ad
Deshabhimani

കവർസ്റ്റോറി

ക്രൈഫ്

യോഹാൻ ക്രൈഫ്‌
avatar
മാങ്ങാട് രത്‌നാകരൻ

Published on Jun 15, 2026, 01:11 PM | 2 min read


ച്ച് ടീമിനെ എല്ലാവരും ‘ക്ലോക്ക്‌വർക്ക് ഓറഞ്ച്’1എന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും നിരന്തരമായ മാറ്റങ്ങളിലൂടെ എതിരാളിയെ ആശയക്കുഴപ്പത്തിലാക്കുന്ന ഭാവനയുടെ ഈ സൃഷ്ടികർമത്തിൽ യാന്ത്രികമായി യാതൊന്നുംതന്നെ ഉണ്ടായിരുന്നില്ല. റിവേർസിന്റെ ‘മെഷീനെ’2പ്പോലെ, ഈ ഓറഞ്ച് ജ്വാല മുന്നോട്ടും പിന്നോട്ടും നിറഞ്ഞുപടരുകയും എങ്ങോട്ടാണ്‌ വീശേണ്ടതെന്നറിയാവുന്ന കാറ്റിൽ മുന്നോട്ടേക്കായുകയും പിൻവാങ്ങുകയും ചെയ്‌തു. എല്ലാവരും ആക്രമിക്കുകയും എല്ലാവരും പ്രതിരോധിക്കുകയും ചെയ്‌തുകൊണ്ട്, തലചുറ്റലുണ്ടാക്കുന്ന പ്രകടനമായിരുന്നു ഡച്ച് ടീമിന്റേത്. ഓരോ കളിക്കാരനും പതിനൊന്നു കളിക്കാരായിത്തീരുന്ന ഒരു ടീമിനെ എതിരിടുമ്പോൾ എതിർടീമിന്റെ ചുവടുകൾ അപ്പാടെ പിഴച്ചു.

ഒരു ബ്രസീലിയൻ കളിയെഴുത്തുകാരൻ അതിനെ ‘സംഘടിതമായ അസംഘടിതത്വം’ എന്നാണു വിശേഷിപ്പിച്ചത്. നെതർലാൻഡിന് അതിന്റേതായ സംഗീതമുണ്ട്, എന്നാൽ അതിന്റെ മെലഡിയും മറ്റ് ആരോഹണാവരോഹണങ്ങളും ഈണവും കൈയാളിയത് യോഹാൻ ക്രൈഫാണ്. ഒരു സംഗീതശിൽപ്പം മെനയുകയും ഒപ്പം തന്റെ സംഗീതോപകരണം വായിക്കുകയും ചെയ്‌തുകൊണ്ട് ക്രൈഫ് മറ്റാരെക്കാളും കഠിനമായി പണിയെടുത്തു.

യോഹാൻ ക്രൈഫ്‌യോഹാൻ ക്രൈഫ്‌

മെല്ലിച്ച, ചുറുചുറുക്കുള്ള ഈ മിടുക്കൻ, കുട്ടിയായിരിക്കുമ്പോൾ തന്നെ അയാക്‌സിൽ ഇടം കണ്ടെത്തി. അവന്റെ അമ്മ അയാക്‌സ് ക്ലബ്ബിലെ ബാറിൽ ജോലി ചെയ്യവേ, തൊട്ടരികെയുള്ള സ്റ്റേഡിയത്തിൽ പയ്യനായ ക്രൈഫ് കളിക്കളത്തിനു പുറത്തേക്കു പോകുന്ന പന്ത് തിരിച്ച് എറിഞ്ഞുകൊടുക്കുകയും കളിക്കാരുടെ ഷൂസ് മിനുക്കിക്കൊടുക്കുകയും കോർണറുകളിലെ ഫ്ലാഗുകൾ ശരിയായി നാട്ടുകയും ചെയ്‌തു. അവർ പറഞ്ഞ കാര്യങ്ങളെല്ലാം അവൻ ചെയ്‌തു, സത്യത്തിൽ ഒന്നും പറയേണ്ട കാര്യം പോലുമില്ലായിരുന്നു. കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അവൻ ഒരു എലുമ്പനായിരുന്നതിനാൽ അവർ അനുവദിച്ചില്ല. പിന്നീട് സഹികെട്ട് അവസരം നൽകിയപ്പോഴാകട്ടെ, അവനു പിന്തിരിഞ്ഞുനോക്കേണ്ടിവന്നതുമില്ല. ബാലനായിരിക്കെത്തന്നെ, ആദ്യത്തെ കളി ഗംഭീരമായി കളിച്ചു, ഒരു ഗോളടിച്ചു, റഫറിക്കും കിട്ടി ഒന്നാന്തരമൊരു പ്രഹരം.

ആ ദിവസം രാത്രി തൊട്ട് ആവേശവും കഠിനാധ്വാനവും പ്രതിഭയും സംയോജിപ്പിച്ചുകൊണ്ടുള്ള കളി അവൻ കൊണ്ടുനടന്നു. തുടർന്നുള്ള രണ്ടു ദശാബ്ദങ്ങളിൽ ക്രൈഫ് നെതർലാൻഡ്‌സിലേയും സ്‌പെയിനിലേയും ഇരുപത്തിരണ്ട് ചാമ്പ്യൻഷിപ്പുകൾ ജയിച്ചു. മുപ്പത്തിയേഴാം വയസ്സിൽ തന്റെ അവസാനത്തെ ഗോളടിച്ച് കളിയിൽ നിന്നു വിരമിച്ചപ്പോൾ ഫുട്‌ബോൾ ഭ്രാന്തരായ ആൾക്കൂട്ടം ആഘോഷാരവങ്ങളോടെ ക്രൈഫിനെ സ്റ്റേഡിയത്തിൽ നിന്നു വീട്ടിലേക്ക് ചുമലിലേറ്റി കൊണ്ടുപോയി .

(എദ്വാർദോ ഗാലിയാനോ (1940-‐2015): ഉറുഗ്വൻ എഴുത്തുകാരൻ. ലാറ്റിനമേരിക്കൻ ഇടതുപക്ഷത്തിന്റെ സാഹിത്യ അതികായനും ലോക ഫുട്‌ബോളിന്റെ അക്ഷരമാന്ത്രികനും. ലാറ്റിനമേരിക്കയുടെ തുറന്ന സിരകൾ ഏറ്റവും വിഖ്യാതമായ പുസ്തകം. ഫുട്‌ബോൾ വെയിലിലും നിഴലിലും ഫുട്‌ബോളിന്റെ വേറിട്ട ചരിത്രപുസ്തകം. അതിലെ ‘ക്രൈഫ്' എന്ന അധ്യായമാണ് തർജമ ചെയ്‌തു ചേർത്തിരിക്കുന്നത്.)

കുറിപ്പുകൾ

1. എണ്ണയിട്ട യന്ത്രം പോലെയുള്ള മനുഷ്യർ.

2. അർജന്റീനയുടെ റിവർ പ്ലേറ്റ് ഫുട്‌ബോൾ ക്ലബ്ബിന്റെ വിളിപ്പേര്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home