കവർസ്റ്റോറി
ക്രൈഫ് ഉവാച

മാങ്ങാട് രത്‌നാകരൻ
Published on Jun 15, 2026, 01:19 PM | 5 min read
യോഹാൻ ക്രൈഫിന്റെ കാലുകൾ മാത്രമല്ല, നാവും പൊന്നായിരുന്നു. ‘ബൂട്ടണിഞ്ഞ പൈതഗോറസ്' എന്നു വാഴ്‌ത്തപ്പെട്ട ക്രൈഫ്, കളിക്കളത്തിൽ കാലുകൊണ്ടു മാത്രമല്ല മസ്‌തിഷ്‌കം കൊണ്ടും രചിക്കുന്ന കലാശിൽപ്പമായാണ് ഫുട്‌ബോളിനെ കണ്ടത്. അഥവാ തലച്ചോറാണ് സർവപ്രധാനം; കാല് അതിന്റെ പണി ചെയ്‌തുകൊള്ളും. ക്രൈഫ് ഇങ്ങനെ പറയുക മാത്രമല്ല, കളിച്ചുകാണിക്കുകയും ചെയ്‌തു.
അവസാന മത്സരം കളിച്ചശേഷം യോഹാൻ ക്രൈഫ് ആരാധകരെ അഭിവാദ്യം ചെയ്യുന്നു
ക്രൈഫിന്റെ ഫുട്‌ബോൾ ചിന്തകളിലെ ബുദ്ധിവൈഭവവും ദർശനഗരിമയും താൻപോരിമയും ഫലിതബുദ്ധിയും അതിശയകരമെന്നേ പറയാവൂ. ചിലവ ശാസ്‌ത്രീയം, ചിലവ ലളിതം, ചിലവ ഗഹനം, ചിലവ ദുരൂഹം, ചിലവ നർമഭാസുരം, ചിലവ കാവ്യാത്മകം, ചിലവ വിഭ്രാമകം. ക്രൈഫിന്റെ ‘മൊഴിമുത്തുകൾ' ഫുട്‌ബോളും കവിഞ്ഞ്, പല മേഖലകളെയും സ്‌പർശിക്കുന്നവയാകയാൽ, അവ ബിസിനസ്, മാനേജ്‌മെന്റ് മേഖലകളിലും കൈപ്പുസ്തകമത്രെ! ചില ‘ക്രൈഫ് ഉവാച'കൾ നമുക്ക് കുറച്ചുകൂടി അടുത്തുനിന്നു നോക്കാം:
‘‘ഫുട്‌ബോൾ മസ്‌തിഷ്‌കംകൊണ്ട് കളിക്കേണ്ട കളിയാണ്. കൃത്യമായ സ്ഥലത്ത് കൃത്യമായ സമയത്ത് നിങ്ങൾ ഉണ്ടാകണം. നേരത്തേയെത്തിയിട്ടു കാര്യമില്ല, വൈകിയെത്തിയിട്ടും കാര്യമില്ല.'' ക്രൈഫ് വിശദീകരിക്കുന്നു: ‘‘എന്തുകൊണ്ടാണ് ഒരു കളിക്കാരൻ പന്തിനു പിന്നാലെ ഓടുന്നത്? അയാൾ വൈകി പുറപ്പെട്ടതുകൊണ്ടാണ്, (ഡെനിസ്) ബെർക്കാംപ് വൈകാറില്ലല്ലോ.''
‘‘കളിക്കളത്തിലിറങ്ങിയാൽ ഒരു കളിക്കാരന് ശരാശരി മൂന്നു മിനിറ്റുനേരമാണ് പന്തു കിട്ടുക എന്ന് കണക്കുകൂട്ടിയെടുക്കാവുന്നതേയുള്ളൂ. അപ്പോൾ, പ്രധാനപ്പെട്ട കാര്യം ഇതാണ്: പന്തു കിട്ടാത്ത 87 മിനിറ്റ് നിങ്ങൾ എന്താണു ചെയ്യുക? ഇതാണ് നിങ്ങൾ നല്ല കളിക്കാരനാണോ അല്ലയോ എന്നു തീരുമാനിക്കുന്നത്.''
‘‘എന്താണു വേഗം? വേഗവും കാഴ്‌ചയും തമ്മിൽ പത്രക്കാർ കൂട്ടിക്കുഴക്കാറുണ്ട്. നോക്കൂ, ഞാൻ കുറച്ചു നേരത്തേ ഓടിത്തുടങ്ങിയാൽ ഞാനാണ് വേഗത്തിൽ ഓടിയതെന്നു തോന്നും.''
‘‘സാങ്കേതികവൈഭവം എന്നാൽ പന്തിനെ ആയിരം തവണ തട്ടിക്കളിക്കലല്ല. പരിശീലിച്ചാൽ ആർക്കും അങ്ങനെ ചെയ്യാവുന്നതേയുള്ളൂ. പിന്നെ നിങ്ങൾക്ക് വേണമെങ്കിൽ സർക്കസിൽ ചേരാം. ഒറ്റ സ്‌പർശത്തിൽ, കൃത്യമായ വേഗത്തിൽ, പന്ത് സഹകളിക്കാരന് എത്തിച്ചുകൊടുക്കുന്നതാണ് സാങ്കേതികവൈഭവം.''
ക്രൈഫിന്റെ ദാർശനികമാനങ്ങളുള്ള ഫുട്‌ബോൾ മൊഴികളിൽ ശാസ്‌ത്രത്തിന്റെ ഛായപിടിച്ചുള്ള നിരീക്ഷണങ്ങളുമുണ്ട്. ‘‘എല്ലാ കോട്ടങ്ങൾക്കും അതിന്റെ നേട്ടങ്ങളുണ്ട്'', (Every disadvantage has its advantage) എന്ന മിന്നലിൽ ന്യൂട്ടണിന്റെ ചലനശാസ്‌ത്രത്തിന്റെ ലാഞ്ഛനയാണുള്ളത്. ‘‘ആകസ്മികത യുക്തിപരമാണ്'' (coincidence is logical) എന്നു പറയുമ്പോഴാകട്ടെ, യാദൃച്ഛികത ‘ബോധപൂർവ'മാണെന്ന തീർപ്പിലെത്തേണ്ടിവന്നേക്കാം! ക്രൈഫിന്റെ സിദ്ധാന്തങ്ങൾ ഗഹനവും ദുരൂഹവുമാണെന്ന് ആരെങ്കിലും ‘ചോദ്യം ചെയ്‌താൽ' ഏറ്റവും മാരകമായ മറുപടി കാത്തിരിക്കുന്നുണ്ടാകും: ‘‘നിങ്ങൾ മനസ്സിലാക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നെങ്കിൽ ഞാനതു വ്യക്തമായി പറയുമായിരുന്നു.''
സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള പിളർപ്പിനെ, ഫുട്‌ബോൾ കളിപോലെ പരിഹരിക്കുന്ന മറ്റൊരു ജീവിതവ്യാപാരമില്ല. അതിന്റെ മാർഗമോ ഫലശ്രുതിയോ ക്രൈഫിനെ സംബന്ധിച്ച് ഇങ്ങനെയാണ്: ‘‘ഫലം കിട്ടാത്ത ഗുണമേന്മ അർഥശൂന്യം; ഗുണമേന്മയില്ലാത്ത ഫലമാകട്ടെ വിരസവും.''
ഫുട്‌ബോളിനെക്കുറിച്ചുള്ള ക്രൈഫിന്റെ കാഴ്‌ചപ്പാടുകൾ അതീവ സങ്കീർണമാണെന്ന തീരുമാനത്തിലെത്തി, ‘‘പിന്നെ വരാം,'' എന്നുപറഞ്ഞ് ഒഴിവാകാൻ അദ്ദേഹം സമ്മതിക്കുകയില്ല. ‘‘ഫുട്‌ബോൾ വളരെ ലളിതമാണ്, പക്ഷേ ലളിതമായി കളിക്കുകയാണ് കഠിനം.'' സ്ഥലമാകുന്നു അതിലെ ഒരു പ്രശ്‌നസ്ഥലി! ‘‘അഞ്ചു ചതുരശ്രമീറ്റർ സ്ഥലത്തിനുള്ളിൽ ഓരോരുത്തരും എണ്ണംപറഞ്ഞ ഫുട്‌ബോൾ കളിക്കാരനാണ്.'' പോരെങ്കിൽ ‘‘ഫുട്‌ബോൾ അബദ്ധങ്ങളുടെ കളിയുമാണ്.'' അതുകൊണ്ടുതന്നെ, ‘‘ഒരു അബദ്ധം ഉണ്ടാക്കുന്നതിനു മുമ്പ് ഞാൻ ആ അബദ്ധം ഉണ്ടാക്കാറില്ല.'' (Before I make a mistake, I don't make that mistake) ഇത്രയും ധാർഷ്ട്യവും ഔദ്ധത്യവും അതേസമയം ആത്മവിശ്വാസവും നിറഞ്ഞുതുളുമ്പുന്ന ഒരു വാക്യം മറ്റെവിടെയും ഞാൻ വായിച്ചിട്ടില്ല.
ക്രൈഫ് ആത്മകഥ(1)യുടെ ആമുഖം തുടങ്ങുന്നതു തന്നെ, കോളേജ് ബിരുദമൊന്നും ഇല്ലാത്ത ആളാണെന്നും അനുഭവമാണ് ഗുരുവെന്നും പറഞ്ഞുകൊണ്ടാണ്. അതുകൊണ്ടുതന്നെ ക്രൈഫിന്റെ സിദ്ധാന്തങ്ങൾക്ക് അനുഭവത്തിന്റെ പശിമയാണുള്ളത്. ആത്മകഥയുടെ പേരുതന്നെയും എന്റെ തിരിവ് (My Turn) എന്നാണല്ലോ. ‘ക്രൈഫ് തിരിവ്' എന്നത് ഫുട്‌ബോളിൽ ഒരു വിസ്മയമത്രെ. പന്തുമായി മുന്നേറിക്കൊണ്ടിരിക്കെ എതിരാളി പ്രതിരോധം തീർത്താൽ, നിന്നനിൽപ്പിൽ 180 ഡിഗ്രി തിരിഞ്ഞ്, മറ്റൊരു വഴിക്ക് മുന്നേറുന്ന രീതി. പിൽക്കാലത്ത് പല കളിക്കാരും ഈ തിരിവ് അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അതൊന്നും ക്രൈഫിന്റേതുപോലെ പത്തരമാറ്റ് തിരിവായി തിരിഞ്ഞുവന്നില്ല. ഈ തിരിവിന്റെ പശ്ചാത്തലം 14 അധ്യായങ്ങളുള്ള (അയാക്‌സിൽ ക്രൈഫിന്റെ ജേഴ്‌സി നമ്പർ) ആത്മകഥയിൽ, ബാല്യകാലം കടന്നുവരുന്ന പ്രഥമ അധ്യായത്തിൽത്തന്നെ എഴുതുന്നു: ‘‘എന്നെ സംബന്ധിച്ച എല്ലാം തെരുവിൽ നിന്നു തുടങ്ങുന്നു. ഞാൻ താമസിച്ചിരുന്ന സ്ഥലം ‘കോൺക്രീറ്റ് ഗ്രാമം' എന്നാണ് അറിയപ്പെട്ടിരുന്നത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ചെലവുകുറഞ്ഞ വീടുകൾ വയ്‌ക്കാനുള്ള ഒരു പരീക്ഷണം എന്ന നിലയിലാണ് ഇവ നിർമിച്ചത്. ഈ തെരുവിൽ നിന്ന് കളിച്ചപ്പോഴാണ് കോട്ടങ്ങളെ എങ്ങനെ നേട്ടമാക്കിത്തീർക്കാം എന്ന് ഞാൻ ആലോചിക്കുന്നത്... എന്റെ ഫുട്‌ബോൾ ജീവിതത്തിൽ ഉടനീളം ‘അസാധ്യമായ' ആംഗിളുകളിൽ നിന്ന് ഞാൻ പന്തുതൊടുക്കുന്നതിനെപ്പറ്റി പലരും അതിശയത്തോടെ സൂചിപ്പിച്ചിട്ടുണ്ട്. ബാല്യത്തിൽ, തെരുവിലെ കളിയിൽ നിന്നാണ് ഞാനതു പഠിച്ചത്. സന്തുലനത്തിന്റെ (balance) കാര്യവും അങ്ങനെതന്നെ. കോൺക്രീറ്റിൽ വീണാൽ വേദനിക്കും, അതൊഴിവാക്കാനാണ് ബാലൻസ് ചെയ്യാൻ ശീലിച്ചത്. അതിനുള്ള അടവുകൾ എന്നെ പഠിപ്പിച്ചതും തെരുവിലെ കളിയാണ്.''

ഫുട്‌ബോൾ കളി എന്നാൽ ഒരുമയാണെന്നാണ് പല പല നിരീക്ഷണങ്ങളിലൂടെ ക്രൈഫ് ഊന്നിപ്പറഞ്ഞത്. ‘‘വിവിധ പൊസിഷനുകളിലെ ലോകോത്തര കളിക്കാരെ ഒരു ടീമിൽ അണിനിരത്തിയതുകൊണ്ടുമാത്രം ഒരു നല്ല ടീം ഉണ്ടാവുകയില്ല. അതു കാറ്റത്തെ മണൽക്കൂന പോലെ ചിതറിപ്പോകും.'' അഥവാ ‘‘കരുത്തുറ്റ പതിനൊന്നു പേരല്ല, പതിനൊന്ന് ഒറ്റപ്പെട്ട കരുത്തരാണ് ഉണ്ടാവുക.''
ഫുട്‌ബോളിന്റെ നീണ്ട ചരിത്രത്തിന്റെയും ചിരപരിചിതമായ ഘടനയുടെയും നിഷേധവും ആ നിഷേധത്തിന്റെ നിഷേധവുമായാണ് അറുപതുകളിൽ ഡച്ച് ഫുട്‌ബോൾ രൂപപ്പെടുന്നത്. തീർത്തും മൗലികവും കൊടുങ്കാറ്റുപോലെ വീശിയടിച്ചതുമായ സമ്പൂർണ ഫുട്‌ബോൾ (ടോട്ടൽ ഫുട്‌ബോൾ), അതിലെ കളിക്കാരുടെ കേളീവൈഭവം കൊണ്ടും സാഹസികമായ ആക്രമണതന്ത്രങ്ങൾ കൊണ്ടും വ്യക്തിപ്രതിഭയുടെയും കൂട്ടായ്മയുടേയും സമഞ്ജസമായ സമ്മേളനം കൊണ്ടും പ്രതിഭാസമാനം കൈവരിക്കുകയുണ്ടായി. ഹോളണ്ടിന്റെ മുൻ ദേശീയതാരവും ജിംനാസ്റ്റിക്‌സ് അധ്യാപകനുമായ റിനസ് മിഷൽസ് അയാക്‌സിന്റെ പരിശീലകനായപ്പോൾ, ക്രൈഫ് എന്ന പതിനെട്ടുകാരനെ കേന്ദ്രമാക്കി രൂപപ്പെടുത്തിയ ശൈലിയാണ് ടോട്ടൽ ഫുട്‌ബോൾ. 1974-ലെ ഡച്ച് ലോകകപ്പ് ടീമിന്റെ പരിശീലകനായിരുന്ന മിഷൽസ് ക്രൈഫിനെത്തന്നെ കേന്ദ്രീകരിച്ച് ദേശീയ ടീമിനെ വാർത്തെടുത്തു. ആ ലോകകപ്പിൽ അർജന്റീനയെ 4-‐1നും അപ്രതിരോധ്യരായ ബ്രസീലിനെ രണ്ടു ഗോളിനും തോൽപ്പിച്ച ശൈലീവിശേഷം കൂടിയായിരുന്നു ടോട്ടൽ ഫുട്‌ബോൾ. ഫൈനലിൽ പശ്ചിമ ജർമനിയെയാണ് ഹോളണ്ട് നേരിട്ടത്. കളി തുടങ്ങിയപ്പോൾത്തന്നെ പന്ത് പിന്നിലൂടെ ചെറുപാസുകളിലൂടെ നീങ്ങിവന്ന് ക്രൈഫിന്റെ കാലിലെത്തി, ക്രൈഫ് മുന്നിലേക്കിരച്ചുകയറി, പ്രതിരോധനിരയിൽത്തട്ടി തകർന്നുവീണു, പെനാൽറ്റിയിലൂടെ ഗോൾ നേടുമ്പോൾ രണ്ടുമിനിറ്റ് പിന്നിട്ടതേയുള്ളൂ. ജർമൻ കളിക്കാർ ആരും തന്നെ പന്തുതൊടുന്നതിനുമുമ്പായിരുന്നു ഹോളണ്ടിന്റെ ഗോൾ.
എന്താണ് ടോട്ടൽ ഫുട്‌ബോളിന്റെ അടിസ്ഥാനം? ‘ചിത്തക്ഷോഭം' (Neurosis) ബാധിച്ച ഡച്ച് ഫുട്‌ബോളിനെക്കുറിച്ചുള്ള ഒരു ‘അരാജകപുസ്തക' 2ത്തിൽ (ഉള്ളടക്കം പോലും ക്രമത്തിലല്ല, 5,7,9,14,10,1... എന്നിങ്ങനെയാണ്!) ഗ്രന്ഥകാരൻ വാദിക്കുന്നത്, സ്ഥലമാണ് അതിന്റെ പ്രഥമവും പ്രധാനവുമായ ‘പ്രശ്‌നം' എന്നാണ്. 2--‐3-‐5, അല്ലെങ്കിൽ 4-‐2-‐2‐2 രൂപഘടന പഴങ്കഥയായി. കാരണം ‘സ്ഥലം' വേറെയാണ്. ലോകത്ത് എല്ലായിടത്തും, ഹോളണ്ടിലും, ഫുട്‌ബോൾ കളം ഒരേ വിസ്‌തൃതിയിലാണെങ്കിലും ഡച്ച് മാനസികലോകത്തിൽ അതിനു വേറൊരു മാനമുണ്ട്. അമ്പതുശതമാനത്തിലേറെ ഭൂമി സമുദ്രനിരപ്പിനു താഴെയായ ഹോളണ്ടിൽ സ്ഥലത്തിന്, പ്രകൃതിദത്തമായ ഭൂമി ഏത്, കൃത്രിമഭൂമി ഏത് എന്ന സ്ഥലജലവിഭ്രാന്തിയുണ്ട്. (പീറ്റ്) മോൺഡ്രിയാന്റെ പെയിന്റിങ്ങുകൾ പോലെ സ്ഥലം ബിന്ദുക്കളും രേഖകളും പ്രതലവുമായിത്തീരുന്ന അതേ അമൂർത്തത ഹോളണ്ടിനുണ്ടെന്ന ഒരു വാസ്‌തുശിൽപ്പിയുടെ അഭിപ്രായം ഗ്രന്ഥകാരൻ എടുത്തെഴുതുന്നു.
അത്തരമൊരു സ്ഥലസങ്കൽപ്പമാണ് ഫുട്‌ബോൾ കളിക്കളത്തിലും ടോട്ടൽ ഫുട്‌ബോൾ സങ്കൽപ്പിച്ചത്. കാരണം, ആ സ്ഥലം മാനസികതലത്തിൽ വികസിക്കുകയും ചുരുങ്ങുകയും ചെയ്യും. റിനസ് മിഷൽസും ക്രൈഫും ചേർന്ന് ഈ സ്ഥലസങ്കൽപ്പത്തിന്റെ ‘മൂർത്തത'യെക്കുറിച്ച് കളിക്കാർക്ക് ബോധമുണ്ടാക്കുകയുമാണ് ചെയ്‌തത്. ‘‘നിങ്ങളുടെ കാലിൽ പന്തുണ്ടെങ്കിൽ കളിക്കളത്തെ ആവുന്നത്ര വിശാലമാക്കുകയും പന്തില്ലാത്തപ്പോൾ അതിനെ ആവുന്നത്ര ചെറുതാക്കുകയും വേണം,'' എന്ന ക്രൈഫ് മൊഴിയുടെ താൽപ്പര്യം, ഇലാസ്‌തികമായ ഈ സ്ഥലമാണ്.
പീറ്റ് മോൺഡ്രിയാന്റെ ഒരു പെയ്‌ന്റിംഗ്
ഫുട്‌ബോൾ മാത്രമായിരുന്നു ക്രൈഫിന്റെ മതവും രാഷ്‌ട്രീയവും സംസ്‌കാരവും. അതിനപ്പുറമുള്ളതെല്ലാം ആചാരങ്ങൾ.‘‘ഞാൻ മതത്തിന്റെ വഴിയിലല്ല. സ്‌പെയിനിൽ 22 കളിക്കാരും കളിക്കളത്തിലിറങ്ങുന്നതിനു മുമ്പ് കുരിശുവരയ്‌ക്കും. അതിനു ഫലമുണ്ടായാൽ കളി സമനിലയിൽ കലാശിക്കുകയാണു ചെയ്യുക.'' എത്ര ക്രൂരമായ പരിഹാസം!
ക്രൈഫിന്റെ കാര്യത്തിൽ എന്നെ ഏറ്റവും ആകർഷിച്ചത് തന്നെക്കുറിച്ചുള്ള കൃത്യവും നിശിതവുമായ തിരിച്ചറിവാണ്. വ്യക്തിചരിത്രത്തിലും ഫുട്‌ബോൾ ചരിത്രത്തിലും ക്രൈഫ് സ്വയം പ്രതിഷ്ഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു: ‘‘അമ്പതുകൾ ഡി സ്റ്റെഫൊനോയുടേതും അറുപതുകൾ പെലെയുടേതും എഴുപതുകൾ ക്രൈഫിന്റേതും എൺപതുകൾ മറഡോണയുടേതുമാണെന്ന് പത്രക്കാർ എഴുതാറുണ്ട്. ശരിയാണത്, തൊണ്ണൂറുകൾക്ക്, നിങ്ങൾ യോജിച്ചാലും ഇല്ലെങ്കിലും, അങ്ങനെയൊരാളെ അവകാശപ്പെടാനില്ല,'' ഇങ്ങനെയാകുന്നു ചരിത്രത്തിൽ തന്റെ സ്ഥാനം. സ്വന്തം പ്രാധാന്യമോ? അനുപമമായ ശൈലിയിൽ ക്രൈഫ് പറഞ്ഞു: ‘‘നിങ്ങൾ ക്രൈഫ് എന്നു പറയുകയും ആളുകൾക്ക് അത് മനസ്സിലാകാതിരിക്കുകയും ചെയ്യുന്ന ഒരു ദിവസം വരുമെന്ന് ഞാൻ കരുതുന്നില്ല.’’ ഇംഗ്ലീഷിൽ ആ വാക്യം ‘ക്രൈഫ് തിരിവു'ള്ള ഒരു കലാസൃഷ്ടിയത്രെ: ‘‘I don't think there will come a day when you can say Cruyff and people won't know what you are talking about.''
‘മനോഹരമായ ഫുട്‌ബോൾകളിയെ കൂടുതൽ മനോഹരമാക്കിയ ചരിത്രത്തിലെ ഒരേയൊരു കളിക്കാരനായ' (ഗാരി ലിനേക്കർ ഉവാച) ക്രൈഫ്, പോകുന്ന പോക്കിൽ എന്നെപ്പോലുള്ള ഫുട്‌ബോൾ കളിയെക്കുറിച്ചെഴുതുന്ന പത്രപ്രവർത്തകരുടെ തലയിൽ ചെറുതായൊന്നു കിഴുക്കുകയും ചെയ്‌തു. ‘‘ഈ പത്രപ്രവർത്തകർ ഒരു പ്രതിഭാസം തന്നെ! പത്രപ്രവർത്തനത്തെയും ഫുട്‌ബോളിനെയും അവർ അനായാസം കീഴടക്കി. എനിക്കാണെങ്കിൽ ഫുട്‌ബോളിനെ മാത്രമേ കീഴടക്കാൻ പറ്റിയിട്ടുള്ളൂ '' .
കുറിപ്പുകൾ
1. My Turn, Johan Cruyff, Macmillan, London, 2016
2. Brilliant Orange, The nuerotic genius of dutch football, David Winner, Bloomsbury, London, 2000.










0 comments