ഓർമ
ഓർമ്മച്ചിരാതുകൾ

വൈശാഖൻ
Published on Jun 15, 2026, 01:40 PM | 5 min read
പി ഭാസ്‌കരൻ
അരുണാചലം സ്റ്റുഡിയോയിൽ പിന്നീട് ഒരുതവണകൂടി ശശിക്കും ഷെരീഫിനും ഒപ്പം ഞാൻ പോയി. അവിടെ എത്തിയപ്പോൾ കണ്ടു‐ പി ഭാസ്‌കരൻ മാഷ്, തോപ്പിൽ ഭാസി, ദേവരാജൻ മാഷ്. ഏതോ ഒരു ചിത്രത്തിന്റെ റഷസ് സ്‌ക്രീനിൽ ഇട്ട് പരിശോധിക്കുകയാണ്. എഡിറ്റിങ്ങിന്റെ ഭാഗമായിട്ടായിരുന്നോ അതോ പശ്ചാത്തല സംഗീതത്തിന്റെ ഭാഗമായിട്ടായിരുന്നോ എന്നറിയില്ല. ഏതായാലും ഞങ്ങളെ കണ്ടപ്പോൾ അവർ തൽക്കാലത്തേക്ക് പ്രൊജക്‌ഷൻ നിർത്തിവച്ചു. വളരെ സൗഹൃദഭാവത്തിൽ സംസാരിച്ചു. എനിക്ക് വിവരിക്കാനാവാത്ത സന്തോഷം തോന്നി. ആരെയൊക്കെയാണ് ഒരുമിച്ചു കാണാൻ ഭാഗ്യമുണ്ടായത്! തമിഴ്നാട് ‐ ആന്ധ്ര അതിർത്തിയിൽ ജോലി ചെയ്യുന്ന ഒരു സ്റ്റേഷൻമാസ്റ്റർക്ക് കുറച്ചു കഥകൾ എഴുതിയതുകൊണ്ട് കിട്ടിയ ഭാഗ്യം! അതിന്റെ പേരിലാണല്ലോ എനിക്ക് ശശിയെയും ഷെരീഫിനെയും സുഹൃത്തുക്കളായി കിട്ടിയത്.
കൂടുതൽ സമയം അവിടെ തങ്ങുന്നത് ശരിയല്ല എന്നുതോന്നി. ഞങ്ങൾ യാത്ര പറഞ്ഞ് ഇറങ്ങി. അവർ റഷസ് കാണുന്നത് പുനരാരംഭിച്ചു.
ചിത്രീകരണം: ദേവപ്രകാശ്
പതിറ്റാണ്ടുകൾ കഴിഞ്ഞ് വീണ്ടും ഭാസ്‌കരൻ മാഷെ സന്ധിക്കാൻ ഇടയായ സന്ദർഭം ഓർമവരുന്നു. തിരുവല്ലയിൽവച്ച് കണ്ണശ്ശ പുരസ്‌കാര സമർപ്പണം നടക്കുന്ന വേദി. എരുമേലി പരമേശ്വരൻ പിള്ളയാണ് സംഘാടകൻ. പുരസ്‌കാര സമർപ്പണം ഞാനാണ് നിർവഹിക്കേണ്ടത്. ഒരു എഴുത്തുകാരൻ എന്ന നിലയിൽ എരുമേലിക്കുള്ള പ്രത്യേക സ്‌നേഹംകൊണ്ടാകാം എന്നെത്തന്നെ ക്ഷണിച്ചത്. ഞാൻ അത് അഭിമാനത്തോടെ സമ്മതിക്കുകയും ചെയ്‌തു.
വേദിയിൽ ഭാസ്‌കരൻ മാഷും ഞാനും അടുത്തടുത്താണ് ഇരുന്നത്. ഭാസ്‌കരൻ മാഷിന്റെ തൊട്ടപ്പുറത്ത് എരുമേലി. ഭാസ്‌കരൻ മാഷ് കുറച്ചുനേരം സദസ്സിനെ നോക്കി മൗനിയായി ഇരുന്നു. പിന്നീട് എന്റെ നേരെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് ചോദിച്ചു.
“എന്താ പേര്?”
ഞാൻ പറഞ്ഞു.
“വൈശാഖൻ.”
മാഷ് എന്തോ ആലോചിക്കുന്നതുപോലെ തോന്നി. ഞാൻ തുടർന്ന് പറഞ്ഞു.
“മാഷേ, നമ്മൾ മുമ്പ് കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുമുണ്ട്. മദിരാശിയിൽ അരുണാചലം സ്റ്റുഡിയോയിൽ. മാഷും തോപ്പിൽഭാസിയും ദേവരാജൻ മാഷും ഉണ്ടായിരുന്നു. എന്റെ കൂടെ ഐ വി ശശിയും ഷെരീഫും ഉണ്ടായിരുന്നു.”
മാഷ് സന്തോഷസൂചകമായി ചിരിച്ചു.
“ഞാൻ ഓർക്കുന്നുണ്ട്.”
മാഷുടെ മറുപടി കേട്ടപ്പോൾ എനിക്കും സന്തോഷം.
പിന്നീട് കുറച്ചുനേരത്തേക്ക് ഭാസ്‌കരൻ മാഷ് ഒന്നും സംസാരിച്ചില്ല. കുറച്ചുകഴിഞ്ഞ് ചോദിച്ചു.
“എന്തു പരിപാടിയാണ് ഇവിടെ?”
“കണ്ണശ്ശ പുരസ്‌കാര സമർപ്പണം.”
“ആർക്കാണ് പുരസ്‌കാരം കൊടുക്കുന്നത്?”
എനിക്ക് ആശയക്കുഴപ്പം തോന്നി. മാഷിന്റെ അസുഖത്തെക്കുറിച്ച് ആരും എന്നോട് പറഞ്ഞിരുന്നില്ല. ഒരുപക്ഷേ തിരക്കിൽ വിട്ടുപോയതാവാം. അല്ലെങ്കിൽ എനിക്ക് അതേക്കുറിച്ച് മുന്നേ അറിയാം എന്ന് ധരിച്ചിട്ടുണ്ടാകാം. എന്റെ അങ്കലാപ്പ് കണ്ടിട്ടാവാം ഭാരവാഹികളിൽ ആരോ വന്ന് എന്റെ ചെവിയിൽ സ്വകാര്യമായി പറഞ്ഞു.
“മാഷ്‌ക്ക് ഓർമക്കുറവ് കലശലായി ഉണ്ട്. ഡിമെൻഷ്യ.”
അതുകേട്ടപ്പോൾ എന്റെ ഉള്ളിൽ സങ്കടം കാർമേഘം പോലെ കയറിവന്നു. മാഷ് തുടർന്നും സംസാരിച്ചുകൊണ്ടേയിരുന്നു.
“അവർ ആരെങ്കിലും എത്തിയിട്ടുണ്ടോ?”
“ആരാ മാഷേ?”
“കണ്ണശ്ശന്മാർ.”
“അവരൊക്കെ പണ്ട് ജീവിച്ചിരുന്നവരല്ലേ?”
വീണ്ടും മൗനം. പിന്നീട് മാഷ് ചോദിച്ചു.
“ഇവിടെ എന്താ പരിപാടി?”
“കണ്ണശ്ശ പുരസ്‌കാരം സമർപ്പിക്കുന്ന പരിപാടിയാണ് മാഷേ.”
“ആർക്കാണ് സമർപ്പിക്കുന്നത്?”
“മാഷ്‌ക്കാണ്.”
അതു കേട്ടപ്പോൾ മാഷ് വിശാലമായി ചിരിച്ചു.
“എനിക്കോ? ഏയ് എനിക്ക് അതൊന്നും വേണ്ട.”
മാഷ് എന്നോട് മാത്രം സംസാരിച്ചിരിക്കുന്നതിൽ എനിക്ക് വിഷമം തോന്നി. ഒപ്പം ആശ്വാസവും.
“ഈ എരുമേലി പരമേശ്വരൻ പിള്ള വന്നിട്ടുണ്ടോ?”
ഒരു പക്ഷേ എരുമേലി ഭാസ്‌കരൻ മാഷെ കാണാൻ വീട്ടിൽ ചെന്നത് ഓർമവന്നിട്ടുണ്ടാകും.
ഞാൻ പറഞ്ഞു.
ചിത്രീകരണം: ദേവപ്രകാശ്
“മാഷ്ടെ തൊട്ടപ്പുറത്ത് ഇരിക്കുന്നത് അദ്ദേഹമാണ്.”
പിന്നീട് മാഷ് എരുമേലിയോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ആ സമയം സമ്മേളനത്തിന്റെ പ്രാരംഭമായി ഒരു പെൺകുട്ടി മനോഹരമായി ഒരു പാട്ടുപാടി. അത് ഭാസ്‌കരൻ മാഷ് എഴുതിയ പാട്ടായിരുന്നു. മാഷ് അത് കാതോർത്ത് ശ്രദ്ധിച്ചിരുന്നു. പാട്ട് കഴിഞ്ഞപ്പോൾ മാഷ് എന്റെ നേരെ തിരിഞ്ഞ് പറഞ്ഞു. സന്തോഷത്തിന്റെ പ്രകാശം സ്‌ഫുരിക്കുന്ന മുഖഭാവം.
“അത് ഞാൻ എഴുതിയ പാട്ടാണ്.”
കുട്ടിയുടെ പാട്ടുകഴിഞ്ഞ് എരുമേലിയുടെ സ്വാഗതപ്രസംഗം ആയിരുന്നു എന്നാണ് ഓർമ. ആ സമയത്ത് ഭാസ്‌കരൻ മാഷ് കുറച്ചുനേരം സ്വാഗതപ്രസംഗം ശ്രദ്ധിച്ചിരുന്നു. പിന്നീട് എന്റെ നേരെ തിരിഞ്ഞ് ചോദിച്ചു.
“എന്താ പേര്?”
എനിക്ക് നെഞ്ചിൽ ഒരു വിങ്ങൽ തോന്നി. പി ഭാസ്‌കരൻ മാഷ് എന്ന പ്രിയകവി, സംവിധായകൻ, ഗാനരചയിതാവ് ആണ് എന്നോട് വീണ്ടും പേര് ചോദിക്കുന്നത്. മനുഷ്യാവസ്ഥയുടെ വിചിത്രവും വേദനാജനകവുമായ ഒരു സന്ദർഭത്തിനാണല്ലോ ഞാൻ സാക്ഷ്യം വഹിക്കേണ്ടി വന്നിരിക്കുന്നത്.
“മാഷെ, ഞാൻ വൈശാഖൻ.”
അധ്യക്ഷ പ്രസംഗം മിനിറ്റുകൾക്കുള്ളിൽ അവസാനിച്ചു. അവാർഡ് സമർപ്പണമായിരുന്നു അടുത്തത്. ഞാൻ അവാർഡ് ശിൽപ്പം കൈമാറുന്നതിനു മുമ്പ് ഭാസ്‌കരൻ മാഷെ വണങ്ങി.
വിഷാദംകൊണ്ട് കനമാർന്ന മനസ്സുമായാണ് അന്ന് തിരുവല്ലയിൽ നിന്നും മടങ്ങിയത്.
ശിവരാമ കാരന്ത്
1980‐കളുടെ ആദ്യപകുതിയിൽ പാലക്കാട് പുതുശ്ശേരിയിൽ ഒരു ദേശീയ ഫോക്‌ലോർ ഫെസ്റ്റിവൽ നടന്നു. ആരായിരുന്നു സംഘാടകർ എന്ന് ഓർമയില്ല. അതിന്റെ ബ്രോഷർ എനിക്കും കിട്ടിയിരുന്നു. വളരെ പ്രമുഖരൊക്കെ പങ്കെടുക്കുന്നതായി കണ്ടു. അവരിൽ ശിവരാമ കാരന്തിന്റെ പേരാണ് എന്നെ ഏറ്റവും ആകർഷിച്ചത്. കന്നഡ ഭാഷയിലെ വിഖ്യാതനായ നോവലിസ്റ്റ്, കഥാകൃത്ത്, നാടകകൃത്ത്, ജ്ഞാനപീഠ ജേതാവ്, പത്മഭൂഷൻ ജേതാവ് (അടിയന്തരാവസ്ഥയിൽ പ്രതിഷേധിച്ച് പത്മഭൂഷൻ മടക്കിക്കൊടുത്തു), പരിസ്ഥിതി പ്രവർത്തകൻ എന്നിങ്ങനെ വിവരിച്ചാൽ തീരില്ല ആ മഹാന്റെ വിശേഷണങ്ങൾ. അദ്ദേഹത്തെ ഒന്ന് നേരിൽ കണ്ടാൽ മാത്രം മതി എന്ന ആഗ്രഹമാണ് എന്നെ പുതുശ്ശേരിയിലേക്ക് ആകർഷിച്ചത്.
പുതുശ്ശേരിയിൽ എത്തി ചിലരോട് അന്വേഷിച്ചപ്പോൾ അദ്ദേഹം ഐഐടിയുടെ ഗസ്റ്റ് ഹൗസിൽ ഉണ്ടെന്നറിഞ്ഞു. ഞാൻ ഗസ്റ്റ്ഹൗസിൽ എത്തി. കെയർടേക്കറോട് ചോദിച്ചപ്പോൾ ശിവരാമ കാരന്തിന്റെ മുറിയുടെ വിവരം കിട്ടി. ഞാൻ ആ മുറിയുടെ മുന്നിൽക്കൂടി നടന്നു. ആ മുറിയുടെ വാതിൽ തുറന്നുകിടക്കുകയായിരുന്നു. കടന്നു പോകുന്ന ഒരാൾ എന്ന നാട്യത്തിൽ ഞാൻ ആ വാതിൽ കടന്ന് നടക്കാനാണ് ഉദ്ദേശിച്ചത്. ആ വാതിൽക്കൽ എത്തിയപ്പോൾ അകത്തേക്ക് നോക്കി. കാരന്ത് വാതിലിന് നേരെ നോക്കി ഒരു ചാരുകസേരയിൽ കിടക്കുന്നു. നരച്ച നീണ്ട മുടിയും നരച്ച കുറ്റി മീശയും. ഞാൻ അറിയാതെ അവിടെ നിന്നുപോയി. അപ്പോൾ അദ്ദേഹം ‘പ്ലീസ് കമിൻ’ എന്ന് പറഞ്ഞു. ഞാൻ കടന്നുചെന്നു. ഒരു സെറ്റിയിൽ ഇരിക്കാൻ അദ്ദേഹം ആംഗ്യം കാണിച്ചു. സത്യത്തിൽ എനിക്ക് അത് ഒരു സ്വപ്‌നരംഗം പോലെ തോന്നി.
ഞാൻ എന്നെ പരിചയപ്പെടുത്തി. അദ്ദേഹം ചിരിച്ചു.
“ഓ, യു ആർ എ റൈറ്റർ. വെരി നൈസ്.”
ഇവിടെ നടത്തുന്നതുപോലെയുള്ള ഫോക്‌ലോർ ഫെസ്റ്റിവലുകൾ മാതൃകാപരമാണ് എന്ന് അദ്ദേഹം പറഞ്ഞു. പുതിയ തലമുറയ്‌ക്ക് നമ്മുടെ സാംസ്‌കാരിക നീക്കിയിരിപ്പുകളെക്കുറിച്ച് ഒരു ധാരണയുണ്ടാക്കാൻ ഇത് വളരെ ഉപകരിക്കും.
ചിത്രീകരണം: ദേവപ്രകാശ്
പെട്ടെന്ന് എനിക്ക് ഒരു കാര്യം ഓർമ വന്നു. യക്ഷഗാനബയലാട്ടയെ കുറിച്ച് സംസാരിക്കാനാണ് അദ്ദേഹം വന്നിരിക്കുന്നത് എന്ന് ബ്രോഷറിൽ കണ്ടല്ലോ. ബഹുമുഖ പ്രതിഭയായ അദ്ദേഹം യക്ഷഗാനത്തിന് ഒരു പുതിയ ജന്മം നൽകിയ കലാപ്രതിഭ കൂടിയാണ്. ഞാൻ യക്ഷഗാനം നേരിട്ട് കണ്ടിട്ടില്ല. ചില ചിത്രങ്ങൾ കണ്ടതായി ഓർക്കുന്നു. കൂടാതെ റെയിൽവേയിൽ കർണാടകത്തിൽ ജോലി ചെയ്‌തപ്പോൾ ചില സുഹൃത്തുക്കൾ പറഞ്ഞുകേട്ട അറിവുമുണ്ട്. കേരളത്തിൽ കഥകളിയുടെ പുനരുദ്ധാരണത്തിനായി മഹാകവി വള്ളത്തോൾ വഹിച്ച പങ്കുപോലെ ഒന്നാണ് കർണാടകത്തിൽ യക്ഷഗാനബയലാട്ടയുടെ കാര്യത്തിൽ ശിവരാമ കാരന്തും വഹിച്ച പങ്ക്.
ഞാൻ യക്ഷഗാന ബയലാട്ടയെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചു. അത് അദ്ദേഹത്തിന് വളരെ ഇഷ്ടമായി എന്നുതോന്നി. പെട്ടെന്ന് തന്നെ അദ്ദേഹം വാചാലനായി. യക്ഷഗാനത്തിന്റെ ചരിത്രവും പരിണാമവും ഒക്കെ വിശദമായിത്തന്നെ പറഞ്ഞുതന്നു. ഒരു സംഭാഷണ ശകലം പറഞ്ഞുകൊണ്ട്, പാടിക്കൊണ്ട് എന്ന് പറയുന്നതായിരിക്കും ശരി; അദ്ദേഹം ചില ചുവടുകൾ വച്ച് കാണിക്കുകയും ചെയ്‌തു. എന്തൊരു അനുഗൃഹീത നിമിഷങ്ങളായിരുന്നു അവ. മഹാനായ ശിവരാമ കാരന്ത് യക്ഷഗാന ബയലാട്ട അഭിനയിച്ച് കാണിക്കുന്നത് നേരിൽ കാണാൻ സാധിച്ച നിമിഷങ്ങൾ. ബയലാട്ട എന്നു പറഞ്ഞാൽ സംഭാഷണം അപ്പപ്പോൾ ഉണ്ടാക്കി പറയുന്നത് എന്നാണ് അർഥമെന്നും അദ്ദേഹം പറഞ്ഞതായി ഓർക്കുന്നു.
പൊടുന്നനെ തോന്നിയ ഒരു സംശയം ഞാൻ ചോദിച്ചു. ഒരു പക്ഷേ എന്റെ വീണ്ടുവിചാരമില്ലായ്‌മ കാരണമാണ് അങ്ങനെ ഒരു സംശയം അദ്ദേഹത്തെപ്പോലെ ഒരു പ്രതിഭയോട് ചോദിച്ചുപോയത് എന്ന് ഇപ്പോൾ തോന്നുന്നു. എന്റെ സംശയചോദ്യം ഇതായിരുന്നു.
“യക്ഷഗാന ബയലാട്ടയോടൊപ്പം ഭൂതകാലത്തിലെ ചില അന്ധവിശ്വാസങ്ങളും ജനങ്ങളിലേക്ക് എത്തുവാൻ സാധ്യതയില്ലേ?”
പെട്ടെന്ന് അദ്ദേഹത്തിന്റെ ഭാവം മാറി. കൂടുതൽ ഗൗരവത്തിലായി. അദ്ദേഹത്തിന്റെ നോട്ടം എന്റെ മുഖത്ത് തറച്ചു.
“എന്ത് അന്ധവിശ്വാസം? പണ്ടത്തെ മനുഷ്യരുടെ സങ്കടങ്ങളും വേദനകളും സന്തോഷങ്ങളും ഒക്കെയാണ് വേഷം മാറി മിത്തുകളായി ഈ കലാസൃഷ്ടിയിൽ പ്രത്യക്ഷപ്പെടുന്നത്. കല ആസ്വദിക്കാൻ കഴിവുള്ളവർക്ക് അതൊന്നും അന്ധവിശ്വാസങ്ങൾ ആവില്ല. താങ്കൾ നന്നായി ചിന്തിക്കണം. അപ്പോൾ മനസ്സിലാകും.”
എനിക്ക് എന്നോട് തന്നെ അലോസരം തോന്നി. ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിച്ചു. അത്രയും പറഞ്ഞുതന്നതിന് നന്ദിയും പറഞ്ഞു. അദ്ദേഹത്തിന്റെ മുന്നിൽ ഒരു സാധാരണ എഴുത്തുകാരൻ മാത്രമായ എന്നോട് അനുഭാവത്തോടെ ഹൃദയവിശാലതയോടെ കുറേനേരം സംസാരിച്ച ആ മഹാപ്രതിഭയോട് ഞാൻ വീണ്ടും നന്ദിപറഞ്ഞ് പുറത്തേക്ക് ഇറങ്ങി .(തുടരും)










0 comments