Deshabhimani

കവർസ്‌റ്റോറി

കോഴിക്കോടൻ മര്യാദ

ബുക്ക്‌
avatar
എൻ പി ഹാഫിസ്‌ മുഹമ്മദ്‌

Published on Sep 19, 2026, 12:39 PM | 5 min read

അറുപതോളം വർഷങ്ങൾക്ക്‌ മുമ്പ്. വീട്ടിൽ അതിഥികൾ വന്നാൽ വെല്ലിമ്മക്ക് വെപ്രാളം. വെല്ലിമ്മ എന്നോടും ഏട്ടനോടും പറയുന്നു: "എടാ നമ്മുടെ ചോന്ന കോഴിനെ പിടിക്കണം.’ വീടിന് പിന്നിലേക്ക് ഓടുന്നു. കോലായയിൽ നിന്ന് അതിഥികളെ സ്വീകരിച്ച് ഉമ്മയുടെ മുറിയിൽ കൊണ്ടുപോയി ഇരുത്തിയപ്പോൾ ഉറപ്പിച്ചതാണ്, ഇന്ന് അതിഥികൾ തിന്നിട്ടാണ് പോകുന്നതെങ്കിൽ ചുവന്ന കോഴിയുടെ കഥ കഴിഞ്ഞു. ഉള്ളതിൽ പെരുത്ത കോഴി.

വെല്ലിമ്മ ഒരു പാത്രത്തിൽ ഗോതമ്പുമണികൾ എടുക്കുന്നു. കിണറ്റിൻകരയിൽനിന്ന് ഗോതമ്പുമണികൾ വിതറി കോഴികളെ കൂട്ടുന്നു: ബ് ബ് ബ് ബാ... ബ് ബ്... എന്റെ കയ്യിലുള്ള ഗോതമ്പെറിഞ്ഞ് ഞാനും പറഞ്ഞു: "കോഴി ബാ...ബാ...’ കോഴികൾ കിണറ്റിൻകരയിലെത്തി. കണ്ണും മൂക്കുമില്ലാതെ ഗോതമ്പ് മണി കൊത്താൻ തുടങ്ങി. ചോന്ന കോഴിയാണ് മുന്നിൽ. ഒരൊറ്റപ്പിടുത്തം. ചോന്ന കോഴി എന്റെ കയ്യിൽ ഊഞ്ഞാലാടി. വെല്ലിമ്മ എന്നെ അനുമോദിച്ചു: "മിട്ക്കൻ.’ വെല്ലിമ്മ കോഴിയെ വാങ്ങുകയും ചരട് കൊണ്ട് കാൽ രണ്ടും കെട്ടുകയും ചെയ്തു.

ഞാൻ കുപ്പായമിട്ടോടിയെത്തി. വെല്ലിമ്മ കോഴിയെ ഒരു സഞ്ചിയിലിട്ടു തന്നു: "ബേം പൊയ്‌ക്കോ... ഇടിയങ്ങരപ്പള്ളീലെ മൊല്ലാക്ക അവിടുണ്ടാവും.’ മൊല്ലാക്കക്ക് കൊടുക്കാനുള്ള ചില്ലറക്കാശ് വെല്ലിമ്മ എന്റെ കീശയിലിട്ടു. മൊല്ലാക്കയെക്കൊണ്ട് കോഴിയെ അറപ്പിക്കണം. ഉടൻ മടങ്ങിയെത്തണം.

തിരിച്ചെത്തിയാൽ വെല്ലിമ്മ പൂടയും തൂവലും എടുത്തു മാറ്റും. മരക്കണ്ടത്തിൽ വച്ച് കണ്ടം കണ്ടമാക്കണം. വെല്ലിമ്മ മുക്കാൽ മണിക്കൂർകൊണ്ട് പത്തിരിയും കോഴിക്കറിയും ഉണ്ടാക്കും. ഉമ്മയും കുഞ്ഞാമയും നടുവകത്ത് പായ വിരിച്ച് വെള്ളത്തുണി വിരിച്ച് സുപ്രയിട്ട് കഴിഞ്ഞിട്ടുണ്ടാവും. ഉടനെ അതിഥികളെ നടുവകത്തേക്ക്‌ ക്ഷണിക്കും. ആദരവോടെ സുപ്രയ്‌ക്ക്‌ ചുറ്റും ഇരുത്തും. അവർ മൂക്കറ്റം തിന്നും. കോഴിക്കാലോ കഴുത്തോ ബാക്കിവച്ചാൽ ഭാഗ്യം. അതാണ് അതിഥികൾക്കുള്ള ആദരം.

ബുക്ക്‌

അതിഥി മര്യാദ

അതിഥികൾക്ക് ചിലർ ചായയും പലഹാരവുമാണ് നൽകുക. പഴം വാട്യത്, മുട്ട മറിച്ചത്, ബായക്ക നിറച്ചത്, സമൂസ, പിന്നെ വറുത്ത കായയും സ്‌പോഞ്ച് കേക്കും. പുതിയാപ്പിളമാരുടെ പ്രമാണിത്തം അളന്ന് സൽക്കാരം കൂടുകയോ കുറയുകയോ ചെയ്യും. പുതിയാപ്പിളയുടെ വീട്ടിൽനിന്ന് ആരുവന്നാലും സൽക്കാരം കേമം.

ഇത് തെക്കെപ്പുറത്തിന്റെ സൽക്കാരം. തെക്കെപ്പുറത്തുകാരുടെയുമല്ല, കോഴിക്കോട്ടുകാരുടെത്. കൊയിലാണ്ടിയിലും വടകരയിലും മാഹിയിലും തലശേരിയിലും കണ്ണൂരിലുമൊക്കെ സൽക്കാരങ്ങളിങ്ങനെ. കയ്യിൽ കാശില്ലെങ്കിൽ കടം വാങ്ങി ‘തക്കാരം' നടത്തും. അതിഥികൾ വന്നാൽ ചിലപ്പോൾ വെല്ലിമ്മയെ കാണാതാവും. കാ മണിക്കൂറ് കൊണ്ട് പറന്നെത്തും. കല്ലുവച്ചുണ്ടാക്കിയ കീശയുടെ അകത്തഞ്ചോ പത്തോ ഉറുപ്പികയുമുണ്ടാകും.

വെല്ലിമ്മയിൽനിന്ന് ഉമ്മ (ഇത്തായെന്ന് സകലരും വിളിക്കും)യും പഠിച്ചത് ഈ പാഠം. കുടുംബക്കാർ മാത്രമല്ല ഇത്തായുടെ അതിഥികൾ. പേരുകേട്ട കഥയെഴുത്തുകാർക്ക് സൽക്കാരമൊരുക്കൽ ഇത്തായുടെ പതിവ്. എന്റെ ഭാര്യ, തായി, ചെയ്യുന്നതും മറ്റൊന്നല്ല. അന്തർദേശീയ അതിഥികളുടെ രുചിഭേദം നോക്കി എരിവും പുളിയും നോക്കി തായി വിഭവങ്ങളൊരുക്കും. കാനഡയിൽ പോയപ്പോൾ മകൾ യാരി ഒരുക്കുന്നത് പല നാടുകളിൽനിന്നുള്ളവർക്ക്: അവൾ ഒറ്റയ്ക്ക് രണ്ടോ മൂന്നോ ദിവസമെടുത്ത് പത്തിരുപത് പേർക്ക് സൽക്കാരമൊരുക്കുന്നു.

ഇത് തന്നെയാണ് പല വീടുകളിലും നടക്കുന്നതും. ചില വീടുകളിൽ ഇതുക്കും മീതെ. ഭക്ഷണത്തിൽ മാത്രമല്ല, അവരോടുള്ള പെരുമാറ്റത്തിലും വർത്തമാനത്തിലും വിനയവും ആദരവും ഉണ്ട്. ഇതൊക്കെ കോഴിക്കോടിന്റെ ആതിഥ്യ മര്യാദയുടെ ഭാഗം. തെക്കെപ്പുറത്തുള്ളവർ നിരത്തിൽവച്ച് ഒരു അപരിചിതനെ കണ്ടാൽ ആദ്യം അയാളെ പുഞ്ചിരിയോടെ തറപ്പിച്ച് നോക്കും. വർത്തമാനം പറയുന്നതിന് അപരിചിതത്വം ഒരു വിലക്കല്ല. ചിലർ യാതൊരു തടസ്സവുമില്ലാതെ ചോദിക്കും: "എന്താണിറ്റീ... ഇവിടെ കാണാത്ത ഒരാളാണല്ലോ.’ അറിയില്ലെന്ന് ഉറപ്പ്. അങ്ങനെയെങ്കിൽ ചോദിച്ചറിയാൻ ഒരുപാട് കാര്യങ്ങളുണ്ട്. അപരിചിതൻ അന്യനാട്ടുകാരനാണെങ്കിൽ അയാളുടെ നാട്ടിലുള്ള ഒരാളിനെ കുറിച്ച് ചോദിക്കും: "ജോർജേട്ടനെ പരിചയല്ലേ? തൃശ്ശൂരില് പേരുകേട്ട അരിക്കച്ചവടക്കാരനല്ലേ...’ ആതിഥേയനും അതിഥിക്കുമിടയിൽ പരിചയക്കാരില്ലെങ്കിൽ അയാൾ ചോദിച്ചേക്കും: ‘നിങ്ങൾക്ക് അപ്പോ ഫോർട്ട് കൊച്ചീല്ള്ള ഒരാളേം അറിയില്ലല്ലേ? അതുപോട്ടെ ങ്ങളെന്തിനാ കോഴിക്കോട്ടിപ്പോ വന്നത്?’ അതിനുള്ള ഉത്തരത്തിൽ പരിചിതത്വത്തിന്റെ പടികയറാൻ കോഴിക്കോട്ടുകാരൻ പഴുതുകൾ തേടും. എവിടെയെങ്കിലും ഒരു പിടി, പിന്നെ അഞ്ച് മിനിറ്റ് സംസാരം കഴിഞ്ഞാൽ അതിഥിയും കോഴിക്കോട്ടുകാരനും ചക്കയും ഈച്ചയുമാവുകയായി.

ഒരാളെ കണ്ടാൽ, അയാളിന്റെ വിത്തും വേരുമറിഞ്ഞു തുടങ്ങുമ്പോ, ആതിഥേയൻ ചോദിക്കും: "നമുക്കൊരു കാല്യാഫ് കുടിച്ചാലെന്താ?’ ചായകുടി സൗഹൃദത്തിലേക്കുള്ള പാലമാണ്. ഇരുകരകളടുക്കാനുള്ള പാലം.

ബുക്ക്‌

അപരിചിതർ,

ആദരണീയര്‍

ഇംഗ്ലണ്ടിലെ സസെക്‌സ്‌ യൂണിവേഴ്സിറ്റിയിലെ സോഷ്യൽ ആന്ത്രോപോളജി അധ്യാപകനായ ഫിലിപ്പോ ഒസല്ലോ ഒരനുഭവം പങ്കുവെക്കുന്നു: "ഞാനാദ്യം ഗവേഷണം നടത്തിയത് മധ്യതിരുവിതാംകൂറിലെ സാമൂഹിക മാറ്റത്തെക്കുറിച്ചറിയാനായിരുന്നു. വിവരശേഖരണത്തിന് അവിടെ താമസിച്ച് കുറെയേറെ ആളുകളെ അഭിമുഖം നടത്തിയിട്ടുണ്ട്. അവർ കാര്യമാത്രപ്രസക്തമായ വർത്തമാനം പറഞ്ഞു. രണ്ടാമത്തെ പഠനം മലബാർ മുസ്ലിങ്ങളെ കുറിച്ചും അവരുടെ സാമൂഹിക വ്യവഹാരത്തിലെ മാറ്റങ്ങൾ അറിയാനുമായിരുന്നു. കോഴിക്കോട്ടും തിരൂരിലുമായി നടത്തിയ വിവരശേഖരണകാലം മലബാറിലെ ആളുകളുടെ ആതിഥ്യം നന്നായനുഭവിച്ചു.’ ആതിഥ്യ മര്യാദ ലോകത്ത് ഒരിടത്തും ഒസല്ലോവിന്‌ ഈവിധം ലഭിച്ചിട്ടില്ല. സ്‌നേഹസൗഹൃദം കൊണ്ട് കോഴിക്കോട്ടുകാർ ശ്വാസംമുട്ടിച്ചു. ആരാണെന്നറിയാഞ്ഞിട്ടും കോഴിക്കോട്ടുകാർക്ക് സൽക്കാരങ്ങൾക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. ക്ഷണം സ്വീകരിക്കാൻ ഡയറിയിൽ താളുകൾ കുറവായിരുന്നു. ഒരിക്കൽ ഒസല്ലോ പറഞ്ഞു: "ഗൾഫ് രാജ്യംവഴി യാത്ര പോകുമ്പോൾ കോഴിക്കോട് സന്ദർശനം നിർബന്ധമായിത്തീരുന്നു.’ കുറച്ച് ദിവസം കോഴിക്കോട്ട് താമസിച്ചത് സർവേ കാലത്തെ സൗഹൃദം പുതുക്കാനായിരുന്നു. എങ്ങനെ ഈ സൗഹൃദം ഉണ്ടായി എന്ന ചോദ്യത്തിന് മറുപടി: "സൗഹൃദം ഇവിടെ ഉണ്ടാക്കാതിരിക്കാനാവില്ല ഒരാൾക്കും.’

ഫാദർ ഗുണ്ടർട്ടിന്റെ ചെറുമകൻ ക്രിസ്റ്റോഫ് ഫ്രൻസ് ഒരാളെ പരിചയപ്പെട്ട് 10 മിനിറ്റ് ആയില്ല, അയാളുടെ ക്ഷണം: "സാർ നാളെ വീട്ടിൽ വരണം. എന്റെ മക്കളുടെ ഭർത്താക്കന്മാരെയും വിളിക്കാം.’ അതിന് നമ്മൾ പരിചയപ്പെട്ടിട്ടല്ലേ ഉള്ളൂ എന്ന് ക്രിസ്റ്റോഫ് ചോദിച്ചു. ആതിഥേയൻ പറഞ്ഞു: "കൂടുതൽ പരിചയപ്പെടാനല്ലേ ഞമ്മള് വിളിക്ക്‌ണ്ത്. ഒരു പ്രാവശ്യം വന്നാൽ പിന്നെ ങ്ങക്ക് എടക്കടക്ക് ഞമ്മളെ വീട്ടില് വരാലോ.’ സൗഹൃദത്തിന്റെ കോഴിക്കോടൻ വ്യാകരണം പഠിപ്പിച്ച ദേശം ക്രിസ്റ്റോഫ് ഇടക്കിടെ സന്ദർശിക്കുന്നു. മലയാളത്തിന് ആദ്യമായി ഭാഷാ നിഘണ്ടു സമ്മാനിച്ച ഫാദർ ഗുണ്ടർട്ടിന്റെ കുടുംബവുമായി പലരോടും സൗഹൃദബന്ധം നിലനിർത്താൻ കഴിഞ്ഞത് മലയാളികളുടെ സ്‌നേഹം കൊണ്ടാണെന്ന് ക്രിസ്റ്റോഫിന്റെ പിതാവായ ഭാഷാ ശാസ്ത്രജ്ഞനായ ഡോക്ടർ ആൽബർത് ഫ്രൻസ് പറഞ്ഞിട്ടുണ്ട്.


കോഴിക്കോടിന്റെ ഖ്യാതി

കോഴിക്കോടൻ മര്യാദകളുടെ ആരംഭം, അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ഉപ്പൂറ്റ് നിലങ്ങളും കണ്ടൽക്കാടും ചെളിക്കുണ്ടും ഒരു തുറമുഖ നഗരമായി വികാസം പ്രാപിക്കുന്നതോടെയാണ് തുടങ്ങുന്നത്. പോർളാതിരിയെ തോൽപ്പിച്ച് സാമൂതിരി ഭരണം തുടങ്ങിയതോടെ കോഴിക്കോട് ‘സത്യത്തിന്റെ തുറമുഖ'മായി രൂപാന്തരം കൊള്ളുകയായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടോടെ കോഴിക്കോടിന് ഒരു ഭരണാധികാരിയുണ്ടായി. പിന്നെ കോവിലകം കെട്ടി അരിയിട്ടു വാഴ്‌ച തുടങ്ങി. പുകൾപെറ്റ തുറമുഖ നഗരവുമുണ്ടാവുകയായി.

പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ കോഴിക്കോട് സന്ദർശിച്ച സഞ്ചാരികളായ അബ്ദുർ റസാഖ്, ഇബ്നു ബത്തൂത്ത തുടങ്ങിയവർ കോഴിക്കോടിന്റെ ഖ്യാതിയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ആർക്കും കച്ചവടം നടത്താം. അവർക്ക് താമസസൗകര്യങ്ങളുണ്ടാക്കിക്കൊടുക്കും. കച്ചവട വസ്‌തുക്കൾ സൂക്ഷിച്ച് വയ്ക്കാനുള്ള പാണ്ടികശാലകൾ ഉണ്ട്, നികുതിയില്ല. കച്ചവടക്കാർക്ക് അവരുടെ വിശ്വാസപ്രമാണങ്ങളും അനുഷ്‌ഠാനങ്ങളും പിൻപറ്റി ജീവിക്കാം. കോഴിക്കോടിനെ പരസ്‌പര ആദരവിന്റെ, അംഗീകാരത്തിന്റെ സാമൂഹിക ജീവിതം മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും മഹാനഗരമാക്കി മാറ്റി. സുഗന്ധദ്രവ്യങ്ങളും കുരുമുളകും അവ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന മനുഷ്യരും പുകള്‍പെറ്റു. കോഴിക്കോട് മതമൈത്രിയുടെ നഗരമായി മാറുകയായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടോടെ പാശ്ചാത്യരും ഇവിടെയെത്തി.

കച്ചവട സംസ്‌കാരത്തിന്റെ സാഹോദര്യം കോഴിക്കോടൻ മര്യാദകൾക്ക് രൂപംനൽകി. പരസ്‌പര സ്‌നേഹത്തിന്റെ, അങ്ങോട്ടുമിങ്ങോട്ടുമുള്ള അംഗീകാരത്തിന്റെ ഒരു സാമൂഹ്യജീവിതം കോഴിക്കോടിന്റേതായി, മലബാറിന്റേതായി വികാസം കൊണ്ടു. അറബികളും ചൈനക്കാരും പേർഷ്യക്കാരും ഈ നഗരത്തിന്റെ അവകാശികളായി മാറി. കച്ചവടത്തിന്റെ നിയമങ്ങളും അന്യായങ്ങളും പരിശോധിക്കാനും കാവൽ നിൽക്കാനും കോഴിക്കോടിന് ഒരു സാബന്തർ കോയ, തുറമുഖാധികാരി, ഉണ്ടായിരുന്നു. മാപ്പിളമാരുടെ നാവികസേനയും കരയിലെ പടയാളികളായ നായന്മാരും കോഴിക്കോടൻ മര്യാദകളുടെ സൂക്ഷിപ്പുകാരായി. മൈത്രിയുടെ നാട്ടുനടപ്പുകൾ കോഴിക്കോടിനെ വിശ്വപ്രസിദ്ധമാക്കി. വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ വൈവിധ്യത്തിന്റെ സ്വർണനിറം പൂശി. സമന്വയത്തിന്റെ സാമൂഹികതയാണ് കോഴിക്കോടൻ മര്യാദകളുടെ വേരുകൾ. പോർച്ചുഗീസുകാരും ഇംഗ്ലീഷുകാരും കലക്കിമറിച്ചിട്ടും ഉൾക്കരുത്ത് കാണിക്കുന്ന ഒരു സംസ്‌കാരം ആഘോഷമായി നിലകൊണ്ടു. ഇന്നും ആതിഥേയ സംസ്‌കാരത്തിന്റെ ഉത്സവം കൊണ്ടാടുന്നു.

ഒരു നാട്ടിന്റെ മര്യാദകൾ ഇന്നും പലരെയും ആകർഷിക്കുന്നു. കച്ചവടത്തിന് വന്നവർ സ്ഥിരവാസം തുടങ്ങിയ പോലെ, പുതിയ ജോലികൾ തേടിയെത്തുന്ന അന്യദേശക്കാർ മരണം വരെയും ജീവിക്കാൻ ഈ കൊച്ചുപട്ടണത്തെ സ്വീകരിക്കുന്നു. പ്രശസ്‌തി നേടിയ പതിനെട്ടരക്കവികളും, ബഷീർ, ഉറൂബ്, എം ടി വാസുദേവൻ നായർ, തിക്കോടിയൻ, കെ ടി മുഹമ്മദ്, എൻ പി മുഹമ്മദ്, എൻ എൻ കക്കാട് തുടങ്ങിയവരും കോഴിക്കോട്ടുകാരായി മാറിയതും മറ്റൊന്നാലല്ല. പ്രതികൂല സാഹചര്യങ്ങളിലും പിടിച്ചുനിർത്തുന്ന കോഴിക്കോടൻ സാമൂഹികതയുടെ വശ്യഭാവങ്ങൾ ഇന്നും നിലകൊള്ളുന്നു.


ആതിഥേയരുടെ അവകാശം

അതിഥികൾക്ക് അപ്പത്തരങ്ങളും മറ്റ് ഭക്ഷ്യവിഭവങ്ങളും ഹൃദയമറിഞ്ഞു കൊടുക്കുന്ന കോഴിക്കോട്ട് മറ്റൊരു മര്യാദയുണ്ട്. ചട്ടിപ്പത്തിരിയും മുട്ടമറിച്ചതും പഴം നിറച്ചതും തലീസയും ബിരിയാണിയുമൊക്കെ വെള്ള വിരിച്ച് നിരത്തും. അതിഥികൾ ക്ഷണിക്കപ്പെടും. അവർ ഇഷ്ടഭക്ഷണങ്ങൾ രുചിക്കും. സുപ്രയിൽ ചായയോ വെള്ളമോ ആദ്യം കൊടുക്കുന്നില്ല. അതിഥികൾ പറയും: "ചായ എടുക്കിൻ.’ ആതിഥേയർ ഹൃദയമറിഞ്ഞ് പറയും: "ങ്ങള് തിന്നിൻ, തിന്നിൻ.’ അതിഥികൾ നന്നായി ഭക്ഷണം കഴിച്ചു എന്ന് ഉറപ്പുവരുത്തിയേ ചായ കൊടുക്കൂ. ചായ ആദ്യമേ കൊടുക്കുന്നത് അതിഥികളോട് ചെയ്യുന്ന അപമാനമായി കണക്കാക്കുന്ന നാട്ടിൽ, ഇന്ന് ആതിഥേയർ അതിഥികളുടെ പിഞ്ഞാണപ്പാത്രത്തിലേക്ക് ഭക്ഷണം നിറച്ചുകൊണ്ടേയിരിക്കും. അത് അതിഥികളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നില്ല. അതിഥികൾ അത് ആസ്വദിക്കുന്നു. ആതിഥേയർക്കത് അവകാശമാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home