കവർസ്റ്റോറി
ഫാസിസത്തിന്റെ ഞരമ്പുകൾ വാക്കുകളെ ഞെരുക്കുമ്പോൾ

.എൻ ഇ സുധീർ
Published on Nov 07, 2026, 03:10 PM | 6 min read
സോണിയ ഗാന്ധിയുടെ ആത്മകഥയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഈയിടെയുണ്ടായ വിവാദം ഇന്ത്യയിലെ പ്രസാധകരംഗം നേരിടുന്ന ചില വെല്ലുവിളികളിലേക്ക് സൂചന നൽകുന്നുണ്ട്. ഇന്ത്യൻ ഭരണകൂടം പരോക്ഷമായി നടപ്പിലാക്കുന്ന ഒരു സവിശേഷ സെൻസർഷിപ്പിനെയാണ് അത് തുറന്നുകാട്ടുന്നത്. ഭരണകൂടം നേരിട്ട് പുസ്‌തകത്തെയോ എഴുത്തിനെയോ തടയുകയല്ല; മറിച്ച് അവർക്ക് വിയോജിപ്പുള്ളവ മറ്റ് മാർഗങ്ങളിലൂടെ പുറംലോകം കാണാതിരിക്കുന്ന ഒരു സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുകയാണ്. ഹിന്ദുത്വ ഫാസിസത്തിന്റെ ഈ അടവ് ഇന്ത്യൻ പൗരസമൂഹം കാണാതെ പോകരുത്. അടുത്ത കാലത്ത് നടന്ന ചില സംഭവങ്ങളിലൂടെ ഇത് വിശദീകരിക്കാം. അമേരിക്കൻ പ്രസാധകരായ ആൽഫ്രഡ് നോഫ് കമ്പനിയാണ് സോണിയ ഗാന്ധിയുടെ ആത്മകഥ -‘ബിലോങ്ങിങ് - എ ജേണി ഓഫ് ലവ്’ --നവംബർ പത്തിന് പുറത്തിറക്കുന്നത്. ആ കമ്പനി പെൻഗ്വിൻ റാൻഡം ഹൗസ് എന്ന ആഗോള ഗ്രൂപ്പിന്റെ ഭാഗമാണ്. സ്വാഭാവികമായും ഇന്ത്യയിൽ അത് പ്രസിദ്ധീകരിക്കേണ്ടത് ഇന്ത്യയിലെ പെൻഗ്വിൻ റാൻഡം ഹൗസ് എന്ന പ്രസാധകരാണ്. അത്തരത്തിൽ തന്നെയാണ് വാർത്തകൾ വന്നത്. ഇന്ത്യയിൽ അത് പ്രസിദ്ധീകരിക്കാനുള്ള കരാർ ആ പ്രസാധക കമ്പനി സോണിയ ഗാന്ധിയുമായി ഉണ്ടാക്കുകയും ചെയ്‌തിരുന്നു. പുസ്‌തകത്തിന്റെ ഇന്ത്യൻ പതിപ്പ് നവംബർ 10ന് പ്രസിദ്ധീകരിക്കുമെന്ന് അവർ പ്രസ്‌താവിക്കുകയും ചെയ്‌തു. ആഗോള പെൻഗ്വിൻ ഗ്രൂപ്പിന്റെ ഭാഗമാണെങ്കിലും ഇന്ത്യൻ പെൻഗ്വിന് അവരുടേതായ എഡിറ്റോറിയൽ സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യമാണ് അവർ ദുരുപയോഗം ചെയ്‌തത്. സോണിയ ഗാന്ധിയിൽനിന്നും അവർക്കു ലഭിച്ച ആത്മകഥയുടെ മാനുസ്‌ക്രിപ്റ്റിൽ ചില മാറ്റങ്ങൾ ആവശ്യപ്പെടുകയായിരുന്നു പെൻഗ്വിൻ ബുക്‌സ്. സോണിയ ഗാന്ധി ഇതിനു വിസമ്മതിക്കുകയും ഇന്ത്യയിലെ പെൻഗ്വിൻ ബുക്‌സ് പുസ്‌തക പ്രസിദ്ധീകരണത്തിൽനിന്ന് പിൻവാങ്ങുകയും ചെയ്‌തു. ആൽഫ്രഡ് നോഫ് കമ്പനി ഇത്തരമൊരു മാറ്റം ആവശ്യപ്പെട്ടിട്ടുമില്ല. അതായത്, മാറ്റം വേണ്ടത് ഇന്ത്യൻ പതിപ്പിനു മാത്രം. ഇതാണ് വിവാദത്തിന്റെ ചുരുക്കം. ഇതെന്തുകൊണ്ട് സംഭവിച്ചു? ഈ വിവാദത്തെ എങ്ങനെയാണ് നോക്കിക്കാണേണ്ടത്? ആത്മകഥ അഥവാ ഓർമക്കുറിപ്പുകൾ എന്നാൽ പൂർണമായും അത് എഴുതുന്ന ആളിന്റെ ഉത്തരവാദിത്വമാണ്. അതിൽ മറ്റാർക്കും കൈകടത്താൻ അവകാശമില്ല. പ്രസാധകരിൽനിന്നുള്ള എഡിറ്റോറിയൽ ഇടപെടൽ എന്നാൽ എന്താണ്? അവർ പ്രധാനമായും ചെയ്യേണ്ടത് വസ്‌തുതാ പരിശോധനയാണ്. തെറ്റുകൾ ഒഴിവാക്കുക എന്നത് പ്രസാധകരുടെ ഉത്തരവാദിത്വമാണ്. മറ്റൊന്ന് വ്യക്തത ഉറപ്പാക്കുകയാണ്. എഴുത്തിൽ ഏതെങ്കിലും ഭാഗത്ത് വ്യക്തതക്കുറവ് അനുഭവപ്പെടുകയാണെങ്കിൽ അത് ചൂണ്ടിക്കാട്ടി വേണ്ട നിർദേശങ്ങൾ നൽകുക. കൃതി മുന്നോട്ടുവയ്‌ക്കുന്ന വാദങ്ങളിലെയും വിശദീകരണങ്ങളിലെയും സ്ഥിരത ഉറപ്പാക്കുക. തീർച്ചയായും ഭാഷാപരമായ വൃത്തിയാക്കൽ. ഇതിൽ കൂടുതൽ എഡിറ്റർമാർ ചെയ്യേണ്ടതില്ല. പെൻഗ്വിൻ റാൻഡം ഹൗസ് കാണിച്ചത് ഇതല്ല. അവർ നടത്തിയത് സാമാന്യ മര്യാദയുടെ ലംഘനമാണ്.

രചനയുടെ ഉള്ളടക്കത്തിൽ മാറ്റങ്ങൾ ആവശ്യപ്പെടുകയാണ് അവർ ചെയ്‌തത്. അത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റം തന്നെയാണ്. അതിന്റെ പേരിൽ പ്രസിദ്ധീകരണ കരാറിൽനിന്നും അവരേപ്പോലൊരു വിഖ്യാത പ്രസാധകർ ഇങ്ങനെ പിൻവാങ്ങാൻ പാടില്ലാത്തതായിരുന്നു. അതും സോണിയ ഗാന്ധിയെപ്പോലൊരു വ്യക്തിയുമായുള്ള കരാറിൽനിന്ന്. തീർച്ചയായും ഇത് ഒരു പ്രസാധകൻ എന്ന നിലയിൽ അവർക്ക് വലിയ ക്ഷീണമുണ്ടാക്കുന്നുണ്ട്. അവരുടെ ചരിത്രപ്രധാനമായ യശസ്സിന് കളങ്കമുണ്ടാക്കുകയും ചെയ്‌തു. എന്നിട്ടും അവരങ്ങനെയൊരു നീക്കത്തിന് തയ്യാറായത് എന്തുകൊണ്ട്? ഇന്ത്യയിലെ പ്രസാധകരംഗത്തെ അടുത്തറിയുന്ന ഒരാൾ എന്ന നിലയിൽ പെൻഗ്വിൻ ബുക്‌സിന്റെ ഈ തീരുമാനം എന്നെ ഞെട്ടിക്കുന്നില്ല. കാരണം, ഇന്ത്യൻ പെൻഗ്വിൻ ഇതാദ്യമായല്ല ഇങ്ങനെയൊരു തീരുമാനത്തിലെത്തുന്നത്. സമീപകാലത്തെ മറ്റ് ചില സംഭവങ്ങൾ പരിശോധിക്കാം. മുന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെയുടെ "ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന ആത്മകഥ അച്ചടിച്ചതിനുശേഷം പെന്‍ഗ്വിന്‍ പിന്‍വലിച്ച ഒരു സംഭവം ഈയിടെ പുറത്തു വന്നിരുന്നല്ലോ. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രകാശനം തടഞ്ഞുവച്ചത് എന്നാണ് പറയുന്നത്. ബിജെപിയെയും മോദി സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന നിരവധി വിവാദങ്ങള്‍ അടങ്ങിയതായിരുന്നു ഈ പുസ്‌തകം. സോണിയയുടെ പുസ്‌തകത്തിന് ലഭിച്ചതു പോലെ മറ്റൊരു പ്രസാധകന് പ്രസിദ്ധീകരിക്കാനുള്ള അവസരംപോലും ഇതിനുണ്ടായില്ല. പെൻഗ്വിൻ അച്ചടിച്ച പുസ്‌തകത്തിന്റെ ആയിരക്കണക്കിന് കോപ്പികൾ മൊത്തമായും പൾപ്പ് ചെയ്‌തു കാണും. അതിനെപ്പറ്റി ശബ്ദിക്കാൻ നരവനെ പോലും തയ്യാറായില്ല. രാജ്യരക്ഷയുമായി കൂട്ടിയിണക്കി പ്രസാധകനെ നിയമക്കുരുക്കിലാക്കും എന്ന ഭീഷണി തന്നെയാവും അതങ്ങനെ അവസാനിച്ചതിന്റെ പിന്നിലെ നാടറിയാത്ത രഹസ്യം. രാഹുൽ ഗാന്ധി പാർലമെന്റിൽ പ്രശ്നം ഉന്നയിച്ചില്ലായിരുന്നുവെങ്കിൽ ഈ പുസ്‌തക വിവാദത്തെപ്പറ്റി ആരും അറിയുമായിരുന്നില്ല. മോദി ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി ഭാഗങ്ങള്‍ അതിലുണ്ടെന്നും അതിനാലാണ് പുസ്‌തകം പിന്‍വലിച്ചത് എന്നുമാണ് പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി പറഞ്ഞത്. ജോ സാക്കോ എന്ന പ്രശസ്‌ത കാർട്ടൂണിസ്റ്റിന്റെ "ദ വൺസ് ആൻഡ് ഫ്യൂച്ചർ റയറ്റ്' എന്ന പുസ്‌തകത്തിന്റെ വിതരണവുമായി ബന്ധപ്പെട്ടതായിരുന്നു മറ്റൊരു വിവാദം. ആ പുസ്‌തകം ഇന്ത്യയിൽ വിതരണം ചെയ്യേണ്ടിയിരുന്നത് പെൻഗ്വിൻ റാൻഡം ഹൗസ് ആയിരുന്നു. എന്നാൽ 2013–ലെ മുസഫർ നഗർ കലാപം പ്രമേയമായ ആ ഗ്രാഫിക് നോവൽ ഇന്ത്യയിൽ വിതരണം ചെയ്യേണ്ടെന്നാണ് പെൻഗ്വിൻ ബുക്‌സ് അവസാന നിമിഷം തീരുമാനമെടുത്തത്. തീർത്തും രാഷ്‌ട്രീയ ഭയം തന്നെയാണ് ഈ തീരുമാനത്തിന്റെ പിന്നിൽ. ഇപ്പോളത് ഡൽഹിയിലെ ലെഫ്റ്റ് വേഡ് ബുക്‌സ് ഇന്ത്യയിൽ അച്ചടിച്ച് വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. വിഖ്യാത പണ്ഡിതയായ വെന്‍ഡി ഡോണിഗര്‍ എഴുതിയ "ദ ഹിന്ദൂസ്: ആന്‍ ഓള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി' എന്ന ഈ പുസ്‌തകം 2014–-ല്‍ പെന്‍ഗ്വിന്‍ ഇന്ത്യൻ വിപണിയില്‍നിന്ന് പൂര്‍ണമായും പിന്‍വലിക്കുകയും അവശേഷിച്ച കോപ്പികള്‍ നശിപ്പിക്കുകയും ചെയ്‌ത സംഭവവും മറക്കാറായിട്ടില്ല. സർവശിക്ഷാ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടന ഡോണിഗറിന്റെ പുസ്‌തകത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ആ രചന ഹിന്ദു വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും അതിൽ പറയുന്നത് തെറ്റായ ചരിത്രമാണ് എന്നും അവർ ആരോപിച്ചു. പെൻഗ്വിൻ ബുക്‌സ് കോടതിയിൽ പോരാടാതെ കോടതിക്ക് പുറത്ത് ഒരു ഒത്തുതീര്‍പ്പിന് സമ്മതിച്ചു. അതിന്റെ ഭാഗമായാണ് അവർ പുസ്‌തകം പിന്‍വലിച്ചത്. നാണംകെടലിന്റെ അധ്യായം അവിടെ തുടങ്ങുകയായിരുന്നു. സ്‌പീക്കിങ് ടൈഗര്‍ എന്ന പ്രസാധകരും പിന്നിട് അലഫ് എന്ന കമ്പനിയും ഡോണിഗറുടെ ആ രചന പ്രസിദ്ധീകരിക്കുകയുണ്ടായി. എന്തുകൊണ്ട് പെൻഗ്വിനെപ്പോലൊരു പ്രസാധകർക്ക് ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടിവരുന്നു?

പെൻഗ്വിൻ എന്ന പേര് പുസ്‌തക പ്രസാധനത്തിലെ ഏറ്റവും മികവാർന്ന ഒന്നുതന്നെയാണ്. അതിനാൽ അവർക്കു കിട്ടുന്ന ശ്രദ്ധ മറ്റാർക്കും ലഭിക്കുകയില്ല. അതുകൊണ്ടുതന്നെ മറ്റു പ്രസാധകർക്ക് നേരിടേണ്ടി വരുന്നതിനേക്കാൾ പ്രയാസങ്ങൾ അവർക്ക് നേരിടേണ്ടി വരുന്നു. അത് സ്വാഭാവികവും. ഈ അവസ്ഥയുടെ അടിസ്ഥാന കാരണം, ഇന്നത്തെ ഇന്ത്യയിലെ രാഷ്‌ട്രീയം തന്നെയാണ്. ഈ രാജ്യത്തെ സ്ഥാപനങ്ങളെല്ലാം ഭരണകൂട വിധേയമായി മാത്രം പ്രവർത്തിക്കുന്ന ഒരവസ്ഥ കുറേ വർഷങ്ങളായി ഇവിടെ നിലവിലുണ്ട്. അവർക്ക് ഇഷ്ടപ്പെടാനിടയില്ലാത്തതെല്ലാം ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്നൊരു ധാരണയും നിലനിൽക്കുന്നു. അങ്ങനെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. ആ ചോദ്യം ചെയ്യലുകൾ പ്രധാനമായും നടത്തുക നിയമ വ്യവഹാരത്തിലൂടെയാണ്. ഇന്ത്യയുടെ പല ഭാഗത്തുനിന്നും കോടതി കേസുകൾ പ്രസാധകർ നേരിടേണ്ടി വരുന്നു. ഏതു വിചിത്രമായ വാദവും കോടതികൾ ഫയലിൽ സ്വീകരിച്ച് നോട്ടീസ് അയക്കുന്ന ഒരു സ്ഥിതിവിശേഷം. അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് റ്റു മി’ എന്ന പുസ്‌തകത്തിന്റെ കവർ ചിത്രത്തിൽ പുകവലി സംബന്ധിച്ച മുൻകരുതൽ വാചകം ഇല്ല എന്നും പറഞ്ഞ് ഒരാൾ കേരള ഹൈക്കോടതിയെ സമീപിച്ചത് കഴിഞ്ഞ വർഷമാണ്. അതിനും പെൻഗ്വിന് കോടതി കയറേണ്ടി വന്നു. മറ്റൊരു രാജ്യത്തും ഇങ്ങനെയൊരവസ്ഥയില്ല. എന്തും ആളുകളെ പ്രകോപിപ്പിക്കുകയും ഏതും കേസാവുകയും ചെയ്യുന്ന ഒരു കാലാവസ്ഥ വർത്തമാനകാല ഇന്ത്യയിലുണ്ട്. അതൊരു രാഷ്‌ട്രീയ തന്ത്രമാണ്. ബിജെപി സർക്കാർ ഇതിന് പരോക്ഷമായി നേതൃത്വം കൊടുക്കുകയാണ്. പുസ്‌തകത്തിന്റെ കാര്യത്തിൽ മാത്രമല്ല. സിനിമയുടെ കാര്യത്തിലും വ്യാപകമായി ഈ നിരോധന മാർഗം സ്വീകരിക്കപ്പെട്ടു വരുന്നതു കാണാം. ഇങ്ങനെ നേരിടേണ്ടി വന്നേക്കാവുന്ന നിയമക്കുരുക്കുകളാണ് പലരേയും സ്വയം സെൻസർഷിപ്പിന് പ്രേരിപ്പിക്കുന്നത്. ഇന്ത്യയിലെ നിയമസംവിധാനവും അതിനു വേണ്ട സാമ്പത്തികച്ചിലവും എല്ലാവരേയും പ്രശ്നത്തിലാക്കുന്നുണ്ട്. ഈയിടെയായി പ്രധാനപ്പെട്ട പ്രസാധകരെല്ലാം അവർക്ക് കിട്ടുന്ന മാനുസ്‌ക്രിപ്റ്റുകൾ നിയമപരിശോധനയ്‌ക്ക് വിധേയമാക്കിയതിനു ശേഷമേ പ്രസിദ്ധീകരിക്കാൻ തയ്യാറാവുന്നുള്ളൂ. പ്രസിദ്ധീകരണത്തിനു ശേഷം വരാവുന്ന നിയമക്കുരുക്കുകൾ ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ലീഗൽ ഒപ്പീനിയനിൽ പറയുന്ന മാറ്റങ്ങൾ വരുത്തുവാൻ പ്രസാധകർ എഴുത്തുകാരോട് ആവശ്യപ്പെടുന്നതും പതിവാണ്. മറ്റൊന്ന്, ഇന്ത്യയിലെ ഒട്ടുമിക്കവാറും സ്ഥാപനങ്ങൾ ഹിന്ദുത്വ സംഘടനകളുടെ പിടിയിലായിക്കഴിഞ്ഞിരിക്കുന്നു എന്ന യാഥാർഥ്യമാണ്. സ്വകാര്യ പ്രസിദ്ധീകരണ സ്ഥാപനങ്ങളും ഇതിനൊരപവാദമല്ല. അതിന്റെയൊക്കെ തലപ്പത്ത് സംഘപരിവാർ അനുകൂല ചിന്താഗതിയുള്ളവർ ഇടം പിടിച്ചുകഴിഞ്ഞിട്ടുണ്ട്. തീരുമാനങ്ങളിൽ അവരുടെ രാഷ്‌ട്രീയത്തിന്റെ നിഴലുകൾ സ്വാഭാവികമായും വരുന്നുണ്ട്. നമ്മുടെ ജുഡീഷ്യറിയിൽ പോലും സ്ഥിതി മറിച്ചല്ല എന്നാണ് കേൾക്കുന്നത്. തീർച്ചയായും പുസ്‌തകപ്രസിദ്ധീകരണ സ്ഥാപനങ്ങളിലും അത്തരക്കാർ തലപ്പത്തുണ്ട്. നേരിട്ട് ഒഴിവാക്കാതെ ഇത്തരം രചനകളെ ലീഗൽ ഒപ്പീനിയൻ എന്ന കടമ്പയിലൂടെ കടത്തിവിട്ട് ഒഴിവാക്കുക എന്നതാണ് ഇത്തരം സംഘപരിവാർ അനുകൂല മേധാവികൾ ചെയ്യുന്നത്. പല കേസുകളും വരാനിടയുണ്ട് എന്ന നിയമോപദേശം ലഭിക്കുകയും അവ നേരിടാൻ വലിയ പണം ആവശ്യമായിവന്നേക്കാം എന്ന നിഗമനത്തിലെത്തുകയും ചെയ്യും. ഇത് കമ്പനികളെ കുരുക്കിലാക്കും. പുസ്‌തകത്തിന്റെ വിൽപ്പനയിൽനിന്നും ലഭിക്കുന്ന ലാഭത്തേക്കാൾ കൂടുതലാവാം നിയമ ചിലവ്. കൂടാതെ കോടതികളായ കോടതികളൊക്കെ കയറിയിറങ്ങേണ്ടിവരികയും ചെയ്യും. ഒഴിവാക്കാൻ മറ്റ് കാരണങ്ങളൊന്നും വേണ്ടല്ലോ.

സോണിയയുടെ ഓർമക്കുറിപ്പിൽ വിവാദമായേക്കാവുന്ന നിരവധി രാഷ്‌ട്രീയ സംഭവങ്ങൾ പ്രതിപാദിക്കുന്നുണ്ടാവുമല്ലോ. ഇവയിൽ പലതും ഇന്ത്യയിലെ പല ഭാഗങ്ങളിലെ കോടതികളിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. ഈ നിയമോപദേശമാവാം പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയെപ്പോലൊരു കമ്പനിയെ ആ പുസ്‌തകം ഒഴിവാക്കാമെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. നമ്മുടെ രാജ്യത്തെ മാറിയ രാഷ്‌ട്രീയമാണ് ഇതിന്റെയെല്ലാം അടിസ്ഥാന കാരണം എന്നു നമ്മൾ മനസ്സിലാക്കണം. ആ അവസ്ഥയെ നിർമിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് സോണിയ ഗാന്ധിക്കും ഉണ്ട് എന്ന യാഥാർഥ്യത്തെ നമ്മൾ മറക്കരുത്. അവരുടെ നേതൃത്വത്തിലുള്ള, അവർക്ക് മുമ്പേ അവരുടെ ഭർത്താവ് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാർടി എടുത്ത പല നിലപാടുകളും ഹിന്ദുത്വ ശക്തികൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ നിലപാടില്ലായ്‌മകൾ ബിജെപിയെ ശക്തിപ്പെടുത്തിയിട്ടുമുണ്ട്. തുടർന്നിങ്ങോട്ട് വലതുപക്ഷ -ഹിന്ദുത്വ രാഷ്‌ട്രീയത്തെ ജനാധിപത്യപരമായി നേരിട്ട് പരാജയപ്പെടുത്തുന്നതിൽ കോൺഗ്രസ് പാർടി നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്ക് വലുതായൊന്നും ചെയ്യാനായില്ല. ഇതെല്ലാം കാരണം വന്നുപെട്ട, രാജ്യത്തിന്റെ ദുർഗതിയുടെ ഇരയാവുകയാണ് സോണിയ ഗാന്ധിയുടെ പുസ്‌തകം. പെൻഗ്വിനെപ്പോലുള്ള ഒരു പ്രസാധകരെപ്പോലും ഇത്തരമൊരു പിൻവാങ്ങൽ അവസ്ഥയിൽ എത്തിച്ച രാഷ്‌ട്രീയ അന്തരീക്ഷത്തെ മാറ്റിയെടുക്കുക എന്നതു മാത്രമാണ് പരിഹാരം. അതിന് കോൺഗ്രസ് ഉൾപ്പെടെയുള്ള ജനാധിപത്യ പാർടികൾ അഹോരാത്രം പ്രയത്നിക്കുക തന്നെ വേണം. സംഭവിച്ചുപോയ പിഴവുകളെപ്പറ്റി ആത്മപരിശോധന നടത്താനും തുടർന്നങ്ങോട്ട് പോരാടാനുള്ള ഊർജം ഇൗ ആത്മകഥയിൽ നിന്നും നേടാനും സോണിയ ഗാന്ധിയുടെ അനുയായികൾക്ക് സാധിക്കട്ടെ. ഈ വിവാദവും വിരൽചൂണ്ടുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ദുരവസ്ഥയിലേക്കാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുക വഴി മാത്രമേ ആവിഷ്‌കാര സ്വാതന്ത്ര്യം പ്രായോഗികതലത്തിൽ ഉറപ്പുവരുത്തുവാൻ സാധിക്കൂ. ഭരണകൂടമല്ല, ഭരണകൂടമുണ്ടാക്കുന്ന ഭയചകിതമായ സാമൂഹികാവസ്ഥയാണ് വില്ലൻ. അത് ഇന്ത്യൻ സമൂഹത്തിൽ പടർന്നുപിടിച്ച ഒരു വലിയ രോഗമാണ്. ഫാസിസം അതിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നത് ഇങ്ങനെയും കൂടിയാണ്. അതിന്റെ ഇരകളാണ് ഇന്ത്യയിലെ നീതിപീഠങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ. കോർപറേറ്റുകൾക്കും ഇതിൽനിന്നും മാറിനിൽക്കുക പ്രയാസം. പ്രതിപക്ഷ നേതാക്കൾ പോലും ഈ ഭയത്തിൽനിന്നും മോചിതരാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭരണകൂട താൽപ്പര്യം മാത്രം നിലനിൽക്കുന്ന ഒരു സമൂഹമായി നമ്മൾ അധഃപതിക്കുകയാണോ? വലിയ അന്വേഷണങ്ങൾ ആവശ്യമായ വിഷയമാണിത്. ജനാധിപത്യത്തിന്റെ അസ്‌തിവാരം ശുഷ്‌കമായി എന്നു തന്നെയാണ് ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത്. ശിഥിലീകരണത്തിന്റെ ആഴം തിരിച്ചറിയുക തന്നെ വേണം. ഫാസിസത്തിന്റെ ഞരമ്പുകൾ ഇന്ത്യയുടെ ശരീരത്തിൽ ആധിപത്യം നേടിയിരിക്കുന്നു.








0 comments