്തില്‍ കേറാനും ഷാപ്പില്‍ പോകാനുമൊക്കെയാണ് ഇഷ്ടമെങ്കിലും തങ്കുയേമ്മയെപ്പോലെ നെഞ്ചിലെ വളർച്ചയും ഒച്ചയിലെ മാറ്റവും അവളെ അതിൽനിന്ന് സ്വയം വിലക്കി. പക്ഷേ അപ്പോഴും മണ്ണിലേക്ക് വളർന്നിറങ്ങിയ മഞ്ഞൾ പോലെ അരക്കെട്ടിൽ തൂങ്ങിക്കിടന്ന ഇറച്ചിത്തുണ്ടിനെ അവൾ വെറുത്തില്ല.

കുഞ്ഞായിരുന്നപ്പോൾ കുളിപ്പിച്ചിരുന്ന അച്ഛന്റെ കണ്ണിൽനിന്ന് ഒഴുകിയത് താനന്ന് തേവിയ വെള്ളമല്ലെന്ന് അവൾക്ക് മനസ്സിലായി. അതുകൊണ്ടുകൂടിയായിരിക്കണം അച്ഛനവളെ ആൺപെയ്‌തലെന്ന് വിളിച്ചത്.

അച്ഛന് നാണക്കേടാവരുതെന്ന് കരുതി അടക്കിവെച്ചതായിരുന്നു അവൾ അതെല്ലാം.


കുളി

തറവാടിന്റെ നാലുപറമ്പ് അപ്പുറമുള്ള താനിക്കുണ്ടിലെ കുളത്തില്‍ തീണ്ടാരികുളിക്കാൻ മാത്രമാണ് പെണ്ണുങ്ങളെല്ലാം പോകാറ്. പോകുമ്പോൾ ചെറിയ കുട്ടികളെയാണ് കൂടെക്കൂട്ടുക. ചെലപ്പോ ആ കുളി കാണാന്‍ ചില വേന്ത്രന്‍മാർ കുറ്റിക്കാട്ടില്‍ കുത്തിയിരിക്കും. മുമ്പ് ചിലരെ കയ്യോടെ പിടിച്ചിട്ടുണ്ട്. അതാണ് കൂടെയൊരാള് വേണംന്ന് പറയുന്നത്.

ആമ്പെയ്‌തലും ആദ്യായിറ്റ് പോയത് തങ്കുയേമ്മയുടെ കൂട്ടിനായിരുന്നു.

പതിനെട്ട് കഴിഞ്ഞതോടെ തറവാട്ടുകാരെ ബോധ്യപ്പെടുത്താന്‍ ആവശ്യമില്ലാഞ്ഞിട്ടും അവള്‍ താനിക്കുണ്ടില്‍ ഇല്ലാത്ത തീണ്ടാരി കുളിക്കാന്‍ പോയി. അവളുടെ അച്ഛന്‍ പറഞ്ഞതുകൊണ്ട് മാത്രം.


പേരൂലിൽനിന്ന് കുഞ്ഞപ്പന്റെ ആലോചന വന്നത് ഇരുപത് പൂര്‍ത്തിയായപ്പോളായിരുന്നു. ഒരുപാട് എതിര്‍ത്തു. ചെയ്യാനാവാത്തത് എങ്ങനെ ചെയ്യാന്‍. ആരെയാണ് മനസ്സിലാക്കിക്കുക... തോറ്റുപോയി. അയാളുടെ രണ്ടാം കെട്ടായാലും വേണ്ടില്ല പോയില്ലെങ്കില്‍ തറവാടിന് ചീത്തപ്പേരുവരും, അതായിരുന്നു കാരണോന്‍മാരുടെ ന്യായം.

ഉണ്ണാന്‍ അകത്തെത്തിയിട്ടും ആമ്പെയ്‌തല്‍ കരയുന്നത് കണ്ട് കണ്ണന്‍കാരണോര് അന്തംവിട്ടു. താനവരെക്കുറിച്ച് ചിന്തിച്ചുകൂട്ടുന്നത് അറിഞ്ഞു കാണുമോ? ആത്മാക്കൾക്ക് ചിലപ്പോൾ പറ്റുമായിരിക്കും. അല്ലെങ്കിൽ തന്റെ കർമത്തിലെന്തെങ്കിലും പിഴ, അതും പറയാൻ പറ്റില്ല.

നേരത്തേയടിച്ച നാടൻ ലേശം കൂടിപ്പോയിട്ടുണ്ട്. തെറ്റ് തന്നെയാണ്. പക്ഷെ എന്ത് ചെയ്യാന്‍... ഇപ്പഴത്തെ പിള്ളരെ വിശ്വസിക്കാനാവില്ല. പിന്നെ കിട്ടിയെന്നുവരില്ല. അതാണ് ക്ഷമയില്ലാതായത്. അതിപ്പോ ഇത്ര വലിയ പ്രശ്നമായോ. വരുന്നിടത്ത് വെച്ച് കാണാം. അയാൾ വീണ്ടും കർമങ്ങളിലേക്ക് കാഴ്‌ചപ്പെട്ടു.

കൂടെയിരുന്ന മൂന്നാണുങ്ങളും അമ്പെയ്‌തലിനെ നോക്കുന്നതുപോലുമില്ലെന്നറിഞ്ഞപ്പോൾ കണ്ണൻ കാരണോര് ഒന്നൂടെ വല്ലാതായി.

കുഞ്ഞപ്പനുമായുള്ള നിശ്ചയം കഴി‍ഞ്ഞതിന്റെ പിറ്റേ ദിവസം താനിക്കുണ്ടിലേക്ക് പോകുമ്പോള്‍ അമ്പെയ്‌തലിന് ഒറ്റ തീരുമാനമേയുണ്ടായിരുന്നുള്ളൂ. മരമേതെന്ന് മാത്രം ഉറപ്പിക്കണം. അങ്ങനെയാണ് പറങ്കിമാവിന്റെ കുളത്തിലേക്ക് ചാഞ്ഞകൊമ്പ് കണ്ടത്. കയറ്പൊട്ടി വീണാലും മുങ്ങിയെങ്കിലും തീരണം.

വിവരമറിഞ്ഞ് കു‍ഞ്ഞപ്പനും ആളുകളും വരുമ്പോഴേക്കും വെള്ളത്തില്‍നിന്ന് എടുത്ത് കിടത്തിയിരുന്നു. പക്ഷെ കഴുത്തില്‍ കയറിന്റെ പാടൊന്നും കാണാനില്ലായിരുന്നു. പകരമുണ്ടായിരുന്നത് വിരലമര്‍ന്ന കരുവാളിപ്പായിരുന്നു. കാല്‍ത്തുടകളിലും അരക്കെട്ടിലും മാന്തിപ്പറിച്ച പാടും. എന്നാലും കുളത്തില്‍ കാല്‍തെറ്റി വീണെന്ന് തന്നെയാണ് പൊലീസ് കുഞ്ഞപ്പനോടും നാട്ടുകാരോടും പറഞ്ഞത്. കാരണം അച്ഛനും മകളും ഒരേ ദിവസം ഒരുപോലെ ജീവിതം നിര്‍ത്തിയത് നാട്ടിലന്ന് ആദ്യത്തെ സംഭവമായിരുന്നു. സമയത്തിന്റെയും സ്ഥലത്തിന്റെയും കാര്യത്തില്‍ മാത്രമായിരുന്നു ചെറിയ മാറ്റം. അച്ഛന്‍ രണ്ടാമത് വീട്ടിലായിരുന്നു.


കുളിയൻ

എന്നിട്ടും കേളുക്കണിശന്‍ താനിക്കുണ്ടിന്റെ രഹസ്യങ്ങള്‍ കണ്ടെത്താതെ തന്റെ മേലെ മുഴുവന്‍ ഉത്തരാവാദിത്വം കെട്ടി വെച്ചതില്‍ കുളിയന് കടുത്ത അമര്‍ഷമുണ്ടായിരുന്നു. തന്റെ പോക്കുവരവിനിടയില്‍ അവര്‍ പെട്ടുപോയതാണെന്ന് അയാള്‍ പറഞ്ഞുകളഞ്ഞു. കഷ്ടം. തന്റെ കൈകാര്യത്തിലല്ല ആയിടമെന്ന് അയാളെങ്ങനെയറിയാന്‍... പഴയ താനിക്കുണ്ട് തറവാടായിരുന്ന മാളികവീട്ടിലെ മൂര്‍ത്തിയായ കരിഞ്ചാമുണ്ഡിയുടെ ചുമതലയിലാണല്ലോ ആ ദേശം. എന്തുചെയ്യാം, തെയ്യമായിപ്പോയില്ലേ. നിഷേധിക്കാന്‍ പോയില്ല. നിഷേധിച്ചിട്ടും കാര്യമില്ല. ആരതറിയിക്കും. ഈ കേളുക്കണിശന്‍ ഇനിയതു പറയാനും പോകുന്നില്ല. അയാളുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. എത്ര അവസരങ്ങളിലാണയാള്‍ തങ്ങളെക്കരുവാക്കിയതെന്ന് രണ്ട് തെയ്യങ്ങളും ഒരുപോലെ നെടുവീര്‍പ്പിട്ടു.

ഇതൊക്കെയിങ്ങനെ നിലനിര്‍ത്തിക്കൊണ്ടുപോവാന്‍ പെടുന്ന പാട് തെയ്യങ്ങള്‍ക്കേയറിയൂ. ആമ്പെയ്‌തലിന്റെ ഇപ്പോഴത്തെ കരച്ചില്‍ കണ്ടിട്ട് കുളിയന്‍ അർഥംവെച്ച് ചാമുണ്ഡിയെ നോക്കി. ചാമുണ്ഡി നിസ്സഹായമായി നോട്ടം മടക്കി.

ഇവിടെയിപ്പോ വാവടിയന്തിരം പൂര്‍ത്തിയാക്കണം. ഉണ്ണാന്‍ വന്ന കാരണോത്തി ഇങ്ങനെ കരഞ്ഞിരുന്നാൽ ശരിയാകില്ല. ഇവിടുള്ള പ്രധാനികൾക്കെല്ലാം അൽപ്പസമയം കൂടിയേ സ്വബോധമുണ്ടാവുകയുള്ളുവെന്നും ചെറുപ്പക്കാര്‍ ശാന്തന്റെയും മുരളിയുടെയും നേതൃത്വത്തില്‍ അവര്‍ക്കാവുമ്പോലെ നേരത്തേ തുടങ്ങിക്കഴി‍ഞ്ഞിരിക്കുന്നുവെന്നും തെയ്യങ്ങൾക്കറിയുന്നതാണ്.

പക്ഷെ തങ്ങളെ പെടുത്താന്‍ പോകുന്ന വലിയൊരു കുരുക്കിലേക്കാണ് ചെറുപ്പക്കാര്‍ അറിയാതെ നീങ്ങുന്നതെന്ന കാര്യം എന്തുകൊണ്ടോ തെയ്യങ്ങള്‍ക്ക് മുന്‍കൂട്ടിക്കാണാന്‍ കഴിഞ്ഞില്ല. അതിന്റെ തുടക്കമായിട്ടാണ് പാതിരയോടടുക്കുന്ന നേരം താനിക്കുണ്ടില്‍നിന്ന് ഒരു നായ വല്ലാതെ ഓളിയിടുകയും കുരച്ചുകൊണ്ടിരിക്കയും ചെയ്‌തത്.


കുരുക്ക്

താനിക്കുണ്ടിലെ ചെരിവിൽനിന്ന് അമ്മായിരവി ആ പാതിരയ്‌ക്ക്‌ പെരുമഴയോടൊപ്പം നനഞ്ഞൊലിച്ച് ഓടിവന്ന് കണ്ണൻ കാരണോരോട് ആ രഹസ്യം പറഞ്ഞു.

""അമ്മാവൻ പറഞ്ഞു വേം വാവിനു പോയി കൂടണമെന്ന്. കേട്ടവാടെ ഞാനിങ്ങ് പാഞ്ഞു.''

കുണുങ്ങിയുള്ള ആ വർത്തമാനം കേട്ടപ്പോള്‍ തന്നെ കണ്ണന്‍ കാരണോരുടെ തലയ്‌ക്കകത്തെ പിടി പൂർണമായും വിട്ടുപോയി. അതിന് രണ്ട് കാരണമുണ്ടായിരുന്നു. ഒന്ന് ഈവക കാര്യങ്ങളെല്ലാം തനിക്ക് മാത്രമേ കാണാന്‍ പറ്റൂ എന്ന വിശ്വാസം തകര്‍ന്നത്. രണ്ട് നാണിയുടെ വാറ്റിന് പിഴച്ചുവെന്ന തോന്നല്‍ ഉറപ്പിക്കേണ്ടിവന്നത്.

സംഗതി മറ്റൊന്നുമല്ല. വാവടിയന്തിരത്തിന് വരാതെ വീട്ടില്‍ തന്നെയിരുന്ന രവിയെ അവന്റമ്മാവൻ‍ മാധവന്‍ നട്ടപ്പാതിരയ്‌ക്ക്‌ ചെന്ന് ഉടന്‍ തറവാട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞുപോലും.

കണ്ണന്‍ കാരണോര് അതിനിത്ര പരിഭ്രമിക്കേണ്ട കാര്യമുണ്ടോ. ഉണ്ട്. കാരണം ഈ മാധവന്‍ ആമ്പെയ്‌തലിന്റെ മച്ചുനിയനാണ്. അതായത് മുറച്ചെറുക്കൻ. പണ്ട് ദാമുവിനെക്കൊണ്ട് അവൾക്ക് അത്തറുകൊടുപ്പിച്ചതും തങ്കുയേമ്മയ്‌ക്കത് കാണിച്ചു കൊടുത്ത് പിടിപ്പിച്ചതും ഈ മാധവനായിരുന്നു.

ആമ്പെയ്‌തല്‍ മരിച്ചതിന്റെ മൂന്നാം ദിവസം നാടുവിട്ടതായിരുന്നു അയാൾ‍. പിന്നെ കേട്ടത് കൊടകിലെ കാട്ടില്‍ ചത്ത് ചീഞ്ഞ് കിടക്കുന്നതായാണ്. ശവംപോലും നാട്ടിലെത്തിക്കാനായിട്ടില്ലായിരുന്നു. അവിടെത്തന്നെ മണ്ണിട്ടുമൂടുകയായിരുന്നു പോലും. അതൊക്കെ വര്‍ഷം നാൽപ്പതോ അമ്പതോ ആയിക്കാണും.

ആ മാധവനാണ് ഇപ്പോൾ അമ്മായിരവിയോട് തറവാട്ടിലെത്താന്‍ പറഞ്ഞിരിക്കുന്നതുപോലും. മാത്രമല്ല, ഈ രവി തറവാട്ടിലേക്ക് തിരിഞ്ഞുനോക്കാത്ത കാലം കുറേയായി. കാണാന്‍ തന്നെ കിട്ടാറില്ല. അച്ഛനുമമ്മയും മരിച്ചതിൽപ്പിന്നെ പണിക്കൊന്നും പോകാറില്ല. രാത്രികളിൽ പല ചെറുപ്പക്കാരും അവിടെ വരവു പോക്കുണ്ടെന്ന് പറയുന്നത് കേട്ടിരുന്നു. അമ്മായി രവിയെന്ന് വിളിപ്പേരായതങ്ങനെയാണ്. അവനാണിന്ന് ഈനേരത്ത്.

""മട്ടും നക്കി വന്നിറ്റ്... പൂ...''

വായില്‍ അപ്പോള്‍ വന്നുനിന്ന പുളിച്ചതെറി കണ്ണന്‍ തുപ്പല് കൂട്ടി ഒന്നാകെ ഇറക്കി. കാരണം ചാമുണ്ഡിയും കുളിയനും അപ്പുറം എല്ലാം നോക്കിനിൽക്കുന്നത് അയാള്‍ കാണുന്നുണ്ടായിരുന്നു. ഒന്നും പ്രത്യേകിച്ച് സംഭവിക്കാത്തപോലെ നിൽക്കുകയാണ് രവി.

പകരം കലക്കന്‍ തെറികളുമായി മഴ രംഗം കൊഴുപ്പിച്ചു. കേള്ച്ചനും അപ്പ്ണിയുമെല്ലാം കണ്ണനെ പകച്ചു നോക്കുകയാണ്.

""നീ കോഴിയെ അറക്കു കണ്ണാ... സമയായെടോ...''

അപ്പ്ണി ബാക്കിയുള്ള പന്തങ്ങള്‍ക്ക് തീകൊളുത്തി. അവ വിറച്ച് കത്തിനിന്നു. ചാമുണ്ഡിയും കുളിയനും തറവാട്ടിന്നകത്തേക്ക് നോക്കി. കോഴിയുടെ കരച്ചിന് കാതോര്‍ത്ത് ഇരിക്കയാണവർ നാലുപേരും. പക്ഷേ ആമ്പെയ്‌തല്‍ കരയുന്നില്ലിപ്പോള്‍. പകരം അവളുടെ കണ്ണിൽ ഒരു തിളക്കം കത്തിത്തുടങ്ങിയിരുന്നു. അവൾ ഏന്തി വലിഞ്ഞ് രവിയെ നോക്കി.

കോഴിയെ നെടുകെപ്പിളര്‍ന്ന് കുടലുമാല എടുത്ത് കോത്തിരിയില്‍ ചുറ്റിവരിഞ്ഞ് മഞ്ഞളും ചുണ്ണാമ്പും കലക്കിയ ഗുരുസി തര്‍പ്പിച്ച് കണ്ണന്‍ എഴുന്നേറ്റു. ഇനി അകത്തിരുന്നവർക്ക് ഉണ്ണാന്‍ തുടങ്ങാം.


അൽപ്പം ആശ്വാസത്തോടെ ചാമുണ്ഡിയും കുളിയനും പരസ്‌പരം നോക്കി. കാര്യങ്ങളെല്ലാം വേണ്ടപോലെ നടക്കുന്നുണ്ട്. അവര്‍ക്ക് ഒരാത്മവിശ്വാസം വന്നപോലെ തോന്നി.

""ഇനിയെല്ലാരും കൊറച്ച്നേരം മാറി അപ്പറം നിക്കണം.'' ആവേശത്തോടെ കേള്‌ച്ചന്‍ പറഞ്ഞു.

എല്ലാവരും തറവാടിന്റെ തെക്കുള്ള അച്ചിമാവിന്റെ ചുവട്ടിലേക്ക് മാറിയിരുന്നു. അപ്പോഴേക്കും അപ്പ്ണി രണ്ടു കുപ്പികളും എടുത്തുവെച്ചു. കേള്‌ച്ചന്‍ അരയില്‍നിന്ന് ഇലയില്‍ പൊതിഞ്ഞ തേങ്ങാപ്പൂളുമെടുത്തു. ഓരോ ഗ്ലാസ്സ് പിടിപ്പിച്ചപ്പോള്‍ കണ്ണന്‍ കാർണോര് നാക്ക് കുഴഞ്ഞു...

""പന്ത്രണ്ടുകൊല്ലം മൊടങ്ങീനെങ്കിലും ഇന്നൊരുവിധമെല്ലാരും എത്ത്യല്ലാപ്പ, അതുമതി. ഇണ്ടറോ... എല്ലോനും ഉള്ളില് വിശ്വാസൂണ്ട്... ചെലേറ്റിങ്ങ നൊടിച്ചെലെളക്ക്ന്നുണ്ട്യെന്നേയുള്ള്... ഇതെല്ലും എന്തിനാ... മ്മളെ തറവാടിന്റെ ഐശ്വര്യത്തിനാ... ഒരുമ വേണം ഒരുമ...''

""എന്ത്ന്ന്... ഒരുമ… മൊരം വിശ്വാസൂള്ള മ്മളെ അമ്മായിരവി വന്ന്വാ… ഈന്റെ മെരട്ടല്ലെ ആ മൊണ്ണേന്റെ വീട്...''

കേള്‌ച്ചന്‍ കണ്ണൻ കാർണോരുടെ ആശ്വാസത്തെ നിഷ്‌കരുണം തള്ളി...

രവി വന്നത് കേള്‌ച്ചന്‍ ഓർമിക്കാത്തത് മത്ത് കേറിയത് കൊണ്ടായിരിക്കണം.

കണ്ണൻ കാർണോര് അമ്മായിരവിയെ നോക്കി ആശ്വസിച്ചു.

""മംഗലം പോലും കയിക്കാണ്ട് രാവും പകലും പൂജീം ഭജനേം കൊണ്ട് നടക്കുന്നോന് എന്തേപ്പ വാവ് ബാധകല്ലാണ്ടായിപ്പോയിനി. ഓന്റെ പോക്കുവരവത്ര നേരെയല്ല. ചെറിയ പിള്ളരോടുള്ള എടപാടും. പണ്ടേ കുടുംബത്തെപ്പറ്റി കേട്ടിനി. റോങ്ങാ.''

അതുവരെ മിണ്ടാണ്ടിരുന്ന ശാന്തന്‍ പകതീര്‍ക്കും പോലെ പറഞ്ഞുതീര്‍ത്തു. കഴിഞ്ഞ ദിവസത്തെ പാർടി കമ്മിറ്റിയില്‍ രവിയുടെ മറ്റിടപാടുകളും ഗൗരവമുള്ള ചര്‍ച്ചയായിരുന്നു. പുതിയ സാഹചര്യത്തില്‍ സ്വന്തം കുടുംബക്കാരനായിട്ടും അവനെ തിരുത്തിക്കാന്‍ പറ്റാത്തതിന് ശാന്തന് അവിടെ മറുപടിയുണ്ടായിരുന്നില്ല.

ശാന്തന്റെ ഇപ്പഴത്തെ പറച്ചിലിനും ഒരു മറുപടിയുമുണ്ടായില്ല. ആ മറുപടി എന്തായി മാറുമെന്ന് ഉറപ്പില്ലാത്തതുകൊണ്ടാണത്.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

കണ്ണൻ കാർണോര് കുളിയനെ കണ്ടു.

കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്ന കുളിയന് ചിലതറിയാമായിരുന്നു. കഴിഞ്ഞ കളിയാട്ടത്തിന് രവിയെല്ലാം കരഞ്ഞു പറഞ്ഞ് കേള്‍പ്പിച്ചതാണ്. ഒറ്റപ്പെടലും ഒറ്റപ്പെടുത്തലും കേൾക്കാനാളില്ലാത്തതും എത്ര സങ്കടമാണെന്ന് കുളിയൻ കണ്ടറിഞ്ഞിരുന്നു.

പക്ഷെ അസാധാരണമായ ചില കാര്യങ്ങള്‍ അപ്പോഴാണ് നടന്നത്. ഉണ്ണാനിരുന്നിടത്തുനിന്ന് ഒന്നും പറയാതെ ആമ്പെയ്‌തല്‍ എഴുന്നേറ്റ് പുറത്തേക്കിറങ്ങി. അവള്‍ നേരെ മഴ നനഞ്ഞൊലിച്ച് നിൽക്കുന്ന രവിയുടെ അടുത്തെത്തി. ഒന്നിച്ചുണ്ണാനിരുന്ന ഒദോർമനും കെളോർമനും അപ്പുട്ടിക്കും തടയാന്‍ പറ്റുന്നതിനും മുമ്പേയതു നടന്നു. അവന്റെ കയ്യും പിടിച്ച് ആമ്പെയ്‌തല്‍ താനിക്കുണ്ട് ചെരിവിലേക്ക് പെട്ടെന്നു നടന്നു.

അച്ചിമാവിൻചോട്ടിൽ നടക്കുന്ന ചര്‍ച്ചയിലും തലയിൽ നാടന്‍ പതഞ്ഞ് തിമർക്കുന്നതിലും പെട്ടതിനാൽ കണ്ണൻകാർണോരുടെ മനസ്സിലിത് പെട്ടില്ല. അയാൾ കുഴഞ്ഞു മറിഞ്ഞിരുന്നു. കേള്‌ച്ചനും അപ്പ്ണിയും മൂന്നാമത്തെ ഗ്ലാസ്സില്‍ കൈ വെച്ചിരുന്നു. തൊട്ടുമുമ്പുവന്ന ഒരു ഫോൺവിളിയില്‍ ശാന്തനും മുരളിയും അവിടുന്ന് അപ്പോഴേക്കും നീങ്ങിയിരുന്നു.

പറഞ്ഞുറപ്പിച്ചപോലെ കൃത്യമായി മഴയും കനത്തില്‍ അവര്‍ക്കൊപ്പംകൂടി.

അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ ആകെ പകച്ചുപോയത് രണ്ടുപേര്‍ മാത്രമായിരുന്നു. ചാമുണ്ഡിയും കുളിയനും. എല്ലാം ശരിയായിടത്തു നിന്നൊരു കൈവിട്ടുപോകല്‍. നേരത്തേ വന്ന അവരുടെ ആത്മവിശ്വാസം അപ്പോള്‍ വന്ന കനത്ത മഴയില്‍ കുത്തിയൊലിച്ചുപോയി. തറവാടിന്റെ അന്തസ്സ് കാക്കേണ്ടത് പൂർണമായും അവരുടെ മാത്രം തലയിലായതുപോലായി.

ആമ്പെയ്‌തലും രവിയും ധൃതിയില്‍ കുന്നുകയറുമ്പോള്‍ അവര്‍ കണ്ടു, ശാന്തന്റെ രണ്ട് ചങ്ങാതിമാര്‍ വേഗത്തില്‍ കുന്നിറങ്ങി വരുന്നത്. കാര്യം അത്ര പന്തിയല്ല. നനഞ്ഞുകുതിര്‍ന്ന രവിയുടെ കിതപ്പ് നിന്നപോലെയായി. നായ കുര മതിയാക്കിയിരുന്നില്ല.

ചെരിവിലെ രവിയുടെ വീട്ടില്‍ വെളിച്ചമില്ലായിരുന്നു. ഇരുട്ട്. കറുത്ത ഇരുട്ട്. എന്നാല്‍ വീടിനു ചുറ്റും മൂന്നാലു ടോര്‍ച്ചുവെളിച്ചം മിന്നുന്നുണ്ട്.

ടോര്‍ച്ച് മിന്നിച്ചു ശാന്തനും മുരളിയും രവിയുടെ വീടിന്റെ വാതിലില്‍ ആഞ്ഞുചവിട്ടി. ആമ്പെയ്‌തലും രവിയും മുറ്റത്ത് തന്നെ നിന്നു. നേരത്തെ പോയവര്‍ ആളുകളെയും കൂട്ടി വരുന്നതിനു മുമ്പേതന്നെ ചാമുണ്ഡിയും കുളിയനും കൂടി അവിടെയെത്തി.

ആള്‍ത്താമസമില്ലാത്ത പോലെ അലങ്കോലമായിക്കിടക്കുന്ന വീടും പരിസരവും കണ്ട് തെയ്യങ്ങള്‍ക്ക് വല്ലാത്ത വിഷമം തോന്നി. ഇടപെടാമായിരുന്നില്ലേയെന്ന് കുളിയന്‍ ചാമുണ്ഡിയെ നോക്കി.

ധൃതിയില്‍ മുറ്റത്തേക്കിറങ്ങിയ ശാന്തന്‍ ആരെയൊക്കെയോ ഫോണ്‍ ചെയ്യാന്‍ തുടങ്ങി.

അപ്പോഴേക്കും വരാന്തയില്‍ കയറിയ ചാമുണ്ഡിയും കുളിയനും അകത്തെ ടോര്‍ച്ചുവെളിച്ചത്തിലെ കാഴ്‌ചയിൽ ഉള്ളുലഞ്ഞുപോയി. മുറിയിലെ കഴുക്കോലില്‍ അതേ വേഷത്തിൽ തൂങ്ങി നിൽക്കുകയാണ് രവി.

താഴെ ചുമരില്‍ ചാരിവെച്ച കുറച്ചു ഫോട്ടോകളും കെട്ടുപോയ ചന്ദനത്തിരികളും കുറച്ച് പുസ്തകങ്ങളും. ചാമുണ്ഡിയും കുളിയനും പുറത്തേക്ക് നോക്കി. മുറ്റത്തെ തെക്കെകോണില്‍ നനഞ്ഞു നില്‍ക്കുന്ന രവിയെ ആമ്പെയ്‌തല്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നു. നായ മാത്രം എവിടുന്നോ കുരച്ചുകൊണ്ടിരുന്നു.

തളര്‍ന്നുപോയ കുളിയനും ചാമുണ്ഡിയും കേളുക്കണിശന്റെ കവിടിയുടെ ഞരക്കം പിന്നെയും കേട്ടു.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

മടക്കം

നാണി വാറ്റിയ നാടന്‍ രണ്ട് കുപ്പിയും കഴിഞ്ഞപ്പോള്‍ കണ്ണൻ കാർണോര് എഴുന്നേറ്റു. ഇനി തറവാട് തുറന്ന് കത്തിച്ചുവെച്ച വിളക്ക് കാണണം. എല്ലാ തിരികളും കത്തിനിൽക്കും. അതാണ് പതിവ്. ഒന്നും കെടാറില്ല. കണ്ണന്‍ കാർണോരു വാതിലു തള്ളിത്തുറന്നു.

അകത്തെ എല്ലാ വിളക്കും കെട്ടിരുന്നെങ്കിലും നിറഞ്ഞ് തെളിഞ്ഞ് കത്തുന്നതായിട്ടാണ് കണ്ണൻ കാർണോർക്കു തോന്നിയത്. ഈ സന്തോ‍ഷം വീടിന്നകത്തുകൂടിയ പെണ്ണുങ്ങളോട് പറയണമെന്ന് അയാൾക്ക് തോന്നി.

അപ്പോഴേക്കും കരിന്തിരികത്തിയ മണവുമായി കുറേപേര്‍ രവിയെയും കൂട്ടി ആമ്പെയ്‌തലിനൊപ്പം മീത്തലെ വളപ്പിലെ ചൂട്ടാട്ടിലേക്കു മടങ്ങുന്നുണ്ടായിരുന്നു.

വലിയ കരിമ്പനകൾ അത്രയും രഹസ്യമായി ആ വരവിനെ കാത്ത് മൺപിളർത്തി നിന്നു. പിളർപ്പിലെ മണ്ണിന്റെ നനവും പുകഞ്ഞ മണവും ചുറ്റും നിറഞ്ഞുവരുന്നതായി കണ്ണൻ കാർന്നോരറിഞ്ഞു .



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home