Deshabhimani

കവർസ്‌റ്റോറി

കമ്യൂണിസ്‌റ്റ്‌ മുന്നേറ്റങ്ങളുടെ രാഷ്ട്രീയ തലസ്ഥാനം

ബുക്ക്‌
avatar
മുനവ്വിർ അലി എ പി

Published on Sep 19, 2026, 12:21 PM | 11 min read

കോഴിക്കോടിന്റെ ചരിത്രത്തെ കുറിച്ചുള്ള പഠനങ്ങളിലും എഴുത്തുകളിലും കൂടുതൽ കാണാറുള്ളത് അതിന്റെ സംസ്‌കാരവും പൈതൃകവും വിളിച്ചോതുന്ന പശ്ചാത്തലങ്ങളെക്കുറിച്ചാണ്‌. കോഴിക്കോടിന്റെ കടൽത്തീരവും കടൽവഴി ഉണ്ടായിരുന്ന വാണിജ്യവുമൊക്കെ ‌ഇന്ന്‌ ഗവേഷണ വിഷയങ്ങളായി വരുന്നുണ്ട്. എന്നാൽ ഇതിനൊപ്പം തന്നെ ഇന്ത്യൻ രാഷ്‌ട്രീയ ചരിത്രത്തിൽ, പ്രത്യേകിച്ച് തൊഴിലാളി വർഗ മുന്നേറ്റങ്ങളിൽ, മാറ്റി നിർത്താനാവാത്ത ഒരു സ്ഥാനമുണ്ട് കോഴിക്കോടിന്‌. കേരളത്തിലെ, ഒരുപക്ഷേ ഇന്ത്യയിലെ തന്നെ, വർഗരാഷ്‌ട്രീയത്തിന്റെ ചരിത്രത്തിൽ എടുത്തുപറയേണ്ട സ്ഥാനമുള്ള ഒരിടമാണ് ഈ ദേശം.

1792‐ലെ ശ്രീരംഗപട്ടണം ഉടമ്പടിക്ക് ശേഷം മലബാർ പ്രദേശത്തിന്റെ ആധിപത്യം മൈസൂർ രാജഭരണത്തിൽനിന്നും ഔദ്യോഗികമായി ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ കൈകളിൽ എത്തിച്ചേർന്നു. കൊളോണിയൽ കാലഘട്ടത്തിൽ ആദ്യം ബോംബെ പ്രസിഡൻസിക്ക് കീഴിലും പിന്നീട് മദ്രാസ് പ്രസിഡൻസിക്ക് കീഴിലുമായി മലബാർ ജില്ല നിലകൊണ്ടു. ഇതിന്റെ തലസ്ഥാനമായിരുന്നു കോഴിക്കോട്.

1931‐ലെ ഗാന്ധി ഇർവിൻ ഉടമ്പടിയും തുടർന്ന് നിയമലംഘന പ്രസ്ഥാനം പെട്ടെന്ന് നിർത്തലാക്കിയതും പുതുതായി രൂപംകൊണ്ട സാമ്പത്തിക‐രാഷ്‌ട്രീയ സാഹചര്യങ്ങളും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നിലപാടുകൾക്കെതിരെ യുവാക്കൾക്കിടയിൽ ഉണ്ടായിവന്ന വിമുഖതയും സാമ്രാജ്യത്വവിരുദ്ധ രാഷ്‌ട്രീയത്തിന്റെ ആവശ്യകതയും കോൺഗ്രസിനുള്ളിൽ ഒരു സോഷ്യലിസ്‌റ്റ്‌ ചേരി രൂപം കൊള്ളുന്നതിന് കാരണമായി. തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിക്കാൻ കഴിയാത്തതിലുള്ള പ്രശ്നങ്ങളും ഈ സോഷ്യലിസ്‌റ്റ്‌ ചേരി തിരിച്ചറിഞ്ഞു. ഇതോടൊപ്പം 1917‐ൽ റഷ്യയിൽ നടന്ന സോവിയറ്റ് വിപ്ലവത്തിന്റെ അലയൊലികളും സോഷ്യലിസ്‌റ്റ്‌ ആശയങ്ങൾക്ക് ഇന്ത്യയിൽ വലിയ രീതിയിലുള്ള സ്വാധീനം കൈവരാൻ കാരണമായി. ഒരു അഖിലേന്ത്യാ കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌ സമ്മേളനം 1934 മെയ് മാസം ചേർന്നു. ഇതിൽനിന്ന് ഉയർന്നുവന്ന ചർച്ചകളുടെയും മറ്റും അടിസ്ഥാനത്തിൽ കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌ പാർടി (സിഎസ്‌പി) ഔദ്യോഗികമായി രൂപം കൊണ്ടു. തൊഴിലാളികളെയും കർഷകരെയും ഉൾപ്പെടെയുള്ള ബഹുജനങ്ങളെ സംഘടിപ്പിക്കുക, അവരെ കോൺഗ്രസ് സംഘടനയുടെ ഭാഗമാക്കുക എന്നുള്ളതായിരുന്നു കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌പാർടിയുടെ തുടക്കത്തിലുള്ള പ്രധാന ലക്ഷ്യം.

കോഴിക്കോട്‌ ബീച്ച്‌    കോഴിക്കോട്‌ ബീച്ച്‌

കോൺഗ്രസിന്റെ പ്രവർത്തനരീതികളിൽനിന്നും മാറ്റം ആഗ്രഹിച്ച തൊഴിലാളികളെ സംഘടിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 1934 ഡിസംബറിൽ കേരളത്തിലും ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ കൺവീനർ പി കൃഷ്‌ണപിള്ളയായിരുന്നു. കെ പി ആർ ഗോപാലൻ, ചന്ദ്രോത്ത് കുഞ്ഞിരാമൻ നായർ തുടങ്ങിയവരും ഇതിന്റെ നേതൃസ്ഥാനങ്ങളിലുണ്ടായിരുന്നു. കേരളത്തിൽ ഔദ്യോഗികമായി കമ്യൂണിസ്‌റ്റ്‌ പാർടി രൂപം കൊള്ളുന്നതിനു മുന്നേ തന്നെ മലബാറിൽ കമ്യൂണിസ്‌റ്റ്‌ പ്രവർത്തനങ്ങൾ രഹസ്യമായും പരോക്ഷമായും നടന്നിരുന്നു. ഇതിനും മുന്നേതന്നെ സോഷ്യലിസ്‌റ്റ്‌ ആശയങ്ങൾക്ക് മലബാറിന്റെ രാഷ്‌ട്രീയത്തിൽ വലിയ സ്വീകാര്യത ലഭിച്ചുകഴിഞ്ഞിരുന്നു. ഇത്തരത്തിൽ സോഷ്യലിസത്തിന് സ്വാധീനമുള്ള രാഷ്‌ട്രീയമുന്നേറ്റങ്ങളുടെ പ്രവർത്തനകേന്ദ്രമായിരുന്നു കോഴിക്കോട്. ഇ എം എസ് അദ്ദേഹത്തിന്റെ ആത്മകഥയിൽ കോഴിക്കോടിനെ ആദ്യകാലത്തെ ‘സോഷ്യലിസ്റ്റ് പ്രവർത്തനങ്ങളുടെ രാഷ്ട്രീയ തലസ്ഥാനമായി’ കാണുന്നുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വലിയരീതിയിൽ സ്വാധീനമുള്ള സ്ഥലമായിരുന്നു മലബാർ. കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌ പാർടിയുടെ നിരവധി സമ്മേളനങ്ങൾക്കും കോഴിക്കോട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌ പാർടിയുടെ അഞ്ചാമത്തെ സമ്മേളനം 1938 ഏപ്രിൽ 23, 24 തീയതികളിൽ കോഴിക്കോട് നടന്നു. തൊഴിലാളിവർഗ ‐ സംഘടനാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ ഈ സമ്മേളനത്തിൽ നടന്നു.

കോൺഗ്രസ് രാഷ്ട്രീയത്തോടുള്ള തൊഴിലാളികളുടെയും കർഷകരുടെയും അകൽച്ച കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌ പാർടിയുടെ നേതാക്കൾ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. മലബാറിൽ, പ്രത്യേകിച്ച് കോഴിക്കോട് ഈ ചിന്തകൾ സജീവമായി രൂപപ്പെട്ടുവന്നു. തങ്ങളുടേത്‌ പരമ്പരാഗത രീതിയിലുള്ള കോൺഗ്രസ്‌ രാഷ്‌ട്രീയ നിലപാടുകളല്ലെന്ന് തൊഴിലാളികളെയും കർഷകരെയും ബോധിപ്പിക്കാൻ മലബാറിലെ കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌ പാർടി ആദ്യകാലംതൊട്ടേ ശ്രമിച്ചിരുന്നു.

കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌ പാർടിയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ കോൺഗ്രസിന്റെ ഒരു ഉപസംഘടനയായി അതിനെ പരിഗണിക്കാറുണ്ട്. ഇതൊരു പരിധിവരെ ശരിയാണ് താനും. ഇ എം എസ്, എ കെ ഗോപാലൻ, പി കൃഷ്‌ണപിള്ള തുടങ്ങിയ കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌ പാർടി നേതാക്കൾ ഇക്കാര്യത്തിൽ ഒരു വിമർശനം പിൽക്കാലത്ത് മുന്നോട്ട് വച്ചിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌ പാർടി, പ്രത്യേകിച്ച് മലബാറിലെ കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌പാർടി, വ്യത്യസ്‌തമാകുന്നത് അത് കോൺഗ്രസിന്റെ ഉപസംഘടന എന്നുള്ള നിലയിൽനിന്നും മാറി കമ്യൂണിസ്‌റ്റ്‌ രാഷ്‌ട്രീയ പ്രസ്ഥാനമായി പരിണമിച്ചു എന്നുള്ളതുകൊണ്ടാണ്. അതുകൊണ്ടുതന്നെയാണ് കമ്യൂണിസ്‌റ്റ്‌ പാർടി ഔദ്യോഗികമായി കേരളത്തിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ പരിപൂർണമായും കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌ പാർടി, പ്രത്യേകിച്ച് മലബാറിൽ, കമ്യൂണിസ്‌റ്റ്‌ പാർടിയായി പരിവർത്തനം ചെയ്യപ്പെട്ടത്. ഈ പരിണാമം ഏതാണ്ട് അഞ്ചര വർഷത്തോളം നീണ്ടുനിന്ന രാഷ്‌ട്രീയ സംഭവവികാസങ്ങളുടേതായിരുന്നു. കോഴിക്കോടും അതിന്റെ സമീപപ്രദേശങ്ങളുമാണ് ഇതിന്‌ നേരിട്ട്‌ സാക്ഷ്യംവഹിച്ചത്‌.

കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌ പാർടിയുടെ യോഗങ്ങൾ ചേർന്നിരുന്നത് തൊഴിലാളി യൂണിയനുകളുടെ ഓഫീസിലായിരുന്നു. 1934 ജൂലൈ രണ്ടിന് കോഴിക്കോടുള്ള ഒരു തൊഴിലാളി ഓഫീസിൽ പാർടിയുടെ യോഗം ചേർന്നതായി 1934 ജൂലൈ ഒന്പതിന്റെ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സോഷ്യലിസ്‌റ്റുകാരുടെ പ്രവർത്തനം കോൺഗ്രസിന്റെ പ്രഖ്യാപിത അഹിംസാ സിദ്ധാന്തത്തിന് എതിരാണ് എന്ന അഖിലേന്ത്യാ കോൺഗ്രസ് പ്രവർത്തക സമിതിയുടെ നിലപാടിനെതിരെ ഈ യോഗം പ്രമേയം പാസാക്കി. അതുപോലെ കോൺഗ്രസ് പാർലമെന്ററി ബോർഡ് മിതവാദികളോടും സമുദായവാദികളോടും സ്വീകരിച്ചുപോരുന്ന മൃദുസമീപനത്തിനെതിരെയും യോഗം പ്രമേയം പാസാക്കി. ഇത്‌ സൂചിപ്പിക്കുന്നത് അന്നുതന്നെ കോൺഗ്രസിന്റെ രാഷ്‌ട്രീയ രീതികളോട് ശക്തമായ വിയോജിപ്പ് കോഴിക്കോടും മലബാറിലുമെല്ലാം നിലനിന്നിരുന്നു എന്നാണ്.

മലബാറിൽ, പ്രത്യേകിച്ച് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌ പാർടി പ്രവർത്തകരിൽ വലിയൊരു ഭാഗം കോൺഗ്രസുമായി ആശയപരമായി അകന്നും സോഷ്യലിസ്‌റ്റ്‌ ആശയങ്ങളുമായും കമ്യൂണിസ്‌റ്റ്‌ ആശയങ്ങളുമായും അടുപ്പം വച്ചുപുലർത്തുകയും ചെയ്തിരുന്നവരായിരുന്നു. ഇതിനാൽ കോൺഗ്രസിനകത്ത് വലത് ‐ ഇടത് ചേരികൾ തമ്മിലുള്ള പ്രത്യക്ഷ തർക്കങ്ങൾ രൂപം കൊള്ളുകയും ഈ തർക്കം പിന്നീട് ശക്തമാവുകയും ചെയ്തു. മലബാറിലെ ഈ പ്രത്യേക സാഹചര്യം ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെയാകാം കാശി വിദ്യാപീഠത്തിലേക്ക് പഠനാവശ്യാർഥം പോയി കമ്യൂണിസ്‌റ്റ്‌ പാർടിയുമായി ബന്ധം സ്ഥാപിച്ച കെ ദാമോദരനോട് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പാർടി നിർദേശം നൽകിയത്. എസ് വി ഘാട്ടെയും സുന്ദരയ്യയും മലബാറിലെ കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌ പാർടി നേതാക്കളെ കാണാൻ വന്നതും ഇതുമായി ചേർത്തു വായിക്കാവുന്നതാണ്.

അപ്പോഴും കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌ പാർടിയിലെ ഒരു വിഭാഗം നേതാക്കൾ തൊഴിലാളി സംഘടനയിൽ താൽപ്പര്യം കാണിക്കാതെയും കമ്യൂണിസ്‌റ്റ്‌ വിരുദ്ധ നിലപാടുകൾ മുന്നോട്ടുവച്ചും പ്രവർത്തിച്ചിരുന്നു. പക്ഷേ 1940 ആകുമ്പോഴേക്കും കോഴിക്കോടും സമീപപ്രദേശങ്ങളിലുമുള്ള കോൺഗ്രസ് ‐ സോഷ്യലിസ്‌റ്റ്‌ പാർടിയുടെ പ്രധാന പ്രവർത്തന അടിത്തറ തൊഴിലാളി സംഘടനകളും തൊഴിലാളികളും ആയിരുന്നു. പി കൃഷ്‌ണപിള്ള, ഇ എം എസ്, എ കെ ഗോപാലൻ തുടങ്ങിയ കമ്യൂണിസ്‌റ്റ്‌ അനുകൂല നേതാക്കൾക്കായിരുന്നു തൊഴിലാളി സംഘടനകളുമായി കൂടുതൽ ബന്ധം. തൊഴിലാളിവർഗ വിമോചനത്തിന്‌ കമ്യൂണിസ്‌റ്റ്‌ രാഷ്‌ട്രീയമാണ്‌ ആവശ്യമെന്ന്‌ തൊഴിലാളികൾ തിരിച്ചറിഞ്ഞിരുന്നു. 1940‐ൽ കമ്യൂണിസ്‌റ്റ്‌ പാർടി കേരളത്തിൽ ഔദ്യോഗികമായി പ്രവർത്തദമാരംഭിക്കുമ്പോൾ കോഴിക്കോടും സമീപപ്രദേശങ്ങളിലുമുള്ള വലിയൊരു ഭാഗം കോൺഗ്രസ് ‐ സോഷ്യലിസ്‌റ്റ്‌ പാർടി പ്രവർത്തകരും കമ്യൂണിസ്‌റ്റ്‌ പാർടി പ്രവർത്തകരായി മാറിയിരുന്നു.

1958‐ൽ കോഴിക്കോട്‌ നടന്ന പാർടി സമ്മേളനത്തിൽ  ഇ എം എസ്‌, സി അച്യുതമേനോൻ, സി എച്ച്‌ കണാരൻ തുടങ്ങിയവർ1958‐ൽ കോഴിക്കോട്‌ നടന്ന പാർടി സമ്മേളനത്തിൽ ഇ എം എസ്‌, സി അച്യുതമേനോൻ, സി എച്ച്‌ കണാരൻ തുടങ്ങിയവർ

അയൽ ജില്ലകളെവച്ച് നോക്കുമ്പോൾ, പ്രത്യേകിച്ച് കോയമ്പത്തൂർ ജില്ലയുമായി താരതമ്യപ്പെടുത്തുമ്പോൾ കൊളോണിയൽ കാലഘട്ടത്തിൽ മലബാറിൽ ഭീമമായ വൻകിട വ്യവസായ ഫാക്ടറികൾ നിലവിൽ ഉണ്ടായിരുന്നില്ല എന്നുള്ളതാണ്‌ യാഥാർഥ്യം. എന്നാൽ കോഴിക്കോടും പരിസരപ്രദേശങ്ങളിലുമായി നിരവധി വ്യവസായങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിമുതൽ ആരംഭിച്ചിരുന്നു. സോപ്പ് നിർമാണം, ടെക്‌സ്‌റ്റൈൽ ഫാക്ടറികൾ, ഓട് ഫാക്ടറികൾ തുടങ്ങിയവ കോഴിക്കോടും പരിസരപ്രദേശങ്ങളിലും, പ്രത്യേകിച്ച് ചെറുവണ്ണൂർ, ഫറോക്ക് തുടങ്ങിയ മേഖലകളിൽ ആരംഭിച്ചിരുന്നു.

ജർമൻ പ്രൊട്ടസ്‌റ്റന്റ് മിഷണറിയായി അറിയപ്പെടുന്ന ബാസൽ ഇവാഞ്ചലിക്കൽ മിഷൻ മലബാറിൽ ഫാക്ടറി സംവിധാനങ്ങൾക്ക് വേണ്ടിയുള്ള മൂലധന നിക്ഷേപരീതികൾക്ക് തുടക്കംകുറിച്ചു. കാർഷികവൃത്തിയിൽനിന്നും, ചെറിയരീതിയിലുള്ളതും ഒറ്റപ്പെട്ടതുമായ തൊഴിൽരീതികളിൽനിന്നും മാറി തൊഴിലാളികൾ കൂട്ടത്തോടെ സങ്കീർണമായ തൊഴിൽ വിഭജനരീതികളെ അടിസ്ഥാനപ്പെടുത്തി തൊഴിലെടുക്കുന്ന സ്ഥലങ്ങളും രീതികളും രൂപപ്പെട്ടുവന്നു. ഇതോടെ പുതിയ രീതിയിലുള്ള ഒരു തൊഴിലാളി വർഗം മുതലാളിത്ത ചൂഷണ വ്യവസ്ഥിതിക്കൊപ്പം വളർന്നുവന്നു.

1923 ആയപ്പോൾതന്നെ വ്യവസായ മുതലാളിമാർ കോഴിക്കോട് കേന്ദ്രീകരിച്ച് സംഘടിച്ചിരുന്നു. ഈ കാലഘട്ടത്തിലാണ് കലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് എന്ന സംഘടന രൂപം കൊള്ളുന്നത്. പുതുതായി രൂപംകൊണ്ട ഫാക്ടറികളിലെ തൊഴിലാളികൾ "സ്വതന്ത്രരായിരുന്നില്ല.’ മുതലാളിത്തത്തിന്റെ ക്രൂരമായ ചൂഷണങ്ങൾക്ക് വിധേയരായിരുന്നു. കൂലിക്കുറവ്, അധികസമയ പ്രവൃത്തി, അവകാശങ്ങളുടെ നിഷേധം, ശാരീരിക അക്രമങ്ങൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഈ തൊഴിൽ മേഖലകളിൽ നിലനിന്നു. ആദ്യഘട്ടത്തിൽ തൊഴിലാളികൾ സംഘടിതരല്ലായിരുന്നു. എന്നാൽ തങ്ങൾ അനുഭവിക്കുന്ന പൊതുപ്രശ്നങ്ങൾക്കെതിരെ സംഘടിക്കണം എന്നുള്ള ബോധം തൊഴിലാളികൾക്കിടയിൽ ക്രമേണ വളർന്നുവന്നു. 1930‐കൾ ആയപ്പോഴേക്കും കോഴിക്കോടും പരിസരപ്രദേശത്തുമുള്ള ഫാക്ടറികളിലും മറ്റു മേഖലകളിലുമെല്ലാം തൊഴിലാളികൾ സംഘടിക്കാനും വലിയരീതിയിലുള്ള സമരമുന്നേറ്റങ്ങളുമായി വർഗ രാഷ്ട്രീയത്തിലേക്കുള്ള പ്രയാണം ആരംഭിക്കാനും തുടങ്ങിയിരുന്നു. 1928‐ൽ നടന്ന റെയിൽവേ സമരം കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും പ്രതിഫലിച്ചിരുന്നു. യു ഗോപാലമേനോൻ ആയിരുന്നു കോഴിക്കോട് ഇതിനു നേതൃത്വം നൽകിയിരുന്നത്. 1930‐കളുടെ ആദ്യപകുതിയിൽ തന്നെ കോഴിക്കോടും സമീപപ്രദേശങ്ങളിലുമുള്ള ഫാക്ടറികളിലെ തൊഴിലാളികൾ വ്യത്യസ്‌ത യൂണിയനുകളായി സംഘടിക്കാൻ തുടങ്ങി. ഓരോരോ ഫാക്ടറികളിലും തൊഴിലാളികൾ പ്രത്യേകമായിട്ടായിരുന്നു ആദ്യ കാലഘട്ടങ്ങളിൽ സംഘടിച്ചിരുന്നത്. കോൺഗ്രസ് സോഷ്യലിസ്‌റ്റ്‌ പാർടി നേതാവായിരുന്ന പി കൃഷ്‌ണപിള്ള ആദ്യകാലത്ത് കോഴിക്കോട് നിലനിന്നിരുന്ന തൊഴിലാളി യൂണിയനുകളുടെ രൂപീകരണത്തിലും വളർച്ചയിലും വലിയ പങ്കുവഹിക്കുകയും തൊഴിലാളികളുമായി സോഷ്യലിസ്‌റ്റ്‌ രാഷ്‌ട്രീയം ചർച്ച ചെയ്യുന്നതിലും ബന്ധം സ്ഥാപിക്കുന്നതിലും വിജയിക്കുകയും ചെയ്‌തു.

ലഘുലേഖകൾ വിതരണം ചെയ്യാനായി ഫാക്ടറികൾക്ക് മുന്നിൽ തൊഴിലാളികളെ കാത്തിരിക്കുന്ന കൃഷ്ണപിള്ളയെ കുറിച്ച് നിരവധി പുസ്‌തകങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഫാക്ടറികളിലെത്തി തൊഴിലാളികളെ കണ്ട് യൂണിയനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചായിരുന്നു കൃഷ്ണപിള്ള തൊഴിലാളികളെ സംഘടിപ്പിച്ചിരുന്നത്.

1934‐ൽ കാലിക്കറ്റ് ലേബർ യൂണിയൻ എന്ന പേരിൽ ഒരു തൊഴിലാളി സംഘടന രൂപംകൊണ്ടു. പി കൃഷ്‌ണപിള്ള വിളിച്ചുചേർത്ത തൊഴിലാളികളുടെ യോഗത്തിന്റെ ഭാഗമായിട്ടാണ് ഈ സംഘടന രൂപീകരിച്ചത്. നെയ്‌ത്ത്‌ തൊഴിലാളികളും തുന്നൽ തൊഴിലാളികളും സോപ്പ് ഫാക്ടറിയിലെ തൊഴിലാളികളുമായിരുന്നു ഇതിൽ പ്രധാനമായും ചേർന്നിരുന്നത്. ഏതാണ്ട് 17 തൊഴിലാളികൾ മാത്രമേ ആദ്യസമയത്ത് അംഗമായിട്ടുണ്ടായിരുന്നുള്ളൂ. എന്നാൽ വലിയൊരു ഭാഗം തൊഴിലാളികളും പിന്നീട് യൂണിയനുകളുടെ ഭാഗമാകുന്നതിന് ചരിത്രം സാക്ഷിയായി. തൊഴിലാളി നേതാവായിരുന്ന എസ് എസ് മിറാജ്കർ 1939‐ൽ കോഴിക്കോട് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട തൊഴിൽ കേന്ദ്രങ്ങൾ സന്ദർശിച്ചശേഷം കേരളത്തിന് നൽകിയ ഒരു സന്ദേശം 1939 ഫെബ്രുവരി 20‐ന് ‘പ്രഭാതം’ പത്രം പ്രസിദ്ധീകരിച്ചത്‌ ഇപ്രകാരമാണ്‌: “സുശീക്ഷിതവും സുസംഘടിതവുമായ ഒരു ചുവപ്പ് പട്ടാളവും മലബാറിനുണ്ട്. വരാൻ പോകുന്ന അവസാന സമരത്തെ വർഗബോധം തികഞ്ഞ തൊഴിലാളികളുടെ ഒരു ചുകപ്പ് സേനയായിരിക്കണം നയിക്കുന്നത്. കാരണം അവരാണ് സ്വതന്ത്രമായ വായു ശ്വസിക്കാനില്ലാതെയും സ്വതന്ത്രമായ ജീവിതസൗകര്യങ്ങൾ ഇല്ലാതെയും നരകം അനുഭവിക്കുന്നത്.”

സ്ഥലപരിമിതിമൂലം കോഴിക്കോടിന്റെ ചരിത്രത്തിൽ നടന്ന എല്ലാ തൊഴിലാളി സമരങ്ങളും ഇവിടെ സൂചിപ്പിക്കുന്നില്ല. കൂലി വർധനവിനും, വ്യത്യസ്‌ത രീതിയിലുള്ള അടിച്ചമർത്തലുകൾക്കും, തൊഴിലാളികൾക്ക് നേരെയുള്ള അക്രമങ്ങൾക്കും, അവകാശ നിഷേധങ്ങൾക്കുമെതിരെ നടന്ന സമരങ്ങൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രതിരോധങ്ങൾക്കും പ്രതിഷേധങ്ങൾക്കും കോഴിക്കോടും സമീപപ്രദേശങ്ങളും സാക്ഷിയായി. പ്രവൃത്തി ദിവസങ്ങളുടെ അളവിൽ കുറവ് വരുത്തുകയും അതുവഴി കൂലി കുറയ്‌ക്കുകയും ചെയ്യുന്ന ഫാക്ടറി മുതലാളിമാർക്കെതിരെ കോഴിക്കോടും പരിസരപ്രദേശങ്ങളിലും 1935‐ൽ നടന്ന വലിയ രീതിയിലുള്ള സമരങ്ങൾ ഇത്തരം പ്രക്ഷോഭങ്ങൾക്ക്‌ ഉദാഹരണങ്ങളാണ്.

ഈ കാലഘട്ടത്തിൽ തൊഴിലാളികൾക്കിടയിൽ സജീവമായി പ്രവർത്തിച്ചിരുന്ന എ കെ ജി ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച In the Cause of the people: Reminisce എന്ന പുസ്‌തകത്തിൽ കോഴിക്കോടുള്ള തൊഴിലാളികളെ കുറിച്ച് ഇങ്ങനെ പറയുന്നു: “മാർക്‌സിസത്തിന്റെ പ്രായോഗികമായ പ്രയോഗം ഞാൻ പരിശീലിച്ചത് മാനാരി അപ്പു, മനായിക്കോടൻ അബ്ദുള്ള, മുള്ളിക്കോടൻ രാമൻ, പട്ടാരൻ ചന്തു തുടങ്ങിയവരിൽ നിന്നാണ്. ഇതിന്റെ ആദ്യത്തെ പ്രയോഗം കോട്ടൺമിൽ സമരത്തിലായിരുന്നു. തൊഴിലാളികളിൽനിന്നും കർഷകരിൽനിന്നും ഒരുപാട് നല്ല കാര്യങ്ങൾ എനിക്ക് പഠിക്കാൻ സാധിച്ചു. ഈ പഠിച്ച കാര്യങ്ങളാണ് പിന്നീട് എന്നെ അർപ്പിതമായ ഒരു മാർക്‌സിസ്‌റ്റുകാരനക്കിയത്.”

1940‐കൾ മുതൽ കോഴിക്കോടുള്ള ഒട്ടുമിക്ക തൊഴിലാളി സമരങ്ങളുമായി ബന്ധപ്പെട്ടുള്ള പൊലീസ് രേഖകളിളെല്ലാം ഇപ്രകാരം സൂചിപ്പിച്ചിരിക്കും. “The strike is sponsored by the communist party.” തൊഴിലാളി വർഗ മുന്നേറ്റങ്ങളെ അതീവ ഭയപ്പാടോടുകൂടിയാണ് മുതലാളിത്ത വിഭാഗവും ഭരണകൂടവും അതിന്റെ ഉപകരണമായ പൊലീസും നിരീക്ഷിച്ചുകൊണ്ടിരുന്നത്. ഈ "കമ്യൂണിസ്‌റ്റ്‌ ഭീഷണി'യെ തകർക്കാൻ തങ്ങളാൽ കഴിയാവുന്ന എല്ലാ മാർഗങ്ങളും അവർ പ്രയോഗിച്ചു. 1947 ആഗസ്‌ത്‌ 15‐ന് മുന്നേയും ശേഷവും കമ്യൂണിസ്‌റ്റ്‌ പാർടി പ്രവർത്തകർ അതിക്രൂരമായ അടിച്ചമർത്തലുകളാണ് നേരിട്ടിട്ടുള്ളത്. 1930‐കളുടെ രണ്ടാം പകുതിയോടുകൂടി മദ്രാസ് സർക്കാരിൽ കോൺഗ്രസിനും ഭരണ പ്രാതിനിധ്യമുണ്ടായിരുന്നു. എന്നാൽ കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌പാർടിയുടെയും അതിനകത്ത് കമ്യൂണിസ്‌റ്റ്‌ വിഭാഗത്തിന്റെയും നേതൃത്വത്തിൽ നടന്ന സമരങ്ങളെയുൾപ്പെടെ അതിക്രൂരമായി അടിച്ചമർത്തുകയായിരുന്നു മദ്രാസ് ഗവൺമെന്റ്. തൊഴിലാളി വിരുദ്ധ നിലപാടുകളായിരുന്നു പലപ്പോഴും ഈ ഗവൺമെന്റ്‌ പിന്തുടർന്നിരുന്നത്. ഇതിനെതിരെ, മദ്രാസ് കോൺഗ്രസ് ഗവൺമെന്റിൽ തൊഴിൽ വകുപ്പ് മന്ത്രിയായ വി വി ഗിരി കോഴിക്കോട് സന്ദർശിച്ച സമയത്ത്, ചുവപ്പ് കൊടികളുമായി തൊഴിലാളികൾ പ്രതിഷേധിച്ചു. തൊഴിലാളികൾക്കുള്ള കമ്യൂണിസ്‌റ്റ്‌ ബന്ധം തന്നെ അക്കാലത്ത് വലിയ ക്രിമിനൽ കുറ്റമായിരുന്നു. കോഴിക്കോട് പ്രസ് വർക്കേഴ്സ് യൂണിയന്റെ സെക്രട്ടറിയായിരുന്ന രാമൻകുട്ടി നായർ എന്നയാളെ കമ്യൂണിസ്‌റ്റ്‌ രേഖകൾ കൈവശം വച്ചു എന്ന പേരിൽ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തതായി 1941 സെപ്‌തംബർ 21‐ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്‌ചപ്പതിപ്പ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

കോഴിക്കോട്‌ വലിയങ്ങാടി                                                        ഫോട്ടോ: ബിജു ഇബ്രാഹിംകോഴിക്കോട്‌ വലിയങ്ങാടി ഫോട്ടോ: ബിജു ഇബ്രാഹിം

കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ‘ദേശാഭിമാനി’ക്കെതിരെ ഇടയ്ക്കിടെ പിഴ ചുമത്തുകയും കണ്ടുകെട്ടുകയും പൂട്ടാൻ ഉത്തരവിടുകയും മറ്റും ചെയ്‌തുകൊണ്ട് അതിന്റെ പ്രസിദ്ധീകരണത്തെ തടസ്സപ്പെടുത്താൻ ഭരണകൂടം ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഇന്നും കേരള സ്‌റ്റേറ്റ് കോഴിക്കോട് റീജണൽ ആർക്കൈവ്സിൽ ലഭ്യമാണ്.

പലപ്പോഴും ഗുണ്ടകളെ ഇറക്കിയും പൊലീസും മുതലാളിമാരും തൊഴിലാളി മുന്നേറ്റങ്ങളെ നേരിട്ടു. ചിലപ്പോൾ കോൺഗ്രസ് പ്രവർത്തകർ തന്നെ തൊഴിലാളികളെ ആക്രമിച്ചു. 1948‐ൽ കമ്യൂണിസ്‌റ്റ്‌ പാർടി നിരോധിച്ച സമയത്ത് ഈ അക്രമണങ്ങൾ ഗണ്യമായി വർധിക്കുകയുണ്ടായി. എന്നാൽ ഇതിനൊന്നും തൊഴിലാളി സംഘാടനത്തെയോ കമ്യൂണിസ്‌റ്റ്‌ രാഷ്‌ട്രീയത്തിന്റെ കടന്നുവരവിനെയോ തടസ്സപ്പെടുത്താനായില്ല. തൊഴിലാളികൾ അവരുടെ വർഗശക്തി ഇടതടവില്ലാതെ പ്രകടപ്പിച്ചുകൊണ്ടേയിരുന്നു. 1937 സെപ്‌തംബർ 19‐ന് കോഴിക്കോട് 5000‐ത്തിലധികം തൊഴിലാളികൾ പങ്കെടുത്തുകൊണ്ട് ഒരു റാലി നടന്നു. ഇതിൽ കൂലി വർധനവ് തുടങ്ങിയ ആവശ്യങ്ങൾ മുദ്രാവാക്യങ്ങളായി ഉയർന്നുവന്നു. തൊട്ടടുത്ത വർഷം 1938 ഡിസംബർ 18‐ന് 6000‐ത്തിലധികം വരുന്ന ജനക്കൂട്ടം കോഴിക്കോട് അതിഗംഭീരമായ റാലി നടത്തുകയുണ്ടായി. കർഷക തൊഴിലാളി ഐക്യം മുന്നോട്ടുവയ്‌ക്കുകയും ആ സംഘടിത രാഷ്‌ട്രീയത്തിന്റെ ശക്തി വിളിച്ചോതുകയുമായിരുന്നു ഇതിന്റെ ലക്ഷ്യം. കിസാൻ മസ്ദൂർ റാലി എന്നറിയപ്പെട്ട ഈ റാലിയിൽ ‘കിസാൻ- മസ്ദൂർ സിന്ദാബാദ്’, ‘കിസാൻ- മസ്ദൂർ രാജ് സിന്ദാബാദ്’, ‘സാമ്രാജ്യത്വം നശിക്കട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർന്നു.

1938 മാർച്ച് 20‐ന് കമ്യൂണിസ്‌റ്റ്‌ പാർടിക്കെതിരെയുള്ള നിരോധന നടപടികളിൽ പ്രതിഷേധിച്ച് കോഴിക്കോട് വലിയ യോഗവും റാലിയും നടന്നിരുന്നു. 1939 ആഗസ്‌ത്‌ മാസത്തിൽ തൊഴിലാളികളുടെ സെൻട്രൽ കൗൺസിലിന്റെ ഒരു നോട്ടീസിൽ ആവശ്യപ്പെട്ട നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രം 2000‐ത്തിനുമുകളിൽ വരുന്ന തൊഴിലാളികൾ മാനാഞ്ചിറ മൈതാനത്ത് വൈകിട്ട്‌ ആറിന്‌ ഒരു റാലി നടത്തി. ഈ റാലിയെ കുറിച്ച് 1939 ആഗസ്‌ത്‌ 21‐ന് പുറത്തിറങ്ങിയ പ്രഭാതം പറയുന്നത് ഇപ്രകാരമാണ്: “ആകാശ മണ്ഡലം മഴക്കാറുകൾ ആവൃതമായിരിക്കുന്നു. ദേശീയ പതാക ഇരുപതടി ഉയരത്തിൽ പാറിക്കളിക്കുന്നുണ്ടായിരുന്നു. ആ ദേശീയ സമര ചിഹ്നത്തിന്റെ കീഴിൽ, അരിവാളും ചുറ്റികയുമേന്തിയ ചെങ്കൊടികൾ അണിനിരന്നിരുന്നു. ആയിരത്തിലധികം പൊതുജനങ്ങൾ തൊഴിലാളി വർഗത്തോട് അനുഭാവം പ്രദർശിപ്പിച്ചു. മഴ പെയ്‌തിട്ടുകൂടി നിന്നസ്ഥലം വിടാതെ സശ്രദ്ധയരായി, തൊഴിലാളി നേതാക്കളുടെ പ്രസംഗം കേട്ടുകൊണ്ട് നിന്നിരുന്നു.” കോൺഗ്രസ് ഗവൺമെന്റിന്റെ തൊഴിലാളി‐ബഹുജന വിരുദ്ധ നയങ്ങളെക്കുറിച്ചും മിതവാദികളായ കോൺഗ്രസുകാരുടെ ബ്രിട്ടീഷ് അനുകൂല നയങ്ങളെക്കുറിച്ചും എൻ സി ശേഖർ ശക്തമായ വിമർശനങ്ങളുയർത്തി റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് പ്രസംഗിച്ചു. അതേദിവസം തന്നെ വൈകുന്നേരം കോഴിക്കോട്‌ തെരുവിൽ വീണ്ടുമൊരു പ്രകടനം നടന്നു. തുടർന്ന്‌ ഏകദേശം എട്ടുമണിയോടുകൂടി തൊഴിലാളികൾ കോഴിക്കോട് ടൗൺഹാളിൽ ഒത്തുകൂടി. തൊഴിലാളിവർഗ രാഷ്‌ട്രീയ പാർടിയായി ഒരു മാർക്‌സിസ്‌റ്റ്‌ രാഷ്‌ട്രീയ പാർടി രൂപംകൊള്ളേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവിടെവച്ച് എൻ സി ശേഖർ സംസാരിച്ചു. 1936 ഫെബ്രുവരി 11‐ന് അവകാശ പ്രഖ്യാപന ദിനത്തിന്റെ ഭാഗമായി കല്ലായി റെയിൽവേ സ്‌റ്റേഷനടുത്തുള്ള ഒരു സ്ഥലത്ത് തൊഴിലാളികൾ യോഗം ചേർന്നു. കൃഷ്‌ണപിള്ളയായിരുന്നു ഈ യോഗത്തിന്റെ അധ്യക്ഷൻ.

1935 മെയ് 26‐ന് കോഴിക്കോട് ആദ്യത്തെ അഖില കേരള തൊഴിലാളി സമ്മേളനത്തിന് സാക്ഷ്യം വഹിച്ചു. പി കൃഷ്ണപിള്ളയായിരുന്നു പ്രധാന സംഘാടകൻ. അഖില കേരള തൊഴിലാളി സമ്മേളനം കൂടുന്നതിന് മുന്നോടിയായി 1935 ഏപ്രിൽ 15‐ന് തൊഴിലാളി യൂണിയൻ നേതാവായിരുന്ന മഞ്ജുനാഥ റാവുവിന്റെ അധ്യക്ഷതയിൽ കല്ലായിയിലെ ഒരു തൊഴിലാളി യൂണിയൻ ഓഫീസിൽ യോഗം ചേരുകയും സ്വാഗതസംഘം രൂപീകരിക്കുകയും ചെയ്തു. പതിനാറോളം തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കാളികളായി. അക്കാലത്ത്‌ ബോംബെയിലെ പ്രധാന തൊഴിലാളി നേതാവായിരുന്ന മണി ബംഗാര ആയിരുന്നു ഈ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത്. കോൺഗ്രസ് ‐ സോഷ്യലിസ്‌റ്റ്‌ പാർടിയിലെ പ്രധാനപ്പെട്ട എല്ലാ ഇടതുപക്ഷ നേതാക്കളും എ കെ ഗോപാലൻ, കെ പി ഗോപാലൻ, എൻ സി ശേഖർ, കെ എ കേരളീയൻ, സി എച്ച് കണാരൻ, മഞ്ജുനാഥ റാവു തുടങ്ങിയവരും ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. നിലനിൽക്കുന്ന നിയമവ്യവസ്ഥകളുടെ പ്രശ്നങ്ങളും തൊഴിലാളി അനുകൂല നിയമങ്ങളുടെ അഭാവവും തൊഴിൽ സമയങ്ങളെ നിയന്ത്രിക്കാനുള്ള നിയമങ്ങളുടെ അപര്യാപ്തതകളും ഈ സമ്മേളനത്തിൽ ചർച്ച ചെയ്‌തു. 1942‐ലും മറ്റൊരു അഖില കേരള തൊഴിലാളി സമ്മേളനം നടന്നു. കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയ ഭീഷണിയെയും സമ്മേളനം തടസ്സപ്പെടുത്താൻ അവർ നടത്തിയ പ്രവർത്തനങ്ങളെയും മറികടന്നുകൊണ്ട് വിജയകരമായി കോഴിക്കോടുവച്ച് തന്നെ ഈ സമ്മേളനം നടത്തി.

അഖില കേരള തൊഴിലാളി യൂണിയന്റെ ആഹ്വാനപ്രകാരം 1937 സെപ്‌തംബർ 15‐ന് കോഴിക്കോട് കടപ്പുറത്ത് അവകാശ പ്രഖ്യാപന സമ്മേളനം നടന്നു. ദിവസം എട്ടുമണിക്കൂർ മാത്രം തൊഴിൽ എന്ന വ്യവസ്ഥ ആവശ്യപ്പെട്ടുകൊണ്ടും, ഫാക്ടറികളിലെ പണിമുടക്കുകൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും, ആഴ്‌ചയിൽ ഒരുദിവസത്തെ അവധി ആവശ്യപ്പെട്ടുകൊണ്ടും, കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌ പാർടി നേതാക്കൾക്കെതിരെയുള്ള പൊലീസ് അക്രമണങ്ങളിൽ പ്രതിഷേധിച്ചുകൊണ്ടും വ്യത്യസ്‌ത പ്രമേയങ്ങൾ ഈ സമ്മേളനത്തിന്റെ ഭാഗമായി അംഗീകരിച്ചു. 1940 ഏപ്രിൽ 21‐ന് കോഴിക്കോട് വച്ച് തൊഴിലാളി സംഘടനകളുടെ ഒരു സംയുക്ത വാർഷിക സമ്മേളനം കൂടിച്ചേരുകയുണ്ടായി. 1942 നവംബർ ഒന്നുമുതൽ നവംബർ എട്ടുവരെ ‘ഐക്യവാരമായി’ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് മുതലക്കുളം മൈതാനത്ത് ഐക്യവാരത്തിന്റെ അവസാന ദിനമായ നവംബർ എട്ടിന് കൃഷ്‌ണപിള്ളയുടെ അധ്യക്ഷതയിൽ വലിയ പങ്കാളിത്തത്തോടുകൂടി ഒരു പൊതുയോഗം നടന്നു.

കോഴിക്കോട് പ്രഭാത് ബുക്ക് ഹൗസിന്റെ മുകളിലത്തെ ഹാളിൽ തൊഴിലാളി യൂണിയൻ പ്രവർത്തകർ 1958 ഒക്ടോബർ 13‐ന് ഒരു യോഗം ചേരുകയും ഇതിന്റെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന ട്രേഡ് യൂണിയൻ കൗൺസിൽ (KSTUC) രൂപീകരിക്കപ്പെടുകയും ചെയ്‌തു. മലബാറിലെയും തിരുകൊച്ചിയിലെയും ട്രേഡ് യൂണിയനുകളെ ഒന്നിപ്പിക്കാനുള്ള ഒരു ശ്രമമായിരുന്നു ഇത്. അക്കാലത്ത് മലബാർ ട്രേഡ് യൂണിയൻ കൗൺസിൽ സെക്രട്ടറിയായിരുന്ന കല്ലാട്ട് കൃഷ്‌ണൻ, തിരു കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ആർ സുഗതൻ, കൃഷ്‌ണൻ തുടങ്ങിയവരാണ് കോഴിക്കോട് നടന്ന ഈ യോഗത്തിന് പിന്നിൽ പ്രവർത്തിച്ചത്. കെ പി ഗോപാലൻ ആയിരുന്നു യോഗത്തിന്റെ അധ്യക്ഷൻ. ഇദ്ദേഹത്തെ തന്നെ കേരള സംസ്ഥാന ട്രേഡ് യൂണിയൻ കൗൺസിലിന്റെ പ്രഥമ പ്രസിഡന്റായി യോഗം തെരഞ്ഞെടുക്കുകയും ചെയ്‌തു. സെക്രട്ടറിമാരായി കല്ലാട്ട് കൃഷ്‌ണൻ, പി എ സോളമൻ എന്നിവരെയും ജനറൽ സെക്രട്ടറിയായി ആർ സുഗതനെയും ട്രഷററായി കെ എ രാജനെയും യോഗം തെരഞ്ഞെടുത്തു. 1938 ഏപ്രിൽ ഒന്നിന് കോഴിക്കോട് ടൗൺഹാളിൽ തിരുവിതാംകൂറിലെ അടിച്ചമർത്തപ്പെടുന്ന സമര സഖാക്കളായ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യോഗം ചേർന്നു.

കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ആദ്യനാളുകളിൽ തന്നെ, അല്ലെങ്കിൽ അതിന്റെ രൂപീകരണത്തിന് മുന്നേ തന്നെ കമ്യൂണിസ്‌റ്റ്‌ അനുകൂല സാഹിത്യങ്ങൾ കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ആഗോള തലത്തിലുള്ള കമ്യൂണിസ്‌റ്റ്‌ മുന്നേറ്റങ്ങളെക്കുറിച്ചും വർഗ സംഘാടനത്തിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള ആശയാടിത്തറ ഉറപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഇ എം എസിന്റെ ‘കേരളം മലയാളികളുടെ മാതൃഭൂമി’, ‘സോഷ്യലിസം എന്നാൽ’, ‘ഒന്നേകാൽ കോടി മലയാളികൾ’, ‘ബ്രിട്ടീഷ് അടിമത്വത്തിൽനിന്ന് സ്വാതന്ത്ര്യത്തിലേക്ക്’ തുടങ്ങിയ പുസ്‌തകങ്ങൾ ഇതിനുദാഹരണങ്ങളാണ്. ഇത് കൂടാതെ മറ്റു നിരവധി എഴുത്തുകളും കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കപ്പെട്ടു. 1936‐ൽ കെ ദാമോദരൻ തയ്യാറാക്കിയ കമ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോയുടെ മലയാളം പരിഭാഷ ഇത്തരത്തിലുള്ള ഒന്നാണ്. കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌ പാർടിയുടെ ഔദ്യോഗിക മുഖപത്രമായ ‘പ്രഭാതം’ പ്രസിദ്ധീകരണം തുടങ്ങിയത് ഷൊർണൂരിൽ നിന്നാണ്. എന്നാൽ കോഴിക്കോട് ‘പ്രഭാത’ത്തിന് വലിയ രീതിയിലുള്ള പ്രചാരണം ലഭിച്ചിരുന്നു. ഇതിനെല്ലാം പുറമെ കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ഔദ്യോഗിക മുഖപത്രമായ ‘ദേശാഭിമാനി’ ആദ്യകാലങ്ങളിൽ കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. തൊഴിലാളിവർഗ, സോഷ്യലിസ്‌റ്റ്‌ ‐ ക-മ്യൂണിസ്‌റ്റ്‌ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് കേന്ദ്രീകരിച്ച് ‘നിശാ പാഠശാല' എന്ന പേരിൽ രാത്രികാലങ്ങളിൽ ചർച്ചകളും ക്ലാസുകളും സംഘടിപ്പിച്ചിരുന്നു.

കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌ പാർടി അഖിലേന്ത്യാ തലത്തിൽ തങ്ങൾ കരുതുന്നപോലുള്ള വർഗരാഷ്‌ട്രീയം മുന്നോട്ട് വയ്‌ക്കാൻ അപര്യാപ്തമാണെന്ന് പാർടിയിലെ കമ്യൂണിസ്‌റ്റ്‌ അനുകൂല വിഭാഗം മനസ്സിലാക്കിത്തുടങ്ങിയിരുന്നു. കോൺഗ്രസ് ‐ സോഷ്യലിസ്‌റ്റ്‌ പാർടി, കോൺഗ്രസുമായി ബന്ധപ്പെട്ട് കുടുങ്ങി കിടക്കുകയാണെന്നും ഇത്‌ വലിയൊരു പരിമിതിയാണെന്നും ഈ വിഭാഗം മനസ്സിലാക്കി. ഇത് പലപ്പോഴും കോഴിക്കോട് നടന്ന തൊഴിലാളി യോഗങ്ങളിലും മറ്റും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇ എം എസ് ‘പ്രഭാതം’ പത്രത്തിൽ ഒരു ഏകീകൃത കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ആവശ്യത്തെക്കുറിച്ച് തുടർച്ചയായി ലേഖനങ്ങൾ എഴുതി. കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌ പാർടിയെ സംബന്ധിച്ച് എ കെ ഗോപാലൻ വിമർശനങ്ങൾ ഉയർത്തി. ഈ ഒരു ആശയ രാഷ്‌ട്രീയ സംഘർഷം എത്തിച്ചേർന്നത് കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ രൂപീകരണത്തിലേക്കും, പ്രത്യക്ഷവും ഔദ്യോഗികവുമായ പ്രവർത്തനരീതികളിലേക്കുമാണ്. യഥാർഥത്തിൽ കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌ പാർടി മലബാറിൽ പിളരുകയല്ല ഉണ്ടായത്. മറിച്ച് മുകളിൽ സൂചിപ്പിച്ച രാഷ്‌ട്രീയ സംഭവവികാസങ്ങൾ കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌ പാർടിയിലെ വലിയൊരു ഭാഗത്തെ കമ്യൂണിസ്‌റ്റ്‌ ആശയക്കാരായി മാറ്റുകയായിരുന്നു.

കോഴിക്കോട്‌ നഗരത്തിലെ ആദ്യകാല ശുചീകരണ തൊഴിലാളികൾ  (ദേശാഭിമാനി ഫോട്ടോ ശേഖരത്തിൽ നിന്ന്‌)കോഴിക്കോട്‌ നഗരത്തിലെ ആദ്യകാല ശുചീകരണ തൊഴിലാളികൾ (ദേശാഭിമാനി ഫോട്ടോ ശേഖരത്തിൽ നിന്ന്‌)

കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌ പാർടിയിൽനിന്നും കമ്യൂണിസ്‌റ്റ്‌ പാർടിയിലേക്കുള്ള തൊഴിലാളി വർഗ രാഷ്‌ട്രീയ മാറ്റത്തിന്റെ അവസാന ഘട്ടത്തിലും കോഴിക്കോട് വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിന്റെ വ്യത്യസ്‌ത ഭാഗങ്ങളിൽ കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരിക്കുന്നതിനായി 1930‐കളുടെ പകുതിയോടുകൂടി ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നേതാവായിരുന്ന എസ് വി ഘാട്ടെ മലബാർ പ്രദേശത്ത് എത്തിച്ചേരുന്നത് കോഴിക്കോടാണ്. കോഴിക്കോട്ടുള്ള കോൺഗ്രസുകാരുടെ നിർദേശം അനുസരിച്ചാണ് അദ്ദേഹം കൃഷ്‌ണപിള്ളയെ കണ്ടുമുട്ടുന്നത്. ഫറോക്കിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച. കേരളത്തിലേക്കുള്ള കമ്യൂണിസ്‌റ്റ്‌ പാർടിയുടെ പ്രവേശനത്തിൽ എസ് വി ഘാട്ടെയുടെ കോഴിക്കോട്ടേക്കുള്ള ഈ സന്ദർശനം ഏറെ പ്രാധാന്യം നിറഞ്ഞതാണ്. 1935‐ൽ കമ്യൂണിസ്‌റ്റ്‌ പാർടി പ്രചാരണാർഥം പാർടി രേഖകളുമായി കേരളത്തിൽ എത്തിയ കമ്യൂണിസ്‌റ്റ്‌ പാർടി നേതാക്കളായ സുന്ദരയ്യ, ഇ എം എസ്, കൃഷ്‌ണപിള്ള, എൻ സി ശേഖർ തുടങ്ങിയവരുമായി ഘാട്ടെ സംസാരിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് രണ്ടുവർഷത്തെ രാഷ്‌ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി 1937 സെപ്‌തംബറിൽ കോഴിക്കോട് പാളയം ഭാഗത്തുള്ള ഒരു പച്ചക്കറി കടയുടെ മുകളിൽ രഹസ്യയോഗം നടക്കുകയും അതിന്റെ ഭാഗമായി കേരളത്തിൽ ഔദ്യോഗികമായി കമ്യൂണിസ്‌റ്റ്‌ പാർടി കേരള ഘടകം രൂപം കൊള്ളുകയും ചെയ്‌തു. എസ് വി ഘാട്ടെ, പി കൃഷ്‌ണപിള്ള, എൻ സി ശേഖർ, ഇ എം എസ് എന്നീ നാലുപേരായിരുന്നു കോഴിക്കോട് നടന്ന രഹസ്യയോഗത്തിൽ പങ്കെടുത്തത്. പ്രത്യക്ഷമായ കമ്യൂണിസ്‌റ്റ്‌ പാർടി പ്രവർത്തനങ്ങൾക്ക് അപ്പോഴും തുടക്കം കുറിച്ചിരുന്നില്ല. കോൺഗ്രസിനുള്ളിലും കോൺഗ്രസ്‐സോഷ്യലിസ്‌റ്റ്‌ പാർടിക്കുള്ളിലും പ്രവർത്തിക്കാനായിരുന്നു കേരളത്തിലെ പ്രവർത്തകർക്ക് കമ്യൂണിസ്‌റ്റ്‌ പാർടി നൽകിയ നിർദേശം. കണ്ണൂർ പിണറായിയിലെ പാറപ്പുറത്ത് 1939 ഡിസംബറിൽ ചേർന്ന സമ്മേളനത്തിലെടുത്ത തീരുമാനത്തിന്റെ ഭാഗമായി കേരളത്തിൽ കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരിക്കാനും പ്രവർത്തിക്കാനും തീരുമാനിക്കുകയും ചെയ്‌തു. എന്നാൽ 1940 ജനുവരി 26‐നാണ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ കേരള ഘടകം രൂപീകരിച്ച കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ആദ്യ കാലഘട്ടത്തിൽ കമ്യൂണിസ്‌റ്റ്‌ നേതാക്കൾ കോഴിക്കോട് താമസിച്ചിരുന്നത് പരിമിതമായ സൗകര്യങ്ങളിലുള്ള ഒരു വീട്ടിലായിരുന്നു. ‘കമ്യൂൺ’ എന്നായിരുന്നു ആ വീടിന് നൽകിയിരുന്ന പേര്. ഈ വീടും വീടിന്റെ പേരും കോഴിക്കോടിന്റെ ചരിത്രത്തിൽ അന്തർലീനമായി കിടക്കുന്ന കമ്യൂണിസ്‌റ്റ്‌ ആശയങ്ങളുടെ ഒരു പ്രതിഫലനമാണ്. ഇന്ത്യൻ രാഷ്‌ട്രീയചരിത്രത്തിന്റെയും ഇന്ത്യയിലെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ചരിത്രത്തിന്റെയും ഒഴിച്ചുകൂടാനാകാത്ത ഒരിടമാണ് കോഴിക്കോട്. പാർടിയെ സംബന്ധിച്ചിടത്തോളം അതിന്റെ മുന്നേറ്റങ്ങൾക്കും വളർച്ചയ്‌ക്കും പരിഷ്‌കാരങ്ങൾക്കും കാരണമായ നിരവധി സമ്മേളനങ്ങളും സമരങ്ങളും പൊതുയോഗങ്ങളും നടന്ന ചുരുക്കം ചില ഇടങ്ങളിൽ ഒന്നാകും കോഴിക്കോട് നഗരവും അതിന്റെ സമീപപ്രദേശങ്ങളും .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home