രേഖാമൂലം
എംഎന്റെ നിരാഹാരവും സിപിയുടെ രോഷവും


ശ്രീകുമാർ ശേഖർ
Published on Sep 26, 2026, 01:41 PM | 3 min read
"ആരാണ് ഈ ഉത്തരവ് പാസാക്കിയത്? എന്തുകൊണ്ട്?'
രോഷം മുഴുവൻ ഒറ്റവരിയിൽ ചാലിച്ച് ദിവാൻ സി പി രാമസ്വാമി അയ്യർ 1941 ഡിസംബർ നാലിന് ഫയലിൽ കുറിച്ചു.
കമ്യൂണിസ്‌റ്റ് നേതാവ് എം എൻ ഗോവിന്ദൻ നായർക്ക്, അദ്ദേഹത്തെ കസ്‌റ്റഡിയിൽ വച്ചിരുന്ന പുനലൂർ ലോക്കപ്പിൽ ചില ആനുകൂല്യങ്ങൾ അനുവദിച്ചതിനെതിരെ ആയിരുന്നു സി പിയുടെ രോഷപ്രകടനം. ആവശ്യങ്ങൾ ഉന്നയിച്ച് കത്തുനൽകുകയും പിന്നീട് അതേ ആവശ്യങ്ങൾക്കായി എം എൻ നിരാഹാര സമരം നടത്തുകയും ചെയ്‌തു. പുനലൂരിലെ ഇൻസ്‌പെക്ടറും തഹസിൽദാരും ചില ആവശ്യങ്ങൾ അനുവദിച്ച് നിരാഹാരസമരം ഒത്തുതീർപ്പാക്കി. ഇതാണ് സി പിയെ ക്ഷുഭിതനാക്കിയത്.
എം എൻ ഗോവിന്ദൻ നായർ
തഹസിൽദാരുടെ നടപടി അംഗീകരിച്ച ജില്ലാ മജിസ്ട്രേറ്റ് ടി ചാണ്ടിയോട് സി പി വിശദീകരണം ആരായുന്നുണ്ട്. കുറ്റം മുഴുവൻ തഹസിൽദാരുടെയും ഇൻസ്‌പെക്ടറുടെയും തലയിൽ ചാരി മജിസ്ട്രേറ്റ് നൽകിയ മറുപടി ഫയലിൽ (Govt of Travancore Cofidential Section 1551 44 CS) കാണാം. ഒടുവിൽ അവർ രണ്ടുപേർക്കുമെതിരെ അച്ചടക്ക നടപടിയെടുക്കാൻ നിർദേശിച്ചാണ് എഴുത്തുകുത്തുകൾ അവസാനിക്കുന്നത്.
മജിസ്‌ട്രേറ്റിനയച്ച കത്തിൽ സി പി പറയുന്നതിങ്ങനെ:
‘‘...താങ്കളുടെ ഈ പെരുമാറ്റത്തിൽ ഞാൻ നിരാശനാണെന്ന് പറയാതെ വയ്യ. ഒരാൾ നിരാഹാര സമരം ആരംഭിച്ചാൽ, അയാൾ സ്വന്തം ഇഷ്ടപ്രകാരം അത് അവസാനിപ്പിക്കുന്നതുവരെ യാതൊരു ഇളവുകളും നൽകാൻ പാടില്ല. വ്യക്തിപരമായ ആവശ്യങ്ങൾ നേടിയെടുക്കാൻ വേണ്ടിയാണ് ഒരാൾ നിരാഹാരം കിടക്കുന്നതെങ്കിൽ, അയാൾ അതിന്റെ ആത്യന്തികമായ അന്ത്യംവരെ പോകുന്നതിൽ സർക്കാരിന് എതിർപ്പൊന്നുമില്ല. നിരാഹാര സമരം നടത്തിയാൽ എന്തും നേടിയെടുക്കാം എന്ന ധാരണ ജനങ്ങൾക്കിടയിൽ പരന്നാൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.’’‐ നിരാഹാരം കിടക്കുന്നവർ മരിക്കുന്നെങ്കിൽ മരിക്കട്ടെ, ഒരിളവും നൽകരുത് എന്നാണ് സി പി തന്റെ നിലപാട് പ്രഖ്യാപിക്കുന്നത്.
എം എന്റെ ആവശ്യങ്ങൾ അംഗീകരിച്ച ഉദ്യോഗസ്ഥർക്കെതിരെ
നടപടിക്ക് തിരുവിതാംകൂർ ചീഫ്
സെക്രട്ടറി ഐജിക്കയച്ച കത്ത്
പുനലൂർ ലോക്കപ്പിൽ എം എൻ ഗോവിന്ദൻ നായരെ യഥാർഥത്തിൽ നിയമവിരുദ്ധമായി കസ്‌റ്റഡിയിൽ വയ്‌ക്കുകയായിരുന്നു. ‘‘അറസ്‌റ്റുചെയ്‌ത എന്നെ നേരെ മാവേലിക്കര സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോയത്. എന്തിനാണ് അറസ്‌റ്റ് ചെയ്‌തതെന്നതിനെപ്പറ്റിയും ഏതു വകുപ്പനുസരിച്ചാണ് അറസ്‌റ്റ് ചെയ്‌തതെന്നതിനെക്കുറിച്ചും എന്നെപ്പോലെത്തന്നെ ഇൻസ്‌പെക്ടറും അജ്ഞനായിരുന്നു. നാലഞ്ചു ദിവസത്തിനകം എന്നെ പുനലൂർ സ്റ്റേഷനിലേക്ക് മാറ്റി. തടങ്കൽക്കാലമത്രയും ഞാൻ അവിടെയാണ് കഴിച്ചുകൂട്ടിയത്’’ ‐ എം എൻ അദ്ദേഹത്തിന്റെ ആത്മകഥ (എമ്മെന്റെ ആത്മകഥ)യിൽ എഴുതുന്നു.
1941 മേയിൽ അറസ്‌റ്റിലായ എം എൻ ഏഴുമാസത്തിനുശേഷമാണ് ചില ആവശ്യങ്ങൾ ഉന്നയിച്ച് കത്തുനൽകിയത്. പുസ്‌തകങ്ങൾ, പത്രങ്ങൾ, മുറുക്കാൻ, ഭക്ഷണത്തിൽ ചില മാറ്റങ്ങൾ, ധരിക്കാൻ കൂടുതൽ ജോഡി വസ്‌ത്രങ്ങൾ തുടങ്ങിയ ആവശ്യങ്ങൾ ആയിരുന്നു കത്തിൽ. ഒപ്പം തന്നെ തടവിലാക്കിയ ദിവാൻഭരണത്തെ കൂസലില്ലാതെ കളിയാക്കുന്നുമുണ്ട്. ‘‘ഇപ്പോൾ ഈ രാജ്യത്തെ ഏക കരുതൽ തടവുകാരൻ എന്ന അസാധാരണ പദവി നൽകി എന്നെ ആദരിച്ചതിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്താൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു.’’‐എന്നാണ് കത്തിലെ ഒരു പരാമർശം.
എം എൻ ഗോവിന്ദൻ നായരുടെ ആവശ്യങ്ങളിൽ ചിലത് അംഗീകരിച്ചതിൽ
ക്ഷുഭിതനായ സിപിയുടെ ഫയൽ കുറിപ്പ്
ജില്ലാ മജിസ്‌ട്രേറ്റിനു നൽകിയ ഈ കത്തും തീരെ പരിഗണിക്കാതെ വന്നപ്പോഴാണ് എം എൻ 1941 ഡിസംബർ ഒന്നിന് നിരാഹാര സമരം ആരംഭിച്ചത്. പരിഭ്രമിച്ച ഇൻസ്‌പെക്ടറും തഹസിൽദാരും ആവശ്യങ്ങളിൽ ചിലത് അംഗീകരിച്ച് അന്നുതന്നെ സമരം ഒത്തുതീർപ്പാക്കി. ഇത് മജിസ്‌ടേറ്റ് അംഗീകരിക്കുകയും ചെയ്‌തു. ശേഷമാണ് വിവരം സി പി അറിയുന്നത്. (സി പിയുടെ നിർദേശപ്രകരമാണ് ഒത്തുതീർപ്പുണ്ടാക്കിയതെന്ന സൂചന എംഎന്റെ ആത്മകഥയിലുണ്ട്. ഈ ഫയൽ വിവരങ്ങൾ അക്കാലത്ത് രഹസ്യമാണല്ലോ).
നിരാഹാരവും ആവശ്യങ്ങൾ അംഗീകരിച്ചതും ‘പൗരപ്രഭ’ പത്രത്തിൽ വാർത്തയായി വന്നതുകൂടിയാണ് സി പിയെ ക്ഷുഭിതനാക്കിയത്. ഏതായാലും എം എന്റെ തടങ്കൽ നീണ്ടു. 1942 മാർച്ചിലാണ് മോചിതനായത്. അധികം വൈകാതെ വീണ്ടും അറസ്‌റ്റു ചെയ്‌തു. കൊല്ലത്ത് തൊഴിലാളികൾക്ക് പട്ടാള പരിശീലനം നൽകി എന്നായിരുന്നു കുറ്റം. കോടതി രണ്ടുകൊല്ലത്തെ കഠിനതടവ് വിധിച്ചു. കൈവിലങ്ങിട്ട് റോഡിലൂടെ എം എന്നെ നടത്തി പൊലീസ് പ്രകോപനമുണ്ടാക്കി. കൊല്ലത്തെ തൊഴിൽശാലകളിൽ നിന്നാകെ തൊഴിലാളികൾ പണിമുടക്കി തെരുവിലിറങ്ങി. കൂറ്റൻ പ്രകടനവും പൊതുയോഗവും നടന്നു. ഇത്തവണ എം എന്നെ തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് തടവിലാക്കിയത്. പുന്നപ്ര വയലാർ ഗൂഢാലോചനക്കേസിൽ രണ്ടാം പ്രതിയാക്കി വീണ്ടും അറസ്‌റ്റുചെയ്‌തു. കൊൽക്കത്ത തീസിസ് കാലത്ത് പിന്നെയും ജയിലിലായ എം എൻ തടവിൽ നാഗർകോവിലിൽ ടി ബി സാനിറ്റോറിയത്തിൽ ചികിത്സയിലായി. അവിടെനിന്നുള്ള എം എന്റെ രക്ഷപ്പെടൽ ജനങ്ങൾക്കിടയിൽ വലിയ ആവേശമുണ്ടാക്കി. അവിഭക്ത കമ്യൂണിസ്‌റ്റ് പാർടിയുടെ സംസ്ഥാന സെക്രട്ടറിയായും പിന്നീട് സിപിഐ നേതാവായും മന്ത്രി, എംപി, എംഎൽഎ എന്നീ നിലകളിലും കേരള രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിന്ന എം എൻ 1984 നവംബർ 27‐ന് അന്തരിച്ചു .








0 comments