Deshabhimani

കവർസ്റ്റോറി

കാട് കയറുമ്പോൾ

പടം
avatar
പ്രഭു പി എം

Published on Nov 14, 2026, 01:48 PM | 12 min read

കാട് അതിന്റെ അതിജീവനത്തിനായുള്ള പോരാട്ടം തുടരുകയാണ്– മനുഷ്യകുലവുമായുള്ള നിരന്തര പോരാട്ടം! ആ യുദ്ധത്തിലെ പടയാളികൾ നമ്മുടെ മനസ്സിൽ തെളിയുന്ന മരക്കൂട്ടങ്ങൾ മാത്രമല്ല. മണ്ണിനടിയിൽ മരങ്ങളുടെ വേരുകളുമായി ഇഴചേർന്ന് കഴിയുന്ന കുമിളുകളുടെ വിശാലമായ നാരുശൃംഖലകളായ ‘മൈക്കോറൈസ’ (Mycorrhiza) കൂടി പങ്കാളികളാവുന്ന പോരാട്ടം. വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കൻ യുദ്ധടാങ്കറുകളെ നേരിടാൻ ഭൂമിക്കടിയിലെ രഹസ്യ അറകളിലിരുന്ന് പ്രതിരോധമൊരുക്കിയ സാധാരണക്കാരായ വിയറ്റ്നാം കർഷകരെപ്പോലെ!
സസ്യങ്ങൾക്ക് വെള്ളവും പോഷകങ്ങളും ലഭ്യമാക്കാൻ സഹായിക്കുന്ന ഈ അദൃശ്യബന്ധങ്ങൾമുതൽ പ്രാണികളും പുൽച്ചാടികളും തവളകളും മാനുകളും ആനകളും കടുവകളും ഉൾപ്പെടുന്ന ഭക്ഷ്യശൃംഖലവരെ നീളുന്നതാണ് കാടിന്റെ അതിജീവനവലയം. കണ്ണിൽ കാണുന്ന മരങ്ങൾ മാത്രമല്ല കാട്; മണ്ണിനടിയിലും മണ്ണിനു മുകളിലും പരസ്‌പരം ഇഴചേർന്നുനിൽക്കുന്ന ദൃശ്യവും അദൃശ്യവുമായ ജീവബന്ധങ്ങളുടെ മഹാശൃംഖലയാണത്.


പടംസെെലന്റ് വാലി ഫോട്ടോ: പ്രഭു പി എം
​
കൃഷി എന്ന വികസനം
​
മനുഷ്യനുമായുള്ള കാടിന്റെ ആ യുദ്ധം തുടങ്ങിയത് ഇന്നും ഇന്നലെയുമൊന്നുമല്ല. ലഭ്യമായ പുരാവസ്‌തു-പാരിസ്ഥിതിക തെളിവുകൾ പ്രകാരം, ഏകദേശം ഒമ്പതിനായിരം വർഷങ്ങൾക്കു മുമ്പുതന്നെ ഇന്നത്തെ സിറിയ ഉൾപ്പെടുന്ന തെക്കുപടിഞ്ഞാറൻ ഏഷ്യയുടെ ഭാഗങ്ങളിൽ കൃഷിയുടെ വ്യാപനത്തിനായി വനഭൂമികൾ വെട്ടിത്തെളിച്ച് കൃഷിയിടങ്ങളാക്കി മാറ്റാൻ തുടക്കം കുറിച്ചിരുന്നു. ഭക്ഷണത്തിനായി ഭൂമിയെ ആശ്രയിച്ചു തുടങ്ങിയ മനുഷ്യൻ, ക്രമേണ കാടിന്റെ വിസ്‌തൃതി കുറച്ച് കൃഷിക്ക് കൂടുതൽ ഇടം കണ്ടെത്തിത്തുടങ്ങി.
പിന്നീട് ആയിരത്തി എണ്ണൂറുകൾമുതൽ വ്യവസായ വിപ്ലവത്തിന്റെ പെരുമ്പറ മുഴങ്ങിയപ്പോൾ അതിന് ആഗോളതലത്തിൽ ആക്കം കൂടി. ക്രമേണ കാലാവസ്ഥാ വ്യതിയാനത്തിന് മനുഷ്യന്റെ കാൽപ്പാടുകൾ തെളിഞ്ഞു വന്നു. എന്നാൽ ഇന്ത്യയിൽ ‘കാടിന്റെ യുദ്ധം’ അതിനു മുമ്പേ തുടങ്ങി എന്നു പറയേണ്ടിവരും. പത്തു മില്യൺ പേരുടെ പട്ടിണി മരണങ്ങൾക്ക് എണ്ണത്തിൽ തർക്കം ഉണ്ടെങ്കിൽ പോലും കാരണമായ ആദ്യ ‘ബംഗാൾ ക്ഷാമം’ അതിനൊരു നിമിത്തമായി മാറി. സമ്പുഷ്ടമായി നനവ് പടർത്തിയിരുന്ന മൺസൂൺ മഴക്കാലം 1769–ൽ മുഖം തിരിച്ചപ്പോൾ തുടർന്നുള്ള വർഷങ്ങളിൽ പടിഞ്ഞാറൻ ബംഗാളിലെയും ബിഹാറിലെയും, ഇന്ത്യയുടെ ഭാഗമായിരുന്ന ഇന്നത്തെ ബംഗ്ലാദേശിലെയും വിശാലമായ നെൽപ്പാടങ്ങൾ കരിഞ്ഞുണങ്ങി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പ്രാദേശിക കാർഷിക വ്യവസായത്തിൽ പിടിമുറുക്കി കരം തീരുവ കുത്തനെ ഉയർത്തിയതോടെ കൃഷിക്കാർ കൂടുതൽ വലഞ്ഞു. വസൂരിയും പോഷകാഹാരക്കുറവും സാധാരണ ജനങ്ങളെ മരണത്തിന്റെ കരിമ്പടം മൂടിപ്പുതപ്പിച്ച് പടിഞ്ഞാറൻ ബംഗാളിലെ ജനസംഖ്യ അന്നുള്ളതിന്റെ മൂന്നിലൊന്നായി കുറച്ചു.
​​​അതൊരു തുടക്കമായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കണ്ണുകൾ കാട്ടിലെ നനവുള്ള ചതുപ്പുകളിലേക്കും, മലഞ്ചെരുവുകളിലെ പുൽമേടുകളിലേക്കും വിശാലമായ കണ്ടൽ കാടുകളിലേക്കും തിരിഞ്ഞു. കാടുകൾ പതിയെ വിശാലമായ കൃഷിയിടങ്ങളായി മാറി. അന്നുവരെ സ്വതന്ത്രമായി വിഹരിച്ചിരുന്ന കടുവകൾ, പുലികൾ, കരടികൾ ഇവയെല്ലാം വ്യാപകമായി കൊലചെയ്യപ്പെട്ടു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും നാട്ടുരാജാക്കന്മാരുടെയും ഒരു കേവലവിനോദം എന്നതിലുപരി കർഷകരുടെയും സാധാരണക്കാരുടെയും ഒരു ‘ആവശ്യമായി’ നായാട്ട് രൂപാന്തരപ്പെട്ടു. മനുഷ്യനെ തിന്നുന്ന, ശത്രുവായി കാണേണ്ട ജീവിയായി വന്യമൃഗങ്ങളിൽ ‘കടുവ’ യെ ബ്രിട്ടീഷുകാർ വിദഗ്ധമായി പ്രതിഷ്ഠിച്ചു. ഭരണകൂടവും കാടും, മനുഷ്യനും -കാടും തമ്മിലുള്ള ബന്ധത്തിലും അത് ഒരു മാറ്റത്തിന്റെ കാലമായിരുന്നു. കാട് പതിയെ ആവാസ വ്യവസ്ഥ എന്നതിൽനിന്നും ഒരു ‘വിഭവമായി’ മാറിത്തുടങ്ങി. തേയിലത്തോട്ടങ്ങൾ അയൽസംസ്ഥാനമായ അസമിൽ കാടിനെ ക്ഷ‍ൗരം ചെയ്‌തു പകരം മറ്റൊരു പച്ച വിരിപ്പായി പുതച്ചു. കാട്ടെരുമയും (Wild Buffallow), കാണ്ടാമൃഗവും 1850–കളോടെ വടക്കൻ ബംഗാൾ പ്രവിശ്യയിൽനിന്നും അപ്രത്യക്ഷമായി.
കേരളത്തിൽ ബ്രിട്ടീഷ് ഭരണകാലത്ത് വനഭൂമികളെ വാണിജ്യവിളകളുടെ തോട്ടങ്ങളാക്കി മാറ്റുന്ന പ്രക്രിയ പത്തൊൻപതാം നൂറ്റാണ്ടിൽ ശക്തമായി. മലബാറിലെ അഞ്ചരക്കണ്ടിയിൽ 1799-–ഓടെ കറുവപ്പട്ട ഉൾപ്പെടെയുള്ള വിളകളുടെ തോട്ടകൃഷി വികസിച്ചപ്പോൾ, വയനാട്ടിൽ 1800-–കളുടെ തുടക്കത്തിൽ കാപ്പിക്കൃഷിക്കുള്ള പരീക്ഷണങ്ങളും ആരംഭിച്ചു. എന്നാൽ പശ്ചിമഘട്ടത്തിലെ ഉയർന്ന മലനിരകളെ വൻതോതിലുള്ള തോട്ടകൃഷിയിലേക്ക് മാറ്റിയതിൽ നിർണായകമായ ഘട്ടമായിരുന്നു 1877-–ൽ ജോൺ ഡാനിയൽ മൺറോ സായിപ്പ് പൂഞ്ഞാർ രാജകുടുംബത്തിൽനിന്ന് കണ്ണൻദേവൻ മലനിരകളിലെ ഏകദേശം 1,36,600 ഏക്കർ ഭൂമി പാട്ടത്തിനെടുത്തത്. 1879-–ൽ അദ്ദേഹം രൂപീകരിച്ച നോർത്ത് ട്രാവൻകൂർ ലാൻഡ് പ്ലാന്റിങ് ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കാപ്പി, ഏലം, സിങ്കോണ തുടങ്ങിയ വിളകൾ ഇവിടെ പരീക്ഷിച്ചു.
1880-–ൽ എ എച്ച് ഷാർപ്പ് മൂന്നാറിലെ പാർവതി എസ്റ്റേറ്റിൽ തേയിലക്കൃഷി ആരംഭിച്ചു. തുടർന്ന് വൻകിട തോട്ടക്കമ്പനികൾ രംഗത്തെത്തുകയും വനങ്ങളും പുൽമേടുകളും വെട്ടിത്തെളിച്ച് തോട്ടങ്ങളും റോഡുകളും തൊഴിലാളി പാർപ്പിടങ്ങളും സ്ഥാപിക്കുകയും ചെയ്‌തു. പ്രകൃതിയുടെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾ വിപണിക്കുവേണ്ടിയുള്ള ഏകവിളത്തോട്ടങ്ങളായി മാറിയ ഈ പ്രക്രിയ പശ്ചിമഘട്ടത്തിന്റെ ഭൂപ്രകൃതിയിലും തദ്ദേശീയ സമൂഹങ്ങളുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി.
ക്ഷാമം പിന്നീട് തൊള്ളായിരത്തി നാൽപ്പതുകളിലും ബംഗാളിനെ വേട്ടയാടി. അതിന്റെ വേരുപടലങ്ങൾ ഇങ്ങ് താഴെ പശ്ചിമഘട്ടത്തിലും പടർന്നെത്തി. കൂടാതെ രണ്ടാം ലോകമഹായുദ്ധത്തിൽ ബർമ ജപ്പാന് അടിയറവ് പറഞ്ഞതോടെ 1942ൽ അവിടെനിന്നും തിരുവിതാംകൂർ ഉൾപ്പെടെ ഇന്ത്യയിൽ ഉടനീളമുള്ള അരിവിതരണം നിലച്ചു. പുറത്തുനിന്നും അരി ലഭ്യമായില്ലെങ്കിൽ സ്വന്തം നാട്ടിൽ അരിയുണ്ടാക്കുക എന്ന ലക്ഷ്യം ഭരണകൂടം മുന്നോട്ടുവച്ചു. അതായിരുന്നു ‘ഗ്രോ മോർ ഫുഡ്’ ആശയം. എന്നാൽ തിരുവിതാംകൂറിന്റെ കിഴക്കൻ മലനിരകളിൽ ആ ആഹ്വാനത്തിന് മറ്റൊരു ഭൗമചരിത്രം കൂടിയുണ്ടായിരുന്നു. കൂടുതൽ ഭക്ഷണം ഉൽപ്പാദിപ്പിക്കാനുള്ള ശ്രമം, വനഭൂമിയെ കൃഷിഭൂമിയാക്കി മാറ്റുന്ന പ്രക്രിയയുടെ വേഗം കൂട്ടി. എന്നാൽ കൃഷി വ്യാപിപ്പിക്കാൻ പുതിയ ഭൂമി എവിടെനിന്ന് കണ്ടെത്തും? ഉത്തരം സ്വാഭാവികമായി തിരുവിതാംകൂറിന്റെ കിഴക്കൻ മലനിരകളിലെ കാടുകളിലേക്കും ‘വെറുതെ കിടക്കുന്ന’ വിശാലമായ ഭൂമികളിലേക്കും തിരിഞ്ഞു. 1942-ൽ മാത്രം ഏകദേശം 9600 ഹെക്ടർ വനഭൂമി നെൽകൃഷിക്കായി മാത്രം പാട്ടത്തിന് നൽകിയതായി കേരള വനംവകുപ്പിന്റെ ചരിത്രരേഖ പറയുന്നു. ഭക്ഷ്യക്ഷാമത്തിന്റെ കാലത്ത് മനുഷ്യന് അത് ജീവിക്കാനുള്ള ഭൂമിയായിരുന്നു. എന്നാൽ കാടിന് അത് നഷ്ടപ്പെട്ട ഒരു വിസ്‌തൃതിയായിരുന്നു.

പടംഫോട്ടോ: പ്രഭു പി എം
പിന്നീട് ഭക്ഷ്യോൽപ്പാദനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ കിഴക്കൻ തിരുവിതാംകൂറിന്റെ മലനിരകളിലേക്കും നീണ്ടു. പട്ടിണിയിൽനിന്ന് മനുഷ്യനെ രക്ഷിക്കാനുള്ള ഭൂമിയന്വേഷണം, അറിയാതെ തന്നെ, കാടിന്റെ അതിരുകളെ പിന്നോട്ടു തള്ളുകയായിരുന്നു. നാൽപ്പതുകളിൽ തുടങ്ങിയ കുടിയേറ്റം കാടിനെതിരായ യുദ്ധമായിരുന്നില്ല. മനുഷ്യന്റെ നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു. ക്രമേണ അറുപതുകളിൽ കാട്ടിലേക്കുള്ള കുടിയേറ്റം അതിശക്തമായി. പട്ടിണി ആകറ്റാനുള്ള ലക്ഷ്യം എന്നത് മാത്രമായിരുന്നില്ല ക്രമേണ അതിൽ പലരുടെയും ലക്ഷ്യം. മധ്യതിരുവിതാംകൂറിൽ നിന്നും ഹൈറേഞ്ചിലേക്കുള്ള ആളൊഴുക്കിൽ ക്രമേണ കയ്യേറ്റവും കുടിയേറ്റവും പരസ്‌പരം വേർതിരിക്കാനാവാത്ത വിധം കൂടിക്കുഴഞ്ഞു. തോക്കുകൾ അനേകം നായാട്ട് കഥകൾ രചിച്ചു, വാരികകളിൽ ചിലത് വെളിച്ചംകണ്ടു.
കഴുകന്മാരും ഹൈനകളും ഉണ്ടായിരുന്ന കേരളത്തിലെ കാടുകളെപ്പറ്റി നായാട്ടുകഥകളിൽ അന്ന് പേരുകേട്ട നായാട്ടുവീരന്മാരായ ടി എം ഇട്ടനും മകൻ മാത്തുക്കുട്ടിയും വിവരിക്കുന്നുണ്ട്. ദൂരെ കടുവയെന്നു കരുതി വെടി വച്ച് വീഴ്‌ത്തിയ മൃഗത്തിന് അടുത്തെത്തിയപ്പോൾ നായയെ പോലെ മുഖം നീണ്ട, ദേഹം നിറയെ വരകളുള്ള പുലിയുടെ വലിപ്പമുള്ള ഒരു മൃഗത്തെ കണ്ട് അത്ഭുതപ്പെട്ട വിവരം ഇട്ടൻ മാത്തുക്കുട്ടിയുടെ കൈപ്പടയിൽ വായിക്കാൻ ഇടവന്നിട്ടുണ്ട്. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷന് കീഴിൽ വരുന്ന കുട്ടമ്പുഴ കാടുകളിൽ ഒരിക്കൽ വെടികൊണ്ട് പാതി ജീവനോടെ ഓടിമറഞ്ഞ കാട്ടുപോത്തിനെ അടുത്ത ദിവസം ഒരു വെള്ളക്കെട്ടിന് അരികെ കണ്ടെത്തുമ്പോൾ അതിനെ പൊതിഞ്ഞുകൊണ്ട് പത്തിരുപത് കഴുകന്മാർ കൊത്തിവലിക്കുന്ന ദൃശ്യം ഇട്ടന്റെ മകനായ മാത്തുക്കുട്ടി വിവരിക്കുന്നുണ്ട്. ഇന്ന് കേരളത്തിലെ വയനാട് ഒഴിച്ച് കാടുകളിൽ കഴുകന്മാർ ഇല്ലാതായിരിക്കുന്നു. 1950 ഒക്ടോബർ മുതൽ 1962 മാർച്ച് വരെ ആനയൊഴിച്ചുള്ള മൃഗങ്ങളെ നായാട്ടു നടത്തുവാൻ സർക്കാർ ലൈസൻസ് കരസ്ഥമാക്കിയ ആളായിരുന്നു മാത്തുക്കുട്ടി. ഒരു വർഷത്തേക്ക് 500 - രൂപയായിരുന്നു ലൈസൻസ് ഫീസ്. മലഞ്ചെരുവുകളിൽ ഈറ്റക്കാടുകൾ തെളിച്ചുള്ള വിരിപ്പ് കൃഷിയെപ്പറ്റിയും, കന്നി മാസത്തിലെ കൊയ്‌ത്തിനെ പറ്റിയും അത് കാക്കാൻ ഏറുമാടത്തിൽ ഉറക്കമൊഴിച്ചുള്ള കാത്തിരിപ്പിനെപ്പറ്റിയും അപ്പന്റെയും മകന്റെയും നായാട്ടുകഥകളിൽ വിശദമായി വായിച്ചെടുക്കാം. വന്യജീവി സംരക്ഷണ നിയമം 1972–ൽ നിലവിൽ വന്നതിനുശേഷവും ഏറെ കാലത്തോളം കേരളത്തിലെ കാടുകളിൽ ചില ഭാഗങ്ങളിൽ കാടിളക്കിയുള്ള നായാട്ട് സജീവമായിരുന്നു.
അന്ന് കാട് വെട്ടിത്തെളിച്ചവർക്ക് അതൊരു നശീകരണമായിരുന്നില്ല. അത് ഭക്ഷണമായിരുന്നു, ഭൂമിയായിരുന്നു, ജീവിതമായിരുന്നു. പക്ഷേ കാടിന്റെ ഓർമയിൽ അത് മറ്റൊന്നായിരുന്നു– ഒരു ആവാസവ്യവസ്ഥയുടെ ചുരുങ്ങൽ! ഇന്ന് ഒരു കാട്ടാന കൃഷിയിടത്തിലേക്ക് ഇറങ്ങുമ്പോൾ നമ്മൾ കാണുന്നത് ആ നിമിഷത്തെ സംഘർഷം മാത്രമാണ്. മനുഷ്യനും വന്യജീവിയും തമ്മിലുള്ള ഇന്നത്തെ സംഘർഷം ഒരു ദിവസത്തിന്റെ കഥയല്ല. മറിച്ച് അത് മനുഷ്യനും കാടും തമ്മിലുള്ള അതിർത്തികൾ പതിയെ മാറിക്കൊണ്ടിരുന്ന ഒരു നൂറ്റാണ്ടിന്റെ കഥയാണ്.
പക്ഷേ ചരിത്രത്തിന്റെ ദീർഘമായ വഴിയിൽ, അന്ന് വെട്ടിത്തെളിച്ച കാടിന്റെ അതിരുകളിലാണ് ഇന്ന് മനുഷ്യനും വന്യജീവിയും നേർക്കുനേർ നിൽക്കുന്നത്. അങ്ങനെ ‘MAN - ANIMAL CONFLICT’എന്ന പദം വനപരിപാലനത്തിന്റെ പുസ്‌തകങ്ങളിൽ ഒഴിവാക്കാനാകാത്തവിധം സ്ഥാനം പിടിച്ചു. അതിജീവിക്കാനും വികസിക്കാനും ചോദനയുള്ള അനേകായിരം ‘ജീവൻ’ ഉൾക്കൊള്ളുന്ന വനങ്ങൾ അന്ന് തുടങ്ങിയ കാടിന്റെ പോരാട്ടം തുടരുകയാണ്.
കാട് അതിന്റെ പുറംകാഴ്‌ചയിൽ കാണുന്നതിനേക്കാൾ ആഴങ്ങളിൽ കടലോളം വിശാലമാണ്. അറിയുന്തോറും ആഴമേറിയ, അത്ഭുതപ്പെടുത്തുന്ന ഒന്ന്. ‘The Hidden Life of Trees’ എന്ന പ്രശസ്‌ത പുസ്‌തകത്തിന്റെ രചയിതാവായ ജർമൻ ഫോറസ്റ്റർ പീറ്റർ വോളിബന്റെ ഭാഷയിൽ പറഞ്ഞാൽ ‘WOOD WIDE WEB.’ ഓരോ വനയാത്രയിലും പുതിയ ഉൾക്കാഴ്‌ചകൾ അത് പകർന്നുകൊണ്ടേയിരുന്നു. ഓരോരോ പുതിയ കാടിനെയാണ് ഓരോ യാത്രയിലും കാണുന്നത്. അത് മരങ്ങളിലും ചെടികളിലും മൃഗങ്ങളിലും കാണാം. അതു കാണാനുള്ള അകമിഴികൾ ഒരുക്കണമെന്ന് മാത്രം.
മനുഷ്യനെ കാടിൽനിന്നും അകറ്റിയ ആദ്യത്തെ ‘വികസനം’ കൃഷി ആയിരുന്നു. മനുഷ്യൻ ആദ്യമായി കാടിന് അതിരുകൾ വരച്ചു. കാടും-കൃഷിയിടങ്ങളും, അഥവാ കാടും- ഭക്ഷണവും അങ്ങനെ രണ്ടായി. ധാന്യപ്പുരകൾ സ്വന്തമാക്കാൻ ഗോത്രങ്ങൾ തമ്മിൽ മത്സരിച്ചു. അങ്ങനെ ചേരി തിരിഞ്ഞുള്ള ‘യുദ്ധം’ ജനിച്ചു. മറ്റ് ജീവികളെ പോലെത്തന്നെ ജീവിത ചക്രത്തിന്റെ ഭാഗമായിരുന്ന കാട് പിന്നെ പതുക്കെ ആവശ്യത്തിന് വേണമെങ്കിൽ മാത്രം ആശ്രയിക്കേണ്ട ഒന്നായി മാറി. ക്രമേണ കാടിൽ നിന്നും വന്യജീവികളിൽ നിന്നും മനുഷ്യൻ അകന്നകന്ന് പോയി... വന്യത അവനിൽനിന്നും ചോർന്നുപോയി.
മൂന്ന് ലക്ഷം വർഷത്തോളം നീളുന്ന ആധുനിക മനുഷ്യന്റെ (homo sapiens) ജീവിത ചരിത്രത്തിൽ, കൃഷി ആരംഭിച്ചിട്ട് വെറും പതിനായിരം വർഷങ്ങൾ മാത്രം. അതായത്, മനുഷ്യചരിത്രത്തിന്റെ 96 ശതമാനത്തിലേറെ കാലവും അവൻ ജീവിച്ചത് കൃഷിയെ ആശ്രയിക്കാത്ത ജീവിതരീതികളിലൂടെയായിരുന്നു. കൃഷി തുടങ്ങിയതുമുതൽ ഈ ചുരുങ്ങിയ കാലത്തിനിടയിൽ മനുഷ്യനിൽനിന്നും കാട് മാത്രമല്ല അകന്നുപോയത്. കാട്ടിൽനിന്നും സ്വായത്തമാക്കിയ സ്വഭാവങ്ങളും ഉൾക്കാഴ്‌ചകളും അതിജീവനവഴികളിൽ ശരീരത്തോട് ലയിച്ചു ചേർന്ന തനതായ കഴിവുകളുമായിരുന്നു. അതിൽ കാഴ്‌ചയും കേൾവിയും മണവും എല്ലാം മൂർച്ച കൂട്ടി മുന്നിട്ടുനിന്നു. കാരണം, ദൈനംദിന ജീവിതത്തിന് ഇതെല്ലാം അത്യന്താപേക്ഷിതമായിരുന്നു. ഈ മൂന്ന്‌ ഇന്ദ്രിയങ്ങളിൽ, അതിന്റെ മൂർച്ചയിൽ വലിയൊരളവിൽ പരിക്ക് പറ്റിയത് മണത്തിന് ആണെന്ന് നിസ്സംശയം പറയാം. മണക്കാതെ മണക്കാതെ മണങ്ങൾ മനുഷ്യന് അന്യമായി. ഒരുകാലത്ത് മുപ്പതു ലക്ഷത്തോളം മണങ്ങൾ തിരിച്ചറിയാൻ കഴിവുള്ള ജീവിയായിരുന്നു മനുഷ്യൻ എന്ന് നരവംശശാസ്‌ത്ര പഠനങ്ങൾ രേഖപ്പെടുത്തുന്നു. നാം പ്രകൃതിയെ കാണുന്നു, കേൾക്കുന്നു. എന്നാൽ പ്രകൃതിയെ മണത്തറിയാൻ എത്രത്തോളം ശ്രമിക്കുന്നുണ്ട്? ‘കാടിന്റെ ഗന്ധം’ എന്ന ഒറ്റ പ്രയോഗത്തിൽ ഒതുക്കാവുന്നതല്ല ഒരു വനത്തിന്റെ ഘ്രാണലോകം. പൂക്കളുടെ മണം, നനഞ്ഞ മണ്ണിന്റെ ഗന്ധം, ചീഞ്ഞുവീഴുന്ന ഇലകളുടെ മണം, കാറ്റിനൊപ്പം ഒഴുകിയെത്തുന്ന സസ്യങ്ങളുടെ സുഗന്ധം– ഓരോന്നും പ്രകൃതിയുടെ മാറുന്ന അവസ്ഥകളെക്കുറിച്ചുള്ള സൂചനകളാണ്.
​
മണമുള്ള മനുഷ്യർ

രണ്ടായിരത്തി പത്തൊമ്പതിലാണ് ലേഖകൻ, സുഹൃത്തും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വന്യജീവി ശാസ്‌ത്രജ്ഞനുമായ ഡോ. രാജൻ പിലാക്കണ്ടിയുമായി ആന്തമാൻ യാത്ര നടത്തുന്നത്. ആന്തമാനിലെ പ്രധാനപ്പെട്ട ദ്വീപുകളെല്ലാം വനം വകുപ്പിന്റെ സഹായത്തോടെ കണ്ടറിഞ്ഞുള്ള രസകരമായ യാത്ര. അഞ്ചു വ്യത്യസ്‌ത പ്രാക്തന ഗോത്ര വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ആന്തമാൻ ദ്വീപ് സമൂഹം. ജരാവ, ഒൻഗി, അന്തമാനീസ്, സെന്റീനലീസ് & ഷോംപെൻ.
അതിൽ ലിറ്റിൽ ആന്തമാനിലെ ഗോത്ര വിഭാഗമാണ് ‘ഒൻഗി.’ നേരിട്ടു കാണാൻ കഴിഞ്ഞില്ലെങ്കിലും കുറിയ ആഫ്രിക്കൻ വംശജരുടെ ശാരീരിക പ്രകൃതമുള്ള അവർ മണത്തെ ഉപയോഗപ്പെടുത്തുന്ന ക‍ൗതുകമുണർത്തുന്ന ചില വിവരങ്ങൾ അറിയാൻ കഴിഞ്ഞു.
‘ഒൻഗി’ എന്ന നെഗ്രിറ്റോ സമൂഹത്തെക്കുറിച്ചുള്ള നരവംശശാസ്‌ത്ര പഠനങ്ങൾ ‘മണം’ അവരുടെ ലോകവീക്ഷണത്തിൽ എത്രത്തോളം ആഴത്തിൽ ഇടംപിടിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു. വ്യക്തിത്വം, ജീവൻ, ഋതുഭേദങ്ങൾ, കാറ്റിന്റെ ചലനം എന്നിവയുമായി മണം ബന്ധപ്പെടുന്ന ഒരു സാംസ്‌കാരിക ലോകമാണ് അവിടെ നമുക്ക് പരിചിതമാകുന്നത്. നമുക്കൊക്കെ തീരെ അപരിചിതമായ മണത്തിന്റെ ലോകം. കാഴ്‌ചയും കേൾവിയും നമ്മെ ചുറ്റുമുള്ള ലോകത്തെ തിരിച്ചറിയാൻ സഹായിക്കുന്നതുപോല, മണം കൂടി പ്രകൃതിയെ അറിയാനുള്ള ഒരു വഴിയാണ്. എന്നാൽ പ്രകൃതിയിൽനിന്ന് അകന്നുപോകുമ്പോൾ നാം നഷ്ടപ്പെടുത്തുന്നത് വനാനുഭവങ്ങൾ മാത്രമല്ല; ആ അനുഭവങ്ങളെ തിരിച്ചറിയാനും ഓർമയിൽ സൂക്ഷിക്കാനും സഹായിക്കുന്ന സൂക്ഷ്മമായ ഇന്ദ്രിയബന്ധങ്ങൾ കൂടിയാണ്.

പടംപ്രഭു പി എം
​
കാട്ടിലെ ഞാൻ

പതിനായിരം വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണെന്ന ഉത്തമ ചിന്തയോടെ ഇനി വീണ്ടും കാട്ടിലേക്ക് കടന്നുചെല്ലാം. രൂപവും മണവും ഭാഷയും വേഷവും എല്ലാം മാറിയ മറ്റൊരു ജീവിയായി തന്റെ നിയന്ത്രണത്തിലല്ലാത്ത ഭൂമികയിൽ ഏകനായി നിൽക്കാം, ചുറ്റിലും നിരീക്ഷിക്കാം. രണ്ടു ലക്ഷത്തി തൊണ്ണൂറായിരം വർഷം മനുഷ്യൻ കഴിഞ്ഞ കാട്ടിലേക്കാണ് കടന്നുചെന്നിരിക്കുന്നത്. പക്ഷേ അവൻ കാട്ടിലെ മറ്റെല്ലാ മൃഗങ്ങൾക്കും അപരിചിതനാണ്.
അവൻ ഒരു വന്യമൃഗത്തെ കാണുന്നതിന് മുമ്പേ, ഏതെങ്കിലും ഒരു മൃഗത്തിന്റെ ശബ്ദം കേൾക്കുന്നതിന് മുമ്പേ, അവയുടെ സാമീപ്യം അറിയുന്നതിന് മുമ്പേ അനേകം വന്യമൃഗങ്ങൾ അവനെ കണ്ടിരിക്കും, മണത്തിരിക്കും, അല്ലെങ്കിൽ ഇങ്ങനെ അപരിചിതനായ ഒരുവൻ തങ്ങളുടെ ലോകത്തേക്ക് പ്രവേശിച്ചിട്ടുണ്ടെന്ന് മറ്റ് പല മൃഗങ്ങളിലൂടെയും അറിഞ്ഞിരിക്കും. അവിടെ, കാട്ടിൽ ഒരു കടുവയെ കാണാൻ, ആനയെ കാണാൻ, മാനിനെ കാണാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. എന്നാൽ നിൽക്കുന്നത് ഒരു കാഴ്‌ചബംഗ്ലാവിൽ അല്ലെന്നുള്ള ഉത്തമ ബോധ്യത്തോടെയാകണം. ചുറ്റിലുമുള്ള സസ്യഭുക്കുകൾക്കും മാംസഭുക്കുകൾക്കും കാണാനും അടുക്കാനും താൽപ്പര്യമില്ലാത്ത ഒരാളാണ് താനെന്ന തിരിച്ചറിവ് വേണം.
ഓരോ മൃഗവും സാഹചര്യത്തിനനുസരിച്ച് ഒരു സുരക്ഷിത അകലം പാലിക്കാൻ ശ്രമിക്കുന്നു. അതിനെ നമുക്ക് ഒരു Safe Personal Circle എന്നു വിളിക്കാം. ഈ അകലം എല്ലാ ജീവികളിലും ഒരുപോലെയല്ല. മൃഗത്തിന്റെ ഇനം, അതിന്റെ പെരുമാറ്റം, കുഞ്ഞുങ്ങളുടെ സാന്നിധ്യം, ഭക്ഷണം, മനുഷ്യനുമായുള്ള മുൻകാല അനുഭവങ്ങൾ, ചുറ്റുപാടുകൾ എന്നിവയെല്ലാം അതിനെ സ്വാധീനിക്കും. അതിനാൽ കാട്ടിൽ നാം പാലിക്കേണ്ട അകലം ഒരു നിശ്ചിത അളവല്ല; മൃഗത്തിന്റെ പെരുമാറ്റത്തെ മാനിച്ചുകൊണ്ട് തീരുമാനിക്കേണ്ട ഒന്നാണ്.
ഒരു വനപാലകനെന്ന നിലയിൽ ദിവസങ്ങൾ നീണ്ട ദൈർഘ്യമേറിയ വനയാത്രകൾ നടത്താറുണ്ട്. കൂടുതലും ഒരു ട്രെക്കിങ്‌ സ്വഭാവത്തിലുള്ളവ. റേഞ്ച് ഫോറസ്റ്റ് ഓഫീസർ പദവിയിലുള്ള തുടക്ക കാലത്തെ സേവന സമയത്താണ് അതിനു കൂടുതൽ സാഹചര്യവും ഒത്തുവന്നിരുന്നത്. ജോലിയും വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി എന്ന പാഷനും പരസ്‌പരം ഇണചേർന്ന വനയാത്രകളിൽ ആകസ്‌മികമായി മുന്നിലെത്തിയ അനേകം വന്യമൃഗങ്ങളുണ്ട്. ഓരോ യാത്രയിലും ഒരേ കാട് എനിക്കു മുന്നിൽ പുതിയൊരു ലോകം തുറന്നുവച്ചു. ഇന്നലെ നടന്ന വഴിയിലൂടെ ഇന്ന് നടക്കുമ്പോഴും കാട് ഇന്നലത്തേതായിരുന്നില്ല. അന്നത്തെ യാത്രയിൽ കണ്ട ഇരുണ്ട പച്ചക്കാട്, ഇന്ന് ഇലകൾ പൊഴിച്ചുകൊണ്ട് ഇളം മഞ്ഞ വെളിച്ചം തൂകി നിന്നു. വെളിച്ചം മാറുന്നു, കാറ്റിന്റെ ഗതി മാറുന്നു, ശബ്ദങ്ങൾ മാറുന്നു; കാണുന്ന ജീവികളും അവയുടെ പെരുമാറ്റങ്ങളും മാറുന്നു. അവയുടെ ജീവിത യാത്രകൾ മാറുന്നു. അതിൽ കാലാവസ്ഥാ വ്യതിയാനം വലിയൊരു സ്വാധീനം ചെലുത്തുന്നുണ്ട്. ചിലപ്പോൾ ഒരു മൃഗത്തിന്റെ അപ്രതീക്ഷിതമായ കടന്നുവരവ് യാത്രയെ അവിസ്‌മരണീയമാക്കും. മറ്റുചിലപ്പോൾ, ഒരു ജീവിയെയും കാണാതെ മടങ്ങുന്ന യാത്രയായിരിക്കും കാടിനെക്കുറിച്ച് ഏറ്റവും കൂടുതൽ ചിന്തിപ്പിക്കുക.
പറമ്പിക്കുളത്തെ ആർദ്രഇലപൊഴിയും കാടുകളിൽ (Moist deciduous Forest) കടുവയെ തേടി തെളിക്കൽ പുഴക്കരയിലൂടെ പൊരിവെയിൽ മുഴുവൻ കൊണ്ടുതീർത്ത് നിരാശരായി മടങ്ങിയ ഞങ്ങൾക്ക്‌ മുന്നിലെ നടവഴിയിൽ അഭിമുഖമായി പ്രത്യക്ഷപ്പെട്ട കടുവയെ എങ്ങനെ മറക്കാനാണ്? കൂടെ ആ സന്ധ്യ മയങ്ങും നേരത്ത് ചെമ്മാനത്തിലൂടെ തെന്നിപ്പറന്നു പോയ തത്തക്കൂട്ടങ്ങളെയും? അവിടെയാണ് കാട് ഒളിപ്പിച്ച നിഗൂഢതകളിൽ നമ്മൾ ഒന്നുമല്ലതായി മാറുന്നത്. കാഴ്‌ചകൾ ഊളിയിട്ടു വരച്ചു ചേർക്കുന്നത് ഒരിക്കലും മായാത്ത ചിത്രങ്ങളാണ്. ഒന്നിനെ ഒന്നോട് ചേർത്തു വയ്‌ക്കുന്ന നിഗൂഢ ചിത്രം.
ഒരു കാടിനെ കാണാൻ ഇരുമിഴികൾ മാത്രം പോരാ. കണ്ണുകൊണ്ട് കാണുന്നതും കാതുകൾ കേൾക്കുന്നതും മനസ്സ് തിരിച്ചറിയുന്നതും ആ വനലോകത്തിന്റെ ഒരു ചെറിയ അംശം മാത്രമാണ്. പകലും രാത്രിയും മാറിമാറിയെത്തുമ്പോൾ, എണ്ണമറ്റ ജീവികൾ അവരുടേതായ സമയക്രമങ്ങളിൽ പരസ്‌പരം ബന്ധപ്പെട്ടു ജീവിക്കുന്നു. ഒരു ജീവിയുടെ സാന്നിധ്യം മറ്റൊന്നിന്റെ പെരുമാറ്റത്തെ സ്വാധീനിക്കുന്നു; ഒരു പൂവിന്റെ വിരിയലും ഒരു പഴത്തിന്റെ പാകമാകലും ഒരു ഇരയുടെ ചലനവും ഒരു വേട്ടക്കാരന്റെ കാത്തിരിപ്പും ആ വലിയ ജൈവവ്യവസ്ഥയുടെ തുടർച്ചയായ ഭാഗങ്ങളാകുന്നു.
ഈ സങ്കീർണമായ കൊടുക്കൽ വാങ്ങലുകൾക്ക് സാക്ഷിയായി നിൽക്കാൻ ഒരു മനുഷ്യായുസ്സ് മതിയാകില്ല. കാടിനെക്കുറിച്ച് ഓരോ തവണ പഠിക്കുമ്പോഴും അറിയാനുള്ളത് എത്രയോ ബാക്കിയുണ്ടെന്ന് തിരിച്ചറിയുന്നു. ഒരുപക്ഷേ, കാടിന്റെ ഏറ്റവും വലിയ പാഠവും അതുതന്നെയായിരിക്കാം – നാം കണ്ടുതീർക്കുന്ന ഒരു ലോകമല്ല കാട്; ഓരോ തവണ കാണുമ്പോഴും പുതുതായി തിരിച്ചറിയേണ്ടിവരുന്ന ഒരു ലോകമാണ്. എന്താണ് വന്യത അഥവാ ‘WILDERNESS’? അതെന്തായാലും പൂർണമായി ‘അത്’ നഷ്‌ടപ്പെട്ട മനുഷ്യന് എങ്ങനെ നിർവചിക്കാനാകും? മനുഷ്യന്റെ സാമാന്യ ബുദ്ധിയിൽ അനിർവചനീയമായ ഒന്നാണ് അത്. മനുഷ്യ സങ്കൽപ്പങ്ങൾ നല്ലത് ചീത്ത, കനിവ് - ക്രൂരത, അമ്മ- മകൾ, പിതാവ്- പുത്രൻ അതിനെല്ലാം വെവ്വേറെ സങ്കൽപ്പങ്ങളും അർഥങ്ങളുമാണുള്ളത്.
​
വന്യത എന്ന രഹസ്യം

വന്യത എന്നു കേൾക്കുമ്പോൾ ഒരു സാധാരണക്കാരന്റെ മനസ്സിൽ ആദ്യം ജനിക്കുന്നത് ‘ഭയ’മെന്ന വികാരമാണ്. മനുഷ്യനാൽ മെരുക്കപ്പെടാതെ സ്വതന്ത്രമായി എന്നാൽ അറിഞ്ഞോ അറിയാതെയോ പരസ്‌പരം ഇഴചേർന്നു പോകുന്ന ചരാചരങ്ങൾ. മരങ്ങളും ചെടികളും മൃഗങ്ങളും സൂക്ഷ്മജീവികളും മണ്ണും ജലവും കാറ്റുമെല്ലാം ഉൾപ്പെടുന്ന ജൈവ-അജൈവ മണ്ഡലമാണത്. അതിനെ ആവാസവ്യവസ്ഥ (ECOSYSTEM) എന്നു വിളിക്കാം. പലതരം ആവാസ വ്യവസ്ഥകൾ വനത്തിൽ കാണാം. ഒരു പുഴ, ഒരു പുൽത്തകിടി, ഒരു കുളം അങ്ങനെ ഓരോന്നും ഓരോ ആവാസ വ്യവസ്ഥയായി കണക്കാക്കാം. ആ വ്യവസ്ഥകൾ പരസ്‌പരം ഏറിയും കുറഞ്ഞും ബന്ധപ്പെട്ടുകിടക്കുന്നു. കാട്ടിലെ കുളവും പുൽമേടും പുഴയും വൃക്ഷങ്ങളും എല്ലാം ഒരർഥത്തിൽ ഒന്നാണല്ലോ! അവിടെ ഓരോന്നിനും ഓരോ കർമങ്ങൾ നിർവഹിക്കാനുണ്ട്. പരസ്‌പരം ഭക്ഷണമായി ഊർജ പ്രവാഹത്തിന്റെ തുടർച്ച നിലനിർത്തുക മാത്രമല്ല, വ്യത്യസ്‌ത ജീവികൾ തമ്മിൽ നിലനിൽപ്പിനായുള്ള മറ്റുചില കൊടുക്കൽ വാങ്ങലുകളുമുണ്ട്.
കാടിന്റെ ആവാസവ്യവസ്ഥയിലെ ജീവരഹസ്യങ്ങൾ തേടിയിറങ്ങുമ്പോൾ അത്തിമരവും ഒരു ചെറുകടന്നലും ചേർന്ന് രചിക്കുന്ന ജീവിതകഥ നമ്മെ വിസ്‌മയിപ്പിക്കുന്ന ഒന്നാണ്. പുറത്തുനിന്ന് ഒരു പഴമായി മാത്രം തോന്നുന്ന അത്തിയുടെ ഉള്ളിൽ നൂറുകണക്കിന് ചെറുപുഷ്‌പങ്ങൾ ഒളിഞ്ഞിരിക്കുന്നു. അവിടേക്കുള്ള വഴിയാകട്ടെ, ഒരു ചെറുദ്വാരം മാത്രം. അതിലൂടെ കടന്നെത്തുന്ന പെൺ അത്തിക്കടന്നൽ മുട്ടയിടുന്നതിനൊപ്പം അത്തിപ്പൂക്കളിൽ പരാഗണവും നടത്തുന്നു. അത്തിയുടെ ഉള്ളിൽ വിരിയുന്ന അടുത്ത തലമുറ കടന്നലുകൾ അവിടെത്തന്നെ വളരുന്നു. ഇണചേരലിനുശേഷം പെൺകടന്നലുകൾ പുറത്തേക്കു കടന്ന് മറ്റൊരു അത്തിമരത്തെ തേടിപ്പറക്കുന്നു; ആൺകടന്നലുകളിൽ പലതും ജനിച്ച അത്തിക്കുള്ളിൽത്തന്നെ ജീവിതം അവസാനിപ്പിക്കുന്നു.
ഒരു വൃക്ഷത്തിന്റെ പ്രത്യുൽപ്പാദനവും ഒരു ചെറുപ്രാണിയുടെ ജീവിതചക്രവും ഇത്രയേറെ ഇഴചേർന്നിരിക്കുന്നു! അത്തിമരം കടന്നലിന് ഒരു നഴ്സറിയൊരുക്കുമ്പോൾ കടന്നൽ അത്തിമരത്തിന് പരാഗണസഹായിയാകുന്നു. ദശലക്ഷക്കണക്കിന് വർഷങ്ങളിലൂടെ പരിണാമം രൂപപ്പെടുത്തിയ ഈ ബന്ധം മനുഷ്യനോട് എന്താണ് സംവദിക്കുന്നത്? കാടിന്റെ നിലനിൽപ്പ് വൻമരങ്ങളുടെ കരുത്തിൽ മാത്രം അധിഷ്ഠിതമല്ല; കണ്ണുകൊണ്ടുപോലും തിരിച്ചറിയാൻ പ്രയാസമുള്ള ചെറുജീവികളുടെ പ്രവർത്തനങ്ങളിലും അത് ആശ്രയിച്ചിരിക്കുന്നു. അവിടെ ഉറുമ്പിന് പൂമ്പാറ്റയോട് കടപ്പാടുണ്ട്; കുരങ്ങിന് മാനിനോട്, കൂണുകൾക്ക് ആനയോട്, അങ്ങനെ... എത്രയെത്ര രസകരമായ പാരസ്‌പര്യത്തിലധിഷ്ഠിതമാണ് ‘വന്യത.’
രണ്ടായിരത്തി പതിനഞ്ചിൽ പശ്ചിമഘട്ടത്തിൽ നടന്ന ഒരു പഠനത്തിൽ ആനയുടെ പിണ്ഡത്തിൽ 31 ഇനം കൂണുകൾ വളരുന്നതായി കണ്ടെത്തി. അതിൽ തന്നെ അഞ്ച്‌ ഇനങ്ങൾ ആനയുടെ പിണ്ഡത്തിൽ മാത്രം വളരുന്നവയായിരുന്നു. എത്രയെത്ര മരങ്ങളുടെ വിത്തുകളാണ് ആനയും കാട്ടുപോത്തും ഒരു മരച്ചുവട്ടിൽനിന്നും പെറുക്കിയെടുത്ത് തങ്ങളുടെ ദഹനരസങ്ങളിൽ മുക്കിത്തുടച്ച് യാതൊരു നിശ്ചയവുമില്ലാത്ത നിദ്രയിലാണ്ട ജീവനെ ഉണർത്തിയെടുത്ത് കിലോമീറ്ററുകൾക്കകലെ മറ്റൊരു കാടൊരുക്കാൻ പ്രകൃതിക്ക് സമർപ്പിക്കുന്നത്.
ഒരാനയെ മരവുമായും അതിലിരിക്കുന്ന കിളിയുമായും, തൊലിക്കുള്ളിൽ കൂട് കൂട്ടുന്ന ഉറുമ്പുമായും, വേരുപടലങ്ങളെ കൂട്ടിയിണക്കുന്ന പന്നലുമായും, പങ്കുവയ്‌ക്കപ്പെടുന്ന മണ്ണും ജലവുമായും എല്ലാം ജീവന്റെ നൂലിൽ കോർത്തെടുക്കാൻ കാട് കാണാൻ പോകുന്ന മനുഷ്യന് കഴിയണം. തന്നെ പ്രകൃതിയിൽ, എവിടെ പ്രതിഷ്ഠിക്കണം എന്ന അന്വേഷണം അവിടെനിന്നും തുടങ്ങാവുന്നതാണ്. കോടാനുകോടി ജീവജാലങ്ങളുടെ നിലനിൽപ്പിന് വന്യജീവികൾ ജീവിതചക്രത്തിന്റെ ഭാഗമായി പ്രത്യക്ഷമായയും പരോക്ഷമായും പരസ്‌പരം നിർവഹിച്ചു പോരുന്ന കർമത്തിന് സമാനമായി കാടിൽ/വന്യതയിൽ നിന്നും എന്നേ അകന്നുപോയ മനുഷ്യന്റെ പാരിസ്ഥിതിക സേവനം ഇക്കാലയളവിൽ എന്തായിരിക്കും?


പടം
​
സഹജീവനം

മനുഷ്യകേന്ദ്രീകൃതമായ ചിന്തയിൽ കാടും വന്യമൃഗങ്ങളും എന്നും ഒരു വശത്തും മനുഷ്യസമൂഹം മറുവശത്തുമായിരിക്കും. മനുഷ്യന്റെ ആവശ്യങ്ങളും ആശങ്കകളും പരിഗണിച്ചുകൊണ്ടാണ് ജീവലോകത്തെ വിലയിരുത്തുന്നത്. എന്നാൽ മനുഷ്യന് പൂർണമായി ഉൾക്കൊള്ളാൻ പ്രയാസമുള്ള ഒന്നാണ് കാടിന്റെ ആവാസവ്യവസ്ഥയും അതിന്റെ സങ്കീർണമായ പരസ്‌പരബന്ധങ്ങളും. മനുഷ്യൻ ആധുനികൻ ആയതിനുശേഷം അവന്റെ സൗകര്യങ്ങൾക്കാണ് പലപ്പോഴും പ്രഥമ പരിഗണന. മറ്റു ജീവികളുടെ ഇടവും അവയുടെ സ്വാഭാവിക സഞ്ചാരപഥങ്ങളും അതിനുശേഷം മാത്രം പരിഗണിക്കപ്പെടുന്നു.
മലയോരത്ത് താമസിക്കുന്ന ‘ചില’ കർഷകരിൽനിന്ന് ഞങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരമായി കേൾക്കുന്ന, പരിഹാസം കലർന്ന ഒരു ആരോപണമുണ്ട്: “നിങ്ങളുടെ ആന, നിങ്ങളുടെ പന്നി, നിങ്ങളുടെ കുരങ്ങ് എന്നിങ്ങനെ ഒന്നും ഈ ഫോറസ്റ്റ് ജണ്ടയ്‌ക്ക്‌ ഇപ്പുറം ഞങ്ങളുടെ കൃഷിയിടത്തിലേക്ക് കാല് കുത്തരുത്. വന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്വം നിങ്ങൾക്കാണ്. ഞങ്ങൾ കാട്ടിലേക്ക് കയറുന്നില്ലല്ലോ? കയറിയാൽ കേസെടുക്കുമല്ലോ? അങ്ങനെയെങ്കിൽ വന്യമൃഗങ്ങൾ പുറത്തേക്കിറങ്ങിയാൽ അവയെ എന്തുചെയ്യണം? ഒന്നുകിൽ കൊല്ലണം, അല്ലെങ്കിൽ പിടിച്ച് കൂട്ടിലടയ്‌ക്കണം.’’ ഈ വാക്കുകളിൽ പ്രതിഷേധമുണ്ട്; അതോടൊപ്പം കൃഷിനാശത്തെക്കുറിച്ചുള്ള ഭയവും ഉപജീവനത്തെക്കുറിച്ചുള്ള ആശങ്കയുമുണ്ട്. വിളകൾ നശിക്കുകയും അധ്വാനത്തിന്റെ ഫലം നഷ്ടപ്പെടുകയും ചിലപ്പോൾ മനുഷ്യജീവനുപോലും ഭീഷണിയുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിൽ കർഷകരുടെ ആശങ്കകളെ അവഗണിക്കാനാവില്ല. എന്നാൽ ആ ആശങ്കകൾക്കുള്ള പരിഹാരം വന്യമൃഗങ്ങളെ മുഴുവൻ മനുഷ്യന്റെ നിയന്ത്രണത്തിലാക്കുക എന്നതാണോ?
കെനിയയുടെ തെക്ക് ടാൻസാനിയയോട് ചേർന്നുകിടക്കുന്ന ഭൂപ്രദേശമാണ് അമ്പോസെലി. ഉപ്പുരസമുള്ള മൺപൊടി നിറഞ്ഞ, ലോകത്തിൽ ഏറ്റവും വലിയ കൊമ്പുള്ള ആനകളുടെ നാട്. ക്രെയ്ഗ് ആയിരുന്നു കൊമ്പന്മാരിൽ രാജാവ്. 2026 ജനുവരിയിൽ മരണപ്പെട്ട ക്രെയ്ഗിന്റെ പിൻഗാമികളായി ടീജേ, വറോൻസ്കി, പെർ, ഏസാവു തുടങ്ങിയ യുവകിങ്കരന്മാർ ആറടിക്ക്‌ മേലെ നീളമുള്ള നിലം മുട്ടുന്ന കൊമ്പുകളുമായി നടന്നു നീങ്ങുന്നത് ആ പൊടിപറക്കുന്ന ആഫ്രിക്കൻ മുൾക്കാട്ടിലൂടെ മാത്രമല്ല. കാട്ടിനകത്തെ മാസായി ആദിവാസി കോളനികളിലൂടെ, സ്‌കൂൾ മുറ്റങ്ങളിലൂടെ, ആശുപത്രി വരാന്തകളിലൂടെ, കൂട്ടമായി കാട്ടിൽ മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങൾക്കിടയിലൂടെയൊക്കെയാണ്.
കിളിമൻജാരോ പർവതത്തിൽനിന്നും ഊറി വരുന്ന ശുദ്ധമായ വെള്ളമെടുക്കാൻ മുപ്പതും നാൽപ്പതും കിലോമീറ്റർ കാട്ടിലൂടെ നടന്നുപോകുന്ന മാസായി സ്‌ത്രീകളുടെ വഴി മുടക്കാതെ, പൊടി പറത്തി നടന്നുനീങ്ങുന്ന ‘ടീജെ’ എന്ന വമ്പൻ കൊമ്പനെ കണ്ടുമുട്ടിയതിന്റെ അമ്പരപ്പ് ഇതെഴുതുമ്പോഴും അനുഭവിക്കുന്നു. ഏതാനും മീറ്ററുകൾക്കകലെ നിലത്ത് കമിഴ്‌ന്നു കിടന്നുകൊണ്ട് പർവതം കണക്കെ തോന്നിപ്പിക്കുന്ന അവന്റെ രൂപം ക്യാമറയിൽ പകർത്താൻ ശ്രമിക്കുമ്പോൾ ഒരു നിമിഷം എന്റെ നേരെ തല ചെരിച്ചുകൊണ്ടൊരു നോട്ടമെറിഞ്ഞു. അംബോസെലി എന്ന വിശാലമായ കാടിന്റെ ജീവൻ ആ കണ്ണുകളിൽ മിന്നിമറിഞ്ഞു. ഒരു മാസായി ആദിവാസിയും കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളിൽ ഇവിടെ ആനകളാൽ കൊല്ലപ്പെട്ടിട്ടില്ല എന്ന വസ്‌തുത മനസ്സിലാക്കുമ്പോൾ ഇങ്ങ് കേരളത്തിലെ അവസ്ഥയോ? മനുഷ്യരും ആനകളും ഒരേ ഭൂപ്രദേശത്തിന്റെ സജീവ പങ്കാളികളായി ജീവിക്കുന്ന കാഴ്‌ചകൾ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകി. ആ വനപ്രദേശങ്ങളിലോ അരികുകളിലോ അവർ കൃഷി ചെയ്യുന്നില്ല എന്നത് മാത്രമല്ല കാരണം. സഹജീവനത്തിന്റെ വലിയൊരു മാതൃകയായിരുന്നു അത്.
ഭരണഘടനയും വന്യജീവി സംരക്ഷണ നിയമവും കേരള വനനിയമവുമെല്ലാം പ്രകൃതിസംരക്ഷണത്തിന് നിയമപരമായ ചട്ടക്കൂടുകൾ നൽകുന്നുണ്ട്. എന്നാൽ ഇവ രൂപപ്പെട്ട കാലത്തെ സാഹചര്യങ്ങളും ഇന്നത്തെ സാമൂഹിക-പാരിസ്ഥിതിക യാഥാർഥ്യങ്ങളും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടെന്ന വാദവും ശക്തമാണ്. വന്യജീവികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും ഉപജീവനവും സുരക്ഷിതമാക്കാൻ നിലവിലുള്ള നിയമങ്ങളും അവയുടെ നടത്തിപ്പുരീതികളും കാലാനുസൃതമായി പുനഃപരിശോധിക്കേണ്ടതുണ്ടെന്ന അഭിപ്രായം ഉയരുന്നു.
​
പശ്ചിമഘട്ടത്തിന്റെ കേരളം

കേരളത്തിലൂടെ ഏകദേശം 450 കിലോമീറ്ററോളം നീളത്തിൽ കടന്നുപോകുന്ന 1600 കിലോമീറ്റർ നീളമുള്ള പശ്ചിമഘട്ടം, സംസ്ഥാനത്തിന്റെ കിഴക്കൻ അതിർത്തിയോട് ചേർന്നുനിൽക്കുന്ന ഒരു പർവതനിര മാത്രമല്ല. വനങ്ങളും നദികളുടെ നീർത്തടങ്ങളും അപൂർവ ജീവജാലങ്ങളുടെ ആവാസകേന്ദ്രങ്ങളും ഒത്തുചേരുന്ന വിശാലമായൊരു പാരിസ്ഥിതിക മേഖലയാണത്. 2023-ലെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് കേരളത്തിലെ ആകെ വനാവരണം 22,059 ചതുരശ്ര കിലോമീറ്ററാണ്. എന്നാൽ ഈ വനാവരണത്തിന്റെ മുഴുവൻ വിസ്‌തൃതിയും പശ്ചിമഘട്ടത്തിനുള്ളിലാണെന്ന് കരുതരുത്. ‘ഘട്ട്’ എന്ന വാക്കിന് മലമ്പാത, കുത്തനെയുള്ള മലഞ്ചെരിവ്, നദിയിലേക്കിറങ്ങുന്ന പടിക്കെട്ടുകൾ എന്നിങ്ങനെ വിവിധ അർഥങ്ങളുണ്ട്. പശ്ചിമഘട്ടം എന്ന പേര്, ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തോട് ചേർന്ന് ദക്ഷിണേന്ത്യൻ പീഠഭൂമിയുടെ അരികിലൂടെ നീളുന്ന മലനിരകളുടെയും കുത്തനെയുള്ള ചരിവുകളുടെയും ഭൂപ്രകൃതിയുമായി ബന്ധപ്പെട്ടതാണ്. അതൊരു ഒറ്റപ്പെട്ട പർവതമല്ല; മലനിരകളും താഴ്‌വരകളും പീഠഭൂമികളും കൊടുമുടികളും ചേർന്ന വിശാലമായ പർവതവ്യവസ്ഥയാണ്.
പശ്ചിമഘട്ടം എന്ന അമൂല്യമായ പാരിസ്ഥിതിക സമ്പത്തിന്റെ ഭാഗമായ നമ്മുടെ കാടുകളും കൃഷിയിടങ്ങളും, ജനവാസമേഖലകളും പരസ്‌പരം വേർതിരിച്ചുനിർത്താൻ കഴിയാത്തവിധം ഇഴചേർന്നിരിക്കുന്നു. വന്യമൃഗങ്ങളുടെ സ്വാഭാവിക സഞ്ചാരപഥങ്ങൾ പലപ്പോഴും മനുഷ്യവാസമേഖലകളുമായി ഇടകലർന്നാണ്‌ കടന്നുപോകുന്നത്. അതിന് വനഭൂമി എന്നോ റവന്യൂ ഭൂമി എന്നോ വേർതിരിവില്ല. വനഭൂമിയിൽ നിന്നാണല്ലോ ‘റവന്യൂ’ ഭൂമി പിറവികൊണ്ടത്. അത്തരമൊരു ഭൂമിശാസ്‌ത്രത്തിൽ മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷത്തെ അതിർത്തിവരച്ച് പരിഹരിക്കാനാവില്ല. സഹജീവനത്തിന്റെ പാതകൾ സന്തുലിതമായി നിരന്തരം പുനർനിർമിച്ചുകൊണ്ടേയിരിക്കണം. മനുഷ്യന്റെ സുരക്ഷയും ഉപജീവനവും സംരക്ഷിക്കപ്പെടണം. അതോടൊപ്പം വന്യമൃഗങ്ങളുടെ നിലനിൽപ്പിനും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്‌ക്കും ഇടമുണ്ടാകുകയും വേണം. ഈ രണ്ടു ആവശ്യങ്ങൾക്കുമിടയിൽ ശാസ്‌ത്രീയവും പ്രായോഗികവുമായ സന്തുലിതാവസ്ഥ കണ്ടെത്തുക എന്നതാണ് ഇന്ന് പശ്ചിമഘട്ടത്തിന്റെ സ്വന്തമായ കേരളം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളികളിലൊന്ന്.
വേഗതയും ദൂരക്കുറവും മാത്രം അടിസ്ഥാനമാക്കി വികസനത്തിന്റെ സ്‌കെച്ചിൽ വീണ്ടും വീണ്ടും തെളിയുന്ന വിശാലമായ മലയോരപ്പാതകൾ നാളെയുടെ മനുഷ്യ-–വന്യജീവി സംഘർഷത്തെ തീക്ഷ്‌ണമായ തലത്തിലേക്ക് നയിക്കുമെന്നത് തീർച്ചയാണ്. നാട്ടിൽ എന്ത് വികസനമുണ്ടോ, അതിനു സമാനമായ മനുഷ്യവാസവും നിർമാണങ്ങളും കാട്ടിലും സാധ്യമാകണമെന്ന ചിന്തയാണ് ഇതിൽ ഏറ്റവും അപകടകരം. അതെല്ലാം മുന്നിൽ കണ്ടുകൊണ്ട് കാടിനുള്ളിലെയും ഓരങ്ങളിലെയും ‘വികസനത്തെ’ പുനർനിർവചിക്കാനും സ്വീകരിക്കാനും കെൽപ്പുള്ള ജനാധിപത്യ സമൂഹവും അപ്രകാരം നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളാന്നുള്ള രാഷ്‌ട്രീയ ഇച്ഛാശക്തിയുമാണ് കേരളത്തിനു വേണ്ടത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan VEH Global

01

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം
Paravur Taluk Hospital medical negligence Abdul Jabbar protest

02

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി
Flemy Abraham with bjp leaders

03

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

04

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

05

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ
deshabhimani section

Recommended

Deshabhimani
Home