ബിജെപിയുടെ ഗൂഢാലോചനകൾ അറിയുന്ന യുഡിഎഫ് എന്തുകൊണ്ട് മറ്റു സർക്കാരുകളെ പോലെ പോരാടുന്നില്ല: പ്രകാശ് രാജ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനകൾ വ്യക്തമായിട്ടും കേരളത്തിലെ യുഡിഎഫ് സർക്കാർ എന്തുകൊണ്ട് മറ്റു സർക്കാരുകളെപ്പോലെ അതിനെതിരെ ശക്തമായി പോരാടുന്നില്ലെന്ന് നടൻ പ്രകാശ് രാജ്. തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതിനിടെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ ഉൾപ്പെടെയുള്ളവർക്ക് നിർണായക ഭരണപദവികൾ നൽകുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കേണ്ട സർക്കാർ ഇത്തരം നിയമനങ്ങളിലൂടെ കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുകയാണ്. രാഷ്ട്രീയ പാർടികൾ തമ്മിലുള്ള പോരാട്ടമല്ല ഇതെന്നും വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമാണ് സർക്കാരിനുള്ളതെന്നും റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പ്രകാശ് രാജ് പറഞ്ഞു.
കേരളത്തിൽ കോൺഗ്രസാണോ കമ്യൂണിസ്റ്റാണോ അധികാരത്തിലുള്ളത് എന്നതല്ല വിഷയം. ജനങ്ങൾ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച സർക്കാർ അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എന്തുചെയ്യുന്നു എന്നതാണ് പ്രധാനം. ഇത് രാഷ്ട്രീയ പാർടികൾ തമ്മിലുള്ള പോരാട്ടം മാത്രമല്ല. ജനങ്ങളുടെ വോട്ടവകാശത്തിനുവേണ്ടിയുള്ള പോരാട്ടമാണ്. ആ ഉത്തരവാദിത്വത്തിൽനിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
തെരഞ്ഞെടുപ്പിന് ഏറെ മുമ്പുതന്നെ ബിജെപിയുടെ ഗൂഢാലോചന ആരംഭിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പിന്റെ തീയതികളും ഘട്ടങ്ങളും നിശ്ചയിക്കുന്ന രീതി പരിശോധിച്ചാൽ ഇത് മനസ്സിലാകും. 39 ലോക്സഭാ മണ്ഡലങ്ങളുള്ള തമിഴ്നാട്ടിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുമ്പോൾ 42 മണ്ഡലങ്ങളുള്ള പശ്ചിമ ബംഗാളിൽ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടത്തിയത്. ഇത് ബിജെപിയുടെ പ്രചാരണ ആവശ്യങ്ങൾക്ക് വേണ്ടിയാണ്. എന്തുകൊണ്ടാണ് ഈ വ്യത്യാസമെന്ന് പരിശോധിക്കണം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പ്രഖ്യാപനങ്ങളും പ്രചാരണ പരിപാടികളും ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പ് സമയക്രമം പോലും ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് നിശ്ചയിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ എങ്ങനെയാണ് ബിജെപി ഉപയോഗിക്കുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാമെന്നും പ്രകാശ് രാജ് പറഞ്ഞു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുമെന്ന് ബിജെപി അവകാശപ്പെട്ടത് പരാജയഭീതി മറയ്ക്കാനായിരുന്നു. ഒടുവിൽ അവർ 240 സീറ്റുകളിൽ ഒതുങ്ങി. മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറികളിലും തെരഞ്ഞെടുപ്പ് കമീഷന്റെ പങ്കുണ്ടായിരുന്നു. സർക്കാരിനെ തകർത്തതിനുശേഷം ഉണ്ടായ രാഷ്ട്രീയ തർക്കങ്ങളിൽ കമീഷൻ സ്വീകരിച്ച നടപടികളും തീരുമാനങ്ങൾ നീട്ടിക്കൊണ്ടുപോയ രീതിയും ബിജെപിയെ സഹായിക്കാനായിരുന്നു. തെരഞ്ഞെടുപ്പ് സംവിധാനത്തെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് മഹാരാഷ്ട്രയിലെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നു.
ഇത്തരം നടപടികൾ കേന്ദ്രത്തിൽ മാത്രമല്ല, സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ പിന്നീട് മുഖ്യമന്ത്രിയുടെ തൊട്ടടുത്ത ഭരണപദവിയായ ചീഫ് സെക്രട്ടറിയായി നിയമിച്ചു. കേരളത്തിലും സമാനമായ രീതിയിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിർണായക പദവികളിൽ നിയമിക്കുന്നത്. തെരഞ്ഞെടുപ്പ് ചുമതല വഹിച്ച രത്തൻ യു കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതും ഇതേ പശ്ചാത്തലത്തിലാണ് കാണേണ്ടത്.
രാജ്യത്താകെ വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണമായ എസ്ഐആർ ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. സ്വന്തം വോട്ടവകാശം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ജനങ്ങൾ. തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ നടപടികൾ കാരണം ജനങ്ങൾ ഇത്രയേറെ ബുദ്ധിമുട്ടുമ്പോൾ അതേ സംവിധാനത്തിലെ ഉദ്യോഗസ്ഥരെ എന്തിനാണ് സർക്കാർ നിർണായക പദവികളിൽ നിയമിക്കുന്നത്? ജനങ്ങളുടെ അവകാശങ്ങൾ നിഷേധിച്ചുവെന്ന് പരാതിയുയർന്ന ഉദ്യോഗസ്ഥർക്ക് പ്രധാന ഭരണപദവികൾ നൽകുന്നത് എങ്ങനെയാണ് അംഗീകരിക്കാനാകുക?
ഒന്നോ രണ്ടോ ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ പ്രധാന പദവികൾ നൽകുന്നത് കേവലം അബദ്ധമാണെന്ന് കരുതാനാകില്ല. ഒന്നുകിൽ ഇത്തരം തീരുമാനങ്ങളെടുക്കുന്നവർ വിഡ്ഢികളായിരിക്കണം. അല്ലെങ്കിൽ ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ട്. തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് ജനങ്ങൾക്കുള്ള വിശ്വാസം തകർന്നിരിക്കെ അതേ ഉദ്യോഗസ്ഥരെ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കുന്നത് കൂടുതൽ ഗുരുതരമായ പ്രശ്നമാണെന്നും പ്രകാശ് രാജ് പറഞ്ഞു.
കേരളത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയതുകൊണ്ട് ബിജെപിക്ക് യാതൊരു ആശങ്കയുമില്ല. കേരളത്തിൽ ബിജെപി നേരിട്ട് അധികാരത്തിലെത്തില്ല. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ബിജെപിക്ക് അതുമതി. തമിഴ്നാട്ടിലും ബിജെപി അധികാരത്തിലെത്തില്ല. അവിടെ വിജയ് അധികാരത്തിലെത്തിയാലും ബിജെപിക്ക് പ്രശ്നമില്ല. ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴാണ് ബിജെപിയുടെ ഗൂഢാലോചനകളെല്ലാം അറിയാവുന്ന കോൺഗ്രസ് സർക്കാർ എന്തുകൊണ്ട് ശക്തമായി ചെറുത്തുനിൽക്കുന്നില്ലെന്ന ചോദ്യം ഉയരുന്നതെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
ബിജെപിക്കെതിരെ ഒരു രാഷ്ട്രീയ പാർടി എന്ന നിലയിൽ മാത്രമല്ല പോരാടേണ്ടത്. ജനങ്ങൾ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച സർക്കാരാണ് യുഡിഎഫ്. ആ ജനങ്ങളുടെ വോട്ടവകാശമാണ് ചോദ്യം ചെയ്യപ്പെടുന്നത്. അത് സംരക്ഷിക്കാൻ സർക്കാർ മുന്നിൽനിന്ന് പോരാടണം. തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കേണ്ടതിന് പകരം വിവാദത്തിലായ ഉദ്യോഗസ്ഥരെ സുപ്രധാന പദവികളിൽ നിയമിക്കുന്നത് ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിന് നിരക്കുന്നതല്ല.
രാജ്യത്ത് നീതിന്യായ വ്യവസ്ഥയിലും മാധ്യമങ്ങളിലും പൊലീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇനി ആരെയാണ് ജനങ്ങൾ വിശ്വസിക്കേണ്ടത്? ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാൻ സർക്കാരുകൾ തയ്യാറാകണം. വിശ്വാസം ആർജിക്കുന്ന രീതിയിലല്ലേ സർക്കാർ പ്രവർത്തിക്കേണ്ടത്? തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ ഇത്രയേറെ ചോദ്യങ്ങളുയർത്തുമ്പോൾ അതേ സംവിധാനത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വീണ്ടും നിർണായക സ്ഥാനങ്ങളിൽ നിയമിച്ചാൽ സർക്കാരിനെ എങ്ങനെ വിശ്വസിക്കാനാകുമെന്നും പ്രകാശ് രാജ് ചോദിച്ചു.







0 comments