കവർസ്റ്റോറി
ഹിന്ദുത്വത്തിന്റെ സൂക്ഷ്മരാഷ്ട്രീയ പ്രയോഗങ്ങൾ

കെ എസ് രഞ്ജിത്ത്
Published on Nov 07, 2026, 02:28 PM | 22 min read
"ഭരണകൂടം ഒരു ബാഹ്യ കിടങ്ങ് മാത്രമായിരുന്നു, അതിന് പിന്നിൽ സിവിൽ സമൂഹത്തിന്റെ ചെറുതും വലുതുമായ കോട്ടകളുടെയും മൺമതിലുകളുടെയും ശക്തമായ ഒരു വ്യവസ്ഥ തന്നെ നിലനിന്നിരുന്നു.’ ‐ ആന്റോണിയോ ഗ്രാംഷി,
പ്രിസൺ നോട്ട്ബുക്സ്.
"ക്രിസ്ത്യാനിറ്റി നമ്മെ പഠിപ്പിച്ചത് നമ്മുടെ മേൽ പതിഞ്ഞിരിക്കുന്ന ദൈവത്തിന്റെ കണ്ണുകളെ നോക്കിക്കാണാനാണ്. ഇത്തരത്തിലുള്ള അറിവുകൾ യാഥാർഥ്യത്തിന്റെ പ്രതിബിംബങ്ങളെ മാത്രമാണ് അവതരിപ്പിക്കുന്നത്; അത് സംഭവിക്കുന്നത് യാഥാർഥ്യത്തെത്തന്നെ ബലികഴിച്ചുകൊണ്ടാണ്. അവ രൂപങ്ങളെയും പ്രതീകങ്ങളെയും ചിഹ്നങ്ങളെയും കുറിച്ച് സംസാരിക്കുന്നു, എന്നാൽ പ്രവാഹങ്ങളെയും ശക്തികളെയും തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നു. അവ നമ്മെ മറ്റ് യാഥാർഥ്യങ്ങളുമായി, നമ്മെ കീഴടക്കുന്ന അധികാരത്തിന്റെ യാഥാർഥ്യവുമായി, ബന്ധിപ്പിക്കുന്നു. മെരുക്കിയെടുക്കുക എന്നതാണ് അവയുടെ ധർമം. അതിന്റെ ഫലമാകട്ടെ, അനുസരണയുള്ളവരും വഴങ്ങിക്കൊടുക്കുന്നവരുമായ കർതൃത്വത്തെ നിർമിച്ചെടുക്കലും.’ -‐
ദെലൂസ് & ഗ്വാത്തരി,
Anti- Oedipus
ജോൺ ഹാർട്ട്ഫീൽഡിന്റെ
ഫാസിസ്റ്റ് വിരുദ്ധ പോസ്റ്റർ
അധികാരത്തിന്റെ യഥാർഥ ചരടുകൾ പ്രത്യക്ഷമായ ഒരു ഭരണകൂട യന്ത്രത്തിന്റെയും അതിന്റെ ഉപാദാനങ്ങളുടെയും പുറത്താണ് സ്ഥിതിചെയ്യുന്നത് എന്ന സിദ്ധാന്തമാണ് ഗ്രാംഷി മുന്നോട്ട് വച്ചത്. താരതമ്യേന പിന്നോക്ക സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളിൽ കിടന്നിരുന്ന റഷ്യയിൽ കമ്യൂണിസ്റ്റ് വിപ്ലവം അരങ്ങേറിയപ്പോൾ, അതിശക്തമായ തൊഴിലാളി പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാർടിയുമൊക്കെ ഉണ്ടായിരുന്നിട്ടും, മുതലാളിത്ത വികാസം ഏറെ മുന്നോട്ടുപോയ പടിഞ്ഞാറൻ യൂറോപ്പിൽ എന്തുകൊണ്ട് വിപ്ലവം നടക്കാതെ പോയി എന്ന ചോദ്യമാണ് ഗ്രാംഷിയെ അലട്ടിയത്. ഗ്രാംഷിയുടെ മാർക്സിസം തിരഞ്ഞു നടന്നത് ആ മൗലിക പ്രശ്നത്തിനുള്ള ഉത്തരമാണ്. ഭരണകൂട പ്രയോഗങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഗ്രാംഷിയൻ മാർക്സിസത്തിന്റെ സംവർഗങ്ങൾക്ക് പുറത്തുനിന്നുകൊണ്ട്, കെട്ടുപിണഞ്ഞു കിടക്കുന്ന അധികാരത്തിന്റെ ഉറവിടങ്ങളെക്കുറിച്ച് വ്യത്യസ്തമായ ചിന്തകൾ മുന്നോട്ടുവച്ചവരാണ് ദെലൂസും (Gilles Deleuze) ഗ്വാത്തരിയും (Felix Guattari). ആന്റി ഈഡിപ്പസ് (1972), എ തൗസന്റ് പ്ലാറ്റ്യൂസ് (1980) എന്നീ കൃതികളിലൂടെ, ദെലൂസും ഗ്വാത്തരിയും നവീനമായ ഒരു രാഷ്ട്രീയ സിദ്ധാന്തത്തെ അവതരിപ്പിക്കുന്നുണ്ട്:
ബൃഹത് രാഷ്ട്രീയവും തന്മാത്രാതല രാഷ്ട്രീയവും അഥവാ ‘മോളാർ' (molar) രാഷ്ട്രീയവും ‘മോളിക്യുലാർ' (molecular) രാഷ്ട്രീയവും. ഇവ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളാണ് ഈ ചിന്താപദ്ധതിയുടെ അടിസ്ഥാനം. ക്ലാസിക്കൽ രാഷ്ട്രീയ സിദ്ധാന്തങ്ങൾ പ്രധാനമായും ഭരണകൂടം, രാഷ്ട്രീയ പാർടികൾ, വർഗങ്ങൾ, നിയമനിർമാണ ചട്ടക്കൂടുകൾ തുടങ്ങിയ സ്ഥൂല രാഷ്ട്രീയ (Macro political) സ്ഥാപനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, സൂക്ഷ്മതലത്തിലും (Micro level) രാഷ്ട്രീയ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ടെന്ന് ദെലൂസും ഗ്വാത്തരിയും ഓർമപ്പെടുത്തുന്നു. ഘടനാപരമായ വ്യവസ്ഥകളെ തുടർച്ചയായി ഉൽപ്പാദിപ്പിക്കുകയോ സ്ഥിരപ്പെടുത്തുകയോ അതിന്റെ നിലനിൽപ്പിന് തടസ്സങ്ങൾ സൃഷ്ടിക്കുകയോ ചെയ്യുന്ന അദൃശ്യവും അസ്ഥിര സ്വഭാവമുള്ളതുമായ ആഗ്രഹങ്ങൾ, വികാരങ്ങൾ, ബോധ്യങ്ങൾ, ദൈനംദിന ശീലങ്ങൾ എന്നിവയുടെ സൂക്ഷ്മതലത്തിലുള്ള പ്രവർത്തനത്തെയാണ് മോളിക്യുലാർ പൊളിറ്റിക്സ് അഥവാ തന്മാത്രാതല രാഷ്ട്രീയം (Molecular politics) എന്ന് വിശേഷിപ്പിക്കുന്നത്.
ബൃഹത് രാഷ്ട്രീയവും തന്മാത്രാതല രാഷ്ട്രീയവും
തന്മാത്രാതല രാഷ്ട്രീയത്തെ അഥവാ സൂക്ഷ്മതല രാഷ്ട്രീയത്തെ മനസ്സിലാക്കാൻ, ബൃഹത് തല രാഷ്ട്രീയവുമായി അതിനെ ചേർത്തുവച്ച് പരിശോധിക്കേണ്ടതുണ്ട്.
● മോളാർ / ബൃഹത് രാഷ്ട്രീയം: വലിയ കൂട്ടായ്മകൾ, കർക്കശമായ വിഭജനങ്ങൾ, നിർണയിക്കപ്പെട്ട സ്വത്വങ്ങൾ എന്നിവയുടെ തലത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ദ്വന്ദ നിർവചനങ്ങളാണ് (binary categorisations) ‐ ആൺ/പെൺ, പൗരൻ/വിദേശി, ഭരണാധികാരി/ഭരിക്കപ്പെടുന്നവൻ, മുതലാളി /തൊഴിലാളി ‐അതിന്റെ സവിശേഷത. എല്ലാത്തിനെയും അങ്ങേയറ്റം ക്രമപ്പെടുത്തി ചിന്തിക്കാനും, ഏതു പ്രതിഭാസത്തെയും പ്രതിനിധീകരണങ്ങളായി കാണാനും, കേന്ദ്രീകൃത ഏകോപനം ഏതു പ്രതിഭാസത്തിനുപിന്നിലും പ്രവർത്തിക്കുന്നു എന്ന് കാണാനും, ഘടനാപരമായ വിശകലനം നടത്താനുമാണ് ബൃഹത് രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയ രാഷ്ട്രീയ ചിന്താ പദ്ധതികൾ പൊതുവെ ശ്രമിക്കാറുള്ളത്. ● മോളിക്യുലാർ/ സൂക്ഷ്മ രാഷ്ട്രീയം: സൂക്ഷ്മ ബോധ്യങ്ങൾ, വികാരവിചാരങ്ങൾ, നിരന്തര മാറ്റങ്ങൾ എന്നിവയുടെ തലത്തിലാണ് സൂക്ഷ്മരാഷ്ട്രീയം പ്രവർത്തിക്കുന്നത്. കർക്കശമായ വർഗീകരണങ്ങളെ മറികടന്ന് ആഗ്രഹങ്ങളുടെ വ്യക്തിഗത തലത്തിലാണ് (desiring- production) അത് രാഷ്ട്രീയ ചലനങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നത്. മോളാറും മോളിക്യുലാറും വെവ്വേറെ നിലനിൽക്കുന്ന രണ്ട് മേഖലകളോ ഇടങ്ങളോ അല്ലെന്ന് ദെലൂസും ഗ്വാത്തരിയും ഊന്നിപ്പറയുന്നു; എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളും ഒരേസമയം ഈ രണ്ട് മാനങ്ങളാലും ചേർന്ന് നിർമിക്കപ്പെട്ടതാണ്. ബൃഹദാഖ്യാനങ്ങളുടെ നിരാകരണമല്ല ഇവിടെ മുന്നോട്ടുവയ്ക്കുന്നത്. ആഗ്രഹങ്ങളുടെയും വികാരവിചാരങ്ങളുടെയും അടിയൊഴുക്കുകളെ നിയന്ത്രിക്കുകയും സംഘടിപ്പിക്കുകയും കോഡ് ചെയ്യുകയും ചെയ്യാതെ ഒരു ഭരണകൂട യന്ത്രത്തിന് പ്രവർത്തിക്കാനാവില്ല എന്ന വാദമാണ് അവർ ഉയർത്തുന്നത്. അതുപോലെ ഏതൊരു സാമൂഹിക പരിവർത്തനവും ബൃഹത്-സ്ഥാപനപരമായ മാറ്റമായി പ്രകടമാകുന്നതിന് മുമ്പ് സൂക്ഷ്മതലത്തിലുള്ള മാറ്റമായാണ് ആരംഭിക്കുന്നത് എന്നതാണ് അവർ മുന്നോട്ടുവയ്ക്കുന്ന സിദ്ധാന്തത്തിന്റെ കാതൽ.

ആഗ്രഹങ്ങളുടെ ഉൽപ്പാദനം
മോളിക്യുലാർ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി ദെലൂസും ഗ്വാത്തരിയും നിർവചിച്ചത് ആഗ്രഹത്തെയാണ്. ആഗ്രഹത്തിന് (desire) നൽകിയ പുതിയ നിർവചനമാണ്. ആഗ്രഹത്തെ "ഇല്ലായ്മ’ അല്ലെങ്കിൽ "അപര്യാപ്തത’ (lack) ആയി കാണുന്ന മനോവിജ്ഞാനീയ മാതൃകയിൽനിന്ന് മാറി ചിന്തിച്ചുകൊണ്ട്, ആഗ്രഹമെന്നത് ഉൽപ്പാദനക്ഷമവും ഭൗതികവുമായ ഒരു ശക്തിയാണെന്ന് ‐ ശരീരങ്ങളെയും പരിസ്ഥിതികളെയും സാമൂഹിക വ്യവസ്ഥകളെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു "ആഗ്രഹോൽപ്പാദന യന്ത്രം’ (desiring- machine) ആണെന്ന് ‐ അവർ വാദിക്കുന്നു. ആഗ്രഹം സാമൂഹിക മണ്ഡലത്തിൽ നേരിട്ട് ലയിച്ചുചേർന്നിരിക്കുന്നതിനാൽ, ആഗ്രഹം എങ്ങനെ നയിക്കപ്പെടുന്നു, പിടിച്ചെടുക്കപ്പെടുന്നു, അല്ലെങ്കിൽ സ്വതന്ത്രമാക്കപ്പെടു ന്നു എന്ന തലത്തിലാണ് രാഷ്ട്രീയം ആരംഭിക്കുന്നത്. മോളാർ ഫാസിസം (ഉദാഹരണത്തിന്, ഏകാധിപത്യ ഭരണകൂടങ്ങൾ) സാധ്യമാകുന്നത് അതിനു മുമ്പേതന്നെ ‘മൈക്രോ-ഫാസിസം' രൂപപ്പെട്ടതു കൊണ്ടാണ്; ആശങ്കകൾ മൂലമോ വൈകാരിക കൃത്രിമത്വങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിലൂടെയോ വ്യക്തികൾ കർക്കശമായ അധികാരത്തെ മുറുകെ പിടിക്കുകയും, സ്വന്തം അടിച്ചമർത്തലിനെത്തന്നെ ആഗ്രഹിക്കുകയും ചെയ്യുന്ന അവസ്ഥയാണത്.
സമകാലിക പ്രസക്തിയും പ്രയോഗങ്ങളും
തന്മാത്രാതല രാഷ്ട്രീയത്തെ കുറിച്ചുള്ള ദെലൂസിന്റെയും ഗ്വാത്തരിയുടെയും സങ്കൽപ്പനങ്ങൾ വർത്തമാനകാലത്തെ സാമൂഹിക-രാഷ്ട്രീയ പ്രതിഭാസങ്ങളുടെ സങ്കീർണ പ്രവർത്തനങ്ങൾ മനസ്സിലാക്കുവാൻ നമ്മെ സഹായിക്കുന്ന സൈദ്ധാന്തിക പരികൽപ്പനകളാണ്. തീവ്ര വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിയോ ഫാസിസ്റ്റ് ഗ്രൂപ്പുകളും വ്യക്തിതലത്തിലുള്ള സൂക്ഷ്മ രാഷ്ട്രീയ പ്രവർത്തനങ്ങളിലാണ് പൊതുവെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വ്യാജവാർത്തകളുടെയും തെറ്റായ വിവരങ്ങളുടെയും പ്രചാരണം, ഡിജിറ്റൽ ആക്ടിവിസം (ഉദാഹരണത്തിന്, മീമുകളിലൂടെയുള്ള സാംസ്കാരിക ഇടപെടലുകൾ, വളരെ വികേന്ദ്രീകൃതമായി നടക്കുന്ന സമൂഹ മാധ്യമ പ്രവർത്തനങ്ങൾ) എന്നിവ പൂർണമായും തന്മാത്രാ തലത്തിലാണ് പ്രവർത്തിക്കുന്നത്. ബൃഹത് രാഷ്ട്രീയത്തിന്റെ ഭാഗമായ തെരഞ്ഞെടുപ്പ് പരിപാടികളോ പ്രതിഷേധങ്ങളോ ആയി അവ രൂപപ്പെടുന്നതിന് മുമ്പ്, മനുഷ്യന്റെ വികാരവിചാരങ്ങളെയും വൈകാരിക അനുരണനങ്ങളെയും സൂക്ഷ്മതലത്തിൽ സ്വാധീനിക്കുക എന്നതാണ് അവ ലക്ഷ്യമിടുന്നത്. സമകാലിക ലോകത്തെ നവ ഫാസിസ്റ്റ് രാഷ്ട്രീയം കേവലം അക്രമോത്സുകമായ ഭരണകൂട ഇടപെടലുകളെ മാത്രം ആശ്രയിച്ചല്ല നിലനിൽക്കുന്നത്; മറിച്ച് സ്കൂൾ പാഠ്യപദ്ധതികൾ, തെരുവുകളിൽ നിറയ്ക്കപ്പെടുന്ന ചിഹ്നങ്ങൾ, കുടുംബ വാട്സാപ്പ് ഗ്രൂപ്പ് സന്ദേശങ്ങൾ, ജനപ്രിയ വിനോദങ്ങൾ എന്നിവയെ സ്വാധീനിച്ചുകൊണ്ട് സമൂഹത്തിന്റെ അടിസ്ഥാന "പൊതുബോധത്തെ’ മാറ്റിമറിക്കുന്ന തന്മാത്രാതല കീഴടക്കലിലൂടെയാണ് അവ സമൂഹത്തിൽ ആശയപരമായ മേൽക്കോയ്മ നേടുന്നത്. ദെലൂസിന്റെയും ഗ്വാത്തരിയുടെയും തന്മാത്രാ തല രാഷ്ട്രീയ സിദ്ധാന്തം അധികാരത്തെയും സാമൂഹിക മാറ്റത്തെയും കുറിച്ചുള്ള നമ്മുടെ ധാരണകളെ വികസിപ്പിക്കാൻ പര്യാപ്തമായവയാണ്. ബൃഹത് സ്ഥാപനങ്ങൾ (molar structures) നിരന്തരം നിർമിക്കപ്പെടുന്നതും പോഷിപ്പിക്കപ്പെടുന്നതും, അല്ലെങ്കിൽ തകർക്കപ്പെടുന്നതും വികാരവിചാരങ്ങളുടെയും (affect) ആഗ്രഹങ്ങളുടെയും സൂക്ഷ്മതല പ്രവാഹങ്ങളാൽ (molecular processes) ആണെന്ന് സമർഥിക്കുന്നതിന്റെ രാഷ്ട്രീയ വിവക്ഷകൾ ഏറെയാണ്. ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ നിലവിലുള്ള സർക്കാരിനെ താഴെയിറക്കുന്നതിലൂടെ മാത്രം സ്ഥായിയായ മാറ്റം കൈവരിക്കാനാവില്ലെന്ന് ഇത് നമ്മെ ഓർമിപ്പിക്കുന്നു. സുസ്ഥിരമായ പരിവർത്തനത്തിന് ഒരു "തന്മാത്രാതല വിപ്ലവം’ (molecular revolution) ആവശ്യമാണ്‐ അതായത്, സാമൂഹിക ജീവിതത്തെ രൂപപ്പെടുത്തുന്ന ദൈനംദിന ശീലങ്ങൾ, ആഗ്രഹങ്ങൾ, കാഴ്ചപ്പാടുകൾ, വൈകാരിക അന്തരീക്ഷങ്ങൾ എന്നിവയുടെ അടിസ്ഥാനപരമായ പുനഃക്രമീകരണം അനിവാര്യമാണ്. ആശയ മണ്ഡലത്തിലാണ് യഥാർഥ രാഷ്ട്രീയ സമരം നടക്കുന്നത് എന്നാണ് ഗ്രാംഷി പറഞ്ഞത്. ഇത് നമ്മുടെ നാട്ടിൽ അക്ഷരാർഥത്തിൽ ഉൾക്കൊണ്ട് പ്രവർത്തിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനം സംഘപരിവാറാണ്. ‘നിലയുറപ്പിക്കൽ സമരം' (War of Position) എന്നൊരാശയം ഗ്രാംഷി മുന്നോട്ടുവയ്ക്കുന്നുണ്ട്. നേരിട്ടൊരാക്രമണത്തിലൂടെ ഭരണകൂടത്തെ കീഴ്പ്പെടുത്തുന്നതിന് പകരം സ്കൂളുകളും സർവകലാശാലകളും മാധ്യമങ്ങളും മതസ്ഥാപനങ്ങളും, ഭാഷയെത്തന്നെയും ഇഞ്ചിഞ്ചായി കീഴടക്കുക. ഇത് സംഭവിച്ചുകഴിഞ്ഞ ഒരു സമൂഹത്തിൽ, ഏകാധിപത്യ മാനങ്ങളുള്ള ഒരു നിയമം (ഉദാഹരണത്തിന്, ഇന്ത്യയിലെ ഏകീകൃത സിവിൽ കോഡ്) പാർലമെന്റിൽ പാസാക്കപ്പെടുമ്പോഴേക്കും, തെരുവുകളിലെ "സാധാരണ ബോധം’ അത് സ്വീകരിക്കാൻ തക്കവണ്ണം ഇതിനകം തന്നെ പാകപ്പെടുത്തപ്പെട്ടിട്ടുണ്ടാകും. ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയ ചലനങ്ങളെ മനസ്സിലാക്കുന്നതിൽ ഏറെ സ്വാധീനം ചെലുത്തിയ ഒരു സങ്കൽപ്പനമാണിത്. തടവറയിൽ കഴിയവേ ഗ്രാംഷി എഴുതിയ ‘പ്രിസൺ നോട്ട്ബുക്സ്' എന്ന ഗ്രന്ഥത്തിലൂടെയാണ് ഈ ആശയം വിശദമാക്കുന്നത് . ഫ്യൂഡൽ സാമൂഹിക ബന്ധങ്ങൾ നിലനിന്നിരുന്ന 1917‐ലെ സാറിസ്റ്റ് റഷ്യയിൽ സോഷ്യലിസ്റ്റ് വിപ്ലവം വിജയിച്ചപ്പോൾ, കൂടുതൽ വ്യാവസായിക പുരോഗതി കൈവരിച്ച പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ വിപ്ലവ മുന്നേറ്റങ്ങൾ തുടർച്ചയായി പരാജയപ്പെട്ടത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് ഗ്രാംഷി ഈ ആശയം വികസിപ്പിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിലെ സൈനിക തന്ത്രങ്ങളെ അടിസ്ഥാനമാക്കി, രാഷ്ട്രീയ പ്രവൃത്തികളുടെ രണ്ട് വ്യത്യസ്ത രീതികളെ ഗ്രാംഷി ഇപ്രകാരം വേർതിരിച്ചു കാണിക്കുന്നു:
● ചലനാത്മക പോരാട്ടം (War of Maneuver): ഭരണകൂട യന്ത്രത്തിനെതിരെ നേരിട്ടു നടത്തുന്ന ആക്രമണമാണിത്. സായുധ വിപ്ലവം, പാർലമെന്റ് പിടിച്ചെടുക്കൽ, അടിയന്തര ഭരണകൂട മാറ്റം ലക്ഷ്യമിട്ടുള്ള പൊതുപണിമുടക്കുകൾ തുടങ്ങിയവ ഇതിന്റെ ഉദാഹരണമാണ്. ഭരണകൂടം ശക്തവും കേന്ദ്രീകൃതവുമായിരിക്കയും പൗരസമൂഹം വളരെ ദുർബലവുമായിരുന്ന 1917-‐ലെ സാറിസ്റ്റ് റഷ്യയിൽ വിജയിച്ച തന്ത്രമാണിത്. സമീപകാലത്ത് ശ്രീലങ്കയിലും ബംഗ്ലാദേശിലും നേപ്പാളിലുമൊക്കെ നിലവിലുള്ള ഭരണകൂടത്തെ താഴെയിറക്കുന്നതിൽ വിജയിച്ച സമരമുറയാണിത്.
ജോൺ ഹാർട്ട്-ഫീൽഡിന്റെ ഒരു ഫോട്ടോ മൊണ്ടാഷിൽനിന്ന്
● നിലയുറപ്പിക്കൽ സമരം (War of Position): സിവിൽ സമൂഹത്തിനുള്ളിൽ നടക്കുന്ന സുദീർഘവും തന്ത്രപരവുമായ പോരാട്ടമാണിത്. മാധ്യമങ്ങൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ, പ്രസാധനശാലകൾ, ട്രേഡ് യൂണിയനുകൾ, സാംസ്കാരിക സംഘടനകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ ശൃംഖലയിലാണ് ഇത് നടക്കുന്നത്. ആധുനിക ജനാധിപത്യ രാജ്യങ്ങളിൽ ഭരണകൂടം സംരക്ഷിക്കപ്പെടുന്നത് സാംസ്കാരിക സമ്മതിയുടെ (cultural consent) ശക്തമായ ഒരു ബാഹ്യവലയത്താലാണ്. ഭരണവർഗം സാംസ്കാരിക ആധിപത്യം (Cultural Hegemony) പുലർത്തുന്നതിനാൽ, അവിടെ ഒരു നേരിട്ടുള്ള ആക്രമണം വിജയിക്കുവാനുള്ള സാധ്യതകൾ വളരെ പരിമിതമാണ്. നിലയുറപ്പിക്കൽ സമരത്തിൽ വിജയിക്കണമെങ്കിൽ, അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിന് മുമ്പ് തന്നെ ഒരു രാഷ്ട്രീയ പ്രസ്ഥാനം പ്രതി-ആധിപത്യം (Counter-Hegemony) പടുത്തുയർത്തേണ്ടതുണ്ട്: 1. സിവിൽ സമൂഹത്തെ കീഴടക്കൽ: കേവലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലോ സൈനിക ശക്തിയിലോ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ജനങ്ങളുടെ "പൊതുബോധത്തെ’ (common sense) മാറ്റിമറിക്കാൻ ദീർഘകാല പ്രചാരണങ്ങളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഏർപ്പെടേണ്ടതുണ്ട്. 2. ജൈവിക ബുദ്ധിജീവികൾ (Organic Intellectuals): പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ (subaltern) അനുഭവങ്ങൾക്ക് ശബ്ദം നൽകുകയും ബദൽ ലോകവീക്ഷണം രൂപപ്പെടുത്തുകയും ചെയ്യുന്ന എഴുത്തുകാർ, അധ്യാപകർ, മാധ്യമപ്രവർത്തകർ, കലാകാരന്മാർ, സാമൂഹിക നേതാക്കൾ തുടങ്ങിയ "ജൈവിക ബുദ്ധിജീവികളുടെ’ പ്രസക്തി ഇവിടെയാണ്. 3. ചരിത്രപരമായ കൂട്ടായ്മയുടെ നിർമിതി: സങ്കുചിതമായ സാമ്പത്തിക താൽപ്പര്യങ്ങൾക്കപ്പുറം, പങ്കുവയ്ക്കപ്പെട്ട ഒരു സാംസ്കാരിക- രാഷ്ട്രീയ കാഴ്ചപ്പാടാൽ ഒന്നിച്ച വിവിധ സാമൂഹിക വർഗങ്ങളുടെയും ഗ്രൂപ്പുകളുടെയും വിശാലമായ ഒരു സഖ്യം രൂപപ്പെടുത്തിയെടുക്കൽ ഇതിന് അത്യാവശ്യമാണ്. 4. പൊതുബോധത്തിന്റെ പരിവർത്തനം: തങ്ങളുടെ പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ സ്വാഭാവികവും സാർവത്രികവും അനിവാര്യവുമാണെന്ന് തോന്നിപ്പിക്കുക എന്നതാണ് ഇതിന്റെ അന്തിമ ലക്ഷ്യം‐ അതായത്, വിപ്ലവാത്മക ആശയങ്ങളെ സമൂഹത്തിന്റെ ദൈനംദിന ചിന്താഗതിയായി മാറ്റിമറിക്കുക. സമകാലിക രാഷ്ട്രമീമാംസ പഠനങ്ങളിലും സാംസ്കാരിക അന്വേഷണങ്ങളിലും ഏറെ പ്രയോഗിക്കപ്പെടുന്ന ഒരു സൈദ്ധാന്തിക ചട്ടക്കൂടാണ് ഗ്രാംഷി മുന്നോട്ടുവച്ച നിലയുറപ്പിക്കൽ സമരം (War of positions). ഇന്ത്യയിലെ ഹിന്ദുത്വ പ്രസ്ഥാനം, അല്ലെങ്കിൽ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും നവ ഫാസിസ്റ്റ് സ്വഭാവമുള്ള യാഥാസ്ഥിതിക- ദേശീയതാ പ്രസ്ഥാനങ്ങൾ ‘നിലയുറപ്പിക്കൽ സമര'ത്തെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പ്രസാധന ശാലകൾ, സാഹിത്യോത്സവങ്ങൾ, ഡിജിറ്റൽ മാധ്യമ ശൃംഖലകൾ എന്നിവ സ്ഥാപിച്ചുകൊണ്ടും സ്കൂൾ പാഠ്യപദ്ധതികളിൽ മാറ്റം വരുത്തിക്കൊണ്ടും തങ്ങളുടെ രാഷ്ട്രീയ അധികാരം ഉറപ്പിക്കുന്നതിനായി സാംസ്കാരിക മണ്ഡലത്തെ ക്രമബദ്ധമായി കീഴടക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഗ്രാംഷിയുടെ ‘നിലയുറപ്പിക്കൽ സമരം' ദെലൂസിന്റെയും ഗ്വാത്തരിയുടെയും തന്മാത്രാതല രാഷ്ട്രീയവുമായി ചേർത്ത് നിർത്തി പരിശോധിക്കാവുന്നതാണ്. രാഷ്ട്രീയ ആധിപത്യത്തിനായുള്ള പോരാട്ടം ഔദ്യോഗിക സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു മാത്രമല്ല നടക്കുന്നത്; ദൈനംദിന ശീലങ്ങൾ, മാധ്യമ ഉപയോഗം, പുരാണ പുനരാഖ്യാനങ്ങൾ, സാംസ്കാരിക ചിഹ്നങ്ങൾ എന്നിവയുടെ സൂക്ഷ്മതലത്തിലാണ് നടക്കുന്നത് എന്ന വസ്തുതകളിലേക്ക് ഇത് വിരൽചൂണ്ടുന്നു. ഗ്രാംഷി തന്റെ നിരീക്ഷണങ്ങളെ മാർക്സിസ്റ്റ് സാമൂഹികശാസ്ത്രത്തിലും, ദെലൂസും ഗ്വാത്തരിയും തങ്ങളുടെ ആശയങ്ങളെ ഘടനാവാദാനന്തര വാദങ്ങളിലും (post-structuralism) അധിഷ്ഠിതമാക്കിയാണ് വികസിപ്പിച്ചെടുത്തതെങ്കിലും, സൂക്ഷ്മതലത്തിൽ അധികാരം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അത് സ്ഥൂല രാഷ്ട്രീയ ഘടനകളെ എങ്ങനെ നിലനിർത്തുന്നുവെന്നും ഈ സിദ്ധാന്തങ്ങളിലൂടെ വായിച്ചെടുക്കാം. രാഷ്ട്രീയ മേൽക്കോയ്മ നിലനിൽക്കുന്നത് കേവലം ഭരണകൂടം നടത്തുന്ന ബലപ്രയോഗങ്ങളിലൂടെയോ അതിന് വഴിതുറക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയോ മാത്രമല്ല എന്നും, ദൈനംദിന സാമൂഹിക ജീവിതത്തെ സൂക്ഷ്മമായി കീഴടക്കുന്നതിലൂടെയാണെന്നും ഈ സിദ്ധാന്തങ്ങൾ ഒരുപോലെ സമർഥിക്കുന്നു. രാഷ്ട്രീയത്തെ കേവലം ഭരണകൂട യന്ത്രത്തിലേക്ക് ചുരുക്കാൻ ഇരു സിദ്ധാന്തങ്ങളും വിസമ്മതിക്കുന്നു. ബൃഹത് രാഷ്ട്രീയം (macropolitics) എന്നത് ആഴത്തിലുള്ള, അടിയൊഴുക്കുകളുള്ള ഒരു തലത്തിന് മുകളിലെ ദൃശ്യമായ പ്രകടനം മാത്രമാണെന്ന് ഇരുവരും നിരീക്ഷിക്കുന്നു
● ഗ്രാംഷിയുടെ ‘സിവിൽ സമൂഹ’ പരികൽപ്പന (Civil Society): ഭരണകൂടം എന്നത് കേവലം ഒരു "ബാഹ്യ കിടങ്ങ്’ മാത്രമാണെന്ന് ഗ്രാംഷി ചൂണ്ടിക്കാണിക്കുന്നു. അധികാരത്തിന്റെ യഥാർഥ കോട്ട നിലകൊള്ളുന്നത് സിവിൽ സമൂഹത്തിലാണ്‐ സാംസ്കാരിക ആധിപത്യം (cultural hegemony) കെട്ടിപ്പടുക്കപ്പെടുന്ന സ്കൂളുകൾ, മാധ്യമങ്ങൾ, കുടുംബ ഘടനകൾ, മത സ്ഥാപനങ്ങൾ എന്നിവയുടെ ശൃംഖലയാണത്.
● ദെലൂസ് & ഗ്വാത്തരിയുടെ മോളിക്യുലാർ മണ്ഡലം: സമാനമായി, ആഗ്രഹങ്ങൾ, കാഴ്ചപ്പാടുകൾ, വികാരവിചാരങ്ങൾ (affect) എന്നിവയുടെ ഉപ-വ്യക്തിഗത പ്രവാഹങ്ങളായ മോളിക്യുലാർ തലമില്ലാതെ മോളാറിന് (ഭരണകൂടം, നിയമം, വർഗം, പാർടി) നിലനിൽപ്പില്ലെന്ന് ദെലൂസും ഗ്വാത്തരിയും വാദിക്കുന്നു. ഭരണകൂടത്തിൽനിന്നും പ്രത്യക്ഷത്തിൽ വേറിട്ട് നിൽക്കുന്ന ദൈനംദിന ജീവിത മണ്ഡലത്തെ ആദ്യം കീഴടക്കാതെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ഭരണകൂട അധികാരം പിടിച്ചെടുക്കാനോ നിലനിർത്താനോ കഴിയില്ലെന്ന ആശയം ഈ രണ്ടു സൈദ്ധാന്തിക ചട്ടക്കൂടുകളും പങ്കുവയ്ക്കുന്നു.
്രാഫിക് ആർട്ടിസ്റ്റ് കരൺ ആചാര്യയുടെ
"രുദ്ര ഹനുമാൻ'
തന്മാത്രകളിലേക്ക് അരിച്ചിറങ്ങുന്ന ഹിന്ദുത്വം
സൂക്ഷ്മതലത്തിലുള്ള അടിത്തറയില്ലാതെ പെട്ടെന്ന് മുകളിൽ നിന്നുള്ള അട്ടിമറിക്കോ നിയമനിർമാണ പരിഷ്കാരങ്ങൾക്കോ യഥാർഥ സാമൂഹിക പരിവർത്തനം കൈവരിക്കാൻ കഴിയില്ലെന്ന ആശയം ഇരുകൂട്ടരും ഒരുപോലെ നിരസിക്കുന്നു. സിവിൽ സമൂഹം പഴയ വ്യവസ്ഥയോട് തന്നെ വിശ്വസ്തത പുലർത്തുന്നുവെങ്കിൽ, ‘ചലനാത്മക പോരാട്ടം' (ഭരണകൂടത്തിന് നേർക്കുനേരെയുള്ള ആക്രമണം) പരാജയപ്പെടും. അതിനാൽ ദീർഘകാല ‘നിലയുറപ്പിക്കൽ സമരങ്ങൾ' (War of position) വഴി ആദ്യം സാംസ്കാരിക മണ്ഡലത്തെ മാറ്റിമറിക്കേണ്ടതുണ്ട് എന്ന സിദ്ധാന്തമാണ് ഗ്രാംഷി മുന്നോട്ടുവയ്ക്കുന്നത്. ഒരു ഭരണകൂട യന്ത്രത്തിന് പകരം മറ്റൊരു ഭരണകൂട യന്ത്രത്തെ പ്രതിഷ്ഠിക്കുക മാത്രം ചെയ്യുന്ന രാഷ്ട്രീയ വിപ്ലവം മോളാർ യുക്തിയിൽ തന്നെ കുടുങ്ങിക്കിടക്കും. യഥാർഥ വിപ്ലവത്തിന് ഒരു മോളിക്യുലാർ മാറ്റം ‐അതായത്, വികാരവിചാരങ്ങളുടെയും ദൈനംദിന ശീലങ്ങളുടെയും വിടുതൽ പാതകളുടെയും (lines of flight) അടിസ്ഥാനപരമായ പുനഃക്രമീകരണം‐ ആവശ്യമാണ് എന്ന ദെലൂസിന്റെയും ഗ്വാത്തരിയുടെയും സിദ്ധാന്തത്തെ ഇതുമായി ചേർത്ത് വായിക്കാവുന്നതാണ്. ഈ സൈദ്ധാന്തിക സമീപനങ്ങളെ മുൻനിർത്തി വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ ഹിന്ദുത്വ രാഷ്ട്രീയ ശക്തികൾ നടത്തുന്ന ഇടപെടലുകളെ മനസ്സിലാക്കുവാനുള്ള ശ്രമമാണ് ഈ ലേഖനത്തിൽ തുടർന്നു നടത്തുന്നത്. അഞ്ചു വർഷം കൂടുമ്പോൾ നടക്കുന്ന പൊതു തെരഞ്ഞെടുപ്പുകളാണ്, അവിടെയുണ്ടാകുന്ന ജയപരാജയങ്ങളാണ് രാഷ്ട്രീയ പ്രക്രിയ എന്നതാണ് നമ്മുടെ പൊതുബോധം. എന്നാൽ കൃത്യമായ കാലയളവുകളിൽ നടക്കുന്ന ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിലെ ജയപരാജയങ്ങളെ നോക്കിയല്ല സംഘപരിവാറിന്റെ രാഷ്ട്രീയ പ്രയോഗങ്ങളെ മനസ്സിലാക്കേണ്ടത്. അത് ഘട്ടം ഘട്ടമായി നടപ്പിലാക്കപ്പെടുന്ന ഒരു ദീർഘകാല രാഷ്ട്രീയ പദ്ധതിയാണ്. ഇന്ന് പ്രത്യക്ഷ രാഷ്ട്രീയത്തിൽ സംഘപരിവാർ കൊയ്തെടുക്കുന്ന നേട്ടങ്ങൾ ദീർഘനാളായി സൂക്ഷ്മ രാഷ്ട്രീയ തലത്തിൽ അവർ നടത്തിപ്പോന്നിരുന്ന പ്രവർത്തനങ്ങളുടെ വിളവെടുപ്പാണ്. ദെലൂസിന്റെയും ഗ്വാത്തരിയുടെയും ആശയങ്ങളെ കടമെടുത്ത് പറഞ്ഞാൽ, ഇന്ത്യയിലെ ഇന്നത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖ്യമായ പ്രവർത്തനങ്ങൾ പലതും നടക്കുന്നത് സൂക്ഷ്മ തലത്തിലാണ്, തന്മാത്രാ തലത്തിലാണ്‐ ആഗ്രഹങ്ങളിലോ ശീലങ്ങളിലോ ഭാഷയിലോ സൃഷ്ടിക്കപ്പെടുന്ന ചെറുതും അദൃശ്യവുമായ മാറ്റങ്ങളിലൂടെ മനുഷ്യന്റെ ബോധമണ്ഡലത്തിലെ അതിസൂക്ഷ്മ തലത്തിലേക്ക് അരിച്ചിറങ്ങി ക്രമേണ അവിടെ ഉറഞ്ഞുകൂടുന്ന ചെറിയ പരലുകളാണ് പിൽക്കാലത്ത് "ബൃഹത്തായ’ (molar) ഒരു രാഷ്ട്രീയ ഘടനയായി സംയോജിക്കുന്നത്. ഇതൊരു ദീർഘകാല പദ്ധതിയാണ്. ഇതിനെ കൃത്യമായി തിരിച്ചറിയുക, അതിന്റെ സ്രോതസ്സുകളെ, അത് കടന്നുവരുന്ന തുറവുകളെ തിരിച്ചറിയുക എന്നത് രാഷ്ട്രീയസമരത്തിൽ സുപ്രധാനമാണ്. നാമൊരിക്കലും പ്രതീക്ഷിക്കാതെ, ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന, നിഷ്കളങ്കമെന്ന് പൊതുവെ തോന്നിപ്പിക്കുന്ന സാംസ്കാരിക പ്രക്രിയകളിലൂടെയാണ് ഈ രാഷ്ട്രീയം പലപ്പോഴും നമ്മിലേക്ക് കടന്നുവരുന്നത്, നമ്മെ ആഗിരണം ചെയ്യുന്നത്. ഒരു പാർലമെന്ററി ഡെമോക്രസിയിൽ, സമൂഹത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാം തന്നെ ആദ്യം ലക്ഷ്യമിടുന്നത് തെരഞ്ഞെടുപ്പുകളെയാണ്. തെരഞ്ഞെടുപ്പിൽ വിജയിച്ച് സർക്കാരുകൾ ഉണ്ടാക്കാനാണ്. ആ അധികാര സ്ഥാനങ്ങളുപയോഗപ്പെടുത്തി തങ്ങളുടെ നയസമീപനങ്ങൾ നടപ്പിലാക്കാനാണ്. എന്നാൽ ഹിന്ദുത്വ ശക്തികൾ, പ്രത്യേകിച്ച് ആർഎസ്എസ്, ചരിത്രപരമായി ഇതിന് വിപരീത ദിശയിലാണ് ദീർഘകാലവും പ്രവർത്തിച്ചിട്ടുള്ളത് എന്നത് ഏറ്റവും കൗതുകകരമായ വസ്തുതയാണ്. ഹിന്ദുത്വ ആശയങ്ങൾ മനുഷ്യമനസ്സുകളിൽ പടർത്തുക എന്ന പ്രക്രിയയിലാണ് അവർ ദീർഘകാലം ഊന്നിയത്. ഹിന്ദുത്വ ആശയങ്ങൾ സ്വീകരിക്കുന്നതിനായി മനുഷ്യ മനസ്സുകളെ തയ്യാറാക്കുകയാണ് ആദ്യം വേണ്ടത് എന്ന് അവർക്ക് നന്നായി അറിയാമായിരുന്നു. പൊതുവെ എല്ലാ മത രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇക്കാര്യത്തിൽ ഊന്നൽ നൽകുന്നവരാണ്. ഇത് സാധ്യമായാൽ, ഭാവിയിൽ ജനസഞ്ചയം അനിവാര്യമായും തങ്ങളുടെ കയ്യിലെ പാവയായി മാറും എന്ന് ഇക്കൂട്ടർക്ക് നന്നായി അറിയാം. അതിനാൽ ആശയ മണ്ഡലത്തെ കീഴടക്കുക എന്ന ദൗത്യത്തിലാണ് അവർ പ്രാഥമികമായി ശ്രദ്ധിച്ചത്.
എൽ കെ അദ്വാനിയുടെ രഥയാത്ര
ദൈനംദിന ജീവിതത്തിന്റെ ബോധനശാസ്ത്രം
സൂക്ഷ്മ രാഷ്ട്രീയം ഒരു വ്യക്തിയിൽ ഏറ്റവും ഫലപ്രദമായി അതിന്റെ ഇടപെടൽ ആരംഭിക്കുന്നത് ഔപചാരിക വിദ്യാഭ്യാസ പ്രക്രിയ ആരംഭിക്കുന്നതോടു കൂടിയാണ്; പഠനത്തിന്റെയും കളിയുടെയും ഇടങ്ങളിലാണ്. ശിശുമന്ദിരങ്ങളിൽ തുടങ്ങുന്ന അച്ചടക്കത്തിന്റെ ശീലവൽക്കരണമാണ് ഇതിന്റെ ആരംഭ ബിന്ദു. സംഘപരിവാരത്തിന്റെ നിയന്ത്രണത്തിലുള്ള വിദ്യാഭാരതി നെറ്റ്വർക്കിന് കീഴിൽ ഇന്ന് 12,700 ഔപചാരിക വിദ്യാലയങ്ങളും 12,600 അനൗപചാരിക വിദ്യാലങ്ങളുമാണുള്ളത്. ഏതാണ്ട് 35 ലക്ഷം കുട്ടികളും 1.5 ലക്ഷം അധ്യാപകരും ഈ സ്ഥാപനങ്ങളിലുണ്ട്. സംഘപരിവാരം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ, സാംസ്കാരിക പദ്ധതികളുടെ ബീജാവാപം ഇവിടെ എത്തിച്ചേരുന്ന കുട്ടികളിൽ കൃത്യമായി നടക്കുന്നു, ആസൂത്രിതമായ ഇടപെടലുകളിലൂടെ ഹിന്ദുത്വയുടെ സൂക്ഷ്മ രാഷ്ട്രീയം അതിന്റെ പ്രവർത്തനം ആരംഭിക്കുന്നു. ശരീരത്തിന്റെ അനുഷ്ഠാനവൽക്കരണത്തിലാണ് അതിന്റെ ഊന്നൽ. ഇവിടെ ദിനംപ്രതി നടക്കുന്ന പ്രഭാത പ്രാർഥനായോഗങ്ങൾ വെറുമൊരു ആത്മീയ പ്രവർത്തനം മാത്രമല്ല, മറിച്ച് കൂട്ടായ അനന്യതയുടെ (collective identity) ചിട്ടയായ പ്രദർശനം കൂടിയാണ്. കായിക പരിശീലനമെന്ന പേരിൽ ഡ്രില്ലുകൾക്കും യൂണിഫോമുകൾക്കും നൽകുന്ന ഊന്നൽ, അഞ്ചാം വയസ്സുമുതൽതന്നെ ഒരു "ദേശീയ സേന’യുടെ ഭാഗമാണ് തങ്ങളെന്ന ബോധം കുട്ടികളിൽ വളർത്തുന്നു. സങ്കുചിത ദേശീയ വികാരം വളർത്തിയെടുക്കാനുള്ള എല്ലാ യത്നങ്ങളും ആരംഭിക്കുന്നു. ഫാസിസ്റ്റ് സ്വഭാവമുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും മുഖ്യ ആയുധം ദേശീയതയാണ് എന്ന വസ്തുത ചരിത്രത്തിലുടനീളം നോക്കിയാൽ കാണാം. ഇതിനുള്ള ഏറ്റവും നല്ല മാർഗം ചരിത്രത്തെ സ്വന്തമാക്കുക എന്നതാണ്. കെട്ടുകഥകളും മിത്തുകളുംകൊണ്ട് നിറച്ച ചരിത്രമാണ് വർഗീയ വാദികളുടെ ഏറ്റവും വലിയ ആയുധം. ശാസ്ത്രീയമായ ആധുനിക ചരിത്രപഠനത്തിന് അവിടെ യാതൊരു പ്രസക്തിയു മില്ല. വളരെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണെന്നതിനാൽ അതിലേക്ക് ഇവിടെ കടക്കുന്നില്ല. ചരിത്ര പഠനം നടത്തുന്ന ഒരു വിദ്യാർഥി ചരിത്രം പഠിക്കുക മാത്രമല്ല ചെയ്യുന്നത്, ഒരു ആശയ സംഹിതയെ തന്റെ വിശ്വാസ പ്രമാണമാക്കുകയാണ്. മുറിവേറ്റ ഹിന്ദുവിന്റെ കഥകൾ സ്വായത്തമാക്കുന്നതിലൂടെ ആക്രമണകാരികളായ മുസ്ലിം ഭരണാധികാരികളുടെ കെട്ടു കഥകളിലൂടെ, ഒരു "രക്ത സാക്ഷിത്വ പാരമ്പര്യ’ത്തിന്റെ ഭാഗമായി അവൻ മാറുന്നു. അവിടെ ചരിത്രപരമായ ഓരോ പരാജയവും തന്റെ പൂർവികർക്ക് ഏറ്റ വ്യക്തിപരമായ മുറിവെന്ന നിലയിൽ അവനിലേക്ക് പടരുന്നു.
രാജാ രവിവർമയുടെ രാമൻ
ചിഹ്നങ്ങളുടെ ‘കാവിവൽക്കരണം
' കാഴ്ചയെ കീഴടക്കാനുള്ള പോരാട്ടം കൂടിയാണ് സൂക്ഷ്മരാഷ്ട്രീയമെന്ന് തിരിച്ചറിഞ്ഞവരാണ് ഹിന്ദുത്വ ശക്തികൾ. ജീവിതത്തിന്റെ പശ്ചാത്തല ശബ്ദമായി തങ്ങളുടെ പ്രത്യയ ശാസ്ത്രം മാറുന്നതുവരെ കാഴ്ചയുടെ മണ്ഡലത്തെ തങ്ങൾക്കാവശ്യമുള്ള വസ്തുക്കളാൽ നിറച്ചുകൊണ്ടേയിരിക്കുവാനാണ് അവർ ശ്രമിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഹിന്ദുത്വ ആശയങ്ങൾ ജനമനസ്സുകളിലേക്ക് പടർത്താനുള്ള തീവ്രയത്നങ്ങൾ ആരംഭിക്കുന്നത് 1980-‐കളുടെ അവസാനത്തിലാണ്. അയോധ്യ ക്ഷേത്ര നിർമാണവുമായി ബന്ധപ്പെടുത്തി നടത്തിയ രഥയാത്രയായിരുന്നു ഇതിന്റെ തുടക്കം. 1990-‐കളിൽ ഹിന്ദു വലതുപക്ഷ രാഷ്ട്രീയം ശക്തമായതിനെ തുടർന്ന്, ഇന്ത്യയിലെ ദൃശ്യസംസ്കാരം ഒരു വലിയ മാറ്റത്തിന് വിധേയമായി. വളരെ കൃത്യമായ ഒരു രാഷ്ട്രീയം ഇതിനുപിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രാദേശികമായ വ്യത്യസ്തതകൾ ഇല്ലായ്മ ചെയ്തുകൊണ്ട് ഏകീകൃതവും ആക്രമണോത്സുക വും രാഷ്ട്രീയവൽകൃതവുമായ ഒരു പുതിയ ദൃശ്യശൈലി വ്യവസ്ഥാപിതമായി ഇവിടെ സൃഷ്ടിക്കപ്പെട്ടു. 1990-‐കൾക്ക് ശേഷം ഇന്ത്യയിലുടനീളം പ്രചരിച്ച പ്രധാന ഹിന്ദുത്വ ദൃശ്യരൂപങ്ങളും പ്രതീകങ്ങളും സൗന്ദര്യശാസ്ത്ര പരമായ മാറ്റങ്ങളും താഴപറയുംവിധം രേഖപ്പെടുത്താം.
പുതിയ കാലത്തെ രാമൻ
ബലിഷ്ഠ പുരുഷനായി മാറിയ ദൈവ രൂപങ്ങൾ
● ‘യോദ്ധാവായ' ശ്രീരാമൻ: 1990-‐കൾക്ക് മുമ്പ്, ശ്രീരാമന്റെ ചിത്രീകരണങ്ങൾ, പ്രത്യേകിച്ച് രാജാ രവിവർമ്മ ചിത്രങ്ങളിലൂടെ പ്രചാരം നേടിയവ, ശാന്തവും സൗമ്യവുമായ ഭാവത്തിലുള്ളവ ആയിരുന്നു. സീതയോടും ലക്ഷ്മണനോടുമൊപ്പം അനുഗ്രഹ മുദ്രയോടെ നിൽക്കുന്ന രൂപങ്ങളായിരുന്നു അവയിലേറെ യും. എന്നാൽ 1990-‐കൾക്ക് ശേഷം രാഷ്ട്രീയ പോസ്റ്ററുകളിലും കൊടികളിലും ചുവർ ചിത്രങ്ങളിലും രാമൻ ഒറ്റയ്ക്ക് നിൽക്കുന്ന, പേശീബലമുള്ള ഒരു യോദ്ധാവായി പുനഃപ്രതിഷ്ഠിക്കപ്പെട്ടു. സിക്സ് പാക്ക് ശരീരവും ക്രുദ്ധമായ ഭാവവും ശത്രുവിന് നേരെ തൊടുക്കാൻ പാകത്തിൽ കുലച്ചുപിടിച്ച വില്ലുമുള്ള രൂപത്തിലാണ് സംഘപരിവാരം പ്രചരിപ്പിച്ച രാമൻ പ്രത്യക്ഷപ്പെട്ടത്.
● രുദ്ര ഹനുമാൻ: 2015-‐ൽ ഗ്രാഫിക് ആർട്ടിസ്റ്റായ കരൺ ആചാര്യ വരച്ച, കറുപ്പും കാവിയും നിറങ്ങളിലുള്ള, തീക്ഷ്ണവും അതിതീവ്ര പൗരുഷവുമുള്ള (hyper-masculine) ഹനുമാന്റെ വെക്റ്റർ ചിത്രം പെട്ടെന്നുതന്നെ ഇന്ത്യയിലുടനീളം വ്യാപകമായ ഒരു പ്രതീകമായി മാറി. കാറുകളുടെ വിൻഡ് ഷീൽഡുകളിലും ഓട്ടോറിക്ഷകളിലും ടീ-ഷർട്ടു കളിലും പ്രത്യക്ഷപ്പെട്ട ഈ ചിത്രം, രാമന്റെ എളിയ ഭക്തൻ എന്ന പരമ്പരാഗതമായ ഹനുമാന്റെ രൂപസങ്കൽപ്പങ്ങളെ മാറ്റി പ്രതിഷ്ഠിച്ചു. കൊടിയ രോഷം മുറ്റുന്ന ഭാവമാർന്ന അതിക്രമ കാരിയായ ഒരു മിലിറ്റന്റ് സംരക്ഷകനാക്കി സംഘപരിവാരം ഹനുമാനെ മാറ്റി.
● പേശീബലം പ്രദർശിപ്പിക്കുന്ന ശിവൻ: ധ്യാനനിരതവും ആത്മപരിശോധനയിലധിഷ്ഠിതവുമായ ശിവന്റെ പരമ്പരാഗതമായ തപസ്വി രൂപങ്ങൾക്ക് പകരം, കവിയുന്ന പേശീബലത്തോടെയും പ്രപഞ്ചത്തെ വിറപ്പിക്കുന്ന ക്രോധത്തോടെയും തിളങ്ങുന്ന ത്രിശൂലവുമേന്തി നിൽക്കുന്ന സംഹാരരുദ്രനായ ശിവനാണ് ഇന്ന് ഡിജിറ്റൽ ആർട്ടുകളിലെല്ലാം നിറഞ്ഞു നിൽക്കുന്നത്. വാസ്തുവിദ്യാപരവും ഭൂപ്രദേശപരവുമായ പ്രതീകങ്ങൾ
● രാമക്ഷേത്രത്തിന്റെ വാസ്തുവിദ്യാ ബ്ലൂപ്രിന്റ്: അയോധ്യയിൽ നിർമിച്ച രാമക്ഷേത്രത്തിന്റെ ബ്ലൂപ്രിന്റുകളും രൂപരേഖകളും പ്രാദേശികമായ അധീശത്വം വ്യക്തമാക്കുന്ന അടയാളങ്ങളായി മാറി. പോസ്റ്ററുകളിലും കലണ്ടറുകളിലും കൊടികളിലും പതിപ്പിച്ച ക്ഷേത്രത്തിന്റെ ഈ നിഴൽരൂപം, രാഷ്ട്രീയ വിജയത്തിന്റെയും നാഗരികമായ വീണ്ടെടുപ്പിന്റെയും ദൃശ്യപ്രതീകമായി മാറി.
● അഖണ്ഡഭാരത ഭൂപടങ്ങൾ: ഇന്നത്തെ പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാന്മർ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവയുൾപ്പെടുന്ന ദക്ഷിണേഷ്യൻ ഭൂപ്രദേശങ്ങളെ ഒന്നായി ചേർത്ത്, അതിനുമുകളിൽ ഭാരതമാതാവിന്റെ ചിത്രമോ കാവി നിറത്തിന്റെ നിഴൽഭേദങ്ങളോ നൽകിയ ഭൂപടങ്ങൾ. സാംസ്കാരികമായി ഏകീകരിക്കപ്പെട്ട ഒരു ഉപഭൂഖണ്ഡ ഹിന്ദുരാഷ്ട്രമെന്ന പ്രത്യയശാസ്ത്ര ലക്ഷ്യത്തെയാണ് ഈ ഭൂപടം അടയാളപ്പെടുത്തുന്നത്.
● കാവിക്കൊടിയേന്തിയ ഭാരതമാതാവ്: ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളിലെ ദേശീയതാ സങ്കൽപ്പങ്ങളിൽനിന്ന് (ഉദാഹരണത്തിന്, ആഹാരവും വസ്ത്രവും വേദഗ്രന്ഥങ്ങളും കയ്യിലേന്തിയ സന്യാസിനിയായി അബനിന്ദ്രനാഥ ടാഗോർ വരച്ച രൂപം) ഭാരതമാതാവ് വലിയൊരു മാറ്റത്തിന് വിധേയയായി. പട്ടു വസ്ത്രങ്ങളും രാജകീയ അലങ്കാരങ്ങളും അണിഞ്ഞ്, കാവിക്കൊടി (ഭഗവാ ധ്വജ്) കയ്യിലേന്തി, സിംഹത്തിന് സമീപം നിൽക്കുന്ന രാജകീയ പ്രൗഢിയുള്ള ഒരു രാജ്ഞിയായി ഭാരതമാതാവ് പുനരാവിഷ്കരിക്കപ്പെട്ടു. പൊതു ഇടങ്ങളുടെ കാവിവൽക്കരണം
● മുക്കോൺ കാവിക്കൊടി: ചരിത്രപരമായി മറാഠ സാമ്രാജ്യവുമായും രാഷ്ട്രീയ സ്വയംസേവക് സംഘുമായും ബന്ധപ്പെട്ടു കിടന്നിരുന്ന ഇരട്ടവാലുള്ളതോ മുക്കോൺ ആകൃതിയിലുള്ളതോ ആയ കാവിക്കൊടി, പൊതുഇടങ്ങളിൽ ഹിന്ദു വലതുപക്ഷത്തിന്റെ സാന്നിധ്യമറിയിക്കുന്ന പ്രധാന ദൃശ്യ അടയാളമായി മാറി. മത-രാഷ്ട്രീയ റാലികളിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ട ഈ കൊടി വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വാഹനങ്ങളിലും ഉയർത്തപ്പെട്ടു.
● കൊടികളിലെ വില്ലും അമ്പും ക്ഷേത്ര നിഴൽരൂപങ്ങളും: കാവിക്കൊടികളുടെ ആധുനിക രൂപങ്ങളിൽ, വില്ലുമേന്തിനിൽക്കുന്ന രാമന്റെയോ അയോധ്യ ക്ഷേത്രത്തിന്റെയോ ചിത്രങ്ങൾ അടയാളപ്പെടുത്താറുണ്ട്. രാമനവമി, ഹനുമാൻ ജയന്തി തുടങ്ങിയ ആഘോഷങ്ങളിൽ ഇവ രാഷ്ട്രീയ- മത ചിഹ്നങ്ങളായി ഉപയോഗിക്കപ്പെടുന്നു. അനുഷ്ഠാനപരമായ ദൃശ്യഭാഷ
● രഥം: 1990-‐ൽ എൽ കെ അദ്വാനി നടത്തിയ രഥയാത്ര, ഒരു ടൊയോട്ട മിനിബസിനെ ഉച്ചഭാഷിണികളും അമ്പും വില്ലും അടയാളപ്പെടുത്തിയ ചിത്രങ്ങളും കാവി ബാനറുകളും നൽകി വൈദികകാലത്തെ യുദ്ധരഥമാക്കി പുനർനിർവചിച്ചു. രാഷ്ട്രീയമായ ജനകീയ അണിനിരത്തലിന്റെ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്ന ഒരു പ്രതീകമായി രഥം മാറി.
● ത്രിശൂലവും തിലകവും: പരമ്പരാഗതമായി ശിവനുമായും ദുർഗാദേവിയുമായും ബന്ധപ്പെട്ടിരുന്ന ത്രിശൂലം, ത്രിശൂല ദീക്ഷാ വിതരണങ്ങളിലൂടെയും പൊതു ദൃശ്യരൂപങ്ങളിലൂടെയും ഒരു ആയുധമെന്ന രീതിയിൽ ദൃശ്യവൽക്കരിക്കപ്പെട്ടു. നെറ്റിയിൽ ചാർത്തുന്ന കട്ടിയുള്ള ചുവപ്പോ കാവിയോ നിറത്തിലുള്ള തിലകങ്ങൾക്കൊപ്പം ചേർത്ത്, പോരാട്ടത്തിന് സജ്ജമായ ഒരു ഹിന്ദു സ്വത്വത്തെ അടയാളപ്പെടുത്താൻ ഇത് ഉപയോഗിച്ചു.
● ആയുധവൽക്കരിക്കപ്പെട്ട ഉത്സവഘോഷയാത്രകൾ: പരമ്പരാഗത തെരുവ് ഘോഷയാത്രകൾ (ഗണേശോത്സവം, രാമനവമി, ശോഭായാത്രകൾ എന്നിവ) വലിയ ഡിജെ സൗണ്ട് സിസ്റ്റങ്ങൾ, ഓറഞ്ച് ലേസർ ലൈറ്റുകൾ, കൂറ്റൻ കാവിക്കൊടികൾ, യഥാർഥമോ പ്രതീകാത്മകമോ ആയ വാളുകളും ലാത്തികളും ത്രിശൂലങ്ങളും ഏന്തിയ യുവാക്കൾ എന്നിവയടങ്ങുന്ന ബഹുജന ദൃശ്യവിരുന്നുകളായി മാറ്റിത്തീർക്കപ്പെട്ടു.
ഹിന്ദുത്വയുടെ പോപ്പ്- സാംസ്കാരിക സൗന്ദര്യശാസ്ത്രം
കംപ്യൂട്ടർ ഗ്രാഫിക്സ്, വെക്റ്റർ ആർട്ട്, എഐ (AI) സാങ്കേതികവിദ്യ എന്നിവയുടെ വരവ് ദൈവങ്ങളുടെ പ്ലാസ്റ്റിക് സ്വഭാവമുള്ള ചിത്രങ്ങളുടെ വ്യാപനത്തിന് വേഗത കൂട്ടി. മൃദുവായ ജലച്ചായ/എണ്ണച്ചായ ചിത്രരചനാ പാരമ്പര്യങ്ങളെ ഒഴിവാക്കിക്കൊണ്ട്, കോമിക് പുസ്തകങ്ങളിലെയും സൂപ്പർഹീറോ ചിത്രങ്ങളിലെയും ശൈലിക്ക് സമാനമായ ഒരു ‘ഗ്രാഫിക് നോവൽ' സൗന്ദര്യശാസ്ത്രം ഇത് കൊണ്ടുവന്നു. ഛത്രപതി ശിവജിയുടേതാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന മറ്റൊരു ചിത്രം. പതിനേഴാം നൂറ്റാണ്ടിലെ മറാഠാ രാജാവിന്റെ ചിത്രീകരണം ചരിത്രപരമായ ഛായാചിത്രങ്ങളിൽ നിന്ന് മാറി, വിദേശ അധിനിവേശക്കാർക്കെതിരെ പോരാടുന്ന ‘ഹിന്ദു സ്വരാജ്യത്തിന്റെ' പരമോന്നത കാവൽക്കാരനായി ചിത്രീകരിക്കുന്ന ഹൈപ്പർ-സ്റ്റൈലൈസ്ഡ് ഡിജിറ്റൽ പോസ്റ്ററുകളിലേക്ക് വഴിമാറി; മിക്കപ്പോഴും കാവി ബാനറുകളുടെ പശ്ചാത്തലത്തിലാണ് ഇവ രൂപകൽപ്പന ചെയ്യപ്പെട്ടത്. പണ്ട് കുട്ടികളുടെ ചിത്രകഥാ പുസ്തകങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ശിവജിയുടെ ചിത്രം, രൂപ ഭേദങ്ങൾ മാറി, ഹിന്ദുത്വത്തിന്റെ സംരക്ഷകനായി വാളുയർത്തി നിൽക്കുന്ന രൂപമായി. ഇന്ന് കേരളത്തിലെ ഒട്ടുമിക്ക ജങ്ഷനുകളിലും ഈ രൂപം ഫ്ലക്സ് ബോർഡുകളിൽ കാണാം. സ്മാർട്ട് ഫോണുകളുടെ കടന്നുവരവോടെ ഈ ഹിന്ദുത്വ ദൃശ്യ സംസ്കാരം പൊതുഇടങ്ങളെ മറികടന്ന് കുടുംബ സദസ്സുകളിലേക്കും വ്യക്തികളുടെ സ്വകാര്യ ലോകത്തേക്കും വ്യാപിച്ചിരിക്കുന്നു. കുടുംബങ്ങളുടെ സ്വകാര്യ വാട്സാപ്പ് ഗ്രൂപ്പുകളും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള വിശ്വാസികളുടെ വാട്സാപ്പ് ഗ്രൂപ്പുകളുമാണ് ഹിന്ദുത്വ രാഷ്ട്രീയം വളരെ മൃദുവായി മനുഷ്യ മനസ്സുകളിലേക്ക് ഇൻജെക്ട് ചെയ്യപ്പെടുന്ന കേരളത്തിലെ ഇടങ്ങൾ. ഇതോടെ പൊതുചത്വരങ്ങളെ മറികടന്ന് കിടപ്പറകളിലേക്ക് വരെ കടന്നുചെല്ലാൻ ഹിന്ദുത്വ രാഷ്ട്രീയത്തിന് അനായാസം സാധിച്ചു. ഹൈന്ദവ സ്വത്വബോധമുണർത്തുന്ന സന്ദേശങ്ങൾ വളരെ വ്യാപകമായി ഇത്തരം ഗ്രൂപ്പുകളിലൂടെ പ്രചരിക്കപ്പെടുന്നത് കാണാം. "മറച്ചുവയ്ക്കപ്പെട്ട’ ചരിത്ര വസ്തുതകൾ, ശത്രുവായ ‘അപരനെ’ കുറിച്ചുള്ള മുന്നറിയിപ്പുകൾ എന്നിവയിലൂടെ വളരെ ചെറിയ അളവുകളിൽ സംഘപരിവാറിന്റെ പ്രത്യയശാസ്ത്രം ജനങ്ങളിൽ വളരെ സ്വാഭാവികമായി കുത്തിവയ്ക്കപ്പെടുന്നു. ഉദാഹരണത്തിന്, വാട്സാപ്പിൽ പ്രത്യക്ഷപ്പെടുന്ന, ‘പ്രാചീന ഇന്ത്യയിൽ പ്ലാസ്റ്റിക് സർജറി നിലവിലുണ്ടായിരുന്നു’ എന്ന രീതിയിൽ ബോധപൂർവം ഫോർവേഡ് ചെയ്യപ്പെടുന്ന ഒരു സന്ദേശം വാസ്തവത്തിൽ പൗരാണിക ഭാരതത്തിലെ ശാസ്ത്രത്തെയല്ല ഓർമപ്പെടുത്തുന്നത്. മറിച്ച്, ഭൂതകാലത്തെവിടെയോ നഷ്ടപ്പെട്ടുപോയ ഹൈന്ദവ ഭാരതത്തിന്റെ അഭിമാനം വീണ്ടെടുക്കുന്നതിനെയാണ്. ചരിത്രത്തിലെപ്പോഴോ സംഭവിച്ച, യഥാർഥമോ അല്ലെങ്കിൽ അങ്ങനെ തോന്നിപ്പിക്കപ്പെടുന്നതോ ആയ, അതിക്രമങ്ങളെ കണ്ടെത്തി, അവയെ വർത്തമാനകാലത്തിലേക്ക് കൊണ്ടുവരുന്നതും ഇതേ ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഒരു പ്രക്രിയയാണ്. ഏതോ ചരിത്രകാലഘട്ടത്തിൽ സംഭവിച്ച ക്ഷേത്ര ധ്വംസനങ്ങളെക്കുറിച്ചുള്ള "അപമാന’ കഥകൾ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുമ്പോൾ, ഈ അമർഷത്തെ എപ്പോഴും "ചൂടോടെ’ നിലനിർത്തുമ്പോൾ ഒരു ഹിന്ദുമത വിശ്വാസിയുടെ സ്വത്വബോധം രാഷ്ട്രീയ മാനങ്ങൾ കൈവരിക്കുന്നു. ‘ഭയത്തിന്റെ അന്തരീക്ഷവും' സാമൂഹിക നിരീക്ഷണവും മൈക്രോപൊളിറ്റിക്സ് പലപ്പോഴും പ്രകടമാകുന്നത് തിരശ്ചീനമായ നിരീക്ഷണങ്ങളിലൂടെയാണ് (horizontal surveillance). നിയമപരിപാലനത്തിനായി രൂപപ്പെടുത്തിയ ഔപചാരിക സ്ഥാപനങ്ങളിലൂടെയല്ല, അനൗപചാരിക കൂട്ടായ്മകളിലൂടെയാണ്, അവ നടത്തുന്ന നിരീക്ഷണങ്ങളിലൂടെയാണ്. സദാചാര സംരക്ഷണം ചെറിയ സംഘങ്ങൾ ഏറ്റെടുക്കുന്നത് പോലെയാണിത്. ഒരു പാർക്കിലോ കഫേയിലോ ഉള്ള ഇത്തരം സംഘത്തിന്റെ സാന്നിധ്യം മാത്രം മതി ഒരു മൈക്രോപൊളിറ്റിക്കൽ ‘പെരുമാറ്റച്ചട്ടം’ സൃഷ്ടിക്കാൻ. ഇതുവഴി ആളുകൾ തങ്ങളുടെ പെരുമാറ്റത്തെ‐ ആരോട് സംസാരിക്കുന്നു, എന്ത് വസ്ത്രം ധരിക്കുന്നു എന്നിവയെ‐ സ്വയം നിയന്ത്രിക്കാൻ തുടങ്ങുന്നു. അയൽപക്കങ്ങളിൽ പ്രവർത്തിക്കുന്ന ‘പാനോപ്റ്റികോൺ' (Panopticon) ആണിത്. ഹിന്ദുത്വ സംഘങ്ങളുടെ നിരന്തര നിരീക്ഷണത്തിലാണ് തങ്ങളെന്ന ബോധ്യമാണ് ഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗങ്ങൾ പൊതുവെ ഇന്ന് നേരിടുന്നത്. ഗണേശോത്സവം, റാം നവമി, ഹനുമാൻ ജയന്തി തുടങ്ങിയ ആഘോഷ വേളകളിലെ ഘോഷയാത്രകൾ ‘അതിർത്തികൾ അടയാളപ്പെടുത്തുന്നതിനുള്ള’ മൈക്രോപൊളിറ്റിക്കൽ ഉപകരണങ്ങളായി മാറിയിരിക്കുന്നു. ന്യൂനപക്ഷങ്ങൾ കൂടുതലായുള്ള പ്രദേശങ്ങളിലൂടെ ഘോഷയാത്രകളുടെ വഴി തെരഞ്ഞെടുക്കുന്നത് ആധിപത്യം സ്ഥാപിക്കുന്നതിനുള്ള വളരെ ബോധപൂർവം നടപ്പിലാക്കപ്പെടുന്ന ഒരു മൈക്രോപൊളിറ്റിക്കൽ പ്രവർത്തനമാണ്. ആക്രമണാത്മക വരികളുള്ള, വേഗതയേറിയ "സഫ്രോൺ പോപ്പ്’ (Saffron Pop) സംഗീതം ഈ ആധിപത്യ പ്രകടനത്തിന് ആവശ്യമായ "വികാരഭരിതമായ അന്തരീക്ഷം’ ഒരുക്കുന്നു. ഇന്ത്യയിലുടനീളം ഇന്ന് നടന്നുവരുന്ന ഒരു പ്രക്രിയയാണ് നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളുടെയും പുരാതന കെട്ടിടങ്ങളുടെയും പുനർനാമകരണം. ഒരു പ്രാദേശിക പാർക്കിന് ഏതെങ്കിലും പ്രാദേശിക ഹിന്ദു രാജാവിന്റെ പേര് നൽകുന്നതോ, ഒരു പൊതു ചത്വരത്തിൽ ഹൈന്ദവ സംസ്കാരവുമായി ബന്ധപ്പെട്ട ഒരു വ്യക്തിയുടെ പ്രതിമ സ്ഥാപിക്കുന്നതോ ഇത്തരത്തിൽ ഹിന്ദുത്വയുടെ മൈക്രോപൊളിറ്റിക്കൽ വിജയങ്ങളാണ്. ആ പ്രത്യേക പ്രദേശത്ത് ആരുടെ ചരിത്രമാണ് "ഔദ്യോഗികം’ എന്നും ആരുടെ ചരിത്രമാണ് "മറയ്ക്കപ്പെടുന്നത്’ എന്നും അത് വ്യക്തമായി സൂചിപ്പിക്കുന്നു. സുസ്ഥിരമായ ആധിപത്യം ഹിന്ദുത്വത്തിന്റെ മൈക്രോപൊളിറ്റിക്സ് ഒരു "സമ്പൂർണ സാമൂഹിക യാഥാർഥ്യത്തിന്റെ’ കഥയാണ്. യഥാർഥത്തിൽ അധികാരം കുടികൊള്ളുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിലല്ല എന്ന് തിരിച്ചറിഞ്ഞ ഒരു പ്രസ്ഥാനമാണിത്. അത് സ്ഥിരവാസമുറപ്പിച്ചിരിക്കുന്നത്, കുട്ടികൾക്ക് ഉറങ്ങാൻ നേരത്ത് പറഞ്ഞുകൊടുക്കുന്ന കഥകളിലാണ്. ഒരു ചായക്കടയിൽ വച്ച് ആളുകൾ പരസ്പരം അഭിവാദ്യം ചെയ്യുന്ന രീതിയിലാണ്. ഒരു ഫാമിലി വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവയ്ക്കപ്പെടുന്ന ചിത്രങ്ങളിലാണ്. ഒരു മോട്ടോർ ബൈക്കിൽ പതിപ്പിച്ചിരിക്കുന്ന ചിഹ്നങ്ങളിലാണ്. ഒരു തെരഞ്ഞെടുപ്പിലൂടെ ബൃഹത് രാഷ്ട്രീയ ഘടന (സർക്കാർ) മാറിയാൽ പോലും, അതിന്റെ മൈക്രോപൊളിറ്റിക്കൽ അടിത്തറ തകരാതെ നിലനിൽക്കും. രാഷ്ട്രത്തിന്റെ "പൊതുബോധം’ ഇത്തരത്തിലുള്ള വലിയ പരിണാമത്തിലൂടെ കടന്നുപോയിരിക്കുന്നു എന്നതിനാൽ, വിപുലമായ ജനപിന്തുണ തേടി സർക്കാരുകൾ രൂപീകരിക്കാൻ ശ്രമിക്കുന്ന എതിരാളികളായ രാഷ്ട്രീയ പാർടികൾക്ക് പോലും സംഘപരിവാർ നിശ്ചയിച്ച സാംസ്കാരിക അതിരുകൾക്കുള്ളിൽനിന്ന് മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂ എന്നവർ ഉറപ്പുവരുത്തുന്നു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മൃദു ഹിന്ദുത്വത്തെ പ്രീതിപ്പെടുത്താനുതകുന്ന പ്രവർത്തനങ്ങളിൽ കോൺഗ്രസ് പാർടിയുടെ സമുന്നത നേതാക്കൾ പലരും ഏർപ്പെടുന്നതും ഹൈന്ദവ ചിഹ്നങ്ങളുടെ പ്രകടനപരത നടത്തുന്നതും നാം പതിവായി കാണുന്ന കാഴ്ചയാണല്ലോ. സൂക്ഷ്മതല പ്രത്യയശാസ്ത്രവ്യാപനം ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ആരംഭിച്ച് അവിടെത്തന്നെ അവസാനിക്കുന്ന ഒന്നല്ല; മറിച്ച്, അത് നമുക്ക് ചുറ്റുമുള്ള സ്ഥായിയായ അന്തരീക്ഷം തന്നെയായി മാറിയിരിക്കുന്നു. മഹാഭാരതത്തെ ആസ്പദമാക്കിയുള്ള നോവലുകളിൽ അടുത്തിടെയുണ്ടായ ഈ വൻ സ്ഫോടനം കേവലമൊരു സാഹിത്യ തരംഗം മാത്രമല്ല; മറിച്ച്, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പശ്ചാത്തലവുമായി ആഴത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു സാംസ്കാരിക പ്രതിഭാസമാണ്. ഹിന്ദു സാംസ്കാരികതയുടെയും അനന്യതയുടെയും പ്രാധാന്യത്തെ ഉറപ്പിച്ചുപറയുന്ന ‘ഹിന്ദുത്വം' എന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഉദയത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്ന വേളയിൽ, ഇന്ത്യൻ രാഷ്ട്രത്തെ പുനർസങ്കൽപ്പിക്കാനുള്ള പ്രധാന ഇടമായി മഹാഭാരതം ഉയർന്നുവന്നിരിക്കുന്നു.

"സുവർണ യുഗം’
ബ്രിട്ടീഷ് ഭരണത്തിനും മുഗൾ കാലത്തിനും മുമ്പ് ഇവിടെ നിലനിന്നിരുന്ന ഒരു "മഹത്തായ ഭൂതകാലത്തെ’ വീണ്ടെടുക്കുക എന്നത് ഹിന്ദുത്വത്തിന്റെ കേന്ദ്രപ്രമേയമാണ്. ഈ പശ്ചാത്തലത്തിൽ, ഇന്ന് നടന്നുവരുന്ന മഹാഭാരത പുനരാഖ്യാനങ്ങൾ കേവലമൊരു "മിത്ത്’ അല്ലെങ്കിൽ "ഐതിഹ്യ’ത്തിന്റെ ആവിഷ്കാരമല്ല. മറിച്ച്, മഹാഭാരതത്തെ ഒരു ‘ഇതിഹാസ’മായിട്ടാണ് (യഥാർഥ ചരിത്രം) ഇത് വായനക്കാർക്കിടയിലേക്ക് അവതരിപ്പിക്കപ്പെടുന്നത്.
● നാഗരികതയുടെ തുടർച്ച: അമീഷ് ത്രിപാഠി, കെവിൻ മിസ്സൽ തുടങ്ങിയ എഴുത്തുകാരുടെ നോവലുകൾ പലപ്പോഴും പ്രാചീന ഇന്ത്യയെ അത്യാധുനികവും ശാസ്ത്രീയമായി പുരോഗമിച്ചതും സൈനിക ശേഷിയുള്ളതുമായ ഒരു നാഗരികതയായിട്ടാണ് ചിത്രീകരിക്കുന്നത്. ഈ ആഖ്യാനം അപകൊളോണിവൽക്കരണത്തിന്റെ രാഷ്ട്രീയ പദ്ധതിക്ക് കരുത്തുപകരുകയും, 1947-‐ന് ശേഷം നിലവിൽവന്ന ഒരു "യുവ’ രാഷ്ട്രമല്ല ഇന്ത്യ , മറിച്ച് അതിന്റെ അർഹമായ അധികാരത്തിലേക്ക് തിരിച്ചെത്തുന്ന ഒരു പുരാതന നാഗരിക ഭരണകൂടമാണെന്ന് പറയുകയും ചെയ്യുന്നു.
● പൗരുഷമുള്ള ആഖ്യാനം: പഴയ സാഹിത്യ പാരമ്പര്യങ്ങൾ യുദ്ധത്തിന്റെ ദുരന്തത്തിലും പാണ്ഡവരുടെ ധാർമിക സംശയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, പുതിയ നോവലുകൾ പലപ്പോഴും യുദ്ധവീര്യം, ഭരണ തന്ത്രജ്ഞത, നിർണായകമായ കായികബലപ്രയോഗം എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്. ഇത് സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന "വീര്യമാർന്ന ദേശീയതയോടും’ (muscular nationalism), ബലിഷ്ഠ പുരുഷ സങ്കൽപ്പങ്ങളോടും ബുൾഡോസർ കണക്കെ മുന്നോട്ടുപോകുന്ന ഒരു ഭരണകൂടത്തോടുമുള്ള സമകാലിക രാഷ്ട്രീയ താൽപ്പര്യങ്ങളുമായി ചേർന്നുനിൽക്കുന്നു.
സാംസ്കാരിക ആധിപത്യം
ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പൗരന്മാരുടെ ദൈനംദിന ജീവിതത്തിൽ തങ്ങളുടെ ലോകവീക്ഷണത്തിന്റെ മേൽക്കോയ്മ ഉറപ്പാക്കുന്ന "സാംസ്കാരിക ആധിപത്യമാണ്’ (Cultural Hegemony) ലക്ഷ്യമിടുന്നത്. പ്രസാധന വ്യവസായം ഇതിനൊരു ഇടമായി മാറിയിരിക്കുന്നു.
● മതചിഹ്നങ്ങളുടെ മുഖ്യധാരാവൽക്കരണം: കൃഷ്ണനെയും ഭീഷ്മരെയും കർണനെയും ആധുനിക "സൂപ്പർ ഹീറോകൾ’ ആക്കി മാറ്റുന്നതിലൂടെ, ഈ നോവലുകൾ വിശുദ്ധ കഥാപാത്രങ്ങളെ മതേതരമായ പോപ്പ്-സാംസ്കാരിക മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നു. ഇത് ഹിന്ദുത്വത്തിന്റെ ഭാഷാപ്രയോഗങ്ങളെ (ധർമം, അഖണ്ഡഭാരതം, ക്ഷാത്രമൂല്യങ്ങൾ) നഗരങ്ങളിലെ ചെറുപ്പക്കാരുടെ സാധാരണ സംഭാഷണഭാഷയുടെ ഭാഗമാക്കി മാറ്റുന്നു. അവർക്ക് സ്വീകാര്യമാക്കി മാറ്റുന്നു.
● സ്ഥാപനവൽക്കരണം: സാഹിത്യോത്സവങ്ങൾ, ഭരണകൂട പിന്തുണയുള്ള സാംസ്കാരിക സംരംഭങ്ങൾ, "അഭിമാനിയായ ഭാരതീയന്’ ഈ കൃതികൾ അത്യന്താപേക്ഷിതമായ വായനയാണെന്ന് പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവരടങ്ങുന്ന ഒരു ഇക്കോസിസ്റ്റത്തിന്റെ പിന്തുണ ഈ സാഹിത്യ തരംഗത്തിനു പിന്നിൽ സജീവമായി പ്രവർത്തിക്കുന്നു.
കാഴ്ചപ്പാടുകളുടെ പോരാട്ടം
ഇതേ കാലഘട്ടത്തിൽ തന്നെ സംഭവിച്ച മറ്റൊരു പ്രതിഭാസം ഇതിഹാസങ്ങളെ "ആരാധിക്കുന്നതിൽ’നിന്ന് അവയെ "ചോദ്യം ചെയ്യുന്നതിലേക്ക്’ നീങ്ങിയ ഒരു ധാര ഇവിടെയുണ്ടായി എന്നതാണ്. കർണൻ അല്ലെങ്കിൽ രാവണൻ തുടങ്ങിയ "ഗ്രേ ഹീറോകളുടെ’ ഉദയത്തിന് വഴിതെളിക്കുകയും ഈ പുരാണ കഥകൾക്കുള്ളിലെ പാർശ്വവൽക്കരിക്കപ്പെട്ട ശബ്ദങ്ങൾക്ക് ഒരു വേദിയൊരുങ്ങുകയും ചെയ്തത് എന്തുകൊണ്ട് എന്ന ഒരു ചോദ്യം ഇവിടെ ഉയരുന്നു. സവർണ ഹൈന്ദവതയുടെ ഉദയത്തിനെതിരെ, അത് പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങൾക്കെതിരെ കീഴാള വിഭാഗത്തിൽ നിന്നുമുള്ള ഒരു പ്രതിഷേധത്തിന്റെ ഭാഗമായി വേണമെങ്കിൽ ഇതിനെ വിലയിരുത്താം. മഹാഭാരതകഥയുടെ വിശാലത, ആന്തരിക രാഷ്ട്രീയ വിമർശനത്തിനുള്ള ഒരു ഇടംകൂടിയായി പ്രവർത്തിക്കുന്നു എന്നതാണ് കീഴാള & സ്ത്രീപക്ഷ വിമർശനം: ചിത്ര ബാനർജി ദിവാകരുണിയുടെ ‘ദി പാലസ് ഓഫ് ഇല്ല്യൂഷൻസ്' (ദ്രൗപദിയുടെ വീക്ഷണകോണിലൂടെ), അല്ലെങ്കിൽ ഏകലവ്യനെയും "രാക്ഷസന്മാരെയും’ കേന്ദ്രീകരിക്കുന്ന കൃതികൾ, ഹിന്ദുത്വം മഹത്വവൽക്കരിക്കാൻ ശ്രമിക്കുന്ന ഭൂതകാലത്തിലെ തന്നെ പിതൃമേധാവിത്വപരമായ, ജാതീയമായ അധികാരശ്രേണികളെ വിമർശനാത്മകമായി ചോദ്യം ചെയ്യുന്നു.
● ആന്തരിക ബഹുസ്വരത: ഇത് വേറിട്ടൊരു ചലനാത്മകത സൃഷ്ടിക്കുന്നു; അതായത്, "ഹിന്ദുത്വത്തിന്റെ ഉദയം’ ഈ പുസ്തകങ്ങൾക്കുള്ള ആവശ്യകത വർധിപ്പിക്കുമ്പോൾ തന്നെ, ഇതിലെ ഉള്ളടക്കം പലപ്പോഴും യാഥാസ്ഥിതികവാദവും ആധുനിക ഉദാരനിഷ്ഠമായ അന്വേഷണങ്ങളും തമ്മിലുള്ള ഒരു സംഘർഷ സ്ഥലിയായി മാറുന്നു.
● മുഖ്യധാരാ സിനിമയുമായുള്ള സമന്വയം: ‘കൽക്കി സിനിമാറ്റിക് യൂണിവേഴ്സ്' പോലുള്ള വൻകിട സിനിമകളും ‘WAVES' പോലുള്ള പ്ലാറ്റ്ഫോമുകളിലെ പുരാണങ്ങളെ അധിഷ്ഠിതമാക്കിയ എഐ ആനിമേഷൻ പരമ്പരകളും ഇതിന്റെ മറ്റൊരു തുടർച്ചയാണ്. വിഭിന്ന മാധ്യമങ്ങളിലുടനീളം പങ്കുവയ്ക്കപ്പെടുന്ന ഈ "ദേശീയതാ’ സൗന്ദര്യശാസ്ത്രം ഒരൊറ്റ സാംസ്കാരിക വ്യക്തിത്വത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മഹാഭാരത നോവലുകളുടെ സമീപകാലത്തുണ്ടായ ഈ വർധനവ്, വർത്തമാനകാല ഇന്ത്യയുടെ ഒരു പ്രതിബിംബമാണ്. ഹിന്ദുത്വ പ്രസ്ഥാനത്തിന് ഈ പുസ്തകങ്ങൾ ശക്തവും ഏകീകൃതവുമായ ഒരു ഹിന്ദു സ്വത്വത്തിനുള്ള ‘സാഹിത്യപരമായ സാധ്യതകൾ’ നൽകുന്നു. വായനക്കാരനാകട്ടെ, ആഗോളീകൃതമായ ലോകത്ത് സ്വന്തമായൊരു വേരുകളുണ്ടെന്ന ബോധവും ഇവ വാഗ്ദാനം ചെയ്യുന്നു. ആത്യന്തികമായി, ഒരു മതഗ്രന്ഥത്തിൽനിന്ന് ബെസ്റ്റ് സെല്ലർ പട്ടികയിലെ പ്രധാന ഇനമെന്ന നിലയിലേക്കുള്ള ഇതിഹാസത്തിന്റെ ഈ പരിണാമം, സംസ്കാരം തന്നെ രാഷ്ട്രീയമായും ചരിത്രം അന്തിമ ആയുധമായും മാറുന്ന ഒരു ഭരണകൂടത്തിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തെ പ്രതിഫലിപ്പിക്കുന്നു.

അമർ ചിത്രകഥകൾ നിർമിക്കുന്ന അബോധം
സ്വതന്ത്ര ഭാരതത്തിലെ കുട്ടികൾക്ക് അവരുടെ സാംസ്കാരിക പൈതൃകം പരിചയപ്പെടുത്തുന്നതിനായി ലക്ഷ്യമിട്ട ഒരു വിദ്യാഭ്യാസ ചിത്രകഥാ പരമ്പരയായിരുന്നു 1967-‐ൽ അനന്ത് പൈ ആരംഭിച്ച അമർ ചിത്രകഥ. തുടർന്നുള്ള പതിറ്റാണ്ടുകളിൽ ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കപ്പെട്ട, കുട്ടികൾക്ക് വേണ്ടിയുള്ള ഈ പുസ്തക പരമ്പര വലിയൊരു വാണിജ്യ വിജയമായി മാറി. ഇന്ത്യൻ ചരിത്രത്തിൽ അഭിമാനം വളർത്താനുള്ള ഒരു മതേതര വിദ്യാഭ്യാസ ശ്രമമായാണ് ഇതിന്റെ സ്രഷ്ടാവായ അനന്ത് പൈ ഈ പരമ്പരയെ കണ്ടതെങ്കിലും, ആധുനിക ഹിന്ദുത്വയുടെ സാംസ്കാരികവും ദൃശ്യപരവുമായ ഭാഷ രൂപപ്പെടുത്തുന്നതിൽ അമർ ചിത്രകഥ സൂക്ഷ്മവും അടിസ്ഥാനപരവുമായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്.
"ദേശീയ’ സ്വത്വത്തിന്റെ ഏകീകരണം
വൈദിക ദേവതകൾ, ഇതിഹാസങ്ങൾ (രാമായണവും മഹാഭാരതവും), ചരിത്രപുരുഷന്മാർ എന്നിവരെ ഒരേ ഏകീകൃത രൂപത്തിലാണ് അമർ ചിത്രകഥ അവതരിപ്പിച്ചത്. ശ്രീരാമനെപ്പോലുള്ള കഥാപാത്രങ്ങളെ ശിവജി അല്ലെങ്കിൽ റാണാ പ്രതാപ് തുടങ്ങിയ ചരിത്രപരമായ രാജാക്കന്മാർക്കൊപ്പം പ്രതിഷ്ഠിക്കുകവഴി, ഹിന്ദു പുരാണങ്ങളും ദേശീയ ചരിത്രവും തമ്മിലുള്ള അതിർവരമ്പുകൾ മായ്ച്ചുകളയാൻ ഈ ചിത്രകഥകൾ സഹായിച്ചു. അമർ ചിത്രകഥയിലെ ദൃശ്യാവിഷ്കാരങ്ങൾ ഉയർന്ന ജാതിയിലുള്ളതും സംസ്കൃതീകരിക്കപ്പെട്ടതുമായ ഹിന്ദു സൗന്ദര്യശാസ്ത്രത്തിന് വലിയ മുൻഗണന നൽകി. വെളുത്ത നിറമുള്ള, പ്രഭുകുടുംബ പശ്ചാത്തലമുള്ള നായകന്മാരെ ചിത്രീകരിക്കുകയും ഇത്തരം ദൃശ്യമാനദണ്ഡങ്ങളെ പൊതുവായ "ഇന്ത്യൻ’ സംസ്കാരമായി നിർവചിക്കുകയും ചെയ്തു.
"ബാഹ്യ ശത്രു’
മധ്യകാലഘട്ടത്തെയും മുഗൾ ഭരണകാലത്തെയും ആസ്പദമാക്കിയുള്ള ചരിത്ര കഥകളിൽ, ഹിന്ദു രാജാക്കന്മാരെ (ഉദാഹരണത്തിന് ശിവജി, മഹാറാണാ പ്രതാപ്, പൃഥ്വിരാജ് ചൗഹാൻ) പവിത്രമായ മാതൃഭൂമിയുടെ സംരക്ഷകരായി നിരന്തരം ചിത്രീകരിച്ചപ്പോൾ, മുസ്ലീം ഭരണാധികാരികളെ വിദേശ അധിനിവേശക്കാരായും ബിംബധ്വംസകരായും ക്രൂരന്മാരായ ഏകാധിപതികളായുമാണ് പലപ്പോഴും ചിത്രീകരിച്ചത്. ഈ ദ്വന്ദ വിവരണം ഹിന്ദുത്വ ചരിത്രവീക്ഷണത്തിന്റെ കാതലായ രാഷ്ട്രീയ പ്രമേയവുമായി ഒത്തുപോകുന്നതായിരുന്നു‐ ഇന്ത്യൻ ചരിത്രത്തെ പ്രധാനമായും തദ്ദേശീയ ഹിന്ദു പ്രതിരോധവും വിദേശ ഇസ്ലാമിക അടിച്ചമർത്തലും തമ്മിലുള്ള ദീർഘകാല പോരാട്ടമായി ഇത് ചിത്രീകരിച്ചു.

ഹിന്ദു പ്രതീകങ്ങളുടെ ദൃശ്യപരമായ ഏകീകരണം
അമർ ചിത്രകഥയ്ക്ക് മുമ്പ്, പ്രാദേശികവും വൈവിധ്യപൂർണവുമായ വാമൊഴി പാരമ്പര്യങ്ങളിലൂടെയും ദൃശ്യകലകളിലൂടെയുമാണ് ഇന്ത്യൻ കുട്ടികൾ പുരാണങ്ങൾ മനസ്സിലാക്കിയിരുന്നത്. അമർ ചിത്രകഥ ഈ ആഖ്യാനങ്ങളെ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ഏകീകൃതവും ആധികാരികവുമായ കോമിക് രൂപത്തിലേക്ക് മാറ്റി. പാരമ്പര്യ കഥപറച്ചിൽ അന്തരീക്ഷമില്ലാത്ത നഗരങ്ങളിലെ മധ്യവർഗ ന്യൂക്ലിയർ കുടുംബങ്ങൾ ഈ പരമ്പരയെ വ്യാപകമായി സ്വീകരിച്ചു. ഇത് അമർ ചിത്രകഥയ്ക്ക് ഒരു വിശുദ്ധ ഗ്രന്ഥത്തിന് തുല്യമായ ആധികാരികത നൽകി. അമർ ചിത്രകഥ ഒരു രാഷ്ട്രീയ പദ്ധതിയായി രൂപകൽപ്പന ചെയ്തതല്ല. ബുദ്ധൻ, മഹാവീരൻ, യേശുക്രിസ്തു തുടങ്ങിയ ഹിന്ദുയിതര വ്യക്തികളെയും ഡോ. ബി ആർ അംബേദ്കർ, മഹാത്മാഗാന്ധി തുടങ്ങിയ ആധുനിക പ്രതിഭകളെയും കുറിച്ചുള്ള പുസ്തകങ്ങൾ ഈ പരമ്പരയിലൂടെ പുറത്ത് വന്നിട്ടുണ്ട്. ഹിന്ദുത്വയുടെ വളർച്ചയ്ക്ക് അമർ ചിത്രകഥ നൽകിയ യഥാർഥ സംഭാവന നേരിട്ടുള്ള രാഷ്ട്രീയ പ്രചാരണമല്ല, മറിച്ച് അതിനാവശ്യമായ സാംസ്കാരികമായ നിലമൊരുക്കലായിരുന്നു. 1970-‐കളിലും 80-‐കളിലും ഇന്ത്യൻ ചരിത്രത്തിന്റെ ഹിന്ദു കേന്ദ്രീകൃതവും യോദ്ധാക്കൾക്ക് പ്രാധാന്യമുള്ളതുമായ ഒരു ദേശീയ വായന പ്രചരിപ്പിച്ചതിലൂടെ, 1980-‐കളുടെ അവസാനത്തിലും 1990-‐കളിലും നടന്ന രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് അനുകൂലമായ ഒരു മധ്യവർഗ ബോധം സൃഷ്ടിക്കാൻ അതിന് കഴിഞ്ഞു.
സമ്മതിയുടെ നിർമിതി
സമകാലിക ഇന്ത്യയിലെ ഒരു പ്രബല രാഷ്ട്രീയ ശക്തിയെന്ന നിലയിൽ ഹിന്ദുത്വത്തിന്റെ ഉദയവും വളർച്ചയും പലപ്പോഴും വിശകലനം ചെയ്യപ്പെടുന്നത് കേന്ദ്ര‐സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ അവരുണ്ടാക്കിയ നേട്ടങ്ങൾ മുൻനിർത്തിയാണ്. എന്നാൽ സംഘപരിവാറിന്റെ യഥാർഥ കരുത്ത് പൊതുജനങ്ങൾക്കിടയിൽ സാംസ്കാരിക ആധിപത്യം (cultural hegemony) സ്ഥാപിക്കുന്നതിൽ അത് കൈവരിച്ച വിജയത്തിലാണ്. ബലപ്രയോഗത്തിലൂടെയല്ല, മറിച്ച് തങ്ങളുടെ ലോകവീക്ഷണത്തെ സമൂഹത്തിന്റെ "പൊതുബോധം’ (common sense) ആക്കി മാറ്റിക്കൊണ്ടാണ് ഒരു ഭരണവർഗം തങ്ങളുടെ നേതൃത്വം ഉറപ്പിക്കുന്നത് എന്ന ഗ്രാംഷിയുടെ നിരീക്ഷണം ഇവിടെ ഏറെ പ്രസക്തമാണ്. സംഘപരിവാറിനെയും വിശാലമായ ഹിന്ദുത്വ പ്രസ്ഥാനത്തെയും സംബന്ധിച്ചിടത്തോളം, ഹിന്ദു ഗ്രന്ഥങ്ങളുടെയും ചിഹ്നങ്ങളുടെയും തന്ത്രപരമായ ജനപ്രിയവൽക്കരണമാണ് ഈ പരിവർത്തനത്തിന്റെ പ്രധാന പ്രേരകശക്തിയായി പ്രവർത്തിച്ചിട്ടുള്ളത്. മതപരമായ പ്രമേയങ്ങളെ ദൈനംദിന ജീവിതം, വിദ്യാഭ്യാസം, പൊതുവിടങ്ങൾ എന്നിവയുടെ ഭാഗമാക്കി മാറ്റുന്നതിലൂടെ, ഈ പ്രസ്ഥാനം ദേശീയ സംവാദങ്ങളെ ഒരു ബഹുസ്വര മതേതരത്വത്തിൽനിന്ന് നിർവചിക്കപ്പെട്ട "സാംസ്കാരിക ദേശീയത’യിലേക്ക് വിജയകരമായി വഴിതിരിച്ചുവിട്ടിരിക്കുന്നു. ഹിന്ദു ഗ്രന്ഥങ്ങളുടെ‐ പ്രത്യേകിച്ചും രാമായണം, മഹാഭാരതം, ഭഗവദ്ഗീത എന്നിവയുടെ‐ ജനപ്രിയവൽക്കരണം ഈ ആധിപത്യ (hegemonic) പദ്ധതിയുടെ പണ്ഡിതോചിതമായ അടിത്തറയായി പ്രവർത്തിക്കുന്നു. ഈ ഗ്രന്ഥങ്ങളെ പുരോഹിതവർഗത്തിന്റെ പ്രത്യേക മണ്ഡലത്തിൽനിന്നോ സ്വകാര്യ അനുഷ്ഠാനങ്ങളിൽനിന്നോ മാറ്റി, രാഷ്ട്രീയ കേന്ദ്രത്തിലേക്ക് (War of Position) കൊണ്ടുവരുന്ന പ്രക്രിയയാണിത്. 1980-‐കളുടെ അവസാനത്തിൽ ഒരു ടെലിവിഷൻ പരമ്പരയായി ‘രാമായണം’ സംപ്രേക്ഷണം ചെയ്തത് ഇന്ത്യയുടെ സാംസ്കാരിക ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. രാമകഥയുടെ ഏകീകൃതവും മാനകീകൃതവുമായ ഒരു രൂപം ദശലക്ഷക്കണക്കിന് വീടുകളിലെ സ്വീകരണമുറികളിലേക്ക് എത്തിച്ചതിലൂടെ, പ്രാദേശികവും വൈവിധ്യപൂർണവും പലപ്പോഴും പരസ്പരവിരുദ്ധവുമായ ആയിരക്കണക്കിന് വാമൊഴി ആഖ്യാനങ്ങളെ ഇല്ലാതാക്കാൻ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞു. ഈ "സംസ്കൃതവൽക്കരണം’ ഒരു ഏകീകൃത സാംസ്കാരിക ഭാഷാവൈവിധ്യത്തിന് രൂപംനൽകി. രാമൻ എന്ന കഥാപാത്രം ബഹുമുഖ പ്രതിഭയായ ഒരു ദൈവസങ്കൽപ്പത്തിൽനിന്ന് മാറി, ദേശീയ പരമാധികാരത്തിന്റെയും "ഉത്തമ ഗുണങ്ങളുള്ള പൗരുഷത്തിന്റെയും’ ഏകീകൃത ചിഹ്നമായി പരിവർത്തനം ചെയ്യപ്പെടുകയും, പൗര-യോദ്ധാവിനുള്ള ഒരു ധാർമിക മാതൃക നൽകുകയും ചെയ്തു. ‘ഭഗവദ്ഗീത’ ആധുനിക ജീവിതത്തിനും പൗരധർമത്തിനുമുള്ള ഒരു വഴികാട്ടിയായി പുനഃപ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ധർമം (കടമ), നിഷ്കാമകർമം (നിസ്വാർഥമായ പ്രവർത്തനം) എന്നീ സങ്കൽപ്പങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട്, രാഷ്ട്രീയ പങ്കാളിത്തത്തെയും ദേശീയ സേവനത്തെയും ആത്മീയ കടമകളായി ഈ പ്രസ്ഥാനം ചിത്രീകരിക്കുന്നു. ഗീതയെ ഒരു "ദേശീയ ഗ്രന്ഥ’മായി പ്രഖ്യാപിക്കുകയോ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയോ ചെയ്യുമ്പോൾ, അത് കേവലം ഒരു മതഗ്രന്ഥമല്ലാതായി മാറുകയും ഒരു "നാഗരിക വഴികാട്ടി’ ആയി മാറുകയും ചെയ്യുന്നു. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ കേവലം കക്ഷിരാഷ്ട്രീയപരമല്ലെന്നും, മറിച്ച് "സനാതന സത്യങ്ങളിൽ’ വേരൂന്നിയതാണെന്നും വാദിക്കാൻ ഇത് ഹിന്ദുത്വ പ്രസ്ഥാനങ്ങളെ സഹായിക്കുന്നു. ഗ്രന്ഥങ്ങളിലൂടെയും ചിഹ്നങ്ങളിലൂടെയും സാംസ്കാരിക ആധിപത്യം സൃഷ്ടിക്കുന്നത് ബുദ്ധിപരവും ധാർമികവുമായ നേതൃത്വം ഉറപ്പിക്കുന്നതിനുള്ള ഒരു പരിശീലനമാണ്.

ആളുകൾ പറയുന്ന കഥകളിലൂടെയും അവർ ആരാധിക്കുന്ന പ്രതിരൂപങ്ങളിലൂടെയും അവരുടെ ഭാവനയെ കീഴടക്കിക്കൊണ്ട്, ഹിന്ദുത്വ പ്രസ്ഥാനം കേവലമൊരു തെരഞ്ഞെടുപ്പ് വിജയത്തേക്കാൾ സുസ്ഥിരമായ ഒരു സമ്മതിയുടെ അടിത്തറ ഇവിടെ പടുതുയർത്തിയിരിക്കുന്നു. പ്രീ പ്രൈമറി തലംമുതൽ ക്ലാസ് മുറികളിലും ക്ഷേത്രങ്ങളിലും ആരംഭിക്കുന്ന ഒരു പ്രക്രിയയുടെ അന്തിമഘട്ടം മാത്രമാണ് ഹിന്ദുത്വ രാഷ്ട്രീയ മേൽക്കോയ്മ. രാഷ്ട്രത്തിന്റെ "പൊതുബോധം’ ചിഹ്നപരവുമായ ഒരു ഏകീകരണത്തിന് വിധേയമാകുമ്പോൾ, ഭാരതീയനായിരിക്കാനുള്ള ഒരേയൊരു "യഥാർഥ’ വഴി ഹൈന്ദവസ്വത്വത്തെ ഉൾക്കൊള്ളുക മാത്രമാണെന്ന പൊതുബോധം നോർമലൈസ് ചെയ്യപ്പെടുന്ന ഒരു അവസ്ഥയിലൂടെയാണ് നമ്മുടെ നാട് ഇന്ന് കടന്നുപോകുന്നത്.
സാഹിത്യവും ഹിന്ദുത്വയും
1990-‐ന് ശേഷം ഇന്ത്യയിലെ പുസ്തക പ്രസാധന രംഗത്തുണ്ടായ മാറ്റങ്ങൾ ബോധമണ്ഡലത്തിലുള്ള സൂക്ഷ്മമായ രാഷ്ട്രീയ ഇടപെടലുകളുടെ നല്ല ഉദാഹരണമാണ്. പുരാണകഥകളെയും അതിലെ കഥാപാത്രങ്ങളെയും അധിഷ്ഠിതമാക്കിയ എണ്ണമറ്റ ആഖ്യാനങ്ങൾകൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇന്ത്യൻ പുസ്തക പ്രസാധന രംഗം. പുരാണങ്ങളുടെ പരമ്പരാഗതമായ ഭക്തിനിർഭര ആഖ്യാനങ്ങളിൽനിന്ന് മാറി മനഃശാസ്ത്രപരമായ റിയലിസം, സ്ത്രീപക്ഷ വ്യാഖ്യാനങ്ങൾ, ചടുലമായ ഐതിഹ്യ ത്രില്ലറുകൾ (mythological thrillers) എന്നിവയിലേക്ക് പോപ്പുലർ എഴുത്തുകാർ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. 1990-‐ന് ശേഷം പ്രസിദ്ധീകരിക്കപ്പെട്ട, ഇന്ത്യൻ ഇതിഹാസങ്ങളെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും ജനപ്രിയവും സ്വാധീനമുള്ളതുമായ നോവലുകൾ പരിശോധിച്ചാൽ ഇത് മനസ്സിലാകും. 1990-‐ന് ശേഷം പ്രസിദ്ധീകരിക്കപ്പെട്ട, ഇന്ത്യൻ ഇതിഹാസങ്ങളെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും ജനപ്രിയ നോവലുകൾ: 1. "മാനവീകരണ’ രചനകൾ: കഥാപാത്രങ്ങളുടെ ദിവ്യാത്ഭുത ഘടകങ്ങളെ പൂർണമായും ഒഴിവാക്കി അവരുടെ മാനുഷിക വികാരങ്ങൾ, ബലഹീനതകൾ, ധർമസങ്കടങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക വഴി ജനപ്രിയമായി മാറിയ നോവലുകൾ.
●എം ടി വാസുദേവൻ നായരുടെ "രണ്ടാമൂഴം’: 1984-‐ൽ മലയാളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച എം ടിയുടെ ഏറ്റവും പ്രസിദ്ധമായ കൃതി, ഇതിന്റെ ഇംഗ്ലീഷ് പരിഭാഷകളും ദേശീയതലത്തിലുള്ള ജനപ്രീതിയും 1990-‐കൾക്ക് ശേഷമാണ് കൊടുമുടിയിലെത്തിയത്. അവഗണിക്കപ്പെടുകയും വൈകാരികമായി മുറിവേൽക്കുകയും ചെയ്ത ഒരു സാധാരണ മനുഷ്യനായി ഭീമന്റെ കണ്ണിലൂടെ മഹാഭാരതകഥയെ അവതരിപ്പിക്കുകവഴി ഈ ഗ്രന്ഥം ഇന്നും ഈ ജനുസ്സിലെ ഒരു ഉത്തമ മാതൃകയായി നിലകൊള്ളുന്നു.
●പി കെ ബാലകൃഷ്ണന്റെ "ഇനി ഞാൻ ഉറങ്ങട്ടെ’: കർണന്റെയും ദ്രൗപദിയുടെയും ആന്തരിക ലോകത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന, വൈകാരികമായി പിടിച്ചുലയ്ക്കുന്ന ഒരു മനഃശാസ്ത്ര പഠനം. 1990-‐കളിലും 2000-‐ങ്ങളിലുമാണ് ഇതിന്റെ വ്യാപകമായ വിവർത്തനങ്ങളും ദേശീയ പ്രശസ്തിയും വർധിച്ചത്.
● എസ് എൽ ഭൈരപ്പയുടെ "പർവ്വ’ (1990): കന്നഡയിൽ രചിക്കപ്പെട്ട ഈ ബൃഹത്തായ കൃതി, ഇതിഹാസ കഥാപാത്രങ്ങളെ അക്കാലത്തെ കഠിനമായ സാമൂഹിക- രാഷ്ട്രീയ യാഥാർഥ്യങ്ങൾക്കുള്ളിൽ ജീവിക്കുന്ന, സങ്കീർണമായ ആഗ്രഹങ്ങളാൽ നയിക്കപ്പെടുന്ന സാധാരണ മനുഷ്യരായി ചിത്രീകരിക്കുന്ന ഒരു റിയലിസ്റ്റിക് ആഖ്യാനമാണ്. 2. സ്ത്രീപക്ഷ പുനർവായനകൾ: പരമ്പരാഗതമായി പുരുഷ നായകന്മാരുമായുള്ള ബന്ധങ്ങളിലൂടെ മാത്രം വീക്ഷിക്കപ്പെട്ടിരുന്ന ഇതിഹാസങ്ങളിലെ സ്ത്രീകൾക്ക് ശബ്ദം നൽകുന്ന കൃതികൾ.
● ചിത്ര ബാനർജി ദിവാകരുണിയുടെ "ദി പാലസ് ഓഫ് ഇല്ല്യൂഷൻസ്’ (2008): ആധുനിക പുനരാഖ്യാനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഈ നോവൽ, ദ്രൗപദിയുടെ വീക്ഷണകോണിൽ നിന്നാണ് മഹാഭാരത കഥ വിവരിക്കുന്നത്. ദ്രൗപതിയുടെ രഹസ്യ ആഗ്രഹങ്ങളെയും കുരുവംശത്തിന്റെ നാശത്തിൽ അവൾക്കുള്ള പങ്കിനെയും കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്.

●കവിത കാനെയുടെ "കർണാസ് വൈഫ്: ദി ഔട്ട്കാസ്റ്റ്സ് ക്വീൻ’ (2013): കർണന്റെ രണ്ടാം ഭാര്യയായ ഉരുവിയുടെ കണ്ണുകളിലൂടെ കഥ പറഞ്ഞുകൊണ്ട്, "പാർശ്വവൽക്കരിക്കപ്പെട്ട കഥാപാത്രങ്ങളുടെ’ വീക്ഷണകോണിൽ നിന്നുള്ള ആഖ്യാനരീതിക്ക് ഈ പുസ്തകം തുടക്കം കുറിച്ചു.
●പ്രതിഭാ റായുടെ "യാജ്ഞസേനി’: 1990-‐ന് ശേഷം വിവിധ ഭാഷകളിലേക്ക് വ്യാപകമായി പരിഭാഷപ്പെടുത്തപ്പെട്ട ഒഡിയയിലെ ഈ ക്ലാസിക് കൃതി, ദ്രൗപദിയുടെ മനഃശാസ്ത്രപരമായ യാത്രയെയും അവളുടെ സങ്കീർണമായ സമർപ്പണബോധത്തെയുമാണ് അന്വേഷിക്കുന്നത്. 3. ജനപ്രിയ ഐതിഹ്യ തരംഗം: 2010-‐കളുടെ തുടക്കത്തിൽ, വേഗതയേറിയ ആഖ്യാനശൈലിയുള്ള പുതിയതരം ഫിക്ഷനുകൾ പുരാണങ്ങളെ ഇംഗ്ലീഷ് സംസാരിക്കുന്ന ചെറുപ്പക്കാരായ തലമുറയ്ക്ക് കൂടുതൽ പ്രാപ്യമാക്കി മാറ്റി.
● അമീഷ് ത്രിപാഠിയുടെ "ദി ഇമ്മോർട്ടൽസ് ഓഫ് മെലൂഹ’ (ശിവ ത്രിവേണി പരമ്പര -2010): ഇന്ത്യൻ പ്രസാധന രംഗത്ത് ഇതൊരു വഴിത്തിരിവായിരുന്നു. പരമശിവനെ ഒരു സാധാരണ ടിബറ്റൻ കുടിയേറ്റക്കാരനായും, സ്വന്തം കർമങ്ങളിലൂടെ ഒരു ഐതിഹാസിക നായകനായി അദ്ദേഹം ഉയരുന്നതായും നോവൽ പുനരാവിഷ്കരിച്ചു.

● ആനന്ദ് നീലകണ്ഠന്റെ "അസുര: ടെയിൽ ഓഫ് ദി വാങ്ക്വിഷ്ഡ്’ (2012): ഈ നോവൽ രാമായണത്തെ രാവണന്റെയും അദ്ദേഹത്തിന്റെ ജനങ്ങളുടെയും വീക്ഷണകോണിൽനിന്ന് അവതരിപ്പിക്കുകയും, വിജയം, ധാർമികത എന്നിവയെക്കുറിച്ചുള്ള പരമ്പരാഗത നിർവചനങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.
● ആനന്ദ് നീലകണ്ഠന്റെ "അജയ: റോൾ ഓഫ് ദി ഡൈസ്’ (2013): കൗരവരുടെ വീക്ഷണകോണിൽ നിന്നുള്ള മഹാഭാരതത്തിന്റെ സമാനമായ ഒരു പുനരാവിഷ്കാരം.
● അമീഷ് ത്രിപാഠിയുടെ "രാം ചന്ദ്ര പരമ്പര’ (2015–2022): രാമൻ, സീത, രാവണൻ എന്നിവരുടെ ജീവിതങ്ങളെ സമാന്തരമായി പിന്തുടരുകയും ‘വാർ ഓഫ് ലങ്ക'യിൽ അവസാനിക്കുകയും ചെയ്യുന്ന ഒരു മൾട്ടി-ലീനിയർ ആഖ്യാനം. 4. പുരാണത്തെ ആസ്പദമാക്കിയ രാഷ്ട്രീയ നോവലുകൾ: ആധുനിക രാഷ്ട്രീയത്തെയോ അല്ലെങ്കിൽ അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥാസന്ദർഭങ്ങളെയോ വിശകലനം ചെയ്യുന്നതിനുള്ള ഒരു ചട്ടക്കൂടായി ഇതിഹാസങ്ങളെ ഉപയോഗിക്കുന്ന പുസ്തകങ്ങൾ.
● ശശി തരൂരിന്റെ "ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ’ (1989/1990): മഹാഭാരതത്തിലെ കഥാപാത്രങ്ങളെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ പ്രധാന വ്യക്തിത്വങ്ങളിലേക്ക് കൂട്ടിച്ചേർത്ത് അവതരിപ്പിച്ച ഒരു രാഷ്ട്രീയ സറ്റയർ.

● കൃഷ്ണ ഉദയശങ്കറിന്റെ "ദി ആര്യവർത്ത ക്രോണിക്കിൾസ്’ (ഗോവിന്ദ, കൗരവ, കുരുക്ഷേത്ര - 2012): അത്ഭുതപ്രവൃത്തികളെയും ദൈവികതയെയും പൂർണമായി ഒഴിവാക്കി, ഇരുമ്പുയുഗത്തിലെ അധികാര പോരാട്ടങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തന്ത്രജ്ഞരായ നേതാക്കളായി ഇതിഹാസ നായകന്മാരെ ചിത്രീകരിക്കുന്ന റിയലിസ്റ്റിക് ആയ ഒരു രാഷ്ട്രീയ ആവിഷ്കാരം.
●അശ്വിൻ സംഘിയുടെ "ദി കൃഷ്ണ കീ’ (2012): ഒരു തിയോളജിക്കൽ ത്രില്ലർ; പുരാതന ഐതിഹ്യങ്ങളെ ആധുനികകാലത്തെ ഒരു കൊലപാതക നിഗൂഢതയുമായി കോർത്തിണക്കുന്നു. 5. സമീപകാലത്തെ ഹിറ്റുകൾ
●അക്ഷത് ഗുപ്തയുടെ "ദി ഹിഡൻ ഹിന്ദു’: ഐതിഹ്യങ്ങളെ സയൻസ് ഫിക്ഷനുമായും ആധുനിക നിഗൂഢതകളുമായും സമന്വയിപ്പിക്കുന്ന സമീപകാലത്തെ നോവൽ ത്രിവേണി.
●"മഹാഭാരത് 2025’ (2025): ഡിജിറ്റൽ, ഹൈടെക് ലോകത്ത് കുരുക്ഷേത്ര രക്തബന്ധങ്ങളുടെ പ്രസക്തി അന്വേഷിക്കുന്ന ഒരു സ്പെക്കുലേറ്റീവ് ത്രില്ലർ.
● കോറലി ദാസ് ഗുപ്തയുടെ "ദി സതി പരമ്പര’: പഞ്ചകന്യകമാരായ അഹല്യ, ദ്രൗപദി, കുന്തി, താര, മണ്ഡോദരി എന്നിവരെ കേന്ദ്രീകരിച്ചുള്ള, കാവ്യാത്മകമായ അഞ്ച് പുസ്തകങ്ങളുടെ പദ്ധതി.







0 comments